Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / സതി ചെമ്പകവല്ലി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സതി ചെമ്പകവല്ലി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അപമൃത്യുവിനു വിധേയരായ അനേകം സ്ത്രീപുരുഷന്മാരെപ്പറ്റി തെക്കൻ തിരുവിതാംകൂറിൽ നാടോടിമലയാംതമിഴ്ഭാഷയിൽ രചിച്ചിട്ടുള്ള പല വില്ലടിച്ചാൻ പാട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും, അവ ദേശചരിത്രം, സംസ്കാരചരിത്രം, സമുദായചരിത്രം മുതലായ വിഷയങ്ങളെ സംബന്ധിച്ച് അത്ഭുതാവഹമായ വിജ്ഞാനം ലോകത്തിനു നല്കുന്നുവെന്നും, അതിനാൽ അവയെ സര്‍വഭക്ഷമായ കാലവാളം കബളീകരിക്കാതെ പരിരക്ഷിക്കേണ്ടതു നമ്മുടെ ധര്‍മ്മമാണെന്നും ഞാൻ ചില അവസരങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്. ചെമ്പകവല്ലി എന്ന ഒരു ബ്രാഹ്മണി തന്റെ ഭർത്താവിനു ദൂരദേശത്തിൽ നേരിട്ട അകാലമരണത്തെപ്പറ്റി അറിഞ്ഞപ്പോൾ, അന്നു നാടുവാണിരുന്ന കുലശേഖരപ്പെരുമാളുടെ അനുമതി നിർബ്ബന്ധപൂര്‍വംവാങ്ങി തിരുവിതാംകൂറിന്റെ പുരാതനരാജധാനിയായ പത്മനാഭപുരത്തിനു സമീപമുള്ള ഉദയഗിരിക്കോട്ടയ്ക്കുകത്തുവെച്ച് അഗ്നിപ്രവേശം ചെയ്യുന്നതാണു് എന്റെ ഈ ഉപന്യാസത്തിനു വിഷയീഭവിക്കുന്ന വില്ലടിച്ചാൻ പാട്ടിലെ കഥ. ഈ സംഭവം നടന്നതു് ഏതു കാലത്താണെന്നു വഴിയെ പറയാം.


അനന്തകുട്ടിപ്പട്ടർ എന്ന ഒരു ബ്രാഹ്മണൻ തനിക്കു് അനുരൂപയായ ഒരു കന്യകയെ പാണിഗ്രഹണം ചെയ്യണമെന്നാഗ്രഹിച്ച് അതിലേയ്ക്കായി ഒരു വര്‍ഷത്തോളം പലസ്ഥലങ്ങളിലും ചുറ്റിനടന്നു് അന്വേഷണം നടത്തി ഒരു ഫലവുമുണ്ടാകാതെ ഒരു കല്ലമ്പലത്തിൽ വിശ്രമിച്ച കൊണ്ടിരുന്നു. അപ്പോൾ അവിടെ "ആൾപ്പെരുപ്പമായ്പ്പാപ്പാരിരിക്കിൻറ തെരുവിൽ അഴകാന വള്ളിയൂരിൽപ്പടവീട്ടിൽ" അതായതു ധാരാളം ബ്രാഹ്മണർ അധിവസിച്ചുവന്നതും തിരുവിതാകൂർ മഹാരാജാക്കന്മാരുടെ ഒരു പടവീടുമായ വള്ളിയൂരിൽനിന്ന് ആ ജാതിക്കാരായ അഞ്ചു പേർ വന്നുചേർന്നു. അവരോടു് അനന്തകുട്ടി തന്റെ സങ്കടം നിവേദനം ചെയ്തു. അപ്പോൾ ആ ബ്രാഹ്മണർ,


“വള്ളിയൂരുരാച്ചിയത്തു ശങ്കുപുരി അകരത്തിലേ
അഴകാലേ അഴകതുള്ള അഴകി ചെമ്പവല്ലിയുണ്ടു.
കോമളമായ് ഒരുനാരി കൊറ്റവനേ വളരിതുകാൺ"


വള്ളിയൂർദേശത്തിൽ ശംഖപുരിഗ്രാമത്തിൽ അതിസുന്ദരിയായി ചെമ്പകവല്ലി എന്നു പേരുള്ള ഒരു കന്യക വളരുന്നുണ്ടെന്നു പറഞ്ഞു. അവരോടുകൂടി നമ്മുടെ സ്നാതകൻ വിവാഹമാശിച്ചു വള്ളിയൂരിൽ എത്തി "ചെമ്പകവല്ലിയെത്താൻ വേളിക്കുത്തരവും വേണം" എന്നു ഗ്രാമക്കാരോടു് അപേക്ഷിച്ചു.


"അന്തവാര്‍ത്തൈകേട്ടപോതേ അന്തപാപ്പാരുംഏതോ ചൊൽവാർ;
'നലമാന ജാതിക്കല്ലോ നീങ്കളാരെൻറും അറിയാതെ
അടയ്ക്കാപ്പട്ടരോ കൊങ്ങിണിയോ കൊങ്ങിണിയോ കൊടിപ്പട്ടരോ?
ആരതെൻറു അറിയാതെ വേളിക്കുത്തരവുമില്ലേ'
അന്തവാര്‍ത്തൈ കേട്ടുപോതേ ആളിയലുമഴകനല്ലോ
ചാളിയലിൽപ്പണമെടുത്തു തക്കതക്ക കിരാമംനോക്കി
തക്കതക്ക കിരാമംനോക്കി അവർകൊണ്ടുചെന്നു തനെക്കൊടുത്തു 
അവരെല്ലാപേരുംകൂടിയുടൻ ചൊല്ലിടുവാരന്നേരം.
നലമാന ജാതിയല്ലൊ ഇവർ മുക്കാണിതാനെൻറുചൊല്ലി.”


അപ്പോൾ “ആളിയലും അഴകൻ" രാജാവിനേക്കാൾ സുമുഖനായ അനന്തകുട്ടി, ജാളികയിൽ പണമെടുത്തു ഗ്രാമത്തിലെ പ്രമാണികൾക്കു കാണിക്കവച്ചു. പണത്തിനുമീതെ പറക്കുന്ന പരുന്തില്ലല്ലൊ. തൽക്ഷണം അവർ ആ യുവാവു മുക്കാണിബ്രാഹ്മണനാണെന്നു വിധിക്കുകയും അദ്ദേഹത്തെക്കൊണ്ടു ചെമ്പകവല്ലിയെ പാണിഗ്രഹണം ചെയ്യിക്കുകയും ചെയ്തു.


ഏഴാംദിവസം ചെമ്പകവല്ലിയെ തന്റെ ഗൃഹത്തിലേയ്ക്കു കൊണ്ടുപോകണമെന്നു ഭർത്താവു നിശ്ചയിച്ചു. അപ്പോൾ ഭാര്യ


“കേളുമേയെൻ കണവ! കീർത്തിവരച്ചൊല്ലുകിറേൻ
'കയ്യിലിങ്കെ പൊരുളുണ്ടാനാൽ ഒരുവിടത്തും പോകവേണ്ടാ
നമ്മളുട കുലത്തൊഴിലു ചവളി നല്ല കച്ചവടം
നമ്മളുടെ കുലത്തൊഴിലു നമുക്കുതന്നെ ചെയ്യവേണം'
അന്തവാർത്ത കേട്ടപോതു ആളിയലും അഴകനല്ലൊ
ചവളിനല്ല ചരക്കെടുത്തു അവർ കച്ചവടം ചെയ്തിരുന്തു
അറമെണ്ണാത്തിരവിയങ്കൾ മെത്തവേ കുമിന്തിതല്ലൊ”


കയ്യിൽ പണമുള്ളവർക്കു് ഒരിടത്തും പോകേണ്ടതില്ലെന്നും തങ്ങളുടെ കുലത്തൊഴിലായ ജവളിവ്യാപാരംകൊണ്ടു സ്വത്തുവർദ്ധിപ്പിക്കുവാൻ കഴിയുന്നതാണെന്നും ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ചു തുണിക്കച്ചവടം നടത്തി ഒട്ടുവളരെ ദ്രവ്യം കഥാപുരുഷൻ സമ്പാദിച്ചു. അന്നു്,


“തന്നിൽ വെലം പെറ്റതൊരു തുരമുകിലൻപടകൾവന്നു
ചെമ്മതുള്ള പടവീടു തിട്ടനവേ കൊള്ളയാടി;
തിട്ടനവേ കൊള്ളയാടിക്കൊണ്ടുപോറക്കാലത്തിലെ"


ശക്തിയുള്ള മുകിലൻപട (മഹമ്മദീയസൈന്യം) മനോഹരമായ വള്ളിയൂർപടവീടു കൊള്ളയടിച്ചു; അവിടത്തെ ബ്രാഹ്മണർക്കു പൊറുതിമുട്ടി. മുകിലന്റെ ആക്രമം വള്ളിയൂർ മുതലായ പ്രദേശങ്ങളിൽ ആദ്യമായി നടന്നതു കൊല്ലം 850-ാമാണ്ടിടയ്ക്കായിരുന്നു. കൊല്ലം ഒൻപതാം ശതകത്തിന്റെ ഉത്തരാദ്ധത്തിലായിരുന്നു കഥ നടന്നതു് എന്നു് ഇതിൽനിന്നു് ഊഹിക്കാം. അനന്തരകരണീയത്തെപ്പറ്റി അപഹൃതധനന്മാരായ വള്ളിയൂർഗ്രാമത്തിലെ ബ്രാഹ്മണർ ഗാഢമായി ആലോചിച്ചു.


“അന്നധർമ്മമുള്ളതൊരു രാച്ചിയത്തു പോണമെന്നു
തായാരു തകപ്പനോടേ എഴുപത്തിരണ്ടു കിരാമക്കാർ
ഒരുമിത്തു കൂടിയുടൻ ഒത്തുവഴിതനെ നടന്താർ
വള്ളിയൂരും പിറകെവിട്ടു അവർ പണകടിയും പിറകെ വിട്ടു
മുപ്പന്തലും പിറകെവിട്ടു അവർ തോവാളെ താൻ കടന്തു
കന്നിയാകുമരിയിലെ കണ്ടവർകളടിതൊഴുതു
"ഉന്നുടയ കൃപയാലേ പൊറുതിയിന്നു കിടയ്ക്കവേണം'
എൻറുചൊല്ലി വഴിനടന്തു ശുചീന്തിരപുരത്തിൽവന്തു
പാപ്പാർകൾ അടിതൊഴുതു പയ്യവഴി താൻനടന്മാർ.
കോട്ടാറും പിറകെവിട്ടു അവർ ചെമ്പൻകുളം താൻകടന്താർ
കള്ളിയങ്കാടെല്ലവിട്ടു തൊട്ടിയോടും താൻ കടന്താർ
പാപ്പാർകൾ വഴിനടന്തു പത്മനാഭപുരത്തിൽവന്തു
കുലശേഖരപ്പെരുമാളെച്ചെൻറുകണ്ടു മുഖംകാട്ടി
പുലർച്ചയൊന്നുമില്ലയെൻറു പാപ്പാർകൾ അടിതൊഴുതു
"ഉന്നുടയകൃപയാലേ പൊറുതിയിന്നു കിടയ്ക്കവേണം'
അന്തവാർത്തൈകേട്ടപോതേ തിരുമനതിൽ തനെനിനന്തു
തെപ്പനല്ല കുളക്കരയ്ക്കു എഴുന്നരുളിച്ചെന്നുനിന്നു
വയ്യകത്തിൽ വാനവരെ അന്നവിടെ വരവഴൈത്തു
എഴുപത്തിരണ്ടു കിരാമം നലത്തിനുടൻ പണിമുകിത്തു
അനന്തകുട്ടിപ്പട്ടരുക്കു അഴകതൊത്ത മേടതീർത്തു
തെപ്പനല്ല കുളക്കരയ്ക്കു കല്ലുനാട്ടിത്താനമിട്ടു
കല്ലുനാട്ടിത്താനമിട്ടുപ്പാപ്പാരെക്കുടിയിരുത്തി
പൊറുതിയിട്ടു ശിവനോടെ പൂരണമാക വാഴ്ന്തിരുന്താരേ"


അന്നദാനത്തിനു പേരുകേട്ട വേണാട്ടിലേയ്ക്കുതന്നെ പോകാമെന്നു് അവർ തീർച്ചപ്പെടുത്തി. വള്ളിയൂർ, പണകുടി, മുപ്പന്തൽ, തോവാള മുതലായ സ്ഥലങ്ങൾ പിന്നിട്ടു കന്യാകുമാരിയിൽചെന്നു ദേവിയെ പ്രാത്ഥിച്ചു ശുചീന്ദ്രത്തു സ്വാമിദർശനംചെയ്ത്, കോട്ടാർ, ചെമ്പൻകുളം, കള്ളിയങ്കാടു്, തൊട്ടിയോടു തുടങ്ങിയുള്ള സ്ഥലങ്ങളും കടന്നു പത്മനാഭപുരത്തു ചെന്നു കുലശേഖരപ്പെരുമാളെക്കണ്ടു പൊറുതിക്കു സൗകര്യമുണ്ടാക്കിത്തരണമെന്നപേക്ഷിക്കുകയും, അവിടുന്നു പത്മനാഭപുരം കോട്ടയ്ക്കുകത്തു നീലകണ്ഠസ്വാമിക്ഷേത്രത്തിനു മുൻവശത്തുള്ള തെപ്പക്കുളത്തി കരയിൽ എഴുന്നള്ളി അവിടെ എഴുപത്തിരണ്ടു ഗൃഹങ്ങൾ പണിയിച്ച് അവർക്കു ദാനംചെയ്കയും ചെയ്തു. ഇന്നും പത്മനാഭപുരത്തു മുക്കാണി ബ്രാഹ്മണർ ധാരാളമായി താമസിക്കുന്നുണ്ടു്. അങ്ങനെയിരുന്നതുകൊണ്ടുമാത്രം സമ്പാദ്യത്തിനു മാറ്റമില്ലല്ലൊ. അതിനാൽ ആ ബ്രാഹ്മണർ അവിടേയും തങ്ങളുടെ 'കുലത്തൊഴിൽ' ആയ ജവളിക്കച്ചവടംതന്നെ നടത്തുവാൻ നിശ്ചയിച്ചു.


“മുടിപ്പാകപ്പണവും കെട്ടിക്കോട്ടാറുക്കടപ്പുകുന്തു
ചീലത്തുണ്ടും ഉറുമാലും നാലാറുതുണ്ടു വാങ്കിക്കെട്ടി
തുണ്ടുകെട്ടിച്ചുമടെടുത്തു പാപ്പാർകൾ വഴിനടന്തു
പത്മനാഭപുരത്തിൽ വന്തു അകരമതിൽത്താമതിത്തു
പിറ്റെന്നാളുദയമതിൽ ചുമടെടുത്തു വഴിനടന്തു
പത്മനാഭപുരം കടന്തു പാപ്പാർകൾ വഴിനടന്തു
നടന്താരേ പാപ്പാരും നൻറാകക്കുഴിത്തുറയും
കുഴിത്തുറയും പിറകെവിട്ടുക്കൊണ്ടു പാപ്പാർ വഴിനടത്തു
നടന്തു കളീക്കൽവിളയും നല്ല പാറച്ചാലവിട്ടു
വിട്ടുദിയൻകുളം കടന്തു വിരവാലെ അമരവിള
നെയ്യാറ്റിൻകരകടന്തു നേശമുടൻ പാപ്പാരും
തിരുവനന്തപുരമതിലേ ഊട്ടിലുണ്ടു അവതരിത്തു
അന്നവിടെത്താമതിത്തു പിറ്റെന്നാളുദയമതിൽ
ചാലയിൽ പാഴ്ക്കടതന്നിലേ കൊണ്ടുവന്ന ചരക്കു വിറ്റു
അവിടെനിന്നു ചരക്കെടുത്തു പാപ്പാർകൾ വഴിനടന്തു
വടക്കെക്കോട്ടവാതൽവിട്ടു വഴിനടന്മാർ പാപ്പാരും
പട്ടമുള്ളൂർ പിറകെവിട്ടു പാങ്ങപ്പാറതാൻ കടന്തു
വഴിനടന്തു പാപ്പാർകൾ വർക്കലയും താൻകടന്തു
കടുനടയാൽ വഴിനടന്തു കല്ലമ്പലം പിറകെവിട്ടു
കോഴിക്കോട്ടുക്കടതന്നിലെ കൊണ്ടുവന്ന ചരക്കുവിറ്റു
നല്ലമുളകുമടയ്ക്കായും നാലാറുതുണ്ടു വാങ്കിക്കെട്ടി
ഏലമൊടു മഞ്ഞളുടൻ പൊൻമെഴുകും കുന്തിരിക്കം
തുണ്ടുകെട്ടിച്ചുമടെടുത്തു പാപ്പാർകൾ വഴിനടന്തു
പത്മനാഭപുരത്തിൽ വന്തു അകരമതിൽത്താമതിത്താർ"


ധാരാളം പണത്തോടുകൂടി കോട്ടാറ്റുകമ്പോളത്തിൽ ചെന്നു് ശീല, ഉറുമാൽ മുതലായ ജവളിത്തരങ്ങൾ വാങ്ങി പത്മനാഭപുരത്തു തിരിയെ വന്നു സ്വഗൃഹങ്ങളിൽ വിശ്രമിച്ച്, പിന്നീടു കുഴിത്തുറ, കളിയിക്കവിള, പാറശ്ശാല, ഉതിയൻകുളങ്ങര, അമരവിള, നെയ്യാറ്റിൻകര ഈ സ്ഥലങ്ങൾ പിന്നിട്ടു്, തിരുവനന്തപുരത്തെത്തി ഊട്ടിലുണ്ടു് അവിടെയും കുറെ ആയാസം തീർത്തു്, കൊണ്ടുവന്നു ചരക്കുകൾ ചാലക്കമ്പോളത്തിൽ വിറ്റ് അവിടെനിന്നു വേറെ ചരക്കുകൾ എടുത്തു വടക്കെ കോട്ടവാതിൽ വിട്ടു പട്ടം, ഉള്ളൂർ, പാങ്ങപ്പാറ, വർക്കല, കല്ലമ്പലം എന്നീ ദേശങ്ങൾ അതിക്രമിച്ചു കോഴിക്കോട്ടുവരെപ്പോയി അവിടെ തങ്ങളുടെ ചുമടുകൾ വിറ്റഴിച്ചു നല്ലമുളക്, അടയ്ക്കാ, ഏലം, മഞ്ഞൾ, പൊന്മെഴുക്, കുന്തിരിക്കം ഈ സാധനങ്ങൾ വാങ്ങി വീണ്ടും പത്മനാഭപുരത്തു് ആ വ്യാപാരികൾ വന്നുചേർന്നു. കവി അന്നത്തെ തിരുവിതാങ്കൂറിൽപെട്ട സ്ഥലങ്ങളുടെ പേരുകൾമാത്രമേ പറയുന്നുള്ളു. അതിനപ്പുറം കോഴിക്കോടിനെപ്പറ്റിയുള്ള പ്രസ്താവമേ കാണുന്നുള്ളു. അതു തെക്കൻ തിരുവിതാങ്കൂർകാരനായ അദ്ദേഹത്തിനു വടക്കൻപ്രദേശങ്ങളേപ്പറ്റി നിശ്ചയമില്ലാത്തതുകൊണ്ടായിരിക്കണം.


അങ്ങനെ പത്തു പന്ത്രണ്ടു വഷം കഴിഞ്ഞു. അവരെല്ലാവരും നല്ല പണക്കാരായി. കോഴിക്കോട്ടുനിന്നു അനന്തകുട്ടിപ്പട്ടരും കൂട്ടുകാരും കൂടി ഒരവസരത്തിൽ അവരുടെ തിരിയെയുള്ള യാത്രയിൽ വൈക്കത്തിനു സമീപം ഉദയനാപുരത്തെത്തി. അപ്പോൾ ഭയങ്കരമായി ഒരു വർഷപാതം ആരംഭിച്ചു.


"രാപകലില്ലാതേ മഴ തോരാതെ പെയ്തിടുമാം.
ആറുകളും തോടുകളും അത്തറയും താൻ പെരുകി
കണ്ണുകണ്ടു പോകാതെ കരുമമൊൻറുമറിയാതെ
ഉതയനാപുരംതനിലേ ഒരു കല്ലമ്പലംതനിലേ വന്തു
വന്തവർകൾ ചുമടിറക്കി വരുംവിതിയെയറിയാതെ
അനന്തകുട്ടിപ്പട്ടരുക്കു മുപ്പത്തിമൂന്നു വയതുമപ്പോൾ
മുപ്പത്തിമൂന്നു വയതിലല്ലോ കാലൻവന്തു കൂടിയല്ലോ
ആളിയലും അഴകനല്ലോ അന്തപ്പാപ്പാരോടേതൊ ചൊൽവാർ.
കള്ളർ ശല്യങ്കളുള്ള അമ്പലമിതെൻറുചൊല്ലി
ഉറവലിത്ത വാളുമാക ഉറങ്കാതെയിരിയുമെന്നു
വെള്ളി നല്ല വിളക്കും വൈത്തു ചെല്ലമതും കൊണ്ടുവൈത്തു
കമ്പിളിയും തനെവിരിത്തു കലങ്കിയല്ലൊ ഉറങ്കിടുവാർ”


അതുകൊണ്ടു് ഉദയനാപുരത്ത് ഒരു കല്ലമ്പലത്തിൽ (കല്ലുകൊണ്ടു പണിത വഴിയമ്പലം) അവർ ചുമടിറക്കി അന്നത്തെ രാത്രി അവിടെ വിശ്രമിക്കുവാൻ തീർച്ചപ്പെടുത്തി. അനന്തകുട്ടിക്കു് അന്നു വയസ്സ മുപ്പത്തിമൂന്നാണു്. അവിടം കള്ളർശല്യമുള്ള സ്ഥലമാണെന്നും അതുകൊണ്ടു ഉടവാൾ ഉറയിൽനിന്നു ഊരിപ്പിടിച്ചുകൊണ്ടു ചിലർ ഉണർന്നിരിക്കണമെന്നും അദ്ദേഹം തന്റെ കൂട്ടുകാരോടു പറഞ്ഞിട്ടു കമ്പിളിവിരിച്ചു ഉറങ്ങി. കത്തിച്ചുവെച്ച ഒരു വെള്ളിവിളക്കു് അവിടെ എരിഞ്ഞുകൊണ്ടിരുന്നു. അതിനുമുമ്പിൽ വഴിപോക്കരായ ആ വണിക്കുകളുടെ പണം മുഴുവൻ സൂക്ഷിച്ചിരുന്ന ചെല്ലവും വെച്ചിരുന്നു.


"പരിചിനുടൻ അവിടത്തിലേ പതിവതുള്ള മാപ്പിളമാർ
പേരേറ്റ തണ്ടാനും പെരിയ നച്ചിറാണിമാപ്പിളയും
തിരവിയങ്കൾ കൊള്ളയാടിത്തീരതകൾ ചെയ്‍വതുക്കു
ഒത്തുപേശിത്താനിരിക്ക അത്തലത്തിൽ വന്നുചേർന്നു.
*               *               *               *               *               *
കള്ളർ നാലാറുപേർകൾ വന്തു അവരുമങ്കെ പതിയിരിക്ക
അതിലൊരുവൻ വന്തുടനേ ഉള്ളുപാര്‍ക്കും നേരമതിൽ
ഉറങ്കുകിൻറ ചേയൽകണ്ടു ഒരു നച്ചിറാണിമാപ്പിളയും"


അവിടെ ഒരു തണ്ടാനും ഒരു നസ്രാണിമാപ്പിളയും വലിയ കൊള്ളക്കാരായി സഞ്ചരിച്ചിരുന്നു. അവർ വേറെ മൂന്നു നാലു കൂട്ടുകാരുമായി കല്ലമ്പലത്തിലെത്തി അനന്തകട്ടിയും കൂട്ടരും ഉറങ്ങുന്നതു കണ്ടു. കഥാപുരുഷന്റെ അനുയായികൾ അദ്ദേഹത്തിന്റെ ആജ്ഞ ശ്രദ്ധിച്ചിരുന്നതേയില്ല. അവരും കുംഭകര്‍ണ്ണസേവയിൽ ലയിച്ചിരുന്നു. അപ്പോൾ നസ്രാണി തണ്ടാനോട്,


"നന്മയാകച്ചൊല്ലിടുവാരവർ നിന്നു പാഴകൂറി-
നാടി നീർ തലയുംകൊണ്ടു മീണ്ടിങ്ങു വന്നീടുകിൽ
തന്മയാക ചെല്ലുമതും കയ്യുംകൊണ്ടു നാനും വാറേൻ"


അയാൾ അനന്തകുട്ടിയെ വെട്ടിക്കൊന്നു് അദ്ദേഹത്തിന്റ തല വെട്ടിക്കൊണ്ടു പോരുമെങ്കിൽ, താൻ പണച്ചെല്ലവും അദ്ദേഹത്തിന്റെ കൈ രണ്ടും ഛേദിച്ചു അതും കൊണ്ടുപോരാമെന്നു പറഞ്ഞു. തണ്ടാൻ ആ ആലോചനയ്ക്കു വഴിപ്പെട്ടു.


"ആളറക്കും കത്തികൊണ്ടു വെട്ടിത്തലാനറത്തു
വിരവേ എടുത്തു കൊണ്ടു വെളിയിലിറങ്ങിവന്നു.
അപ്പൊഴുതേ നച്ചിറാണിമാപ്പിളയതിലൊരുവൻ
ചെല്ലമതും താനെടുത്തു കൈകൾ രണ്ടിനേ മുറിത്തു
ചെല്ലവും പണവുംകൊണ്ടു നാടിയേ വെളിയിൽ വന്താൻ
ചൊല്ലിയേ വിളിത്തിടുവാർ; ചൂഴ്‌ന്തു പാപ്പാർ മുറയിടുവാർ."


രണ്ടുപേരും അവരവരുടെ വാഗ്ദാനം നിർവ്വഹിച്ചു. ബ്രാഹ്മണൻ മരിച്ചു; പണവും ചെല്ലവും ഘാതകന്മാർ കൊണ്ടുപോയി; അനന്തകുട്ടിയുടെ കൂട്ടുകാർ അയ്യവും വിളിയുമായി. എന്തു ഫലം?


അന്നുരാത്രി അതെസമയത്തുതന്നെ ചെമ്പകവല്ലി തന്റെ ഭത്താവിനെ കൊള്ളക്കാർ കൊന്നതായി ഒരു ദുസ്വപ്നം കണ്ടു.


"അന്തരാവിൽ നിത്തരയിൽ ആയിഴയാൾ ചെമ്പവല്ലി
ഉറങ്കുകിൻറെ നിത്തിരയിൽ ഒരു കിനാവുകണ്ടാളേ
നിത്തിരൈ വിട്ടെഴുന്തിരുന്തു നെരുനെരിനക്കുരവയിട്ടാൾ.
അരുകചെൻറു തോഴിയർകൾ അവരോടേ ഏതൊചൊൽവാർ
'നേത്തിരാവിൽ നിത്തിരയിൽ നെരുനെരിനക്കുരവയെന്നാ?'
'എൻ കണവൻ ഭർത്താവു ചരക്കുവില്ക്കപ്പോയെടത്തു
കള്ളർ വെട്ടിക്കൊന്നുപോയെന്നാരുംകിനാവു കണ്ടേനേ'
'കുറിത്തകിനാക്കണ്ടാക്കാൽ കൊണ്ടവര്‍ക്കും കുറ്റമില്ലേ'
'പോവിനെടി തോഴിയരേ, എൻ കണവനിറന്തുപോനാർ'
എൻറുചൊല്ലിച്ചെമ്പവല്ലി ഏങ്കിടുവാരന്നേരം
ഉതയമതിൽത്താനെഴുന്തു ഉറേറതൊരു ചെമ്പവല്ലി
എൻകണവൻഭർത്താവു ചരക്കുവില്ക്കപ്പോയിട്ടല്ലൊ
പതിന്നാലുദിവസമായെൻ ഭർത്താ വരക്കണ്ടതില്ലൈ.
കണ്ടതില്ലൈയെൻറുചൊല്ലിക്കാരിഴയാൾ മേടയിലേ
മേടയിലേതനെയേറി വരവുപാര്‍ത്തുത്താനിരുന്താർ"


തോഴിമാർ ആ സ്വപ്നം അനര്‍ത്ഥകരമല്ലെന്നു സ്ഥാപിക്കുവാൻ ശ്രമിച്ചുഎങ്കിലും ചെമ്പകവല്ലി അവരുടെ അഭിപ്രായം അംഗീകരിച്ചില്ല. തന്റെ ഭർത്താവു ചരക്കുവില്ക്കാൻ പോയിട്ടു പതിന്നാലുദിവസം കഴിഞ്ഞിട്ടും തിരിയെ വരാത്തതിനാൽ ശങ്കിച്ചും സംഭ്രമിച്ചും ആ സാധ്വി അദ്ദേഹത്തിന്റെ വരവുകാത്തു മേടയിൽ ഇരുന്നു.


അപ്പോൾ അനന്തകുട്ടിയുടെ കൂട്ടുകാരുടെ സ്ഥിതി എന്തെന്നു നോക്കാം


"പതറിയുടൻ പാപ്പാരും പയന്തവരും ഉറയാതെ
പിറ്റെന്നാളുതയമമതിൽ പേതലിത്തുത്താനെഴുന്തു
അനന്തകുട്ടിപ്പട്ടരും ചെറുവിരലുതനെ മുറിത്തു
ചെറുവിരലുതനെ മുറിത്തു ചീലയിലേ മുടിത്തുകെട്ടി
കൊണ്ടു വന്ത ചുമടതെല്ലാം കൊടുങ്കാട്ടിലേ താനെറിന്തു
പാടെടുത്തു അടക്കിയുടൻ പതറി വഴിതനെ നടന്തു
പതറി വഴിതനെ നടന്തു പത്മനാഭപുരത്തിൽ വന്താർ"


തങ്ങളുടെ സുഹൃത്തിന്റെ ശവശരീരത്തിൽനിന്നു് ഒരു ചെറുവിരൽമാത്രം മുറിച്ചെടുത്തുകൊണ്ടു ശേഷം ദഹിപ്പിച്ചു ചരക്കുകൾ എല്ലാം കൊടുങ്കാട്ടിൽ വലിച്ചെറിഞ്ഞു് അത്യന്തം ദുഃഖപരവശരായി അവർ പത്മനാഭപുരത്തു തിരിച്ചെത്തി. അവരുടെ മുഖത്തുനിന്നു ചെമ്പകാല്ലി വസ്തുസ്ഥിതിമുഴുവൻ ധരിച്ചു.


“എൻറുചൊല്ലിപ്പാപ്പാർകൾ ഇതന്തവിരൽ താൻ കൊടുത്തു കൊടുത്തവിരൽതൊഴുതുവാങ്ങിക്കുരവയിട്ടു ചേയിഴയാൾ
ചേയിഴയാൾ വാങ്കിവൈത്തു ചിറന്തകര്‍മ്മം താൻ മുകിത്തു
വെട്ടുപട്ടവനിറന്തതിനാൽ വേതനകൊണ്ടു ചെമ്പവല്ലി
വെളുക്കത്തല മൊട്ടയിട്ടു വെറ്റിലയും തിങ്കാതെ
തീപ്പായവേണമെൻറു തേന്മൊഴിയാൾ മനതുറയ്ത്താൾ
*               *               *               *               *               *
എൻറുചൊല്ലി ചെമ്പവല്ലി ഇറങ്കി വഴിതാൻ നടന്താൾ കുലശേഖരപ്പെരുമാളെക്കുമ്പിടുവാരന്നേരം
'എൻ കണവൻ ഭർത്താവു ഏറ്റ ചരക്കു വില്ക്കപ്പോയെടത്തു
കള്ളർ വെട്ടിക്കൊന്നുപോയാർ കന്നി നാനിരുക്ക ശോഭയില്ലൈ
തീപ്പായ വേണ'മെൻറു തേന്മൊഴിയാൾ ചൊല്ലിടുവാൾ."


അവർ കൊടുത്ത ഭർത്താവിന്റെ ചെറുവിരൽ വാങ്ങി അതിനു അപരക്രിയ നടത്തി ശിരസ്സ മുണ്ഡനംചെയ്തു താംബൂലചർവ്വണം നിറുത്തി കുലശേഖരപ്പെരുമാളെക്കണ്ടു താൻ ഭർത്താവിനെ അതിജീവിക്കുന്നതു ശോഭനമല്ലെന്നും 'തീപ്പായാൻ' അതായതു് ഉടന്തടിയേറുവാൻ കല്പന നല്കണമെന്നും അപേക്ഷിച്ചു. അതിനു മഹാരാജാവു് ആ സാധ്വിയോടു് ഇങ്ങനെ ഉപദേശിച്ചു.


"തീപ്പായ വേണ്ടാമെടി തേന്മൊഴിയേ കേളുമെടി
നിലം പുരയിടം തരുവേൻ, നിനന്തപടി നാൻ തരുവേൻ;
കട്ടിപ്പൊന്നു നാൻ തരുവേൻ; കനകപ്പണി നാൻ തരുവേൻ;
വെട്ടപ്പോറ തലയ്ക്കതെല്ലാം വിലകൊടുത്തു മീളുമെടി,
ഒറ്റയകരം കെട്ടിത്തരുവേൻ; ഉനക്കിശൈന്തപടി തരുവേൻ
തീപ്പായവേണ്ടാമെടി തേന്മൊഴിയെ കെളുമെൻറാർ"


അഗ്നിപ്രവേശം ചെയ്യരുതെന്നും നിലവും പുരയിടവുമോ, കട്ടിപ്പൊന്നോ, കനകാഭരണങ്ങളോ എന്തുവേണമെങ്കിലും കൊടുക്കാമെന്നും ചെയ്ത കുറ്റത്തിനു പകരം ചോദിക്കുമെന്നും മറ്റുമുള്ള അവിടത്തെ സാന്ത്വൊക്തി ചെമ്പകവല്ലി ചെവിക്കൊണ്ടതേയില്ല. ആ മനസ്വിനി വീണ്ടും ഉറപ്പിച്ചു പറഞ്ഞു.


"നിലവും പുരയിടവുമാശയില്ലേ; നിനത്തപടി പൊന്നിനാശയില്ലേ; 
പൊൻപണകളിരുന്താലും ചിലവഴിക്ക ആളുമില്ലേ;
ആശയൊൻറും തീയതില്ലേ: ആണ്ടവർ ചോല്‍പോവതില്ലേ;
പതിനാറുവയതുമാനേൻ, പതിയിറന്തുതാൻ പോനേൻ;
മൊട്ട ആയി വാറാളെൻറു വിലകിടും കാൺപോയിടും കാൺ
തങ്ങിയൊരു പെൺകളെല്ലാം തരണിതന്നിൽ നകൈപ്പാരേ
നാനിരിക്ക ശോഭയല്ലേ; നന്മചൊല്ല നീതിയില്ലേ
തീപ്പായ വേണമെൻറു തേന്മൊഴിയാൾ ചൊല്ലിടുവാൾ
തീ താരും തീ താരും എങ്കൾ പുണ്ണിയരേ തീ താരും"
"തീ താനും തരികയില്ലേ; തേന്മൊഴിയെ പൊകുമെടീ."
എൻറുവാർത്തൈ കേടുപോതേ ഏന്തിഴയും ഏതോ ചൊൽവാർ
തീ താനും തന്നില്ലെങ്കിൽ തിരുമ്പി നാനും പോവതില്ലേ.
ഉന്നുടയ രാച്ചിയത്തു ഒരു ബ്രാഹ്മണശാപമുണ്ടാം.
നാക്കെപ്പിഴുതു നാൻ മരിത്തു നല്ല ശിവലോകം ചേരുമെൻറു
എൻറുചൊല്ലി ചെമ്പവല്ലി നെരുനെരിനക്കുരവയിട്ടാൾ”


തനിക്കു യാതൊരു സ്വത്തും വേണ്ടെന്നും, തന്നാലും അതനുഭവിക്കുവാൻ താൻ മച്ചിയാകകൊണ്ട് ആളില്ലെന്നും, തന്റെ ഐഹലൗകികങ്ങളായ ആശകൾക്കൊന്നും ശാന്തിവന്നുകഴിഞ്ഞില്ലെന്നും, ദൈവേച്ഛ മറിച്ചുവരികയില്ലെന്നും, സുമംഗലിയല്ലാത്ത തന്നെ കണ്ടാൽ സമാവസ്ഥയിലുള്ള സ്ത്രീകൾ അപഹസിക്കുമെന്നും, താൻ ജീവിച്ചിരിക്കുന്നതു ഒരുപ്രകാരത്തിലും ആശാസ്യമല്ലെന്നും ആ സ്ത്രീ മഹാരാജാവിനെ ഉൽബോധിപ്പിച്ചു. അവിടന്നു പിന്നെയും വൈമനസ്യം പ്രദർശിപ്പിച്ചപ്പോൾ താൻ നാക്കുപിഴുതെങ്കിലും ആത്മഹത്യചെയ്യുമെന്നും, അഗ്നിപ്രവേശനത്തിനു് അനുവാദം നല്കിയില്ലെങ്കിൽ ബ്രാഹ്മണശാപം അവിടുത്തെ ബാധിക്കുമെന്നും ആ വിധവ അദ്ദേഹത്തെ ഭയപ്പെടുത്തി.


“പതിനാറുവയതുമാനേൻ" എന്നു ചെമ്പകവല്ലി പറയുന്നുവെങ്കിലും അതു യൗവനത്തിന്റെ ഉപലക്ഷണമായി മാത്രം നാം കരുതേണ്ടതാണു്. വേളികഴിഞ്ഞു് ഏഴാമത്തെ ദിവസം ഭർത്താവിനെ ഉപദേശിക്കണമെങ്കിൽ അന്നു ചുരുങ്ങിയപക്ഷം പത്തുവയസ്സെങ്കിലുമായിരിക്കണം. അതുകഴിഞ്ഞു പത്തു പന്ത്രണ്ടു വർഷം അനന്തകുട്ടിപ്പട്ടർ ജവളിക്കച്ചവടം നടത്തിയതായും കവി പ്രസ്താവിക്കുന്നുണ്ടു്. ചെമ്പകവല്ലിക്കു മഹാരാജാവിനോടു വാദപ്രതിവാദം ചെയ്യുമ്പോൾ ഇരുപത്തിരണ്ടു വയസ്സെങ്കിലുമായിരിക്കണമെന്നു് ഇതിൽ നിന്നെല്ലാം അനുമാനിക്കാമല്ലൊ.


ആ ധര്‍മ്മസങ്കടത്തിൽ കുലശേഖരപ്പെരുമാൾ ചെമ്പകവല്ലിക്കു് അഗ്നിപ്രവേശം ചെയ്യുവാൻ അനുവാദം നല്കി. ഉദയഗിരിക്കോട്ടയ്ക്കകത്ത് ആലരശിൻ മൂട്ടിൽ അതിനു സ്ഥാനം കണ്ടു് അവിടെ ഹോമകുണ്ഡമുണ്ടാക്കുവാൻവേണ്ട ഏര്‍പ്പാടു ചെയ്തു.


"തീകൊടുക്കവേണമെൻറു തിരുമനതാൽ കല്പനയായ്
ഉടനേ ചെമ്പുതട്ടമതിൽ തീകോരിത്താൻ കൊടുത്താർ
കൊടുത്ത അനൽ തൊഴുതുവാങ്കിക്കുരവയിട്ടു നിൻറാളേ
തീപ്പായവേ തലങ്കൾ എവിടമെൻറു ചൊല്ലിടുങ്കോ
ഉതയകിരി കോട്ടയ്ക്കകം ഉറ്റ ആലരശുമുടതിലേ
വയ്യകത്തിൽവാനവരേ വരവഴൈത്താരന്നേരം
ഓമക്കുഴി തനെക്കുഴിത്തു ഉടനേ കല്ലാൽ തൊട്ടിയിട്ടു
ചന്തണവും കാരകിലും വരിക്കപ്പിലാവിറകും
വൈക്കോൽത്തിരൾ എണ്ണക്കുടം വകവകയായ്ത്താനൊരുക്കി"


രാജാജ്ഞയാൽ ആഗ്നിപ്രവേശത്തിനുള്ള സകല സാധനങ്ങളും അവിടെ സജ്ജീകൃതങ്ങളായി.


"കണ്ടപോതേ മനം മകിഴ്ന്തു കാരിഴ‌യാളേതോ ചൊല്‍വാൾ
പഞ്ചവാത്തിയം വേണമെൻറു പൈന്തൊടിയാൾ ചൊല്ലിടുവാൾ
കുരവയിട മടവിയർകൾ കൂടിവരവേണമെൻറു
അൻറുചൊല്ലിയേന്തിഴയാൾ അകരമതിൽപ്പോയിരുന്തു
നിലംപുരേടം ആനതെല്ലാം നിനൈന്തു പാപ്പാര്‍ക്കു ദാനമിട്ടാൾ!
തെപ്പനല്ലകുളം തനിലേ തേന്മൊഴിയാൾ കുളികടന്താൾ,
കളഭമുടൻ കസ്തൂരി കാരിഴയാൾ പൂശിടുവാൾ;
മഞ്ചണയും ചുവപ്പുകളും മാറിലെങ്കും പൂശിടുവാൾ;
പൂശിയല്ലോ പുഴമണങ്കൾ പൂമാലയും ചൂടിടുവാൾ;
കസ്തൂരിപ്പൊട്ടുമിട്ടുക്കനക ചിന്തൂരപ്പൊട്ടിടുവാൾ;
കാതിൽ ചിമിക്കിയിട്ടു,ക്കഴുത്തിൽ വന്നക്കാറകെട്ടി
നെറ്റിക്കു ചുട്ടി കൊണ്ടൈപ്പാളം നേരിഴയാൾ താനണിന്തു
കയ്യാഴിത്തരികിലുങ്ക കനകവളമോതിരവും
പൊന്നാലേ ചേലതന്നെപ്പുതുമയുടൻ കൊയ്തുടുത്തു
പൈന്തോടിയാൾ ചമൈന്തൊരുങ്കിപ്പഞ്ചവര്‍ണ്ണക്കിളിപോലെ
പൊന്നാലേയമ്മാന - പുതുമയുടൻ താനെടുത്തു
നൻറതിനാൽ വെറ്റിലയും നല്ലകളിപ്പാക്കും വായിലിട്ടു
പഞ്ചവര്‍ണ്ണക്കിളിപോലെ പൈന്തൊടിയാൾ വഴിനടന്താൾ
പഞ്ചാത്തിയം മുഴങ്ക പൈന്തൊടിമാർ കുരവയിട്ടാർ
കുലശേഖരപ്പെരുമാളാം കൊറ്റവരും എഴുന്നരുളി
ഉപ്പരികൈമാളികയിൽ ഉടനേറിത്താനിരുന്താർ
അനിയായമാകവൊരു അരുഞ്ചാക്കാലയെൻറു ചൊല്ലി
എൻറു ചൊല്ലി മന്നവരും ഇരുക്കുമന്ത വേളയിലേ
പൈന്തൊടിയാൾ ചെമ്പവല്ലി പാടിയാടി വഴിനടന്താൾ.
പൊന്നാലേ അമ്മാന പുതുമയടൻ ആടിവര
ഇരുമ്പിച്ചിപ്പഴത്തിനാലും ഇരുകരത്താലാടിവര”


അങ്ങനെ ഉചിതമായ നേപഥ്യവിധാനത്തോടുകൂടി ആ സതി ഹോമകുണ്ഡത്തിലേയ്ക്കു പാടിയാടിക്കൊണ്ടു നടന്നുചെന്നു. "അന്യായമായ പടുകൊലയാണല്ലോ നടത്തുവാൻ പോകുന്നതു്" എന്നു പറഞ്ഞു വ്യസനിച്ച്, മഹാരാജാവും ഉപ്പരികമാളികയിൽ കയറിയിരുന്നുകൊണ്ടു് ആ കാഴ്ചകണ്ടു.


"ഉതയകിരി ചെല്ലുവാരാം ഉറ്റതൊരു ചെമ്പവല്ലി
വൈക്കോൽത്തിരൾ എണ്ണക്കുടം വകവകയായ് ഓമത്തിലേ
ഓമക്കുഴിമുടുകിവര ഉറ്റതൊരു ചെമ്പവല്ലി
മുടിക്കുമേലേ അമ്മാന മുക്കണ്ണരേ ശരണമെന്റു
പൊന്നാലേ അമ്മാന തീക്കുഴിയിൽത്താനെറിന്തു
ഈശ്വരരേ ശരണമെൻറു ഇരുകൈക്കൂട്ടിത്തൊഴുതുകൊണ്ടു
ഒന്നാന വളയം വന്തു ഉടനേയവർ കുരവയിട,
രണ്ടാന വളയം വന്തു തേന്മൊഴിയാൾ കരവയിട,
മൂന്നാന വളയം വന്തു മുക്കണ്ണരേ ശരണമെൻറു
മുക്കണ്ണരെ ശരണമെൻറു മുഴുകിനാരേ ഓമത്തിലേ"


താൻ ആടിക്കൊണ്ടുവന്ന പൊന്നമ്മാന തീയിലെറിഞ്ഞു വച്ച് അഗ്നികുണ്ഡത്തെ മൂന്നുരു പ്രദക്ഷിണം ചെയ്തു ഭൂതപതിയായ ശ്രീപരമേശ്വരനെ മനസ്സുകൊണ്ടു ധ്യാനിച്ചു ചെമ്പകവല്ലി ഹോമത്തിൽ മുഴുകി; അതായതു തീയിൽ ചാടിമരിച്ചു. കഷ്ടം! മതത്തിന്റെ നാമത്തിൽ ഒരു ആത്മഹത്യകൂടി നടന്നു.


"ശിവനാർ മനം തെളിന്തു തേരുകൊടുത്തേകിയന്നു
തേരതിലേറിയവർ ശിവൻപാദം അടിതൊഴുതാൾ.
ശിവൻപാദം അടിതൊഴുതു തെണ്ടനിട്ടു നിൻറപോതേ
നിൻറതൊരു പെൺകൊടിയെ നീലകണ്ഠർ താൻ പാർത്തു. 
"നഞ്ചുതന്നൈയെടുത്തുണ്ട നാഥനാരേ! വരം താരും
കണ്ഠത്തിൽ വിഷമണിന്ത നീലകണ്ഠ! വരം താരും
കാലനെക്കാലാൽ വതിത്ത കനൽനുതലേ വരം താരും
അടിയാര്‍ക്കരുംപൊരുളേ! ആതിനാതാ പോറ്റി'യെൻറാൾ
പോറ്റിനിൻറെ പെൺകൊടിയെപ്പരിചടയോൻ താൻ പാര്‍ത്തു
എന്നവരം വേണമെൻറു എന്തിഴയേ! ചൊല്ലുമെടി”
കൊന്നവരെച്ചെന്നുടനേ മറുപടിയേ കൊല്‍വതുക്കും
മാറ്റാരൈ ഒഴിപ്പതുക്കും മറുകടലൈ കടിപ്പതുക്കും
കടിയവരം താരുമെൻറു കാരിഴയും ചൊല്ലിടുവാൾ
പാലികളൈച്ചൂലികളൈപ്പരുന്താട്ടം കൊള്ളവരം
ഈനാതമലടികളെ ഇളംപിള്ളത്താച്ചികളൈ
അന്നുപെറ കുഴവികളൈ നഖത്തിലേ കോര്‍ത്തെടുത്തു
നഖത്തിലേ കോര്‍ത്തെടുത്തു അമ്മാനയാട വരം;
കൊല്ലവരം വെല്ലവരം കുടിമുടിയ മുടിക്കവരം
താഴമ്പൂവാടയിലേ ദാസിയരെക്കൊല്ലവരം;
പിച്ചിപ്പുവാടയിപ്പൂലേ മെല്ലിയരെക്കൊല്ലവരം;
അരളിവാടയിലേ ആയിഴയെക്കൊല്ലവരം;
ഇന്തയിന്തവരങ്കളെല്ലാം ഈശ്വരരേ താരുമെൻറാർ.
കേട്ടവരംതാൻ കൊടുത്തുക്കിറുപയുടൻ ശിവനാരും
കൊന്നു പുവിലോകമാൾവതുക്കും
ചെന്നു വെലിപൂജകൊൾവതുക്കും
കൊടുത്താരേ കേട്ടവരം കൊറ്റവനാർ മനംതെളിന്തു
പോരും പോരുമിനിവരങ്കൾ എന്നുംപുവിലോകമാണ്ടു കൊൾവനെൻറാരേ"


ശ്രീപരമേശ്വരൻ കൈലാസത്തിൽനിന്നയച്ച തേരിൽകേറി അവിടെച്ചെന്നു കരുണാനിധിയായ അവിടുത്തെ കുമ്പിട്ടു അതിഭയങ്കരങ്ങളായ അനേകം വരങ്ങൾവാങ്ങി തിരിയെ ഭൂമിയിൽവന്നു ചെമ്പകവല്ലി ഉദയഗിരി അരയാലിൻമൂട്ടിൽ ഒരു ഘോരയക്ഷിയായി അധിവാസം തുടങ്ങി. ജനങ്ങൾ ആ യക്ഷിയെ ബലി പൂജകൊണ്ടും മറ്റും പ്രസാദിപ്പിച്ചു. ഇന്നും ആ ദുര്‍ദ്ദേവതയെ 'തളയൻ' എന്ന ജാതിയിൽ പെട്ടവരും മറ്റും ആരാധിക്കുന്നുണ്ടു്.


ഇതാണു് നാലുകാത (ഗാഥ- ഇപ്പോൾ കാത പരിഷ്കാരത്തിനു വിധേയമായി കാതമെന്നു രൂപാന്തരപ്പെട്ടിട്ടുണ്ടു്.) അടങ്ങിയ ഈ യക്ഷി കഥയിലെ ഇതിവൃത്തം. ഗ്രന്ഥകാരൻ ആരെന്നറിയുന്നില്ല. ഞാൻ ഉദ്ധരിച്ച ഈരടികളിൽ പലതും സഹൃദയഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കുന്നതിനു പര്യാപ്തങ്ങളാണു്. കവി വ്യുൽപന്നനല്ലായിരിക്കാം. വ്യുൽപത്തിയെന്തിനു്? താൻ നേരിട്ടുകണ്ടിരിക്കാവുന്ന അതികരുണമായ സംഭവം അകൃത്രിമവും ലളിതവുമായ സാധാരണ ഭാഷയിൽ അദ്ദേഹം ചിത്രീകരണംചെയ്തു. ശാകുന്തളത്തിൽ ദുഷ്യന്തമഹാരാജാവു പറയുന്നതു പോലെ,


"ശുദ്ധാന്തദുർലഭമിഭം വപുരാശ്രമവാസിനോ യദി ജനസ്യ
ദൂരീകൃതാഃ ഖലു ഗുണൈരുദ്യാനലതാ വനലതാഭിഃ"


എന്നു സമ്മതിക്കേണ്ട ഘട്ടങ്ങൾ ഭാവുകന്മാർക്കു പലപ്പോഴുമുണ്ടാകും. അവയിലൊന്നാണു് ഇതു്. ഗ്രാമീണനെങ്കിലും കലാധര്‍മ്മമര്‍മ്മജ്ഞനായ ഈ കവി ചില വരികൾ ആവർത്തിക്കുന്നതു പ്രായേണ ശ്രോതാക്കളുടെ ഉള്ളിൽ അവയിലെ ആശയം ബലമായി തട്ടുന്നതിനുവേണ്ടിയാണെന്നുള്ളതു നിസ്സംശയമാകുന്നു. അപ്രകാശിതമായ ഈ പാട്ടു പകർത്തിയെഴുതി അയച്ചുതന്ന ഭാഷാപോഷകനായ ശ്രീമാൻ ഒറ്റശ്ശേഖരമംഗലം ടി. ജി. അച്യുതൻനമ്പൂരിയുടെ നേര്‍ക്കു് എനിക്കുള്ള കൃതജ്ഞത വാചാമഗോചരമാകുന്നു. ബാലഡ്‌ രീതിയിലുള്ള പാശ്ചാത്യകൃതികൾക്കും ഇത്തരത്തിലുള്ള പാട്ടുകൾക്കും തമ്മിൽ വളരെ സാദൃശ്യമുണ്ട്. മലയാംതമിഴിൽനിന്നു് ഇംഗ്ലീഷിലേയ്ക്കും വിവർത്തനം ചെയ്തു വിജയം നേടാവുന്ന ഒരു കഥയാകുന്നു ഞാൻ ഈ ഉപന്യാസത്തിൽ സംഗ്രഹിച്ചിട്ടുള്ളതു്.