Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / മാമാങ്കപ്പാട്ട്

മാമാങ്കപ്പാട്ട്

പ്രസാധകൻ- ജി. ശങ്കരക്കുറുപ്പു്

കിഴക്കു മലേമ്മീന്നും പറന്നു വന്ന പൈങ്കിളിപ്പെൺകിടാവു്
ശ്രീകോവിലകത്തുടൻ താഴികക്കുടത്തിന്മേൽ അലസാതെ പറവന്നിരുന്നാളമ്മ താനും.
വാളിന്മേൽ ചുവപ്പുമായ് തിരിച്ചു ഭഗവതി
ആറങ്ങാട്ടു സ്വരൂപത്തിൽ വട്ടൊണ്ണേ വീടു വാഴും
പടിഞ്ഞാറ്റയിലും കിടക്കും കണ്ടർമേനോൻ
കട്ടിന്റെ തലക്കിലും ചെന്നതാ ഇരിക്കുന്നു.
മാമാങ്കം കാണാൻ പോണം എന്നത ദരിശനം
ഞെട്ടിയങ്ങുണരുന്നു വട്ടൊണ്ണ കണ്ടർമേനോൻ
കിഴക്കെ പൂമുഖത്തു ചെന്നതാ ഇരിക്കുന്നു.
വിളക്കും കൊളുത്തിക്കൊണ്ടായിന്നുമ്മറത്തോളം


മാതാവങ്ങമ്മതാനും കണ്ടരെ കണ്ടരായെ
എന്നാതാ വിളിക്കുന്നു വിളി കേൾക്കുന്നു താനും
കിഴക്കെ പൂമുഖത്തുന്നു്.
എന്തെടോ മകനേ നീ ഇത്ര നേര്‍ത്തെ എഴുന്നീറ്റു
തിരുമാന്ധാംകുന്നിലമ്മ എന്നെയും ചതിച്ചമ്മേ.
മാമാങ്കം കാണാൻ പോണം എന്നതാ ദരിശനം
ദരിശനം കണ്ടു ഞാനും ഉണന്നു എന്റെ അമ്മെ
എന്നതു കേട്ട നേരം മാതാവങ്ങമ്മതാനും
വിളക്കും വലിച്ചിട്ടു നെഞ്ഞത്തു കുത്തിയുടൻ അഞ്ചാറു തൊഴിയിട്ടു
അഞ്ചാറു പെറ്റിട്ടിനി നീയല്ലേ എനിക്കുള്ളു.


നീയതു പോയാലുണ്ണീ മകനേ കണ്ടരായോ
ഓരാണ്ടു ശേഷക്രിയ കഴിപ്പാൻ എനിക്കാര് ?
എന്നതു കേട്ട നേരം കണ്ടർമേനവൻ താനും
ദുഃഖിക്ക വേണ്ടാ നിങ്ങൾ ഖേദിക്ക വേണ്ടാ നിങ്ങൾ
ഓരാണ്ടു ശേഷക്രിയ കഴിപ്പാൻ വിധിയുണ്ടമ്മേ
തിരുനെല്ലിക്കു പോയി ഞാനും ഊരാളരേയും കണ്ടു്
പിണ്ഡപാറയും ജന്മം വാങ്ങി മാതാവങ്ങമ്മ തന്റെ
പിണ്ഡവും വെച്ചു ഞാൻ വന്നു മാമാങ്കം കാണാൻ പോകുമമ്മേ
എന്നതു കേട്ട നേരം മാതാവങ്ങമ്മതാനും
സന്തോഷിച്ചതുനേരം പടിഞ്ഞാറ്റയിലും


കടന്നു കണ്ടർമേനോൻ ഭരണിതന്നിലെണ്ണ-
യെടുത്തു ചെരിച്ചുടൻ പതച്ചു നെയ്യു നന്നായ്
മെഴുക്കുമിളക്ക്യങ്ങു കുളിച്ചു കണ്ടർമേനോൻ
ഗോപിയും ധരിച്ചുടൻ ഭസ്മവും തേച്ചു നന്നായ്
ഉച്ചത്തിൽ ഉരുക്കഴിച്ചിത്തിരി നേരമിരു-
ന്നീടിനോരനന്തരം സുഖത്തോടതു നേരം
ഊണുമേ കഴിഞ്ഞുടൻ പടിഞ്ഞാറ്റയിലും
കടന്നു കണ്ടർമേനോൻ വെറ്റിലച്ചുരുൾ തിന്നി-
ട്ടിത്തിരിനേരമിരുന്നീടിനോരനന്തരം
പെട്ടിയും തുറന്നിട്ടു ആയിരം കെട്ടിയ കിഴി


രണ്ടതായെടുക്കുന്നു മാതാവങ്ങമ്മതന്നെ
വിളിച്ചങ്ങരികത്തു താംബൂലം വെച്ചു തൊഴുതു
പാദാംബുജം മനസ്സിലുറപ്പിച്ചു തൊഴുതു നില്ക്കു-
ന്നൊരു കണ്ടർ മേനവൻ തന്റെ തലയിൽ തൊട്ടു
അനുജ്ഞ കൊടുത്തിതു മാതാവങ്ങമ്മ താനും
പഴുതേ അല്ല നിയ്ക്കു വാളാടി മരിക്കുന്നു.
കീർത്തിയും മൂന്നു ലോകേ വരുത്തീടാതെ കണ്ട
മാറ്റിഭത്തോടുകൂടെ മരിക്കുന്നിയ്യതാണു്
ഇങ്ങനെ അനുഗ്രഹം കൊടുത്തിതമ്മതാനും
മൊഴിയും കേട്ടു വേഗം യാത്രയും ചൊല്ലിക്കണ്ടർ


യാത്രയും ചൊല്ലിക്കൊണ്ടു പോന്നുടനവിടുന്നു്
പത്തു രാവുണ്ടു ചന്ദ്രനസ്തമിച്ചു പതിനൊന്നിൽ
വേഗത്തിൽ നടന്നുടൻ പുതുപറമ്പു വീട്ടിൽ ചെന്നു
ചെന്നുടനിരുന്നിട്ടു ഇത്താപ്പുമകനേയും
ഭാര്യയും വിളിച്ചുടൻ ആയിരം കെട്ടിയ കിഴി ഒന്നതാ കൊടുന്നു
നിനക്കും നിന്റമ്മക്കും കഴിയാൻ മുതലിതു
മാമാങ്കം കാണ്മാനായി പോകുന്നു ഞാനും തന്നെ
തിരുമാന്ധാംകുന്നിലമ്മ തന്നുടെ വിലാസത്താൽ
എന്നതു കേട്ടനേരം ഇത്താപ്പുമകൻതാനും
ഞാനുമേ കൂടിപ്പോരും അച്ഛാ മാമാങ്കം കാണ്മാൻ


നീയതു പോരേണ്ടുണ്ണി മകനേ ഇത്താപ്പുവേ
മരിപ്പാൻ വിധി പോരാ ബാലകനല്ലോ നീയും
കോണകമെടുത്തങ്ങു ഉടുത്തു വളർത്തിയെന്നെ-
ക്കാണിനേരവും പിരിയാതെകണ്ടിത്ര നാളും
നടന്ന നിന്നെക്കൊണ്ടുപോയി കൊല്ലിക്കുന്നതിൽ
മടിയുണ്ടെനിക്കെന്നു അറിയാം നിനക്കുള്ളിൽ
കൃപയുണ്ടെങ്കിൽ പോയി മാതാവെ രക്ഷിക്ക നീ
നിന്നോടു മൂന്നം പലനാളു ഞാൻ പറഞ്ഞിതു
ഒന്നിനും മറുവാദം തന്നീല ഒന്നുകൊണ്ടും
തന്നീല പൂവും ഭസ്മം തിരുമാന്ധാംകുന്നിലമ്മ


മരിപ്പാൻ വിധി പോരാ ബാലകനല്ലോ നീയും
ഇത്തരം പല ബഹുവിധങ്ങൾ പറഞ്ഞപ്പോൾ
നെഞ്ഞടപ്പൊടുമവനുത്തരമരുൾചെയ്തു
എന്തിനിത്തരം നിങ്ങളെന്നോടു പറയുന്നു
ശുദ്ധമേ അഭിമാനംകൊണ്ടു മരിക്കും നിങ്ങ-
ളെന്നു മുക്തിയാൽ ലഭിച്ചീടുകയില്ല എത്തു
പോലെത്തും സംശയമെന്യെ
ഉണ്ടാ ചോറ്റിനു മുൻപിൽ വേലചെയ്കിലേ നല്ലു
നിങ്ങൾതൻ പാദത്താണു്, കൂടിയ സഭയാണു്,
അരിയ തിരുമാന്ധാങ്കുന്നെഴുമമ്മയാണ്,


പോകയില്ലൊരിക്കലും നിങ്ങളെപ്പിരിഞ്ഞു ഞാൻ
പോവുകിൽ പരലോകം ചേരുവൻ മുമ്പിൽ തന്നെ.
ഇത്തരം പറഞ്ഞുടനിത്താപ്പുമകൻ താനും
അന്നേരം പറഞ്ഞുടനിത്താപ്പൂന്റമ്മ താനും
അഞ്ചാറു പെറ്റിട്ടുണ്ണി നീയല്ലേ എനിക്കുള്ളൂ
എഴുത്തിനോക്കി നിന്നെ പയിറ്റിനാക്കി നിന്നെ
വല്ലഭമോടു വിദ്യയൊക്കെയും പഠിപ്പിച്ചു
മച്ചിവാക്കിനെപ്പോലെ പറയുന്നു ഞാനുമെടോ
മുമ്പിൽ നീ മരിക്കേണം വഴിയെ മരിക്കണം
വട്ടൊണ്ണെ കണ്ടര്‍മേനോൻ


ഇത്തരം പറഞ്ഞുടനിത്താപ്പൂന്റമ്മ താനും
ഇങ്ങനെ പറഞ്ഞപ്പോളങ്ങനെതന്നെയെന്നു
മനസ്സും തെളിഞ്ഞൊന്നെ ഇരുന്നു എല്ലാവരും
അന്നേരം ഇത്താപ്പൂന്റെ അമ്മതാനും പത്തായം തുറന്നുട-
നെടുത്തു വിത്തു കുത്തിവെച്ചു വറ്റിച്ചു നന്നായ്
തയിരു പകർന്നിട്ടു വയറു നിറയോളം
കൊടുത്തു മകനേയും സുഖത്തോടതു നേരം
ഊൺ കഴിഞ്ഞെല്ലാവരും അമ്പോടങ്ങെഴുന്നേറ്റു
പടിമേലിരുന്നുടൻ വെറ്റിലച്ചുരുൾ തിന്നു
അന്നേരം പറഞ്ഞുടനിത്താപ്പുമകൻ താനും


എനിക്കും കൂടിയച്ഛാ പോരേണം തിരുനെല്ലിക്ക്
എന്തിനു പോരുന്നുണ്ണീ മകനേ ഇത്താപ്പു നീ
എനിക്കും അമ്മപിണ്ഡം വെക്കണം വേറെ തന്നെ
ഇനിയുമൊരു യാത്ര ഒരുമിച്ചു പോകാമുണ്ണി
അന്നേരം പറഞ്ഞിതു ഇത്താപ്പു മകൻതാനും
ഇനിയുമൊരുയാത്ര പോകുവാൻ വിധിയില്ലെങ്കിൽ
എന്നുടെ അമ്മപിണ്ഡം വെക്കുവാനാരുള്ളിനി?
അന്നേരം പറഞ്ഞുടനിത്താപ്പൂന്റമ്മതാനും
ഇപ്പോൾ തന്നെ വെക്കണം മകനേ പിണ്ഡംവേഗം
അച്ഛന്റെകൂടെത്തന്നെ പോയ്വെച്ചു വരിക ഉണ്ണി


എന്നതു കേട്ടനേരം തോഷിച്ചു കണ്ടർമേനോൻ
ഇത്തരം പറഞ്ഞുടനൊത്തൊരുമിച്ചു നന്നായ്
വെറ്റിലച്ചുരുൾ തിന്നുപുറപ്പെട്ടവിടുന്നും
ഇത്താപ്പുന്റമ്മതന്റെ പാദാംബുജം വണങ്ങി
തൊഴുതു വിഷ്ണുപാദം മനസ്സിലുറപ്പിച്ചു
തൊഴുതുനില്ക്കുന്നൊരു ഇത്താപ്പുമകൻ തന്റെ
തലയിൽതൊട്ടനുജ്ഞ കൊടുത്താളമ്മതാനും
യാത്രയും ചൊല്ലിക്കൊണ്ടു പുറപ്പാടായവിടന്നും
വേഗത്തിൽ നടന്നുടൻ പുളിയാർ മാട്ടിന്മേലും ചെന്നതാ ഇരിക്കുന്നു.
വാകയൂർ ചെയ്യവിളക്കൊക്കവേ കണ്ടുപിന്നെ-
ത്തൊഴുതുപാദാംബുജം മനസ്സിൽ ഉറപ്പിച്ചു
വേഗത്തിൽ നടന്നുടൻ കണ്ടർമേനവൻ താനും
ഇത്താപ്പുമകനുമായ് തിരുനെല്ലി ചെന്നു
വേഗം ഊരാളരേയും കണ്ടു പിണ്ടപ്പാറയും ജന്മം
വാങ്ങി ഇത്താപ്പുമകൻതാനും കണ്ടർമേനവൻ
ഓരാണ്ടു ശേഷക്രിയ ചെയ്തുടനവൻതാനും
പിണ്ഡവും വെച്ചുവേഗം സ്നാനവും ചെയ്തുപിന്നെ
പണം കൊണ്ടെല്ലാര്‍വക്കും ദാനവും ചെയ്തുവേഗം
ബ്രാഹ്മണരുടെ ചരണാംബുജം കൂപ്പിത്തൊഴുതു
യാത്രയും ചൊല്ലിവേഗം പോന്നുടനവിടന്നും


പോരുന്ന വഴിക്കലും ദാനങ്ങൾ ചെയ്തെല്ലാര്‍ക്കും
മൂന്നുമാസംകൊണ്ടു വട്ടൊളി വീട്ടിലും വന്നു
മാതാവങ്ങമ്മയോടു പറഞ്ഞു ബോധിപ്പിച്ചു
മാതാവങ്ങമ്മതാനും സന്തോഷിച്ചതു നേരം
പടിഞ്ഞാറ്റയിലും കടന്നു കണ്ടർമേനോൻ
ഭരണിതന്നിലെണ്ണയെടുത്തു ചെരിച്ചുടൻ
കുളിയും കഴിഞ്ഞാദരാലിരിക്കും നേരത്തിൽ
അന്നേരം വരുന്നിതു കുളത്തുരുണ്ണിനമ്പി
ഞാൻ കൂടിവരുന്നുണ്ടു മേനോനേ മാമാങ്കത്തി-
ന്നന്നേരം വരുന്നിതു വെള്ളാലിയെരയപ്പൻ


അന്നേരം വരുന്നിതു കടുങ്ങിവീട്ടിക്കാടൻ
അപ്പൊഴേ വരുന്നിതു പട്ടിക്കാട്ടുണ്ണാമനും
അന്നേരം വരുന്നിതു വെളുത്തോൻ ചീരാമനും
അന്നേരം വരുന്നിതു വിളക്കത്രെക്കേളുതാനും
പത്തു നാഴികകൊണ്ടു പതിനേഴാളുമെത്തി
യാത്രയും ചൊല്ലിക്കൊണ്ടു പോന്നുടനവിടന്നും
പുളിയാർ മാട്ടീന്മേലും ചെന്നതാ ഇരിക്കുന്നു
വട്ടമിട്ടാലിൻ ചുറ്റും നടന്നു കളിക്കുമ്പോൾ
വരുന്നു കണ്ടാനല്ലൊ പുളിക്കിലുണ്ണിനമ്പി
എന്തെടോ മേനവനേ വട്ടമിട്ടാലിൻചുറ്റും നിന്നുടൻ കളിക്കുന്നു


മാമാങ്കം കാണ്മാനായിപ്പോകുന്നു ഞങ്ങൾ തന്നെ
ഞാനുമേ കൂടെപ്പോരാം മാമാങ്കം കാണ്മാനായി
എന്നതു കേട്ടനേരം തോഷിച്ചു കണ്ടർമേനോൻ
പരന്ന ചവളങ്ങൾ നിരത്തിച്ചാച്ചുവെച്ചു
വെറ്റിലച്ചുരുൾ തിന്നു
മുറുക്കിയരതല ഉറപ്പിച്ചതുനേരം
പരുത്ത ചവളങ്ങളെടുത്തു എല്ലാവരും
കിളിപ്പാട്ടുകൾ പാടി പൊരുളും പറഞ്ഞുടൻ
കുളിച്ചു പുളച്ചൊക്കെ നടന്നു വേഗത്തിങ്കൽ
കണ്ടിതു കുളിപ്പന്തൽ ചെന്നതാ ഇരിക്കുന്നു


കണ്ടിരുന്നവിടുന്നും തണ്ണീരും കുടിച്ചൊക്കെ
നന്നായി തെളിഞ്ഞിട്ടു പൂക്കച്ച ഉടുത്തിതുകൊളത്തൂരുണ്ണിതാനും
പട്ടുമുണ്ടുടുത്തിതു കണ്ടർമേനോൻ താനും
ചിപ്പത്തിൽ കച്ചാ ഉടുത്തെല്ലാരുമൊരുമിച്ചു
നടന്നു മാടത്തൂര്‍ക്കു് കടന്നു തോണിപ്പുര
കണ്ടിതു കോഴിക്കോട്ടു വ്യാപാരിക്കുടിലുകൾ
മുക്കവർകുടിലുകൾ ജോണവർ നഗരവും
ഒക്കവേ കണ്ടുവേഗം നടന്നു കിഴക്കോട്ടു്
ചിത്തിര കൊടിക്കൂറ ചാത്തിരമഠങ്ങളും
ഒക്കവേ കണ്ടുവേഗം നടന്നു കിഴക്കോട്ടു്


കണ്ടിതു തങ്ങൾക്കുള്ള വെള്ളച്ചാത്തിരതന്നെ
കണ്ടറിഞ്ഞവരപ്പോൾ കണ്ടർമേനവൻ താനും
കൊണ്ടാടി സമ്മാനിച്ചു കണ്ടവാര്‍ത്തയും ചെയ്തു
കൊടുത്തു ശേഷമുള്ള പണവും കാശും മെയ്മെൽ
കിടന്ന മുൻകൈവള മോതിരമരഞ്ഞാണം
ഒക്കവേയഴിച്ചുടൻ കെട്ടിനാനൊരു കിഴി
ഭക്തിയോടെഴുന്നേറ്റു ചാത്തിരസഭതന്നെ
ഉത്തമം പ്രദക്ഷണം ചെയ്തു വന്ദിച്ചു പിന്നെ
കിഴിയും വെച്ചു ദണ്ഡനമസ്കാരവും ചെയ്തു
വണങ്ങി വിഷ്ണുപാദം മനസ്സിലുറപ്പിച്ചു


തൊഴുതു നില്ക്കുന്നോരു കണ്ടർമേനവൻ തന്റെ
തലയിൽ തൊട്ടു ആശീർവാദവും ചെയ്തു
... ... ... ... ... ... ... ... ... ... ബ്രാഹ്മണരൊരുപോലെ
ബ്രാഹ്മണരുടെ ചരണാംബുജം കൂപ്പിത്തൊഴു-
താദരവോടുകൂടി നടന്നു വാകയൂര്‍ക്കു്


II


കൂരിയാർമുകളിൽനിന്നോരോരോ വിശേഷങ്ങൾ
കണ്ടുകണ്ടിരുന്നോരു പൈങ്കിളിമകളേ കേൾ
പഞ്ചസാരയും പാലും പഴവും തേനും തരാം
പാരാതെ കണ്ടർമേനോൻ പേരാറ്റിൽ വന്നുചേർന്നു
ശില്പമായ് യുദ്ധം ചെയ്തു മരിച്ച പ്രകാരങ്ങൾ
ഒട്ടൊഴിയാതെയെന്നോടൊക്കവേ പറയേണം
മൂന്നം നീ ചൊന്ന ധര്‍മ്മവീര്യശൌര്യങ്ങൾ കേട്ടി-
ട്ടെത്രയും ആനന്ദത്തിൽ മികവായുള്ള തീര്‍ത്ഥ-
സ്നാനവും ചെയ്തു തിരുനാവായെ തൃക്കോൽ പുക്കു
നാഥൻ ശ്രീപാദങ്ങൾ വണങ്ങീ ഭക്തിയോടെ


മൂര്‍ദ്ധനി ധരിച്ചുടൻ കൊടുത്തു ചെങ്ങാതിമാര്‍-
ക്കംബുജം ചാര്‍ത്തുവാനും കൊടുത്തു പണം വേറെ
പായസത്തിന്നും പഞ്ചഗവ്യമാടീടുവാനും
മാലയ്ക്കും വിളക്കിന്നും വെവ്വേറെ കൊടുത്തിട്ടു
... ... ... ... ... ... വരിയെ തൊഴുതെല്ലാരുമൊരുമിച്ചു
ചന്ദനം പുഴുകതിൽ കസ്തൂരി കളഭവും
മേളത്തിൽ തേച്ചു കച്ച കെട്ടി വാലിട്ടു നന്നായ്
ചിപ്പത്തിൽ മറച്ചുടൻ നല്ല വസ്ത്രങ്ങൾ ചുറ്റി
ഗോപിയും ധരിച്ചുടൻ ഭസ്മവും തേച്ചു നന്നായ്
നാമസങ്കീര്‍ത്തനവും ഗോവിന്ദസ്തുതികളും


ഉച്ചത്തിൽ ഉരുക്കഴിച്ചിത്തിരിൽ നേരമിരുന്നീടിനോരനന്തരം
പത്തു രാവുണ്ടു ചന്ദ്രനസ്തമിപ്പതിനൊന്നിൽ
യുദ്ധത്തിനുറച്ചുടൻ നടന്നാനവിടുന്നും
പാരാതെ നടന്നവരമ്പോടങ്ങടുത്തപ്പോൾ
ആരെന്നു ചോദിച്ചപ്പോൾ പറഞ്ഞു കണ്ടർമേനോൻ
വിരവിൽ തിരുമാന്ധാംകുന്നെഴുമമ്മതന്റെ
നാമവും സ്വരൂപവും മൊഴിയും വഴികളും
ഗോപുരക്കൂറിൽ മികവുള്ള ചേവകർ ഞങ്ങൾ
ആർങ്ങോട്ടു സ്വരൂപത്തിൽ വട്ടൊണ്ണെ വീടുവാഴും
കണ്ടരെന്നാണു നാമമെനിക്കുമൊക്കതന്നെ


ഉണ്ടല്ലൊ പതിനേഴു ചേകവരറിഞ്ഞാലും
ഞങ്ങളെ സമ്മതിച്ചു നില്ക്കണം നിലവാടും
അല്ലായ്കിൽ ചോരയിലും പിണ്ഡത്തിന്മലും നിന്നു
കഴിവും നിലവാടുവേലയെന്നറിഞ്ഞാലും
എന്നവർ പറഞ്ഞപ്പോൾ നിന്നലോകരുമൊക്കെ
വരുന്ന ചവളങ്ങൾ നിരത്തി ചാച്ചുവെച്ചു
വെറ്റിലച്ചുരുൾ തിന്നു ഇത്തിരി കളിക്കേണം
എന്നുടൻ പറഞ്ഞപ്പോൾ നിന്ന ലോകരുമൊക്കെ
പ്രാണനിലാശവിട്ടു കോന്നനൊടിറകോമൻ
വാണം ചുട്ടെരിച്ചതുപോലെയങ്ങടുക്കുന്നോൻ


വമ്പുലി പോലെ വന്നു അമ്പതുപേരെ വെട്ടി
അന്നേരമടുത്തിതു വെള്ളൊലി എരയപ്പൻ
പള്ളയിൽ വെട്ടുകൊണ്ടു പതിച്ചാനവൻ താനും 
ക്കരുമാനം കണ്ട കണ്ടർമേനവൻ താനും
ചങ്ങാതിമാരെ നന്നായ് വിളിച്ചുപറഞ്ഞിതു
ആണുങ്ങളല്ലേ നിങ്ങൾ ചാവാനായ് മടിക്കുന്നു
വീരിയം കാട്ടിച്ചെന്നു മരിപ്പിൻ നിങ്ങളെല്ലാം
അന്നേരം അരതല മുറുക്കിയെല്ലാവരും
കരുത്തോടടുക്കുന്നു കണ്ടർമേനവൻ താനും
പരക്കംകൊണ്ടും ചിലർ മുകൾതാരികൾകൊണ്ടും


മത്തമാകിയ സിംഹമടുക്കുന്നപോലെ
വെള്ളത്തിൽ ... ... ... ... ... ... പൊങ്ങുന്നപോലെ
ബദ്ധവേഗത്തിൽ നന്നായലറിയടുക്കുമ്പോൾ
വെട്ടുകൾ കൊണ്ടും ചിലർ കുത്തുകൾകൊണ്ടും ചിലർ
വാരിക്കും വലംകൈക്കും മുറിഞ്ഞു ചിലര്‍ക്കപ്പോൾ
മേഘത്തിലിടിവാളുമിന്നീടുന്നതുപോല വാളുകൾ മിന്നീടുന്നു
കണ്ണുകൾ കാണാഞ്ഞവർ ചുഴന്നു നടക്കുന്നു
കാലുകൾ ചെരുപ്പടിയറ്ററ്റു വീണീടുന്നു
ഇറ്റിറ്റു വീണീടുന്നു ചോരയും നിണങ്ങളും
തെറ്റിയും വഴുതിയും വീഴുന്നങ്ങതിൽ ചിലർ


ചങ്ങാതിക്കായുധങ്ങൾ ഏറ്റമങ്ങതിൽ ചിലർ
പിന്നോക്കം വാങ്ങിക്കൊൾവാൻ ഭാവിച്ച നേരത്തിങ്കൽ
പുറത്തു കുത്തുകൊണ്ടു പത്തുപേർ മരിച്ചതിൽ
ശേഷിച്ചങ്ങിരുവരും പുറത്തു ചാടിവീണു
തിരക്കു കുറയാതെ വക്കാണം തുടർന്നപ്പോൾ
ചവളം കാണുന്നേരം കദളിപ്പഴം തിന്മാൻ
കിളികൾ പറന്നു വന്നടുക്കുന്നതുപോലെ
കാണികൾ ചിത്രം ചിത്രം പാഞ്ഞു വന്നടുക്കുന്നു
വെട്ടുകൊണ്ടുഴക്കയുമച്ഛനെ വിളിക്കയും
അച്ചവളങ്ങൾ തന്നെ ചുഴിച്ചങ്ങാര്‍ക്കുകയും


തട്ടുകൾ വരുന്നേരം തട്ടിയങ്ങാരാധിച്ചും
കുത്തുകൾ വരുന്നോരം എക്കിയങ്ങൊഴിച്ചിട്ടും
അച്ചവളങ്ങൾ തന്നെ ചുഴിച്ചങ്ങമര്‍ക്കയും
അന്നേരം അടുത്തിതു കുളത്തൂരുണ്ണിനമ്പി
കുളത്തൂരുണ്ണിനമ്പി കാട്ടിയ പരാക്രമം
അനന്തനൊഴിഞ്ഞാര്‍ക്കും പറവാൻ വശമല്ല
പത്തിരുന്നൂറു കൊല ചെയ്തുടൻ തിരിച്ചതിൽ
അന്നോം ഉണ്ണിരാമൻ വെട്ടിനാനവൻതന്നെ
വെട്ടുകൊണ്ടുടൻ വീണു കുളത്തൂരുണ്ണിനമ്പി
പിന്നെയും വെട്ടീടിനാൻ... ... ... ... കൂട്ടം തന്നിൽ


പള്ള മേൽ വെട്ടുകൊണ്ടു മരിച്ചു ചീരാമനും
കഴുത്തിൽ വെട്ടുകൊണ്ടു മരിച്ചു കേളുതാനും
അങ്ങനെ വെട്ടീടിനാൻ... ... കൂട്ടം തന്നിൽ പതിനേഴാളു
ചങ്ങാതിപതിനേഴാളും മരിച്ചാരപ്രകാരം
അക്കരുമനം കണ്ടു ഇത്താപ്പുമകൻ താനും
കൂട്ടത്തിൽ ചാടി മൂന്നു കൊലയും കഴിച്ചവൻ
നാലാമതൊരുത്തനെ വെട്ടുവാനടുത്തപ്പോൾ
നാളത്തിൽ കുത്തുകൊണ്ടു ചെക്കനുമതുനേരം
പാവമേയെന്നു ചൊല്ലി കണ്ടർമേനവൻ താനും
പരിചതന്നിൽ കോരി മാറത്തങ്ങണച്ചുടൻ


തഴുകി നില്ക്കുന്നേരം തളര്‍ച്ച തീര്‍ന്നു ചെക്കൻ
കുതിച്ചു ചാടീടിനാൻ ആലിന്മേൽ വെച്ച വിള-
ക്കൊക്കവേ തകർത്തുടൻ പിച്ചളത്തൂണുകളും വെട്ടിനാനിത്താപ്പുവും
അറ്ററ്റു നിന്നീടുന്നു തൂണുകളതുനേരം
തൂക്കുവിളക്കുകൾ അറ്റിട്ടു ഇത്തിരി പോലും തിരി കെടാതെനിന്നീടുന്നു
കോലകംമാളിക തന്മേലകംപൂക്കു വെട്ടിനാനതുനേരം
പത്തിരുന്നൂറു കുടിലുകൾ തകർത്തുടൻ
അക്കരുമനം കണ്ടു മാടപ്പുറത്തുണ്ണിരാമൻ
കരുത്ത വാളുകൊണ്ടു വെട്ടിനാനതുനേരം
വെട്ടുകൊണ്ടുട൯ വീണു ഇത്താപ്പുമകൻ താനും


അക്കരുമാനം കണ്ടു കണ്ടർമേനവൻ വെക്കം
ചാടിനാൻ കൂട്ടംതന്നിൽ വെട്ടിനാൻ തെരുതെരെ
കരിമ്പു പോലെ വെട്ടി മുറിച്ചു ഒക്കെത്തന്നെ
തളര്‍ന്ന നേരത്തിങ്കലിരുന്നാനതുനേരം
ആദരാൽ വിളിച്ചുടൻ പറഞ്ഞീടിനാൻ മെല്ലെ
കൊല്ലമെണ്ണൂറ്റിൽ പരം എൺപത്തെട്ടാമതു മകരമാസം
ഇരുപത്തെട്ടാം തിയ്യതി അന്നപക്ഷവും നല്ല
പൂർവ്വപക്ഷവും നല്ല ദ്വാദശി തിരുവോണം
അസ്തമിച്ചു പതിനെട്ടു നാഴിക കഴിഞ്ഞിട്ടു
ഉദയത്തിനു മുൻപെ മരിപ്പാനെനിക്കു സത്യം


സ്വാമിയോടുണ... ... ... ... ... ... ... ... ... ...
ഇത്തരം പറഞ്ഞുടൻ ചെറ്റായവൻപണിക്കരോടും
മാറുള്ള പരിഷകളോടും എഴുന്നീറ്റവിടുന്നും
ചിത്തത്തിൽ ഗുരുവിനെ ഭക്തിയോടുറപ്പിച്ചു
കരുത്തോടടുക്കുന്നു കണ്ടർമേനവൻതാനും
ചെറായെപ്പണിക്കരും ഒത്തുടൻ നിന്നിട്ടു്
പത്തും പതിനഞ്ചും വാൾതടുത്തിട്ടു
എക്കത്തിൽ കരുത്തൊന്നും കാണുന്നതില്ലതാനും
അന്നേരം പറഞ്ഞിതു കണ്ടർമേനവൻതാനും
ചതിയാലെന്നെ നീയു കൊല്ലുവാൻ തുടങ്ങല്ലെ


പിന്നെയും തടുത്തിതു ഒന്നു രണ്ടുദിവസമങ്ങനെ
അന്നേരം പണിക്കരും ചതിയാലൊന്നു വെട്ടി
കരുത്തവാളു തട്ടി മുറിഞ്ഞു കരിന്തുട
മുറിഞ്ഞു മുട്ടംകുത്തി വീണിതു നടതന്നിൽ
അന്നേരം മേനോനൊന്നു ചവിട്ടീ പണിക്കരെ
ചവിട്ടു കൊണ്ടു നാളമടച്ചു ചത്തുപണിക്കർ
വെട്ടാലെ മരിച്ചിതു കണ്ടർ മേനവൻതാനും
ഇത്തരം ചൊല്ലിക്കിളിപറന്നുപോയീടിനാൾ
തളിയിലമ്പലത്തിൽ അടങ്ങിമരുവിനാൾ
കോവിലകം സ്വാമി.