Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / അനന്തപുരമാഹാത്മ്യം കുമ്മി

അനന്തപുരമാഹാത്മ്യം കുമ്മി

ആനന്ദമന്ദിരംതന്നിൽ വാഴും പര-
മാനന്ദമര്‍ത്തേ! ജഗന്നിവാസാ!
സാനന്ദം താവകപാദസരോരുഹം
സാദരം ഞാനിതാ കൈതൊഴുന്നേൻ
ശ്രീരാമകൃഷ്ണാഖ്യഭൂമിദേവൻ
ശ്രീമാനമിതഗുണനിലയൻ
കാമിതമൊക്കയും കൈവരുവാനെന്നിൽ
സാമോദമൊന്നു കടാക്ഷിക്കേണം
ശ്രീവഞ്ചിഭൂമിതിലകമാകും കുല-
ശേഖരരാമവര്‍മ്മേന്ദ്രൻതന്റെ                10


മാനസേ നിത്യവുമാവാസംചെയ്തീടും
ശ്രീപത്മനാഭാ! നമോ നമസ്തേ
മൽകുലമൊക്കെപ്പരിപാലിക്കാൻ
കല്പിതമായൊരുരഗതല്പേ
ശില്പമായ്പള്ളികൊണ്ടന്വഹം വാഴുന്നോ-
രുല്പലനേത്ര! മാം പാഹി ശൌരേ!
മിന്നുന്ന പൊന്നിന്മകുടമതിൻ-
മീതേയണിഞ്ഞ തുളസിമാലാ
എന്നാളുമെന്നുള്ളിൽ നന്നായ്‍വിളങ്ങേണ-
മെന്നതിനൊന്നിതാ വന്ദിക്കുന്നേൻ            20


ചാടിക്കളിക്കുമളകങ്ങളാൽ നല്ല
മോടിയേറീടും ലലാടമതിൽ
ചാടുവായുള്ള തൊടുകുറിഭംഗിയു-
മീടുള്ള കുണ്ഡലഗണ്ഡത്രീയും
മന്മഥചാപത്തെ വെന്നീടുന്ന
നിര്‍മ്മലൻതന്നുടെ ചില്ലികളും
എന്മനോദുഃഖമശേഷം കളയുന
കൺമുനകളും കപോലങ്ങളും
കമ്പമശേഷമൊഴിച്ചിടുന്ന സ്വര്‍ണ്ണ-
ചമ്പകനാസയുമാസ്യശ്രീയും                30


ചെമ്പരുത്തിസുമംപോലുള്ളധരവും
ദന്തപംക്തികളും ഭാവങ്ങളും
സങ്കടമൊക്കെയൊഴിച്ചീടുന്ന വര-
കണ്ഠവും മൌക്തികമാലകളും
ശംഖരഥാംഗഗദാപത്മങ്ങൾകൊണ്ടു
ഭംഗ്യാ വിലസുന്ന ബാഹുക്കളും
പങ്കജബന്ധുതൻ കാന്തിപോലെ മിന്നും
കൌസ്തുഭരത്നവും ശ്രീവത്സവും
പാൽക്കടൽനന്ദിനിക്കാവാസമായേറ്റം
പാവനമായൊരു മാർവിടവും                40


നീക്കമില്ലാതുള്ള ബ്രഹ്മാണ്ഡമണ്ഡല-
പൂരിതകുക്ഷിനാഭിച്ചുഴിയും
പങ്കജസംഭവൻ വാണു പ്രപഞ്ചത്തെ
തൻകൃപാലേശത്താൽ സൃഷ്ടിക്കയും
രോമാളിയും ശ്രീവലിരുചിയും കടി-
ശോഭയും പീതാംബരപ്രഭയും
ഊരുക്കൾ ജാനുക്കൾ ജംഘകൾ പാദങ്ങൾ
കാലിൽച്ചിലമ്പു നഖമണിയും
ആനന്ദമൂര്‍ത്തിതന്നാപാദചൂഡാംഗ-
മാകവേ ലോകര്‍ക്കു വന്ദിപ്പാനായ്            50


ആദിനാഥൻ വന്നു പള്ളികൊണ്ടീടുവാ-
നായതിനുണ്ടൊരു കാരണവും
പണ്ടൊരുനാൾ വില്വമംഗലേശൻ
കൊണ്ടൽനേർവര്‍ണ്ണനെസ്സേവചെയ്തു
പണ്ടുതാൻ ചെയ്തുള്ള പുണ്യവിശേഷത്താൽ
കണ്ടുതുടങ്ങി മുകുന്ദനേയും
നീലക്കാർകൂന്തലും കെട്ടിയതിൽ നല്ല-
പീലികൾ ചാർത്തി മനോജ്ഞമതായ്
ഓരോരോ ലീല നടിച്ചു വിളയാടും
ബാലനെപ്പോലേയവനരികിൽ                60


നിസ്തുലമായുള്ള ഫാലതലേ നല്ല
കസ്തൂരിപ്പൊട്ടുമണിഞ്ഞുംകൊണ്ട്
വസ്തുതയായുള്ള കണ്ഠേ ധരിച്ചോരു
മാലകളാടവേ മോടിയോടെ
പുഞ്ചിരികൊണ്ടു മയക്കിജ്ജഗത്ത്രയം
ചഞ്ചലലോചനകാന്തിയോടും
കിഞ്ചന ദന്തരുചി വിലസീടവേ
പാടിയും താളമോടാടുകയും
ഓരോ വചനം വചിക്കുമിടയിടെ-
പ്പാരമാകും ഭക്തവാത്സല്യത്താൽ            70


വാരിജലോചനൻ ഭിക്ഷുവരനുടെ
മാനസദേഹമിളക്കുവാനായ്
കാലിൽച്ചിലമ്പു പുലമ്പുമാറും പൊന്നിൻ-
കൈവള തോൾവള മിന്നുമാറും
കാരുണ്യമൂര്‍ത്തി വസിച്ചവനന്തികേ
കാവലായ് നില്ക്കുന്നവനെപ്പോലെ
പാത്രങ്ങളൊക്കെയെടുത്തെറിഞ്ഞുമവൻ
ശ്രോത്രത്തിൽ ചെന്നഭിമന്ത്രിക്കയും
നേത്രം പിടിച്ചു തിറന്നുതാൻതന്നുടെ
ഗാത്രത്തിൽ ചേര്‍ത്തു പുണരുകയും            80


പൂജിച്ചിരിക്കുന്ന ബിംബങ്ങളെയതി-
വ്യാജേന കൈക്കലങ്ങാക്കുകയും
രാജീവലോചനൻ രാഗവേഗാജ്ജല-
മാകവേ കൊട്ടിക്കമുത്തുകയും
യോഗികൾക്കും തിരിയാത ബാലൻ
യോഗിവരനുടെ യോഗവേഷ്ടി
വേഗമായ്‍ക്കൈയിലെടുത്തു ജലത്തിൽ ന-
നച്ചുടൻ കീറിയെറിഞ്ഞു പിന്നെ
തോളും കുലുങ്ങച്ചിരിച്ചുടനേയവൻ
തോളിൽക്കരയേറി മേളമോടെ ജഗ-            
ദാലംബനം കരംകൊട്ടിച്ചിരിക്കയും
മാനസദേഹമിളക്കുകയും
ഇങ്ങനെയുള്ളൊരു ലീലയോടും
മംഗലമൂര്‍ത്തി വസിക്കുന്നേരം
തിങ്ങിനമോദവും കിഞ്ചിൽഭവിച്ചിതു
കോപവും ഭിക്ഷുവരനു ചിത്തേ
അപ്രമേയനെനാതോര്‍ത്തിടാതെയപ്പോ-
ളപ്രിയഭാവലവലേശത്താൽ
സൽപ്രിയനെക്കരംകൊണ്ടങ്ങു നീക്കിനാൻ
സജ്ജനചൂഡാമണി യതിയും                100


പൊട്ടുമധരം വിറച്ചു കൃഷ്ണൻ മമ
ഇഷ്ടനെന്നാലുമിവണ്ണം ചെയ്താൽ
ഗോഷ്ഠികൾ കാട്ടി നടക്കണം
ഭൂമിയിൽ ശ്രേഷ്ഠനഹമ്മതി ചെയ്തതിനു്
എന്നുകരുതി ഹൃദയംതന്നിൽ
നന്നായ് തലയും കുലുക്കിക്കൊണ്ടു്
ഒന്നരുൾചെ'യ്തെന്നെക്കാണണമെന്നാകിൽ
വന്നിടേണമിന്നനന്തൻകാട്ടിൽ'
കണ്ണുകൾക്കാനന്ദം നല്കിടുന്ന
പുണ്യപൂമാനാകുമുണ്ണിക്കൃഷ്ണൻ                110


കണ്ടുകണ്ടില്ലെന്നെതിവരൻനില്ക്കുമ്പോൾ
മിന്നൊളിപോലെ മറഞ്ഞിതപ്പോൾ
എന്നേ ഹാ കഷ്ടമെന്നേവം ചൊല്ലി-
ത്തനൊത്താൻപോലും മറന്നിതപ്പോൾ
ഒന്നും തിരിയാതെ പിന്നാലെ പിന്നാലെ
പന്നഗശായിയവനു മുൻപിൽ
ചാരത്തുകണ്ടെന്നു തോന്നുകയുമതി-
ദൂരത്തുകാണാമുടനുടനേ
പാരം പരവശപ്പെട്ടു താനോടിത്താൻ
ദേഹം തളർന്നു വിവശനായി                120


എന്തുതന്നെ പിഴ ചെയ്തെന്നാലും തിരു-
മാനസം തന്നിൽക്കരുതിടാതെ
സന്തതം മുന്നേപ്പോലെന്നരുകിൽവന്നു
സന്താനമൂര്‍ത്തേ! കളിച്ചിടേണം
മായകളെന്നോടു കാട്ടുന്നതും ചെറ്റും
ഞായമതല്ല ദയാപരനേ!
കായാവിൻപൂനിറമുള്ള തിരുമേനി
കാണാഞ്ഞു ഖേദം വളർന്നിടുന്നു
ഇന്ദ്രാദിദേവകളും ഭൂമിക്കും തവ
ഇന്ദ്രജാലമെന്നോടാചരിച്ചാൽ                130


ഒന്നുമെനിക്കു ഗതിയുമില്ലന്യമായ്
സുന്ദരരൂപ! കാരുണ്യരാശേ!
ചേതോഹരതരമാനനവും
പീതാംബരമുണ്ണിക്കുടവയറും
വീതവിശങ്കം വിരലും നിൻ പാദവും
കാണാഞ്ഞു പാരം തളന്നിടുന്നു
പിച്ചക മുല്ല ജവന്തിമാലയതി-
സ്വച്ഛമായ് ചാര്‍ത്തി വിളങ്ങിടുന്ന
അച്യുത! വിശ്വസിക്കേണം മമ വാചം
നിച്ചലുമെന്യേ യെനിക്കാരുള്ളൂ?                140


പാലയ പാലയ പാലയ മാം കൃഷ്ണ!
ബാലഗോപാലക! പാലയ മാം
കാലിണതന്നിൽ ഞാൻ വീണിരന്നീടുന്നേൻ
ആലോകയാലോകയാശു ഭവാൻ!
ഉത്തമപൂരുഷനെക്കാണാഞ്ഞുള്ളൊരു
ചിത്തവിഷാദം മുഴുക്കയാലേ
ഭക്തശിരോമണി പത്മനാഭപാദ-
ചിഹ്നം പിടിച്ചനന്താടവിയിൽ
ചെന്നു തരുവല്ലിപുഷ്പമൃഗജാല-
മാകവേ കണ്ടൊരുനേരത്തിങ്കൽ            150


ഒന്നും തിരിയാതവരോടു ചോദിച്ചു
ധന്യനെന്നാകിലും കര്‍മ്മവശാൽ
'കണ്ടിതോ? കണ്ടിതോ കോകിലമേ! മമ
കൊണ്ടൽനേർവണ്ണനെയിസ്ഥലത്തിൽ?
ഇണ്ടലൊഴിക്കണമാരെന്നാലുമതു
പണ്ടുപണ്ടേയുള്ള ചൊല്ലിതല്ലൊ
കേതകി! ചമ്പകം! പിച്ചകമേ! ചൊല്ക
ക്ലേശവിനാശനനാകുമെന്റെ
കേശവൻ മെല്ലെ വരുന്നതു കണ്ടിതോ?
ചൊല്ലേണമെന്നോടശോകമേ! നീ’            160


ഇത്തരമോരോന്നു ചോദ്യം ചെയ്തു
ഉത്തമനാം യതി പോകുന്നേരം
ചിത്തകതൂഹലമോടൊരുവാക്യം കേ-
ട്ടെത്രയും പ്രീതനായ് സന്യാസിയും
'പുല്ക്കസനാരിതൻബാലകനെ
അക്രമമോരോന്നുചെയ്കയാലെ
ഇക്കണക്കു ചെയ്ത നിന്നെയെടുത്തു ഞാ-
നിട്ടുകളവനനന്തൻകാട്ടിൽ'
കര്‍ണ്ണാമൃതമായവാക്യമേവം കേട്ടു
പൂര്‍ണ്ണേന്ദുവെക്കണ്ടൊരര്‍ണ്ണവംപോൽ        170


തിണ്ണമായ്‌ വര്‍ദ്ധിച്ചു മോദവും ശ്രീപതി-
പാദയുഗളത്തിൽ വിശ്വാസവും
മംഗലമൂര്‍ത്തിയണഞ്ഞിടുന്ന പൊന്നിൻ-
കിങ്ങിണിനാദം മെയ്‍വാസനയും
പാദച്ചിലംപൊലിയോടക്കുഴൽവിളി
താളത്തിൽപ്പാടുന്ന ശബ്ദങ്ങളും
കേട്ടുസുഖിച്ചു ഹൃദയംതന്നിൽ നിജ-
ചേഷ്ടയുംവിട്ടതിധന്യനപ്പോൾ
കാട്ടിലുഴന്നു നടന്നു വിവശനായ്
മൂർച്ഛിച്ചു വീണുമുടനുടനേ                    180


വ്യഗ്രതയൊട്ടും സഹിക്കായ്കയാലതി-
ശീഘ്രമെഴുനേറ്റങ്ങോടുന്നേരം
തിരുവമ്പാടിതന്നിൽ വിളയാടിവാഴുംതൻ
സ്വാമിയെക്കണ്ടതികാന്തിയോടെ
പൈതലെക്കണ്ടൊരുനേരം മോദാൽ തിരു-
മെയ്‍തലോടീടുവാനാശപൂണ്ടു
കൈതവഹീനൻ യതിവരൻ ചെല്ലുമ്പോൾ
കൈടഭാരിയവിടന്നോടിനാൻ
ഈരേഴുലകിനു സാരമായുള്ളൊരു
വേരായ്മരുവുന്നൊരുണ്ണികൃഷ്ണൻ            190


പാരാതിലുപ്പമരത്തിൽ കരയേറി
വേരോടെ വീണിതു വൃക്ഷമപ്പോൾ
വിശ്വംഭരനന്നു പള്ളികൊള്ളും സീമ
വിശ്വത്തിലാരു വാഴ്ത്തിടുവാൻ?
നിശ്ചലാകാരന്റെ വിസ്തൃതി കണ്ടിട്ടു
വിസ്മയപ്പെട്ടിതു ഭിക്ഷുവരൻ
ദേവവധൂജനമാടുകയും ദേവ-
ദാരു സുമങ്ങളെ വര്‍ഷിക്കയും
കേവലനെക്കണ്ടു മോദിച്ചു ദേവകൾ
ദുന്ദുഭിവാദ്യം മുഴക്കുകയും                    200


സര്‍പ്പവരന്റെ ഫണങ്ങളെല്ലാം
ചിൽപുരുഷന്റെ തിരുമുടിമേൽ
ശില്പമായ് വെവ്വേറെച്ഛത്രംപിടിച്ചപോൽ
കാണാമതുമതി കൌതൂഹലാൽ
ഭക്തിമുഴുത്തു ഹൃദയം തന്നിൽ നിജ-
പക്ഷിവരൻ നിന്നു സേവിക്കയും
കുക്ഷികമലേ വസിക്കും വിധാതാവും
വേദങ്ങളെച്ചൊല്ലി ഘോഷിക്കയും
ചാരുസ്മിതത്തോടു കൂടെ വിളങ്ങുന്ന
സാരസനാഭൻ തിരുമുഖത്തെ                210


സാദരംനോക്കി രസിച്ചു തൻവീണയും
വായിച്ചു നാരദമാമുനീന്ദ്രൻ
പ്രഹ്ലാദൻ മുൻപായ ഭക്തരെല്ലാം
ആഹ്ലാദമുള്ളിൽ മുഴുക്കയാലേ
വിഹ്വലന്മാരായി നിന്നിതതുനേര-
മക്ഷിതിറന്നൊരു പാവകൾ പോൽ
പൂമകളും ഭൂമിദേവിതാനും പര-
പൂരുഷപാദകമലം തന്നിൽ
പുഞ്ചിരി തൂകിന ചാരുമുഖാംബുജം
ചഞ്ചലാപാംഗവിലാസത്തോടും                220


ഹസ്തയുഗങ്ങളിൽ നിത്യമായ് ലാളിച്ചു
പൂജിച്ചു വാഴ്ത്തി സ്തുതിക്കുന്നതും
മസ്തരിവര്യനതേവമെല്ലാം കണ്ടു
മുക്തിസുഖത്തിലധികമായി
ആനന്ദബാഷ്പമൊലിച്ചു നേത്രത്തീന്നു
രോമാഞ്ച സഞ്ചയദേഹത്തോടും
അഞ്ജലി കൂപ്പിയറിയിച്ചാനന്നേര-
മെത്രയും ഭക്തിവിനയത്തോടും
'ഇങ്ങനെ പൂര്‍ണ്ണമായ്പ്പള്ളികൊണ്ടാലഹ-
മെങ്ങനെ നിത്യം വലംവെയ്ക്കേണ്ടൂ?            230


മംഗലമൂര്‍ത്തേ! ഭവാനുടെ മായകൾ-
ക്കെണ്ണമില്ലേതും ഗതി വിരോധം
ബാലന്മുലകടിച്ചെന്നാകിലും പെറ്റ
മാതാവിനുണ്ടാമോ കോപമുള്ളിൽ?
കാലസ്വരൂപ! കലിമലമോചന!
പാലയ പാലയ പാലയ മാം'
സത്യമായുള്ളൊരു വാക്യമേവം കേട്ടു
സത്യസ്വരൂപൻ ചിരിച്ചു മന്ദം
യുക്തമായൊന്നരുൾ ചെയ്തു യതിയോടു
ഭക്തപരായണനായ ദേവൻ                240


'ഇപ്രകാരം ഞാൻ ശയിക്കയാലേ ചെറ്റു-
മപ്രിയഭാവം നിനക്കു വേണ്ടാ
ത്വൽപ്രിയമത്രേ ഞാൻ ചെയ്തതെന്നുള്ളതു
മൽപ്രിയ! ബോധിക്കേണം ഹൃദയേ
ആരെന്നാലുമഹംകാരലവലേശ-
മാശയംതന്നിൽ ഞാൻ കണ്ടുവെന്നാൽ-അതിൻ-
നാശം വരുത്തേണമെന്നതു മാത്രമേ
ആശയംതന്നിൽ നമുക്കുമുള്ളൂ
ഇന്നിമേലൊന്നിനും ഖേദിയാതേ ഭവാ-
നെന്നെ ഭജിച്ചു സദാകാലവും                250


മന്നിൽ വസിക്ക നീ പ്രാരബ്ധഭോഗങ്ങ-
ളൊന്നൊഴിയാതെ ഭുജിപ്പളവും
കുണ്ഠതാഭാവം കളഞ്ഞു ഭവാൻ തവ
ദണ്ഡുകൊണ്ടെന്നെയളന്നുകൊണ്ടാൽ
മൂന്നു ദണ്ഡായി ശയിപ്പതിനിന്നൊരു
ദണ്ഡമെനിക്കില്ല ബോധിച്ചാലും
ചിത്തത്തിൽ തോന്നിയ പോലെ തന്നെ
നിത്യമാം പൂജാദി ചെയ്തുകൊൾക
വിത്തത്തിനാശ നമുക്കില്ല മാനസേ
ഭക്തജനങ്ങടെ വാഞ്ഛപോലെ            260


കായവും കര്‍മ്മവും മാനസവുമൊത്തു
മായം കരുതാതെയാരെന്നാലും
തോയമെന്നാലും നമുക്കു തന്നാലതു
മോദമോടാസ്വദിച്ചീടും ഞാനും
എട്ടര യോഗവും ശട്ടങ്ങളും മമ
പൂജകളുത്സവഘോഷങ്ങളും
തുഷ്ടി നമുക്കു വരുവാനായ് കല്പിക്ക
തന്ത്രിയേയും മന്ത്രനിര്‍ണ്ണയമായ് '
പുണ്ഡരീകാക്ഷനിതേവമരുൾചെയ്ത
പോലവേ യന്നുതൊട്ടിന്നാവോളം            270


പന്നഗശായി പരൻ പുമാൻ വാഴുന്നു
നന്നിതു നമ്മുടെ ഭാഗ്യവശാൽ
ആകയാലായപോലെല്ലാപേരും
ആശയോരോന്നിൽ കരുതിടാതെ
ആവതും സേവിച്ചുകൊള്ളണം സർവ്വദാ
ആദിനാഥപദപത്മങ്ങളെ
ആദ്യന്തഹീനനനാമയനവ്യയ-
നച്യുതൻ ഭക്തപരിപാലകൻ
ശാശ്വതൻ പാലിക്കേണമടിയത്തിന്നൊ-
രാശ്രയം മറ്റൊന്നു കാണുന്നില്ല                280


ചിത്തത്തിലുള്ളൊരു മോഹാതിരേകത്താ-
ലിത്രമാത്രം ഞാൻ ചുരുക്കിച്ചൊന്നോൻ