സാഹിത്യം ഒരത്ഭുതദര്‍പ്പണമാണെന്നുള്ളതിനു സംശയമില്ല. ആ രുചിരമായ ആരാമത്തിൽ ചില സുരഭിലങ്ങളായ വാടാമലരുകളണ്ടു്; ആ അഭിവന്ദ്യമായ ക്ഷേത്രത്തിൽ ചില ദീപ്തിമത്തുകളായ കെടാവിളക്കുകളുണ്ടു്; ആ ഉത്തുംഗമായ നഭോവീഥിയിൽ അഹോരാത്രം തിളങ്ങുന്ന ചില അഖണ്ഡജ്യോതിസ്സുകളുണ്ടു്; ആ അഭൌമമായ ലോകത്തിൽ നവയൌവനത്താൽ നിത്യാശ്ലിഷ്ടരായ ചില ചിരഞ്ജീവികളുണ്ടു്. അവരുടെ ഇടയിൽ സര്‍വ്വഥാ അപശ്ചിമനായ ഒരു അനുഗൃഹീത മഹാകവിയാണു എന്റെ ഗുരുനാഥനായ ചങ്ങനാശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ രവിവർമ്മകോയിത്തമ്പുരാൻ. ആ പുണ്യശ്ലോകൻ അന്തരിച്ചിട്ട് കൊല്ലം നാല്പത്തിരണ്ടു കഴിയാറായിരിക്കുന്നു; എന്നാൽ അവിടത്തെ അജരാമരമായ യശഃകായം അഭംഗുരമായ കാന്തിപൂരത്തോടുകൂടി അനന്തരകാലികന്മാര്‍ക്ക് സവ്വഥാ ആകഷകമായി, ആനന്ദപ്രദമായി, പ്രചോദകമായി, പര്യുപാസ്യമായി സമുല്ലസിക്കുന്നു. ആധുനികഭാഷാസാഹിത്യത്തിന്റെ പോഷകന്മാരുടേയും പരിഷ്കൃത്താക്കന്മാരുടേയും മധ്യത്തിൽ അവിടന്നു സമാര്‍ജ്ജിച്ചിട്ടുള്ള സ്ഥാനം അദ്വിതീയമാണു്.
ലക്ഷ്മീപുരത്തു കൊട്ടാരത്തെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയരുണ്ടെങ്കിൽ അവർ തങ്ങളുടെ കര്‍ണ്ണങ്ങളാൽ നിശ്ചയമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. ചങ്ങനാശേരിക്കോയിത്തമ്പുരാക്കന്മാരുടെ മൂലകുടുംബം പരപ്പനാട്ടാണു്. ടിപ്പുസുൽത്താൻ എന്ന മൈസൂർവ്യാഘ്രം കേരളത്തെ ആക്രമിച്ച കാലത്തു് പരപ്പനാട്ടു കോവിലകത്തെ മൂന്നു പുരുഷന്മാരും അഞ്ചു സ്ത്രീകളും തിരുവിതാംകൂറിലെത്തി മഹാത്മാവായ കാത്തികതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സിലെ അഭയം പ്രാപിക്കുകയും ആ തിരുമേനി അവരെ ചങ്ങനാശേരിയിൽ തെക്കുംകൂർ രാജാക്ക ന്മാരിൽ നിന്നു പിടിച്ചെടുത്ത നീരാഴിക്കൊട്ടാരത്തിൽ താമസിപ്പിച്ചു സംരക്ഷിക്കുകയും ചെയ്തു. പിന്നീടാണു സാക്ഷാൽ ചങ്ങനാശ്ശേരി കൊട്ടാരം ഉണ്ടായതു്. അതിനു് ലക്ഷ്മീപുരം എന്ന അന്വര്‍ത്ഥമായ നാമധേയം നല്ലി തന്റെ പ്രിയപത്നിയുടെ സ്മരണയെ നില നിറുത്തിയതു്, 987 മുതൽ 990 വരെ തിരുവിതാംകൂർരാജ്യം പരിപാലിച്ച റാണി ഗൌരി ലക്ഷ്മീബായി തിരുമേനിയുടെ ഭർത്താവായ രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു. സകലകലാവല്ലഭനായ ഗഭശ്രീമാൻ സ്വാതിതിരുനാൾ മഹാരാജാവുതിരുമേനിയും നൃത്യകലാജീവാതുവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവുതിരുമേനിയും അവിടത്തെ പുത്രന്മാരായിരുന്നു. ഗൌരി ലക്ഷ്മീബായിതിരുമേനിയുടെ പൌത്രിയായ ലക്ഷ്മീറാണിയുടെ ഭർത്താവായിരുന്ന രാജരാജവർമ്മ കോയിത്തമ്പുരാൻ, ഇദ്ദേഹത്തിന്റെ അനന്തരവനായ ഇത്തമ്മർതമ്പുരാന്റെ അനന്തരവനായിരുന്നു. ആ അനന്തരവന്റെ അനന്തരവന്മാരാണ് ദിഗന്തവിശ്രാന്തകീര്‍ത്തികളായ കേരളകാളിദാസൻ കേരളവർമ്മവലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും അവിടത്തെ ജ്യേഷ്ഠനായ കേരളവാഗ്ഭടൻ അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാനും. ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ വലിയ ലക്ഷ്മിത്തമ്പുരാട്ടിയെന്നും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി എന്നും രണ്ടു സഹോദരിമാർ ഉണ്ടായിരുന്നതിൽ വലിയ ലക്ഷ്മിത്തമ്പുരാട്ടിയുടെ പുത്രിയുടെ പുത്രനാണു കേരളകാളിദാസനും മറ്റും. അവിടുന്നും അവിടത്തെ ജ്യേഷ്ഠനും ജനിച്ചു വളര്‍ന്നതും ലക്ഷ്മീപുരത്തു തന്നെയായിരുന്നു. സ്വല്പകാലം കഴിഞ്ഞ് 1046-ാമാണ്ടിൽ കേരളവാഗ്ഭടൻ സ്വകുടുംബത്തിന്റെ സ്വൈരസൌകര്യങ്ങളെ പുരസ്കരിച്ചു തന്റെ ശാഖയെ ഹരിപ്പാട്ടിനു സമീപമുള്ള അനന്തപുരത്ത് മാറ്റിത്താമസിപ്പിച്ചു. അങ്ങനെയാണു ലക്ഷ്മീപുരത്തുകുടുംബം രണ്ടു ശാഖയായി പിരിഞ്ഞ് രണ്ടു സ്ഥലത്തു താമസിക്കുവാൻ ഇട വന്നതു്.
ചങ്ങനാശേരിയിൽത്തന്നെ തുടന്നു താമസിച്ച കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ പുത്രന്മാരാണു് 1066-ൽ മരിച്ച ക്തൻ എന്നു പ്രസിദ്ധനായ രവിവര്‍മ്മ കോയിത്തമ്പുരാനും അവിടത്തെ അനുജൻ പരപ്പനാട്ടു രാമവര്‍മ്മകോയിത്തമ്പുരാനും. അവരുടെ ജ്യേഷ്ഠസഹോദരിയായ ലക്ഷ്മിത്തമ്പുരാട്ടിക്കു മൂത്തേടത്തുനമ്പൂരിയായിരുന്നു ഭർത്താവു്. ലക്ഷ്മിത്തമ്പുരാട്ടി നാലു പുരുഷപ്രജകളേയും രണ്ടു സ്ത്രീപ്രജകളേയും പ്രസവിച്ചു. അവരിൽ ഒരാൺകുഞ്ഞും ഒരു പെൺകുഞ്ഞും ബാല്യത്തിൽത്തന്നെ കഴിഞ്ഞുപോയി. ശേഷിച്ച സന്താനങ്ങൾ കേരളവർമ്മ കോയിത്തമ്പുരാൻ (ചെറുണ്ണി), രാമവർമ്മ കോയിത്തമ്പുരാൻ, മഹാകവി രവിവർമ്മ കോയിത്തമ്പുരാൻ (കുഞ്ഞുണ്ണി) എന്നിവരും, ഇവരുടെ ഇളയ സഹോദരി പൊന്നാണിത്തമ്പുരാട്ടിയുമായിരുന്നു. അങ്ങനെയാണു് വലിയ കോയിത്തമ്പുരാനു രവിവർമ്മകോയിത്തമ്പുരാൻ മാതൃഷ്വസേയനായിത്തീര്‍ന്നതു്.
രവിവർമ്മകോയിത്തമ്പുരാൻ 1037 മകരം 17-ാ൦നു- ഉത്രംനക്ഷത്രത്തിൽ ജനിച്ചു. കുലഗുരുവായ തിരുവാര്‍പ്പിൽ രാമവാരുടെ അടുക്കലാണു് അക്ഷരാഭ്യാസം ചെയ്തത്. അവിടത്തെ ജ്യേഷ്ഠൻ ആയില്യം തിരുനാൾ കേരളവർമ്മ കോയിത്തമ്പുരാൻ സ്വപ്രയത്നംകൊണ്ടു് വ്യാകരണം. ന്യായം, മീമാംസ, എന്നീ ശാസ്ത്രങ്ങളിൽ സാമാന്യമായ അവഗാഹം സിദ്ധിച്ച ഒരു പണ്ഡിതനും ഒരു നല്ല സംസ്കൃതകവിയുമായിരുന്നതിനാൽ കാവ്യനാടകങ്ങൾ പഠിപ്പിച്ചത് അദ്ദേഹംതന്നെയായിരുന്നു. കേരളവർമ്മ കോയിത്തമ്പുരാൻ, വിദ്വൽപ്രവേകനായിരുന്ന വിശാഖംതിരുനാൾ തിരുമനസ്സിലേക്ക് ചില സംസ്കൃതശ്ലോകങ്ങൾ നിർമ്മിച്ച് അടിയറവയ്ക്കുകയും തദ്ദ്വാരാ ആ തിരുമേനിയുടെ അഭിനന്ദനത്തിനു പാത്രീഭവിക്കുകയും ചെയ്തു. ശ്രീമൂലം തിരുനാൾ മഹാരാജാവുതിരുമനസ്സിലേ കാശിയാത്ര സംബന്ധിച്ചു മംഗളപ്രാര്‍ത്ഥനാശതകം എന്നൊരു സംസ്കൃത കാവ്യം അദ്ദേഹം രചിച്ചിട്ടുണ്ടു്. അതിൽ പത്തു ദശകങ്ങൾ അടങ്ങിയിരിക്കുന്നു. ശ്രീ പത്മനാഭൻ, വൈക്കത്തപ്പൻ, കുമാരനല്ലൂർ ഭഗവതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഭദ്രകാളി, ആറന്മുള ശ്രീകൃഷ്ണൻ, വൈകുണ്ഠപുരത്തു വിഷ്ണു, കാശീവിശ്വനാഥൻ, സകലദേവതകൾ, ഇവരോടാണു് യഥാക്രമം ഓരോ ദശകത്തിലായി കവി തിരുമേനിക്കു മംഗളപ്രാര്‍ത്ഥന ചെയ്യുന്നതു്. ദശകാന്തശ്ലോകങ്ങൾ മാത്രം സ്രഗ്ദ്ധരയിലും ബാക്കിയുള്ളവ മന്ദാക്രാന്തയിലും നിര്‍മ്മിതങ്ങളായിരിക്കുന്നു. മാതൃക കാണിക്കുവാൻ അവയിൽ ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
"ലക്ഷ്മീവക്ഷോരുഹഭരപരീരംഭസമ്മോദമൂർച്ഛാ-
മാച്ഛാദൈവം സ്വപിഷി കിമിതിച്ഛത്മനാ പദ്മനാഭ?
വാരാണസ്യാം വരഗുണനിധിര്‍വ്വഞ്ചിരാജഃ പ്രയാസ്യൻ
വാഞ്ചന്നാസ്തേ ഭവദനുമതിം പശ്യ, വിശ്വൈകനാഥ!
കോ വാ ദേവ, ത്രിജഗദവനൈകാഗ്ര്യതോ ജാഗ്രതസ്തേ
തഥ്യം മിഥ്യാസ്വപനമസകൃദ്വിശ്വസദ്വിശ്വസാക്ഷിൻ?
തസ്മാൽ സ്വാമിൻ, നയനയുഗളീം കിഞ്ചിദുന്മീലയ ത്വം;
വഞ്ചിക്ഷ്മേശം വരയതു ഭവന്മംഗലാപാംഗലക്ഷ്മീഃ
കാരുണ്യാബ്ലേ, കമലനയന, ത്വൽപദാംഭോജംദാസം
വാസം യോഗ്യം സുഗുണവിതതേര്‍വ്വാസവം വഞ്ചിഭൂമേഃ
ശശ്വൽ പശ്യന്നുചിതമനുജാനീഹി ഭൂജാനിമൌലിം
പ്രേമോദഞ്ചൽ പ്രചുരകരുണാഭ്യുക്ഷിതൈരക്ഷിപാതൈഃ"
ശതകത്തിനു പുറമേ ഒടുവിൽ രണ്ടു ശ്ലോകങ്ങൾ കൂടി എഴുതിച്ചേത്തിട്ടുള്ളതിൽ രണ്ടാമത്തേതാണു ചുവടെ കാണുന്നത്.
"വാരാണസ്യാം പ്രയാതേ വരഗുണനിലയേ വഞ്ചിഭൂവജ്രപാണൌ
താദൃൿതൽക്ഷേമകാംക്ഷാതരളിതമനസാ കേനചിത്തച്ഛ്രിതേന
ഏവം ശ്രീപത്മനാഭപ്രഭൂതിസുരവരാഃ പ്രാര്‍ത്ഥിതാഃ പ്രേമവദ്ഭി-
സ്തച്ചൈതന്മംഗളപ്രാര്‍ത്ഥനശതകമലങ്കാര്യമേവാര്യപാദൈഃ"
അനന്തരം കുറേക്കാലത്തേയുക് മണ്ണടിക്കാരൻ ഒരു പോറ്റി സ്മര്യപുരുഷനെ സിദ്ധാന്തകൌമുദി അഭ്യസിപ്പിച്ചു. എന്നാൽ അവിടന്നു നിഷ്കൃഷി ച്ചു പഠിച്ച ശാസ്ത്രം ആയുര്‍വ്വേദവും അതു പഠിപ്പിച്ചതു് അനന്തപുരത്തു മുത്തകോയിത്തമ്പുരാനുമായിരുന്നു. അതു് 1072-ൽ മാത്രമാണു്. സൂത്രസ്ഥാനം കഴിഞ്ഞപ്പോൾ ശേഷം തന്നെത്താൻ പഠിച്ചാൽ മതി എന്നാണു ഗുരുനാഥൻ ആജ്ഞാപിച്ചതു്. അവിടത്തെപ്പറ്റി ശിഷ്യനു് എത്രമാത്രം ഭക്തിയുണ്ടായിരുന്നു എന്നുള്ളത് താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നതാണു്.
"വാണീമാതിന്റെ നൽപ്പോർമുലകളിലൊഴുകും
സ്തന്യപീയുഷസാരം
കേണീടാതാസ്വദിച്ചിട്ടനുദിനമതുല-
പ്രീതി നേടും മഹാത്മാ
വാണീടുന്നൂഴിതന്നിൽപ്പുതുപുകൾ നിറയും
പുണ്യവാനായ പര്‍പ്പ-
ക്ഷോണീമാണിക്യഭൂഷാമണി ഗുണനിധിയാം
രാജരാജക്ഷിതീശൻ.”
വലിയ കോയിത്തമ്പുരാനെപ്പറ്റിയും അവിടത്തേയ്ക്കും വളരെ ബഹുമാനമുണ്ടായിരുന്നു. മദനമഞ്ജരീവിലാസത്തിൽ അടിയിൽ ചേര്‍ക്കുന്ന പ്രസ്താവന കാണുന്നു.
"ഇക്ഷോണിപാലതിലകൻ കനിവോടു നിത്യം
രക്ഷിച്ചിടും നൃപകുടുംബമനേകമുണ്ട്;
അക്ഷീണമംഗലമിയന്നു യഥാർത്ഥമാകും
ലക്ഷ്മീപുരത്തിലതിലൊന്നു വസിച്ചിടുന്നു
ഇച്ചൊന്ന ഭൂപതികുടുംബമതിൽജ്ജനിച്ചൂ
നൽച്ചാരു കീർത്തിയൊടു കേരളവർമ്മനാമാ
അച്ഛിന്നസൽഗുണഗണത്തിനു പാത്രമായ
മെച്ചം കലര്‍ന്നൊരു നൃപാലകുലാവതംസൻ.
ചൊല്പേറീടുന്നാ വിദ്യാനടകുലമടവാര്‍ക്കങ്ങു മംഗല്യരത്നം,
നൽപ്പൂന്തേൻ ചേര്‍ന്നൊലിക്കും മൃദുതരകവിതാകല്പവല്ലിക്കുപഘ്നം,
കെല്പോടിപ്പുണ്യവാനെന്നറിക സുമുഖി, തൽ സോദരൻ മോദമോടി-
ന്നിബാണത്തെച്ചമച്ചു ഗുണനിധി രവിവർമ്മാവനീപാലബാലൻ"
എന്നാൽ "സ്ഥിരോപദേശാമുപദേശകാലേ പ്രപേദിരേ പ്രാക്തനജന്മവിദ്യാഃ" എന്നു പാര്‍വ്വതീദേവിയേപ്പറ്റി കാളിദാസൻ പറയുന്നതുപോലെ അവിടത്തെ പ്രതിഭാവിശേഷംതന്നെയാണ് അവിടത്തേയ്ക്കു് അല്പമായുള്ള അഭ്യാസത്തിൽനിന്നു് അനല്പമായ പാണ്ഡിത്യം സമ്പാദിച്ചു കൊടുത്തത് എന്നുള്ള വസ്തുത അനപലപനീയമാകുന്നു. ബാല്യാദാരഭ്യ കഥാനായകൻ ഒരുതരം ത്വഗ്രോഗത്തിനു വശംവദനായിരുന്നു; അതിന്റെ അംഗങ്ങളായി പനിയും മറ്റു ചില ശരീരാസ്വാസ്ഥ്യങ്ങളും അവിടത്തെ കൂടെക്കൂടെ ബാധിച്ചുകൊണ്ടുമിരുന്നു. എങ്കിലും അവയൊന്നും അദ്ദേഹത്തിന്റെ ഉത്സാഹശക്തിയേയോ ഊര്‍ജ്ജസ്വലതയേയോ ജ്ഞാനസമ്പാദനതൃഷ്ണയേയോ കവിതാവ്യാപാരാസക്തിയേയോ മ്ലാനീകരിക്കുന്നതിനു സാധിച്ചില്ല. ഇംഗ്ലീഷിൽ പ്രായോഗികമായി വേണ്ട അറിവു് അവിടന്ന് സ്വയത്നത്താൽ നേടി; ജ്യോതിഷത്തിലും ഒരു മാതിരി അവഗാഹം സ്വായത്തമാക്കി. കാലാന്തരത്തിൽ അഷ്ടാവധാനം ചെയ്യുന്നതിനുള്ള ഐകാഗ്ര്യം അദ്ദേഹത്തിന്റെ വിവിധസിദ്ധികളിൽ അതിപ്രധാനമായ്ത്തീര്‍ന്നു. ദീനത്തിനു കുറെക്കാലം തിരുവനന്തപുരത്തു താമസിച്ചു ചികിത്സ നടത്തിയെങ്കിലും അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നും ഉണ്ടായില്ല. ഒടുവിൽ അത് ഉദരരോഗത്തിൽ കലാ ശിക്കുകയും 1075 ഇടവം 5-ാ൦നു- അവിടുന്നു പ്രപഞ്ചരംഗത്തിൽനിന്നു് തിരോധാനം ചെയ്തയും ചെയ്തു. അത്യന്തം പരിമിതമായ ആയുസ്സ് -38 വയസ്സ് -മാത്രമേ സരസ്വതീദാസനായ അദ്ദേഹത്തിന് സരസ്വതീവല്ലഭൻ വിധിച്ചുള്ളൂ; എങ്കിലും ആ ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ ആ പുണ്യശ്ലോകനു സാഹിത്യത്തെ പല പ്രകാരത്തിലും - ഭാഷാകവിതയെ പ്രത്യേകിച്ചും- പരിപോഷിപ്പിക്കുവാൻ ഭാഗ്യം സിദ്ധിച്ചു.
രവിവർമ്മ കോയിത്തമ്പുരാന്റെ കൃതികളിലേക്കു പ്രവേശിക്കുന്നതിനു് മുൻപായി അദ്ദോഹത്തിന്റെ കുടുംബജീവിതത്തേയും മറ്റും പറ്റി രണ്ടുവാക്കു പറയാമെന്നുദ്ദേശിക്കുന്നു. അവിടുത്തേ പത്നി പരേതനായ പ്രൊഫസർ ചക്കാലയ്ക്കൽ കേ. പരമുപിള്ള എം. ഏ യുടെ സഹോദരിയായിരുന്നു. ആ ദമ്പതിമാര്‍ക്ക് ഒരു പുത്രി മാത്രമേ ജനിച്ചുള്ളു. ആ പെൺകിടാവ് ബാല്യത്തിൽ തന്നെ മരിച്ചുപോയി. സഹോദരന്മാർ മൂന്നുപേര്‍ക്കും തമ്മിൽ ഉണ്ടായിരുന്ന സൌഭ്രാത്രം അനന്യസാധാരണമായിരുന്നു. രാമവർമ്മാവും രവിവർമ്മാവും സന്തതസഹചാരികളായിരുന്നു എന്നുതന്നെ പറയാം. ഗുരുനാഥനായ ജ്യേഷ്ഠൻ കേരളവർമ്മ കോയിത്തമ്പുരാനെ അവർ മാതുലനെപ്പോലെ, ആരാധിച്ചു വന്നു. അനുജന്മാർ രണ്ടുപേര്‍ക്കും ചതുരംഗത്തിൽ അസാമാന്യമായ ഔത്സുക്യവും വൈദഗ്ദ്ധ്യവുമുണ്ടായിരുന്നു. രാമവർമ്മ കോയിത്തമ്പുരാനും സംസ്കൃതത്തിൽ പണ്ഡിതനായിരുന്നു.
അധ്യാപകനെന്ന നിലയിൽ യശസ്സനേടിയതു് രവിവർമ്മകോയിത്തമ്പുരാൻ മാത്രമാണു്. എന്നെക്കൂടാതെ, പരേതന്മാരായ അവിടത്തെ അനന്തരവൻ ലക്ഷ്മീപുരത്ത് ഇത്തമ്മർ (രാജരാജവർമ്മ) കോയിത്തമ്പുരാൻ (വൈദ്യശാസ്ത്രനിപുണൻ ഡോക്ടർ രവിവമ്മതമ്പുരാന്റെ ജ്യേഷൻ), കേ. ചിദംബരയ്യർ എം. എ, എൽ. റ്റി., എസ്. അച്യുതവാര്യർ ബി. എ., ബി. എൽ., ഡോക്ടർ രവിവര്‍മ്മാ, പൊന്നാണിത്തമ്പുരാട്ടിയുടെ മകൾ ഭാഗീരഥിത്തമ്പുരാട്ടി ഇങ്ങനെ പല ശിഷ്യന്മാരും ശിഷ്യകളും അവിടത്തേക്കു വേറേയും ഉണ്ടായിരുന്നു എങ്കിലും എനിക്കാണോ സര്‍വ്വോപരി അവിടത്തെ വാത്സല്യാതിരേകം സമാര്‍ജ്ജിക്കുവാനുള്ള യോഗം ഉണ്ടായതു് എന്നു ചിലപ്പോൾ തോന്നിപ്പോകുന്നു. ബാല്യത്തിൽ അവിടന്ന് അനുഗ്രഹരൂപമായി എനിക്കു നല്കിയ,
"വിശിഷ്ട ശിഷ്യേഷു കുശാതിശാതയാ
മനീഷയാ യഃ പ്രമദം മമാതനോൽ
സമേത്യ സ ത്വം വിജയം സതാം മുദം
കരിഷ്യസീത്യേവ ഹി വിശ്വസിമ്യഹം"
എന്ന അഭിനന്ദനപദ്യത്തെപ്പറ്റി പലരും കേട്ടിരിക്കും. താൻ പറഞ്ഞുകൊടുക്കുന്നതെല്ലാം ശിഷ്യന്മാർ നിഷ്കൃഷിച്ചു പഠിക്കണമെന്ന് അവിടത്തേക്കു തീവ്രമായ നിർബന്ധമുണ്ടായിരുന്നു. ഒരു ദിവസം പഠിപ്പിച്ച ശ്ലോകങ്ങളെപ്പറ്റി ചില ചോദ്യങ്ങൾ പിറ്റേദ്ദിവസം അവിടന്നു ചോദിക്കും; അവയ്ക്കു വേണ്ടവിധത്തിൽ ഉത്തരം പറഞ്ഞില്ലെങ്കിൽ കയര്‍ക്കും; 'എന്താ മിഴുങ്ങസ്യ എന്നിരിക്കുന്നത്' എന്നു തട്ടിക്കേറും; ആ ശ്ലോകങ്ങൾതന്നെ വീണ്ടും പഠിക്കണമെന്നു ശാസിക്കും. നിസ്തന്ദ്രമായ പ്രയത്നംകൊണ്ടല്ലാതെ ഏതു ശിഷ്യനും അവിടത്തെ പ്രീതി സമ്പാദിക്കുന്നതിനു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. എനിക്കു്, അവിടത്തെ അടുക്കൽ അഞ്ചു കൊല്ലം സംസ്കൃതം അഭ്യസിക്കുകയും കുമാരസംഭവത്തിൽ മൂന്നും അഞ്ചു മുതൽ എഴുവരേയും ഉള്ള സര്‍ഗ്ഗങ്ങളും, നൈഷധീയചരിതത്തിൽ ആദ്യത്തേ ആറു സര്‍ഗ്ഗങ്ങളും, മേല്പുത്തൂർഭട്ടതിരിയുടെ സുഭദ്രാഹരണം, ദൂതവാക്യം, പാഞ്ചാലീസ്വയംവരം, കൌന്തേയാഷ്ട്രകം എന്നീ പ്രബന്ധങ്ങളും, അഭിജ്ഞാനശാകുന്തളത്തിലേ ആദ്യത്തെ മൂന്നങ്കങ്ങളും പഠിക്കുകയും ചെയ്യുന്നതിനേ ഭാഗ്യമുണ്ടായുള്ളൂ. അന്നു് എനിക്കു പതിമ്മൂന്നാമത്ത വയസ്സായിരുന്നു. ആദ്യം ലക്ഷ്മീപുരത്തു കൊട്ടാരത്തോടും പിന്നീടു ജന്മഭൂമിയായ ചങ്ങനാശേരിനഗരത്തോടുമുള്ള ബന്ധം അപ്പോഴേക്കു വിടേണ്ടതായി വന്നുകൂടി. പ്രാസംഗികമായ ആ പ്രസ്താവനയിൽനിന്നു തൽകാലം വിരമിക്കാം. ഞാൻ അവിടത്തോട് അഭ്യസിച്ച സാഹിത്യം അത്ര വിപുലമല്ലെങ്കിലും ഉപരിഗ്രന്ഥങ്ങൾ പഠിക്കുന്നതിനു് ബാല്യത്തിലുള്ള ആ അഭ്യാസം എനിക്കു് ഉറച്ച അടിസ്ഥാനമായിത്തീര്‍ന്നു. ഇന്നു ഈ എളിയ കൈരളീദാസനു സാഹിത്യലോകത്തിൽ വല്ല നിലയും ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നിദാനം മഹാനുഭാവനായ ആ ഗുരുനാഥന്റെ ശിക്ഷാസാമര്‍ത്ഥ്യവും അനുഗ്രഹവിശേഷവുമാണെന്നു പരസ്യമായി പറവാൻ ഞാൻ ഈ അവസരം വിനയപൂർവ്വം വിനിയോഗിച്ചുകൊള്ളുന്നു. രവിവർമ്മ കോയിത്തമ്പുരാന്റെ കൈപ്പട ചതുരവടിവിലും രാമവർമ്മ കോയിത്തമ്പുരാന്റെത് ഉരുണ്ടവടിവിലും ആയിരുന്നു. ഓലയിൽ എഴുതുന്നതിനാണു ഉത്സാഹം അവര്‍ക്ക് അധികമായുണ്ടായിരുന്നതു്. അത്യന്തം മനോഹരങ്ങളായ ആ രണ്ടു കൈപ്പടകളുടേയും മാതൃകകൾ ഞാൻ നിധി പോലെ എന്റെ ഗ്രന്ഥശാലയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടു്. പച്ചമഷിയായിരുന്നു ഗുരുനാഥൻ കടലാസിലെഴുത്തിനു പ്രായേണ ഉപയോഗിച്ചു വന്നതു്. ബാല്യത്തിൽ അവിടന്നു വലിയകോയിത്തമ്പുരാനേയും ജ്യേഷ്ഠൻ കേരളവര്‍മ്മ കോയിത്തമ്പുരാനേയും അനുകരിച്ചു സംസ്കൃതകവിതാനിര്‍മ്മാണത്തിലാണു് ഉദ്യുക്തനായിത്തീർന്നതു്. എന്നാൽ വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളവും, മഴമംഗലത്തിന്റെ നൈഷധചമ്പുവും മറ്റും പ്രസിദ്ധീകരിച്ചു കണ്ടതോടുകൂടി അവിടത്തേക്കു ഭാഷാകവിതയിലും ആഭിമുഖ്യം ജനിച്ചു. അമുദ്രിതമായ കൊടിയവിരഹം ഭാഷാചമ്പുവും അവിടത്തേക്കു വായിക്കുവാനിടവന്നു. ഭാഷാകവിതയിൽ സ്നേഹിതന്മാരും ഉപദേഷ്ടാക്കന്മാരുമായിരുന്നതു പ്രധാനമായി കറുത്ത പാറ ദാമോദരൻ നമ്പൂരി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ എന്നീ കവിപുംഗവന്മാരാകുന്നു. 'കൃഷ്ണോപലനിലയസമുൽഭൂതി ദാമോദരാഖ്യ' നെപ്പറ്റി ഇന്നത്തെ യുവാക്കന്മാർ അധികമൊന്നും ധരിച്ചിരിക്കുകയില്ല. അദ്ദേഹം ഒരു കാലത്തു കേരളത്തിലേ ഭാഷാകവികളുടെ ഇടയിൽ ഏറ്റവും മാനനീയമായ ഒരു സ്ഥാനത്തെ അലങ്കരിച്ചിരുന്നു. കംസനാടകത്തിലുള്ള അദ്ദേഹത്തിന്റെ,
"ഘോരാപസ്മാരഭൂതപ്രകൃതിവികൃതിയാം പൂതനാഖ്യപ്പിശാചിൻ
ധാരാളം വീര്‍ത്തുകുത്തും മുലകളിലുരുളും ക്ഷ്വേളസാരങ്ങളെല്ലാം
നേരേ വൻകാട്ടുതീയാം ചെറിയൊരു വയറിൽച്ചേര്‍ത്ത വൻധൂര്‍ത്തനീയാ-
ളാരാകും കാറണിഞ്ഞോൻ കൊടിയ കടനലോ ധൂമകേതുക്കിടാവോ?
കാലിൽപ്പൊന്നിൻ ചിലമ്പിട്ടരമണിയുമണിഞ്ഞങ്ങുമിങ്ങും നടപ്പും
ബാലത്വം പൂണ്ടു തായയ്ക്കുടയ കുളുർമുലക്കെട്ടിലൊട്ടിക്കിടപ്പും
പീലിക്കെട്ടിന്‍പൊടിപ്പും മധുരമധരബിംബത്തിലേറും തുടിപ്പും
ലീവാപാംഗപ്പടിപ്പും കനകമയഞെറിപ്പട്ടുടുപ്പും വെടിപ്പും"
മുതലായ പദ്യങ്ങൾ ഒരിക്കൽ കേട്ട സഹൃദയന്മാർ ഒരു കാലത്തും മറക്കുന്നതല്ല. കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളീയർ ഒരു മഹാകവിയായി അദ്ദേഹത്തിന്റെ 'ഇരുപത്തിനാലാമത്തെ വയസ്സിൽ തന്നെ സ്വാഗതം ചെയ്തു കഴിഞ്ഞിരുന്നു. ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാനിൽ നിന്നു ലഭിച്ചതാണു രവി വർമ്മ കോയിത്തമ്പുരാനു ഭാഷാശ്ലേഷപ്രയോഗത്തിലുള്ള പാടവം. കഥാനായകൻ വലിയകോയിത്തമ്പുരാനെപ്പോലെതന്നെ മേല്പുത്തൂർ ഭട്ടതിരിയുടെ സുധാമധുരങ്ങളായ പ്രബന്ധങ്ങൾ നിയമേന വായിച്ചിരുന്നു എന്നും ആ വഴിക്കും അദ്ദേഹത്തിന്റെ സംസ്കാരസമ്പത്തിനു വലിയ അഭിവൃദ്ധി സിദ്ധിച്ചു എന്നും കൂടി പ്രകൃതത്തിൽ സ്മരിക്കേണ്ടതായുണ്ടു്. കുമാരനല്ലൂർ ഭഗവതിയായിരുന്നു അവിടത്തെ ഇഷ്ടദേവത. ദേവിയെ വന്ദിക്കാതെ അദ്ദേഹം പ്രായേണ ഒരു കൃതിയും ആരംഭിച്ചിരുന്നില്ല. ആര്യാശതകവും കാത്യായന്യഷ്ടകവും ഭഗവതിയെപ്പറ്റിയുള്ള സ്തോത്രങ്ങൾ തന്നെയാണു്. അനവധി മുക്തകങ്ങളും അവിടന്നു ദേവീപരമായി രചിച്ചിട്ടുണ്ടു്.
"ഇപ്പാരിൽക്കീര്‍ത്തി പാരം പെരുകിയൊരു കുമാരാലയത്തിൽ കിളുര്‍ത്തി-
ട്ടെപ്പേര്‍ക്കും കാമമെല്ലാം കനിവിനൊടരുളും കല്പവല്ലിക്കുരുന്നേ,
ഉൾപ്പൂവിങ്കൽപ്പുരാരിക്കുപചിതപരമാമോദമേകീടുമോമൽ-
ച്ചിൽപ്പൂമാധ്വീകധാരേ, ജനനി, പരശിവേ, നിൻപദം കുമ്പിടുന്നേൻ"
എന്നു് ഉഷാകല്യാണം ചമ്പുവിന്റെയും,
"ശ്രീമൽ സോമാര്‍ദ്ധചൂഡാമണി തിരുമടിയിൽച്ചേര്‍ത്തു ലാളിച്ചിടുന്നോ-
രോമൽപ്പൂമേനിശോഭാപരിഹസിതജപാപുഷ്പമാലാവലേപേ!
കാമാരാതിക്കു ചിത്തേ മദനകദനമേകുന്ന കല്യാണമൂര്‍ത്തേ!
സാമോദം കുമ്പിടുന്നോൻ ജനനി, തവ പദാംഭോജമദ്രീന്ദ്രകന്യേ!''
എന്നു ശ്രീമൂലവിലാസത്തിന്റേയും,
നീരാളും നീലമേഘോപമരുചിതിരളും ചാരുപൂമെയ്യിൽ മിന്നും
നീരാളം നല്ല പൊന്നിൻ തരിവളലളിതം ഭൂഷണം ചേർത്തണിഞ്ഞും
ധാരാളം ചോര്‍ന്നൊലിക്കും കനിവൊടുമഴകിൽ ശ്രീ കുമാരാലയത്തിൻ-
സാരാലങ്കാരമാകും മലമകളുടേ തൃക്കാലിണയ്ക്കായ്‌ത്തൊഴുന്നേൻ."
എന്നു ഗൌരീപരിണയം ചമ്പുവിന്റെയും,
"സോമാങ്കമാര്‍ന്നൊരു പൂമാനുടെ ഹൃത്തടത്തിൽ-
ക്കാരാങ്കുരത്തെ നലമോടു വളർത്തു നിത്യം
വാമാങ്കഭാഗമതിലേറി വിളങ്ങിടുന്നൊ-
രാ മാൻകിശോരമിഴി മംഗലമേകിടട്ടെ."
എന്നു കാദംബരീകഥാസാരം ഗദ്യത്തിന്റേയും പ്രാരംഭത്തിൽ കാണുന്നു. മുക്തകങ്ങളിൽനിന്നു കൂടി രണ്ടുമൂന്നു പദ്യങ്ങൾ ചുവടേ ചേര്‍ക്കാം.
"വൻപൊത്താ വാനവന്മാരുടെ മഹിതമഹസ്സഞ്ചയംതന്നിൽ നിന്നി-
ട്ടൻപിൽത്താനുത്ഭവിച്ചീടിന നിഖിലജഗന്നായികേ, ശ്രീമഹേശി,
വൻപോത്താകുന്ന ദൈത്യാധിപനുടെ മുടിയിൽക്കേളിയാടുന്നതാം നിൻ
ചെമ്പൊൽത്താരൊത്ത തൃക്കാലിണ തരണമഭീഷ്ടങ്ങൾ ഞങ്ങൾക്കു മേന്മേൽ."
“പുരികുഴൽനികരത്തിൽപ്പുനിലാവിന്റെ വിത്തും
പുരികലതയിലോമൽക്കാമസാമ്രാജ്യസത്തും
പരിചിനൊടുവഹിക്കും പര്‍വ്വതാധീശനുള്ള
പരമസുകൃതവല്ലിക്കെപ്പൊഴും കൂപ്പിടുന്നേൻ."
"പൂമ്പട്ടും പൂണ്ണചന്ദ്രദ്യുതി കൊതിതിരളും ഹാരവും ചാരുകാന്തി-
ക്കാമ്പുറ്റും കാഞ്ചിചഞ്ചത്തരിവളകൾ മണീമാലയും ചേർത്തണിഞ്ഞു
ആമ്പൽപ്പൂവിന്റെ പുണ്യാങ്കുരമണിമണിയായ്ച്ചൂടുവോനൊത്തു നിത്യം
ദാമ്പത്യംപൂണ്ടു വാഴും മലർവിശിഖമഹാവൻപിനെക്കുമ്പിടുന്നേൻ."
താഴെപ്പേർ പറയുന്ന ഭാഷാകൃതികളാണു രവിവർമ്മ, കോയിത്തമ്പുരാൻ രചിച്ചിട്ടുള്ളതു് : (1) ആര്യാശതകം; (2) ഉഷാകല്യാണം ചമ്പു; (3) കവിസഭാരഞ്ജനം നാടകം; (4) ഗൌരീപരിണയം ചമ്പg; (5) ശ്രീ മൂലവിലാസം; (6) പാലാഴിമഥനം; (7) ബ്രസീനാനാടകം; (8) മദനമഞ്ജരീവിലാസം ഭാണം; (9) ബാണയുദ്ധം തിരുവാതിരപ്പാട്ട്; (10) ഒരു താലോലം പാട്ടു്; (11) അംബാഷ്ടകം; (12) ചന്ദ്രഗുപ്തവിജയം നാടകം (13) അമരുകശതകത്തിന്റെ രീതിയിൽ ചില ശൃംഗാരശ്ലോകങ്ങൾ; (14) കാദംബരീകഥാസാരം ഗദ്യം; (15) തുലാഭാരശ്ലോകങ്ങൾ. സംസ്കൃതത്തിൽ അവിടന്നു് (1) പൂതനാമോക്ഷം ചമ്പു; (2) ലളിതാംബാദണ്ഡകം; (3) നക്ഷത്രമാലാസ്തോത്രം; (4) കാത്യായന്യഷ്ടകം ഈ ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചു. അഷ്ടാംഗഹൃദയത്തിനു സംസ്കൃതത്തിലും മലയാളത്തിലുമായി ഒരു വ്യാഖ്യാനവും അവിടന്നും ആരംഭിച്ചു.
ഇവയിൽ ചില കൃതികളെല്ലാം തീരെ നശിച്ചുപോയിരിക്കുന്നു. ബാണയുദ്ധം തിരുവാതിരപ്പാട്ടിനേയും, ലളിതാംബാദണ്ഡകത്തേയും, നക്ഷത്രമാലാസ്തോത്രത്തേയും പറ്റി യാതൊരറിവുമില്ല. നടുവത്തു മഹൻ നമ്പൂരിയും കൂനേഴത്തു പരമേശ്വരമേനോനുംകൂടി മുദ്രാരാക്ഷസനാടകം ഭാഷയിൽ തര്‍ജ്ജമചെയ്തുകൊണ്ടിരിക്കുമ്പോൾ രവിവർമ്മകോയിത്തമ്പുരാനും ആ വ്യവസായത്തിൽ ഏപ്പെട്ടിട്ടുള്ളതായി അവർ കേൾക്കുകയും അതിനെപ്പറ്റി അവിടത്തേ പരമസുഹൃത്തായ കുഞ്ഞിക്കുട്ടൻ തമ്പുരാനോട് എഴുതിച്ചോദിക്കുകയും ചെയ്തു. അതിനു കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പരവൂരിൽ നിന്നു വി. കേശവനാശാൻ പ്രസിദ്ധീകരിച്ചുവന്ന 'സുജനാനന്ദിനി' എനാ പത്രത്തിൽ,
"ലക്ഷ്മീപുരത്തു രവിവര്‍മ്മനൃപൻ കവീന്ദ്ര-
ലക്ഷ്മീപുരത്തു വിലസുന്ന മണിപ്രദീപം
അക്ഷീണമിക്കഥയെടുത്തു വളച്ചുകെട്ടി
ലക്ഷീകൃതാത്മവിഭവം കൃതിചെയ്കയത്രേ.
അല്ലാതെ നിങ്ങളുടെ മാതിരി തര്‍ജ്ജമയ്ക്കാ-
യല്ലാ തുടങ്ങുവതു ബുദ്ധിമടുത്തിടേണ്ട."
എന്നും മറ്റും മറുപടി എഴുതിയെന്നുമാത്രമേ ആ ഗ്രന്ഥത്തെപ്പറ്റി തൽകാലം പറവാൻ നിവൃത്തികാണുന്നുള്ളു. ബാക്കിയുള്ള കൃതികളെപ്പറ്റി കുറഞ്ഞൊന്നു ഉപന്യസിക്കാം. . ആദ്യമായി സംസ്കൃതകൃതികൾതന്നെയാകട്ടെ.
1. പൂതനാമോക്ഷം ചമ്പു,
ഈ ചമ്പു കോയിത്തമ്പുരാൻ രചിച്ചത് പന്ത്രണ്ടാമത്തെ വയസ്സിലാണെന്നും ചിലർ പറയാറുണ്ടെങ്കിലും 1060-ാമാണ്ടിടയ്ക്ക് എഴുതിയതാണെന്നാണു സൂക്ഷ്മമായുള്ള അറിവു്. അതിനുമുൻപുതന്നെ ജ്യേഷ്ഠൻ കേരളവർമ്മ കോയിത്തമ്പുരാൻ നിര്‍മ്മിച്ച ഒരു ദേവക്ഷരമാലയിൽ അവിടന്നു ചില ശ്ലോകങ്ങൾ എഴുതിച്ചേര്‍ക്കുകയുണ്ടായി. അവയിലെ രണ്ടു ശ്ലോകങ്ങളാണ് താഴെ പകര്‍ത്തുന്നതു്.
"ഘുസൃണതിലകകാന്തിശ്ലക്ഷ്ണനീലാളകശ്രീ-
വ്യതികരിതരുചിസ്തേ ഫാലബാലേന്ദുരേഷഃ
തിമിരനികരസന്ധ്യാരാഗസമ്പര്‍ക്കകാന്താ-
മമൃതകിരണലേഖാമാക്ഷിപത്യദ്രികന്യേ"
"ഘൃണിതുന്ദിലാഗ്ര്യ മണിഭൂഷണോജ്ജ്വലാ
ഗളനാളികാപി കളനാദിനീ തവ
മദനേന്ദുസാന്ദ്രസുഷമാമൃതാംബുധാ-
വുദിതേവ കംബുമണിരംബ, രാജതി.”
പൂതനാമോക്ഷത്തിലെ ഇതിവൃത്തം ദശമസ്തന്ധത്തിന്റെ ആരംഭം മുതൽ തുടങ്ങുന്നു. ചില പദ്യഗദ്യങ്ങൾ ഉദ്ധരിച്ച് ആ ഗ്രന്ഥത്തിന്റെ വിശ്വാതിശായിയായ മാഹാത്മ്യം പ്രദർശിപ്പിക്കാം.
1. വര്‍ഷാകാലം.
"അസ്മിൻ പയോദസമയേ സതി ഭർത്തുരാജ്ഞാ-
മുല്ലംഘയന്ത്യപഭയാഃ പുരുഷാഃ സ്ത്രിയോ വാ
കേകാ ഇതി സ്മരനിദേശകരാ മയൂര-
കേകാരവൈരഭിജഗുര്‍മ്മധരൈര്‍മ്മദാന്ധാഃ"
2. ദേവന്മാരുടെ ആനന്ദം.
"പപാത കല്പപ്രസവസ്തദാനീം
കംസസ്യ കീർത്തിപ്രസവൈസ്സഹൈവ;
ധരാതലേ നീരദവര്‍ഷധാരാ-
പ്യാനന്ദബാഷ്പൈസ്സുുരസുന്ദരീണാം."
3. വസുദേവൻ ശ്രീകൃഷ്ണനെ കാണുന്നതു്.
"സാക്ഷാദ്വീക്ഷ്യ സരോരുഹാക്ഷമമലൈഃ പുണ്യോത്തരൈര്‍യോഗിനാം
ചിത്തൈരപ്യനവാപ്യമാപ്ളുതതനുഃ പീയൂഷവര്‍ഷൈരിവ,
സാന്ദ്രാനന്ദനിരുദ്ധഗദ്ഗദവചാസ്തുഷ്ടാവ ദൃഷ്ടിദ്വയീ-
പീയൂഷാഞ്ജനമഞ്ജനദ്യുതിധരം ദേവം സ ശൂരാത്മജഃ"
4. പൂതനയുടെ വരവു് (ഗദ്യം); അതിലേ ഒരു ഭാഗം.
"ശംബരാരിവീരകുംഭകാരേണ ജംബൂനദീജംബാളമാദായ ചിരകാലേന സപ്രയത്നം സ്വപ്രകൃഷ്ടകൌശലാനുരൂപം വിനിര്‍മ്മിതാഭ്യാം, പുനരപി ദൃഢീകരണാര്‍ത്ഥമരുണബിംബാധര
കിരണസമ്പാതശാലിന്യുരസ്ഥലേ വിനിഹിതാഭ്യാമിവ മാഹിതഗാംഗേയകുംഭാഭ്യാം, നിജോപമാനസ്യ കുത്രാപ്യസഹമാനതയേവ പരസ്പരകലിതവിമർദ്ദനാഭ്യാം, ന കേവലമിതരയുവതികുചകലശാവിവ തരുണജനാനാം കുമാരകാണാമപി ഹൃദയം വിദാരയാവ ഇതി ദുര്‍വ്വാരഗര്‍വോദ്ധതാഭ്യാം ഗോവര്‍ദ്ധനഗിരിഭ്യാമിവ നന്ദനന്ദനസേവനായ പരികല്പിതരാമണീയാകാഭ്യാം, വിഷരസാസിക്താഭ്യാമപി പീയൂഷസാരപൂരിതഹേമകുംഭസുഭഗംഭാവുകാഭ്യാം, നിരന്തരിത യുവജനാന്തരംഗാ.”
5. പൂതന ഗോവര്‍ദ്ധനപര്‍വതം കാണുന്നത്.
"തസ്യോപാന്തേ തരുണജലദശ്യാമഭൃംഗാഭിരാമം
ഹൃഷ്ടോന്മീലൽ പരിമളരസൈരഞ്ചിതം ചന്ദനൌഘൈഃ
ലക്ഷ്മീജാനേര്‍ന്നഖരപദസംഗേന സംഭാവനീയം
മുഗ്ദ്ധാപശ്യൽ സ്തനമിവ ഭുവസ്തത്ര ഗോവര്‍ദ്ധനാദ്രിം."
അതിമനോഹരമായ ഈ പ്രബന്ധം അമുദ്രിതമാണ്; ഇപ്പോൾ അതിന്റെ ഒരു കൈയെഴുത്തുപ്രതിപോലും എവിടെയെങ്കിലും ഉണ്ടോ എന്നുള്ളതു സന്ദിഗ്ദ്ധവുമാണു്.
2. കാത്യായന്യഷ്ടകം.
അസ്തു കാത്യായനീ മുദേ' എന്ന് ആദ്യത്തെ അക്ഷരങ്ങൾ കൂട്ടിച്ചേര്‍ത്തു വായിച്ചാൽ കാണാവുന്ന എട്ടു വസന്തതിലകശ്ലോകങ്ങളടങ്ങിയ ഒരു ചെറിയ സ്തോത്രമാണു് ഇതു്. അഷ്ടകത്തിനു മുൻപിലും പിൻപിലും ഓരോ ശ്ലോകം അധികമായുമുണ്ട്'. ഓരോ ശ്ലോകത്തിലും, "ആരാധയേഹൃദി കമാരപുരേശ്വരി, ത്വാം." എന്നുള്ളതാണു് ഒടുവിലത്തെ പാദം.
"അര്‍ദ്ധേന്ദുഭൂഷിതമനര്‍ഘമണിപ്രകാശ-
നിര്‍ദ്ധൂതമാഘവതചാപമദം കിരീടം
ആബിഭ്രതീമഭിനവാഭൂ സമാനശോഭാ-
മാരാധയേഹൃദി കമാരപുരേശ്വരി, ത്വാം
“സ്തുത്യാമശേഷവിബുധൈസ്തരുണേന്ദുരമ്യ -
ഫാലാന്തരാളലുളിതാളകകോമളാസ്യാം
ആവക്രശക്രമണിമേചക ചാരുചില്ലീ-
മാരാധയേഹൃദി കമാരപുരേശ്വരി, ത്വാം
"കാരുണ്യപൂരസരസീസമുരീതനവ്യ -
നീലാരവിന്ദകമനീയവിലോലനേത്രാം
ആരുണ്യചാരുനവചമ്പകപുഷ്പനാസാ-
മാരാധയേഹൃദി കമാരപുരേശ്വരി, ത്വാം
ഇങ്ങനെയാണു് പ്രസ്തുതകൃതിയുടെ പുരോഗമനം.
അഷ്ടാംഗഹൃദയവ്യാഖ്യാനം കണ്ടുകിട്ടീട്ടില്ല. അതിലെ മംഗളശ്ലോകത്തിൽ മൂന്നുപാദം മാത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്രയും മാത്രം ചുവടെ കുറിക്കുന്നു.
"മഹേശ്വരേണൗഷധിനാഥമൗലിനാ
മഹീധ്രവര്യാൽ പരിഗൃഹ്യ രക്ഷിതം
... ... ... ... ... ... ... ... ... ... ... ... ... ... ... ...
മഹൗഷധം കിഞ്ചന സംസ്തുമോ വയം."
ഇനി ഭാഷാകൃതികളെപ്പറ്റി പ്രസ്താവിക്കാം.
1. ആര്യാശതകം.
ആര്യാശതകം കുമാരനല്ലൂർ ഭഗവതിയെപ്പറ്റി കേശാദിപാദവര്‍ണ്ണനം ഉൾക്കൊള്ളിച്ചു ഗീതിവൃത്തത്തിൽ വിരചിതമായ ഒരു സ്തോത്രമാണു്. കഥാനായകൻ ആദ്യമായി നിര്‍മ്മിച്ച ഭാഷാകൃതി ഉഷാകല്യാണമായിരുന്നു. അതു മുദ്രണം ചെയ്യാൻ മലയാളമനോരമ ആപ്പീസിൽ ഏല്പിച്ചപ്പോൾ, ഗുരുനാഥനായ ജ്യേഷ്ഠൻ, ആദ്യമായി അച്ചടിപ്പിക്കുന്ന പുസ്തകം ഈശ്വരപരമായിരിക്കണമെന്ന് ഉപദേശിക്കുകയും അന്നത്തെ രാത്രിയിൽത്തന്നെ ഒൻപതുമുതൽ പന്ത്രണ്ടു വരെ മൂന്നുമണിക്കൂറുകൊണ്ടു പ്രസ്തുതസ്തോത്രരത്നം എഴുതിത്തീര്‍ക്കുകയും ചെയ്തു. അങ്ങനെയാണു് ദ്വേധാ അന്വർത്ഥമായ ആര്യശതകത്തിന്റെ ഉത്ഭവം. അത്ര മനോഹരമായ ഒരു സ്തുതിശതകം കൈരളിക്ക് ഒരു കവിമുഖ്യനിൽനിന്നും അദ്യാപി ലബ്ധമായിട്ടില്ലെന്നുള്ളതു് അതിന്റെ ഗുണപൌഷ്കലത്തിനു് ഒരു നല്ല തെളിവാകുന്നു.
ഗ്രന്ഥാവസാനത്തിൽ
"ആര്യാപദഭജനത്തിൽ
ഭൂര്യാമോദം കലർന്ന രവിവർമ്മാ
ആയ്യാശയം കുളുര്‍പ്പാ-
നാര്യാശതകം രചിച്ചിതീവണ്ണം"
എന്നൊരു ശ്ലോകം നൂറ്റൊന്നാമത്തേതായി കവി ഘടിപ്പിച്ചിട്ടുണ്ട്. കവിതയുടെ രീതി മനസ്സിലാക്കുവാൻ ചില ശ്ലോകങ്ങൾ അടിയില്‍ ചേര്‍ക്കുന്നു.
"ശ്രീമൽക്കുമാരപുരിയിൽ
കോമള ഘനനീലകാന്തി കൈക്കൊള്ളും
ഓമൽക്കല്പകലതയൊ-
ന്നാമോദമൊട്ടേറ്റമുല്ലസിക്കുന്നു.”
"ലളിതകരത്തളിരുകളും
കളരുചി കരികൂന്തലാകുമളിനിരയും
കുളുർമുലയാം പൂങ്കുലയും
നലമോടിതിൽ നിത്യവും വിളങ്ങുന്നു."
"മനമേ, ഭജിക്ക നന്നായ്
ക്കനമേറും കഠിനകുചഭരാവനതം
ഘനമേചകരുചി കലരും
ധനമേകം സതതമംഗജാരാതേഃ."
"ദൂര്‍വ്വാദളം കൊതിക്കും
ചാര്‍വ്വംഗമൊടംഗജാരിതിരുമെയ്യിൽ
വേർപിരിയാതെ വിളങ്ങിന
പാർവ്വതി, പരദേവതേ, ജയിച്ചാലും."
"ഓരോ മണികളിണങ്ങീ-
ട്ടോമൽദ്യുതി പൂണ്ടിടുന്ന നിൻ മകുടം
വാർകൊണ്ടലിങ്കലണയും
വാനോർവരവില്ലിനല്ലൽ നല്കുന്നു."
"അഞ്ജനമണിയും തിരുമിഴി
ഖഞ്ജനമോ, കമ്രമായ കരിമീനോ,
കഞ്ജശരാസനശരമോ,
മഞ്ജുകൃപാവര്‍ഷമാര്‍ന്ന നീരദമോ?"
“പരിമൃദുവാമിതു മണ്ണിൽ-
പരിചൊടു ചേര്‍പ്പാനസഹ്യമെന്നോര്‍ത്തു്
പരമിന്നഖരുചി കാലി-
ന്നരികിൽപ്പട്ടാംബരം വിരിക്കുന്നോ?"
"വിരലുകൾകൊണ്ടു തളിര്‍ത്തും
വിരവൊടു പൂത്തും നഖേന്ദു തൻ ദ്യുതിയാൽ
പരമശിവേ, നിൻ പദമാം
സുരതരു വിലസുന്നു ശുഭഫലം നല്കാൻ"
"തൃക്കൺമുന കനിവോടും
ചിക്കെന്നയി ദേവി, ചേർത്തിടുന്നെവനിൽ
മര്‍ക്കടനെന്നാലുമവൻ
നൽക്കടമിഴിമാര്‍ക്കു പുതിയ പൂവമ്പൻ.”
"മായേ, മോഹതമോമയ-
മായേറെ വളര്‍ന്ന കടൽ കടന്നീടാൻ
തായേ, വരമിന്നടിയൻ
തായേ! തരുണേന്ദു ചൂടുവാൻജായേ."
"മനമേ ഭജിക്ക നന്നായ്" എന്ന പദ്യം സുപ്രസിദ്ധമായ മൂകപഞ്ചശതിയിലെ ആര്യാശതകശ്ലോകങ്ങളോടു കിടനില്ക്കുന്നു. സൌന്ദലഹരി പലവുരു പാരായണം ചെയ്തതിന്റെ പ്രതിഫലനം പ്രസ്തുത കൃതിയിൽ സൃഷ്ടമായി കാണ്മാനുണ്ടു്. രാമവർമ്മ കോയിത്തമ്പുരാനെ അനുകരിച്ചു ഭാഷാശബ്ദശ്ലേഷത്തിലും കവി ശ്രദ്ധിച്ചിട്ടുണ്ടു്. "മാലിനൊരൂരായതിനാൽ മാലൂരാഭിഖ്യമായി വില്വഫലം." "കരിവരമസ്തകസീമനി പെരിയ കടം വന്നുവെന്നു തോന്നുന്നു." ഇങ്ങനെയുള്ള ഉല്ലേഖങ്ങൾ ആ വഴിക്കു വന്നുചേര്‍ന്നവയാണു്. അവയ്ക്കും ക്ഷോഭക്ഷമത ചുരുങ്ങുമെന്നുള്ളതു് അനുഭവവേദ്യമാണല്ലൊ.
2 ഉഷാകല്യാണം.
ഉഷാകല്യാണം ചമ്പുവിനാണു് കഥാനായകന്റെ കൃതികളിൽ അധികമായ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. പഴയമാതിരിയിലുള്ള ഭാഷാചമ്പുക്കൾ കൊല്ലം ഒൻപതാംശതകത്തിന്റെ ആരംഭത്തോടുകൂടി അപചയത്തെ പ്രാപിച്ചുതുടങ്ങി. ആധുനികമായ ഭാഷാ ചമ്പൂപ്രസ്ഥാനത്തിന്റെ ജനയിതാവു് എന്നു പറയേണ്ടത് ഗ്രാമത്തിൽ രാമവര്‍മ്മകോയി ത്തമ്പുരാനെയാകുന്നു. അദ്ദേഹം 1060-ാമാണ്ടിനുമുൻപു് മീനകേതനചരിത്രമെന്ന ചമ്പുവിലെ ഏതാനും കലികകൾ എഴുതിത്തീർത്തു. അതിൽ കവി പുത്തനായി ഏപ്പെടുത്തിയ പരി ഷ്കാരം, ഗദ്യം കഴിയുന്നതും പൂവ്വചമ്പുക്കളിലെന്നപോലെ ഗാനാത്മകമായിരിക്കരുതെന്നുള്ളതാണു്. എന്നാൽ പഴയ മാതിരിയിലുള്ള ഗദ്യം അദ്ദേഹം നിശ്ശേഷം വര്‍ജ്ജിച്ചിട്ടുണ്ടെന്നു പറവാൻ നിവൃത്തിയില്ല. രവിവർമ്മ കോയിത്തമ്പുരാനു ഭാഷാചമ്പൂരചനയിൽ മാര്‍ഗ്ഗദര്‍ശി "ഗ്രാമത്തിൽക്കവി രാമവർമ്മ നൃവരൻ" തന്നെയായിരുന്നു. എന്നാൽ പദ്യത്തിനോ ഗദ്യത്തിനോ ഗണനീയമായ ഗുണം യാതൊന്നുമില്ലാത്ത മീനകേതനചരിത്രത്തിൽനിന്നു് ഉഷാകല്യാണം എത്രയോ ഉൽകൃഷ്ടമായ ഒരു പദവിയിലാണു് സ്ഥിതി ചെയ്യുന്നതു്.
""താര്‍ത്തേനോടു സമാ'നമാകുമധരം സ്വൈരം നുകർന്നും ദൃഢം
ചേര്‍ത്തും വക്ഷസി പേർത്തു ചേർത്തണിമുലപ്പൊൻ 'കുംഭമാസ'ക്തിയാൽ
ആത്താനല്പ'മഹസ്സരോ'ജമിഴിമാരോടൊത്തു മേവീടുമ-
പ്പൊൽത്താർമാനിനിതന്മണാളനനിശം ചേര്‍ത്തീടണം മംഗളം.''
എന്നു് പ്രസ്തുത ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഒരു ഭാഗം കാണുന്നതിൽനിന്നു 1066-ാമാണ്ടു കുംഭമാസം 27-ാംനൂ-യാണു് അതു് എഴുതിത്തീര്‍ത്തതെന്നു വെളിപ്പെടുന്നു. പിന്നീടു് ആ ഗ്രന്ഥം വലിയകോയിത്തത്തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും നോക്കുകയും 1067-ാമാണ്ടു് മനോരമക്കാർ അച്ചടിപ്പിക്കുകയും ചെയ്തു. രാമായണചമ്പു, നൈഷധചമ്പു മുതലായ പ്രാചീനപ്രബന്ധങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഉഷാകല്യാണം അല്പം അപരമാണെന്നുതന്നെ പറയണം; എന്നാൽ അതിനുള്ള കാരണങ്ങൾ കവിനിഷ്ഠങ്ങളല്ല. ഇക്കാലത്തെ കവനശൈലിയുടെ സ്ഥിതിക്കു്, ശൃംഗാരവീരരസങ്ങളുടെ അന്യോന്യാശ്ലേഷംകൊണ്ടു് അഭൌമമായ ആനന്ദത്തെ സഹൃദയന്മാര്‍ക്കു സര്‍വ്വഥാ സഞ്ജാതമാക്കുവാൻ പര്യാപ്തമായ കഥാനായകന്റെ ഈ കൃതി ശബ്ദാര്‍ത്ഥമാധുര്യം തുടങ്ങിയ സകല കാവ്യഗുണങ്ങൾ കൊണ്ടും അദ്വിതീയമായി പ്രശോഭിക്കുന്നു. ഇന്നുള്ളതു പോലെ രചനാവിഷയത്തിൽ അക്കാലത്ത് അത്ര വളരെ നിഷ്കര്‍ഷയില്ലായിരുന്നതിനാൽ അപൂർവ്വം ചില പദഘടനാവൈകല്യങ്ങൾ, ഉഷാകല്യാണത്തിലും തമ്പുരാന്റെ ഇതരകൃതികളിലെന്നപോലെ, കാണാവുന്നതാണു്; എന്നാൽ അവ ത്യാജകോടിയിൽ തള്ളത്തക്കവണ്ണം അത്ര മാത്രം നിസ്സാരങ്ങളാണെന്നു് ഏതു ഭാവുകനും സമ്മതിക്കുകതന്നെ ചെയ്യും. "ഒഴിക്കുന്നഹോ പിന്നെയും പിന്നെയും നീ" എന്നു്, പുതിയ രചനാരീതിയുടെ പ്രഥമപ്രചാരകനായ വെണ്മണി മഹൻ നമ്പൂരിപ്പാടുപോലും പ്രയോഗിച്ചിട്ടുണ്ടു്. 187 പദ്യങ്ങളും 16 ഗദ്യങ്ങളും ഉഷാകല്യാണത്തിലുണ്ട്: ഗദ്യങ്ങളിൽ ഒന്നിനു മാത്രമേ ഗാനഗന്ധിത്വമുള്ളൂ. ചില പദ്യഗദ്യങ്ങൾ വായിച്ച് നമുക്കു ആസ്വദിക്കാം.
1. ശ്രീകൃഷ്ണവന്ദനം.
"മഞ്ഞപ്പൂഞ്ചേല ചേര്‍ത്തമ്മരതകനിറമാർന്നുള്ള പൂമെയ്യിലേറ്റം
രഞ്ജിക്കുംമാറു നാനാവിധമണികളെഴും ഭൂഷണശ്രേണി ചാര്‍ത്തി
മഞ്ജുശ്രീ മിന്നലിന്ദ്രായുധമിവ വിലസും നീലമേഘം കണക്ക-
ക്കഞ്ജത്താർവര്‍ണ്ണനെന്നിൽക്കനിവുമഴ പൊഴിച്ചീടുവാൻ കൈതൊഴുന്നേന്‍."
2. ഉഷയുടെ നവയൌവനം.
“കര്‍ണ്ണേ താപിഞ്ചാപുഷ്പസ്തബകരുചികളെക്കണ്മുനത്തെല്ലണച്ചു;
തിണ്ണുന്നപ്പുഞ്ചിരിക്കൊഞ്ചലുമണിമുലയിൽത്താരഹാരാഭ ചേർത്തൂ;
അര്‍ണ്ണോജം കൂപ്പുമോമൽപ്പദതളിരിൽ നഖശ്രീ പരം ഭംഗി ചേരും-
വണ്ണം ലാക്ഷാരസത്തിൻ രുചിയെയുമുചിതം ചേർത്തു കല്യാണഗാത്ര്യാഃ"
3. ചിത്രലേഖ അർജ്ജുനനെപ്പറ്റി.
"കണ്ടാലും കൌതുകംപൂണ്ടയി സഖി, കമനീയാംഗനാമീ നരേന്ദ്രൻ
തണ്ടാരിൽത്തന്വിതൻ കാമുകപരമകൃപാപൂരപീയുഷപാത്രം
കൊണ്ടാടിക്കൊണ്ടു വില്ലാളികൾ മുടിയിലണയ്ക്കുന്ന മാണിക്യരത്നം
തണ്ടാർബാണാഭിരാമാകൃതി,കൃതികൾവരൻ, പാര്‍ത്ഥനെന്നോര്‍ത്തു കൊൾക." 44
4. ചിത്രലേഖ ശ്രീകൃഷ്ണനെപ്പറ്റി.
"എന്നാൽ മാനിച്ചു കണ്ടീടുക സുകൃതവശാല്ലഭ്യനാമിപ്പുമാനാ-
ണിന്നിക്കാണും ത്രിലോകീലതയുടെ ചുവടാകുന്ന നന്ദാത്മജാതൻ,
കന്നൽക്കാർ കൈവണങ്ങും പുതിയൊരു സുഷമാഭംഗികൊണ്ടംഗനാനാം
കണ്ണിൽപ്പീയൂഷപൂരം കനിവിനൊടു പൊഴിക്കുന്ന കല്യാണഗാത്രൻ. "45
5. സൂയ്യാസ്തമയം.
“ഉന്നിദ്രാമോദമുൾച്ചേര്‍ത്തഴകിൽ നിജകരം
കൊണ്ടു ലാളിച്ചു പിന്നെ-
ത്തന്നെക്കാന്തൻ വെടിഞ്ഞോരളവു നളിനിയും
ക്ലാന്തി കൈക്കൊണ്ടു ഗാഢം
മുന്നം തൻസ്വപ്നയോഗേ രമണനരികിൽ വ-
ന്നിട്ടു വേർവിട്ടനേരം
കുന്നിക്കും താപഭാരം പെരുകിടുമുഷയാം
ബാലയെപ്പോലെയായി."
6. അനിരുദ്ധനെ കൊണ്ടുവന്നിട്ടും ചിത്രലേഖ ഉഷയോട്.
“കന്നൽക്കണ്ണാളണിഞ്ഞീടിന മകുടമണേ!
ഗൂഢമായ് നിന്റെ ചിത്തം
മുന്നം കൈക്കൊണ്ടുപൊയ്ക്കൊണ്ടൊരു തരുണനെ ഞാൻ
തന്വി, കൊണ്ടിങ്ങു വന്നേൻ;
എന്നാൽ നിൻ കൈകളാകുന്നുചിതലതകൾ കൊ-
ണ്ടിന്നു ബന്ധിച്ചു കൊങ്ക-
ക്കുന്നിന്മേൽച്ചേര്‍ത്തു താൻമൃദുമൊഴി വഴിപോ-
ലിന്നി മര്‍ദ്ദിച്ചുകൊൾക.
7. ബാണന്റെ അമഷം.
"ആരാൽ കൌതുകമോടണഞ്ഞു തരുണീമാരാകവേ മൌലിയിൽ-ത്താരായിട്ടണിയുന്നൊരെൻ തനയയെപ്പാരാതെ വഞ്ചിച്ചുടൻ
ചോരാകാരമെടുത്തുകൊണ്ടു മദനപ്പോരാടിടുന്നിപ്പുമാ-
നാരാണെങ്കിലുമില്ല കില്ലിവനെ ഞാൻ കാരാഗൃഹേ ചേര്‍ക്കുവൻ."
8. അനിരുദ്ധനെ കണ്ടപ്പോൾ ബാണൻ വിചാരം.
“ഏടത്താർപത്രമൊക്കും മിഴിയിണയുമുയര്‍ന്നുള്ള തോളും കവാട-
ത്തൊടൊത്തീടുന്നാ വക്ഷസ്തടമതികൃശമാം മധ്യവും മുദ്ധ്ശോഭം
കേടറ്റീടുന്ന ബാഹാപരിഘവുമനഘശ്യാമളശ്രീ വിളങ്ങും
കോടക്കാർവര്‍ണ്ണവും ചേര്‍ന്നധികസുഭഗനാരാരിവൻ ഭൂരിവീര്യൻ?"
9. ശ്രീകൃഷ്ണന്റെ പടപുറപ്പാടു്.
"മുഷ്കാളും ദാനവന്മാരുടെ ഗളരുധിരത്തിങ്കലുത്തുംഗമോദാൽ
മുക്കാലും മുങ്ങി മങ്ങാതഴകൊടു കളിയാടുന്ന ചക്രായുധത്തെ
തൃക്കയ്യിൽച്ചേര്‍ത്തു ചീര്‍ത്തീടിന മദമൊടുടൻ പാഞ്ചജന്യം മുഴക്കി-
ത്തക്കത്തിൽത്താനൊരുങ്ങിസ്സുരരിപുവൊടു വൻപോരിനംഭോരുഹാക്ഷൻ"
10. വിഷ്ണുജ്വരം,
“മർദ്ദിച്ചുംകൊണ്ടോരോരോ യദുപതിപൃതനാ വീരരെച്ചോര മേന്മേൽ
ഛര്‍ദ്ദിക്കുംവണ്ണമാക്കിപ്പടനടുവിലടങ്ങാതെ വിങ്ങും മദത്താൽ
ഗര്‍ജ്ജിച്ചുംകൊണ്ടു ശൈവജ്വരമഥ മുതിരുംനേരമംഭോരുഹാക്ഷൻ
സര്‍ജ്ജിച്ചൂ ഘോരഘോരാകൃതിതടവിടുമാ വൈഷ്ണവാഖ്യജ്വരത്തെ.''
ഗല്യം: ദ്വാരകാവനത്തിൽ നിന്നു.
“ചരമാംബുരാശിമധ്യത്തിൽ പ്രതിബിംബിച്ചിരിക്കുന്ന നാഗനഗരിയെന്നപോലെ ലോകോത്തരരാമണീയകയായും, ഉന്നതതരമായപൊന്മതിലിനാൽ പരിപന്ഥിജനങ്ങൾക്കനതിലംഘ്യയായും, പങ്കുമകന്ന തങ്കത്താഴികകളാലലങ്കരിക്കപ്പെട്ടു് പുഷ്ടിരുചി കലരുന്ന നാലു ഗോപുരങ്ങളാൽ പരിശോഭിതയായും, പരിസരദേശത്തിൽ വില്ലുമമ്പും വാളുമാദിയായ നാനായുധം ധരിച്ച സേനാശതങ്ങളാൽ പരിവാരിതയായും, അതി വിസ്തൃതങ്ങളായ രഥ്യാമാര്‍ഗ്ഗങ്ങളാലും നിത്യപ്രത്യഗ്രങ്ങളായ നിഖിലപദാര്‍ത്ഥങ്ങൾ കൊണ്ടു തിങ്ങിവിളങ്ങുമങ്ങാടികളാലുമത്യുദാരഭംഗി കലരുന്നതായും, അവിടവിടെ തെളിഞ്ഞെരിയുന്ന ദീപജാലങ്ങളാൽ താരകാനികരപരിഷ്കൃതയായ നഭസ്ഥലി എന്നപോലെ സവിശേഷദർശനീയയായും, പല നിറമായ പതാകാനികരംകൊണ്ടനവരതമംബുധരങ്ങളിലമരേന്ദ്രചാപസംഗമഭംഗിയെ വളർത്തുന്ന കേതുദണ്ഡങ്ങളാൽ മണ്ഡിതപുരോഭാഗങ്ങളായുമനഘമണിഗണവിനിര്‍മ്മിതങ്ങളായുമതിരമ്യങ്ങളായുമുള്ള ഹര്‍മ്മ്യതല്ലജങ്ങളാലുല്ലസിതയായും, ... ... ... ... ... നാഗാധിരാജതനുവെന്നപോലെ അനേകപത്തിപരിശോഭിതയായും, കാന്താരഭൂമിയെന്നപോലെ കളഭാവാസിതയായും, പുഷ്പവാടിയെന്നപോലെ വെളുവെളെ വിലസുന്ന നവമാളികകളാലലംകൃതയായും, രമണീകളസ്വനശാലിനിയെങ്കിലും അരമണീകളസ്വനശാലിനിയായും, നിഖിലജനനയനങ്ങൾക്കു് നൂതനസുധാധാരയായും, വിശ്വകർമ്മാവിനുള്ള നിശ്ശേഷകരകൌശലത്തിന്റെ പരമകാഷ്ഠയായും, വിഷ്ടപത്രയീനായികയുടെ നിടിലസ്ഥലത്തിൽ തെളിഞ്ഞു വിളങ്ങുന്ന തിലകരേഖയായും, അഖണ്ഡസൌഭാഗ്യസാരയായുമുള്ള ദ്വാരവതിയിൽ"
ഈ ഗദ്യത്തിനു സുബന്ധുബാണഭട്ടപ്രഭൃതിമഹാകവികളുടെ ഗദ്യത്തിന്റെ ഛായയുണ്ടെന്നു പറയണ്ടതില്ലല്ലോ.
3. ഗൌരീപരിണയം ചമ്പു.
രവിവർമ്മ കോയിത്തമ്പുരാന്റെ മറ്റൊരു ചമ്പുവാണു ഗൌരീപരിണയം. കുമാരസംഭവം അഞ്ചു മുതൽ ഏഴു വരെ സര്‍ഗ്ഗങ്ങളിലുള്ള കഥ അതിൽ പ്രതിപാദിക്കണമെന്നാണു് കവി ആഗ്രഹിച്ചിരുന്നതു് ; എന്നാൽ അഞ്ചാംസര്‍ഗ്ഗത്തിലെ ഇതിവൃത്തമായ പാർവ്വതിയുടെ തപസ്സും പ്രച്ഛന്നരൂപനായ ശ്രീപരമേശ്വരനുമായുള്ള സംഭാഷണവും മാത്രമേ അദ്ദേഹത്തിനു് എഴുതിത്തിക്കുവാൻ സാധിച്ചുള്ളൂ. അതിനു് ഒന്നാം സ്തബകം എന്നു പേർ നല്കിയിരിക്കുന്നു; ആ സ്തബകത്തിൽ 77 പദ്യങ്ങളും 6 ഗദ്യങ്ങളും ഉൾക്കൊണ്ടിട്ടുണ്ടു്. കാളിദാസനെ കവി ധാരാളം ഉപജീവിച്ചിരിക്കുന്നു. കവിത ആകെക്കൂടി നോക്കുമ്പോൾ ഉഷാകല്യാണത്തോളം ഉല്‍കൃഷ്ടമല്ല. ചില പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിച്ച് കവിതാരീതി വിശദികരിക്കാം.
1. പാർവ്വതിയുടെ തപസ്സ്.
"നീലക്കാർ കാന്തി കോലും പുരികഴൽ നിരതൻ മേന്മ നന്മൈലുകൾക്കും
നീളെത്തൂകും മധൂളീമധുരകളവചോഭംഗി പെൺകയ്‌ലുകൾക്കും ലീലാചാതുര്യമോരോന്നഭിനവലതകൾക്കും കടം നല്കി മെല്ലേ
നീലക്കണ്ണാൾ തപസ്സിന്നുചിതത തടവീടുന്നാ വേഷം ധരിച്ചാൾ."
"ചിത്രം ചിത്തേ മദനപരിപന്ഥിക്കു മുത്തേറെ നല്കാ-
നത്തന്വംഗീ മുലയിലണിയും മുത്തുമാലാം വെടിഞ്ഞാൾ
ബദ്ധാമോദം പുനരപി തദാ രാഗഭാരം വളര്‍പ്പാൻ
മുദ്ധാപാംഗീ ഗിരിമകൾ കളഞ്ഞീടിനാളംഗരാഗം."
"കളഞ്ഞൂ മാത്സര്യം മൃഗതതികൾ; മുന്നേതിലധികം
വളഞ്ഞൂ ശാഖാഗ്രം പൃഥുലഫലപൂമഞ്ജരികളാൽ;
വിളഞ്ഞൂ നീവാരാദികളുമതിയായന്നുടനുടൻ;
തെളിഞ്ഞൂ പുണ്യശ്രീ ഗിരിമകൾ തപിക്കുന്ന വിപിനേ."
2. പാവ്വതിയുടെ ധ്യാനം.
"ഭംഗ്യാ തിങ്കൾക്കിടാവും, തിരുമുടിനടുവിൽ ഗ്ഗംഗയും, പിംഗളശ്രീ-
തങ്ങീടും ഫാലനേത്രം, ഫണിവരമണികൊണ്ടുജ്വലിക്കുന്ന ഗണ്ഡം,
തിങ്ങീടും കാളഭോഗിദ്യുതികളുമഴകിൽച്ചേര്‍ത്തു ചാർത്തും പുലിത്തോൽ
മംഗല്യം കൈവളര്‍ത്തും പദതളിരിതി ചിന്തിച്ചു കാലം കഴിച്ചാൾ. "
3. സഖി പാർവ്വതിയെപ്പറ്റി വടുവിനോടു്.
"ആളീവൃന്ദത്തിലും നല്ലഴകിയൊരു കളിത്താമരപ്പൂവിലും പി-
ന്നാളീടും പൂമണം ചേര്‍ന്നൊരു പുതിയ മലര്‍ക്കാവിലും ശ്രീവിശേഷാൽ
മേളിച്ചീടുന്നൊരോമൽക്കളികളിലുമിളമ്മാനിലും ദൂനയാമി-
ന്നീലപ്പൂവേണിയാൾക്കിങ്ങൊരു കുതുകരസം തെല്ലുമില്ലാതെയായി."
വടു പാർവ്വതിയോടു. 4.
"അയ്യയ്യേ കഷ്ടമെന്തിങ്ങനെ വിദുഷി, ഭൃശം ബാലിശത്വം കലര്‍ന്നി-
ത്തീയാളും കണ്ണനിൽച്ചെന്നയി, തവ ഹൃദയം ചേര്‍ന്നതിന്നേണനേത്രേ!
പൊയ്യല്ലേ കാകനോടോ മദകളകളഹംസിക്കു സംയോഗമയ്യോ!
ചെയ്യല്ലേ നീ മുരിക്കിൽപരിമളമിളകും മുല്ലയെച്ചേര്‍ത്തിടൊല്ലേ.”
5. സഖിയുടെ മറുപടി.
"ആനത്തോലാണുടുക്കുന്നതു പരമതുകൊണ്ടെന്തു ചന്ദ്രാവതംസ-
നൂനം കൂടാതെ പീതാംബരനുമനഘനിദ്ദേവനെസ്സേവചെയ്യും;
കൂനൻ കാളപ്പുറത്തിപ്പശുപതിയെഴുനള്ളംവിധൌ കണ്ടുപോയാൽ
മാനിച്ചീടുന്നു ജംഭാരിയുമിഭവരനിൽനിന്നിറങ്ങീട്ടു വേഗം."
ഗദ്യം: തപോവനവനത്തിൽനിന്നു്.
"നീലനീരദച്ഛായ കലര്‍ന്നു നിബിഡമായുയര്‍ന്നുയർന്നു ദലനികരത്തിന്റെ നിഴൽകൊണ്ടു വഴിപോക്കര്‍ക്കഴൽ പോക്കുന്നതായും, ഉന്നതങ്ങളായ ശാഖാഗ്രങ്ങളിലിളകിക്കൊണ്ടിരിക്കുന്ന തളിരുകളാകുന്ന കൈകളാലാദരവോടുമതിഥിജനത്തെ വിളിക്കുന്നതായും, ചാരത്തുവിതറുന്ന ചാരുത്വമാർന്ന പുതുമലർഗണങ്ങൾകൊണ്ടും പൂമധുകണങ്ങൾകൊണ്ടും അര്‍ഘ്യപാദ്യങ്ങൾ നല്കുന്നതായും, കളമധുരങ്ങളായ കിളിമയിലുകളുടെ നിർഹ്രാദങ്ങളാൽ സ്വാഗതം പറയുന്നതായും, സര്‍വ്വപ്രകാരേണയുമതിഥിസപര്യാപര്യുത്സാഹകമായുമുള്ള തരുനികുരുംബത്താൽ പരിലസിതപര്യന്തഭാഗമായും, പ്രശാന്തശീലങ്ങളായി പ്രകൃതിവിരോധം വെടിഞ്ഞു പരസ്പരമനുവർത്തിക്കുന്ന കിടി കരടി കടുവാ തുടങ്ങിയുള്ള നാനാമൃഗങ്ങളാൽ സമാകീര്‍ണ്ണമായും, കര്‍ണ്ണമധുരമാകുംവണ്ണം ത്രയീവര്‍ണ്ണപരിചയം ചെയ്യുന്ന ശുകശാരികാദികളിൽനിന്നു സന്ദിഗ്ദ്ധഭാഗം ഗ്രഹിച്ചു സന്തുഷ്ടരായ താപസകുമാരന്മാർ സവിശേഷപ്രതിപത്തിയോടു സമര്‍പ്പിക്കുന്ന നീവാരങ്ങളാൽ പരിപൂരിതാന്തര്‍ഭാഗങ്ങളായ കോടരങ്ങളോടുകൂടിയതായും ... ..."
4. പാലാഴിമഥനം.
ഇതു ഇരുപത്തിരണ്ടു ശ്ലോകങ്ങൾ മാത്രമടങ്ങിയ ഒരു ചെറിയ കാവ്യമാണു്. കവിതയ്ക്കു വലിയ ഗുണമുണ്ടെന്നു പറവാനില്ല. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ മാത്രം ചുവടെ ചേര്‍ക്കാം.
"പാലംഭോരാശി കോലാഹലമൊടു കടയുന്നേരമംഭോധിതന്നിൽ-
ക്കാളും ജ്വാലാകദംബത്തൊടു കടുഗരളം വന്നുദിക്കും ദശായാം
മാലാര്‍ന്നീ ലോകമെല്ലാമുഴലുമളവിലക്കാളകൂടം ഭുജിപ്പാൻ
ചാലേ കാരുണ്യമാര്‍ന്നീടിന പരമശിവൻ നിങ്ങളെക്കാത്തിടേണം.''
“ചേലക്കെട്ടൊട്ടഴിഞ്ഞുള്ളതുമൊരു കരതാർകൊണ്ടു താങ്ങിപ്പിടിച്ചും,
ചേലൊക്കും വക്ത്രപത്മേ ശ്രമജലമുകുളം ഭംഗിയോടങ്കുരിച്ചും,
നീലക്കാറൊത്തു നീണ്ടുള്ളണിചികുരമുലച്ചും പരം പന്തടിക്കും
കേളിക്കാമോദമോടേ മരുവുമൊരു മഹാമായയെക്കൈതൊഴുന്നേൻ."
5. താലോലം പാട്ടു്.
ഇതു് അറുപത്തിരണ്ടു വരികളിൽ മഞ്ജരീവൃത്തത്തിൽ വൈകുണ്ഠപുരത്തപ്പനോടു കവി തന്റെ അനന്തരവളായ ഒരു പെൺകിടാവിനെ രക്ഷിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള പാട്ടാകുന്നു. ഒരു സാധാരണഗാനം മാത്രമായ ഇതിനു വിശേഷവിധിയായി ഒരാസ്വാദ്യതയുമില്ല. ആദ്യത്തെ ചില വരികളാണ് അടിയിൽ കുറിക്കുന്നതു്.
"സന്താനശാഖിയാമസ്മൽകുടുംബത്തിൽ
സന്താനമേകും ശ്രീവൈകുണ്ഠേശൻ
സന്താനഗോപാലമൂത്തിയെൻപൈതലെ-
സന്തതം രക്ഷിച്ചുകൊള്ളണമേ.
എൻപൈതൽതന്നുടെ പാദതളിരുക-
ളൻപോടജൻ പരിപാലിക്കേണം;
ആനന്ദരൂപനണിമാഭഗവാനും
ജാനുയുഗളത്തെപ്പാലിക്കേണം."
ഇത്തരത്തിലാകുന്നു ആ പാട്ടിന്റെ ഗതി.
6. തുലാഭാരശ്ലോകങ്ങൾ.
ഈ ശ്ലോകങ്ങൾ ശ്രീമൂലം തിരുനാൾ മഹാരാജാവുതിരുമനസ്സിലെ തുലാഭാരമഹോത്സവം സംബന്ധിച്ചു കവി അടിയറവച്ചതാണു്. ആ ഉത്സവം നടന്നതു് 1067-ൽ ആകുന്നു. സംസ്കൃതശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളുമുണ്ടു്. മൂന്നു ഭാഷാശ്ലോകങ്ങൾ മാത്രം ചുവടേ ചേക്കുന്നു.
“ശ്രീകണ്ഠൻതന്റെനെറ്റിത്തടലസിതതൃതീയാക്ഷിയിൽച്ചേര്‍ന്നചെന്തീ-
പ്പാകം കൈക്കൊണ്ടു നന്നായ്ദ്ദിനമനു വളരും ത്വൽപ്രതാപത്തിനാലേ
ലോകത്തിൽ സ്സജ്ജനദ്രോഹിണി ഭയമൊടഹോ ദുർജ്ജനശ്രേണി പാരം
വൈകല്യം പൂണ്ടു വാഴുന്നിഹ മഹിതമഹീപാലമാണിക്യമൌലേ!"
“കല്യാണശ്രീ കളിക്കും തവ കനകതുലാഭാരദാനം നിമിത്തം
സോല്ലാസം വന്നുദിക്കും പുതുപുകൾ നികരം പൂര്‍ണ്ണരാഗത്തൊടിപ്പോൾ
സ്വർല്ലോകേ വാരനാരീമണികളനുദിനം ഹന്ത! പാടും ദശായാം
വല്ലാതെ വ്രീളകൈക്കൊണ്ടമരവരതരുശ്രേണി വാടുന്നു ഗാഢം.”
"ധര്‍മ്മാചാരത്തിലത്യാദരമരിയ മനശ്ശദ്ധി നൽസൌമ്യശീലം
നന്മാഹാത്മ്യം നയം നിസ്തുലവിനയമുദാരാനുകമ്പാവിശേഷം
നന്മാര്‍ഗ്ഗാസക്തിയെന്നിഗ്ഗണമുടയ ഭവാൻ നാഥനായ് വന്നമൂലം
നിര്‍മ്മായം ത്വൽപ്രജാനാമിതുപൊഴുതുളവാം മോദമോതാവതല്ല."
7. ശ്രീമൂലവിലാസം.
കവിക്കു ശ്രീമൂലം തിരുനാൾ തിരുമേനിയെപ്പറ്റി നിഷ്കൈതവവും നിരഭിസന്ധിയുമായ ഭക്തിപാരവശ്യം ഉണ്ടായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. അനേകമവസരങ്ങളിൽ അവിടുന്നു് അമൃതമധുരങ്ങളായ മംഗലാശംസാപദ്യങ്ങൾ തിരുമനസ്സിലേക്കു സമര്‍പ്പണം ചെയ്തിട്ടുണ്ടു്. അവയിൽ ഒന്നാണു് താഴെക്കാണുന്ന,
"അന്തഭാഗത്തു ചേര്‍ത്തമ്മുരമഥനനെയമ്മട്ടു നാട്ടാർ രസം ചേര്‍-
ന്നന്തംകൂടാതണഞ്ഞും ജനഹിതമതിനായ് വേലയിൽത്താനിരുന്നും
ചന്തം ചേര്‍ന്നുല്ലസിക്കും നൃപതിവര,ഭവാൻ സിന്ധുവോടൊപ്പമത്രേ
കിന്തു ശ്രീമൻ ഭവാനിൽ ക്ഷിതിധവ, നിലയില്ലായ്കയെന്നുള്ളതില്ല."
എന്ന പദ്യം. ശ്രീമൂലവിലാസം (ശ്രീമൂലരാജസ്തവമെന്നും പറയും) ഭിന്നവൃത്തങ്ങളിൽ പത്തുദശകങ്ങളായി രചിച്ച് ഒരു ശതകമാക്കി പ്രസിദ്ധീകരിക്കണമെന്നായിരുന്നു അവിടത്തെ ആശ. എന്നാൽ സ്രഗ്ദ്ധര, വസന്തതിലകം, ശാർദ്ദൂലവിക്രീഡിതം, മാലിനി ഈ വൃത്തങ്ങളിൽ നാലു ദശകങ്ങളും മന്ദാക്രാന്തയിൽ പഞ്ചമദശകത്തിന്റെ ആദ്യത്തെ പദ്യത്തിലെ പൂര്‍വ്വാര്‍ദ്ധവും മാത്രമേ അവിടത്തേക്കു നിര്‍മ്മിക്കുവാൻ സംഗതി വന്നുള്ളു. ശ്രീമൂലരാജസ്തവം, പാലാഴിമഥനം, താലോലംപാട്ട്, കാത്യായന്യഷ്ടകം, ഗൌരീപരിണയം, മദനമഞ്ജരീവിലാസം ഭാണം, കാദംബരീകഥാസാരം ഗദ്യം ഇവയെല്ലാം ചങ്ങനാശേരി ആനന്ദപുരത്ത് കെ. സി. വീരമണി അയ്യർ ഉടമസ്ഥനായും ഞാൻ (മറ്റു ചില സ്നേഹിതന്മാരുടെ സാഹായ്യത്തോടുകൂടി) പത്രാധിപരായും 1079-ാമാണ്ടിൽ പ്രചരിപ്പിച്ചു തുടങ്ങിയ കാവ്യമഞ്ജരീ മാസികമുഖേനയാണു് പ്രസിദ്ധപ്പെടുത്തിയതു്. ചതുർത്ഥ ദശകത്തിൽ ഒൻപതുശ്ലോകങ്ങളെ കിട്ടീട്ടുള്ളു. പഞ്ചദശകത്തിലെ ആദ്യത്തെ ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം എന്റെ ഗുരുനാഥൻ,
"നീരിത്താരിൽത്തരുണിമണി തൻകാന്തനിൽ സ്വാന്തരംഗം
ഭൂരിപ്രേമ്ണാ സതതമപി താൻ ചേർത്തുകൊണ്ടാത്തമോദം"
എന്നെഴുതി വച്ചിരുന്നത് ഞാൻ,
പൂരിപ്പിച്ചില്ലിതു സുകവിവംശേശനെൻ ദേശികൻ മ-
റ്റാരിനയ്യോ ധരണിയിലതിന്നൊത്ത സാമര്‍ത്ഥ്യമുള്ളോൻ?
എന്നു പൂരിപ്പിച്ചു അവിടെ നിറുത്തുകയാണുണ്ടായതു്. പ്രസ്തുതകൃതിയിൽനിന്നു ചില പദ്യങ്ങൾ അടിയിൽ പകർത്തുന്നു.
"ശ്രീപത്മനാഭചരണാംബുരുഹത്തിൽ നിത്യ-
മാമഗ്നമാനസനസീമഗുണാഭിരാമൻ
ആമൂലചൂഡമുലകിൽപ്പുകൾ തിങ്ങിവിങ്ങും
ശ്രീമൂലവഞ്ചിവരൻ വിജയിച്ചിടുന്നു.
പൂമാനിനീരമണപാദനിഷേവകൊണ്ടു
സീമാവിഹീനവിഭവം കലരും മഹാത്മാ
ധീമാനയം ജഗതി ചെയ്തുവരുന്ന പുണ്യ-
ഭൂമാവു വാഴ്‍വതനന്തനുമാവതല്ല."
"കേടറ്റീടിന സൽപ്രതാപമിയലുന്നോരിക്ഷമാനായക-
ന്നീടുറ്റും ക്ഷമയിങ്ങുദിപ്പതുചിതംതാനേ നിനച്ചീടുകിൽ;
നാടെല്ലാം നലമോടു തിങ്ങിവിലസും നീതിക്കൊരാവാസമാ-
യീടുന്നീ നൃവരൻ വിനീതിയതിനെത്തേടുന്നതതത്ഭുതം."
8. അംബാഷ്ടകം.
പ്രസ്തുത സ്തോത്രം കവി 1070-ാമാണ്ടു കന്നിമാസത്തിൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചു. അന്ത്യപാദത്തിൽ യമകസൌന്ദര്യം കലര്‍ത്തി ദ്രുതവിളംബിതവൃത്തത്തിലാണു് അതു രചിച്ചിട്ടുള്ളത്. കവിത മനോഹരവും സാമാന്യം പ്രസിദ്ധിയുള്ളതുമാകുന്നു. അതിന്റെ നിര്‍മ്മിതിക്കുള്ള കാരണം അവിടുന്നു് പ്രത്യേകം ഒരു പദ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. ആ പദ്യമാണു് താഴെക്കാണുന്നതു്.
"ഉരുതരജ്വരപീഡിതനായനാ-
ളൊരുദിനം രവിവര്‍മ്മനൃപാലകൻ
ഗിരിസുതാര്‍ച്ചനയായ്ക്കൃതി ചെയ്തൊരി-
ചെറിയൊരഷ്ട്രകമിഷ്ടദമാകണം."
അഷ്ടകത്തിൽനിന്നു മൂന്നു പദ്യങ്ങൾ ചുവടേ ഉദ്ധരിക്കുന്നു.
"പലതരത്തിലൊരോ പരിപീഡയാൽ
വലയുമെന്മനതാരിനനാരതം
അലർശരാന്തകപുണ്യപരമ്പരാ-
നിലയമേ, ലയമേകുക നിൻപദേ."
"അവിരളാര്‍ത്തി വളര്‍ത്തു കിളുര്‍ത്തിടും
വിവിധരോഗമകന്നു സുഖിക്കുവാൻ
ശിവകുടുംബിനി, നിൻ കരുണാമൃതിൻ-
കബലമേ ബലമേണവിലോചനേ!"
"കിമപി നിൻകൃപയെങ്കലുദിക്കിൽ ഞാൻ
ശമമൊടൊത്തു വനത്തിൽ വസിക്കുവൻ;
അമിതസൌഖ്യമതാണു; വൃഥാ ധനം
മണി മേ മണിമേടയിതൊക്കയും."
9. മദനമഞ്ജരീവിലാസം ഭാണം.
മലയാളത്തിലെ ആദ്യത്തെ ഭാണം വെണ്മണി മഹൻ നമ്പൂതിരിപ്പാട്ടിലേ കാമതിലകമാണു്. അതു് ആ മഹാകവി 1057-ാമാണ്ടിടയ്ക്കു് ഉണ്ടാക്കി. ഒരു ശകലം പോലും ഗദ്യമില്ലെന്നുള്ളതാണു് ആ ഭാണത്തിലേ വൈചിത്ര്യം, അഥവാ വൈകല്യം. "നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു്" എന്നു പറയേണ്ടതിനു പകരം അദ്ദേഹം,
“മുന്നോട്ടേറെച്ചെരിച്ചിട്ടൊരു മുടിയുമുടൻ വെച്ചുമാറ്റാസനം വെ-
ച്ചിന്നൊട്ടേറെ പ്രസാദാൽ മുഖമതിലപചാഞ്ചല്യമാച്ചാല്യമേറ്റം
മന്ദം തേച്ചീവിരൂപാകൃതിയൊടഥ കഥാസൂചനം ചെയ്‍വതിന്നായ്
നാന്ദ്യന്തേ സൂത്രധാരൻ നെടിയ നടനരംഗത്തിൽ വന്നെത്തിടുന്നു.''
എന്നാണു് സ്വതസ്സിദ്ധമായ ഉച്ഛൃംഖലത്വത്തോടുകൂടി തട്ടിവിടുന്നത്. “എന്തു പറയുന്നു?" എന്നു കൂടെക്കൂടെ ചോദിക്കേണ്ട അവസരങ്ങളിൽ,
"ഈ വിധം പറയുന്നോ നീ കേവലം പരമപ്രിയേ!
സാവധാനത്തിലങ്ങേറ്റം സേവനാമെന്നൊടിന്നഹോ?"
എന്ന ശ്ലോകമാണു് അദ്ദേഹം ആവര്‍ത്തിക്കുന്നതു്. അതുകൊണ്ടു് ഭാഷയിലെ അന്യൂനാനതിരിക്തവും ലക്ഷണയുക്തവുമായ ഒന്നാമത്തെ ഭാണം മദനമഞ്ജരീവിലാസമാണെന്നുതന്നെ ഊഹിക്കേണ്ടിയിരിക്കുന്നു. എരുവയിൽ ചക്രപാണിവാരിയരുടെ മാധവീശേഖരമാണു് മൂന്നാമത്തെ ഭാണം, നാലാമതൊന്ന് ആരെങ്കിലും രചിച്ചിട്ടുള്ളതായി ഓര്‍മ്മ തോന്നുന്നില്ല. അനന്തരകാലത്തെ രുചിയുടേയും സംസ്കാരത്തിന്റെയും ഗതിവിശേഷം നോക്കുമ്പോൾ ഈ പ്രസ്ഥാനം ശൈശവത്തിൽ തന്നെ മൃതപ്രായമായതിൽ ആശ്ചര്യപ്പെടുവാനുമില്ല. സംസ്കൃതസാഹിത്യത്തിനു് "അലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും" എന്നു സമ്മതിച്ചേ കഴിയൂ. ജീവൽഭാഷാസാഹിത്യങ്ങളുടെ സ്ഥിതി അതിൽനിന്നു സര്‍വ്വഥാ ഭിന്നമാണല്ലൊ. മദനമഞ്ജരീവിലാസം ഒരപൂര്‍ണ്ണകൃതിയാണു്. ആദ്യത്തെ ഏതാനും ഭാഗമേ കണ്ടുകിട്ടീട്ടുള്ളൂ. കവി വളരെ നിഷ്കര്‍ഷിച്ചു രചിച്ചിട്ടുള്ള ഒരു നിബന്ധമാണു് അതെന്നു ഓരോ ശ്ലോകവും തെളിയിക്കുന്നു. ചില ശ്ലോകങ്ങൾ ചുവടേ ചേര്‍ക്കാം.
1. നാന്ദി
"കണ്ഠാശ്ലേഷം കണക്കല്ലതിൽ വിഷമിയലുന്നുണ്ടയേ, ചുംബനത്തി-
ന്നുണ്ടാകുന്നൂ ഭയം മേ ഗരളമൊഴുകുമിക്കുണ്ഡലം കാൺക മൂലം
കൊണ്ടാടിക്കൊണ്ടിവണ്ണം ഗിരിമകൾ പരിരംഭാദിലീലയ്ക്കൊരുങ്ങും
തണ്ടാർബാണാരിതന്നോടരുളിന പരിഹാസോക്തി പാലിച്ചിടട്ടേ.”
2. സൂത്രധാരവാക്യം.
"തഞ്ചും രോഷേണ തന്നെത്തിരുമിഴിയിലെരിച്ചോരു വിശേശനെത്താ-
നഞ്ചാതേ ചഞ്ചലാക്ഷീമണി മലമകൾതൻ ദാസനാക്കിച്ചമച്ചും
തേൻചോരും സായകംകൊണ്ടുലകിടമഖിലം വെന്നുമുന്നിദ്രമോദാൽ-
ചാഞ്ചാടും പഞ്ചബാണൻ തിരുവടിയെ നമിക്കുന്നു ഞാനിന്നു ഭക്ത്യാ."
“പാലഞ്ചും വാണിയും നൽപ്പരിമളമിളകും വേണിയും പിച്ചകപ്പൂ-
മാലഞ്ചും മേനിയും കാന്തിയുമധരസുധാസത്തുമിത്യാദിയാലേ
നീളെപ്പഞ്ചേന്ദ്രിയങ്ങൾക്കഴകൊടു പരമാനന്ദമൊന്നിച്ചു നല്കും
നീലക്കാർവേണിമാർ നിങ്ങടെ കരളിലെഴും കാമമെല്ലാം തരട്ടേ." 75
"ചാരത്തൻപോടണഞ്ഞും മധുരകളനിനാദങ്ങൾ നീളെച്ചൊരിഞ്ഞും
പാരം പൂന്തേൻ നുകർന്നും പല പല ലതയിൽച്ചേര്‍ന്നു വാഴുന്നു ഭൃംഗം,
ഓരോരോ വാരനാരീമണിമയഭവനംതോറുമാത്താനുരാഗം
കേറി ക്രീഡിച്ചു മോദം നടവിന വിടനെപ്പോലവേ നീലവേണി!"
"മാന്താരമ്പന്റെ പോരിൽച്ചപലത പലതും ചൊന്നതെല്ലാമിദാനീ-
മേന്തും മോദേന താതൻസവിധഭുവി കളിപൈതലോതുംദശായാം
സ്വാന്തേ കൌതൂഹലം പൂണ്ടുദിതരുചി ചിരിച്ചീടുമത്തോഴിമാരിൽ-
പൂന്തേൻ നേർവാണി നാണിച്ചൊരുവൾ തിരുമിഴിത്തെല്ലിതാ ചേർത്തിടുന്നു."
10. കാദംബരീകഥാസാരം.
ഈ ഗദ്യപ്രബന്ധവും സമ്പൂര്‍ണ്ണമായിട്ടില്ല. പദ്യംകൊണ്ടു മാത്രമല്ല, ഗദ്യംകൊണ്ടും ഭാഷയെ പരിപോഷിപ്പിക്കേണ്ടതു തന്റെ കര്‍ത്തവ്യകര്‍മ്മമാണെന്ന് ഇംഗ്ലീഷു പള്ളിക്കൂടത്തിൽ കയറാത്ത രവിവർമ്മ കോയിത്തമ്പുരാനു തോന്നിയതിൽ, നാം അദ്ദേഹത്തിന്റെ പരിഷ്കൃതമായ മനോവൃത്തിയേയും സർവ്വതോമുഖമായ സാഹിതീസേവനൌത്സുക്യത്തേയും ഉള്ളഴിഞ്ഞു ബഹുമാനിക്കേണ്ടതാകുന്നു. ആ കൃതിയുടെ ആരംഭത്തിൽനിന്നു ചില പംക്തികൾ ഉദ്ധരിക്കാം; അവ വായിച്ചാൽ അദ്ദേഹം ഗദ്യരചനയിലും ഗണനീയമായ പാടവം സമാര്‍ജ്ജിച്ചിരുന്നു എന്നു സഹൃദയന്മാര്‍ക്കു സമീക്ഷിക്കാവുന്നതാണു്.
"മാളവരാജ്യത്തിൽ വേത്രവതി എന്നു പേരായ ഒരു നദിയുണ്ട്'. ആ നദിയുടെ തീരപ്രദേശത്തിൽ സകലസമ്പൽസമ്പൂര്‍ണ്ണമായി വിദിശ എന്നു പ്രസിദ്ധയായ ഒരു രാജധാനിയുണ്ടായിരുന്നു. അവിടെ ഒരു കാലത്തിൽ ശൂദ്രകൻ എന്ന നാമധേയത്തോടുകൂടി ഒരു രാജാവുണ്ടായി. ബാല്യത്തിൽത്തന്നെ അനിതരസാധാരണമായ ഗുണഗണംകൊണ്ടു് ആ രാജകുമാരൻ ചന്ദ്രനെപ്പോലെ സകലജനങ്ങൾക്കും ആഹ്ലാദത്തെ വളര്‍ത്തിക്കൊണ്ടിരുന്നു. വേദവേദാംഗാദി നിഖിലവിദ്യകളിൽ അതിവിദഗ്ദ്ധനും പ്രജ്ഞാവൈഭവം കൊണ്ടും പൌരുഷവിശേഷംകൊണ്ടും രൂപമാധുര്യംകൊണ്ടും അപ്രതിരഥനുമായ ആ യുവാവ് അഭിഷേകാനന്തരം ചതുസ്സാഗരപര്യന്തയായ ഭൂമിയെ നിഷ്പ്രയാസമാകുംവണ്ണം ജയിച്ചും നീതിനിപുണന്മാരായ മന്ത്രിസത്തമന്മാരോടുകൂടി ഗുരുതരമായ ഭൂഭരണകൃത്യത്തെ ലിലാനിർവ്വിശേഷമായി നിവര്‍ഹിച്ചുവന്നു."
11. ശൃംഗാരശ്ലോകങ്ങൾ.
ഇവയ്ക്കും അപൂണ്ണതയുണ്ട്. 1074-ാമാണ്ടു് കവി തിരുവനന്തപുരത്ത് ഉപ്പിടാഅമ്മവീട്ടിൽ കുറേ ദിവസം താമസിച്ചിരുന്നു. അക്കാലത്തു് എഴുതിയതാണു് പ്രസ്തുതശ്ലോകങ്ങൾ. കിട്ടിയിടത്തോളം ശേഖരിച്ചു ഞാൻ അവയെ പരിഷത്തൈമാസികത്തിന്റെ അനുവാചകന്മാര്‍ക്കു് ഇതിനു മുൻപുതന്നെ സമ്മാനിച്ചിട്ടുണ്ടു്. (1113-ലെ മേടം ലക്കം നോക്കുക.) മദനമഞ്ജരീവിലാസത്തിൽ അവയിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങൾ ഉൾപ്പെടുത്തിക്കാണുന്നു. ആ ശ്ലോകാവലിയിൽ പെട്ട,
"വീണപോലെ തവ കൊങ്കകൾ രണ്ടും;
പിട്ടിലാണു തവ കാര്യമശേഷം;
നീ വിളഞ്ഞസുരവിത്തു നിനച്ചാൽ
നിന്റെ പാട്ടിലമരാത്തവരുണ്ടോ?''
എന്നാ ശ്ലോകം പ്രസിദ്ധമാണു്.
12. ബ്രസീനാനാടകം.
ഈ നാടകവും അപൂര്‍ണ്ണം തന്നെ. നാലാമങ്കത്തിന്റെ ഏതാനും ഭാഗംവരെയേ കണ്ടു കിട്ടീട്ടുള്ളു. ക്രിസ്തുമതചരിത്രത്തിൽ അന്തർഭൂതമായ ഒരു കഥയാണു് ഇതിലേ ഇതിവൃത്തം. ചങ്ങനാശേരിയിലേ ചില സാഹിത്യരസികന്മാരായ ക്രിസ്ത്യാനികളുടെ അപേക്ഷ അനുസരിച്ച് രവിവമ്മ കോയിത്തമ്പുരാൻ ഇതു് 1074-ാമാണ്ടിടയ്ക്ക് ആരംഭിച്ചു. രണ്ടങ്കത്തോളം എഴുതിക്കഴിഞ്ഞപ്പോൾ അവിടത്തേക്കു കായികവും മാനസികവുമായി പലവിധത്തിൽ അസ്വാസ്ഥ്യം നേരിട്ടു. തന്നിമിത്തം ഗ്രന്ഥസമാപ്തിക്കു വന്നുചേർന്ന വിളംബം സഹൃദയന്മാരെ വ്യസനിപ്പിക്കുകയും അവരിൽ ഒരാൾ 'ബ്രസീനാവിലാപം' എന്നാ പേരിൽ ഏതാനും ശ്ലോകങ്ങൾ 1075 വൃശ്ചികമാസത്തിൽ മനോരമയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതു കണ്ടു് സാന്ത്വനരൂപത്തിൽ ഒരു പ്രതിപത്രിക ആ പത്രത്തിൽത്തന്നെ അവിടന്ന് എഴുതി. അതിൽ ഉൾപ്പെട്ടതാണു്,
"ഗഭസ്ഥയായ് ബഹുദിനം
നിര്‍ഭരഖേദം വഹിപ്പതോ ഭദ്രേ,
ദുർഗയെന്നു രസജ്ഞർ വി-
നിഭർത്സനമിങ്ങു ചെയ്‍വതോ സഹ്യം?" എന്ന ശ്ലോകം.
മൂന്നാമങ്കം പൂര്‍ത്തിയാക്കി ശേഷം പൂരിപ്പിക്കുവാൻ ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാനെ ഏല്പിച്ചു. അദ്ദേഹം നാലാമങ്കത്തിൽ കുറേഭാഗം മാത്രമേ രചിച്ചുള്ളൂ. 1091-ലേ രാമവർമ്മ കോയിത്തമ്പുരാൻ അന്തരിച്ചുള്ളൂ. എങ്കിലും അതു് അതിനപ്പുറം അദ്ദേഹം സ്പര്‍ശിച്ചതേയില്ല. അതിനുള്ള കാരണം ആത്മപ്രത്യയരാഹിത്യമാണെന്നു ഞാൻ ഊഹിക്കുന്നു. കിട്ടിയിടത്തോളം നാടകവും പ്രതിപത്രികയും ഞാൻ 1112-ലേ പരിഷത്തൈ മാസികം മേടം, കക്കിടകം എന്നീ രണ്ടു ലക്കങ്ങളിലായി പ്രകാശനം ചെയ്തിട്ടുണ്ട്. അതുകൊണ്ടു പദ്യങ്ങൾ ഉദ്ധരിച്ചുകാണിക്കേണ്ട ആവശ്യമില്ല. എങ്കിലും ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർത്തുകൊള്ളുന്നു.
"ഇക്കാണും ലോകമെല്ലാമഴകിനൊടു ചമച്ചാസ്ഥയാ കാത്തുപോരും
നൽക്കാരുണ്യം നിറഞ്ഞോരണിമണിഗൃഹമായുള്ള കല്യാണമൂര്‍ത്തേ!
നിഷ്കാമന്മാരുപാസിച്ചിടുമമലപരബ്രഹ്മമേ, നന്മയോടെ-
ന്നുൾക്കാമ്പിൽച്ചേര്‍ന്നു വാണിട്ടരുളുക സതതം മംഗളം ഭംഗമെന്യേ."
"സത്യം മര്യാദ സാധുക്കളിലലിവു പരം സജ്ജനൗഘം പുകഴ്ത്തും
കൃത്യം സ്തുത്യര്‍ഹമാമിഗ്ഗുണഗണമിയലുന്നുത്തമന്മാർക്കു മേന്മേൽ
അത്യന്താപത്തു നല്കീടിലുമൊടുവിലതിപ്രീതിയാൽ ഭൂതിയേകും
നിത്യൻ സത്യസ്വരൂപൻ നിറവിനൊടു ഭവാന്മാര്‍ക്കു ഭാഗ്യം തരട്ടേ.”
താഴെകാണുന്ന മനോഹരമായ പദ്യവും പ്രസ്താവനയിലുള്ളതാണു്.
"തന്മേനിക്കൊത്തവണ്ണം പലനിലയിലലങ്കാരമോരോന്നു ചേർത്തും
ചെമ്മേ ചാതുര്യമേറുംപടി മൃദുലപദംവച്ചുമിച്ഛാനുരൂപം
ഉന്മേഷത്തോടുകൂടിസ്സഭയിലൊരുവിധം തൃപ്തികൈക്കൊണ്ടിറങ്ങാൻ
മേന്മേൽ നന്മാന്മിഴിക്കും കവികളുടെ മൊഴിക്കും ജനിക്കും വിളംബം."
ഗ്രന്ഥകാരൻ പ്രസ്താവനയിൽ തന്റെ പേർ പറയുന്നില്ല. നടിയുടെ ചോദ്യത്തിനു സൂത്രധാരന്റെ ഉത്തരം,
"സാരസത്തേനൊഴുകി വഴിയും സാഹിതീരീതികണ്ടാൽ
സാരജ്ഞന്മാർ കമനി, കവിയാരെന്നു സൂക്ഷ്മം ധരിക്കും;
പാരം നീരും ഗുളവുമിരുളിൽക്കൊണ്ടുവച്ചാസ്വദിക്കു-
ന്നേരം പാരാതവയെയറിയുന്നില്ലയോ വേറെ വേറെ?"
എന്നാണു്.
13. കവിസഭാരഞ്ജനം നാടകം.
ഈ കൃതിയെപ്പറ്റി ഒടുവിൽ പ്രതിപാദിക്കാമെന്നു വച്ചതു് എനിക്കു് ഇതിലുള്ള ആദരാതിശയം നിമിത്തമാകുന്നു. 1065 മുതൽ 1075 വരെ പത്തുകൊല്ലങ്ങൾക്കിടയിൽ അനവധി ഭാഷാരൂപകങ്ങൾ കേരളത്തിൽ പല ഭാഗങ്ങളിലും ആവിര്‍ഭവിക്കുകയുണ്ടായി. അവയിൽ സംസ്കൃതനാടകങ്ങളുടെ തര്‍ജ്ജമകളല്ലാത്ത രൂപകങ്ങൾ ഇന്നു നാലോ അഞ്ചോ പോലും ജീവിച്ചിരിക്കുന്നുണ്ടോ എന്നുള്ളതു സംശയമാണു്. നടുവത്തച്ഛന്റെ ഭഗവദ്ദൂത്, ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം, കൊച്ചുണ്ണിത്തമ്പുരാൻ മധുരമംഗലം, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ചന്ദ്രിക ഇവ ഇത്തിരി 'തമ്മിൽ ഭേദ'മാണെന്നു പറയാമെന്നേയുള്ളു. കവിസഭാരഞ്ജനത്ത സ്വകപോലകല്പിതങ്ങളായ ഭാഷാനാടകങ്ങളുടെ കൂട്ടത്തിൽ ഒന്നാംകിടയിൽ തന്നെ പരിഗണിക്കേണ്ടതാണു്. അതിനു ചില അഭിനന്ദനീയങ്ങളായ വൈശിഷ്ട്യങ്ങളുണ്ട്. ഒന്നാമത്, ഇതിവൃത്തത്തിനു കവി ഇതിഹാസപുരാണങ്ങളെ ആശ്രയിക്കുന്നില്ല; രണ്ടാമതു് തന്റെ മുമ്പിൽ തന്നെ നടന്ന ഒരു കവിസമാജസമ്മേളനത്തെ ആസ്പദമാക്കി ഒരു നാടകം നിര്‍മ്മിക്കുന്നു; മൂന്നാമതു് പാത്രങ്ങളിൽ അധികവും കവികളും സഹൃദയന്മാരുമാണെന്നു മാത്രമല്ല, ഗ്രന്ഥകാരൻ നാടകത്തിലെ പദ്യത്തിലും ഗദ്യത്തിലുമുള്ള സംഭാഷണം കഴിയുന്നതും ആ പാത്രങ്ങളുടെ രീതിയിൽ തന്നെ രചിക്കുവാൻ പ്രശംസനീയമായ ശ്രദ്ധ പ്രകടിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു നാടകം മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടെന്നു തോന്നുന്നില്ല. നാലാമത്, കവിതന്നെ ഒരു പാത്രമാണു്. ഈ കാരണങ്ങളാലും മറ്റും കവിസഭാരഞ്ജനത്തിനു വാസ്തവത്തിൽ എങ്ങനെ നോക്കിയാലും നമ്മുടെ ഇടയിൽ പ്രചുരമായ പ്രചാരത്തിന് അവകാശമുണ്ടു്. അതിനു് ഒരു പുതിയ പതിപ്പ് അത്യന്താവശ്യകമായിത്തീർന്നിരി 1068 ധനുമാസത്തിലെ ഭാഷാപോഷിണിയിൽച്ചേര്‍ത്തു്, കണ്ടത്തിൽ വറുഗീസ്‌മാപ്പിള ആ നാടകം പ്രസിദ്ധപ്പെടുത്തിയതല്ലാതെ, അതിൽപിന്നീടു് അതു മുദ്രണം ചെയ്യുന്നതിനു് ആരും മുതിന്നതായി കാണുന്നില്ല.
1065-ാമാണ്ടു മീനമാസം 10-ാനു-യാണു് വറുഗീസ്‌മാപ്പിള കോട്ടയത്തുനിന്നു മലയാളമനോരമ പ്രസിദ്ധീകരിച്ചുതുടങ്ങിയതു്. 1067 വൃശ്ചികം 11-ാനു അവിടെവച്ചു കവിസമാജം സമ്മേളിച്ചു. മൂന്നു ദിവസത്തേക്ക് ആ സമ്മേളനം നീണ്ടുനില്ക്കുകയും കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അപരിഹരണീയമായ അഭാവത്തിൽ ഏ. ആർ. രാജരാജവര്‍മ്മകോയിത്തമ്പുരാനും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും, പുന്നശ്ശേരി നീലകണ്ഠശർമ്മാവും, യഥാക്രമം ഓരോദിവസം അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സഭയിൽ സന്നിഹിതനാകുന്നതിനുവേണ്ടി കവി കോട്ടയത്തു മറിയപ്പള്ളിക്കൊട്ടാരത്തിൽ എത്തിയെങ്കിലും താല്ക്കാലികമായി നേരിട്ട ശരീരാസ്വാസ്ഥ്യം നിമിത്തം അവിടത്തേക്ക് അതിൽ ഭാഗഭാക്കാകുവാൻ സാധിച്ചില്ല. തന്നിമിത്തം സമ്മേളനത്തിനുപോയ തന്റെ ജ്യേഷ്ഠൻ രാമവർമ്മ കോയിത്തമ്പുരാനോടും മറ്റും ചോദിച്ചു നടപടികൾ മനസ്സിലാക്കിയാണു് നാടകം രചിച്ചതെങ്കിലും, അവ നേരിട്ട കണ്ട ഒരു കവിയാണു് എഴുതിയതെന്നേ സഹൃദയന്മാര്‍ക്ക് തോന്നുകയുള്ളു. പ്രസ്തുതനാടകത്തിനു് ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ തന്നെ 'കവിസഭാരഞ്ജനഭാഷ്യം' എന്ന പേരിൽ ഒരു വിമര്‍ശോപന്യാസം എഴുതി ആ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു എന്നുള്ളത് അതിന്റെ ഉദാത്തമായ ഉൽകഷത്തിനു് ഒരുത്തമനിദശനമാണു്. (പറവൂർ കെ. സി. കേശവപിള്ള യും 'കവിസമാജയാത്രാശതകം' എന്ന പേരിൽ ഒരു കവിത ആ വിഷയത്തെ അധികരിച്ചു രചിച്ചിട്ടുണ്ട്.) ഏ. ആർ. തന്റെ ഭാഷ്യത്തിൽ നാടകത്തിലെ രസത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണു്.
"ഈ നാടകത്തിൽ അംഗിയായതു വീരരസമാകുന്നു. ദാനവീരം, ദയാവീരം ഇത്യാദി വീരരസത്തിനു് അനേകം ഭേദങ്ങളുള്ളതിൽ ഇതിലെ വീരരസത്തിനു് ആരംഭവീരമെന്നോ കാര്യവീരമെന്നോ പേർ പറയാം. സമാജം നടത്തുന്ന വിഷയത്തിലുള്ള സ്ഥായിയായ ഉത്സാഹമാകുന്നു വീരരസമായിത്തീരുന്നതു്. പത്രാധിപ(വറുഗീസ്‌മാപ്പിള) രാകുന്ന ധീരനായകനിൽ വര്‍ത്തിക്കുന്നതും സമാജനിർവ്വഹണത്തെ ആലംബിക്കുന്നതുമായ ഉത്സാഹസ്ഥായിഭാവം മഹാരാജസാഹായ്യാദിവിഭവങ്ങളാൽ ഉദ്ദീപിതവും, 'എരിതീയിലാശു ചാടാം' ഇത്യാദി വീരവാദങ്ങളാകുന്ന അനുഭാവങ്ങളാൽ അവഗാഢീകൃതവും, സഭ കൂടിയാലോചന, 'ബെഞ്ചും മേശകളും കസാലകളുമിങ്ങന്യൂന' ഇത്യാദി സാധന സാമഗ്രി സമ്പാദിക്കുന്നതിലുള്ള വൈയഗ്ര്യം, 'വിത്തിട്ടന്നുതുടങ്ങി വിങ്ങിവളരും' ഇത്യാദി വിഘ്നങ്ങളിൽനിന്നുള്ള ശങ്ക, 'അറ്റം കൂടാതെ യത്നം പലതും' ഇത്യാദിചിന്ത, 'ഇതൊന്നുംകൊണ്ടും മറ്റും ശാല അലംകൃതമായി എന്നു അടിയൻ വിചാരിക്കുന്നില്ല' ഇത്യാദി ഔത്സുക്യം, ഇങ്ങനെ ഉള്ള വൃഭിചാരികളാൽ പരിപോഷിതവുമായിട്ടു്, (വില്വട്ടത്തു രാഘവൻ) നമ്പ്യാരുടെ ഫലിതങ്ങളാൽ ഉത്ഥാപിതമായ ഹാസ്യരസം, ആപണശാലാദ്യാലംബിതമായ അത്ഭുതരസം, ഇങ്ങനെയുള്ള അംഗങ്ങളാൽ പരിപൂര്‍ണ്ണതയെ പ്രാപിച്ച് നിഖിലനിബന്ധവ്യാപിയായിത്തീര്‍ന്നു് വ്യാഖ്യാതൃശ്രോതൃക്കളുടെ ഹൃദയത്തിൽ ബ്രഹ്മാനന്ദനിര്‍വിശേഷമായ ഒരു നിർവൃതിവിശേഷത്തെ ജനിപ്പിക്കുന്നു."
നാന്ദിയും സൂത്രധാരന്റെ വര്‍ണ്ണനയും വളരെ വിശിഷ്ടമായിട്ടണ്ടു്. അതിൽ കഥാസൂചന കവി എത്ര അത്ഭുതമായ രീതിയിൽ ഘടി പ്പിച്ചിരിക്കുന്നു എന്നു നോക്കുക.
"ചൊല്ലേറും വിബുധാളിചേര്‍ന്നൊരു സഭാമധ്യത്തിലിദ്ധാദരം
കല്യ ശ്രീ മണിപീഠസീമനി തെളിഞ്ഞൻപോടണഞ്ഞങ്ങനെ
ഉല്ലാസത്തോടു സാരവാക്യമുപദേശിക്കുന്ന സർവ്വജ്ഞനാം
കല്യാണാകൃതി രാജമൌലി കുശലം നിങ്ങൾക്കു നല്കീടണം."
“നന്നല്ലിഭ്ബാഷയേതും നലമൊടു വിബുധന്മാരു വാഴ്ത്തും വിധത്തിൽ-
ക്കുന്നിക്കും ഭംഗിതേടും പല പുതിയ പരിഷ്ക്കാരവും ചേർത്തിടേണം;
എന്നെല്ലാമോതി നന്നായ് സഖികളുടനലങ്കാരമോരോന്നു ചേര്‍ത്തും
കുന്നിൻപെൺപൈതലാൾ തന്നുടെ കുളുർപുതുമെയ് പേർത്തുമിന്നോര്‍ത്തിടേണം."
നിവ്വാഹകസംഘത്തിലേ ഒരു പ്രധാനഭാരവാഹിയാണു് കുമാരമംഗലത്തു നീലകണ്ഠൻനമ്പൂരിപ്പാടു്. നടി ശരദൃതുവിനെ വണ്ണിച്ചു്,
"നന്നായ് വൈമല്യമേകീട്ടുലകിലഴകെഴും പക്ഷപാതത്തിനോടേ
നന്ദിച്ചീരാജഹംസോത്തമരുടനുടനിന്നാത്രെ വന്നെത്തിടുന്നു."
എന്നു പാടുമ്പോൾ നമ്പൂരിപ്പാട് സമ്മേളനത്തിന്റെ സജ്ജീകരണത്തിലുള്ള തിടുക്കത്തിൽ,
"എന്നാൽ മാനിച്ചുവേണ്ടുംവിധമവരവരെസ്സൽകരിക്കാൻ സഭക്കാ-
രൊന്നിച്ചുന്നിദ്രകൌതൂഹലമവിടവിടെച്ചെന്നുടൻ നിന്നിടേണം.”
എന്നു് പരിഭ്രമിച്ചു ശ്ലോകത്തിന്റെ ഉത്തരാദ്ധം പൂരിപ്പിക്കുന്നു. വലി യകോയിത്തമ്പുരാൻ തിരുമനസ്സകൊണ്ട് സഭക്ക് കോട്ടയത്തെത്തുകയില്ലെന്നു കേട്ടു തുലോം ഇച്ഛാഭംഗത്തോടുകൂടിയിരിക്കുന്ന പത്രാധിപരെ ഒന്നാമങ്കത്തിൽ ഫലിതമൂര്‍ത്തിയായ വില്വട്ടത്താശാൻ പല നര്‍മ്മോക്തികൾകൊണ്ടും വിനോദിപ്പിക്കുവാൻ പ്രയത്നിക്കുന്നു. സഭയ്ക്കു് ഇഷ്ടഭംഗം വരുന്നതിനു” "ബന്ധമെന്തായിരിക്കും" എന്നു നമ്പൂരിപ്പാടു് പത്രാധിപരോടു ചോദിക്കുമ്പോൾ "ഇവിടെ മാലാബന്ധമെന്നേ പറയാനുള്ളു" എന്നു അമ്പലവാസിയായ ആശാൻ തട്ടിവിടുന്നു. 'ആശാൻ ഈ ദിക്കിലുള്ള കവികൾക്കു ഒരു മാര്‍ഗ്ഗദർശിയാകകൊണ്ടു് ഇതിനെ നിർവ്വഹിക്കേണ്ട ചുമതല ആശാനു തന്നെയാണു്' എന്നു പത്രാധിപർ പായുമ്പോൾ, "മാര്‍ഗ്ഗദര്‍ശിക്കു വഴി കാണിക്കേണ്ട ചുമതലയേ ഉള്ളല്ലോ, കവികളെ വരുത്താനുള്ള വഴി ഈ തെക്കുവടക്കുള്ള റോട്ടു തന്നെ" എന്നാണു് ആശാന്റെ മറുപടി. ഒടുവിൽ നമ്പൂരിപ്പാട് വലിയകോയിത്തമ്പുരാനെ മുഖം കാണിച്ചു കാര്യം സാധിക്കുവാൻ തിരുവനന്തപുരത്തേയും പുറപ്പെടുന്നു, നാലാമങ്കത്തിൽ വെണ്മണി മഹൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ലക്ഷ്മീപുരത്തു രാമവർമ്മ കോയിത്തമ്പുരാൻ, കവി, ഇവർ കോട്ടയം നഗരം ചുറ്റിസ്സഞ്ചരിച്ചു ഓരോ കാഴ്ചകൾ കാണുന്നതു മാത്രമാണ് വിഷയമെങ്കിലും, കവിയുടെ അഭിനന്ദനീയമായ മനോധർമ്മം നിമിത്തം ആ പര്യടനവര്‍ണ്ണനവും രസനിഷ്യന്ദിയായി പരിണമിച്ചിരിക്കുന്നു.
കഥാപാത്രങ്ങളെക്കൊണ്ടു് അവരുടെ ശൈലി അനുസരിച്ചാണു് സംഭാഷണം ചെയ്യിക്കുന്നന്നതു് എന്നു് വില്വട്ടത്താശാന്റെ ഫലിതങ്ങളിൽനിന്നു നാം കണ്ടുവല്ലൊ. താഴെക്കാണുന്ന ചില പദ്യങ്ങൾകൂടിപ്പരിശോധിക്കുക.
വെണ്മണി മഹൻ.
"പാരാവാരം കടന്നിട്ടധികമകലെയുള്ളന്തരീപത്തിലുണ്ടാ-
മോരോ വൃത്താന്തമെല്ലാമരഞൊടിയിടകൊണ്ടിന്നു നന്നായ് ഗ്രഹിപ്പാൻ
വേറേ മറ്റെന്തു മാര്‍ഗ്ഗം ശിവശിവ ശിവനേ! വൻപെഴും കമ്പി തന്നിൽ-
ച്ചേരും വേഗം നിനയ്ക്കുന്നളവിലിഹ മനോവേഗവും തോറ്റുപോകം."
കുഞ്ഞിക്കുട്ടൻ.
"ചൊല്ലേറും കവിമൌലിയാം വലിയകോയിത്തമ്പുരാൻ വന്നിടു-
ന്നില്ലേയെന്നൊരു വർത്തമാനമിവിടെക്കേൾക്കുന്നതുണ്ടോ സഖേ;
വല്ലെന്നാലുമതുള്ളതായ് വരികിലോ കൊച്ചുണ്ണിഭൂപൻ മടി-
ക്കില്ലേയെന്നൊരു ശങ്ക, യെന്റെ വരവും പിന്നീടമാന്തത്തിലാം."
“പിന്നെത്തമ്മിലിണങ്ങി നാം കവിസമാജത്തിന്നു പോകുന്നതും
മന്നത്തം ചിലതസ്സമാജമതിലുൾപ്പെട്ടിട്ടു കാട്ടുന്നതും
ഒന്നോര്‍ത്തോര്‍ത്തു മുറയ്ക്കു ചെയ്യണമതല്ലേ നല്ല, തിബ്ഭാഷയെ-
സ്സന്നത്വം പിണയാതുയര്‍ത്തുവതിനായ് ശ്രീമൻ, ശ്രമിക്കേണ്ടയോ?”
കവികൾതമ്മിലുള്ള സംഭാഷണത്തിലെ ഒരു പദ്യമാണു് താഴെക്കാണുന്നതു്.
രവിവർമ്മാ - പൂര്‍വാര്‍ദ്ധം.
“വിസ്താരമേറെയിവിടുള്ളതു പാർത്തു കണ്ടാ-
ലിസ്ഥാനമാര്‍ക്കുമൊരു കോടതിയെന്നു തോന്നും."
വെണ്മണി-ഉത്തരാർദ്ധം.
"കെല്പോടിതിന്നൊരു വിശേഷവുമുണ്ടു, കുറ്റം
കല്പിക്കയില്ലിവിടൊരുത്തനുമൊന്നുകൊണ്ടു."
അടിയിൽ പകർത്തുന്ന ചിത്രം എത്ര സ്വാഭാവികമായിരിക്കുന്നു! പത്രാധിപര്‍ക്കു വന്നിട്ടുള്ള കവിതകളും മറ്റും പിഴ തിരുത്തിവിടുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി വായിക്കുകയാണു്. ശങ്കുണ്ണി ഇങ്ങനെ പറയുന്നു:-
"ഓരോ കവികൾക്കുളവാ-
മോരോവിധമായിടും മനോധർമ്മം
സ്വൈരം കണ്ടു രസിപ്പാൻ
നേരം പോരാതെയായ് വരും നിയതം.
“എന്തെല്ലാം മാതിരിയിൽ പ്രയോഗിച്ചു വിടുന്നു? ഇടയ്ക്കിടെ യോഗ്യന്മാരായ കവികളുടെ നല്ല രസമുള്ള ശ്ലോകങ്ങളുമുണ്ടു്. ഇതൊക്കെപ്പാടെ കൂട്ടിച്ചേക്കുന്നതായാൽ,
"പുതിയൊരു മുത്തും കവടിയു-
മതി ഭംഗിയൊടൊത്തു കോര്‍ത്തു ചേര്‍ത്ത ദാമം പോൽ
കുതുകപരിഹാസങ്ങൾ-
ക്കിതുപൊഴുതൊരു പാത്രമാകുമിപ്പത്രം.
"ചേക്കാതിരുന്നാൽ അവക്കു രസമാകയില്ല. ആ്! നമുക്കെന്താണു് ചേതം? അവരവരുടെ പേരും താഴെത്തന്നെ എഴുതുന്നില്ലേ? എന്നല്ല, ഇതുകൊണ്ടു വേറെ ചില ഗുണങ്ങളും ഉണ്ടായേക്കാം. പത്രത്തിൽ ഒരുമിച്ചു കാണുമ്പോൾ താരതമ്യങ്ങളെ അറിഞ്ഞു് നല്ല കവികളുടെ ശ്ലോകം പോലെയാകുന്നതിനു ശേഷം പേരും കൂടി ശ്രമിക്കും. അപ്പോൾ എല്ലാവരുടേയും കവിതയും പരിഷ്കാരമുണ്ടാകുമല്ലൊ."
ശങ്കുണ്ണിയുടെ സ്ഫടിക നിമ്മലമായ സൽസ്വഭാവം. കവി എത്ര തന്മയത്വത്തോടുകൂടി ഇവിടെ പ്രദശിപ്പിച്ചിരിക്കുന്നു! അതുപോലെ സഭായോഗത്തിൽ ഭാഷാപോഷണത്തിനുള്ള പ്രധാനമാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മാവേലിക്കര ഉദയവമ്മതമ്പുരാൻ, കവിതയിൽ പ്രയോഗിച്ചു പോരുന്ന ഭാഷാശബ്ദങ്ങൾക്കു് അര്‍ത്ഥവിവരണം ചെയ്യുന്ന ഒരു നിഘണ്ടു വേണമെന്നും, ഏ. ആർ ഒരു ഭാഷാവ്യാകരണമാണു് ആവശ്യമെന്നും, രാമവർമ്മ കോയിത്തമ്പുരാൻ രസസ്വരൂപത്തെ വിവരിക്കുന്ന ഒരു ഗ്രന്ഥംകൊണ്ടാണ് അധികം പ്രയോജനമെന്നും, രവിവർമ്മ തമ്പുരാൻ (പിന്നീടു കളക്റ്റർ) സയൻസ്‌പുസ്തകങ്ങളാണു് ഭാഷയിൽ ഉടനടി ആവിര്‍ഭവിക്കേണ്ടതെന്നും പ്രസ്താവിക്കുന്നു. ഇവയെല്ലാം അതാതു പണ്ഡിതന്മാരുടെ ഗാഢമായ ചിന്തയിൽനിന്നു ജനിച്ച അഭിപ്രായങ്ങളാണെന്നു് അവരെ അറിഞ്ഞിട്ടുള്ളവർ സമ്മതിക്കുന്നതാണല്ലോ. ഇങ്ങനെ ഇനിയും പലതും ഈ നാടകത്തെപ്പറ്റി വക്തവ്യമായുണ്ടെങ്കിലും വിസ്തരഭയത്താൽ വിരമിക്കുന്നു.
രവിവർമ്മകോയിത്തമ്പുരാൻറെ എഴുത്തുകൾക്കും നല്ല ഭംഗിയുണ്ടു്. ആ രീതിയിലുള്ള സാഹിത്യരചനയിൽ അതിനിപുണനായ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായാണു് അവിടന്നു് ലേഖവിനിമയത്തിൽ പ്രധാനമായി ഏര്‍പ്പെട്ടിരുന്നതു്. "അവർ തങ്ങളിൽ കൂടക്കൂടെ എഴുത്തയയ്ക്കാറുണ്ടെന്നു ഞാനറിഞ്ഞിട്ടുണ്ടു്" എന്നു കവിസഭാരഞ്ജനത്തിൽ ശങ്കുണ്ണി പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ അവിടന്നു കുഞ്ഞിക്കുട്ടൻ തമ്പുരാന് എഴുതിയ രണ്ടെഴുത്തുകളിൽ ഉൾപ്പെട്ടതാണു്.
"തത്വം ചെറ്റും നിനയ്ക്കാതിതുവിധമുരചെയ്യൊല്ല നൽപ്രേമവല്ലീ-
പത്രം നമ്മൾക്കിദാനീം നൃപതിവര, ചുരുങ്ങുന്നതും യുക്തമത്രേ;
ചിത്തം ചേരും ഫലം വന്നഴകൊടു വളരുന്തോറുമെല്ലാ ലതയ്ക്കും
പത്രം താനേ ചുരുങ്ങുന്നതു പറക നമുക്കിങ്ങു ദൃഷ്ടാന്തമല്ലേ?"
"ഭൂമീഭൃത്തായിടും തൻജനകനുടെ മഹത്ത്വത്തെ വാഴ്ത്തുംവിധത്തിൽ
ക്ഷാമം കൂടാതിണങ്ങീട്ടഴകൊഴുകുമലങ്കാരജാലം ധരിച്ചു്
ഓമൽസാരസ്യപൂരം പെരുകിയൊരു ഭവൽസൽകൃതിക്കൊത്തിരിക്കും
ശ്രീമൽസോമാവതംസൻതിരുവുടൽപകുതിയ്ക്കെപ്പൊഴും കൂപ്പിടുന്നേൻ.”
അവിടത്തേയും സംഭാഷണചാതുര്യം, അനഹങ്കാരം, ക്ലേശസഹിഷ്ണുത മുതലായി പല ഗുണങ്ങളും സിദ്ധികളുമുണ്ടായിരുന്നു. ഏതു ശ്ലോകവും ഒരിക്കൽ കേട്ടാൽ ഓര്‍മ്മിക്കുന്നതിനുള്ള ധാരണാശക്തി ആ സിദ്ധികളിൽ പ്രാഥമ്യത്തെ വഹിക്കുന്നു. താൻ മുൻപു കേട്ടിട്ടില്ലാത്ത ഏതു പ്രബന്ധവും ചാക്യാന്മാർ ചൊല്ലിയാൽ അത് ഓര്‍മ്മിച്ചുകൊണ്ടു് ഗൃഹത്തിൽ വന്നു പകർത്തി വെയ്ക്കുവാൻ അവിടത്തേയ്ക്കു കഴിയുമായിരുന്നു. അങ്ങനെയുള്ള ഒരു അതിമേധാവി അനന്തരകാലത്തിൽ അഷ്ടാവധാനിയായിപ്പരിണമിച്ചതു് ആശ്ചര്യമല്ലല്ലോ.
അടിയിൽ ഉദ്ധരിക്കുന്ന അവിടത്തെ ഒറ്റശ്ലോകം സുപ്രസിദ്ധമാണു്.
“നന്നായുള്ളോരലങ്കാരവുമകലെ വെടിഞ്ഞര്‍ത്ഥമെല്ലാമുപേക്ഷി-
ച്ചൊന്നായ്പ്പാകാദി കൈവിട്ടിഹ പരമപദം ചേരുവാൻ മോഹമാര്‍ന്നു്
ഇന്നിക്കാണുന്ന ഭാഷാകവികുലമഖിലം താപസപ്രായമാകു-
ന്നെന്നാൽ മൗനവ്രതം താനിനിയിവർ തുടരുന്നാകിൽ നന്നായിരിക്കും.''
എന്താണു് കോയിത്തമ്പുരാന്റെ കവിതയ്ക്കക്ക് മറ്റുള്ളവരുടേതിൽനിന്നൊരു മെച്ചമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു് എളു പ്പത്തിൽ മറുപടി പറയാവുന്നതാകുന്നു. അക്കാലത്തെ കവികളിൽ പലരും ശബ്ദത്തിൽ സാമാന്യാധികമായ നിഷ്കര്‍ഷയോടുകൂടിയാണെങ്കിലും അര്‍ത്ഥത്തിന്റെ വിഷയത്തിൽ യാതൊരു പര്യാലോചനയും കൂടാതെ ശുദ്ധജലപ്രായമായാണ് ഭാഷാശ്ലോകങ്ങൾ രചിച്ചുകൊണ്ടിരുന്നതു്. തന്നിമിത്തം ആ ശ്ലോകാവലി, 'കര്‍ണ്ണം ഗതഃ ശുഷ്യതി കര്‍ണ്ണ ഏവ സംഗീതകം സൈകതവാരിരീത്യാ' എന്നു നീലകണ്ഠദീക്ഷിതർ പറയുന്നതുപോലെ വിമർദ്ദശീലന്മാരായ സഹൃദയന്മാര്‍ക്ക് വിശിഷ്ടമാണെന്നു തോന്നിയില്ല. ശബ്ദത്തിനല്ല അര്‍ത്ഥമെന്നും അര്‍ത്ഥത്തിനാണു് ശബ്ദമെന്നുമുള്ള തത്വം മനസ്സിലാക്കി, അലങ്കാരങ്ങളുടെ സമുചിതമായ സന്നിവേശം കൊണ്ടു വിവക്ഷിതത്തിനു മോടി പിടിപ്പിച്ച്, രസോത്തരങ്ങളായ കാവ്യങ്ങളും മുക്തകങ്ങളും രചിക്കുന്നതിൽ ബദ്ധശ്രദ്ധന്മാരായ അന്നത്തെ അപൂർവ്വം ചില കവിശ്രേഷ്ടന്മാരിൽ അഗ്രഗണ്യനായി പരിശോഭിച്ചതു് അവിടന്നായിരുന്നു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാൻ മാര്‍ഗ്ഗമില്ല. അവിടത്തേയ്ക്കു് ജഗദീശ്വരൻ ആയുർദൈര്‍ഘ്യവും അരോഗദൃഢഗാത്രവും നല്കിയിരുന്നു എങ്കിൽ ഭാഷയ്ക്കു ഗണനീയങ്ങളായ പല സമ്പത്തുകളും ലഭിക്കുമായിരുന്നു; പക്ഷേ, നിയതിഗതി മറിച്ചായിരുന്നതിനാൽ ആ ഭാഗ്യം കേരളീയര്‍ക്കു സിദ്ധിച്ചില്ല. അവിടന്നു് വാസ്തവത്തിൽ ഭാഷാകവിതയിൽ പരിശ്രമിച്ചത് 1065-മുതൽ 1075-വരെ പത്തു കൊല്ലം മാത്രമായിരുന്നു. "That long disease, my life" "ആ ആയതമായ രോഗം- എന്റെ ജീവിതം" എന്നു് അലെക്സാൻഡർ പോപ്പ് എന്ന ആംഗലേയമഹാകവി ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതു തന്നെയായിരുന്നു എന്റെ ഗുരുനാഥൻ്റയും അവസ്ഥ. എങ്കിലും ആ പത്തു കൊല്ലത്തിനിടയ്ക്ക് അവിടന്നു സാധിച്ച കൈരളീകൈങ്കര്യം, അതിന്റെ ഗുണം നോക്കിയാലും പരിമാണം നോക്കിയാലും, ആരേയും ആശ്ചര്യപരതന്ത്രരാക്കിത്തീർക്കുന്നതാണു്. കേരളീയര്‍ക്കും കേരളസാഹിത്യത്തിനും അവിടത്തെ പാവനമായ നാമധേയം ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. അവിടത്തെ വകയായ ഒരു മംഗളശ്ലോകം കൂടി അടിയിൽ ചേർത്തുകൊണ്ടു് ഈ ഉപന്യാസത്തെ ഉപസംഹരിച്ചുകൊള്ളട്ടെ.
"താണുള്ളോരോ മനപ്പൊയ്കയിലഴകൊഴുകും നല്ക്കരിക്കാമ്പൽ മീതേ
വാണുല്ലാസേന കോകദ്വയമഭിമുഖമായ് നോക്കി നന്ദിക്കവണ്ണം
ചേണുറ്റും ചന്ദ്രനെച്ചേര്‍ത്തരികിലലർശരൻ തിങ്കൾചൂഡൻ ഭ്രമിപ്പാൻ
കാണിക്കും മോടിവിദ്യപ്പുതുമയതു ഭവാന്മാര്‍ക്കു മോദം തരട്ടേ.”