സമ്പാദകൻ:- മാടശ്ശേരി മാധവവാരിയർ
പ്രഥമവൃത്തം
ദ്വാരക മന്ദിരം എന്നമട്ട്
ധന്യശീലന്മാരിലേറ്റം മാന്ന്യനായീടുന്ന കണ്വൻ
പുണ്യപൂരത്തിനാലൊരു കന്യയെ ലഭിച്ചുമുന്നം
അന്യഭാവമറിയാതെ ജന്യയെപ്പോലെ മുനീന്ദ്രൻ
സ്തന്യപാനാദിയിലെങ്ങും ദൈന്യമൊട്ടുമറിയാതെ
ചെന്തളിർഗാത്രിയേയും ശകുന്തളയെന്നു പേരിട്ടു
ഉന്നതകൌതുകമോടും കണ്വനങ്ങു വളര്‍ക്കയാൽ
മിന്നൽപോലൊളികലര്‍ന്നു കന്നൽനേർമിഴിതൻഗാത്രം.
സിന്ധുരഗാമിനിതന്റെ പൊൻതിരുമേനിയിൽ മന്ദം
ബന്ധുരയൌവനം വന്നു ചന്തമോടും കരയേറി
പന്തണിമുലയാൾതന്റെ കുന്തളഭാരമക്കാലം
അന്തിപോലിരുണ്ടുനീണ്ടു ചെന്തളിർപാദത്തിൽ തൊട്ടു
അഞ്ചിതമാം ഫാലദേശം പഞ്ചമിച്ചന്ദ്രനെ വെല്ലും
ചഞ്ചലമാം ഭ്രൂവിലാസം പഞ്ചബാണവില്ലൊടൊക്കും
പുഞ്ചിരിമാധുര്യമോര്‍ത്താൽ പഞ്ചസാര തോല്ക്കും നൂനം
തേഞ്ചൊരിയും വായ്മൊഴി വിരിഞ്ചനും വര്‍ണ്ണിപ്പാൻ ദണ്ഡം
ചിത്രതരമാകും ശതപത്രഭംഗിതേടീടുന്ന
നേത്രയുഗ്മം കളിയാടി ശ്രോത്രരൂപതീരം പറ്റി
ഉള്ളിലുള്ള മദമോടും തള്ളിയങ്ങ നടന്നീടും
എള്ളു തന്റെ കുസുമത്തെ തള്ളീടുന്നു നാസാഭംഗി
കണ്ടിവാർകേശിതന്നുടെ ചുണ്ടുരണ്ടും കണ്ടീടുകിൽ
ഇണ്ടൽപൂണ്ടു തൊണ്ടിപക്വം മണ്ടിയങ്ങൊളിക്കും കോണിൽ
കുണ്ഡലശോഭിതഗണ്ഡമണ്ഡിതയായീടുന്നൊരു
പൂര്‍ണ്ണചന്ദ്രമുഖിയെത്താൻ പുണ്യവാന്മാര്‍ക്കേ ലഭിക്കു
കുംഭികുംഭഡംഭം തല്ലി സ്തംഭനം ചെയ്തീടും കുച-
കുംഭം കണ്ടാലപ്പോൾ പരം ജുംഭിതനാമംഭോജാക്ഷൻ
കാമിനിമണിയാൾതന്റെ കോമളമാം വലിത്രയം
കാമനു കയറാനുള്ള കല്പടയെന്നതുപോലെ
രോമരാജിരാജിതമാം ഭാമിനിതൻ നാഭികൂപം
കാമരാജവാസമായ രാജധാനിതന്നെ നൂനം
വാരിജാക്ഷിതന്നുടയ ചാരുവാമൂരുക്കൾ രണ്ടും
മാരഗേഹം തന്റെ പൊന്നുംതൂണുകളതെന്നേ തോന്നും
പന്തണിക്കൊങ്കയാൾ തന്റെ മാന്തളിർപ്പട്ടിനെ വെല്ലും
ചെന്തളിർവെൽ പാദമോര്‍ത്താൽ ബന്ധുരമെന്നതേ വേണ്ടു
അപ്പൊഴുതവൾക്കു ഭാവമല്പമൊന്നു പകർന്നുതേ
ലജ്ജയും കാമനുമായി സജ്ജരോഷം പോർതുടങ്ങി
പോക്കളമായവൾഗാത്രമോര്‍ക്കിലതുമെത്ര ചിത്രം!
ധന്യയാം പ്രിയംവദയും മാന്യയാമനസൂയയും
ഇങ്ങനെ രണ്ടാളിമാരുമവൾക്കുളവായപ്പോൾ
കേളിയുള്ള പൂങ്കാവിങ്കൽ കോകിലവാണിയാമവൾ
ആളിമാരുമൊരുമിച്ചു കേളിയാടീടുന്ന കാലം
ദ്വിതീയവൃത്തം
സുന്ദരിമാർമണി എന്നമട്ട്
സോമകുലമണിദ്ദീപമായ കാമരുചിരശരീരൻ
ഭീമപരാക്രമത്തോടും വാഴും ദുഷ്‌ഷന്തനെന്ന മഹീശൻ
പെട്ടെന്നു നായാട്ടിനായക്കാലം വട്ടങ്ങൾ കൂട്ടിത്തിരിച്ചു
കാട്ടിൻ നടുവിൽ ചരിച്ചും പിന്നെ കാട്ടുമൃഗത്തെ വിളിച്ചും
മുട്ടിച്ചടുത്തുപിടിച്ചും തള്ളിപ്പൊട്ടക്കിണറിൽ മറിച്ചും
വട്ടത്തിൽ ചുറ്റിക്കളിച്ചുംകൊണ്ടു വേട്ടവെടിയങ്ങു വച്ചും
ചട്ടറ്റ നായ്ക്കൾ കുരച്ചും പുലിക്കുട്ടികളെപ്പോയ് കടിച്ചും
നീട്ടി വലകൾ വിരിച്ചും പല വിഷ്ടികളെ പ്രഹരിച്ചും
ഈട്ടിമുനകൾ തറച്ചും കിടി വാട്ടംകലര്‍ന്നുമരിച്ചും
ഒട്ടു വധിപ്പാൻ മടിച്ചും പല കൂട്ടിൽപ്പിടിച്ചങ്ങടച്ചും
കൂട്ടത്തെ തല്ലിപ്പിരിച്ചും ചില പോട്ടിൽ കിടന്നങ്ങൊളിച്ചും
വെട്ടുകളേറ്റു വിറച്ചും കലക്കൂട്ടങ്ങൾ താഴെപ്പതിച്ചും
ഗോഷ്ടികൾകാട്ടി മരിച്ചും കയർകെട്ടിവലിച്ചങ്ങിഴച്ചും
ദുഷ്ടജന്തുക്കളെക്കൊന്നാലൊരു കഷ്ടമില്ലെന്നിരിക്കയാൽ
എന്നിവയെല്ലാം ഭവിക്കുമതിലൊന്നുമുളവായതില്ല
ശിഷ്ടജനങ്ങളൊരു കാലത്തും ദുഷ്ടതകാട്ടുകയില്ല
സംഭ്രമിച്ചോടിടും മാൻപേടയെ മൂന്നിലമ്മാറങ്ങു കണ്ടു
തമ്പുരാനന്നൊരു ചാപം തന്നിലമ്പുവലിച്ചുതൊടുത്താൻ.
ഹാ ഹാ കുലോചിതമല്ലാതുള്ള സാഹസമാശു ചെയ്തൊല്ലാ
തൂര്‍ണ്ണം ഭയപ്പെട്ടുമണ്ടുമിതു പര്‍ണ്ണശാലാമൃഗമല്ലൊ
സജ്ജനരക്ഷകന്മാരാം നിങ്ങളിജ്ജനശിക്ഷകരല്ലാ
പെട്ടന്നു ചൊന്നതു കേട്ടങ്ങൊന്നു ഞെട്ടി നൃപൻനോക്കുന്നേരം
വീണ്ടുരചെയ്തുടൻ മണ്ടിവരും രണ്ടു മുനിമാരെക്കണ്ടു
നീണ്ടുവീണങ്ങു വണങ്ങി ദ്രുതം വേണ്ടും വരമിവാങ്ങി
'ഇത്ര ഗുണപരിപൂര്‍ണ്ണനായ പുത്രനെയങ്ങg ലഭിക്കും
അത്ര കുലപതിതന്റെ നല്ല ചിത്രമാമാശ്രമമുണ്ട്
തത്ര ഗമിക്കെടോ നിന്നെക്കണ്ടാലെത്രയും സന്തോഷമുണ്ടാം'
ഇത്രമാത്രമവർ ചൊന്നു മന്ദം തത്ര മറഞ്ഞു നടന്നു.
തൃതീയവൃത്തം
കൊണ്ടൽവേണി എന്നമട്ട്
ഇന്ദ്രതുല്യനായീടും രാജചന്ദ്രനങ്ങുചെന്നീടുംനേരം
മന്ദ്രനാദമോടോതുന്ന വേദസാന്ദ്രഘോഷവും കേൾക്കായ്‍വന്നു
ഹോമകുണ്ഡത്തിൽനിന്നുളവാകും ധൂമജാലവും കണ്ടുപിന്നെ
ആഹുതിഗന്ധമേറ്റനേരമേ മോഹമൊക്കയും ദൂരെവാങ്ങി
സാഹസങ്ങളകന്നു ചേതസി ദേഹസൗഖ്യവുമുണ്ടായ്‍വന്നപ്പോൾ
സിംഹവൃന്ദം പുലികലഗജസംഹതിയുമങ്ങൊത്തുകൂടി
ലീലചെയ്യുന്നൊരത്ഭുതം ഭൂമിപാലനന്നേരം തത്ര കണ്ടു
മാമുനീന്ദ്രന്റെ മാഹാത്മ്യത്തിനു സീമയില്ലെന്നുറച്ചു പിന്നെ
വല്ക്കലങ്ങൾ നനച്ചുനീളെ തൂക്കിടുന്നതും കണ്ടാനപ്പോൾ
പത്മജാലം വിടുര്‍ന്നുനില്ക്കുന്ന പത്മിനിയതുമെത്രചിത്രം
മാൻപേടതൻ കുട്ടിക്കൻപോടുതാൻപിടിച്ചു മുലകൊടുക്കും
നന്മുനിപത്നിമാരെക്കണ്ടപ്പോൾ സമ്മോദം പൂണ്ടു രാജവീരൻ
ആദ്രഭാവമതിങ്ങനെ മൂന്നം നിദ്രയിൽപോലും കണ്ടതില്ലാ
ശങ്കിച്ചിങ്ങനെ താൻ കടന്നങ്ങു പൂങ്കാവിൽ ചെന്നുനോക്കുംനേരം
ബന്ധുരയാം പ്രിയംവദയോടും ചന്തമോടനസൂയയോടും
പുന്തതിയറുത്തങ്ങു മേവും ശകുന്തളയെത്താൻ കാണായ്‍വന്നു
ആരിവളെന്റെ ചിത്തമോഷണം പാരാതെ ചെയ്തീടുന്നു നൂനം
ആശ്രമംതന്നിലിങ്ങനെയുള്ള സുശ്രോണിമാരെക്കണ്ടീടുമോ
പൌരവന്മാരിന്നന്യനാരിയിൽ വൈരികളെന്നു സിദ്ധമല്ലൊ
എന്നതിലും വിശേഷമുണ്ടിവൾ ധന്യയാം മുനികന്യയല്ലൊ
അന്തണേന്ദ്രതരുണിമാരെന്റെ ചിന്തയിൽ കടന്നീടാറില്ല
ചിത്തചാഞ്ചല്യംകൊണ്ടെനിക്കിന്നിവൾ യുക്തയെന്നുറച്ചീടുന്നു ഞാന്‍
എന്നതുകൊണ്ടിങ്ങിപ്പരമാര്‍ത്ഥം ഇന്നു ചോദിച്ചറിഞ്ഞീടണം
എന്നു നിരൂപിച്ചാളിമാരോടാ മന്നനേവം ചോദ്യം ചെയ്തു.
ചതുര്‍ത്ഥവൃത്തം
വില്ലരാജൻ മമ എന്നമട്ട്
ഇന്നു ജഗത്ത്രയമൊന്നുപോലെ വെന്നു പോരുന്നൊരു കാമൻ തന്റെ
ഉന്നതമായ ജയസ്തംഭത്തിൽ മിന്നലൊളികലര്‍ന്നാടീടുന്ന
പൊന്നിൻ കൊടിക്കൂറയെന്നപോലെ മിന്നിനിന്നീടുന്നിവളാരെടോ
ചൊന്നിടുകെന്നോടു നേരുതന്നെ ശങ്കിച്ചനിങ്ങൾ മടിച്ചീടേണ്ട
തിങ്കൾക്കുലത്തിലുളവായുള്ളോരങ്കുരമെന്നെന്നെ ബോധിക്കേണം
താപസന്മാര്‍ക്കുള്ളിലുണ്ടാവുന്ന താപമശേഷമൊഴിപ്പതിനായ്
ചാപവുംകൊണ്ടിങ്ങു വന്നു ഞാനും ഭൂപന്മാർതന്നുടെ കൃത്യമല്ലോ
എന്നതുകേട്ടനസൂയ ചൊന്നാൾ കന്നൽമിഴിതന്റെ ജന്മമൂലം
രാജശിഖാമണേ പണ്ടൊരുനാൾ രാജര്‍ഷിപുംഗവൻ വിശ്വാമിത്രൻ
വ്യാജഹീനം തപം ചെയ്തിടുമ്പോൾ യോജനയുണ്ടായി ദേവേന്ദ്രനും
ഇന്നെൻപദവിയെക്കൈയ്ക്കലാക്കാൻ അങ്ങവൻ വട്ടങ്ങൾ കൂട്ടിടുന്നൂ
ചെന്നവൻതന്നുടെ ചിത്തമിപ്പോൾ നന്നായിളക്കേണമെന്നുറച്ചു
ഈപ്സിതമൊക്കയും സാധിപ്പിക്കും അപ്സരസ്ത്രീകളെ യാത്രയാക്കി
അണ്ടർകോൻതാനും പരശ്രീകണ്ടാൽ ശണ്ഠയുള്ളോനെന്നു സിദ്ധമല്ലൊ
ചന്തമോടെല്ലാരുമൊത്തുകൂടി പന്തിനിരന്നങ്ങു മോടികൂട്ടി
പൂന്തേൻ മൊഴികളും ചെന്നുചൊന്നാർ ... ... ... ... ... ... ... ... ... ...
ശൃംഗാരചേഷ്ടാവിലാസംകണ്ടു സംഗതനായീ മദനവീരൻ
ഇങ്ങവൻ മേനകയെപ്പിടിച്ചു ഭംഗികലർന്നു പുണർന്നുപോലും
മേനക തന്നിലുളവായോരു മാനിനിയല്ലൊയിവൾ നരേന്ദ്ര
കാനനം തന്നിലുപേക്ഷിച്ചങ്ങു വാനോർപുരം നോക്കി പോയാളമ്മ
കണ്വനെടുത്തിങ്ങുകൊണ്ടുപോന്നു ദണ്ഡമെന്ന്യേ പരിപാലിക്കുന്നു
ധാത്രീസുരകുലമല്ലിവൾക്കു ക്ഷത്രിയഗോത്രജയെന്നറിക.
പഞ്ചമവൃത്തം
ഗോപകുമാരക എന്നമട്ട്
ആളിമാർതന്നുടെ വാക്കുകൾ കേട്ടുടൻ മേളം കലന്നു നൃപൻ-നല്ല
നാളീകലോചനയോടു പതുക്കവേ ലാളിച്ചിവണ്ണം ചൊന്നാൻ
ബാലേ ശകുന്തളേ! കേൾക്കടൊ കാമന്റെ ലീലയ്ക്കും കാലമിപ്പോൾ-അതു
ചാലേമറന്നു മരുവുന്നു നീ സുകപോലേയിതെത്ര ചിത്രം
വേളികഴിപ്പതിനാളിനെച്ചിന്തിച്ചു നീളേനടപ്പതിനു- ഏറ്റം
കേളിപെരുത്തൊരു നിന്നുടെതാതനുമാളായ് വരികയില്ല
ബ്രഹ്മവിചാരവും ചെയ്തങ്ങിരിക്കുന്ന നിര്‍മ്മലമാനസന്മാർ - ഉണ്ടോ
മന്മഥസൗഖ്യമറിയുന്നു നീയതും ചിന്തിച്ചു ചൊല്ലീടുക
ഭത്തൃസുഖത്തിലധികമൊരു സുഖം ഭാമിനിമാര്‍ക്കില്ലെന്നും-പല
ശാസ്ത്രജ്ഞവാക്യമിതിത്രനാളും തവ ശ്രോത്രേ പതിച്ചീലയോ
മാത്രപോലും പിരിയാതെ ധരിത്രിയിൽ ഭർത്താവൊടൊന്നിച്ചിങ്ങു-വാണു
ചിത്രവിനോദവിശേഷങ്ങളാടുവാനെത്രയോ ഭാഗ്യംവേണം
മുത്തുകൾ കോർത്തതു ചാര്‍ത്തേണ്ടും ഗാത്രത്തിൽ പത്രമണിഞ്ഞു കണ്ടാൽ-അങ്ങെ-
ടുത്തുവളർത്തുന്ന പുത്രയിൽ ധാത്രിക്കു ചിത്തമലിഞ്ഞിടാമോ
ഉള്ള മരങ്ങടെ കായും കനികളും തൊള്ള നിറച്ചീടുന്നോര്‍-ക്കിന്നു
പുള്ളിമൃഗേക്ഷണമാരെ വളര്‍പ്പതിനുള്ളിലറിഞ്ഞിടാമോ
മുള്ളിൽ പടര്‍ന്നീടും വള്ളിക്കുനിത്യവും വെള്ളമൊഴിപ്പാനല്ലോ-നിന്നെ
തള്ളിവിട്ടീടുന്നാതെള്ളോളം വാത്സല്യമുള്ളിലുളവാകുന്നോ
പിന്തിരിഞ്ഞങ്ങു നീ നില്ക്കുന്നനേരത്തു ഞാൻ തളന്നീടുന്നയ്യോ-എന്നെ
മാന്താർശരൻ വന്നു കൊല്ലുന്നതിൻമുമ്പെ സ്വാന്തം തെളിഞ്ഞീടേണം
പൂന്തേൻ മടങ്ങീടും നിന്നധരാമൃതം ചന്തമോടിങ്ങുതന്നു-മമ
സന്താപം തീര്‍ത്തത്താലുമെന്നതിനിന്നു ഞാൻ ചെന്താരടിയിൽ വീണേൻ
കൊങ്കകൾ മാര്‍വ്വിലണച്ചെന്നെ പുല്കാതെ പങ്കജബാണനൊട്ടും-ഇന്നു
പിങ്കരം വെക്കയില്ലെന്നുമറികെടോ മങ്കമാർമൌലിമണേ
മുല്ലശരനൊടു മല്ലുപിടിപ്പതിനില്ലൊരു കെല്ലെനിക്കും-ബാലേ
കല്ലുംമയങ്ങീടുമല്ലൊ നിൻനല്ലൊരു ചില്ലിവില്ലാട്ടം കണ്ടാൽ
ഏവം സഖിമാരുമപ്പോൾ നൃപവാക്യം കേട്ടു ശകുന്തളതൻ-മുഖ-
ഭാവം മറിഞ്ഞതറിഞ്ഞു മറഞ്ഞു നിറഞ്ഞു വഴിഞ്ഞ മോദാൽ.
ബന്ധുക്കളാരുമറിയാതെ ഭൂപതി ബന്ധുരഗാത്രിയേയും-ദ്രുതം
ഗാന്ധർവ്വമായി വിവാഹവും ചെയ്തു പുണര്‍ന്നു രമിച്ചുടനേ
ധാത്രീശനുത്തമുത്തുപടുത്തൊരു പുത്തൻ തിരുവാഴിയും-നല്കി
ദ്വിത്രിദിനത്തിനകത്തു ഞാനെത്തിടാമിത്രയും ചൊല്ലിപ്പോയാൻ
നിര്‍ഭരമോദമോടങ്ങിരുപേരുമായത്ഭുതകേളിചെയ്തപ്പോൾ- ഉടൻ
അര്‍ഭകനൊന്നുളവായവൾതന്നുടെ ഗഭര്‍കടാഹം തന്നിൽ.
ഷഷ്ഠവൃത്തം
ഇങ്ങനെശശധരൻ എന്നമട്ട്
ക്ഷിതിപതി മതിയതിലതി ധൃതികരുതിനടന്നളവിൽ- തന്നെ
സതിയിതി പതിചതിവിതിനെ നിനച്ചു വിഷാദംപൂണ്ടു
അയ്യോ നിന്നെ കാണായ്കയാൽ പ്രാണനാഥ - എന്റെ
കയ്യോ കാലോ തളരുന്നിതെന്തുചെയ്യാം
ജനകനുമിനി മമ ജനനിയുമിതുബോധിക്കുമ്പോൾ-ഇന്നു
കനിവിനു മനമതിലനുദിനമണുതഭവിക്കും നൂനം
നിന്നുടെ വിയോഗമാകും തീക്കുണ്ഡത്തിൽ-വീണി-
ന്നെന്നുടെ ശരീരം ഭസ്മമായീടുന്നു.
സുമശരശിതതരശരശതപതനമിതോര്‍ക്കുന്നേരം-അയ്യോ
ശിവശിവ മൃതികരമശനിയൊടുപമിതമെന്നോ വേണ്ടൂ
കാമകുലവില്ലിനൊരു ലക്ഷ്യമാക്കാതെന്നെ
സോമകുലവല്ലഭാ പരിപാലിക്ക
ശിശുശശിമൃദുതര കിരണഗണകണികയേല്ക്കുന്നേരം-പാര്‍ക്കിൽ
വിഷജലകണികകളതിനൊടുസമത ഭവിക്കുന്നല്ലോ
താരുണാംബുരാശേ നിനക്കെന്തിവണ്ണം - ഹൃദി
കാരുണ്യം കുറഞ്ഞീടുന്നു ജീവനാഥ!
ഭംഗതരംഗതരംഗിതരുചികരമംഗം കണ്ടു-ഞാനും
മങ്ങി മയങ്ങിയിതിങ്ങനെയിംഗിതമിങ്ങു നല്കി
ബന്ധുക്കളോടൊരു വാക്കു ചോദിക്കാതെ-ഞാനും
ബന്ധനത്തിലകപ്പെട്ടതുമെത്ര കഷ്ടം!
മലയജഹിതകര ശിശിരപവനനേല്ക്കുന്നേരം-ഇങ്ങു
കുലഗിരി ഗുരുതരശിഖരം ശിരസി പതിച്ച പോല
കൈവന്നൊരു കാമിതവും കാണാതാ-യല്ലൊ
ദൈവമേ തവ കരുണ എങ്ങു പോയി?
അരുണചരണസരസിജമിഹ ശരണമാക്കീടുന്നോരെന്നിൽ
കരുണ വരണമതിനടിമലർ വടിവൊടു തൊഴുതേൻ നാഥ
ആളിമാരിതറിയുമ്പോളയ്യോ കാന്താ-എന്നെ
കേളി കലര്‍ന്നേറ്റം പരിഹാസം ചെയ്യും
പരിമളമിളകിന സുമതതിവിരചിതമാല്യമെല്ലാം-മെയ്യിൽ
പരുഷവിഷവിഷമമുരഗവരനികരമായിത്തീര്‍ന്നു
സന്തതമിങ്ങനെയവൾ സ്വാന്തം തന്നിൽ-ഗൂഢം
കാന്തനെത്തന്നെ ചിന്തിച്ചു കേഴും കാലം
സപ്തമവൃത്തം
മുറജപപ്പാന രീതി
സർവ്വരേയും ശപിച്ചുകൊണ്ടങ്ങനെ-
സര്‍വ്വകാലവും നീളെ നടന്നീടും
ദുര്‍വ്വാരകോപനെന്നു പ്രസിദ്ധനാം-
ദുര്‍വാസാവായ മാമുനിപുംഗവൻ
കാന്തനെത്തന്നെ ചിന്തിച്ചുകേണിടും-
പൂന്തേൻവാണി വസിക്കുന്ന മന്ദിരേ
ചന്തമോടു കടന്നങ്ങു ചെന്നതും-
ഹന്ത കണ്ടതുമില്ല ശകുന്തള.
'ഇന്ദ്രലോകത്തു ചെന്നാലുമിന്നെന്നെ-
സാന്ദ്രമോടങ്ങു മാനിച്ചീടും
ഇന്നു നീയപമാനിച്ചതോര്‍ക്കിലോ-
നിന്നീടുന്നില്ല കോപമെനിയ്ക്കെടോ
ചിത്തരംഗേ വസിച്ചിടും പൂരുഷൻ -
സത്വരം നിന്നെയങ്ങു മറന്നുപോം'
ദുസ്തരമായ ശാപവും നല്കിയ-
ങ്ങുത്തമനാം മുനിയും നടകൊണ്ടാൻ
അമ്മുനിശാപമാളിമാർ കേട്ടുടൻ-
കര്‍മ്മമെന്നുരച്ചോടി വന്നീടുമ്പോൾ
അംബുജാക്ഷിയിതൊന്നു മറിയാതെ -
ബ്രഹ്മമെന്നതുപോലെയിരിക്കുന്നു
കഷ്ടമിന്നിവളിക്കഥ കേൾക്കിലോ-
പെട്ടന്നങ്ങുപേക്ഷിച്ചീടും ജീവനെ
ഒട്ടുമിന്നുരിയാടരുതെന്നുറ-
ച്ചൊട്ടിടമോടി മാമുനി തന്നുടെ
കാലിൽ വീണു നമസ്കരിച്ചാളിമാർ-
സല്ക്കരിച്ചു ബഹുമാനപൂർവ്വകം
'നില്ക്കു നില്ക്കു മുനികുലരത്നമേ-
പാര്‍ക്കിലിന്നിതു കഷ്ടം മഹാ കഷ്ടം!
കായവാങ്‌മാനസങ്ങളെക്കൊണ്ടിവൾ-
മായമൊന്നുമറിയുന്നവളല്ല
ഈയപരാധമൊന്നു പൊറുത്തു നീ-
യായതാക്ഷിയെപ്പാലിച്ചു നല്കണം
ഇങ്ങനെയുള്ള ദുഃഖമൊഴിക്കുവാൻ-
നിങ്ങളല്ലാതെ മറ്റാരു ഭൂതലേ?'
മംഗലാംഗിമാർതന്നുടെ വാക്കുകേ-
ട്ടങ്ങവനുളവായഹോ കാരുണ്യം
മന്നവൻ കൊടുത്തുള്ളൊരു വസ്തുക്കൾ-
ചെന്നിവൾ കൊണ്ടു കാണിച്ചിടും വിധൌ
ധന്യനങ്ങു സ്മരിച്ചിടുമപ്പൊഴേ-
യെന്നുചൊല്ലി ഗമിച്ചാൻ മുനീന്ദ്രനും
താപസോത്തമൻതന്നുടെ വാക്കിനാൽ
താപമൊട്ടു കുറച്ചു സഖിമാരും
പാർത്ഥിവൻ കൊടുത്തുള്ളൊരു മോതിര-
മോര്‍ത്തു സന്തോഷമോടു മേവീടിനാർ
ജ്ഞാനദൃഷ്ടികൊണ്ടക്കഥയൊക്കവേ
ജ്ഞാനിയാംജനകൻതാനറികയാൽ
മാനസമോദമേറ്റം കലര്‍ന്നുടൻ-
താനതിങ്ങനെ ചിന്തിച്ചു സാമ്പ്രതം
'മാത്രയും വിളംബിക്കാതിവളെയും-
ധാത്രീപാലനോടൊന്നിച്ചു ചേര്‍ക്കണം
പുത്രിമാരിൽ ജനകനധികാരം-
പാര്‍ത്തു കണ്ടാൽ വിവാഹം കഴിവോളം
ബാല്യകാലത്തിലച്ഛനുമമ്മയും-
നല്ലൊരു യൌവനത്തിൽ ദയിതനും
വൃദ്ധയായാൽ സുതന്മാരുമിങ്ങനെ-
രക്ഷിക്കേണമെന്നല്ലൊ പ്രമാണവും
പുത്രിയെ പിരിഞ്ഞീടുന്നതോര്‍ക്കുമ്പോ-
ളിത്ര സങ്കടമൊന്നിലുമില്ല മേ
വീര്‍ത്തുമുട്ടുന്നു ശ്വാസമെനിക്കഹോ-
താര്‍ത്തേൻവാണിതൻ യാത്ര നിനയ്ക്കുമ്പോൾ
ഇങ്ങെടുത്തു വളര്‍ത്തിയ പുത്രിയെ-
അങ്ങയയ്ക്കുമ്പോഴിങ്ങനെ വന്നപ്പോൾ
തങ്ങൾ പെറ്റുവളര്‍ത്തവൾ പോകുമ്പോ-
ളെങ്ങനെസഹിച്ചീടുന്നുദൈവമേ!'
ഇപ്രകാരം നിനച്ചുകൊണ്ടപ്പൊഴേ-
തൽപ്രദേശേവരുത്തിനാൻ ശിഷ്യരെ
ക്ഷിപ്രമായവരോടുമൊരുമിച്ച -
ങ്ങുല്പലാക്ഷിയെ യാത്രയാക്കീടിനാൻ
തൻപ്രിയ സഖിയെപ്പോലെ വാണിടും-
ഗര്‍ഭിണിയായൊരു പേടമാനപ്പോൾ
സുഭ്രുതന്നുടെ മുന്നിൽ തടുക്കയാൽ
ബാഷ്പവാരിയിൽ മുങ്ങിശകുന്തള
കൈയിലങ്ങെടുത്താദരവോടവൾ-
മെയ്യിലാമ്മാറണച്ചച്ഛനോടുടൻ
ഇങ്ങിവൾ പ്രസവിച്ചാലുടനെനി-
ക്കങ്ങൊരാളയച്ചീടണമപ്പൊഴേ
എന്നു ചൊന്നു കരഞ്ഞവൾ സാദര-
മന്ദം മന്ദം തലോടി വിട്ടീടിനാൾ
എന്ന നേരം സഖിമാരിരുവരും-
നിന്നു വാവിട്ടലറിക്കരകയാൽ
ഒന്നു കോപിച്ചു നോക്കി മുനിവരൻ-
എന്നു വേണ്ട കലശലിതിങ്ങനെ
പിന്നെയുമവളങ്ങു പോകും വിധൌ-
കണ്ണുനീരിൽ കുളിച്ചു ജനകനും
ചെന്നെടുത്തു മടിയിൽ വച്ചിങ്ങനെ-
ചൊന്നതെത്രയും കാലോചിതമല്ലോ.
അഷ്ടമവൃത്തം
അഞ്ചിതകേളി എന്നമട്ട്
'നീലാളകാന്തിരുചിരതരാനനേ നീ ലാളിച്ചീടുക കാന്തം
നാലാളിരിക്കുന്നിടയിലവനൊരു കാലാളിതെന്നറിയൊല്ല
പാരാളിപാളിനടുവിൽ നിൻ വല്ലഭൻ പേരാളിതെന്നു പ്രസിദ്ധൻ
ആരോളിവനുടെ മുന്നിൽ നിന്നീടുവാൻ വീരാളിതന്നിലൊരുവൻ
നാലാഴി ചൂഴുന്നൊരൂഴിക്കുടയോരു പാലാഴിനാഥനു തുല്യൻ
കാലാഴി നല്ല തരിവള കാഞ്ചികൾ ചേലാഴിയെന്നിവ നല്കും
ചേരാഴിക ചെയ്തു നീയങ്ങെനിക്കൊരു പോരാഴിക വരുത്തൊല്ലേ
മങ്ങാതിവനോടുകൂടി നിനക്കിന്നു സംഗാതിരേകം ഭവിക്കും
ചങ്ങാതികളോടുകൂടി വിനോദിപ്പാനങ്ങതിനാളുകളുണ്ടു്
ഗംഗാതിസുന്ദരമാമൊരു കീർത്തിയും തങ്ങാതിവനുമുണ്ടല്ലൊ
വാരണഗാമിനി പാര്‍ക്കിൽ നിൻവല്ലഭൻ ചാരണസന്നുതനല്ലൊ
ആയതലോചനേയെപ്പോഴുമുള്ളിലങ്ങായതാലോചനവേണം
നീരസിച്ചീടാതവനൊടു നിത്യവും നീ രസിച്ചീടുക ബാലേ
അരുതരുതവനൊടു കലഹമൊരിക്കലും കരുതരുതൊരു പിഴയുള്ളിൽ
കരമൊഴിവായുള്ള ധരണികളനവധി വരമൊഴി! തരുമവനെന്നാൽ
കരളിലൊരു കലഹമൊടപ്രിയമരുളിയതാകിലുമയ്യോ
കളയൊരുപൊഴുതു പറയരുതവനൊടു തരളമിഴിയറിക ബാലേ!
പ്രിയ സഖിയൊടു സമയായ്മരുവുക നൃപവിധുമുഖിമാരുടെ മുന്നിൽ
മനസിജനൊടു രതിയെന്നതുപോലേ സരസിജമിഴി നീ വാഴ്കാ
അംഗനമാർമണിയാം നിജപുത്രിയോടിങ്ങനെ ചൊന്നൊരു ശേഷം
പാലോലും വാണിക്കനുഗ്രഹവും നല്കിത്താലോലിച്ചങ്ങയച്ചേവം.
നവമവൃത്തം
താലോലം പൈതലെ എന്നമട്ട്
അച്ഛന്റെകാല്ക്കൽ വീണുവണങ്ങിക്കൊണ്ടിച്ഛയോടപ്പോൾ ശകുന്തളയും
പിച്ഛിലമായുള്ള മാര്‍ഗ്ഗം കടന്നുടൻ സ്വച്ഛന്ദമായി നടന്നുപിന്നെ
നക്രാദിദുര്‍ജ്ജന്തുബാധയകന്നേറ്റം ശക്രാദിദേവന്മാർ വന്ദിച്ചീടും
ശക്രാവതാരാഖ്യമായുള്ള തീര്‍ത്ഥവുമാക്രമിച്ചീടുന്ന നേരത്തിങ്കൽ
പാര്‍ത്ഥിവൻ നല്കിയകൈവിരൽമോതിരംതീര്‍ത്ഥത്തിൽവീണതറിഞ്ഞതില്ല
സാര്‍ത്ഥവചനനാം മാമുനി ചൊന്നതു വ്യര്‍ത്ഥമായീടുമോ പാര്‍ത്തുകണ്ടാൽ?
പെട്ടെന്നൊരു മത്സ്യമായതു കണ്ടുടൻ വെട്ടിവിഴുങ്ങിക്കൊണ്ടങ്ങപോയി
ചെന്നവൾ മാമുനിമാരോടുമൊന്നിച്ചു മന്നവൻ തന്റെ നഗരം തന്നിൽ
താപസന്മാർ തൻവരവതുകണ്ടപ്പോൾ ഭൂപനുമീവണ്ണം ചിന്തപൂണ്ടു
താടിയും മീശയും ഗോപിരുദ്രാക്ഷവും മോടികലർന്ന പുലിത്തുകിലും
ദണ്ഡുകൾകൊണ്ടങ്ങു ശോഭിച്ചിടും ബാഹുദണ്ഡങ്ങളും ബത കാണാകുന്നു
സാന്ദ്രമായ്ക്കൂടി വരുന്നിടയിൽ പൂര്‍ണ്ണചന്ദ്രനെപ്പോലൊന്നു കാണാകുന്നു
ചന്ദ്രനെന്നും പിന്നെ മിന്നൽപിണറെന്നും പൊന്നും പതാകതാനെന്നുംതോന്നി
പിന്നെയും സൂക്ഷിച്ചുനോക്കിയപ്പോഴൊരു തന്വംഗിതാനെന്നുമങ്ങുറച്ചു
എന്തൊരു വിസ്മയമിമ്മുനിമാരൊടു പൂന്തേൻമൊഴി ചേര്‍ന്നു വന്നിടുന്നു
ദക്ഷിണബാഹുവിളകുന്നതെന്തെന്നുമക്ഷിതിപാലനും നോക്കിയപ്പോൾ
സാക്ഷാൽകരിച്ചവരെല്ലാവരുംകൂടിത്തൽക്ഷണം ഭൂപനെ വാഴ്ത്തിനിന്നാർ
വീണു നമസ്കരിച്ചാൻ മഹീപാലനും താണുവിനയമോടങ്ങുചൊന്നാൻ
ധന്യന്മാരായുള്ള നിങ്ങളെക്കാൺകയാൽ പുണ്യവാനെന്നു ഞാനിങ്ങറച്ചു
കല്മഷനാശകന്മാരായ നിങ്ങടെ കണ്മുനത്തെല്ലു പതിക്കയാലേ
മന്മനതാരിലുദിക്കുന്നുമോദവും ജന്മസാഫല്യവും വന്നുവല്ലോ
ധാത്രീസുരന്മാരാം നിങ്ങൾവരികയാൽ ഗോത്രവുമിന്നു പവിത്രമായി
പൂന്തേന്മൊഴിയാമിവളോടൊരുമിച്ചു ചന്തമോടിങ്ങെഴുന്നള്ളീടുവാൻ
എന്തൊരുബന്ധമെന്നെന്നോടു ചൊല്ലണമന്തരമെന്യേ മുനീന്ദ്രന്മാരേ
മേദിനീപാലന്റെ വാക്കുകൾകേട്ടുടൻ മോദം കലര്‍ന്നു പറഞ്ഞീവണ്ണം
കണ്വനാംഞങ്ങടെശ്രീഗുരുനാഥൻതാൻ തൂര്‍ണ്ണമയച്ചിഹനിന്നെക്കാണ്മാൻ
താപഹരങ്ങളായീടുന്ന വാക്യങ്ങൾ ഭൂപതേ! കേൾക്ക നീ മോദമോടും
യോഗ്യതയുള്ളവരെങ്ങുഗമിക്കിലും ഭാഗ്യത്തിനങ്ങു കുറവുണ്ടാമോ
മങ്കമാർമൗലിയായീടും നിൻപത്നിയെക്കാണ്കെടോ സൽഗുണവാരിരാശേ!
അങ്കതലംതന്നിൽചേര്‍ത്തിവളെദ്രുതം സങ്കടമൊക്കെയൊഴിച്ചീടുക
ഗര്‍ഭിണിയാമിവൾതന്നുടെ ഗഭര്‍ത്തിലഭര്‍കനും നിനക്കുത്ഭവിച്ചു
പുത്രമുഖം കാണ്മാനെത്രയുമാളുകൾ ധാത്രിയിലെത്ര കൊതിച്ചിടുന്നു
നിര്‍ഭരമോദമിവളോടൊരുമിച്ചിങ്ങത്ഭുതകീര്‍ത്തേ! വസിച്ചീടുക
ഇത്രയുംകൂടെപ്പറഞ്ഞയച്ചാദരാൽ ക്ഷത്രിയവീരാ ധരിച്ചിടേണം
ഇങ്ങിജ്ജനങ്ങൾ തപോധനന്മാരെന്നു മംഗളകീര്‍ത്തേ വിചാരംവേണം
പൊന്നും പണങ്ങളുമൊന്നും തരുവതിനിങ്ങുപായങ്ങളും കാണ്മാനില്ല
ബന്ധുക്കളാരുമറിയാതെ നീ വന്നു സന്ധിച്ച പാണിഗ്രഹണമല്ലേ
ഒക്കെയുമോര്‍ത്തുബഹുമാനപൂർവ്വകം മൈക്കണ്ണിയെ പരിപാലിക്കേണം.
ദശമവൃത്തം
കല്യാണികളവാണി എന്നമട്ട്
ഭൂതധാത്രീശനുമത്താപസശാപപരി-
വീതനായ് മറന്നെല്ലാമേവം ചൊന്നാൻ
ഭൂതഭവിഷ്യത്തെല്ലാം ചേതസി ഹൃഷ്യത്താകും
ഗൗതമശിഷ്യരല്ലൊ നിങ്ങളെല്ലാം
ദോഷകരാന്വവായഭൂഷണമായ കൃത്യ-
മേഷ ഞാൻ ചെയ്കയില്ലെന്നറിയാമല്ലോ
ഏഷണമൂന്നും പുണ്യശോഷണമെന്നു ശാസ്ത്ര-
ഘോഷണമനുദിനം കേൾപതൊട്ടും
ദോഷാനുഭാവത്തിനു ഭൂഷണമാകുമന്യ-
യോഷയ്ക്കു ഞങ്ങൾ വശമാകയില്ലാ
തോഷകരമായ പീയൂഷപാനം ചെയ്യുന്നോ-
രൂഷരജലമിന്നു കാംക്ഷിക്കുമോ
വേഷഭംഗികൾകണ്ടു തോഷമുളവാകുന്ന
ഭോഷന്മാരുണ്ടു ഭുവി വേണ്ടുവോളം
ഈഷലെന്നിയേ ചൊന്ന ഭാഷണം നൂനമിന്നു
രോഷമെനിക്കു ഉള്ളിലുളവാക്കുന്നു
ശേഷമല്ലിതിനു മഹഷിമാർനിങ്ങൾ പിഷ്ട-
വേഷണംചെയ്തീടാതേ പോക നല്ലൂ
അക്കഥ കേട്ടനേരം മൈക്കണ്ണിയാളുമുടൻ
തൃക്കൈവിരൽമോതിരമാദരേണ
നോക്കിയനേരം തന്റെ കൈക്കൽ കാണായ്കമൂല-
മുൽകടതാപമോടുമിവണ്ണം ചൊന്നാൾ
കേൾക്കെടോ നാഥാ നീയുമിക്കാലമെന്തിവണ്ണം
നൽക്കുരള പറഞ്ഞു ജയിച്ചിടുന്നു
വാക്കുകൾ രണ്ടില്ലെന്നുമോര്‍ക്കേണം ഭൂപാലന്മാര്‍-
ക്കാര്‍ക്കുമിതെന്നീവാക്കു കേൾക്കുന്നീലേ.
പാര്‍ക്കിലിതിന്നു തവ ദുഷ്കീർത്തി വന്നുകൂടും
അര്‍ക്കചന്ദ്രന്മാരുള്ള കാലത്തോളം
സൽകുലേ വന്നിങ്ങു ജനിക്കുന്ന ഭൂപന്മാർ
മുർഖതയെന്തിങ്ങനെ കഷ്ടം കഷ്ടം!
എന്നെ ഞാൻ മറക്കിലും നിന്നെ ഞാൻ മറക്കില്ലേ
യെന്നു ചൊന്നൊരു വാക്യമെങ്ങുപോയി?
വല്ലഭേയെന്നു വിളിച്ചല്ലലോടെന്റെ പദ-
തല്ലജേ വീണതും നീ മറന്നുപോയോ?
തോഴിമാർ പോയനേരം കേഴുന്നോരെനിക്കൊരു
കോഴതന്നതുമിന്നു മറന്നീടുന്നോ?
നീ വിഹരണം ചെയ്‍വാൻ ഭാവിച്ച നേരമെന്റെ
ഭാവമറിഞ്ഞു നീയും ജീവനാഥ!
കേവലം കണ്ണുരണ്ടും കൈവിരൽ കൊണ്ടുപൊത്തി-
സ്സാവധാനമെന്നോടു പറഞ്ഞതില്ലേ
മട്ടോലും മൊഴിയാൾതൻ കോട്ടമകന്നവാക്യം
കേട്ടുമഹീപാലനും രുഷ്ടനായി
ധൃഷ്ടതയിത്രയുള്ള ചേട്ടകളെ ഞാനഹോ
കേട്ടറിയുന്നതില്ലിക്കെട്ടിലെങ്ങും
പെട്ടെന്നിവളെക്കൊണ്ടു കൊടുക്കൂ വെളിയില-
ങ്ങാട്ടിക്കളഞ്ഞീടണമല്ലായിലോ
നാട്ടിനുംകൂടെദ്ദോഷം തട്ടിടുമതിലി-
ന്നൊട്ടുമൊരു സംശയമില്ല നൂനം
കേട്ടുനിൽക്കുന്നോരൊക്കെ ഞെട്ടിടുംമാറിവണ്ണം
നാട്ടിന്നുടയവന്റെ ചൊൽ കേട്ടപ്പോൾ
വിട്ടെറിഞ്ഞവളെയുമോട്ടംതുടങ്ങീ മുനി-
കൂട്ടമതു കണ്ടവൾ വാവിട്ടലറി
ഒക്കെയും കേട്ടു നൃപസൽഗുരുവതുനേരം
ചിക്കെന്നവിടെ വന്നു ചൊൽതുടങ്ങി.
ഏകാദശവൃത്തം
അക്കാലം ദേവകൾ എന്നമട്ട്
ധാത്രീപുരന്ദര സാഹസങ്ങൾ പാർത്തിടാതിന്നു ചെയ്തീടരുതേ
ക്ഷത്രിയപുത്രിതൻ ലക്ഷണങ്ങളിസ്ത്രീമുഖാംബുജേ കാണ്മാനുണ്ട്
എത്രയുംനാൾ ഭവാൻ വേട്ടയ്ക്കായി ധാത്രിയിലൊക്കെ ചരിച്ചീലയോ
യത്രകുത്രാപി നിൻചിത്തരംഗം തത്ര ചലിച്ചതിന്നോര്‍ത്തിടാമോ
ഗര്‍ഭിണിയല്ലോയിവൾ നിനച്ചാൽ ദ്വിത്രിദിനത്തിനകം പെറ്റീടും
അത്രോളം മൽഗൃഹേ പാര്‍ത്തിടട്ടെ പുത്രമുഖം പാർത്താലപ്പോൾതന്നെ
ചിത്തമോദം പോലെ ചെയ്തുകൊള്ളാം ... ... ... ... ... ... ... ... ...
ഇങ്ങനെ സമ്മതമെന്നതാകിൽ അങ്ങനെയെന്നു നൃപനും ചൊന്നാൻ
മട്ടോലും വാണിയെദ്ദേശികനും കൂട്ടിക്കൊണ്ടങ്ങു ഗമിക്കുംവിധൌ
ചട്ടറ്റ തേജശ്ശരീരത്തോടും പെട്ടെന്നു വന്നവൾമാതാവുതാൻ
ഞെട്ടിക്കരയുന്ന പുത്രിയേയും തട്ടിപ്പറിച്ചങ്ങു കൊണ്ടുപോയാൾ
മാരീചനെന്ന മുനീന്ദ്രൻതന്റെ മന്ദിരംതനിലിരുത്തി മോദാൽ
സുന്ദരനായൊരു നന്ദനനും ഇന്ദുമുഖിക്കുളവായിതപ്പോൾ
പിന്നെ ഭരതനെന്നങ്ങുനാമം ഉണ്ണിക്കുനല്കി മുനിപുംഗവൻ
വെണ്ണയും പാലും കൊടുത്തുനന്നായ് പൂര്‍ണ്ണസുഖേന പരിപാലിച്ചു.
ദ്വാദശവൃത്തം
കുറത്തി
അക്ഷിതിപാലകൻതന്റെ രക്ഷികളിലേകൻ
വഞ്ചകന്മാരെത്തിരഞ്ഞു സഞ്ചരിക്കുംകാലം
ഭംഗിതേടും ഭൂമിപാലകാംഗുലീയമപ്പോൾ
ഈക്ഷണംചെയ്തൊരു മത്സ്യഭക്ഷകന്റെ കയ്യിൽ
തൽക്ഷണംപിടിച്ചവനെശ്ശിക്ഷയിൽവരിഞ്ഞു
ശൃംഖലതളച്ചു കാലിൽ ശങ്കയെന്ന്യേ ധീരൻ
കൈകൾരണ്ടും പിന്നിലാക്കി വൈകിടാതെകെട്ടി
മുഷ്ടികൊണ്ടവൻ തലയിൽ കുട്ടനങ്ങൾചെയ്തു
കൂട്ടരൊക്കെക്കണ്ടുനിന്നു കഷ്ടമെന്നു ചൊല്ലി
കാന്തകാരിയരച്ചവൻ കണ്ണിലങ്ങെഴുതി
തുമ്പനീരിടിച്ചുപിഴിഞ്ഞത്തമ്പിനോടെടുത്തു
ചുക്കുചേര്‍ത്തരച്ചുടനേ മൂക്കിലങ്ങൊഴിച്ചു
കല്ലുകൾകൊണ്ടങ്ങിടിച്ചു പല്ലുകൾ തകർത്തു
തൊണ്ണവച്ചലറും വായിൽ മണ്ണുവാരിയിട്ടു
രാജരത്നം മോഷ്ടിച്ചവനാരെടാ നീയെന്നും
നല്ല നേരു ചൊല്ലായ്കിൽ ഞാൻ കൊല്ലുമെന്നുരച്ചും
തല്ലുകൾകൊണ്ടുള്ളിലുള്ളോരെല്ലുകൾ പൊടിച്ചും
പല്ലുകടിച്ചൂറ്റമോടു മീശയും ഞറുമ്മി
കണ്ണുകളുരുട്ടിക്കൊണ്ടു പിന്നെയും ചെന്നപ്പോൾ
ദണ്ഡമനുഭവിച്ചവൻ കണ്ണുനീരിൽ മുങ്ങി
നിന്നവർ വിറച്ചു ദേഹമൊന്നിവണ്ണം ചൊന്നാൻ
കൊല്ലരുതേ നിങ്ങളെന്നെ നല്ലമാലോരല്ലൊ
ചൊല്ലുവനടിയൻ സത്യമില്ലതിന്നു ഭേദം
ഇന്നലെ നേരത്തു ഞാനും ചെന്നു ശക്രതീര്‍ത്ഥേ
നിന്നുവീശിവലയതിൽ വന്നൊരുമീനംതാൻ
വെട്ടുകത്തികൊണ്ടതിനെ വെട്ടിമുറിച്ചപ്പോൾ
കിട്ടിയെനിക്കിദ്ധനവുമൊട്ടുമില്ല സത്യം
കേട്ടതുനേരമവരും വാട്ടമെന്ന്യേ ചെന്നു
ധാത്രിപാലൻ തന്നോടുമീവാർത്തയെല്ലാം ചൊല്ലി
അംഗുലീയകവുമങ്ങു ഭംഗിയോടു നല്കി
മേദിനീപാലനും കണ്ടു മോദഭാരംപൂണ്ടു
കിങ്കരനാം ധീവരനു കങ്കണവും നല്കി
അംഗുലീയം കയ്യിലെടുത്തങ്ങു നോക്കും നേരം
തൽക്ഷണം മുനീന്ദ്രശാപമോക്ഷവും ഫലിച്ചു
മുന്നമുണ്ടായതശേഷം മന്നവന്റെ ചിത്തേ
ദര്‍പ്പണത്തിലെന്നതുപോലപ്പോഴുതേ കണ്ടു
കാന്തയെ നിനച്ചുടനെ താൻതളര്‍ന്നുവീണു
പ്രാണനാഥേക്കാണാഞ്ഞവൻ കേണിവണ്ണം ചൊന്നാൻ
ത്രയോദശവൃത്തം
കളഭഗതേ കളുർമതി എന്നമട്ട്
കളഭഗതേ, മമ പിഴ തേ കരുതരുതേ ഹൃദി ദയിതേ
സുമുഖി ഭൃശം തവ വെറുതേ വിമുഖതയിന്നരുതരുതേ
സരസരതോത്സവവിരുതെന്നുരസി മുദാ തുടരുക തേ
സുരുചിര സല്ലാപകൃതേ സുഖയ ഹി രാജര്‍ഷിസുതേ
തെളിവിയലും മുഖമിന്നെൻ കരളിലഹോ തെളിയുന്നേ
ഒളികരുതീടരുതെന്നേ കളമൊഴി ഞാൻ തളരുന്നോൻ
ഹിമകരനിന്നതിവേലം സമയമറിഞ്ഞിതുകാലം
മമതകുറഞ്ഞനുവേലം വൃഥയതി മാം രതിലോലം
വിമലഗുണേ തരുണിമണേ തവ വരണേ മമ ശരണേ
കരുണയിന്നും മയി വരണേ കുളുർമുലയിന്നയി തരണേ
സ്മരശരമാമതി വര്‍ഷം സരസിജനേർമിഴി പരുഷം
ശശധരനാം പീയൂഷം ശശിവദനേ ഭുജഗവിഷം
വരികരികേ വരമധുരം തരികയി തേ പരമധരം
ചൊരിയുമിതെൻബാഷ്പഭരം പരിചൊടു തീര്‍ക്കാശു ചിരം
സ്മരരുജയോടിതി വിലപൻ മരുവീടും നാളിൽ നൃപൻ
വലരിതൻ ശാസനയും ശിരസി വഹൻ മാതലിയും
രഥമതിലങ്ങതിതെളിവിൽ കുതുകമോടും വന്നളവിൽ
നൃപവരനും കണ്ടു തദാ സപദി വിളിച്ചങ്ങു മുദാ
പരിചൊടു ചോദിച്ചിതു തം വിരവിലറിഞ്ഞാത്മഗതം
സുരപതിദര്‍ശനസുകൃതം കരളിൽ നിനച്ചതിനിഭൃതം
അഥ മതിമാൻ വലരിപുസാരഥിയോടുകൂടിത്തരസാ
പഥി ബഹുസല്ലാപരസാൽ ത്രിദിവമഗാനാത്മമനസാ
പാര്‍ത്തു വലാരാതിപദം പേർത്തുവളർത്തഖിലമുദം
തീര്‍ത്തുടനേ ദനുജമദം ചേര്‍ത്തവരിൽ ബഹുവിപദം
നരപതിതൻരണഘോഷം സുരപതി കണ്ടൊരുശേഷം
കരുതി ഹൃദാ പരിതോഷം പരിചൊടദാൽ ബഹുഭൂഷാം
മതികുതുകംപൂണ്ടു ഭൂവം പ്രതിഗമനം ചെയ്യുമവൻ
മഹിതരുചാ വിജിതദിവം മാരീചവാസഭുവം
മിഴികൾ തുറന്നങ്ങവനെ അധിപതി നോക്കുന്നുടനേ
വഴിയിലഹോ കണ്ടു വനേ തൊഴുതു മുദാ പൂക്കതിനെ
കണ്ടൊരു കേസരിയോടും പൂണ്ടു മുദാ കളിയാടും
രണ്ടു വയോരുചിതേടും തുംഗനെയൊന്നധികപടും
ധൃഷ്ടതയോടിപ്പൃഥകൻ ദംഷ്ട്രപിടിച്ചങ്ങധികം
കാട്ടിടുമോരോ കുതുകം കാൺകിലതും ചിത്രതരം
അറിവതിനിശ്ശിശുമൂലം നരവരനും സുഖജാലം
കരുതിയുരച്ചൊരുകാലം അവരു പറഞ്ഞതിഹേലം
അത്ര പിതുര്‍ന്നാമ കലോൽപത്തി കഥിച്ചീടുകിലോ
എത്രമഹാപാപമലോൽഭൂതിയുമുണ്ടിങ്ങു തുലോം
ചെന്നവനങ്ങതിഗ്രഢം നിന്നു വനേ ഹൃദി ഗാഢം
കന്യകയെപ്പുല്കി ദൃഢം പിന്നെ മറന്നൊരു മൂഢൻ
പാര്‍ക്കിൽ മഹാപാപിയവൻ പാര്‍ക്കിൽ മഹാകോപിയവൻ
പാര്‍ക്കിൽ മഹാദുഷ്ട്രനവൻ പാര്‍ക്കിൽ മഹാധൃഷ്ടനവൻ
കഷ്ടമഹോ ബഹുചപലൻ കഷ്ടമഹോ മതിവികലൻ
കഷ്ടമഹോ കലിതമലൻ കഷ്ടമഹോ... ... ... ... ... ... ...
പാര്‍ക്കിലവൻഗുരുഗാത്രം മൂർഖതവാണൊരു പാത്രം
കേൾക്കരുതേ ഖലഗോത്രം മിക്കതുമിങ്ങനെ ശാസ്ത്രം
ഇവനുടെ മാതാവിന്നും ശൃണു ഹി ശകുന്തളയെന്നും
മനുജപതേ പേരിന്നിങ്ങവളുമിതോ വാഴുന്നു.
അതുകേട്ടാമനുജവരൻ കുതുകാബ്ധൌ മുങ്ങി ചിരം
സുതനെയെടുത്തധികതരം ചുംബനവും നല്കി പരം
അശ്രുജലം തൂകി മദാ പുത്രനൊടൊന്നിച്ചു തദാ
വിശ്രുതനാം മുനിപാദേ സംശ്രിതവാൻ സ്മൃതവെദേ
മാമുനിവീരനുമേറ്റം മോദമഹാംബുധി ചുറ്റും
മാനസമോടഥ ചെറ്റും താമസിയാതെഴുനേറ്റു
നൃപനുമനുഗ്രഹമേകി പ്രണയിനിയേയും നല്കി
സദനമഗാദനു വൈകീടാതവനന്നു വിവേകി.
ചതുര്‍ദ്ദശവൃത്തം
കുമ്മി
ചേര്‍ന്നു കണവനോടങ്ങുടനേ ചെന്നു ശകുന്തള തൻഭവനേ
നന്ദികലർന്നു വിരവിനോടിംഗിതമാർന്നൂ നൃപനോടുമൊന്നിച്ചമര്‍ന്നു
ഹൃദി ഭാവമൊന്നു പകർന്നൂ, അതുകാലം ലീലയ്ക്കനുകൂലോദിതകാലേ ചിത
മാലാപവുമാലോചിച്ചങ്ങു തുടങ്ങി തൂര്‍ണ്ണം നല്ല
ലോലായതാക്ഷിയോടന്നിവണ്ണം
ബാലേ വരിക സവിധേ മെല്ലേ നല്ല കാലമതിന്നു പഴുതാക്കൊല്ലേ
കാമനുമിന്നു പരിചോടു കോപംകലർന്നൂ കരതലേ ചാപവുമാർന്നൂ
കളവാണിയങ്ങുവരുന്നു അതുകാണുംനേരം മമ പാരംഭയമാരിന്നിതു
തീരുന്നതിനാരോമലെയിന്നു നിന്നെപ്പോലെ ഹൃദി
കാരുണ്യവാരിധേ ധന്യശീലേ
ഏവം പറഞ്ഞവർ രണ്ടുപേരും ഹൃദി ഭാവമറിഞ്ഞതുകണ്ടുചേരും
നേരമടുത്തു മദനനും ചാപമെടുത്തു സുമശരമങ്ങു തൊടുത്തു പ്രഹരവു-
മൊന്നുകൊടുത്തു ഉടനവർ കൂടിക്കളിയാടി, കൃതിപാടി, രുചിനേടി-ചില
പാടീരമോടികൾ മേലണിഞ്ഞു പല വീടിപകർന്നു മദം നിറഞ്ഞു
ആലിംഗനാദി വിധം തുടർന്നൂ- പടുലീലയോടങ്ങധരം നുകർന്നു
വ്രീളകുറച്ചു പുനരവർ നീവിയഴിച്ചു കനിവോടു നോക്കിച്ചിരിച്ചു
അനവധി ധൈര്യമുറച്ചു മനമതിൽ ആനന്ദമനൂനം പലകാലം ബഹു-
മാനത്തൊട മാനിനി താനുമനുഭവിച്ചു - നവമാനനകാന്തിയവൾ ധരിച്ചു
മലർവിശിഖാസ്ത്രവിധം തുടങ്ങിയപ്പോൾ മണിതവുമൊട്ടുവിധം മുഴങ്ങി
മനസിജഭംഗി നലമോടു മനസി വിളങ്ങി സ്മരരസസരസിയിൽ മുങ്ങി
ഇതി ബഹുകോലാഹലലീലാകുലലോലായിതരായങ്ങവർ ചാലവേ
പാരം മനമഴിഞ്ഞു വലലോചനേ വാഴ്ത്തി നൃപൻ പറഞ്ഞു
കര്‍ണ്ണങ്ങൾ രണ്ടിനും കുണ്ഡലവും മിന്നുംകരങ്ങൾക്കു കങ്കണവും
ഹാരം മുലയ്ക്കും മണിമയനൂപുരം കൈക്കും തിരുവാഴിക്കൂട്ടം വിരല്ക്കും
കിലുങ്ങും പൊൻകാഞ്ചിയരയ്ക്കും അനംഗന്റെ സംഗരം തന്നിൽ
സഹായിച്ചോരംഗങ്ങൾക്കിങ്ങനെ സമ്മാനം നല്കി പരമവർ
ഭംഗികലര്‍ന്നു മരുവി ചിരം.