"വില്വമംഗലത്തു സ്വാമിയാരന്മാർ എത്രപേരുണ്ടു്? ഒന്നോ മൂന്നോ, അഞ്ചോ? അവർ ഏതു കാലദേശങ്ങളിൽ ജീവിച്ചിരുന്നു? അവരുടെ പ്രബന്ധങ്ങൾ എന്തെല്ലാം?" ഇങ്ങനെയുള്ള പല പ്രശ്നങ്ങൾ സാഹിത്യചരിത്രലോകത്തിൽ ഗവേഷകന്മാരെ അഭിമുഖീകരിക്കുന്നുണ്ടു്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കു് ഇതുവരെ എനിക്കു ലഭിച്ചിട്ടുള്ള അറിവുകളെ ആസ്പദമാക്കി ഉത്തരം പറവാനാണു് ഞാൻ ഈ ഉപന്യാസദ്വാരാ ഉദ്യമിക്കുന്നതു്.
'വില്വമംഗലത്തു സ്വാമിയാർ' എന്ന പേരിൽ മൂന്നു മഹാന്മാർ കേരളത്തിൽ ജീവിച്ചിരുന്നു എന്നും, അവരിൽ ഒന്നാമത്തെ വില്വമംഗലത്തിന്റെ കാലം ക്രി: പി: ഒൻപതാം ശതകവും രണ്ടാമന്റെത് പതിമൂന്നാം ശതകത്തോടു അടുത്തും ആണെന്നും, അവർ യഥാക്രമം സുപ്രസിദ്ധമായ ശ്രീകൃഷ്ണകര്‍ണ്ണാമൃതസ്തോത്രവും ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം എന്ന പ്രാകൃതകാവ്യവും നിർമ്മിച്ചു എന്നും, കൃഷ്ണനാട്ടം രചിച്ച കോഴിക്കോട്ടു മാനവേദൻ രാജാവിന്റെ സമകാലികനായ മൂന്നാമത്തെ വില്വമംഗലം ക്രി: പി: പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിൽ ജീവിച്ചു എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വൃന്ദാവനവാസിയായ ഒരു മുനിയിൽ നിന്നു മേല്പത്തൂർ നാരായണഭട്ടതിരിയുടെ പുരസ്കര്‍ത്താവായ അമ്പലപ്പുഴ ചെമ്പകശ്ശേരി പൂരാടം തിരുനാൾ രാജാവിനു ശ്രീകൃഷ്ണപരമായ ഏതോ ഒരു ഉപദേശം സിദ്ധിച്ചതായി ആ മഹാകവി പ്രക്രിയാസവ സ്വത്തിന്റെ ആരംഭത്തിൽ പ്രസ്താവിച്ചിട്ടുണ്ട്
"യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാൽ കൃതാധോക്ഷജാ-
ദ്ദുഷ്പ്രാപം ഖലു നാരദാൽധ്രുവ ഇവ പ്രാപോപദേശം പരം
യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ-
ക്രീഡാകൌതുകി മാനസം വിജയതേ, സോയം മഹാത്മാ നൃപഃ"
എന്ന പ്രസ്തുത പദ്യം വായനക്കാര്‍ക്കു് അത്ഭുതപൂർവ്വമല്ലല്ലൊ. ആ മുനി മറ്റൊരു വില്വമംഗലമായിരുന്നു എന്നും, അദ്ദേഹം ക്രി: പി: പതിനേഴാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നതായി ഗണിക്കാമെന്നും, ചിലർ ഊഹിക്കുന്നു. ഇവക്കെല്ലാംപുറമെ 'കേരളാചാരദീപിക' എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായും ഒരു വില്വമംഗലത്തെ നാം കണ്ടുമുട്ടുന്നു. ഇവരെ യഥാക്രമം നാലാമത്തേയും അഞ്ചാമത്തേയും വില്വമംഗലങ്ങളായി വിചാരിക്കാം. എന്താണു ഈ അഞ്ചുപേരിൽ ഓരോരുത്തരുടേയും നില എന്നു പരിശോധിക്കുന്നതു വിജ്ഞാനപ്രദവും വിനോദകരവുമായിരിക്കും.
അഞ്ചാമത്തെ വില്വമംഗലത്തിന്റെ കഥ ആദ്യമായി കഴിക്കാമെന്നു് ഉദ്ദേശിക്കുന്നു. കേരളാചാരദീപികയുടെ പീഠികയിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
"വീരകേരളനാമാ തു കോലഭൂപാലശേഖരഃ
ഏകദാ ഗൃഹമായാന്തം ദദൃശേ വില്വമംഗലം
യതീശ്വരം സമഭ്യര്‍ച്ച്യ സുഖാസീനം വരാസനേ
പപ്രച്ഛ കേരളാചാരദീപിക്കാം ഭാര്‍ഗ്ഗവീം കഥാം."
വീരകേരളൻ എന്നു പേരോടുകൂടിയ കോലത്തുനാട്ടുതമ്പുരാനു വില്വമംഗലത്തുസ്വാമിയാർ കേരളാചാരങ്ങളെയും കേരളക്ഷേത്രങ്ങളിലെ ഉപാസനാഭേദങ്ങളേയും മറ്റുംപറ്റി ചെയ്യുന്ന ഉപദേശമാണു പ്രതിപാദ്യവസ്തു. “ഇതി വില്വമംഗലയോഗീശ്വരവിരചിതായാം കേരളാചാരദീപികായാം" എന്നും ഒന്നാമദ്ധ്യായത്തിന്റെയും അറുപത്തെട്ടാമദ്ധ്യായത്തിന്റെയും ഒടുവിൽ ഒരു കുറിപ്പും കാണുന്നുണ്ടു വീരകേരളന്റെ കാലമേതെന്നു ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടില്ല; എന്നാൽ തിരുവിതാംകൂർ രാജ്യം ക്രി: പി: 1810 മുതൽ 1815 വരെ ഭരിച്ച റാണിഗൌരിലക്ഷ്മീഭായിത്തമ്പുരാട്ടിയെപ്പറ്റി പ്രത്യേകം ഉപന്യസിച്ചിട്ടുണ്ട്
"ഗൌരിലക്ഷ്മീമഹാരാജഃ സ്വസാ തസ്യ മഹീക്ഷിതഃ
പാലയാമാസ വസുധാം ധര്‍മ്മജ്ഞാ ധര്‍മ്മവര്‍ദ്ധിനീ
ഏവം വഞ്ചിമഹീപാലാഃ പാലയിഷ്യന്തി മേദിനീം
നീതിമാര്‍ഗ്ഗൈകകുശലാസ്സര്‍വ്വേ ധര്‍മ്മപരായണാഃ"
എന്ന ശ്ലോകങ്ങളിൽനിന്നു് ക്രി: പി: 1810-നും 1815-നും ഇടയ്ക്കാണു പ്രസ്തുത പ്രബന്ധത്തിന്റെ രചന എന്നു ഊഹിക്കുവാൻ വൈഷ്യമില്ല. 'റാണിമഹാരാജാവു്' എന്നു തിരുവിതാംകൂറിലെ മഹാരാജ്ഞിമാരെപ്പറ്റി പറയാറുണ്ട് ; ആ ശൈലിയെയാണു് 'ഗൌരിലക്ഷ്മീമഹാരാജഃ' എന്ന പദത്തിൽ കവി അംഗീകരിച്ചിരിക്കുന്നതു്. 'വഞ്ചിധര്‍മ്മവര്‍ദ്ധിനി' എന്നും നാടുവാഴുന്ന തിരുവിതാംകൂർരാജ്ഞിമാര്‍ക്കു ബിരുദമുണ്ടു്. അതിലെ ധര്‍മ്മവര്‍ദ്ധിനീപദമാണു് മുകളിൽ കാണുന്നതു് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ക്രി: പി: പത്തൊമ്പതാംശതകത്തിന്റെ ആരംഭത്തിൽ പോലും ഒരു വില്വമംഗലം ജീവിച്ചിരുന്നു എന്നും ആര്‍ക്കും വാദമില്ലാത്തതിനാൽ കേരളാചാരദീപികാകാരൻ തന്റെ ഗ്രന്ഥത്തിന് ഒരു പുരാണച്ഛായ വരുത്തുവാൻ വേണ്ടിയാണു വില്വമംഗലത്തുസ്വാമിയാരുടെപേർ വലിച്ചിഴച്ചുകൊണ്ടുവന്നിട്ടുള്ളതു് എന്നു വിമശകന്മാര്‍ക്കു സംശയം കൂടാതെ സ്ഥാപിക്കാവുന്നതാണു്. ആ വില്വമംഗലം അങ്ങനെ അന്തര്‍ദ്ധാനം ചെയ്യട്ടെ.
ഇനി ഒന്നാമത്തേയും രണ്ടാമത്തേയും വില്വമംഗലങ്ങളെപ്പറ്റി ചിന്തിക്കാം. വില്വമംഗലത്തു സ്വാമിയാര്‍ക്കു കൃഷ്ണലീലാശുകൻ എന്നൊരു ബിരുടനാമമുണ്ടു്. ശ്രീകൃഷ്ണകര്‍ണ്ണാമൃതം പ്രഥമാശ്വാസത്തിൽ അദ്ദേഹംതന്നെ,
"ഈശാനദേവചരണാഭരണേന നീലീ-
ദാമോദരസ്ഥിരയശഃസ്ത്രബകോട് ഗമേന
ലീലാശുകേന രചിതം തവ ദേവ! കൃഷ്ണ-
കര്‍ണ്ണാമൃതം വഹതു കല്പശതാന്തരേപി"
എന്നു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈ പദ്യത്തിൽനിന്നു ലീലാശുകന്റെ മാതാവു നീലിയും പിതാവു ദാമോദരനും ഗുരുക്കന്മാരിൽ ഒരാൾ ഈശാനദേവനുമാണെന്നു തെളിയുന്നു. സോമഗിരി എന്ന മറ്റൊരു ഗുരുവിനെപ്പറ്റിയും,
"ചിന്താമണിര്‍ജ്ജയതി സോമഗിരിർഗുരുര്‍മ്മേ
ശിക്ഷാഗുരുശ്ച ഭഗവാൻ ശിഖിപിഞ്ഛമൌലിഃ
യൽപാദകല്പതരുപല്ലവശേഖരേഷു
ലീലാസ്വയംവരരസം ലഭതേ ജയശ്രീഃ"
എന്ന മംഗലാചരണപദ്യത്തിൽ കവി സ്മരിക്കുന്നു. ഈ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ രാമചന്ദ്രബുധേന്ദ്രൻ അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിരസായനവ്യാഖ്യയിൽ "അഥ ഖല്വത്ര ഭഗവാൻ സകലകലാകലാപവാഗ്വിലാസവാചസ്പതിര്‍ഭഗവദ്ഭക്താഗ്രഗണ്യഃ കൃഷ്ണലീലാശുകമുനിര്‍ന്നാമ മഹാകവി ... ... ... ... മേ മമ ഗുരുര്‍ഹിതോപദേശികാ ചിന്താമണിര്‍ന്നാമഃ പൂർവ്വം സ്വേനൈവോപഭുക്താ കാചിദ്വാരാങ്ഗനാജയതി സര്‍വോൽകര്‍ഷേണ വര്‍ത്തതേ; അഥവാ ചിന്താമണിരിതി സോമഗിരേര്‍വിശേഷണം; ചിന്താമണിവദഭീഷ്ടപ്രദാതൃത്വാൽ; ചിന്താമണിര്‍മ്മേ ഗുരുഃ, മഹാവാക്യോപദേഷ്ടാ ... ... ... ഗുരുസമ്പ്രദായപ്രവർത്തകഃ പരമഹംസപരിവ്രാജകാചാര്യസ്സോപി ജയതി" എന്നു വിവരിക്കുന്നു. ആന്ധ്രദേശീയനായ പാപായല്ലയസൂരി അദ്ദേഹത്തിന്റെ സുവര്‍ണ്ണചഷകവ്യാഖ്യയിൽ, "ചിന്താമണിര്‍ന്നാമ മന്ത്രവിശേഷോ യച്ചിന്തനവശാൽ കൃതാര്‍ത്ഥോഭൂൽ കവിഃ ... ... യദാ ചിന്താമണിരിതി കശ്ചിദ്യോഗീ, യത്സന്നിധാനേ കവിനാ യോഗാഭ്യാസഃ കൃതഃ; യദ്വാ ചിന്താമണിരിതി ശ്രീകാകുലേശ്വരാനുഗ്രഹവശാന്നിര്‍മ്മലാന്തരങ്ഗാ കാചിദ്വാരവനിതാ; യദ്വാ ചിന്താമണിരിതി സോമഗിരേര്‍വിശേഷണം; അസ്മിൻ പക്ഷെ ചിന്താമണിവദഭീഷ്ടാർത്ഥപ്രദാ സോമഗിരിര്‍ന്നാമ കാചിദ്വാര വനിതാ; യദ്വാ ഉക്തവിശേഷണവിശിഷ്ടഃ സോമഗിരിര്‍ന്നാമ മഹാവാക്യോപദേഷ്ടാ ഗുരുസ്സമ്പ്രദായപ്രവര്‍ത്തകഃമേ മമ ഗുരുർജയതി?" എന്നുപന്യസിക്കുന്നു. ചിന്താമണി ഒരു വേശ്യയുടേയും സോമഗിരി ഒരു ബ്രാഹ്മണന്റെയും പേരെന്നാണ് ഐതിഹ്യം.
ഭക്തമാലയിൽ കാണുന്ന കഥ താഴെ സംഗ്രഹിച്ചുകൊള്ളുന്നു. ചിന്താമണി വില്വമങ്ഗലത്തിന്റെ വെപ്പാട്ടിയായ ഒരു ദാസിയായിരുന്നു; വില്വമങ്ഗലം കൃഷ്ണാനദിയുടെ ഒരു കരയിലും ചിന്താമണി മറുകരയിലും താമസിച്ചുവന്നു. തന്റെ അച്ഛന്റെ ചാത്തമാകയാൽ ഒരു ദിവസം അദ്ദേഹത്തിന് അവളെ വിട്ടു സ്വഗൃഹത്തിൽ പോരേണ്ടി വന്നു. അന്നു ദാസീഗൃഹത്തിൽ പോകുകയില്ലെന്നായിരുന്നു ആദ്യത്തെ നിശ്ചയമെങ്കിലും, രാത്രിയായപ്പോൾ കാമോന്മാദം സഹിക്കവയ്യാതെ, മിന്നലും ഇടിയും മഴയും കൂട്ടാക്കാതെ, പുഴകടന്നു് എങ്ങനെയെങ്കിലും ചിന്താമണിയുടെ മുന്നിൽ ചാടിവീഴണമെന്ന് ആ വേശ്യാലമ്പടൻ തീര്‍ച്ചയാക്കി. അതിവര്‍ഷത്തിൽ ഒഴുകിവരുന്ന ഒരു ശവശരീരത്തെ തോണിയെന്നു സങ്കല്പിച്ച് അതിൽ പറ്റിപ്പിടിച്ചിരുന്നു പുഴയുടെ മറുകരയിൽ എത്തി. തന്റെ കാമുകൻ വരികയില്ലെന്നറിവുണ്ടായിരുന്ന ദാസി വെളിയിലത്തെ കതക് അടച്ചിരുന്നു. കാമുകനാകട്ടെ ചുവരിൽ തൂങ്ങിക്കിടന്നിരുന്ന ഒരു സര്‍പ്പത്തെക്കണ്ടു കയറാണെന്നു ഭ്രമിച്ച് അതിൽ പിടിച്ചുകയറി അകത്തേയ്ക്കു, കടന്നുകൂടി. ചിന്താമണി അദ്ദേഹത്തിന്റെ ആഗമനത്തിൽ ആശ്ചര്യപ്പെട്ടു വെളിയിൽ ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തെ നയിച്ച വാഹനങ്ങൾ ശവവും സര്‍പ്പവുമാണെന്നു മനസ്സിലാക്കി കാണിച്ചു കൊടുക്കുകയും അത്തരത്തിലുള്ള അത്യുൽകടമായ പ്രേമം സാക്ഷാൽ ജഗദീശ്വരന്റെ നേര്‍ക്കായിരുന്നാൽ എത്രനന്നായിരുന്നിരിക്കുമെന്നു ചോദിക്കുകയും ചെയ്തു. വില്വമങ്ഗലം അതുകേട്ട് അവളോട് "ഇന്നുമുതൽ നീ എനിക്കു ആചാര്യയും അമ്മയുമാണ്; ഞാൻ നിന്നെ നമസ്കരിക്കുന്നു" എന്ന പറഞ്ഞ് അവിടം വിട്ടുപോയി. ആ പുഴക്കരയിൽ സോമഗിരി എന്ന ബ്രാഹ്മണൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചു തപസ്സുചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിൽനിന്നു ശ്രീകൃഷ്ണമന്ത്രോപദേശം സ്വീകരിച്ച നിമിഷംമുതൽ വില്വമംഗലത്തിനു ആ ദേവനെ കാണണമെന്ന് ആഗ്രഹമുണ്ടായി. നര്‍മ്മദാനദീതീരത്തിൽവെച്ച് ഒരിക്കൽ അദ്ദേഹം ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിച്ചു മരിച്ച ഒരു ബ്രാഹ്മണശിശുവിനെ ജീവിപ്പിച്ചു. പിന്നീടു വൃന്ദാവനത്തിലേയ്ക്കു പോയി. അവിടെയും ഒരു വേശ്യയെക്കണ്ടു കാമിക്കുകയും പശ്ചാത്താപത്തിനു വിധേയനായി അവളോടുതന്നെ രണ്ടു സൂചിവാങ്ങിച്ചു തന്റെ കണ്ണുരണ്ടും കുത്തിപ്പൊട്ടിക്കുകയുംചെയ്തു. അന്ധനായ ഭക്തനെ ശ്രീകൃഷ്ണൻ ദിവസംതോറും താൻ തന്നെ ദിവ്യാന്നം നല്കി ഉപജീവിപ്പിച്ചു. അപ്പോഴേയ്ക്കും താപസിയായിത്തീര്‍ന്നുകഴിഞ്ഞിരുന്ന ചിന്താമണിയും അവിടെ എത്തി. അവൾക്കും ഭഗവാൻ അന്നദാതാവായിത്തീര്‍ന്നു. രണ്ടുപേരും ഒടുവിൽ കൃഷ്ണസായുജ്യത്തെ പ്രാപിച്ചു.
ഈ കഥയിൽ സത്യാംശം എത്രയുണ്ടെന്നു കണ്ടു പിടിക്കുവാൻ വളരെ പ്രയാസമുണ്ടു്. എന്നാൽ രാമചന്ദ്രബുധനും പാപായല്ലയസൂരിയും ഭക്തമാലാകാരനെപ്പോലെതന്നെ ചിന്താമണി വില്വമംഗലത്തിന്റെ ചെപ്പാട്ടിയായിരുന്നു എന്നുള്ള ഐതിഹ്യത്തെ പാക്ഷികമായെങ്കിലും അനുവദിക്കുന്നതിൽനിന്നു അതു കേവലം അസംബന്ധമാണെന്നു വിചാരിക്കുവാൻ പാടില്ലാതെയിരിക്കുന്നു. സോമഗിരിയെപ്പറ്റി യാതൊരറിവും വേറെയില്ല. പാപായല്ലയസൂരിയുടെ 'നീവീദാമോദരേണ' എന്നുള്ള പാരദേശികപാഠം അശുദ്ധംതന്നെ. 'ഈശാനദേവ'പദത്തിനു ശ്രീപരമേശ്വരൻ എന്നു അദ്ദേഹം അര്‍ത്ഥകല്പന ചെയ്യുന്നതും യോജിക്കുന്നില്ല. ഈശാനദേവൻ ലീലാശുകന്റെ ഒരു ഗുരുതന്നെയാണു അതു തന്ത്രപദ്ധതി, അഥവാ ഈശാനഗുരുദേവപദ്ധതി എന്നു പറയുന്ന തന്ത്രഗ്രന്ഥത്തിന്റെ പ്രണേതാവായിരിക്കാം. തന്ത്രപദ്ധതിയുടെ അവസാന ത്തില്‍: "സമാപ്താ ചേയമീശാനശിവഗുരുദേവസ്യ കൃതിഃ" എന്നൊരു കുറിപ്പുകാണുന്നു. ഈശാനശിവൻ മത്തമയൂരമെന്ന ശൈവമുനിവംശത്തിലെ ഒരംഗമായിരുന്നു എന്നും ആര്യാവര്‍ത്തത്തിൽ ധാരാനഗരത്തെ അദ്ദേഹം ആത്മസാന്നിദ്ധ്യംകൊണ്ട് അലങ്കരിച്ചു എന്നും ക്രി: പി: 882-ൽ അദ്ദേഹത്തിന്റെ ശിഷ്യനായ വൈരോചനൻ പ്രതിഷ്ഠാദര്‍പ്പണം എന്ന ഗ്രന്ഥം നിര്‍മ്മിച്ചു എന്നും പരേതനായ മഹാമഹോപാദ്ധ്യായൻ ഹരപ്രസാദശാസ്തി പ്രസ്താവിച്ചിട്ടുണ്ടു്. മറ്റൊരു ഈശാനശിവൻ തന്ത്രപദ്ധതിക്കു പുറമെ സിദ്ധാന്തസാരമെന്നും ഒരു ഗ്രന്ഥം രചിച്ചു എന്നും അദ്ദേഹം വീരരാജേന്ദ്രൻ എന്നുകൂടി പേരുള്ള തൃതീയകുലോത്തുംഗന്റെ കാലത്ത് (അതായതു ക്രി: പി: 1178-1218) ചിദംബരത്തു താമസിച്ചിരുന്നു എന്നും മൈസൂർ ഗസറ്റീയറിൽ കാണുന്നു. ഈശാനശിവഗുരു പക്ഷെ ഒരു കേരളീയൻ തന്നെയായിരിക്കാം; ശൈവനായ അദ്ദേഹം ചിദംബരത്തിൽ പോയി താമസിച്ചിരുന്നിരിക്കുവാൻ പാടില്ലായ്കയില്ലല്ലൊ. ഇക്കാലങ്ങളിലെല്ലാം പല ഈശാനദേവന്മാരുമായി നാം സാഹിത്യപരിത്രത്തിൽ സംഘടിക്കുന്നുണ്ടു്. അവരിൽ വില്വമംഗലത്തിന്റെ ഗുരു ആരെന്നു തീര്‍ച്ചപ്പെടുത്തിപ്പറയുന്നതു വിഷമംതന്നെ.
ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകമെന്നതു്, പന്ത്രണ്ടുസര്‍ഗ്ഗത്തിലുള്ള ഒരു പ്രാകൃതകാവ്യമാകുന്നു. വരരുചിയുടെ പ്രാകൃതവ്യാകരണസൂത്രങ്ങളെ ഉദാഹരിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ളതാകുന്നു ആ കാവ്യം. അതിൽ ആദ്യത്തെ എട്ടുസര്‍ഗ്ഗം വില്വമംഗലത്തിന്റേയും ശേഷമുള്ള നാലു സര്‍ഗ്ഗം അദ്ദേഹത്തിന്റെ ശിഷ്യനായ ദുര്‍ഗ്ഗാപ്രസാദന്റെയും കൃതിയാണു്. ഗ്രന്ഥത്തിന് ആദ്യന്തം ദുര്‍ഗ്ഗാപ്രസാദൻതന്നെ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട് ആ കാവ്യത്തിൽ നിന്നാണു താഴെകാണുന പദ്യങ്ങൾ ഉദ്ധരിക്കുന്നത്.
കോദണ്ഡമംഗലവചോഗദിതേ ഹി ധാമ്നി
ശ്രീകൃഷ്ണദര്‍ശനപരഃ കില കര്‍ണ്ണഭൃത്യഃ
ജാതഃ ക്രമേണ പരഹംസപദേ സ്ഥിതോസ്മിൻ
യോങ്കസ്ഥിതസ്തമവലോക്യ ജഗാമ തൃപ്തിം
ശ്രീപദ്മപാദമുനിവര്യവിനേയവര്‍ഗ്ഗാ-
ശ്രീഭൂഷണം മുനിരസൌ കവിസാര്‍വ്വഭൌമം
ശ്രീകൃഷ്ണരൂപപരമാമൃതപാനശീല-
ശ്ചക്രേ തദീയചരിതം ബഹുധാ ഹിതായ
(ഒന്നാംസര്‍ഗ്ഗം)
ശ്രീകൃഷ്ണലീലാശുകബദ്ധകാവ്യം
വിവൃത്യ ലോകസ്യ ഹിതായ പൂർവ്വം
താച്ഛേഷപൂര്‍ത്തിഞ്ച പുനര്‍വ്വിധായ
വിവൃണ്മഹേഽഥോത്തരഭാഗമേതം
(ഒൻപതാംസര്‍ഗ്ഗം)
മുക്തിസ്ഥലാലയശിവാപദഭക്തിലേശാ-
ദുർഗ്ഗാപ്രസാദയതിരിത്യഭിധാം ദാധാനഃ
കര്‍ത്താ സ്വയം സുകൃതമാത്രഫലാന്യദീപ്സുഃ
കൃഷ്ണേർഽപ്പയാമ്യഥ വിശുദ്ധികരാ മഹാന്തഃ
(പന്ത്രണ്ടാംസംർഗ്ഗം)
ചാപമംഗലഗൃഹോ യതീശ്വരോ
ബില്വമംഗലഗൃഹോ വാ ഭവതി യഃ
മമ ഏഷ പരിചാരകാരണാദ്
ബ്രഹ്മതാമുപഗതഃ പ്രസീദതു.
(ഛായ)
ഈ പദ്യങ്ങളിൽനിന്നു ശ്രീചിഹ്നം ലീലാശുകന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നും, അതു സമാപിപ്പിക്കുന്നതിനു മുൻപു് അദ്ദേഹം അന്തരിച്ചുപോയിഎന്നും ശ്രീകൃഷ്ണനെ ആ സിദ്ധൻ തന്റെ അങ്കസ്ഥിതനായ ബാലനെന്ന നിലയിൽ പ്രത്യക്ഷമായി ദർശിച്ചു എന്നും എട്ടാംസർഗ്ഗത്തിനുമേലുള്ള ഭാഗം നിർമ്മിച്ച ദുർഗ്ഗാപ്രസാദൻ (ആദ്യം മുക്തിസ്ഥലം) മുക്കോലഭഗവതിയുടെ ഉപാസകനായിരുന്നു എന്നും പിന്നീടു ലീലാശുകന്റെ അന്തേവാസിയായെന്നും, വില്വമംഗലമെന്നും(കോദണ്ഡ) വില്ലുമംഗലമെന്നും ലീലാശുകന്റെ ഇല്ലത്തിനു പേരുണ്ടായിരുന്നു എന്നും വെളിവാകുന്നു. 'കർണ്ണഭൂത്യഃ' എന്ന പദത്തിന്റെ അർത്ഥം മനസ്സിലാകുന്നില്ല; അതിന്റെ പാഠശുദ്ധിയെപ്പറ്റിയും സംശയമുണ്ടു്.
ഇനി 'ശ്രീപത്മപാദമുനിവര്യവിനേയവർഗ്ഗശ്രീ ഭൂഷണം' എന്ന വിശേഷണത്തെപ്പറ്റി സ്വല്പം ചിന്തിക്കാം. വില്വമംഗലം ക്രി: പി: ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവർ അദ്ദേഹം പത്മപാദാചാര്യരുടെ ശിഷ്യനായിരുന്നു എന്നു് ഈ വിശേഷണത്തെ ആശ്രയിച്ചു പ്രസ്താവിക്കുന്നു. ശങ്കരഭഗവൽപാദർക്കു ത്രോടകൻ, സുരേശ്വരൻ, ഹസ്താമലകൻ, പത്മപാദൻ എന്നിങ്ങനെ നാലു ശിഷ്യന്മാരുണ്ടായിരുന്നു എന്നും അവർ തൃശ്ശിവപേരൂരിൽ യഥാക്രമം വടക്കേമഠം, നടുവിലേമഠം, ഇടയിലേമഠം, തെക്കേമഠം ഈ സന്യാസിമഠങ്ങൾ സ്ഥാപിച്ചു എന്നും ആണു കേരളീയരുടെ ഇടയിൽ പ്രചരിക്കുന്ന ഐതിഹ്യം. ഇടയിലെ മഠം പിൽകാലത്തു തെക്കേമഠത്തിൽ ലയിച്ചു. വടക്കേമഠം, പിൻവാഴ്ചക്കാരനെ നിയമിക്കാതെ ഒരു സ്വാമിയാർ മരിച്ചപ്പോൾ വേദപാഠശാലയായി മാറി. ബാക്കിയുള്ള നടുവിലേമഠവും തെക്കേമഠവും ഇന്നും ഉണ്ടു്. നടുവിലേമാത്തിലേയ്ക്കാണ് തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ വളരെക്കാലമായിപുഷ്പാഞ്ജലിക്കുള്ള അവകാശം. തെക്കേമഠത്തിലെ സ്വാമിയാരായിട്ടാണു വില്വമംഗലത്തെ അവരോധിച്ചത് എന്നുള്ളതിനു സംശയമില്ല. മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാൻ ഈ വിഷയം അവിടുത്തെ 'കേരളം' എന്ന കാവ്യത്തിലും മാഗളോദയം മാസിക പത്രത്തിൽ അവിടുന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന പത്മപാദാചാര്യരെപ്പറ്റിയുള്ള ഉപന്യാസത്തിലും വ്യക്തമാക്കീട്ടുണ്ടു്. തിരുവാർപ്പുക്ഷേത്രത്തിൽ ശ്രീകൃഷ്ണപരമായ പൂജയ്ക്കു് അധികാരികൾ തെക്കേമഠത്തിൽ സ്വാമിയാരന്മാരാണെന്നു പറയേണ്ടതില്ലല്ലൊ.
വില്വമംഗലം പത്മപാദാചാര്യരുടെ നേരേയുള്ള ശിഷ്യനല്ലെങ്കിലും തെക്കേമഠത്തിലെ സ്വാമിയാരാകയാൽ ആ മുനിവര്യന്റെ (വിനയ) ശിഷ്യവർഗ്ഗത്തിന്റെ അലങ്കാരമെന്നുള്ള ബിരുദത്തിന് അധികാരിതന്നെ. ശങ്കരഭഗവൽപാദരുടെ കാലംതന്നെ ക്രി: പി: എട്ടാംശതകത്തിന്റെ അവസാനവും ഒമ്പതാം ശതകത്തിന്റെ ആരംഭവുമാണെന്നാണു് സാധാരണമായി പറഞ്ഞുവരാറുള്ളതെങ്കിലും അതിനു് ഒരു ശതകത്തോളം മുൻപാണെന്നും ചിലർ വാദിക്കുന്നുണ്ടു്. അതു് എങ്ങനെയെങ്കിലും ആകട്ടെ. ശ്രീപത്മനാഭസ്വാമിക്ഷേത്രം പ്രതിഷ്ഠിച്ചപ്പോൾ ആ ദേവന് ആദ്യമായി നിവേദ്യം കഴിച്ചതു വില്വമംഗലത്തു സ്വാമിയാരാണെന്നു് ഒരു ഐതിഹ്യമുണ്ടെന്നും അതു വില്വമംഗലം ക്രി: പി: ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്നു എന്നുള്ള ഊഹത്തിന് ഉപോൽബലകമാണെന്നും ചിലർ വാദിക്കുന്നതു നിരാസ്പദം തന്നെ. ആഴ്‍വാരന്മാരുടെ "പാടൽ പെറ്റ" ശ്രീപത്മനാഭസ്വാമി ക്ഷേത്രം ക്രി: പി: ഒൻപതാം ശതകത്തിനു മുൻപുതന്നെ ദക്ഷിണാപഥമെങ്ങും പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ആ ക്ഷേത്രം പ്രതിഷ്ഠിച്ചതും അതിൽ ആദ്യമായി നിവേദ്യം കഴിച്ചതും ദിവാകരൻ എന്നുപേരുള്ള ഒരു തൌളവ(തുളുദേശക്കാരനായ) സന്യാസി (എമ്പ്രാന്തിരി)യായിരുന്നു; നമ്പൂരിയല്ല. ദിവാകരൻ ശങ്കരാചാര്യരെ അപേക്ഷിച്ചു പ്രാക്തനാണു്.
"തേഷാം മധ്യേ മഹാതേജാ ദിവാകരസമപ്രഭഃ
യതിദിവാകരാണോഽഭൂൽ സര്‍വ്വകാമേഷു നിസ്‌പൃഹഃ
വിരക്തസ്തൗളവോ യോഗീ ഹരിം ക്ഷീരാബ്ധിശായിനം
ദ്രഷ്ടുമഭ്യര്‍ച്ചയദ്വിഷ്ണം മുക്തികാമോ ജിതേന്ദ്രിയഃ"
എന്നു അനന്തശയനക്ഷേത്രമാഹാത്മ്യം ഒന്നാമദ്ധ്യായത്തിലും,
“തമാഹ പത്മനാഭോഥ യതീന്ദ്രം തൌളവം മുദാ
ദിവാകരയതീന്ദ്രാത്ര ത്വം മാമര്‍ച്ചയ സുവ്രത!
* * * * *
ത്വയാര്‍ച്ചനീയസ്ത്വദംശ്യൈസ്തൌളവൈരപി മൽപ്രിയൈഃ;
നാന്യേ മമാര്‍ച്ചകാ അത്ര തൌളവാ ഏവ മൽപ്രിയാഃ"
എന്ന് എട്ടാമധ്യായത്തിലും,
"തച്ഛ്രുത്വാ ദേവദേവസ്യ വചസം തുഷ്ടമാനസഃ
ദിവാകരയതീന്ദ്രസ്തമര്‍ച്ചിതും സമുപാക്രമൽ"
എന്നു് ഒമ്പതാമധ്യായത്തിലും പ്രസ്താവനയുണ്ടു്.
ഞാൻ ഈ ഉപന്യാസത്തിന്റെ ആരംഭത്തിൽ സൂചിപ്പിച്ച പണ്ഡിതന്മാരുടെ പക്ഷം, ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമംഗലം ശ്രീകൃഷ്ണകര്‍ണ്ണാമൃതവും, പന്ത്രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമംഗലം പുരുഷകാരം തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു എന്നാണല്ലൊ. അങ്ങനെയാണെങ്കിൽ രണ്ടുപേരും ഒന്നുപോലെ കൃഷ്ണലീലാശുകബിരുദത്താൽ അലംകൃതരും ശ്രീകൃഷ്ണഭക്തന്മാരുമായി പരിണമിച്ചത് ആശ്ചര്യജനകമായ സംഭവമായി വിചാരിക്കേണ്ടിയിരിക്കുന്നു. രണ്ടാമത്തെ ലീലാശുകനാണു് ശ്രീചിഹ്നകാരൻ എന്നുള്ള വാദത്തിന നില്ക്കക്കള്ളിയില്ല. ദേവൻ എന്ന ഒരു പണ്ഡിതൻ സംസ്കൃതധാതുക്കളെ അധികരിച്ചു ദൈവം എന്നൊരു ഗ്രന്ഥം കാരികാരൂപത്തിൽ നിര്‍മ്മിച്ചു. ആ ഗ്രന്ഥത്തിനു കൃഷ്ണലീലാശുകമുനി രചിച്ച വിസ്തൃതവും വിശദവുമായ വ്യാഖ്യാനമാണു് പുരുഷകാരം. വാര്‍ത്തികരൂപമായ ആ വ്യാഖാനത്തിന്റെ അവസാനത്തിൽ,
"ഉക്താനുക്തദുരുക്താനി സ്ഥാനേ സ്ഥാനേ വിവൃണ്വതാ
കൃഷ്ണലീലാശുകേനൈവം കീർത്തിതം ദൈവവാര്‍ത്തികം
കൃഷ്ണലീലാശുകസ്യേയം കൃതിഃ കൃതിമനോഹരാ
പുഷ്ണതീ കൃഷ്ണസമ്പ്രീതിം ഭുവനാന്യഭിപുഷ്വതു"
എന്നീ ശ്ലോകങ്ങൾ കാണുന്നു. പുരുഷകാരത്തിലെ മംഗലാചരണപദ്യവും ശ്രീകൃഷ്ണപരമാണു്
"ഗാശ്ച വിബുധാംശ്ച ഭൂമൌ പാലയിതും കിമപി കൃതപദന്യാസം
ആപാദചൂഡമിദമിദമഭ്യസ്യത ദൈവമദ്ഭുതം ഭോ ഭോഃ"
പുരുഷകാരത്തിൽ സരസ്വതീകണ്ഠാഭരണം, ശൃംഗാരപ്രകാശം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഭോജനേയും ധാതുപാഠത്തിന്റെ കര്‍ത്താവായ ഹേമചന്ദ്രാചാര്യനേയും കവികാമധേനുവിന്യറെ പ്രണേതാവായ ബോപദേവനേയും സ്മരിക്കുന്നു. ഭോജരാജാവ് ക്രി: പി: പതിനൊന്നാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും, ഹേമചന്ദ്രൻ പന്ത്രണ്ടാംശതകത്തിന്റെ മദ്ധ്യത്തിലും, (1088-1172) ഹേമാദ്രിയുടെ ആശ്രിതനും വിഷ്ണുഭക്തനുമായിരുന്ന ബോപദേവൻ പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലുമാണു് സാഹിത്യവ്യവസായത്തിൽ ഏര്‍പ്പെട്ടിരുന്നത്. ധാതുവൃത്തികാരനായ സായണാചായ്യർ ക്രി: പി: പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ആ ഗ്രന്ഥം നിര്‍മ്മിച്ചത്; അദ്ദേഹം പുരുഷകാരത്തെ പല അവസരങ്ങളിലും സ്മരിക്കുന്നുണ്ടു്. ആ ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽത്തന്നെ ദക്ഷിണാപഥത്തെ അലങ്കരിച്ചിരുന്ന ഒരു ഉത്തമകവയിത്രിയും വിജയനഗരത്തിലെ രാജകുമാരനായ വീരകമ്പണന്റെ പ്രാണപ്രേയസിയുമായ ഗംഗാദേവി തന്റെ മധുരാവിജയകാവ്യത്തിൽ പൂർവ്വസൂരികളുടെ മഹിമകളെ വര്‍ണ്ണിക്കുന്ന ഘട്ടത്തിൽ, വാല്മീകി, വേദവ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി, ആചാര്യദണ്ഡി എന്നീ മഹാകവികളെ പ്രശംസിച്ചിട്ടു തദനന്തരം തനിക്കു സ്വല്പം മുമ്പു ജീവിച്ചിരുന്ന കര്‍ണ്ണാമൃതകവി, തിക്കയൻ, അഗസ്ത്യഭട്ടൻ, ഗംഗാധരൻ ഈ കവികളെ വന്ദിക്കുന്നു. ഇവരിൽ കര്‍ണ്ണാമൃതകവി വില്വമംഗലം തന്നെയാണെന്നു പറയേണ്ടതില്ലല്ലൊ. അദ്ദേഹത്തെപ്പറ്റിയുള്ള പദ്യം താഴെകാണുന്നതാണു്
"മന്ദാരമഞ്ജരീ സ്യന്ദിമകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം കര്‍ണ്ണാമൃതകവേര്‍ഗ്ഗിരഃ?"
ആന്ധ്രകവി ബ്രഹ്മാവെന്ന ബിരുദത്താൽ സുവിദിതനായ (തിക്കയൻ) തിക്കണസോമയാജി ക്രി: പി: 1220 മുതൽ 1300 വരെ ജീവിച്ചിരുന്നു. ക്രി: പി: പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്ന ശാർങ്ങധരൻ ക്രി: പി: 1563-ൽ താൻ സമാഹരിച്ച 'പദ്ധതി'യിൽ കൃഷ്ണകര്‍ണ്ണാമൃതത്തിൽ നിന്ന്,
"പരമിമമുപദേശമാദ്രിയധ്വം നിഗമവനേഷു നിതാന്തചാരഖിന്നാഃ
വിചിനുത ഭവനേഷു വല്ലവീനാമുപനിഷദര്‍ത്ഥമുലൂഖലേ നിബദ്ധം"
എന്ന പദ്യം ഉദ്ധരിച്ച് 'വില്വമംഗലശ്രീചരണാനാം' എന്നു പറയുന്നു. ഈ പദ്യം കര്‍ണ്ണാമൃതത്തിന്റെ എല്ലാപാഠങ്ങളിലും കാണുന്നുണ്ട്. ഇതു കൂടാതെ ആ ഗ്രന്ഥത്തിൽ കാണാത്ത,
"നവനീലമേഘരുചിര പരഃ പുമാ-
നവനീമവാപ്യ ധൃതഗോപവിഗ്രഹഃ
നവനീയകീര്‍ത്തിരമരൈരപി സ്വയം
നവനീതഭിക്ഷുരധുനാപി ചിന്ത്യതേ"
"അര്‍ദ്ധോന്മീലിതലോചനസ്യ പിബതഃ പര്യാപ്തമേകം സ്തനം
സദ്യഃപ്രസ്നുതദുഗ്ദ്ധദിഗ്ദ്ധമപരം ഹസ്തേന സമ്മാര്‍ജ്ജതഃ
മാത്രാ ചാംഗുലിലാളിതസൃ ചിബുകേ സ്മേരായമാണേ മുഖേ
വിഷ്മോൽ ക്ഷീരകണാംബുധാമധവളാ ദന്തദ്യുതിഃ പാതു വഃ"
"കൃഷ്ണ! ത്വം നവയൗവനോസി ചപലാഃ പ്രായേണ ഗോപാംഗനാഃ
കംസോ ഭൂപതിരബ്ജനാളമൃദുലഗ്രീവാ വയം ഗോദുഹഃ
തദ്ദ്യാചേഽഞ്ജലിനാ ഭവന്തമധുനാ വൃന്ദാവനം മദ്വിനാ
മാ യാസീരിതി നന്ദഗോപവചസാ നമ്രോ ഹരിഃ പാതു വഃ"
എന്നീ മൂന്നു കൃഷ്ണപരങ്ങളായ പദ്യങ്ങൾകൂടി 'വില്വമംഗലശ്രീചരണാനാം' എന്നുപന്യസിച്ചുകൊണ്ടു എടുത്തു ചേര്‍ക്കുന്നു. ഇതിൽനിന്നെല്ലാം അനുമാനിക്കേണ്ടതു ബിരുദനാമത്താൽ സുവിദിതനായ വില്വമംഗലത്തുസ്വാമിയാർ ക്രി: പി: ഉദ്ദേശം 1220 മുതൽ 1300 വരെ ജീവിച്ചിരുന്നിരിക്കണമെന്നാകുന്നു. സ്വാമിയാരുടെ ഗുരുക്കന്മാരിൽ ഒരാളായ ഈശാനദേവൻ തൃതീയകലോത്തുംഗന്റെ സമകാലികനായിരുന്നിരിക്കാം എന്നു കാണുന്ന സ്ഥിതിക്കു് ഈ കാലഗണന യുക്തിയുക്തമാണെന്നു വിചാരിക്കാവുന്നതാണു്. ക്രി: പി: 1205-ൽ വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായിരുന്ന ശ്രീധരദാസൻ സദുക്തികര്‍ണ്ണാമൃതം എന്നൊരു സുഭാഷിതഭണ്ഡാഗാരം നിബന്ധിക്കുകയുണ്ടായി. അതിൽ കേരളീയനായ കുലശേഖര (ആഴ്‍വാർ)പ്പെരുമാളുടെ മുകുന്ദമാലയിൽനിന്ന് ഹരിഭക്തിക്ക് ഉദാഹരണങ്ങളായി 'ബദ്ധേനാഞ്ജലിനാ', 'നാസ്ഥാ ധര്‍മ്മേ,' 'മുജ്ജന്മനഃ ഫലമിദം' ഈ മൂന്നുപദ്യങ്ങളും 'ശ്രീകുലശേഖരസ്യ' എന്നു നാമഗ്രഹണം ചെയ്തും, 'നാഹം വന്ദേ തവ ചരണയോഃ', 'മുകുന്ദ മൂര്‍ദ്ധ്നാ പ്രണിപത്യയാചേ' ഈ രണ്ടു പദ്യങ്ങളും 'കസ്യചിൽ' എന്നുമാത്രം പറഞ്ഞു കൊണ്ടും ഉദ്ധരിച്ചിരിക്കുന്നു; എന്നാൽ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിൽനിന്നു് ഒരൊറ്റപ്പദ്യം പോലും ഉദ്ധരിച്ചിട്ടുമില്ല. വൈഷ്ണവഭക്തിസമ്പ്രദായത്തിനു കേളികേട്ട വംഗദ്ദേശത്തിൽ ഗ്രഥിതമായ ആ പുസ്തകത്തിൽ അന്നു ശ്രീകൃഷ്ണകര്‍ണ്ണാമൃതം പ്രചുരപ്രചാരമായിരുന്നു എങ്കിൽ അതിനു് അത്തരത്തിലുള്ള ഒരു അവഗണനം സംഭവിക്കുക എന്നുള്ളത് അസാധ്യമാണു്. ജയദേവരുടെ ഗീതഗോവിന്ദത്തിൽനിന്നു പലപദ്യങ്ങൾ സദുക്തികര്‍ണ്ണാമൃതത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. ആ കവീശ്വരന്റെ ജീവിതകാലം ക്രി: പി: പന്ത്രണ്ടാം ശതകത്തിന്റെ പൂര്‍വ്വാദ്ധമാണല്ലൊ. ക്രി: പി: ഒമ്പതാം ശതകത്തിൽ രാധാരാധനത്തിനു തന്നെ വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. ദാക്ഷിണാത്യനായ ഒരു ഭക്തശിരോമണിയുടെ കൃതിയായ വിഷ്ണുഭാഗവതത്തിൽ രാധയുടെ പേർപോലും പ്രസ്താവിച്ചുകാണുന്നില്ല. ബ്രഹ്മവൈവപുരാണത്തിലാകുന്നു ഇദംപ്രഥമമായി ആ ഗോപവനിത ആവിര്‍ഭവിക്കുന്നത്; അത് ഔത്തരാഹകൃതവും ഒടുവിലത്തേതുമായ പുരാണവുമാണു്. അതിനു ദക്ഷിണാപഥത്തിൽ പ്രചാരം സിദ്ധിച്ചതിനുമേലായിരിക്കണം കൃഷ്ണകണ്ണാമൃതത്തിന്റെ നിര്‍മ്മിതി എന്നുള്ള വസ്തുത അപലപനീയമല്ലെങ്കിൽ, ക്രി: പി: ഒമ്പതാം ശതകത്തിലാണു് ആ സ്തോത്രത്തിന്റെ പ്രാദുര്‍ഭാവമെന്നു സമര്‍ത്ഥിക്കുവാൻ വളരെ പ്രയാസമുണ്ടു്. രാധാകൃഷ്ണപരങ്ങളായ അനേകം പദ്യങ്ങൾ കൃഷ്ണകര്‍ണ്ണാമൃതത്തിൽ ഉണ്ടെന്നു ഞാൻ പറയേണ്ടതില്ലല്ലൊ. ആകെക്കൂടി നോക്കുമ്പോൾ പതിമ്മൂന്നാം ശതകത്തിൽ ജനിച്ച വില്വമംഗലത്തിൽനിന്നു ഭിന്നനായി ഒൻപതാം ശതകത്തിൽ മറ്റൊരു വില്വമംഗലം ഉണ്ടെന്നു വിശ്വസിക്കുവാൻ ന്യായങ്ങൾ കാണുന്നില്ല.
ഇനി വില്വമംഗലത്തിന്റെ ജന്മഭൂമി ഏതെന്നു വിചാരണ ചെയ്യാം. അതു ചിലർ വംഗദേശമെന്നും, മററു ചിലർ ആന്ധ്രദേശമെന്നും വേറെചിലർ ഗുര്‍ജ്ജരമെന്നും ഉപന്യസിക്കാറുണ്ടു്. ഞാനും ഒരുകാലത്തു വില്വമംഗലം ജനിച്ചത് ആന്ധ്രദേശത്തിലാണോ എന്നു സംശയിച്ചിരുന്നു. എന്നാൽ ആ മഹാകവി ഒരു കേരളീയനായിരുന്നു എന്നു് എനിക്കു് ഇന്നു നിസ്സന്ദേഹമായി സ്ഥാപിക്കുവാൻ കഴിയും. വംഗദേശീയനെന്നു പറയുന്നത് ഒരു കൃഷ്ണസമ്പ്രദായപ്രവർത്തകനായതുകൊണ്ടും വംഗദേശം ആ സമ്പ്രദായത്തിന്റെ കേന്ദ്രസ്ഥാനമായതുകൊണ്ടുമാണു്. പക്ഷെ, ചൈതന്യഭഗവാന്റെ (ക്രി: പി: 1485-1533) കാലത്തുണ്ടായിരുന്ന പ്രധാന വൈഷ്ണവഗ്രന്ഥങ്ങൾ (വിഷ്ണു) ശ്രീമൽഭാഗവതം, ശ്രീകൃഷ്ണകര്‍ണ്ണാമൃതം, ബ്രഹ്മസംഹിത ഇവയായിരുന്നു എന്നും ഇവയിൽ കര്‍ണ്ണാമൃതത്തിന്റെയും ബ്രഹ്മസംഹിതയുടേയും ഏടുകൾ അദ്ദേഹം കേരളം സന്ദർശിച്ചപ്പോൾ സമ്പാദിച്ചുകൊണ്ടുപോയെന്നുമുള്ളതു് അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥങ്ങളിൽതന്നെ പ്രസ്താവിച്ചിട്ടുണ്ട് ബ്രഹ്മസംഹിത അദ്ദേഹത്തിനു കിട്ടിയതു് തെക്കൻതിരുവിതാങ്കൂറിൽ തിരുവട്ടാറ്റു നിന്നായിരുന്നു. ആന്ധ്രദേശീയനെന്നു പറയുന്നതു ഭക്തമാലയെ ആസ്പദമാക്കിയാണു്. ഭക്തമാല വില്വമംഗലത്തിന്റെ ജീവിതകാലം കഴിഞ്ഞ് അനേകം വര്‍ഷശതങ്ങൾക്കുമേൽ രചിച്ച ഒരു ഗ്രന്ഥമാകയാൽ അതിൽ പല അതിശയോക്തികളും അസത്യപ്രസ്താവനകളും കടന്നുകൂടീട്ടുണ്ട്. വല്ലഭാചാര്യരുടെ (ക്രി: പി: 1473-1581) പുഷ്ടിമാര്‍ഗ്ഗം അങ്കുരാവസ്ഥയിൽ വില്വമംഗലത്തിന്റെ കൃതികളിൽ കാണുന്നു എന്നും, വില്വമംഗലം പല ശതാബ്ദങ്ങൾ ജീവിച്ചിരുന്ന വല്ലഭനെ ആ മാര്‍ഗ്ഗത്തിന്റെ ഉപജ്ഞാതാവാകത്തക്കവണ്ണം ജ്ഞാനോപദേശം ചെയ്തു എന്നും ഉള്ള ഐതിഹ്യമാണു് അദ്ദേഹത്തെ ഗുര്‍ജ്ജരജാതനെന്നു ശങ്കിക്കുവാൻ അവകാശം നല്കുന്നത്. ആ കഥയ്ക്കു കാലെന്നു് ഒന്നുള്ളതായിത്തന്നെ തോന്നുന്നില്ല.
വില്വമംഗലത്തിന്റെ കൃതിയായ ബാലകൃഷ്ണസ്തോത്രത്തിൽ ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു.
"ആദിത്യപ്രജ്ഞസംജ്ഞം യദാദിത്യാദധികം മഹഃ
നിർജ്ജിതസ്സമദൃഷ്ട്യൈവ നിർലോലം യേന മന്മഥഃ
അര്‍ജ്ജിതൈരസ്ത്രകുസുമൈരാരാദാരാധയൻ യയൌ
ഈശാനദേവ ഇത്യാസീദീശാനോ മുനിതേജസാം
ആസ്പദസ്യ ഹി യന്ന്യാസീദശേഷഗുണസമ്പദാം
അദ്വിതീയ ഇതി ഖ്യാതിരാത്മബുദ്ധ്യാ ന കേവലം
തയോരനുഗ്രഹാപാംഗസംക്രാന്തജ്ഞാനസാഗരാഃ
സാഗരാ ഇവ ഗംഭീരാസ്സന്തി ധന്യാസ്സഹസ്രശഃ
തയോരേവ കൃപാപാത്രം കൃഷ്ണലീലാശുകോ മുനിഃ
യദാശ്രമാംഗണേ നിത്യം രമന്തേ തന്ത്രവിസ്തരാഃ
തിലകം കുലപാലീനാം നീലീതി നിലയം ശ്രിയാം
യമലം ജനയാഞ്ചക്രെ യഞ്ച കീർത്തിഞ്ച ശാശ്വതീം
യസ്യ ദാമോദരോ നാമ പിതാ സവിതൃസന്നിഭഃ
അനൃണസ്യ ഹി യസ്യാസന്നധമര്‍ണ്ണാ മരുദ്ഗണാഃ
തസ്യ തൽ പ്രിയസർവ്വസ്വം രാഘവേശാനസംജ്ഞകം
വിനേയസ്സ വിധേയാനാം സുഹൃൽ
യസ്യ ദക്ഷിണകൈലാസലീലാപരിണതം മഹഃ
ചര്‍ച്ചാ ചന്ദനഗന്ധേന സുഗന്ധയതി മാനസം
കൃഷ്ണലീലാശുകന്ന്യാസ്യ കിശോരമധിദൈവതം
സ്മൃതിരത്നമിദം ബ്രൂതേ വേണു വാദിമുഖേന്ദുനാ"
ഈ ശ്ലോകങ്ങളിൽ നിന്നു് ആദിത്യപ്രജ്ഞനെന്നും ഈശാനദേവനെന്നും ലീലാശുകനു രണ്ടു ഗുരുക്കന്മാരുണ്ടായിരുന്നു എന്നും, അവരിൽ ആദിത്യപ്രജ്ഞൻ ജിതേന്ദ്രിയനും ഈശാനദേവൻ അന്തർമ്മുഖനും ഗുണശാലിയുമായിരുന്നു എന്നും, അവരുടെ ശിഷ്യന്മാരായി അനേകം മഹാന്മാർ ജീവിച്ചിരുന്നു എന്നും, ലീലാശുകന്റെ ആശ്രമാങ്കണത്തിൽ വിവിധതന്ത്രങ്ങൾ വിഹരിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ നീലിയും ദാമോദരനുമായിരുന്നു എന്നും, താനും ശാശ്വതിയായ കീര്‍ത്തിയും നീലി ഇരട്ടപെറ്റ മക്കളായിരുന്നു എന്നും, ലീലാശുകനു രാഘവേശൻ എന്നൊരു സുഹൃത്തുണ്ടായിരുന്നു എന്നും, ദക്ഷിണകൈലാസത്തിലെ ശിവൻ അദ്ദേഹത്തിന്റെ മനസ്സിനെ ആഹ്ലാദിപ്പിച്ചിരുന്നു എന്നും, പ്രസ്തുതസ്തോത്രം സാക്ഷാൽ ബാലഗോപാലൻ തന്നെയാണു വേണുവിൽകൂടി ഗാനംചെയ്തതെന്നും ഉള്ള അറിവുകൾ നമുക്കു ലഭിക്കുന്നു. ആദിത്യപ്രജ്ഞൻ ആരെന്നറിയുന്നില്ല. ഈശാനദേവനേയും നീലിയേയും ദാമോദരനേയും പറ്റി പ്രസ്താവിക്കുന്ന ശ്രീകൃഷ്ണകര്‍ണ്ണാമൃതപദ്യം ഞാൻ മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലൊ. ലീലാശുകന്റെ സുഹൃത്തായ രാഘവേശൻ കൃഷ്ണപദീകാരനായ രാഘവാനന്ദനിൽനിന്നു ഭിന്നനാണു്. ദക്ഷിണകൈലാസം തൃശ്ശൂർ തന്നെയാണു്; തൃപ്രങ്ങോട്ടെന്നു പറയുന്നവരുമുണ്ടു്. അതു ശരിയാണെന്നു തോന്നുന്നില്ല.
"ഏതച്ഛിവപുരം നാമ ക്ഷേത്രം പുണ്യമനുത്തമം
ദിവ്യം ദക്ഷിണകൈലാസം മഹാകൈലാസവദ്ഭുവി"
എന്നു കേരളാചാരദീപികയിൽ പ്രസ്താവിക്കുന്നതു തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെപ്പറ്റിയാണല്ലൊ.
എങ്കിലും തൃപ്രങ്ങോട്ട് (ശ്വേതാരണ്യം) ആണു് വില്വമംഗല ത്തിന്റെ ജന്മഭൂമി എന്നൂഹിക്കുന്നതിനു വേറെ തെളിവുകൾ ഉണ്ടു്. അദ്ദേഹത്തിന്റെ വകയായി 'കാലവധം' എന്നു മൂന്നു സര്‍ഗ്ഗത്തിൽ ഒരു കാവ്യമുണ്ടു്. അതു മാര്‍ക്കണ്ഡേയനെ ശ്രീപരമേശ്വരൻ മൃത്യുഭയത്തിൽനിന്നു പാലിക്കുന്ന കഥയെ വിഷയീകരിച്ചു കവി രചിച്ചിട്ടുള്ള ഒരു കൃതിയാകുന്നു. വ്രജസുന്ദരികളുടെ അഭ്യർത്ഥന അനുസരിച്ച് അവരോടു ശ്രീകൃഷ്ണൻ ശിവന്റെ പ്രസ്തുതമായ അപദാനം വര്‍ണ്ണിക്കുന്നതായാണ് കാവ്യത്തിന്റെ ആരംഭം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
"ശൈലേന്ദ്രമൂര്‍ദ്ധനി ധൃതാദ്ഭുതദിവ്യവേഷം
ദേവം വിലോക്യ നിഖിലവ്രജബാലരത്നം
പപ്രച്ഛ വിസ്മയരസേന പരീതചേതാ
ബദ്ധാഞ്ജലിർവ്രജജനഃ സ്വയമേവ കൃഷ്ണം
ദേവ, തദര്‍ച്ചനകൃതേ കൃതജന്മനാം നഃ
പ്രാപുസ്സമസ്തവിഷയാണി കൃതാര്‍ത്ഥഭാവം
കിന്തു ത്വരീയവദനാംബുജദിവ്യവാണീ-
മത്യദ്ഭുതാമനുബുഭൂഷുരലം ജനോയം"
* * * * *
“കിഞ്ചേദമദ്ഭുതരസം ചരിതം പുരാരേ-
ശ്‍ശൃണ്വ ഹന്ത! മധുകൈടഭവിദ്വിഷശ്ച;
സര്‍വ്വേപി ഘോഷനിലയാസ്സഹ ബാലവര്‍ഗ്ഗൈ-
ന്നത്വാഽസിതായ ച സിതായ ച ദിവ്യധാമ്നേ.
ഈശഃ കദാചിദചലേന്ദ്രമഹാസഭായാം
ഗീർവ്വാണമൌലിമണിമേദുരവേദികായാം
സഖ്യാ സഹൈവ സരസീരുഹലോചനേന
തത്തൽസ്തുതീരനുഭവൻ ജനമന്വഗൃഹ്ണാൽ."
അങ്ങനെ കൈലാസപർവ്വതത്തിലെ മഹാസദസ്സിൽ ശ്രീപരമേശ്വരൻ മഹാവിഷ്ണുവിനോടുകൂടി ദേവന്മാരുടെ സ്തുതികൾ കേട്ടുകൊണ്ടും ഇടയ്ക്കു പാർവ്വതീദേവിയെ കടാക്ഷിച്ചുകൊണ്ടും ഇരിക്കുമ്പോൾ ഒരു ആർത്തനാദം കേൾക്കുകയും നന്ദികേശ്വരനിൽനിന്നു വസ്തുത മനസ്സിലാക്കി കുപിതനായി വിഷ്ണുവിനോടും പ്രമഥഗണങ്ങളോടുമൊന്നിച്ചു കാലനോടു യുദ്ധത്തിന് അവിടെ നിന്നു പുറപ്പെടുകയും ചെയ്യുന്നു.
"തത്തത്തഥാവിധമഹോത്സവമണ്ഡിതായാം
സേവാനതൈർദ്ദിവിഷദാം നികരൈസ്സഭായാം
ആവിർബ്ബഭൂവ കിമപി ധ്വനിതം സുദൂരാ-
ദപ്യൈശ്വരം ഹൃദയമാചലയൽ ക്ഷണേന
സ്ഥിത്വാ മുഹൂർത്തമചലേ ക്ഷണമംബുജാക്ഷം
വാമാംസകൂടതടലഗ്നമഥാവരോപ്യ
പാണിം നിജം പുരരിപുഃ പരിവാരരാജം
സാജ്ഞം സരോഷമിവ നന്ദിനമന്വപശ്യൽ"
* * * * *
"ഭക്തൈകവശ്യ! ഭവദീയപദാരവിന്ദ-
രാഗാരുണാമലമതീനപി ദാസവര്‍ഗ്ഗാൻ
ആഹന്തി ഹന്ത! ഹതകഃ കിമു കാല (ഏഷ)
കാമാന്തകേതി വിനിശമ്യ വിഭുശ്ചചാല"
പിന്നീട് ശ്രീപരമേശ്വരനും കാലനും തമ്മിൽ യുദ്ധം നടക്കുന്നു. നന്ദി ആര്‍ത്തനായ മാര്‍ക്കണ്ഡേയനെ കഴുത്തിൽ എടുത്തുകൊണ്ടു തിരുമുമ്പിൽ ചെല്ലുകയും ശിവൻ ആ മുനികുമാരനെ തന്റെ വാഹനത്തിൽ കയറ്റിയിരുത്തുകയും ചെയ്യുന്നു.
അത്രാന്തരേ സരഭസം പരിവൃത്യ നന്ദീ
കണ്ഠേ നിജേ സമനുഗൃഹ്യ മുനിം തമാര്‍ത്തം
നാഥഗ്രതോപി ഗതവാൻ നയനത്രയേണ
സമ്പൂര്‍ജിതഃ സ്മരജിതാ ചിതസംഭ്രമേണ.
മുക്തസ്സ മൃത്യുമുഖഗഹ്വരതോ മൃകണ്ഡോഃ
പുത്രഃ പുരത്രയജിതാ നിജവാഹനാര്‍ദ്ധേ
ആരോപിത ശ്ശ്രിതജനേ കരുണാമയേന
സോപ്യസ്യ പാദകമലേ പ്രണിപത്യ തസ്ഥൗ.
ഒടുവിൽ കാലൻ ശിവൻ ശൂലം വക്ഷസ്സിലേറ്റു മരിക്കുകയും അതോടുകൂടി പ്രഥമസര്‍ഗ്ഗം അവസാനിക്കുകയും ചെയ്യുന്നു. രണ്ടും മൂന്നും സര്‍ഗ്ഗങ്ങൾ സ്തുതിമാത്രപരങ്ങളാണു്. ഒടുവിൽ മുനികുമാരന്റെ അപേക്ഷാനുസാരം ശിവൻ തൃപ്രങ്ങോട്ടു തന്റെ വാസഗേഹമാക്കി ലിംഗാത്മനാ അവിടെ സന്നിധാനം ചെയ്തു എന്നു താഴെകാണുന്ന ശ്ലോകത്തിൽ പ്രസ്താവിച്ചുകാണുന്നു.
"അഥ പ്രയാതേഷ്വഖിലേഷു നാകിഷു
ദ്വിതീയവേഷേ ജലധിം പ്രതീയുഷഃ
തസ്മിൻ പുനഃശ്വേതവനേ ശിവഃ സ്വയം
ലിംഗാത്മനാ സന്നിദധേ മുനീച്ഛയാ"
ഗ്രന്ഥാന്തത്തിൽ "ഇതി ശ്രീകൃഷ്ണലീലാശുകസ്യ കൃതൌ കാലവധേ തൃതീയസ്സര്‍ഗ്ഗസ്സമാപ്തഃ" എന്നിങ്ങനെ മൂന്നാംസര്‍ഗ്ഗം അവസാനിക്കുന്നു. ഇതുതന്നെയാണു് ഏകദേശം തൃപ്രങ്ങോട്ടെ സ്ഥലപുരാണത്തിന്റെ ഗതിയും. ശ്വേതൻ എന്നു പേരായ ബ്രാഹ്മണബാലൻ അല്പായുര്‍ദ്ദോഷം നീങ്ങുന്നതിനായി മൃത്യുഞ്ജയനെ ഭജിച്ചുവന്നിരുന്നു എന്നും, ഒരു ദിവസം തിരുനാവായ ക്ഷേത്രത്തിൽപോയി മഹാവിഷ്ണുവിനെ തൊഴുതു തിരിയെവരുന്ന വഴിക്കു കാലൻ ആ കുട്ടിയെ പിൻതുടർന്നു എന്നും, കുട്ടി ഓടിപ്പോയി ഒരു മണൽത്തിട്ടിനെ ശിവനെന്ന ഭാവത്തിൽ ആലിംഗനം ചെയ്തുഎന്നും, ശിവൻ പ്രത്യക്ഷീഭവിച്ചു കാലനെക്കൊന്നുഎന്നുമാണല്ലൊ ആ പുരാണത്തിലെ കഥ. ശ്വേതൻ എന്ന മുനികുമാരൻ മുക്തിലഭിച്ച സ്ഥലമാകയാൽ ശ്വേതവനം അഥവ ശ്വേതാരണ്യം എന്നു് ആസ്ഥലത്തിനു പേർ സിദ്ധിച്ചുപോലും! അവിടെ ഭാരതപ്പുഴയുടെ പോഷകനദിയായി വാളയാറെന്നപേരിൽ ഒരുചെറിയ തോടുണ്ടായിരുന്നു; ഇപ്പോഴുണ്ടോ എന്നു അറിഞ്ഞുകൂടാ. അതിനെ കവി, "ശിശുസരിതം വദന്തി സരിതം പാര്‍ശ്വചരീം" എന്നു വണ്ണിക്കുന്നു. ശിശു = ബാലൻ (വാലൻ). ഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശത്തിൽ ഈ ക്ഷേത്രത്തെപ്പറ്റി,
"ബ്രഹ്മാഭ്യാസപ്രശമിതകലീൻ പ്രാപ്യ ദീപ്രാൻ പ്രകാശാൻ
ശ്വേതാരണ്യം വ്രജബഹുമതം ധാമ മൃത്യുഞ്ജയസ്യ
ദൃഷ്ട്വാ ദൂരേ സകൃദപി ജനാ യന്ന പശ്യന്ത്യവശ്യം
മൃത്യോര്‍വ്വക്ത്രം നിടിലഘടിതഭ്രൂകടികം കദാചിൽ"
എന്നു വര്‍ണ്ണിച്ചിരിക്കുന്നതു നോക്കുക.
ഇനി മറ്റു ചില സ്തോത്രങ്ങളെപ്പറ്റി പ്രസ്താവിക്കാം. ലീലാശുകന്റെ ദക്ഷിണാമൂർത്തിസ്തവം, അഭിനവകൌസ്തുഭമാല ഈ രണ്ടു സ്തോത്രങ്ങൾ അച്ചടിച്ചിട്ടുണ്ടു്. ഭക്ഷിണാമൂർത്തി ചൊവ്വര (ശുകപുരം) യിലെ തേവരാകുന്നു.
"പുരാ ശുകപുരക്ഷേത്രേ മയാ ദൃഷ്ടഃ സദാശിവഃ
ദക്ഷിണാമൂർത്തിനാമ ച സേവിതഃ പഞ്ജരസ്തവൈഃ
ദക്ഷിണാശാമുഖോ ദേവോ ദക്ഷിണാമൂർത്തിരവ്യയഃ
ഉപാസിതോ മയാ പൂർവ്വം ദാക്ഷിണ്യായ ഗിരാം സ്വയം"
എന്നു കേരളാചാരദീപികയിൽ കാണുന്നു. 'ദീപികാ'കാരനു ദക്ഷിണാമൂര്‍ത്തിസ്തവത്തെപ്പറ്റി അറിവുണ്ടായിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. ആ സ്തവത്തിൽ ഒടുവിലത്തെ പദ്യം താഴെക്കാണുന്നതാണു്
"ത്രിഭുവനസുഭഗേയം ദക്ഷിണാമൂർത്തിമുര്‍ത്തൌ
ഭഗവതി കൃതഭാവാ കൃഷ്ണലീലാശുകീയാ
ജയതു ജയതു ദേവീ ഭാരതീ ജീവലോക-
ശ്രവണഹൃദയജിഹ്വാ ജന്മസാഫല്യമേതു"
ഇതു കൂടാതെ പന്ത്രണ്ടു പദ്യങ്ങളേ അതിലടങ്ങീട്ടുള്ളു.
അഭിനവകൌസ്തുഭമാല മഹാവിഷ്ണുവിന്റെ പാദാദികേശവര്‍ണ്ണനപരമായ ഒരു സ്തോത്രരത്നമാകുന്നു. ആകെ നാല്പത്താറു പദ്യങ്ങളുണ്ട്. ഇതിനു രത്നസഹോദരകൌസ്തുഭമാലയെന്നും പേരുണ്ടു്. ആഴ്‍വാർ കൌസ്തുഭത്തിന്റെ അവതാരമെന്നാണു് ശ്രീവൈഷ്ണവസമ്പ്രദായികൾ വിശ്വസിക്കുന്നതു്. വില്വമംഗലം താൻ അഭിനവകൌസ്തുഭം ആണെന്നു് ഏതദ്ദ്വാരാ ധ്വനിപ്പിച്ചില്ലെന്നു നിശ്ചയമാണു് എങ്കിലും ഈസ്തുതി തിരുവാനായ വിഷ്ണുവിനെപ്പറ്റിയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അവിടത്തെ മൂര്‍ത്തി, ലക്ഷ്മീദേവിക്കും ഗജേന്ദ്രനും പ്രത്യക്ഷമായതായാണ് ശ്രീ വൈഷ്ണവസിദ്ധാന്തം. അഭിനവകൌസ്തുഭമാലയിലെ ആദ്യത്തെ ശ്ലോകമാണ് താഴെക്കാണുന്നത് :-
"ലക്ഷ്മീശ്ച കൌസ്തുഭശ്ചേതി യദ്രത്നദ്വയമുദ്ധൃതം
തന്നഃ കാമദുഘം ഭൂയാൽ തേജസ്ത്രൈലോക്യമംഗലം."
ഈ ശ്ലോകത്തിൽ ആദ്യമായി ലക്ഷ്മിപദം ഘടിപ്പിച്ചിരിക്കുന്നതു സപ്രയോജനമാണെങ്കിൽ എന്റെ ശങ്ക കേവലം അസ്ഥാനത്തിലല്ല. ഈ സ്തോത്രത്തിൽ അവസാനത്തെപ്പദ്യം താഴെക്കാണുന്നതാണു്:-
"ശ്രീകൃഷ്ണകേളിശുകവാങ്മയവീചിമാലാ-
ലീലാരസജ്ഞ ... ... ശ്രവണാഞ്ചലസ്യ
ദേവസ്യ ദിവ്യഹൃദയേ ഹൃദയംഗമേയം
കണ്ഠസ്ഥലേ ച സുകൃതാം സുചിരായ ജീയാൽ."
ശ്രീകൃഷ്ണകേളീശുകൻ എന്നാൽ കൃഷ്ണലീലാശുകൻ. 'കണ്ഠസ്ഥലേ ച സുകൃതാം' എന്ന ഭാഗത്തിൽ കവി കൌസ്തുഭമാലയുടെ പ്രയോജനത്തെ നിര്‍ദ്ദേശിക്കുന്നു. ഇവ കൂടാതെ ഗണപതി, കാര്‍ക്കോടകൻ(?), രാമചന്ദ്രൻ, എന്നീ ദേവതകളേയും അഭവം, വൃന്ദാവനം ഈ പുണ്യസ്ഥലങ്ങളേയും പറ്റി വില്വമംഗലം സ്തോത്രങ്ങൾ നിര്‍മ്മിച്ചിട്ടുള്ളതായി അഭിജ്ഞന്മാർ പറയുന്നു; ഞാൻ കണ്ടിട്ടില്ല; എന്നാൽ ഈ മഹാകവിയുടെ വകയായി എന്റെ ഗവേഷണങ്ങൾക്കിടയിൽ അരിയന്നൂർ കാവിലെ ദുര്‍ഗ്ഗാഭഗവതിയെപ്പറ്റിയുള്ള ഒരു സ്തോത്രം ഞാൻ ഈയിടയ്ക്കു കണ്ടുപിടിച്ചിട്ടുണ്ടു്. മറ്റാരും കണ്ടിരിക്കുവാൻ ഇടയില്ലാത്ത ആ സ്തോത്രം താഴെ ഉദ്ധരിച്ചുകൊള്ളട്ടെ. 'ദിശതു ഹരികുമാരീമന്ദിരാവാസി നീ നഃ" എന്നു ചന്ദ്രോത്സവകാരൻ സ്മരിച്ചിട്ടുള്ള പൊന്നാനിത്താലൂക്കിൽപ്പെട്ട അരിയന്നൂര്‍ക്കാവൂ ക്ഷേത്രത്തിലെ ദേവതതന്നെയാണു് ഇതു്. "ഇതി ശ്രീകൃഷ്ണലീലാശുകമഹാകവിവിരചിതേ രത്ന സഹോദരമാലിനീ നാമ മൂലകന്യാസ്തുതിസ്സമാപ്താ" എന്നു് അവസാനത്തിൽ ഒരു കുറിപ്പും കാണുന്നുണ്ടു്. ഇതിലും അഭിനവകൌസ്തുഭമാലയിലുമുള്ള രത്നസഹോദരപദത്തിന്റെ സ്വാരസ്യം വിശദമാകുന്നില്ല.
ദുര്‍ഗ്ഗാസ്തുതി
“മണികനകവിഭൂഷാമിശ്രിതൈരുൽപലൌഘൈ-
രൂപചിതപരഭാഗാമുജ്ജ്വലാം മൂര്‍ത്തിലക്ഷ്മീം
വഹസി ജലധരശ്രീസോദരേ! ദേവി! ദുര്‍ഗ്ഗേ!
ജയ ജയ ഹരികാകന്യാഗ്രാമചൂഡാഗ്രഭൂഷേ!
അരുണ ചരണപദ്മേ ഹാരിദീപ്യദ്ദുകൂലേ!
സ്തനകലശവിനമ്രേ! ധന്യനാനായുധാഢ്യേ!
വികസിതമുഖചന്ദ്രേ! വീരലീലാരസജ്ഞേ!
ജയ ജയ ജയ ദുര്‍ഗ്ഗേ! ജൈത്രചിത്രാപദാനേ!
അതുലതുമുലകേളീ ... ... ദ്വിജൃംഭാ-
വിഭവര സികഭാവാബദ്ധധമ്മില്ലഭാരേ!
മൃഗപതിമധിരൂഢേ! വിഷ്‌ഫുരൽസിംഹനാദേ!
വിഹിതമഹിഷദേഹ ... ... ... പ്രസീദ
ഖണഖണദിതിവല്ഗൽഖഡ്ഗകോലാഹലശ്രീ-
ധുതധുതവിബുധാരിവ്രാതരക്താവസിക്തേ!
വിവിധവിബുധസേനാസൂനവൃഷ്ടിപ്രഹൃഷ്ടേ!
ജയ ജയ ജയ ദുര്‍ഗ്ഗേ! ദേവി ദേവി! പ്രസീദ
ത്വമസി സദസി സംഘൈ സ്വർഗ്ഗിണാം കീര്‍ത്ത്യമാനാ;
ത്വമസി തപസി സിദ്ധൈഃ സിദ്ധവർഗ്ഗൈര്‍വ്വിമൃഗ്യാ;
ത്വമസി തമസി ഹസ്താലംബനം മാദൃശാനാം;
ത്വമസി. തദസി തത്ത്വം; തത്ത്വമേവാംബ വേത്ഥ.
ത്വമസി കമലയോനേരാനനാംഭോരുഹശ്രീ-
സ്ത്വമസി ദനുജശത്രോസ്തുംഗവക്ഷഃസ്ഥലശ്രീഃ
ത്വമസി മദനശത്രോശ്ശ്യാമവാമാര്‍ദ്ധലക്ഷ്മീ-
സ്ത്വമസി നിഗമമൂര്‍ത്തേമ്മണ്ഡലാഭോഗലക്ഷ്മീഃ.
ത്വമസി ജഗതി മാതര്‍ജ്ജന്മിനാം ജന്മസിദ്ധി-
സ്ത്വമസി മദനമാതര്യോഗിനാം യോഗസിദ്ധിഃ
ത്വമസി വചസി മാതര്‍വ്വാഗ്മിനാം വാൿപ്രവൃത്തി
സ്ത്വമസി വപുഷി മാതഃ പ്രാണിനാം പ്രാണശക്തിഃ
ത്വമസി കിമപി മാതര്‍മ്മംഗലം മംഗലാനാം;
ത്വമസി കിമപി മാതര്‍വ്വൈഭവം വൈഭവാനാം;
ത്വമസി കിമപി മാതര്‍ദ്ദൈവതം ദൈവതാനാം;
ത്വമസി കിമപി മാതര്‍ജ്ജീവിതം ജീവിതാനാം.
അയമയമവബദ്ധൈരഞ്ജലീനാം സഹസ്രൈ-
രിമിദമിഹ യാചേ നമ്രയാ ദേവി! വാചാ;
ഭജദഭിമതദാനവ്യഗ്രപാദാരവിന്ദേ!
ഭഗവതി! മയി ദുര്‍ഗ്ഗേ! ദേഹി കാരുണ്യദൃഷ്ടിം.
മഹതി മഹസി മഗ്നേ! ഭഗ്ന ചന്ദ്രാര്‍ക്കദര്‍പ്പേ!
മധുരിമരസധാരാവര്‍ഷികേളീകടാക്ഷേ!
പരിണതകരുണാർദ്രൈര്‍ഭാവനീയേ! മുനീന്ദ്രൈ-
ഭഗവതി! മമ ദുര്‍ഗ്ഗേ! ദുര്‍ഗ്ഗതിം ദൂരയേഥാഃ.
മഹിഷശിരസി പാദം മാനസേ വാ മദീയേ
നിദധത നിരവദ്യജ്ഞാനവിജ്ഞാനവേദ്യേ!
ഹരഹര! ഹരികന്യാഗ്രാമ സത്യാധിവാസേ!
ഭഗവതി! ഭവതാപാൽ പാഹി മാം പാഹി മാതഃ!
ഭുവനസുഭഗവേഷേ! ഭൂഷണശ്രേണിചിത്രേ!
വിപുലകമലജനത്രേ! വിശ്രുതേ വിക്രമേഷു
അഭിനവഘന... ... ... മാദിബാലേ!
ഭഗവതി മമ ഭക്തിർഭുക്തയേ മുക്തയേ ച.
തവ മഹിനി മങ്ക്തും കേ വയം കേവലം ത്വ-
ചരണകമലസേവാഭക്തിഭാരാവനമ്രാഃ
തദപി ഗുണഗണൈസ്തൈർഗുംഫിതം സ്തോത്രമേതൽ
സകൃദപി ഭുവനാനാം മാതരുത്തംസയേഥാഃ.
കവിമധുകരസാര്‍ത്ഥൈര്‍ഗ്ഗാഢനിർല്ലീഢമൂര്‍ത്ത്യാ
പ്രതിമുഹുരനയാ വാങ്‍മാലയാ മാലിനീ മാം
ബഹളബഹളഹര്‍ഷോൽകര്‍ഷഫുല്ലൽകടാക്ഷാ
ഭവഭവ ഭവസിന്ധോര്‍മ്മാതരുദ്ധൃത്യ ധന്യാ.
ഇതി ഭഗവതി കൃഷ്ണ ഭക്തിസാമ്രാജ്യഭാജാ
ത്വയി ച ഭുവനമാതുർഭൂർഭുവസ്സ്വസ്ത്രയീശേ!
കിമപി രചിതമേതൽ കൃഷ്ണലീലാശുകേന
ശ്രവണനവവിനോദം നന്ദകന്യേ! നയേത.
ജയജയ ഹരികന്യാനാമമംഗല്യമാലേ!
ജയജയ ഹരികന്യാനാമമാണിക്യമാലേ!
ജയജയ ഹരികന്യാനാമസമ്പൽസമൃദ്ധേ!
ജയജയ ഹരികന്യാനാമസര്‍വേഷ്ടസിദ്ധേ!"
ഈ ദുഗ്ഗാസ്തോത്രം രചിക്കുമ്പോഴും കവി കൃഷ്ണഭക്തനായിരുന്നു എന്നു കാണാവുന്നതാണു്.
ചിത്രങ്ങളോടുകൂടിയ ഒരു ബാലഗോപാലസ്തുതി ഗുര്‍ജ്ജരദേശത്തിലും രാജസ്ഥാനത്തിലും പ്രചരിക്കുന്നുണ്ട്. ആ കൃതിയുടെ മൂന്നുപ്രതികൾ ഇതുവരെ കിട്ടീട്ടുണ്ടു്. അവയിൽ ഒന്നു് ക്രി: പി: 1425 ഇടയ്ക്കാണു് പകർത്തിയിരിക്കുന്നതു് എന്നു് അഭിജ്ഞന്മാർ പറയുന്നു. ഓരോശ്ലോകത്തിലെ വിഷയത്തേയും പ്രതിപാദിക്കുന്നതിനു ഓരോചിത്രമുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ "ഇതി ശ്രീ പരമഹംസ പരിവ്രാജകശ്രീപാദവില്വമംഗലവിരചിതാ ശ്രീ ബാലഗോപാലസ്തുതിഃ" എന്നു് ഒരു കുറിപ്പുകാണുന്നു. അതിൽനിന്നു ചിലശ്ലോകങ്ങൾ താഴെഉദ്ധരിക്കുന്നു.
"യശോദയാ ഗാഢമൂലൂഖലേന ഗോകണ്ഠപാശേന നിബദ്ധ്യമാനഃ
സമ്മര്‍ദ്ദയൻ പാണിതലേന നേത്രേ രുരോദ മന്ദം നവനീതചോരഃ"
"മന്ഥാനമുജ്ഝ മഥിതം ദധി ന ക്ഷമസ്ത്വം
ബാലോഽസി വത്സ വിരമേതി യശോദയോക്തഃ
ക്ഷീരാബ്ധിമന്ഥനമിതി സ്മൃതിജാതഹാസോ
വാഞ്ഛാസ്യദം ദിശതു നോ വസുദേവസൂനുഃ"
ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തെപ്പറ്റി ഉപന്യസിക്കുന്നതിനു മുൻപു കവിയുടെ മറ്റു ചില കൃതികളെപ്പറ്റിയും കൂടി പറയാം. വില്വമംഗലം വ്യാകരണത്തിലും വേദാന്തത്തിലും ആഗമശാസ്ത്രത്തിലും അത്യധികം നിഷ്ണാതനായിരുന്നു. വ്യാകരണത്തിൽ പുരുഷകാരത്തിനുപുറമെ, ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണത്തിനു കൃഷ്ണലീലാവിനോദം എന്നൊരുവ്യാഖ്യാനവും സുബന്തസാമ്രാജ്യമെന്നും തിങന്തസാമ്രാജ്യമെന്നും രണ്ടു സ്വതന്ത്രകൃതികളും നിര്‍മ്മിച്ചിട്ടുണ്ടു്. ശ്രീചിഹ്നം എന്ന പ്രാകൃതകാവ്യം തന്നെ വരരുചിയുടെ പ്രാകൃത സൂത്രങ്ങളെ ഉദാഹരിക്കുന്നതിനുവേണ്ടി രചിച്ചതാണെന്നു മുൻപു പ്രസ്താവിച്ചുവല്ലൊ. കാവ്യത്തിൽ കിരാതാര്‍ജുനീയത്തിൽ 'ലക്ഷ്മീ' പദവും ശിശുപാലവധത്തിൽ 'ശ്രീ'പദവും ഹരവിജയത്തിൽ 'രത്ന' പദവും പോലെ സര്‍ഗ്ഗാന്തംതോറും സിരി(ശ്രീ)പദം ആവർത്തിക്കുന്നതുകൊണ്ടാണു് അതിനു് 'ശ്രീ'ചിഹ്നം എന്നു പേർവന്നതു്. വേദാന്തത്തിൽ വില്വമംഗലം കേനോപനിഷത്തിനു 'ശങ്കരഹൃദയംഗമാ' എന്നൊരു വിവരണം രചിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.
"തത്ത്വം കിമപി കൃഷ്ണസ്യ സമുത്തീര്‍ണ്ണജഗദ്ഭ്രമം
സ്വപ്രഭം സുഖസാമ്രാജ്യം സ്വദതേ സ്വാദിമാവധി.
വന്ദേ ഭഗവതീ, ഗംഗാം തുംഗാം ഭഗവതസ്തനൂം
ഉന്മജ്ജന്തി നിമജ്ജന്തി തസ്യാം ഭുവനവീചയഃ
കേനേഷിതോപനിഷദഃ കൃഷ്ണലീലാശുകോ മുനിഃ
ആചാര്യവചസം ചാര്‍ത്ഥമാഹ വീക്ഷ്യ വിവക്ഷിതം.
കാമം വയം ബഹുവിദോ ഭവേമ ന ഭവേമ വാ;
കൃതിരേഷാ വിശേഷജ്ഞാൻ കിന്തു കണ്ഠേ ഗ്രഹിഷ്യതി.
വിവൃതിം ദ്വയതത്ത്വജ്ഞാ വേദവ്യാഖ്യാസു ശിക്ഷിതാഃ
പദവാക്യപ്രമാണജ്ഞാഃ പരീക്ഷന്താമിമാം ക്രമാൽ.
സങ്കലിതസകലസാരാം ശങ്കരഹൃദയംഗമാമിമാം വിവൃതിം
അങ്കുരിതബഹുളപുളകാലംകൃതയഃ ശൃണുത ശൃണുത ബുധാഃ!
വയമപ്യൻഗൃഹ്യേമഹി; കര്‍ണ്ണാവപി വഃ കൃതാർത്ഥതാം ലഭതാം;
അപി ച ഭൂവനാത്ഭുതേഽസ്മിൻ സുഖസാമ്രാജ്യേ മുഹുര്‍മ്മതിഃ പ്ലവതാം.
* * * * *
തത്ത്വം ജയതി കൃഷ്ണസ്യ തദ്വിഷ്ണോഃ പരമം പദം
അദ്വയം യദ്വയം ശശ്വദാസ്വാദ്യാസ്വാദ്യ നിർവൃതാഃ
അപിച,
ഗുരുണാ കരുണാനിരീക്ഷണക്ഷണനിര്‍വ്വാസിതസർവ്വസജ്വരാഃ
നിജനിർവൃതിപര്‍വ്വസര്‍വ്വതഃ കവയാമഃ; കഥയാമഹ കിയൽ?
* * * * *
താമേതാം വിവൃതിം തഞ്ച ശാശ്വതം ശിവമച്യുതം
തച്ചെതൽ സഹജാഹ്ലാദസ്വാരാജ്യമധിഗച്ഛത."
ആഗമശാസ്ത്രത്തിൽ വില്വമംഗലം ശ്രീകൃഷ്ണപൂജാവിധിപരമായി 'ക്രമദീപിക' എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ട് 'രഹസ്യഗോപാലതന്ത്രചിന്താമണി' എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ വാസുദേവൻ നമ്പൂരി കൃഷ്ണലീലാശുകൻ, ഭവത്രാതൻ, രാഘവാനന്ദൻ, മാധവൻ, ശങ്കരൻ, നാരായണാചാര്യൻ ഇവരെ സമ്പ്രദായപ്രവർത്തകന്മാരായി ഗണിച്ചുവന്ദിക്കുന്നു.
"ശ്രീഗുരൂണാം ശിവാദ്യാനാം പ്രണൌമി ചരണാവലിം
യാൽ പ്രസാദാദിദം വിശ്വമവിശ്വാസ്യഭവന്മമ.
കൃഷ്ണ ലീലാശുകശ്രീമച്ചരണാംഭോജനിഃസൃതാം
യതീന്ദ്രമധുപവ്രാതവേഷ്ടിതാം ധൂളിമാത്രയേ.
ഭവത്രാതഗുരോഃ പാദനഖചന്ദ്രാൻ പ്രണൌമ്യഹം
യേഷാം പ്രസാദതഃ കാർഷ്ണീ ജ്യോസ്നാ ഭുവി വിരാജതേ
നമഃ ശ്രീരാഘവാനന്ദസൂരിപാദായ നിത്യശഃ
ഭക്താനാമാശയധ്വാന്ത സംഭേദനപടീയസേ.
തസ്യൈ ശ്രീമാധവീയാംഘ്രിനഖരജ്യോതിഷേ നമഃ
യാ ദശയതി ഭക്താനാമന്തഃ കാർഷ്ണീം തനും സദാ
ശ്രീമച്ഛങ്കരപാദാബ്ജയുഗളോത്ഥാൻ രജഃകണാൻ
ഭക്താന്തരതമഃപങ്കശോഷണാൻ പ്രണമാമ്യഹം
ശ്രീമന്നാരായണാചാര്യ പാദപങ്കേരുഹോത്ഥിതാൻ
വഹാമി ശിരസാ പാംസുനജ്ഞാനോച്ചാടനേൗഷധാൻ.
ശ്രീമദ്രഹസ്യഗോപാലമന്ത്രചിന്താമണേര്‍വ്വിധിഃ
കഥ്യതേ വാസുദേവേന സമ്പ്രദായക്രമാഗതഃ”
* * * * *
"ഏതന്മനോരമിതതേജസ ആനിപാതം
ഗോപാലകസ്യ വരവര്‍ണ്ണസുധാര്‍ണ്ണവോത്ഥം
യഃ സ്തോത്രമൌക്തികമനന്യരതിര്‍ദ്ദധാതി
കണ്ഠേ; സ യാതി സകലേശ്വരസാമാസ്യം"
കേരളത്തിലെ വൈഷ്ണവസമ്പ്രദായാചാന്മാരിൽ അഗ്രിമസ്ഥാനം വാസുദേവൻ, ശിവാദിഗുരുക്കന്മാരെ കഴിച്ചാൽ വില്വമംഗലത്തിന്നാണല്ലൊ ഈ നിബന്ധനത്തിൽ നല്ലിയിരിക്കുന്നതു്. ആദ്യത്തെ പരമഭാഗവതൻ കുലശേഖര ആഴ്]വാരാണെങ്കിലും ഗ്രന്ഥകാരൻ അദ്ദേഹത്തെ സ്മരിക്കുന്നില്ല. അതു് അദ്ദേഹം കേവലം സ്തോത്രനിർമ്മാതാവു മാത്രമാകയാലായിരിക്കണം. ശിവാദിഗുരുക്കന്മാർ ആരെന്നറിയുന്നില്ല. ഈശാനശിവൻ അഥവാ ഈശാനദേവനാണോ ഇവിടെ സ്മൃതനായിരിക്കുന്നതു് എന്നുമറിഞ്ഞുകൂടാ.
ഇനി ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തെപ്പറ്റിയാകുന്നു പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നതു്. കര്‍ണ്ണാമൃതത്തെ കേവലം ഒരു കേരളീയകൃതി എന്നു പറവാൻ പാടില്ല. ഇൻഡ്യയുടെ സകലഭാഗങ്ങളിലും അതിനു പരിനിഷ്ഠിതമായ പ്രശസ്തി ലഭിച്ചിട്ടുണ്ടു്. ചിത്രകലാവിമര്‍ശ്ശകന്മാരിൽ അഗ്രഗണ്യനായ ഓ. സി. ഗാംഗുലി അദ്ദേഹത്തെ ദക്ഷിണജയദേവനെന്നും അദ്ദേഹം ഭാരതവര്‍ഷത്തിന്റെ പൊതുസ്വത്തെന്നും മദനമോഹനമാളവീയസ്മാരകഗ്രന്ഥത്തിൽ പ്രസംഗവശാൽ പ്രസ്താവിച്ചുകാണുന്നു. കൃഷ്ണകര്‍ണ്ണാമൃതത്തിനു ദേശംതോറും പാഠഭേദമുണ്ടു് കേരളപാഠം ആന്ധ്രപാഠത്തിൽനിന്നു വ്യത്യസ്തമാണു്; കേരളപാഠംതന്നെ ഒന്നിലധികമുണ്ടുതാനും. ദേവജിഭീമജിയുടെ അച്ചുക്കൂടത്തിൽ അച്ചടിച്ച ഒരു പഴയ കേരളപാഠത്തിൽ,
"കണ്ണാമൃതം ഭാഗവതശ്ചരിതം രസജ്ഞഃ
ശ്ലോകത്രയാധികശതത്രയമാദരേണ
ശൃണ്വൻ പഠന്നനുദിനം സമുപൈതി സിദ്ധിം
സിദ്ധോ യഥാ സകലലോകവിഹാരരൂപാം"
എന്നൊരു പദ്യം അവസാനത്തിൽ കാണുന്നുണ്ട്; അതിൽനിന്നു ഊഹിക്കേണ്ടതു കണ്ണാമൃതം നൂറ്റൊന്നു പദ്യങ്ങൾ വീതമടങ്ങിയ മൂന്നുഭാഗങ്ങളോടു കൂടിയതെന്നാണല്ലൊ. എന്നാൽ ആ പാഠത്തിൽതന്നെ ഒന്നാം ഭാഗത്തിൽ 113-ം, രണ്ടാംഭാഗത്തിൽ 114-ം മുന്നാംഭാഗത്തിൽ 109-ം, അങ്ങനെ 336 പദ്യങ്ങളാണു കാണുന്നതു്.
ശ്രീരംഗവാണീ വിലാസമച്ചുക്കൂടത്തിൽ നിന്നു അച്ചടിച്ചു പ്രസിപ്പെടുത്തീട്ടുള്ള ആന്ധ്രപാഠത്തിൽ പ്രസ്തുത സ്തോത്രത്തെ മൂന്നാശ്വാസങ്ങളായി വിഭജിച്ചു പ്രഥമാശ്വാസത്തിൽ 107-ം, ദ്വിതീയാശ്വാസത്തിൽ 110-ം, തൃതീയാശ്വാസത്തിൽ, 112-ം, അങ്ങനെ 329 പദ്യങ്ങൾ അടക്കിയിരിക്കുന്നു. ആന്ധ്രപാഠത്തിൽ കാണുന്ന പല ശ്ലോകങ്ങൾ കേരളപാഠത്തിൽ ഉണ്ടു്
“മൌലൌ ചന്ദ്രകഭൂഷണം മരകതസ്തംഭാഭിരാമം വപുര്‍-
വ്വൿത്രം ചിത്രവിമുഗ്ദഹാസമധുരം ബാലേ വിലോലേ ദൃശൌ
വാചശൈശവശീതളാ മദഗജശ്ലാഘ്യാ വിലാസസ്ഥിതി-
മന്ദം മന്ദമയേ! ക ഏഷ മഥുരാവീഥീമിതോ ഗാഹതേ?".
“ദേവാസ്ത്രിലോകീസൌഭാഗ്യകസ്തൂരീതിലകാങ്കുരഃ
ജീയാദ്‍വ്രജാംഗനാനംഗകേളീലാളിതവിഭ്രമഃ"
"മുഖാരവിന്ദേ മകരന്ദവിന്ദുനിഷ്യന്ദിലീലാമുരളീനിനാദേ
വ്രജാംഗനാപാംഗതരംഗഭംഗസംഗ്രാമഭൂമൌ തവ ലാലസാ സ്മഃ"
" ആഭീരമുദ്ധാക്ഷി!ഭജസ്വധൈര്യം കാ ഭീരിദാനീമപി തേ വിവിക്തേ?
നാഭേരധസ്താദിതി ദത്തഹസ്തോ ഗോപാലകൃഷ്ണഃ കുലദൈവതം നഃ"
"വത്സവ്രാതചരഃ കോപി വത്സഃ ശ്രീവത്സലാഞ്ഛനഃ
ഉത്സവായ കദാ ഭാവീത്യുത്സ കേ മമ ലോചനേ"
"മധുരമധരബിംബേ മഞ്ജുളം മന്ദഹാസേ
ശിശിരമമൃതനാദേ ശീതളം ദൃഷ്ടിപാതേ
വിപുലമരുണനേത്രേ വിശ്രുതം വേണുനാദേ
മരകതമണിനീലം ബാലമാലോകയാമഃ"
ഇത്യാദി പദ്യങ്ങൾ ആ കൂട്ടത്തിൽപെട്ടവയാണു്. അതുപോലെ,
"മാധുര്യേണ വിജ്രംഭന്താം വാചാ നസ്തവ വൈഭവേ
ചാപല്യേന വിവര്‍ദ്ധതാം ചിന്താ നസ്തവ ശൈശവേ"
“ഹസ്തമാക്ഷിപ്യ യാതോഽസി ബലാൽ കൃഷ്ണ! കിമത്ഭുതം?
ഹൃദയാദ്യദി നിര്യാസി പൌരുഷം ഗണയാമി തേ"
“തമസി രവിരിവോദ്യന്മജ്ജതാമംബുരാശൌ
പ്ലവ ഇവ തൃഷിതാനാം സ്വാദുവര്‍ഷീവ മേഘഃ
നിധിരിവ നിധനാനാം ദീര്‍ഘതീവ്രാമയാനാം
ഭിഷഗിവ കുശലം നോ ദാതുമായാതി ശൌരിഃ"
"ജാനുഭ്യാമഭിധാവന്തം ബാഹുഭ്യാമപി സുന്ദരം
സകുണ്ഡലാളകം ബാലം ഗോപാലം ചിന്തയേ സദാ."
ഇങ്ങനെ ചില പദ്യങ്ങൾ കേരളപാഠത്തിലില്ലെങ്കിലും, ആന്ധ്രപാഠത്തിൽ കാണുന്നുമുണ്ട്. ആന്ധ്രപാഠം കേരളപാഠത്തെ അപേക്ഷിച്ചു ദുഷ്ടമാണു്
"ശിശുപാലബാലപരിഷദ്വിഭൂഷണം
ശിശുരേഷ ശീതലവിലോലലോചനം"
എന്ന ആന്ധ്രപാഠത്തിൽ പാപായല്ലയസൂരി "ശിശുപാലബാലാ വത്സപാലകാ ബാലാഃ” എന്നു് അര്‍ത്ഥകല്പനചെയ്യുന്നു. 'പശുപാലബാല' എന്ന കേരളപാഠമാണു് ശുദ്ധം എന്നു പറയേണ്ടതില്ലല്ലൊ.
'ഇശോനദേവചരണാഭരണേന നീവി-
ദാമോദരസ്ഥിരയശഃസ്തബകോദ്ഗമേന'
എന്ന അബദ്ധമായ പാഠം വ്യാഖ്യാനിക്കുമ്പോൾ സുരി വല്ലാതെ കാടു കയറുന്നുണ്ടു്. "ഈശാനദേവോ മഹാദേവഃ, തസ്യ ചരണൌ പാദൌ ആഭരണം യസ്യ തേന; ആഭരണം യഥാ അത്യാദരേണ ധ്രിയതേ തദ്വദത്യാദരേണ ധ്രിയമാണശിവപാദാരവിന്ദേനേത്യര്‍ത്ഥഃ; അനേന ശിവദ്വേഷപ്രയുക്തദോഷോ മയി മാസ്ത്വിതി സൂചിതം. നീവീഭൂതം മുലധനഭൂതം ... ... ... ദാമോദരസ്യ കൃഷ്ണസ്യ സ്ഥിരയശഃ നിശ്ചലകീർത്തിഃ; തദേവ സ്തബകഃ ഗുച്ഛകഃ; ... ... തത്ര ഉദ്‌ഗമേന ഉന്മുഖേന, അത്യാദരയുക്തേനേത്യര്‍ത്ഥ!." ഈ കുയുക്തികളെല്ലാം വേണ്ടിവന്നത്, ലീലാശുകന്റെ ഗുരു ഈശാനദേവനും മാതാപിതാക്കന്മാർ നീലീദാമോദരന്മാരുമാണെന്നു് അറിയായ്ക നിമിത്തമാണു് കൃഷ്ണകര്‍ണ്ണാമൃതംകൂടാതെ, ബാലകൃഷ്ണസ്തോത്രം, ബാലഗോപാലസ്തുതി, കൃഷ്ണബാലചരിതം, കൃഷ്ണാഹ്നികകൌമുദി, ഗോവിന്ദസ്തോത്രം, ബാലകൃഷ്ണക്രീഡാകാവ്യം, ഗോവിന്ദൈകവിംശതികാ മുതലായി അനേകം സ്തോത്രങ്ങൾ ബാലകൃഷ്ണപരമായി കവി രചിക്കുകയും അവയിലെ പദ്യങ്ങളും പൂര്‍വ്വസൂരികളുടെ സൂക്തികളും കൂടി കര്‍ണ്ണാമൃതാദിഗ്രന്ഥങ്ങളിൽ സംക്രമിക്കുന്നതിന് ഇടവരികയും ചെയ്തിട്ടുണ്ടു്. ഒരു ഉദാഹരണം പ്രത്യേകം എടുത്തുകാണിക്കാം. കേരളപാഠത്തിലും ആന്ധ്രപാഠത്തിലും അംഗീകരിച്ചിരിക്കുന്നതായി,
"കൃഷ്ണനാംബ! ഗതേന രന്തുമധുനാ മുദ് ഭക്ഷിതാ സ്വേച്ഛയാ;
സത്യം കൃഷ്ണ?; ക ഏവമാഹ?; മുസലീ;മിഥ്യാംബ! പശ്യാനനം;
വ്യാദേഹീതി വികാസിതേഥ വദനേ മാതാ സമസ്തം ജഗ-
ദ്ദൃഷ്ട്വാ യസ്യ ജഗാമ വിസ്മയവശാ; പായാൽ സ വഃ കേശവഃ"
എന്നൊരുപദ്യമുണ്ടു്. ഈ പദ്യം ക്രി: പി: പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ക്ഷേമേന്ദ്രൻ ചന്ദകന്റേതു' എന്നുപറഞ്ഞു അത്ഭുതരസത്തിന് ഉദാഹരണമായി ഔചിത്യവിചാരചര്‍ച്ചയിൽ ഉദ്ധരിക്കുന്നു. ചന്ദകൻ അഥവാ ചന്ദ്രകൻ കാശ്മീരകനായ ഒരു കവിയാണു്. ശാർങ്ങധരന്റെ പദ്ധതിയിലും വല്ലഭദേവന്റെ സുഭാഷിതാവലിയിലും അതു് ഉദ്ധൃതമായിട്ടുണ്ടെങ്കിലും അവർ തൽകര്‍ത്താവു് അജ്ഞാതനാമാവാണെന്നു പറയുന്നു. കാശ്മീരകനായ ക്ഷേമേന്ദ്രന്റെ അഭിപ്രായം ഈ വിഷയത്തിൽ അംഗീകരിക്കേണ്ടതാണെന്നു തോന്നുന്നുണ്ടു്. അങ്ങനെയാണെങ്കിൽ അത് വില്വമംഗലത്തിന്റെ 303 പദ്യങ്ങളിൽ പെട്ടതല്ലെന്നു വന്നുകൂടുന്നു.
തിരുവിതാംകൂറിൽ പൌരസ്ത്യ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന മി: കെ. സാംബശിവശാസ്ത്രികൾ ഈയിട സമ്പാദിച്ച ഒരു ഗ്രന്ഥത്തിൽ കൃഷ്ണകര്‍ണ്ണാമൃതശ്ലോകങ്ങളുമായി ഇടകലർന്നു വില്വമംഗലത്തിന്റെതെന്നു വിചാരിക്കത്തക്ക പല ബാലകൃഷ്ണപരങ്ങളായ പദ്യങ്ങളും കാണുന്നു. അശ്രുതപൂര്‍വ്വങ്ങളായ ആ പദ്യങ്ങളിൽ ചിലതു താഴെ പകര്‍ത്തിക്കൊള്ളട്ടെ,
"അവ്യാന്മീലൽകളായദ്യുതിരഹിരിപുപിഞ്ഛോല്ലസൽകേശജാലോ
ഗോപീനേത്രോല്പലാരാധിതലളിതവപുര്‍ഗ്ഗോപഗോവൃന്ദവീതഃ
ശ്രീമദ്വക്‌ത്രാരവിന്ദപ്രതിഹസിതശശാങ്കാകൃതിഃ പീതവാസാ
ദേവോസൗ വേണുവാദ്യക്ഷപിതജനധൃതിദ്ദേവകീനന്ദനോ വഃ
മൌലൌ കേകിശിഖണ്ഡിനീ മധുരിമാധാരേഽധരേ വംശിനീ
പീനാ ... ... ... ഹൃദി ലസൽകാരുണ്യകല്ലോലിനീ
ശ്രോണ്യാം പീതദുകൂലിനീ ചരണയോവ്യത്യസ്തവിന്യാസിനീ
മായാ കാപി വിലാസിനീ വിജയതേ വൃന്ദാവനാവാസിനീ.
അത്യന്തബാലം വ്രജസുന്ദരീണാം നൃത്യന്തമഗ്രേ നവനീതഹേതോഃ
ശ്രുത്യന്തഗമ്യം പ്രതിഷിദ്ധഭാജാം പ്രത്യന്തഭൂമിം പ്രഭുമാശ്രയേഥാഃ
സപ്തസ്വരോദ്ഭാസിതസപ്തരന്ധ്രം വിന്യസ്യവേണും വദനാരവിന്ദേ
വ്യാപാരയത്യംഗുലിപല്ലവാനി രന്ധ്രേഷു രന്ധ്രേഷു മനോഹരാണി.
അഞ്ചതു ചഞ്ചലമോജഃ കിഞ്ചന മേ മനസി പഞ്ചതാസമയേ
അംഗണരിംഖണവിരണൽ കങ്കണമഞ്ജീരകിങ്കിണീവലയം.
താപിഞ്ചഗുച്ഛരുചി താമരസായതാക്ഷം
താരുണ്യനിര്‍ഭരതരംഗിതചാരുലീലം
താപത്രയ പ്രഥമഭേഷജമംഗഭാജാം
താദൃങ്മഹഃ സ്‌ഫുരതു ചേതസി താവകീനം.
കരേണ മൃദുനാചലം കമപി ബിഭ്രദഭ്രങ്കഷം
കദാചന പുലോമജാകമിതൃഗർവ്വസർവ്വങ്കഷം
യാശശ്ശശിഗഭസ്തിഭിര്‍ഗ്ഗഗനസിന്ധു കൂലങ്കുഷം
മഹഃ പരമുപാസ്മഹേ വ്രജാമഹീകരീഷങ്കജം.
മുരാരിനാമ്നഃ കളഭസ്യ നൂനമാളാനമാസീത്ത്രയമേവ ഭൂമൌ
ഉലൂഖലം വാ യമിനാം മനോ വാ ഗോപാംഗനാനാം കുചകുട്‌മളം വാ.
കൃഷ്ണാര്‍ക്കതേജസോൽഫുല്ലരുൿമിണീവദനാംബുജം
ആചുംബ്യാചുംബ്യ ഗായന്തം വന്ദേ ഗോവിന്ദഷട്‌പദം.
അധരിതഹരിനീചരുചിര്‍വ്വിധുരിതശകടീവിധൂതതരുയുഗളീ
കുകുരകുലജീവികാ തേ വിതരതു വിജയം മഹീയസീ മായാ.
ബാലമബാലം കൃഷ്ണം കിങ്കിണിമാലാഭിരാമജഘനഭരം
രുരു നഖഭൂഷിതകണ്ഠം കരധൃതനവനീതപായസം വന്ദേ.
ശ്രീകൃഷ്ണായാശ്രിതാനര്‍ത്ഥസാര്‍ത്ഥസംഹൃതിഹേതവേ
ശ്രീദാമാദിവസ്യായ പ്രശംസ്യായ നമോ നമഃ.
കോമളാധരബിംബചുംബിതവേണുനാളമനോഹര-
ക്വാണമോദിതഗോപികാജനഗീയമാനനിജോദയം
മന്ദഹാസമരീചിമണ്ഡലരജ്യമാനദിഗന്തരം
നന്ദഗോപതനൂഭവം മുനിവൃന്ദവന്ത്ര്യമുപാസ്മഹേ.
കളായകുസുമോപമം കലിതചന്ദ്രകാപീഡകം
കാരാച്ചലിതകിങ്കിണീകളനിനാദലോലം മഹഃ
ചിരം ശരണമസ്തു വഃശിവദമാചിതം വേണുനാ
വിരാജിതജഗത്ത്രയം വിവിധബദ്ധലീലാസ്പദം.
വൃത്യസ്തചരണകമലം വേണുലതാവിവരമുഖരിതാമ്നായം
പായാദപായരഹിതം മായാഗോപാലവിഗ്രഹം തേജഃ.
വേഗോൽപാടനധൂതഭൂതലമുരുത്രാസോച്ഛലൽപന്നഗം
ഭ്രാമ്യൽകുഞ്ജരയൂഥമുൽപഥസരിൽകല്ലോലകോലാഹലം
നേത്രൈരാകുലതാരകൈരവനിഭൃൽപക്ഷച്ഛിദാ പ്രേക്ഷിതം
ബാലശൈലമുദഞ്ചയൻ പ്രദിശതു ശ്രേയാംസി ഭൂയാംസി വഃ.
കാളിമതുലിതകളായം കാളിന്ദീപുണ്യപുളിനകളഹംസം
കാളിയഫണരംഗനടം കേളീപശുപാലമാശ്രയേ ബാലം.
വേണു സ്വനപ്രണയി വേദഗിരാം രഹസ്യം
കേളീഗൃഹീതതനു കേകിശിഖണ്ഡചൂഡം
താപിഞ്ഛരഗുച്ഛരുചി താമരസായതാക്ഷം
ജീയാന്തഹഃ കിമപി ജീവിതമിന്ദിരായാഃ
മന്ദസ്മിതസ്നപിതമുദ്ധമുഖാരവിന്ദേ
മന്ദാനിലാകുലിതകോമളകാകപക്ഷേ
ഗോഗോപഗോപവനിതാജനപുണ്യപൂരേ
ഗോപാലബാലതിലക രമതാം മനോ മേ.
മദാലസ വിലോചനൈർവ്രജവധൂജനൈസ്സാദരം
മുഹുര്‍മുഹുരുദീക്ഷിതം മുനിമനോഭിരാമ്രേഡിതം
പുരന്ദരപുരോഗമൈര്‍വ്വിയതി സംഗതൈസ്സംസ്തുതം
വനാവനിചരം ചിരം ശ്രയത ഗോപവേഷം മഹഃ.
ചിന്മഹോദധികല്ലോലം തന്തഹോ വിതനോതു വഃ
സ്തനന്ധയം യശോദായാ ധനഞ്ജയധനം ജയം.
മുരാസുരനിഷൂദനം മുഷിതകാളമേഘപ്രഭം
മനോജ്ഞമുഖപങ്കജം മധുരകമ്രബിംബാധരം
സ്വഭാവമധുരസ്മിതം സൗസവേണുനാദാമൃതം
സരോരുഹവിലോചനം സതതമസ്തു വഃ സ്വസ്തിദം.
ഇന്ദ്രനീലദരസുന്ദരാവയവനിന്ദിതാസിതഘനദ്യുതിം
ചന്ദ്രകാന്തിഭരചോരണാചതുരവൿത്രതര്‍ജ്ജിതസരോരുഹം
ചന്ദ്രവേണുനിനദാമൃതൈകരസധേനുവൃന്ദസമുപാസിതം
ചന്ദ്രകാങ്കിതശിരോരുഹം നമത നന്ദഗോപതനയം സദാ
അഗണിതമഹിമാശരണാശ്ശതമഖശര്‍വ്വാനതോല്ലസച്ചരണാഃ
വ്രജകുലബാലാരമണാശ്ചേതസി മേ ഭാന്തു ചിന്മണേ! കിരണാ
അങ്കുരിതം യദുവംശേ പല്ലവിതം വല്ലവീകളാലാപേ
കോരകിതം ശ്രുതിശിഖരേ ഫലിതം ഭക്തേഷു പാദപം വന്ദേ.
കൃഷ്ണഃ കരോതു കല്യാണം കംസകുഞ്ജരകേസരീ
കാളിന്ദീലോലകല്ലോലകോലാഹലകുതൂഹലീ.
അഗോപയോഷിന്നയനാഞ്ചലാഞ്ചിതാ-
മകംസഹന്ത്രീമയോപയോഗിനീം
അകന്യകാച്ഛാദനഹാരിണീം വയം
ന ദേവതാം ചേതസി ചിന്തയാമഹേ.
ഈ പദ്യങ്ങൾക്കും കൃഷ്ണകര്‍ണ്ണാമൃതത്തിലെ പദ്യങ്ങൾക്കും തമ്മിലുള്ള സാദൃശ്യം അന്യാദൃശമായിരിക്കുന്നു.
വില്വമംഗലത്തിന്റെ 'ഭാവനാമുകുരം' എന്നൊരു കൃതിയെപറ്റിയാണു ഇനി പറയാൻപോകുന്നതു്. ശ്രീകൃഷ്ണന്റെ പാദ്ദാദികേശം സൽസമ്പ്രദായികൾ ധ്യാനിക്കുന്നത് ഇന്നവിധത്തിലാണെന്നു കവി ആ കാവ്യത്തിൽ നിസര്‍ഗ്ഗമനോഹരങ്ങളായ കുറെ വസന്തതിലകപദ്യങ്ങളിൽ നമുക്കു കാണിച്ചുതരുന്നു. ഇതും മുൻപു പറഞ്ഞ താളിയോല ഗ്രന്ഥത്തിന്റെ ഒരു ഭാഗമാണ്.
തേനൈതാമഥ വിഭാവ്യ മനോ നിയമ്യ
സത്സന്യാദായാദവീകുശലാഃ ക്രമേണ
അംഗാനി തസ്യ ചിരമിത്ഥമമുഷ്യ പത്യുഃ
പ്രത്യേകമേവ ഹൃദി ധാരണയാ സ്മരന്തി.
അംഭോജമത്സ്യകുലിശാങ്കുശകൂർമ്മശംഖ-
ചക്രധ്വജാമലഗദാഭിരലംകൃതൌ തൌ
ക്രീഡാം സദാ കലയതം കുഹനാകിശോര-
ഭാവസ്യ കൈടഭരിപോശ്ചരണൌ മമാന്തഃ
നാഥസ്യ നാടകശിശോഃ പരിതഃ സ്‌ഫുരന്തീ
പാദാരവിന്ദനഖചന്ദ്രമരീചിമാലാ
ആഭാതി ലോകഭരണാകരുണാരസശ്രീ-
രമ്യാ ഹി ജഹ്നുതനയേവ വിനിസ്സരന്തീ.
സര്‍വ്വസ്വമാദിമഗിരാമണിമാദിസിദ്ധി-
ജീവാതുമാദിസദനം മനസാം മുനീനാം
ഭാഗ്യോദയം കിമപി ഗോപവിലാസിനീനാ-
മീക്ഷാമഹേ മുരരിപോശ്ചരണാരവിന്ദം.
വിദ്യാവിദഗ്ദ്ധതരുണീനവകേളിദോലാ-
മാണിക്യപീഠമനിശോദ്ഗതരശ്മിജാലം
ക്രീഡാശിരോരമലമൌലിമണിപ്രഭാഭിര്‍-
ന്നീരാജിതം പദയുഗം ഹൃദി ഭാവയാമി.
ദേവസ്യ ജാനുയുഗചംക്രമണേഷ്വ പൃഥ്വീ
കാന്താംഗസംഗജനുഷാ പുളകേന ജംഘേ
ആദ്യത്വമാഹതുരനുൽക്രമകാന്തികാന്തേ
പങ്കൈഃ കരീഷമിളിതൈരപി ലക്ഷ്യമാണൗ.
ഊരൂ ഹരേർഭുവനമന്ദിരപദ്മരാഗ-
സ്തംഭോപമാവരുണകാന്തിമയൌ വിഭാതഃ
അദ്യാപി തൈര്‍ന്നഖരദാരിതദാനവേന്ദ്ര-
ദുർദ്ദേഹഗര്‍ഭഗളിതൈ രുധിരൈരിവാർദ്രൌ.
സൂത്രം സുവര്‍ണ്ണമയമന്തരബദ്ധരത്ന -
മഗ്രേ വിളംബി മുകരാവൃതഗോപനീയം
ആവിര്‍ഭവൽകിണികിണിക്വണകിങ്കിണീക-
മസ്മാദ്വിഭോരധികടി പ്രകടം ചകാസ്തി.
ആരോഹസീമ്‌നി കലിതാ കുരുവിന്ദധാമ്നി
ദേവസ്യ കാഞ്ചനമയീ പരമസ്യ കാഞ്ചീ
സന്ധ്യാഘനാവലിരിവാംബരബിംബചുംബി
സൌദാമിനീ സഹചരീ ഹരതേ മനാംസി.
ആനന്ദമാകലയതേ വൃതമന്ദരാദ്രേഃ
കാഞ്ചീഗുണഗ്രഥിതരത്നമരീചിവീചി
സംന്ധ്യാതിലംഘിപരിശൃംഭിതജംഭവൈരി
കോദണ്ഡഡംബരവിഡംബനപണ്ഡിതാ നഃ.
ഹാരസ്യകാന്തിലഹരീ ഹരിനാഭിരന്ധ്രം
വ്യാപ്യ പ്രഭോസ്തത ഇതഃ പരിനിസ്സരന്തീ
നിര്‍ഗ്ഗത്വരീവ ബഹിരുൽകടതാമുപേത്യ
സ്ഫാരാ വിഭാതി കരുണാമൃതസാരധാരാ.
ബ്രഹ്മാണ്ഡഗര്‍ഭമുദരം ബലിബന്ധിനോസ്യ
ദാമോദരസ്യ ജനനീകൃതദാമബദ്ധം
വിദ്വൈകവേദ്യമഹനീയപദാംബുജസ്യ
വ്യാഖ്യാത്യുദഗ്രകരുണാഭരപാരതന്ത്ര്യം.
തിസ്രോ ജയന്തി വലയസ്ത്രിദശൈകബന്ധോർ-
ല്ലാവണ്യ പുണ്യതടിനീലഹരീവിലാസാ
അന്തഃസ്ഥിതിം ഗതവതാം ജഗതാം ത്രയാണാ-
മന്യോജ്യസീമ്‌നി രചിതാ ഇവ രത്നരേഖാഃ.
ശ്രീഭൂവിനോദനകരോദരകേളിപീഠി
സംവിൽകലാസദനരത്നവിലാസഭംഗീ
വക്ഷസ്തടീവ്രജവധൂനയനാന്തകേളി-
ചിത്രക്രിയാ ഫലകൃതാം ഭജതേ വിഭോന്നി.
പാടീരസാരഘനസാരകുരംഗനാഭി-
കാശ്മീരകര്‍ദ്ദമസുഗന്ധകൃതാധിവാസേ
ഗ്രൈവേയഭൂഷണവിജ്രംഭിതനൂത്നരത്ന-
പ്രോദ്യൽപ്രഭാഭരവിചിത്രവിതാനരമ്യേ.
വ്യാലംബിമൌക്തികലതാവിഹിതാഗ്രിശോഭേ
ലക്ഷ്മീവിഹാരമണിമണ്ഡപതാം പ്രപന്നേ
വക്ഷഃസ്ഥലേ സുലളിതേ വസുദേവസൂനോ-
ദ്ദീപായതേ വിതതമദ്ധ്യമണിര്‍മ്മഹൗജാഃ (യുഗ്മകം.)
പര്യന്തദേശപരികീലിതരത്നവജ്ര-
മാണിക്യനായകമനോരമമധ്യഭാഗാ
കണ്ഠസ്യ മൂലകലിതാ കരുണാംബുരാശേഃ
സ്ഥാലീ ചകാസ്തി കമലാമണിദര്‍പ്പണശ്രീഃ.
കമ്രാംഗുലീയകടകാഞ്ചിതദിവ്യദീപ്യ-
ന്മാണിക്യകാന്തികബരൌ പരമസ്യ ബാഹു
രത്നാംശുരഞ്ജിതപയോധിപയോന്തരാള-
ബാലപ്രവാളലതികാത്രിയമാശ്രയേതേ.
കല്ലോലിതാഃ കിരണമണ്ഡലധാതുരാഗൈഃ
ശ്രീവല്ലഭസ്യ ജിതപല്ലവസൌകുമാര്യാഃ
കേഷാം ന തോഷവിധയേംഗുലയോ ഭവേയു-
സ്ത്രൈലോക്യചിത്രരചനാമണിതൂലിഭൂതാഃ.
അന്തഃസ്ഫുരന്നിജസുഖാബ്ധിതരംഗസംഗ-
ശീതാ ബഹിഃപരിമിളന്നവനീതഗന്ധാഃ
ഗാത്രാണി മേ ശിശിരയന്തി ശിശോഃ ശരണ്യാ
നിശ്വാസമന്ദമരുതോ നിഗമസ്വഭാവാഃ
പര്യന്തയോരഹഹ! കര്‍ണ്ണയുഗഞ്ച മന്യേ
നാസാപ്യഫോ യദി മുഹുര്‍ന്ന നിവാരയേതാം
അന്യോന്യസീമപരിലംഘനജാംഘികത്വം
കോ വാരയേന്നയനയോഃ കമലേക്ഷണസ്യ?
കൃഷ്ണസ്യ സാന്ദ്രകരുണാമൃതദിവ്യവൃഷ്ടി-
ധാരാളഭാവമധുരാ മയി ദൃഷ്ടിരസ്തു
ഗോപാലബാലമഹിളാപ്രഥമാനമാന-
ഗ്രന്ഥിഗ്രഹദ്രഢിമപാടനകേളിലോലാ.
സഞ്ചാരിണീമിവ മണിപ്രതിമാമുദാരാം
സമ്പ്രാപ്തമാര്‍ദ്ദവഗുണാം സമുപാത്തബാല്യാം
നിർവ്വര്‍ണ്ണയാമി നിഖിലാവയവാനവദ്യാം
നന്ദസ്യ പുണ്യവികൃതിം നവകാന്തിരേഖാം.
ലാവണ്യമസ്യ വികൃതം നനു ഗോപികാഭി-
സ്സൌന്ദര്യമസ്യ മദനസ്യ ഗുരോര്‍ന്ന വര്‍ണ്ണ്യം
ചാതുര്യമസ്യ ചതുരാനനജന്മഭൂമേര്‍-
വ്വാചാ പുനര്‍ജ്ജഗതി നൈവ വിവേചനീയം.
ഗോപാലബാലനികരൈര്‍ഗ്ഗതകേളിചിന്തൈര്‍-
ഗ്ഗോപീജനൈരപി ച വിമൃതബാഹ്യകൃതൈഃ
ഗോഭിശ്ച ചിത്രകലിതാഭിരിവാചലാഭി-
രാസ്വാദ്യതേ മധുരിമാ പരിതോ മുരാരേഃ.
ഇത്ഥം ക്രമേണ കുശലാ ഗുരുസമ്പ്രദായ-
ഘണ്ടാപഥാനവയവാൻ (സുചിരം) വിചിന്ത്യ
കൃഷ്ണം കൃതാര്‍ത്ഥമതയോ ഹൃദി ഭാവയേയു-
രാനന്ദരൂപമിമമാത്മതമാദ്വിതീയം.
ശുദ്ധം വിധായ സുധിയം സ്തവമത്യുദാര-
മന്വര്‍ത്ഥ ... ... ... ... ... സുവൃത്തഭാവം
യേ ഭാവനാമുകുരസംജ്ഞിതമാദ്രിയന്തേ
പശ്യന്തി തേ സക്വമംഗലമാത്മരൂപം."
"ഇതി ശ്രീകൃഷ്ണലീലാശുകമുനിവിരചിതായാം ഭാവനാമുകുരഃ സമാപ്ത" എന്നൊരു കുറിപ്പു ഗ്രന്ഥാന്തത്തിൽ കാണുന്നതിൽനിന്നു ഇതു വില്വമംഗലത്തിന്റെ പ്രബന്ധങ്ങളിൽ ഒന്നാണെന്നു വിശദമാകുന്നുണ്ടല്ലൊ.
ഗ്രന്ഥകാരന്റെ സകല കൃതികളിലും ശ്രീകൃഷ്ണപരമായ മംഗലാചരണം കാണാവുന്നതാണു്. താൻ ഒരു ശൈവ(സ്മാര്‍ത്ത)കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഒരു വൈഷ്ണവനായിക്കഴിഞ്ഞിരുന്നു. ഈ വസ്തുത അദ്ദേഹം ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിലെ,
"ശൈവാ വയം ന ഖലു തത്ര വിചാരണീയം
പഞ്ചാക്ഷരീജപപരാ നിയതം തഥാപി
ചേതോ മദീയമതസീകുസുമാവഭാസം
സ്മേരാനനം സ്മരതി ഗോപവധൂകിശോരം."
എന്ന പദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മേല്പുത്തൂരിന്റെകാലത്തു ചെമ്പകശ്ശേരിരാജാവിനെ സന്ദര്‍ശിച്ച യതി വൃന്ദാവനവാസിതന്നെയായിരുന്നു; അതു് വില്വമംഗലമല്ലെന്നു പറയേണ്ടതില്ലല്ലൊ. അതുപോലെ കൃഷ്ണനാദം രചിച്ച മാനവേദരാജാവിന്റെ ഉപദേഷ്ടാവായിരുന്നതും വില്വമംഗലമല്ല; തെക്കേമഠത്തിലെ സ്വാമിയാരന്മാരിൽ ആരെങ്കിലുമായിരിക്കാനും, ആ പൂജ്യപാദനെ ഔപചാരികമായി വില്വമംഗലം എന്നു രാജാവു വ്യവഹരിക്കുവാനും പാടില്ലായ്കയില്ലതാനും.
കഴിഞ്ഞു; വില്വമംഗലം അഥവാ കൃഷ്ണലീലാശുകൻ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ജന്മഭൂമി തിരുനാവായയ്ക്കടുത്തുള്ള തൃപ്രങ്ങോടായിരിക്കണം. ഇല്ലത്തിനു വില്ലുമംഗലമെന്നും വില്വമംഗലമെന്നും അവ്യവസ്ഥിതമായ സംജ്ഞയുണ്ടായിരുന്നു. അദ്ദേഹത്തിൻറ അമ്മ നീലിയും അച്ഛൻ ദാമോദരനുമായിരുന്നു. ജീവിതകാലം ക്രി: പി 1220-1300 ഇവയ്ക്കിടയിലാണെന്നുദ്ദേശിക്കാം. ആദിത്യപ്രജ്ഞൻ, ഈശാനദേവൻ, സോമഗിരി ഈ മുന്നു പേരും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു. ശ്രീകൃഷ്ണസമ്പ്രദായവിഷയത്തിൽ കേരളീയനായ ഗുരു ഈശാനദേവനും, വൈദേശികനായ ഗുരു സോമഗിരിയുമായിരിക്കാം. രാഘവേശൻ അദ്ദേഹത്തിന്റെ സുഹൃത്തും മുക്കോലദുര്‍ഗ്ഗാപ്രസാദൻ ശിഷ്യനുമായിരുന്നു. ചിന്താമണി എന്നൊരു വേശ്യയുമായി അദ്ദേഹം വേഴ്ചയിലായിരുന്നുവെന്നും, ആ സ്ത്രീരത്നമാണു് അദ്ദേഹത്തിനു മോക്ഷമാര്‍ഗ്ഗമുപദേശിച്ചതെന്നുമുള്ള ഐതിഹ്യം സത്യമായിരിക്കാം. ആ സ്ത്രീ ആന്ധ്രദേശക്കാരിയായിരുന്നു എന്നാണല്ലൊ ഭക്തമാലയിൽനിന്നു വെളിവാകുന്നതു് തൃക്കണാമതിലകത്തെ സഭായോഗത്തിൽ അദ്ധ്യക്ഷനായിരുന്നു എന്നും അവിടെനിന്നു ചേറ്റുവായ്ക്കും കൊടുങ്ങല്ലൂരിനും ഇടയുള്ള കായൽകടന്നു കാക്കത്തുരുത്തിയിലുള്ള വേശ്യാഗൃഹത്തിലേയ്ക്കാണു് അദ്ദേഹം പോയതെന്നും ഐതിഹ്യഘോഷണമുണ്ടെന്നു ചിലർ പറയുന്നു; എനിക്കതിനെപ്പറ്റി അറിവില്ല. ഗംഗാദേവി കര്‍ണ്ണാമൃതകവിയെ ആന്ധ്രദേശീയനാക്കി വര്‍ണ്ണിക്കുന്നത് അദ്ദേഹത്തിന് അവിടെ ഏതെങ്കിലും ബന്ധമുണ്ടായിരുന്നതിനാലാകണം. വില്വമംഗലം ഭാരതവര്‍ഷം മുഴുവൻ സഞ്ചരിച്ചിരുന്നു എന്നുള്ളതിനു സംശയമില്ല. പുരുഷകാരം രചിച്ചതു കാഞ്ചീപുരത്തുവച്ചായിരിക്കാം.
"കാഞ്ചീതി കാഞ്ചനപുരിം പ്രഥിതാദ്ഭുതശ്രീഃ
കാഭിശ്ചിദുത്സവവിഭൂതിപരമ്പരാഭിഃ
ചേതഃസ്ഥിതിം ച ജഗതാമധിവാസയൻ വോ
വിജയായ ഭൂയാൽ"
എന്നൊരു പദ്യം ആ ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്നുണ്ടു്. ഗണപതിസ്തോത്രം രചിച്ചതു ദ്വാരാ(ദോര) സമുദ്രത്തിൽ വച്ചായിരുന്നു. കേനോപനിഷദ്വിവൃതിയിൽ ഗംഗയെ വന്ദിക്കുന്നതുകൊണ്ടു അതിന്റെ നിര്‍മ്മിതി കാശിയിൽവച്ചാണെന്ന് ഊഹിക്കാം. പ്രഭാസത്തിലും ദ്വാരകയിലും താമസിച്ചു വല്ലഭസമ്പ്രദായത്തിനും, വൃന്ദാവനത്തിലും ജഗന്നാഥത്തിലും താമസിച്ചു ചൈതന്യസമ്പ്രദായത്തിനും മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്നു എന്നും സങ്കല്പിക്കാവുന്നതാണു്. തെക്കേമഠത്തിലെ സ്വാമിയാരായി അവരോധിക്കപ്പെടുന്നതിനുമുൻപും പിൻപും അദ്ദേഹം ഈ മാതിരി സഞ്ചാരങ്ങളിൽ ഏര്‍പ്പെട്ടിരുന്നിരിക്കാം. കൃഷ്ണലീലാശുകൻ എന്നതു് അദ്ദേഹത്തിന്റെ അതിമനോഹരവും 'ലളിതകോമളകാന്തപദാവലി' ഘടിതവുമായ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തെ അഭിനന്ദിച്ചു സഹൃദയന്മാർ നല്കിയ ബിരുദനാമമാണു്. സാക്ഷാലുള്ള പേരെന്തെന്നു അറിയുന്നില്ല. രമഭാഗവതൻ, മഹാവൈയാകരണൻ, വൈഷ്ണവസമ്പ്രദായപ്രവർത്തകൻ, വേദാന്തപാരഗൻ, കവിസാർവ്വഭൗമൻ ഇങ്ങനെ പലനിലകളിൽ അദ്ദേഹം തന്റെ കീര്‍ത്തിപതാകയെ ഉയർത്തി; ഭാരതവര്‍ഷമെങ്ങും അദ്ദേഹത്തിന്റെയും തദ്വാരാ കേരളത്തിന്റെയും പേരും പെരുമയും പരത്തി; അനവധി വിശിഷ്ടഗ്രന്ഥങ്ങൾ നിർമ്മിച്ചു. കേരളത്തിലെ മൂന്നു മഹാകവിമൂര്‍ദ്ധന്യന്മാർ ശങ്കരഭഗവൽപാദരും കൃഷ്ണലീലാശുകമുനിയും മേല്പത്തൂർ നാരായണഭട്ടതിരിയുമാണു്. ഭട്ടതിരിയുടെ യശസ്സമാത്രം ഇന്നും കേരളത്തിന്റെ ഇടുങ്ങിയ പരിധിയിൽ ഒതുങ്ങിക്കിടക്കുന്നു. ലീലാശുകൻ ജയദേവരെപ്പോലെ ഒരു അഖിലഭാരതവ്യക്തിയായി പരിലസിക്കുന്നു. ശങ്കരാചാര്യരാകട്ടെ, ഒരു അഖിലഭൂമണ്ഡലവ്യക്തിയുടെ നിലയിൽ എല്ലാസഹൃദയന്മാരുടേയും തത്ത്വചിന്തകന്മാരുടേയും ഹൃദയങ്ങളെ കോൾമയിർ കൊള്ളിക്കുന്നു; ഈ ദീപത്രയത്തെ കേരളീയരായ നമുക്കു യഥാവിധി ആരാധിച്ചു നിർവ്വതിനേടാം; ഇവയായിരിക്കട്ടെ നമുക്കു മാര്‍ഗ്ഗദര്‍ശ്ശകങ്ങളായ ജ്യോതിസ്സുകൾ.