Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / പഞ്ചവങ്കാട്ടു നീലി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പഞ്ചവങ്കാട്ടു നീലി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

യശശ്ശരീരനായ സാഹിത്യകുശലൻ സി. വി. രാമൻപിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ്മാ' എന്ന സുപ്രസിദ്ധമായ നോവൽ വായിച്ചിട്ടുള്ളവര്‍ക്കു് 'പഞ്ചവങ്കാട്ടു നീലി' എന്ന യക്ഷിയുടെ കഥയെപ്പറ്റി അറിവുണ്ടായിരിക്കുമല്ലൊ. ആ കഥയുടെ മൂലമായ 'നീലികഥ' എന്നൊരു വിശിഷ്ടമായ വില്ലടിച്ചാൻപാട്ടു തെക്കൻതിരുവിതാംകൂറിൽ നടപ്പുള്ള മലയാംതമിഴ്ഭാഷയിൽ ഇന്നു തളയന്മാർ പാടിവരുന്നുണ്ടു്. ഈഷദ്വ്യത്യാസങ്ങളോടുകൂടി ആ പാട്ടു പല പാഠങ്ങളായി പ്രചരിക്കുന്നു. അതിന്റെ ഒരു സ്വരൂപജ്ഞാനം വായനക്കാര്‍ക്കു നല്കുന്നതിനുവേണ്ടിയാണ് ഞാൻ ഈ ഉപന്യാസം രചിക്കുന്നത്


"അഴകുടയ പഴവനല്ലൂർ അമ്മയപ്പൻ തിരുക്കോവിൽ
കുഴലുടയ സംഗീതം കൂത്താടും മുറക്കാരി
പണിവിടൈകൾ താൻ മുകിത്തു പടികടന്തു വെളിയിൽ വന്താൾ
മണിയമിടും കോവിലുക്കു വാഴ്‌മൂപ്പുക്കാറനവൻ
വിരുമ്പിയന്തക്കോവിൽനമ്പി വേശമകളരുകിൽവന്താൻ 
കരുമ്പിനിയമൊഴിയാളൈക്കണ്ണോട്ടം പോട്ടാനാം
ആശമൊഴി പലതുംചൊല്ലിയവളുടനേ ഉറവാടി
വേശമകൾ വേദിയനൈ വീട്ടുകത്തേ കൂട്ടിവര,
വീട്ടിൽ വരക്കണ്ടപോതു വേശയുടതായ്‍ക്കിഴവി
"നാട്ടിലുള്ള നമ്പിയിവൻ നമുക്കൊരു ദൈവമല്ലോ
കിറുപയുടൻ പണം കാശു കേളാതേ നീ മകളേ!
മനംകൂടിത്തന്തിടും കാൺ മറയോർകളാനാലും"
മാറുകണ്ണിതായ്ക്കിഴവി മകൾതനക്കുപ്പുത്തിചൊന്നാൾ.


പവിഴനല്ലൂർ അമ്മയപ്പൻകോവിലിലെ ഒരു ദാസി തന്റെ ക്ഷേത്രകൈങ്കര്യങ്ങൾകഴിഞ്ഞു് ഒരുദിവസം തന്റെ ഗൃഹത്തിലേയ്ക്കു തിരിയെപ്പോകുമ്പോൾ ആ കോവിലിലെ മേൽശാന്തിയായ നമ്പി അവളെക്കണ്ടു മോഹിച്ചു. അപ്പോൾ അവൾ മധുരവാക്കുകൾകൊണ്ടു കാമത്തെ വര്‍ദ്ധിപ്പിച്ചു് ആ നമ്പിയെ തന്റെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് മാറുകണ്ണിയായ അവളുടെ തള്ളക്കിഴവി മകൾ അയാളോടു പണവും കാശും ചോദിക്കരുതെന്നും ബ്രാഹ്മണരാണെങ്കിലും പ്രേമം മുഴ ക്കുമ്പോൾ വേണ്ടതെല്ലാം കൊണ്ടുവന്ന തന്നുകൊള്ളുമെന്നും ഉപദേശിച്ചു.


മകൾതനക്കുപ്പുത്തി ചൊല്ലി മറയോനൈ വശപ്പെടുത്ത
മറയോനൈ വശപ്പെടുത്ത മരുന്തുതന്നൈ കൂട്ടലുറ്റാൾ
മകൾകയ്യിലെ താൻ കൊടുത്തു മറയോനൈ വശപ്പെടുത്തി
മണുപ്പാന വാര്‍ത്തകേട്ടു മനംപൊറുക്കമാട്ടാമൽ
പഴുപ്പാന മടിശ്ശീലയിൽ പണത്തെയുള്ളി മടിയിലിട്ടാൻ
മടിപ്പണത്തെക്കണ്ടപോതേ മണിവിളക്കും താൻ കൊളുത്തി
സുന്തരം ചേർകട്ടിലിലേ തുള്ളിമെത്തൈ തനൈവിരിത്തു്
പടുത്തുറങ്ക വാരുമെൻറു പഞ്ചണമേൽ കൊണ്ടുപോനാൾ.
മരുന്തുതിൻറ വേതിയനും മയതിയങ്കേ താൻ കിടക്ക
മുതലിരുക്കും മടിശ്ശീലയിൽ മുന്തിയെല്ലാം തടവിനാളേ.
കാലിൽച്ചട്ടൈ കഴറ്റുകൈക്കുക്കൈനിറയപ്പണം കൊടുത്താൻ
മേലിൽച്ചട്ടൈ കഴറ്റുകയ്ക്കു മെത്തമെത്തപ്പണംകൊടുത്താൻ
വായിൽ മുത്തമിടുവതര്‍ക്കു വരാഹനള്ളിത്താൻകൊടുത്താൻ
കേട്ടതൊരുവുടമയെല്ലാം കിറുപയടൻ താൻ കൊടുത്താൻ
കോവിലുള്ളവുടമയെല്ലാം കൊള്ളയിട്ടും താൻ കൊടുത്താൻ
കാവിലുള്ളവുടമയെല്ലാം കളവാണ്ടും താൻ കൊടുത്താൻ
അകരത്തിലുള്ളുടമയെല്ലാമവൾക്കു വിലയായ്‍ക്കൊടുത്താൻ
ആറുലക്ഷം പൊന്നുടയവൾക്കു വിലയായ്‍ക്കൊടുത്താൻ.


അങ്ങനെ ഉപദേശിച്ചിട്ടു തായ്‍ക്കിഴവി ഉത്തരക്ഷണത്തിൽ ചെയ്തതു് ആ കാമുകനെ മയക്കുന്നതിനുള്ള മരുന്നുണ്ടാക്കുകയായിരുന്നു. ആ മരുന്നു മകളുടെ കൈയിൽ കൊടുത്തു് അയാളെ തീറ്റിച്ചു. മണുമണുത്ത (അങ്ങുമിങ്ങും തൊടാത്ത) വാക്കുകൾ വേശ്യ അയാളോടു സംസാരിച്ചുതുടങ്ങി. മടിശ്ശീലയിലുള്ള പണം വാരി അയാൾ ഉടൻ അവളുടെ മടിയിലിട്ടു. പിന്നെ അവളുടെ ചൊല്പടിക്കാരനായി ആ വിഡ്ഢി. കൈമുതൽ തീർന്നപ്പോൾ കട്ടും കവര്‍ന്നും ഗൃഹത്തിലെപ്പണ്ടങ്ങൾ തട്ടിയെടുത്തും അവൾക്കു നിത്യവും സമ്മാനിച്ചുതുടങ്ങി. ഒടുവിൽ ഒക്കെ മുടിഞ്ഞു് അയാൾക്കു് ഒരു നിവൃത്തിയുമില്ലാതെയായി.


കൊടുക്ക മുതലില്ലാമൽ കൂറിവന്ത മറയോനും
അടുത്തനാളിൽ വേളയിലേ അവൾവീട്ടിൽപ്പോയിരുന്താൻ
കൈപ്പൊരുളുമില്ലാമൽ കാതലിയാൾ കാണവില്ലൈ
നിറവില്ലാപ്പാതകത്തി നിഷ്ഠുരത്താ‍‍‍യ്‍ക്കിഴവി
മറയോനൈക്കണ്ടപിമ്പേ മകളോടേ ചണ്ടയിട്ടാൾ.
"അരക്കാശു കിടയാതെ ആൺപിള്ളൈയോടിരുന്തു
ചിരിത്തു വിളയാടുവതും തിനന്തിനമായലക്കൊടുപ്പും
കഴുകടിയിൽ നാപോലേ കാത്തിരുന്തും തൂങ്കുകിറാ”
നേരാക വേതിയൻതൻ നെഞ്ചുനേരേ കാൽനീട്ടി
വാരുമെൻ ചൊല്ലാമൽ വാര്‍ത്തകൂടാതെയിരുന്താൾ.
"കൂത്താടവാർ വീടകൊണ്ട് കാണിയോ ഉനക്കു?
ഉത്തരവുമില്ലാമൽ ഓയാതേ വരുവാനേൻ?
ചെത്തവനേ! പാപ്പാനേ! തിണ്ണവിട്ടു എഴുന്തിരെടാ!"
കിഴവിയുട പേച്ചൈയെല്ലാം കേട്ടിരുന്ത മറയവനും
അഴുതുകൊണ്ടു അവനുടയ അകരമതിൽപ്പോകാമൽ,
കൊണ്ടാടിപ്പൂചൈചെയ്യും കോവിലുക്കും പോകാമൽ,
പട്ടണത്തെ വിട്ടിറങ്കിപ്പരദേശം പോനാനേ.


കൈയിൽ കാൽ പൈസപോലുമില്ലാത്ത അവനെക്കണ്ടപ്പോൾ പാപിഷ്ഠയായ കിഴവിയുടെ മട്ടൊന്നു മാറി. ആദ്യമായി മകളോടു ദേഷ്യപ്പെട്ടു. “ഈ ഇരപ്പാളിയുമായിട്ടു നീയെന്തിനാണെടി ഇങ്ങനെ ചിരിക്കുകയും കളിക്കുകയും അലഞ്ഞുനടക്കുകയും ചെയ്യുന്നത്? കഴുകുമരത്തിന്റെ ചുവട്ടിൽ നില്ക്കുന്ന നായെപ്പോലെ കാത്തിരിക്കുമ്പോഴും നീ ഉറങ്ങുന്നുവല്ലോ” എന്നു് അവളോടു പറഞ്ഞിട്ടു്, സര്‍വ്വസ്വവും അവൾക്കായി ദീപാളിവച്ചു കഴിഞ്ഞ ആ പാപ്പർപുള്ളിയോട്ട് ഉപചാരവാക്കായി ഒന്നും പറയാതെ “ദാസിമാരുടെ വീടുകൾ, എടാ! നീ അട്ടിപ്പേറുവാങ്ങിയ വസ്തുക്കളാണോ? എന്റെ കല്പനകൂടാതെ എന്തിനിവിടെ എന്നും കേറിവരുന്നു? ജീവച്ഛവമായ നീ എന്റെ തിണ്ണയിൽനിന്നെഴുനേറ്റുപോടാ" എന്ന് അട്ടഹസിച്ചു. ശാന്തിക്കാരനാകട്ടെ കണ്ണീരുംകൈയുമായി അവിടംവിട്ടു ക്ഷേത്രത്തിലേയ്ക്കോ ഗൃഹത്തിലേയ്ക്കോ പോകാതെ പരദേശത്തേയ്ക്കു യാത്രയുമായി.


എന്നാൽ വാസ്തവത്തിൽ തള്ളയെപ്പോലെ മകൾ ദുഷ്ടയായിരുന്നില്ല; ആ യുവതിയ്ക്കു നമ്പിയുടെനേര്‍ക്കു കൃതജ്ഞതയും അനുരാഗവുമുണ്ടായിരുന്നു.


പാപ്പാനെക്കാണാതെ പതറി മനം തള്ളാടി
പരദേശം പോനതൊരു പാപ്പാനൈക്കൂട്ടിവര
ദുരിശമതായ് ദാസിമകൾ തുടർന്താളേയവൻപിറകെ.
കടുനടയായ്ത്താനോടിക്കാടകമേ വഴിമറൈത്തു
“കെടുതിയില്ലാപ്പുത്തിയുള്ളോർ കിഴവിമൊഴി കേൾപ്പാരോ?
എന്നുടയ വീട്ടുടമൈയിരുപ്പതെല്ലാം തരുവേനേ.
എന്നുടയ മഹിമയെല്ലാം ഇല്ലാതോ മന്നവനേ?
മന്നവനേ ഉന്നൈവിട്ടു മറന്തിരുക്കമാട്ടേൻ നാൻ
ഉന്നൈ വിട്ടു മറന്തിരുക്ക എൻമനതിൽ കാണവില്ലൈ"
എൻറുചൊല്ലി മനംതേറ്റിയിരുണ്ട കള്ളിനിഴലതിലേ
സന്തോഷമായവരും തണലതിലേ പോയിരുന്താർ.
വെളിയെവന്തു വിളയാടി വെറ്റിലയും തിങ്കയിലേ
മടമടന വിയര്‍ക്കുതെൻറാൾ; മലർമുടിയൈക്കോതുമെൻറാൾ
പഴികാറൻ മേൽപാര്‍ത്തുപ്പകുത്തു മുടികോതയിലേ
വഴിനടന്തതാകയാലേ മടിമീതിലുറങ്കിവിട്ടായ


തന്റെ കാമുകനെ തിരിയെ വിളിച്ചുകൊണ്ടുവരുന്നതിലേയ്ക്കു യുവതി ഓടിപ്പോയി. മാര്‍ഗ്ഗമധ്യത്തിൽ അയാളേക്കണ്ടുമുട്ടി. ബുദ്ധിമാന്മാർ കിഴവികളുടെ വാക്കുകൾ കേൾക്കുകയില്ലെന്നും തന്റെ സ്വത്തെല്ലാം അയാൾക്കു കൊടുക്കുവാൻ താൻ തയാറാണെന്നും മറ്റുംപറഞ്ഞു് അയാളേ സാന്ത്വനംചെയ്തു. താംബൂലചർവ്വണത്തിനുശേഷം ക്ഷീണതനിമിത്തം അയാളുടെ മടിയിൽകിടന്നുറങ്ങി.


അതുവരെ ചൂഷിതനായിരുന്ന ശാന്തിക്കാരന്റെ മട്ട് അപ്പോഴയ്ക്കുംപാടെ ഒന്നു മാറി. ഭയങ്കരനായ ഒരു രാക്ഷസനായാണ് അനന്തരം അയാൾ പെരുമാറിത്തുടങ്ങിയത്.


നിത്തിരയെ താനറിന്തു നെഞ്ചതിലേ വൈരംവൈത്താൻ
"പച്ചിലയിൽ മരുന്തുതന്ത പഴികാറി മകളല്ലവോ?
ആറുലക്ഷം പൊന്നുടമൈയടങ്കലമായ് വൈത്താളേ"
അവളുടമൈയപ്പൊഴുതെ അത്തനൈയും താൻ കഴറ്റി
കസവിട്ടുപെട്ടിയിലേ കട്ടിവൈത്താൻ പൊട്ടണമായ്
തുടയളവു മൺകുമിത്തു തോകയരൈയതിലിറക്കി
തലയെടുത്തു മണ്ണിൽവൈത്തു തടുമെനവേ താനെഴുന്താൻ.
തട്ടുമെനവേ താനെഴുന്തു പറ്റുദൂരം പോനാനേ
"പച്ചിലയിൽ മരുന്തുതന്ത പഴികാറിമകളല്ലവോ?
കോല്ലാതെപോനാലോ കൂടവരുവാ”ളെനവേ
എൻറുചൊല്ലി വേതിയനും ഇനിവരുവതറിയാതെ
കല്ലെടുത്തുലയിലിട്ടുക്കള്ളിമരത്തോടൊളിത്താൻ.
സംഗതിയാൽ കൽവിഴുന്തു തലനെരിന്തു കൺവിഴിത്തു
പരക്കെയാരും കാണാമൽ പാരക്കള്ളിനൈപ്പാര്‍ത്തു
"അടിപിടിയായ നാനിവനൈയനിയായം ചെയ്തതില്ലൈ
കടവുള്ളോർ താനറിയ കള്ളിമരമേ സാക്ഷി”
സാക്ഷിവൈത്തുച്ചൊന്നതെല്ലാം തനിമറയോൻ താൻകേട്ടു
"മൂച്ചവിട്ടുച്ചൊന്നവളൈ മുഴുതുമിനിക്കൊല്ലവേണം"
പിന്നെയൊരു കല്ലെടുത്തു പിടലിയിലേ പോട്ടുവിട്ടാൻ
മന്നുയിരൈക്കാണാമൽ മറയവനുമോടിവിട്ടാൻ.


വേശ്യ നിദ്രാധീനയായപ്പോൾ ശാന്തിക്കാരനു പൂര്‍വ്വസ്മരണയുണ്ടായി. "ഇവളല്ലേ പച്ചിലയിൽ എനിക്കു മരുന്നുതന്ന പാപിഷ്ഠയുടെ മകൾ?; ഇവളല്ലേ എന്നിൽനിന്നു ആറുലക്ഷം പൊന്നപഹരിച്ചവൾ?" എന്നിങ്ങനെ വിചാരിച്ചു. പ്രതികാരേച്ഛ അയാളെ ഭ്രാന്തുപിടിപ്പിച്ചു. അവളണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം അഴിച്ച് അയാളുടെ പെട്ടിക്കകത്തുവച്ചു. തുടയോളം മണൽകൂട്ടി അവളെ അതിൽ പുതച്ചു തല തറയിൽ വച്ചിട്ടു പെട്ടിയുംകൊണ്ടു സ്വല്പം ദൂരേപോയി. പിന്നേയും “പച്ചിലയിൽ എനിക്കു മരുന്നുതന്ന പാപിഷ്ഠയുടെ മകളല്ലേ ഇവൾ?" എന്നു വീണ്ടും പൂർവ്വസ്മൃതിപിശാചിക ആവേശിക്കയാൽ തിരിയെവന്നു് ഒരു കല്ലെടുത്തു് അവളുടെ തലയിലിട്ടു. അതുകൊണ്ടു് അവൾ മരിച്ചില്ല. പ്രാണവേദനയോടുകൂടി "ഞാൻ ഇയാളോടു് (കുലധർമ്മംവിട്ട്) അന്യായമായി ഒന്നും പ്രവത്തിച്ചില്ലല്ലോ. ഇയാളുടെ ഈ കൃത്യം ദൈവമറിയട്ടെ. ഇവിടെ വേറെയാരേയും കാണുന്നില്ല; അതിനാൽ അല്ലയോ കള്ളിച്ചെടി, നീതന്നെ ഇതിനു സാക്ഷി" എന്നു അവൾ മുറയിട്ടു. അപ്പോൾ ആ ചെടിയുടെ പിന്നിൽ മറഞ്ഞിരുന്ന ആ ഘാതകൻ മറ്റൊരു കല്ലുകൂടി അവളുടെ പിടലിയിൽ ഇട്ടിട്ടു് അവൾ മരിച്ചതായിക്കണ്ട് അവിടംവിട്ട് ഓടി.


മാറുകണ്ണി തായ്ക്കിഴവി മകനോടേ ഏതു ചൊല്‍വൾ
"പുത്തികെട്ട മകളൊരുത്തി പോനാളേ വേദിയൻപിൻ
പാപ്പാനൈക്കൂടാമൽ പണച്ചിലവും വൈയാമൽ
തത്തിരമായ്ത്താനോടിത്തനയരെക്കൂട്ടിവാടാ"
എൻറുതായാർ ചൊല്ലിടവേയെഴുന്തിരുന്തു പുറപ്പെടുവാൻ.
അൻറു തങ്കൈപടുകളത്തിൽ അണ്ണനംപോയ്ച്ചെൻറുകണ്ടാൻ.
തലൈമേലൈകിടന്ത കല്ലൈത്താനുരുട്ടിത്തള്ളിവിട്ടാൻ.
പുലികടുവാതടമുമില്ലൈ; പോട്ടിരുന്തവുടമയില്ല;
മടിതനിലേ ഉറങ്കിനാളോ? മണൽമീതിൽ കിടത്തിനാനോ?
പാങ്കാന കല്ലെറിന്തു പാപ്പാനും പഴിയെടുത്താൻ
പാപ്പാനും പിഴൈപ്പാനോ? പഴവനല്ലൂർപിഴൈത്തിടുമോ?
പെൺപഴിയുമാൺപഴിയും പിരാമണനുക്കെൻറുചൊല്ലി
ചുറ്റിയങ്കേ വലതുവന്തു സൂരിയനൈക്കൈതൊഴുതു 
തങ്കയരെക്കൊൻറകല്ലാൽത്തലൈയറൈന്തുപട്ടാനേ


മകളെക്കാണാത്തതിനാൽ തായ്‍ക്കിഴവി സംഭ്രമിച്ച് അവളുടെ ജ്യേഷ്ഠനായ തൻറെമകനേ അവളെ അന്വേഷിച്ചു്, 'പാപ്പാനെ'ത്തള്ളിയും പണച്ചിലവുവരുത്താതെയും മകളെത്തിരിയെ വിളിച്ചുകൊണ്ടുവരുവാൻ പറഞ്ഞയച്ചു. അയാൾ തന്റെ സഹോദരി മരിച്ചുകിടക്കുന്ന സ്ഥലത്തുചെന്നു കാര്യംമുഴുവൻ മനസ്സിലാക്കി, അവളുടേയും തന്റെയും മൃതിക്കു നമ്പിയെത്തന്നെ കാരണമാക്കി, അവളെകൊല്ലുവാൻ ഉപയുക്തമായ കല്ലുകൊണ്ടു തന്റെ മരണത്തിനും ഇടവരുത്തി. ഇനി ഘാതകൻ ഗതിയെന്തെന്നു നോക്കാം.


ദാസിയെക്കൊൻറ പഴി നമുക്കില്ലൈ തടംതെരിയാതെനവേ 
ചാട്ടുവഴിവിട്ടുക്കാട്ടുവഴിയോടെ ചറ്റുദൂരം നടന്താൻ.
കാശിക്കും പോകലാം വേശയും തേടലാം കപ്പലും വൈത്തിടലാം
കൌവൈ നമുക്കിനിയില്ലയെൻറു വേദിയൻ കൈകൊട്ടിപ്പാടിനനേ.
ചണ്ടൈയിടുമന്തപ്പണ്ടൈക്കിളവിമകൾ തങ്കച്ചരപ്പൊളിയൈ
തട്ടാനിടത്തിൽ വിലകാട്ടലാമെൻറു സന്തോഷം മെത്തമെത്ത
വിണ്ടലത്തണ്ണൽ വിരണ്ടൊരുകാതം വിഴുന്തുനടന്തിടവേ
വേശയെക്കൊൻറന്തരത്ത വൈറിയിനാൽ വെള്ളത്താഹം പെരുകി
തണ്ണീർക്കിണറ്റിൻ കരയിലേചെൻറു തകൈയാറലാമെനവേ
താങ്കമുടമയൈയോങ്കും പടിമീതിൽ ചറ്റെകഴറ്റിവച്ചാൻ
തണ്ണിക്കിണറ്റിലേ പാളയൈപ്പോട്ടവൻ തണ്ണീരിഴുത്തിടവേ
കൽപ്പടയ്ക്കുള്ളൊരു സര്‍പ്പമിരുന്തു കടിത്തിതു വേതിയനൈ.
കൈയിൽക്കടിത്തവിഷത്തിനാലേയവൻകൈയൈവലിത്തെടുത്താൻ
കൈയിലുടമൈ കയത്തിലെ വീഴവേ കരയിലവൻ വീഴവേ
കണ്ടവരുണ്ടോ കൂപ്പിട്ടുക്കൂപ്പിട്ടു കാടതിലേ പതൈത്താൻ
കൊണ്ടവിഷത്തുക്കു പണ്ഡിതരാരുണ്ടു ഗുളികൈകൊടുപ്പതുക്കു?
കൂട്ടിവരവേണമെൻറാൻ തലയിലേ കൊണ്ടിതു പാമ്പിൻവിഷം
കണ്ണും തലയും ചുഴന്തു വരുകുതു കഠിനം കഠിനമെൻറേ
രണ്ടടി തൂക്കിവെക്കും മുൻപേ വായിൽ രത്തക്കുരുതികെട്ടി
ഇന്തവുലകുക്കു ആകാതു എൻറവനേങ്കിയിറന്തുവിട്ടാൻ.


ദാസിയെക്കൊന്ന പാപം തന്നെ ബാധിക്കുകയില്ലെന്നും അക്കഥ ആരും അറിഞ്ഞിട്ടില്ലെന്നും കരുതി വണ്ടിപോകുന്ന വഴിവിട്ടു കാട്ടുപാതയിൽ കൂടി അയാൾ നടന്നുതുടങ്ങി. വഴിക്കുവെച്ചു കാശിക്കുപോകാമെന്നും, മറ്റൊരു വേശ്യയെ വെപ്പാട്ടിയാക്കാമെന്നും, കപ്പൽപോലും വയ്ക്കാമെന്നും തന്നോടു ശണ്ഠതുടങ്ങിയ തായ്ക്കിഴവിയുടെ പുത്രിയുടെ ശരപ്പൊളിമാല തട്ടാൻ വില്ക്കാമെന്നും മറ്റും പല മനോരാജ്യങ്ങൾ അയാൾ കണ്ടു. വേശ്യയെക്കൊന്ന വെറിയിൽ വെള്ളദ്ദാഹം പെരുകി ഒരു കിണറിൽചെന്നു വെള്ളംകോരി. കൈയിൽ പാമ്പുകടിച്ചു; ആഭരണപ്പൊതികിണറ്റിലും വീണു; വൈദ്യന്മാരുണ്ടോഎന്നു ആ ദുഷ്ടൻ നിലവിളിച്ചു; അവിടെയേതു വൈദ്യൻ? രക്തം ഛര്‍ദ്ദിച്ച് അയാൾ ആ സ്ഥലത്തുതന്നെ വീണു സിദ്ധികൂടി.


പട്ടാരേ മുവേരും പരമശിവനരുളാലേ
ഇഷ്ടമുടൻ മുവേരും യമരാജൻ കോട്ടൈ ചെൻറാർ
ചെൻറയുടനെയറിന്തു ചിത്രപുത്രനയിനാരും
കണ്ടു മൂവർമുപ്പിറപ്പുക്കണക്കെടുത്തുപ്പാര്‍ത്തനരാം
കേഴ്‍വിയില്ലാപ്പഴവനല്ലൂർ കിളയോടേ മുടിവതര്‍ക്കു
ശീമയാളും ചോളനുട തേവിയർതൻ തിരുവയറ്റിൽ
നമ്പിവന്ത ദാസിയേയും നട്ടുവനൈയും അടൈത്താർ,
കട്ടുടയ വണികേശൻ കാവിരിപ്പൂമ്പട്ടിനത്തിൽ
ചെട്ടിച്ചിതൻവയറ്റിൽ തിരുമറയോനൈയടത്താർ
പിള്ളൈയില്ലാച്ചോളനുട പെൺകൊടിയാൾതേവി ചൊൽവാൾ
കൊള്ളിവയ്ക്ക മകനൈവേണ്ടി കോവിലിൽ താൻ തവമിരുന്തേൻ. 
മുന്നെലിയൈയൊരുപാമ്പു മുടുക്കിവരക്കണ്ടേനേ
വേള്ളാട്ടൈത്തിമ്പതര്‍ക്കു വെരുകുവന്തു പതുങ്കക്കണ്ടേൻ
മതുപറുക്കപ്പാൽ കുടിക്ക മന്തയിലേപോകക്കണ്ടേൻ 
എൻറുചൊല്ലിത്തിരുത്തേവിയിരുക്കുമന്താവേളയിലേ
നൻറിയുടൻ കുളിയാമൽ നാല്പതുനാൾ ചെൻറതുവേ.
ഒൻറാനമാതത്തിലേ ഒണ്ടില്ലൈയെൻറു തമചയങ്കള്‍
രണ്ടാനമാതത്തിലേ തമചയങ്കൾ തീർന്തിടവേ
മൂൻറാനമാതത്തിലേ മുത്തുനിറമേനിയാനാൾ
നാലാനമാതത്തിലേ നല്ലാലിൻ പഴംപോലെ
കുഞ്ചികുടിതാൻമറന്തു കണ്ടപണ്ടം തിന്നാമൽ
ആറാനമാതത്തിലേ ആറാട്ടും ഊരൂട്ടും
അഞ്ചാനമാതത്തിലേ അടിവയറു പൂരണമായ്
ഏഴാനമാതത്തിലേ ഇരണ്യരുക്കുപ്പൊങ്കാലൈ
എട്ടാനമാതത്തിലേ എഴുന്തിരുക്ക മാട്ടാമൽ
ഒൻപതാം മാതത്തിലേ ഊരറിയപ്പൊങ്കലിട്ടു
(ഇമ്പമുടൻ)നാൾകേട്ടു ഈറ്റു പുരൈതാൻമുകിത്താർ
പത്താനമാതത്തിലേ പയ്യ മെയ്നോവെന്തുവര
വരുത്തമതുകണ്ടപോതേ മരുത്തുവത്തൈക്കൂട്ടിവന്താർ


അങ്ങനെ മൂന്നുപേരും മരിച്ചു യമന്റെ രാജധാനിയിൽ ചെന്നപ്പോൾ ചിത്രഗുപ്തൻ മുൻകണക്കുകൾ നോക്കി ശാന്തിക്കാരനെ ചോളരാജ്യത്തിൽ കാവേരിപ്പട്ടണത്തിലേ ഒരു വണിഗ്വരന്റെ പുത്രനായും നട്ടുവനേയും ദാസിയേയും ചോളരാജാവിന്റെ സന്താനങ്ങളായും ജനിപ്പിച്ചു. പവിഴനല്ലൂർ കടയോടെ (അവിടത്തെശിശുക്കളോടുകൂടി) നശിക്കുന്നതിനു വേണ്ടിയാണു് ഈ ജന്മം അവര്‍ക്കു ചിത്രഗുപ്തൻ നല്കിയതു്. ദുസ്വപ്നങ്ങൾ കണ്ടു ദുഖിതയായ രാജ്ഞിയുടെ ഗര്‍ഭാധാനവും പ്രസവവും മറ്റുംകവി വിസ്തരിച്ചുവണ്ണിക്കുന്നുണ്ടു്. ആഭാഗം മുഴുവൻ ഇവിടെ ഉദ്ധരിക്കുവാൻ സൌകര്യമില്ല. ആ സ്ത്രീരത്നം ഇരട്ടപെറ്റു.


അൻറു തിരുവയറുനൊന്തു ആൺപിള്ളയും താൻപിറക്ക
പിന്നെയൊരു പെൺപിറക്ക പെൺകൊടിമാർ കുരവയിട
മണ്ണൂരിൽ ചോതിരിഴിവന്തു മൂര്‍ത്തം ചൊല്ലുവനാം
'കളിമറന്തവാൺപിള്ളൈയൈ കുമ്പകര്‍ണ്ണനെൻറിടലാം
തുലങ്കുകിൻറെ പെൺപിള്ളൈയൈ ശൂര്‍പ്പണകൈയെൻറിടലാം
പിള്ളൈയില്ലാനമ്മെയെല്ലാം പിറന്തുതിന്ന വന്തിതുകാൺ
ചോളനുട തേചമെല്ലാം ചുടുകാടായ് പ്പോയിടുമാം
ആളിരുന്തമനൈമുകട്ടിലാന്തൈയൊൻറു കൂപ്പിടുമാം
നാട്ടിലുള്ള മാടാടു നമുക്കുതവിയാകാതാം'
ചോതിരിഴി ചൊന്നതെല്ലാം ചോളനവൻ കേട്ടിരുന്തു
'പൊല്ലാതപിള്ളയെൻറു പൊട്ടുവിടലാകാതേ
ഇല്ലാത്തതുണ്ടാമോ? ഇരുപ്പതൈയാർ തള്ളവൈപ്പാർ?
മണ്ടയിലേ ചിലന്തിവന്താൽ മണ്ണോടുചേർവർകളോ?
പണ്ടൈവിതിയതെല്ലാം പാത്തിരുക്കലാ'മെനവേ 
തൊട്ടിലിലേതാരാട്ടിത്തൂക്കുമഞ്ചക്കട്ടിലിലേ
പട്ടണിമേൽ മെത്തയിലേ പടുത്തിരുന്താളേ തേവി
മരുന്തുപോലെ കാത്തിരുന്ത മരുത്തുവവുമുറങ്കിവിട്ടാൾ.


ആ ഇരട്ടപ്രസവത്തിൽ മൂത്തത് ആണും ഇളയതു പെണ്ണും ആയിരുന്നു. രാജാവ് ജ്യോതിഷിയെവിളിച്ചു പ്രശ്ന‌ം വയ്പിച്ചു. ജ്യോതിഷി ആ സന്താനങ്ങളെക്കൊണ്ടു ചോളരാജ്യം മുടിയുമെന്നും ആൾതാമസമുള്ള ഗൃഹങ്ങളിൽ കൂമനിരുന്നു മുറയിടുമെന്നും നാട്ടിലുള്ള കന്നുകാലികൾ നശിച്ചുപോകുമെന്നും തിരുമനസ്സറിയിച്ചു. രാജാവ് ആ ദീഘദർശനം അത്രയൊന്നും വകവെച്ചില്ല. ശിശുക്കളെസ്സംരക്ഷിക്കേണ്ടതു മാതാപിതാക്കന്മാരുടെ ധര്‍മ്മമാണെന്നും തലയിൽ ചിലന്തിവീണവർ മരിച്ചുകണ്ടിട്ടില്ലെന്നും വരുന്നവിധി വഴിയിൽത്തങ്ങുകയില്ലെന്നും മറ്റും ആയിരുന്നു അദ്ദേഹം കൈക്കൊണ്ട് സമാധാനം. രാജ്ഞിയും സൂതികര്‍മ്മിണിയും ഉറക്കമായപ്പോൾ ആ രാക്ഷസശിശുക്കൾതമ്മിൽ ഇങ്ങനെമന്ത്രിച്ചു.


പെൺപിള്ളയും ആൺപിള്ളയും പേചിയതേ രകചിയമായ്
'ഉൺപതുവേ കണ്ടിടലാം ഉറക്കംവരുമോ നമുക്കു?
അന്നൈപാലുണ്ടാക്കാലരുംപശിയോ തിരുതില്ലൈ
നമ്മുടയ തായ്മുലപ്പാൽ നാവു നനയാതൻറോ?
ഉന്നിയൊരു നാഴികയിൽ ഊർമുഴുതും ചുറ്റിടലാം
കട്ടുടനേ മാടുകളെക്കൻറുകളൈപ്പാരാമൽ
കുടിച്ചുവന്തു നാം കിടന്താൽ കൂടിവരുമേ നമുക്കു്
തുരിശത്തിൽപിള്ളൈ രണ്ടും തൊട്ടിൽവിട്ടു എഴുന്തിരുന്തു
കതകുതനൈത്താൻതിറന്തു കാലുതന്നെക്കീഴെവൈത്തു
ഊരൈയെല്ലാം കവട്ടിവൈത്തു ഒരു പുറത്തേ ചെൻറു നിൻറു
വാരമുടൻ തൊഴുമാട്ടൈ വിളൈന്താരെ കൈയാലേ
എണ്ണിയോരു എരുതുതന്നൈ രണ്ടുകൈയാൽപ്പൊത്തിക്കൊണ്ടു
ഉള്ളെലുമ്പെല്ലാമൊടിയ ഉണ്ടപോലെ തിരട്ടിക്കൊണ്ടു
വേണ്ടിയുടൻതൊണ്ടയാലേ വിഴുങ്കിനാർകൾ ഇരുപേരും.
തുണ്ടി ച്ചിറുകൻറുകളെ തൊടുകറിയായ്ക്കൂട്ടിക്കൊണ്ടു
എരുമൈകളെ നകത്താലെയിരുപാതിയായ്പ്പിളന്തു
അരുമയുടൻ വായിലിട്ടാർ, അടങ്കുതില്ലൈ കടൽകൊതിപ്പു
അരവയറുകാണാമൽ അതുക്കപ്പാൽത്താൻപോനാർ
എരുമയിലേ ഇരുന്നൂറും എഴുനൂറു പൊതിയെരുതും
വെള്ളാട്ടൈക്കാലൈ വാരി വിരലതിലേയിറുക്കിവിട്ടാർ.
തുള്ളിയതുതാൻ തുടിക്കത്തൊണ്ടയിലേ പോട്ടിറക്കി
അൻറുരാവിൽ നിത്തിരയിൽ അരുകിരുന്ത തോഴിയരൈ 
ആരൊരുവരറിയാതേയവരുമങ്കേ വിഴുങ്കിവിട്ടാർ.
'ഇൻറോടേ തിൻറുവിട്ടാൽ ഇനിമേലും വേണ്ടാമോ?'
വീണ്ടുവന്തു പിള്ളൈ രണ്ടും വിമ്മി വിമ്മിയഴുതിടവേ
തീണ്ടിയെടുത്താളൊരുത്തി തേവികിട്ടെക്കൊടുത്തനളേ
കൊള്ളയിട്ട പിള്ളൈ രണ്ടും കോതയർ പാൽകുടിത്തിടുമാം.
വെള്ളിയതു താൻകീറമേൽ പൊഴുതു വിഴിത്തിടുമാം.


"നമുക്കു തള്ളയുടെ മുലപ്പാൽ നാക്കുനനയ്ക്കാൻ കാണുകയില്ലല്ലൊ. വെളിയിൽപോയി അഷ്ടികഴിക്കാം" എന്നു നിശ്ചയിച്ചു ഊരിലുള്ള എരുമകൾ (എരുതു), കാളകൾ, വെള്ളാടുകൾ ഇവയെല്ലാം ഭക്ഷിച്ചു. പിന്നെയും വയറു നിറയായ്കയാൽ കാത്തുകിടന്ന തോഴിമാരേയും തിന്നു വീണ്ടും ശിശുക്കളായ് തൊട്ടിലിൽ മുൻപിലത്തേപ്പോലെ കിടന്നു. തള്ളയുടെ സ്തന്യവും പാനംചെയ്തു. ഇങ്ങനെ ഓരോ ദിവസവും പകലെല്ലാം മനുഷ്യരേയും രാത്രിയെല്ലാം രക്ഷസ്സുകളേയുംപോഖ അവർ പെരുമാറിത്തുടങ്ങി. രാജധാനിയിൽ പ്രജകൾക്കു പൊറുതിമുട്ടി.


കൻറുമേയ്ക്കുമിടയരും കോൽകളും കാലിമേയ്കിൻറ കൂലിയാൾക്കൂട്ടവും
മുന്തിമേയും പശുക്കളുമായ് വന്തു മുത്തകോനാൻ മുറയിട്ടുച്ചൊല്ലിനാൻ. 
'പന്തിരണ്ടുവരിഷം കുമരിക്കു പരിചമിട്ട പശുവൈയും കാണല്ലൈ;
ഏഴുപെൺപെറ്റകാളൈയും കാണല്ലൈയെട്ടുപത്തുവെള്ളാട്ടൈയും കാണല്ലൈ.
പൊൻനിറത്താനം പൂപ്പൊരിക്കാളയും പോരെരുതും പനംപഴക്കുക്കലും
കട്ടക്കൊമ്പൻ കരുമറച്ചാമ്പയും കമലക്കണ്ണൻ കരുമറച്ചുട്ടിയും
എങ്കൾവാണിയം ഇങ്കോടെപോച്ചുതേ എളിയനാങ്കളും ഊർവിട്ടുപ്പോകിറോം'


ഇടയന്മാർ വന്നു രാജാവിനോട് അവര്‍ക്കുണ്ടായ സങ്കടങ്ങൾ അറിയിച്ചു. രാജാവു തലയാരിമാരെ വിളിച്ചു മോഷ്ടാക്കളെ പിടിക്കുവാൻ ശട്ടംകെട്ടി. ഒരു ഫലവുമുണ്ടായില്ല. ബാധകളുടെ ശല്യമാണെന്നുളള പരമാര്‍ത്ഥം മനസ്സിലാക്കി അവർ ഒളിച്ചോടിയതേ ഉള്ളൂ. വീണ്ടും ജ്യോതിഷിയെ വിളിച്ചു പ്രശ്‌നം വയ്പിച്ചപ്പോൾ അയാൾ മുൻപു താൻ അറിയിച്ച വൃത്താന്തങ്ങൾ ഒന്നുകൂടി വിശദമായി ഗ്രഹിപ്പിച്ചു. അതിനു മുൻപു ലായത്തിലെ ആനകളുടേയും കുതിരകളുടേയും കഥ കഴിഞ്ഞതായി രാജാവു കേട്ടു. ഒടുവിൽ ജ്യോത്സ്യൻ "പട്ടത്തുതേവിയെ ഇൻറൈക്കു കൊല്ലാമൽ പാര്‍പ്പീർ" എന്നുപറഞ്ഞു് ആ രണ്ടു ശിശുക്കളേയും കാട്ടിൽ കൊണ്ടുചെന്നു മറയത്തു കളയണമെന്നുപദേശിച്ചു. രാജകിങ്കരന്മാർ കാട്ടിൽ ഒരു വേപ്പുമരത്തിൻറെ ചുവട്ടിൽ അവരെ കിടത്തിയുംവച്ചുപോയി. അവിടെ അവർ നീലനെന്നും നീലിയെന്നും പേർധരിച്ചു് ആ മരത്തിൽ ഇരുന്നുകൊണ്ടു വഴിയാത്രക്കാരെ ഹിംസിച്ചുതുടങ്ങി. അക്കാലത്തു പവിഴനല്ലൂരിലെ വെള്ളാളർ അവരുടെ ക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്യുന്നതിനായി ആ മരം വെട്ടിക്കൊണ്ടുപോയി. അതിൽ നീലനും നീലിയും കൂടിയുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലൊ. അവിടെന്നപ്പോൾ നീലൻ പൂർവ്വവൈരം വച്ചുകൊണ്ടു് അന്നത്തെ ശാന്തിക്കാരന്റെ കാലടിച്ചുമുറിച്ചു. അതുകൊണ്ടു ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തിയായ ഭഗവാൻ ശ്രീപരമേശ്വരൻ ക്രോധാവിഷ്ടനായി പ്രതിവിധിക്കായി ഭൃത്യപ്രധാനനായ കുണ്ഡോദരനെ നിയോഗിച്ചു. കുണ്ഡോദരൻ നീലനെ വധിച്ചു. അതുകണ്ടു നീലി വളരെ വ്യസനിച്ചു. എങ്കിലും തനിക്കു പൂർവ്വജന്മത്തിലെ 'പഴിതീര്‍ക്കുവാൻ', അതായതു പ്രതികാരംചെയ്യുവാൻ, ആഗ്രഹമുണ്ടായിരുന്നതിനാൽ തന്റെ ശത്രുവായ ഘാതകന്റെ വരവുംപാര്‍ത്തു് അവിടെത്തന്നെ സ്വസ്ഥമായി കാലയാപനം ചെയ്തു.


ഇനി നമുക്കു കാവേരിപ്പൂമ്പട്ടണത്തിലെ കഥയെന്തെന്നു നോക്കാം.


ചെട്ടിച്ചി തവമിരുന്തു തിരുവയറുചൂലാകി
കട്ടിവൈത്ത തിരവിയ പൊൽകെകഴന്തുപെറ്റെടുത്താൾ.
തൊട്ടിലിലേ താരാട്ടിത്തൂക്കുമഞ്ചക്കട്ടിലിലേ
ഇട്ടമുടൻ 'ആനന്തൻ' എൻറുപേരുമിട്ടാളേ.
നായകിയാൾ പെറ്റുപിള്ളൈ നടന്തങ്കേ വിളയാടി
പാങ്കുടനെ അഞ്ചാറുപരുവമതുമാനപിന്നെ
പിള്ളയ്ക്കുതകപ്പനവൻ പെരിയപുത്തിചൊല്ലുവനാം
'നല്ലവനേ! ആനന്താ, നാനുനക്കുച്ചൊല്ലുകിറേൻ
ഇല്ലെയെൻറു ഒരുവർകിട്ടേ ഇരപ്പതുക്കും പോകാതേ
കൊടുപ്പവരെ വിലക്കാതേ കോൾചൊല്ലിത്തിരിയാതേ
അടൈക്കലമായ് വന്തവരൈ ആളാക്കിവൈത്തിടുവായ്
കട്ടിവൈത്ത മുതലിഴുക്കക്കച്ചവടം ചെയ്യാതേ
ചെട്ടികളായ്പ്പിറന്തവര്‍ക്കുത്തിരവിയമേ കൊതികൊള്ളും കാൺ
തേടിയുണ്ണും അവിചാരിത്തെരുവോടേ പോകാതേ
വീടുതന്നിൽപ്പെൺകളുട മേൽപുത്തികേളാതേ
തനിവഴിയേ പോകാതേ ചമത്തനെൻറു പേശാതേ
ചിനംമികുതികൊണ്ടാലും ചിരിത്തുമികപ്പേശിടുവായ്
ഒരുമുഴത്തുക്കാനാലും ഉഴുതവനേ ആൺപിള്ളൈ
തനിവഴിയേ പോമ്പോതു തടൈകണ്ടാൽപ്പോകാതേ
പെരുവഴിയേ പോമ്പോതു പെണ്ടുകളൈക്കൂടാതേ
പൊരുൾചേതംവന്താലും പുണ്ണിയത്തൈക്കളയാതേ
ഇരുൾകാലം അശൽവീട്ടിൽ ഇരുന്തുവിളൈയാടാതേ
അരക്കാശു ആനാലും അടക്കമതായ് വൈത്തിരുപ്പായ്
വീട്ടിലുള്ള ഉടമയെല്ലാം വീൺചിലവുചെയ്യാതേ
കാട്ടിലിട്ട വെള്ളാൺമൈകാത്തവര്‍ക്കുത്തുണയാം കാൺ
കല്ല്യാണംചെയ്യാര്‍ക്കു കടംകൊടുക്ക നിനൈയാതെ
ചലിയാമൽ ഇരപ്പവര്‍ക്കുത്താനമിതു കൊടുത്തിടുവായ് 
പൈയെടുത്തുത്തോളിലിട്ടുപ്പഴകയിലേ പോകാതേ
പെണ്ടുകളാൽച്ചാവതുക്കു പിരമവിതിയുണ്ടുനക്കു
തുപ്പർപുകഴാനന്ത! ചൊന്നപടി നടന്തുകൊൾവായ്'
എൻറുചൊല്ലിത്തന്നുടമൈ ഇരുന്തതെല്ലാം കൈകൊടുത്തു
നൻറിയുള്ള പട്ടണത്തിൽ നായകനും ഇറന്തുവിട്ടാൻ.


ആനന്ദൻ എന്ന പേരോടുകൂടി ഘാതകൻ വളർന്നുവന്നു. അയാൾക്കു പിതാവു പല സദുപദേശങ്ങളും നല്കി കൈവശമുള്ള സ്വത്തുക്കൾ മുഴുവൻ കൊടുത്തു. പവിഴനല്ലൂരിൽ പോകരുതെന്നു പ്രത്യേകം ഗുണദോഷിച്ചു്, വേപ്പിൻപിടിയോടുകൂടിയ ഒരു ഉടവാളും മരിക്കുന്നതിനുമുൻപ് മകനെ ഏൽപിച്ച്, നീലിയിൽനിന്നു രക്ഷപെടുവാൻ അതും ഉപയുക്തമാകുമെന്നു പറഞ്ഞുകൊണ്ടു പരലോകപ്രാപ്തനായി. അച്ഛന്റെ നിര്യാണാനന്തരം മകൻ ഓരോ കച്ചവടം തുടങ്ങി. അതിലെല്ലാം നഷ്ടപ്പെട്ടു. ഒടുവിൽ അന്യദേശങ്ങളിൽപ്പോയി വാണിജ്യംചെയ്തു ലാഭംനേടാമെന്നു നിശ്ചയിച്ചു. വൃദ്ധയായ തള്ള കഴിയുന്നതും തടുത്തു നോക്കി.


"പോകാതേ പോകാതേയട പൊന്നിൻനകൈമണിയേ!
പെറ്റവയറുകൊതിക്കിതു പുത്തിചലിക്കിതു പുത്തിരരേ!
ആകാതേയാകാതേ അട ആനന്ത! എൻമകനേ!
അയ്യനരുളാലേ പെരൃറ്റു വളര്‍ത്തെന്നകമുരുകുതട!
ഉന്നൈപ്പെറുവതുക്കു മകനേ നാൻ മുന്നം തവമിരുന്തേൻ.
എന്നാശൈ പോകുതില്ലെ മകനേ നീയുന്നിക്കേളേ കരുമം
കണ്ടകരുമമെല്ലാം ഗൃഹനിലൈ പണ്ട് പൊല്ലാതുനക്കു
കണ്ടകനീലി കണ്ടാൽച്ചതി നിനക്കുണ്ടെൻറു ജാതകമാം
കാനമയിൽപോലേ പഴകയിൽക്കാട്ടിലേ നീലിയുണ്ടു
കണ്ടാൽവിടമാട്ടേനെൻറു ചൊന്നമൊഴി കണ്ണേ കേൾക്കല്ലയോ?"


ഈ വാക്കുകളൊന്നും ആനന്ദന്റെ ചെവിയിൽ കയറിയില്ല. എങ്കിലും അമ്മ പ്രത്യേകം എടുത്തുകൊടത്ത മുൻപറഞ്ഞ (കണ്ടപത്തിരം) ഖണ്ഡനത്തിനുള്ള ഉടവാൾ വാങ്ങിക്കൊണ്ടു തിരിച്ചു. യാത്ര ആരംഭിച്ചപ്പോൾത്തന്നെ പല ദുശ്ശകുനങ്ങളും അയാൾ കണ്ടു.


മുടക്കിലാനന്തൻവരവും മുടപ്പൂനൈ കുറുക്കിടവേ,
പൺപുടയ ചന്തിവിട്ടു പാതൈവഴി വരുമ്പോതു
പെൺപിള്ളൈയൊരാൺപിള്ളയെ പിടരിയിലേ അടിക്കണ്ടാൻ.
എണ്ണെമുഴുകീട്ടൊരുവൻ എതിരേ വരത്താൻ കണ്ടാൻ
പെണ്ണൊരുത്തി ചെട്ടിമുന്നേ പെരുങ്കുടത്തൈപ്പോട്ടുടച്ചാൾ
നായനാർ ചെട്ടിമുന്നേ നായൂളൈയിട്ടിടുമാം
പാനൈയില്ലാ നടുവഴിയിൽ പച്ചയോന്തു വാപിളക്ക
മൻകൂവൈ തലൈമേലേ മണൽവാരിയെറിന്തിടവേ
ജന്മവിനൈ തടയാലേ തിരുമ്പിവരവൊട്ടാമൽ
കര്‍മ്മവിനൈ പിടലിയിലേ കൈകൊടുത്തുത്തള്ളിടവേ
അന്നേരം മലക്കുറത്തി അഴകാന കുറിചൊന്നാൾ.
'മുന്നൊരുനാൾ നീ മറയോൻ മുതൽകുടിയാൾ ഒരു തേവി
ഉന്മേലേ മനതാക ഉൻപിറകേ വഴിനടന്താൾ
വഴിനടന്താളുൻപിറകേ വനമാന കാടതിലേ
വിഴുതടിയ ഉറങ്കയിലേ...
വലൈവീശിപ്പിടിപ്പവൾപോൾ വഴിയിലുന്നൈപ്പിൻതുടർവാൾ'
കുറത്തികുറി കേളാമൽ കൊടുംപോക്കായ് പോകയിലേ
കര്‍പ്പുടയ നെടുനീലി കാടകത്തേ തോൻറിനാളേ.


ആ ശകുനങ്ങളും, കൈനോക്കി ഫലംപറഞ്ഞ കുറത്തിയുടെ വാക്കുകളും ഗൌനിക്കാതെ ആനന്ദൻ മുന്നോട്ടുപോയി. മുന്നിൽ നീലിയും ആവിര്‍ഭവിച്ചു. സര്‍വ്വാംഗസുന്ദരമായിരുന്നു ആ കാമരൂപിണിയുടെ രൂപം; സര്‍വ്വാലങ്കാരഭൂഷിതമായിരുന്നു അവളുടെ ശരീരം.


തോൻറിനിൻറാൾ നീലി തുടയിടയ്ക്കേറ്റ പട്ടാടയുടൻ
പട്ടാടകൊയ്തുടുത്തു നല്ല പൺപൊന്നരഞ്ഞാൺ തുടലരഞ്ഞാൺ
അരഞ്ഞാൺ പലതണിന്തു അൻറു കച്ചയിറുക്കിപ്പണിയണിന്തു
ഊരിത്തലൈ ചെരുകി മുടികോതിമുടിത്തുടൻ ചീപ്പുവൈത്തു
വൈത്താൾ പിറമുതലായ് വട്ടപ്പൊട്ടുടൻ ചിന്തുരപ്പൊട്ടുതൊട്ടു
ചോതിമതിമുകത്താളുടൻ തുലങ്കിരുകണ്ണുക്കുമൈയെഴുതി
കൈയ്നീട്ടി നീൾവിഴിയിൽ പല വാടകൾ കൂട്ടിയരൈത്തമഞ്ചള്‍
മെയെങ്കും താനണിന്തു മികവാലേ കഴുത്തിൽച്ചുവപ്പണിന്തു
കൈയിൽച്ചുരുൾ പിടിത്തുക്കനിവായ്ക്കിലയാലെ പതംവരുത്തി
ചെന്താമരൈ തിരുവായ് ദേവരംഭയെപ്പോലെ ചമെയ്‌ന്തൊരുക്കി
കണ്ടാൽ മയൽകൊള്ളവേ അങ്കെ കാതലി നീലി മുട്ടാക്കുമിട്ടു
നിൻറാൾ വഴിതന്നിലേ; അന്തനേരിഴൈനിൻറതറിയാതെ
മട്ടേറും തിൺപുചത്തോൻ വണികേശൻ പശുമ്പൈയും തോളിലിട്ടു
കണ്ടാനേ നീലിയെയും എന്തൻ കാതലുടയമച്ചാവിയെൻറു.


നീലി ആനന്ദനോട്ട് താഴെക്കാണുന്നവിധത്തിൽ സംഭാഷണമാരംഭിച്ചു.


വാട്ടമറ്റ വണികേശ! വാരുമയ്യാ! ഒരുവാര്‍ത്തൈ
കേട്ടുപ്പോമെൻറുചൊല്ലിക്കിട്ടവന്തു വഴിമറുത്താൾ
ഓരൂരിൽക്കൂടിയിരുന്ത കുടിയറിയമാട്ടീരോ?
പിരിയവേ മാട്ടാമൽ പിൻകാട്ടിപ്പോറീരോ?
ഉമ്മുടയ മാമനുക്കു ഉരിമയുള്ള മകളല്ലവോ?
എന്നുടയ തമയനിവൻ ഇറന്തുവിട്ടാനിക്കാട്ടിൽ
കാടെല്ലാം നാൻ തേടിക്കൺപൂത്തു മെയ് ചടൈത്തു
വീടുതന്നിൽപ്പോകാമൽ വെറികൊണ്ടു വന്തുവിട്ടേൻ
പഴകയിലേ പോവതുക്കു പാതൈയറിയാമൽ നിൻറേൻ
ഒരുവരില്ലാക്കാടുതന്നിൽ ഉമ്മൈക്കണ്ടു പയംതീർന്തേൻ
ഇരുപേര്‍ക്കും ഒരുവയസ്സു എൻറാരേ തായ് തകപ്പർ
മരുവി വിളൈയാടുതര്‍ക്കു വാരാമലേ തിരിന്തേൻ
ഇത്തനൈനാൾക്കൌവൈയെല്ലാമിൻ്റോടേ പോച്ചിതുകാൺ.'


ഇങ്ങനെ പൂർവ്വസ്മരണ ഉദ്ദീപിപ്പിക്കത്തക്കവിധത്തിലും അല്ലാതേയും അവൾ ചിലതെല്ലാം ഉപന്യസിച്ചപ്പോൾ ആനന്ദൻ അതിന് ഇങ്ങനെ മറുപടി പറഞ്ഞു.


ചിരിത്തവളൈയാനന്ദൻ തിരുമ്പിമെള്ളവേ പാര്‍ത്തു
"വരുകയിലേ ഉന്നൈയൊരു മാപ്പിള്ളൈതാൻ കേൾക്കലയോ?
കാക്കയോടുപ്പശുപോലെ കാടേറിത്തിരിവാനേൻ?
ചറുക്കാമൽ വേറൊരുത്തർ താലികട്ടിക്കൊള്ളാമൽ
വിട്ടുവിട്ടാരോ ഉന്നൈയും മിനക്കോടേ തിരിവതര്‍ക്കു?
ഒട്ടുവിത്തൈചെയ്യാതെ. ഉരുകിപ്പോയ്‌നില്ലാതെ.'


ഈ വാക്കുകൾക്കു പ്രത്യുത്തരം നീലി ഒന്നുകൂടി പ്രത്യഭിജ്ഞ ഉണ്ടാകുന്ന വിധത്തിൽ ഉച്ചരിച്ചു.


'എനക്കിൻറു താലികട്ട എവനിനിമേൽ വരപ്പോറാൻ?
കഴുത്തിലുള്ള ഉടമയെല്ലാം കളവാണു ചോറീരോ?
പിള്ളൈ മതിയറിയാമൽ പിറകാലേ തുടർന്തുവന്തേൻ
അൻറെന്നൈക്കൊൻറതര്‍ക്കു അരമനയാർ കേട്ടാരോ?
ഇൻറുമുന്തൻ കൈവാളാൽ ഇരണ്ടുതുണ്ടായ് വെട്ടിടുവായ്’


അതിനു ചെട്ടി.


'വെട്ടിടവും കുത്തിടവും വീരമെനക്കുണ്ടാമോ?
ചെട്ടിമകനായിരുപ്പോൻ ചേവുകത്തുക്കാകാതു'


എന്നും മറ്റും പറഞ്ഞു സത്യാവസ്ഥ മനസ്സിലാക്കി വേഗത്തിൽ മുന്നോട്ടു് ഓടിത്തുടങ്ങി. വിട്ടുപോകുവാനല്ലല്ലൊ നീലി വന്നതു്.


'നെഞ്ചെരിത്ത കുടിവാഴ്ക്കൈ നെടുകാലം നില്ലാതു
കിഴക്കുമുകമായിരുന്തു കിട്ടവന്തു കൈപിടിത്തു
വഴിക്കഴിറുചെയ്തവര്‍ക്കു വാണിപവും പലിയാതു
വെയിലുക്കുത്താനിരുന്തു മെല്ലെ മെല്ലെപ്പോയിടലാം'


എന്നുപറഞ്ഞുകൊണ്ട് അവളും പിൻതുടന്നു. 'തുള്ളിയൊരു വെറ്റിലയ്ക്കു ചുണ്ണാമ്പു താരുമെൻറാൾ'. വെറ്റില തിന്നാൻ ഒരു ശകലം ചുണ്ണാമ്പു വേണമെന്നു ചെട്ടിയോടു ചോദിച്ചു. അങ്ങനെയാണു് ഇരുമ്പു കൈവശമുള്ള യക്ഷികൾ അകപ്പെടുത്തുവാൻ ശ്രമിക്കുന്നതു് എന്നു വായനക്കാർ കേട്ടിരിക്കുമല്ലൊ.


'ചുണ്ണാമ്പു കേട്ടവളേ എന്നെത്താൻ തൊല്ലൈപ്പെടുത്താതേ
തോളിൽക്കിടക്കിൻറ പൈയിൽച്ചരക്കൈച്ചുമന്തു ചടൈത്തേണ്ടി
അയ്യോ കടുതായ് വഴിയിലെ എന്നോടു അലക്കൊടുപ്പേതുക്കടി?'


എന്നു ചെട്ടിയും,


'വെത്തിലൈ തിന്നാമൽപ്പോനാലെന്നുടൽ മെത്തച്ചടയ്ക്കിതുകാൺ
കൂടത്തുടരാമൽ ഉമ്മൈ നാൻ കൊഞ്ചത്തിൽ വിട്ടുവിട്ടാൽ
കൂട്ടമരംതന്നിൽ കാട്ടിനിൽക്കള്ളിക്കൊപ്പും ചിരിയാതോ?'


താൻ പിന്തുടരാഞ്ഞാൽ തന്നെനോക്കി കള്ളിച്ചെടിയുടെ കൊമ്പുകൂടി ചിരിക്കുമെന്ന് അവളും പറഞ്ഞു.


'നകൈപ്പോടേ നടപ്പാനേൻ നങ്കയര്‍ക്കുക്കിളൈകളുണ്ടു
വകൈയുടയ മതിനിയുണ്ടു മാമനുണ്ടു തായുമുണ്ടു'
എൻറു ചൊല്ലിയേ കാട്ടിൽ ഇത്തനയും ഉണ്ടുചെയ്തു
നൻറുകടൈത്തെരുവൈ വിട്ടു നടുവഴിയേ പോവോമെൻറാൾ 
ചെട്ടിതന്നൈക്കൊഴുന്തനെൻറു ചിരിത്തുവരുവാളൊരുത്തി 
വെറ്റിലൈയൈത്തിന്നുമെൻപാൾ; വീടുതന്നിൽ വാരുമെൻപാൾ
മുറ്റമതിൽവാരുമെൻറു മുക്കാലി പോട്ടിടുവാൾ.
നൻറാകവിരുന്തിടലാം നാലാറു വരിഷം മട്ടും
ഇൻറു വരുവീരെനവേ ഇടവഴിയിൽ കാത്തിരുന്തേൻ.
ചായയിലേ അറിയേനോ തമ്പി മകനെൻറു ചൊൽവാൾ
വെയിലതിലേ വഴിനടന്താൽ മെലിയാളോ എൻമകൾ താൻ?
മാപ്പിള്ളയും എൻമകളും വാഴ‌വന്താരെൻറു ചൊൽവാൾ.


നീലി അവിടെ ഒരു ഗൃഹത്തേയും അതിൽ തന്റെ തള്ള, ഭർത്താവിന്റെ സഹോദരഭാര്യ, അച്ഛൻ മുതലായവരേയും മായകൊണ്ടു സൃഷ്ടിച്ചു. ആനന്ദനെ അയാളുടെ സഹോദരഭാര്യവന്നു കുശലപ്രശ്നം ചെയ്തു സൽക്കരിച്ചു. അയാൾ അതെല്ലാം മായയെന്നറിഞ്ഞിരുന്നതിനാൽ നിന്നനില്പിൽനിന്നു് ഇളകിയില്ല.


"ഉലകത്തിലാശകൊണ്ടു ചെട്ടിയാരേ
ഓടിപ്പോനാലുമുമ്മൈ നാൻ വിടുവേനോ?'
'ചൂതുവൈത്തുകൊല്ലവേ തുടന്തുവന്ത നീലി ഉൻ
സുക്ഷമെല്ലാം നാനറിവേൻ ശാസ്തിരത്തിനാലേ'
'ശാസ്തിരം ശാസ്തിരമെൻറു ചെട്ടിയാരേ! 
കൊണ്ടപെണ്ണൈയടിത്തുപ്പോട്ടുക്കോപിക്കുറീരേ?
എൻറു ചെട്ടി കേൾക്കമുന്നെ കള്ളിക്കൊപ്പൈ
ഇടുക്കിപ്പിള്ളയാകവുക്കലൈയിൽ വൈത്താൾ


അവളുടെ സൂക്ഷ്മ‌ാവസ്ഥ താനറിയുമെന്നു ചെട്ടി പറഞ്ഞപ്പോൾ കള്ളിക്കൊമ്പിനെ കുഞ്ഞിന്റെ രൂപത്തിൽ പ്രത്യക്ഷീഭവിപ്പിച്ച് ഒക്കെത്തുവച്ച കൊണ്ടു് അയാൾ തന്റെ ഭർത്താവാണെന്നും ആ കുഞ്ഞു് അയാളുടേതാണെന്നും നീലി ഘോഷിച്ചുതുടങ്ങി. അതു കള്ളിക്കൊമ്പാണെന്നു ചെട്ടി വീണ്ടും വാദിച്ചപ്പോൾ അയാൾ കിണറ്റിൽ കളഞ്ഞ പണ്ടങ്ങളുടെ കാര്യവും മറ്റും യക്ഷി ഓര്‍മ്മപ്പെടുത്തി. അങ്ങനെ ആനന്ദനും പുറകെ നീലിയും ഓടിയോടി പവിഴനല്ലൂർ കടത്തെരുവിൽ ചെന്നുചേർന്നു. ("അ പയമിട്ട കുരലോശൈ അമ്പലത്താർ താൻ കേട്ടു.") അയാളുടെ ആക്രന്ദനം അവിടത്തെ അമ്പലത്തിലുള്ള വെള്ളാളർ കേട്ട് ഓടിച്ചെന്നു. തന്നെ കൊന്നുതിന്നുവാൻ ഒരു യക്ഷി പാഞ്ഞുവരുന്നതായി അയാൾ ആവലാതിപ്പെട്ടു.


'വിട്ടുവിട്ടാൽ എനൈയെടുത്തു വിടാമൽ കാത്തിടുങ്കൾ'
എൻറു ചെട്ടി ചൊല്ലുടനേ ഇടുക്കിയ കൈപ്പിള്ളയുമായേ
അൻറു വിമ്മിയഴുതുകൊണ്ടു അമ്പലത്തിൽ നീലിവന്താൾ.
മുട്ടാക്കൈത്താൻ തുറന്തു മുകത്തൈ മെല്ലക്കാട്ടിനളേ
'ഉൻക്രടവാറേനെൻറാടിവന്താളിടവഴിയിൽ
എൻകൂടവരവേണ്ടാമെൻറാടിവന്തേൻ നാൻ
പിടിത്തു വിളൈയാടുമെൻറു പെരുവഴിയിൽ വഴി മറുത്താൾ
കടിക്കവരും പാമ്പിതെൻറു കൈതപ്പി ഓടിവന്തേൻ
എൻകൈയിലെ പണവുമില്ലെ; ഇവളൈ നാൻ വൈത്തറിയെൻ
ഉങ്കളുക്കു വേണമെൻറാൽ ഊരവരെ കൊണ്ടുപോങ്കോ' 
'ചെട്ടിയാരേ! ചൊന്നതെല്ലാം ചെവികുളിരക്കേട്ടീരൊ?
അട്ടിൽ... ...ണ്ണിയെന്നൈ വെറും അവിശാരിയാക്കി വിട്ടീർ
ചെട്ടിച്ചിയാന പാവി ചെറുമൈയിലേ താലിവൈത്തേൻ
പച്ചൈകുഴന്തൈക്കാറി പകൽ വഴി നാൻ നടപ്പേനോ?
എച്ചിലാക്കിപ്പോട്ടീരേ; ഇനിയൊരുവാർ തൊടുവാരോ?
പട്ടാങ്കുമെത്തവുണ്ടേ പഴവനല്ലൂരണ്ണർകളേ!
കട്ടിവൈത്ത എനൈയടിത്തു കാട്ടിൽ വിഴുന്തോടിവന്താർ
പെൺപിള്ളൈയും ആൺപിള്ളൈയും പെറ്റെടുത്ത അണ്ണർകളേ!
കൺതിറക്ക വേണ'മെൻറു കണ്ണീരു ഉതിര്‍ത്തനളേ.


ഇങ്ങനെ നാട്ടാരുടെ മുൻപിൽ അവർ തമ്മിൽ പലവിധത്തിലുള്ള ഉക്തിപ്രത്യക്തികൾ നടന്നു. ഒടുക്കം തന്നെ ഉപദ്രവിക്കുവാൻ നീലി വഴിയിൽ പിശാചുക്കളെ സൃഷ്ടിച്ചു എന്നു് ആനന്ദൻ പറഞ്ഞപ്പോൾ (അന്ത പിശാചുകൾ വന്തുമറുക്ക അതട്ടിവിട്ടോടി വന്തേൻ) ആ പിശാചുക്കളിൽനിന്നു് അയാളെ രക്ഷിച്ചതു താനായിരുന്നു എന്നായി നീലി. ഒടുവിൽ കൈയിലുള്ള വാൾകൊണ്ടു യക്ഷിയെ വെട്ടുമെന്ന് അയാൾ വീരവാദം ചെയ്തപ്പോൾ,


'എപ്പടി കൊൻറാലും നീർമുന്നേപ്പോലെയിരുപ്പീരേയാമാകിൽ
ഇപ്പടിപ്പോലുള്ള പിള്ളൈയൊരായിരമീൻറിടമാട്ടേനോ?
ചെട്ടിയാർ കള്ളിനിഴലിലേ ചെയ്തതൈ ദൈവമറിയാതോ?"


തന്നെ എങ്ങനെ കൊന്നാലും അയാൾ ജീവിച്ചിരിക്കുമെങ്കിൽ അതുപോലെ ആയിരം കിടാങ്ങളെ താൻ പെറുമെന്നും, പണ്ടു കള്ളിയുടെ നിഴലിൽ അയാൾ ചെയ്ത പാപം ദൈവമറിയുമെന്നും മറ്റും യക്ഷിയും ഗര്‍ജ്ജിച്ചു. അവൾ കൈക്കുഞ്ഞിനെ താഴെയിറക്കി; അതു ചെട്ടിയാരുടെ അരികിൽ ചെന്നു്,


അപ്പിച്ചേ ഉൻ കൈയിലോപ്പിച്ചാളെന്നൈ
അൻറുസാക്ഷി നാനല്ലവോ' എൻറു ചിരിക്ക


ദാസിയുടെ വധത്തിനു സാക്ഷി താനായിരുന്നുഎന്നുപറഞ്ഞു ചിരിച്ചു. കാണികൾ സ്ത്രീ സത്യവതിയെന്നും പുരുഷൻ അപരാധിയെന്നും വിധിച്ചു. പിന്നെയും ആനന്ദനും നീലിയും തമ്മിൽ വാഗ്വാദം തുടരുകയും,


'കള്ളിയങ്കാട്ടുക്കുള്ള നീരെന്നൈക്കല്ലെത്തലയിലിട്ടീർ'


എന്നുംമറ്റും നീലി പൂര്‍വ്വജന്മകഥ വിസ്തരിച്ചു് ആനന്ദനെ വീണ്ടും തേജോവധം ചെയ്കയും ചെയ്തു. അപ്പോഴേയ്ക്കു്,


പോകുംമതിനിനൈന്തു വേപ്പുംപത്തിരവും കൈകഴന്തുവീഴ
അമന്തവനേ! ചെട്ടിയാരേ! യെൻറു അന്‍റവൾ കൈയാൽ മുടിപിടിത്തു
തൂങ്കിത്തുയിൽമുടിന്തു ചെട്ടി തൊണ്ടൈതുറന്തുടൻ പേശലുറ്റാൻ
ഉരൈപ്പാർ നെഞ്ചൈപ്പിളന്തു ഉടൻ ഉറ്റപന്തമവൾ നാട്ടിവിട്ടാള്‍ 
പിറന്തപിള്ളൈക്കള്ളിതന്നൈ ഉടൻ പേച്ചിയവൻ നെഞ്ചിൽ നാട്ടിവൈത്തു
പറന്താളേ മോടുയർത്തിയന്തപ്പഴവനല്ലൂർ വഴിയാകവേതാൻ."


വേപ്പിൻപിടിയുള്ള ഉടവാൾ ആ സമയത്തു് ആനന്ദന്റെ കൈതെറ്റി നിലത്തുവീണു. ആ തക്കംകണ്ട് നീലി അയാളുടെ വയറു പിളർന്നു് അവിടെ ഒരു പന്തംനാട്ടി താൻ കൈക്കുഞ്ഞാക്കിയിരുന്ന കള്ളിക്കൊമ്പും അവിടെ നട്ട്, പവിഴനല്ലൂർ വഴിയായി മുകളിലേയ്ക്കു, പറന്നുപോയി.


ഇതാണു് നീലികഥയുടെ സംഗ്രഹം, വിസ്തരഭയത്താൽ ഞാൻ പല ഭാഗങ്ങളും വിട്ടിട്ടുണ്ടു്. ഈ കൃതിയുടെ നാലു പാഠങ്ങൾ എന്റെ കൈവശമുണ്ടു്; അവയിൽ രണ്ടെണ്ണം പ്രശസ്തഗവേഷകനും പരിഷത്തിന്റെ ഒരു പ്രധാനബന്ധുവുമായ ശ്രീമാൻ ഒറ്റശ്ശേഖരമംഗലം ടി ജി. അച്യുതൻനമ്പൂതിരി എനിക്കയച്ചുതന്നതും, ബാക്കിരണ്ടും ഞാൻതന്നെ സമ്പാദിച്ചു പകര്‍ത്തിച്ചു വച്ചിട്ടുള്ളതുമാണു്. നാലു പകര്‍പ്പുകളും സ്‌ഖലിതജടിലങ്ങളാകയാൽ വളരെ ക്ലേശിച്ച് ഒരു ശുദ്ധമായ പാഠം ഉണ്ടാക്കേണ്ടിവന്നു. വില്ലടിച്ചാൻപാട്ടുകാർ ആദരിക്കുന്ന ഗ്രാമീണകൃതികളും രസനിഷ്യന്ദികളാണെന്നുള്ളതിനു നീലികഥയിലെ പല ഭാഗങ്ങളും സാക്ഷ്യംവഹിക്കുന്നു. (പഴവ) പവിഴനല്ലർ എന്ന ഗ്രാമം പണ്ടു തിരുവിതാംകൂറിന്റെ ഒരു ഭാഗമായിരുന്നു. അതിനും ഇന്നത്തെപ്പേർ പഴവൂർ എന്നാണു്. അതു് ഇന്നു തിരുവിതാംകൂറിന്റെ അതിത്തിക്കപ്പുറം തോവാളമണ്ടപത്തുംവാതുക്കലിനെ തൊട്ടുകിടക്കുന്ന തിരുനൽവേലി ഡിസ് ട്രിക്റ്റിൽ നാങ്ങണേരിത്താലൂക്കിലെ ഒരംശമാകുന്നു. ശാന്തിക്കാരൻ ദാസിയെക്കൊന്നതു കള്ളിയങ്കാട്ടുവച്ചാണു്. കള്ളിയങ്കാട് അഗസ്തീശ്വരംതാലൂക്കിൽ പാർവ്വതീപുരത്തിനും വടശ്ശേരിക്കും ഇടയുള്ള ഒരു കുഗ്രാമമാകുന്നു. കള്ളിയങ്കാടെന്നു് ആ സ്ഥലത്തിന് പേർസിദ്ധിച്ചത് കള്ളിച്ചെടി ധാരാളമായി വളരുന്നതുകൊണ്ടുമാത്രമല്ല, ദാസി കള്ളിയെ സാക്ഷിവച്ച് അപമൃത്യുവിനു് അധീനയായതുകൊണ്ടുമാണെന്നു നിശ്ചയിക്കാം. അവിടെ പഞ്ചവൻകാട്ടുനീലി എന്നൊരു ഇശക്കിയമ്മൻ (യക്ഷി)കോവിൽ ഇന്നു കാണപ്പെടുന്നു. പഞ്ചവൻകാടെന്നു കള്ളിയങ്കാടിന്റെ കിഴക്കുഭാഗത്തിനു പേരുണ്ടു്. ആ കോവിൽ നില്ക്കുന്ന തറയിൽ വെച്ചായിരുന്നുവത്രെ ദാസി മരിച്ചതു് കുറെ വഷങ്ങൾക്കു മുൻപുവരെ ആ യക്ഷിയെ ജനങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നു; വെള്ളിയാഴ്ച രാത്രികാലത്തും മറ്റും ആ ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒറ്റയ്ക്കു് ആരും സഞ്ചരിച്ചിരുന്നില്ല. ഇന്നു മോട്ടോർവാഹനങ്ങളുടേയും മറ്റും ശബ്ദംകേട്ട് അത്തരത്തിലുള്ള ഭൂതങ്ങൾ ആകപ്പാടെ ഞെട്ടി മനുഷ്യോപദ്രവം ചെയ്യാതെ അടങ്ങിയൊതുങ്ങി ജീവിക്കുകയാണു്. പവിഴനല്ലൂരിനും പഞ്ചവൻകാട്ടിനും തമ്മിൽ ഉദ്ദേശം പതിന്നാലു നാഴിക ദൂരം വരും. കാവേരിപട്ടണത്തിലെ വേപ്പു മുറിച്ചു പഴവൂർഗ്രാമക്കാർ ക്ഷേത്രംപണിക്കു കൊണ്ടുവന്നു എന്നു കവി പറയുന്നത് അതിശയോക്തിയായി കരുതണം. കഥ നടന്ന കാലമേതെന്നു കണ്ടുപിടിക്കുവാൻ ഒരു വഴിയും കാണുന്നില്ല; എങ്കിലും പവിഴനല്ലൂർ എന്നതു പഴവൂരിന്റെ പഴയ പേരാകയാൽ പ്രസ്തുത സംഭവത്തിനു മുന്നൂറു സംവത്സരത്തിൽ കുറയാതെയുള്ള പഴക്കമെങ്കിലും ഉണ്ടായിരിക്കുമെന്നു അന്വേഷണത്തിൽ അറിയുന്നു.


"ഉതയകിരി തീപ്പായ്ന്ത ഉറചെമ്പവല്ലിയോടേ
അപ്പട്ടൂരിൽ തീപ്പായ്ന്ത ആയിഴയാൾ വള്ളിയോടേ
പാപ്പാൻ വതിത്തതൊരു പഴവൂരിൽ ദാസിയോടേ"


എന്നു കുടിയിരുത്തുപാട്ടിൽ വിവരിക്കുന്ന യക്ഷികളിൽ രണ്ടുപേരുടെ കഥ ഞാൻ പരിഷത്ത്രൈമാസികംവഴിയായി കേരളീയരെ ഗ്രഹിപ്പിച്ചുകഴിഞ്ഞു. “അപ്പട്ടൂർത്തീപ്പായ്ന്തവള്ളി"യുടെ കഥ കിട്ടിയിട്ടില്ല; അനേഷിച്ചു വരുന്നതേയുള്ളൂ.