പ്രാചീനകേരളചരിത്രത്തെ പരാമർശിക്കുന്നതും പണ്ടത്തെ കോലത്തുനാടുരാജാക്കന്മാരുടെ വംശാവലിയേയും അപദാനങ്ങളേയും കീര്‍ത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃത മഹാകാവ്യമാകുന്നു മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സര്‍ഗ്ഗങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. പതിനഞ്ചാം സഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകങ്ങൾ അടങ്ങിയ ഒന്നോ രണ്ടോ ഓലകൾ കാണ്മാനില്ല. എങ്കിലും ആ സര്‍ഗ്ഗത്തോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു എന്നു് ഊഹിക്കുവാൻ ന്യായങ്ങളില്ലാതില്ല. ശ്രീകണ്ഠൻ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവര്‍ണ്ണനമാണു പതിനഞ്ചാം സര്‍ഗ്ഗത്തിലെ വിഷയം. ആ ശ്രീകണ്ഠൻ മഹാനായ പ്രഥമരാജേന്ദ്രചോളനാൽ പരാജിതനാക്കപ്പെട്ട കന്ത(ണ്ഠ)ൻകാരിവര്‍മ്മനാണെന്നുള്ളതിനു തെളിവുണ്ടു്. രാജേന്ദ്രചോളന്റെ രാജ്യഭാരകാലം ക്രി:പി: 1012 മുതൽ 1043 വരെയായിരുന്നതിനാൽ ഏകദേശം അക്കാലത്താണു ശ്രീകണ്ഠൻ ജീവിച്ചിരുന്നതെന്നുള്ളതിനു സംശയമില്ല. മൂഷികവംശകാവ്യത്തിന്റെ നിര്‍മ്മാതാവ് 'അതുലൻ' എന്ന ഒരു കവിയാന്നുള്ളതു് "അതുലകൃതൗ മൂഷികവംശേ ദ്വിതീയസര്‍ഗ്ഗഃ" എന്ന കുറിപ്പിൽനിന്നു വിശദമാകുന്നു. അതുലൻ എന്നതു നമ്പൂരിമാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നാമധേയമാണു്. അതു ഭാഷീകരിക്കുമ്പോൾ ലഭിക്കുന്ന പദമാണു 'തോലൻ' എന്നു ഞാൻ മറ്റൊരവസരത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അതുലനും ശ്രീകണ്ഠനും സമകാലികന്മാരാണെന്നുള്ളതും മൂഷികവംശത്തിൽ നിന്നു നാം ഗ്രഹിക്കുന്നു. ഇത്രയുമുള്ള പ്രസ്താവനയിൽ നിന്നു മൂഷികവംശകാവ്യത്തിന്റെ ആവിര്‍ഭാവം ക്രി: പി: പത്താം ശതകത്തിന്റെ ഒടുവിലോ പതിനൊന്നാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലോ ആണെന് അനുമാനിക്കാവുന്നതാണല്ലൊ. കേരളത്തിൽ ചരിത്രകാവ്യങ്ങൾ, ഭാരതവര്‍ഷത്തിലെ ഇതരഭാഗങ്ങളിലെന്നപോലെ അത്യന്തം വിരളങ്ങളാണ്. അവയുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനത്തിനു പ്രസ്തുത കാവ്യത്തിനും അവകാശമുണ്ട്.
മൂഷികവംശം അച്ചടിപ്പിച്ചിട്ടില്ല. അതിന്റെ ഒരു സംക്ഷേപം പരേതനായ ശ്രീമാൻ ററി. ഏ. ഗോപീനാഥറാവു തിരുവിതാങ്കൂർ ആര്‍ക്കിയോളജിക്കൽ സീരീസ് രണ്ടാം പുസ്തകത്തിൽ ഏതാനും ശ്ലോകങ്ങളുദ്ധരിച്ചുചേര്‍ത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ സംക്ഷേപം അപൂര്‍ണ്ണവും അത്യന്തം അപ്രമാദമെന്നു പറവാൻ പാടില്ലാത്തതുമാണു്. പോരെങ്കിൽ അതുതന്നെ, ഭാഷാഭിമാനികളിൽ പലരും വായിച്ചിരിക്കുവാൻ ഇടയുള്ളതുമല്ല. അതിനാൽ ആ കാവ്യത്തിന്റെ സ്വരൂപമെന്തെന്നു സ്പഷ്ടമാക്കുന്നതിനും അതിലടങ്ങിയിട്ടുള്ള ചില പ്രധാനചരിത്രരത്നങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ഞാൻ ഈ ഉപന്യാസദ്വാരാ ഉദ്യമിക്കുന്നതു്
ശ്രീപരശുരാമൻ മൂവേഴവട്ടം ക്ഷത്രിയരെ കൊന്നൊടുക്കിയകൂട്ടത്തിൽ ദാക്ഷിണാത്യനായ ഒരു രാജാവിനേയും വധിച്ചു. ആ രാജാവിന്റെ പട്ടമഹിഷി അന്വാരോണത്തിനു സന്നദ്ധയായെങ്കിലും, അന്തര്‍വ്വത്നിയാകയാൽ പുരോഹിതന്റെ ഉപദേശമനുസരിച്ച് ആ സാഹസത്തിൽനിന്നും വിരമിച്ചു.
കഥഞ്ചിദാശാപഹായ ദക്ഷിണാം ഹൃതാമുനാ നാതി ചിരാന്മനസ്വിനീ
പദൈരവാപദ്ഗുരുഗര്‍ഭമന്ഥരൈഃ പയോധിവേലാശ്രയാളിനം ഗിരിം
ആ മനസ്വിനി ദക്ഷിണദേശംവിട്ടു പുരോഹിതനാൽ നീതയായി ഗർഭഭാരം കൊണ്ടു മന്ദമന്ദം നടന്നു്, ഒരു വിധത്തിൽ സമുദ്രതീരത്തിലുള്ള 'ഏളിഗിരി'യിൽ, അതായത് ഏഴിമലയിൽ എത്തിച്ചേര്‍ന്നു. ആ മലയിലെ ഒരു ഗുഹയിൽ രാജ്ഞി ഗൂഢമായി താമസിക്കുന്ന അവസരത്തിൽ ഒരെലി ഒരു ആനയുടെ രൂപത്തിൽ ആ ദേവിയെ ഭക്ഷിക്കുന്നതിനായി പാഞ്ഞടുത്തു. എന്നാൽ ആ സാദ്ധ്വിയുടെ കോപം എലിയെ ഭസ്മീകരിച്ചു. അപ്പോൾ ആ മൂഷികൻ പർവ്വതരൂപധാരിയായി താൻ സാക്ഷാൽ ഏളിഗിരിതന്നെയാണെന്നും കുശികമഹര്‍ഷിയുടെ ശാപം നിമിത്തം എലിയായിപ്പോയതാണെന്നും മറ്റും ദേവിയേയും പുരോഹിതനേയും ധരിപ്പിച്ചു. പുത്രാൽപത്തി കഴിഞ്ഞിട്ടും രാജ്ഞി പരശുരാമനെ ഭയപ്പെട്ട് ആ ഗുഹയിൽതന്നെ വസിച്ചു. ഇതാണു് ഒന്നാം സര്‍ഗ്ഗത്തിലെ കഥ. ദേവിയുടെ സഞ്ചാരം തെക്കുനിന്നു വടക്കോട്ടാകകൊണ്ടും വേണാടും കോലത്തുനാടും തമ്മിലുള്ള ബന്ധുത്വം ഗാഢമാകകൊണ്ടും ഞാൻ ഊഹിക്കുന്നതു്, പരശുരാമൻ വധിച്ചത് ഒരു വേണാട്ടുരാജാവിനെയായിരിക്കണമെന്നാണു്. ആദികാലത്തിൽ മക്കത്തായമായിരുന്നു കോലത്തിരിരാജവംശത്തിൽ അനുവർത്തിക്കപ്പെട്ടിരുന്നതെന്നു പിന്നീടു കാണാം. ഗ്രന്ഥത്തിൽ പ്രഥമസര്‍ഗ്ഗത്തിലെ പല ഭാഗങ്ങളും പൊടിവാകയാൽ കൢപ്തമായി ഒന്നും പറവാൻ നിവൃത്തിയില്ല. പരശുരാമൻ കേരളം സമുദ്രത്തിൽ നിന്നു് ഉദ്ധരിച്ചതിനു മേലല്ലാതെ അവിടെ രാജാക്കന്മാരുടെ ആവിര്‍ഭാവത്തിനു പ്രസക്തിയെവിടെ എന്നൊരു ചോദ്യം ഈ ഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകാം. ആ ഐതിഹ്യത്തിന്റെ പാരമാര്‍ത്ഥത്തിൽ അതുലകവി വിശ്വസിക്കുന്നില്ല എന്നു മാത്രമേ ആ ചോദ്യത്തിനുത്തരമുള്ളു. അതിനു വളരെ മുൻപുതന്നെ കേരളം ഉണ്ടായിരുന്നതായി പ്രസ്താവിക്കുന്ന ദ്രാവിഡഗ്രന്ഥങ്ങൾ പലതുമുണ്ടു്.
രണ്ടാം സര്‍ഗ്ഗത്തിന്റെ ആരംഭത്തിൽ, പരശുരാമൻ ഏഴിമലയിൽ തപസ്സുചെയ്തതായും അവിടെവെച്ചു പല യാഗങ്ങൾ നടത്തിയതായും കവി ഉപന്യസിക്കുന്നു.
പ്രവർത്തമാനേഷു മാഖേഷ്വഥൈവം ക്വചിൽ പ്രയോഗേ കില തസ്യ രാജ്ഞാ
ക്ഷത്രാന്വവായ കൃതസംഭവേന കൃത്യം കുമാരേണ ബഭ്രൂവ കിഞ്ചിൽ.
താവൽ കുമാരം വ്യസനാദപാരാദുദന്വതോ ലോകമിവോദ്ധരിഷ്യൻ
വരാഹരൂപി ഭഗവാനിവോച്ചൈരേളീഗിരിഃ കാലവിദാവിരാസീൽ.
കശ്ചിൽ കുമാരശ്ശശിവംശജനാ സംവർദ്ധിതോ മാതൃപുരോഹിതാഭ്യാം
ത്വത്തോ ഭയാദസ്തി വിലാന്തവാസീത്യഥൈനമദ്രിഃ പ്രണാതാ ബഭാഷേ
ആ സന്ദർഭത്തിൽ ഒരു യാഗത്തിൽ ഏതോ ഒരു പ്രയോഗത്തിനു് ഒരു ക്ഷത്രിയരാജാവിന്റെ സാഹായ്യം അദ്ദേഹത്തിനു് അപരിഹാര്യമായിത്തീര്‍ന്നു. താൻ ക്ഷത്രിയരെ മുഴവൻ സംഹരിച്ചുകഴിഞ്ഞിരുന്നതിനാൽ ആ ഭാഗം നിര്‍വിഘ്നമായി നടത്തുന്നതിനു തന്നെക്കൊണ്ടു സാധിക്കുന്നതല്ലല്ലോ എന്നോർത്തു മഹര്‍ഷി വിഷമിച്ചു. അപ്പോൾ ഏളിഗിരി ചന്ദ്രവംശജനായ ഒരു രാജകുമാരനെ അദ്ദേഹത്തിന്റെ മാതാവും പുരോഹിതനും കൂടി തന്റെ വകയായ ഒരു ഗുഹയിൽ വളർത്തുന്നുണ്ടെന്നും ആജ്ഞയുണ്ടെങ്കിൽ അദ്ദേഹത്തെ മഹര്‍ഷിയുടെ മുമ്പാകെ കൊണ്ടുചെല്ലാമെന്നും അറിയിച്ചു. കരകാണാത്ത വ്യസനത്തിൽനിന്നു രാജകുമാരനെ, പണ്ടു ഭൂലോകത്തെ ആദിവരാഹരൂപനായ ഭഗവാൻ മഹാവിഷ്ണു സമുദ്രത്തിൽനിന്നു് എങ്ങനെ ഉദ്ധരിച്ചുവോ അതുപോലെ ഉദ്ധരിക്കുന്നതിനുള്ള പർവ്വതത്തിന്റെ അദ്ധ്യവസായം ഫലിച്ചു. യാഗപരിസമാപ്തിക്കുമേൽ ആ കർമ്മത്തിൽ തന്നെ സഹായിച്ച രാജകുമാരനെ പ്രസന്നനായ പരശുരാമൻ പല പ്രകാരത്തിൽ അനുഗ്രഹിക്കുകയും താൻതന്നെ കുംഭാഭിഷേകം ചെയ്തു് ഏഴിമലയ്ക്കും പരിസരപ്രദേശങ്ങൾക്കും രാജാവാക്കുകയുംചെയ്തു.
വിലേഽഭവാദ്യേന സ മൂഷികസ്യ രാമാച്ച യഃ പ്രാപ ഘടാഭിഷേകം
ബഭുവ തേനാസ്യ ജഗൽപ്രകാശം സമൂഷികം രാമഘടാഭിധാനം
ജ്യോത്സ്നാമിവേന്ദര്‍ജ്ജഗതോഭിരാമാം വിദ്യാമവന്ധ്യാമിവ വീതരാഗഃ
ലക്ഷ്മീമുദാരാം ക്ഷിതിപാലസൂനുഃ കവീശ്വരഃ കീര്‍ത്തിമിവാസസാദ.
മൂഷികഗിരിയുടെ ഗുഹയിൽ ജനിച്ചതുകൊണ്ടും പരശുരാമനിൽ നിന്നു ഘടാഭിഷേകം ലഭിച്ചതുകൊണ്ടും ആ രാജകമാരനു 'രാമഘടമൂഷികൻ' എന്ന പേർ ജഗൽപ്രസിദ്ധമായിത്തീര്‍ന്നു. ചന്ദ്രൻ മനോഹരയായ ചന്ദ്രികയേയും ജിതേന്ദ്രിയൻ ഫലവതിയായ (വേദാന്ത) വിദ്യയേയും മഹാകവി സൽകീർത്തിയേയും എന്നപോലെ അദ്ദേഹം വിശിഷ്ടയായ ലക്ഷ്മിയെ (ഐശ്വര്യത്തെ) സമാർജ്ജിച്ചു.
അനന്തരം രാമഘടൻ തന്റെ മന്ത്രിയായി മാഹിഷ്മതീവാസിയും മഹാനാവികനാമധേയനുമായ ഒരു വൈശ്യനെ നിയമിച്ചു്, കോലത്തിൽ (കോലത്തുനാട്ടിൽ ) തന്റെ രാജധാനിയേയും സ്ഥാപിച്ചു.
മാഹിഷ്മതീയോ മതിമാൻ കുലീനഃ ശ്രേഷ്ഠീമഹാനാവികനാമധേയഃ
മന്ത്രീ മഹീയാൻ ക്ഷിതിഭര്‍ത്തുരസ്യ വാചസ്പതിർവൃത്രരിപോരിവാസീൽ.
രാഷ്ട്രേ സ തത്ര സ്വഗുണാനുരക്തേ ശോഭാവതീമാഹിതഗുപ്തയോഗാം
ചക്രേ ഗുരുര്‍മ്മൂഷികഭൂപതീനാം കോലാഭിധാനാം കലരാജധാനീം
അവിടത്തെ വാഴകളെ കവി താഴെ കാണുന്നവിധം വര്‍ണ്ണിക്കുന്നു:---
വാതാവധൂതൈസ്സദലാഗ്രഹസ്തൈരാലംബനം കിഞ്ചിദിവാപ്തുകാമാഃ
ഫലാതിഭാരഗ്ലപിതാ നരേന്ദ്രഃ കോലോപശല്യേ കദളീരപശ്യൽ.
കാറ്റത്തുലയുന്ന ഇലകളാകുന്ന വിരലുകൾകൊണ്ടു് ആലംബനത്തിനു് അപേക്ഷിക്കുന്നുവോ എന്നു തോന്നുമാറു കലകളുടെ ഭാരംകൊണ്ടു ചാഞ്ഞ വാഴകളെ കോലരാജധാനിയുടെ പരിസരത്തിലുള്ള തുറന്ന സ്ഥലങ്ങളിൽ രാജാവു കണ്ടു. അദ്ദേഹത്തിന്റെ ധര്‍മ്മപരായണതയെ കവി ഇങ്ങനെ പ്രശംസിക്കുന്നു.
സ ശാലിഗോപീജനഗീയമാനം വിശാലമാകർണ്യ യശഃ സ്വകീയം
ലജ്ജാനതാസ്യോ രമണീജനസ്യ നിശ്ശങ്കദൃശ്യോ നൃപതിര്‍ബഭൂവ.
പാടങ്ങളിൽ പഞ്ചകാക്കുന്ന സ്ത്രീകൾ തന്റെ അപദാനങ്ങളെ വിഷയീകരിച്ചു പാടുന്ന പാട്ടുകൾ കേട്ടു രാമഘടൻ ലജ്ജകൊണ്ടു മുഖം കുനിക്കുന്ന അവസരത്തിൽ അവര്‍ക്കു അദ്ദേഹത്തെ നിശ്ശങ്കമായി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ലഭിച്ചു. ഒടുവിൽ കിള്ളാനദി കടന്നു ദിഗ്വിജയത്തിനു പുറപ്പെടുവാൻ ഉദ്യുക്തനായ രാജാവ് ഏഴിമലയിലെത്തി ശ്രീ പരശുരാമനെ വന്ദിച്ചു.
സമ്പ്രവിശ്യ പുര ഏവ കര്‍മ്മണാമന്തരേ സവിനയം പുരോഹിതഃ
പാദമൂലനമനക്ഷണാര്‍ത്ഥിനം ഭാര്‍ഗ്ഗവായ നൃപതിം ന്യവേദയൽ
സാഹസാന്മമ സമുദ്രമേഖലാ വത്സ! ഭൂരിയമനാഥതാം ഗതാ
രാഹുരുദ്ധതപനാംശുമണ്ഡലാ ദ്യൗരിവാദ്യ സമുപൈതി ശോച്യ താം
ഇന്ത്യദിര്യ സ നൃപായ ദത്തവാനസ്ത്രജാതമജിതഞ്ച കാര്‍മ്മുകം
സേന്ദ്രചാപമിവ ധാമ വൈദ്യുതം തോയദായ ചലതേ തപാത്യയഃ
രാജാവു മഹര്‍ഷിയുടെ പാദസേവയ്ക്കായി വന്നിരിക്കുന്നു എന്നു പുരോഹിതൻ അറിയിക്കവേ, മഹര്‍ഷി സന്തുഷ്ടനായി രാജാവിനെ വിളിച്ചു്, 'വത്സ! എന്റെ സാഹസത്താൽ സാഗരമേഖലയായ ഈ ഭൂമി അനാഥയായി, രാഹു മറച്ച സുര്യമണ്ഡലത്തോടുകൂടിയ ആകാശമെന്നപോലെ ശോചനീയതയെ പ്രാപിച്ചിരിക്കുന്നു' എന്നു പറയുകയും, എങ്ങനെ ഗ്രീഷ്മാവസാനകാലം മേഘത്തിനു മഴവില്ലോടുകൂടിയ വൈദ്യുതമായ ദീപ്തിയെ പ്രദാനം ചെയ്യുമോ അതുപോലെ അജയ്യമായ ധനുസ്സോടുകൂടിയ അസ്ത്രസമൂഹത്തെ നല്കുകയും ചെയ്തു. ഇവ നാലാം സർഗ്ഗത്തിലെ ശ്ലോകങ്ങളാണു്. മൂന്നാം സര്‍ഗ്ഗം പര്‍വ്വതവര്‍ണ്ണനമാകുന്നു.
പിന്നീടു ദിഗ്വിജയത്തിനുള്ള ഒരുക്കങ്ങളായി. രാമഘടന്റെ പൂര്‍വ്വന്മാരുടെ രാജ്യമായ ഹൈഹയം മാധവവര്‍മ്മാവെന്ന മാഗധനായ ഒരു ക്ഷത്രിയൻ ആക്രമിച്ചു കൈവശപ്പെടുത്തിയിരുന്നു. അതു വീണ്ടെടുക്കുന്നതിനായിരുന്നു കോലരാജാവിന്റെ പ്രധാനമായ ഉദ്യമം. മന്ത്രിയോടു് അതിനേപ്പറ്റി ആലോചിച്ചതിൽ അദ്ദേഹം ചില ദാക്ഷിണാത്യദേശങ്ങൾ പിടിച്ചടക്കിയതിനുമേൽവേണം മാഹിഷ്‌മതിയിലേയ്ക്കു പോകുവാൻ എന്നു് ഉപദേശിക്കുകയും രാജാവു് ആ ഉപദേശം അംഗീകരിക്കുകയും ചെയ്തു.
യാ നൃപേണ വിഹിതാ മഹിഷ്മതാ പാലിതാ ച ഗുരുഭിര്‍ന്നിരന്തരം
മാധവേന കില ദൂരവര്‍ത്തിനാ സാ വൃതാ മമ പുരീ സുവര്‍മ്മണാ
'മഹിഷ്മാൻ എന്ന രാജാവിനാൽ നിര്‍മ്മിക്കപ്പെട്ടതും പണ്ടു് എന്റെ ഗുരുക്കന്മാരാൽ പരിപാലിക്കപ്പെട്ടുവന്നതുമായ മാഹിഷ്‌മതിയെ ഇന്നു ദൂരസ്ഥനും സുവര്‍മ്മാവെന്ന നാമാന്തരത്തോടുകൂടിയവനും മഗധദേശജനുമായ മാധവൻ ആക്രമിച്ചു നശിപ്പിക്കുന്നു' എന്നുള്ള രാജവാക്യത്തിനു മന്ത്രി,
ദണ്ഡനീതിദമിതാന്തരാത്മനാം ബിഭ്രതാം നയപഥേഷു സംഗതിം
ഭൂഭൃതാം ഹി സചിവാ ഭവാദൃശാം ചാമരാദിസദൃശാഃ പരിച്ഛദാഃ
'ദണ്ഡനീതിയാൽ നിയന്ത്രിതമായ അന്തഃകരണത്തോടുകൂടിയവരും സന്മാര്‍ഗ്ഗത്തിൽ സഞ്ചരിക്കുന്നവരുമായ അവിടത്തെപ്പോലെയുള്ള രാജാക്കന്മാര്‍ക്കു സചിവന്മാർ ചാമരാദികളെപ്പോലെയുള്ള രാജാധികാരചിഹ്നങ്ങൾ മാത്രമാകുന്നു' എന്നു മറുപടി പറഞ്ഞു. ഒടുവിൽ,
സ ഭ്രൂക്ഷേപവശാനുഗാമിതി ശനൈഃ കൃത്വാ ദിശം ദക്ഷിണാം
ദര്‍പ്പാന്ധദ്വീപവാജിഭിെഃ പരിവൃതാ വര്യൈർനൃപാണാം ബലൈഃ
രേവാപങ്കജസൗരഭപ്രണയിനാ വാതേന ധൂതശ്രമം
സ്കന്ധാവാരമധത്തെ വിന്ധ്യകടകാഭോഗേഷ്വസൌ ഭൂപതിഃ
ഭ്രൂവിക്ഷേപംകൊണ്ടു തന്നെ ദക്ഷിണദേശത്തെ സ്വാധീനമാക്കി ആന, കുതിര, കാലാൾ എന്നീ പടകളോടുകൂടി നര്‍മ്മദാനദിയിലെ താമരപ്പൂക്കളുടെ പരിമളത്തോടു മേളിച്ച കുളിർകാറ്റേറ്റു് ആയാസം തീർത്തു്, കോലരാജാവു വിന്ധ്യപർവ്വതത്തിന്റെ ചരിവിൽ സേനാനിവേശം ചെയ്തു. ഇങ്ങനെ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു.
അഞ്ചും ആറും സർഗ്ഗങ്ങളിൽ രാമഘടനും മാധവവര്‍മ്മാവും തമ്മിലുള്ള സന്ധിവിഗ്രഹങ്ങളെ അതുലൻ വര്‍ണ്ണിക്കുന്നു. യുദ്ധം കൂടാതെ കഴിഞ്ഞാൽകൊള്ളാമെന്നുള്ള ആശയോടുകൂടി രാമാഘടൻ ഒരു ദൂതനെ മാധവന്റെ സമീപത്തിലേയ്ക്കു് അയച്ചു. അതിന് ആസന്നമൃത്യുവായ മാധവന്റെ പ്രതിസന്ദേശം താഴെകാണുന്നവിധത്തിലായിരുന്നു.
ക്ഷത്രിയസ്യ ജനനാൽ ഭവതി സ്വം ക്ഷോണിരേവ ചതുരര്‍ണ്ണവസീമാ
പാലനേ തു നിയമോ ബലതന്ത്രഃ; പൂര്‍വ്വഭാഗകഥയാത്ര കൃതം കിം?
'ഒരു ക്ഷത്രിയനു ഭൂമി മുഴുവൻ ജനനത്തിൽ തന്നെ സ്വത്തായിത്തീരുന്നു. അതു രക്ഷിക്കുവാൻ കൈയൂക്കുതന്നെയാണു കാര്യമായിട്ടുള്ളത്. പൂവ്വന്മാർ ഭുജിച്ച കഥയും മറ്റും പറയുന്നതുകൊണ്ടു ഫലമൊന്നുമില്ലല്ലൊ'. തൽക്ഷണംതന്നെ നടന്ന യുദ്ധത്തിൽ മാധവൻ മരിച്ചു. ഹൈഹയം കോലരാജാവിനു് അധീനമായി.
പരാസുതാമുപയതി തത്ര ഭൂപതാവശിശ്രിര്‍യുദ്ധരണിഭൂതോഥ മൂഷികം
വനസ്പതൗ പരിപതതി സ്വസംശ്രയേ പുനർദ്രുമം പരമിവ പത്രവാഹനാഃ
'മാഗധൻ പരേതനായപ്പോൾ അതുവരെ അദ്ദേഹത്തെ ആശ്രയിച്ച രാജാക്കന്മാർക്കു ജേതാവായ മൂഷികൻ ശരണമായി. തങ്ങൾ ആശ്രയിച്ച വൃക്ഷം പട്ടു വീഴുമ്പോൾ മറ്റൊരു വൃക്ഷത്തെ ആശ്രയിക്കുന്നതു പക്ഷികളുടെ ധര്‍മ്മമാണല്ലോ'. പടക്കളത്തിൽ നിന്നു രാമഘടൻ നേരേ മാഹിഷ്മതിയിലേയ്ക്കു പോയി.
മാഹിഷ്മതീമഥ ഗതഃ പ്രചലൽപതാകം പാത്രീഭവൻ പുരവധൂനയനോത്സവാനാം
അന്തഃ പ്രമോദമവഹന്നൃപതിസ്സമേത്യ ജാതിസ്മരോ ജന ഇവാപരജന്മഭൂമിം.
അവിടെച്ചെന്നപ്പോൾ ജാതിസ്മരനായ ഒരുവനു പൂർവ്വജന്മത്തിൽ പരിചിതമായ ഒരു സ്ഥലത്തെത്തിയാലുണ്ടാകുന്ന സന്തോഷം അദ്ദേഹത്തിനു സിദ്ധിച്ചു. മാഹിഷ്‌മതിയിൽവെച്ചു മാധവന്റെ പുത്രിയായ ഭദ്രസേനയെ വിവാഹം ചെയ്യുകയും ആ പത്നി രണ്ടു പുത്രന്മാരെ പ്രസവിക്കുകയും ചെയ്തു. കുറെ വര്‍ഷങ്ങൾ അവിടെത്തന്നെ താമസിച്ചു് ഒടുവിൽ ജ്യേഷ്ഠപുത്രനെ ഹൈഹയരാജാവായി വാഴിച്ച് ഇളയമകനായ നന്ദനനോടുകൂടി കോലൻ തിരികെ സ്വപുരിലെത്തി.
പുത്രേ കൃത്വാ ശ്രിയമനുപമാമഗ്രജേ ഹൈഹയാനാം
പൃഥ്വിപാലഃ സ പുനരപരേണാന്വിതോ നന്ദനേന
സ്വം സ്വീകുര്‍വ്വൻ ദിശി ദിശി കുരൈഃ കല്പയിത്വാ ക്ഷിതീശാൻ
ഭൂയഃ കോലം ഭൂവനതിലകം പ്രാവിശദ്രാജധാനീം.
ഇതാണ് അതുലൻ പ്രപഞ്ചനം ചെയ്യുന്ന കോലസ്വരൂപോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യം. ഒരു കാര്യം നിശ്ചയംതന്നെ. തുളു, മൂഷികം, കേരളം, രൂപകം, എന്നിങ്ങനെ പ്രാചീനകാലത്തിൽ തന്നെ മലനാടു നാലു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഗോകര്‍ണ്ണം മുതൽ പെരുമ്പുഴ വരെ തുളുദേശവും, പെരുമ്പുഴമുതൽ പുതുപ്പട്ടണം വരെ മൂഷികദേശവും, പുതുപ്പട്ടണം മുതൽ കണ്ണേറ്റിവരെ കേരളദേശവും, കണ്ണേറ്റി മുതൽ കന്യാകുമാരിവരെ കൂപകദേശവുമാണെന്നത്രെ ഐതിഹ്യം. അതുപോലും നിശ്ചയമില്ലാത്ത ആളാണു കേരളോൽപത്തിയുടെ പ്രണേതാവ്. അദ്ദേഹം പെരുമ്പുഴ മുതൽ പുതുപ്പട്ടണംവരെ രൂപകദേശവും, കണ്ണേറ്റിമുതൽ കാന്യാകുമാരിവരെ - അല്ലെങ്കിൽ പുതുപ്പട്ടണം മുതൽ കണ്ണേറ്റിവരെ -മൂഷികദേശവുമാണെന്നു പ്രസ്താവിക്കുന്നത് അസംബന്ധമാണെന്നുള്ളതിനു എത്ര തെളിവു വേണമെങ്കിലും ഹാജരാക്കാം. ആ കൂട്ടത്തിൽ മൂഷികവംശമഹാകാവ്യവും അംഗീകാര്യമാകുന്നു. ചേരമാൻപെരുമാൾ കേരളം പരിപാലിച്ചുതുടങ്ങിയതു് ക്രി: പി. ൪൨൮- ൽ ആണെന്നും, അന്നുേ, ക്രി: പി: ൧൫൦൯ മുതൽ ൧൫൨൯ വരെ വിജയനഗരസാമ്രാജ്യം ഭരിച്ച ആനഗുണ്ഡികൃഷ്ണരായർ (കൃഷ്ണദേവരായർ) ജീവിച്ചിരുന്നുവെന്നും പറയുന്ന ഒരു ഗ്രന്ഥകാരനെ ചരിത്രസംബന്ധമായുള്ള ഗവേഷണങ്ങളിലും ചര്‍ച്ചകളിലും എത്രമാത്രം വിശ്വസിക്കാമെന്നു പണ്ഡിതന്മാർ പര്യാലോചിക്കേണ്ടതാകുന്നു. പ്രാചീനകേരളചരിത്രം അന്ധകാരജടിലമാണെന്നു സമ്മതിക്കാം. എന്നാൽ അതിൽ അത്യല്പമായ നക്ഷത്രപ്രകാശം പോലും പ്രസരിപ്പിക്കുന്നതിനു കേരളോൽപത്തി, കേരളമാഹാത്മ്യം മുതലായ യക്ഷികഥാനിര്‍വ്വിശേഷങ്ങളായ ഗ്രന്ഥങ്ങൾക്കു സാധിക്കയില്ലെന്നുള്ളതു നാം പ്രത്യേകം ഓർമ്മിക്കേണ്ടതാകുന്നു. അര്‍ദ്ധജരതിയന്യായേന ചില സംഭവശകലങ്ങൾ കേരളോൽപത്തിയിൽനിന്നും മറ്റുമുദ്ധരിച്ച് അവയെ പർവ്വതപ്രമാണങ്ങളാക്കി പരത്തിപ്പൊക്കിക്കാണിക്കുന്ന സമ്പ്രദായം നാം പാടെ പരിത്യജിക്കാതിരുന്നാൽ കേരളത്തിൽ യഥാര്‍ത്ഥമായ ചരിത്രഗവേഷണം ഒരടിയെങ്കിലും മുന്നോട്ടു നീങ്ങുമെന്നു് എനിക്കു വിശ്വാസമില്ല. സി. എം. എസ്. അച്ചുക്കൂടത്തിൽ നിന്നു വളരെക്കാലം മുൻപു പ്രസിദ്ധപ്പെടുത്തിയ കേരളോൽപത്തിയുടെ ഒരു പതിപ്പിൽ “ഇവ ഒക്കയും കലിയുഗത്തിൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷര്‍ക്കു വഴിപോലെ ഗ്രഹിപ്പാൻ തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു സാരന്മാർ അറിഞ്ഞു കൊൾകയും ചെയ്ക" എന്നൊരു വാക്യം കാണുന്നുണ്ടു്: 'കേരളനാടകം' എന്നു വെച്ചാൽ കേരള (നാട് + അകം) ദേശം എന്നര്‍ത്ഥം. കൃഷ്ണദേവരായരും പരദേശങ്ങളിൽ സഞ്ചരിച്ചുവെന്നൂഹിക്കാവുന്ന തുഞ്ചത്തു ഗുരും സമകാലികന്മാരായിരുന്നു. തന്റെ ദിഗ്വിജയം ദക്ഷിണാപഥം മുഴുവൻ വ്യാപിപ്പിച്ച കൃഷ്ണദേവന്റെ ചരിത്രം എഴുത്തച്ഛനു സുപരിചിതരുമായിരുന്നിരിക്കണം. അങ്ങനെയുള്ള ഒരു ചക്രവർത്തിയെ ക്രി: പി: അഞ്ചാം ശതകത്തിലേയ്ക്കു പിടിച്ചു പുറകോട്ടു തള്ളുക എന്ന കൃത്യം ആ പണ്ഡിതമൂര്‍ദ്ധന്യൻ ഒരിക്കലും ചെയ്തിരിക്കയില്ല. രാമാനുജൻ എന്നല്ലായിരുന്നു ആ മഹാകവിയുടെ നാമധേയമെന്നും തെളിഞ്ഞിട്ടുണ്ടല്ലൊ. അതുകൊണ്ടു കേരളോൽപത്തിയുടെ കര്‍ത്താവും തുഞ്ചനല്ലെന്നു നാം ധരിക്കേണ്ടതാകുന്നു.
ഏഴിമലയുടെ ആധിപത്യമുള്ളതുകൊണ്ടാണു കോലത്തിരിമാര്‍ക്കു് 'ഏഴിപ്പെരുമാൾ' (ഏഴിഭൂപൻ ) എന്ന നാമധേയം സിദ്ധിച്ചതെന്നും ഏഴിപ്പെരുമാക്കന്മാരുടെ ഒരു കോവിലകം ആ മലയുടെ വടക്കുവശത്തുണ്ടായിരുന്നതുകൊണ്ടാണു് അതിനു ഏഴിമല എന്ന പേർ വന്നതെന്നും രണ്ടഭിപ്രായമുണ്ടു്. ലോഗൻ സായ്പ് രണ്ടാമത്തെ അഭിപ്രായക്കാരനാണു്. എനിക്ക് ആദ്യത്തെ അഭിപ്രായത്തോടു യോജിക്കുവാനാണു തോന്നുന്നതു്. നന്നൻ എന്ന പ്രഭുവിന്റെ ആധിപത്യത്തിൽ ഏഴിൽ എന്നൊരു മലയുണ്ടായിരുന്നതായി അകനാനൂറ് എന്ന പ്രാചീനദ്രാവിഡകാവ്യത്തിൽ കാണുന്നു. അതുതന്നെയാണോ ഏഴിമലയെന്നു നിശ്ചയമില്ലെങ്കിലും അതാവാൻ പാടില്ലായ്കയില്ല. ഏഴിമലയെ ഏഴുമലയാക്കി അതിനു സപ്തശൈലമെന്നു സംസ്കൃതീകൃതമായ പേരുനല്കുന്നതു് അബദ്ധംതന്നെ. ഏഴിമല വാസ്തവത്തിൽ ഏഴു മലകൾ ചേര്‍ന്നതല്ലെല്ലൊ. മഹമ്മദീയർ അവരുടെ ദേശസഞ്ചാരഗ്രന്ഥങ്ങളിൽ 'ഹീലി മല' എന്ന പേരാണു നല്കിക്കാണുന്നത്. കാലാന്തരത്തിൽ ഏഴി എലിയാകുകയും എലി മൂഷികനാകുകയും ചെയ്തു. സംസ്കൃതത്തിൽ പ്രസ്തുതദേശത്തിനു മൂഷികഖണ്ഡം എന്ന പേരുണ്ടായത് ഇങ്ങനെയാണു്. ക്രി: പി: 1498- ൽ വാസ്കോഡഗാമയുടെ കപ്പൽ നയിച്ച കര്‍ണ്ണധാരന്മാർ എലികൾ വളരെയുള്ളതുകൊണ്ടാണു് ഏഴിമലയ്ക്ക് ആ പേർ വന്നതെന്നും എലികളുടെ ഉപദ്രവം കൊണ്ടു് അവിടെ കുടിപാര്‍പ്പ് എല്ലാക്കാലത്തും വിഷമമായിരുന്നുവെന്നും പറഞ്ഞുകേൾപ്പിക്കയുണ്ടായി. അതും അതുലകവിയുടെ പ്രസ്താവനയും പ്രസ്തുതവിഷയത്തിൽ ഒന്നുപോലെ അബദ്ധമാണെന്നൂഹിക്കേണ്ടിയിരിക്കുന്നു. കോലത്തിരിമാരുടെ ആദ്യത്തെ രാജധാനി കരിപ്പറ്റയിരുന്നുവെന്നും രണ്ടാമത്തേതാണു് ഏഴിമലയെന്നും അവിടെവച്ച് ആ രാജകുടുംബം ഉദയമംഗലം എന്നും വള്ളി എന്നും രണ്ടുശാഖകളായി വേർതിരിഞ്ഞുവെന്നും ലോഗൻ പറയുന്നു. ഉപരിഗവേഷണത്തിനു വിഷയമാകേണ്ട ഒരു പ്രമേയമാണിത്. നമുക്കു വീണ്ടും നമ്മുടെ കവിയെത്തന്നെ പിൻതുടരാം.
രാമഘടൻ നന്ദനനെ രാജാവായി അഭിഷേകം ചെയ്തു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. നന്ദനൻ സചിവായത്തസിദ്ധിയും വിഷയലമ്പടനുമായിരുന്നു. അദ്ദേഹത്തിന്റെ മധുപാനരതോത്സവാദികളുടെ വര്‍ണ്ണനമാണു് ഏഴുമുതൽ പത്തുവരെ സര്‍ഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്നതു്. നന്ദനന്റെ ആറാമത്തെ തലമുറയിൽ ഉഗ്രാശ്വൻ എന്ന രാജാവു കോലസ്വരൂപം പരിപാലിച്ചു. അന്നു കേരളരാജാവു കോലത്തുനാട് ആക്രമിച്ചുവെങ്കിലും യുദ്ധത്തിൽ പരാജിതനായി.
നിരസ്യ കേരളാൻ രാജ്യാൻ പുത്രം സ്വം ചിത്രാകേതനം
പ്രാവിശൽ ക്ഷത്രശാര്‍ദ്ദൂലമഭിഷിച്യ പുനര്‍വ്വനം
ശതൈഃ ക്രതൂനാം കുര്‍വ്വാണശ്ശങ്കാം ഗുര്‍വ്വിം ശതക്രതോഃ
അന്തം പ്രാപ്തഃ സുതസ്തസ്യ ശതസോമസ്സുതോഭവൽ
ഉഗ്രാശ്വൻ കേരളനെ സ്വരാജ്യത്തിൽനിന്നു നിഷ്കാസനം ചെയ്തതിനുമേൽ പുത്രനായ ചിത്രകേതനനിൽ രാജ്യഭാരത്തെ അവരോപണംചെയ്തു വനത്തിലേയ്ക്കു പോയി. ചിത്രകേതനൻ അനവധി യാഗങ്ങൾചെയ്തു. അദ്ദേഹത്തിന്റെ പുത്രനാണു് ശതസോമൻ. ഈ ശതസോമനാണു പെരിഞ്ചെല്ലൂർക്ഷേത്രം പ്രതിഷ്ഠിച്ചതെന്നു നാം പ്രസ്തുത ഗ്രന്ഥത്തിൽനിന്നും നീലകണ്ഠകവിയുടെ ചെല്ലൂർനാഥോദയം ചമ്പുവിൽ നിന്നും ഗ്രഹിക്കുന്നു.
സ പ്രതിഷ്ഠാപയാമാസ ഗ്രാമേ ചേല്ലൂരനാമനി
കൈലാസാദ്രിപ്രതിച്ഛന്ദമന്ദിരേ ചന്ദ്രശേഖരം
ശങ്കരസ്തു ഭവദ്വംഗ്യാസ്ത്വൽപ്രഭൃത്യേകവിംശതിഃ
ഇഷ്ടായുഷോ ഭവിഷ്യന്തീത്യതിപ്രീത്യാവരം ദദൌ
"ശ്രീപരമേശ്വരൻ ആ പ്രതിഷ്ഠയിൽ സന്തുഷ്ടനായി, ശതസോമനു് അദ്ദേഹമുൾപ്പടെ ഇരുപത്തൊന്നു തലമുറ രാജ്യഭാരം ചെയ്യുന്ന കോലത്തിരിമാർ സ്വച്ഛന്ദമൃത്യുക്കളാകട്ടെ' എന്നു വരം നല്കി. തെങ്കൈലനാഥേദയത്തിൽ,
സത്യം മറ്റൊന്നു ചൊല്ലാം നൃവര! തവ കുലേ ജാതനാം മേലിലസ്മൽ-
ഭക്തോ രാജര്‍ഷി ഭൂമണ്ഡലപതി ശതസോമാഭിധാനോ മഹിയാന്‍.
അത്രൈവ ക്ഷോണിഭാഗേ പുകൾപെരുകിന ചെല്ലൂരനാമ്ന്യഗ്രഹാരേ
കൃത്വാ ബിംബപ്രതിഷ്ഠാം മമ പരമപദം ദാസ്യതേ വംശജാനാം
എന്ന ശ്ലോകത്തിൽ ശതസോമൻ കേരളരാജാവെന്നുതന്നെ കവി സൃഷ്ടമായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ടു്.
ചെല്ലൂർ നാഥോദയം ചമ്പുവിൽ ശതസോമൻ സൂര്യവംശജനാണെന്ന് "സൂര്യാന്വയമണി ശതസോമന്നു കൈവന്നപോലെ" എന്നും “ധീമാന്മാര്‍ത്താണ്ഡ വംശാഭരണമണി തദാ” എന്നും "ത്വൽപൂർവഭൂപതി ഭഗീരഥനെന്നപോലെ” എന്നും മറ്റുമുള്ള ഭാഗങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നതു ശരിയല്ല. കോലത്തിരിയാകയാൽ അദ്ദേഹം ചന്ദ്രവംശ്യനാണു്. ശതസോമന്റെ അപദാനങ്ങളെ നീലകണ്ഠകവി കീർത്തനം ചെയ്തിരിക്കുന്ന ശ്ലോകങ്ങളിൽ ചിലതു വായനക്കാരടെ സൗകര്യത്തിനുവേണ്ടി താഴെ ഉദ്ധരിക്കാം.
അക്കാലത്താവിരാസീത്തദനു മനുകുലോത്തംസരത്നം ധരണ്യാ-
മക്ഷീണോദ്യത്തപോവിക്രമഗരിമഗഭീരോജ്വലഭോഗഭൂമാ
ഭിക്കാലോല്ലാസിധാമാ നൃപമുനി ശതസോമാഭിധാനോ നിധാനം
വിഖ്യാതാനാം ഗുണാനാം പൂരഹരപദസേവാധുരീണാന്തരാത്മാ
എങ്ങേനും ചെറ്റു ധര്‍മ്മസ്ഥിതിവികലത വാരാതവണ്ണം ത്രിലോകീ-
മംഗല്യം കൈവളര്‍ത്തമ്മഹിമമണമുലാവും തപസ്യാനുഭാവാൽ
ഹുങ്കാരോദഗ്രവീര്യോദയചതുരതയാ ചേർത്തു കൊണ്ടേറ്റമാപല്‍-
സംഘാനാം മൂലനാശം നൃതിമുനിരസൗ വാണിരുന്നു ചിരംനാൾ
ചിത്രം ചിത്രം! കിഴക്കങ്ങുദയഗിരിയൊളം ബാഹുശക്ത്യാ മഹത്യാ
ബദ്ധാഭോഗം ജയിച്ചും മലയമലയൊളം തെക്കുമുൽക്കൂലമാനം
അസ്ത്രത്തോളം പടിഞ്ഞാറൊ,രുപനിമലയോളം വടക്കങ്ങടക്കി-
പ്‍പൃഥ്വി മാര്‍ജ്ജിച്ചു കോശശ്രിയമുരുയശസാ മൂടിനാൻ നാടശേഷം
ശതസോമന്റെ പിൻവാഴ്ചക്കാരായ പല രാജാക്കന്മാരുടേയും പേരുകൾ പ്രസ്തുതമഹാകാവ്യത്തിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.
തനയോഽമുഷ്വ വിഖ്യാതവിനയോഥ വലാഹകഃ
സ്വനിയോപാര്‍ത്തയോഃ പാത്രമനയോഃ ശ്രീഭുവോരഭൂൽ.
ഇങ്ങനെ ശബ്ദസൗന്ദര്യനിര്‍ഭരങ്ങളായ ചില പദ്യങ്ങളും ആ വംശാനുചരിതത്തിന്റെ ഇടയിൽ ഉണ്ട്. ശതസോമന്റെ മുപ്പത്തിരണ്ടാം തലമുറയിൽപ്പെട്ട വട്ടകമര്‍മ്മാവു് ആലശുദ്ധി എന്ന സ്ഥലത്തു വട്ടകേശ്വരം എന്ന ക്ഷേത്രം സ്ഥാപിച്ചു; അദ്ദഹത്തിന്റെ പുത്രൻ അഹീരണൻ പ്രഥനാനദിയുടെ പശ്ചിമതീരത്തിൽ അഹീരണേശ്വരം എന്ന ശിവാലയം പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ മൂന്നാം തലമുറയിൽപെട്ട അചലൻ ഏഴിമലയ്ക്കു സമീപമായി അചലപട്ടണംഎന്ന നഗരം നിര്‍മ്മിച്ചു. അചലന്‍ പൗത്രനായ വിനയവര്‍മ്മാവിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ രാജവര്‍മ്മാവു കോലത്തുനാടു പരിചാലിച്ചു. രാജവര്‍മ്മാവു ബൌദ്ധമതം അവലംബിക്കുകയും.
രാജവര്‍മ്മാ സുതോ ജജ്ഞേ രാജാ വിനയവര്‍മ്മണഃ
ചിത്രൈരഭ്രംലിംഹാഗ്രൈയ്യഃ പ്രാസാദൈരുപശോഭിതം
വിഹാരം രാജനാമാങ്കം ചക്രേ രത്നത്രയാസ്പദം)
ആകാശത്തോടുരുമ്മുന്ന പ്രാസാദങ്ങളോടു കൂടിയതും രാജനാമാങ്കിതവും ബുദ്ധധർമ്മസംഘരൂപമായ രത്നത്രയത്തിനു് ഇരിപ്പിടവുമായ ഒരു ബൗദ്ധവിഹാരം സ്ഥാപിക്കുകയും ചെയ്തു. തന്നിമിത്തം പ്രജകൾക്കു് അദ്ദേഹത്തോടു വിരോധം തോന്നിയിരിക്കാം. ഏതായാലും പാണ്ഡ്യരാജാവിന്റെ സാഹായ്യത്തോടുകൂടി അചലന്റെ മൂത്തപുത്രനും ഏതോ കാരണത്താൽ അനഭിഷിക്തനുമായ അശ്വസേനന്റെ മകനായ ജയമാനിയാണു് പിന്നീട്ടു രാജ്യപരിപാലനം ചെയ്തതായി കാണുന്നത്.
പുത്രസ്തതോശ്വസേനസ്യ ദണ്ഡമാദായ പാണ്ഡ്യതഃ
പ്രത്യാസീദൽ സ്വകം രാജ്യം ജയമാനീ ജഗൽപതിഃ
ജയമാനിയുടെ പുത്രൻ രണമാനി; രണമാനിയുടെ പൗത്രൻ ഉദയാദിത്യൻ; ഉദയാദിത്യന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ കാലത്തു പല്ലവന്മാർ കോലത്തുനാട് ആക്രമിച്ചുവെങ്കിലും അവരുടെ രാജാവു യുദ്ധത്തിൽ വധിക്കപ്പെടുകയാൽ തോറ്റു പിന്മാറേണ്ടിവന്നു. പല്ലവരാജാവിന്റെ പുത്രിയായ ഹാരിണിയെ വിരോചനൻ പാണിഗ്രഹണംചെയ്തു.
നിഹത്യ പല്ലവം സംഖ്യേ മഹത്യ സുഹരേ നൃണാം
ജഹാര ഹാരിണീം സോസ്യ കന്യാമന്യാമിവ ശ്രിയം
വിരോചനന്റെ മുപ്പത്തൊമ്പതാമത്തെ തലമുറയിൽപെട്ട രാജാവാണു് ഈശാനവര്‍മ്മാവു്. ഈശാനവമ്മാവിന്റെ പുത്രൻ കുഞ്ചിവര്‍മ്മാവു്. കുഞ്ചിവര്‍മ്മാവിന്റെ പുത്രിയെ ജയരാഗൻ എന്ന കേരളരാജാവു വിവാഹം ചെയ്തു. പുത്രനായ ഈശാനവര്‍മ്മാവു് (ദ്വിതീയൻ) അച്ഛനെത്തുടര്‍ന്നു രാജ്യഭാരവും ആരംഭിച്ചു. അദ്ദേഹത്തിനു രണമാനി എന്നൊരു ബിരുദനാമവുമുണ്ടായിരുന്നു.
മഹതി ദുഹിതരം താമിശ്വരേ കേരളാനാം
പ്രഥിതയശസി കൃത്വാ രാജ്യലക്ഷ്മി, തനൂജേ
അപഗതഗുരുഭാരഃ പുണ്യസംഭാരമുച്ചൈ-
രവിശദുപദധാനഃ സ്ഥാനമാഖണ്ഡലീയം
എന്നു കുഞ്ചിവര്‍മ്മാവിന്റെ സ്വര്‍ഗ്ഗലോകപ്രാപ്തിയെ കവി വര്‍ണ്ണിക്കുന്നു. അതോടുകൂടി പതിനൊന്നാം സര്‍ഗ്ഗവും അവസാനിക്കുന്നു.
ഈശാനവര്‍മ്മാവു ചേദിരാജാവിന്റെ പുത്രിയായ നന്ദിനിയെ വിവാഹംചെയ്തു. അക്കാലത്തു രഘുപതി എന്ന നാമാന്തരത്തോടുകൂടിയ കേരളരാജാവായ ജയരാഗൻ കോലത്തുനാടു് അടക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി ഒരു വലിയ സേനയുമായി പരുഷ്ണീനദി കടന്നു അതിന്റെ തീരത്തിൽ പാളയമടിച്ചു. അവിടെത്തന്നെ യുദ്ധസന്നദ്ധനായി ഈശാനവര്‍മ്മാവും സൈന്യസമേതം എത്തി.
തേ പരസ്പരസമേതപദാതിസ്യന്ദനേ ഗജഹയാദിസമൂഹേ
ഉദ്യതായുധഭുജേ പൃതനേ ദ്വേ സംപ്രഹർത്തുമഭി സംവവൃതാതേ
ദുര്‍വ്വിലംഘ്യമിതതരേധാമ്‌നാ തന്നിശാന്ധയുഗളം ധ്വജപത്യോഃ
കേരളേന്ദ്രപൃതനാമഥ ബാണൈര്‍വ്വിദ്ധ്യതിസ്മ കപിതോ രണമാനീ
ഭിദ്യമാനമമുനാ വിശിഖൗഘൈ സംവിലോക്യ ബലമാകുലയോധം
പ്രത്യവിധ്യദരിസൈനമസംഖ്യൈഃ പത്രിഭിഃ പ്രകപിതോ ജയരാഗഃ
താവുഭാവിതി പരസ്പരഹേതിവ്രാതപാതവിരളീകൃതസൈന്യൌ
ദ്വന്ദ്വയുദ്ധമതിമാനുഷസത്വൗ കര്‍ത്തുമാഹിതമതി സമഭൂതാം
രണ്ടുകൂട്ടം സൈന്യങ്ങളും ആന കുതിര, തേർ. കാലാൾ ഇവയോടുകൂടിയും കയ്യിൽ ആയുധങ്ങൾ ഉയത്തിപ്പിടിച്ചും അന്യോന്യം പ്രഹരിക്കുന്നതിനായി ഒരുങ്ങി. പരസ്പരം സംക്രമിക്കുന്ന പ്രകാശം കൊണ്ടു ദുരാസദങ്ങളായ ആ സൈന്യങ്ങൾ രണ്ടു നിശാന്ധന്മാരെപ്പോലെ കാണപ്പെട്ടു. രണമാനി കേരളരാജാവിന്റെ പടയുടെ നേരെ ആദ്യമായി ബാണപ്രയോഗം ചെയ്തു. കുപിതനായ ജയരാഗൻ തന്നിമിത്തം തന്റെ സൈന്യത്തിനു നേരിട്ട വൈവശ്യം കണ്ടു് അനവധി അമ്പുകൾ ശത്രുസേനയുടെ നേര്‍ക്കും വിട്ടു. അങ്ങനെ പോർ തുടര്‍ന്നു് ഇരുപക്ഷത്തിലുള്ള സൈന്യങ്ങളും വിരളങ്ങളായിത്തീര്‍ന്നപ്പോൾ അവയുടെ നാഥന്മാരായ രണ്ടു രാജാക്കന്മാരും ദന്ദ്വയുദ്ധം ചെയ്യുന്നതിനായി പടക്കളത്തിൽ ഇറങ്ങി. ഭാഗ്യവശാൽ ജയരാഗനോടുകൂടി അദ്ദേഹത്തിന്റെ പുത്രനും യുവാവുമായ ഗോദവർമ്മാവുകൂടിപ്പോയിരുന്നു. ഗോദവര്‍മ്മാവു വിചാരിച്ചു: "കേരളേശ്വരൻ എന്റെ അച്ഛൻ; കോലഭൂപൻ എന്റെ അമ്മാവൻ. ഇവർ രണ്ടുപേരും കൂടി എന്നെ കുത്തിക്കൊന്നിട്ടു പിന്നെ അവരുടെ ദ്വന്ദ്വയുദ്ധം നടത്തിക്കൊള്ളട്ടെ. ഞാൻ ഈ രണ്ടു സുമദ്രങ്ങൾക്കിടയിൽ ഒരു സേതുവിനെപ്പോലെ നിലകൊള്ളും." ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ആ ധീരനായ ക്ഷത്രിയകുമാരൻ,
ജൃംഭിതാംബുനിധിവിഭ്രമഭാജോ മദ്ധ്യ ഏവ പിതൃമാതുലയോസ്സഃ
സേതുബന്ധ ഇവ കേരളകേതുഃ പ്രത്യുദൃശ്യത തയോരഥ ഗോദഃ
തന്റെ നിശ്ചയമനുസരിച്ച് അച്ഛന്റേയും അമ്മാവന്റേയും ഇടയിൽ ചെന്നു നിന്നു.
അവിരളശരവര്‍ഷാവഗ്രഹത്വം പ്രപന്നേ
നരപതിതനയേസ്മിൻ സമ്പരായാന്നിവൃത്തേ
ഭുവനമവനിപാലാവന്ധയത്യന്ധകാരേ
സപദി ബലനിവേശം സ്വം സ്വമേതവയാതാം
താവന്യേസ്സമരസുലഭജ്യാികണാകല്പഭാജൌ
ശൌര്യാധാരൌ പ്രകൃതിവചനാൽ സംഗതൗ ബന്ധുഭൂതൌ
ശാന്തദ്വേഷൌ പുനരുപചിതപ്രേമഭാരൌ നരേന്ദ്രൌ
ലജ്ജാം യുദ്ധസ്മരണജനിതാം സന്ദധാതേ മുഹൂര്‍ത്തം.
അങ്ങനെ ആ ശരവര്‍ഷം ആ ബാലൻ നിറുത്തി. സന്ധ്യയോടുകൂടി രണ്ടു രാജാക്കന്മാരും യുദ്ധത്തിൽ നിന്നുവിരമിച്ച്, അവരുടെ കൈനിലകളിൽ എത്തി. അടുത്തദിവസം മന്ത്രിമാരും മറ്റും ഉപദേശിക്കുക നിമിത്തം അവർ പഴയതു പോലെ ബന്ധുക്കളായി, സ്നിഗ്ദ്ധരായി, അതിനു മുൻപു നടന്ന ശണ്ഠയുടെ കഥയോര്‍ത്തു ലജ്ജിതരായിത്തീര്‍ന്നു.
'രാഘപതി' അഥവാ 'ജയരാഗൻ' 'വിജയരാഗദേവർ' എന്ന പേരില്‍ നമുക്കു ശിലാലിഖിതങ്ങൾ, കാണിച്ചുതരുന്ന കേരളരാജാവാകുന്നു. 'രാഗൻ' 'രാഘവ'ന്റെ അപഭ്രംശമാകകൊണ്ടായിരിക്കാം, കവി അദ്ദേഹത്തെ 'രഘുപതി' എന്നുംകൂടി വിളിക്കുന്നതു്. സ്ഥാണുരവിയുടെ പുത്രനായ ആ രാജാവു്, ക്രി: പി: 885-ൽ കൊല്ലത്ത് അയ്യനടികൾ തിരുവടി എന്ന വേണാട്ടുരാജാവു സബ്രീശോ എന്ന കൃസ്ത്യാനി പണിയിച്ച തരിസാപ്പള്ളിക്കു ഭൂമിദാനം ചെയ്ത അവസരത്തിൽ ഇളയപെരുമാളായിരുന്നു. വിജയരാഗന്റെ വാഴ്ചക്കാലം ഉദ്ദേശം ക്രി: പി: 900 മുതൽ 912 വരെയാണു്. അദ്ദേഹത്തിന്റെ പുത്രിയും ചോളരാജാവായ പ്രഥമപരാന്തകന്റെ പത്നിയുമായ ഇരവിനീലി മദിരാശിക്കു സമീപമുള്ള തിരുവൊത്തിയൂർ ക്ഷേത്രത്തിൽ ക്രി: പി: 936-ൽ ചില വഴിപാടുകൾ നടത്തിയതായിക്കാണുന്നുണ്ടു്. തെക്കൻ തിരുവിതാങ്കൂറിൽപെട്ട തിരുനന്തിക്കര ശിവക്ഷേത്രത്തിൽ വിജയരാഗന്റെ പത്നി കിഴാനടികളും ചില വഴിപാടുകൾ നടത്തീട്ടുണ്ടു്. കിഴാനടികൾതന്നെയാണോ കോലത്തിരിയുടെ പുത്രിയായ ഗോദവർമ്മാവിന്റെ മാതാവു് എന്നു നിശ്ചയമില്ല. ഗോദവർമ്മാവു്, അഥവാ ഗോദരവിവർമ്മപ്പെരുമാൾ, സുമാർ ക്രി: പി: 912 മുതൽ 942 വരെ കേരളം രക്ഷിച്ചു എന്നൂഹിക്കാം. അദ്ദേഹത്തിന്റെ ശിലാരേഖകൾ കൊച്ചി തലപ്പിള്ളിത്താലൂക്കിൽ നെടുമ്പുറത്തളിയിലും മുകുന്ദപുരം താലൂക്കിൽ ആവിട്ടത്തൂരിലും കാണ്മാനുണ്ട്. അദ്ദേഹമാണു് ക്രി: പി: 917-ൽ കൊങ്ങൻപട ജയിച്ചത്. കൊങ്ങൻപട എന്നാൽ, ഗംഗവംശജനായ ഒരു രാജാവിന്റെ പട എന്നര്‍ത്ഥം. ഗംഗന്മാർ പൂര്‍വന്മാരെന്നും പശ്ചിമന്മാരെന്നും രണ്ടു കൂട്ടരുണ്ട്. അവരിൽ പശ്ചിമഗംഗന്മാരാണു സേലം, കോയമ്പത്തൂർ മുതലായ പ്രദേശങ്ങൾ അടക്കിബ്ഭരിച്ച വന്നത്. അവരുടെ രാജധാനി മൈസൂർരാജ്യത്തിൽ പെട്ട തലക്കാടായിരുന്നു. പശ്ചിമഗംഗന്മാരുടെ പ്രാബല്യം ക്രി: പി: നാലാം ശതകം മുതൽ പതിനൊന്നാംശതകം വരെ നിലനിന്നു. ആ വംശത്തിന്റെയും അന്തകൻ പ്രഥമരാജേന്ദ്രചോളൻതന്നെയായിരുന്നു. ക്രി: പി: 1004-ൽ ഒടുവിലത്തെ സ്വതന്ത്ര ഗംഗരാജാവായ രാജമല്ലനീതി മാര്‍ഗ്ഗനെ രാജേന്ദ്രചോളൻ ജയിച്ചതായിക്കാണുന്നു.
ഈശാനവര്‍മ്മാവു് തന്റെ പട്ടമഹിഷിയായ നന്ദിനി ൨ന്ധ്യയായിരുന്നതിനാൽ ചോളരാജാവിന്റെ ഒരു പുത്രിയേക്കൂടി വിവാഹം ചെയ്യുകയും ആ ദാമ്പത്യത്തിന്റെ ഫലമായി നൃപരാമൻ എന്നൊരു പുത്രൻ ജനിക്കുകയും ചെയ്തു. തന്നിമിത്തം ദുഃഖിതയായ നന്ദിനി ഭദ്രകാളിയെ ഭജിച്ചു; ആ ദേവിയുടെ പ്രസാദത്താൽ പാലകൻ എന്നൊരു പുത്രനേയും ഒരു പുത്രിയേയും ആ രാജ്ഞിയും പ്രസവിച്ചു. പാലകൻ മാതാമഹനോടുകൂടി ചേദിരാജ്യത്തിൽ വസിച്ചു.
പ്രമദമഥ വിബുദ്ധാ സംവിഭജ്യ സ്വഭർത്തുര്‍-
ഗ്ഗണമനതിചിരേണ പ്രീണയന്തി സഖീനാം
അലഭത സുതമേകം നന്ദിനി പാലകാഖ്യം
മുഹിതരായി കാഞ്ചിദുഃഖ വിധ്വസ്തിഹേതും
എന്നു കവി നന്ദിനിയുടെ അപത്യലാഭത്തെ വര്‍ണ്ണിക്കുന്നു. ഈശാനവര്‍മ്മാവിനു പിന്നിടു നൃപരാമനും തദനന്തരം അദ്ദേഹത്തിന്റെ പുത്രൻ ചന്ദ്രവർമ്മാവും കോലത്തുനാടു ഭരിച്ചു. ചന്ദ്രവർമ്മാവു ബാല്യത്തിൽ തന്നെ മരിച്ചുപോകുകയാൽ മന്ത്രിമാരും മറ്റുംകൂടി ചേദിരാജ്യത്തു ചെന്നു പാലകനെ വിളിച്ചു കൊണ്ടുവന്നു കോലരാജാവാക്കി.
പാലകന്റെ അനന്തരവനായ വലിധരനായിരുന്നു പിന്നത്തെ രാജാവ്. അന്നാണു കോലസ്വരൂപത്തിൽ മരുമക്കത്തായത്തിന്റെ ആരംഭം എന്നു പ്രസ്തുതകാവ്യത്തിൽ നിന്നു വെളിവാകുന്നു.
കൃതവതി പദമസ്മിൻ രാജ്ഞി മൃത്യോഃ കടാക്ഷേ
സ്വസുരഥ പൃഥുകീർത്തിസ്തസ്യ രാജ്ഞസ്തനൂജഃ
അഭവദഭവഹാരി പൂരിതാശഃ പ്രജാനാം
വലിധര ഇതി തസ്യാ വല്ലഭോ രാജലക്ഷ്യാഃ
എന്നു ആ സംഭവത്തെ കവി ഗാനം ചെയ്യുന്നു. അഭവം എന്നാൽ നാശം. വലിധരന്റെ കാലത്തു ഗംഗന്മാർ കോലത്തുനാട് ആക്രമിച്ചു.
ഉപരി ധരണിഭര്‍ത്തുസ്തസ്യ തീവ്രാ കദാചിൽ
പുരജിത ഇവ ഗംഗാ പ്രാപ തൽഗാംഗസേനാ.
ആ സേനയെ വലിധരൻ തോല്പിച്ചു.
തദനന്തരം അദ്ദേഹത്തിന്റെ അനന്തരവൻ രിപുരാമൻ രാജാവായി.
പരിചിതബഹുശസ്ത്രഃ പാരഗോ ദണ്ഡനീതേഃ
പ്രതിഹതരിപുവീര്യഃ പ്രത്യനീകഃ ശഠാനാം
ഭരതനഹുഷകീർത്തിഭാഗിനേയോസ്യ രാജ്ഞഃ
ശ്രീയമഥ രിപുരാമഃ ശ്രേയസീമഭ്യ ഗച്ഛൽ
അതിൽ പിന്നീടു് അദ്ദേഹത്തിന്റെ അനുജനായ രാമറാവു രാജ്യം ഭരിച്ചു. അദ്ദേഹമാണു സുപ്രസിദ്ധവും പശ്ചിമസമുദ്രത്തിന്റെ തീരത്തിൽ സ്ഥിതിചെയ്തിരുന്നതുമായ മൂലവാസം എന്ന ബൗദ്ധവിഹാരത്തെ സമുദ്രത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കുവാൻ വേണ്ട മരാമത്തു പണികൾ ചെയ്യിച്ചതു്.
പ്രഥിതമിഹ ജനസ്യ ശ്രീനികേതം കദാചി-
ന്മുഷിതജനവിപത്തേരാലയം മൂലവാസം
പൃഥുചടുലതരംഗക്ഷുബ‌്ധവേലാതടാന്തഃ
കബളയിതുമുദന്വാനുദ്ധതം വ്യാജജൃംഭേ.
സപദി ച തദുദന്തം സന്നിശമ്യാത്താകോപഃ
പരിഭവമിവ ശത്രോരാത്മനോനന്തരസ്യ
പ്രതിജലധി സ ദൂരാദുദ്യതാസിഃ പ്രതസ്ഥേ;
ന ഖലു ജഗതി ധീരാഃ സ്വസ്യ പശ്യന്ത്യഭൂമിം
പ്രളയ ഇവ ഗഭീരധ്വാനമുല്ലംഘ്യ വേലാ-
വിസ്തൃത ചടുലവീചേരുത്ഥിതസ്യാർണ്ണവന്യ
തുലിതജലദശല്കൈസ്തൂർണ്ണമാബദ്ധ്യ സേതും
ബലവദുപലഭംഗൈഃ സ്തംഭയാമാസ വേഗം.
മൂലവാസവിഹാരം കടലെടുക്കുന്ന വാര്‍ത്തകേട്ടു കോപിഷ്ഠനായിത്തീര്‍ന്ന രിപുരാമൻ വാളോങ്ങിക്കൊണ്ടു സമുദ്രത്തിനുനേരെ പായുകയും മേഘഖണ്ഡങ്ങൾ പോലെയുള്ള പാറക്കല്ലുകൾകൊണ്ടു സേതു തീർത്തു് അതിന്റെ ആക്രമത്തെ തടയുകയും ചെയ്തു. മൂലവാസം തന്നെയാണോ മുൻപു രാജവര്‍മ്മാവു പണിയിച്ച വിഹാരം എന്നറിഞ്ഞുകൂടാ; എന്നാൽ അതു കോലത്തുനാട്ടിൽപെട്ട ഒരു ദേവാലയമായിരുന്നുവെന്നുള്ളതിനും അതിന്റെ സംരക്ഷണം ക്രി: പി: പത്താം ശതകത്തിൽ രാമവർമ്മാവു നടത്തി എന്നുള്ളതിനും, പുറമെ വേറേയും തെളിവുകളുണ്ടു്. “ദക്ഷിണാപഥേ മൂലവാസലോകനാഥ" എന്നു ഗാന്ധാരത്തിൽ (ആഫ്‌ഗാനിസ്റ്റാനിൽപെട്ട ഇന്നത്തെ കൻഡഹാർ) ഒരു ലോകേശ്വരപ്രതിമയിലുള്ള രേഖ ഇൻഡ്യയിലെ പുരാണവസ്തുസംരക്ഷകന്മാർ കണ്ടുപിടിച്ചിട്ടുണ്ട്. ലോകേശ്വരൻ ബുദ്ധമതത്തിലെ മഹായനശാഖക്കാർ ആരാധിക്കുന്ന ഒരു ബുദ്ധമൂര്‍ത്തിയാകുന്നു. ലോകശ്വരവിഗ്രഹമാണു മൂലവാസത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നു ഇതിൽ നിന്ന് അനുമാനിക്കാം. ആ വിഹാരത്തിനു ക്രി: പി: 868-ൽ, അന്നു തെക്കൻതിരുവിതാങ്കൂർ ഭരിച്ചിരുന്ന ആയിവംശജനായ വിക്രമാദിത്യവരഗുണൻ എന്ന രാജാവു വളരെ വസ്തുക്കൾ ദാനംചെയ്യുകയുണ്ടായി. മൂലവാസം തിരുവിതാങ്കൂറിൽ ആലപ്പുഴ, പുറക്കാട്', തൃക്കുന്നപ്പുഴ ഈ സ്ഥലങ്ങൾക്കു സമീപമായിരുന്നിരിക്കണമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളതു തീരെ ശരിയല്ല.
രിപുരാമന്റെ മരണത്തിനുശേഷം ജനമാനിയും തദനന്തരം ശംഖവര്‍മ്മാവും പിന്നീടു മര്റൊരു ജനമാനിയും രാജ്യം ഭരിച്ചു. അദ്ദേഹം ഏഴിമലയ്ക്കു സമീപമായി പ്രവഹിക്കുന്ന പ്രഥനാ നദിയുടെ തീരത്തിൽ ഉത്തുംഗമായ ഒരു ഗോപുരം പണിയിച്ചു. അക്കാലത്തു കോലത്തുനാട്ടിൽ എല്ലാ മതങ്ങൾക്കും തമ്മിൽ യഥാര്‍ത്ഥമായ സാഹോദര്യമുണ്ടായിരുന്നു.
കൃതാസ്പദാഃ കാനനസത്വ ജാതയഃ തപോഭൃതാം സിദ്ധിമതാമിവാശ്രാമേ
ജഗൽപ്രതിതാതിവിരുദ്ധവൃത്തയഃ സഹാഖിലാ യത്ര വസന്തി ദേവതാഃ
'എങ്ങനെ കാട്ടിലെ ഹിംസ്രമൃഗങ്ങൾ സിദ്ധന്മാരായ മഹഷിമാരുടെ ആശ്രമങ്ങളിൽ ഏകയോഗക്ഷേമം പുലര്‍ത്തിക്കഴിഞ്ഞുകൂടുന്നുവോ, അതുപോലെ പരസ്പരവിരുദ്ധങ്ങളായ വൃത്തികളോടുകൂടിയവരെന്നു ജഗൽ പ്രസിദ്ധി സമ്പാദിച്ചിട്ടുള്ള ദേവതകൾ എല്ലാം അവിടെ ഒന്നിച്ചുചേർന്നു പരിലസിച്ചു'. അദ്ദേഹത്തിന്റെ അനന്തരവൻ പ്രഥമവളഭന്റെ "ഭടസ്ഥലീ"നാഥനായ ശത്രുവിനെത്തോല്പിച്ച് ആ രാജ്യം മൂഷികത്തോടു ചേര്‍ത്തു. പ്രഥമവളഭന്റെ അനുജൻ നാരായണപുരം എന്ന നഗരം സ്ഥാപിച്ച കുന്ദവര്‍മ്മാവു്; കുന്ദവര്‍മ്മാവിന്റെ ഭാഗിനേയൻ ദ്വിതീയപാലകൻ; അദ്ദേഹത്തിന്റെ ഭാഗിനേയൻ ദ്വിതീയരിപുരാമൻ; ആ രിപുരാമൻ അനന്തരവന്മാർ ഗംഭീരനും ജനമാനി (തൃതീയൻ)യും; ജനമാനിയുടെ അനന്തരവന്മാർ ദ്വിതീയവളഭനും ശ്രീകണ്ഠനും; പന്ത്രണ്ടാം സർഗ്ഗം ഇവിടെ അവസാനിക്കുന്നു. ഒടുവിൽ പ്രസ്താവിച്ച രണ്ടു രാജാക്കന്മാരും നമ്മുടെ ശ്രദ്ധയെ പ്രാത്യേകമായി അര്‍ഹിക്കുന്നു.
ദ്വിതീയവളഭൻ ഒരു വിശിഷ്ടനായ രാജാവായിരുന്നു.
പ്രാപ്തേന പ്രിയനയനോത്സവം ജനാനാം യോനയം സ്ഫുരദുരുതേജസാ ധരിത്രീ
വര്‍ദ്ധിഷ്ണുപ്രഥമകലാത്മകേന ബാഢം ചന്ദ്രേണ പ്രതിപദി ശര്‍വ്വരീവ രേജേ.
ജാതേന യേനാധികമന്വവായഃ സംഭൂഷിതോ മൂഷികഭൂപതീനാം
കൃതാവതാരേണ ജഗദ്ധിതാര്‍ത്ഥമംശേന വിഷ്ണോരിവ വൃഷ്ണിവംശഃ
ആ ബാലൻ പ്രജകളുടെ നേത്രങ്ങൾക്കു് ഉത്സവമായി പ്രതിപച്ചന്ദ്രനേപ്പോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ അവതാരത്താൽ മൂഷികവംശം, മഹാവിഷ്ണുവിന്റെ അവതാരത്താൽ വൃഷ്ണിവംശമെന്നപോലെ അലങ്കൃതമായി. അദ്ദേഹത്തിനു രാജധര്‍മ്മാവെന്നു പേരുള്ള കലാകുശലനായഒരനുജനുണ്ടായിരുന്നു.
ശ്രീമാനമുഷ്യാവരജഃ കലാനാം വേത്താ കൃതജ്ഞോ വസതിര്‍ഗ്ഗുണാനാം
രാമസ്യ സൗമിത്രിരിവാജനിഷ്ട രാജാ പ്രതിതോ ഭൂവി രാജധര്‍മ്മാ.
ബാല്യകാലത്തുതന്നെ വളദൻ ഒരിക്കൽ പെരിഞ്ചെല്ലൂർ അഗ്രഹാരം ദര്‍ശിക്കുവാൻ പോയി.
ധര്‍മ്മസ്യ പാശ്ചാത്യയുഗപ്രതീക്ഷാ-
സ്ഥാനായമാനം കലിദുര്‍ബ്ബലസ്യ
ചേലൂരനാമാനമസൗ കദാചി-
ന്മഹാഗ്രഹാരം വളഭഃ പ്രപേദേ.
ത്യാഗപ്രരോഹനനിഭൃതസ്ഥിതയസ്സമന്താ-
ദ്വ്യാപ്തഷ്ഷഡംഗലതികാഭിരുദീര്ണ്ണശാഖാ
യസ്മിൻ വിധിപ്രസവലബ്ധഫലാഭിരാമാ-
സ്തിഷ്ഠന്തി ദേവതരവോ മഹിതാ ദ്വിജാനാം
സംഗൃഹ്യ ധര്‍മ്മനിചയാനിഹ കര്‍മ്മഭൂമൗ
തസ്യ ക്ഷയം ... ... ... ... ... ... ദശാധിവാസം
ആഭാന്തി യന്ത്ര ചരമാസ്ഥിതമദ്ധ്യരൂപാ
നാകൌകസഃ പ്രതിവസന്ത ഇവ ദ്വിജേന്ദ്രാഃ
ദണ്ഡഃ കരേഃ ശിഖിഷു ച ജ്വലിതേഷു ഹേതിഃ;
പ്രാപ്തേഷു ഹോമസമയേഷു സമിൽപ്രസംഗഃ
ഉച്ചാവചേഷു ഭവനേഷ്വതിസന്ധിയോഗഃ;
ശ്രൗതേഷു യത്ര ശുഭകര്‍മ്മഫലേഷു കാമഃ.
കലിയുഗത്തിൽ ദുർബലമായിത്തീര്‍ന്ന ധര്‍മ്മം കൃതയുഗത്തെ പ്രതീക്ഷിക്കുന്നതു പെരിഞ്ചെല്ലൂരിലാണു് ; ത്യാഗമാകുന്ന പ്രരോഹത്തിലാണ് അവിടത്തെ ബ്രാഹ്മണര്‍ക്കുള്ള കല്പവൃക്ഷങ്ങളുടെ ഗൂഢസ്ഥിതി. (പുരസ്കര്‍ത്താക്കന്മാരായ ആഢ്യന്മാർ). അവ ചുറ്റിലും വ്യാപിച്ചിട്ടുണ്ട്; ഷഡംഗങ്ങളാകുന്ന ലതകളോടുകൂടി വളരുന്ന ശാഖകൾ ആ വൃക്ഷങ്ങളിലുണ്ടു്. സ്വധര്‍മ്മാനുഷ്ഠാനമാകുന്ന പുഷ്പത്തിൽനിന്നു ലഭിക്കുന്ന ഫലങ്ങൾകൊണ്ട് ആ വൃക്ഷങ്ങൾ മനോഹരങ്ങളാകുന്നു. ധര്‍മ്മസമൂഹങ്ങളെ സംഗ്രഹിച്ചുകൊണ്ടും വയോധികതയിലും യുവാക്കന്മാരുടെ രൂപം ധരിച്ചുകൊണ്ടും അവിടെ ബ്രാഹ്മണർ ഈ കര്‍മ്മഭൂമിയിലെ ദേവന്മാരുടെ അയൽപക്കക്കാരായി (തുല്യന്മാരായി) താമസിക്കുന്നു. അവരുടെ കയ്യിൽ (ബ്രഹ്മചാരികളുടേയും സന്യാസിമാരുടേയും വിഷയത്തിൽ) ദണ്ഡുണ്ട്; ജ്വലിച്ച ഹോമാഗ്നിയിലാണു ഹേതി (വാളെന്നു വിരോധം; ജ്വാലയെന്നു പരിഹാരം); ഹോമസമയങ്ങളിൽ സമിത്തും (യുദ്ധമെന്നു വിരോധം; ചമതയെന്നു സമാധാനം) ഉണ്ടു്. ഉച്ചാവചങ്ങളായ ഗൃഹങ്ങളിൽ അതിസന്ധി (ചതിവെന്നു വിരോധം; ബലമായുള്ള കൂടിച്ചേര്‍ച്ച എന്നു പരിഹാരം) കാ ണുന്നു; വേദോക്തങ്ങളായ ശുഭകര്‍മ്മഫലങ്ങളിൽ അവർ കാമമുള്ളവരും (കാമം സാമാന്യേന ഹേയമാണെങ്കിലും, യാഗഫലമായ സ്വര്‍ഗ്ഗത്തിലുള്ള കാമം അതിൽ നിന്നു വ്യത്യസ്തമാണല്ലൊ) ആണു്.
പെരിഞ്ചെല്ലൂരിൽ ഭവനെന്നും നന്ദിയെന്നും രണ്ടു പണ്ഡിതമൂര്‍ദ്ധന്യന്മാരായ നമ്പൂതിരിമാർ അക്കാലത്തു ജീവിച്ചിരുന്നു.
യത്ര ദ്വിജന്മതിലകൌ ഭവനന്ദിസംജ്ഞാ-
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹാപനോദകരണാര്‍ത്ഥമിഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീര്‍ണ്ണൌ
അവർ ജനങ്ങളുടെ അജ്ഞതയെ അപനോദനം ചെയ്യുന്നതിനുവേണ്ടി സ്ര്‍വഗ്ഗം വിട്ടു ഭൂമിയിൽ അവതരിച്ച ശുക്രനും ബൃഹസ്പതിയുമായിരുന്നു.
പിന്നീടു വളഭൻ തൃച്ചെമ്മരം ക്ഷേത്രം സന്ദര്‍ശിച്ചു. ആ ക്ഷേത്രത്തെ കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു:
തത്രാഥ ചിത്രകുസമസ്തവകാവതംസൈ-
രുദ്യാനശാഖിഭിരുപസ്കൃതദിഗ്വിഭാഗം
ശ്രീമല്‍ സ ശംബരപദപ്രഥിതാഭിധാനം
പുണ്യം ഹരേർനൃപസുതഃ പുരമാസസാദ.
ഉദ്യാന മധുമഥനസ്യ ലോലശാഖാ യൽപ്രാന്തേ സുരവനിതാ ഇവാന്തരീക്ഷേ
നൃത്യന്തി സ്വയമനിലോപധൂതഘണ്ടാവാദിത്രധ്വനിതലയേന വൈജയന്ത്യഃ
ഉപവനതരുപുഷ്പരേണുജാലൈഃ പരിമളലോലവരദ്വിരേഫശാരൈഃ
നഭസി മുരഭിദഃ പ്രിയായ യസ്മിൻ വിരചയതീവ മരുദ്വിതാനമുച്ചൈഃ
അവിടത്തെ ഉദ്യാനങ്ങളിൽ കാറ്റു് അടിക്കുമ്പോൾ ഉലയുന്ന മണികളിൽ സ്വയമേ ഉണ്ടാകുന്ന നാദമാകുന്ന താളക്രമത്തിനു് അനുസരിച്ചു വൈജയന്തികൾ, ആകാശത്തിൽ ദേവസ്ത്രീകളെപ്പോലെ നര്‍ത്തനം ചെയ്യുന്നു; എന്നു മാത്രമല്ല, മുകൾഭാഗത്തു ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രീതിക്കു വേണ്ടി വായു ഉപവനവൃക്ഷങ്ങളിലെ പുഷ്പരേണുക്കളെക്കൊണ്ടു പരിമളം കൊതിച്ചെത്തുന്ന വണ്ടുകളാൽ ശബളവര്‍ണ്ണമായ മേൽക്കെട്ടി കെട്ടുകയും ചെയ്യുന്നു. തൃച്ചെമ്മരത്ത് എത്തുന്നതിനു മുൻപുതന്നെ യാനത്തിൽ നിന്നിറങ്ങി, വളഭൻ അവിടത്തെ ദേവനെ ഭജിക്കുകയും പിന്നീടു തന്റെ പൂർവ്വഗനായ ശതസോമൻ പ്രതിഷ്ഠിച്ച പെരിഞ്ചെല്ലൂർ ശിവക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.
ദ്രുതതരമവതീര്യ തത്ര യാനാദ് ഭുവനഗുരും ശിരസം പ്രണമ്യ ശൗരിം
പുഥ ശതസോമനിര്‍മ്മിതം തൽ സ പുരരിപോരഭിരാമമാ സസാദ.
യത്രാഗ്രഹപരിലീനനവാംബുവാഹവിദ്യുല്ലതാകൃതചലാചലചിത്രലേഖം
വിപ്രോപഹാരവിധിതോഷിതചിത്തവൃത്തിഃ ശശ്വദ്വിമാനമധിതിഷ്ഠതി ചന്ദ്രമൌലിഃ
ഇത്യാദി ചില പദ്യങ്ങൾ ആ ഘട്ടത്തിലു, ശിവസ്തുതിപരങ്ങളായി കവി വിരചിച്ചിട്ടുണ്ട്. ഇങ്ങനെ പതിമൂന്നാം സര്‍ഗ്ഗം സമാപ്തിയെ പ്രാപിക്കുന്നു.
പിന്നീടു പതിന്നാലാം സര്‍ഗ്ഗം ആരംഭിക്കുന്നു. ചോളരാജാവു കേരളത്തെ ആക്രമിക്കുന്നതായി അറിഞ്ഞു ജനമാനി വളഭനെ കേരളരാജാവിന്റെ സാഹായ്യത്തിനുവേണ്ടി അയയ്ക്കുകയും, അദ്ദേഹം മാതുലന്റെ ആജ്ഞയെ ശിരസാവഹിച്ചു തെക്കോട്ടേയ്ക്ക് ഒരു വലിയ സൈന്യത്തോടുകൂടി പുറപ്പെടുകയും ചെയ്തു. അക്കാലത്തു കേരളത്തെ ആക്രമിച്ച ചോളരാജാവു മഹാനായ പ്രഥമരാജരാജനായിരുന്നു എന്നത്രെ ഞാൻ ഊഹിക്കുന്നത്. ഭാസ്കരരവിവർമ്മാവായിരുന്നു അന്നത്തെ കേരളരാജാവ്. കൊടുങ്ങല്ലൂരിൽ വളഭൻ ചെന്നെത്തുന്നതിനുമുൻപു ജനമാനി മരിച്ചുപോയതായും വിക്രമരാമൻ എന്നൊരു ശത്രു മൂഷികദേശം കൈവശപ്പെടുത്തിയതായും അറിഞ്ഞു വളഭൻ ആ വൃത്താന്തം കേരളരാജാവിനെ അറിയിക്കുവാൻ ഒരു ദൂതനെ അയച്ചുംവെച്ചു തിരിയെ കോലത്തുനാട്ടിലേയ്ക്കു തന്നെ പുറപ്പെട്ടു. തിരിച്ചുള്ള യാത്രയിൽ സ്മാര്‍ത്തമതാവലംബിയായ ആ രാജാവു മൂലവാസത്തിലേയ്ക്കു പോയി അവിടത്തെ "അതികാരുണികനായ സുഗതനെ" (ബുദ്ധഭഗവാനെ) അഭിവന്ദിക്കുകയും, അവിടത്തെ ശ്രേഷ്ഠന്മാരായ ജൈന (ബൌദ്ധ)ജനങ്ങളുടെ ജനാശിസ്സുകളെ പ്രതിഗ്രഹിക്കുകയും ചെയ്തതായി കവി വര്‍ണ്ണിക്കുന്നതിൽനിന്ന് അന്നത്തെ കേരളത്തിൽ വിവിധമതാനുയായികൾക്കുതമ്മിൽ ഉണ്ടായിരുന്ന വിശേശ്വരമായ സൌഹാർദ്ദത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്നു തെളിയുന്നുണ്ട്.
ഉപസൃത്യ നിത്യസുസമൃദ്ധവിഭവഗുരുധര്‍മ്മപാരഗം
തത്ര സുഗതികാരുണികം ശുചിമൂലവാസഇഷമദ്യവന്ദത.
പ്രതിഗൃഹ്യ ച പ്രവരജൈനജനകൃതജയാശിഷഃ
കോപദരിതഹൃദയഃസഹസാപ്രയയൌ പരൈരപഹൃതം സ്വമന്ദിരം.
വളഭൻ വിക്രമരാമനെ ക്ഷണത്തിൽ പരാജിതനാക്കി, കോലരാജപദത്തിൽ അഭിഷിക്തനായി, കിള്ളാനദിയുടെ സംഗമസ്ഥലത്തിൽ മാരാഹി എന്ന പട്ടണം സ്ഥാപിച്ചു.
സാംയാത്രികപ്രഹിതപോതപഥാവതീര്‍ണ്ണ-
ദ്വീപാന്താദ്രവിണസാരവൃതാപണാഢ്യം
കില്ലാസരിജ്ജലധിസങ്ഗമസന്നികൃഷ്ടം
മാരാഹിനാമനഗരം നൃപതിശ്ചകാര.
ഭൂയശ്ചകാര പൃഥുഗോപുരഭിന്നതുങ്‌ഗ-
പ്രാകാരചിത്രവിഹിതാതുലഗുപ്തശോഭം
വര്‍ദ്ധിഷ്ണുഖാതസലിലപ്രഥനാതരങ്ഗൈഃ
ബിഭ്രൽ സദാ വളഭപത്തനവൃദ്ധിമുച്ചൈഃ
മാരാഹിയിൽ ദ്വീപാന്തരങ്ങളിൽ നിന്നു് അനേകം കപ്പൽക്കച്ചവടക്കാർ വന്നു് അവരുടെ സാമാനങ്ങൾ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നു. വളപട്ടണത്തിനു (വളർപട്ടണം) ചുറ്റും അടുത്തുള്ള ഗോപുരയുക്തമായ പ്രാകാരത്തിലെ ചിത്രങ്ങൾ പ്രതിഫലിക്കുക നിമിത്തം അത്യന്തം ഗുപ്തമായ ശോഭയോടുകൂടിയ ഒരു കിടങ്ങു കുഴിപ്പിച്ചു് ആ പട്ടണത്തിനു് അഭിവൃദ്ധി വരുത്തി. അതിനുപുറമേ ഒരു ശാസ്താവിനേയും അദ്ദേഹം പ്രതിഷ്ഠിച്ചു. ശ്രീരാമൻ ലങ്കാഭിധാനമായ ഒരു ദ്വീപം മാത്രമേ ജയിച്ചുള്ളു; വളഭൻ അനവധിദ്വീപങ്ങൾ ജയിച്ചു.
മുഖരീചകാര കവിലോകമൂർജ്ജിതം
വളഭം സ രാമഘടമൂഷികേശ്വരഃ
എന്നു കവി പറയുന്നതിൽനിന്നു് അദ്ദേഹം കവിലോകത്തിനും ആശ്രയമായിരുന്നുവെന്നു കാണാവുന്നതാണ്. അങ്ങനെ കുറേക്കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ആ മഹാനും യശശ്ശരീരനായി.
വളർപട്ടണത്തുകോട്ടയും അതിനു വടക്കുവശത്തു ചേരമാൻ കോട്ടയും ക്രി: പി: 428-440 ഈ വര്‍ഷങ്ങൾക്കിടയിൽ ചേരമാൻപെരുമാൾ പണിയിച്ചു എന്ന കേരളോൽപത്തിയിലെ പ്രസ്താവനയ്ക്കു യാതൊരടിസ്ഥാനവും കാണുന്നില്ല. വളഭൻ പെരുമാൾ കല്പിച്ച കോട്ടയ്ക്കും വളഭത്തുകോട്ട എന്നു പേരുണ്ടായതായും, അതിനു കുറക്കാലം മുൻപു് ഏഴിപ്പെരുമാൾ എന്നൊരു രാജാവു കേരളം രക്ഷിച്ചതായും കേരളാൽപത്തിയിൽ പറഞ്ഞു കാണുന്നുണ്ട്. ഇതൊന്നും ശരിയാണെന്നു തോന്നുന്നില്ല. വളഭൻ കോലരാജാവാണെന്നും 'കേരള'രാജാവല്ലെന്നും' മൂഷികവംശം നമ്മെ പഠിപ്പിക്കുന്നു.
പതിനഞ്ചാം സഗ്ഗത്തിൽ കവി തന്റെ പുരസ്കര്‍ത്താവും വളഭന്റെ അനുജനും അനന്തരഗാമിയുമായ ശ്രീകണ്ഠന്റെ രാജ്യഭാരം വര്‍ണ്ണിക്കുന്നു.
ശ്രീകണ്ഠ ഇത്യവരജോഥ നൃപസ്യ തസ്യ
ശ്രീകണ്ഠപാദ സരസീരുഹരാജഹംസഃ
ശ്രീകണ്ഠനാഥ ഇവ ശൗര്യഗുണേന ഹര്‍ഷ-
ശ്രീകണ്ഠസങ്‌ഗിനി ഭുജേ ഭുവമാസസഞ്ജ
പീനോന്നതസ്ഥിരതരാംസതടം പ്രലംബ-
ജ്യാഘാതലാഞ്ഛിതകഠോരതപ്രകോഷ്ഠം
കൗക്ഷേയകുത്സരുകിണാങ്കതലാങ്ഗുലീകം
യദ് ബാഹുദണ്ഡമജിതം ഭജിത ജയശ്രീഃ
കല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വര്‍ഗ്ഗസ്യ യഃ സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്താജനസ്യ ഭഗവാനപി പുഷ്പകേതുഃ.
യൽ സ്ഥാവരസ്സുരതരുര്യദചേതനശ്ച ചിന്താമണിര്യദപി സാ സുരദിസ്തിരശ്ചീ
പ്രായേണ തത്ത്രയമിദം ജഗതി പ്രദാനേ കര്‍ത്തും യമപ്രതിഭടം വിദധേ വിധാതാ
ഇങ്ങനെ ആദ്യത്തെ മുപ്പത്തഞ്ചു ശ്ലോകങ്ങളിൽ കവി ആ രാജാവിന്റെ ഗുണഗണങ്ങളെ പ്രശംസിക്കുന്നു. മുപ്പത്തഞ്ചാമത്തെ ശ്ലോകം താഴെ കാണുന്നതാണു്
ജീയാച്ചിരായ കരവാളസഖേന ദോഷ്ണാ രാജായമപ്രതിരഥോ ഭുവി രാജവര്‍മ്മാ
പീത്വേതിരക്താസകം സഹകാമിനീഭിര്‍ന്നൃത്യന്തി യസ്യ രണമൂര്‍ദ്ധനി യാതുധാനാഃ
അദ്ദേഹം വട്ടകേശ്വരം, അഹീരണേശ്വരം എന്നീ ക്ഷേത്രങ്ങൾ ജീര്‍ണ്ണോദ്ധാരണം ചെയ്തു. പതിനഞ്ചാംസര്‍ഗ്ഗം മുഴുവൻ കണ്ടുകിട്ടീട്ടില്ലെന്നു മുൻപു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
പ്രഥന, കിള്ളം, പരുഷ്ണി, മുതലായ നദികളും വട്ടകേശ്വരം, അഹീരണേശ്വരം മുതലായ ക്ഷേത്രങ്ങളും മാരാഹി മുതലായ നഗരങ്ങളും ഏതെന്നു തീര്‍ച്ചപ്പെടുത്തുവാനുണ്ട്. കിള്ളാ ചന്ദ്രഗിരിപ്പുഴയാണോ എന്നു ഞാൻ സംശയിക്കുന്നു.
എങ്കിൽ കേട്ടാലുമിപ്പോൾ മമ പരമനിയോഗം വടക്കങ്ങു തെക്കും
ഭംഗ്യാ മേവുന്ന കിള്ളഘൃതതടിനികളേക്കൊണ്ടൊരുല്ലാസധാമാ
തുംഗശ്രീകരളക്ഷ്മാതലം
എന്ന ചെല്ലൂരനാഥോദയപദ്യത്തിൽ കിള്ളാ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലാണെന്നു പ്രസ്താവിച്ചുകാണുന്നു. ഘൃതതടിനി തിരുവനന്തപുരത്തിനു തെക്കുള്ള നെയ്യാറാണു്. പ്രഥന വളർപട്ടണത്തു പുഴയാണെന്നുതോന്നുന്നു. ക്ഷേത്രങ്ങളുംമറ്റും എവിടെയാണെന്നു് ഉത്തരകേരളിയർ തന്നെ നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു.
കന്ത(ണ്ഠ)ൻ കാരിവര്‍മ്മൻ അഥവാ രാമകുടമൂവർതിരുവടി എന്നാണു ശ്രീകണ്ഠന്റെപേർ, അദ്ദേഹത്തിന്റെ 59-ാമത്തെ രാജ്യഭാരവര്‍ഷത്തിൽ കൊത്തീട്ടുള്ള ശിലാലിഖിതത്തിൽ കാണുന്നത്. ഈ പേർ രാജേന്ദ്രചോളൻ കോലത്തുനാടു കൈവശമാക്കിയതിനുമേൽ അദ്ദേഹത്തിന്റെ സാമന്തൻ എന്ന നിലയിൽ ശ്രീകണ്ഠൻ സ്വീകരിച്ചതായിരിക്കണം. ഏഴിമലയ്ക്കു സമീപത്തുനിന്നു കിട്ടീട്ടുള്ള ഒരു ശിലാലിഖിതത്തിൽ 'ഇരാമകടമൂവർകെട മുനിന്തു' അതായതു 'രാമകുടത്തിലെ മൂവർ കെടത്തക്കവണ്ണം കോപിച്ചു' എന്നു രാജേന്ദ്രചോളന്റെ പുത്രനും സേനാപതിയുമായ രാജാധിരാജനെ വര്‍ണ്ണിച്ചുകാണുന്നു. രാമകുടം എന്നാൽ രാമഘടം അതായതു മൂഷികദേശം. മൂവർ എന്നാൽ മൂന്നുരാജാക്കന്മാരെന്നാണു പുരാണ വസ്തു ഗവേഷകന്മാരായ പണ്ഡിതന്മാർ വ്യാഖ്യാനിച്ചുവന്നതു്. മേൽ സൂചിപ്പിച്ച ശിലാലിഖിതം കണ്ടതിനുമേൽ മൂവർ, മൂത്തവർ എന്ന പദത്തിന്റെ പര്യായമാണെന്നു അവർ പ്രസ്താവിച്ചുതുടങ്ങി. അതിനു വ്യാകരണം അനുകൂലമാണെന്നുതോന്നുന്നില്ല. ചിറയ്ക്കൽ താലൂക്കിൽ ചാലപ്പുറത്തു ക്ഷേത്രത്തിൽ വളഞ്ചിയർ, നാനാദേയർ (നാനാദേശികൾ), പണിമക്കൾ എന്നിവർതമ്മിൽ ഒരു സമയസങ്കേതം നടപ്പാക്കിയതായും ആ അവസരത്തിൽ "രാജേന്ദ്രചോളസമയസെനാപതി" എന്നൊരു ഉദ്യോഗസ്ഥൻ സന്നിഹിതനായിരുന്നതായും ഒരു ശിലാരേഖയിൽ കാണുന്നു. പക്ഷെ മൂവർ എന്നത് അമ്മുവർ എന്ന പദത്തിന്റെ പര്യായമാണെന്നും വരാവുന്നതാണു്. അമ്മുവർ, അമ്മോർ മുതലായ പദങ്ങൾ 'അമമാമർ' രൂപഭേദപ്പെട്ടുണ്ടായവയാണു്. മുപ്പത്തയ്യായിരം കോലത്തിരിനായന്മാരെ ആയുധവിദ്യ അഭ്യസിപ്പിക്കുവാൻ പതിനാറു് അമ്മോന്മാരുണ്ടായിരുന്നതായി ഗുണ്ടർട്ടു് സായിപ്പു പ്രസ്താവിക്കുന്നു. "താഴക്കാട്ട് അമ്മുവർ" എന്ന ബ്രാഹ്മണകുടുംബക്കാർ ഇന്നുമുണ്ടല്ലൊ. കോലത്തിരിമാര്‍ക്കും അമ്മുവർ എന്ന സ്ഥാനപ്പേരുണ്ടായിരുന്നിരിക്കുവാൻ പാടില്ലായ്കയില്ല. ഏഴിമലയ്ക്കു സമീപമുള്ള പഴയ ശിലാലിഖിതങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചാലല്ലാതെ ഈ വിഷയത്തിൽ നിഷ്കൃഷ്ടമായി ഒരഭിപ്രായം രേഖപ്പെടുത്തുന്നതിനു നിവൃത്തിയില്ല.
ആകെകൂടി നോക്കുമ്പോൾ മൂഷികവംശത്തിനു ഒരു കാവ്യമെന്നും ഒരു ദേശചരിത്രഗ്രന്ഥമെന്നുമുള്ള നിലകളിൽ അപ്രതിഷേധ്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളതു വിദ്വാന്മാര്‍ക്കു് ഈ ഉപന്യാസം വായിക്കുമ്പോൾ ബോധപ്പെടുന്നതാണു്. തിരുവിതാംകൂർ ആര്‍ക്കിയോളജിക്കൽ സീരീസിൽ ഈനിബന്ധത്തെപ്പറ്റി ഇളംപ്രഥമമായി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയ പരേതനായ ടി. എ. ഗോപീനാഥറാവു എം. ഏ. കേരളീയരുടെ ഹൃദയപൂർവമായുള്ള കൃതജ്ഞതയെ ആവർജിക്കുന്നു.