Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / കാമസന്ദേശം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കാമസന്ദേശം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സംസ്കൃതസാഹിത്യത്തിൽ അസംഖ്യം സന്ദേശകാവ്യങ്ങളുണ്ട്. കാളിദാസമഹാകവി മേഘസന്ദേശം നിര്‍മ്മിച്ചതിൽപ്പിന്നെ എത്രയെത്ര സൂരികളാണു് അദ്ദേഹം ഉൽഘാടനം ചെയ്ത അധ്വാവിലൂടെ സഞ്ചരിച്ചിട്ടില്ലാത്തതു്! അവരുടെ സംവിധാനരീതി പ്രായേണ ഏകരൂപമാണെങ്കിലും സന്ദേശഹരന്മാർ പലതരത്തിലുള്ളവരാണു്. 'കാമാര്‍ത്താഹി പ്രകൃതികൃപണാശ്ചേതനാചേതനേഷു' എന്നു കാളിദാസൻതന്നെ, താൻ ധൂമജ്യോതിസ്സലിലമരുത്തുകളുടെ സന്നിപാതമായ മേഘത്തെ ദൂതനായി കല്പിച്ചതിനു് അത്ഥാന്തരന്യാസരൂപത്തിൽ ഒരു സമാധാനം നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥിതിക്കു്, സന്ദേശകാവ്യത്തിൽ സരൂപമോ അരൂപമോ ആയ ഏതു വസ്തുവിനും ദൌത്യം വഹിക്കുന്നതിനു് അവകാശമുള്ളതായി കവികൾ കരുതുന്നത് അനുപപന്നമല്ല. 'വീതാലംബേ പ ഥി വിചരിതും വ്യക്തമാഭാഷിതും ച' എന്നു ലക്ഷ്മീദാസൻ പറയുന്നതു നോക്കിയാൽ പക്ഷികൾക്കു പൊതുവായും, ശുകത്തിനു പ്രത്യേകമായും ഇക്കാര്യത്തിൽ ഉത്തമാധികാരിത്വം ഉള്ളതുപോലെയും തോന്നും. ഏതായാലും മനുഷ്യക്കു പുറമേ, ഹംസം, കാകം, കോകിലം, ഭ്രമരം, ചകോരം, കോകം, മയൂരം, ഗരുഡൻ, ചാതകം, ശുകം ഇത്യാദിജന്തുക്കളെയാണു് സംസ്കൃതകവികൾ പ്രായേണ ദൂതകർമ്മത്തിനു നിയോഗിക്കുന്നതായി കാണുന്നത്. വായു, മനസ്സ് മുതലായവയെക്കൊണ്ടും ആ കൃത്യം സാധിക്കുന്നവരില്ലെന്നില്ല.


കേരളത്തിൽ ലക്ഷ്മീദാസന്റെ ശുകസന്ദേശം, ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം, ഇവ ഒന്നാംകിടയിലും; പൂര്‍ണ്ണസരസ്വതിയുടെ ഹംസസന്ദേശം, നാരായണൻനമ്പൂരിയുടെ സുഭഗസന്ദേശം, വാസുദേവൻനമ്പൂരിയുടെ ഭ്രമരസന്ദേശം, അജ്ഞാതകര്‍ത്തൃകമായ ചാതകസന്ദേശം, മാരചേമന്തികയെ അധികരിച്ചുള്ള മയൂരസന്ദേശം, ഇവയെ രണ്ടാംകിടയിലും; ശ്വേതാരണ്യവാസുദേവന്റെ ചകോരസന്ദേശം, വിഷ്ണുത്രാതന്റെ കോകസന്ദേശം മുതലായവയെ മൂന്നാംകിടയിലും പരിഗണിക്കാവുന്നതാണു്. പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ നീലകണ്ഠസന്ദേശവും ഇവിടെ പരിഗണനയെ അര്‍ഹിക്കുന്നു. വയസ്കരമുസ്സിന്റെ ശ്യേനസന്ദേശവും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ വിപ്രസന്ദേശവും സമീപകാലത്ത് ആവിര്‍ഭവിച്ച രണ്ടുകൃതികളാണു്. ഇനിയും പല സന്ദേശങ്ങൾ, അവയെപ്പറ്റി ആര്‍ക്കും ഏതും അറിവില്ലാതെ, ഇരുളടഞ്ഞ ചില പഴയ ഗ്രന്ഥപ്പുരകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ സമകാലികനായ ഏതൊ ഒരു കവിയുടെ കൃതിയായ ഗൃധ്രസന്ദേശത്തിലെ ഏതാനും ശ്ലോകങ്ങൾ മാത്രമേ പ്രകാശിതങ്ങളായിട്ടുള്ളു.


ദേവന്മാരെ ദൂതന്മാരാക്കുന്ന ചില കവികളും ഇല്ലെന്നില്ല. ചന്ദ്രനെ ദൂതനാക്കി 'ചന്ദ്രദൂത'മെന്നും 'ഇന്ദുദൂത'മെന്നുമുള്ള സംജ്ഞകളിൽ ചില സന്ദേശകാവ്യങ്ങൾ ആവിര്‍ഭവിച്ചിട്ടുണ്ട്. എന്നാൽ സാക്ഷാൽ കാമദേവനെത്തനെ സന്ദേശവൃത്തിക്കു് നിയോഗിക്കുന്ന ഒരു കാവ്യം ഞാൻ ഇപ്പോൾ ആദ്യമായിട്ടാണു് കാണുന്നത്. തിരുവിതാകൂർ വിശ്വവിദ്യാലയത്തിലെ പൌരസ്ത്യഗ്രന്ഥശാലയുടെ ആവശ്യത്തിനായി, നമുക്കെല്ലാം സുപരിചിതനും യഥാര്‍ത്ഥപണ്ഡിതനുമായ പണ്ഡിതർ ഈ. വി. രാമൻ നമ്പൂരി ഇടപ്പള്ളി കോയിക്കൽനിന്നു സമ്പാദിച്ച ഒരു കാവ്യതല്ലജമാണു് കാമസന്ദേശം. മാതൃദത്തൻ എന്നൊരു നമ്പൂരിയുടെ കൃതിയാണിതെന്നു പ്രസ്തുതമാതൃകയിൽ കുറിച്ചുകാണുന്നു. കേരളത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു നല്കുന്ന ഒരു ഗ്രന്ഥമാകയാൽ അതിന്റെ സ്വരൂപമെന്തെന്നു ത്രൈമാസികത്തിന്റെ അനുവാചകന്മാരെ ഗ്രഹിപ്പിക്കാമെന്നു ഞാൻ ഉദ്ദേശിക്കുന്നു. പൂർവ്വഭാഗത്തിൽ അറുപത്തേഴും ഉത്തരഭാഗത്തിൽ അറുപത്തൊൻപതും, അങ്ങനെ മന്ദാക്രാന്താവൃത്തത്തിൽ നൂറ്റിമുപ്പത്താറു പദ്യങ്ങൾ ഈ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു.


കാവ്യം താഴെക്കാണുന്ന പ്രകാരമാണ് ആരംഭിക്കുന്നതു്.


"സൌധേ കശ്ചിൽ സഹ ദയിതയാ സ്വൈരമഭ്രങ്കഷാഗ്രേ
ക്രീഡൻ നിദ്രാകലുഷഹൃദയസ്തൽക്ഷണം തത്സകാശാൽ -
ദിഷ്ട രുഷ്ടേ കിമിഹ ശരണം? --ദദ്രഗോഷ്ഠീം ദവിഷ്ഠാം
രക്ഷോനീതസ്തദനു വിവശശ്ശംബരാരിം ദദര്‍ശ"


തന്റെ പ്രാണനാഥയുമായി അത്യുന്നതമായ സൌധത്തിൽ ക്രീഡിച്ചു കൊണ്ടിരുന്ന ഒരു നായകനെ ഏതോ ഒരു രക്ഷസ്സ് അവിടെനിന്നു് ഏറ്റവും ദൂരസ്ഥമായ 'ദദ്രഗോഷ്ഠി'യിലേക്കു് (ചിൽസഭ= ചിറ്റമ്പലം= ചിദംബരം) കൊണ്ടുപോയി; അവിടെ അയാൾ കാമദേവനെ കണ്ടുമുട്ടി. വാസ്തവത്തിൽ തനിക്ക് അപ്പോൾ ആ ദേവൻ ശത്രുവാണെങ്കിലും, അവിടത്തോടുതന്നെ സങ്കടം അറിയിക്കുവാൻ ആ കാമുകൻ ആരംഭിക്കുകയും ഹിതകാരിയോ എന്നു തോന്നുമാറ് അവിടുന്നു് അയാളുടെ ആ പ്രലാപം കേൾക്കുകയും ചെയ്തു. നായകൻ നിവേദനംചെയ്യുന്നു:-


"കാരുണ്യാബ്ധേ! മദന! ഭഗവന്നസ്തു തുഭ്യം പ്രണാമോ
യത്സാമാര്‍ത്ഥ്യാദ്വഹതി ഗിരിശോപ്യര്‍ദ്ധഗാത്രേണ തന്വീം;
യല്ലീലോത്ഥാം നയനപടലീമാത്മസൌഭാഗ്യഹന്ത്രീ-
മദ്യാപീന്ദ്രസ്ത്യജതി ന ഭിയേവാംഗഭംഗീരതോപി."


ശിവൻ ശരീരാര്‍ദ്ധം കൊണ്ടു പാർവ്വതിദേവിയെ വഹിക്കുന്നതും, ഇന്ദ്രൻ ശരീരസൌന്ദര്യത്തിൽ കുതുകിയാണെങ്കിലും ഭയംനിമിത്തം ആ സൌന്ദര്യത്തിനു പ്രതികൂലമായ നയനസഹസ്രം ചേറുന്നതും കാമൻ പ്രഭാവങ്ങൾക്കു ലക്ഷ്യമാണെന്ന് കവി ഈ ശ്ലോകത്തിൽ ഉല്ലേഖനം ചെയ്യുന്നു.


“ശ്രാന്തസ്ത്വഞ്ചേദിഹ വസ സുഖം ഹേമമയ്യ്യാം സഭായാം;
പൂർവ്വം കാര്യാ ശ്രമപരിഹൃതിഃ; കാര്യചിന്താ തു പശ്ചാൽ;
പൂജാകർമ്മണ്യയി തവ നൃണാം പാണി... ... പി തുഷ്ടൈ;
കിം വാ ബ്രൂമസ്സുമഹതി സുവര്‍ണ്ണാസനേ സാധുദത്തേ?"


ഈ ശ്ലോകത്തിലേ 'ഹേമമയ്യാം സഭായാം' (പൊന്നമ്പലത്തിൽ) എന്ന പദങ്ങളിൽനിന്നും ഉത്തരാര്‍ദ്ധത്തിലുളള


"ആസ്ത കാന്തഃ ക്വ നു കുശലവാനിത്യപാംഗേന വേഗാ-
ത്തന്യാ പൃഷ്ടേ കഥയ വസതി വ്യാഘ്രപുര്യാം സ ഖിന്നഃ
സീതാദേവ്യൈ രഘുപതിരിവ ശ്രീഹനൂമന്തമസ്യൈ
തുഭ്യം ഗ്രേ! കഥിതഹൃദയഃ പ്രേരയാമാസ യോ മാം"


എന്ന ശ്ലോകത്തിലേ 'വ്യാഘ്രപുര്യാം' എന്ന പദത്തിൽനിന്നും രക്ഷസ്സു കാമുകനെ ചിദംബരത്തിലാണു് ക്ഷേപിച്ചതെന്നു് ഒന്നുകൂടി വ്യക്തമാകുന്നു. അതിനു് 'ദദ്രഗോഷ്ഠീ' (ചിറ്റമ്പലം) എന്നും പേരുണ്ടെന്നു നാം കണ്ടുകഴിഞ്ഞുവല്ലൊ. അതു തമിഴർ നല്കീട്ടുള്ള പേരാണു്.


കാമദേവനെ ഇത്തരത്തിൽ പല ഉപചാരവാക്കുകളെക്കൊണ്ടും സൽകരിച്ചതിന്റെ ശേഷം നായകൻ തന്റെ അഭ്യര്‍ത്ഥന ഇങ്ങനെ തുടരുന്നു.


"നാഹം ജാനേ മമ ച സുഹൃദശ്ചാന്തരാളേ കിയന്തി
ക്ഷ്മാഭൃൽകുല്യാവിപിനതടിനീപത്തനാനാം കുലാനി;
യദ്യപ്യേവം മനസിജ! ബലാദത്ര ദൃഷ്ടാ ഹി ദിഷ്ട്യോ;
ദൈവോത്ഥായാ ഭവതി വിപദോ ദൈവതശ്ശാന്തിര്യജ്വീ."


ആപന്മുക്ത്യൈ ചല ഇതി മയാ നാര്‍ത്ഥിതോ മാതരിശ്വാ;
പൂര്‍ണ്ണോപീന്ദുര്‍മ്മനസിജ! ജലാത്മേതി നാപോക്ഷിതാര്‍ത്ഥഃ
 മാസശ്രീമാന്മധുരതിഥിരിത്യാസ്ഥയാ നേക്ഷിതോ വാ;
 ത്വന്തു പ്രൌഢദ്യുതിരപരഥാഭൂത ഇത്യുത്സുകോസ്മി”


"എനിക്കും എന്റെ പ്രാണപ്രിയയ്ക്കും ഇടയിൽ ഏതെല്ലാം മലയും തോടും കാടും പുഴയും പുരവുമാണ് കിടക്കുന്നതെന്നു് എനിക്കറിവില്ല; എന്റെ ദിഷ്ടത്താൽ അങ്ങയെ ഞാൻ കണ്ടു. ദൈവം വരുത്തുന്ന ആപത്തുകൾക്കു ദൈവം തന്നെ ഉപശാന്തിവരുത്തുന്നതാണല്ലോ സമീചീനം. വായു ചപലനും, പൂര്‍ണ്ണചന്ദ്രൻ ജലാ(ളാ)ത്മാവും, അതിഥിയായ വസന്തം ഒന്നുരണ്ടു മാസത്തെ ശ്രീക്കുമാത്രം ആശ്രയവുമാകയാൽ ഞാൽ ആ കൂട്ടരെവിട്ടു് അവരിൽ നിന്നു ഭിന്നനായ അങ്ങയിൽ ഉത്സുകനായിത്തീരുന്നു."


നായകൻ വീണ്ടും വലിയ നിലയിലുള്ളവർ എളിയ നിലയിലുള്ളവരുടെ ദൂതന്മാരാകുന്നത് അവരുടെ അഭിമാനത്തിനു ബാധകമല്ലെന്നും, ധര്‍മ്മപുത്രക്കുവേണ്ടി ശ്രീകൃഷ്ണൻ ദൌത്യം വഹിച്ചതുതന്നെ അതിനു ജ്ഞാപകമാണെന്നും, മന്മഥനാണെങ്കിൽ ദേവേന്ദ്രനുവേണ്ടി പ്രാണത്യാഗംപോലും അനുഷ്ഠിച്ച മഹാനുഭാവനാണെന്നും മറ്റും ആ ദേവനെ ഉൽബോധിപ്പിക്കുന്നു. തിരുനാവായിൽ നിവസിക്കുന്ന ചന്ദ്രലക്ഷ്മി എന്ന യുവതിയാണ് തന്റെ പ്രേമഭാജനമെന്നും ആ സ്ഥലത്തേക്കാണു മന്മഥൻ പോകേണ്ടതെന്നും വിരഹി പിന്നീടു പറയുന്നു.


"ഗന്തവ്യം തൽ ഭുവനവിദിതം മന്ദിരം സുന്ദരാംഗ്യാഃ
ശൃംഗാരാബ്ധേ! മദന! ഭവതാ ചന്ദ്രലക്ഷ്മ്യാഃ പ്രിയായാഃ
യസ്മിൻ നിത്യം നിവസതി ഭവാനര്‍ച്ചിതഃ പക്ഷ്മളാക്ഷ്യാ 
ദൃപ്താനുഗ്രൈശ്ശമയിതുമനംഗാശുഗൈരാശു പും സഃ"


"നാവാക്ഷേത്രം മഹിതമവധീകൃത്യ ദേശാദമുഷ്മാൽ
പ്രൌഢം മാര്‍ഗ്ഗം ശൃണു കഥയതോ മേ മുഖാദംഗജന്മൻ!;
ദിവ്യേനാക്ഷ്ണാ യദപി വിദിതം ലക്ഷ്യമാണം തഥാപി
ബ്രൂമസ്സര്‍വ്വം പ്രിയജനകഥാലേശസംബന്ധഹൃദ്യം"


എന്നീ പദ്യങ്ങൾ നോക്കുക.


അനന്തരം ചിദംബരക്ഷേത്രത്തിലേ ശിവനെ വന്ദിക്കുകയും ആ ദേവന്റെ തിരുനൃത്തം കാണുകയും ക്ഷേത്രത്തിനു വടക്കുള്ള ശിവഗംഗ എന്ന കുളം സന്ദർശിക്കുകയും ചെയ്യണമെന്നു വിരഹി അഭ്യര്‍ത്ഥിക്കുന്നു.


"ശുദ്ധശ്ശംഭും മദന! ശിവഗംഗാപയോബിന്ദുപൂരൈ-
വാതാതീതൈരപി ച ജനഹസ്തോക്ഷിതൈഭസ്മജാതൈഃ
ആമുക്താംഗശ്ശിവ! മൃഡ! ഭവേത്യുച്ചരൻ നാമ ശൈവം
ഭദ്രക്ഷേത്രേ വിഹിതവസതിം പൂര്‍വ്വമീക്ഷസ്വ സാക്ഷാൽ


യസ്മിൻ നൃത്യതതിജവപതൽപാദപത്മാഭിഘാത-
ഭ്രാമ്യൽക്ഷോണീവിചലനവശാൽ സന്തതോദ്ഭ്രാന്തഗാത്രാഃ
ശീഘ്രഭ്രാന്ത്യാ ഗളിതവസനാശ്ചൂര്‍ണ്ണജാലാങ്കിതാംഗാഃ
സാമ്യം സര്‍വ്വേ മനസിജ! ജനാസ്തത്ര ഗാത്രേ ലഭന്തേ


ശംഭോ! സ്ഥാനാൽ പ്രമുദിതജനാദുത്തരേണാംഗ! ഗത്വാ
ദ്രഷ്ടവ്യാ സാ മദന! ശിവഗംഗാഭിധാ പുണ്യവാപീ,
ഭര്‍ത്തുമ്മൂര്‍ദ്ധ്‌നി സ്ഥിതിപരിഭവക്രുദ്ധഗൌരീവിരുദ്ധാ
ഗംഗാ പാദാംബുജമുപഗതാ യന്മിഷേണോദ്ബഭൂവ."


ശിവഗംഗ ചിദംബരത്തേ ക്ഷേത്രതീര്‍ത്ഥമാണു്. ശ്രീപരമേശ്വരൻ നര്‍ത്തനംചെയ്യുമ്പോൾ സന്ദർശകന്മാരും തത്സമന്മാരായിത്തീരുന്നു എന്നും അവിടത്തെ തലയിൽനിന്നു് പാർവ്വതിയെപ്പേടിച്ചു പാദാംബുജത്തെ ആശ്രയിക്കുന്ന സാക്ഷാൽ ഗംഗാദേവിതന്നെയാണു് ശിവഗംഗയെന്നുമുള്ള കല്പനകൾ ഏറ്റവും ഹൃദ്യങ്ങളായിരിക്കുന്നു. പിന്നീടു ശിവഗംഗയുടെ തീരത്തുള്ള പാര്‍വ്വതീക്ഷേത്രത്തെ പുകഴ്ത്തുന്നു. ആ ഘട്ടത്തിൽ നിന്നു കവിയുടെ ഉല്ലേഖപാടവത്തിനു രണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം.


"ക്ഷേത്രേ യത്ര സ്ഫടികഘടിതേ ക്വാപി തൽകാന്തിശുഭ്രാം
ദൃഷ്ട്വാ ഗൌരീം സ ച പശുപതിര്‍ജ്ജാതു ഗംഗോപലബ്ധ്യാ
കന്ദര്‍പ്പാര്‍ത്തേ കുരു മയി കൃപാം ജാഹ്നവീത്യര്‍ദ്ധവാക്യേ
ലജ്ജാമൂകഃ കിമ ന കുരുതേ ഹന്ത! ദേവ്യാം ഹസന്ത്യാം


ചിത്രം യത്ര ക്ഷണ പരിചിതാസ്സംഭവേയുഃ പൂമാംസഃ
കേശേ ഗംഗാജലവിധിശിരശ്ചന്ദ്രരേഖാകലാപാഃ
കണ്ഠേ കാളാ വപുഷി ഭസിതാലങ്കൃതാ ലോഭനീയാഃ
ഫാല ശുംഭജ്ജ്വലനവസനാ വക്ഷസി വ്യാളഹാരാഃ"


ആദ്യത്തെ ശ്ലോകത്തിന്റെ അര്‍ത്ഥം പ്രത്യേകിച്ചും അനുസന്ധയമാണു്. "ചിദംബരത്തിലെ സ്ഫടികക്ഷേത്രത്തിൽ അതിന്റെ കാന്തി സംക്രമിക്കുക നിമിത്തം ധവളവര്‍ണ്ണയായ ഗൌരിയെ ഗംഗയാണെന്നു തെറ്റിദ്ധരിച്ചു 'അല്ലയോ ജാഹ്നവി! മദനാര്‍ത്തനായ എന്നിൽ ദയചെയ്യണെ' എന്നു ശിവൻ പ്രാര്‍ത്ഥിക്കുന്നു; അപ്പോൾ പാർവ്വതി ചിരിക്കുകയും ഭഗവാൻ ലജ്ജാമൂകനായി അര്‍ദ്ധോക്തിയിൽ വിരമിച്ചു എന്തെല്ലാമോ ഗോഷ്ടികൾ കാട്ടുകയും ചെയ്യുന്നു.” ഭക്തന്മാർ ശിവസാരൂപ്യം പ്രാപിക്കുന്നതാണു് അടുത്ത പദ്യത്തിലെ വര്‍ണ്ണനാവിഷയം.


അതു കഴിഞ്ഞു ദൂതൻ കിഴക്കോട്ടേക്കുനീങ്ങി കാമാക്ഷീക്ഷേത്രത്ത ദൂരെനിന്നു കണ്ടുകൊണ്ടു തെക്കോട്ടേക്കു പോകണം. ഈ ക്ഷേത്രമേതെന്നു മനസ്സിലാകുന്നില്ല. 'ദൂരസ്ഥിതം' എന്നു പറഞ്ഞതുകൊണ്ടു കാഞ്ചീപുരത്തെ കാമാക്ഷീക്ഷേത്രത്തെപ്പറ്റിയാണൊ കവിവിവക്ഷ എന്നും സംശയിക്കാം. തെക്കോട്ടു പോയാൽ കാവേരീനദി ദൃഷ്ടിപഥത്തിൽ പ്രവേശിക്കുന്നു. കാവേരിയെ കവി അടിയിൽ കാണുന്ന വിധത്തിലാണു് വര്‍ണ്ണിക്കുന്നത്.


"ഭൂയോ രക്ഷഃകകഭി പരിവൃത്യാശു തുംഗസ്രവന്തീം
കാവേരീം താം ഭുവനവിദിതാം പശ്യ പുണ്യൈകവശ്യാം
ചോളക്ഷോണേരുരസി ഘടിതാ യാ ഖലു സ്രങ്മതല്ലീ-
വാഭാത്യുച്ചൈര്‍വ്വിവിധവിബുധക്ഷേത്രമാണികഗുംഫാ.


ലീലാചഞ്ചന്മകരനയനാ യാ പയശ്ശീഘ്രഗത്യാ
നൃത്യൽ പങ്കേരുഹകുചഭരാ ലോലകല്യാകരാന്താ
മന്ദഭ്രശ്യൽ സലിലവസനാ ഗാമിനീ ഭര്‍ത്തൃദേശം
പ്രത്യക്ഷോദ്യൽ പുളിനജഘനാ കാമിനീവാവഭാതി.


സഹ്യാജദ്രേഃ പ്രഥമമുദിതാ കൌടകീം ഭൂമതല്ലീം
ഗത്വാ ഭൂയസ്സുജനലളിതം ചോളമാസാദ്യ ഹൃദ്യം
ശ്രീരംഗാഖ്യം സരസിജദൃശോ വിഷ്വഗാവേഷ്ട വസ്ത്യം
യാ ച പ്രാപ്താ ലവണജലധിം പ്രാപ്യമുൽപൂജ്യ ലോകാൻ."


കാവേരി ചോളരാജ്യത്തിനു ഒരുത്തമമാല പോലെ പരിലസിക്കുന്നു എന്നും അതിലെ മാണിക്യരത്നങ്ങളാണു് കരയിലുള്ള ക്ഷേത്രങ്ങളെന്നും, കുടകിൽ നിന്നാണു ആ നദിയുടെ ഉൽപത്തി എന്നും ശ്രീരംഗത്തിലെ വിഷ്ണുക്ഷേത്രത്തെ അതു മുഴുക്കെ ആവരണം ചെയ്യുന്നു എന്നും, ഒടുവിൽ പൂർവ്വസമുദ്രത്തിൽ പതിക്കുന്നു എന്നും ഉപന്യസിക്കുന്നതിനു പുറമേ, മാതൃദത്തൻ 'ലോലകുല്യാകരാന്താ' എന്ന വിശേഷണംകൊണ്ട് ആ നദിയിൽ നിന്നു കൃഷിക്കായി തിരിച്ചുവിട്ടിട്ടുള്ള കൈവഴികളെയും മന്ദഭ്രശ്യൽസലിലവസനാ' എന്ന വിശേഷണംകൊണ്ടു സമുദ്രത്തോടടുക്കുമ്പോൾ അതിൽ താരതമ്യേന പ്രത്യക്ഷീഭവിക്കുന്ന ജലശുന്യതയേയും സമഞ്ജസമായി വ്യഞ്ജിപ്പിക്കുന്നു.


കാവേരിയുടെ ഉത്തരശാഖയായ കൊല്ലടംനദി കടത്തുന്നതിനു് അക്കാലത്തു വൻപിച്ച കൂലി ഈടാക്കി വന്നിരുന്നു. ആ ഏര്‍പ്പാടിനെ കവി താഴേ ചേര്‍ക്കുന്ന പദ്യത്തിൽ അപലപിക്കുന്നു.


"യാത്രാശുല്ക്കം സകലജഗതാമസ്തി യത്ര പ്രഭൂതം
തത്രസ്ഥൈസ്തൈര്‍ന്നൃപതിപശുഭിർഭൂജ്യമാനം ബലേന;
മാടക്ഷോണീ വലഭിദഖിലത്രാണനൈപുണ്യചഞ്ചുര്‍-
ദ്ദുര്‍വ്വാരം യൽപ്രശമിതകഥം നിര്‍മ്മമേ രാമവര്‍മ്മാ"


"അവിടത്തെ പശുസമന്മാരായ രാജാക്കന്മാർ ബലാൽകാരമായി ഈ ചുങ്കം വസൂൽ ചെയ്തു ഭുജിക്കുന്നു. എന്നാൽ രാമവർമ്മാവന്ന കൊച്ചി മഹാരാജാവു് ചുങ്കമെന്നൊരേര്‍പ്പാടുതന്നെ നാമാവശേഷമാക്കി."


പിന്നെയും കൊല്ലടത്തിനു തെക്കും വടക്കുമുള്ള ദേശങ്ങൾ ഭരിച്ചിരുന്ന 'വീരൻ' 'അച്യുതൻ' എന്നീരണ്ടു പ്രഭുക്കന്മാരുടെ ദുഷ്കൃത്യങ്ങളെ കവി ചുവടെ പകര്‍ത്തുന്ന ശ്ലോകങ്ങളിൽ അപഹസിക്കുന്നു.


"യദ്ഭാഗാര്‍ദ്ധേ വസതി നൃപതിര്‍ദ്ദക്ഷിണേ വീരനാമാ
യസ്മിൻ ഹേമാന്യനിശമഖിലാനാത്മസാൽകര്‍ത്തുകാമേ
മേരുസ്സ്വീയക്ഷയഭയമതിര്‍മ്മൃച്ഛിലാമാത്രഗാത്രേ
ഗോത്രവ്യൂഹേ ഹസതി സകലേ ജായതേ ദുഃഖദുഃഖീ


അന്യഃ കശ്ചിൽ പ്രഭവതി മഹത്യുത്തരാര്‍ദ്ധേ യദീയേ
യോ വാ നാമ്നാ ഭവതി ന ഗുണാരച്യുതഃ ക്ഷോണിപാലഃ
യം വാ ദൃഷ്ട്വാ കുസൃതിനിപുണം ദ്രൌണിദുര്യോധനാദ്യാഃ
സ്വീയാപായവ്യസനമമിതം ദുസ്ത്യജം സന്ത്യജന്തി"


"അവിടെ ദക്ഷിണഭാഗം ഭരിക്കുന്ന വീരനെന്ന രാജാവു് സ്വര്‍ണ്ണമെല്ലാം സ്വായത്തമാക്കുന്നു. അതുകൊണ്ടു് മഹാമേരു തനിക്കു ക്ഷയം ആസന്നമായി എന്നു വ്യസനിക്കുന്നു. മണ്ണും കല്ലും മാത്രമുള്ള മറ്റു പർവ്വതങ്ങൾ അതുനോക്കി ചിരിക്കുന്നു. ഉത്തരഭാഗം ഭരിക്കുന്ന രാജാവാകട്ടെ പേരു കൊണ്ടു മാത്രം അച്യുതനാണു്; ഗുണംകൊണ്ടല്ല;. അദ്ദേഹത്തെക്കണ്ട് അശ്വത്ഥാമാവ്, ദുര്യോധൻ മുതലായ ദുഷ്ടന്മാർ തങ്ങളുടെ അപായവ്യസനത്തെ പരിത്യജിക്കുന്നു.''


അടുത്തതായി പണ്ഡിതന്മാരെക്കൊണ്ടു നിബിഡമായ 'കണ്ടരമാണിക്കം'അഗ്രഹാരം കാമദേവൻ സന്ദര്‍ശിക്കണമെന്നു കവി ഉപദേശിക്കുന്നു.


"യാമ്യാം മാര്‍ഗ്ഗാൽ കകുഭി മഹിതഃ കണ്ഠമാണിക്യനാമാ
വിദ്വദ്ഗ്രാമോ ഭവതി കതുകോൽപാദകഃ പണ്ഡിതാനാം
ബാലോപ്യച്ചൈഃ പ്രതിഭൂവി ശുകോ യത്ര തര്‍ക്കോദ്ധതാനാം
താകീം വാചം ശമയതി മുഹുഃ കിം പുനഃ പ്രൌഢവാചഃ?"


കണ്ഠമാണിക്യം എന്നതു് കവി 'കണ്ടരമാണിക്ക'ത്തെ സംസ്കൃതീകരിച്ച വാക്കാണു്. ഇന്നു കുഗ്രാമപ്പായമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും കണ്ടരമാണിക്കം (കണ്ഡരമാണിക്യം) പണ്ടു നിരന്തരമായി പണ്ഡിതന്മാരെക്കൊണ്ടു പ്രശോഭിച്ചിരുന്നു. ജാനകീപരിണയകര്‍ത്താവായ രാമഭദ്രദീക്ഷിതരും മറ്റും ആ ഗ്രാമത്തിൽ ജനിച്ചവരാണു്'. 'യസ്യ കണ്ഡരമാണിക്യ ഗ്രാമോ ഭവതി ജന്മഭൂഃ' എന്ന് ആ മഹാകവിതന്നെ ശൃംഗാരതിലകഭാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അതിനുമേൽ മന്മഥൻ ചെല്ലേണ്ടതു് മധ്യാർജ്ജുനം (തിരുവിടൈമരുതൂർ) എന്ന ക്ഷേത്രത്തിലാണു്; തദനന്തരം കുംഭകോണത്തിലും. ഈ പുണ്യസ്ഥലങ്ങളെപ്പറ്റിയുള്ള വര്‍ണ്ണനമാണു് താഴേക്കാണുന്നതു്.


"അഗ്രേ മധ്യാർജ്ജുനമിതി പരം ക്ഷേത്രമസ്തീന്ദുമൌലേര്‍-
ദ്ദിവ്യം യത്രാ... ... ന്തസ്ഥമാഭാതി ലിംഗം;
അത്യൌത്സുക്യാന്മനസിജ! ഹരേർഗോപവേഷസ്യ ലീലാം
യത്തന്നിത്യം സമനുകുരുതേ പാദപദ്വന്ദ്വമധ്യേ


ക്ഷേത്രം ക്ഷേത്രാദ്വറജ പശുപതേഃ കുംഭകോണാഭിധേയം ശംഭോര്‍ന്നൃത്തശ്രമശമവിധൌ സ്വൈരവാസായ സൃഷ്ടം,
പാപവ്യൂഹം ഖലു ജനിമതാം ജാതു യത്രാഗതാനാം
ലേഖ്യേ നിത്യം വസതി ലിഖിതം ചിത്രഗുപ്തഃ പ്രമാഷ്ടും.


തൽപര്യന്തേ ഭവതി വിപുലഃ കോപി പത്മാകരോദ് ഘോ
മാഘേ യാസ്മിൻ കുശലജനനീ ജാഹ്നവീ സന്നിധത്തേ
അന്തര്‍ഗ്ഗന്തും നിജമവസരം ഭർത്തുന്വീക്ഷമാണാ
രോഷാവേശാദിവ ജനരവൈരാഗതിം ബോധയന്തീ.''


രണ്ടു മരുതുമരങ്ങൾക്കിടയിലാണു് മധ്യാർജ്ജുനത്തിലേ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നതു്. കുംഭകോണത്തിൽ ശിവദര്‍ശനം ചെയ്യുന്നവരുടെ ലലാടദുർല്ലിപികൾ മാച്ചുകളയുവാൻ ചിത്രഗുപ്തൻ അവിടെ ആലേഖ്യരൂപത്തിൽ സമുല്ലസിക്കുന്നു. അടുത്തു സുപ്രസിദ്ധമായ മാമാങ്കക്കുളവുമുണ്ടു്; മാഘമാസത്തിൽ ആ കുളത്തിൽ ഗംഗ സന്നിധാനം ചെയ്യുന്നു. ഭർത്താവിനെ സന്ദര്‍ശിക്കുവാൻ ആ ദേവി അപ്പോൾ അവസരം പ്രതീക്ഷിച്ചു വെളിയിൽ നില്ക്കുകയും അതു ലഭിക്കാത്തതിനാൽ കോപാകുലയായി ജനാരവവ്യാജേന തന്റെ ആഗമനത്തെ ഉൽബോധിപ്പിക്കുകയും ചെയ്യുന്നു.


അടുത്ത താവളം ശ്രീരംഗമാണു്.


"ശ്രീരംഗാഖ്യം വ്രജ ശിശയിഷുസ്സ്വൈരമാഗത സിന്ധോ-
ശ്ശേതേ യസ്മിൻ ഹരിരസഹനസ്തോയവാതാൻ സുശീതാൻ
വിഷ്വഗ്വാപീശിശിരപവനൈഃ ക്ലേശിതസ്സോപി ഭൂയഃ
കോ വാ വൈധീം ത്യജതി സുതരാം കല്പനാം പൌരുഷേണ?


നിന്ദ്യം സ്ഥാതും ശ്വശുരഭവനം കാമ! ജാമാതുരിത്ഥം
സ്മൃത്വാ ലക്ഷ്മീം പരിണയവിധേരൂര്‍ദ്ധ്വമിന്ദ്രാനുജന്മാ 
യച്ചാഗച്ഛദ്വിപുലതടിനീച്ഛത്മഗാത്രേണ പുത്രീ-
സ്നേഹാധിക്യാൽ സലിലനിധിനാ നിത്യമത്യക്തപാര്‍ശ്വം."


"സമുദ്രത്തിലേ ശീതളമായ ജലവായു അസഹ്യമായിത്തോന്നുകയാൽ മഹാവിഷ്ണു ശ്രീരംഗത്തു വന്നു് ഉറങ്ങുന്നു; എന്നാൽ അവിടെയും ചുറ്റുപാടുമുള്ള വാപികളിൽ തട്ടിവരുന്ന കുളിർകാറ്റിനാൽ അവിടുന്നു ക്ലേശിക്കുന്നു. ബ്രഹ്മാവിന്റെ കല്പനയെ പൌരുഷംകൊണ്ടു പരിഹരിക്കുവാൻ ആര്‍ക്കുതന്നെ കഴിയും?" മറ്റൊരുവിധത്തിലും കവി സ്വാപത്തെ ഉല്ലേഖനം ചെയ്യുന്നു. "ശ്വശുരഗൃഹത്തിൽ ജാമാതാവിന്റെ താമസം നിന്ദ്യമാണെന്നുള്ള വസ്തുത സ്മരിച്ച് മഹാവിഷ്ണു ലക്ഷ്മിയെ പാണിഗ്രഹണം ചെയ്തതിനുമേൽ സമുദ്രംവിട്ട് ഇങ്ങോട്ടു പോന്നു; എന്നാൽ സമുദ്രമോ പുത്രിയിൽനിന്നു വേർപിരിയുവാൻ അശക്തനായി വിസ്താരമുള്ള നദിയെന്ന വ്യാജത്തിൽ പാര്‍ശ്വത്തിൽ വര്‍ത്തിക്കുന്നു.” ലക്ഷ്മീപ്രസ്താവംകൊണ്ടു് ശ്രീരംഗത്തിന്റെ ഐശ്വര്യത്തെയും കവി ധ്വനിപ്പിക്കുന്നു.


അതിനപ്പുറം തെക്കോട്ടല്ല പടിഞ്ഞാറോട്ടാണു് പാത. സേലം, കോയമ്പത്തൂർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്ങുദേശത്ത നമ്പൂരി ഇങ്ങനെ നിന്ദിക്കുന്നു.


“ഏകേനാഹ്നാ വ്രജ പുനരിതഃ കൊങ്കണാൻ കണ്ടകാഢ്യാൻ
ധാത്രാ സൃഷ്ടാൻ നരകധരണീസൃഷ്ടിശിഷ്ടൈഃ പദാര്‍ത്ഥൈ;
യജ്ജാതാനാം ദുരിതഗണനാശക്തിതശ്ചിത്രഗുപ്ത-
സ്സ്വീയേ കൃത്യേ ഭവതി വിമുഖഃ; കിന്നു ഭൂയോ വദാമി?"


“മുള്ളുകളെക്കൊണ്ടു നിറഞ്ഞതാണ് കൊങ്ങുനാട്; അതു്. ബ്രഹ്മാവു സൃഷ്ടിച്ചതു നരകസര്‍ഗ്ഗത്തിൽ ബാക്കിവന്ന പദാർത്ഥങ്ങളെക്കൊണ്ടാണു്; അവിടത്തെജ്ജനങ്ങളുടെ പാപങ്ങൾ എണ്ണിയെണ്ണി മടുത്തു ചിത്രഗുപ്തൻ സ്വകൃത്യത്തിൽ വിമുഖനായിത്തീർന്നിരിക്കുന്നു. ഇതിലപ്പുറം എന്താണു് പറവാനുള്ളതു്?" വെള്ളം കിട്ടാത്ത കൊങ്ങുദേശം നമ്പൂരിയുടെ നിശിതമായ അവഹേളനത്തിനു പാത്രീഭവിച്ചതിൽ ആശ്ചര്യത്തിന് അവകാശമില്ലല്ലോ.


പടിഞ്ഞാറോട്ടു പോകുന്നതിനു രണ്ടുമാര്‍ഗ്ഗങ്ങളുണ്ടെന്നും, വളഞ്ഞതാണെങ്കിലും ഇടതുവശത്തുള്ള വഴിയേ പോകുന്നതാണു നല്ലതെന്നും, കവി പറയുന്നു. 'ഭട്ടിനാഥൻ' എന്ന പേരിൽ ശ്രീപരമേശ്വരന്റെ ഒരു ക്ഷേത്രം ആ പാതയിൽക്കൂടി സഞ്ചരിച്ചാൽ കാണാമെന്നും, അവിടെ ഭക്തന്മാര്‍ക്കു് ആദ്യമായി ആന്ധ്യത്തിനു ശമനവും പിന്നീടു മോക്ഷവും സിദ്ധിക്കുന്നു എന്നും അദ്ദേഹം പ്രസ്താവിക്കുന്നു.


കോയമ്പത്തൂർ ടൗണിനു നാലഞ്ചുമയിൽ പടിഞ്ഞാറുമാറി പേരൂർ എന്നൊരു പ്രസിദ്ധമായ ശിവക്ഷേത്രമുണ്ടു്. അവിടത്തെ ദേവനെ 'പട്ടീശ്വരൻ' എന്നും 'പട്ടിനാഥ'നെന്നും 'ഗോഷ്ഠേശ്വരൻ' എന്നും വിളിക്കുന്നു. പട്ടിയെന്നാൽ തമിഴിൽ ഗോഷ്ഠം (ഗോശാല) എന്നര്‍ത്ഥം. ഒരു ഗോഷ്ഠത്തിൽ ആ ശൈവബിംബം ആദ്യമായി ദൃശ്യമാകുകനിമിത്തമാണു് ദേവനു് ആ നാമധേയം സിദ്ധിച്ചതു്. കവി 'പട്ടി'യെ സംസ്കൃതീകരി ച്ച 'ഭട്ടി'യാക്കിയിരിക്കുന്നു.


പിന്നീടു സഹ്യപർവ്വതത്തെ ഉല്ലംഘിച്ചു കേരളത്തിൽ പ്രവേശിക്കുവാൻ ദൂതൻ നിയുക്തനാകുന്നു.


"ലംഘ്യസ്സഹ്യസ്താനു ഭവതാ യത്ര ധാത്രീതരുണ്യാഃ
കേശീഭൂതേ മൃഗതതിമയീ യൂകപംക്തിര്‍ന്നിലീനാ 
ഭൂഭൃൽകാന്തശ്ശരനഖമുഖൈശ്ചാലയിത്വാ സലീലം
ഭൂൽകാരോക്തിപ്രസരമുഖരൈരന്വഹം ഭജ്യതേ ഹി.


സ്വൈരം ഗന്തും ന ഹി ഭൃഗുപതി: കേവലം കേരളാൻ സ്വാൻ
രുദ്ധാകാശം പറ്റി പരശുനാ യം ബഭഞ്ജാദ്രിരാജം
ഔന്നത്യേന സ്മര! പരമധഃകുര്‍വ്വതസ്തസ്യ സര്‍വ്വം
ഗര്‍വ്വോച്ഛിത്യാ അപി പരമദോദ്രേകലേശാസഹിഷ്ണുഃ."


സഹ്യപർവ്വതത്തെ ഭൂദേവിയുടെ കേശമായും അതിലേ മൃഗങ്ങളെ മക്കുണങ്ങളായും കവി അചുംബിതമായ രീതിയിൽ വര്‍ണ്ണിച്ചിരിക്കുന്നു. പാലക്കാട്ടേ മലയിടുക്കു് ഭാര്‍ഗ്ഗവരാമൻ സഹ്യനെ പരശുകൊണ്ടു മുറിച്ചുണ്ടാക്കിയതാണെന്നും കവി പറയുന്നു.


അനന്തരം 'ദക്ഷിണനായകൻ' എന്ന ഒരു രാജാവിന്റെ ദേശമാണു് വര്‍ണ്ണിക്കപ്പെടുന്നത്.


"തേഷു ശ്രീമാനനുപമഗുണോ ദക്ഷിണോ നായകോ നാ-
മോര്‍വ്വീനാഥോ ഭവതി; ഭവതാ തൽക്ഷിതിഃ പൂർവ്വഗമ്യാ;
യസ്യാസ്താവന്മദന! സുതനോര്‍ദ്ദക്ഷിണോദീച്യഹാര്യൌ
തുംഗൌ കൌചിൽ പൃഥുതരകുചദ്വന്ദ്വശോഭാം വിധത്തഃ"


ഈ ശ്ലോകത്തിൽ സൂചിപ്പിക്കുന്നതു് പാലക്കാട്ടുരാജാവിനെയായിരിക്കാം. വടമലപ്പുറമെന്നും തെൻമലപ്പുറമെന്നും രണ്ടു പ്രദേശങ്ങൾ അവിടെ ഇന്നും ഉണ്ടല്ലോ. ആ മലകളെയാണു് 'ദക്ഷിണോദീച്യഹാര്യൌ' എന്ന പദംകൊണ്ടു സ്മരിക്കുന്നത്. പാലക്കാട്ടിനു വടമലപ്പുറമെന്നു പേരുണ്ട്. 'ദക്ഷിണൻ' എന്നു പാലക്കാട്ടുരാജാവിനെപ്പറ്റി അന്യത്ര പ്രസ്താവനയുള്ളതായി എനിക്കറിയില്ല.


"യസാമുദ്യത്ത്രിഭുവനഭവൽസമ്പദാക്ഷേപശക്തിർ-
ല്ലക്ഷ്മീലീലാചലനനിലയാ കാപി ഹൃദ്യാ നിഷദ്യാ
യദ്വിശ്ലേഷേ സതി ബത പരേ ലൌകികാഃ കേരളീയാൻ
ദൃഷ്ട്വാ ബാലാനിവ വിവസനാൻ ഹസ്തതാഡം ഹസേയുഃ." 30


അവിടെ വസ്ത്രവ്യാപാരം ധാരാളമായി നടക്കുന്ന മനോഹരവും സമ്പൽസമൃദ്ധവുമായ ഒരു ചന്തയുണ്ട്. അതില്ലെങ്കിൽ കേരളീയർ ബാലന്മാരെപ്പോലെ വിവസനന്മാരായിത്തീരുകയും അന്യരുടെ പരിഹാസത്തിനു പാത്രീഭവിക്കുകയും ചെയ്യും.


"തസ്മാദ്ദേശാൽ ദ്രുതതരമവാചീമുഖോ യാഹി യാവൽ ഗംഗാ സാക്ഷാദ്വിഗളതി നിളാ നാമ" എന്നുള്ള പ്രസ്താവനയോടുകൂടി കവി അനന്തരം മന്മഥനെ 'മംഗലം' എന്ന ദേശത്തേക്കു പോകുവാൻ ഉപദേശിക്കുന്നു; അതിനുമേൽ തിരുവില്വാമലയ്ക്കും.


"നത്വാ ദേവീം പടുഗതിരടൻ മംഗലം ഗച്ഛ ദേശം
തദ്ഭൂരത്നം ദ്വിജമപി തഥാ മംഗലം മംഗലാഖ്യം
വാഗ്ഗുംഫസ്യ സ്മര! രചയിതും കാംക്ഷിതസ്യോക്തശേഷം
നിര്‍മ്മാതും യന്മിഷകൃതവപുഃ കാളിദാസ പുനർഭൂഃ.


തസ്മാൽ ഗച്ഛൻ യമദിശി വിഭോ! പശ്യ വിശ്വാചലേന്ദ്രം
വിഷ്ണുസ്സാക്ഷാദ്വസതി സഹിതോ യത്ര പാത്മോര്‍വ്വരാഭ്യാം; അന്യാഗാരസ്ഥിതിവിമുഖയോഃ കാന്തയോരദ്രിശൃംഗം
തുല്യം പശ്യന്നിവ; സുഖമതിഃ കോ നു പത്നീദ്വയേന?"


ഇവിടെ കവി സ്മരിക്കുന്നതു് കിള്ളിക്കുറിശ്ശിമംഗലമാണെന്നു തോന്നുന്നു; പല പണ്ഡിതന്മാരും കവികളും പണ്ടു് ഈ പ്രദേശത്തെ ആത്മസാന്നിധ്യത്താൽ അലങ്കരിച്ചിട്ടുണ്ടു്. രാമപാണിവാദൻ അവിടെവച്ചാണല്ലോ "മദനകേതുചരിതം പ്രഹസനം' രചിച്ചത്. പ്രസ്തുതപദ്യത്തിൽ കവി പ്രശംസിക്കുന്ന 'മംഗലൻ' എന്ന മഹാകവി ആരെന്നു ഉപരിഗവേഷണംകൊണ്ടു നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. 'മംഗലൻ' എന്നൊരു കേരളീ യപണ്ഡിതന്റെ കിരാതാജ്ജുനീയവ്യാഖ്യാനം ഞാൻ കണ്ടിട്ടുണ്ടു്. തിരുവില്വാമല, മഹാവിഷ്ണുവിനു് തന്റെ ഭാര്യമാരായ ലക്ഷ്മിയേയും ഭൂമിയേയും ഒന്നുപോലെ ഉപവേശിപ്പിക്കുവാൻ പറ്റിയ ഒരു ശൈലശൃംഗമാണെന്നു കവി ഉപന്യസിക്കുന്നു. കിള്ളിക്കുറിശ്ശിമംഗലത്തിനു തെക്കാണല്ലോ തിരുവില്വാമല.


പിന്നീടു തൃശ്ശിവപേരൂർ നഗരത്തെ നമ്പൂരി വര്‍ണ്ണിക്കുന്നു.


"പശ്ചാൽ ഗച്ഛൻ മനസിജ! പുനഃ പുണ്യശാലാവിശാലം
ദൂരാൽ ക്ഷേത്രം വൃഷപുരമിതി ഖ്യാതമീക്ഷസ്വ സാക്ഷാൽ;
ഗംഗാചൂഡം മനസിജ! പതിം വീക്ഷ്യ കോപേന ദേവ്യാം
പ്രാഗ്വക്ത്രായാം സ ഖലു വിമുഖോ വര്‍ത്തതേ യത്ര ശംഭുഃ


ദൃഷ്ട്വാ ഗൌരീരമണവപുഷം രോഷവത്യാം രമായാം
യസ്മാൽ ഗത്വാ ഗിരിശസവിധേ വിഷ്ണുരാസ്തേ വിനീതഃ;
താമേവാസ്മാദപരസുലഭാം വത്സലാദിന്ദുമൌലേഃ
പ്രാപ്തും ലോഭാദിവ കൃതമതിര്‍ദ്ദേഹസംക്രാന്തിവിദ്യാം.


യസ്മിൻ ക്ഷേത്രേ ഹരിഹരമയീ വര്‍ത്തതേ കാപി മൂര്‍ത്തി-
മ്മന്യേ യസ്യാസ്സതി സുരഗണേ സ്മേരവക്ത്രേ സമന്താൽ
അര്‍ദ്ധം നഗ്നം ഖലു നിജപടാഗ്രേണ തച്ഛാദനേച്ഛാ-
വര്‍ദ്ധേന്യസ്മിൻ ക്രമവിപുലിതം യാവദേതര്‍ച്ച നഗ്നം."


ഒടുവിലത്തെ ശ്ലോകം തൃശ്ശൂരിലേ ശങ്കരനാരായണമൂര്‍ത്തിയെപ്പറ്റിയുള്ളതാണു്. ആ വിഗ്രഹത്തിൽ പകുതി (ശിവാകാരമായ അര്‍ദ്ധം) നഗ്നമായിക്കണ്ടു ദേവന്മാർ ചുറ്റുപാടും നിന്നു പുഞ്ചിരികൊള്ളുന്നു; അവിടം മറുഭാഗത്തേ വസ്ത്രംകൊണ്ടു് ആച്ഛാദനംചെയ്യുവാൻ ശങ്കരനാരായണസ്വാമി തുടങ്ങുമ്പോൾ മറുഭാഗം ക്രമേണ നഗ്നമായി പരിണമിക്കുന്നു.


അനന്തരം ക്ഷേത്രത്തിനു വടക്കുകിഴക്കായി താൻ മുൻപു കടത്തു കൂലി ഇളവുചെയ്തു എന്നു വര്‍ണ്ണിച്ച കൊച്ചി രാമവർമ്മമഹാരാജാവു തൃശ്ശിവപേരൂരിൽ പണികഴിപ്പിച്ച കോവിലകത്തേ വര്‍ണ്ണിക്കുന്നു. അന്നു് അവിടുന്നു തീപ്പെട്ടുകഴിഞ്ഞിരുന്നു എങ്കിലും, ആ കോവിലകം കണ്ടു തൃശ്ശൂർ നഗരി അവളുടെ വൈധവ്യദുഃഖത്തെ പരിഹരിക്കുന്നതായി കവി ഉൽപ്രേക്ഷിക്കുന്നു.


"കാചിൽ സൌമ്യാം ദിശി പുനരസൌ രാജധാനീ സമിന്ധേ
സൃഷ്ട്യാ രാജ്ഞാ പ്രഥിതയശസാ രാമവർമ്മാഭിധേന;
രാമേ സ്വര്‍ഗ്ഗം ഗതവതി ചിരാദാകുലാ സത്യയോധ്യാ
യദ്രൂപോത്ഥാ ശമയതി ശുചം തേന വൈധവ്യജാതാം.”


'രാജധാനീ' എന്നും 'അയോധ്യാ' എന്നും ഉള്ള പദങ്ങൾ, പക്ഷേ കോവിലകത്തേയും അതിനെ തൊട്ടുള്ള വീഥികളേയും പരാമര്‍ശിക്കുന്നതായി പരിഗണിക്കാവുന്നതാണു്.


പിന്നീടു്, കവി തൃശ്ശൂരുള്ള സ്വാമിയാർ മഠങ്ങളെപ്പറ്റി ഉപന്യസിക്കുന്നു.


"ക്ഷേത്രോപാന്തേ നിശമയ മഠാസ്സന്തി സന്യാസഭാജാം
ശാസ്ത്രാദര്‍ശേ മനസിജ! സുസന്ദൃഷ്ട്രശാരീരകാണാം
പശ്ചാൽ സര്‍വ്വം ക്രമഗതിപദേഷ്വര്‍ച്ചിരാദിസ്ഥലേഷു
പ്രാശ്യാരബ്ധം പുനരനുപമം മുക്തിസൌഖ്യം ഗതാനാം."


നായികയുടെ കാര്യം കവി അനന്തരം സ്മരിക്കുന്നു.


“ആഹൃത്യാക്ഷിഭ്രമണമമുതശ്ശാക്വരാൽ ക്ഷേത്രരത്നാൽ
സദ്യോ യായാഃ പ്രിയസഹചരീദേശമവ്യാജവേഗഃ
സ്വച്ഛന്ദാത്മാ ചപലവചസാം യാഹി യാഹീതി വാചാ
ക്രുദ്ധ്യത്യേവ ക്ലിശിതഹൃദയസ്ത്വാമൃതേ പുണ്യശീലം."


പുണ്യശീലനായ മന്മഥനല്ലാതെ സ്വച്ഛന്ദാത്മാക്കളായ മറ്റാരും തന്നെ 'പോകൂ പോകൂ' എന്നു പറഞ്ഞാൽ ക്രൂദ്ധന്മാരാകാതെയിരിക്കുകയില്ലത്രേ.


തൃശ്ശൂർ നിന്നു തിരുനാവായയ്ക്കു പോകുന്ന വടക്കുപടിഞ്ഞാട്ടുള്ള വഴിയിൽ (1) ഇഷ്ടക്രോഡം (2) കുരുക്ഷേത്രം (3) അംബാശൈലം (4) അമ്ലശൈലം എന്നീ സ്ഥലങ്ങളെ കവി സ്മരിക്കുന്നു.


“ഇഷ്ടക്രോഡസ്താൻ ഭവതാ ഗമ്യതാമാത്തവേഗം
യദ്ഭൂദേവേഷ്വജനി മഹിതേഷ്വാഭിജാത്യോര്‍ദ്ധ്വസീമാ
യേഷാം പൂര്‍വ്വേ ക്രതുഭിരയുതം വത്സരാനിഷ്ടവന്ത-
സ്ത്രേതാവഹ്നീനഥ ദദുരമീ തേഷു ജാത്യുന്നതത്വം."


'ഇഷ്ടക്രോഡം' തിരുമിറ്റക്കോടെന്ന ക്ഷേത്രമാണു്. 'വിത്തുവക്കോടു്' എന്ന പേരിൽ കുലശേഖര ആഴ്‍വാരുടെ 'പാട'ലിനു വിഷയീഭവിച്ചിട്ടുണ്ടു്. ചെറുവണ്ണൂരിൽനിന്നു് നാലഞ്ചുനാഴിക തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പിതൃകർമ്മങ്ങൾക്കു് ഒരു മുഖ്യസ്ഥലമാണു്.


"യാഹി ഗ്രാമം ദ്രുതമഥ കുരുക്ഷേത്രമസ്മാൽ പ്രദേശാ-
ദ്യദ്വിപ്രാണാം വിഹിതനിയമാചാരജാതൈസ്തപോഭിഃ
ബ്രഹ്മക്ഷത്രേത്യമിതയശസസ്താവദദ്യാപി നേയം
ക്ഷത്രാക്രാന്ത്യാ ലാലരപി മഹി മുച്യതേ കേരളാഖ്യാ.


യേഷാം ശാസ്ത്രേ പ്രകൃതികഠിനോ വര്‍ത്തതേ വാഗ്വിവര്‍ത്ത-
സ്തര്‍ക്കാരംഭേ പ്രകൃതിപരുഷോ ജൃംഭതേ വാക്യഗുംഫഃ
കാവ്യാസ്വാദേ പ്രകൃതിമധുരസ്സ്യന്ദതേ വാങ്മരന്ദ-
സ്തേ വാ കേഷാം ന ഹി നുതിപദം വിശ്വവിദ്യാവിദഗ്ദ്ധാഃ?"


'കുരുക്ഷേത്രം' എനാ ഗ്രാമത്തിലേ ബ്രാഹ്മണർ തപസ്സ്വാധ്യായനിരതന്മാരാകയാൽ ക്ഷത്രിയന്മാരുടെ ആക്രമണം ഉണ്ടായിട്ടും ഇന്നും കേരളം 'ബ്രഹ്മക്ഷത്ര'മെന്നുള്ള അതിന്റെ യശസ്സ് സമഗ്രമായി പരിപാലിക്കുന്നു. ആ ബ്രാഹ്മണർ ശാസ്ത്രത്തിലും തര്‍ക്കത്തിലും കാവ്യത്തിലും ഒന്നു പോലെ നിഷ്ണാതന്മാരാകുന്നു. 'കുരുക്ഷേത്രഗ്രാമം' ശുകപുരം ഗ്രാമമാണെന്നറിയുന്നു. ദക്ഷിണാമൂർത്തിക്കാണു അവിടെ പ്രാധാന്യം. കൊടിക്കുന്നിൽനിന്നു നാലഞ്ചുനാഴിക അകലെയാണ് ശുകപുരം. അവിടെനിന്നു നാലഞ്ചുനാഴിക അകലെ തിരുനാവാവിഷ്ണുക്ഷേത്രവും.


"അംബാശൈലം തദനു ഭവതാ ഗമ്യതാമംഗയോനേ!
ഗത്വാ ദൃശ്യം ദൃഷദി ഗിരിജാപാദവിന്യാസചിഹ്നം
ഏകേനൈവ സ്മര! ഗിരിസുതാ യത്ര പാദേന തസ്ഥൌ
ഭംഗ്യാ കര്‍ത്തും പ്രിയമിവ കദാപ്യേകപാദസ്യ ശംഭോഃ.


യസ്യോദീച്യാം ദിശി നിവസതി ക്ഷ്മാസുരോ നീലകണ്ഠോ
ലോകേ കാലക്ഷപിതയജനേ ധര്‍മ്മതത്വേ പ്രലീനേ
സ്മൃത്വാ സാക്ഷാൽ സ്വവിധിനിയമധ്വംസവിധ്വസ്തധൈര്യോ
ധര്‍മ്മസ്ഥിതൈ പുനരജനി ബൌധായനോ യൽസ്വരൂപഃ"


"അംബാശൈലത്തിലേ കരിങ്കല്ലിൽ പാർവ്വതീദേവിയുടെ പാദവിന്യാസചിഹ്നം കാണ്മാനുണ്ടു്. ചിലപ്പോൾ ഏകപാദനായി നത്തനം ചെയ്യുന്ന തന്റെ ഭർത്താവിനെ പ്രീതിപ്പെടുത്തുവാൻവേണ്ടി ആ ദേവിയും ഒറ്റക്കാലിൽ നിന്നതാണോ എന്നു തോന്നും. ശ്രൌകസ്മാര്‍ത്തസൂത്രകാരനായ സാക്ഷാൽ ബൌധായനൻതന്നെ ധമ്മത്തിന്റെ നിലനില്പിനു വേണ്ടി അവതരിച്ചുവോ എന്നു തോന്നത്തക്കവണ്ണം കര്‍മ്മഠന്മാരിൽ അഗ്രിമനായി ശോഭിക്കുന്ന നീലകണ്ഠൻനമ്പൂരിയുടെ ഇല്ലം അതിനു വടക്കാണു്.'' ബൌധായനസൂത്രാവലംബിയായ ഈ നീലകണ്ഠൻ പ്രൈഷം, ചടങ്ങ്, പ്രായശ്ചിത്തം തുടങ്ങിയ വൈദികഗ്രന്ഥങ്ങളുടെ പ്രണേതാവായ തൈക്കാട്ടുവൈദികൻ നീലകണ്ഠയോഗിയാരായിരിക്കുമെന്നുതോന്നുന്നു. 'അംബാശൈലം' കൊടിക്കുന്നാണു്. മലമക്കാവെന്നും പറയും. കൊടിക്കുന്നിൽഭഗവതിയെപ്പറ്റി ചില പഴയ ശ്ലോകങ്ങൾ വായിച്ചിട്ടുണ്ട്. പ്രസ്തുതക്ഷേത്രം ആ വഴിക്കു പിന്നെയും നാലഞ്ചുനാഴിക പടിഞ്ഞാറാണെന്ന് അറിയുന്നു.


ഒടുവിൽ മന്മഥനെ കവി തിരുനാവായിൽ എത്തിക്കുന്നു. അത് അമ്ലശൈലവും ഭാരതപ്പുഴയും തരണം ചെയ്യിച്ചിട്ടാണു്.


"തീർത്വാ വത്സാം തദനു നിവസന്നമ്ലശൈലേ നിളാഖ്യാം
ദൃഷ്ട്വാ പശ്ചാദഖിലദുരിതധ്വംസധുര്യാവലോകാം
നാവാക്ഷേത്രം പ്രവിശ ഭൂവനേ... ...ക്ഷേത്രനാമ്നാ
വിശ്വശ്ലാഘ്യം മദന! ജുഷതാം മംക്ഷുദത്താപവര്‍ഗ്ഗം."


'തീർത്വാ വത്സാം' എന്നു പറഞ്ഞതുകൊണ്ടു് വത്സയെ കടന്നിട്ടുവേണം അമ്ലശൈലത്തിൽ എത്തുന്നതിനു് എന്നു സിദ്ധിക്കുന്നു. 'അമ്ലശൈലം' പുള്ളിക്കല്ലെന്ന സ്ഥലമാകുന്നു. എന്നാൽ വെള്ളിയാൻകല്ലെന്ന പേരിലാണ് അതിനു പ്രസിദ്ധി അധികം. തിരുമിറ്റക്കോടിനു നാലഞ്ചുനാഴിക പടിഞ്ഞാറും തൃത്താലയ്ക്കടുത്തുമാണു് ഇതിന്റെ സ്ഥിതി. ഇവിടെയും പിതൃകർമ്മം നടത്താറുണ്ടു്. 'മേഴത്തോളഗ്നി ഹോത്രി'യുടെ ഇല്ലം ഇതിനടുത്താണെന്നു പറയുന്നു.


ഈ നാലു സ്ഥലങ്ങളെപ്പറ്റിയും എനിക്കു കേട്ടറിവുമാത്രമേയുള്ളൂ. വല്ല സ്ഖലിതങ്ങളും വന്നുപോയിട്ടുണ്ടെങ്കിൽ വായനക്കാർ അറിയിച്ചുതരണമെന്ന് അപേക്ഷിക്കുന്നു.


ഈ പദ്യത്തോടുകൂടി പൂര്‍വ്വസന്ദേശം അവസാനിക്കുന്നു.


ഉത്തരസന്ദേശം ആരംഭിക്കുന്നതു് തിരുനാവായുടെ ഉജ്ജ്വലമായ ഒരു വര്‍ണ്ണനത്തോടുകൂടിയാണു്. പതിനാറു പദ്യങ്ങൾ ആ വര്‍ണ്ണനത്തിനു കവി വിനിയോഗിക്കുന്നു.


“പുണ്യ യസ്മിൻ വസതി നവഭിര്യോഗിഭിഃ കല്പിതാത്മാ,
വിഷ്വക്സേനോ വിപദി ജഗതാം ദഹസ്താവലംബഃ
ഗൌരീഭര്‍ത്തുഃ കിമുത ഭഗവന്നര്‍ദ്ധമാപ്തം ത്വയേതി
ക്രൂദ്ധേവാങ്കാദ്വസതി കമലാ യസ്യ കിഞ്ചിദ്വിദൂരേ.


കോണേ യസ്മിൻ മദന! ശിഖിനോ മണ്ഡപഃ കോപി തുംഗഃ
സ്വര്‍ണ്ണാകീര്‍ണ്ണോ വിലസതി ഹരേരാസ്പദം വിശ്വവന്ദ്യഃ
കൈലാസേന ത്രിണയനഭൃതാ നിന്ദിതസ്സോപി മേരു-
ര്യദ്യാജേന പ്രണിഹിതവപുഃ പ്രൌഢിമാഢൌകതേ സ്വാം.


ഐശേ ചാഭാത്യചലജലധിസ്വാമിനോ ഭുക്തിശാലാ;
തദ് ഭാഗ്യാപ്തോദയമപി ച തം വീക്ഷ്യ കൈലാസശൈലഃ
യദ് ഭക്തൌഘച്ഛലകൃതവപുർവ്വിശ്വതുഷ്ട്യൈ ഭവിഷ്യ-
ന്മേരൂക്ത്യേവ ദ്വിജപരിഷദാ പീഡ്യതേ ഹന്ത മാനീ.


തസ്മിൻ ദൃശ്യം പ്രതിനവസുധാപാണ്ഡരം സാലചക്രം
പ്രോത്തുംഗാംഗം മദന! പരിതോ യന്മിഷേണോദ് ഗതസ്യ
ചക്രീന്ദ്രസ്യ പ്രവിതതഫണാകാരതശ്ശോഭമാനം
വക്ത്രശ്രേണീഘടിതശിഖരം ഭാസുരം ഗോപുരാഗ്രം.


യൽപാദാന്തേ സ്രവതി ഹി നിളാ നാമ കാഥിൽ സ്രവന്തീ
നിശ്ശേഷാംഹഃ പ്രശമനധുരീണാംബുസംഭാവനീയാ
ഗൌരീതന്ത്രാൽ കമിതൃനികടാജ്ജന്മഭൂരേവ ഹൃദ്യേ-
തീര്‍ത്ഥം സ്മൃത്വാ വിബുധതടിനീ യന്മിഷേണാവതീര്‍ണ്ണാ.


യസ്യാസ്തീരേ ഭവതി സദനം ദക്ഷിണേ ദക്ഷഹന്തു-
ര്യജ്ഞധ്വംസാദധികകുപിതം വിഷ്ണുമാരാധയിഷ്യൻ
രുഷ്ട്രസ്യാരാദനുമതിമൃതേ സ്വാമിനഃ പ്രീതികാമൈര്‍-
ന്നായാതവ്യം ദ്രുതമിതി ധിയേവാച തോയാവധിം യഃ


ക്ഷേത്രാദസ്മാദ്ദിശി വലരിപോര്‍വ്വത്തതെ ക്ഷേത്രമന്യ-
ദ്യസ്മിൻ പ്രീത്യാ ഹരിരുപഗതോ ദ്രഷ്‌ടുമിഷ്ടം ഗിരീശം 
വിപ്രീഭൂതത്രിദശനിഗമസ്തോത്രസംഭാവിതാഹം-
ഭാവം ദൃഷ്ട്വാ ഭവതി വിമുഖോ യഃ പുനസ്തം രുഷേവ


മദ്ധ്യേ കശ്ചിദ്വടതരുരനംഗൈതയോര്‍ഹാരധാമ്നോ-
ര്യസ്യോപാന്തേ ത്രിഭുവനമുടേ കേരളേന്ദ്രോഽദ്വിതീയഃ തിഷ്ഠന്മാഘോത്സവമനുലസന്മന്ദഹാസച്ഛലോദ്യൽ-
ഗംഗാതോയപ്ലുതിവിഹരണാനന്ദിതാശേഷജന്തുഃ


ശൈലാഭോഗോ ഭവതി ഭവനാൽ പത്മനാഭസ്യ പശ്ചാ-
ന്മാഘേ യസ്മിന്നചലജലരാശീശ്വരസ്സഞ്ചകാസ്തി
ശോഭാഭംഗം സമയനിയതം ത്യക്തുമൌത്സുക്യശാലീ
യദ് ഭൂഷാത്മാ വിലസതി ശശാങ്കാദിതേജസ്സമൂഹഃ


ദേവവ്യൂഹേ ഗതവതി മഖം ദ്രഷ്ടുമാപ്തസ്യ വിഷ്ണോ-
സ്സ്വഽഗ്ഗഃ സമ്പൽപ്രചുരിമനിധിര്‍ദ്ദൈത്യദുര്‍വൈരഭീരുഃ
ഐശ്വര്യം സ്വം വിശദയശസോ യസ്യ ശക്ത്യാരിരക്ഷു-
ഗ്ഗേര്‍ഹവ്യാജാൽ സ്വയമധിഗതോ രക്ഷതി സ്വം ശരീരം.


യസ്മിൻ വാരാന്നിധിശിഖരിണോരീശ്വരേ തിഷ്ഠമാണേ
വേഗാൾ സിന്ധൌ ജനതതിമിഷാദാഗതേ തത്ര കാമം
ശൈലാഃ കുംഭിച്ഛലിതവപുഷസ്തൂര്‍ണ്ണമായാന്തി മോദാ-
ദ്വാതാംബഷ്ഠപ്രചലിതലതാപാണിഭിസ്സോപചാരാഃ


വാചാ സിന്ധോരിവ നികടഭാജീശിതുര്‍ന്നിമ്നഗായാ
മുക്തഃ കശ്ചിൽ കുലശിഖരിഭിസ്സപ്തഭിസ്സപ്തപര്‍ണ്ണഃ
ബിഭ്രത്തേഷാം നിജദലമിഷാൽ സപ്തസന്ദേശപത്രം
ശൈലാബ്ധീശം ഗിരിമകുടഗം സേവതേ പാര്‍ശ്വവര്‍ത്തീ."


"നവയോഗികളാൽ കല്പിതാത്മാവായ തിരുനാവായപ്പൻ അവിടെ സന്നിധാനം ചെയ്യുന്നു. 'അങ്ങേയ്ക്കു പകുതിദ്ദേഹം(ഭാര്യ) ലബ്ധമായോ' എന്നു ശിവൻ വിഷ്ണുവിനോടു ചോദിക്കുന്നതുകേട്ട് കോപിഷ്ഠയായെന്നപോലെ, തന്റെ പ്രിയതമന്റെ മടിയിൽനിന്നു മാറി ലക്ഷ്മിദേവി സ്വല്പം ദൂരത്തായും നിവസിക്കുന്നു. തിരുനാവായിൽ അഗ്നികോണത്തിൽ ഒരു സ്വര്‍ണ്ണമണ്ഡപമുണ്ടു്; അവിടെയാണു് മഹാവിഷ്ണുവിന്റെ നിത്യവാസം. ശിവനെ വഹിക്കുന്ന കൈലാസപര്‍വ്വതത്താൽ ആക്ഷിപ്തമായ മഹാമേരു (വിഷ്ണുവിനെ ധരിച്ചുകൊണ്ട്) അവിടെ തന്റെ പ്രൌഢിയെ പ്രദര്‍ശിപ്പിക്കുന്നു. ഈശാനകോണത്തിൽ സാമൂതിരിപ്പാട് ഏര്‍പ്പെടുത്തീട്ടുള്ള ഊട്ടുപുരയുണ്ട്. അതിൽ കൈലാസം അന്നകൂടാകൃതി കൈക്കൊണ്ടു ബ്രാഹ്മണരാൽ ഭുക്തമാകുന്നു. അവിടത്തെ ധവളമായ മതിൽക്കൂട്ടം കണ്ടാൽ ആദിശേഷനാണെന്നും, ഗോപുരം കണ്ടാൽ ആ സര്‍പ്പരാജന്റെ ഫണമാണെന്നും തോന്നും. അതിന്റെ പാദത്തിലൂടെയാണു് വിശ്വപാവനിയായ ഭാരതപ്പുഴ പ്രവഹിക്കുന്നതു്. പാർവ്വതീദേവിക്ക് അധീനമായ ഭത്താവിന്റെ പരിസരത്തെക്കാൾ തനിക്കു വാസയോഗ്യമായുള്ളതു തൻറെ ജന്മഭൂമിയായ ഭാരതഖണ്ഡംതന്നെയാണെന്നു കരുതി, ഗംഗ അവിടെ അവതരിച്ചിരിക്കുന്നുവോ എന്നു ശങ്കിക്കാം. ആ പുഴയുടെ തെക്കേക്കരയിൽ ഒരു ശിവക്ഷേത്രമുണ്ടു്. താൻ ദക്ഷന്റെ യാഗത്തെ ധ്വംസിക്കുക നിമിത്തം കുപിതനായ മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കുവാൻ ശിവൻ അവിടെ പറ്റിക്കൂടിയിരിക്കയാണു്. സ്വാമിപ്രീകി ആഗ്രഹിക്കുന്നവർ സ്വാമിയുടെ അനുവാദം കൂടാതെ മുൻപിൽ കടന്നുചെല്ലരുതെന്നുള്ളതുകൊണ്ടാണു പുഴയ്ക്കും വടക്കു പോകാതെ ആ ദേവൻ അവിടെത്തന്നെയിരിക്കുന്നതു്. ആ ക്ഷേത്രത്തിനു കിഴക്കു മറ്റൊരു ദേവാലയമുണ്ട്; വിഷ്ണു തന്റെ മിത്രമായ ശിവനെ സന്ദര്‍ശിക്കുവാൻ വരുന്ന അവസരത്തിൽ വിപ്രരൂപികളായ ദേവന്മാർ ശിവനെ വേദോച്ചാരണംകൊണ്ടു സ്തുതിക്കുന്നതുകണ്ടു് രുഷ്ടനായി ആ സന്ദർശനം വേണ്ടെണ്ടെന്നുവച്ച ആ ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നു. അവിടെ മധ്യഭാഗത്തായി ഒരു വടവൃക്ഷമുണ്ടു്. അതിനു സമീപം അദ്വിതീയനായ സാമുതിരിപ്പാടു് മാമാങ്കമാഘോഷിക്കുവാൻ നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മന്ദസ്മിതമാകുന്ന ഗംഗാജലത്തിൽ സകലജനങ്ങളും മജ്ജനം ചെയ്തു് ആനന്ദം അനുഭവിക്കുന്നു. വിഷ്ണുക്ഷേത്രത്തിൽ പടിഞ്ഞാറായി ഒരു കുന്നുണ്ട്; അവിടെയാണു് മാമാങ്കത്തിൽ സാമൂതിരിപ്പാട് നിലപാടുനില്ക്കുന്നതു്. അനിത്യമായ തങ്ങളുടെ ശോഭയെ ശാശ്വതീകരിക്കുന്നതിനുവേണ്ടി ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും മറ്റും അദ്ദേഹത്തിന്റെ ആഭരണങ്ങളായി പരിലസിക്കുന്നു. വിഷ്ണുവിന്റെ മുഖം കാണുവാൻ ദേവന്മാർ തന്നെ വിട്ടുപോകവേ സമ്പൽ സമൃദ്ധമായ സ്വര്‍ഗ്ഗം, ആ തക്കംനോക്കി അസുരന്മാർ തന്നെ ആക്രമിക്കുമൊ എന്നു ഭയപ്പെട്ട് സാമുതിരിപ്പാട്ടിലേ കോവിലകത്തിന്റെ വേഷത്തിൽ അവിടെ ദൃശ്യമാകുന്നു. കുന്നലക്കോനാതിരി അവിടെ സന്നിഹിതനാകവേ, സമുദ്രം ആൾക്കൂട്ടമെന്നും കുന്നുകൾ കൊമ്പനാനകൾ എന്നുമുള്ള വ്യാജത്തിൽ വന്നുചേരുന്നു. ആ ആനകളുടെ പാപ്പാനായ കാറ്റ് ചലിപ്പിക്കുന്ന ലതകളാണു് ആനകളുടെ തുമ്പിക്കൈകൾ. ആ കുന്നിന്റെ മുകളിൽ ഒരു ഏഴിലംപാലയുണ്ട്. അതിലേ ഇലകൾ സപ്തശൈലങ്ങൾ സാമൂതിരിപ്പാട്ടിലേയ്ക്കയച്ച എഴുത്തുകൾപോലെ ശോഭിക്കുന്നു."


ബാക്കിയുള്ള ശ്ലോകങ്ങൾ സ്ത്രീവര്‍ണ്ണനപരങ്ങളാണു്. അവയിൽ ഒന്നു മാത്രം ഉദ്ധരിക്കാം.


"യത്ര സ്ത്രീണാം കുചഭരയുഗം വീക്ഷ്യ ഖേദാൽ ഗിരീന്ദ്രാ
മേലേ മേഘോപ്യുപലകഠിനേ ഘ്നന്തി മൂര്‍ദ്ധാനമുച്ചൈഃ;
നൂനം നോ ചേൽ കഥമിവ ഘനധ്വാനവദ്രോദഘോഷാ,
വര്‍ഷാംഭോവന്നയനസലിലം, ധാതുവദ്രക്തധാരാഃ?"


തിരുനാവായിലേ സ്ത്രീകളുടെ കുചങ്ങൾ കണ്ടു ദുഃഖിച്ച് പര്‍വ്വതങ്ങൾ മേഘങ്ങളാകുന്ന കരിമ്പാറകളിൽ തലതല്ലുന്നു എന്നതു് നിശ്ചയം തന്നെ. അല്ലെങ്കിൽ എങ്ങനെയാണു് ഇടിമുഴക്കംപോലെയുള്ള രോദനവും മഴ, വെള്ളം പോലെയുള്ള കണ്ണുനീരും ധാതുദ്രവം പോലെയുള്ള രക്തധാരയുമുണ്ടാകുന്നതു്?


അനന്തരം തിരുനാവാക്ഷേത്രത്തിനു സമീപമുള്ള നായികയുടെ ഗൃഹത്തെ കവി വര്‍ണ്ണിക്കുന്നു.


"തസ്യോപാന്തേ ഹിതതമഫലാരംഭസംഭാവനീയൈ -
ശ്ശീതച്ഛായാപ്രസവസുഭഗൈശ്ശീതളം ശാഖിവൃന്ദൈഃ
ഹേമാകാരൈരപിചവരണൈരാവൃതം മഞ്ജുളാക്ഷ്യാഃ
പൂര്‍ണ്ണാഭോഗം വിവിധവിഭവൈശ്ശോഭതേ വേശ്മരത്നം."


എന്നതാണു് ആ ഘട്ടത്തിലെ പ്രഥമപദ്യം. ഒരു പദ്യംകൂടി ആ ഭാഗത്തിൽനിന്നു ചുവടേ ചേര്‍ക്കുന്നു.


"വല്ലീബദ്ധഃ സ്ഖലു തരുണശ്ശോഭതേ ചൂതശാഖീ
കാന്താശ്ലിഷ്ടഃ പ്രിയ ഇവ പുമാൻ മഞ്ജരീമന്ദഹാസഃ
ഭൃംഗാപാംഗഃ കിസലയദുകൂലാവലീലോഭനീയഃ
പൂര്‍ണ്ണച്ഛായൻ സുരഭിലപരാഗാനുലേപോജ്ജ്വലാംഗഃ"


പുരുഷപക്ഷത്തിൽ ഛായയ്ക്കു ശോഭയെന്നര്‍ത്ഥം. നായികയെ വര്‍ണ്ണിക്കുന്ന ഘട്ടത്തിലുള്ള ഒരു പദ്യമാണ് അടിയിൽ കാണുന്നതു്.


"അന്തര്‍ഗ്ഗത്വാ സുചരിതനിധേ! പശ്യ ദൃഗ്ഭ്യാമുഭാഗ്യാം
നാരീരത്നം നരനയനയോര്‍ന്നവ്യ പീയൂഷധാരാം
വിശ്വശ്ലാഘ്യാം ഭുവനവിജയേ മോഹനാസ്ത്രം ത്വദീയം
ധാതുസ്സാക്ഷാൽ പരിചിത ഫലം ലോഭനീയാര്‍ത്ഥസൃഷ്ടേ."


മന്മഥൻ പറയേണ്ട വാക്യത്തിൽനിന്നു കൂടി ഒരു ശ്ലോകം ചേര്‍ക്കാം.


"ഭദ്രേ! ലീലാവലയിതദൃശഃ പീനവക്ഷോജഭാജഃ
ശുംഭന്മന്ദസ്മിതശശിസുധാരഞ്ജിദാശേഷയൂനഃ
ശ്രീശാലിന്യാഃ ശരണരഹിതാദ്വിപ്രയോഗാൽ ഭവത്യാഃ
ഖിന്നസ്യാസ്യ പ്രവദതിതരാം കോ നു താം താമവസ്ഥാം?"


പ്രത്യഭിജ്ഞാനവാക്യത്തിൽനിന്നും മറ്റും ഒരു പദ്യവും പകർത്തുന്നില്ല.


ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു് കാമസന്ദേശം കേരളത്തിലേ രണ്ടാംകിടയിലുള്ള സംസ്കൃതസന്ദേശങ്ങളുടെ കൂട്ടത്തിൽ ഒരു സ്ഥാനത്തെ അര്‍ഹിക്കുന്നു എന്നു സഹൃദയന്മാര്‍ക്കു കാണാവുന്നതാണു്. കവിക്കു ധാരാളം കല്പനാശക്തിയുണ്ടു്; പദഘടനയിൽ അത്രതന്നെ പാടവമുണ്ടെന്നു പറവാനില്ല.


മാതൃദത്തൻ കൊച്ചിക്കാരനാണെന്നു ഊഹിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പാലക്കാട്ടു കിള്ളിക്കുറിശ്ശിവഴി മംഗലത്തെത്തിയ മന്മഥനെ അദ്ദേഹം നേരേ പടിഞ്ഞാട്ടു തിരുനാവായയ്ക്കയയ്ക്കാതെ വളഞ്ഞവഴിയിൽക്കൂടി തൃശ്ശൂരേക്കു നയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കടത്തുകൂലി നിറുത്തുകയും തൃശ്ശൂരിൽ പുത്തനായി രാജധാനി സ്ഥാപിക്കുകയും ചെയ്ത രാമവര്‍മ്മമഹാരാജാവിനെപ്പറ്റി അദ്ദേഹത്തിനുള്ള ബഹുമാനം സീമാതീതമാണു്. തിരുനാവായിലായിരുന്നു അദ്ദേഹത്തിന്റെ പ്രിയതമയായ ചന്ദ്രലക്ഷ്മിയുടെ ഗൃഹം എന്നു തെളിഞ്ഞു കഴിഞ്ഞുവല്ലോ. കവി ചിദംബരംവരെ പരദേശത്തിൽ സഞ്ചരിക്കുകയും ആ മാര്‍ഗ്ഗത്തിലുള്ള സ്ഥലങ്ങളെപ്പറ്റി ഗ്രാഹ്യങ്ങളായ വസ്തുതകൾ ഗ്രഹിക്കുകയും ചെയ്തുകാണുന്നു. ഈ വിഷയത്തിൽ അദ്ദേഹം ചകോരസന്ദേശകാരനായ വാസുദേവന്റെയും സുഭഗസന്ദേശകാരനായ നാരായണന്റെയും രീതി പിടിക്കുന്നു. ചകോരസന്ദേശത്തിൽ നായികയാണു് നായകനു് സന്ദേശമയയ്ക്കുന്നതു് എന്നൊരു വിശേഷമുണ്ട്. മധ്യകാലങ്ങളിൽ പണ്ഡിതന്മാരായ നമ്പൂരിമാർ ധാരാളമായി വിദംബരത്തേക്കു ദേവദര്‍ശനത്തിനുംമറ്റുമായി പൊയ്ക്കൊണ്ടിരുന്നു എന്നു ഈ സന്ദേശങ്ങൾ തെളിയിക്കുന്നു.


ഈ മാതൃദത്തന്റെ ഇല്ലമേതെന്നും അദ്ദേഹം ഏതുകാലത്ത് ജീവിച്ചിരുന്നു എന്നും ഉപരിവിചാരണകൂടാതെ കൢപ്തപ്പെടുത്തിപ്പറവാൻ നിർവ്വാഹമില്ല. അദ്ദേഹത്തിന്റെ സമകാലികന്മാരെന്നു പറയേണ്ട കൊച്ചി രാമവർമ്മമഹാരാജാവു്, മംഗലകവി, നീലകണ്ഠൻ നമ്പൂരി, ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുമ്പോൾ മാത്രമേ ആ വിഷയത്തിൽ സമീചീനമായ ഒരഭിപ്രായം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. നാലു മാതൃദത്തന്മാരെപ്പറ്റി നാം കേട്ടിട്ടുണ്ട്. അവരിൽ ഒന്നാമൻ 'മിത്രാണി മാതൃദത്താദ്യാഃ കേരളേഷു ദ്വിജോത്തമാഃ' എന്നു് അവന്തിസുന്ദരീകഥാസാരത്തിൽ സ്‌മൃതനായ ആചാര്യദണ്ഡിയുടെ സ്നേഹിതൻ. അദ്ദേഹത്തെപ്പറ്റി അവന്തിസുന്ദരീകഥയിൽ ദണ്ഡി “ത്രയ്യാമം ഗേഷ്വൈതിഹ്യകലായാം കവിതായാമദ്വിതീയഃ" എന്നു പറയുന്നുണ്ടു്. ക്രി. പി. ഏഴാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നാ ആ മാതൃദത്തനല്ല കാമസന്ദേശകാരനെന്നുള്ളതു നിസ്സംശയമാണു്. രണ്ടാമൻ ജൈമിനീയസൂത്രവൃത്തിയുടെ പ്രണേതാവായ ഭവത്രാതന്റെ പിതാവാകുന്നു. അദ്ദേഹത്തേയും ഒരു കവി എന്ന നിലയിൽ നാം അറിയുന്നില്ല.


"അവനീന്ദ്രൈരവന്ധ്യാസ്ത്രൈശ്ശിരസാ ധൃതശാസനഃ
ശ്രുതിസ്മൃത്യർത്ഥതത്വജ്ഞോ ധർമ്മകർമ്മസുദക്ഷിണഃ
ദ്വിജന്മഹിതലാഭായ ദ്വിജന്മഭിരുപാശ്രിതഃ
ആസീദനവമോത്സാഹസ്സർവ്വേഷു ഖലു ജന്തുഷു
മാതൃതുല്യദയോ നാമ മാതൃദത്ത ഇതി സ്‌മൃതഃ."


എന്നേ പുത്രൻ അദ്ദേഹത്തെ വർണ്ണിക്കുന്നുള്ളു.


മറ്റൊരു മാതൃദത്തൻ മഹാകവി മേല്പുത്തൂർ ഭട്ടതിരിയുടെ പിതാവും മീമാംസാദിശാസ്ത്രഗുരുവുമായ പുണ്യപുരുഷനാണു്. അദ്ദേഹത്തെ ഒരു കവിയെന്ന നിലയിൽ നാം അറിയുന്നില്ല. നാലാമൻ മേല്പുത്തൂരിന്റെ കനിഷ്ഠസഹോദരനും ഭക്തിസംവർദ്ധനശതകത്തിന്റെ പ്രണേതാവുമായ മാതൃദത്തനാണു്. അദ്ദേഹം തിരുനാവാവരെ സന്ദേശഹരനെ നയിക്കവേ, ഇടയ്ക്കു വിശ്വവന്ദ്യനായ തന്റെ ജ്യേഷ്ഠനെ- മംഗലനെ അപേക്ഷിച്ചു തീർച്ചയായും ഉൽകൃഷ്ണനായ നാരായണീയവേധസ്സിനെ- സ്മരിക്കാതിരിക്കുമെന്നു വിശ്വസിക്കുവാൻ ന്യായമില്ല. അതിനാൽ കാമസന്ദേശനിമ്മാതാവായ മാതൃദത്തൻ ആ പേരിലുള്ള അഞ്ചാമനായ ഒരു പണ്ഡിതനാണെന്നു വേറേ തെളിവുകിട്ടുന്നതുവരെ സങ്കല്പിക്കുന്നത് യുക്തിയുക്തമായിരിക്കും. 1040-ാമാണ്ടു് കൊച്ചിരാജ്യത്ത് ഉൾനാട്ടു ചുങ്കം നിറുത്തിയതായറിയാം. അവ പിരിക്കുന്നതു സംബന്ധിച്ച് ചില വ്യവസ്ഥകൾ 947-ാമാണ്ടും ഉണ്ടായതായി കാണുന്നു; പക്ഷേ, അന്നു രാജ്യഭാരം ചെയ്തത് വീരകേരളവർമ്മ മഹാരാജാവാണു്; രാമവർമ്മാവല്ല; രാമവർമ്മ മഹാരാജാവിന്റെ വാഴ്ചകാലം 951 മുതൽ 965 വരെയാണു്; എന്നു മാത്രമല്ല അക്കാലത്തു മാമാങ്കമഹോത്സവാഘോഷവും നിന്നുകഴിഞ്ഞിരുന്നു. നീലകണ്ഠയോഗിയാരുടെ കാലം ഒൻപതാം ശതകത്തിന്റെ പൂർവാർദ്ധത്തോടടുപ്പിച്ചായിരുന്നു. 825മുതൽ 831 വരെ ചാഴിയൂർനിന്നു ദത്തുകേറിയ രാമവർമ്മതമ്പുരാനും; 833മുതൽ സ്വല്പകാലത്തേക്ക് വെട്ടത്തുനിന്നു ദത്തുപൂക്ക രാമവർമ്മതമ്പുരാനും വേറേയും ആ തിരുനാമപ്പേരുള്ള മറ്റു ചില തമ്പുരാക്കന്മാരും, ഒൻപതാം ശതകത്തിൽ കൊച്ചിരാജ്യം ഭരിച്ചിരുന്നു. അവരിൽ ആരാണു് ഉൾനാട്ടുചുങ്കം നിറിത്തിയതും തൃശ്ശൂരിൽ രാജധാനി സ്ഥാപിച്ചതുമെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.