സഹൃദയന്മാരായ കേരളീയരുടെ ശ്രദ്ധയ്ക്കു സവിശേഷം വിഷയീഭവിക്കേണ്ട മറ്റൊരു സന്ദേശകാവ്യമാകുന്നു ഞാൻ മൂന്നാമതായ് ദിങ്‌മാത്രപ്രദർശനം ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന ചാതകസന്ദേശം. ഭഗസന്ദേശം, ഭ്രമരസന്ദേശം, ഈ കാവ്യങ്ങൾ പോലെതന്നെ ചാതകസന്ദേശവും അച്ചടിപ്പിച്ചിട്ടില്ല. ഈ സന്ദേശത്തിന്റെ ഗണനീയമായ പ്രത്യേകത ഇതിലേ ഇതിവൃത്തം ഏതജ്ജാതീയകങ്ങളായ കൃതികൾക്കു ഒഴിച്ചു കൂടുവാൻ പാടില്ലാത്ത വിപ്രലംഭശൃംഗാരത്തെ ലേശവും സ്പര്‍ശിക്കുന്നില്ല എന്നുള്ളതാകുന്നു. ബ്രിട്ടീഷ്‌മലബാറിൽ തിരുമാന്ധാംകുന്നിന് സമീപം ഏതോ ഒരില്ലത്തു ജീവിച്ചിരുന്ന ഒരു നമ്പൂതിരി കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ടിപ്പുസുൽത്താന്റെ ആക്രമണം നിമിത്തം കേരളത്തിനു നേരിട്ട കലാപകാലത്തിൽ സര്‍വസ്വവും നഷ്ടപെട്ടു അനന്ദശരണനായ്, അത്യന്തം ദീനനായ്, ആശ്രിതപാരിജാതി തിരുവിതാംകൂർ കാത്തികതിരുനാൾ രാമവർമ്മമഹാരാജാവിനോടു ചാതകത്തെ ദൂതനാക്കി ധനാഭ്യർത്ഥന ചെയ്തതാണു് പ്രസ്തുതകാവ്യലെ കഥാവസ്തു. സാക്ഷാൽ "ധര്‍മ്മരാജാവു്" എന്ന പാവനനാമത്തില്‍ ഭാരതവര്‍ഷം മുഴുവൻ പ്രശസ്തനായ്ത്തീര്‍ന്ന കാത്തികതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ധര്‍മ്മപരായണതയേയും ദാനശൌണ്ഡതയേയും കവനം ചെയ്യുന്ന നമ്മുടെ നമ്പൂതിരി ഒരു വിശിഷ്ടകവിയും അദ്ദേഹത്തിന്റെ സന്ദേശം ഒരു വിശിഷ്ടകാവ്യവുമാണെന്നും, പരസ്പരം പ്രണയത്താൽ ബന്ധിക്കപ്പെട്ട നായികയേയും നായകനേയും കൂട്ടുപിടിക്കാതെയും, ... പ്രാതികൂല്യത്തെ ഇടയ്ക്കു നിറുത്താതെയും, കാമദേവന്റെ കടാക്ഷവീക്ഷണം കാംക്ഷിക്കാതെയും, സമഞ്ജസമായ സന്ദേശകാവ്യനിര്‍മ്മാണം സാദ്ധ്യമാണെന്നുള്ളതിനു് ഈ കാവ്യം ഒരു നല്ല ഉദാഹരണമാണെന്നു ഭാവുകന്മാര്‍ക്കു് അനായാസേന ഗ്രഹിക്കാവുന്നതാകുന്നു. അഥവാ "ശൃം... ... സാരേകഃ" എന്ന ആലങ്കാരികവചനമനുസരിച്ചു നോക്കുമ്പോൾ വിപ്രലംഭശൃംഗാരത്തെക്കാൾ ദാനവീരരസത്തിനു സ്ഥായിഭാവവിഷയത്തില്‍ ഒരുതരത്തിലുള്ള അപകർഷവും ഉണ്ടാകുവാൻ മാര്‍ഗ്ഗമില്ലെന്നും പ്രസ്താക്കേണ്ടതില്ലല്ലോ.
കൊല്ലം 949-ൽ ആയിരുന്നു ഹൈദരാലിഖാൺ മലയാളത്തിൽ കടന്നു നെടുവിരിപ്പ് (കോഴിക്കോട്), വള്ളുവനാട്, വെട്ടത്തുനാട്, കോട്ടയം, കടത്തനാട്, കോലത്തുനാടു് ഈ രാജ്യങ്ങൾ മൈസൂരിലേക്കു് അടക്കിയതു്. 958-ൽ ഹൈദർ മരിച്ചു. അദ്ദേഹത്തിന്റെ പുത്രനും മൈസൂർ സാമ്രാജ്യത്തിന്റെ അനന്തരാധിപതിയുമായ ടിപ്പുസുൽത്താനുമായ് ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാകമ്പനി ക്രി. പി. 1784 (കൊല്ലം 959) മാർച്ചു മാസത്തിൽ ചെയ്ത ഉടമ്പടിയിൽ തിരുവിതാംകൂർ മഹാരാജാവിനെയൊഴിച്ചു മലയാളക്കരയിലുള്ള മറ്റു രാജാക്കന്മാരേയും പ്രഭുക്കന്മാരേയും ടിപ്പുവിന്റെ ബന്ധുവര്‍ഗ്ഗത്തിൽ ഉൾപ്പെടുത്തുകയും കുറുങ്ങോട്ടു നായരുടെ നാടുനീക്കി ബാക്കി കേരളത്തിൽ കമ്പനി കൈവശപ്പെടുത്തിയിരുന്ന ദേശങ്ങൾ മുഴുവൻ സുൽത്താന് ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. മദോന്മത്തനായ ടിപ്പുവിനു തന്നിമിത്തം സ്വച്ഛന്ദവിഹാരരംഗങ്ങളായ് പരിണമിച്ച മലബാർ, കൊച്ചി ഈ രാജ്യങ്ങളുടെ അവസ്ഥ ഏറ്റവും ദയനീയമായിത്തീര്‍ന്നു.
തദ്ദേശവാസികളുടെ ആക്രന്ദനങ്ങൾ കൊണ്ടു് ദിക്കുഹരങ്ങൾ മാറ്റൊലിക്കൊണ്ടു. സാമൂതിരിപ്പാട്ടിലെ രാജ്യത്തുനിന്നു മുപ്പതിനായിരം ബ്രാഹ്മണരോളം ഓടിയൊളിച്ചു തിരുവിതാംകൂറിൽ വന്നു രക്ഷപ്പെട്ടു. മറ്റുള്ള രാജ്യങ്ങളിലെ കഥയും ഇതുതന്നെയായിരുന്നു. കൊല്ലം 959-നു ശേഷം സുൽത്താന് അധീനമായ മലയാളത്തിലെ രാജ്യങ്ങളിൽ രാജപുരുഷന്മാർ അക്രമമായ് പണപ്പിരിവു തുടങ്ങുകയും ആ ഭാരം ജനങ്ങൾക്ക് അത്യന്തം ദുസ്സഹമായിത്തീരുകയും ചെയ്തതായ് ചരിത്രകാരന്മാർ ഘോഷിക്കുന്നതിനാൽ 960-നും ടിപ്പുവിന്റെ പ്രതാപകേതു ഇദംപ്രഥമമായ് ഭഗ്നമായ 964 നും ഇടയ്ക്കായിരിക്കണം പ്രസ്തുതസന്ദേശത്തിന്റെ നിര്‍മ്മിതി എന്നനുമാനിക്കുവാൻ ന്യായമുണ്ടു്.
ചാതകസന്ദേശം താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു.
"കശ്ചിൽ കാലേ ബലവതി കലൗ കേരളാർദ്ധേ തുരുഷ്ക്കൈ-
രാക്രാന്തേ തൽകരഹൃതധനോ ഭൂസുരഃ കാതരാത്മാ
നശ്യന്നാനാവിഭവവിധുരം നാവലംബം കുടുംബം
പശ്യൻ ദീനോ ദിനമനുദശാം ശോചനീയാമയാസീൽ.
യാതേഷ്വേവം കതിപയദിനേഷ്വേഷ വഞ്ചിക്ഷിതീശം
യാതഃ പീതാംബരമിവ പുരാ ഭൂതിലോലഃ കുചേലഃ
രാജ്ഞാ തേന സ്വയമഥ ഗിരാ സൽകൃതോ ദൈവഗത്യാ
വ്യാവൃത്തോഭൂദപി ച തമനാമന്ത്ര്യ രോഗദ്വിതീയഃ''
"കലികാലം ശക്തിമത്തായ് കേരളത്തിന്റെ പകുതിഭാഗം മഹമ്മദീയരാൽ ആക്രാന്തമായ അവസരത്തിൽ ഒരു ബ്രാഹ്മണൻ തന്റെ കൈവശമുള്ള ധനം അപഹൃതമായ് സകലവിഭവവും നശിക്കുകനിമിത്തം വിധുരവും നിരവലംബവുമായ കുടുംബത്തെക്കണ്ടു ദുഃഖിച്ചുകൊണ്ടു കാലം കഴിച്ചു; അങ്ങനെ കുറേ ദിവസങ്ങൾ ചെന്നപ്പോൾ അയാൾ പണ്ടു ധനാഗ്രഹത്തോടുകൂടി കുചേലൻ എങ്ങനെ ശ്രീകൃഷ്ണ ഭഗവാനെ പ്രാപിച്ചുവോ അതുപോലെ വഞ്ചിമഹാരാജാവിനെ പ്രാപിച്ചു. ആ മഹാരാജാവ് വാക്കിനാൽ സൽക്കരിക്കുകയുണ്ടായെങ്കിലും ദീനം നിമിത്തം തിരുമേനിയോടു യാത്രയറിയിക്കാതെതന്നെ ആ സാധു തിരിയെ നാട്ടിലേക്കു പോന്നു."
"ഗത്വാ ഭൂയസ്സ്വഭവനമസൗ സജ്വരക്ലാന്തകായോ
ദൈവാധീനം ജഗദിതി മതിം പ്രാപ്യ തൽപ്രീതികാംക്ഷീ
ശ്രീമാന്ധാതൃക്ഷിതിധരവരാധ്യാസിനീം ദേവതാം സ്വാം
ഭക്താഭീഷ്ടാഭ്യധികവരദാം ഭദ്രകാളീം സിഷേവേ.''
ഇല്ലത്തു പോന്നതിന്റെ ശേഷം തന്റെ പരദേവതയായ് തിരുമാന്ധാംകുന്നിലെ ഭദ്രകാളിയെ ഭജിച്ചു. അവിടെവച്ചു തന്റെ ശോച്യാവസ്ഥയെ വഞ്ചിരാജ്യത്തുചെന്നു തിരുമനസ്സറിയിക്കുവാൻ ഉചിതനായ ദൂതനാരുള്ളു എന്നു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ
"നിഷ്ക്രാന്താനാം നിരുപമരുചാം ജീവിതാധീശ്വരാണാം
സ്മൃത്വാ സ്മൃത്വാ സുബഹുലശുചം പ്രാവൃഷേണ്യാംബുദാനഃ
സംപ്രാപ്തായാം ശരദി വിരതാരാവമാരാമമാരാ-
ദധ്യാസിനം കമപി കൃപണം ചാതകം സന്ദദർശ.''
വർഷകാലത്തിൽ തനിക്കു ജീവനം നൽകിയിരുന്ന കാർമേഘങ്ങളുടെ കഥയോര്‍ത്തോര്‍ത്ത് ഏറ്റവും വ്യസനിച്ചുകൊണ്ടു ശരൽകാലത്തിന്റെ ആവിര്‍ഭാവത്തിൽ നിശ്ശബ്ദമായ് അടുത്ത് ഒരു ഉദ്യാനത്തില്‍ തന്നെപ്പോലെതന്നെ കൃപണമായ് സ്ഥിതിചെയ്ത ഒരു ചാതകപക്ഷിയെ കണ്ടിട്ടു സന്തുഷ്ടനായ് "അല്ലയോ സഖാവേ! അങ്ങു വ്യസനിക്കരുതേ (കോര്‍ത്ഥസ്താപൈർബലവതി വിധൌ സ്വീകൃതപ്രാതികൂല്യെ?) ബലവാനായ വിധി പ്രതികൂലനായിരിക്കുമ്പോൾ സന്താപംകൊണ്ടു സുഖമില്ലല്ലോ.'' എന്നു കവി ആ പക്ഷിയെ സമാശ്വസിപ്പിക്കുകയും, “അങ്ങും ഞാനും തുല്യധർമ്മാക്കളാണു് ; എത്ര കഷ്ടപ്പെട്ടാലും മേഘത്തെ വിട്ടു് അങ്ങും വഞ്ചിമഹാരാജാവിനെ വിട്ടു ഞാനും ആരോടും ഒന്നും യാചിക്കുന്നില്ലല്ലോ. അങ്ങു വർഷാര്‍ത്ഥിയാണ്; ഞാനും വഞ്ചിമഹാരാജാവിന്റെ പ്രചുരുണാവർഷത്തെ കാംക്ഷിക്കുന്നവനാണു്; അതുകൊണ്ട് അങ്ങുതന്നെയാണു് എനിക്കു യോജിച്ച സന്ദേശഹരൻ " എന്നു തന്റെ ആശയത്തെ മന്ദംമന്ദം അതു കേൾക്കുമാറ് ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. അനന്തരം ദൂതൻ ചെന്നുചേരേണ്ട സ്ഥലമേതെന്നു നമ്പൂതിരി നിർദ്ദേശിക്കുന്നു.
"ഗന്തവ്യം തേ ഗതിജിതമരുദ്രംഹസഃ സ്നേഹരാശേ!
സ്യാനന്ദൂരം പുരമിഹ പരാഭൂതസൂത്രാമലോകം;
പാദാംഭോജപ്രണമനകൃതാം പാപഹാരീ ജനാനാ-
മാസ്തേ യസ്മിന്നനിശമപരോക്ഷാത്മനാ പദ്മനാഭഃ.
കാരുണ്യാഖ്യം കലുഷമഹിതം യൽകടാക്ഷാംബുവാഹാൽ
സൗ ചാപാൽ ഗളിതമൃതം യേ പിബന്ത്യേകദാപി
തേഷാം ഭാവിന്യപി ന ജനനേ ഹന്ത! ദാഹവ്യഥേയം
സഞ്ജാതാ സ്യാന്നിയതമഥവാ കാ കഥാ ജന്മനോപി?"
"അങ്ങ് അതിവേഗത്തിൽ പോകേണ്ടതു തിരുവനന്തപുരത്തേക്കാണു്. അതു ദേവലോകത്തേക്കൂടി ജയിക്കുന്നു. തന്റെ ഭക്തന്മാരുടെ പാപത്തെ ഹരിക്കുന്ന ഭഗവാൻ ശ്രീപത്മനാഭൻ പ്രത്യക്ഷമായ് വസിച്ചരുളുന്നതു് അവിടെയാണല്ലോ. അവിടുത്തെപ്പുരികമാകുന്ന ഇന്ദ്രചാപത്തോടുകൂടിയ കടാക്ഷമാകുന്ന മേഘത്തിൽനിന്നു നിര്‍ഗളിക്കുന്ന നിര്‍മ്മലമായ കരുണാമൃതം ഏവർ ഒരിക്കലെങ്കിലും പാനം ചെയ്യുന്നുവോ അവര്‍ക്ക് അടുത്ത ജന്മത്തിൽ ഒരിക്കലും ദാഹമുണ്ടാകുന്നതല്ല; അഥവാ ജന്മം തന്നെയില്ലെന്നു വരുമ്പോൾ ദാഹത്തിനു പ്രസക്തിയെന്ത്?" ദാഹമാണല്ലോ ചാതകത്തിന്റെ ദുഃഖഹേതു; അതുകൊണ്ടു തനിക്കു മാത്രമല്ല ദൂതനും ആ യാത്ര ശുഭോദര്‍ക്കമാണെന്നും വേഴാമ്പലിനു വഴിക്കു പിപാസ് ഉണ്ടായാൽ കൊക്കുകൊണ്ടു നാളികേരഫലങ്ങൾ തുളച്ച് അവയിലെ വെള്ളം കുടിക്കാൻ ധാരാളം സൌകര്യമുണ്ടെന്നും കൊച്ചിരാജ്യത്ത് എത്തിയാൽ ദേവാലയാര്‍ച്ചകന്മാരായ അനവധി ബ്രാഹ്മണർ ആ പക്ഷിയെ അനുഗമിക്കുവാൻ ഉണ്ടാകുമെന്നുകൂടി കവി പ്രസ്താവിക്കുന്നു
"ആരുഹ്യാസ്മാദനിലപദവീം ഗച്ഛതോദക്ഷിണാശാം
മാടക്ഷോണീരമണവിഷയം മണ്ഡിതം കുര്‍വതസ്തേ
ആഗച്ഛന്തോനിജനിലയനാദാകുമാരീനിവാസം
ദേവാഗാരാര്‍ച്ചനവിധികൃതോ ദേവലാസ്സ്യുസ്സഹായാഃ".
വള്ളുവനാട്ടിന്റെ തെക്കെ അറ്റത്തുള്ള 'സ്വച്ഛതോയ'യായ നദി കടന്നാൽ അതിന്റെ വയസ്യയായ ഭാരതപ്പുഴയിൽ എത്താം.
"യസ്യാസ്തോയേ യദി സകൃദധോവര്‍ത്തമാനേപി മജ്ജൻ
ഗച്ഛേൽ സ്വര്‍ഗ്ഗം സരഭസമുപര്യപ്യസാവസ്തുപാപഃ;
അംഭശ്ശോഷാദലഘുപുളിനം വല്ലഭസ്യാഭിസാരേ
ബിഭ്രാണാ യാ സ്വയമിവ ഗളന്നീവിരമ്യം നിതംബം.''
"യാതൊന്നിന്റെ അടിയിൽകൂടി ഒഴുകുന്ന വെള്ളത്തിൽ ഒരിക്കൽ മുങ്ങിയാൽപോലും ഒരുവൻ പാപം നശിച്ച് ഉപരിസ്ഥിതമായ സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നു; ആ ഭാരതപ്പുഴ ഇപ്പോൾ വെള്ളം കുറയുന്ന നിമിത്തം വലുതായ പുളിനത്തോടുകൂടി ശോഭിക്കുന്നു; അതു കണ്ടാല്‍ പ്രാണനാഥനായ സമുദ്രരാജാവിനെ അഭിസരിക്കുന്ന ആ നായിക തന്റെ മടിക്കുത്തഴിയുക നിമിത്തം രമണീയമായ നിതംബത്തെ വഹിക്കുന്നതുപോലെ തോന്നും."
പിന്നീടു കവി ചമ്രവട്ടത്ത് അയ്യപ്പനേയും തിരുനാവായിലെ മഹാവിഷ്ണുവിനേയും വര്‍ണ്ണിക്കുന്നു.
"ശാസ്താ യസ്യാം വസതി നിലയേ ശംബരക്രോഡസംജ്ഞ
കുർവന്മധ്യേജലമിവ തപസ്താതദൌർഗത്യശാന്ത്യൈ;
ഇച്ഛന്നച്ഛോദകമിവ തടേ ദുഗ്ദ്ധപാഥോധിവാസീ
നാവാക്ഷേത്രേ നരകവിജയീ വര്‍ത്തതേ ചാപി യസ്യാഃ''
"ആ നദിക്കുള്ളിൽ ശംബരക്രോഡും (ചമ്രവട്ടം) എന്ന ക്ഷേത്രത്തില്‍ ശാസ്താവു വസിക്കുന്നു; ആ ദേവൻ തന്റെ പിതാവായ ശ്രീപരമേശ്വരന്റെ ദാരിദ്ര്യശാന്തിക്കുവേണ്ടി ജലമധ്യത്തിൽ തപസ്സു ചെയ്യുന്നുവോ എന്നു തോന്നും ; അതിന്റെ കരയ്ക്കുള്ള തിരുനാവായമ്പലത്തിൽ മഹാവിഷ്ണുവും വസിക്കുന്നു; പാലാഴിയിൽ താമസിച്ചു മുഷിഞ്ഞ ആ ഭഗവാൻ ശുദ്ധജലത്തെ കാംക്ഷിച്ചുകൊണ്ടായിരിക്കാം അവി എഴുന്നള്ളിയിരിക്കുന്നതു" ദരിദ്രനായ കവിക്കു ദരിദ്രനായ ശിവൻ സ്മരണംവരുന്നതു സ്വാഭാവികമാണല്ലോ.
പിന്നെയും അതിനടുത്തുള്ള ഒരു ശാസ്താവിന്റെ ക്ഷേത്രത്ത സന്ദർശിച്ചതിനു മേൽ ശരംപോലെ തെക്കോട്ടു പോയാൽ ഒടുവിൽ വൃഷഗിരി (തൃശ്ശൂർ) എന്ന രമ്യമായ പ്രദേശത്തിലെത്താം എന്നു ഉപന്യസിച്ചുകൊണ്ടു നമ്പൂതിരി ആ സ്ഥലത്തിന്റെ മഹിമയെ താഴെക്കാണുന്ന വിധത്തിൽ പുകഴ്ത്തുന്നു.
"കൈലാസാദ്രൌ നഹി ഖലു ഹരേസ്സന്നിധി;ര്‍ന്നാപിശംഭോ-
ശ്ശ്വേതദ്വീപേ; ശൃണു നിവസതോ നാമ യസ്മിന്നുഭൌ ച;
ദ്വൈധീഭാവം പരികലയതാമാത്മനോർഭ്രാന്തിഭാജാം
ഭേദാഭാവം സ്ഫുടയിതുമിവ സ്വീകൃതാർദ്ധാകൃതീ ച.
ഹൃത്വാ മഗ്നാൻ കില ജലനിധൌ കേരളാൻ, ഭൂസുരേഭ്യോ
ദത്വാ, താംസ്താനപിച വിവിധാൻ സ്ഥാപയൻ ധര്‍മ്മസേതൂൻ,
ക്ഷേത്രാണ്യന്യാന്യപി ബഹുതരാണ്യത്ര കൃത്വാ, കൃതാർത്ഥോ-
യത്ര ക്ഷത്രാടവിഹുതവഹോ ജാമദഗ്ന്യസ്തിരോഭൂൽ.
യാവദ്യൂയം സ്മരത ഭവതാം താവദേവാഹമാവിർ-
ഭൂതഃ ഖേദം സപദി ശമയാമ്യേവമുക്തേപ്യനേന
തൽഗ്രാമ്യാശ്ചേന്നിപതിതുമധസ്സാഹസം നാകരിഷ്യ-
ന്നാദ്യാസ്മാകം കഥമിവ മഹാന്തോഭവിഷ്യന്നനര്‍ത്ഥാഃ?"
"കൈലാസപർവ്വതത്തിൽ വിഷ്ണുവില്ല; ശ്വേതദ്വീപത്തിൽ ശിവനgമില്ല; തൃശ്ശൂരിലാകട്ടെ ഈ രണ്ടു ദേവന്മാരും വസിക്കുന്നു. തങ്ങൾ രണ്ടാണെന്നു ഭ്രമിക്കുന്നവര്‍ക്കു ഭേദാഭാവത്തെ സ്ഫുടിപ്പിക്കുന്നതിനു വേണ്ടിയോ എന്നു തോന്നുമാറ് അർദ്ധാകൃതിയെ സ്വീകരിച്ചുകൊണ്ടും (ശങ്കരനാരായണമൂർത്തിരൂപത്തിലും) അവർ അവിടെ പരിലസിക്കുന്നു. പണ്ടു സമുദ്രത്തിൽ മഗ്‌നമായിരുന്ന കേരളത്തെ ഉദ്ധരിച്ചു് അതിനെ ബ്രാഹ്മണര്‍ക്കായ് ദാനംചെയ്ത് അനേകം പ്രകാരത്തിലുള്ള ധമ്മസേതുക്കളെ നിര്‍മ്മിച്ച് അവയ്ക്കു പുറമേ വളരെ വളരെ ക്ഷേത്രങ്ങളേയും സ്ഥാപിച്ചു ക്ഷത്രിയകുലാന്തകനായ ശ്രീപരശുരാമൻ അവിടെവച്ചാണല്ലോ തിരോധാനം ചെയ്തതു്. "നിങ്ങൾ എന്നെ സ്മരിക്കുന്ന അവസരത്തിൽ ഞാൻ തൽക്ഷണം പ്രത്യക്ഷീഭവിച്ചു നിങ്ങളുടെ ഖേദത്തെ ശമിപ്പിക്കുന്നുണ്ടു്?' എന്നു് അവിടുന്നു് അരുളിച്ചെയ്തിരിക്കെ ആ ഗ്രാമക്കാർ തങ്ങൾ അധഃപതിക്കുന്നതിനു തക്കവണ്ണമുള്ള സാഹസപ്രവൃത്തികൾ ചെയ്തിരുന്നില്ലെങ്കിൽ ഞങ്ങൾക്കു പ്രബലങ്ങളായ അനർത്ഥങ്ങൾ ഒരു വിധത്തിലും സംഭവിക്കുകയില്ലായിരുന്നു." എന്നു കവി ദീനനായ് ആക്രോശിക്കുന്നു. തൃശ്ശൂർഗ്രാമത്തിലെ നമ്പൂതിരിമാർ വടക്കുന്നാഥൻ ക്ഷേത്രത്തോടും യോഗത്തോടും മറ്റും 'പലകൂട്ടം ഏറ്റങ്ങളും' ചെയ്യുകനിമിത്തം അവരുടെ 'സ്വമ്മും സ്ഥാനമാനങ്ങളും' കൊച്ചിരാജാവു നിറുത്തൽ ചെയ്തതിനേയും സാമൂതിരി കിഴ്‌മര്യാദയ്ക്കു വിരോധമായ് അവിടെ അവരോധിച്ച പാതായിക്കര യോഗാതിരിപ്പാട്ടിലെ രാജ്യഭ്രഷ്ടനാക്കിയതിനേയുംപറ്റി ആ ക്ഷേത്രം വക 938-ാമാണ്ടത്തെ ഗ്രന്ഥവരിയിൽ രേഖപ്പെടുത്തീട്ടുണ്ടു്.
അടുത്ത താവളം പെരുമനമാണു്. 'പുരുവനപതേര്‍മ്മന്ദിരം മന്ദരാഭം' എന്നുതുടങ്ങി അവിടത്തെ ശിവക്ഷേത്രത്തിന്റെ വൈശിഷ്ട്യത്തെ കവി വിസ്തരിക്കുന്നു.
"ഹൈമം താവൽ ഭവനശിഖരം ഹര്‍മ്മ്യനാഥാഹ്വയസ്യ
ജ്വാലാചക്രം നയനദഹനസ്യേവ തത്രോത്ഥിതസ്യ
സിന്ദൂരാഭൈസ്സവിതൃകിരണൈർനൂനമാലിംഗിതത്വാദ്-
ദൂരാദേവ ദ്വിഗുണിതരുചിപ്രോജ്വലം പ്രേക്ഷണീയം.
അത്യുത്തുംഗം ത്രിപുരമഥിതുര്‍ന്നിത്യവാസൈകദേശം
വൃത്രാരാതിപ്രമുഖവിബുധൈസ്സേവ്യമാനം വിശാലം
വക്ത്രണാവേഷ്ടിതമഭിത ഏവാപ്രതർക്യപ്രഭാവം
ക്ഷേത്രം രൂപ്യക്ഷിതിധരമിവ പ്രാപ്യ ഭൂയാഃ കൃതാര്‍ത്ഥഃ
ഗംഗാഗൌര്യോർയുഗപദിവ സംഗാനുഭൂതൈ സദൈവ
ദ്വേധാകുര്‍വൻ കഹചന നിജം ദേഹമൈശ്വര്യശാലീ
സേവാഹേതോരിവ ച കുഹചിൽ സേവകാനാം തഥൈക-
സധാ യത്ര പ്രകടിതതനുവര്‍ത്തതേ ഹ്യഷ്ടമൂർത്തിഃ''
അവിടുത്തെ മാളികത്തേവരുടെ ക്ഷേത്രത്തിന്റെ സ്വണ്ണസ്തൂപി ശ്രീപരമേശ്വരന്റെ നെറ്റിക്കണ്ണിൽ നിന്നുയര്‍ന്ന അഗ്നിയുടെ ജ്വാലാചക്രംപോലെ ശോഭിക്കുന്നുവെന്നും, ആ ക്ഷേത്രം കൈലാസപർവതം പോലെ മഹനീയമാണെന്നും, ഗംഗയ്ക്കും ഗൌരിക്കും അവിരതമായ് ഒരേകാലത്തു സമ്മേളിക്കുന്നതിനും ഭക്തന്മാര്‍ക്കു സേവിക്കുന്നതിനുമായ് ഏകനായ അഷ്ടമൂർത്തി അവിടെ തന്റെ വിഗ്രഹത്തെ മൂന്നായ് പ്രകടി പ്പിക്കുന്നു എന്നുമത്രേ വര്‍ണ്ണനം. ഇതു് ഇരട്ടയപ്പനേയും ഉൾപ്പെടുത്തിയാകുന്നു.
അനന്തരം
"ആവന്ദ്യാഥ ത്രിഭുവനഗുരും താദൃശം പക്ഷതിഭ്യാം
പ്രാകാരാഗ്രേ വിഹിതവസതിര്യാപയന്നധ്വവേദം
ആരാദ്ഗൌരീമഖിലജഗതാമാദിഭൂതാം വസന്തീം
വാമാപാംഗീം വലയനിലയാധീശ്വരീമാശ്രയേഥാഃ''
എന്നു് ഊരകത്തു ഭഗവതിയെ ഭജിക്കുവാൻ ഉപദേശിക്കുന്നു. അതിനപ്പുറം ഇരിങ്ങാലക്കുടയായി.
"ക്ഷേത്രം താവൽ പതഗ! ഭവതഃ പ്രേക്ഷണീയം പുരസ്താൽ
പാത്രം ലക്ഷ്മ്യാഃ പ്രതിഹതവിപൽസംഗമം സംഗമാഖ്യം;
യത്ര സ്ഥിത്വാ കില കലിമലേ മഗ്നമേതൽ സമസ്തം
പ്രത്യുദ്ധൃത്യ ത്രിജഗദവതി പ്രത്യഹം ദൈത്യഹന്താ.
ബ്രഹ്മഘ്നോവാ ബഹുതരരുജാപീഡിതോവാ ശഠോവാ
കൌലീപിന്യാഃ പയസി വിമലേ വാപികായാം നിമജ്ജൻ
സദ്യഃപൂതോ ഭവതി ഹി ജനസ്സര്‍വപങ്കാദ്വിമുക്തോ,
ജംബൂനദ്യാസ്തടഗതമയഃ സ്വർണ്ണതാം യാതി യദ്വൽ"
"കൂടൽമാണിക്കക്ഷേത്രത്തിൽ വസിക്കുന്ന മഹാവിഷ്ണു കലിമലത്തിൽ മഗ്‌നമായ ത്രൈലോക്യത്തെ പ്രത്യദ്ധരിച്ചു പാലിക്കുന്നു. അവിടെയുള്ള കൌലീപിനി എന്ന സരസ്സിൽ ഏതു മഹാപാപി സ്നാനം ചെയ്താലും ഉടൻ ശുദ്ധിയെ പ്രാപിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ജംബൂനദിയുടെ തീരത്തെ പ്രാപിക്കുന്ന ഇരിമ്പു സ്വർണ്ണമായ് പരിണമിക്കുന്നതുപോലെയാണു് ഇതു്.''
"യത്ര ക്ഷുദ്രേതരഗുണനിധേര്‍ന്നാട്യശാലാപദേശാൽ
കീർത്തിസ്തോമോ വസതി നൃപതേർമ്മൂര്‍ത്തിമാനാത്തബന്ധോഃ"
എന്നു കാര്‍ത്തികതിരുനാൾ മഹാരാജാവ് അവിടെ പണിയിച്ച കൂത്തമ്പലത്തേയും കവി സ്‌മരിക്കുന്നു.
പിന്നീടു ദൂതൻ ചെല്ലേണ്ടതു കൊടുങ്ങല്ലൂരാണു്.
"ഉൽപത്യ ദ്യാമുരുതരജവേനാഥഗച്ഛൻ ദയാർദ്രാ-
മാലംബേഥാ നിഖിലജഗതാം മാതരം ശ്രീകുരുംബാം
ധൂമശ്രേണീം യുഗപദുദിതാം ത്ര്യംബകസ്യാംബകാഗ്നേ-
രേകീഭൂതാമിവ ച ദധതീം മേചകാമംഗയഷ്ടിം.
സന്ത്യേവാന്യേ ഹരിഹരഗണേശാദയോ ഭൂതലേസ്മിൻ
ദേവാഃ പ്രീതാ; ദദതി ച ചിരാൽ സേവകാനാം ഹിതാനി;
നൂനം തത്തച്ചരിതസദൃശം യാം വിഹായാദ്യ ദേവീം
സാദ്യോദാതും ഫലമവികലം നൈവ തേ ശക്നുവന്തി."
"ശിവന്റെ നേത്രാഗ്‌നിയിൽനിന്ന് ഒരേ സമയത്തിൽ ഉണ്ടായ ധൂമപടലം ഏകീഭവിച്ചതുപോലെ കറുത്ത ശരീരത്തെ ധരിക്കുന്നു. ദയാർദ്രയായ കുരുംബക്കാവിലെ ഭദ്രകാളി. വിഷ്ണു, ശിവൻ, ഗണപതി മുതലായ ദേവന്മാർ വളരെക്കാലം സേവിച്ചാൽ പ്രീതരായ് ഭക്തന്മാര്‍ക്കു് അഭീഷ്ടദാനം ചെയ്യുന്നു; ഈ ദേവിയേപ്പോലെ അവരവരുടെ ഉപാസനയ്ക്കു തക്കവണ്ണം ഉടനടി ഫലം നൽകുന്നതിനു് അവർക്കു ശക്തിയില്ല.''
അതിനപ്പുറം വഴി സ്വല്പം വളഞ്ഞിട്ടാണെങ്കിലും വേഴാമ്പൽ കിഴക്കോട്ടു പോയ് കാര്‍ത്തികതിരുനാൾ മഹാരാജാവു പണിയിച്ച പ്രസിദ്ധമായ നെടുങ്കോട്ട കാണണമെന്നു കവി അഭ്യർത്ഥിക്കുന്നു.
"ഭ്രാതൃസ്നേഹാദഥ ഗുരുതരം കാര്യഭാരം വഹന്ന-
പ്യാശാം പ്രാചീമനുസര തതോ നേത്രസാഫല്യസിദ്ധ്യൈ;
ന പ്രേക്ഷന്തേ നരവരകൃതം യേ ജനാ ദീർഘദുര്‍ഗ്ഗം
മന്യേ തേഷാം നയനയുഗളം മണ്ഡനാർത്ഥം മുഖസ്യ.
പ്രാപ്തം പ്രായശ്ചരമജലധേഃ കൂലമാ സഹ്യസാനോ-
ര്യൽപ്രത്യഗ്രൈർബഹിരതിഘനം മണ്ഡിതം വംശകാണ്ഡൈഃ
ദ്വാരി പ്രൌഡൈരപി ച സുഭടൈർബദ്ധകക്ഷ്യസ്സനാഥം
രോലും ലോലാമിവ ചിരതരം സംഗതാം രാജലക്ഷ്മീം.
തസ്യോത്തുംഗേ പരിസരഗതേ കേതുദണ്ഡേ നിഷണ്ണഃ
സംസ്പൃഷ്ടാംഗസ്സുരഭികുസുമാമോദിനാ മാരുതേന
വിത്രാന്തസ്സൻ ധവളപടികാമുദ്രിതേ ത്വം മുഹൂർത്തം
മന്ദോഷ്ണേഷു ദ്യുമണികിരണേഷ്വശ്രമം ഗച്ഛ ഭൂയഃ''
നെടുങ്കോട്ട കവി വർണ്ണിക്കുന്നതുപോലെ കിഴക്കു സഹ്യപർതം മുതൽ പടിഞ്ഞാറു സമുദ്രതീരത്തു പള്ളിപ്പുറംവരെ നീണ്ടുകിടന്നിരുന്നു. “പ്രാപ്തം പ്രായശ്ചരമജലധേഃ കൂലം" എന്നു വർണ്ണിച്ചിരിക്കുന്നതിൽ നിന്നു ആദ്യകാലത്തു കുരിയാപ്പള്ളിക്കോട്ടവരെ മാത്രം പണിയിച്ചിരുന്ന അവസരത്തിലായിരിക്കാം നമ്പൂതിരി ആ കോട്ട കണ്ടതെന്നും ഊഹിക്കാം. ടിപ്പു അതിനെ "നിന്ദ്യ"മായ കോട്ടയെന്ന് അധിക്ഷേപിച്ചു എന്നുവരികിലും അതിനു സമീപം ഒളിച്ചിരുന്ന ഇരുപതു തിരുവിതാംകൂർഭടന്മാരാലാണ് ആ യുദ്ധവീരനു പരാജയവും പംഗുത്വവും സിദ്ധമായതു് എന്നുള്ള പരമാര്‍ത്ഥം നാം സ്‌മരിക്കുമ്പോൾ ആ ദുര്‍ഗ്ഗംകൊണ്ടു് അതിന്റെ നിമ്മാതാവിന്റെ ഉദ്ദേശം സാധിച്ചു എന്നുതന്നെ ഗണിക്കാവുന്നതാണു്. നെടുങ്കോട്ട കാണാത്തവരുടെ കണ്ണ മുഖത്തിനു് അലങ്കാരം മാത്രമാണെന്നും, അതിന്റെ പുറവശത്തു പുത്തൻ ഇല്ലികൾ നട്ടുപിടിപ്പിച്ചിരുന്നു എന്നും, വളരെക്കാലംകൊണ്ടു ലഭിച്ച ചഞ്ചലയായ രാജലക്ഷ്മി കൈതെറ്റി വിണ്ടും ഓടിപ്പോകാതെയിരിക്കുവാൻ ദ്വാരംതോറും അവിടെ പ്രൗഢന്മാരായ ഭടന്മാർ ഗാട്ടുനിന്നിരുന്നു എന്നും, അതിനടുത്തു ധ്വജമുണ്ടായിരുന്നു എന്നും, അതിൽ വെളുത്ത കൊടിക്കൂറ പാറിയിരുന്നു എന്നും നാം കവിവാക്യത്തിൽനിന്നു ഗ്രഹിക്കുന്നു.
പിന്നീടു ദൂതൻ പെരിയാർ കടക്കണം.
"ദൂരാത്താവന്നയനപദവീം നൂനമാപത്സ്യതേ തേ
വീചീജാലാഹതിഭിരുഭയം കൂലയോഃ പാതയന്തി,
ഗംഗേവാന്യാ ശിരസി സുചിരം ശങ്കരേണോഹ്യമാനാ,
ചൂര്‍ണ്ണീ, സിഡോഃ പ്രഥമദയിതാ, സോദരീ താമ്രവര്‍ണ്ണ്യാഃ
കാളാംഭോദോജ്ജ്വലതരരുചിസ്സേവിതാ ദേവതാഭിർ-
ദ്ദിക്ഷു ഖ്യാതാ ദശസു ഭജതാം ഭൂതിദാനൈകദക്ഷാ
ഘോരാകാരാ ഗുരുതരരവാ ഭദ്രകാളീവ സാക്ഷാൽ
കുർവ്വാണോർവ്വീം വിഗതകലുഷാം യാ ഗിരീശാദ്ബഭൂവ.
ആസന്നായാമഹരവസിതാവന്തരാതങ്കഭാജാം
കൂലോദ്ദേശേ കളകളുവതീം കൂജിതേന ദ്വിജാനാം
നൗകാദണ്ഡപ്രഫതിശകലീഭൂതഫേനാമഥൈനാം
തീർത്ത്വാ ദേശം പ്രവിശ ച ജയന്താഭിധം മംഗലാഖ്യം."
പെരിയാറിനെ കവി ആദ്യത്തെ ശ്ലോകത്തിൽ തിരമാലകളടിച്ച് ഇരുകരകളേയും പതിപ്പിക്കുന്നതായും മറ്റൊരു ഗംഗയെന്നപോലെ ശങ്കരനാൽ വഹിക്കപ്പെടുന്നതായും (വിവാഹം കഴിക്കപ്പെടുക എന്നും) സമുദ്രത്തിന്റെ പ്രധാനപത്നിയായും താമ്രവര്‍ണ്ണിയുടെ സഹോദരിയായും വര്‍ണ്ണിക്കുന്നു. ശ്രീപരമേശ്വരന്റെ ക്ഷേത്രം ആലുവായിൽ നദീമധ്യത്തിലുള്ളതുകൊണ്ടാണ് 'ശങ്കരേണോഹ്യമാനാ' എന്ന വിശേഷണം കവി പ്രയോഗിക്കുവാൻ ഇടവന്നതു്. രണ്ടാമത്തെ ശ്ലോകം അത്യന്തം
ഹൃദയംഗമമാകുന്നു. കാർമേഘത്തിനൊത്ത നിറത്തോടുകൂടിയതും, ദേവതകളാൽ സേവിക്കപ്പെടുന്നതും, പത്തുദിക്കുകളിലും ഖ്യാതി സമ്പാദിച്ചതും, തന്നെ ഭജിക്കുന്നവര്‍ക്കു ഐശ്വര്യത്തെ പ്രദാനം ചെയ്യുവാൻ സന്നദ്ധതയുള്ളതും, ഘോരമായ രൂപമുള്ളതും, വലിയ ശബ്ദത്തെ ഉണ്ടാക്കുന്നതും, ഭൂമിയെ മലമില്ലാതെയാക്കുന്നതുമായ ഈ പുഴ, സാക്ഷാൽ ഭദ്രകാളിയെന്നപോലെ ഗിരീശനിൽനിന്നു (സഹ്യപർവ്വതത്തിൽ നിന്നെന്നും ശ്രീപരമേശ്വരനിൽ നിന്നെന്നും അര്‍ത്ഥം) ജനിച്ചതാണു്. ഈ ഉപമാനം കവി എത്ര ഔചിത്യത്തോടും ദീർഘദൃഷ്ടിയോടുംകൂടി ചെയ്തതാണന്നുള്ളത് അനന്തരകാലത്തിൽ (കൊല്ലം 965-ൽ) ക്രോധാവിഷ്ടനായ ടിപ്പുസുൽത്താൻ തന്റെ പീരങ്കികളേയും അശ്വങ്ങളേയും കൊണ്ടു് ഇടവപ്പാതിയോടടുത്തുണ്ടായ ജലപ്രവാഹം നിമിത്തം കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്ന ഈ നദിയെ തരണം ചെയ്യുന്നതു ദുസ്സാധമാണെന്നു കരുതി തിരിച്ചുപോയ- കേരളം ആകമാനം സാഭിമാനം, സരോമാഞ്ചം, സ്മരിക്കുന്ന-ആ ചരിത്രസംഭവത്തിൽനിന്നു വിശദമാകുന്നു. സായാഹ്നം സമീപിക്കുമ്പോൾ കരകളിൽ പക്ഷികൾ കൂജനം ചെയ്യുന്നതും കഴുക്കോലുകളുടെ പ്രഹരമേറ്റു നുരകൾ ശകലിതങ്ങളാകുന്നതുമായ ആ നദി കടന്നു ചേന്നമംഗലത്തേക്കു പോകുവാൻ കവി ചാതകത്തെ ഉപദേശിക്കുന്നു.
"ആസ്തേ വഞ്ചിക്ഷിതിപതിവരാദാത്മനാ നന്വഭിന്നോ
യസ്മിൻ മാടക്ഷിതിഭൃദധുനാ ദേഹമാത്രേണ ഭിന്നഃ;
ഏതൽപ്രീതിപ്രസരവിഷയേ വീതനിശ്ശേഷദോഷേ
വിശ്വക്ഷോണീഭരണനിപുണേ മന്ത്രിണി ന്യസ്തഭാരഃ''
ചേന്നമംഗലത്തായിരുന്നു അക്കാലത്തു തിരുവിതാംകൂർ മഹാരാജാവിൽനിന്നു ദേഹംകൊണ്ടുമാത്രം ഭിന്നനും ആത്മാവുകൊണ്ടു് അഭിന്നനുമായ കൊച്ചി മഹാരാജാവു് അവർ രണ്ടുപേര്‍ക്കും പ്രീതിഭാജനവും, ഗുണശാലിയും, രാജ്യഭരണനിപുണനുമായ മന്ത്രി പാലിയത്തുകോമി അച്ചനിൽ സകലഭാരത്തേയും നിക്ഷേപിച്ചുംവച്ചു താമസിച്ചിരുന്നതു്. ആ രാജാവു കൊല്ലം 951 മുതൽ 965 വരെ കൊച്ചിരാജ്യം ഭരിച്ച രാമവര്‍മ്മതമ്പുരാനായിരുന്നു.
അനന്തരം നദികടന്നു രാമസ്വാമിക്ഷേത്രം അതിലംഘിച്ചു ബ്രാഹ്മണരുടെ നഗരത്തേയും കടന്ന്, 'യഥാര്‍ത്ഥാഭിധ'യായ പൂണ്ണത്രയീ (തൃപ്പൂണിത്തുറ) നഗരിയിൽ ചെന്നു ദൂതൻ ചരിതാർത്ഥനാകണമെന്നു നമ്പൂതിരി പറയുന്നു.
"ഉല്ലംഘ്യൈനാം തദനു സരിതഞ്ചാപി സന്തീര്യ കാഞ്ചി-
ച്ഛ്രീപൂര്‍വന്തം പ്രഥിതമവനൌ രാമഭദ്രാലയഞ്ച
പശ്ചാൽകൃത്യ ദ്വിജവരപുരഞ്ചാപി ഭൂയോവതീർണഃ
പൂർണത്ര്യയ്യാം പുരി ഭവ യഥാർത്ഥാഭിധായാം കൃതാത്ഥഃ
പ്രാകാരേണ പ്രതിനവതരണാഭിതോവേഷ്ടിതായാ-
മത്യുത്തുംഗൈരപിച മഹിതൈർഗ്ഗോപുരൈശ്ശോഭിതായാം
ഭൂതിം ദാതും ഭൂവി വിനമതാം ഭൂരികാരുണ്യഭാരാ-
ദാസ്തേ യസ്യാമഖിലജഗതാമാദികന്ദോ മുകന്ദഃ
നത്വാ ദേവം നളിനനയനം ഭോഗിഭോഗാസനസ്ഥം
ദൃഷ്ട്വാ ചൈതൽപുരപരിസരേ രാജിതാം രാജധാനീം
വിസ്തീർണ്ണാം തദ്വിപണിസരണിം വിത്തപൂര്‍ണ്ണാം പ്രയാതോ
മാർഗ്ഗത്രാന്തിം വ്യപനയ മനാങ്മദ്ദശാന്ത്വം വിചിന്ത്യ."
"തൃപ്പൂണിത്തുറ പുത്തനായ കോട്ടയാൽ ചൂഴപ്പെട്ടതും ഉന്നതങ്ങളായ ഗോപുരങ്ങളെക്കൊണ്ടു ശോഭിക്കുന്നതുമാണ്; അവിടെ ഭക്തന്മാര്‍ക്കും ഐശ്വര്യദാനത്തിനുവേണ്ടി പരമകാരുണികനും സകലജഗത്തുകളുടേയും മൂലകന്ദവുമായ ഭഗവാൻ ശ്രീനാരായണൻ സന്നിധാനം ചെയ്യുന്നു. അനന്തന്റെ ഫണങ്ങളിൽ ആസീനനായ മഹാവിഷ്ണുവിനെ നമസ്കരിക്കുകയും ആ പുരത്തിന്റെ പരിസരത്തിലുള്ള രാജധാനിയേയും വിശാലവും വിത്തപൂര്‍ണ്ണവുമായ അങ്ങാടിയേയും സന്ദർശിക്കുകയും ചെയ്തതിന്റെശേഷം കുറഞ്ഞാന്ന് എന്റെ അവസ്ഥയെക്കൂടി വിചാരിച്ചുകൊണ്ടു നീ വിശ്രമിക്കുക.''
പിന്നീടു സന്ദേശഹരനോടു വൈക്കത്തു ചെല്ലുവാൻ കവി പ്രാര്‍ത്ഥിക്കുന്നു.
"ലക്ഷീകുര്‍വൻ ദിശമഥ ദൃശാർദ്ദക്ഷിണാമേവ ഗച്ഛൻ
ദൃഷ്ട്വാ താംസ്താൻ പഥി സകുതുകം നേത്രരമ്യാൻ പ്രദേശാൻ
പ്രാഗ്ഭാഗേ തു പ്രതിനവശിലാസഞ്ചയേന പ്രക്ഌപ്തം
വ്യാഘ്രാഗാരം വിശ പശുപതിവര്‍ത്തതേ യത്ര നിത്യം
ഏതൽ പാദപ്രണതികിണബദ്ധാങ്കരാജൽപ്രതീകാ-
നിശ്ശേഷാഘപ്രശമനകരം നാമ തസ്യ ബ്രുവാണാഃ
വിശ്വേ ഹന്ത! വ്യപഗതരുജോ യത്ര സംവഌത്തമാനാ-
ദേഹേ ഗേഹേപ്യനിശമധികം ഭൂതിമന്തോ ജനൗഘാഃ
സാപത്യാനാം സഹ ച ജരഠൈസ്സർവ്വതോദിഗ്വിഭാഗാ-
ദായാതാനാമനുദിനമസൗ ഭുക്തിമാത്രോത്സുകാനാം
അധ്യാസീനോ വദനജനുഷാമഗ്രമദ്യാപി ചിത്രം
ഗൂഢാകാരഃ കില കലയതേ യത്ര ഭുക്തിം കപാലീ."
"ഈ വ്യാഘ്രാഗാരത്തിലെ ശ്രീപരമേശ്വരനെ തൊഴുതു് അംഗത്തിൽ നമസ്കാരമുദ്രയോടുകൂടിയും, സകലപാപങ്ങളേയും ശമിപ്പിക്കുന്ന ആ ഭഗവാന്റെ നാമത്തെ ഉച്ചരിച്ചുകൊണ്ടും, രോഗങ്ങൾമാറി ജനങ്ങൾ ദേഹത്തിലും (ഭസ്മം) ഗേഹത്തിലും (ഐശ്വര്യം) ഭൂതിമാന്മാരായ് അവിടെ വസിക്കുന്നു. കുഞ്ഞുങ്ങളോടും കിഴവന്മാരോടും എല്ലാ ദിഗ്വിഭാഗങ്ങളിൽനിന്നും ഭോജനം മാത്രം ആശിച്ച് അവിടെ വന്നുചേരുന്ന ബ്രാഹ്മണരുടെ അഗ്രസ്ഥാനത്തിൽ സാക്ഷാൽ കപാലപാണിയായ ശ്രീപരമേശ്വരൻ ഗൂഢവേഷത്തിൽ ഭുക്തിചെയ്യുന്നുപോലും."
അതിനു് അപ്പുറം കവി ചുവടെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ വേമ്പനാട്ടു കായലിനെ വര്‍ണ്ണിക്കുന്നു.
"കൃത്വാ തസ്യ പ്രണതിമചിരാൽ പ്രസ്ഥിതസ്യാഗ്രതസ്തേ
ഭ്രഷ്ടവ്യസ്സ്യാന്നനു ജലമയഃ കോപി ദേശോവിശാലഃ
നേൗസംഘാനാമവിരതസമാസ് ഫാലനൈർജ്ജരോര്‍മ്മി-
ര്യൽസംബന്ധീ ചരമജലധിഌന്നായകോവാഹിനീനാം
പക്ഷദ്വന്ദേ ശ്രമവതി ന തല്ലങ്ഘനായോദ്യതസ്സ്യാഃ;
സഹ്യത്യന്തക്ഷുഭിതമകരാദ്യുഗ്രയാദഃകദംബഃ
നാവഃ കസ്യാശ്ചന വിധിവശാല്ലബ്ധവാംശ്ചേദ്ധ്വജാഗ്രം
സന്താപാബ്ധേരപിച സുലഭാം വിദ്ധി നഃ പാരഭൂമിം''
"വൈക്കത്തപ്പനെ തൊഴുതുകൊണ്ടു പുറപ്പെടുന്ന നീ മുൻപിൽ വിസ്തീർണവും ജലമയവുമായ ഒരു പ്രദേശം കാണും. വഞ്ചികളുടെ നിരന്തരമായുള്ള സമാസ്‌ഫാലനംകൊണ്ടു നുറുങ്ങുന്ന തിരകളോടുകൂടിയതാണു് അവിടത്തെ കായൽ. വാഹിനികളുടെ നായകനായ പശ്ചിമസമുദ്രം അതിന്റെ സംബന്ധിയാണു്. ചിറകുകൾക്കു ആയാസം തോന്നുന്നുവെങ്കിൽ ആ കായൽ നീ പറന്നു കടക്കുവാൻ ഉദ്യമിക്കരുതു്. എന്തെന്നാൽ അതു് ഏറ്റവും ക്ഷുഭിതങ്ങളായ മകരമത്സ്യം തുടങ്ങിയ ജലജന്തുക്കളോടുകൂടിയതാണ്. വല്ല വഞ്ചിയുടേയും പാമരത്തിന്റെ മുകളിൽ കയറുവാൻ തരം കിട്ടിയാൽ (അതിന്റെയും) എന്റെ സന്താപസമുദ്രത്തിന്റെയും മറുകര ലബ്ധമാകും." പിന്നീടു കവി ചേർത്തല (കരപ്പുറം) യുടെ സ്ഥിതി താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ കീർത്തനം ചെയ്യുന്നു.
"പാരേ തസ്യ പ്രചുരകദളീപാളിഭിശ്ശോഭമാനോ
ഭൂതിസ്ഥാനം ഭുജഗലതികാനദ്ധകേരദ്രുമൌഘഃ
സ്നിഗ്ദ്ധജ്യോൽസ്നാധവളസികതാസഞ്ചയൈരഞ്ചിതസ്തേ
ഗച്ഛത്യദ്ധാ നയനവിഷയം ഗർഭഭാഗഃ പയോധേഃ
കേചിൽ ഗീതിഷ്വധികനിപുണാഃ കേപി ശാസ്ത്രപ്രവീണാഃ
കേചിൽ കാര്യെഷ്വപിച കുശലാഃ കേപി സർവ്വം ദധാനാഃ;
സര്‍വെപ്യുര്‍വീശ്വരകരുണയാ ലബ്ധവന്തോ വിഭൂതിം
ഗുർവ്വീം കുര്‍വന്ത്യയി സുകൃതിനഃ ക്ഷത്രിയാ യത്ര വാസം.
പേയം ഹന്ത! പ്രകൃതിമധുരം നാളികേരാംബു നൄണാ-
മാഹാരശ്ചാപ്യഭിമതതരസ്സൈകതേ സ്വൈരചാരഃ;
തത്രസ്ഥാനാം സുഖവിഹതയേ കിഞ്ചിദേവേതി മന്യേ
പാദദ്വന്ദേ ഭവതി ഗണിതൈര്യദ്ദിനൈഃ ശ്ലീപദാങ്കഃ!''
ധാരാളം വാഴകളോടും വെറ്റിലക്കൊടി ചുററിപ്പിണയുന്ന തെങ്ങുകളോടും പൂനിലാവുപോലെ വെളുത്ത മണൽപ്പരപ്പോടുംകൂടി ശോഭിക്കുന്ന ഐശ്വര്യാവാസമായ ആ സമുദ്രത്തിന്റെ ഗർഭഭാഗം (ചേര്‍ത്തല) അങ്ങയുടെ ദൃഷ്ടിക്കു സ്പഷ്ടമായ് വിഷയീഭവിക്കും. അവിടെ കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ കാരുണ്യത്താൽ ലഭിച്ച മഹത്തായ ഐശ്വര്യത്തോടുകൂടി സുകൃതികളായ പല ക്ഷത്രിയന്മാരും (തമ്പാൻ, തിരുമുൽപാടു് ഈ രണ്ടുവര്‍ഗ്ഗങ്ങളിൽ പെട്ടവർ ) താമസിക്കുന്നുണ്ടു്. അവരിൽ ചിലർ ഗാനനിപുണന്മാരും മറ്റു ചിലർ ശാസ്ത്രപണ്ഡിതന്മാരും വേറെ ചിലർ കാര്യകുശലന്മാരും ഇനിയും ചിലർ എല്ലാത്തിനും കൊള്ളാവുന്നവരുമാകുന്നു. ആ ചേര്‍ത്തലയിൽ പ്രകൃതിമധുരമായ കരിക്കിൻവെള്ളം കുടിക്കാം; ആഹാരം ഇഷ്ടംപോലെ കിട്ടും; മണലത്തു യഥേച്ഛം സഞ്ചരിക്കുകയും ചെയ്യാം. ഇത്രയും സുഖമനുഭവിക്കുന്ന ആ സ്ഥലത്തുകാര്‍ക്കു ദുഃഖപ്രദമായ് ഒന്നുമാത്രമുണ്ട്; അതായതു പരിമിതങ്ങളായ ഏതാനും ദിനങ്ങൾകൊണ്ടു് അവരുടെ രണ്ടു കാലുകളിലും (ശ്ലീപദം) മന്തുണ്ടാകുന്നു എന്നുള്ളതുതന്നെ." കരപ്പുറത്തു കാര്‍ത്തികതിരുനാൾ മഹാരാജാവു തന്റെ സേവകന്മാരായ അനേകം തമ്പാന്മാരേയും തിരുമുൽപാടന്മാരേയും കുടിയിരുത്തി അവര്‍ക്കു ധാരാളം വസ്തുവകകളും മറ്റും ദാനം ചെയ്തു എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ.
ചണ്ഡികയെ തൊഴുതതിനുമേൽ അവിടെനിന്നു തെക്കോട്ടുപോയാൽ കരപ്പുറത്തുതന്നെ ഒരു പ്രസിദ്ധനായ വൈദ്യന്റെ ഭവനമുണ്ടെന്നു കവി പറയുന്നു. അതു മരുത്തോർവട്ടത്താണു്.
"ഗത്വാ തസ്മിൻ ഗതമലമയം ചണ്ഡികാധാമയുഗ്മം
നത്വാ ചൈതച്ചരണകമലം പ്രാപ്യ ചാസ്യാഃ പ്രസാദം
വിശ്വാതങ്കപ്രശമനകരം വിദ്രുതം യാഹി ഭൂയോ-
വൈദ്യാഗാരം; വസതി നനു ധന്വന്തരിര്‍യ്യത്ര ദേവഃ
പാത്രീഭൂതഃ ക്ഷിതിപതിമുദാം ദത്തയാ തേന ഭൂത്യാ
വിശഷാമപകൃതിവിധിം ഹന്ത! കുർവ്വൻ നിതാന്തം
സന്യസ്താത്മാ ഭഗവതി ഹരൌ തൽപ്രസാദൈകകാംക്ഷീ
പ്രൌഢോ യസ്മിൻ വസതി ഭിഷജാം പുംഗവസ്തുംഗകീർത്തിഃ''
എന്നു് അദ്ദേഹം സ്തുതിക്കുന്ന ധന്വന്തരിദാസനും കാർത്തികതിരുനാൾ മഹാരാജാവിന്റെ പ്രത്യേകപ്രീതിക്കു പാത്രീഭൂതനും സമ്പന്നനും വിഷ്ണുഭക്തനുമായ വൈദ്യപുംഗവൻ ചീരട്ടമൺ മൂസ്സതാണു്. സന്ദേശകാലത്തിനു പിന്നീട്, അതായതു് ൯൭൮-ൽ ആണ് ആ കുടുംബക്കാർ മരുത്തോർവട്ടം വിട്ടു കോട്ടയത്ത് ഒളശ്ശയിൽ താമസം മാറ്റിയതു്. മഹാരാജാവുതിരുമനസ്സിലെ ദാനതൽപരതയെ കവി പദേ പദേ പ്രശംസിക്കുന്നതു സാഭിപ്രായമാണെന്നു പറയേണ്ടതില്ലല്ലോ.
"പ്രോല്ലംഘ്യാന്യം പ്രഥമവദഥ പ്രോന്നതം ദീർഘദുർഗ്ഗം
കല്യക്രൊഡാഹ്വയമപി മഹദ്ധാമ കാമാന്തകസ്യ
യായാ ഭൂയസ്ത്രിദശതടിനീമന്ദിരം യത്ര സാക്ഷാ-
ന്മേഘശ്യാമോ വസതി ഭഗവാൻ ബാലഗോപാലമൂര്‍ത്തിഃ
സെവ്യോ ദേവസ്സകലജഗതാം നായകോ ദേവകീഭൂ-
വാസാഗാരം സുവിമലമതിസ്വാദു ഭോജ്യം പയോന്നം
വിദ്യാവദ്ഭിര്‍വിമലമതിഭിര്‍മ്മാനുഷൈശ്ചാനുവാരം
സ്വൈരാലാപസ്സുകൃതിസുലഭം വിദ്ധി യസ്മിൻ നിവാസം
കൃത്വാ മോദം ജഗതി വിദുഷാം വിത്തദാനൈര്‍ന്നികാമം
രാജ്ഞാ യത്ര പ്രഥമമുഷിതം ദേവനാരായണേന;
സ്വര്‍ഗ്ഗാദുർവ്യാം സുകൃതവിഗമേ നിസ്സഹായൈഃ പതദ്ഭി-
ദ്ദേഹിവ്രാതൈവശമധുനാ തുല്യഭാവം ഗതേന."
"ആദ്യം കടന്നതുപോലെ വീണ്ടും ഒരു നെടുങ്കോട്ട (ചെമ്പകശ്ശേരിവാട)യും കളർകോട്ടു ശിവക്ഷേത്രവും കടന്നു കാർവണ്ണനായ ഭഗവാൻ ബാലഗോപാലമൂര്‍ത്തി വസിക്കുന്ന അമ്പലപ്പുഴയ്ക്കു പോകുക. അവിടെ സകലജഗത്തുകൾക്കും നാഥനായ ദേവകീനന്ദനനെ സേവചെയ്യാം; വിമലമായ ഗൃഹത്തിൽ താമസിക്കാം; അതിമധുരമായ പാൽപായസം ഭുജിക്കാം; വിദ്വാന്മാരും നിഷ്ക്കല്‌മഷന്മാരുമായ ജനങ്ങളുമായ് നിത്യം സ്വൈരസല്ലാപം ചെയ്യാം; അവിടത്തെ വാസം എല്ലാംകൊണ്ടും സുകൃതിസുലഭംതന്നെ എന്നു നീ ധരിക്കുക. പണ്ടു ധാരാളമായുള്ള വിത്തദാനത്തെക്കൊണ്ടു വിദ്വാന്മാര്‍ക്കു സന്തോഷം ജനിപ്പിച്ചിരുന്ന (ദേവനാരായണൻ) ചെമ്പകശ്ശേരി രാജാവ് ഇവിടെയത്രേ താമസിച്ചിരുന്നതു്. ഇപ്പൊഴോ അദ്ദേഹം സുകൃതക്ഷയത്തിൽ സ്വർഗ്ഗംവിട്ടു ഭൂമിയിൽ അശരണരായി പതിക്കുന്ന ദേഹികൾക്കു തുല്യനായ്ത്തീർന്നിരിക്കുന്നു.'' അദ്ദേഹം സന്ദേശകാലത്തിലും അത്യന്തം ശോചനീയമായ നിലയിൽ ജീവിച്ചിരുന്നു എന്നു ഈ കവിവാക്യത്തിൽനിന്നു വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ആശ്രിതന്മാരായിരുന്ന ചില പണ്ഡിതന്മാരുടെ കുടുംബങ്ങൾ അന്നും അവിടെ താമസിച്ചിരുന്നിരിക്കാം.
"പ്രത്യുഷേഥ പ്രകടിതഗതിഃ പ്രേക്ഷിതസ്സപ്രമോദം
സ്നാനാർദ്രാഭിഃ കരധൃതപയഃപാത്രികാഭിർവ്വധൂഭിഃ
സദ്യഃ പ്രാച്യക്ഷിതിപതിയശോഹേതുമുല്ലംഘ്യ സേതും
തസ്യാദൂരേ വിഹിതവസതിം സ്കന്ദമാവന്ദ്യ ഗച്ഛേഃ".
കുളികഴിഞ്ഞ് ഈറൻമാറാതെ കൈയിൽ പാൽപാത്രവുമായ് കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നും സ്ത്രീകൾ ചെന്നിരുന്നു എന്നു ഈ ശ്ലോകത്തിൽനിന്നു കാണാം. മുൻപുള്ള രാജാക്കന്മാരുടെ യശോഹേതുവായ സേതു തോട്ടപ്പള്ളിച്ചിറയും അതിനപ്പുറമുള്ള സ്തന്ദവസതി ഹരിപ്പാട്ടു ക്ഷേത്രവുമാണെന്നു പറയേണ്ടതില്ലല്ലോ."
അനന്തരം കവി കായംകുളത്തേയും കൃഷ്ണപുരത്തേയും വര്‍ണ്ണിക്കുന്നു.
"മദ്ധ്യേമാർഗ്ഗം തദനു മഹതീം പ്രാപ്യ വാണിജ്യശാലാം
ലീലാലോലൈര്‍മ്മുഹുരനുഗതശ്ചോന്മുഖൈർബാലകൌഘൈഃ
ഗായന്തീനാം നരവരയശോ ഗേഹകൃത്യോദ്യതാനാം
പണ്യസ്ത്രീണാം പഥി പഥി സമാകർണ്യ ഗീതം പ്രയാഹി
രാജൽസൌധം പരമസുലഭാലോകമസ്മദ്വിധാനാം
രാജാവാസം തദനു പുരതഃ പശ്യകൃഷ്ണാലയാഖ്യം
തദ്വൈചിത്ര്യൈരപഹൃതമനാ മാവിളംബസ്വ ഗന്തും;
സന്തവാന്യാന്യപി ച ശതശസ്തൽപരം താദൃശാനി"
"കായംകുളം ഒരു വാണിജ്യശാലയാകുന്നു; അവിടെ ലീലാലോലന്മാരായ ബാലന്മാർ ഉന്മുഖന്മാരായ് നിന്നെ അനുഗമിക്കും. ഗൃഹകൃത്യങ്ങളിൽ വ്യാപ്യതകളായ പണ്യസ്ത്രീകൾ കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ കീർത്തി ഗാനം ചെയ്യുന്നതു വഴിനീളെ കേട്ടുകൊണ്ടു മുന്നോട്ടു പോകുക. ഞങ്ങളെപ്പോലെയുള്ളവര്‍ക്കു ദുർല്ലഭമായ് മാത്രം ദര്‍ശിക്കാവുന്ന മാളികയോടുകൂടിയ കൃഷ്ണപുരം കൊട്ടാരം അതിനപ്പുറത്തുണ്ടു്. അവിടെയുള്ള വൈചിത്ര്യങ്ങളാൽ അപഹൃതഹൃത്തായിട്ട് നീ യാത്രയ്ക്കു കാലവിളംബം വരുത്തണമെന്നില്ല. അതുപോലെ എത്രയോ രാജഗൃഹശതങ്ങൾ അങ്ങോട്ടു കടന്നാൽ പിന്നെയുമുണ്ടു്."
പിന്നീടു കൊല്ലത്ത് എത്തണം.
"ദൃഷ്ട്വാ ദൃഷ്ട്വാ പുനരനുപദം താനി താന്യദ്ഭുതാനി
ക്ഷേത്രാണ്യാസേവ്യ ച മുഹുരതിക്രമ്യ മാര്‍ഗ്ഗം സുദീർഘം
ആലംബേഥാസ്തദനു വിവിധക്ഷൌമജന്മസ്ഥലം ത്വം
കോലംബാഖ്യം സപദി വിപദാം നാവകാശം പ്രദേശം.
പ്രഖ്യാതസ്യ പ്രഥമനൃപതേഃ പ്രത്യനീകം വിഹന്തും
പ്രോദ്യുക്തസ്യ സ്വയമപി ചിരം യോഭവജ്ജന്യഭൂമിഃ
പ്രാപ്തസ്യാപി ത്രിദശനിലയം വിക്രമശ്ശൈലമൂര്‍ത്ത്യാ
യത്രാദ്യാപി പ്രതിവസതി തന്മന്ത്രിണോ രാമനാമ്നഃ
ഭൂയോപ്യേതൽസമരപിശുനം തത്തദാലോക്യ വസ്തു
പ്രീത്യാ ഗന്തും പ്രിയസഖ, തതോമന്ദതാം മാഗതോഭൂഃ;
തത്താദൃഗ്ഭിഃ കപടചരിതാൻ വഞ്ചയിത്വാ ജനൌഘാ-
നാസ്തേ തസ്മിന്നതികുടിലധീഃ പാചകാനാമധീശഃ
തഞ്ചോദ്ദേശം ദിനപരിണതൌ ലംഘയിത്വാ വിശാലാം
വേലാമാലോകയ ജലനിധേരാകുലാം വീചിജാലൈഃ
ആകൃഷ്ടാനാം മുഹുരിവ തതഃ പട്ടസൂത്രാഞ്ചലാനാം
മാഞ്ജിഷ്ഠാനാം മിള നത ഇനസ്യാതിരമ്യൈഃ കരാണാം.”
"വഴിക്കു പദം തോറും തത്താദൃശങ്ങളായ അത്ഭുതങ്ങളെ കണ്ടുകൊണ്ടു, ക്ഷേത്രങ്ങളിൽ തൊഴുതു, സുദീര്‍ഘമായ മാര്‍ഗ്ഗം അതിക്രമിച്ചു, വിവിധങ്ങളായ പട്ടാംബരങ്ങളുടെ ജന്മഭൂമിയും യാതൊരു വിപത്തിനും പ്രവേശിക്കുവാൻ പാടില്ലാത്തതുമായ കൊല്ലം പട്ടണത്തിൽ ചെല്ലുക. വിഖ്യാതനായ മാത്താണ്ഡവര്‍മ്മമഹാരാജാവിന്റെ ശത്രുസൈന്യത്തെ സംഹരിക്കുന്നതിനു് ഉദ്യുക്തനായ അവിടുത്തെ മന്ത്രി രാമയ്യൻ ദളവായ്ക്കു് ഈ പട്ടണമാണ് വളരെക്കാലം പോര്‍ക്കളമായിരുന്നതു്. അദ്ദേഹം സ്വര്യാതനായ് കഴിഞ്ഞിരിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ വിക്രമം ഇന്നും പര്‍വതരൂപത്തിൽ ഇതിനു സമീപമായ് കാണപ്പെടുന്നു.'' ഈ വർണനം അവിടത്തെ കോട്ടയെപ്പറ്റിയായിരിക്കാമെന്നു ഞാൻ ഉദ്ദേശിക്കുന്നു. "കൊല്ലത്തു് ഇന്നും അദ്ദേഹം ചെയ്ത യുദ്ധങ്ങളുടെ സൂചകങ്ങളായ പല വസ്തുക്കളുമുണ്ടു്. അവയെ കണ്ടുകൊണ്ടു നീ വളരെ നേരം അവിടെ താമസിച്ചുപോകരുതു്. പ്രത്യേകിച്ചും നീ ഒന്നറിയേണ്ടതുണ്ടു്. പറഞ്ഞു ബോധ്യപ്പെടുത്തുവാൻ പാടില്ലാത്ത കളവുകൾ കൊണ്ടു ജനങ്ങളെ വഞ്ചിക്കുന്നവനും കുടിലബുദ്ധിയുമായ ഒരു ഭരിപ്പുകാരൻ (ആശ്രാമത്തു ഊട്ടുപുരയിൽ) ഉണ്ടു്. (അതുകൊണ്ടു് നിനക്കു കൊല്ലത്ത് ഊണിനു വഴിയില്ലെന്നു താൽപര്യം.) അവിടംവിട്ടു സന്ധ്യാസമയത്തു കടൽപ്പുറം പോയ് കാണുക. സമുദ്രത്തിന്റെ തിരമാലകൾ, ആകൃഷ്ടങ്ങളായ മഞ്ഞപ്പട്ടുനൂൽതുമ്പുകളോ എന്നു തോന്നുമാറുള്ള ആദിത്യന്റെ കിരണങ്ങൾ തട്ടുമ്പോൾ, ഏറ്റവും രമ്യങ്ങളായ് കാണപ്പെടുന്നു."
അനന്തരം വര്‍ക്കലയുടെ വര്‍ണ്ണനമായി.
"യാവദ്ദൃഷ്ട്വാ ഗഗനസരണിം ത്വത്സനാഥാം പതംഗഃ
സ്പർദ്ധാഭാരാദിവ സജലധൌ മജ്ജതി ക്ഷീണധാമാ
അശ്രാന്താഭ്യുല്‍പതനജനിതശ്രാന്തിഭാരോഥ താവൽ
സംസാരാധ്വശ്രമശമകരം വര്‍ക്കലേശം ഭജേഥാഃ
കർത്തും പൂര്‍വം കലശജനുഷാ യത്ര രാമാഭിഷേകം
മന്ത്രൈഃ പൂതം മഹിതമുദകം വർത്തതേ യൽ പരോക്ഷം
അദ്യാപ്യേതന്മഹിമപിശുനം പർവ്വണോംശേ തുരീയേ
പ്രത്യക്ഷം തൽ പ്രവഹതി നൃണാം ഭക്തിഭാജാം ഹിതായം
അഗ്രേ തത്ര ത്രിഭുവനപതേരഗ്രഹാരാൻ ദ്വിജാനാ-
മുദ്വീക്ഷ്യോച്ചൈരുദിതകുതുകം സര്‍വസമ്പത്സമഗ്രാൻ
വൃക്ഷേ കസ്മിന്നപി ച നിവസൻ യാമിനീം യാപയിത്വാ
കോകദ്വന്ദ്വേ മിളതി ച പുനർഗ്ഗന്തുമേവോദ്യതസ്സ്യാഃ''
"നിന്നാൽ സനാഥമായ ആകാശമാർഗ്ഗത്തെക്കണ്ടു സ്പർദ്ധകൊണ്ടെന്നപോലെ ക്ഷീണഭാസ്സായ ആദിത്യൻ സമുദ്രത്തിൽ മഗ്നനാകുന്ന അവസരത്തിൽ (അതായതു സായാഹാത്തിൽ) എപ്പോഴും ഉൽപതിക്കുന്നതുകൊണ്ടുള്ള ശ്രമത്തിനു വിധേയനായ നീ സംസാരാധ്വശ്രമത്തിനു ശാന്തിനൽകുന്ന വര്‍ക്കല ജനാർദ്ദനസ്വാമിയെ ഭജിക്കണം. പണ്ടു വസിഷ്ഠമഹര്‍ഷിയാൽ ശ്രീരാമന്റെ അഭിഷേകത്തിനുവേണ്ടി മന്ത്രങ്ങളെക്കൊണ്ടു ശുദ്ധീകരിക്കപ്പെട്ട ഒരു തീര്‍ത്ഥം അവിടെ അപ്രത്യക്ഷമായുണ്ടു്. അതു പര്‍വത്തിന്റെ നാലാമംശത്തിൽ ഭക്തന്മാരുടെ ഹിതത്തെ ഉദ്ദേശിച്ചു പ്രകടമായ് പ്രവഹിക്കുന്നു. അവിടെ ഭഗവാന്റെ സന്നിധിയിൽ ബ്രാഹ്മണരുടെ അഗ്രഹാരമുണ്ടു്. അവ സര്‍വസമ്പൽസമൃദ്ധങ്ങളാണ്; അവയെ നീ തലപൊന്തിച്ചുനോക്കണം. ഏതെങ്കിലും ഒരു മരത്തിൽ രാത്രി കഴിച്ചുകൂട്ടി നേരം പുലരുമ്പോൾ വീണ്ടും യാത്രയ്ക്ക് ഒരുങ്ങുകയും ചെയ്യണം.'' പാതാളഗംഗ വര്‍ക്കലയിൽ ബ്രഹ്മാവിന്റെ യാഗശാലയിൽ പ്രവേശിച്ചു എന്നും ബ്രഹ്മാവ് അഗ്‌നിയെ നിയോഗിച്ചു ആ ഗംഗയെ ശോഷിപ്പിച്ചു എന്നും
"തതശ്ചക്രാദാഗതേയം
ഗംഗാ പരമഭാസ്വരാ
സ്വർഗപ്രവാഹഖിന്നേവ
യദാഭൂൽ; താം വിലോക്യ ച
തയാ സമ്പ്രാർത്ഥിതോ ബ്രഹ്മാ
വരം ചാസ്യൈ ദദൌ തദാ;
സ്വല്പപ്രവാഹാനുദിനം
പര്‍വകാലേ ബഹൂദകാ
മദ്ദേവയജനോദ്ഭൂതാ
സാഗരം സംഗമിഷ്യസേ."
അതായതു ചക്രതീര്‍ത്ഥാഭിധയായ ആ ഗംഗയ്ക്കു പലകാലത്തിൽ ബഹുദകയാകുവാനുള്ള അനുഗ്രഹം അദ്ദേഹം തന്നെ നല്‌കി എന്നും ആ തീത്ഥത്തിൽ ശ്രീരാമന്റെ പട്ടാഭിഷേകസമയത്തിൽ ദേവന്മാർ വസിഷ്ഠന്റെ മന്ത്രപൂതമായ തീര്‍ത്ഥം കൊണ്ടുവന്നു ഒഴിച്ചു അവിടെ നിന്നു വീണ്ടും പാത്രം നിറച്ചു കൊണ്ടുപോയെന്നും വര്‍ക്കലക്ഷേത്രമാഹാത്മ്യത്തിൽ കാണുന്നു. അന്നു വര്‍ക്കലയിൽ ബ്രാഹ്മണരുടെ ഗ്രാമം അത്യന്തം അഭിവൃദ്ധമായിരുന്നു. പ്രസിദ്ധരാജ്യതന്ത്രജ്ഞനും പ്രശസ്തസേനാനായകനുമായ്, കാര്‍ത്തികതിരുനാൾ മഹാരാജാവിനു കൊല്ലം 939-മുതൽ 944 വരെ ദളകർത്തവ്യം നടത്തി, ആലങ്ങാട്, പറവൂർ ഈ രാജ്യങ്ങൾ തിരുവിതാംകൂറോടുചേർത്തു നേടുങ്കോട്ടയുടെ പണി ആരംഭിച്ച മഹാദേവയ്യൻ സുബ്ബയ്യൻ ആ ത്രിഭുവനപതിയുടെ അഗ്രത്തിലുള്ള അഗ്രഹാരങ്ങളിൽ ഒന്നിൽ പെട്ട മഹാനായിരുന്നു എന്നുള്ള വസ്തുത ഈ ഘട്ടത്തിൽ വിശിഷ്യ സ്മരണീയമാണു്
ഒടുവിൽ നമ്പൂതിരി
"പൂണ്ണം പൂഗീപനസകദളീകേരജംബീരചൂതൈ-
രാതങ്കാനാമപദമമൃതം നേത്രലേഹ്യം നരാണാം
സമ്പൽപാത്രം തദനു പുരതോ ദൂരതഃപ്രാപ്യഭൂമിഃ
സ്യാനന്ദൂരം തവനയനയോർഗോചരം ഖേചര സ്യാൽ."
എന്നു സന്ദേശഹരന്റെ പ്രാപ്യസ്ഥാനമായ തിരുവനന്തപുരത്തെ ലക്ഷീകരിക്കുന്നു. തിരുവനന്തപുരം കവുങ്ങ്, പിലാവ്, തെങ്ങ്, നാരകം, മാവ് എന്നീ വൃക്ഷങ്ങളെക്കൊണ്ടു നിറഞ്ഞതും യാതൊരാതങ്കവുമില്ലാത്തതും മനുഷ്യര്‍ക്കു നയനപേയമായ പീയൂഷവും ഐശ്വര്യത്തിനു നിധാനവുമാണെന്നത്രേ കവി ഈ ശ്ലോകത്തിൽ പ്രസ്താവിക്കുന്നതു്.
കാര്‍ത്തികതിരുനാൾ രാമവര്‍മ്മമഹാരാജാവു തിരുമനസ്സിലേ വിദ്യാവിഷയകമായ മാഹാത്മ്യത്തേപ്പറ്റി സ്വല്പമൊന്നുപന്യസിക്കുന്നതിനു് ഇതാണ് അവസരം. ഭാരതീയരായ രാജാധിരാജന്മാർ പലരും പ്രാക്തനകാലങ്ങളിൽ കവിതകളുടെ കര്‍ത്താക്കന്മാരും കാരയിതാക്കന്മാരുമായ് സമുല്ലസിച്ചിരുന്നു. വിദ്വൽപ്രഭുശബ്ദം നൃപതികളിൽ പ്രായേണ ഷഷ്ഠീതൽപുരുഷസമാസമാണെന്നും അതു കര്‍മ്മധാരയസമാസംകൂടി ആകുന്നതു് അപൂർവ്വം ചില അവസരങ്ങളിൽ മാത്രമാണെന്നും കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ ഒരു സന്ദർഭത്തിൽ പ്രസ്താവിച്ചിട്ടുള്ളത് അവാസ്തവമല്ലെങ്കിലും ആ ഉത്സര്‍ഗ്ഗവിധിക്കുള്ള അപവാദങ്ങൾ ഈ പുണ്യഭൂമിയിൽ ഇതരരാജ്യങ്ങളെ അപേക്ഷിച്ചു എത്രയോ അധികമാണന്നുള്ളതു നാം അഭിമാനപൂർവ്വം സ്മരിക്കേണ്ടതാകുന്നു. ഹര്‍ഷദേവൻ, ഭോജരാജാവു, രവിവർമ്മചക്രവത്തി, കൃഷ്ണദേവരായർ, രഘുനാഥനായ്ക്കൻ, മാനവേദരാജാവു, സ്വാതിതിരുനാൾ മഹാരാജാവു, മുതലായ മഹാനുഭാവന്മാർ രണ്ടുപ്രകാരത്തിലും സാഹിത്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ആ പുണ്യശ്ലോകന്മാരുടെ ഇടയിൽ കാർത്തികതിരുനാൾ മഹാരാജാവിന് അനശ്വരവും അത്യന്തം സ്‌പൃഹണീയവുമായ ഒരു സ്ഥാനമുണ്ടു്.
ബാല്യത്തിൽതന്നെ അവിടുത്തേക്കു ശസ്ത്രങ്ങളിലും ശാസ്ത്രങ്ങളിലും ഒന്നുപോലെ അഭിനിവേശമുണ്ടായിരുന്നു എന്നുള്ളതിനു പല ലക്ഷ്യങ്ങളും ദേവരാജകവിയുടെ ബാലമാര്‍ത്താണ്ഡവിജയം നാടകത്തിൽ സ്പഷ്ടമായ് കാണുന്നുണ്ടു്. മാര്‍ത്താണ്ഡവര്‍മ്മമഹാരാജാവു വിദ്വാന്മാരോടു് ആ നാടകം അഞ്ചാമങ്കത്തിൽ "എന്റെ വത്സൻ താൻ അഭ്യസിച്ച കലകളിൽ എന്തെങ്കിലും ജ്ഞാനം സമ്പാദിച്ചിട്ടുണ്ടോ?" എന്നു ചോദിക്കുകയും, അതിന് അവർ എല്ലാവരും സന്തോഷത്തോടുകൂടി
"കലാവാൻ രാമചന്ദ്രോയ- മകളങ്കാദ്ഭൂതോദയഃ
ഗുണജ്യോത്സ്നാവിതാനേന ഹ്ളാദയന്ത്യഖിലം ജഗൽ
തത്തൽകലാസു മര്‍മ്മാണി ധീമതാ രാമവർമ്മണാ
അനാക്രാന്താനി ലക്ഷ്യന്തേ നാസ്‌മാഭിര്യത്നമാസ്ഥിതൈഃ.''
അതായതു് "അകളങ്കനും അത്ഭുതോദയനമായ ഈ കലാവാനായ രാമചന്ദ്രൻ തന്റെ ഗുണമാകുന്ന പൂനിലാവു പരത്തി ജഗത്തു മുഴുവൻ ആനന്ദിപ്പിക്കുന്നു; ബുദ്ധിമാനായ രാമവര്‍മ്മാവ് മര്‍മ്മങ്ങൾ ഗ്രഹിക്കാത്തതായ്, ഞങ്ങൾ എത്ര തന്നെ ചികഞ്ഞുനോക്കീട്ടും, യാതൊരു കലയും കാണുന്നില്ല." എന്നു മറുപടി പറകയും ചെയ്യുന്നു. നാലാമങ്കത്തിൽ ആ വത്സൻ തന്റെ പ്രേമൈകഭാജനവും രമണീയഗുണാകരവുമാണെന്നു മഹാരാജാവു പറയുന്നു; ആ ആശയത്തെത്തന്നെ ഒന്നുകൂടി വിസ്തരിച്ച് അഞ്ചാമങ്കത്തിൽ
"ആചാരൈകനിധിസ്സമസ്തജഗതാ-
മാനന്ദവാരാന്നിധിർ-
ദ്ദാതൄണാമപി ചാഗ്രണീര്‍മ്മമ കലാം-
ഭോധേരയം ചന്ദ്രമാഃ;
ഏനം സദ്‌ഗുണമാവിശന്തി വിദുഷാം
സമ്പര്‍ക്കജാസ്സദ്ഗുണാ-
മദ്വത്സം ഗിരിസംഭവാ ഇവ മഹാ-
പാഥോധിമംഭോഭരാഃ'’
"എന്റെ കുലമാകുന്ന കടലിനു ചന്ദ്രനായ ഈ കുമാരൻ ആചാരങ്ങൾക്കു മുഖ്യമായ ഇരിപ്പിടമാണ്, എല്ലാ ലോകങ്ങൾക്കും ആനന്ദപ്രദനാണ്; ദാതാക്കന്മാരിൽ അഗ്രഗണ്യനാണു് ; ഇയാളെ വിദ്വാന്മാരുമായുള്ള സംസര്‍ഗ്ഗത്തിൽനിന്നു ജനിക്കുന്ന സൽഗുണങ്ങൾ, പർവ്വതങ്ങളിൽ വീഴുന്ന ജലഭരങ്ങൾ എങ്ങനെ സാഗരത്തെ പ്രാപിക്കുമോ, അതുപോലെ പ്രാപിക്കുന്നു.” എന്നു പ്രശംസിക്കുകയും ചെയ്യുന്നു. വത്സന്റെ വാക്കുകൾ ശ്ലോകരൂപത്തിൽ പുറപ്പെടുന്നു എന്നു് അതേ അങ്കത്തിൽ കാണുന്ന മഹാരാജവാക്യത്തിൽനിന്നു് ഇളയരാജാവായിരുന്ന കാലത്തുതന്നെ അവിടുന്നു കാവ്യരചനയിൽ വ്യാപൃതനായിരുന്നതായ് അനുമാനിക്കാവുന്നതാണു്. തൃപ്പടിദാനം കഴിഞ്ഞു വിദ്വാന്മാര്‍ക്കും കവികൾക്കും മഹാരാജാവ് ഉചിതങ്ങളായ സമ്മാനങ്ങൾ നല്കിയതു് അത്തരത്തിലുള്ള ദിവ്യനായ തന്റെ അനന്തരവൻ മുഖേന ആയിരുന്നു എന്നു കൂടി ഇവിടെ പ്രസ്താവിക്കേണ്ടതായുണ്ടു്.
കാർത്തികതിരുനാൾ മഹാരാജാവ് ആജീവനാന്തം ഒരു വിദ്യാര്‍ത്ഥിയായിരുന്നു. പീഡ്‌റോ ഡിവേഗസ്സ് എന്നൊരു പോർത്തുഗീസുകാരനാണു് അവിടുത്തെ പോർത്തുഗീസുഭാഷയും ഇംഗ്ലീഷുഭാഷയും അഭ്യസിപ്പിച്ചതു്. വരാപ്പുഴയിൽ താമസിച്ചിരുന്ന സുപ്രസിദ്ധനായ പോളിനസ് പാതിരി അവിടുത്തെ കൊല്ലം 955-ൽ മുഖം കാണിച്ചപ്പോൾ താൻ അമരകോശം നിഷ്കര്‍ഷിച്ചിട്ടു പഠിച്ചിട്ടുണ്ടെന്നറിയിക്കുകയും, അതുകേട്ടു അവിടുന്നു സന്തോഷിച്ചു് ഇംഗ്ലീഷുഭാഷയിൽ വ്യാകരണസംബന്ധമായ് ചില സന്ദേഹങ്ങളുള്ളതു തീർത്തുകൊടുക്കുവാൻ ആവശ്യപ്പെടുകയും, പാതിരി അങ്ങനെ ചെയ്തപ്പോൾ കൃതജ്ഞനായ് താൻ അദ്ദേഹത്തെ ഒരു ഗുരുവായ് സ്വീകരിച്ചിരിക്കുന്നു എന്നു കല്പിക്കുകയും ചെയ്തു. കൊല്ലം 959-ൽ പാതിരി ഇംഗ്ലീഷ്, പോര്‍ത്തുഗീസ്, മലയാളം ഈ ഭാഷകൾ യോജിപ്പിച്ചു പഠിക്കുന്നതിനു് തിരുമനസ്സിലെ ആവശ്യപ്രകാരം ഒരു വ്യാകരണമുണ്ടാക്കി പത്മനാഭപുരത്തു കൊണ്ടുചെന്ന് അടിയറവയ്ക്കുകയും, തിരുമനസ്സുകൊണ്ടു് അതു രാജപുരുഷന്മാരായ ആനമേൽ വിചാരിപ്പു പത്മനാഭപിള്ളയും പയ്യമ്പള്ളിക്കുറുപ്പും മനസ്സിരുത്തി പഠിക്കണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. ദിവാൻ രാജാകേശവദാസൻ പാതിരിയോടു് ഒരിക്കൽ ഹിന്ദുമതപ്രോക്തമായ കര്‍മ്മബന്ധത്തെപ്പറ്റി വാഗ്വാദം നടത്തിയതായും മറ്റൊരിക്കല്‍ ഭാഷാസംബന്ധമായ് ചില ചോദ്യങ്ങൾ ചോദിച്ചതായും അദ്ദേഹം രേഖപ്പെടുത്തീട്ടുണ്ടു്.
തിരുമനസ്സിലെ പ്രധാനകൃതി 'ബാലരാമഭാരതം' എന്ന ഗഹനമായ നാട്യശാസ്ത്രഗ്രന്ഥമാകുന്നു. ആ ഗ്രന്ഥം ഇനിയും അച്ചടിപ്പിച്ചിട്ടില്ല. അതിന്റെ ഉപോൽഘാതത്തിൽ അവിടുത്തെപ്പറ്റി താഴെ ഉദ്ധരിക്കുന്ന പ്രശംസാപദ്യങ്ങൾ കാണുന്നു:
"ശ്രീബാലരാമ കുലശേഖരവഞ്ചിഭൂപ-
സ്സങ്ഗീതതാള ഭരതാംബുധിപൂര്‍ണ്ണചന്ദ്രഃ
ആദക്ഷിണാബ്ധിഹിമഭൂധരമാകീര്‍ത്തിർ-
വിദ്യാകലാവിനയഭൂഃ പരിരക്ഷതി ക്ഷ്മാം
ചേരക്ഷിതീശകുലഭൂഷണദിവ്യരത്നം,
ശ്രീകേരളക്ഷിതിഭദ്ഭുതമൗലിരത്നം,
വിദ്വദ്ഗണസ്യ മുഖപങ്കജമിത്രരത്നം,
ശ്രീബാലരാമകുലശേഖരരാജരത്നം.
ശ്രീരാമവര്‍മ്മകുലശേഖരവഞ്ചിഭൂപോ
വിദ്വൽപ്രിയോ നിഖിലസൂരിഗണേഭ്യ ആര്യാഃ
സ്വര്‍ണ്ണാന്നദാനമധികം പ്രദദാതി ഭൂമൌ
ശ്രീപത്മനാഭപദഭക്തിരസൈകപൂർണ്ണഃ
സകലനഗരഭാഷാഭാഷണേ ലേഖനേ ച
പ്രഗുണിതമതിരാത്മജ്ഞാനഭക്തിസ്വഭാവഃ
വിദിതസകലശാസ്ത്രോ യോഗവിദ്യാപ്രവീണോ
ഭണിതികുശലബുദ്ധിർ ഭാരതീപൂണ്ണദേഹഃ.
അഖിലഗുണനിധീനാമാശ്രയോ ദേവരാജ-
പ്രമുഖസകലദിക്‍പാലോപഗീതസ്വകീർത്തിഃ
ബഹുകവിജനസമ്മാനാഭിനന്ദ്യാത്മമൂര്‍ത്തി-
സ്സ ജയതി ചിരജീവി വഞ്ചിഭൂദേവരാജഃ"
ഈ ശ്ലോകങ്ങളിൽനിന്നു മഹാരാജാവിനുള്ള വിദ്യാഭിനിവേശവും, വിനയസമ്പത്തിയും, സംഗീതകുശലതയും, വിദ്വൽപ്രിയത്വവും, ദാനശൗണ്ഡതയും, ശ്രീപത്മനാഭഭക്തിയും ശാസ്ത്രജ്ഞാനവും, യോഗാഭ്യാസസക്തിയും, വേദാന്തവിശാരദതയും, കവികുലാനന്ദദത്വവും, സര്‍വോപരി അനേകം ഭാഷകളിൽ സംസാരിക്കുന്നതിനും എഴുതുന്നതിനുമുള്ള പാടവവും വ്യഞ്ജിക്കുന്നു. ഒടുവിലത്തെ പദ്യത്തിൽ ദേവരാജപദം കൊ ണ്ടു മഹാരാജാവ് അക്കാലത്തും ജീവിച്ചിരുന്ന തൻറെ വയസ്യനായ ബാലമാർത്താണ്ഡവിജയകർത്താവിനെ സ്‌മരിക്കുകയത്രേ ചെയ്യുന്നത്. തിരുവിതാംകൂറിനെപ്പാറി അതേ ഉപോൽഘാതത്തിൽ
"കലിഭയചകിതാ യേ ദേശദേശപ്രസിദ്ധാ-
നൃപഭയചകിതാ യേ സാധവസ്സാധുവൃത്താഃ
അശരണമിതി മത്വാ ദേശതോ ഗന്തുകാമാ-
ശ്ശരണമുപഗതാസ്തേ വഞ്ചിഭൂപാലദേശം.''
എന്നും തിരുവനന്തപുരത്തെപ്പറ്റി
"ഗഹനപദപദാര്‍ത്ഥജ്ഞാനവിജ്ഞാനദക്ഷൈ-
രമരഗുരുസമാനൈരര്‍ത്ഥശാസ്ത്രപ്രവീണൈഃ
സരസഗുണകവീന്ദ്രൈർവ്വാപ്രസംഗേ വിദഗ്ദ്ധൈഃ
പ്രതിദിനമതിരമ്യാ ശോഭതേ രാജധാനീ.
ശ്രുതിസുഖരസഗീതൈർവ്വേണുനാദൈര്‍മ്മനോജ്ഞൈ-
ശ്ചിരപരിചയഹസ്താഭ്യസ്തവീണാനിനാദൈഃ
കളരവകളകണ്ഠശ്ലാഘ്യഗന്ധര്‍വഗീതൈഃ
പ്രതിദിനമതിരമ്യാ ശോഭതേ രാജധാനീ.''
എന്നുമുള്ള വര്‍ണ്ണനകൾ കാണുന്നു. കലിയിൽനിന്നു ഭയമുള്ള വിദേശീയരായ പ്രസിദ്ധന്മാരും രാജാവിൽ നിന്നു (ടിപ്പുവിൽനിന്നും മറ്റും) ഭയമുള്ള സദ്യത്തന്മാരും തിരുവിതാംകൂറിൽ വന്നു കാര്‍ത്തികതിരുനാൾ മഹാരാജാവിനെ ശരണം പ്രാപിക്കുന്നു എന്നും അനവധി അത്യുത്തമന്മാരായ പണ്ഡിതന്മാരേയും ഭാഗവതന്മാരേയും കൊണ്ടു തിരുവനന്തപുരം ശോഭിക്കുന്നു എന്നുമാണ് മേൽ ഉദ്ധരിച്ച ശ്ലോകങ്ങളുടെ സാരം. മഹാരാജാവിന്റെ നാട്യമണ്ഡപം നൃത്യഗീതാദികുശലകളായ ദേവദാസികളാൽ അലംകൃതമായിരുന്നു.
"നിജകുലധനധര്‍മ്മശ്ലാഘ്യനൃത്യപ്രവീണൈഃ
പ്രതിദിന കൃതശിക്ഷാഭ്യാസതഃ പ്രാപ്തഭാവൈഃ
മദനരതിസമാനൈരദ്ഭുതാകാരപാത്രൈ-
സ്തകതകതകശബ്ദൈസ്താളമാര്‍ഗ്ഗാനുകാരൈഃ;
നടനഗതിവിശേഷോല്ലാസചഞ്ചൽകടാക്ഷൈർ-
ല്ലയഗതിമനുസൃത്യോദ്ഘട്ടിതാംഘ്രിപ്രചാരൈഃ
സരസകരവിലാസൈർഹാവഭാവപ്രകഷൈർ-
ജയതി നൃപസമാജോ രംഗലക്ഷ്മീനിവാസഃ".
എന്ന പദ്യങ്ങൾ നോക്കുക. ആ സമാജത്തിൽ വച്ച് ഒരു ഭരതശാസ്ത്രഗ്രന്ഥമുണ്ടാക്കണമെന്നു രസികജനങ്ങൾ മഹാരാജാവിനോട് അഭ്യര്‍ത്ഥിക്കുകയും അതിന്റെ ഫലമായ്, തന്റെ ആനന്ദത്തിനുവേണ്ടി, അവിടുന്നു ബാലരാമഭരതം നിര്‍മ്മിക്കയും ചെയ്തു.
"ഭരതമിഹ വിധാതും പ്രാർത്ഥിതോ വഞ്ചിരാജാഃ"
എന്നും
"ലാസ്യതന്ത്രമവലോക്യ വിശാലം
ശാസ്ത്രമാരചിതമാത്മസുഖായ
ബാലരാമഭരതം ബുധവര്യാഃ
പശ്യതാദ്ഭുതരസാധികചിത്രം."
എന്നും ഉള്ള പ്രസ്താവനകളിൽ നിന്നു് ഈ വസ്തുതകൾ ഗ്രഹിക്കുവാൻ കഴിയുന്നതാണു്. ബാലരാമഭരതം വായിച്ചാൽ മഹാരാജാവു കാശ്മീരകനും അഭിനവഭാരതി എന്ന മഹത്തായ നാട്യശാസ്ത്രഗ്രന്ഥത്തിന്റെ പ്രണേതാവുമായ അഭിനവഗുപ്തപാദാചാര്യന്റെ ഒരവതാരമാണോ എന്നു തോന്നിപ്പോകും.
തിരുമനസ്സിലെ ആട്ടക്കഥകളേയോ അവിടുത്തെ വിദ്വൽസദസ്സിനെ അലങ്കരിച്ചിരുന്ന രഘുനാഥദീക്ഷിതർ, കുഞ്ചൻനമ്പിയാർ, ഇടവെട്ടിക്കാട്ടു നമ്പൂരിമാർ, പുതിയിക്കൽ തമ്പാൻ, മണ്ടവപ്പള്ളിൽ ഇട്ടിരാരിശ്ശമേനോൻ, സദാശിവദീക്ഷിതർ, കല്യാണസുബ്രഹ്മണ്യശാസ്ത്രികൾ, വെങ്കടസുബ്രഹ്മണ്യകവി, സുബ്രഹ്മണ്യകവി, മുതലായ കവികളേയോ ആ നക്ഷത്രമാലയ്ക്കു പൂണ്ണചന്ദ്രനായ് സമല്ലസിച്ചിരുന്ന അശ്വതിതിരുനാൾ ഇളയതമ്പുരാനെയോപറ്റി എന്തെങ്കിലും ഈ ഉപന്യാസത്തിൽ പ്രസ്താവിച്ചു തോടയംകൊണ്ടു നേരം വെളുപ്പിക്കണമെന്നു ഞാൻ ഉദ്ദേശിക്കുന്നില്ല. അശ്വതിതിരുനാൾ തിരുമേനി അവിടുത്തെ അപദാനങ്ങളെ പരാമർശിച്ചു രചിച്ചിട്ടുള്ള വഞ്ചീശസ്തവമെന്ന ഗദ്യപദ്യാത്മകമായ കാവ്യരത്നം ഞാൻ കേരളസൊസൈറ്റി പേപ്പേഴ്‌സിൽ ചേര്‍ത്ത് ഇദം പ്രഥമമായ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടുത്തെ വിദ്യാഭ്യാസത്തിൽ തിരുമനസ്സുകൊണ്ടു പ്രത്യേകമായ് ശ്രദ്ധിക്കുകയും, അവിടുത്തെ അന്യാദൃശമായ സാഹിത്യസംഗീതവാസനയെ ഉള്ളഴിഞ്ഞ് അഭിനന്ദിക്കുകയും, രാമേശ്വരത്തേക്ക് എഴുന്നള്ളിയപ്പോൾ അവിടുത്തെക്കൂടി കൊണ്ടുപോകയും ചെയ്തു. വഞ്ചീശസ്തവത്തിൽ അശ്വതിതിരുനാൾ തന്റെ പ്രിയമാതുലനെപ്പറ്റി
"ക്ഷാത്രോ ധര്‍മ്മോ വപുഷ്മാൻ കിമു ഭുവി വിഹരൻ
മൂത്തിമാൻ കിം പ്രസാദഃ?
തേജസ്തോമസ്തനൂമാൻ കിമുത തനുഭൂതാം
പുണ്യനിര്‍മ്മാണരാശിഃ?
തിഷ്ഠന്തം ഭദ്രപീഠേ നൃപതിലക! മുദാ
പ്രേക്ഷ്യ മദ്ധ്യേസഭം ത്വാ-
മിത്ഥം സന്ദേഹദോലാവിഹരണമധുനാ
കുര്‍വതേ സവലോകാഃ''
"അല്ലയോ മഹാരാജാവേ, സഭയുടെ മദ്ധ്യത്തിൽ ഭദ്രപീഠത്തിൽ ഉപവിഷ്ടനായ നിന്തിരുവടിയെ കാണുന്ന അവസരത്തിൽ അങ്ങു മൂര്‍ത്തിമാനായ ക്ഷാത്രധർമ്മമോ, ഭൂമിയിൽ വിഹരിക്കുന്ന പ്രസാദമോ, തേജസ്സോ, മനുഷ്യരുടെ പുണ്യസഞ്ചയമോ, എന്നിങ്ങനെ സര്‍വജനങ്ങളും പല സംശയങ്ങൾക്കു് അധീനന്മാരായ്ത്തീരുന്നു.'' എന്നു വര്‍ണ്ണിച്ചിട്ടുള്ളത് ഒട്ടും അതിശയോക്തിയല്ല.
933-ാമാണ്ടു മിഥുനം 27-ാംനു- മാര്‍ത്താണ്ഡവമ്മമഹാരാജാവു നാടുനീങ്ങി. 973 കുംഭം 6-ാംനു- കാത്തികതിരുനാൾ മഹാരാജാവു കാലധര്‍മ്മത്തെ പ്രാപിച്ചു. 967-ൽ ശ്രീരംഗപട്ടണത്തിലേ സന്ധി കഴിയുന്നതുവരെ അവിടുത്തേക്ക് ഒരു വശത്തു ടിപ്പുവിന്റെ വിക്രിയകളെക്കൊണ്ടുള്ള മനശ്ശല്യം തുടച്ചയായ് നിലനിന്നുകൊണ്ടിരുന്നു.ആ കലാപത്തിനിടയിലാണ് ഈ കാവ്യാലാപം; ആ പ്രാണവേദനയ്ക്കിടയിലാണ് ഈ വീണവായന. ഇതു് അമാനുഷനും സാക്ഷാൽ ശ്രീപത്മനാഭദാസനുമായ അവിടുത്തേക്കല്ലാതെ മറ്റാര്‍ക്കുംതന്നെ സാദ്ധ്യമാകുമെന്ന് എനിക്കു ഊഹിക്കുവാൻ തോന്നുന്നില്ല.
"രാരാജന്മധുരാധരാം പ്രവിലസ-
ച്ചോളാം കനൽകുന്തളാം
കാശ്മീരാംഗവിഭൂഷണാതിലളിതാം
കാഞ്ചീഗുണാലംകൃതാം
ക്ഷോണീം ശ്രീർഘുരാമവന്നിരുപമാം
രത്നാകരോരൂര്‍മ്മികാ-
ജാലാന്താമനുരഞ്ജയത്വനുദിനം
ശ്രീരാമവർമ്മ പ്രഭുഃ"
എന്നു് അലങ്കാരകൗസ്തുഭകാരനായ കല്യാണസുബ്രഹ്മണ്യനും മറ്റുംചെയ്ത ഹൃദയപൂര്‍വമായ പ്രാര്‍ത്ഥന പരിപൂണ്ണമായ് ഫലിച്ചു. തിരുമനസ്സുകൊണ്ടു പല മന്ത്രിസത്തമന്മാരുടേയും, പ്രത്യേകിച്ചു മഹാനായ രാജാകേശവദാസന്റെയും, സാഹായ്യത്തോടുകൂടി സകലശത്രുക്കളേയും ജയിച്ചു, സകല സാധുക്കളെയും സംരക്ഷിച്ചു, ദീർഘായുഷ്മാനായ്, ദിഗന്തവിശ്രാന്തകീര്‍ത്തിയായ്, വിദിതവേദിതവ്യനായ്, അനുഷ്ഠിതാനുഷ്ഠേയനായ്, അനന്യസുലഭമായ ഈശ്വരാനുഗ്രഹത്തിനു് അത്യുചിതപാത്രമായ്, കേരളത്തിനു കെടാവിളക്കായ്, ഭാരതഭൂമിക്കു ഭാസുരജോതിസ്സായ്, സമുല്ലസിച്ചു. ഈ ആയതമെങ്കിലും അത്യന്തം അപൂര്‍ണ്ണമായ പീഠികയോടു കൂടി ചാതകസന്ദേശത്തിന്റെ ഉത്തരഭാഗത്തിലേയ്ക്കും നമുക്കു പ്രവേശിക്കാം.
തിരുവനന്തപുരം പട്ടണത്തിൻറെ ഉജ്ജ്വലമായ ഒരു വര്‍ണ്ണനം കൊണ്ടാണ് ഉത്തരസന്ദേശം ആരംഭിക്കുന്നതു്.
"പൂര്‍വം താവൽ പ്രഥിതയശസാം മുക്തിഭാജാം മുരാരിഃ
പ്രാദുർഭൂതഃ കില പരമഹംസോത്തമാനാം ഹിതാര്‍ത്ഥം
ദത്വാ തേഭ്യസ്സ്വയമഥ നിജം ധാമ ദിവ്യം സദാരോ
യത്രെവാസാവശരണ ഇവ പ്രത്യഹം വര്‍ത്തതേ ച"
"പണ്ടു മഹാകീര്‍ത്തിശാലികളും പരമഹംസശ്രേഷ്ഠന്മാരുമായ മുക്തന്മാരുടെ ഹിതത്തിനായ് മഹാവിഷ്ണു പ്രത്യക്ഷീഭവിച്ച് അവര്‍ക്കു തന്റെ വാസസ്ഥാനമായ വൈകുണ്ഠത്തെ പ്രദാനം ചെയ്തിട്ട്, തനിക്കുപാര്‍ക്കാൻ ഗൃഹമില്ലാതെ ധര്‍മ്മപത്നിയായ ലക്ഷ്മീദേവിയോടുകൂടി ഈ തിരുവനന്തപുരത്തുവന്നു എന്നും താമസിക്കുന്നു.” ലക്ഷ്മീഭഗവതിയേക്കൂടി കവി സ്മരിച്ചതു് ഈ നഗരത്തിനു പവിത്രതയൊപ്പമുള്ള ഐശ്വര്യസമൃദ്ധിയെക്കൂടി വിശദീകരിക്കുന്നതിനാണെന്നു പറയേണ്ടതില്ലല്ലോ.
"സമ്പ്രാപ്തം യൽ പ്രഥമമടവീഭാവമാത്മാനുഭാവാ-
ത്തൽ കാരുണ്യപ്രസരവിഷയോ വഞ്ചിമാര്‍ത്താണ്ഡഭൂപഃ
ശക്രപ്രസ്ഥം പുരമിവ പുരാ പൗരവോ ഭൈരവോഷ്മാ
ചക്രേ സദ്യഃ; കിമിവ ഭുവനേ ദുഷ്കരം തദ്വിധാനാം?”
"ഈ തിരുവനന്തപുരം മാർത്താണ്ഡവർമ്മമാഹാരാജാവു തിരുമനസ്സിലെ വാഴ്ചയ്ക്കു മുൻപു കേവലം കാടുപോലെയായ്ക്കഴിഞ്ഞിരുന്നു. എന്നാൽ ശ്രീപത്മനാഭന്റെ കാരുണ്യപൂരത്തിനു പാത്രമായ ആ തിരുമേനിയാകട്ടെ പ്രചണ്ഡപ്രതാപനായ യുധിഷ്ഠിരമഹാരാജാവ് എങ്ങനെ ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചുവോ അതുപോലെ ഈ നഗരത്തെ പല പരിഷ്കാരങ്ങളേയുംകൊണ്ടു് അതിവേഗത്തിൽ മനോഹരമാക്കിത്തീർത്തു. അവിടുത്തെപ്പോലെയുള്ളവര്‍ക്കു ലോകത്തിൽ എന്തുതന്നെയാകുന്നു ദുഷ്കരമായിട്ടുള്ളതു്?'' നഗരവര്‍ണ്ണനത്തിൽ നിന്നു മൂന്നുനാലു പദ്യങ്ങൾ കൂടി ഉദ്ധരിക്കാം.
"ഭാതി ശ്വേതോപലരചനയാ ലേപനാദ്വാ സുധായാ-
യസ്മിൻ നിത്യോത്സവനിലയനം ശ്വേതിമാനം ദധാനം
സേവാഹേതോരിവ ഭഗവതസ്യക്തവൈകുണ്ഠവാസ-
സ്യാവിർഭൂതോ നിഭൃതമഭിതഃ ക്ഷേത്രമുച്ചൈഃ പയോബ്ധിഃ
അത്യാതാമ്രൈരതിഘനതമോഭേദനേ വീതമാന്ദ്യൈ-
രര്‍ച്ചിഷ്മത്ത്വാൽ ത്രിഭുവനദൃശാമസ്ഥിരത്വം ദധാനൈഃ അത്യുത്തുംഗൈർഭവനശിഖരൈസ്തപ്തഹേമപ്രക്ഌപ്തൈ-
ര്യത്രാനേകം ഭധദിവ വിയദ് ബാലമിത്രാൻ വിഭാതി.
പ്രീത്യൈ തസ്യ ത്രിഭുവനപതേർലാസ്യമാതന്വതീനാം
നിത്യം യത്ര ത്രിദശസുദൃശാം വാരനാരീച്ഛലേന
യാതായാതേഷ്വനിശമവലംബായ നിശ്രേണികേവ
വ്യോമോല്ലംഘിന്യപി വിജയതേ കാഞ്ചനീ കേതുയഷ്ടിഃ.
ഉര്‍വീദേവാസ്സ്വഭവനസുഖം വിസ്‌മരന്തസ്സമേതാ-
യത്ര ദ്വിത്രാൻ നഖലു ദിവസാൻ ദൂരദേശ്യാസ്സദൈവ
രാജ്ഞാ കാമാധികവിഭവൈസ്സൽകൃതാ ഹന്ത! വേശ്മ-
സ്വാമോദന്തേ സുകൃതിന ഇവ സ്വർഗതാ വാസവേന.''
"വെള്ളക്കല്ലുകൊണ്ടു പണിയുകകൊണ്ടും വെള്ള പൂശുകകൊണ്ടും ധാവള്യം പൂണ്ട് ഉത്സവമഠം കണ്ടാൽ വൈകുണ്ഠവാസം ത്യജിച്ചു തിരുവനന്തപുരത്തു പാര്‍ക്കുന്ന ശ്രീപത്മനാഭന്റെ ക്ഷേത്രത്തിനു സമീപം അവിടുത്തെ സേവയ്ക്കായ് പാഞ്ഞെത്തുന്ന പാൽകടലാണോ എന്നു തോന്നും. ചുവപ്പുനിറത്തോടു കൂടിയവയും അതിഘനമായ ഇരുട്ടിനെ ഭേദിക്കുന്നതിൽ ജാഗരൂകങ്ങളും ജ്യോതിസ്സുകൊണ്ടു തരളങ്ങളും ഉരുക്കിയ സ്വര്‍ണ്ണംകൊണ്ടു തീർത്തവയുമായ അതിലെ ഗൃഹശൃംഗങ്ങളെക്കൊണ്ടു ആകാശം ആ ഭാഗത്തിൽ അനേകം ബാലസൂര്യന്മാരെ ധരിക്കുന്നതുപോലെ തോന്നും. പത്മനാഭസ്വാമിയുടെ പ്രീതിക്കായ് ദേവദാസികളുടെ രൂപത്തിൽ അവിടെ നര്‍ത്തനം ചെയ്യുന്ന അപ്‌സരസ്ത്രീകൾക്കു ദേവലോകത്തിൽനിന്നു താഴോട്ടിറങ്ങുമ്പോഴും അവിടെ എത്തുവാൻ മുകളിലോട്ടു പോകുമ്പോഴും അവലംബത്തിനുള്ള കോവണിപോലെ ആകാശത്തെ അതിക്രമിച്ചുകൊണ്ടു സ്വര്‍ണ്ണധ്വജം സമുല്ലസിക്കുന്നു. അവിടെ ദൂരദേശക്കാരായ ബ്രാഹ്മണർ സ്വഗൃഹങ്ങളെ മറന്നു് എല്ലായ്പോഴും മഹാരാജാവിനാൽ, സ്വര്‍ഗ്ഗലോകപ്രാപ്തരായ സുകൃതികൾ ദേവേന്ദ്രനാൽ എങ്ങനെയോ അതുപോലെ, അവർ ആശിക്കുന്നതിലധികമുള്ള വിഭവങ്ങളാൽ സൽകൃതരായ് ആനന്ദിക്കുന്നു."
അവിടെനിന്നു മകയിരം തിരുനാൾ ഇളയതമ്പുരാൻ താമസിക്കുന്ന വടക്കേക്കൊട്ടാരം സന്ദർശിച്ചുകൊണ്ടു് അതിനപ്പുറത്തുള്ള ശ്രീപാദത്തുകൊട്ടാരത്തിലേക്കു ചെല്ലണം എന്നു കവി ചാതകത്തോടു പറയുന്നു.
"ശ്രീപാദാലക്തമിവ ദധദ്വിക്രമാംശുച്ഛടാഭിഃ
ശ്രീപാദാഖ്യം ഗൃഹമപി പുരഃ പശ്യ വിശ്വൈകരമ്യം;
യസ്മിന്നാസ്തേ യശ ഇവ നിജം ബിഭ്രതീ പാണ്ഡു കൈശ്യം
ധന്യാ ദേവീ സ്വയമുപഗതോ യൽപ്രജാത്വം പ്രജേശഃ"
"പവിഴം പോലെ ചുവന്ന കിരണങ്ങൾകൊണ്ടു ലക്ഷ്മീഭഗവതിയുടെ തൃക്കാലിലെ ചെമ്പഞ്ഞിച്ചാറുപോലെ ശോഭിക്കുന്നതും ലോകാഭിരാമവുമായ ശ്രീപാദത്തുകൊട്ടാരവും നീ കാണണം; അവിടെ തന്റെ സദ്യശസ്സുപോലെ ധവളമായ കൈശികത്തോടുകൂടിയ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ തിരുമനസ്സകൊണ്ടു് - കാര്‍ത്തികതിരുനാൾ തിരുമേനിയുടെ പ്രിയമാതാവു് -ഇരുന്നരുളുന്നു."
ഈ ആറ്റിങ്ങൽ മൂത്തതമ്പുരാൻ കൊല്ലം 883-ൽ ദത്തെടുക്കപ്പെട്ട കാര്‍ത്തികതിരുനാൾ തമ്പുരാട്ടിയായിരുന്നു. അവിടുന്നു 957 ഇടവം 30-ാം൲ നാടുനീങ്ങി. അവിടുത്തെ നാമധേയം പാര്‍വതി എന്നായിരുന്നു എന്നു സദാശിവദീക്ഷിതരുടെ രാമവർമ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിലുള്ള
“പാര്‍വത്യാസ്സുകൃതോദയേന ജഗതീ-
ക്ഷേമായ സദ്വൃദ്ധയേ
ദുഷ്ടാനാമിഹ ശിക്ഷണായ സപുനഃ
സ്കന്ദഃ സുരൈഃ പ്രാര്‍ത്ഥിതഃ
ഭൂത്വാ വഞ്ചിധരാധിപഃ പ്രഥിതയാ
ശക്ത്യാ രിപൂൻ ശിക്ഷയൻ
സുബ്രഹ്മണ്യപദം വ്യനക്തി ഭൂവനേ
ശ്രീരാമവര്‍മ്മാ നൃപഃ''
"യോയം മുക്താമണിർജാതഃ- പാര്‍വതീഗർഭശുക്തിതഃ
സദ്വൃത്തോ ഗുണവാൻ സ്വച്ഛഃ - സ്നിഗ്ദ്ധസ്സോയം വിരാജതേ."
ഇത്യാദിപദ്യങ്ങളിൽനിന്നു മാത്രമല്ല ബാലമാര്‍ത്താണ്ഡവിജയം നാലാമങ്കത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ഗദ്യത്തിൽനിന്നും വെളിവാകുന്നു.
"അത ഏവ ഹി ദേവസ്യ ശ്രീമതീ സോദരീ നിരന്തര വ്രതോപവാസ നിയമതപസ്സമ്പദധിഷ്ഠാന ഭൂതതയാ ഭൂയോപി ദേദീപ്യമാനദേഹശ്രീഃ, മഹിമ്നാ നാമാ ച മഹീധരേന്ദ്രനന്ദിനീ
മനുസ്മാരയന്തീ, കാംക്ഷിതദാനേന കല്പലതികാമതിവര്‍ത്തമാനാ, മൂര്‍ത്തിമതീ ശ്രീപദ്മനാഭാശ്രയഭക്തിരിവ സദാനന്ദമുദ്വേലയന്തീ, ശ്രീപാദനികേതനാരാമമധ്യമിദമധ്യാസ്തേ. ഇയം കില ശ്രീപദ്‌മനാഭഭക്തിലതാലവാല മാനസതയാ ഭഗവതസ്തസ്തലീലാവതാരവിശേഷചരിത പ്രതിപാദക പുരാണജാലപഠനാകിന സഫലീകൃതകര്‍ണ്ണയുഗളോ ചരിതവിന്യസ്തമൃദുള തുളസീമഞ്ജരീ സൗരഭ്യമാഘ്രാതുമിവ തദുപാന്തം നയനഭംഗീമുപനയന്തി, കരകമലവലമാന തുളസിമണിമാലയാ ഭഗവന്നാമാവലി മന്ത്രമാവര്‍ത്തയന്തി, പദ്‌മനാഭപദാരവിന്ദഭജനായ ദിവോവതീർണ്ണാ കാചന സിദ്ധതപസ്വിനീവ വിരാജതേ. കിഞ്ച ദോഹളവിശേഷസമര്‍പ്പണസന്തത കുസുമിതനാനാവിധ ലതാവലീ പരിവേഷ്ടനസംശോഭമാനതരുവരമണ്ഡിതേ ദർശനീയതമേസ്മിന്നാരാമേ ഹൈമന്തികവാസന്തികഗ്രൈഷ്മികവാര്‍ഷികശാരദികാനി ശൈശിരാണി ച വിവിധാനി കുസുമാനി തുളസീപല്ലവജാലാനി ച മാലാരൂപതയാ സ്വകീയകരകമലാഭ്യാമേവ ഗ്രഥിതാനി അന്യാനി വിപ്രകീർണ്ണാനി നാനാവിധാനി പുഷ്പനികരജാലാനി ച ഭഗവച്ഛ്രീപദ്‌മനാഭസ്യ നൃസിംഹരാമഭദ്രശ്രീകൃഷ്ണപ്രമുഖാനാം തദ്വിഭൂതിഭൂതാനാഞ്ചാലങ്കരണാഭ്യർച്ചനാര്‍ത്ഥം പൃഥൿപൃഥൿ പ്രതിദിനം പ്രദദാതി.''
ഈ ഖണ്ഡികയിൽനിന്നു കൊല്ലം 925-നു മുൻപിൽതന്നെ ആ തിരുമേനിക്കു (മാത്താണ്ഡവര്‍മ്മമഹാരാജാവിന്റെ സഹോദരിക്കു) ശ്രീപദ്മനാഭഭക്തി ദൃഢീഭവിച്ചിരുന്നു എന്നും, അവിടുന്നു വ്രതോപവാസാദിനിയമാനുഷ്ഠാനങ്ങളിൽ ബദ്ധശ്രദ്ധയായിരുന്നു എന്നും, ഭഗവന്നാമങ്ങളെ സർവദാ ഉച്ചരിച്ചുകൊണ്ടും ശ്രീപത്മനാഭനും, നരസിംഹസ്വാമി, ശ്രീരാമസ്വാമി, ശ്രീകൃഷ്ണസ്വാമി, മുതലായ ദേവതകൾക്കും അവിടുന്നു ശ്രീപാദംകൊട്ടാരത്തിൽ നട്ടുപിടിപ്പിച്ചിട്ടുള്ള പൂച്ചെടികളിൽനിന്നു പൂവിറുത്തു തന്നെത്താൻ മാലകെട്ടി അലങ്കാരത്തിനും അര്‍ച്ചനത്തിനും അയച്ചുകൊണ്ടും, ഒരു സിദ്ധതപസ്വിനിയെപ്പോലെ കാലയാപനം ചെയ്തു വന്നിരുന്നു എന്നും കാണാവുന്നതാണ്. ശ്രീപാദമെന്നപേർതന്നെ ശ്രീപാദതീർത്ഥം അവിടെച്ചെന്നു വീഴുന്നതുകൊണ്ടാണെന്നു ബാലമാര്‍ത്താണ്ഡവിജയത്തിൽ പ്രസ്താവിച്ചുകാണുന്നു. അത്തരത്തിൽ ഗുണശാലിനിയായ മാതാവിനു് അത്രമാത്രം പ്രഖ്യാതനായ പുത്രൻ ജനിച്ചത് അശേഷം ആശ്ചര്യമല്ല.
പിന്നീടു കവി ഒറ്റക്കല്ലുമണ്ഡപത്തിൽ കയറിച്ചെന്നു ശ്രീപത്മനാഭനെ വന്ദിക്കുവാൻ ചാതകത്തോടു പറയുന്നു.
"അഭ്രച്ഛന്നം പുനരതിതരാം ശുഭ്രതാം ബിഭ്രദാരാ
ദുഷ്പ്രാപാഗ്രം കഥമപി ദൃശാം ക്ഷിപ്രമുല്ലംഘ്യ വപ്രം
വിപ്രൈര്‍വേദാധ്യയനപടുഭിശ്ചാരു വിഭ്രാജമാനം
പദ്മാജാനേഃ പരമഥ പദം പശ്യ നശ്യദ്വിഷാദം''
"കോയം കോയം ഖഗ ഇതി മുദ്രാ വീക്ഷ്യമാണോ വധൂഭി-
സ്തത്രസ്ഥാഭിസ്തദനു ഗഗനാദാദരേണാവതീര്യ
വേഗാദേകോപലവിരചിതം മണ്ഡപം മണ്ഡയിത്വാ
പുണ്യം പുഞ്ജീകൃതമിവ നൃണാം പശ്യ പദ്മാസഹായം".
"മേഘങ്ങളെക്കൊണ്ടു മറഞ്ഞതും അത്യന്തം ധവളവും അഗ്രം കണ്ണുകൾക്കു കണ്ടുകൂടാത്തതും വേദാധ്യയനത്തിൽ സമര്‍ത്ഥന്മാരായ ബ്രാഹ്മണരെക്കൊണ്ടു ശോഭിക്കുന്നതുമായ മതിൽക്കെട്ടു കടന്നു സന്തോഷത്തോടുകൂടി ശ്രീപത്മനാഭന്റെ ക്ഷേത്രം കാണുക. ഇതേതു പക്ഷിയെന്നു അവിടെയുള്ള സ്ത്രീകൾ നിന്നെ ആനന്ദത്തോടുകൂടി നോക്കുമ്പോൾ ആകാശത്തിൽ നിന്നു ഭക്തിപൂർവ്വം ഇറങ്ങി ഒറ്റക്കല്ലാൽ നിര്‍മ്മിതമായ മണ്ഡപത്തിന്നലങ്കാരമായ്ത്തീന്നിട്ടു ജനങ്ങളുടെ പുണ്യപുഞ്ജംപോലെ ശോഭിക്കുന്ന ലക്ഷ്മീപതിയായ ശ്രീപത്മനാഭസ്വാമിയെ ദർശിക്കുക.''
അടുത്തതു് ആ ഭഗവാൻ അത്യുജ്ജ്വലമായ ഒരു വർണ്ണനമാണു്.
"പ്രത്യഗ്രോദ്യദ്ദിനകരശതസ്പർദ്ധിമൂർദ്ധ്നാ കിരീടം
ബിഭ്രാണം തദ്യുതിശബളിതസ്ഥാസകശ്രീലലാടം
ചില്ലീവല്ലീവിലസനപരാഭൂതകല്ലോലമാലം
മല്ലീഫുല്ലോല്ലസിതഹസിതാനന്ദിതാശേഷലോകം;
അർണ്ണോജാക്ഷം മണിമയലസൽകുണ്ഡലദ്വന്ദ്വദീവ്യദ്-
ഗണ്ഡാഭോഗം വദനവിജിതാഗണ്യപൂർണ്ണേന്ദുബിംബം
ശുംഭദ്ഗ്രീവം മരകതമണിസ്തംഭഡംഭാപഹാരി-
ശ്രീമദ്ദോരഞ്ചലമരിഗദാദ്യായുധൈസ്സേവ്യമാനം;
വിസ്തീർണ്ണോരഃസ്ഥലപരിലസച്ചാരുഹാരാഭിരാമം
ശ്രീവത്സാങ്കം ശ്രിതജനകൃപാപൂരപൂർണ്ണാന്തരംഗം
പീതക്ഷൌമം കനകരശനാലാഞ്ഛനം പ്രാഞ്ചിതോരു-
ദ്വന്ദ്വം വൃന്ദാരകപരിഷദാ വന്ദ്യമാനാങ്ഘ്രിപദ്‌മം;
സാന്ദ്രാനന്ദം സജലജലദശ്യാമളം കോമളാംഗം
ശ്രീഭൂമിഭ്യാം ശ്രിതമുഭയതശ്ശേഷഭോഗേശയാനം
ദൃഷ്ട്വാദൃഷ്ട്വാ മുഹുരപി വിധായാഞ്ജലിം പക്ഷതിഭ്യാം
നഷ്ടാശേഷാശുഭസമുദയസ്തുഷ്ടിമന്തർല്ലഭേഥാഃ".
പിന്നെ നരസിംഹസ്വാമി, ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, ശ്രീകൃഷ്ണസ്വാമി മുതലായ ദേവതകളെ വന്ദിച്ചു കിഴക്കേ നടയിൽകൂടി വെളിയിൽകടന്നു തെക്കേത്തെരുവിലെത്തി "ദ്വാരിദ്വാരി സ്വസുഖവിമുഖൈർദ്വാരപാരശൂന്യം" അതായതു ദ്വാരം തോറും തങ്ങളുടെ സുഖത്തെ ഗണിക്കാതെ ഗാട്ടുനില്ക്കുന്ന ശിപായിമാരാൽ രക്ഷിക്കപ്പെടുന്നതും "അധോനിര്‍ഗ്ഗതസ്വര്‍ഗ്ഗതുല്യ" വുമായ കാർത്തികതിരുനാൾ മഹാരാജാവിന്റെ കൊട്ടാരം സന്ദര്‍ശിക്കണം. അവിടെ തിരുമേനിയില്ലെങ്കിൽ പത്മനാഭപുരത്തേക്കു എഴുന്നള്ളിയിരിക്കുമെന്നുള്ളതിനാൽ സന്ദേശഹരൻ അവിടെയും പോകണമെന്നു കവി അഭ്യർത്ഥിക്കുന്നു.
"അസ്തി പ്രാച്യാം ദിശി ഖലു തതഃ പദ്മനാഭാലയാഖ്യം
സഹ്യപ്രസ്ഥേ സകലവിഭവൈഃ പൂരിതം രാജവേശ‌്മ;
യസ്മിൻ വാസഃ കില സുമഹതീം പ്രീതിമസ്യ പ്രസൂതേ;
യൽപ്രാസാദപ്രവരവസതിഃ പ്രേക്ഷിതോഭൂന്മയാ ച."
"കിഴക്കേദിക്കിൽ പത്മനാഭപുരമെന്നു പേരോടുകൂടി സഹ്യപര്‍വതത്തിന്റെ സാനുപ്രദേശത്തിൽ എല്ലാ ഐശ്വര്യങ്ങളേക്കൊണ്ടും പൂർണ്ണമായ ഒരു രാജധാനിയുണ്ട്; അവിടെ താമസിക്കുന്നതിനാണ് തിരുമനസ്സിലേക്കു് അധികം പ്രീതി; അവിടത്തെ മാളികയിൽവച്ചു തന്നെയാകുന്നു ഞാനും മുൻപ് ആ തിരുമേനിയെ കണ്ടതു്." പോളിനസ്സ് പാതിരിയും ഒരവസരത്തിൽ പത്മനാഭപുരത്തു ചെന്നാണു് തിരുമേനിയെ മുഖം കാണിച്ചത് എന്നുള്ളത് ഈ ഘട്ടത്തിൽ സ്‌മരണീയമാകുന്നു. അന്നു തിരുവനന്തപുരത്തു നാഴികമണികൾ ഉണ്ടായിരുന്നു എന്നു് അവയുടെയും മറ്റും ശബ്ദം കേട്ട് ഉണര്‍ന്നു പിറ്റേന്നു കാലത്തു വേഴാമ്പൽ തന്റെ കിഴക്കോട്ടേക്കുള്ള യാത്രയാരംഭിക്കണമെന്നു കവി പറയുന്നതിൽ നിന്നു വിശദമാകുന്നു. ഇതാണ് അവയെപ്പറ്റിയുള്ള ശ്ലോകം.
"താം കസ്മിന്നപ്യുവനതരൌ സംസ്ഥിതസ്ത്വം ത്രിയാമാം
നീത്വാ നീഡസ്ഥിതശുകശതൈസ്സാധു സംഭാവ്യമാനഃ
തേഷാം ഘോഷൈസ്തദനു ഘടികായന്ത്രഘണ്ടാരവൈശ്ച
പ്രാതർഗീതിധ്വനിഭിരപിച ത്യക്തനിദ്രഃ പ്രയാഹി.''
താഴെക്കാണുന്നതു തിരുവനന്തപുരത്തിനടുത്തു കിഴക്കായുള്ള കരമന ബ്രാഹ്മണാഗ്രഹാരത്തിന്റെ വർണ്ണനമാകുന്നു.
"ഗ്രാമം കഞ്ചിന്നരവരഗുണഗ്രാമഗാനവ്രതാനാ-
മപ്യശ്രാന്തം ക്ഷിതിമഖഭുജാം കുര്‍വതാം സാമഗാനം
നദ്യാസ്തീരേ നയനസുഭഗം വീക്ഷ്യ യായാഃ പ്രമോദാ+ ദാശാമൈന്ദ്രീമരുണകിരണൈരാശ്വിവാകൃഷ്യമാണഃ”
"കാര്‍ത്തികതിരുനാൾ തിരുമസ്സിലെ ഗുണസമൂഹങ്ങളെ പതിവായ് കീര്‍ത്തനം ചെയ്യുന്നവരും സാമഗന്മാരുമായ ബ്രാഹ്മണരുടെ നയനാഭിരാമമായ ഒരു ഗ്രാമം (കരമന) ആറ്റിന്റെ കരയിലുണ്ട്. അതു സന്ദർശിച്ചിട്ടു സന്തോഷത്തോടുകൂടി സൂര്യകിരണങ്ങളാൽ ആകർഷിക്കപ്പെടുന്നവനെന്നപോലെ നീ കിഴക്കുദിക്കിലേക്കു പോകുക.'' ആ ഗ്രാമത്തിൽ മഹാരാജാവിന്റെ ആശ്രിതന്മാരായ് പല ബ്രാഹ്മണരുമുണ്ടായിരുന്നു. അവരിൽ ശസ്ത്രശാസ്ത്രങ്ങൾ രണ്ടിലും തിരുമനസ്സിലെ സതീര്‍ത്ഥ്യനായിരുന്ന ഭൂതലംഗശാസ്ത്രികൾ കായംകുളം യുദ്ധത്തിൽ അവിടുത്തെ അനുഗമിക്കുകയും വിഷലിപ്തമായ ഒരു ബാണം തിരുമേനിയുടെ ദേഹത്തിൽ കൊണ്ടു മോഹാലസ്യമുണ്ടായപ്പോൾ അവിടുത്തെ തോളിൽ എടുത്തു ചുമക്കുകയും ചെയ്തയാൽ തൃക്കൈയിൽനിന്നു വളരെ സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു എന്ന് ഐതിഹ്യമുണ്ടു്. ഇന്നും അദ്ദേഹത്തിന്റെ കുടുംബക്കാർ കരമൊഴിവായ് അക്കാലത്തു കിട്ടിയ വസ്തുക്കൾ അനുഭവിച്ചു വരുന്നു.
അടുത്ത ശ്ലോകം രസകരമാണു്.
"സന്ദേശാര്‍ത്ഥാൻ മനസി ശതശോ ധാരയന്തസ്തദാനീം
സന്ദ്രഷ്ടും തം ത്വരിതഗതയശ്ചാപി പത്രം വഹന്തഃ
ആഗച്ഛന്തോ വിഹഗ, ബഹവസ്തത്ര ദേശാന്തരേഭ്യഃ
കുര്‍വ്വന്ത്യോഘാ ഭവദനുഗതിം സ്പർദ്ധയേവ സ്പശാനാം"
"സന്ദേശാർത്ഥങ്ങളെ മനസ്സിൽ ധരിച്ചുകൊണ്ടും, പത്രം (എഴുത്തെന്നും, ചാതകപക്ഷത്തിൽ ചിറകെന്നും) വഹിച്ചുകൊണ്ടും ദേശാന്തരങ്ങളിൽനിന്നു അനവധി ചാരന്മാരുടെ സംഘം നിന്നിൽ സ്പർദ്ധയോടുകൂടി എന്നപോലെ നിന്നെ ആ സമയം അനുഗമിക്കും."
അതു കഴിഞ്ഞു നെയ്യാറ്റിൻകര കൃഷ്ണസ്വാമിയേയും പാറശ്ശാല മഹാദേവരേയും ഭജിച്ചു കുഴിത്തുറയ്ക്കു പോകണമെന്നു നമ്പൂരി താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ നിർദ്ദേശിക്കുന്നു:
"നത്വാ ദേവം നിഖിലജഗതീപാലകം ബാലകൃഷ്ണം
ബദ്ധാമോദഃ പഥി ഘൃതധുനീകൂലദേശേ വസന്തം
പ്രേക്ഷസ്വാരാൽ പ്രതിനവതരം ഭദ്ര! തത്രാപ്യുദാരം
വിപ്രാഗാരൈർവിപണിഭിരപി ഭ്രാജിതം രാജവേശ്മ.
ധൂമസ്തോമൈർദ്ധൃതപരിമളൈസ്തത്ര ധാത്രീസുരാണാം
ഹോമോദ്ഭൂതൈര്‍ന്നവരവികരസ്പർശനാദ്ദർശനീയൈഃ
ഉത്സര്‍പ്പദ്ഭിർജ്ജലദനികരൈസ്സേന്ദ്രചാപൈരിവ ത്വം
ദൂരാദേവ ക്ഷിതിപതിയശോഹേതുഭിഃ പാവിതസ്സ്യാഃ
തഞ്ചോത്തീർണ്ണോ ഝടിതി മഹിതം മന്ദിരം ചന്ദ്രമൌലേ-
രുല്ലംഘ്യാസ്മാൽ പരമഥപുരീം നിമ്‌നവേദീം നദീം ച
പ്രാചീമേവ പ്രതിചല ദിശം യാപയന്നധ്വഖേദം
സ്ഥിത്വാ സ്ഥിത്വാ പഥി നിരവകാശേഷു താലദ്രുമേഷു"
"വഴിയിൽ സന്തോഷത്തോടുകൂടി സകലലോകപാലകനായ നെയ്യാറ്റിൻകര ബാലകൃഷ്ണഭഗവാനെ നീ വന്ദിക്കണം; ചുറ്റും ബ്രാഹ്മണഗൃഹങ്ങളെക്കൊണ്ടും അങ്ങാടികളെക്കൊണ്ടും ശോഭിക്കുന്ന പുതിയ കൊട്ടാരത്തേയും ദർശിക്കണം. അവിടെ ബ്രാഹ്മണരുടെ ഹോമകുണ്ഡങ്ങളിൽനിന്നു പ്രാതഃകാലത്തിൽ പരിമളത്തോടുകൂടി ഉയരുന്ന ധൂമകദംബങ്ങൾ ബാലസൂര്യന്റെ കിരണങ്ങൾ തട്ടി ദർശനീയങ്ങളായ് ഇന്ദ്രചാപ
ങ്ങളണിഞ്ഞ മേഘനികരങ്ങളെന്നപോലെ ശോഭിക്കുന്നുണ്ടാകും; മഹാരാജാവിന്റെ യശസ്സിനു ഹേതുഭൂതങ്ങളായ അവയാൽ നീ പവിത്രീകൃതനാകുക. അതുകഴിഞ്ഞു (പാറശ്ശാല) മഹാദേവരുടെ പ്രസിദ്ധമായ ക്ഷേത്രത്തേയും കടന്നു കുഴിത്തുറ (കുഴിത്തറ = നിമ്നവേദി)യും കുഴിത്തുറയാറും അതിലംഘിച്ചു തിങ്ങിനില്ക്കുന്ന പനകളിൽ ഇരുന്നു മാര്‍ഗ്ഗശ്രമം തീര്‍ത്തു പിന്നെയും കിഴക്കോട്ടു നോക്കിപ്പോകുക.
അതിനപ്പുറം കുന്നു കേറുകയും സൂക്ഷിച്ചു പോകുകയും വേണമെന്നു കവി താഴെക്കാണുന്ന പദ്യത്തിൽ ഉപദേശിക്കുന്നു.
"ഗന്തവ്യം വൈ ഗഗനചര, തേ തൽപരം കിഞ്ചിദുച്ചൈഃ
പ്രീത്യാം സത്യാമപി നതിശതൈർദ്ദേവതാനാം നികാമം;
തസ്മിൻ ദേശേ തരസരസികാസ്സന്തി കേചിന്നൃശംസാ-
സ്തേഷാം മാമാ ജഠരദഹനസ്യാതിഥിത്വം ഗതോഭൂഃ''
"അതിനുമേൽ നീ അനേകം നമസ്കൃതികൾകൊണ്ടു ദേവതകളുടെ പ്രീതി ധാരാളമായ് സമ്പാദിക്കാമെങ്കിലും നിനക്കു കുറെ കേറ്റം തന്നെ കേറേണ്ടതായുണ്ടു്. അവിടെ (മുളകുമൂടു മുതലായ സ്ഥലങ്ങളിൽ) മാംസരസികന്മാരായ ചില ഘാതകന്മാരുണ്ട്; അവരുടെ ജഠരാഗ്‌നിക്കു നീ ഒരിക്കലും ആഹാരമാകരുതു്.''
പിന്നീടു സഹ്യപർവ്വതത്തെ സന്ദര്‍ശിച്ച് അതിന്റെ പാദത്തിൽ ഗീതവാദ്യഘോഷങ്ങളെക്കൊണ്ടു ശിഞ്ജാനമായ മഞ്ജീരം പോലെ ശോഭിക്കുന്ന പത്മനാഭപുരത്തെത്തണം.
"അത്രാത്രേതി പ്രതിപദമഥ പ്രാപ്യ ദൂരാൽ പ്രതീതിം
ഗത്വാ തസ്മാൽ പുനരപി ജവേനൈവ ഗവ്യുതിമാത്രം
പ്രാകാരഞ്ച പ്രസഭമതിലംഘ്യോന്നതം നന്ദിതാത്മാ
വന്ദസ്വാരാദ്വിഹിതവസതിം രാഘവം മേഘവർണ്ണം.
സ്ഥിത്വാ കഞ്ചിൽക്ഷണമഭിനവം വീക്ഷ്യ തദ്ധാമ രമ്യം
ത്യക്ത്വാ മാര്‍ഗ്ഗശ്രമമപി ശനൈസ്സേവിതസ്സഹ്യവാതൈഃ
ഉൽപത്യാസ്മാദുപരി നിതരാവുന്നതെസൌധശൃങ്ഗേ
തിഷ്ഠൻ ദൃഷ്ട്യോരനുഭവ ഫലം വീക്ഷ്യ ശോഭാം പുരസ്യ.''
"ഇതാ ഇതാ എന്നു പദംതോറും തോന്നുമെങ്കിലും ഗവ്യുതി (രണ്ടുനാഴിക) യോളം ദൂരത്തുചെന്നാൽ മാത്രമെ പത്മനാഭപുരത്തു കോട്ടയിൽ എത്തുവാൻ തരപ്പെടുകയുള്ളു. ഉന്നതമായ ആ പ്രാകാരം ഉല്ലംഘിച്ചു്
അകത്തുചെന്നു മേഘവർണ്ണനായ ശ്രീരാമസ്വാമിയെ വന്ദിക്കണം.'' ഈ ക്ഷേത്രം മാർത്താണ്ഡവര്‍മ്മമഹാരാജാവു് പ്രതിഷ്ഠിച്ചതാണു്. "പുതിയതായ ആ ക്ഷേത്രം സന്ദശിച്ച് സഹ്യപര്‍വതത്തിൽനിന്നു വരുന്ന കാറ്റേറ്റു മാര്‍ഗ്ഗശ്രമം ശമിപ്പിച്ചു് ഉയര്‍ന്ന മാളികയുടെ മുകളിൽ പറന്നുകേറി ഇരുന്നുകൊണ്ടു പത്മനാഭപുരം പട്ടണത്തിന്റെ ശോഭകണ്ടു നയനങ്ങളെ സഫലീഭവിപ്പിക്കുക.''
ചുവടെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ കവി ആ പട്ടണത്തെ വർണ്ണിക്കുന്നു.
"വിപ്രഗാരാണ്യലമവിരളാന്യേകതോന്യത്ര തദ്വദ്-
ഭൃത്യാഗാരാണ്യപിച കുഹചിന്മന്ത്രിണാം മന്ദിരാണി
ദേവാഗാരം കുഹചന തഥാ ചൈത്യമന്യത്രഭാഗേ
വേശ്യാവേശ്മാന്യപരത ഇതോ വൈശ്യശാലാശതാനി.
കോശാഗാരം കുഹചന പുനഃ കുത്രചിച്ഛസ്ത്രശാലാ;
മന്ത്രാഗാരം ക്വചന പരതോ മന്ദുരാണാം ബഹൂനി;
ഭൂഷാഗാരം ക്വചിദപരതോ ഭുക്തിശാലാ വിശാലാ-
സ്സൌധാസ്തുംഗാഃ ക്വ ചിദപരതസ്സൈന്യശാലാശതാനി.
കാസാരാശ്ച ക്വചന വിമലൈരംബുഭിഃ പൂര്യമാണാ-
ഫുല്ലാമോദിപ്രസവസുഭഗാഃ കുത്രചിന്നിഷ്കടാശ്ച;
രംഭാകരക്രമുകുനികരാശ്ചാപി കുത്രാപി യസ്‌മിൻ;
വക്തും നായം പ്രഭവതി ജനോ ഭൂരിതാം ചാരുതായാഃ
ദൃഷ്ട്വാ താംസ്താൻ മുഹുരിതരതഃ ക്വാപ്യദൃഷ്ടാൻ പദാർത്ഥാം-
സ്തത്രൈവ ത്വം കമപി സമയം തിഷ്ഠ ഹൃഷ്ടാന്തരാത്മാ;
വ്യായാമാര്‍ത്ഥം തദനു വിശിഖാചാരിണാം മാ ഹയാനാം
ഹര്‍ഷോദ്ഭൂതൈസ്തദപി പരുഷൈർഹേഷിതൈർഭീഷിതോ ഭൂഃ"
"അവിടെ ഒരു ദിക്കിൽ ബ്രാഹ്മണരുടെ ഇടതിങ്ങിയുള്ള അഗ്രഹാരങ്ങളുണ്ടു്; മറ്റൊരുദിക്കിൽ ഭൃത്യഗൃഹങ്ങളുണ്ടു്; വേറിട്ടൊരു ദിക്കിൽ മന്ത്രിമാരുടെ ഭവനങ്ങളുണ്ടു്; ഇനിയൊരുദിക്കിൽ ക്ഷേത്രമുണ്ടു്; പിന്നീടൊരു ദിക്കിൽ അബ്രാഹ്മണരുടെ ദേവാലയമുണ്ട് ; വേശ്യാഗൃഹങ്ങളുണ്ട്; ചെട്ടിത്തെരുവുകളുണ്ടു്; ഭണ്ഡാരമുണ്ട്; ആയുധശാലയുണ്ടു്; മന്ത്രമണ്ഡപമുണ്ടു്; അനവധി ലായങ്ങളുണ്ടു്; കരുവേലപ്പുരകളുണ്ട്; ഊട്ടുപുരകളുണ്ടു്, ഉന്നതങ്ങളായ വെൺമാടങ്ങളുണ്ട്, പാളയങ്ങളുണ്ടു്; ശുദ്ധജലത്താൽ പൂർണ്ണങ്ങളായ പൊയ്തകളുണ്ടു്; മണമുള്ള പൂക്കൾ വിരിയുന്ന പൂങ്കാവുകളുണ്ടു്; വാഴകളുണ്ടു്; തെങ്ങുകളുണ്ടു്; കവുങ്ങുകളുണ്ടു് :- കിം ബഹുനാ? ആ നഗരത്തിന്റെ മനോഹരതയുടെ ആധിക്യത്തെപ്പറ്റി പറവാൻ ഈയുള്ളവനെക്കൊണ്ടു കഴിയുന്നതല്ലതന്നെ. അവിടെ അന്യദിക്കുകളിൽ കാണാത്തതായ പല പദാർത്ഥങ്ങളെ അങ്ങിങ്ങു കണ്ടുകൊണ്ടു സന്തുഷ്ടഹൃദയനായ് നീ കുറെ സമയം കഴിച്ചുകൂട്ടണം. വ്യായാമത്തിനായ് റോഡ്ഡിൽകൂടി സഞ്ചരിക്കുന്ന കുതിരകളുടെ സന്തോഷംകൊണ്ടുണ്ടാകുന്നവയെങ്കിലും കഠോരങ്ങളായ ഹേഷാരവങ്ങൾ കേട്ടു പേടിച്ചു പോകരുതു്." എത്ര മനോഹരമായ വർണ്ണനം! എത്ര പുളകോൽഗമകാരിയായ ചിത്രണം! ഈ പത്മനാഭപുരം ഇന്നു ശോച്യവും വാച്യവുമായ ഒരു ദശാവിശേഷത്താൽ വലയിതമായിരിക്കുന്നു. മലമ്പനിയുടെ വാസസ്ഥാനമായ് തീർന്നിരിക്കുന്ന ഇവിടം വിട്ടു വളരെക്കാലമായ് ജനങ്ങൾ അന്യദിക്കുകളെ ശരണം പ്രാപിക്കുന്നു. ഈ ചരിത്രപവിത്രമായ നഗരത്തിന്റെ മഹിമ അസ്തമിതപ്രായമായി; ഇതിന്റെ പൂര്‍വപുണ്യം ക്ഷയിച്ചു. ഒട്ടുവളരെ അമൂല്യങ്ങളായ റിക്കാർട്ടുകളും ഒട്ടധികം ബഹുലസംഭവങ്ങളായ കെട്ടിടങ്ങളും കുറേക്കൊല്ലങ്ങൾക്കുമുൻപു ഭാവനാദേവിയുടെ അനുഗ്രഹം നേടുവാൻ ഭാഗ്യമില്ലാതെയിരുന്ന ചില അധികാരികൾ നിഷ്കാരണം- നിഷ്കരുണം നശിപ്പിക്കുകയുണ്ടായി എന്നുള്ള മര്‍മ്മഭേദകമായ വസ്തുതയും ഈ സന്ദർഭത്തിൽ രേഖപ്പെടുത്തേണ്ടതു ചരിത്രകാരന്റെ സങ്കടകരമായ ധര്‍മ്മമാകുന്നു.
തദനന്തരം കവി കാര്‍ത്തികതിരുനാൾ തിരുമേനിയെ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ വര്‍ണ്ണിക്കുന്നു.
"കിഞ്ചിത്തസ്മാദഥ സമവരുാഹ്യാശ്രിതസ്തദ്വിടങ്കം
ജാലദ്വാരപ്രഹിതനയനോ ഭാസമാനം സകാശേ
തൃഷ്ണാഭ്രാമ്യൽസകലഹരിണീനേത്രമുഗ്രപ്രതാപം
പശ്യ ഗ്രൈഷ്‌മം ദിനമിവ മഹായാമമച്ഛാംബരഞ്ച;
നാനാരത്നാഭരണകിരണൈർദ്ദര്‍ന്നിരീക്ഷ്യം ക്ഷിതീന്ദ്രം
ദീനത്രാണേ നിയതഹൃദയം നീതിമാര്‍ഗ്ഗേ ചരന്തം
ഭാസ്വദ്രത്നപ്രകരഖചിതേ ഭിത്തിഭാഗേ സ്ഫുരദ്ഭിർ-
ബിംബൌഘൈസ്സ്വൈരപി മതിമതാം ഭ്രാന്തിമുൽപാദയന്തം;
സത്യാസീനം ഗതമപിഭുവം സംസ്ഥിതം കേരളേഷ്വ-
പ്യഭ്യാശസ്ഥൈർബഹുഭിരനിശം മാഗധൈഃ സ്തൂയമാനം
ധീരോദാത്തം തദപി ലളിതഞ്ചാപി ശാന്തം നിതാന്തം
ബദ്ധാമര്‍ഷേഷ്വര സമുദയേഷൂദ്ധതഞ്ചാതിമാത്രം;
ശാസ്ത്രാലോകപ്രവണമതിഭിർവാച്യമാനേതിഹാസ-
വ്യാഖ്യാലേഖ്യാദിഭിരവിരതം പണ്ഡിതൈര്‍മ്മണ്ഡിതാന്തം
കാരുണ്യാർദ്രം കരയുഗലസച്ഛൃംഖലാകങ്കണാങ്കൈ-
രസ്താതങ്കൈരപി പരിജനൈസ്സേവ്യമാനം സമന്താൽ;
ദ്രഷ്ടും ദേശാന്തരവസതിഭിസ്സാനുഗൈര്‍മ്മാനനീയൈ-
രഭ്യായാതൈര്‍ന്നൃപതിഭിരശൂനിയകൃതോപാന്തഭാഗം
ഭുക്തിപ്രീതൈരപിച ബഹുഭിർഭൂസുരൈസ്താരതാരം
സസ്ത്രീബാലൈര്‍മ്മുഹുരപി ബഹിർഗ്ഗീയമാനാപദാനം".
"അവിടെ നിന്നിറങ്ങി ഒരു കിളിവാതലിൽ ഇരുന്നുകൊണ്ടു് വെളിയിലേക്കു നോക്കിയാൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് എഴുന്നള്ളുന്നതു നിനക്കു കാണാം. അവിടുന്നു ഗ്രീഷ്മദിനം പോലെ എല്ലാ ഹരിണികൾക്കും (പേടമാനെന്നും ചിത്രിണി എന്ന ഇനത്തിൽ പെട്ട സുന്ദരിയെന്നും) തൃഷ്ണയെ (പിപാസയെന്നും കാമാവേശമെന്നും) ജനിപ്പിക്കുന്നവനും ഉഗ്രപ്രതാപനും മഹായാമനും (നീണ്ട യാമമുള്ളതെന്നും ആയതദേഹനെന്നും) അച്ഛാംബരനും (സ്വച്ഛമായ ആകാശത്തോടുകൂടിയതെന്നും വസ്ത്രത്തോടുകൂടിയവനെന്നും) ആണു് തിരുമേനി. പല മാതിരിയിലുള്ള രത്നാഭരണങ്ങളുടെ പ്രകാശം കൊണ്ടു ദുര്‍ന്നിരീക്ഷ്യനാകുന്നു; ദീനന്മാരെ രക്ഷിക്കുന്നതിൽ അചഞ്ചലവ്രതനാകുന്നു; നീതിമാര്‍ഗ്ഗത്തിൽ ചരിക്കുന്നു; രത്നസമൂഹങ്ങൾ പതിച്ചിട്ടുള്ള ഭിത്തികളിൽ തന്റെ പ്രതികൃതി പ്രകടീഭവിക്കുക നിമിത്തം മതിമാന്മാര്‍ക്കുകൂടി ഭ്രാന്തിയെ ഉൽപാദിപ്പിക്കുന്നു; ഭൂമിയിൽ ജീവിക്കുന്നു എങ്കിലും സത്യത്തിൽ (സത്യലോകത്തിലെന്നുമര്‍ത്ഥം) സ്ഥിതി ചെയ്യുന്നു; കേരളത്തിൽ നിവസിക്കുന്നു എങ്കിലും സമീപസ്ഥന്മാരായ അനേകം മാഗധന്മാരാൽ വന്ദിക്കപ്പെടുന്നു (മഗധദേശക്കാരെന്നുമർത്ഥം); അവിടുന്നു ധീരോദാത്തനാണു്; ധീരലളിതനാണു്; ധീരശാന്തനുമാണ്; ക്രുദ്ധന്മാരായ ശത്രുക്കളുടെ വിഷയത്തിൽ അത്യന്തം ധീരോദ്ധതൻ കൂടിയാണു്; ശാസ്ത്രനിഷ്ണാതന്മാരായ പണ്ഡിതന്മാർ അടുത്തിരുന്നു തങ്ങളുടെ ഇതിഹാസങ്ങൾ, വ്യാഖ്യാനങ്ങൾ, കൃതികൾ ഇവ അവിടുത്തെ വായിച്ചു
കേൾപ്പിക്കുന്നു ആ തമ്പുരാൻ കാരുണ്യശാലിയാണ്; തിരുമേനിയുടെ പക്കൽനിന്നു പാരിതോഷികമായ് ലഭിച്ച വീരശൃംഖല, മുടുകു, മുതലായ ആഭരണങ്ങൾ രണ്ടുകൈയിലും അണിഞ്ഞുകൊണ്ടു സന്തുഷ്ടചിത്തന്മാരായ പരിചാരകന്മാർ അവിടുത്തെ ചുറ്റും നിൽക്കുന്നു; അന്യദേശങ്ങളിൽ നിന്നു് അനുചരന്മാരോടുകൂടി മുഖം കാണിക്കുന്നതിനായ് വരുന്ന മാനനീയന്മാരായ രാജാക്കന്മാർ എല്ലായ് പോഴും സമീപത്തിലുണ്ടു്. ഭുക്തികൊണ്ടു പ്രീതരായ ബ്രാഹ്മണർ സ്ത്രീകളോടും കുഞ്ഞുങ്ങളോടുംകൂടി അവിടുത്തെ അപദാനങ്ങളെ ഉച്ചെസ്തരം ഗാനംചെയ്യുന്നു."
അവിടത്തെ ശിവക്ഷേത്രം സന്ദർശിക്കുവാൻ അനന്തരം കവി ചാതകത്തെ പ്രേരിപ്പിക്കുന്നു.
"അസ്ത്യേതസ്മിൻ മഹദിവ മഹാകാളവേശ്മോജ്ജയിന്യാം
ശൈവം ദേവായതനമനഘം നീലകണ്ഠാലയാഖ്യം;
തത്രാസീനം സപദി സമുപേത്യാഥ ദേവഞ്ച ദേവീ-
മാസേവേഥാ ഹൃദി സമുദിതാനന്ദമാനന്ദവല്ലീം”.
"ഈ പത്മനാഭപുരത്തിൽ ഉജ്ജയിനിയിൽ മഹാകാളക്ഷേത്രം പോലെ പാവനമായ് നീലകണ്ഠസ്വാമികോവിൽ എന്ന പേരോടുകൂടി ഒരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിലെ ദേവനായ മഹാദേവനേയും ദേവിയായ ആനന്ദവല്ലിയേയും നീ സന്തോഷത്തോടുകൂടി സേവിക്കണം".
പത്മനാഭപുരത്തിനപ്പുറവും ചതകത്തിനു ദേവതാഭജനത്തിനു വേണ്ടി പോകണമെങ്കിൽ പോകുന്നതിനു നമ്പൂരി അനുമതി നൽകുന്നു.
"നാഗക്ഷേത്രം പുനരഥ ശുചീന്ദ്രം കുമാരീപുരഞ്ച
ത്രീണീത്യസ്‌മാൽ പരമതിതരാമുത്തമാനി ബ്രുവന്തി;
താന്യപ്യാസേവിതുമഭിരുചിര്യദ്യമന്ദം പ്രയാഹി;
ക്ഷീണേ പാപ്‌മന്യപി ന വിഫലാ ദേവതാനാം പ്രസാദാഃ;"
"നാഗർകോവിൽ, ശുചീന്ദ്രം, കന്യാകുമാരി ഈ മൂന്നു ക്ഷേത്രങ്ങളും നീലകണ്ഠസ്വാമികോവിലിനപ്പുറത്ത് അത്യുത്തമങ്ങളാണെന്നു കേൾവിയുണ്ടു്. അതുകൊണ്ടു് അവിടങ്ങളിൽകൂടി ചെന്നു സ്വാമിദർശനം ചെയ്യണമെന്നു നിനക്കു ആഗ്രഹമുണ്ടെങ്കിൽ വേഗത്തിൽ ചെല്ലുക. പാപം ക്ഷയിച്ചാലും ദേവതകളുടെ പ്രസാദങ്ങൾ നിഷ്‌ഫലങ്ങളാകുന്നതല്ലല്ലോ.”
പിന്നീടു തിരിച്ചു പത്മനാഭപുരത്തേക്കു വന്നു തിരുമേനിയെക്കണ്ടു ചാതകം ശ്രീപത്മനാഭനെ സ്തുതിച്ചുകൊണ്ടു സന്ദേശമാരംഭിക്കുവാൻ കവി ഉപദേശിക്കുന്നു.
"നീലം വർണേ നിഖിലജഗതാം മൂലമംസേ വിശാലം
നീലാബ്ജാഭം ദൃശി ച കൃപയാ ലോലമപ്യന്തരംഗേ
സ്യാനന്ദൂരേ സകലവിപദാം ഭഞ്ജനേ ഭാസമാനം
ഭൂയാത്തേജോ ഭുജഗശയനം ഭൂയസേ ശ്രേയസേ വഃ''
"നിറംകൊണ്ടു നീലമായും സകലജഗത്തുകൾക്കും മൂലമായും വിശാലമായ തോളോടും കരിംകൂവളപ്പൂവോടിടഞ്ഞ കണ്ണോടും കൂടിയതായും ഹൃദയത്തിൽ കരുണാവിവശമായും എല്ലാ വിപത്തുകളേയും നശിപ്പിക്കുന്ന തിരുവനന്തപുരത്തു ഭാസിക്കുന്നതായുമുള്ള ആ സര്‍പ്പതല്പമായ ജ്യോതിസ്സു നിന്തിരുവടിക്കു ഭൂരിശ്രേയസ്സു നല്കുമാറാകട്ടെ.'' അപ്പോൾ പക്ഷിയെ മഹാരാജാവു കരുണയോടുകൂടി നോക്കുമെന്നും ഉടൻ താനാരെന്നറിയിക്കണമെന്നും കവി പറയുന്നു.
"വിദ്വച്ചേതഃകുമുദവിസരാമോദമാതന്വതീയം
സദ്യോമീലദ്വിമതനൃപതിവ്രാതഹസ്താരവിന്ദാ
താപോത്താമ്യൽപ്രതിഭടവധൂചക്രവാകീ നികാമം
കീർത്തിജ്യോത്സ്‌നാ തവ വിജയതേ രാജരാകാശശാങ്ക.
മാം ജാനീഹി പ്രകൃതികൃപണം ജന്മിനാമന്ത്യമേതം
ജാതം ജാതൌ ബത! ബഹുതരൈഃ പാതകൈശ്ചാതകാനാം;
ക്ഷുത്തൃഷ്ണാഭ്യാം ഭൃശമവിരതം പീഡിതോപ്യാപ്രസാദാ-
ദംഭോദാനാം കഥമപി ശുചാ ജീവിതം യോ ബിഭർത്തി.
അംഗീകുർവന്നനുദിനമിമാമസ് മദീയാമവസ്ഥാ-
മാസ്തേ യസ്തേ നൃപവര, കൃപാപൂരകാംക്ഷീ ദ്വിജന്മാ
ആധിവ്യാധിപ്രഭൃതിഭിരതീവാക്ഷമേണ പ്രണേതും
തേനേദാനീം പ്രതിനിധിരഹം പ്രേഷിതസ്ത്വൽസകാശം"
"അല്ലയോ മഹാരാജാവാകുന്ന പൂർണ്ണചന്ദ്ര, വിദ്വാന്മാരുടെ ഹൃദയങ്ങളാകുന്ന ആമ്പലുകളെ വിടർത്തുന്നതും, ശത്രുക്കളുടെ കരങ്ങളാകുന്ന താമരപ്പൂക്കളെ ഉടനടി മുകളീകരിക്കുന്നതും. അവരുടെ വധുക്കളാകുന്ന ചക്രവാകികളെ സന്താപംകൊണ്ടു ക്ഷീണിപ്പിക്കുന്നതുമായ അവിടുത്തെ കീർത്തിയാകുന്ന പൂനിലാവു സർവോൽകര്‍ഷsണ വർത്തിക്കുന്നു. നിന്തിരുവടി എന്നെ പ്രകൃത്യാ കൃപണവും പ്രാണികളിൽവച്ചു താണതും
അനവധി പാതകങ്ങൾ ചെയ്യുക നിമിത്തം ചാതകങ്ങളുടെ ജാതിയിൽ ജനിച്ചതുമായ ഒരു ജന്തുവെന്ന് അറിഞ്ഞാലും. വിശപ്പിനാലും ദാഹത്താലും എല്ലായ്പോഴും അത്യന്തം പീഡിതനാണെങ്കിലും ഞാൻ ജലം വര്‍ഷിക്കുന്ന മേഘങ്ങൾ പ്രസാദിക്കുന്നതുവരെയും കഷ്ടപ്പെട്ടു വ്യസനത്തോടുകൂടി പ്രാണസന്ധാരണം ചെയ്യുന്നു. എന്റെ അവസ്ഥയെ എന്നും അംഗീകരിച്ചുകൊണ്ടു് അവിടുത്തെ കൃപാപൂരത്തെ കാംക്ഷിച്ചു് ഒരു ബ്രാഹ്മണൻ ജീവിക്കുന്നുണ്ടു്. ആധി വ്യാധി മുതലായവകൊണ്ടു് നേരിട്ട് ഇവിടത്തോളം വന്നു തിരുമേനിയെക്കണ്ടു യാചിക്കുവാൻ അശക്തനായ അദ്ദേഹം എന്നെ അവിടുത്തെ സമീപത്തിൽ പ്രതിനിധിയായ് അയച്ചിരിക്കുന്നു."
പിന്നീടു തന്റെ സന്ദേശം എന്തെന്നു അറിയിക്കുവാൻ കവി പ്രാര്‍ത്ഥിക്കുന്നു.
"രാജേന്ദ്ര ത്വം ജയജയ ദയാവാരിധേ, രാമവര്‍മ്മൻ,
രാജന്യാനാം മകുടമണിഭിർല്ലീഢപാദാബ്ജപീഠം;
ഉര്‍വീമേനാമുദധിവലയാം പാലയന്നായുഗാന്തം
ഗുര്‍വീം രാജശ്രിയമനുഭവൻ ജീവ ദൈവപ്രസാദാൽ.
യസ്ത്വാമേത്യ പ്രഥമമമൃതസ്യന്ദിഭിസ്ത്വദ്വാചോഭിഃ
സ്ഥാതും പാർശ്വേ കതിപയദിനാന്യാത്തമോദം നിയുക്തഃ
വസ്ത്രം വാഞ്ചശതമവസരം സോഹമപ്രാപ്യ ദൈവാദ് -
ഗ്രസ്തോരോഗൈർബഹുഭിരധുനാ ഗേഹമേവാഗതോസ്മി.
യത്നൌഘൈരപ്യസുലഭതയാ യദ്വസൂനാമിദാനീം
വൃത്തിം നിവര്‍ത്തയിതുമപിനോ ലക്ഷ്യതേ കോപ്യുപായഃ;
തസ്‌മാദസ്മാദനിതരഗതീൻ പ്രത്യമൂനാര്‍ത്തബന്ധോ,
പൃഥ്വീപാല, പ്രസരതു ജവാൽ കാപി ദൃഷ്ടിർദയാർദ്രാ.
അപ്യപ്രാപ്താഃ പരിണയകഥാം സന്തി ഹന്ത! സ്വസാര-
സ്തിസ്രോ ഭാഗേ മമ തു വയസോ മധ്യമേ വര്‍ത്തമാനാഃ;
വാർദ്ധക്യാര്‍ത്താ വിവശമനസഃ പഞ്ചഷാ മാതരശ്ച;
ഭ്രാതൃദ്വന്ദ്വം പിതുരുപരതസ്യാപി താപാഭിഭൂതം
അത്യാതങ്കവ്യഥിതമനസസ്താശ്ച തൗ ച ത്വദീയാ-
യത്സത്യം തദ്ഭരണവിധയേ നാഹമീശോഭവാമി;
മാഞ്ചോദഞ്ചദ്വ്യഥമശരണം മൽകുടുംബഞ്ച തസ്മാ-
ന്മത്വാത്മീയം മനസി കൃപയാ പാലയ ത്വം കൃപാലോ.
ദത്വാ പൂര്‍വൈഃ കഥമപി ചിരേണാർജ്ജിതം താവദര്‍ത്ഥം
ശാന്തിം നേതും ജഠരദഹനം ചിന്ത്യതേ കോപി പന്ഥാഃ;
താവദ്ദൂതാ ഇവ പിതൃപതേര്‍വിത്തസത്താം വിശങ്ക്യ
ക്രുദ്ധാഃ കേചിൽ കടുതരഗിരാ ഹന്തി സന്ത്രാസയന്തി.
ചന്ദ്രം ഹിത്വാ ക ഇവ ശരണം സ്യാച്ചകോരാവലിനാം?
കാരുണ്യാബ്ധേ! ജലധരമൃതേ കാഗതിശ്ചാതകാനാം?
മാസം പുഷ്പാകരമപി വിനാ കോവലംബഃ പികാനാം?
മന്യേ തദ്വന്മഹിതമഹിമൻ, നാന്യദാലംബനം നഃ
ദാരിദ്ര്യാഖ്യേ സുമഹതി മരൌ ശോകഭാരം വഹന്തോ
ധാവന്തശ്ച പ്രതിദിനമവിശ്രാന്തിമന്തോ നിതാന്തം
ഭൂഭൃന്മൌലേ, തവ ഭുജതരുച്ഛായയാ നഷ്ടതാപാ-
സ്സന്തിഷ്ഠന്തേ കതി ന കൃതിനസ്സന്തതം ത്വത്സകാശേ!
വാചാലോയം ദ്വിജ ഇതി മതിം മാകൃഥാ മയ്യനാഥേ;
സന്താപോയം മുഖരയതി മാം ഹന്ത! ദാരിദ്ര്യജന്മാ;
ഇത്യാദ്യേവ പ്രവദതി സ ഇത്യേതദാകർണ്യ ഭൂയ-
സ്സഞ്ചിന്ത്യാസൗ ഹൃദി യദുചിതം തൽ കരോതു ക്ഷിതീശഃ"
"അല്ലയോ ദയാവാരിധിയായ രാമവർമ്മമഹാരാജാവേ, രാജാക്കന്മാരുടെ കിരീടരത്നങ്ങൾ കൊണ്ടു തുടയ്ക്കപ്പെട്ട പാദാബ്ജപീഠത്തോടുകൂടിയ നിന്തിരുവടി ജയിച്ചാലും! ജയിച്ചാലും! സാഗരപരീതയായ ഈ ഭൂമിയെ പാലിച്ചുകൊണ്ടും മഹതിയായ രാജലക്ഷ്മിയെ അനുഭവിച്ചു കൊണ്ടും അവിടുന്ന് ഈശ്വരകാരുണ്യംകൊണ്ടു കല്‌പാന്തകാലംവരെ ജീവിച്ചാലും." ഈ ശ്ലോകം കഴിഞ്ഞു കവി താൻ മുൻപു മഹാരാജാവിനേക്കണ്ടതും, കുറേക്കാലം എഴുന്നള്ളത്തോടുകൂടിത്താമസിക്കുവാൻ അവിടുന്നു കല്പിച്ചതും, ആഗ്രഹങ്ങൾ അറിയിക്കുവാൻ സാധിക്കാതെ രോഗഗ്രസ്തനായ് ഇല്ലത്തേക്കു തിരിച്ചു പോന്നതും, വളരെ പ്രയത്നിച്ചിട്ടും യാതൊരു വകയും ലഭിക്കാതെയും അഹർവൃത്തിപോലും കഴിച്ചുകൂട്ടുന്നതിനു ഉപായം കാണാതെയും കഷ്ടപ്പെടുന്നതും അറിയിക്കുന്നു. നമ്പൂരി വീണ്ടും ഇങ്ങനെ ഉണര്‍ത്തിക്കുന്നു: "വേളി കഴിച്ചുകൊടുക്കാത്തവരും മധ്യമവയസ്സായിട്ടുള്ളവരുമായ മൂന്നു സഹോദരിമാർ എന്നോടു കൂടിത്താമസിക്കുന്നു; വാർദ്ധക്യത്താൽ ആര്‍ത്തമാരായ് വിവശഹൃദയമാരായ് അഞ്ചാറു മാതാക്കന്മാരുമുണ്ട്; അച്ഛൻ മരിക്കുക നിമിത്തം ദുഃഖിച്ചിരിക്കുന്ന രണ്ടു സഹോദരന്മാരുമുണ്ടു്. അത്യന്തം വ്യസനിച്ചിരിക്കുന്ന ഇവരെല്ലാവരേയും ഭരിക്കുന്നതിനു ഞാൻ ശക്തനല്ലെന്നു വാസ്തവമായ് തിരുമനസ്സറിയിച്ചുകൊള്ളുന്നു. അതിനാൽ സന്തപ്തനായ എന്നേയും അശരണമായ എന്റെ കുടുംബത്തേയും അവിടുത്തെ വകയാണെന്നു കരുണയോടുകൂടി വിചാരിച്ച് അവിടുന്നു സംരക്ഷിക്കുമാറാകണം. പൂർവന്മാർ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വല്പം ധനം ചെലവുചെയ്തു നിത്യവൃത്തി കഴിക്കാമെന്നുവച്ചാൽ അപ്പോൾ എന്റെ കൈയിൽ ധനമുള്ളതായ് ശങ്കിച്ചു ചിലർ യമദൂതന്മാരെപ്പോലെ ക്രൂദ്ധന്മാരായ് വന്നു കര്‍ണ്ണകഠോരങ്ങളായ വാക്കുകൾകൊണ്ട് എന്നെ ഭയപ്പെടുത്തുന്നു. ചന്ദ്രനല്ലാതെ ചകോരങ്ങൾക്കും മേഘമല്ലാതെ ചാതകങ്ങൾക്കും വസന്തമല്ലാതെ കുയിലുകൾക്കും എന്താണു് അവലംബമായിട്ടുള്ളത്? അതുപോലെ അവിടുന്നല്ലാതെ ഞങ്ങൾക്കും ആശ്രയമില്ല. ദാരിദ്ര്യമാകുന്ന വലുതായ മരുഭൂമിയിൽ അത്യന്തം ദുഃഖത്തോടുകൂടി പലായനം ചെയ്യുന്നവരും ഒരു വിശ്രമവും കിട്ടാത്തവരുമായ എത്ര എത്ര ഭാഗ്യവന്മാരാണ് അല്ലയോ മഹാരാജാവേ (പർവതശ്രേഷ്ഠ എന്നും), അവിടുത്തെ ഭുജമാകുന്ന വൃക്ഷത്തിന്റെ ഛായയെ ആശ്രയിച്ചു നഷ്ടതാപന്മാരായ് (ദുഃഖം പോയവരെന്നും ചൂടു നീങ്ങിയവരെന്നും) തീരുന്നതു്! അനാഥനായ എന്നെ തിരുമനസ്സുകൊണ്ട് ഒരു വിടുവായനാണെന്നു കരുതിപ്പോകരുതേ! ദാരിദ്ര്യത്തിൽ നിന്നുണ്ടാകുന്ന സന്താപമാണു് എന്നെ വാചാലനാക്കുന്നതു്. ഇത്തരത്തിൽ ആ സാധു തിരുമനസ്സറിയിക്കുന്നു" എന്നു നീ പറയുക. അതുകേട്ടു വീണ്ടുമാലോചിച്ചിട്ടു തന്റെ ഉള്ളിൽ എന്ത് ഉചിതമെന്നു തോന്നുന്നുവോ അതു മഹാരാജാവു തിരുമനസ്സുകൊണ്ടു ചെയ്യട്ടെ.''
സന്ദേശത്തിലെ ഒടുവിലത്തെ ശ്ലോകമാണ് താഴെക്കാണുന്നതു്.
"ആമന്ത്ര്യാഥ ദ്രുതതരമമും മൂർദ്ധ്‌നി കൃത്വാ തദാജ്ഞാം
വ്യാവര്‍ത്തസ്വ പ്രിയസഖ, തതഃ പ്രാഗിമാമേവ ഭൂമിം;
ദേശാനന്യാൻ പുനരഭിമതാൻ യാഹി; ജന്മാന്തരേ ത്വം
പക്ഷിത സത്യപി ച സുലഭാഹാര ഏവ ധ്രുവം സ്യാഃ''
"തിരുമേനിയോടു യാത്ര ചോദിച്ചുകൊണ്ടു്, അവിടുത്തെ കല്പനയെ ശിരസാ വഹിച്ചു, (പിറ്റെന്നു) കാലത്തു തിരിയെ ഇങ്ങോട്ടേക്കു തന്നെ നീ പോരിക. പിന്നെ നിനക്ക് അഭിരുചിയുള്ള മറ്റു ദേശങ്ങളിലേക്കു പോകാം. അടുത്ത ജന്മത്തിൽ നീ പക്ഷിയായ് ജനിക്കുന്നു എങ്കിലും നിനക്കു നിശ്ചയമായ് ധാരാളം ഭക്ഷണം ലഭിക്കുമാറാകട്ടെ.''
കാര്‍ത്തികതിരുനാൾ മഹാരാജാവു മനോഹരമായ ഈ സന്ദേശം വായിച്ചിരിക്കുമെന്നും ഇതിന്റെ പ്രണേതാവിനു വാഞ്ഛിതാഭ്യധികമായ സമ്മാനം നല്കിയിരിക്കുമെന്നുമുള്ളതിനു യാതൊരു സന്ദേഹവുമില്ല. വിദ്വാന്മാരേയും കവികളേയും പ്രോത്സാപ്പിക്കുന്നതിനെക്കാൾ പരിപാവനമായ ഒരു വ്രതം വല്ലതുമുണ്ടെങ്കിൽ അതു് അവിടുത്തേക്കു ശരണാഗതപാലനം മാത്രമായിരുന്നു. ബാലമാര്‍ത്താണ്ഡവിജയം നാലാമങ്കത്തിൽ മാത്താണ്ഡവർമ്മ മഹാരാജാവു തന്റെ അനന്തരവൻ തൃപ്പടിദാനാവസരത്തിൽ കവികൾക്കു സമ്മാനം നല്‌കുന്നതു കണ്ടിട്ടു
"സുചിരപ്രാർത്ഥിതമിദം ദൈവാദദ്യ ലബ്ധം:
വത്സഃ കലാഭിസ്സമ്പൂര്‍ണ്ണഃ
കദായം കലയേൽ സുധീഃ
ലീലാവിതീർണ്ണസമ്മാനൈഃ
പ്രഹർഷവിവശാൻ കവീൻ?
ഇതിസുചിരാദുൽപന്നൊ മാമകോമനോരഥോദ്യ സമ്പൂണ്ണഃ''
എന്നു പറയുന്നുണ്ടു്. മഹാരാജാവു വളരെക്കാലമായ്, കലാസമ്പൂര്‍ണ്ണനും വിദ്വാനുമായ വത്സൻ എന്നാണു് സമ്മാനങ്ങൾ നല്‌കി കവികളെ സന്തോഷവിവശന്മാരാക്കുന്നതു് എന്നു പ്രതീക്ഷിച്ചുകൊണ്ടിരുന്നു എന്നും അന്നാണ് അവിടുത്തെ ആ മനോരഥം സഫലീഭവിച്ചതെന്നുമാകുന്നു ഈ വാക്യത്തിന്റെ അർത്ഥം. ഇളയരാജാവായിരുന്നപ്പോൾതന്നെ കവികൾക്കു് അത്തരത്തിൽ കല്പവൃക്ഷമായിരുന്ന കാര്‍ത്തികതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായതിൽ പിന്നെ അവരോടു് ഏതു വിധത്തിൽ പെരുമാറിയിരുന്നിരിക്കണമെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.
ഇന്നു തിരുവിതാംകൂർ ഭരിക്കുന്നതും ബാലരാമവർമ്മമഹാരാജാവാണു്. ഭക്തിപൂർണ്ണന്മാരായ പ്രജകൾ പാര്‍വതീനന്ദനനായ ഈ തിരുമേനിയെ കാര്‍ത്തികതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ഒരവതാരമെന്നു വിശ്വസിക്കുന്നു. അവിടുത്തെപ്പോലെ ആയുരാരോഗൈശ്വര്യങ്ങൾക്കു ഭാജനമായ്, ആശിക്കുന്നതെല്ലാം ഹസ്തഗതമാകത്തക്ക ഭാഗ്യത്തിനു നിധാനമായ്, വളരെക്കാലം ഭവഭൂതിയുടെ വാക്കിൽ "മാതാവിനാൽ ചിന്ത്യമാന"ങ്ങളായ ദിവസങ്ങളെ നയിച്ചുകൊണ്ടു് ഈ പൊന്നുതമ്പുരാൻ ഉത്തരോത്തരം വിജയിക്കുമാറാകട്ടെ എന്നുള്ള പ്രാത്ഥനാകുസുമത്തെ ശ്രീ പത്മനാഭന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചുകൊണ്ടു് ഞാൻ പ്രസ്തുതോപന്യാസത്തെ ഉപസംഹരിച്ചുകൊള്ളുന്നു.