Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ശങ്കരരാമപ്രശസ്തി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ശങ്കരരാമപ്രശസ്തി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഇപ്പോൾ തിരുവിതാങ്കൂറിൽ പറവൂർതാലൂക്കിൽപെട്ട പാറക്കടവിൽ താമസിക്കുന്ന പറവൂർരാജാക്കന്മാർ കൊല്ലം 929 മീനം 2-ാനു-അവരുടെ രാജ്യം തിരുവിതാങ്കൂർ വീരമാത്താണ്ഡവര്‍മ്മമഹാരാജാവിന് അധീനമാകുന്നതുവരെ സ്വതന്ത്രന്മാരായിരുന്നു. ഗ്രാമണി ബ്രാഹ്മണവര്‍ഗ്ഗത്തിൽ പെട്ടവരാണു ആ രാജാക്കന്മാർ. അവരുടെ ഇടയിൽ കൊല്ലം ഒൻപതാം ശതകത്തിൽ പണ്ഡിതനും പ്രതാപശാലിയുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപദാനങ്ങളെ കീർത്തനം ചെയ്യുന്ന ഏതാനും സംസ്കൃതശ്ലോകങ്ങൾ എന്റെ കൈവശം വന്നുചേർന്നിട്ടുണ്ട്. അവ പ്രസിദ്ധപ്പെടുത്തുന്നാതു വായനക്കാക്കു രസാവഹമായിരിക്കുമെന്നു വിശ്വസിക്കുന്നു. 'ശങ്കരരാമൻ' എന്നാ പദം പറവൂർരാജാക്കന്മാരുടെ മാറാപ്പേരാണു്.


ചണ്ഡീവല്ലഭപാണിഡിണ്ഡിമഡമഡ്ഢാമപ്രതിസ്പര്‍ദ്ധിനീ 
സംഫുല്ലന്നവമല്ലികാമധുഝരീസൌരഭ്യസര്‍വ്വങ്കഷാ
വാദേവീ ചരണാബ്ജനൂപുരഝണകാരപ്രിയംഭാവുകാ
വാണീ ശങ്കരരാമഭൂസുര! തവ സ്വൈരം സമുജ്ജൃംഭതേ.


ഈ ശ്ലോകത്തിൽ രാജാവിന്റെ വാക്കിനെ കവി ശ്രീപരമേശ്വരന്റെ കൈയിലുള്ള ഉടുക്കിന്റെയും സരസ്വതീദേവി കാലിലണിയുന്ന നൂപുരത്തിന്റെയും ശബ്ദങ്ങളോടു് ഉപമിക്കുകയും, അതു വികസിക്കുന്ന പുതിയ മുല്ലപ്പൂവിലെ തേനി്റെ മാധുര്യത്തെ ജയിക്കുന്നതാണെന്നു വര്‍ണ്ണിക്കുകയും ചെയ്യുന്നു.


മഹാമതേ! ശങ്കരരാമവീര!
വിരോധിനസ്തേ ദ്വിതയം ശ്രയന്തി
കുലാചലം വാ ധൃതകണ്ടകൌഘം
കുചാചലം വാ സുരസുന്ദരീണാം.


രാജാവിന്റെ ശത്രുക്കൾക്ക് ആശ്രയസ്ഥാനങ്ങൾ രണ്ടേ ഉള്ളു എന്നും അവയിൽ ഒന്നു മുള്ളുകൾനിറഞ്ഞ പർവ്വതങ്ങളും മറ്റേതു അപ്സരസ്ത്രീകളുടെ കോൾമയിർകൊണ്ടിരിക്കുന്ന കചതടങ്ങളുമാണെന്നു വര്‍ണ്ണനം. 'മൃതകണ്ടകൌഘം' എന്ന വിശേഷണം 'ദേഹളീദീപികാന്യായേന' ഇരുവശത്തേയ്ക്കും യോജിപ്പിക്കേണ്ടതാകുന്നു.


ശത്രണാമസുമാരുതം കബളയൻ സാകം തദീയൈര്യശഃ-
ക്ഷീരൈസ്തദ്ഭുജചന്ദനദ്രുമശിഖാമാരുഹ്യ സംക്രീഡതേ
ക്രൂരസ്തേ കരവാളകൃഷ്ണഭുജഗോ യുദ്ധേ ദയാവാരിധേ!
ചിത്രം ശങ്കരരാമവീര! വിനതാനന്ദം വിധത്തെ കഥം.


അല്ലയോ രാജാവേ! അങ്ങയുടെ ക്രൌര്യത്തോടുകൂടിയ പള്ളിവാളാകുന്ന കാളസര്‍പ്പം യുദ്ധത്തിൽ ശത്രുക്കളുടെ പ്രാണമരുത്തിനെ അവരുടെ പുകഴ്പ്പാലിനോടൊന്നിച്ചു പാനം ചെയ്യുന്നു. അതു സര്‍പ്പത്തിന്റെ ധര്‍മ്മം തന്നെ. എന്നാൽ ദയാസമുദ്രമായ അങ്ങയുടെ ആ വാൾ വിനതാനന്ദത്തെ ചെയ്യുന്നതു് ആശ്ചര്യകരമായിരിക്കുന്നു. (വിനതന്മാര്‍ക്കു്) ശരണാഗതന്മാര്‍ക്കു രാജാവിന്റെ ഖഡ്‌ഗം ആനന്ദദമാകുന്നു. വിനതയ്ക്കു ഗരുഡനല്ലാതെ ഗരുഡവൈരിയായ സര്‍പ്പം ആനന്ദം നല്കുന്നതു് അശ്രുതപൂര്‍വ്വമാണല്ലൊ. അതാണ് ആശ്ചര്യബീജം.


പ്രമദാസു രതീശബാണപാതാഃ
പ്രതിപക്ഷേഷു ച ഘോരഖഡ്‌ഗപാതാഃ
കവിപംക്തിഷു ഹേമവൃഷ്ടിപാതാ
വിവിധാശ്ശങ്കരരാമ! ദൃഷ്ടിപാതാഃ.


അങ്ങയുടെ കടാക്ഷങ്ങളെ സുന്ദരിമാർ കാമദേവന്റെ ശരപാതങ്ങളായും ശത്രുക്കൾ ഭയങ്കരങ്ങളായ ശസ്ത്രപാതങ്ങളായും കവികൾ കനകവൃഷ്ടിപാതങ്ങളായും ഇങ്ങനെ പല പ്രകാരത്തിൽ കരുതുന്നു.


നിജവൈഭവധിക്കൃതദേവപതെ!
വിജയീഭവ ശങ്കരരാമ വിഭോ!
സമരക്ഷിതിവിക്ഷതദുഃക്ഷിതിപ-
ക്ഷതജക്ഷരരക്ഷിതപക്ഷികുല!


സമരക്ഷിതി=യുദ്ധഭൂമി. വിക്ഷതന്മാർ = മുറിവേറ്റവർ. ക്ഷതജക്ഷരം=രക്തവാരി. പക്ഷികുലം=കഴുകൻ മുതലായ ശവംതീനിപ്പക്ഷികളുടെ കൂട്ടം.


ഭദ്രം വോ ഭവദാസകോവിദമുഖാ വിദ്വദ്വരാസ്സാമ്പ്രതം
ബദ്ധാശ്ശങ്കരരാമസദ്ഗുണഗണെര്‍ന്നാന്യത്ര ഗന്തും ക്ഷമാഃ
ഏഷാ ഗോദജയന്തഭൂസുരയശഃപാനോദ്ധതാഭ്യാം മുഹു-
ശ്‍ശ്രോത്രാഭ്യാം സ്പൃഹയന്ത്യുദഗ്രകുതുകാ നേത്രദ്വയീ വർത്തതേ.


"അല്ലയോ ഭവദാസപ്രമുഖന്മാരായ പണ്ഡിതശ്രേഷ്ഠന്മാരേ! ശങ്കരരാമനാമാവായ പറവൂർമാജാവിന്റെ ഗുണഗണങ്ങളാൽ (ഗുണമെന്നാൽ ചരടെന്നുമര്‍ത്ഥം) ബദ്ധന്മാരാകുകനിമിത്തം മറ്റൊരുസ്ഥലത്തും പോകുവാൻ ശക്തിയില്ലാത്തവരായി തീര്‍ന്നിട്ടുള്ള നിങ്ങൾക്കു കുശലം തന്നെ. എന്റെ ഈ രണ്ടുകണ്ണുകളും മുൻപുതന്നെ 'ഗോദജയന്തൻ' എന്ന ബ്രാഹ്മണപ്രഭുവിന്റെ യശസ്സിനെ പാനംചെയ്യുകകൊണ്ടു് ഉദ്ധതങ്ങളായിട്ടുള്ള രണ്ടു ചെവികളുടേയും പദവി ലഭിക്കുവാൻ ആഗ്രഹിക്കുന്നു.” ഗോദജയന്തൻ എന്നൊരു നാമംകൂടി പറവൂർരാജാക്കന്മാര്‍ക്കു പൊതുവേയോ അക്കാലത്തെ രാജാവിനു പ്രത്യേകമായോ ഉണ്ടായിരുന്നതായി ഈ ശ്ലോകത്തിൽനിന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.


ബിഭ്രാണേ ചതുരര്‍ണ്ണവീവലയിതം വിശ്വംഭരാമണ്ഡലം
വിദ്വൽശങ്കരരാമഭൂസുര! ഭവദ്ദോര്‍ദ്ദണ്ഡഭോഗീശ്വരേ
അഭ്രംശമലങ്കൃതേശ്ച വിഹതിം വൃത്തസ്യ ഭംഗം തഥാ
പ്രായോ ദുഷ്കവിപദ്യബന്ധസമയേ പശ്യന്ത്യഹാ സൂരയഃ.


"അങ്ങയുടെ ബാഹുദണ്ഡമാകുന്ന അനന്തൻ നാലാഴി ചൂഴുന്ന ഈ ഊഴി താങ്ങിക്കൊണ്ടിരിക്കെ, അര്‍ത്ഥഭ്രംശവും അലങ്കാരഹാനിയും വൃത്തഭംഗവും പ്രായേണ ദുഷ്കവികൾ പദ്യങ്ങൾ നിബന്ധിക്കുമ്പോൾ മാത്രമാകുന്നു വിദ്വാന്മാർ കാണുന്നത്." പ്രായേണ പ്രജകൾ എല്ലാം ഐശ്വര്യവാന്മാരും അലങ്കൃതന്മാരും വൃത്തശാലികളുമായി കാണപ്പെടുന്നു എന്നു സാരം.


യൈരാഘ്രായി ന മാലതീപരിമളോ നാസ്വാദി കാന്താധരോ
നൈവാശ്ലേഷി പടീരശൈലപവനോ നാദര്‍ശി ബിംബം വിധോഃ
നൈവാകര്‍ണ്ണി ച രാമശങ്കരകവേഃ സൂക്തിഃ സുധാസ്യന്ദിനീ 
തേഷാമിന്ദ്രിയവഞ്ചനവ്യസനിനാം കർത്തൃ വിധാത്രേ നമഃ.


"പിച്ചകപ്പൂവിന്റെ പരിമളം കൊണ്ടു ഘ്രാണേന്ദ്രിയത്തേയും പ്രേയസിയുടെ അധരമധുകൊണ്ടു രസനേന്ദ്രിയത്തേയും മലയമാരുതനെക്കൊണ്ടു ത്വഗിന്ദ്രിയത്തേയും ചന്ദ്രബിംബത്തെക്കൊണ്ടു നേത്രേന്ദ്രിയത്തേയും ശങ്കരരാമകവിയുടെ അമൃതൊഴുകുന്ന സൂക്തികളെക്കൊണ്ടു ശ്രവണേന്ദ്രിയത്തേയും തര്‍പ്പിക്കാത്തവർ ഇന്ദ്രിയങ്ങളാൽ വഞ്ചിക്കപ്പെടുകനിമിത്തം ദുഃഖഭാക്കുകളാണു്. അങ്ങനെയുള്ളവരെ സൃഷ്ടിച്ച വിധാതാവിനു നമസ്കാരം” (നമശ്ശബ്ദത്തിനു വിപരീതാധ്വനി).


വാഗ്ഗുംഫം തവ രാമശങ്കരവിഭോ! വിദ്യാധരീവര്‍ണ്ണിതം
ശ്രാവംശ്രാവമശങ്കമിന്ദുമുകുടേ ശ്ലാഘാപരേ ജാഗ്രതി
മാലാ മ്ലായതി പാണികങ്കണഫണാ സങ്കോചമാലംബതേ
രോമാഞ്ചസ്ഥഗിതാ ച നന്ദതിതമാം വാമാ തനുര്‍വ്വല്ലരീ.


“വിദ്യാധരിമാർ വര്‍ണ്ണിക്കുന്ന അങ്ങയുടെ വാഗ്ഗുംഫനം ഭഗവാൻ ചന്ദ്രചൂഡൻ കേൾക്കെ കേൾക്കെ ശ്ലാഘിക്കുവാൻ മുതിരുന്നു; അപ്പോൾ അവിടുത്തെ മാല വാടിപ്പോകയും പാണികടകമായ വാസുകിയുടെ പത്തി സങ്കുചിതമാകുകയും ശരീരത്തിന്റെ വാമഭാഗം രോമാഞ്ചത്താൽ മുടപ്പെട്ടു സന്തോഷിക്കുകയും ചെയ്യുന്നു."


ശ്രീരാമശങ്കരവിഭോര്‍-
ന്നൃത്യന്ത്യാ ജഗതി കീർത്തിനര്‍ത്തക്യാഃ
സ്വേദകണാസ്താരഗണാ-
സ്സിന്ധുപതിര്‍ദ്ദുന്ദുഭിര്‍വ്വിധുദീപഃ


"ശങ്കരരാമപ്രഭുവിന്റെ നടനം ചെയ്‍വാനുള്ള കീർത്തിനര്‍ത്തകിയുടെ സ്വേദകണങ്ങളാണു് നക്ഷത്രഗണങ്ങൾ; ആ അവസരത്തിൽ താഡിക്കപ്പെടുന്ന പെരുമ്പറയാണു് സമുദ്രം; വിളക്കാണ് ചന്ദ്രൻ."


പറവൂർ രാജാക്കന്മാരുടെ പരദേവതയാണല്ലോ പട്ടമനഭഗവതി. കിരീടധാരണസമയത്തിൽ അവരുടെ ആചാര്യൻ താഴെ ഉദ്ധരിക്കുന്ന ശ്ലോകം ചൊല്ലി അവരെ അനുഗ്രഹിച്ചുവന്നു.


ശ്രീമദ് ബാഹുവിരാജമാനകരവാളോൽകൃത്തദൈത്യോൽകരാ 
ത്രൈലോക്യാവനദീക്ഷിതാ ഭഗവതീ സേയം പരാ ദേവതാ
ഭൂയാൽ കേരളഭൂമിദേവനിഖിലഗ്രാമാധിപത്യപ്രഭോർ-
ഭൂത്യൈ ശങ്കരരാമഭൂപതിമണേർഭൂപാലതോദ്യോഗിനഃ.