കൊല്ലവഷം 904 മുതൽ 933 വരെ വഞ്ചിരാജ്യം പരിപാലിച്ചു്, അതിനു് ഇന്നു കാണുന്ന വിസ്തൃതിയും വിശ്രുതിയും നൽകിയ വീരമാര്‍ത്താണ്ഡവര്‍മ്മമഹാരാജാവ്, ശത്രുക്കൾക്കു കല്പവഹ്നി എങ്കിലും കവികൾക്കു കല്പവൃക്ഷമായിരുന്നുവെന്നു ഞാൻ അനേകം ഉപന്യാസങ്ങളിൽ സമര്‍ത്ഥിച്ചിട്ടുണ്ടു്. ദേവരാജകവിയുടെ ബാലമാര്‍ത്താണ്ഡവിജയം നാടകത്തിൽ ആ പുണ്യപുരുഷന്റെ അപദാനങ്ങൾ അനേകധാ പ്രകീര്‍ത്തിതങ്ങളായിക്കാണുന്നു. രാമപുരത്തു ശങ്കരവാരിയർ കുചേലവൃത്തം വഞ്ചിപ്പാട്ടിലും ഭാഷാഷ്ടപദിയിലും അവിടുത്തെപ്പറ്റി ചെയ്തിട്ടുള്ള പ്രശംസകൾ ഭാഷാഭിമാനികൾക്ക് അവിദിതങ്ങളല്ല. കുഞ്ചൻനമ്പ്യാർ അവിടുത്തെ ആശ്രയിച്ചു തിരുവനന്തപുരത്തു ജിവിച്ചിരുന്ന കാലത്ത് അനേകം തുള്ളൽ കഥകൾ രചിച്ചിട്ടുണ്ടു്. രാമപാണിവാദന്റെ സീതാരാഘവം നാടകം കൊല്ലവഷം 931-ൽ ആ തിരുമേനി നടത്തിയ മുറജപമഹോത്സവത്തിനു് ആഗതന്മാരായ മഹാബ്രാഹ്മണരെ ആനന്ദിപ്പിക്കുന്നതിനു വേണ്ടി രചിച്ചതാണു്.
ശ്രീപത്മനാഭചരിതം അപ്രകാശിതമായ ഒരു ചമ്പൂകാവ്യമാകുന്നു. അതിൽ ആദ്യത്തെ അഞ്ചു സ്തബകങ്ങളും ആറാമത്തെ സ്തബകത്തിൽ അല്പഭാഗവും മാത്രമേ എനിക്കു കാണ്മാനിടവന്നിട്ടുള്ളു. ബാക്കിയുള്ള ഭാഗങ്ങളും നിര്‍മ്മിതങ്ങളാണെന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ ഗ്രന്ഥത്തിന്റെ പ്രണേതാവ് 'കൃഷ്ണൻ' എന്നു പേരുള്ള ഒരു കവിയാണു്. "ഭഗവദാഗമനോത്സവകഥാസുധാഭിരാമം അനന്തരസഗര്‍ഭം സന്ദര്‍ഭം കൃഷ്ണനാമാ നിർമ്മാതുമാരഭത" എന്നും "ശ്രീകൃഷ്ണവിരചിതേ ശ്രീപത്മനാഭചരിതേ ചമ്പുകാവ്യേ" എന്നും ഗ്രന്ഥത്തിൽ കാണുന്ന രേഖകളിൽനിന്നു് ഈ വസ്തുത വെളിപ്പെടുന്നു. അനന്തശയനസംസ്കൃതഗ്രന്ഥാവലിയിൽ എൺപത്താറാമങ്കമായി 'ഭരതചരിതം' എന്നൊരു കാര്യം പ്രസിദ്ധപ്പെടുത്തിട്ടുണ്ട്. ആ കാവ്യത്തിന്റെ നിര്‍മ്മാതാവും ഒരു കൃഷ്ണനാണു്. 'കൃഷ്ണാചാര്യ 'നെന്നും 'കൃഷ്ണകവി'യെന്നും അദ്ദേഹത്തിന്റെ പേർ താളിയോലഗ്രന്ഥങ്ങളിൽ എഴുതിക്കാണുന്നു. ദുഷ്ഷന്തപുത്രനായ ഭരതചക്രവര്‍ത്തിയുടെ ചരിത്രമാണു പ്രസ്തുതകാവ്യത്തിലെ പ്രതിപാദ്യവസ്തു.
കവി ദ്രാവിഡനോ കേരളീയനോ എന്നു നിര്‍ണ്ണയിക്കുവാൻ നിവൃത്തിയില്ലെങ്കിലും, കേരളീയനാണെന്നൂഹിക്കുന്നതിനു ചില സൂചനകൾ ഗ്രന്ഥത്തിലുണ്ടു്. ഭരതൻ തന്റെ ദക്ഷിണദിഗ്വിജയത്തിൽ ചോള രാജാവിനോടു കപ്പം വാങ്ങുകയും പാണ്ഡ്യരാജാവിനെ ഒരു ചെറിയ യുദ്ധത്തിൽ തോല്പിക്കുകയും 'കനകമൌക്തികരത്നചയാഞ്ചിത'മായ ഒരാനയെ ഉപഹാരമായി സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ കേരളരാജാവ നയജ്ഞനായിരുന്നതിനാൽ ആത്മസമര്‍പ്പണംകൊണ്ടു് അദ്ദേഹത്തേ തന്റെ ബന്ധുവാക്കുകയാണു ചെയ്യുന്നതു്.
അഥ ഗിരേരിവ പക്ഷപരമ്പരാം ജലനിധേരുപരി പ്രവിസാരിതാം
പരശുരാമമഹാസ്ത്രവിര്‍നിമ്മിതാമവതതാര മഹീം സ മഹാരഥഃ
കലിതനീതിരസൗ കില കേരളക്ഷിതിപതിഃ പുനരാത്മസമര്‍പ്പണാൽ
അനുവിവേശ ശശീവ ദിവാകരം രുചിരയാ കുലയാ ഭരതം വിഭും
'സമുദ്രത്തിന്റെ മുകളിൽ പരത്തപ്പെട്ടിരിക്കുന്ന പർവ്വതത്തിന്റെ പക്ഷപരമ്പരയോ എന്നു തോന്നുന്നതും പരശുരാമന്റെ വെണ്മഴു നേടിയതുമായ കേരളദേശത്തിലേയ്ക്കു സഹ്യപര്‍വ്വതത്തിൽനിന്നു ഭരതചക്രവര്‍ത്തി ഇറങ്ങി. നീതിശാലിയായ കേരളരാജാവു രമ്യമായ കലയോടുകൂടിയ ചന്ദ്രൻ സൂര്യനെ എന്നപോലെ ആത്മസമര്‍പ്പണംകൊണ്ടു് ആ ചക്രവത്തിയെ അനുപ്രവേശനം ചെയ്തു' എന്ന വര്‍ണ്ണന നോക്കുക. ഇതു കേരളേശ്വരനു നൽകിയ മേന്മയായിട്ടാണു ഞാൻ കണക്കാക്കുന്നത്.
ഈ കൃഷ്ണകവിതന്നെയാണു ശ്രീപത്മനാഭചരിതത്തിന്റെയും പ്രണേതാവു എന്നു ഞാൻ ഊഹിക്കുന്നു. ഏതായാലും ശ്രീപത്മനാഭചരിതം നിര്‍മ്മിച്ച കൃഷ്ണകവി വീരമാർത്താണ്ഡവര്‍മ്മമഹാരാജാവിന്റെ ആശ്രിതനായി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്താണു പ്രസ്തുത കാവ്യം നിബന്ധിച്ചത് എന്നുള്ളതു നിസ്സംശയമാണു്. 'ഭാരതവംശം' എന്ന കാവ്യത്തിന്റെ കര്‍ത്താവായും കൃഷ്ണകവിയുണ്ട്. ആ കൃഷ്ണൻ ആരെന്നറിയുന്നില്ല. സ്വാതിതിരുനാൾ മഹാരാജാവിന്റെ സുപ്രസിദ്ധമായ 'സ്യാനന്ദൂരപുരവർണ്ണനപ്രബന്ധം' പത്തു സ്തബകുങ്ങളടങ്ങിയ ഒരു ചമ്പുവാകുന്നു. അതിലെയും ശ്രീപത്മനാഭചരിതത്തിലെയും കഥാവസ്തു ഒന്നുതന്നെയാണു്. മഹാരാജാവു ശ്രീപത്മനാഭചരിതം വായിച്ചതിനുമേലാണു സ്യാനന്ദൂരപുരവർണ്ണനം രചിച്ചതെന്നു പറയേണ്ടതില്ലല്ലൊ. 'അനന്തശയനക്ഷേത്രമാഹാത്മ്യം' പുരാണശൈലിയിൽ വളരെ മുൻപുതന്നെ വിരചിതമായിരുന്നു. എങ്കിലും ആ സന്ദര്‍ഭത്തെ ഇദംപ്രഥമമായി ഒരു കാവ്യത്തിനു വിഷയീഭവിപ്പിച്ചതു കൃഷ്ണകവിയാകുന്നു.
ആദ്യത്തെ ശ്ലോകത്തിൽ കവി താഴെക്കാണുന്ന വിധത്തിൽ വിഘ്നേശ്വരനെ വന്ദിക്കുന്നു.
അങ്കാധിരൂഢരമണീകുചശാതകുംഭകുംഭാതി വേലപരിരംഭരസം ഗജാസ്യം
ഗംഗാധരപ്രണയിനിതപസാം വിപാകം തേജശ്ചിരായ ഭവതാം മുദമാതാനാതു.
അനന്തരം പ്രകൃതത്തെ അനുസ്മരിച്ചു പത്മനാഭപരമായി ഒരു സ്തോത്രപദ്യം നിര്‍മ്മിക്കുന്നു.
സ്വർല്ലോകപാലമകുടീനവരത്നജാലൈ-
രുല്ലാസിതാംഗുലിദലാഞ്ചിതപാദപീഠഃ
ഉല്ലോല ചാരുതുളസീദലസൌരമോ വഃ
കല്യാണമാവഹതു സമ്പ്രതി പത്മനാഭഃ.
പിന്നീടു വീരമാർത്താണ്ഡവര്‍മ്മമഹാരാജാവിന്റെ പ്രശസ്തിയായി.
അസ്തി പ്രഭാവാര്‍ജ്ജിതരാജലക്ഷ്മിശ്ശാസ്താ സമസ്താവനിവല്ലഭാനാം
ധാത്രിപരിത്രാണാ പവിത്രകീർത്തിമ്മാര്‍ത്താണ്ഡവര്‍മ്മാ നരപാലവിരഃ
പ്രസന്ന സാരസ്വത ചാരുമാധുരി ധുരീണവാണീമകരന്ദസുന്ദരം
ഭജന്തി യം സന്തതമേവ സാധുവോ വസന്തചൂതം മധുപാ ഇവോത്സുകാഃ
ലക്ഷ്മികാന്തപദൈകവാസപടുധീസ്സദ്യോഗദാന്തോ ഭൃശം
നിത്യം ബാഢതമസ്സപത്നനിവഹം നിസ്സാരയൻ സവഃ
നേത്രാനന്ദകരശ്ച സാരസഹിതസ്സന്മാർഗ്ഗജൃംഭദ്രുചി-
ന്നാമ് നാ യസ്യ ന കേവലം വിജയത മാര്‍ത്താണ്ഡതാ ഭൂപതേഃ
പത്മാമോദകാരോ ദ്വിജാധിപതഗുരുപ്രമോദയഃ പ്രസ്ഫുരദ്-
ഗോചക്രഞ്ച ബിഭർത്തി യസ്സുരസാദാ രാജാമിമാനാങ്കകൃല്‍
തന്വാനസ്സുമനോവികാസമപൂന സ്സദ്വംശലക്ഷ്മീകാരോ
യോഽലം ഭാതി ധനഞ്ജയാധികരുചിഃ കുംസാരിസൂര്യോപമഃ
യസ്യാഭിരാമവികളങ്കശശാങ്കഗൌരൈര്‍-
ഭൂമണ്ഡല ധവളിതേ വിപുലൈര്യശോഭി,
സുസ്നിഗ്ദ്ധദുഗ്ദ്ധമയവാരിധിശങ്കയേവ
ശേത സദൈവ ഭഗവാനിഹ പത്മനാഭഃ
യന്നിർമ്മിതാശ്ശാത്രവരാജവീരാ വനേ വസന്തോ നിശിതൈഃ ഖനിത്രൈഃ
ഭൂമിം തദീയാമിവ സാഭ്യസൂയാ ഭിന്ദന്തി കന്ദാഹരണച്ഛലേന
ഭല്ലീഭയോദ്വേല്ലിതഗാത്രവല്ലീ വല്ലീഗണോല്ലോചകതല്ലജാസു
പല്ലീഷു നിർല്ലജ്ജമഥോപചുല്ലീ നിർല്ലീയതേ യദ്രിപുവല്ലഭാളീ
"തന്റെ പ്രാഭവംകൊണ്ട് ആർജ്ജിച്ച രാജ്യലക്ഷ്മിയോടുകൂടിയവനായും എല്ലാ രാജാക്കന്മാരുടെയും ശാസിതാവായും ഭൂമിയുടെ പരിത്രാണംകൊണ്ടു സിദ്ധിച്ച പാവനമായ കീർത്തിയുള്ളവനായും 'മാത്താണ്ഡവര്‍മ്മ' എന്നൊരു രാജവീരൻ വര്‍ത്തിക്കുന്നു. സത്തുക്കൾ അത്യന്തം മഹനീയമായ വാഗ്വെഭവത്തോടുകൂടിയ ആ രാജാവിനെ വണ്ടുകൾ വസന്തകാലത്തിൽ തേന്മാവിനെയെന്നപോലെ, ആശ്രയിക്കുന്നു. അദ്ദേഹം പേരു കൊണ്ടു മാത്രമല്ല, ചര്യകൊണ്ടും മാര്‍ത്താണ്ഡനായി വിജയിക്കുന്നു. (ലക്ഷ്മികാന്തപദം = വിഷ്ണുവിന്റെ പാദം എന്നു രാജപക്ഷത്തിലും, വിഷ്ണുപദം അഥവാ ആകാശം എന്നു സൂര്യപക്ഷത്തിലും; സത്തുക്കൾ വിദ്വാന്മാരെന്നും നക്ഷത്രങ്ങളെന്നും. ദാന്തൻ ദാതാവെന്നും, ദമനശീലനെന്നും. ബാഢതമസ്സപത്നന്മാർ തീരെ ബോധഹീനരായ ശത്രുക്കളെന്നും നിറഞ്ഞ കൂരിരുട്ടുകളാകുന്ന ശത്രുക്കളെന്നും. സാരസഹിതൻ സാരത്തോടു കൂടിയവനെന്നും സാരസങ്ങൾക്കു ഹിതനെന്നും; സന്മാര്‍ഗ്ഗം നല്ലവരുടെ മാര്‍ഗ്ഗമെന്നും, ആകാശമെന്നും; രുചി ഇഷ്ടമെന്നും, പ്രഭയെന്നും.) നാലാമത്തെ ശ്ലോകത്തിനു രാജപരമായും കൃഷ്ണപരമായും ആദിത്യപരമായും അര്‍ത്ഥമുണ്ടു്. വിസ്താരഭയത്താൽ പ്രപഞ്ചനം ചെയ്യുന്നില്ല. "ഈ രാജാവിൻ, കളങ്കമില്ലാത്ത ചന്ദ്രനെപ്പോലെ വെളുത്ത യശസ്സുകൊണ്ടു ഭൂമണ്ഡലം ധവളിതമായിരിക്കെ ശ്രീപത്മനാഭസ്വാമി തന്റെ ശയനസ്ഥാനമായ പാൽക്കടൽ തിരുവനന്തപുരമാണെന്നു ശങ്കിച്ച് അവിടെവന്നു യോഗനിദ്രയെ അനുഭവിക്കുന്നു. ഈ രാജാവിനാൽ ജയിക്കപ്പെട്ട ശത്രുക്കൾ കാട്ടിൽ താമസിച്ചു കൂര്‍ത്തകൂന്താലികൾകൊണ്ടു ഭക്ഷണത്തിനാവശ്യമുള്ള കിഴങ്ങുകൾ മാന്തിയെടുക്കുന്നു. അതിനായിട്ട് അവർ ഇദ്ദേഹത്തിന്റെ ഭൂമി കുത്തിമുറിക്കുന്നത് അസൂയനിമിത്തമാണോ എന്നു തോന്നും. ബാണങ്ങളെ ഭയപ്പെടുകനിമിത്തം വിറയ്ക്കുന്ന ശരീരത്തോടുകൂടി ഇവിടത്തെ ശത്രുരാജാക്കന്മാരുടെ ഭാര്യമാർ വള്ളികളാകുന്ന വിതാനങ്ങളോടുകൂടിയ ചെറ്റപ്പുരകളിൽ അടുക്കളയ്ക്കു സമീപത്തു നാണമില്ലാതെ ഒളിക്കുന്നു".
മാര്‍ത്താണ്ഡവർമ്മ മഹാരാജാവിന്റെ മരുമകനായ കാര്‍ത്തികതിരുനാൾ ധർമ്മരാജാവിന്റെ ആജ്ഞാനുസാരമാണു കവി ഈ ഗ്രന്ഥം നിര്‍മ്മിച്ചത് എന്നുള്ള വസ്തുത അടുത്ത രണ്ടു ശ്ലോകങ്ങളിൽ നിന്നു നാമറിയുന്നു.
യന്മാതുല ക്ഷ്മാതല വജ്രപാണിര്‍ഗ്ഗുണൈകപാത്രീ ഭൂവി യഞ്ജനിത്രീ
യസ്യാഭിരാമാംഗലതാസ്സ്വസാരഃ സ്വസാരശൌര്യാര്‍ജ്ജിത കീർത്തിഭൂമ്നഃ
തച്ഛാസനാൽ പുണ്യവിപാകുദാത്രീം ശ്രീപത്മനാഭ കഥാമുദാരാം
വക്ഷ്യേ കടാക്ഷാമൃതപൂരസിക്തൈര്‍വ്വചഃപ്രപഞ്ചൈരധുനാ ഗുരൂണാം.
"യാതൊരു രാജാവിന്റെ അമ്മാവൻ നാടുവാഴുന്ന മഹാരാജാവോ, യാതൊരു രാജാവിന്റെ മാതാവു സൽഗുണങ്ങൾക്കു് ഇരിപ്പിടമോ, യാതൊരു രാജാവിന്റെ സഹോദരിമാർ സുന്ദരിമാരോ, തന്റെ ബലവും ശൌര്യവും കൊണ്ടു സമാര്‍ജ്ജിതമായ കീർത്തിപൂരത്തോടുകൂടിയ അവിടുത്തെ ശാസനം ഹേതുവായിട്ട് എന്റെ ഗുരുവിന്റെ അനുകമ്പാപൂർവ്വമായ അരുളപ്പാടനുസരിച്ചു പുണ്യവിപാകത്തെ പ്രദാനം ചെയ്യുന്ന ശ്രീപത്മനാഭന്റെ വിശിഷ്ടമായ കഥ ഞാൻ പറയാൻ തുടങ്ങുന്നു."
വിദ്വജ്ജനേ ലസതി സൽകവിതാഭിരാമേ
സാരസ്വതം വയമപീഹ സമാശ്രയാമഃ
ചന്ദ്രേ സമുദ്യതി മനോഹരകാന്തിപുരേ
താരാണി കിം വിയതി നോ മുദമാവഹന്തി?
പദ്യാന്യഹൃദ്യാന്യപി ഹൃദ്യഭാവം പ്രയാന്തി വിദ്വാന്മുഖനിര്‍ഗ്ഗതാനി
അനാദൃതാനി നവാംബുവാഹപ്രപീതമുക്താനി സമുദ്രവാരി.
ഇത്യാദി ചില ശ്ലോകങ്ങൾ ഔദ്ധത്യപരിഹാരത്തിനായി രചിച്ചതിനുമേൽ കവി തിരുവനന്തപുരം പട്ടണത്തെ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ വര്‍ണ്ണിക്കുന്നു.
അസ്തി പ്രശസ്തമുപദക്ഷിണവാരിരാശി
ക്ഷേത്രം മനോഹരമനപുരാഭിധാനം;
യാസ്മിൻ പുരാണപുരുഷസ്സഹ ലോകമാത്രാ
നിദ്രായതേ ഭുജപുംഗവതല്പശായീ
പുരാ സുരാഹംകൃതി ലംഘനായ ത്രിവിഷ്ടപം സൃഷ്ടവതാ വിശിഷ്ടം
വാക്യേന ധാതുർഭുവി കൌശികേന പ്രമുക്താമേത്തദിദം ഹി മൂനം.
യത്രാഗതാനാം പൂരുപുണ്യഭാജാമനേകതീർത്ഥാംബു നിമജ്ജനേന
പാപോപശാന്ത്യൈ ഗുരുപാപഹന്ത്രീ ഭാഗീരഥീ വാച്ഛതി പാദപാംസുൻ.
ധര്‍മ്മഃ സ്വയം കലിയുഗേ കില പാപഹേതൌ
കേതൌ സമസ്തസുകൃതദ്രുമപല്ലവാനാം
ആസ്തേ സുഖേന ചിരകാലമധര്‍മ്മഭീത്യാ
യസ്മിൻ നിഗൂഢമിതി കാപി പുരാണവാണീ
ഉത്തുംഗ ഗോപും നിവിഷ്ട വലാഹാകേഷു
ദന്തീന്ദ്രകര്‍ണ്ണ പവമാന പലായിതേഷു
യസ്മിന്നിവാശ്രയവിഹീനതയാ പ്രപന്നാ
വിദ്യുല്ലതാ ധൃതവിലാസവതീസ്വരൂപാഃ
ചിത്രാര്‍പ്പിതാനാം മൃഗലോചനാനാം ഗാത്രാണി ചിത്രാണി ഘടാ വിടാനാം
ആലോക്യ മോഹാന്നയനാഭിരാമ യസ്മിന്നവസ്ഥാം ഭജതേ തദിയാം
ക്ഷീരാംബുരാശൌ കില പത്മനാഭശ്ശതേ മൃഷാ കിന്നു കഥേതി ലോകേ
ഭിന്ദന്തി സന്ദേഹമമന്ദവേഗാ യസ്മിൻ ക്ഷരൽക്ഷീരസരിൽ പ്രവാഹാഃ
യൽ കാമിനീനാം വദനാരവിന്ദം വിലോക്യ ചന്ദ്രസ്സുമാനോഭിരാമം
നിജോദയേഽപ്യാത്തവികാസഭാവസന്ദേഹമാത്മന്യപി ഗാഹതെ സ്മ
യത് ഗോപുരാഘട്ടനശങ്കയോച്ചര്‍ദ്ദൂരേ പരം ദക്ഷിണ മാര്‍ഗ്ഗയാത്രാം
കരോതി നൂനം ഭഗവാൻ പതംഗസ്തഥാ ഹി തസ്യാമൃദു രശ്മിപാതഃ
യത്രാഭിരാമനഗരീ ശിഖരാഗ്രകോടിവ്യാഘട്ടനാദുരസിജാതകിണപ്രരൊഹം
ഇന്ദോസ്സുമന്ദമതയശ്ശശമാഹുരേകേ ഛായാം ഭുവസ്തദപരേഽപി കരംഗമന്യേ
“ദക്ഷിണസമുദ്രത്തിന്റെ തീരത്തിൽ (തിരു) അനന്തപുരം എന്ന പേരാടുകൂടിയ പ്രശസ്തവും മനോഹരവുമായ ഒരു ക്ഷേത്രമുണ്ട്. അവിടെ പുരാണപുരുഷനായ ഭഗവാൻ ശ്രീനാരായണൻ ലക്ഷ്മീദേവിയോടുകൂടി അനന്തപര്യങ്കശയനനായി നിദ്ര ചെയ്യുന്നു. പണ്ടു ദേവന്മാരുടെ അഹങ്കാരം ശമിപ്പിക്കുവാൻ വിശ്വാമിത്രമഹർഷി ഒരു പുതിയ സ്വർഗ്ഗം നിമ്മി ക്കയുണ്ടായല്ലൊ. ആ സൃഷ്ടി അരുതെന്നു ബ്രഹ്മാവു വിലക്കിയപ്പോൾ മഹർഷി തന്റെ നൂതനലോകം താഴാത്തേയ്ക്കിട്ടു. അതുതന്നെയാണു തിരുവനന്തപുരമെന്നുള്ളതിനു സംശയമില്ല. ഇവിടെ വന്നുചേർന്ന അനേകം തീത്ഥങ്ങളിൽ സ്നാനംചെയ്തു പുണ്യമാർജ്ജിക്കുന്നവരുടെ പാദപാംസുക്കളെ, മഹാപാതകങ്ങൾപോലും ഹനിക്കുന്ന ഗംഗാഭഗവതി തന്റെ പാപശാന്തിക്കുവേണ്ടി, കാംക്ഷിക്കുന്നു. പാപങ്ങൾക്കു കാരണവും എല്ലാപുണ്യവൃക്ഷങ്ങളുടെ തളിരുകൾക്കും ധൂമകേതുവുമായ കലിയുഗത്തിൽ അധർമ്മത്തെ ഭയപ്പെട്ടുകൊണ്ടു ധർമ്മം വളരെക്കാലമായി ഈ തിരുവനന്തപുരത്തു് ഒളിച്ചുതാമസിക്കുന്നുവെന്നത്രെ പുരാണങ്ങൾ ഘോഷിക്കുന്നത്. ക്ഷേത്രത്തിന്റെ ഉന്നതങ്ങളായ ഗോപുരങ്ങളിൽ തിങ്ങിനിൽക്കുന്ന മേഘങ്ങളെ ആനത്തലവന്മാരുടെ കർണ്ണചലനത്തിൽ നിന്നുണ്ടാകുന്ന കാറ്റു് ഓടിക്കവെ, നിരാശ്രയകളായിത്തീരുന്ന മിന്നൽക്കൊടികൾ താഴത്തു സുന്ദരിമാരുടെ രൂപം ധരിച്ചു വന്നു പരിലസിക്കുന്നു. അനവധി വിടന്മാർ ഇവിടെ ചിത്രവിലസിതകളായ സുന്ദരിമാരുടെ ആശ്ചര്യജനകങ്ങളായ രൂപങ്ങൾ കാണുമ്പോൾ സ്വയം ചിത്രലിഖിതന്മാരായതുപോലെ സ്തംഭിച്ചു നിന്നുപോകുന്നു. പാലാഴിയിൽ ശ്രീപത്മനാഭൻ ശയിക്കുന്നു എന്നുള്ള കഥ വാസ്തവമോ അല്ലയോ എന്നു് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതു ഈ ക്ഷേത്രത്തിൽ അതിവേഗമായി ഒഴുകുന്ന പാൽപ്പുഴ കാണുമ്പോൾ ശമിക്കുന്നു. (ധാരാളം പാൽ അമ്പലത്തിൽ നിവേദ്യത്തിനായി ഉപയോഗിക്കുന്നു എന്നു താല്പര്യം. ക്ഷേത്രത്തിൽ പാല്പായസനിവേദ്യം നിയമേനയുണ്ട്.) ഇവിടെ വന്നുചേരുന്ന സ്ത്രീ ത്നങ്ങളുടെ മനോഹാമായ മുഖം നോക്കുമ്പോൾ താൻ ഉദിച്ചു കഴിഞ്ഞു എങ്കിലും ഉദിച്ചില്ലല്ലൊ എന്നൊരു ശങ്ക ചന്ദ്രനെ ബാധിക്കുന്നു. ഈ ക്ഷേത്രത്തിലെ ഗോപുരത്തോടു തനിക്ക് ഉരസേണ്ടിവരുമെന്നു ശങ്കിച്ചു സൂര്യൻ ദൂരെ തെക്കോട്ടു മാറിയിട്ടാണു് ആകാശത്തിൽ സഞ്ചരിക്കുന്നതു്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രശ്‌മിപാതം അത്യന്തം മൃദുവായിരിക്കുന്നത്. തിരുവനന്തപുരത്തിലെ പ്രാകാരശൃംഗങ്ങളുടെ അഗ്രഭാഗങ്ങളുമായി കൂട്ടിമുട്ടുകനിമിത്തം മാർവ്വിടത്തിൽ ചന്ദ്രനു പരുക്കേറ്റണ്ടായ തഴമ്പിനെയാണു ചില മന്ദബുദ്ധികൾ മുയലെന്നും മറ്റു ചിലർ ഭൂമിയുടെ ഛായയെന്നും വേറെ ചിലർ മാനെന്നും വ്യവഹരിക്കുന്നതു്.
കവി വീണ്ടും ക്ഷേത്രവർണ്ണനം തുടരുന്നു:-
അനന്തശയ്യാമധിഗത്യ നിദ്രാമുപേയുഷോ യത്ര ബുധാസ്ത്രിധാമ്ന
ലോകസ്യ കാലത്രയ പാപഹാരി ദ്വാരത്രയാലോകനമാമനന്തി.
മുഖൈശ്ചതുർഭിഃ കഥയൻ പ്രമോദി യദീയമാഹാത്മ്യകഥാ യഥാവൽ
പുരാ പുരാരാതി കരാപാനീതം സ്വകം മുഖം ശോചതി പത്മജന്മാ
അനേകജന്മാര്‍ജ്ജിതപാപതല്പപ്രഭഞ്ജനോ രഞ്ജിതമഞ്ജുഗീതഃ
യത്രാതിമാത്രം ഭുവനം പുനീതേ നിത്യാചിതശ്രീ ബലിവാദ്യഘോഷഃ
മാണിക്യവർണ്ണാ മണികങ്കണോദ്യദ്ഗാണിക്യപാണിസ്ഥിത ദീപപങ്‍ക്തിഃ
വിഭാതി യാത്രോത്സവ പുണ്യകാലേ സേവാഗതാ താരകമാലികേവ
അയനദ്വയസംക്രമേഷു യസ്മിന്‍ ജയതി ശ്രീബലിമംഗലപ്രഘോഷഃ
അനുഗച്ഛദദൃശ്യ ദേവാലാകുപ്രിയസങ്കീര്‍ത്തനപുണ്യവര്‍ണ്ണനീയഃ
യത്ര പ്രാസാദതസ്സാക്ഷാജ്ജാതഃ കാലേഷു കേഷുചിൽ
ക്ഷീരാസൃക്‍സ്യന്ദസന്ദോഹഃ സമ്പദാപത്തിസൂചകഃ
നിർമ്മാല്യകുസുമാമോദിധമ്മില്ലസരളഃ സ്ത്രിയഃ
കർമ്മാണി യത്ര കുര്‍വ്വന്തി ജന്മാന്തരതപോബലാൽ
ചന്ദ്രാംശുസമ്പര്‍ക്കവശാന്നിശായാം നിഷ്യന്ദമാനാംബുഗണൈരധസ്താൽ
യത്രാത്തനിദ്രാൻ, വളഭൌ കപോതാൻ നയന്തി ബോധം നവ ചന്ദ്രകാന്താഃ
വര്‍ണ്ണനീയഹരിപുണ്യവാസരേ ദക്ഷിണാപഥസുഖാപ്തികാരണേ
യത്ര സാധു സമുപോഷിതാൻ ജനാനിന്ദ്ര ഏവ നനു വന്ദതേ മുദാ
"ശേഷശയ്യയിൽ പള്ളികൊള്ളുന്ന ഭഗവാൻ ശ്രീപത്മനാഭൻ ഗര്‍ഭഗൃഹത്തിലെ മൂന്നു നടകളും കണ്ടാൽ ഭൂതം, വർത്തമാനം, ഭാവി, ഈ മൂന്നു കാലങ്ങളിലെ പാപങ്ങളും നശിക്കുമെന്നാകുന്നു ജനങ്ങളുടെ വിശ്വാസം. ശ്രീപത്മനാഭന്റെ മാഹാത്മ്യകഥകൾ ആനന്ദത്തോടുകൂടി യഥാശക്തി നാലുമുഖങ്ങൾകൊണ്ടും കഥനംചെയ്യുന്ന ബ്രഹ്മാവു പണ്ടു ശ്രീപരമേശ്വരൻ നുള്ളിക്കളകനിമിത്തം പൊയ്പോയ തന്റെ അഞ്ചാമത്തെ മുഖത്തെയോര്‍ത്തു വ്യസനിക്കുന്നു. ( ആ മുഖം കൂടി ഉണ്ടെങ്കിൽ കൂറെക്കൂടി നന്നായി ആ കഥകൾ വര്‍ണ്ണിക്കാമല്ലോ എന്നു സാരം; ബ്രഹ്മാവിന്റെ നാലുമുഖങ്ങൾകൊണ്ടു പരിപൂര്‍ണ്ണവര്‍ണ്ണനം സാധ്യമല്ലെന്നു ധ്വനി.) ഈ ക്ഷേത്രത്തിൽ എന്നും നടക്കുന്ന മനോഹരമായ ഗീതത്തോടുകൂടിയ ശ്രീബലി വാദ്യഘോഷം അനേകജന്മങ്ങളിൽ ആർജിച്ച പാപമാകുന്ന പഞ്ഞിയെ പറപ്പിക്കുന്ന കാറ്റായി ലോകത്തെ അത്യന്തം പവിത്രമാക്കുന്നു. ഗണികകളുടെ രത്നകങ്കണങ്ങളണിഞ്ഞ കൈകളിൽ വിലസുന്ന മാണിക്യവര്‍ണ്ണമായ ദീപപങ്‍ക്തി ഉത്സവകാലത്തിൽ തൊഴാനായി വന്നുചേർന്ന നക്ഷത്രമാലപോലെ ശോഭിക്കുന്നു. രണ്ട് അയനസംക്രമകാലങ്ങളിലും ഇവിടെനടക്കുന്ന ശ്രീബലിയുടെ മംഗലഘോഷം അദൃശ്യരായി ബിംബത്തിനു പുറകെപോകുന്ന ദേവന്മാരാൽ കീർത്തനം ചെയ്യപ്പെടത്തക്കതാണ്. ഈ ക്ഷേത്രത്തിലെ പ്രാസാദത്തിൽ നിന്നു ചില അവസരങ്ങളിൽ ശുഭസൂചകമായി ക്ഷീരവും അശുഭസൂചകമായി രക്തവും സ്രവിക്കാറുണ്ട്. നിര്‍മ്മാല്യപുഷ്പങ്ങൾ ചൂടുകകൊണ്ടു സുഗന്ധിയായ കേശപാശത്താൽ കോമളകമായ സ്ത്രീകൾ ഈ ക്ഷേത്രത്തിൽ അവരവര്‍ക്കു വിധിച്ചിട്ടുള്ള കര്‍മ്മങ്ങൾ പൂര്‍വജന്മങ്ങളിലെ തപോബലംകൊണ്ടു ചെയ്യുന്നു ( ആ തപോബലമില്ലെങ്കിൽ പത്മനാഭകൈങ്കര്യത്തിനു് അവര്‍ക്കു സംഗതി വരുന്നതല്ലെന്നു താൽപര്യം) രാത്രിയിൽ ചന്ദ്രകിരണങ്ങൾ തട്ടി ചന്ദ്രകാന്തക്കല്ലുകൾ അലിഞ്ഞ് അവയിൽനിന്നിറ്റിറ്റു വീടുന്ന വെള്ളത്തുള്ളികൾ വളഭികളിൽ ഉറങ്ങുന്ന മാടപ്രാക്കളെ ഉണര്‍ത്തുന്നു. ഈ ക്ഷേത്രത്തിൽ ദക്ഷിണായന സുഖപ്രാപകമായ ഹരിവാസരംനോറ്റു് ഉപവസിക്കുന്ന ജനങ്ങളെ ഇന്ദ്രൻ തന്നെ സസന്തോഷം വന്ദിക്കുന്നു.
ഇതു കൊണ്ടു ക്ഷേത്രവര്‍ണ്ണനം അവസാനിപ്പിക്കുന്നില്ലാ. ഒരു മനോഹരമായ ഗദ്യമാണു് ഈ പദ്യങ്ങൾക്കപ്പുറം കാണുന്നതു്.
"തത്ര തു വിചിത്രതരരപുത്രികാചിത്രവിശേഷൈരതിമാത്രം നേത്രാപഹാരിണി, ശ്രോത്രാഭിരാമവാദിത്രഘോഷ പ്രവൃത്തനൃത്തലീലാകുതൂഹല കേകിവൃന്ദകകാകലാപകോലാഹലേ, സര്‍പ്പാധിരാജ തല്പാധിശായി പത്മനാഭവക്ഷഃസ്ഥലീവിലാസലോല ലക്ഷ്മീകടാക്ഷവീക്ഷണാ മൃതോക്ഷണേന പ്രതിക്ഷണം സുരക്ഷ്യമാണ സ്വധർമ്മവൃക്ഷസ്യ സമുല്ലസദാചാരഫുല്ലപല്ലവസ്യ സൌഖ്യാഭിധാനമുഖ്യപക്വഫലഷണ്ഡമണ്ഡിതസ്യ മഞ്ജുഗുണമഞ്ജരീപുഞ്ജസഞ്ജാതയ ശോഭരസൌരഭാക്രാന്തദിഗന്തരാളസ്യ ... ... ... ... നിഷ്യന്ദമാന സുകൃതകന്ദളീമകരന്ദവിന്ദു സന്ദോഹാശയോ സന്തതാഭ്യാഗത സാധുജനമധുകരാരവമൂഖിതാശാവകാശേ, ഭക്തജനമസ്തകസുവൃത്ത വിന്യസ്തനിര്‍മ്മാല്യമാല്യപതിതസംഫുല്ലമല്ലികാസുബന്ധുരബന്ധുജീവനിരന്തരീകൃത ദിഗന്തരേ, ഭഗവദ്ധ്യാനബദ്ധാനന്ദകര്‍മ്മന്ദിവൃന്ദേ കാനീനമുനിമണ്ഡപമണ്ഡനായ തനിബിഡബാഡവ സംഘമുഖവിടങ്കവിശൃംഖല വിസൃത്വസുസ്വാസുവര്‍ണ്ണസുഷ്ഠുപദനിഷ്ഠാവിശിഷ്ടവേദപാഠസമാകര്‍ണ്ണന വിലജ്ജമാനാബ്ജയാനിപ്രവൃത്ത പത്മനാഭനാഭികമലകോടര കുടീരഗഹ്വരപ്രദേശേ ... .... ... ഭഗവദാഗമോത്സവകഥാ സുധാഭിരാമമനന്തരഗര്‍ഭം സന്ദര്‍ഭം കൃഷ്ണശര്‍മ്മാ നിര്‍മ്മാതുമാരഭത"
ദൈർഘ്യത്തെ ഭയപ്പെട്ടാണ് ഈ ഗദ്യം മുഴുവൻ ഉദ്ധരിക്കാത്തതു. ഈ ക്ഷേത്രത്തിൽ നയനാനന്ദപ്രദങ്ങളായ പാവകളും ചിത്രങ്ങളും കര്‍ണ്ണസുഖം നൽകുന്ന വാദ്യഘോഷങ്ങളും ഉണ്ടെന്നും, ഇവിടെ ആരാധനത്തിനായി അനവധി ജനങ്ങൾ വന്നുചേരുന്നുവെന്നും അവരുടെ കൂട്ടത്തിൽ സന്യസിമാരുമുണ്ടെന്നും, വളരെ ബ്രാഹ്മണർ വ്യാസമണ്ഡപത്തിന്റെ മുൻവശത്തിരുന്നു വിശിഷ്ടരീതിയിൽ പദപാരായണം ചെയ്യുന്നു എന്നും മറ്റുമാണു ഫലിതാര്‍ത്ഥം. അനന്തശയനത്തിലേയ്ക്കു ശ്രീപത്മനാഭൻ വന്നുചേർന്ന കഥയെ വിഷമീകരിച്ചു ശ്രീകൃഷ്ണകവി പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചു എന്നും ആ ഘട്ടത്തിൽ കാര്യകാരൻ പ്രസ്താവിക്കുന്നു.
അനന്തരം കഥ ആരംഭിക്കുന്നു. അക്കാലത്തു കേരളം പരിപാലിച്ചിരുന്ന കുലശേഖരൻ എന്ന രാജാവിനേയും അദ്ദേഹത്തിന്റെ പട്ടമഹിഷിയായ മാലിനിയേയും കവി ആദ്യമായി വര്‍ണ്ണിക്കുന്നു.
അശേഷരാജകിരീടമാലാമരന്ദ സംക്ഷാളിതപാദപീഠഃ
ഭ്രൂഭംഗലീലാകുലിതാരിവീരോ ബഭൂവ രാജാ കുലഃശയരാഖ്യഃ
ഗുഞ്ജാമണിർഭൂഷണതാമയാസീൽ; പര്‍ണ്ണാനി ചാച്ഛാദനതാമവാപുഃ;
വനേഷു യദ്വൈരിവിലാസിനീനാം കേയൂരഭാവം ശിഖിപിഞ്ഛനാളാഃ
തം മാലിനി നാമ മനോഭിരാമാ നിതംബിനി ശംബരവൈരികല്പം
ഭേജേ തയാ സോപി നരേന്ദ്രമൗലിഃ കാമോത്സവം കാവ്യരസാനരൂപം
'എല്ലാ രാജാക്കന്മാരുടേയും കിരീടങ്ങളിൽ ശോഭിക്കുന്ന പുഷ്പമാലകളിൽ നിന്നൊഴുകന്ന മകരന്ദത്താൽ ക്ഷാളിതമായ പാദപീഠത്തോടു കൂടിയവനായി തന്റെ പുരികമിളക്കൽകൊണ്ടു മാത്രം ശത്രുക്കളെ ആകുലീകരിക്കുന്നവനായി കുലശേഖരൻ എന്ന പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നു. വനങ്ങളെ അഭയം പ്രാപിച്ച അദ്ദേഹത്തിന്റെ ശത്രുക്കളുടെ പത്നിമാർ കുന്നിക്കുരുകൊണ്ടു് ആഭരണങ്ങളും ഇലകൾകൊണ്ടു വസ്ത്രങ്ങളും മയിൽപീലികൊണ്ടു തോൾവളകളും അണിയേണ്ടിവന്നു. മനോഭിരാമയായ മാലിനിയായിരുന്നു ആ രാജാവിന്റെ പട്ടമഹിഷി, ആ സ്ത്രീരത്നവുമായി അദ്ദേഹം കാവ്യരസം പോലെ അതിരമ്യമായ തൃതീയപുരുഷാര്‍ത്ഥത്തെ ഭജിച്ചു.' വസന്തര്‍ത്തുവര്‍ണ്ണനം, സംഭോഗവീര്‍ണ്ണനം ഇവയോടു കൂടി പ്രഥമസ്തബകം അവസാനിക്കുന്നു.
രണ്ടാമത്തെ സ്ത്രബകം ദിവാകരസന്യാസിയുടെ കഥകൊണ്ടു തുടങ്ങുന്നു. തുളുനാട്ടുകാരനായ ആ മഹാനുഭാവനാണല്ലെൊ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിവിഗ്രഹം പ്രതിഷ്ഠിച്ചതു്.
നാരായണം ദ്രഷ്ടമുനാ മനസ്വി ദിവാകരോ നാമ പുരാ മുനീന്ദ്രഃ
തപോ വിതേനേ ചിരകാലമുഗ്ര ഭാഗീരഥീതീരതപാവനേഷു.
* * * * * * *
വിലംബിപീതാംബരമംബരാഭസ്സ ചഞ്ചലേനാഞ്ചിതമഞ്ചലേന
കടീതടാലംബിതമാദധാനഃ പാടീരപങ്കാങ്കിതചാരുവക്ഷാഃ
സമുല്ലസചന്ദ്രകമിന്ദ്രചാപപ്രഭാനിരാസാഞ്ചിത പിഞ്ഛജാലം
വഹൻ വിഹംഗേന്ദ്രസുഖാധിരൂഢ സ്തദഗ്രതസ്സാദരമാവിലാസീൽ
മുകുന്ദന്ദമന്ദസ്മിതകന്ദളീനാം പാകേന മന്ദോഷിതാക്ഷിയുഗ്മഃ
ദൃശ്യം ഘനശ്യാമമപശ്യദഗ്രേ മാഹാമുനിസ്തം പുരുഷം പുരാണ
ചക്രം ദധാനം ഹതവൈരിചക്രം ശംഖം ച സംഖ്യോദിത ഭീമനാദം
കൌമോദകീം മോദരീം ജനാനാം പത്മഞ്ച പത്മാനയനാഭിരാമം
കൃപാകടാക്ഷമൃതസിന്ധുവിചീ വിലോലലക്ഷ്മീഹൃദയാരവിന്ദം
വൈകുണ്ണമുദ്യന്മണികണ്ഠകാണ്ഡപ്രകാണ്ഡമക്ഷ‌്ണാ ജിതാപുണ്ഡരീകം
ദിഷ്ട്യാഥ ദൃഷ്ട്വാ ഗുരുഭക്തിഭാരപ്രരൂഢാരോമാഞ്ചമുദഞ്ചിതാശ്രു
സ സന്നതാംസഃ പരമസ്യ പുംസോ മുനിര്‍വ്വവന്ദേ ചരണാരവിന്ദേ.
"ദിവാകരൻ എന്ന മഹര്‍ഷി പണ്ടു ശ്രീനാരായണനെ പ്രത്യക്ഷമായി കാണണമെന്നുള്ള ആഗ്രഹത്തോടുകൂടി ഗംഗയുടെ തീരത്തുള്ള തപോവനങ്ങളിൽ വളരെക്കാലം തപസ്സുചെയ്തു. പീതാംബരാലംകൃതനായി ചന്ദനം പൂശിയ മാറിടത്തോടുകൂടിയവനായി ശംഖചക്രഗദാപത്മധരനായി ഗരുഡാധിരൂഢനായി അരവിന്ദനേത്രനും ആകാശവര്‍ണ്ണനുമായ പുരാണപുരുഷൻ ആ തപോധനന്റെ മുന്നിൽ ആവിര്‍ഭവിച്ചു. ദിവാകരൻ ഭഗവാന്റെ ചരണസരോജങ്ങളെ വന്ദിച്ചു." എന്തു വരം വേണമെന്നുള്ള അരുളപ്പാടിനു് അര്‍ഭകരൂപത്തിൽ അവിടുന്നു് എപ്പോഴും തന്റെ മുമ്പിൽ വിഹരിക്കണമെന്നു മുനി അപേക്ഷിച്ചു.
താഥത്യുദീര്യാഥ ശുഭാശുഭാനാം സ കര്‍മ്മണാം തൽക്ഷണമേവ സാക്ഷി
കൃപാലുരാസീദധികം മുനിന്ദ്രേ; ഭക്തൈകനിഘ്നം മഹതാം ഹി ചേതഃ.
'അങ്ങനെയാകട്ടെ എന്നു സമ്മതിച്ചു കരുണാനിധിയായ ഭഗവാൻ ഒരു ശിശുവിന്റെ വേഷത്തിൽ ആ ഭക്തന്റെ മുൻപിൽ പരിലസിച്ചു,' 'പുണ്ഡരീകനഖമണ്ഡിതകണ്ഠകാണ്ഡ'നായി 'ചഞ്ചലകാകപക്ഷ'നായി വല്കലഭൂഷണനായി ശ്രീപതി മഹര്‍ഷിയുടെ മടിയിൽ ക്രീഡിച്ചു. അവിടെ അതു ചാപല്യമായ ബാല്യം നയിച്ച തന്തിരുവടി പല മാറ്റിത്തങ്ങളും കാട്ടി. അകത്തു സൂക്ഷിച്ചുവച്ചിരുന്ന നെന്മണികൾ അങ്കണത്തിൽ വാരി വിതറുക, ചെടികളുടെ തടങ്ങളിൽ മുനികന്യകമാർ വെള്ളമൊഴിച്ചാൽ അവയിൽ ഓവുകളുണ്ടാക്കി അതു വെളിയിലേയ്ക്കു കളയുക, യാഗത്തിനുവേണ്ടി പചിച്ച ഹവിസ്സു വല്ല മൂലയിലും കൊണ്ടുചെന്ന് ഒളിച്ചുവയ്ക്കുക, ഇങ്ങനെയുള്ള തായാട്ടുകൾകൊണ്ടു മഹർഷിക്കു് ഇരിക്കപ്പൊറുതിയില്ലാതെയായി.
ഒരിക്കൽ ദിവാകരൻ കാട്ടിലേയ്ക്കു സമിത്തു കൊണ്ടുവരുവാൻ പോയപ്പോൾ ആ മായാശിശുവും അദ്ദേഹത്തെ അനുഗമിച്ചു. ഒരു ഭയങ്കരനായ കുഞ്ജാവീരൻ അവിടെവച്ചു ശിശുവിനെ തന്റെ കൊമ്പുകൾക്കിടയിലാക്കി ഉയർത്തി.
രോദം സമാകര്‍ണ്ണ്യ ശിശോരുദഗ്രം മുനിര്‍വ്വിഷാദാകലിതാന്തരംഗഃ
അധാവദധേരവധിം ന പശ്യൻ മുനിർമ്മധുദ്വേഷിഗവേഷണായ.
കരിവരകരബന്ധവ്യാകുലം തം രുദന്തം ഭയപരവശഭാവം ബാഷ്പപൂരം കിരത്നം
ചകിതചകിതനേത്രം ബാലമാലോകയന്തം തദനു മുനിരപശ്യത്തത്ര സംഭ്രാന്തചേതാഃ
കരച്ചിൽ കേട്ടു മുനി കുഞ്ഞിനെ അന്വേഷിക്കാൻ ഓടി, ആനയോടു കുഞ്ഞിനെ വിട്ടുതരണമെന്നും പകരം തന്റെ ദേഹം സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ആന, രഘുവംശം രണ്ടാം സര്‍ഗ്ഗത്തിലെ സിഹം ദിലീപനോടെന്നപോലെ, മുനിയോടു ചില ചോദ്യങ്ങൾ ചോദിച്ചു.
മോക്ഷഃ പുംസാം യത്നതസ്സാധനീയഃ; പുണ്യം തസ്തിൻ കാരണം താപസേന്ദ്ര!
പുണ്യാവാപ്തൌ ദേഹ ഏച പ്രമാണം; തസ്മിൻ ദേഹേ നിസ്‌പൃഹത്വം കഥം തേ?
"മോക്ഷം പ്രയത്നത്താൽ സാധിക്കേണ്ടതാണു്; അതിനു പുണ്യം ചെയ്യണം. പുണ്യം ചെയ്യണമെങ്കിൽ ദേഹം വേണം; ദേഹത്തിങ്കൽ ആഗ്രഹമില്ലായ്ക അങ്ങേയ്ക്കു് എങ്ങനെ വന്നു?" എന്നും മറ്റുമാണു ചോദ്യങ്ങൾ. ഒടുവിൽ കുഞ്ഞിനെ വിടാമെന്നും മുനിയെ കൊല്ലാമെന്നും ഒരു ക്ഷണനേരത്തേയ്ക്കു കണ്ണടച്ചുകൊള്ളണമെന്നും ആ മത്തഗജം പറഞ്ഞു. മുനി അനുസരിച്ചു. വീണ്ടും കണ്ണു തുറന്നു നോക്കിയപ്പോൾ അദ്ദേഹം കണ്ടതു ഭഗവാനെ മാത്രമായിരുന്നു. ദിവാകരൻ അതു ഭഗവാന്റെ ലീലയാണെന്നു മനസ്സിലാക്കി. പിന്നെയും പല വികൃതിത്തങ്ങളും ശിശു മുനിയുടെ പര്‍ണ്ണശാലയിൽ കാട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ,
കദാചിദ്ധൂയമാനേഽഗ്നൌ വിമുക്തസലിലം ശിശും
അരുധല്‍ പാണിപൃഷ്ഠേന മുനിഃ കോപലവാന്വിതഃ
അന്തർദ്ദധേ സ ഭഗവാൻ സഹസൈവ സമീപതഃ;
അനാദരോപി മഹതാം കൃപാഭംഗായ കല്പതേ.
"ഒരിക്കൽ അഗ്നിയിൽ മഹഽഷി ഹോമിച്ചുകൊണ്ടിരുന്നപ്പോൾ കുഞ്ഞു് അതിൽ വെള്ളമൊഴിച്ചു; അരുതെന്നു മുനി അല്പം കോപത്താടുകൂടി തടുത്തു; അരികത്തുനിന്ന് അപ്പോൾതന്നെ ഭഗവാൻ മറയുകയും ചെയ്തു. മഹത്തുക്കളെ അനാദരിച്ചാൽ അവരുടെ കാരുണ്യം കുറഞ്ഞു പോകുന്നതു സഹജമാണല്ലൊ." പിന്നെയും ശ്രീപത്മനാഭൻ പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി സന്യാസി തപസ്സുചെയ്തുകൊണ്ടു് അവിടെത്തന്നെ ഇരുന്നു.
മുന്നാം സ്തംബകത്തിൽ നാരദൻ ദിവാകരന്റെ സമീപത്തിലെത്തി വ്യാസോക്തമായ ഒരു പുരാവൃത്തം അദ്ദേഹത്തെ ഗ്രഹിപ്പിക്കുന്നു. അതു മാര്‍ക്കേണ്ഡയന്റെ അപക്ഷയനുസരിച്ചു ദക്ഷിണദിക്കിൽ പരശുരാമക്ഷേത്രത്തിൽ ശ്രീനാരായണൻ ഈ കലിയുഗത്തിൽ വിശേഷിച്ചു മനുഷ്യരുടെ പാപശാന്തിക്കായി അനന്തശയനത്തിൽ പള്ളികൊള്ളും എന്നുള്ളതാണു്. അനന്തരം ദേവേന്ദ്രൻ സന്യാസിയുടെ തപോഭംഗം വരുത്തുവാൻ ഉര്‍വ്വശിയെ അയയ്ക്കുന്നു. "ഉദഞ്ചിതാക്ഷ്യഞ്ചചഞ്ചലികസഞ്ചാരസഞ്ചാലിതപഞ്ചബാണാ" എന്നും മറ്റും ആ അപ്‌സരസ്ത്രീയെ കവി ഈ ഘട്ടത്തിൽ അത്യന്തം മധുരമായി വര്‍ണ്ണിക്കുന്നു.
അഥോര്‍വ്വശീ ദുര്‍വ്വഹതുംഗപീനസ്തനാലസാ ഗര്‍വ്വോഭരാഭിരാമാ സുപർവ്വഗാണിക്യമണിര്‍വ്വിരേജേ നിതംബബിംബാഞ്ചിതരത്നകാഞ്ചീ
സഖീകരാലംബിതപാണിപത്മാ ശിഖാന്തരോദ്വാന്തസുഗന്ധിപുഷ്പാ
ക്വണന്മണിനൂപുരകാന്തിഭാജോര്‍ന്ന്യധത്ത വിന്യാസവിലാസമംഘ്ര്യോഃ
അലക്തകാപാടലപാദപത്മസുരക്തഭൂമണ്ഡിതമാര്‍ഗ്ഗദേശാ
തതസ്തു സാലക്ഷ്യത ദേവസേവാനിഷക്തമേഷാ നികഷാ മുനീന്ദ്രം
ഋഷിസ്തദാനീം വിരതസ്സമാധേരുന്മില്യ നേത്രേ വിപുലപ്രകാശേ
അപശ്യദാശ്യാമള കൈശ്യഭാരാം താമൂര്‍വ്വശിം വിശ്വവിശേഷദൃശ്യാം
ക്രീഡന്തീം കുന്ദുകൈരേനാം മുനിരാനന്ദമന്ദിരാം
നനന്ദ മന്ദഹാസാംശുകന്ദളിസുന്ദരാനനാം.
സർവ്വാലങ്കാരഭൂഷിതയായ ആ സ്ത്രീരത്നം ഹാവഭാവങ്ങളോടു കൂടി മഹര്‍ഷിയുടെ മുമ്പിൽ നിന്നുകൊണ്ടു കന്ദുകക്രീഡ ചെയ്തു. മഹര്‍ഷി കണ്ണു തുറന്നു നോക്കി. അദ്ദേഹത്തിന്റെ മനസ്സ് അല്പമൊന്നിളകി. പക്ഷെ, ഉത്തരക്ഷണത്തിൽ തന്നെ ആ സ്വര്‍വ്വേശ്യ തന്റെ തപോഭംഗത്തിനു മുതിരുകയാണെന്നു് അറിഞ്ഞു ഭഗവാനെ വീണ്ടും സ്മരിച്ചു. ഭഗവാൻ ആ സ്ഥലത്തു പ്രത്യക്ഷീഭവിച്ചു. താടിക്കാരനെ മോഹിപ്പിക്കുവാൻ വന്ന ഉവ്വര്‍ശിയുടെ മനസ്സു ദിവ്യമംഗളവിഗ്രഹനായ ശ്രീനാരായണങ്കലേയ്ക്കു തിരിഞ്ഞു.
ഉരഃസ്ഥലാസ്തീര്‍ണ്ണഗഭസ്തിജാലം രവിസ്തുതം കൗസ്തുഭമാവഹന്തം
അഖണ്ഡമത്സ്യാധിപകണ്ഡലശ്രീസുമണ്ഡലാമണ്ഡിതഗണാമം
പീതാംബരം നീലനവോല്പലാഭം തടില്ലതാപീഡമിയാംബുവാഹം
കരോല്ലസദ്വേണുമുദാരമന്ദസ്മിതാമൃതാപ്ലവിതമിക്കദംബം
ത്രിലോകലക്ഷ്മിനിലയം പുമാംസം വിലോക്യ സാ കാമാശരാഭിതപ്താ
* * * * * * *
സ്രംസദ്ദുകൂലാകുലകേശമാലാചലദ്വിരേഫാരവപൂരിതാശാ
നിശ്വാസവാതഗ്ലപിതാധരോഷ്ഠി പൃഷ്ഠം ഗതാ സ്പ്രഷ്‌ടുമഥാചകാംക്ഷേ
ജഗത്രയാനാരവിധാനദക്ഷാ ഗതത്രപാ തം പരമം പുമാംസം
ന തത്ര സാവിന്ദത പാദധൂളീപവിത്രിതാശേഷവനപ്രദേശം
ഭഗവാന്റെ പുറകെ ഉര്‍വ്വശി ദേവേന്ദ്രന്റഎ ആജ്ഞയും താൻ വന്ന കാര്യവും മറന്നു കാമാര്‍ത്തമായി ഓടി; കാടെങ്ങും സഞ്ചരിച്ചു; ഭഗവാനെ ഒരിടത്തും കണ്ടില്ല; ഒടുവിൽ ആ ഭക്തവത്സലൻ അവളുടെ മുന്നിൽ ആവിര്‍ഭവിച്ചു്, "ത്വയാ ന ചാല്യോ മുനിരേവമുക്ത്വാ വിസൃജ്യ താമന്തരദധത്ത ദേവഃ" നിന്നാൽ ഇളക്കപ്പെടാവുന്നവനല്ല ഈ മഹര്‍ഷി എന്നു് അരുളിച്ചെയ്തു മറഞ്ഞു. മഹഷി തന്റെ തപസ്സ് തുടര്‍ന്നു.
പാലാഴിയിൽ പള്ളികൊള്ളുന്ന ശ്രീ പത്മനാഭന്റെ വര്‍ണ്ണനത്തോടുകൂടിയാണു നാലാമത്തെ സ്തബകം ആരംഭിക്കുന്നത്. അവിടെ ഒരിക്കൽ ഭഗവാൻ മഹാലക്ഷ്മിയോട് ഇങ്ങനെ അരുളിച്ചെയ്തു.
കാരുണ്യപൂരമധുരാർദ്രകടാക്ഷപാതസ്താരുണ്യപൂര്‍ണ്ണതനുമര്‍ണ്ണവകന്യകാം താം
മന്ദസ്മിതാമൃതഝരീശിശിരീകൃതാശശ്ചന്ദ്രപ്രസന്നവദനാം ഹിരാബഭാഷേ.
കാന്തേ! സുഗന്ധി തുളസീമധുപാനലോഭ സംഭ്രാന്ത ഭൃംഗഗണപക്ഷസമീരണാനാം
സ്വീകാരാലാലമുഖഭാജി ഭുജംഗാമേഽഹം നിദ്രാമയാസിഷമുരാജഭരാന്താ തേ.
അല്ലയോ ദേവി, ഞാൻ ഉറങ്ങിക്കൊണ്ടിരുന്ന അവസരത്തിൽ ശിവൻ എന്റെ മുൻപാകെ വന്നു് എന്നെ യഥാവിധി സ്തുതിച്ചു ഞാൻ പരശുരാമക്ഷേത്രത്തിൽ സ്ഥിരവാസം ചെയ്തു ഭക്തജനങ്ങളെ അനുഗ്രഹിക്കണമെന്നപേക്ഷിച്ചു.
സ സാന്ത്വമാസാദ്യ പുരാമരാതിഃ കഠോരധാരാഗ്രകുഠാരപാണി
സമാമവാദീദ്ദശനാശുപൂരപ്രസാധിതക്ഷീരസമുദ്രവാരിഃ
ലോകത്രയാനന്ദ വിധായിശീല! പ്രസീദ വിഷ്ണോ! ഭുവനാഭിരാമ!
നിദ്രാലുരേവാസി വിനിദ്ര ഏവ വിദ്രാവയദ്രാഗപി ദേവശ്രൂതൻ
ബദ്ധോദയം പരശുരാമഭുജാഗ്രവീര്യ ലബ്ധാഖിലര്‍ദ്ധി ധരണിതലപുണ്യദേശേ
കൃഷ്ണോപവാരിനിധി തുംഗഭുജംഗശായീ സദ്ധർമ്മരക്ഷണമനുക്ഷണമാചര ത്വം
രാമാജ്ഞയാ സകലലോകഹിതായ പാപപ്രദ്ധ്വംസനായ ഭൂവി കേരളപുണ്യദേശേ
ക്ഷേത്ര സുതീര്‍ത്ഥവതി ഗൂഢമഹോദയം ത്വാം പശ്യന്തു നിത്യമഭിയാന്തു ഭജന്തു ലോകാഃ
സ്യാനന്ദൂരപുരം ചാരു ക്ഷേത്രം ത്രൈലോക്യവിശ്രുതം
സാനന്ദം വസതസ്തേഽത്ര സഹായ വയമച്യുത!
അതുകൊണ്ടു നമുക്ക് അവിടത്തേയ്ക്കു പോകാം; എന്നു പറഞ്ഞു ഭഗവാൻ രമാദേവിയാലും ഭൂദേവിയാലും അനുഗതനായി ദിവാകരസന്യാസിയുടെ ആശ്രമത്തെ പ്രാപിക്കുകയും അവിടെനിന്നു തെക്കോട്ടേയ്ക്കു പതുക്കെ പുറപ്പെടുകയും ചെയ്തു. ഭഗവാൻ പോയ മാര്‍ഗ്ഗം നോക്കി സന്യാസിയും നടന്നു.
അനന്തരം പഞ്ചമസ്തബകം ആരംഭിക്കുന്നു കടന്നു സന്യാസി ചോളദേശത്തിൽ ചിദംബരത്തെത്തി.
വിദ്യാവലീമതല്ലീലസദുപവനതാം ബിഭ്രതാമഭ്രഗംഗാ-
വീചിസന്ദോഹനിന്ദാവഹസരസവചോഗുംഫഗാഭീര്യഭാജാം
പുംസാം സംസാരവിധ്വംസനകനകസഭാധീശസേവാരതാം
നൈപുണ്യാലോകകൗതൂഹലകലിതമതിര്‍വ്വിസ്മിതോഽഭൂന്മനീന്ദ്രഃ
മഹാവിദ്വാന്മാരായ പല ശിവഭക്തന്മാരെ അദ്ദേഹം അവിടെ കണ്ടു. അപ്പുറം പാണ്ഡ്യരാജ്യമായി.
സ താം സതാം മോദകരീം കരീന്ദ്രകര്‍ണ്ണാനിലാന്ദോളിതശാഖിവൃന്ദാം
മഹീമഹീനാം നവസസ്യജാതൈരഹിണ്ഡതാഥോ ഭുവി പാണ്ഡ്യഭര്‍ത്തുഃ
സ താമ്രവണ്ണീമഭിരാമവര്‍ണ്ണാമുദ്ഗീര്‍ണ്ണമുക്താമണിമര്‍ണ്ണവോദേ
തീര്‍ണ്ണാം വിതേന മുനിരംബപൂര്‍ണ്ണാം തൂര്‍ണ്ണം സമാകീര്‍ണ്ണ സരോജവര്‍ണ്ണാം.
അവിടെ താമ്രപര്‍ണ്ണീനദി കടന്നു തിരുച്ചെന്തൂർ ക്ഷേത്രത്തിലെത്തി മഹര്‍ഷി സുബ്രഹ്മണ്യസ്വാമിയെ വന്ദിച്ചു.
അഥാലയം കഞ്ചന കാഞ്ചനശ്രീ വിരാജിതം രാജതഭാണ്ഡഷണ്ഡം
സമേത്യ സേനാന്യമനന്യചേതാ ഗിരീന്ദ്രകന്യാതനയം വവന്ദേ
അവിടെ നിന്നു കേരളത്തിലേയ്ക്കു കടന്നു ആദ്യമായി കന്യാകുമാരി ഭഗവതിയെ അദ്ദേഹം ഭജിച്ചു.
ആര്യാം കുമാര്യമഭിരാമരൂപാം കന്യാം പയോധേസ്തടമാവസന്തീം
ഇഷ്ടാര്‍ത്ഥദാം പാദസരോജഭാജാം തുഷ്ടാവ ദൃഷ്ട്വാ മുനിരാത്മതുഷ്ട്യാ.
... ... ... യാതോ ഭൂവി പുണ്യതോയേഷ്വാസക്തചിത്തോ മുനിരേഷ നിത്യം
തൽപുണ്യതീർത്ഥാംബുനിമജ്ജനേന സമസ്തതീര്‍ത്ഥാപ്ലവവനം സ ലേഭേ
അവിടത്തെ പുണ്യതീർത്ഥങ്ങളിൽ സ്നാനംചെയ്തുകഴിഞ്ഞപ്പോൾ എല്ലാതീര്‍ത്ഥങ്ങളേയും സേവിച്ചഫലം അദ്ദേഹത്തിനു ലബ്ധമായി, പിന്നീടു ദേവിയോടു തനിക്കു ശ്രീപത്മനാഭനെ സന്ദര്‍ശിക്കുവാൻ മാര്‍ഗ്ഗമുണ്ടാക്കിത്തരണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു ശുചീന്ദ്രത്തുചെന്നു ശ്രീപരമേശ്വരനെത്തൊഴുതു.
അയാചതാഥോ മുനിരംബുജാക്ഷീം മുകുന്ദസന്ദർശനമംഗലാര്‍ത്ഥം
നത്വാ ജഗാമാശു ശുചീന്ദ്രസംജ്ഞം കൈലാസകല്പം ഭവനം പുരാരേഃ
ശുചീന്ദ്രനാഥസ്തു ശചീപതേ പുരാ ഹിതം ചികീർഷുര്‍ഭഗവാനവസ്ഥിത
ഉഭൗ കരാഗ്രേഷു നൃണാം വ്യനക്ത്യസൗ ഗുണം ച ദോഷം ജഗതാം ഹിതായ സഃ.
'ശുചീന്ദ്രത്തുശിവൻ ദേവേന്ദ്രനു ഹിതം നൽകുവാനാണു് ആവിര്‍ഭവിച്ചതു്. ഇന്നും ലോകഹിതത്തിനുവേണ്ടി മനുഷ്യരുടെ കരാഗ്രങ്ങളിൽ ഗുണവും ദോഷവും അവിടുന്നു കാണിച്ചുകൊടുക്കുന്നു' എന്നു കവി പറയുന്നു. ഇതു ശുചീന്ദ്രത്തു കൈമുക്കുപരീക്ഷയേപ്പറ്റിയുള്ള സൂചനയാണു്. ഈ വിഷയത്തെ അധികരിച്ചു വേറെ ഉപന്യാസമെഴുതാം. അനന്തരം ഏകാദശരുദ്രന്മാരുടെ വാസസ്ഥാനങ്ങളായ പതിനൊന്നു ക്ഷേത്രങ്ങളിൽ സന്യാസിപോയി ഭജിച്ചു.
ഏകാദശാലയനിവാസപരാൻ സ രുദ്രാൻ
സദ്രാജലോകവിഹിതോത്സവപുണ്യഘോഷാൻ
ആലോക്യ ഭദ്രവിഷയാംശ്ച യഥോപജോഷം
വാൿസ്ഥാനപത്തനജുഷം പുരുഷം പ്രപേദേ.
ആ ക്ഷേത്രങ്ങൾ തിരുമല, തൃക്കുറിച്ചി, തിരുവിടക്കോടു്, തിരുവിതാങ്കോടു്, തൃപ്പന്തിക്കോടു്, തൃപ്പരപ്പു്, മുതലായവയാണു്. കുലശേഖരപ്പെരുമാക്കന്മാരുടെ പഴയരാജധാനിയായ പത്മനാഭപുരത്തിനു സമീപമാണു അവ സ്ഥിതിചെയ്യുന്നത്. പത്മനാഭപുരത്തെ നീലകണ്ഠസ്വാമി ക്ഷേത്രംകൂടിച്ചേർത്തു അവയെ പന്ത്രണ്ടു ശിവാലയങ്ങൾ എന്നു് ഇപ്പോൾ വ്യവഹരിച്ചുവരുന്നു. ഏകാദശരുദ്രന്മാരെ സങ്കല്പിച്ചാണു് ഇവയിൽ പതിനൊന്നു ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളതെന്നു് ഈ കാവ്യത്തിൽ പ്രസ്താവിച്ചുകാണുന്നതു പ്രത്യേകം സ്മരണീയമാണു്. "ഭദ്രവിഷയങ്ങൾ" എന്നു പറഞ്ഞിട്ടുള്ളതു വേണാടിനെപ്പറ്റിയായിരിക്കണം. 'വാട്ടാറു്' എന്നാണു തിരുവട്ടാറു എന്ന സ്ഥലത്തിന്റെ പഴയപേർ. വാട്ടറു സംസ്കൃതീകരിച്ചതാകുന്നു 'വാക്‍സ്ഥാനം.' അവിടത്തെ ആദികേശവസ്വാമിയെ വന്ദിച്ചതിനുമേൽ സന്യാസി ചിതറാൽ അഥവാ 'തൃച്ചാരണത്തുമല' എന്ന സ്ഥലത്തേയ്ക്കു പോയി.
ശേഷാഹിഭോഗശയനം പുരുഷം പുരാണം
നാരായണം ഭുവനമംഗലമുജ്വലാംഗം
ലക്ഷ്മീകുചദ്വയ വിമര്‍ദ്ദനനശോണഹാരം
ദൃഷ്ട്വാഽഭിവന്ദ്യ സ മുകന്ദമഥോ ജഗാമ
ശ്രീചാരണാദ്രിശിഖരസ്ഥിതയക്ഷകന്യാം
ധന്യാം വിലോക്യ കമിതുഃ കലഹാഭിഭൂതാം
സഽപ്പിഷ്മതീമഥ നദീമയമുത്തതാര;
പ്രൈക്ഷിഷ്ട താലവനമദ്ധ്വനിബദ്ധമോദം.
കാന്താജനസ്തനസമാനഫലാമനന്ദി
ത്താലാവലീം പവനനിർമ്മിതമര്‍മ്മരാം താം
പത്രാന്തലംബിതകലായകലാന്തരസ്ഥ
ഡിംഭാളിസംഹതിചലച്ചടകാം മുനീന്ദ്രഃ.
ശൈലാഗ്രനിര്‍ഗ്ഗത വിനിര്‍ഗ്ഗളിതാംബുപൂരാ
ഗ്രാവിസ്ഖലൽഗളഗളാരവപൂരിതാശാ
സ്രോതസ്വിനീ വഹതി യത്ര; ഖരാലയം തം
ദേശം വിദേശ മുനിരച്യുതമാര്‍ഗ്ഗണായ.
തൃച്ചാരണത്തു മലയിൽ ഇന്നു കാണുന്ന ഭഗവതീക്ഷേത്രം പണ്ടു ഒരു ജൈനദേവാലയവും അവിടെ ഇന്നു ഭഗവതി എന്നു സങ്കല്പിച്ച് ആരാധിക്കുന്ന ബിംബം ജൈനരുടെ പത്മാവതീവിയുടെയുമായിരുന്നു. ക്രി: പി: ഒൻപതാം ശതകത്തിൽ വേണാടു വാണിരുന്ന വിക്രമാദിത്യവരഗുണൻ എന്ന ബൗദ്ധരാജാവിന്റെ ഒരു ശിലാശാസനം ആ ക്ഷേത്രത്തിലുണ്ടു്. 'തിരുച്ചാരണത്തുപ്പടാരിയാർ' എന്നാണു പ്രസ്തുതശാസനത്തിൽ ദേവിയുടെ പേർ കുറിച്ചുകാണുന്നത്. വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലമായ കൊല്ലം പത്താംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിൽ പോലും ഭർത്താവിനോടു പിണങ്ങിയ ഒരു യക്ഷകന്യകയായിട്ടാണു് ആ ദേവിയെ ശ്രീകൃഷ്ണകവി വര്‍ണ്ണിക്കുന്നതു എന്നുള്ളതിൽ നിന്നു് ഒരു പരിപൂർണ്ണ ഹൈന്ദവദേവതയായി അന്നും ആ മൂര്‍ത്തിയെ ഹിന്ദുക്കൾ അംഗീകരിച്ചുകഴിഞ്ഞിരുന്നില്ലെന്നു ഊഹിക്കാവുന്നതാണു്. 'വിലോക്യ' എന്നുമാത്രമേ കവി പറയുന്നുമുള്ളു. "ഭവ്യാം സിദ്ധഗിരിസ്ഥിതാം ഭഗവതീമവ്യാജരമ്യാം ഭജേ" എന്നു കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിൽ ജീവിച്ചിരുന്ന ഇരയിമ്മൻ തമ്പി ആ ദേവിയെ വന്ദിക്കുന്നത് അതിനുമുൻപു പരിവര്‍ത്തനം മുഴുവനായിക്കഴിഞ്ഞതിനാലാണു്. "സര്‍പ്പിഷ്മതി"യായ നദി തിരുവനന്തപുരത്തിനു പന്ത്രണ്ടു നാഴിക തെക്കുകിഴക്കുള്ള നെയ്യാറ്റിൻകര യിൽകൂടി ഒഴുകുന്ന നദിയാകുന്നു. അതിനു നെയ്യാറെന്നാണു പേർ. നെയ്യാറിന്റെ കരയിലുള്ള നഗരമായതുകൊണ്ടു് ആ സ്ഥലത്തിനു നെയ്യാറ്റിൻകര എന്നു പേരു സിദ്ധിച്ചു. അവിടെനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള വഴിയിൽ ഇരുവേശവും അനവധി പനകൾ ഇന്നും നില്ക്കുന്നുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള 'കരമന'യെ കവി സംസ്കൃതീകരിച്ചതാണു 'ഖരാലയം', കരമനയാറു പ്രസിദ്ധമാണല്ലൊ. കരമന കടന്നു ആറന്നൂർ ഏലായിൽ (പാടം) എത്തിയപ്പോൾ സന്യാസി അവിടെ ഒരു പുലയിയുടെ വാക്കു കേട്ടു.
വേത്രയഷ് ട്യാ സമാതാഡ്യ ത്വാമനന്തപുരേ വനേ
ക്ഷിപാമി കോപകലുഷാ മൂഢബാഢം ന തേ സുഖം
"പിരമ്പുകൊണ്ടടിച്ചു നിന്നെ ഞാൻ അനന്തൻകാട്ടിലേയ്ക്കെറിഞ്ഞു കളയും" എന്നു്', അമ്മ കരയുന്ന തന്റെ കുഞ്ഞിനോടു പറയുന്ന വാക്കായിരുന്നു അത്. അനന്തൻകാടു് എവിടെയാണെന്നു മുനി അവളോടു ചോദിച്ചു.
ആസാദ്യ താമേവമപൃച്ഛദേനാം മഹാമുനിഃ പുല്ക്കസരായ കന്യാം
ജാനാസി കിം മാനിനി, ഭൂരിപുണ്യാദനന്തധാമ പ്രഥിതം പൃഥിവ്യാം?
കുതഃ പദം തന്മധുകൈടഭാരേര്‍ന്നേദിഷ്ഠമസ്മാൽ കിമു വിപ്രകൃഷ്ടം?
വദസ്വ താത്ത്വമുദാരബുദ്ധേ, തതസ്തു സാ വാചാമുവാച തമ്പീ.
അതിന് അവൾ കിള്ളിയാറുകടന്നു ( വിശാലശാലാധീശമീശംപ്രണമ്യ) വലിയ ചാല മഹാദേവരെത്തൊഴുത് അതിന്റെ പടിഞ്ഞാറുഭാഗത്തേയ്ക്കു പോയാൽ അവിടെ എത്താമെന്നു മറുപടി പറഞ്ഞു. അതനുസരിച്ചു മഹര്‍ഷി മുൻപോട്ടു പോയപ്പോൾ മനോഹരമായ ഒരു വനം കണ്ടു. അതിനകത്തു കടന്ന അവസരത്തിൽ ബാലനായ ഭഗവാനും പ്രത്യക്ഷീഭവിച്ചു.
മാന്ദാരവാടീഷു ദൃശൌ സ മന്ദം പ്രചാരയൻ നന്ദനശോഭനാസു
തേജഃ കളായാഞ്ജനപുഞ്ജമഞ്ജു വ്യചക്ഷതാഭ്യശനികുഞ്ജകുക്ഷൌ
മൗകുന്ദമിന്ദീവരകാന്തി തേജഃ സ്വരൂപസമ്പത്തിമഥോ ബഭാര
ബാലാകൃതിം നീലവലാഹകാഭം വൃലോകയത്തന്മുനിരംബുജാക്ഷം
ഗള സ്ഥലാരഞ്ജിതമഞ്ജുഭൂഷാപരിസ്ഫുരദ്വീപിനഖാംശുജാലം
ക്വണന്മണീനൂപുരകിങ്കിണീകം സുകങ്കണാലംകൃതബാഹുപത്മം
വംശീനിനാദേന സമസ്തലോകം സംശീലയന്തം ഭഗവന്തമാരാല്‍
പിഞ്ചാഗ്രസംഛാദിതങ്കാകപക്ഷം സമീക്ഷ്യ മോഹാന്മുനിരഭ്യധാവൽ.
ദിവാകരൻ ഭഗവാനെ ഒടുവിൽ പിടികൂടി, യഥാവിധി പൂജിച്ചു.
ആറാംസ്തബകത്തിന്റെ ആരംഭത്തിൽ സന്യാസി "സമസ്തരാജന്യകമസ്തഭൂഷാമണിപ്രവേകോജ്വല പാദപീഠ"നായ കലശേഖരമഹാരാജാവിനെ ആ ദിവ്യസ്ഥലത്തേയ്ക്കു കൂട്ടിക്കൊണ്ടു പോരുവാൻ പുറപ്പെടുന്നു. അതിനപ്പുറമുള്ള ഭാഗം ഗ്രന്ഥത്തിലില്ല.
സാമാന്യമായ അര്‍ത്ഥചമൽകാരവും അസാധാരണമായ ശബ്ദമാധുര്യവും ഈ ചമ്പുവിൽ കാണുന്നുണ്ടെന്നു ഞാൻ സഹൃദയന്മാരോടു പറയേണ്ടതില്ലല്ലൊ. പക്ഷെ, ഇതിലെ സാഹിത്യത്തെ ഓര്‍ത്തല്ല, ഞാൻ പ്രധാനമായി ഉപന്യാസമെഴുതാനുമിച്ചതു്. അനന്തശയനക്ഷേത്രത്തിന്റെ മാഹാത്മ്യം, തിരുവനന്തപുരത്തിന്റെ വൈശിഷ്ട്യം; കുലശേഖരന്റെ അപദാനം; വീരമാർത്താണ്ഡവര്‍മ്മമഹാരാജാവിന്റെ പ്രഭാവം; അക്കാലത്തു തെക്കൻ തിരുവിതാംകൂറിലുള്ള ചില ക്ഷേത്രങ്ങളുടെയും മറ്റും നില ഇന്ത്യാദി ചരിത്രവിഷയങ്ങളെക്കൂടി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമെന്നുള്ള മെച്ചം കൂടി ഇതിനുണ്ട്. അതുകൊണ്ടാണു പരിഷത്ത്രൈമാസികത്തിൽ ഇതിനെപ്പറ്റിയുള്ള ഒരു ചുരുങ്ങിയ വിവരണം അഭിലഷണീയമായിത്തീർന്നതു്. വായനക്കാര്‍ക്കു പ്രസ്തുതോപന്യാസത്തിൽ നിന്നു പുതിയ അറിവുകളും ലഭിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.