സമ്പാദകൻ -വെള്ളങ്കുളത്തു കരുണാകരൻനായർ
പ്രഥമവൃത്തം
കണ്ടാലധികമനോഹരനാകിയ
തണ്ടാർബാണസമാനൻ ഭുവനേ
പണ്ടൊരുരാജൻ രുക്‌മാംഗദനെ-
ന്നുണ്ടായ പോൽ നാരായണ ജയ
കാന്തിപുലമ്പുമയോദ്ധ്യാപുരിയിൽ
മന്ത്രിജനത്തൊടുമൊന്നിച്ചങ്ങനെ
സന്തോഷാകുലമാനസനായി
ഹന്ത വസിച്ചു നാരായണ ജയ
കിളിമൊഴിമാരായ് മലർബാണക്കളി
ദിനമനു സരസം കരുതി നരേന്ദ്രൻ
തെളിവൊടു രാജ്യം പരിപാലിച്ചു
പല പല കാലം നാരായണ ജയ
കീഴ്മേലെങ്ങും പരിമളമിളകിന
കോമളമായൊരു പൂങ്കാവിങ്കൽ
ഭൂപതിവീരൻ മാനിനിമാരൊ-
ത്തൊരുനാൾ ചെന്നാൻ നാരായണ ജയ
കുറുമൊഴിപിച്ചകമെന്നിവയോരോ
നറുമലരൊന്നും കാണാഞ്ഞതിനാൽ
ഒരുകഴിവുണ്ടിതിനെന്നു നിനച്ചു
നരപതി ചേതസി നാരായണ ജയ
കൂട്ടംകൂടിദ്ദേവാംഗനമാർ
വാട്ടമെഴാതെ വിമാനത്തിന്മേൽ
മട്ടലർ മണമെഴുമവിടെയിറങ്ങീ
പെട്ടന്നവരും നാരായണ ജയ
കെട്ടുകൾതോറും നറുമലർ കാണാ-
ഞ്ഞാട്ടുമറഞ്ഞവർ നിന്നൊരുനേരം
മൊട്ടുകൾകൂടെയറുത്തു നിരന്തര-
മിട്ടു വിമാനേ നാരായണ ജയ
കേവലമതുപൊഴുതന്നരപാലൻ
പോവതുകണ്ടു പിടിച്ചു വിമാനം
ദേവവിമാനം പോകാഞ്ഞതിനാ-
ലാധി പിടിച്ചു നാരായണ ജയ
കൈകൊണ്ടമ്പൊടു മാനവർ തൊട്ടാൽ
പോകാപോലും ദേവവിമാനം
നാകവിലാസിനിമാരതുനേര-
ത്താകുലരായാർ നാരായണ ജയ
“കൊല്ലുന്നുണ്ടു ശപിച്ചിഹ നിന്നെ-
കല്ല്യാണശ്രീമഹിത വിമാനം
വല്ലാതേ നീ തൊട്ടതുമെന്നേ
ചൊല്ലീടാവു" നാരായണ ജയ
താപംകൊണ്ടു തൊഴുന്നൊരു നേരം
കോപമിളച്ചവരരുളിച്ചെയ്തു
"ഭൂപതിവീരാ കേളൊരുപായം
താപമിളച്ചിഹ നാരായണ ജയ
കൌതുകമോടിന്നേകാദശി നോ-
റ്റതിലൊരുമര്‍ത്ത്യൻ വന്നുതൊടുമ്പോൾ
അതിവേഗത്തൊടു ദിവ്യവിമാനം
ഹിതമൊടുപോകും" നാരായണ ജയ
കണ്ടവരന്വേഷിച്ചൊരു ദാസി
ഉണ്ടില്ലവളോ ദാരിദ്ര്യത്താൽ
കൊണ്ടന്നവളതു തൊട്ടതുനേരം
മണ്ടി വിമാനം നാരായണ ജയ
കളമൊഴിമാരൊടു ചോദിച്ചവരും
തെളിവെഴുമേകാദശിയുടെ ഫലവും
ഗുണവുമതിന്നുടെ വിധികളുമെല്ലാം
ഹിതമൊടറിഞ്ഞു നാരായണ ജയ
"കരുതീടുക നീയേകാദശിയെ-
പ്പരഗതിയുണ്ടതിനൈഹികഫലവും
വരുമതിനാലെ”ന്നവരും ചൊല്ലീ
ഹിതമൊടുപോയീ നാരായണ ജയ
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
മരണാന്തേ തവ ചരണം മമ ഹൃദി
സ്മരണ വരേണം നാരായണ ജയ
ദ്വിതീയവൃത്തം
ഗാഥാരീതി
പൊന്മലർമാനിനിപോർമുല പുല്കീടും
നിമ്മലരൂപനാം കേശവന്റെ
നന്മവരും തിരുവേകാദശീവ്രതം
ചെമ്മെ തുടങ്ങിനാൻ നാരായണ
ആനന്ദമേറീടുമേകാദശിതന്നെ
മാനിച്ച മാലോകരെല്ലാവരും
താനേ വിളിച്ചു പറഞ്ഞു തുടങ്ങിനാർ
ആനന്ദത്തോടുടൻ നാരായണ
ഇക്കാലമെല്ലാരുമേകാദശീവ്രതം
നോല്ക്കണമുള്ളത്തിൽ ഭക്തിയോടെ
ദുഷ്കര്‍മ്മം ചെയ്തവയൊക്കയും നീങ്ങീടും
മോക്ഷവും സിദ്ധിക്കും നാരായണ
ഈശ്വരസേവയിലീവണ്ണമില്ലൊന്നു
മച്യുതനെത്രയുമിഷ്ടമാവാൻ
നിശ്ചയമോര്‍ക്കുമ്പോളെന്തിനു കര്‍മ്മങ്ങ
ളശ്വമേധാദികൾ നാരായണ
ഉണ്ണൊല്ല വെറ്റിലതിന്നരുതദ്ദിനം
പെണ്ണുങ്ങളോടു കളിച്ചീടൊല്ലാ
നന്നായെതിരേ കുളിച്ചു ഭഗവാനെ
ത്തന്നെ സ്മരിക്കേണം നാരായണ
ഊണുമുറക്കമിളച്ചു തപസ്സിങ്കൽ
വേണമതിനുള്ള കര്‍മ്മങ്ങളും
ഏണമിഴിമാരും ബാലരും വൃദ്ധരും
വേണമുപവാസം നാരായണ
എന്തുപറവതു സംസാരസാഗരേ
നീന്തുന്നവര്‍ക്കൊരു തോണിയായി
സന്തതം കാത്തിടുമേകാദശിയിതി-
ന്നന്ത്യമത്രേ ഫലം നാരായണ
ഏകാദശിനോറ്റു ദ്വാദശിയുള്ള നാൾ
ചെയ്ക പിഴയാതെ പാരണയും
ആകാ ദശമിസംബന്ധമൊരുത്തർക്കും
ഏകാദശിക്കന്നു നാരായണ
അയ്യോതലേന്നാളേ ശുദ്ധമായീടണം
പൊയ്യേ പറകൊല്ല മാലോകരേ
ചെയ്യാം ഫലമൂല ഭക്ഷണസാധനം
പയ്യകറ്റീടുവാൻ നാരായണ
ഒക്കെയുമിങ്ങനെ കല്പിച്ചു പിന്നെയും
ചൊല്ക്കൊണ്ട രാജാവു രുക്‌മാംഗദൻ
ദിക്കുജയിച്ചൊരു ധര്‍മ്മാംഗദനൊടും
രക്ഷിച്ചു മേവിനാൻ നാരായണ
ഓരോജനങ്ങളെയോരോപ്രകാരത്തിൽ
ചേരുമുപായങ്ങൾ നാലുകൊണ്ടും
നേരേ പറഞ്ഞു വശംവരുത്തീടിനാൻ
നാരായണപ്രിയൻ നാരായണ
ഔവാരണത്തിൻകഴുത്തിൽ പെരുമ്പറ
ദിവ്യം തലേന്നാളെ ഘോഷിച്ചുടൻ
ദൈവതയുള്ളവരേകാദശിനോറ്റു
സര്‍വ്വജനങ്ങളും നാരായണ
അങ്ങനെമാലോകർ പുണ്യം പെരുതായി
തങ്ങളേ ചേര്‍ന്നു വൈകുണ്ഠം തന്നിൽ
മംഗലദേവതാവല്ലഭൻതന്നുടെ
തൃക്കഴൽ ചേര്‍ന്നവർ നാരായണ
അക്കാലമന്തകനുൾക്കാമ്പിലെത്രയും
ദുഃഖം പെരുതായി താനേതന്നെ
അക്കമലാസനൻ തന്നോടവസ്ഥകൾ
ഒക്കെയറിയിച്ചു നാരായണ
'ഇക്കാലം രുക്മാംഗദന്റെ വ്രതംകൊണ്ടു
മോക്ഷം വരുന്നിതു മാലോകര്‍ക്കു്
നോക്കുമാറില്ല ഞാൻ മാനുഷജാതിയെ
ഒക്കെയറിക നീ' നാരായണ
നാരായണ ഹരി നാരായണ ഹരി
നാരായണ ഹരി നാരായണ
നാരായണായെന്നു ചൊല്ലുകെൻനാവേ നീ
പാപങ്ങൾ പോകുവാൻ നാരായണ
തൃതീയവൃത്തം
ഹരിനാമകീര്‍ത്തനരീതി
അംഭോജസംഭവനുമമ്പോടു കാലനുടെ
ഗംഭീരമായ വചനം കേട്ടനേരമഥ
ചെമ്മേ വിലാസരസശൃംഗാരലീലയൊടു
നിര്‍മ്മിച്ചു മോഹിനിയെ നാരായണായ നമഃ
ആടുന്ന കുണ്ഡലവിരാജൽകപോലതട-
മാടീടിനോരധരബിംബാധരദ്യുതിയും
ഈടാര്‍ന്ന പുഞ്ചിരിയുമക്കുങ്കുമക്കുറിയു-
മാടൽപെടുത്തു ഹരിനാരായണായ നമഃ
ഇന്ദീവരാക്ഷിയൊടു ചൊല്ലീതു ബ്രഹ്മനര-
വിന്ദാഭിരാമമുഖിയമ്പോടു ചെന്നിനി നീ
മന്ദാരസൗരഭമനോമോഹനം ജവമ-
മന്നീടുകഗ്ഗിരിയെ നാരായണായ നമഃ
രൂഢാനുഭാവമൊടു രുക്മാംഗദൻ നൃപതി
ചൂഡാമണീമദനമോദം വളർത്തിടുക
പാടേ പരന്ന തിരുവേകാദശീവ്രതമി-
ദാനീം മുടക്കിടുക നാരായണായ നമഃ
ഉണ്മായമൊടുമഥ ചെമ്മേ നടന്നവളു
മമ്മന്ദരം ഗിരിയണഞ്ഞോരു നേരമുടൻ
അമ്പാര്‍ന്ന വീണയൊടു പാടീടിനാനവളു-
മമ്മാ! മനോജ്ഞമുഖി നാരായണായ നമഃ
എല്ലായ്കിലും മധുരഗീതാമൃതം നൃപനു-
മുല്ലാസഭംഗിയൊടു കേട്ടങ്ങു മോഹനിയെ
വില്ലാളി കേട്ടളവിലുണ്ടായ മാരതൊഴിൽ
ചൊല്ലാവതല്ല ഹരി നാരായണായ നമഃ
ഊഢാനുഭാവമൊടു രുക്‌മാംഗദൻ മഹിമ
തേടുന്ന സേനയൊടു നായാട്ടിനായവിടെ
കാടെങ്ങുമമ്പൊട്ടു നടന്നാൻ മലയ്ക്കരികെ
തേടീതു പന്നികളെ നാരായണായ നമഃ
ഏണാങ്കബിംബമുഖവും പേടിപൂണ്ടുഴലു-
മേണീവിലോലമിഴിയും ഭാവഭംഗികളും
നാനാവിലാസരസവും ചേർന്നു ബാലയൊടു
താനേ പറഞ്ഞു ഹരി നാരായണായ നമഃ
അയ്‌മ്പിൽ കുഴഞ്ഞ മിഴി കൊഞ്ചിക്കുഴഞ്ഞധിക-
മഞ്ചമ്പനമ്പിനൊരു വമ്പായ പത്മമുഖി!
കിംകാലമഞ്ചദിവി മഞ്ചീ മയൽമിഴികൾ
കിഞ്ചിൽ പറഞ്ഞിടുക നാരായണായ നമഃ
ഒന്നിച്ചു നാമിരുവരും കൂടിയെൻനഗരി
തന്നിൽ സുഖിച്ചു പലകാലം വസിപ്പതിനു
തന്വംഗി നിന്നുടെ കടാക്ഷങ്ങൾ തന്നരുൾക
ചൊന്നാളതിന്നു ഹരി നാരായണായ നമഃ
ഔത്സുക്യമോടു വഴിയിൽ ഗൌളിമോക്ഷവുമി-
തത്തോടു ചെയ്തു പുരിപൂക്കങ്ങു വേട്ടവളെ
ഉത്തുംഗരൂപഗുണമൊത്തുള്ള മോഹനിയൊ-
ടൊത്തങ്ങു വാണു ഹരി നാരായണായ നമഃ
അമ്പോടു പൈങ്കിളികൾ പാടീ കതിർക്കുലകൾ
ചെമ്മേ പരന്നു പല പാടും നിരന്നു ദിശി
മുന്നേതിലും തെളിവെഴും പൂര്‍ണ്ണചന്ദ്രനുമു-
ടൻ പോന്നുദിച്ചു ഹരിനാരായണായ നമഃ
നാരായണായ നരകാരേ ജഗത്രിതയ-
നാഥായ ഖൾഗിനരസിംഹായ തേ വരദ
ഊനം വരാതെ പരമാനന്ദമേകുവതി-
നാനന്ദമേ ഭവതു വിഷ്ണോ മുകുന്ദ ജയ
ചതുര്‍ത്ഥവൃത്തം
പാനരീതി
മംഗലം പെരുകീടും മഹീപതി
തിങ്കൾനേർമുഖിയാളായ മോഹിനി
കൊങ്കചേര്‍ന്നു വസിക്കവേ വൃശ്ചിക-
ത്തിങ്കളും വന്നു നാരായണ ഹരേ!
മാനവേന്ദ്രനും വൃശ്ചികമാസത്തിൽ
ചേര്‍ന്നെഴും തിരുവേകാദശീവ്രതം
മാനിച്ചമ്പോടു നോല്ക്കാനൊരുമ്പെട്ടാ-
നാനന്ദത്തോടു നാരായണ ഹരേ!
മിന്നൽപോലെ വിളങ്ങുന്ന പൂമേനി
ചേര്‍ന്നുമോഹിതനായതു കണ്ടപ്പോൾ
മുന്നം ബ്രഹ്മാവു ചൊന്നതു ചിന്തിച്ചു
ചൊന്നാളിങ്ങനെ നാരായണ ഹരേ!
"മീനകേതനബാണങ്ങളേറ്റതി
ദീനയാമെന്നെ വേർപിരിഞ്ഞീടൊല്ലാ
മാനവേന്ദ്ര നീ നോല്ക്കരുതിന്നെന്നു
ഞാനിരക്കുന്നു നാരായണാ ഹരേ!
മുന്നാമെന്നോടു ചൊനാതു ചിന്തിക്ക
നന്നല്ല തവ സത്യം മറക്കൊല്ല"
എന്നു മോഹിനി ചൊന്നതു കേട്ടപ്പോൾ
ചൊന്നാനിങ്ങനെ നാരായണാ ഹരേ!
"മൂഢേ നീയെന്തിവണ്ണം പറയുന്നു
കാടുതന്നെ പറയുന്നതിങ്ങനെ
കൈടഭാരിതന്നേകാദശീവ്രതം
കൂടെ നോല്ക്കണം നാരായണാ ഹരേ!
മെത്തീടുന്നൊരു പാപം നിനക്കുണ്ടാം
മുദ്ധേ നീ ഹരിവാസരമുത്തമം
സത്വരം മുടക്കീടുന്നതോര്‍ക്കുമ്പോ-
ളെത്രയും കഷ്ടം”നാരായണാ ഹരേ!
മേളമേറിന മന്ത്രിപുംഗവന്മാർ
പേടമാൻമിഴിമാരും പറഞ്ഞിട്ടും
കേളാതെ പറഞ്ഞീടിനാളിങ്ങനെ
കള്ള വാക്കുകൾ നാരായണാ ഹരേ!
"മൈക്കണ്ണാളമ്മ തന്റെ മടിയിൽവെ-
ച്ചക്ഷണം മകൻ ധര്‍മ്മാംഗദൻതന്റെ
നല്ക്കഴുത്തു മുറിച്ചു തരിക നീ
തൃക്കൈവാൾകൊണ്ടു" നാരായണാ ഹരേ!
മോഹിനിയുടെ വാക്കുകൾ കേട്ടപ്പോൾ
മോഹിച്ചു നൃപൻ ഭൂമിയിൽ വീണിതു
"ശ്രീപതേ ജയ നീയെനിക്കാശ്രയം
ഹാഹാ ദൈവമെ"നാരായണാ ഹരേ!
മൌനഭാവം കലര്‍ന്നു പിതാവിനെ-
ക്കണ്ട നേരത്തു ധര്‍മ്മാംഗദൻ നൃപൻ
മൈക്കണ്ണാളമ്മ തന്റെ മടിയിൽ പോയ്
താനിരുന്നിതു നാരായണാ ഹരേ!
മന്ദഗാമിനി മോഹിനി താനപ്പോൾ
ചൊന്നാളച്ഛനുമമ്മയ്ക്കുമേതുമേ
കണ്ണുനീരൊട്ടും വീഴായ്കിലേ വേണ്ടൂ
നിര്‍ണ്ണയം ഹരി നാരായണാ ഹരേ!
മര്‍ത്ത്യവീരനുമേറിന താപത്തെ
ചിത്തതാരിലടക്കി തെരിക്കനെ
പുത്രന്റെ തല താനെയറുക്കാനായ്
ചേര്‍ത്തു വാൾകൊണ്ടു നാരായണാ ഹരേ!
മന്ദഹാസനറുമലർ തൂകിന
പന്നഗാരി കഴുത്തിലെഴുന്നള്ളി
മന്നർകോന്റെ കരം പിടിച്ചീടിനാ-
നന്നു കേശവൻ നാരായണാ ഹരേ!
തുല്യമില്ലാത്ത പൊന്നിൻ കിരീടവും
മുല്ലയും തുളസീദളമാലയും
ചൊല്ലാര്‍ന്നീടുന്ന മഞ്ഞപ്പൂവാടയും
നല്ല വൈകുണ്ഠം നാരായണാ ഹരേ!
"മോക്ഷമിന്നു തരുവൻ നിനക്കു ഞാൻ
ഭോഷ്ക്കല്ലേ തവ ചെയ്ത കര്‍മ്മങ്ങളാൽ
പക്ഷിരാജൻ കഴുത്തിൽ കരേറുക
തൽക്ഷണം നീയും നാരായണാ ഹരേ!
നാടു രക്ഷിച്ചിരിക്കട്ടെ നിന്മകൻ
പേടമാൻമിഴിയാകിയ ഭാര്യയും
പാടെയും നിനക്കിഷ്ടരായുള്ളവർ
കൂടെപ്പോരട്ടെ" നാരായണാ ഹരേ!
ഇപ്രകാരമരുൾചെയ്തു കേശവൻ
പോകയെന്നുടൻ രുക്മാംഗദനൊടും
ശോകമോഹങ്ങളില്ലാത്ത വൈകുണ്ഠ-
ലോകം പ്രാപിച്ചു നാരായണാ ഹരേ!
നാരായണാ ഹരി ഹരി ഗോവിന്ദാ
നാരായണാ ഭക്തപ്രിയാ ഗോവിന്ദാ
നാരായണാ ദയാപരാ ഗോവിന്ദാ
നാരായണാ ഹരി ഹരി ഗോവിന്ദാ