ചൊല്ലു കിളിപ്പെണ്ണേ നല്ല കഥകൾ നീ;
വെല്ലവും പാലും പഴവും തരുവൻ ഞാൻ
വേണ്ടുവോളം നിനക്കെന്നനേരത്തവൾ
ചൊല്ലിനാളപ്പോൾ ശ്രീരാമവിലാസങ്ങൾ
ശൂര്‍പ്പണഖിയെന്ന രാക്ഷസി വന്നുടൻ
ഭാശരഥിതന്നെ കണ്ടൊരുനേരത്തു്
പങ്കജത്തോടൊത്ത പാദസരോജവും
പൊൽച്ചിലമ്പും മുഴങ്കാലും ജഘനവും
മഞ്ഞപ്പൂഞ്ചേലയതിൻമീതേ കാഞ്ചിയും
നാഭിയിൽ പങ്കജം ബ്രഹ്മാവുതന്നെയും 10
ആലിലയൊത്ത തിരുവുദരത്തെയും
വക്ഷഃസ്ഥലത്തിൽ ശ്രീവത്സവും ലക്ഷ്മിയും
നാലു തൃക്കൈകളിലായുധജാലങ്ങൾ
ചക്രവും ശംഖു ഗദാപത്മമെന്നിവ
രത്നകടകം തരിവള മോതിരം
മുത്താരമാല വനമാലകളുണ്ടു്
ശംഖെജ്ജയിച്ച തിരുക്കഴുത്തിൽത്തന്നെ
ശോഭിതമാകിയ കൌസ്തുഭമാം മണി-
കുണ്ഡലദ്വന്ദ്വവും ഗണ്ഡസ്ഥലങ്ങളും
മണ്ഡിതമാകുമധരാമൃതമതും 20
ചാരുമന്ദസ്മിതശോഭിതദന്തവും
എൾപ്പൂവെ വെന്ന തിരുനാസികകളും
താമരപ്പൂവിനകമിതളെക്കായിൽ
ശോഭിച്ചിരിക്കും തിരുനയനങ്ങളും
മാരന്റെ വില്ലിനെ വെല്ലുന്ന ചില്ലിയും
ബാലനാംതിങ്കളോടൊത്ത ലലാടവും
വാർകൂന്തളങ്ങളും പീലിമുടികളും
സുര്യപ്രഭവെല്ലും രത്നകിരീടവും
ഇങ്ങനെ കണ്ടു മോഹിച്ചവൾ ചൊല്ലിനാ-
ളെന്നുടെ വല്ലഭനാകുക നീയിപ്പോൾ 30
രാക്ഷസിതന്നുടേ വാക്കിനെക്കേട്ടേറെ
മന്ദഹാസത്തോടരുൾചെയ്തു രാഘവൻ
ചെല്ലു നീ ലക്ഷ്മണവീരനണയത്തു
നല്ലാരിൽമാലികേ! നല്ലനവനെടോ
മല്ലികബാണനേ ചൊല്ലാവു തുല്യവും
സുന്ദരി നീയവൻ സുന്ദരൻ മന്നവൻ
തൂമയിൽ നിന്റെ ഗുണങ്ങൾ വരും പെണ്ണേ!
സൂക്ഷിച്ചു നിന്റെ കുളിർമുലയോര്‍ക്കുമ്പോൾ
ചൂതബാണം തറയ്ക്കും നെഞ്ചിലഞ്ചാതെ -
കാമിനി കാലം കളയാതെ ചെല്ലു നീ 40
കാമമനോഹരേ! ശൃംഗാരവല്ലഭേ!
ബാലനെക്കണ്ടു പറക മനോഹരി!
എന്നതുകേട്ടുരചെയ്തിതു രാക്ഷസി
മാധുരിയംകൊണ്ടൊഴികയോ മന്നവാ?
ബാലനുണ്ടോ കൈപിടിക്കുന്നു മന്നവാ?
അപ്പോളരുൾചെയ്തിതുത്തരം രാഘവൻ
നിന്ദിക്കയില്ലവൻ പെണ്ണുങ്ങളെക്കണ്ടാൽ
നീചനല്ലെന്റെയനുജനറികെടോ.
എന്നാറെ രാക്ഷസി ചൊല്ലിനാളുത്തരം
നീചനോ മന്നവാ നീയുമെന്നാളവൾ 50
നീക്കുവാനുള്ളൊരുപായമോ മന്നവാ?
മന്ദഹാസത്തോടു രാമനരുൾചെയ്തു
നീതികേടെന്തു പറയുന്നു കന്യകേ!
നീക്കുമാറല്ല നിരൂപിച്ചു നിന്നെ ഞാൻ
വേൾക്കാഞ്ഞു പാരം മനോദുഃഖമുണ്ടെടോ
വേട്ടിരിക്കുന്നവൾക്കാശ്രയമില്ലറി
കോലക്കുഴലി മനോഹരസുന്ദരി
ബാധയില്ലേതും മടിയാതെ ചെല്ലു നീ
മാരവാണപ്പടയും കളിയും ചെല്ല
മാധുരിയങ്ങളും മന്ദസ്മിതങ്ങളും 60
മാനസമുറ്റു കളിച്ചു സന്തോഷിച്ചു-
മാനന്ദത്തോടങ്ങിരിക്കുന്നനേരത്ത്
ഇച്ഛയെനിക്കെത്രസന്തോഷം കാണുമ്പോൾ?
സൂര്യകുലമണിസുന്ദരൻ ലക്ഷ്മണൻ
മാലയ്ക്കു പണ്ടു വിധിയുണ്ടറിക നീ
മൂലമതിൽ വന്നകപ്പെട്ട കാരണം
ഭാഗ്യമെനിക്കുമുണ്ടേറ്റം നിനക്കെടോ
പാര്‍ത്തു നിമിത്തം പുറപ്പെട്ടു ചെല്ല്കെടോ
ബാലവിനോദം മനോരഥം ചിന്തിപ്പാൻ
നീലമിഴിയാളെ! നീയിന്നു വേഗത്തിൽ 70
കാണുംപോളെത്രസുഖമുണ്ടു നിങ്ങളിൽ
കാംക്ഷയുണ്ടേറ്റമെനിക്കെന്നു നിര്‍ണ്ണയം
കാലത്തു ചെല്ലുചെല്ലെന്നു രഘുപതി
ദാശരഥി നിയോഗിച്ചോരനന്തരം
നേരെന്നുറച്ചു തിരിച്ചു നിശാചരി 75
പുരികുഴലഴിച്ചുടൻ തിരുകിയൊരുഭാഷയിൽ
പുതുമലരണിഞ്ഞുടൻ നിറമൊടു ചമഞ്ഞവൾ
കുറുനിരകൾ ചീകിയും പുരികമതിളക്കിയും
കയൽമിഴിമഴറ്റിയും തെളിവൊടു കടാക്ഷവും
കനകമണിമിന്നിയും കവിളിണ മിനുക്കിയും
അധരനെറി ഭംഗിയും തുടതുടന ദന്തവും
ഗളതലമിളക്കിയും വലിയമണിമുത്തുകൾ
കരതളിരിളക്കിയും തരിവള കിലുക്കിയും
കുളുർമുല കുലുക്കിയും കൊടിനടുവിളക്കിയും
ഉദരനെറിഭംഗിയും തുകിലുടെ ഞെറിച്ചിലും 85
തുടയിണകൾഭംഗിയും മദകരിനടക്കയും
വിരവൊടു ഞെളിഞ്ഞു ചെനാഴകൊടു പറഞ്ഞവൾ
വരിക മമ ബാലനേ കരതളിർപിടിക്കെടോ
കൊതി മനസി പാരമുണ്ടെന്നേ പറയാവൂ
കുസുമശരമേറ്റു ഞാനറുതിപെടുംമുന്നമേ
രാക്ഷസീവാക്കിനെക്കേട്ടൊരു നേരത്തു്
കോപമോടേവരുൾചെയ്തു ലക്ഷ്മണൻ
അസുരകുലനാരിയെന്തിവിടെവരുവാനഹോ
അരചർമണിവീരനാമഗ്രജൻ വേൾക്കുമേ
അതിനുതരമെന്നു ചൊന്നാൻ സുമിത്രാത്മജ-
നതുപൊഴുതിലവനൊടുരചയ്തിതു രാക്ഷസി
തടമുലയിലുണ്ടുപാമ്പെന്നൊരുശങ്കയോ
തരുണികളിലാശയില്ലായ്കയോ മന്നവാ
രാക്ഷസിതൻ വാക്കിനുത്തരമായിട്ടു
രാമാനുജനുര ചെയ്തിരുന്നേരം.
എന്തുതരമിപ്പൊളിത്തരമെന്നോടു
നെഞ്ചിലെടുത്തു ഞെളിഞ്ഞുപറഞ്ഞതു്
ശങ്കകൂടാതെയോരോതരം പിന്നെയും
ശങ്കിക്കുമാറൊന്നരുൾചെയ്തു സൌമിത്രി.
ചെല്ലു ചെല്ലങ്ങോട്ടുതന്നെ മടിയാതെ 105
ചൊല്ലെഴും രാഘവവീരനയത്തു്
എന്നങ്ങു ലക്ഷ്മണൻ കോംപിച്ചരുൾചെയ്തു
എന്നതുകേട്ടാറെ കോപമിയന്നവൾ
ഭംഗികുറച്ചു ഭയങ്കരം ഭാവിച്ചു
ചെന്നു രഘുകുലനായകൻ മുൻപിലും
മണ്ടിയങ്ങെത്തി വെളിച്ചത്തു പിന്നെയും
ചങ്കുചിതറിപ്പനെന്നരുളിച്ചെയ്തു
ശങ്കിച്ചു രാക്ഷസി പിന്നെയുമോരോന്നേ
തന്റെ വിനോദം ഭയങ്കരം ഭാവിച്ചു
ശക്തിപരാക്രമവിസ്മയമോരോന്നോ. 115
വളര്‍ത്തിനാളുടൻ മലപോലെ ദേഹം
ജടചിതറിയും പുരികം മിന്നിയും
നെടിയമുക്കുമത്തിറവിയ ദന്തം
വെളുവെളെപ്പല്ലും നെടിയൊരു നാവും
ഇടിവെട്ടും പോലെ കുരലൊലികളും
കനത്ത കണ്ഠവും മുരത്ത കൈത്തലം
മുലയിണ രണ്ടും മലതരം ചൊല്ലാം
കുടവയറുത്തുടയിണകളും
കനത്ത കല്ലുകൾ ഞെരിക്കും പാദവും
മദിച്ചു വൻമരം പറിച്ചുരാക്ഷസി 125
കയര്‍ത്തു ലക്ഷ്മണനടുത്തുചെന്നവൾ
ദുഷിച്ച നിന്നെഞാനെടുത്തുകൊണ്ടുപോയ്
കടിച്ചു തിന്മനെന്നടുത്തു രാക്ഷസി
തിരിച്ചനേരം കണ്ടെതിര്‍ത്തു രാമനു-
മെടുത്തു ബാണവും തൊടുത്തു മന്നവൻ
മുടിക്കൊല്ലായെന്നു പിടിച്ചു ജാനകി
വിധിയല്ലേ മുനിവരരറിയുമ്പോൾ
ഒരിക്കലും ഗുണം ഭവിക്കയില്ലറി
അവസ്ഥകേട്ടാറെയടങ്ങി രാഘവൻ
മറന്നു ജ്യേഷ്ഠനെന്നുറച്ചു ലക്ഷ്മണ-
ന്നതിക്രമിച്ചു വന്നടുത്ത നിന്നുടെ
അഭിമാനക്ഷയം നടക്കണം നീളെ
മുറുക്കിവാളെടുത്തറയാതെ ബാലൻ
നെടിയ മൂക്കുമമ്മുലയും കൈകൊണ്ടു്
അറുത്തു ചോരകൾ കുടികുടിയെന്നാൻ
അലറി രാക്ഷസിയലച്ചുവീഴുന്നു
അവനിമാമലകളും കലുങ്ങുന്നു
മഹാദേവൻമേദ്യം മല കുലുങ്ങുന്നു
മഹാമുനികൾ തൻ തപസ്സു ചിന്നുന്നു
ദിനകരനുമാമതിമറക്കുന്നു. 145
മനുകുലവീരൻ മടിയിലന്നേരം
മധുമൊഴി സീത മയങ്ങിവീഴുന്നു
അമരനായകനരുളിയന്നേരം
അസുരനാരിയുമനുജനുമുള്ള
കലഹമത്രേയിക്കുഴപ്പമായതു്
അറിഞ്ഞു വല്ലഭേ! നിനച്ച കാരിയ-
മനര്‍ത്ഥമെന്നിയേ ഗുണത്തിനല്ലെടോ
അവസ്ഥയിങ്ങനെ പറഞ്ഞിരിക്കവേ
അഴകിയ ബാലനതുലവീരിയൻ
ഭുവനനായകനിളയ മന്നവൻ 155
തുടുതുടെ നിണമണിഞ്ഞു വന്നവൻ
വിവശതപെട്ടു വലഞ്ഞു രാഘവൻ
കരതളിരിണ പണിതു കുമ്പിട്ടാൻ
കരതളിരിണ പിടിച്ചനുജനെ
ഒടുക്കമെന്തൊരു കുലുക്കമായതു്
വധിക്കയോ മുല മുറിക്കയോ നിന്നെ
ഞെരിക്കയോയവൾ കടിച്ചുതിങ്കയോ
അവസ്ഥചൊല്ലുകെന്നരുളി രാഘവൻ
വികല്പമെന്നിയേ സുമിത്രനന്ദനൻ
ജഗൽപതികഴൽ തൊഴുതുണര്‍ത്തിച്ചു 165
അവസ്ഥചൊല്ലിയാലൊടുക്കമില്ല കേൾ
അനര്‍ത്ഥമെന്നൊരു നിമിത്തമായതു്
അരക്കർകോനുടെ ശിരസ്സിനന്തരം
വരുത്തുവാനുള്ള മൊഴിക്കുനേരിത്
മഴറ്റിമാരമാൽ ചുഴറ്റിവന്നതു
ജളത്വമെന്നു ഞാൻ വരുത്തി രാഘവ!
വിധിച്ചവണ്ണമെന്നുറച്ചിരിക്കവേ
വിളിച്ചു രാക്ഷസി പടയറിയിച്ചു
ദശരഥനൃപതനയൻ രാഘവ-
നനുജനോടും മൈഥിലിയോടും
കൂടെ സുഖിച്ചു ദണ്ഡകവനത്തിൽ വാണുതേ
ഇതുഞാനിങ്ങനെ പറഞ്ഞനൊട്ടൊട്ടു
എളുതല്ലേതുമേ പറവാനെന്നല്ല
വിഷമമെന്നിയേ കഥകളൊക്കവേ
ഇതു പറഞ്ഞുടൻ പറന്നു പൈങ്കിളി 180
സമാപ്തം.