കൊല്ലവർഷം ആരംഭിക്കുന്നതിനു മുൻപു മുതൽ കായംകുളംരാജ്യം കൊല്ലം ൻ൨൧-ൽ രാമയ്യൻദളവാ അതു തിരുവിതാംകൂറിൽ ലയിപ്പിക്കുന്നതുവരെ ചുരുങ്ങിയ പക്ഷം ഒരായിരം സംവത്സരത്തോളം കാലത്തേക്കു സമരത്തിനും വാണിജ്യത്തിനും ഒന്നുപോലെ കീർത്തിപ്പെട്ടിരുന്നു. വീരരാഘവചക്രവർത്തി "ചേരമാൻലോകമപ്പരുഞ്ചെട്ടിയാന ഇരവിക്കൊര്‍ത്തനുക്കു” നല്കിയ മണിഗ്രാമപ്പട്ടത്തിന്റെ വിവരണമടങ്ങിയ ദാനപത്രത്തിൽ ആ ദാനം "വേണാടുമോടനാടുമറിയ" കൊടുത്തതായ് പ്രസ്താവിച്ചുകാണുന്നതിൽ നിന്നു് അക്കാലത്തു വേണാട്ടിനു തുല്യമായ ഒരു പദവി ഓടനാട്ടിനും (കായംകുളത്തിനും) ഉണ്ടായിരുന്നതായ് ഊഹിക്കേണ്ടിയിരിക്കുന്നു. സുറിയാനികൃസ്ത്യാനികളുടെ വക കോട്ടയം ശാസനം എന്നു പ്രസിദ്ധമായ ഈ ദാനപത്രത്തിന്റെ ഉത്ഭവം ക്രി. പി. ൧൩൨൦-ൽ എന്നാണു് അഭിജോത്തമനായ ഡോൿടർ കീൽഫോർൺന്റെ അഭിപ്രായം. പുരാണലിപിചരിത്രവിദഗ്ദ്ധന്മാർ ആ അഭിപ്രായത്തെ പ്രായേണ അങ്ഗീകരിക്കുന്നുമുണ്ടു്. തിരുനെൽവേലി ജില്ലയിലെ ചില ശിലാശാസനങ്ങളിൽ കായംകളം രാജാക്കന്മാരുടെ പേരുകൾ കാണുന്നു. ചെങ്കോട്ടത്താലൂക്കിൽപെട്ട ശാമ്പൂർവടകര (വിന്തൈനല്ലൂർ) ദേശം അവരുടെ വകയായിരുന്നു. കായംകുളത്തിനു പുറമേ മറ്റം, എരുവ, കൃഷ്ണപുരം മുതലായ സ്ഥലങ്ങളിലും അവര്‍ക്കു കോവിലകങ്ങളുണ്ടായിരുന്നതായ് അറിയുന്നു.
കായംകുളം രാജാക്കന്മാരുടെ പ്രധാനക്ഷേത്രം കണ്ടിയൂരായിരുന്നു. കണ്ടിയൂർ ശിവക്ഷേത്രം പ്രതിഷ്ഠിച്ചതു ക്രി. പി. ൮൨൩-ൽ ആണു്. ആ സംഭവത്തിന്റെ സ്മാരകമായ് ഒരു പ്രത്യേകാബ്ദം പോലും കേരളത്തിൽ വളരെക്കാലത്തേക്കു പ്രചുരപ്രചാരമായിരുന്നു. "തിരുക്കണ്ടിയൂർ മാതേവര്‍ക്കു ചെല്ലാനിൻറയാണ്ടു നൂറ്റിരുപത്തിമൂൻറിൽ" അതായതു ക്രി. പി. ൯൪൬-ൽ കൊടിക്കുളത്തിൽ ഇരവികുമരനും മറ്റും ആ ക്ഷേത്രത്തിലേക്കു ഭൂമി ദാനംചെയ്തതിനു ശിലാരേഖയുണ്ടു്. ക്രി. പി. ൧൨൧൮-ൽ അഥവാ കൊല്ലം ൩ൻ൩-ൽ, "യദുവരവൃഷഭനും "രാമജ'നുമായ
കോതവര്‍മ്മൻ എന്ന കായംകുളംരാജാവു കണ്ടിയൂർ ക്ഷേത്രത്തിന്റെ നവീകരണം കഴിഞ്ഞുള്ള കുംഭാഭിഷേകം നിവഹിച്ചതായ് കാണുന്നു. "രാമജൻ" എന്ന പദപ്രയോഗത്തിൽനിന്നു് ആ രാജാക്കന്മാർ മക്കത്തായികളായിരുന്നു എന്നു അനുമാനിക്കേണ്ട ആവശ്യമില്ലെന്നു വഴിയേ ബോധ്യമാകും. "യദുവരവൃഷഭോ രാമജഃ കോതവർമ്മാ” എന്നാണ് സംസ്കൃതത്തിലുള്ള പ്രശസ്തി. "ഓടനാടു വാഴ്‌ന്തരുളിൻറ ഉതൈചിരമങ്ങലത്തു ശ്ര (ശ്രീ?) വീരപെരുമറ്റത്തു ഇരാമൻ കോതവര്‍മ്മതിരുവടി" എന്ന് ആ സംസ്കൃതശാസനത്തോട് അനുബന്ധിച്ചുള്ള ഒരു തമിഴ് ശാസനത്തിലും ആ രാജാവിനെ വര്‍ണ്ണിച്ചുകാണുന്നു. കണ്ടിയൂർ തേവടിശ്ശി കുറുങ്കുടി ഉണ്ണിക്കളത്രം എന്ന സ്ത്രീ അക്കാലത്തു വേണാടു വാണിരുന്ന ഇരവി കേരളവര്‍മ്മൻ എന്ന രാജാവിനോടു പ്രസ്തുതക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്യിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിവേദനം ചെയ്യുകയും ആ നിവേദനത്തിന്റെ ഫലമായ് ആ രാജാവു മേൽപടി തിരുപ്പണിയിൽ ഭാഗഭാക്കാകുകയും ചെയ്തതായ് തമിഴ് ശാസനത്തിൽ നിന്നു് അനുമാനിക്കാവുന്നതാണു്. കണ്ടിയൂരിന്റെയും മറ്റത്തിന്റെയും ഉജ്ജ്വലമായ വര്‍ണ്ണനം ഉണ്ണുനീലിസന്ദേശത്തിലുണ്ടു്.
"വിങ്ങിപ്പൊങ്ങിച്ചിതറിന മലർത്തെൻറൽ പീത്വാ മയങ്ങി-
ത്തങ്ങിത്തങ്ങിത്തരുണികൾ മുലക്കച്ചിലുച്ചൈരുറങ്ങി
തിങ്ങിത്തിങ്ങിച്ചുഴലവരിവണ്ടിണ്ടയാം കണ്ടിയൂരിൽ-
പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.''
എന്നു കണ്ടിയൂരിനേയും,
"കറ്റക്കാർമൻകുഴലികളൊരോ രാഗഭേദംപുണർത്തീ-
ട്ടിറ്റിറ്റോലും മധുരസമയം ചിന്തുപാടുംദശായാം
മുറ്റം തോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ
മറ്റും പാടിൻറിടമയി, സഖേ, മറ്റമങ്ങേതു പിന്നെ."
എന്നു മറ്റത്തേയും കവി സ്മരിക്കുന്നതു നോക്കുക. കണ്ടിയൂര്‍ക്കാരികളായ ചെറുകര കുട്ടത്തി, ചെറുകര ഉണ്ണിയാടി, മുത്തൂറ്റ് ഇളയച്ചി, ഈ മൂന്നു സ്ത്രീകളേപ്പറ്റിയുള്ള പ്രസ്താവനയും ആ സന്ദർഭത്തിൽ കാണുന്നു. ഉണ്ണുനീലിസന്ദേശത്തിന്റെ നിർമ്മാണകാലത്തിൽ അതായതു ക്രി. പി. ൧൩൭൪-ൽ (ക്രി. പി. ൧൩൧൪-ൽ എന്നു ചിലർ ഊഹിക്കുന്നതു ശരിയല്ല) ഓടനാടു ഭരിച്ചിരുന്നതു "രവിവർമ്മാവു" എന്ന വൃദ്ധനായ ഒരു രാജാവായിരുന്നു. പിന്നെയും ആ രാജകുടുംബത്തോടു ബന്ധമുണ്ടായിരുന്നു എന്നൂഹിക്കേണ്ട കുറുങ്ങാട്ടുണ്ണിനീലി, ആ വീട്ടിലെ മറ്റൊരു ഉണ്ണുനീലി, ഉണ്ണിച്ചക്കി, ചിരുതേവി ഈ സ്ത്രീകളുടെ കഥയും സന്ദേശകാരൻ വിസ്മരിക്കുന്നില്ല.
കായംകുളം രാജാക്കന്മാരുടെ വകയായിരുന്ന ഒരു മാണിക്യരത്നം ഇരിഞ്ഞാലക്കുട ക്ഷേത്രത്തിലേ ദേവന്റെ ബിംബത്തിൽ കൊല്ലം ൫൧൭ ലോ മറ്റോ ലയിച്ചു എന്നും അന്നുമുതല്ക്കാണു് ആ ദേവനു കൂടൽമാണിക്യമെന്നു പേർ സിദ്ധിച്ചതെന്നും അക്കാലത്തു കായംകുളം രാജാക്കന്മാര്‍ക്കു ലഭിച്ച അധികാരമാണ് തിരുവിതാംകൂറിലേക്കു രാമയ്യൻ ദളവായുടെ വിജയത്തിനുശേഷം അടങ്ങിയതെന്നും ആ അധികാരത്തെത്തുടര്‍ന്നാണു് ഇന്നും തച്ചുടയകൈമ്മളുടെ അവരോധവും ഭരണവും നടക്കുന്നതെന്നുമുള്ള വസ്തുതകൾ പ്രസക്താനുപ്രസക്തമായി ഇവിടെ വക്തവ്യങ്ങളാണു്.
കായംകുളം രാജാക്കന്മാരുടെ അപദാനങ്ങളേയും കണ്ടിയൂർക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയും വര്‍ണ്ണിക്കുന്ന ഒരു വിശിഷ്ടകാവ്യമാകുന്നു എന്റെ ഈ ഉപന്യാസത്തിനു വിഷയീഭവിക്കുന്ന "ശിവവിലാസം". ഈ കാവ്യത്തിൽ എട്ടു സര്‍ഗ്ഗങ്ങളുണ്ടു്. ഇതിന്റെ നിര്‍മ്മാതാവു ശങ്കരനാരായണമൂര്‍ത്തിയുടെ ഉപാസകനായ ദാമോദരച്ചാക്കിയാരാണെന്നു ഗ്രന്ഥത്തിന്റെ അവസാനത്തിലുള്ള താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നു.
"ഇതി മഹിതപദാബ്ജേ രുദ്രനാരായണീയ
മധുലിഹ ഇവ വൃത്തിം ബിഭ്രതാ ചാതകസ്യ
അലഘു ശിവവിലാസം നാമ കാവ്യം ബബന്ധേ
സുരഭി ഭരതഗോത്രീയേണ ദാമോദരേണ."
കണ്ടിയൂർ ശിവനെപ്പറ്റിയുള്ള സ്തുതി ധാരാളമടങ്ങീട്ടുള്ള ഈ കാവ്യം ശിവപരമായുള്ള മങ്ഗലപദ്യം കൊണ്ടുതന്നെയാണു് ആരംഭിക്കുന്നതു്. അതു താഴെ ചേർത്തുകൊള്ളുന്നു.
"സലിലശിഖിനഭസ്വൽസമ്പദോ യാ നഭശ്‍ശ്രീ-
രിവ രചയതി ലോകേ സൌഖ്യദുഃഖപ്രമോഹാൻ;
സ്വയമവികൃതിരേകൈവേന്ദുരേഖാതരംഗൈ-
രിവതനുഭിരനേകാ സവേതാദ്ദേവതാ നഃ"
"യാതൊന്നു ആകാശലക്ഷ്മി വെള്ളം, അഗ്നി, വായു, ഇവയെ പോലെ, സൌഖ്യം, ദുഃഖം, മോഹം ഇവയെ ജനിപ്പിക്കുന്നുവോ, യാതൊന്നു തനിക്കു വികാരമൊന്നുമില്ലെങ്കിലും ചന്ദ്രരേഖ എങ്ങനെ തിരകളെക്കൊണ്ടോ അതുപോലെ സലിലശിഖിനഭസ്വദാദികളായ മൂര്‍ത്തികളെക്കൊണ്ടു് അനേകയായ് തോന്നുന്നുവോ, ആ ദേവത ഞങ്ങളെ രക്ഷിക്കട്ടെ." അനന്തരം കവി നിര്‍മ്മത്സരന്മാരായ വിദ്വാന്മാരെ നമസ്കരിക്കുകയും, രഘുവംശാദികാവ്യങ്ങൾ പോലെ സിംഹത്തിനുപോലും പൊട്ടിക്കുവാൻ പാടില്ലാത്ത നായാട്ടുവലകൾ കിടക്കുമ്പോൾ താൻ വെറും ഒരു ലൂതാതന്തു (ചിലന്തിവല)വാണു് രചിക്കുന്നതെന്നു വിനയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ദാമോദരച്ചാക്കിയാരുടെ ജന്മഭൂമി ഏതെന്നു കാവ്യത്തിൽ പ്രസ്താവിച്ചു കാണുന്നില്ല. എന്നാൽ ൧൧൧൨-ാമാണ്ടു ചിങ്ങമാസം ൩൦-നു-യിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പണ്ഡിതർ ഈ. വി. രാമൻ നമ്പൂരി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഉപന്യാസത്തിൽനിന്നു് അദ്ദേഹം മാങ്ങാനത്തെ ചാക്കിയാർ കുടുംബത്തിലെ ഒരു അങ്ഗമായിരുന്നു എന്നും നാവായിക്കുളത്തു ശങ്കരനാരായണമൂർത്തി ആ കുടുംബത്തിന്റെ പരദേവതയാണെന്നും ആ കുടുംബത്തിനു് അരിപ്പാട്ടിനും കണ്ടിയൂരിനും സമീപത്ത് ഒരു ഗൃഹമുണ്ടായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. രാമൻനമ്പൂരി അവർകളുടെ ഉപന്യാസത്തിനു വിഷയീഭവിച്ച ഗ്രന്ഥം ഒരു പഴയ മണിപ്രവാളചമ്പുവാണു്. അതിൽ ഏഴ് ഓലകൾ മാത്രമേ കണ്ടെടുത്തിട്ടുള്ളു; അതുതന്നെയും ഗവേഷണകുശലനായ വിദ്യാഭൂഷണൻ തിരുവനന്തപുരം വെങ്കടരാമശര്‍മ്മാവിന്റെ അഭിനന്ദനീയമായ പ്രയത്നത്തിന്റെ ഫലമാണു്. ഈ ഓലകൾ ഞാനും വരുത്തിനോക്കി. കണ്ടുകിട്ടിയ ഭാഗത്തിൽ നിന്നു ഗ്രന്ഥത്തിലെ വിഷയം കായംകുളത്തു കേരളവർമ്മരാജാവു കുട്ടത്തിയെന്ന വനിതാരത്നത്തെ വിവാഹം ചെയ്യുന്നതാണെന്നു വിശദമാകുന്നു. "അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ" എന്നൊരു പ്രസ്താവന അതിൽ കാണുന്നതിൽ നിന്നും പ്രസ്തുത ചമ്പുവും ദാമോദരച്ചാക്കിയാരുടെ കൃതിതന്നെയാണെന്നു തെളിയുന്നുണ്ടു്.
മംഗലാചരണവും മറ്റും കഴിഞ്ഞു കണ്ടിയൂർനഗരത്തിന്റെ വര്‍ണ്ണന ആരംഭിക്കുന്നു.
"യത്രത്യേന ജഗൽകൃതാ യദുവൃഷാ-
സ്സംഘോഷയന്ത്യാത്മന-
സ്സാനാഥ്യം സമരാപരാങ്മുഖതമാ-
സ്തേ സമ്മതാഃ കാഹളൈഃ
കൃഷ്ണോയൽസ്തുതിഹേതുരസ്തി; വിദിത-
ന്തൽ കേരളേഷ്വാതതം
ശൈവം ധാമ സുധാമ ശൈവലപുരം
നാമാശ്രയശ്‍ശ്രേയസാം.
* * * * *
പാദാഭൈഃ പരിതസ്സുധാതിധവളൈ-
ര്യത്തുംഗദേവാലയൈഃ
പ്രാസാദസ്ഫടികാചലഃ പരശിവാ-
വാസസ്സമാപിയതേ;
കേതോർമ്മൂര്‍ദ്ധനി സൌരഭേയവൃഷഭോ
യസ്മിൻ ദരീദൃശ്യതേ
ധർമ്മോ വിഗ്രഹവാൻ യഥാ കലിബലാ-
ദേകാംഘ്രിരീശം ഭജൻ.
നക്തം കോവിദനർത്തകീവിരചിതം
നാട്യം രസൈകാഗ്ര്യതോ
ദൃഷ്ട്വാ നിർന്നിമിഷാഃ പ്രസന്നവദനാ-
നിഷ്പന്ദതാമാഗതാഃ
തത്സംസ്‍കാരബലാൽകൃതാ ഇവ ദിവാ-
പ്യാഭാന്തി ഭിത്യാദികേ
യത്രാലേഖ്യഗതാശ്ച ദൈവതഗണാ-
നൃത്താലയേ നിത്യശഃ''
ഈ പദ്യങ്ങളിൽ സമരവിജയികളായ കായംകുളം രാജാക്കന്മാർ ജഗൽകര്‍ത്താവായ ശ്രീപരമേശ്വരനാൽ തങ്ങൾ സനാഥന്മാരെന്നു കാണിച്ചു കാഹളമൂതുന്നു എന്നും, കൈലാസം പോലെയുള്ള (ശൈവലപുരം) കണ്ടിയൂരിനു ചുററും പര്യന്തപര്‍വതങ്ങൾപോലെ അനേകം ദേവാലയങ്ങൾ ശോഭിക്കുന്നുണ്ടെന്നും, ആ ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉപരിഭാഗത്തുള്ള ദിവ്യവൃഷഭവിഗ്രഹം വിഗ്രഹത്തോടുകൂടിയ ധർമ്മം കലിയുഗത്തിൽ ഒറ്റക്കാലിൽനിന്നു (കലിയുഗത്തിൽ ചതുഷ്പാത്തായ ധര്‍മ്മത്തിനു് ഒരു കാലേയുള്ളു എന്നു ശാസ്ത്രം) തപസ്സുചെയ്യുന്നതുപോലെ കാണപ്പെടുന്നു എന്നും, ആ ക്ഷേത്രത്തിൽ ദേവദാസികൾ ചെയ്യുന്ന നൃത്തം കണ്ടു വശീകൃതരായ ദേവന്മാർ ചിത്രരൂപത്തിൽ അതിന്റെ ഭിത്തികളിൽ നിശ്ചലന്മാരായ് എന്നും സ്ഥിതി ചെയ്കയാണോ എന്നു തോന്നിപ്പോകുമെന്നും മറ്റും കവി വര്‍ണ്ണിക്കുന്നു. കണ്ടിയൂരുത്സവത്തിൽ എഴുന്നള്ളിപ്പിന്റെയും ആനകളുടേയും മറ്റും വര്‍ണ്ണനവും ഈ ഘട്ടത്തിലുണ്ടു്. അവിടത്തെ വേശ്യാസ്ത്രീകളുടെ ഒരു ചിത്രണമാണ് താഴെക്കാണുന്ന ശ്ലോകം.
"വ്യാലോലൈരളകൈര്‍വിശാലചപലൈര്‍-
ന്നേത്രവികീർണാമൃതൈ-
രാലാപൈര്‍വിതതോന്നതൈഃ സ്തനതടൈര്‍-
വിദ്യുന്നിഭൈര്‍മ്മധ്യമൈഃ
വിസ്തീര്‍ണ്ണൈജഘനൈര്‍വിശേഷവിപുലൈ-
വൃത്തോജ്ജ്വലൈരൂരുഭിര്‍-
വ്യാപ്ത്യാ പാദരുചാഞ്ച വേശവനിതാ-
ബദ്ധ്നന്തി യസ്മിൻ വിടാൻ."
കുറുങ്കടി ഉണ്ണിക്കളത്രം എന്ന ഒരു വേശ്യയേപ്പറ്റി ഞാൻ മുൻപുതന്നെ പ്രസ്താവിച്ചുവല്ലോ. കേരളത്തിലെ അനേകം ക്ഷേത്രങ്ങളിൽ പണ്ടത്തെ കാലങ്ങളിൽ നൃത്തഗീതാദ്യുപചാരങ്ങൾക്കു ദേവദാസികളെ നിയമിച്ചിരുന്നതായ് ശിലാശാസനങ്ങളിൽനിന്നു വിശദമാകുന്നുണ്ടു്.
ഈ ശ്ലോകം ശുകസന്ദേശത്തിലെ ശബ്ദസുന്ദരമായ
"തത്സേവാർത്ഥം തരുണസഹിതാസ്താരൂപാദാരവിന്ദാ- സ്താമ്യന്മധ്യാസ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തര്‍ജിതാംഭോദകേശ്യ-
സൂത്രസ്ഥാസ്സ്യുസ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ.''
എന്ന പദ്യത്തിന്റെ ഒരനുകരണം പോലെ തോന്നുന്നു.
അനന്തരം അക്കാലത്തു കായംകുളം ഭരിച്ചിരുന്ന വീരകേരളവര്‍മ്മരാജാവിനെ കവി വര്‍ണ്ണിക്കുന്നു.
"തസ്മിന്നാസീൽ പ്രശസ്ത ത്രിജഗതി മതിമാൻ
ശേഖരഃ കേരളാനാം
ദിക്ചക്രേ വിക്രമാവിഷ്കൃതജയപടഹഃ
കേരളോ നാമ രാജാ
യസ്യാസ്ത്രൈര്‍ഭഗ്നശേഷാ രണഭൂവി വി-
മുഖാശ്ശത്രവോ മുക്തശസ്ത്രാ-
ശ്ചക്രുഃ കാന്താരകന്ദോൽഖനനസഹകരം
ശസ്ത്ര മേവാത്മഹസ്തേ.'’
"ആ കണ്ടിയൂരിൽ കേരളത്തിനു ശിരോലങ്കാരവും സകലദിക്കുകളിലും ജയഭേരി മുഴക്കുന്നവനുമായ കേരളനെന്ന രാജാവുണ്ടായി. അദ്ദേഹത്തോടു പോര്‍ക്കളത്തിൽ തോറ്റോടിയ ശത്രുക്കൾക്ക് അവരുടെ ആയുധങ്ങൾ കാട്ടിൽ കിഴങ്ങുകൾ മാന്തുന്നതിനു മാത്രം ഉപയോഗപ്പെട്ടു". വേറെയും ഒട്ടുവളരെ പദ്യങ്ങൾ ആ രാജാവിന്റെ പ്രതാപത്തേയും കീർത്തിയേയും പ്രപഞ്ചനം ചെയ്യുന്നവയായ് ഗ്രന്ഥത്തിലുണ്ടു്. വിസ്തരഭയത്താൽ ഞാൻ അവയിൽ ഒന്നും തന്നെ ഇവിടെ ഉദ്ധരിക്കുന്നില്ല. അദ്ദേഹം ഗുരുശുക്രന്മാരെപ്പോലെ നീതിശാസ്ത്രവിശാരദനും സദസ്സിൽ വാചസ്പതിക്കുപോലും യുക്തിമാര്‍ഗ്ഗങ്ങൾ ഉപദേശിക്കുവാൻ സമര്‍ത്ഥനും വിശിഷ്യ ഒരു വലിയ സാഹിത്യരസികനുമായിരുന്നു എന്നും കവി പ്രസ്താവിക്കുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനനെപ്പോലെ പ്രകൃതിരഞ്ജകനായിരുന്ന ആ മഹാത്മാവിനു "വൈരം ന ക്വാപി വിപ്രൈരുദിതമിതി മഹാനസ്യ തസ്മിൻ വിശേഷഃ" ബ്രാഹ്മണരോട് ഒരിടത്തും വിരോധമുണ്ടായില്ലെന്നു് ഒരു വലിയ വ്യത്യാസമുണ്ടായിരുന്നു.
"ഇതി വിവിധഗുണാളീവിഭ്രമാരാമഭൂമൌ
വിരജസി പുരഭാജാമുത്സവേ സര്‍വദൈവ
യദുജനപദനാഥേ പാലയത്യാത്മരാജ്യം
സമഹസി സകലേയം ഭൂസ്തദൈകാഭികാഭൂൽ."
"ഇങ്ങനെ അനേകഗുണങ്ങൾക്കു വിലാസോദ്യാനവും സത്വഗുണശാലിയും പ്രജകൾക്കു് എല്ലായ്പോഴും ആനന്ദപ്രദനും പ്രതാപശാലിയുമായ ആ യദുവംശരാജാവു (വീരകേരളൻ) കായംകുളം രാജ്യം പരിപാലിക്കുന്ന കാലത്തു ഭൂമി ഒരൊറ്റബ്ഭർത്താവിന് അധീനയായ് ഭവിച്ചു. കൃഷ്ണവീരൻ എന്നു പേരോടുകൂടിയ ഒരു ബ്രാഹ്മണനാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തെ അലങ്കരിച്ചത്. വടക്കുംകൂർരാജ്യക്കാരനായിരുന്നു ആ മന്ത്രി.
"ഭൂതിഃ സ്ഥിരാ യത്ര നയസ്യ, നാമ്നാ
ധീരഃ ശ്രുതോ യോ ഭൂവി കൃഷ്ണവീരഃ
സോഥ ദ്വിജന്തം നിജരാജ്യതന്ത്ര-
സാരഥ്യകൃത്യേ വരയാഞ്ചകാര."
ഞാൻ മുൻപു സൂചിപ്പിച്ച മണിപ്രവാളചമ്പുവിൽ "പൂതികൊട്ടെന്നു ഭൂതലേ ഗീതകീർത്തിവിലാസോ നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതി മന്ത്രിമുഖ്യഃ" എന്നു് ഒരു പ്രസ്താവന കാണുന്നു. ഈ കൃഷ്ണൻ കടുത്തുരുത്തിയിൽ പൂതികോട് എന്ന ഭവനത്തിലെ ഇളയതന്മാരിൽ ഒരാളായിരുന്നു എന്നു ശ്രീമാൻ നമ്പൂരി പറയുന്നതു ശരിയാണു്.
പിന്നീടു തന്റെ സ്വസൃതനയൻ (അനന്തരവൻ) ആയ യുവരാജാവിൽ രാജ്യഭാരത്തെ അവരോപണം ചെയ്തിട്ടു വീരകേരളൻ തൃതീയ പുരുഷാര്‍ത്ഥത്തെ സേവിച്ചു. ഇതോടുകൂടി പ്രഥമസര്‍ഗ്ഗം അവസാനിക്കുന്നു.
രണ്ടാമത്തെ സര്‍ഗ്ഗം
"അജനി ഗിരിശഗേഹാത്തസ്യ പാശ്ചാത്യഭാഗേ
ത്രിജഗദുരുസമജ്ഞേ സംജ്ഞയാ വത്സതീരേ
ധരണികമിതുരിഷ്ടാ നര്‍ത്തകീനാം വരിഷ്ഠാ
കുടിലദൃഗഥ ഗുപ്തസ്ത്രീതി നാമ്‌നാ പ്രസിദ്ധാ.''
എന്ന ശ്ലോകംകൊണ്ട് ആരംഭിക്കുന്നു. കണ്ടിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായ് സകലദേശങ്ങളിലും കീർത്തി പരത്തിക്കൊണ്ടു വത്സതീരം (ചെറുകര) എന്ന വീട്ടിൽ രാജാവിന്റെ പ്രണയിനിയായ് നൃത്തകുശലയായ ഗുപ്തസ്ത്രീ എന്ന മഹിളാരത്നം ജീവിച്ചിരുന്നു. ഗുപ്തസ്ത്രീ എന്ന പദം കുട്ടത്തി എന്ന മലയാളപദം സംസ്കൃതീകരിച്ചതാണെന്നു തോന്നുന്നു. ഉണ്ണുനീലിസന്ദേശകാലത്തു ജീവിച്ചിരുന്ന ചെറുകരക്കുട്ടത്തിയുടെ പേർ ഞാൻ മുൻപു പ്രസ്താവിച്ചുവല്ലോ. ആ പ്രസ്താവനയുള്ള ശ്ലോകം അച്ചടിച്ച ഗ്രന്ഥത്തിൽ അബദ്ധമായിട്ടാണ് കാണുന്നതു്. സുബദ്ധമായുള്ള പാഠം താഴെ ഉദ്ധരിക്കുന്നു.
"മാറ്റേറും നൽക്കനകകലശം വെൻറ ചോർകൊങ്ക താങ്ങി-
ക്കാറ്റോടാടും നടുവു കുലയപ്പോന്നു നിൻമുൻപിൽ വന്നു്
കോറ്റേൻവെല്ലുംമൊഴി ചെറുകരെച്ചേര്‍ന്ന കുട്ടത്തി നിന്നെ
പ്പോറ്റി, വൈകിച്ചരുളുകിലെനിക്കൊട്ടു വല്ലായ്മയുണ്ട്.''
ആ നായികയുമൊന്നിച്ചു പന്ത്രണ്ടുവര്‍ഷം രാജാവു നിമിഷംപോല കാലയാപനം ചെയ്തു എങ്കിലും
"തദപി സദൃശകന്യോൽപത്യഭാവാത്തദുച്ചൈ-
രജനി മിഥുനമാധിധ്യാനമുദ്രാനുബദ്ധം.''
തങ്ങൾക്കു് അനുരൂപയായ ഒരു പുത്രി ജനിക്കാത്തതുനിമിത്തം ആ ദമ്പതിമാർ അത്യന്തം ദുഃഖിതരായിരുന്നു. ആ വിവരം
"അബ്ധ്യന്തരീപപുരതസ്സുചിരാത്തിവൃത്തഃ
ശുശ്രാവ തൽ പ്രകൃതിസംസദി കൃഷ്ണവീരഃ''
കടുത്തുരുത്തിയിൽ പോയ് വളരെക്കാലം കഴിഞ്ഞു തിരിച്ചുവന്ന മന്ത്രിസത്തമനായ കൃഷ്ണവീരൻ പ്രജാസദസ്സിൽവച്ചു കേട്ടു ഉടൻ വത്സതീരത്തിൽ പോയ് രാജാവിനെക്കണ്ടു് അദ്ദേഹത്തിന്റെ കുലദേവതയായ കണ്ടിയൂർ ശ്രീപരമേശ്വരനെ നാലുമാസകാലത്തേക്കു കന്യാലാഭത്തെ പുരസ്കരിച്ച ഭജിക്കുവാൻ ഉപദേശിക്കുകയും അതിനുള്ള ചടങ്ങുകൾ ഗ്രഹിപ്പിക്കുകയും ചെയ്തു. ഈ ഭാഗത്തിൽ വേദാന്തപ്രതിപാദകങ്ങളായ അനേകം പദ്യങ്ങൾ കാണുന്നു.
"ഐശ്വര്യമന്യദമിതാംഗനമസ്തസംഖ്യ-
മാതംഗതുംഗതുരഗാദ്യപി ഭംഗുരം സ്യാൽ;
വേതണ്ഡചര്‍മ്മകപിലാക്ഷികപാലസർപ്പ-
വാമാര്‍ദ്ധഭസ്മശബളാകൃതി ശാശ്വതഞ്ച
സൗന്ദര്യസമ്പദഭിജന്മബലപ്രതാപ-
സൗഭാഗ്യവിക്രമമതിശ്രുത ശൗര്യവീര്യൈ
യസ്യാവലേപമഹിമാ ബഹുമാനപാത്രം
നിശ്ചയമേവ ശിവപാദരജോസ്യ ശീർഷേ."
"അനവധി സ്ത്രീകൾ, ആന, കുതിര, ഇത്യാദിവസ്തുക്കളോടുകൂടിയ മറ്റു വിധത്തിലുള്ള ഐശ്വര്യങ്ങളെല്ലാം നശിച്ചുപോകുന്നതാണു്; ആനത്തോൽ, തീകൊണ്ടു കപിലവര്‍ണ്ണമായ മൂന്നാം തൃക്കണ്ണ്, തലയോടു്, വാസുകി, പാര്‍വതിയാകുന്ന വാമഭാഗം, ചാമ്പൽ ഇവയെല്ലാം ചേർന്ന മൂര്‍ത്തി, അതായതു സാക്ഷാൽ പരമശിവൻ, ഒന്നു മാത്രമേ ശാശ്വതമായുള്ളു. സൌന്ദര്യം, ഐശ്വര്യം, ഉൽകൃഷ്ടകുലം, ബലം, പ്രതാപം ഇത്യാദി സിദ്ധികളുടെ തള്ളിച്ചകൊണ്ട് ആരെങ്കിലും ലോകത്തിൽ ബഹുമതനായ് ജീവിക്കുന്നുണ്ടെങ്കിൽ അവന്റെ ശിരസ്സിൽ ആ ഭഗവാന്റെ പാദധൂളി കിടക്കുന്നുണ്ടെന്നു് (അതായത് അയാൾ ശിവനെ ഭജിച്ചിട്ടുണ്ടെന്നു്) നിശ്ചയിച്ചുകൊള്ളണം.''
"തം യാഹി വീര! ശരണം ജഗതാം ശരണ്യം;
സമ്പൂജയസ്വ ച യഥാവിധി ഗന്ധമുഖ്യൈഃ;
കന്യാം തതസ്തവ കരേ ഭഗവാൻ ദയാർദ്ര-
സ്സന്ന്യാസവൽ പ്രവിതരിഷ്യതി തൂർണമേവ.”
"ലോകശരണ്യനായ ആ ശ്രീപരമേശ്വരനെ ശരണം പ്രാപിച്ചു തന്തിരുവടിയെ ചന്ദനാദിവസ്തുക്കൾകൊണ്ടു യഥാവിധി പൂജിക്കുക; അപ്പോൾ അവിടുന്നു ദയാർദ്രനായ് കന്യകയെ ഒരു വിശിഷ്ടമായ ന്യാസദ്രവ്യം പോലെ അങ്ങേയ്ക്കും വേഗത്തിൽ തരും." ഇത്തരത്തിലുള്ള ഉപദേശങ്ങൾ കേട്ടു ശിവഭജനത്തിനായ് രാജാവു പുറപ്പെടുന്നതോടുകൂടി രണ്ടാം സര്‍ഗ്ഗം സമാപ്തമാകുന്നു.
മൂന്നാം സഗ്ഗത്തിൽ രാജാവിൻറെ ശിവഭജനമാണു് കവി വര്‍ണ്ണിക്കുന്നതു്. സംസാരത്തിന്റെ നിസ്സാരതയെപ്പറ്റി പൂര്‍ണ്ണബോധം വന്നു അദ്ദേഹം ശിവനെ താഴെക്കാണുന്ന വിധത്തിൽ സ്തുതിക്കുന്നു.
"ഇത്യേവം വിലപിത്വോച്ചൈർഭക്തന്മത്തമനാസ്തദാ
ശൈവാലപുരനാഥന്തം തുഷ്ടസ്തുഷ്ടാവ ഭൂപതിഃ:
ജയ ശംഭോ, ജയോദ്വൃത്തജാഹ്നവീഭംഗശേഖര;
ജയ മുണ്ഡാവലീക്‌ഌപ്തമുക്താഹാര മഹേശ്വര;
ജയ സര്‍വാംഗലഗ്നോരുദന്ദശൂകേശശൂൽകൃതേ;
ജയ കശ്മീരജപ്രേഷ്ഠചിതാഭസ്മവിലേപന;
ജയ കാഷ്ഠാകരിവ്യാഘ്രത്വക്‌പുഷ്ടകാംശുകവേഷ്ടന;
ജയ നീലഗളായുഗ്ദൃഗസാധാരണലക്ഷണ;
ജയ സിന്ധുരവോഗ്രാട്ടഹാസൈകാര്‍ത്താരിസിന്ധുര;
ജയ ചന്ദ്രകരാർദ്രാക്ഷിജ്വാലാധൂമാത്തചന്ദ്രക;
ജയ താമരസാക്ഷേന്ദ്രപാല്യതാപാത്രിതാമര;
ജയ ചാപലതാദഗ്ദ്ധത്രിപുരീദര്‍പ്പചാപല;
ജയ ഗൌരവപുർദ്ധാമധ്വസ്തതാമസഗൌരവ;
ജയ സാരസദാച്ഛാത്മസരസ്സത്മാംഘ്രിസാരസ.''
ഈ ശ്ലോകങ്ങളുടെ ശബ്ദമാധുര്യം ഏറ്റവും പ്രശംസനീയമായിരിക്കുന്നു. അടിയിൽ ഉദ്ധരിക്കുന്നതു് ആ സ്തുതിയിലെ മറ്റൊരു ഭാഗമാകുന്നു.
"നമസ്ത്വൽപാദപത്മായ പാതാളത്വമുപേയുഷേ,
നമോസ്തു ബ്രഹ്മലോകായ ത്വന്മൂർദ്ധ്നേ മുക്തിഹേതവേ;
നമസ്ത്വദംഘ്രിദണ്ഡാഭ്യാം ധരണ്യൈ സാഗരായ ച;
നമസ്താവകബാഹുഭ്യാമനലായാനിലായ ച;
നമസ്ത്വൽകുക്ഷയേ നിത്യം നഭസേ വൈഭവസ്പൃശേ;
നമസ്ത്വദ്വദനാബ്ജ്ജായ വേദശാസ്ത്രാഹ്വയായ ച;
നമസ്ത്വന്നയനത്രയ്യൈ ജ്ഞാനസൂര്യേന്ദുവർഷ്‌മണേ;
നമസ്ത്വദ്ദന്തസന്തത്യൈ നക്ഷത്രാവലയേ മുഹുഃ;
നമസ്തദസ്ഥിവ്രാതായ കുലശൈലകലാത്മനേ;
നമോ നാഡീതതിഭ്യസ്തേ നദീഭ്യശ്ചാപ്യനാരതം;
നമസ്ത്വന്മന്ദഹാസായ വിദ്യുത്ത്വപരിണാമിനേ;
നമസ്ത്വദട്ടഹാസായ മേഘസ്തനിതമൂര്‍ത്തയേ;
നമസ്ത്വദാത്മനേ നാഥ, സർവ്വമന്ത്രഗണാത്മനേ;
നമസ്ത്വദീയദേഹായ സര്‍വദൈവതരാശയേ"
വിരാഡ് രൂപനായ ഭഗവാന്റെ കാലടി പാതാളം; മൂർദ്ധാവു ബ്രഹ്മലോകം; കാലുകൾ ഭൂമിയും സമുദ്രവും; കൈകൾ അഗ്നിയും വായുവും; കുക്ഷി ആകാശം; മുഖം വേദശാസ്ത്രങ്ങൾ; മൂന്നു കണ്ണുകൾ ജ്ഞാനവും സൂര്യചന്ദ്രന്മാരും; പല്ലുകൾ നക്ഷത്രങ്ങൾ; അസ്ഥികൾ കുലശൈലങ്ങൾ; നാഡികൾ നദികൾ; പുഞ്ചിരി മിന്നൽ; അട്ടഹാസം ഇടി; ആത്മാവു മന്ത്രഗണം; ദേഹം ദേവസമൂഹം.
ഇത്തരത്തിൽ പല വിധത്തിലുള്ള സ്തോത്രങ്ങൾ കേട്ടു ഭക്തവത്സലനായ ശ്രീപരമേശ്വരൻ പ്രസന്നനായ് പ്രത്യക്ഷീഭവിക്കുന്നു.
"അഥപ്രാസാദഭൂഗര്‍ഭഗൃഹോദരമഹാമുഖാൽ
ഘനാഘനമഹാമേഘഹുങ്കാരാഹ്വാനസന്നിഭഃ;
കമ്പയന്നിവ സര്‍വോവീം ഭിന്ദാന ഇവ സാഗരാൻ
ഉത്സാരയന്നിവാകാശമാശാഃ പ്രസ്ഫോടയന്നിവ;
ആധൂന്വന്നിവ ചേതാംസി സര്‍വേന്ദ്രിയവിമോഹനഃ
ശുശ്രൂവേ സുമഹാൻ നാദോ ദിഗ്ഗജോന്മാദമർദ്ദനഃ;
കമ്പോദ്വൃത്താബ്ധികല്ലോലകലഹാക്രന്ദമേദുരഃ
ശബ്ദസ്സ;ബാഡവാഗ്നേരപ്യാസീദീഷദ്ബിഭീഷികാ.''
അനന്തരം ഗർഭഗൃഹത്തിൽനിന്നു ഭയങ്കരമായ ഇടിനാദംപോലെ ഒരു ശബ്ദം കേൾക്കപ്പെട്ടു. അതു ഭൂമിക്കു മുഴുവൻ ഇളക്കം തട്ടിക്കുന്നതും സാഗരങ്ങളെ ഭേദിക്കുന്നതും ആകാശത്തെ പറപറപ്പിക്കുന്നതും ദിക്കുകളെ പിളര്‍ക്കുന്നതും ഹൃദയങ്ങളെ വിറപ്പിക്കുന്നതുമാണോ എന്നു തോന്നി; ആ ശബ്ദം ബാഡവാഗ്നിക്കുപോലും അല്പം ഭീതി നല്കുന്ന തിനു പര്യാപ്തമായിരുന്നു. അതുകഴിഞ്ഞു "ഗംഭീരമധുരവും'' "ഭേരീനാദാനുകാരി''യുമായ ഒരു ശബ്ദം വീണ്ടും കേട്ടു. അതു ഭഗവാന്റെ അരുളപ്പാടായിരുന്നു.
“വത്സ, കേരളഭൂപീഠകേതോ, ഹേ വീരകേരള,
ഭദ്ര, ജാഗൃഹി ഭദ്രായ ചിരായേഹ പരത്ര ച.
* * * * *
കന്യാ സുദർല്ലഭാ വത്സ, മൽപ്രസാദം വിനാ തവ;
താം പ്രയച്ഛാമ്യഹം തുഭ്യം; വന്ധ്യാ യാച്‌ഞാ ന മജ്ജുഷഃ;
മമാംശഃ കേരളാവന്യാമസ്തി കശ്ചന മാനവഃ;
പുരൈവ വിപ്രകാര്യാര്‍ത്ഥമവതീര്‍ണ്ണസ്സ പുണ്യധീഃ;
മൽകാമിനീ തതോ ഗൌരീ ത്വൽകന്യാത്വമുപേയുഷീ
അചിരേണ വീരസ്യ തസ്യ ഭാര്യാ ഭവിഷ്യതി.''
"അല്ലയോ വത്സ, കേരളഭൂപീഠത്തിനു കൊടിമരംപോലെ ഉൽകൃഷ്ടനായ് ശോഭിക്കുന്ന വീരകേരള, നീ ഐഹികവും ആമുഷ്മികവുമായ ദദ്രത്തെ കാത്തിരിക്കുക. എന്റെ പ്രസാദം കൂടാതെ നിനക്കു പുത്രീലാഭം ഏറ്റവും പ്രയാസമാണു്. ഞാൻ നിനക്കു് ഒരു പുത്രിയെ ദാനം ചെയ്യുന്നു. എന്റെ ഭക്തന്മാരുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യർത്ഥമാകുന്നതല്ല. എന്റെ അംശാവതാരമായ് കേരളത്തിൽ ഒരു മനുഷ്യൻ ഇപ്പോൾ ജനിച്ചിട്ടുണ്ടു്. എന്റെ പ്രേയസിയായ പാവതീദേവി നിന്റ പുത്രിയായ് ജനിച്ച് അചിരേണ അവന്റെ ഭാര്യയായ് ഭവിക്കും" എന്നരുളിച്ചെയ്തു ശ്രീപരമേശ്വരൻ അന്തർദ്ധാനം ചെയ്തയും അതോടുകൂടി രാജാവു സന്തുഷ്ടനാകുകയും ചെയ്തു. ഇതാകുന്നു മൂന്നാം സര്‍ഗ്ഗത്തിലെ കഥ.
സര്‍വ്വാങ്ഗസുന്ദരിയായ കന്യകയുടെ ജനനമാകുന്നു നാലാം സര്‍ഗ്ഗത്തിലെ പ്രതിപാദ്യവിഷയം. ഗുപ്തസ്ത്രീയുടെ ദൌഹൃദവര്‍ണ്ണനംകൊണ്ട് ആ സർഗ്ഗമാരംഭിക്കുന്നു. 'ഉണ്ണിയാടി'യെന്ന കുലക്രമാഗതമായ നാമധേയം ദമ്പതിമാർ ശിശുവിനു നല്കുന്നു.
"സദ്യോകാർഷീൽ ഭൃശമഭിവൃതാമ്മംഗലൈരാഖ്യയാ താം
കല്പാപായേപ്യതനുയശസം കന്യകാമുണ്ണിയാടീം.''
ഉണ്ണിയാടി വേഗത്തിൽ സങ്ഗീതസാഹിത്യങ്ങളിലും വിവിധശാസ്ത്രങ്ങളിലും വിദഗ്ദ്ധയായിത്തീരുന്നതു കവി താഴെക്കാണുന്ന പദ്യങ്ങളിലും മറ്റും വര്‍ണ്ണിക്കുന്നു.
“പഞ്ചാബാന്താൽ സപദി പുരതഃ ക്‌ഌപ്തചൌളക്രിയാഥോ
വർണ്ണ പദ്യേ പദസമുദയേ പ്രാപ വാകപി ശിക്ഷാം;
നാസൌ നാനാഭരണനിവഹൈര്‍മ്മണ്ഡിതാ കുണ്ഡലേനാ-
പ്യാസിൽ; ഭൂയോധ്യഗമദഖിലാശ്ചാപി ഗാന്ധർവവിദ്യാഃ;
ശബ്ദേ ശിക്ഷാതിശയബലതശ്ശബ്ദമീമാംസകാനാം,
വാക്യാര്‍ത്ഥേതിപ്രസരഗതിഭിഃ പൂര്‍വമീമാംസകാനാം,
അദ്വൈതാർത്ഥേ പടുമതിതയാ തത്ര ചാപ്യുത്തരേഷാം
വിസ്മേരത്വം വ്യധിത സതതം സാ വിശേഷേക്ഷകാണാം.''
വിദ്യകൊണ്ടുതന്നെയാണ് ആ കുമാരി അലംകൃതയായിത്തീര്‍ന്നതു; ആഭരണങ്ങളെക്കൊണ്ടല്ല. ഗാന്ധർവവിദ്യകളിലും (നൃത്തഗീതാദികൾ) ശബ്ദശാസ്ത്രത്തിലും പൂര്‍വോത്തരമീമാംസകളിലും കന്യക ആര്‍ജ്ജിച്ച പാടവം അസാമാന്യമായിരുന്നു.
"അഥാസരതി യൌവനേ മദവിഭാവസോരിന്ധനേ
നൃണാമനിമിഷേക്ഷണത്രിദശസന്തതേര്‍ന്നന്ദനേ
സ്വബന്ധൂഹരിചന്ദനേ തരുണധൈര്യവിഷ്യന്ദനേ
മഹീശതനയാ ബഭൌ മദനസൽഭടസ്യന്ദനേ.''
എന്നു് ഉണ്ണിയാടിയുടെ യൌവനാരംഭസൂചനയോടുകൂടി സര്‍ഗ്ഗം കഴിയുന്നു.
അഞ്ചാം സര്‍ഗ്ഗം രാജകുമാരിയുടെ സമഗ്രമായ സൌന്ദര്യവര്‍ണ്ണനത്തോടുകൂടിത്തുടങ്ങുന്നു.
"ന കേരളാഃ കേവലമന്യഭൂഭൃതോ-
പ്യമുമുപശ്രുത്യ ഗുണൈസ്തഥാവിധാം
ജനാധിപം തം ജനകം മൃഗീദൃശോ
വൃലോഭയൽ പ്രാഭൃതരത്നകോടിഭിഃ.''
അത്തരത്തിൽ സകലഗുണഗണങ്ങൾക്കും സങ്കേതഭൂമിയായിത്തീര്‍ന്ന ആ കന്യകയെ പരിഗ്രഹിക്കുന്നതിനുള്ള ആശയോടുകൂടി കേരളത്തിൽ മാത്രമല്ല അന്യദേശങ്ങളിലുള്ള രാജാക്കന്മാരും അനവധി ധനം കൊണ്ടു രാജാവിനെ പ്രലോഭനംചെയ്തു. ചിലർ യാച‌്ഞാപത്രങ്ങളയച്ചു; മറ്റുചിലർ ഉപഹാരങ്ങളയച്ചു; വേറെ ചിലർ കണ്ടിയൂരിലേക്കു തന്നെ പുറപ്പെട്ടു ചെന്നു; രാജാവിന്റെ സൽകാരം സ്വീകരിച്ചു ഭഗ്നമനോരഥരായ് തിരിയെ പോകുകയും ചെയ്തു. ദേവന്മാർ സാക്ഷാൽ പാർവ്വതീരൂപത്തിൽ കുമാരിയെക്കാണുകനിമിത്തം ദമയന്തിയിൽ അനാദരം ഉളവാക്കാൻ തക്ക വൈഭവത്തോടു കൂടിയവളാണെങ്കിലും ആ സ്ത്രീ രത്നത്തെ നമസ്കരിക്കുക മാത്രമേ ചെയ്തുള്ളു.
പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ യൌവനാശ്ലിഷ്ടയായ പുത്രിയെ ആരെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നുള്ളതിനെപ്പറ്റി വലുതായ ഉൽകണ്ഠ പിതാവിനെ ബാധിക്കുന്നു.
"സുതാ മമ ദ്വാദശവത്സരാ; പരം
തദപ്യസൌ ഭാതി സമഗ്രയൌവനാ;
മനോരഥാനാം സകലസ്യ ലക്ഷതാം
ഗതാ ച തൈസ്തൈഃ പ്രഥിതൈർമ്മഹാഗുണൈഃ
പതിസ്സ കോ നാമ ഭവേദ് ഗുണോചിതഃ
പ്രഭുസ്തദസ്യാ വയസാ ച സാമ്യഭാക്?
ന കേവലം ഭൂവലയേ ജഗത്ത്രയേ
ഗുണൈസ്സമഗ്രഃ പുരുഷോ ന വിദ്യതേ.
തദല്പദോഷേ പുരുഷേ ഗുണാധികേ
സമര്‍പ്പ്യതേ ചേദിയമാത്മജാ ക്വചിൽ
സ ച പ്രമാദോ ഭവിതാ; തഥാവിധം
മഹത്ത്വമസ്യാ ഹി ജഗൽസു സമ്മതം."
ഇപ്രകാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. "മൂന്നു ലോകത്തിലും സമഗ്രഗുണനെന്നു പറയത്തക്ക ഒരു പുരുഷനെ കണ്ടുകിട്ടുവാൻ നിവൃത്തിയില്ല. ഗുണാധികനും അല്പ ദോഷനുമായിട്ടുള്ള ഒരു പുരുഷനോടു് ഈ കന്യകയെ യോജിപ്പിക്കുന്നതു പ്രമാദവുമാണു്. സാക്ഷാൽ പാര്‍വതീദേവിയുടെ അവതാരമാണ് എന്റെ പുത്രിയെന്നു ശ്രീ പരമേശ്വരൻ അരുളിച്ചെയ്തിട്ടുണ്ടു്. അവിടുന്നും അംശാവതരണംകൊണ്ടു ഭൂമിയെ ധന്യയാക്കീട്ടുള്ളതായ് കല്പിച്ചുവല്ലോ.''
"സ കോ ഹി നാമ ക്വനു ചേതി നൈവ തു
പ്രതീയതേ സംവൃതലക്ഷണത്വതഃ
ഗുണൈസ്തതാസ്സന്തി നരാസ്തതസ്തതോ
ദ്വിജാതിരാജാദിമഹാകുലോദ്ഭവാഃ"
"എന്നാൽ ഭഗവദംശഭൂതനായ ആ മഹാനുഭാവന്റെ പേരെന്തെന്നോ അദ്ദേഹത്തിന്റെ ദേശമെന്തെന്നോ ഭഗവല്ലക്ഷണം ഗൂഢമാകയാൽ അറിയാൻ കഴിയുന്നില്ല. ഗുണോത്തരന്മാരായ പുരുഷന്മാർ ബ്രാഹ്മണവംശത്തിലും ക്ഷത്രിയവംശത്തിലും ജനിച്ചവരായ് അവിടവിടെയുണ്ടു്. ഏതായാലും ഒരു സ്വയംവരത്തിൽ കന്യക തനിക്കു ബോധിച്ച വരനെ വരിച്ചുകൊള്ളട്ടെ എന്നു നിശ്ചയിക്കുന്നതാണ് ഉത്തമം.''
"അലോകസാമാന്യഗുണാന്നരാധിപാ-
നിഹോപനേഷ്യാമ്യനഘൈസ്സഹാഗ്രജൈഃ
സഭാഗതേഷ്വേഷു സഭാജിതേഷ്വസൌ
മനസ്വിനീ വക്ഷ്യതി മേ മഹാഭരം."
"ലോകോത്തര ഗുണശാലികളായ രാജാക്കന്മാരേയും ബ്രാഹ്മണരേയും ഞാൻ ഇവിടെ ആളയച്ചു വരുത്താം. അവരെ സഭയിൽ ഇരുത്തി ഞാൻ പൂജിച്ചുകഴിഞ്ഞാൽ എന്റെ വലിയ ഭാരത്തെ (വരനാരെന്നു നിശ്ചയിക്കുക എന്നുള്ളത്) പുത്രിതന്നെ പറയുന്നതാണു്.''
അങ്ങനെ തീച്ചപ്പെടുത്തി, രണ്ടുമാസം കഴിഞ്ഞാൽ കുമാരിയുടെ സ്വയംവരം നടക്കുവാൻ പോകുന്നതായ് വീരകേരളവര്‍മ്മ രാജാവു വിളംബരം പ്രസിദ്ധപ്പെടുത്തി. വൻകിടയിൽ ആ മഹാമഹത്തിനുവേണ്ട വട്ടങ്ങളെല്ലാം കൂട്ടി. ഇതോടുകൂടി അഞ്ചാം സര്‍ഗ്ഗം പൂര്‍ണ്ണമാകുന്നു.
സ്വയംവരാഘോഷത്തിനുള്ള സജ്ജീകരണംകൊണ്ടു് ആറാം സര്‍ഗ്ഗം ആരംഭിക്കുന്നു. കായംകുളത്തെ ഭടന്മാരെ കവി ഹൃദയങ്ഗമമായ രീതിയിൽ പ്രസ്തുതസന്ദർഭത്തിൽ വർണ്ണിക്കുന്നുണ്ടു്. ആ ഘട്ടത്തിലുള്ള ഒരു ശ്ലോകം താഴെച്ചേക്കാം.
"ഉത്തുംഗദീപ്ത ധനുഷശ്ശരധീർനിബധ്യ
ഹേമാഭിരാമകവചാഃ കതിലിൽ സുയോധാഃ
ആയൻ യയുശ്ച മുദിതാശ്ശതശഃ പ്രതോള്യാ-
മേധസ്സമേധിതശിഖാ ഇവ ഹവ്യവാഹാഃ.''
"മിന്നിത്തിളങ്ങുന്ന വില്ല ധരിച്ചു് ആവനാഴി കെട്ടിത്തൂക്കി സ്വര്‍ണ്ണക്കിന്നരിവച്ച ഉടുപ്പുകളണിഞ്ഞ് അനവധി ഭടന്മാർ നിരത്തിൽകൂടി പോകുകയും വരികയും ചെയ്തുകൊണ്ടിരുന്നു; അവരെക്കണ്ടാൽ കത്തുന്ന വിറകുകൊണ്ടു വർദ്ധിച്ച ജ്വാലയോടുകൂടിയ അഗ്നികളാണോ എന്നുതോന്നും.” കണ്ടിയൂരമ്പലത്തിലെ ദേരി മുഴങ്ങി. രാജാക്കന്മാരും ബ്രാഹ്മണരും വിവാഹരങ്ഗത്തിൽ പ്രവേശിക്കുന്നതു കവി താഴെക്കാണുന്ന പ്രകാരത്തിൽ വര്‍ണ്ണിക്കുന്നു.
രംഗം നൃപാഃ പ്രവിവിശുസ്ത്വരിതാസ്തരംഗൈ-
രംഗീകൃതാംബുദരവൈഃ പ്രവരൈരഥൈശ്ച
ദന്താവളൈശ്ച ബഹളാത്തമദൈരുപേത്യ
സിംഹാ യഥാ ത്രിദശശൈലഗുഹാം വിശാലാം.
വിപ്രേശ്വരാശ്ച മുദിതാഃ പ്രഥിതാഃ പൃഥിവ്യാം
വിദ്യാതപോഭിജനവീര്യധനാഭിമാനൈഃ
അസ്കൃത്യ വിസ്തൃതതമേത്ര യഥാവകാശം
ദീപ്താഗ്നിതുല്യമഹസോ നൃവിശന്ത സന്തഃ."
"കുതിരകളിലും ആനകളിലുമായ് അനേകം രാജാക്കന്മാർ ആ രങ്‌ഗത്തിൽ സിംഹങ്ങൾ എങ്ങനെ മഹാമേരുപര്‍വതത്തിലെ വിശാല ഗുഹയിൽ പ്രവേശിക്കുമോ അതുപോലെ പ്രവേശിച്ചു. പലപ്രകാരത്തിൽ യോഗ്യന്മാരായ ബ്രാഹ്മണരും അവിടെ വന്നു യഥാവകാശം അവരവര്‍ക്കുള്ള ആസനങ്ങളിൽ ഉപവിഷ്ടന്മാരായി. ജ്വലിക്കുന്ന അഗ്നിക്കു തുല്യമായ തേജസ്സോടുകൂടിയവരായിരുന്നു അവർ. കന്യക മങ്ഗലസ്നാനം കഴിഞ്ഞു സ്വയംവരത്തിനു സന്നദ്ധയായ് അന്തഃപുരത്തിലിരുന്നതു കവി താഴെക്കാണുന്ന വിധത്തിൽ വണ്ണിക്കുന്നു.
"സാ ചാപി കേരളനൃപാലസുതാ വധൂഭിഃ
സ്നാതാ മഹാർഹവസനാഭരണാനുലേപാ
ശുദ്ധാന്തധാമ്നി ശുശുദ്ധേ യദുരാജവീര-
ലക്ഷ്മീരിവാക്ഷിപഥഗാ നൃപതൌ പ്രസന്നാ.''
“സ്നാതയായ് വിശിഷ്ടങ്ങളായ വസ്ത്രാഭരണങ്ങളാലും ലേപനദ്രവ്യങ്ങളാലും അലംകൃതയായ ആ രാജകുമാരി, പ്രസന്നയായ് പ്രത്യക്ഷീഭവിച്ച കായംകുളം രാജാവിന്റെ ലക്ഷ്മിപോലെ ശോഭിച്ചു.'' അത്യന്തം മനോഹരമായ ഒരു പ്രസാധനവര്‍ണ്ണനം കവി അവിടെ ചെയ്യുന്നുണ്ട്. അനന്തരം
"മാത്രാദരാദ്വിഹിതമംഗലസംവിധാനാ
മാന്യാഭിരപ്യപരപൌരനിതംബിനീഭിഃ
സൌധാത്തതോ നൃപസുതാ ധനതർപ്പിതാനാ-
മാശീശ്ശതൈര്‍മ്മുഹുരവാരുഹദർച്ച്യമാനാ.''
"മാതാവിനാലും മറ്റു മാന്യകളായ പൌരസ്ത്രീകളാലും ചെയ്യപ്പെട്ട മങ്ഗലവിധാനത്തോടുകൂടിയ കന്യക ധനസമര്‍പ്പണംകൊണ്ടു സന്തുഷ്ട്രരായ ജനങ്ങളാൽ നിരവധി ആശിസ്സുകളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവളായ് മാളികയിൽനിന്നിറങ്ങി മണ്ഡപത്തിലേക്കു പുറപ്പെട്ടു.''
"അശ്വാനനുദ്ധതഗതീൻ ശിബികാം കരേണൂ-
രന്ദോളികാശ്ച ശുഭഹാടകരത്നചിത്രാഃ
ഹൃഷ്ടാസ്സമാരുരുഹുരാശു തതസ്സമന്താ-
ദസ്യാഃ പ്രസിദ്ധകുലജാ ഭൂവി പൌരനാര്യഃ.''
"മന്ദമായ് യാനം ചെയ്യുന്ന കുതിരകൾ, പല്ലക്കുകൾ, കുട്ടിയാനകൾ, അന്ദോളങ്ങൾ ഇവയിൽ കയറി പ്രസിദ്ധവംശങ്ങളിൽ ജനിച്ച അനേകം പൌരസ്ത്രീകൾ ഹൃഷ്ടകളായ് നായികയെ ചുഴന്നു പുറപ്പെട്ടു.''
"കല്യാണി, കാമകലികേ, കവികാമധേനോ,
ഗാന്ധര്‍വകൗശലനിധേ, വസതേ കലാനാം,
സർവേശ്വരീത്യപി ച വന്ദിജനൌഘവക്ത്രാ-
ദശ്രൂയതാഗ്രഭുവി വാക്.''
മേൽ കാണിച്ച വിധത്തിൽ വന്ദികൾ കുമാരിയെ പുകഴ്ത്തി.
"അഥാവരുഹ്യ യാദവീ പദൈവ പാദുകാവതീ
ജഗാമ രംഗസമ്മുഖം ഗുണാധികൈർവധൂഗണൈഃ;
അബാധി തേന വർത്മനാ മഹാജനേന ബിഭ്യതാ
ഘനാഭരക്ഷിഹുങ്കൃതിപ്രതോദവേത്രയഷ്ടിതഃ.''
"ഒടുവിൽ കാൽനടയായ് ആ യാദവി (യദുരാജാവിന്റെ പുത്രി) കാലിൽ പാദുകയോടുകൂടി വീഥിവഴി വിവാഹമണ്ഡപത്തിലേക്കു പോയി. രക്ഷിജനങ്ങൾ ഹുങ്കാരം കൊണ്ടും കുതിരച്ചാട്ടകൊണ്ടും ചൂരൽവടി കൊണ്ടും ആ വീഥിയിൽ സന്ദർശകന്മാരുടെ പ്രവാഹത്തെ നിയന്ത്രണം ചെയ്തുകൊണ്ടിരുന്നു." നായികയുടെ രങ്ഗപ്രവേശത്തോടുകൂടി ആറാം സര്‍ഗ്ഗം സമാപിക്കുന്നു.
സ്വയംവരവര്‍ണ്ണനമാണ് ഏഴാം സര്‍ഗ്ഗം. രാജകുമാരിയുടെ ഒരു ധാത്രി രാജലക്ഷ്മിക്കു കീർത്തിയെന്നപോലെ പരിസരത്തെ പ്രാപിച്ചു പല ബ്രാഹ്മണരുടേയും രാജാക്കന്മാരുടേയും അപദാനങ്ങളെ കീർത്തനം ചെയ്യുന്നു.
"വീര്യം തപോ ദേശമപി ദ്വിജാനാം
രാജ്ഞാഞ്ച വിദ്യാഭിജനാദികഞ്ച
ബാലാ പൃഥക് തദ്വദനാന്നിശമ്യ
വ്യാവർത്തിതാസ്യാ വിചചാര രംഗേ”
"ബ്രാഹ്മണരുടെ വീര്യം, തപസ്സ്, ദേശം, രാജാക്കന്മാരുടെ വിദ്യ, കുലം മുതലായ ഗുണങ്ങൾ, ഇവയെല്ലാം ധാത്രിയുടെ മുഖത്തിൽനിന്നു കേട്ട് അവരിൽ അഭിനിവേശം ജനിക്കായ്കയാൽ കുമാരി രങ്ഗത്തിൽ പിന്നെയും മുന്നോട്ടു നടന്നു."
"പര്യൽസുകാ യാ ഗഗനസ്രവന്ത്യാ-
ദീപ്രേണ മാണിക്യ സരോരുഹേണ
സാ രാജഹംസീ കിമുപൈതി തൃപ്തിം
സാമാന്യസൌഗന്ധികകൈരവാദ്യൈഃ?''
"ഭാഗീരഥിയിലെ ഉജ്ജ്വലമായ മാണിക്യപത്മത്തിൽ അഭിനിവേശത്തോടുകൂടിയ രാജഹംസി സാധാരണങ്ങളായ സൌഗന്ധികം, ആമ്പൽ മുതലായ പുഷ്പങ്ങളെക്കൊണ്ടു തൃപ്തിപ്പെടുന്നതല്ലല്ലോ.'' പിന്നീട് ഉൽകൃഷ്ടന്മാരായ പല രംഗസ്ഥന്മാരേയും ചൂണ്ടിക്കാണിച്ചു് അവരുടെ ഗുണഗണങ്ങളെ ധാത്രി വിജ്ഞാപനം ചെയ്തു. ആ വാക്യങ്ങളൊന്നും രുചിക്കാത്ത കന്യക പിന്നെയും മുന്നോട്ടു നടന്നു് ഒരു മഹനീയനായ രാജാവിന്റെ പുരോഭാഗത്തിലെത്തി അതാരെന്നു ചോദിച്ചു.
"തേഷാം ഗുണാൻ കോശബലാദികം വാ
ധാത്രീം നൃപാണാം വിനിവേദയന്തീം
കോസൌ മഹസ്വീതി ശനൈഃപ്രസന്നാ
പപ്രച്ഛ കന്യാന്യതമം നരേന്ദ്രം.
* * * * *
സ്തംഭസ്യ ഹൈമസ്യ തടിൽപ്രഭസ്യ
മൂലേ മൃഗേന്ദ്രാസനസന്നിവിഷ്ടം
തം രാജഹംസം യദുരാജപുത്ര്യൈ
ധാത്രീ തതസ്സാദരമാചചക്ഷേ.
* * * * *
ആകർണയോച്ചൈഃ പ്രവിവൃത്യ കർണൌ
ഭൂപം ഭൂവോ മണ്ഡനഭൂതമേനം;
ആദിത്യധാമ്നോപഘനസ്യ ലീനാ-
വിശ്വേ ഗുണാ നൈവ ദൃശൈവ ദൃശ്യാഃ.
അധ്യാസതേ കേരളഭൂഭൃതോ യാം;
യസ്യാ യഥാർത്ഥൈവ മഹോദയാഖ്യാ
രാമാവനൌ മുഖ്യതമാ പുരി യാ;
താമാവസത്യേഷ ദിവം വൃഷേവ.
മന്യേ സ രാമോപ്യയമേവ രാമ-
വര്‍മ്മാഹ്വയഃ ക്ഷത്രമഹോനിധാനം;
ആജ്ഞാകൃതാമപ്യമിതത്വിഷോസ്യ
ഭൂക്ഷേപവശൈവ പുരന്ദരശ്രീഃ
നിസ്സീമമാഹോദയസത്മനോസ്യ
ദക്ഷോത്തരോദ്ദേശവിസാരി തേജഃ;
നാന്യോത്ര ഹേതുസ്തത ഏതദീയഃ
ഖ്യാതോ ബഹുവ്യാപ്തിതയാന്വവായഃ
ശസ്ത്രാസ്ത്രശാസ്ത്രാതിശയാദശേഷ-
ക്ഷത്രശ്രിയഃ ക്ഷേത്രവദീക്ഷിതസ്യ
യസ്യോചിതൈസ്‍സൃഷ്ടിമുഖൈസ്ത്രപേരൻ
വസ്തക്രിയാ ബ്രഹ്മമുഖാ ജനേഷൂ.
ഉത്സാഹതശ്ശശ്വദുദസ്തശത്രോ-
സ്ത്യാഗാധികത്വാച്ച സമസ്തപാത്രേ
വിശ്വോത്തരം യം കഥയന്തി വീരോ-
ദാരാഖ്യയാരാധ്യമതിം കവീന്ദ്രാഃ.
ന്യക്ഷേണ സംലക്ഷിതലക്ഷണൌഘ-
ലക്ഷ്യഃ ക്ഷമീ രക്ഷിതസംശ്രിതശ്രീഃ
ലക്ഷ്മ്യാസ്സുതഃ പശ്യ സ രാമവർമ്മാ
ലക്ഷ്മീവതോമുഷ്യ തു ഭാഗിനേയഃ.''
മിന്നൽപോലെ തിളങ്ങുന്ന സ്വർണ്ണസ്തംഭത്തിന്റെ സമീപത്തിൽ ഒരു സിംഹാസനത്തിൽ നിഷണ്ണനായ ആ രാജഹംസനെപ്പറ്റിയുള്ള വിവരങ്ങൾ ധാത്രി രാജകുമാരിയെ അറിയിച്ചു. "വത്സേ, ഭൂമിക്കു് അലങ്കാരമായ ഈ രാജാവിന്റെ ഗുണങ്ങൾ ഭവതി ചെവി വിടുര്‍ത്തിത്തന്നെ കേൾക്കേണ്ടതാണു്. മേഘച്ഛന്നനല്ലാത്ത ആദിത്യന്റെ തേജസ്സിൽ ലയിച്ചിരിക്കുന്ന ഗുണങ്ങളെല്ലാം കണ്ണുകൊണ്ടു മാത്രം കാണുവാൻ പാടുള്ളതല്ലല്ലോ. കേരളരാജാക്കന്മാർ യാതൊരു പുരിയെ തങ്ങളുടെ രാജധാനിയാക്കിയിരിക്കുന്നുവോ, യാതൊന്നിനു മഹോദയം എന്ന നാമധേയം അന്വർത്ഥമായിരിക്കുന്നുവോ, ഈ പരശുരാമക്ഷേത്രത്തിൽ യാതൊന്ന് അതിപ്രധാനമായ നഗരമായിരിക്കുന്നുവോ, ആ കൊടുങ്ങല്ലൂരിൽ ഈ രാജാവു സ്വർഗ്ഗലോകത്തിൽ ഇന്ദ്രനെന്നപോലെ വസിക്കുന്നു. ക്ഷാത്രതേജസ്സിനു് ഇരിപ്പിടമായിരിക്കുന്ന ഇദ്ദേഹം സാക്ഷാൽ ശ്രീപരശുരാമനെന്നു തന്നെയാണു് ഞാൻ വിചാരിക്കുന്നത്. ഏറ്റവും പ്രകാശത്തോടുകൂടിയ ഇദ്ദേഹത്തിന്റെ പുരികക്കൊടിയുടെ ചലനംകൊണ്ട് ഏതു രാജാക്കന്മാര്‍ക്കും ദേവേന്ദ്രപദവി ലബ്ധമാകുന്നു. നിസ്തുലമായ മഹോദയപുരത്തെ അധിവസിക്കുന്ന ഈ രാജാവിന്റെ തേജസ്സ് തെക്കും വടക്കും ഉള്ള ദേശങ്ങളിൽ പ്രസരിക്കുന്നു; അതുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിന്റെ വംശത്തിനു "ബഹുവ്യാപ്തി" (പെരുമ്പടപ്പ്) എന്ന പേർ വന്നതു്. ശസ്ത്രാസ്ത്രങ്ങളിലും ശാസ്ത്രങ്ങളിലുമുള്ള ഉൽകൃഷ്ടതകൊണ്ടു സകലക്ഷത്രിയലക്ഷ്മിയുടേയും വിളനിലംപോലെ കാണപ്പെടുന്ന ഇദ്ദേഹത്തിന്റെ ഉചിതങ്ങളായ സൃഷ്ടികൾ കണ്ടു ബ്രഹ്മാദികൾ പോലും ലജ്ജിച്ചു പോകും. ഈ രാജാവിന്റെ ഉത്സാഹവും ത്യാഗവും കൊണ്ടു് കവികൾ ഇദ്ദേഹത്തെ വീരോദാരനെന്നു പ്രശംസിക്കുന്നു. സര്‍വലക്ഷണയുക്തനായും ക്ഷമാവാനായും ആശ്രിതരക്ഷകനായുമുള്ള ലക്ഷ്മീരാജ്ഞിയുടെ പുത്രനായ രാമവർമ്മാവു് ഇദ്ദേഹത്തിന്റെ ഭാഗിനേയനാകുന്നു.'' ഒന്നാമത്തെ രാമവർമ്മാവ് അന്നത്തെ കേരള (കൊച്ചി) രാജാവായ രാമവര്‍മ്മാവും രണ്ടാമത്തെ രാമവമ്മാവു കന്യകയ്ക്കു വരനാകുവാൻ പോകുന്ന യുവാവുമാണെന്നു പറയേണ്ടതില്ലല്ലോ. പിന്നീടു വരന്റെ ഗുണഗണങ്ങളെ ധാത്രി പ്രശംസിക്കുന്നു.
"ആധാവതാനേന ധൃതാസിചര്‍മ്മ-
ഭീമോരുബാഹായുഗളാർഗളേന
ശൂരാ നികൃത്താ ഭുവി ശത്രു വീരാ-
നാശേപ്യശേഷാ ദ്വിഗുണീഭവന്തി.
* * * * *
ശക്തിഃ ക്ഷമാ ശൌര്യവതീ നിസര്‍ഗ്ഗാ;
ജ്ഞാനഞ്ച വാഗ്‌മിത്വദയാനുവിദ്ധം;
അശ്ലാഘിതാസ്തിക്യയുതഞ്ച ദാനം;
ത്രൈഗുണ്യമേകൈകകഗുണേ തതോസ്യ
* * * * *
അജ്ഞാനവൃക്ഷാശനിസന്നിപാതം;
പ്രഖ്യാതിവല്ലീമണികല്പശാഖി;
കസ്യൈഷ പശ്യാദരഭൂര്‍ന്ന ലോകേ
ശസ്ത്രോപജീവിവ്രജചക്രവര്‍ത്തീ?
* * * * *
യാദൃക് സ്ത്രിയോ രൂപമിദം തവാസ്യ
താദൃക് ച പശ്യാമി നൃപസ്യ പുംസഃ;
ജ്യോൽസ്‌നീ യദി ത്വം വിധുരേഷ നൂനം;
ഭാസ്വാനഥോ ചേദ്ഭവതീ ദിനശ്രീഃ
നായമ്മഹാത്മാ കൃതവാൻ വിവാഹ-
മാലോഹിതാക്ഷസ്സുമുഖസ്സുവക്ഷാഃ;
ത്വം കന്യകാ സർവഗുണപ്രകാശാ;
ശ്രീമാനസൌ പഞ്ചകപഞ്ചകായുഃ
ആയുഷ്‌മതോപ്യസ്യ തവാപി വത്സേ,
ദൂരസ്ഥിതിര്‍ന്നാഭിമതാ മമേയം;
ഹൈമസ്യ വാ ചാരുവിഭൂഷണസ്യ
മാണിക്യമുഖ്യസ്യ ച കസ്സമോന്യഃ?"
"വാളും പരിചയും ധരിച്ചു യുദ്ധരങ്‌ഗത്തിൽ പായുന്ന ഇദ്ദേഹത്താൽ വധിക്കപ്പെടുന്ന ശത്രുക്കൾ ദ്വിഗുണീഭവിക്കുന്നു (അവരുടെ ദേഹങ്ങളെ ഇദ്ദേഹം രണ്ടായ് ഖണ്ഡിക്കുന്നു എന്നു താൽപര്യം). ഇദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ ശക്തി ക്ഷമയോടും ശൌര്യത്തോടും യോജിച്ചിരിക്കുന്നു; ജ്ഞാനം വാഗ്മിത്വത്തോടും ദയയോടും ചേര്‍ന്നിരിക്കുന്നു; ദാനം ആത്മശ്ലാഘയുടെ അഭാവത്തോടും ആസ്തിക്യത്തോടും കൂടിയതാണ്; ഇങ്ങനെ ഇദ്ദേഹത്തിന്റെ ഓരോ ഗുണവും മുമ്മൂന്നുഗുണങ്ങളായ് ഭാസിക്കുന്നു. അജ്ഞാനമാകുന്ന വൃക്ഷത്തിന് ഇടിത്തീയും കീർത്തിയാകുന്ന വല്ലിക്കു വിശിഷ്ടമായ കല്പവൃക്ഷവും ആയ ഈ രാജശിഖാമണി ആര്‍ക്കുതന്നെ ആദരത്തിനു സ്ഥാനമായ് ഭവിക്കുന്നില്ല? വത്സേ, ഭവതിയുടെ സ്ത്രീരൂപം എത്ര ലോകോത്തരമോ അത്ര ലോകോത്തരമാകുന്നു ഇദ്ദേഹത്തിന്റെ പുരുഷരൂപം. ഭവതി നിലാവുള്ള രാത്രിയാണെങ്കിൽ ഇദ്ദേഹം ചന്ദ്രനാണു്; ഇദ്ദേഹം ആദിത്യനാണെങ്കിൽ ഭവതി ദിനലക്ഷ്മിയുമാണു്. ഈ മഹാത്മാവു വിവാഹം ചെയ്തിട്ടില്ല. ഭവതി കന്യകയാണു്; ഇദ്ദേഹം ഇരുപത്തഞ്ചുവയസ്സായ യുവാവുമാണു്. നിങ്ങൾ രണ്ടുപേരും ദൂരസ്ഥരായ് (തമ്മിൽ വിവാഹബന്ധത്തിൽ ഏര്‍പ്പെടാതെ) ഇരിക്കുന്നതു് എനിക്ക് അഭിമതമല്ല. സ്വർണ്ണാഭരണത്തിൽ മാണിക്യരത്നം പതി
ച്ചാൽ അതിനു സമമായ് മറ്റെന്താണു് ലോകത്തിലുള്ളത്?" ആ യുവരാജാവിനെ രസിച്ചില്ലെങ്കിൽ പിന്നെയും മുന്നോട്ടു നടക്കാമെന്നു ധാത്രി ചിരിച്ചുകൊണ്ടു പറഞ്ഞപ്പോൾ കുമാരി അനുരാഗപാരവശ്യത്താൽ ലജ്ജാനമ്രമുഖിയായിത്തീര്‍ന്നു. രാമവര്‍മ്മാവ് ഉണ്ണിയാടിയെ പരിഗ്രഹിച്ചു. സ്പർദ്ധകൊണ്ടു പോരിനു നേരിട്ട രാജാക്കന്മാർ തോറ്റോടി. അങ്ങനെ ഏഴാം സർഗ്ഗവും സമ്പൂർണ്ണമാകുന്നു.
നവദമ്പതികളുടെ സംഭോഗവർണനത്തോടുകൂടി എട്ടാം സർഗ്ഗം തുടങ്ങുന്നു. അഞ്ചാറുമാസങ്ങൾ കണ്ടിയൂരിൽത്തന്നെ അവർ കഴിച്ചു കൂട്ടി. പിന്നീടു വര്‍ഷകാലമായി. സംഭോഗവർണനം കവി പിന്നെയും തുടന്നുകൊണ്ടുപോകുന്നു.
"ചലദളകമുദഞ്ചൽസ്വേദമുല്ലോലചില്ലി
പ്രചിതരുചിരകമ്പോത്തുംഗപീനസ്തനാന്തം
ചപലനയനമാവിശ്ചാതുരിമാധുരീകം
നൃപതിഹൃദയമസ്യാ നര്‍മ്മ തന്നിർമ്മമന്ഥ."
എന്നും മറ്റും അനേകം മനോഹരങ്ങളായ പദ്യങ്ങൾ ഈ സർഗ്ഗത്തിലുണ്ട്.
"അഥ ശരദുപനത്യാം സാധു ശൈവാലപുര്യാ-
സ്സപദി നൃപതിപുത്രീ പിത്രനുജ്ഞാവശേന
അഗമദമലമന്യൽ ക്ഷേത്രമീശസ്യ ഭര്‍ത്ത്രാ
കമിതുരുദയപുര്യാം ഖ്യാതിമദ്വാസഭൂതം.''
"അനന്തരം ശരൽകാലമായപ്പോൾ അച്ഛന്റെ അനുമതിയോടു കൂടി രാജപുത്രി ഭർത്താവിന്റെ ജനനസ്ഥലമായ കൊടുങ്ങല്ലൂരിലേക്കു പോയി. അവിടെ കീർത്തിമാന്മാർ വസിക്കുന്ന ഒരു ശിവക്ഷേത്രത്തിൽ (തിരുവഞ്ചിക്കുളത്താകണം) ഭർത്താവിനോടൊപ്പം ചെന്നുചേര്‍ന്നു.
"തസ്‌മിൻ വിസമാപനശ്രീശ്‍ശ്രുതനിധിരവധി-
ശ്‍ശ്രേയസാമൂർജിതാനാം
വിശ്വാധീശേന പത്യാ കില ഭവജലധി-
ശ്രാന്തധീർവിശ്രമായ
പ്രസ്താത്യധ്യാത്മവിദ്യാപരിചയമധുനാ
നിത്യമുക്താ സതീ സാ;
കൃത്യാകൃത്യേ നിയന്താ ക ഇവ ബലജുഷാ-
മീശ്വരേച്ഛാഗതീനാം?'’
ആ ക്ഷേത്രത്തിൽ നിത്യമുക്തയായ ആ ദേവി ഇപ്പോൾ തന്റെ പ്രാണനാഥനോടുകൂടി അധ്യാത്മവിദ്യ പരിചയിക്കുവാൻ തുടങ്ങി കൃത്യാകൃത്യങ്ങളിൽ ഈശ്വരേച്ഛയുടെ ബലവത്തുകളായ ഗതികളെ ആര്‍ക്കു നിയന്ത്രിക്കുവാൻ കഴിയും?" ഈ പ്രസ്താവനയോടു കൂടി എട്ടാം സര്‍ഗ്ഗവും ഗ്രന്ഥവും പരിണതിയെ പ്രാപിക്കുന്നു.
ഞാൻ ഉദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു ദാമോദരച്ചാക്കിയാർ ഒരു വിശിഷ്ടനായ കവിയാണെന്നു സഹൃദയന്മാര്‍ക്കു കാണാവുന്നതാണു്. അദ്ദേഹത്തിന്റെ മണിപ്രവാളചമ്പുവും വളരെ മധുരമാകുന്നു. അദ്ദേഹം കായംകുളത്തു വീരകേരളവര്‍മ്മാവിന്റെയും ഉണ്ണിയാടിയെന്ന നായികയുടേയും സമകാലീനനായിരുന്നു എന്നും "തസ്മിൻ വിസ്‌മാപനശ്രീഃ'' ഇത്യാദി പദ്യത്തിൽനിന്നു വെളിവാകുന്നുണ്ടു്. രഘുവംശത്തിൽ ഇന്ദുമതിയുടേയും നൈഷധീയചരിതത്തിൽ ദമയന്തിയുടേയും മറ്റും സ്വയംവരവര്‍ണ്ണനങ്ങളുമായേ നമുക്കു പരിചയമുള്ളു. ഭാഷയിൽ രാമായണചമ്പുവിലെ സീതാസ്വയംവരം, ഭാരതചമ്പുവിലെ ദ്രൌപദീസ്വയംവരം, നൈഷധചമ്പുവിലെ ദമയന്തീസ്വയംവരം, ഇവയും നാം വായിച്ചിട്ടുണ്ടു്. എന്നാൽ കേരളത്തിലെ ഒരു രാജപുത്രിയുടെ സ്വയംവരത്തെ വിഷയമാക്കി ഒരു കേരളീയകവി തന്നെ രചിച്ചിട്ടുള്ള ഒരു ഉൽകൃഷ്ടസംസ്കൃതകാവ്യം ഉണ്ടെന്നു പോലും കേരളീയര്‍ക്കു് ഇന്നുവരെ ധരിക്കുവാൻ ഇടവന്നിട്ടില്ല. അവരെ പ്രസ്തുതകാവ്യവുമായ് പരിചയപ്പെടുത്തി ഏതാനും ചില പൂര്‍വകാലസ്മരണകളെ ഉദ്ദീപിക്കുന്നതിനാണു് ഞാൻ ഈ ഉപന്യാസദ്വാരാ ഉദ്ദേശിച്ചിട്ടുള്ളത്. എന്റെ ഉദ്ദേശം സഫലമാകുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഗ്രന്ഥകാരന്റെ കാലത്തെപ്പറ്റിക്കൂടി രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. ശിവവിലാസത്തിന്റെ നിമ്മാണകാലത്തു കൊച്ചിരാജാ ക്കന്മാരുടെ രാജധാനി (മഹോദയം) കൊടുങ്ങല്ലൂരാണെന്നു. കാണാവുന്നതാണല്ലോ. അന്നു് ആ രാജ്യത്തിനു പെരുമ്പടപ്പ് എന്നു പേരുണ്ടായിരുന്നു; എങ്കിലും കൊച്ചി എന്നു പേരുണ്ടായിരുന്നതായ് തോന്നുന്നില്ല. പുതുവൈപ്പ് അബ്ദം തുടങ്ങുന്ന ക്രി. പി. ൧൩൪൧-നു മുൻപു പെരുമ്പടപ്പു രാജാക്കന്മാക്കു കൊച്ചിയിൽ പ്രത്യേകം രാജധാനിയുണ്ടായിരുന്നുവോ എന്നു സംശയമാണു്. ൧൩൨൦-ൽ സുറിയാനി ക്രിസ്ത്യാനികൾക്കു താമ്രശാസനം നല്ലിയ വീരരാഘവചക്രവർത്തി പെരുമ്പടപ്പു രാജാവാണെങ്കിലും അദ്ദേഹത്തിന്റെ രാജധാനി കൊടുങ്ങല്ലൂരായിരുന്നു എന്ന് ഊഹിക്കുവാൻ ന്യായമുണ്ട്. കൊച്ചിയെ പെരുമ്പടപ്പു രാജാക്കന്മാരുടെ
രാജധാനി എന്ന നിലയിൽ ഇദംപ്രഥമമായ് വര്‍ണ്ണിക്കുന്ന വിദേശീയ സഞ്ചാരി മാഹ്യുവാൻ എന്ന ചീനത്തുകാരനായ മഹമ്മദീയനാകുന്നു. അദ്ദേഹത്തിന്റെ സഞ്ചാരചരിത്രം ക്രി. പി. ൧൪൦൯-ൽ ആണു് രചിക്കപ്പെട്ടിട്ടുള്ളതു്.
ഉണ്ണുനീലിസന്ദേശത്തിന്റെ നിര്‍മ്മിതി ക്രി. പി ൧൩൭൪- മാണ്ടിടയ്ക്കാണെന്നു ഞാൻ വിജ്ഞാനദീപിക ഒന്നാംഭാഗത്തിൽ സ്ഥാപിച്ചിട്ടുണ്ടു്. ആ സന്ദേശത്തിൽ ചെറുകര കുട്ടത്തിയെ മാത്രമല്ല ഒരു ഉണ്ണിയാടിയേയും സ്മരിക്കുന്നുണ്ടു്.
"ആട്ടം വല്ലും പരിചുമിയലും തോറ്റമാളാം മണക്കീഴു്
പാട്ടും കോലാഹലമഴകെഴും കോലവും കിംപ്രലാപൈഃ?
നാട്ടിൽച്ചൊല്ലേറിന ചെറുകരെത്തങ്ങിനൊരുണ്ണിയാടീം
വീട്ടിൽച്ചെല്ലായ്കിലുമയി സഖേ, കണ്ടുകിട്ടിൻതുണ്ടു്."
അക്കാലത്തു കായംകുളം ഭരിച്ചിരുന്നതു രവിവർമ്മരാജവാണെന്നുള്ളതിനും അതിൽ തന്നെ രേഖയുണ്ടു്. പക്ഷേ ഈ രവിവർമ്മാവു വളരെ വൃദ്ധനായിരുന്നു എന്നും "പല്ലില്ലാഞ്ഞങ്ങഴകു പൊഴിയും പ്രേമവേഗം മുഴുപ്പാൻ കൊള്ളിൻറൂതാനരുണമണിവാതമ്പലം വല്ലഭായാഃ'' എന്നു അവസാനിക്കുന്ന പദ്യത്തിൽ കവിതന്നെ പ്രസ്താവിച്ചിരിക്കുന്നു. അന്നു വീരകേരളൻ ഇളയരാജാവാണെന്നും രവിവമ്മാവിന്റെ മരണാനന്തരം രാജ്യാഭിഷിക്തനായെന്നും സങ്കല്പിക്കാം. അദ്ദേഹത്തിന്റെ ഭാര്യതന്നെയാണ് ചെറുകരക്കുട്ടത്തി എന്നുള്ള രാമൻ നമ്പൂരി അവർകളുടെ അഭിപ്രായത്തോടു ഞാൻ പൂർണമായ് യോജിക്കുന്നു. അവരുടെ വിവാഹമാണു് ദാമോദരച്ചാക്കിയാരുടെ മണിപ്രവാളചമ്പുവിലെ പ്രതിപാദ്യവിഷയം എന്നു മുൻപു പറഞ്ഞുവല്ലോ പിന്നെയും അനേകം വര്‍ഷങ്ങൾ കഴിഞ്ഞാണ് ഉണ്ണിയാടിയുടെ ജനനം. അതുകൊണ്ടു് ഉണ്ണനീലി സന്ദേശത്തിൽ സ്മൃതയായ ഉണ്ണിയാടി ശിവവിലാസത്തിലെ ഉണ്ണിയാടിയിൽ നിന്നു ഭിന്നയാണെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. രണ്ടുപേരും ഒരേ വീട്ടുകാർതന്നെ. ആകെക്കൂടി ക്രി. പി. ൧൪൦൦-നു് ഇടയ്ക്കായിരിക്കും ശിവവിലാസത്തിന്റെ നിമ്മിതി എന്നു തീർച്ചപ്പെടുത്തിയാൽ അതിൽ വലിയ അപാകമുണ്ടാകുമെന്നു തോന്നുന്നില്ല. ഇത്തരത്തിൽ മഹനീയവും ദേശചരിത്രഗന്ധിയുമായ ഒരു കാവ്യം രചിച്ച ദാമോദരച്ചാക്കിയാർ നമ്മുടെ ആദരപൂർവമായ സ്‌മരണത്തിനു് എല്ലാവിധത്തിലും അര്‍ഹനാണെന്നുള്ളതിൽ യാതൊരു പക്ഷാന്തരത്തിനും അവകാശമില്ല.