സാഹിത്യരസികന്മാരായ കേരളീയർ പേരിനു പുറമേ വളരെയൊന്നും കേട്ടിട്ടില്ലാത്തതും, എന്നാൽ അടുത്തു പരിചയപ്പെടുവാൻ അര്‍ഹവുമായ മറ്റൊരു സന്ദേശകാവ്യമാകുന്നു ഭ്രമരസന്ദേശം. ഇതിനെ ചില പഴയ ഗ്രന്ഥങ്ങളിൽ ഭൃംഗസന്ദേശമെന്നും അഭിധാനം ചെയ്തു കാണുന്നുണ്ടു്. ഈ കാവ്യത്തിന്റെ പ്രണേതാവ് 'വാസുദേവൻ' എന്ന ഒരു നമ്പൂതിരിയായിരുന്നു എന്നു ഗ്രന്ഥാന്തത്തിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകത്തിൽനിന്നു വെളിവാകുന്നു.
"സന്ദേശേഽസ്മിൻ കഥമപി ഗുരുശ്രീപദാംഭോജയുഗ്മ-
ധ്യാനോദ്ധൂതപ്രബലതമസാ വാസുദേവേന ബദ്ധേ
പൂർണ്ണേ ദോഷൈരപി യദി ഗുണാനാം കണാഃ സമ്പ്രഥേര-
ന്നേതാൻ പ്രീതാ മനസി പരിഗൃഹ്‌ണന്തു സന്തോമഹാന്തഃ.''
'ഗുരുചരണാരവിന്ദങ്ങളെ ഭജിക്കുക നിമിത്തം തന്റെ വലുതായ പാപം നീങ്ങിയ വാസുദേവൻ ഒരുവിധത്തിൽ നിബന്ധിച്ച ഈ സന്ദേശം ദോഷപൂർണ്ണമാണെങ്കിലും അതിൽ ഏതെങ്കിലും ഗുണകണങ്ങൾ ഉണ്ടെങ്കിൽ അവയെ മഹാന്മാരായ സത്തുക്കൾ പ്രീതിയോടുകൂടി സ്വകരിക്കുമാറാകട്ടെ' എന്നു കവി പ്രാര്‍ത്ഥിക്കുന്നു.
വാസുദേവകവി സുഗൃഹീതനാമാനായ മേൽപുത്തൂർ നാരായണഭട്ടതിരിയുടേയും അദ്ദേഹത്തിന്റെ ഗുരു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടേയും സമകാലികനായിരുന്നു എന്നു സന്ദേശത്തിന്റെ പൂർവഭാഗത്തിലുള്ളതും താഴെ ചേര്‍ക്കുന്നതുമായ ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കാവുന്നതാകുന്നു.
"തസ്മാൽ പ്രത്യൿ പ്രഹിതനയനഃ കുണ്ഡഗേഹാധിനാഥം
സര്‍വജ്ഞം തം പ്രണമ ഗിരിശം ഭക്തിമാനച്യുതം ച;
ഏകസ്താവദ്വഹതി ശിരസി ജ്യോതിഷാമേകമിന്ദും;
ജ്യോതിശ്ചക്രം നിഖിലമപരോധാരയത്യന്തരങ്ഗേ.
ഹേരംബേണ പ്രഥിതവിഭവാം മാതൃദത്തദ്വിജേന്ദ്ര-
ശ്രീമച്ഛിഷ്യോൽ കരമുഖരിതൈരാസ്തൃതാം ശാസ്ത്രഘോഷൈഃ
ആരാന്നാരായണകവിവചസ്സ്യന്ദമാധുര്യനന്ദ-
ദ്വാണീമന്ദസ്മിതസുരഭിലാം യാഹി പാടീരവാടീം.
സൂക്തം നാരായണകവിമുഖാംഭോജനിഷ്യന്ദമാനം
പീത്വാ വാപീകമലമധുഷു പ്രാപ്തനിര്‍വേദഭാരഃ
ബിംബേ ഭാനോരപരഗിരിശൃംങ്‌ഗേണ സഞ്ചുംബ്യമാനേ
ലംബേഥാസ്ത്വം ഭ്രമര! ധരണൗ വല്ലഭക്ഷോണിബന്ധോഃ"
"തിരുനാവായിൽ നിന്നു പടിഞ്ഞാറോട്ടു കണ്ണോടിച്ച് അല്ലയോ വണ്ടs, നീ സർവജ്ഞന്മാരായിരിക്കുന്ന (കുണ്ഡഗേഹം) തൃക്കണ്ടിയൂരിലെ ശ്രീപരമേശ്വരനേയും അച്യുതനേയും (അച്യുതപ്പിഷാരടിയേയും) ഭക്തിപൂർവം നമസ്കരിക്കണം. അവരിൽ ഏകൻ (ശ്രീപരമേശ്വരൻ) ജ്യോതിസ്സുകളിൽ ഒന്നായ ചന്ദ്രനെ ശിരസ്സിൽ ധരിക്കുന്നു; അന്യൻ (അച്യുതപ്പിഷാരടി) ആകട്ടെ ജ്യോതിശ്ചക്രം മുഴുവനും തന്റെ ഹൃദയത്തിലാണു് ധരിക്കുന്നതു് (പിഷാരടി ജൌതിഷത്തിൽ അതിവിദഗ്ദ്ധനെന്നു സാരം). അവിടെനിന്നു മഹാഗണപതി നല്കുന്ന സമ്പത്തിനാൽ പ്രസിദ്ധവും മാതൃദത്തനെന്ന ബ്രാഹ്മണശ്രേഷ്ഠന്റെ ശിഷ്യഗണങ്ങൾ ഉച്ചത്തിൽ ശാസ്ത്രാഭ്യാസം ചെയ്യുന്നതും മഹാകവി നാരായണഭട്ടതിരിയുടെ സൂക്തിമാധുര്യം അനുഭവിച്ചു് ആനന്ദിക്കുന്ന സരസ്വതീദേവിയുടെ മന്ദസ്മിതത്താൽ സുരഭിലവുമായ (പാടീരവാടി) ചന്ദനക്കാവിലേക്കു പോകുക. ആ കവിമൂർദ്ധന്യന്റെ വദനാംബുജത്തിൽനിന്നു് ഒഴുകുന്ന കവിത പാനംചെയ്താൽ നിനക്കു പൊയ്കകളിലെ താമരപ്പൂന്തേനിൽ മികച്ച അരുചി മാത്രമേ ജനിക്കുകയുള്ളു. ആദിത്യൻ അസ്തമിക്കുമ്പോൾ വള്ളുവനാട്ടിൽ തങ്ങിക്കൊള്ളുക.”
മാതൃദത്തഭട്ടതിരി നാരായണഭട്ടതിരിയുടെ പിതാവും ഭാട്ടമീമാംസാഗുരുവുമായിരുന്നു എന്നു പ്രസിദ്ധമാണല്ലോ. മഹാകവിയുടെ അനുജനായ് മറ്റൊരു മാതൃദത്തനുമുണ്ടായിരുന്നു. "തൃതീയഭ്രാതാ ച മാതൃദത്താഖ്യഃ'' എന്നു ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തെ പരാമർശിച്ചു കാണുന്നു. ആ മാതൃദത്തൻ ജ്യേഷ്ഠനു വേണ്ടി നാരായണീയം പകർത്തിയെഴുതിയതിനു പുറമേ 'ഭക്തിസംവർദ്ധനശതകം' എന്ന പ്രസിദ്ധമായ സ്തോത്രം നിര്‍മ്മിക്കുകയും ചെയ്തു.
"ഭക്തിസംവർദ്ധനം നാമ ശ്ലോകാനാം ശതകം മയാ
മാതൃദത്താഭിധാനേന വിഷ്ണുപ്രീത്യൈ വിനിര്‍മ്മിതം".
എന്ന പദ്യമാണു് ഒടുവിലത്തെ പ്രസ്താവനയ്ക്കും തെളിവു്. നാരായണഭട്ടതിരിയുടെ പ്രശസ്തി നാരായണീയത്തിനു മുമ്പു പ്രസരിച്ചിരുന്നിരിക്കുവാൻ ഇടയില്ലാത്തതിനാൽ ആ ഗ്രന്ഥം സമ്പൂർണ്ണമായ കൊല്ലം ൭൫൨-നു പിന്നീടും, അച്യുതപ്പിഷാരടി അന്നു ജീവിച്ചിരുന്നതിനാൽ അദ്ദേഹം യശശ്ശരീരനായ ൭ൻൻ-നു മുൻപുമാണ് ഭ്രമരസന്ദേശത്തിന്റെ നിര്‍മ്മിതിയെന്നു വ്യക്തമാകുന്നു.
ഒന്നുകൂടി ചികഞ്ഞുനോക്കാം. അക്കാലത്തു തിരുവിതാംകൂർരാജ്യം ഭരിച്ചിരുന്നതു രവിവർമ്മാവായിരുന്നു എന്നു കവി താഴെ കാണുന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നുണ്ടു്.
"രാജ്യം ദൃഷ്ട്യാ കലയ രവിവര്‍മ്മാവനീന്ദ്രസ്യ സമ്പൽ-
പ്രാജ്യം വാജ്യന്തരിതവിശിഖോദഗ്രമഗ്രേ സമഗ്രം
ചിത്രോൽകീര്‍ണ്ണത്രിദശനിവഹസ്ഥൂലനീലോപലൌഘൈ-
ദ്ധാമ്നാഽതുല്യം ത്രിഭുവനപതേർദ്ധാമ യേന പ്രതേനേ."
"രവിവർമ്മമഹാരാജാവിന്റെ വിഭവപൂര്‍ണ്ണവും കുതിരകളാൽ മറയ്ക്കപ്പെട്ട രാജമാര്‍ഗ്ഗങ്ങളോടുകൂടിയതുമായ രാജ്യം നീ സമഗ്രമായി കാണുക. ഈ മഹാരാജാവാണ് ദേവന്മാരുടെ വിഗ്രഹങ്ങൾ ശ്ലക്ഷണശിലയിൽ കൊത്തപ്പെട്ടതും അവയുടെ തേജസ്സുകൊണ്ടു് അദ്വിതീയവും ആയ ശ്രീപത്മനാഭസ്വാമിക്ഷേത്രം നിമ്മിച്ചതു്."
രവിവർമ്മ കുലശേഖരപ്പെരുമാൾ കൊല്ലം ൭൮൧-ൽ അദ്ദേഹത്തിന്റെ പൂര്‍വഗാമിയായ മറ്റൊരു രവിവർമ്മാവ് ആരംഭിച്ച തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ വാതിൽമാടം, ബലിക്കൽപുര, മടപ്പള്ളി മുതലായവ അഴിച്ചുപണി ആരംഭിക്കുകയും ൭൩൭-ൽ ആ പണി പൂർത്തിയാക്കുകയും ചെയ്തതായ് കാണുന്നു. അദ്ദേഹം ൭൮൬ മുതൽ ൮൩൮ വരെ അൻപത്തിരണ്ടു വർഷം രാജ്യഭാരം ചെയ്യുകയും തിരുവിതാംകൂർ മഹാരാജാക്കന്മാരിൽ ഇദംപ്രഥമമായ് രാമേശ്വരം സന്ദര്‍ശിക്കുകയും ചെയ്തു. ഇതിൽനിന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ നവീകരണകലശം കഴിഞ്ഞ കൊല്ലം ൭൯൫-നു മേൽ ൭൯൯-നു അകമായിരുന്നിരിക്കണം ഭൂമരസന്ദേശത്തിന്റെ ആവിർഭാവമെന്ന് അനുമാനിക്കാം. അന്നു മാമാങ്കോത്സവം നടക്കുവാൻ പോകുന്നതായ് കവി അന്യത്ര പ്രസ്താവിക്കുന്നതുകൊണ്ടു കൊല്ലം ൭൯൭-ൽ ആണ് കവി സന്ദേശഹരനെക്കൊണ്ടു ചെയ്യിക്കുന്ന സങ്കല്പയാത്രയെന്നും ഏകദേശം ഉറപ്പിച്ചു പറയാം. വാസുദേവൻ ഏതു ദേശക്കാരനെന്നു നിശ്ചയമില്ല. സന്ദേശമയയ്ക്കുന്നതു വള്ളുവനാട്ടിൽ ശ്വേതദുര്‍ഗ്ഗമെന്ന നഗരത്തിലുള്ള ബാലനീലി (ഉണ്ണുനീലി) എന്ന തന്റെ പ്രിയതമയ്ക്കാണു്. ഈ വസ്തുതകൾ പൂര്‍വഭാഗത്തിലേ
"മാസപ്രാപ്യം മമ ദിനയുഗേനാഭിഗമ്യം തവ സ്യാ-
ദസ്യാധൌതം ഗുണഗണസുധാവീചിഭിശ്ശ്വേതദുര്‍ഗ്ഗം
സ്യാനന്ദൂരാദ് ദൃഢമതിരിതസ്ത്വം പ്രതിഷ്ഠസ്വ തസ്മാ-
ദസ്മാനുത്താരയിതുമമുതസ്സങ്കടാദുത്തരാശാം.
സമ്പ്രാപ്തവ്യം തവ പുരമിതശ്ശേതദുര്‍ഗ്ഗം യദുക്തം
തസ്യൈവാലോകനമപി ഫലം കല്പയ ത്വൽപ്രയാണേ;
യസ്മിൻ നിത്യം ഹിമഗിരിസുതാചഞ്ചലാപാങ്ഗലക്ഷ്മീ-
ലക്ഷ്മീഭൂതം കിമപി കരുണാശീതളം ജ്യോതിരാസ്തേ."
എന്നും ഉത്തരഭാഗത്തിലേ
"ലക്ഷ്മീനേത്രാഞ്ചലമധുകരോദ്യാനമുദ്ദ്യോതമാനം
തത്രോപാന്തേ ഭവതി ഭവനം ബാലയക്ഷാഭിധാനം;
യസ്മിൻ വിശ്വോത്തരഗുണഗണം ബാലനീലീതി സംജ്ഞാ-
മദ്ധ്യാരൂഢം മദഭിലഷിതം കാമിനീരത്നമാസ്തേ.”
എന്നുമുള്ള പദ്യങ്ങളിൽ നിന്നാണ് അറിയുവാൻ ഇടവരുന്നതു്.
"എനിക്കു ഈ തിരുവനന്തപുരത്തുനിന്നു് ഒരു മാസംകൊണ്ടു മാത്രവും എന്നാൽ നിനക്കു രണ്ടു ദിവസംകൊണ്ടും എത്താവുന്നതാണു ശ്വേതദുര്‍ഗ്ഗം; ആ നഗരം എന്റെ നായികയുടെ ഗുണഗണങ്ങളാകുന്ന അമൃതതരങ്ഗങ്ങളാൽ സേചനം ചെയ്യപ്പെടുന്നതാണു് (തന്നിമിത്തമത്രേ അതിനു ശ്വേതത്വം സിദ്ധിച്ചത് എന്നുല്ലേഖം). അതുകൊണ്ടു് എന്നെ ഈ സങ്കടത്തിൽനിന്നു് ഉദ്ധരിക്കുന്നതിനായ് നീ ഇവിടംവിട്ടു വടക്കോട്ടു പോകണം. അവിടെ ചെന്നാൽ ആ മനോഹരമായ പട്ടണം ചുറ്റിക്കാണുന്നതുതന്നെ ഒരു യാത്രാലാഭമാണു്; പോരെങ്കിൽ പാര്‍വതീപതിയായ പരമശിവനും അവിടെയുണ്ടു് (നിനക്ക് ആ ദേവനെ ഭജിക്കാമെന്നു ധ്വനി). ആ നഗരത്തിനു സമീപമാണ് ലക്ഷ്മീഭഗവതിയുടെ കടാക്ഷഭ്രമരങ്ങൾക്ക് ആരാമമായ് വിദ്യോതിക്കുന്ന ബാലയക്ഷം എന്നു പേരോടുകൂടിയ ഭവനം; അവിടെ ലോകോത്തരഗുണയും എന്റെ പ്രിയതമയുമായ ആ കാമിനീരത്നം-ബാലനീലി-(ചെറിയച്ചി?)ഉണ്ട്.
ശ്വേതദുര്‍ഗ്ഗം ഇന്നു കോട്ടയ്ക്കൽ എന്ന നാമത്താൽ അറിയപ്പെടുന്ന വെങ്കടക്കോട്ടയാണു്. ക്രി. പി. ൧൮൧൭-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഏഷ്യാറ്റിൿജേർണൽ (Asiatic journal) എന്ന പത്രഗ്രന്ഥത്തിൽ കോട്ടയ്ക്കൽ രാജാവിനെ ഉദ്ദേശിച്ചു 'സാമൂതിരിയുടെ കുടുംബത്തിൽ പെട്ട വെങ്കടക്കോട്ട രാജാവ്' എന്നൊരു കുറിപ്പു കാണുന്നുണ്ട്. ഹൈദരാലിയുടേയും ടിപ്പുസുൽത്താന്റെയും കാലംവരെ വെങ്കടക്കോട്ട വളരെ പ്രാധാന്യമുള്ള ഒരു നഗരമായിരുന്നു. ടിപ്പുവിന്റെ വകയും മാർതബ്ഖാൺ എന്ന സേനാനിയുടെ നേതൃത്വത്തിലിരുന്നതുമായ ഒരു സൈന്യത്തെ അവിടെവച്ചു കർണൽ ഹാർട്ട്ലി ക്രി. പി. ൧൭൯൦-ൽ തോല്പിച്ചു് ആ ദുര്‍ഗ്ഗം മൂന്നു പീരങ്കികളോടുകൂടി കൈവശപ്പെടുത്തിയതായ് ലോഗൻ പ്രസ്താവിക്കുന്നു. തിരുനാവായിൽ നിന്നു കുറെ വടക്കായിട്ടാണു് വെങ്കടക്കോട്ട എന്നും അദ്ദേഹം ഉപന്യസിക്കുന്നുണ്ടു്. "തസ്യാം പുര്യാം ഭജ പശുപതേസ്താണ്ഡവം മന്ദ്രതാരൈർഗീതൈസ്തന്വന്നിവ ഗിരിസുതാഗാനതാനപ്രധാനം" എന്നു വാസുദേവൻ വർണ്ണിക്കുന്നത് കോട്ടയ്ക്കൽ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ശ്രീപരമേശ്വരനേയാണ്.
ഇനി സന്ദേശത്തിലെ പ്രതിപാദ്യവസ്തുവെന്തെന്നു പരിശോധിക്കാം.
“ഹര്‍മ്മ്യേ രമ്യേ ബഹളവിഗളചന്ദ്രികായാം നിശായാം
മന്ദം നന്ദൽകുമുദസുരഭൌ ശീതള വാതി വാതേ
ലോലാപാങ്ഗ്യാ മനസിജകലാഖേലനായാസിതാങ്ഗ്യാ
സാകം നിദ്രാം സുകൃതിസുലഭാം കോപി കാമീ സിഷേവേ.''
എന്ന പദ്യംകൊണ്ടാണ് കാവ്യമാരംഭിക്കുന്നതു്. നല്ല നിലാവുള്ള ഒരു രാത്രിയിൽ രമ്യമായ ഒരു ഹര്‍മ്മ്യത്തിൽ ആമ്പൽപ്പൂക്കളുടെ സൌരഭ്യം വഹിച്ചുകൊണ്ടു ശൈത്യവത്തായ മന്ദവായു വീശവേ തൃതീയപുരുഷാലാഭത്താൽ കൃതാര്‍ത്ഥനായ ഒരു നായകൻ തന്റെ നായികയോടുകൂടി സുകൃതിസുലഭമായ നിദ്രയെ സേവിക്കുന്നു.
"തം നിദ്രാണം മദനവിവശാ കാചിദാലക്ഷ്യ യക്ഷീ
ഹസ്തേ ധൃത്വാ മലയശിഖരേ ഹന്ത! രന്തും പ്രയാന്തീ
സ്യാനന്ദൂരേ നിജപതിമുപായാന്തമാലോക്യ ഭീതാ
വിന്യസ്യൈനം ക്വചന വിമനാസ്തേന സാര്‍ദ്ധം പ്രയാതാ."
അങ്ങനെ ഉറങ്ങുന്ന നായകനെ ഒരു യക്ഷി കൈയിലെടുത്തു കൊണ്ടു രമിക്കുന്നതിനായ് മലയപവതത്തിന്റെ ശിഖരത്തിലേക്കു പായുന്നു; വഴിക്കു തിരുവനന്തപുരത്തു വെച്ചു തന്റെ ഭർത്താവു വരുന്നതു കാണുകയാൽ ഭീതയും ഭഗ്നാശയുമായ് ആ സാധുവിനെ അവിടെ ഒരിടത്തിട്ടും വെച്ചു ഭർത്താവിനോടുകൂടി പൊയ്കളയുന്നു. ഇപ്രകാരമാണ് ആ ദമ്പതിമാര്‍ക്കു തമ്മിൽ വിയോഗം നേരിടുന്നതു്. മേഘസന്ദേശത്തിൽ നായകനായ യക്ഷൻ ശാപഗ്രസ്തനാണു് ; ശുകസന്ദേശത്തിൽ വിധിബലത്താൽ ദൂരനീതനാണു്; കോകിലസന്ദേശത്തിൽ ദേവാര്‍ച്ചനത്തിനു പോകുന്ന വരുണപുരന്ധ്രിമാർ നായകനെ മലയാളക്കരയിൽനിന്നു കമ്പാനദീതീരത്തുള്ള കാഞ്ചീപുരത്തിൽ പതിപ്പിക്കുന്നു; ഉണ്ണുനീലിസന്ദേശത്തിൽ മദനോന്മാദിനിയായ ഒരു യക്ഷിയാണ് നായകനെ ഉറങ്ങിന്റെനേരം' തെക്കോട്ടേക്കു കൊണ്ടുപോയ് തിരുവനന്തപുരത്തു തള്ളിയിടുന്നതു്. ഭ്രമരസന്ദേശം ഈ വിഷയത്തിൽ ഉണ്ണുനീലീസന്ദേശത്തെ സ്പഷ്ടമായ് അനുകരിക്കുന്നു.
തിരുവനന്തപുരത്തു നായകൻ വ്യാകുലനായ് ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടിയപ്പോൾ ഒരിക്കൽ ഒരു വണ്ടിനെ കാണുന്നു. അതിനോടു കവി കുശലപ്രശ്നം ആരംഭിക്കുന്ന പദ്യം അത്യന്തം മധുരമാകയാൽ അതു താഴെ പകത്തിക്കൊള്ളുന്നു.
"ബ്രൂമഃ ശ്രീമൻ ഭ്രമര, ഭവതേ സ്വാഗതം; വൈജയന്ത്യാഃ
കിം ത്വം വിഷ്ണോരുരസിവികസദ്വിഭ്രമായാസ്സമായാഃ
ധമ്മില്ലാദ്വാ പരിമളസമാസക്തമത്താളിപാളീ-
കേളീലോലദ്യുതരുകലികാസുന്ദരാദിന്ദിരായാഃ"
"അല്ലയോ ശ്രീമത്തായ ഭ്രമരമേ, നിനക്കു ഞാൻ സ്വാഗതം പറഞ്ഞുകൊള്ളുന്നു. നീ എവിടെനിന്നാണു് വരുന്നതു്? മഹാവിഷ്ണുവിന്റെ വികസദ്വിലാസമായ വക്ഷഃസ്ഥലത്തിൽ ശോഭിക്കുന്ന വൈജയന്തിമാലയിൽനിന്നോ അതോ പരിമളമോര്‍ത്തു പറ്റിച്ചേര്‍ന്നവയും മദിച്ചവയുമായ വണ്ടിൻകൂട്ടങ്ങളുടെ ലീലകളാൽ ഇളകുന്ന കല്പകപ്പൂങ്കൊത്തുകളണിഞ്ഞ മഹാലക്ഷ്മിയുടെ കേശപാശത്തിൽനിന്നോ?''
കവി തുടന്നു പറയുന്നു: "നീ വളരെക്കാലം അശോകങ്ങളുടെ നേര്‍ക്കു പക്ഷപാതം അഭ്യസിച്ചവനാണു്; ഇപ്പോൾ സശോകനായ എന്റെ നേര്‍ക്കും അതു പ്രസരിക്കട്ടെ. അല്ലയോ കാരുണ്യസമുദ്രമേ, എന്റെയും പ്രേയസിയുടേയും അവസ്ഥ പറയുകയാണെങ്കിൽ വിപ്രലംഭരസാത്മകങ്ങളായ കാവ്യങ്ങൾ വായിച്ചാൽ പോലും മോഹത്തെ പ്രാപി ക്കുന്നവരാണ് ഞങ്ങൾ. അത്തരത്തിലുള്ള ഞങ്ങളെ ദൈവം ഇത്തരത്തിലുള്ള വിരഹക്ലേശത്തിൽ തള്ളിയിട്ടുവല്ലോ. ഇപ്പോൾ വസന്തകാലവും വന്നു ചേന്നിരിക്കുന്നു."
"വിശ്ലേഷാർത്ത്യാ വിധുരമനസാം വല്ലഭാനാമുദന്തഃ
പ്രാണാൻ വീണാപരിമൃദുഗിരാം കണ്ഠനാളേ നിരുന്ധേ."
"വിയോഗദുഃഖത്താൽ വിധുരഹൃദയകളായ വീണാവാണികൾക്കു് ഭർതൃവൃത്താന്തം ബഹിർഗമനത്തിനായ് കണ്ഠംവരെ എത്തിക്കഴിഞ്ഞ പ്രാണനെ അവിടെ തടഞ്ഞു നിറുത്തുന്നു."
ശ്വേതദുർഗ്ഗത്തിന്റെ വർണ്ണനത്തിൽ താഴെക്കാണുന്ന പദ്യവും ഉൾപ്പെടുന്നു.
"നോദ്യാനേഷg ത്രിദശലതികാഃ സ്ഥാവരാസ്താവദസ്മിൻ;
പേയം നാബ്ധേരുദിതമമൃതം; നാത്ര നേതാ വലാരിഃ;
തസ്‌മാദസ്‌മൽപ്രിയസഹചരീനൂത്നദിവ്യാങ്ഗനായാ-
സ്‍സൃഷ്ടൗ ധാത്രാ വിരചിതമിദം നൂതനം നാകമാഹു.''
"ഇവിടെ സ്ഥാവരങ്ങളായ കല്പവല്ലികളില്ല; പാലാഴിയിൽനിന്നു് ഉത്ഭവിച്ച അമൃതമില്ല; ദേവരാജാവായ ഇന്ദ്രനുമില്ല; അതുകൊണ്ടു എന്റെ പ്രിയതമയാകുന്ന ഈ നവീനനാകസുന്ദരിക്കുവേണ്ടി ഒരു പുതിയ സ്വർഗ്ഗമാണ് ബ്രഹ്മാവ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നതു്."
തിരുവനന്തപുരത്തുനിന്നു വണ്ടിനോടു കവി ആദ്യമായ് ചെന്നെത്തുവാൻ ഉപദേശിക്കുന്ന നഗരം കൊല്ലമാണു്. കൊല്ലം പട്ടണത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു:-
"പാരേ പാഥോനിധി കുലപുരി കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൌമാംബരനിചുളിതാൻ യന്നിഷദ്യാസു ഹൃദ്യാൻ
വീചീഹസ്തൈര്‍വികിരതി മണീൻ നിത്യമംഭോധിരേവ."
"സമുദ്രതീരത്തിൽ മഹാലക്ഷ്മിയുടെ ദാനധർമ്മസമ്പത്തിന്റെ കനകകക്ഷ്യയായ കൂപകരാജാക്കന്മാരുടെ കുലപുരി കൊല്ലം- നിനക്കു കാണാവുന്നതാണ്. അവിടത്തെ അങ്ങാടികളിൽ സമുദ്രരാജാവു തന്നെ വെൺനുരപ്പട്ടിൽ പൊതിഞ്ഞ അനവധി മനോഹരങ്ങളായ രത്നങ്ങളെ തന്റെ തിരക്കൈകൾ കൊണ്ടു വിതറുന്നുണ്ടു്." കൊല്ലത്ത് അന്നുണ്ടായിരുന്ന വാണിജ്യാഭിവൃദ്ധി ഇതിൽനിന്നു ഊഹ്യമാണു്.
"ലംബേഥാസ്ത്വം ദിവി കിമപി ലോലംബ ! കോലംബദേശേ
രമ്യേ യസ്മിൻ വിലസതി സരോ മാനസം മാനവാനാം
നിത്യം തദ്വൈ നവരവികരോല്ലാസിനീം രാജഹംസൈര്‍-
ജ്ജുഷ്ടാം പട്ടാംബരകനകപങ്കേരുഹാളീം പ്രസ്തുതേ.''
"നീ ആ കൊല്ലത്തു സ്വല്പം വിശ്രമിക്കണം. അവിടെ മനുഷ്യരുടെ മാനസസരസ്സുണ്ടു്;. അതു ബാലസൂര്യന്റെ കിരണങ്ങൾകൊണ്ടു് ഉല്ലസിക്കുന്നതും രാജഹംസങ്ങളാൽ അധിവസിക്കപ്പെടുന്നതും ആയ പട്ടാംബരമൃദുലങ്ങളായ സ്വർണ്ണപങ്കേരുഹങ്ങളെ പ്രസവിക്കുന്നു" എന്നാകുന്നു ഈ പദ്യത്തിന്റെ യഥാശ്രുതമായ അർത്ഥം. വാസ്തവത്തിൽ കവിയു ടെ ആശയം പുതുതായ് രാജ്യം ഭരിക്കുന്ന രവിവർമ്മമഹാരാജാവു നികുതി കുറച്ചതു നിമിത്തം സന്തുഷ്ടന്മാരായ പ്രജകൾ ആ തുറമുഖത്തിൽ രാജോചിതങ്ങളായ പട്ടാംബരങ്ങൾ നെയ്യുന്നു എന്നാണു്. കൊല്ലം അക്കാലത്തു വസ്ത്രനിര്‍മ്മിതിക്കു നേടിയിരുന്ന പ്രശസ്തിയാണു് ഇവിടെ ധ്വനിക്കുന്നതു്. 'സരസ്സ്' എന്നു പറഞ്ഞതുകൊണ്ടു കവി അഷ്ടമുടിക്കായലിനെ സ്മരിക്കുന്നതായ് വിചാരിക്കാം.
അടുത്തതു് ആ കായലിന്റെ സ്പഷ്ടമായ വർണ്ണനമാണു്.
"സ്ഥാസ്യത്യഗ്രേ തവ സുലളിതാ നിമ്നഗാ ദൃഷ്ടിപാതം
മുഗ്ദ്ധം ലബ്ധും പുര ഇവ പുരാ മാധവസ്യ ത്രിവക്രാ
ആദായാസ്യാ ബഹുപരിമളം പ്രാഭൃതം നിര്‍മ്മലായാ
ജാതാമോദഃ പ്രിയമിവ ജനം സൌമ്യ, സംഭാവയേഥാഃ''
“പുരോഭാഗത്തു നിന്റെ മനോഹരമായ കടാക്ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു കോമളയായ ഒരു നദി നില്ക്കും; ത്രിവക്ര (കുബ്ജ) എങ്ങനെ പണ്ടു ശ്രികൃഷ്ണന്റെ അപാങ്‌ഗാലോകനത്തെ പ്രതീക്ഷിച്ചുവോ അതുപോലെയാണ് ആ നദിയുടെ അവസ്ഥ. നിര്‍മ്മലയായ ആ നിമ്നഗയിൽനിന്നു് അതിസുഗന്ധമായ ഉപഹാരം സ്വീകരിച്ചു (കുബ്ജയുടെ വിഷയത്തിൽ കളഭം; നദിയുടെ വിഷയത്തിൽ കച്ചവടത്തിനായ് കൊണ്ടുപോകുന്ന സുഗന്ധദ്രവ്യങ്ങളുടെ പരിമളം) ആമോദത്തോടുകൂടി (പരിമളമെന്നും) നിന്റെ പ്രിയതമയെപ്പോലെ ആ നദിയെ നീ സംഭാവന ചെയ്യണം.'' നിമ്നഗാപദമാണ് ഇവിടെ കവി പ്രയോഗിച്ചിരിക്കുന്നതെങ്കിലും അതിനെ ത്രിവക്രയോടു് ഉപമിച്ചിരിക്കുന്നതുകൊണ്ടു കവി വിവക്ഷിച്ചിരിക്കുന്നത് അഷ്ടമുടിക്കായലായിരിക്കണമെന്നു ഞാൻ ഉദ്ദേശിക്കുന്നു. 'The great river' (വലിയ നദി) എന്ന പദംകൊണ്ടാണ് കാന്റർ വിഷർ വേമ്പനാട്ടുകായലിനെ പരാമര്‍ശിക്കുന്നതു് എന്നു നാം ഈ സന്ദഭത്തിൽ സ്മരിക്കേണ്ടതാകുന്നു. വേറെ പല ദേശസഞ്ചാരികളും കായലിനെ നദിയായ് വര്‍ണ്ണിക്കുന്നതു ഞാൻ വായിച്ചിട്ടുണ്ടു്.
പിന്നീടു കവി ഭൂമരത്തോടു തിരുവല്ലായ്ക്കും പോകുവാൻ അപേക്ഷിക്കുന്നു. ഇതുതന്നെയാണു ശുകസന്ദേശകാരൻ നിർദ്ദേശിക്കുന്ന മാര്‍ഗ്ഗവും .
"കഞ്ചിൽഭാഗം പുരജനപദാകീര്‍ണ്ണമുൽക്രമ്യ ഭൂമേ-
രഞ്ചിൽകേരക്രമുകനികരം വല്ലഭഗ്രാമമേത്യ
ലക്ഷ്മീവക്ത്രാംബുജതരുണലോലംബ, നിത്യം നമസ്തേ
ഗോവിന്ദേതി പ്രണമ ചരണാംഭോജമൂലേ മുരാരേഃ"
"നഗരങ്ങളും ഗ്രാമങ്ങളും ഇടകലര്‍ന്ന കുറെ സ്ഥലം കടന്നു മുന്നോട്ടു പോയാൽ നീ ചെന്നുചേരുന്നതു തെങ്ങിൻകൂട്ടങ്ങളേയും കവുങ്ങിൻകൂട്ടങ്ങളേയും കൊണ്ടു ശോഭിക്കുന്ന തിരുവല്ലായിൽ (വല്ലഭഗ്രാമം ആണു്; അവിടെ ലക്ഷ്മീപതിയായ മഹാവിഷ്ണുവിനെ നമസ്കരിക്കണം)
"വല്ലഭഗ്രാമവാസി കേശിദ്ധ്വംസി നിജപദജുഷാം ക്ലേശഹന്ത നിഷേവ്യഃ'' എന്നു ലക്ഷ്മീദാസനും, "വല്ലവാക്കോയിൽകൊള്ളിൻന്റപ്പന്‍ തന്നെത്തൊഴുക മഴകോലിൻറ നീലാംബുദാഭം'' എന്നു് ഉണ്ണുനീലിസന്ദേശകാരനും വര്‍ണ്ണിച്ചിരിക്കുന്നത് ഈ ദേവനെയാണെന്നു വായനക്കാർ സ്മരിക്കുമല്ലോ.
അതു കഴിഞ്ഞാൽ തെക്കുംകൂറിൽ എത്തുന്നതുവരെ അക്കാലത്തു വഴിക്കു ഇരുവശവും വൻകാടായിരുന്നു.
"ഘോരാകാരം വിപിനമതിലംഘ്യാഥ തസ്യാസ്തടിന്യാ-
സ്തീരാരാമേ ശിശിരസുഭഗേ സൌമ്യ, വിശ്രമ്യ യായാഃ;
പാത്രീഭൂതാ പുനരുദയമാര്‍ത്താണ്ഡകീര്‍ത്തിച്ഛടാനാം
ധാത്രീ നേത്രേ സുഖയിതുമലം ദക്ഷിണാ ബിംബലീ തേ".
“കാന്താരൌഘപ്രതിഭയമതിക്രമ്യ കഞ്ചിൽപ്രദേശം" എന്നു ലക്ഷ്മീദാസനും, "തെക്കുംകൂറങ്ങതു കഴിവൊളം കാടിടത്തും വലത്തും മിതടത്തും പുനരവിടമോ ഞാനുണര്‍ത്തേണ്ടതില്ല" എന്നു് 'ഉണ്ണുനീലീ' കൽ..വും പ്രസ്താവിക്കുന്നതു നോക്കുക. മേലുദ്ധരിച്ച പദ്യത്തിൽ "ഭയംകരമായ ആ കാടു കടന്നു് അവിടെ പുഴക്കരയിലുള്ള ശിശിരസുഭഗമായ പൂങ്കാവിൽ വിശ്രമിക്കുക. ഉദയമാർത്താണ്ഡന്റെ യശസ്സിനു പാത്രീഭൂതമായ തെക്കുംകൂർരാജ്യം നിന്റെ നേത്രങ്ങളെ സുഖിപ്പിക്കുന്നതിനു മതിയാകുന്നതാണു്" എന്നു കവി പറയുന്നു. അന്നു തെക്കുംകൂർ വാണിരുന്നതു് ഉദയമാർത്താണ്ഡവർമ്മാവായിരുന്നു എന്നു് ഇതിൽനിന്നു കാണാം. പുഴ കോട്ടയത്തുകൂടി ഒഴുകുന്ന മീനച്ചിലാറുതന്നെ.
അനന്തരം തെക്കുംകൂർ രാജാക്കന്മാരുടെ പരദേവതയായ തിരുര്‍വാപ്പിൽ ബാലകൃഷ്ണസ്വാമിയെ വന്ദിക്കുവാൻ കവി സന്ദേശഹരനോട് അഭ്യത്ഥിക്കുന്നു.
"വന്ദേഥാസ്ത്വം ഭ്രമരം പുരതഃ കഞ്ചിദാശ്ചര്യബാലം
ഘോഷാദ്യോഷാമന ഇവ മുഹുര്‍ഗ്ഗോരസം ചോരയന്തം;
അസ്യ ബ്രൂമഃ കഥമിവ പയോലുബ്ധതാം? യോ വിശുദ്ധാം
മുക്തിം ദത്വാ വിഷകടു പയഃ പീതവാൻ പൂതാനായാഃ''
"അമ്പാടിയിൽ സ്ത്രീഹൃദയത്തെ എന്നപോലെ ഗോരസത്തെ കവരുന്ന ആ അത്ഭുതബാലനെ നീ അവിടെ ഭജിക്കുക. നിര്‍മ്മലമായ മോക്ഷം നല്കി പകരം നഞ്ഞിന്റെ കയ്‌പു കലര്‍ന്ന പാൽ പൂതനയിൽനിന്നു പാനം ചെയ്ത ഈ ബാലന്റെ പാൽക്കൊതി എങ്ങനേയാണു് വര്‍ണ്ണിക്കേണ്ടത്?" ഇപ്പോൾ അച്ചടിച്ചു കാണുന്ന ഉണ്ണുനീലീ സന്ദേശത്തിൽ "തെക്കുംകൂറിന്നൊരു മണിവരം തത്ര മേവും പുരാരിം" എന്നു കാണുന്ന പാഠം ശരിയല്ലെന്നും അതു 'മുരാരിം' എന്നു തിരുത്തി യാണു് വായിക്കേണ്ടത് എന്നും ആ പാഠമാണ് പഴയ താളിയോലഗ്രന്ഥങ്ങളിൽ കാണുന്നതെന്നും ഇവിടെ പ്രാസിങ്ഗികമായ് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
പിന്നീടു കവി തെക്കുംകൂർ രാജധാനിയെ താഴെകാണുന്ന പദ്യത്തിൽ വര്‍ണ്ണിക്കുന്നു.
“പ്രാദുഷ്യാത്തേ ദൃശി കുലപുരീ ബിംബലീഭൂപതീനാം
കൌണീനദ്യാസ്തടപരിസരേ ദക്ഷിണേ വീക്ഷണീയാ
യാ പൌരസ്ത്രീവദനസവിധേ ലജ്ജമാനസ്യ ദൌസ്ഥ്യം
ദൃഷ്ട്വാ മാർഷ്ടി ധ്വജപടഭുജൈര്‍മ്മണ്ഡലം ശീതഭാനോഃ''
“കവണാറ്റിന്റെ (മീനച്ചിലാറ്റിന്റെ) തെക്കേക്കരയിൽ ദര്‍ശനീയയായ ബിംബലീരാജാക്കന്മാരുടെ കുലപുരി (കോട്ടയം) നിനക്കു പിന്നീടു കാണാം; ആ നഗരി പൌരസ്ത്രീകളുടെ മുഖങ്ങൾ നിമിത്തം ലജ്ജിക്കുന്ന ചന്ദ്രബിംബത്തിന്റെ ദുഃസ്ഥിതി കണ്ട് അതിനെ ധ്വജപതാകകളാകുന്ന കൈകളെക്കൊണ്ടു തുടച്ചു മിനുക്കുന്നു.'' കവണാറ്റിന്റെ കരയിൽ തണുപ്പ് തീര്‍പ്പാൻവേണ്ടി വായും പിളർന്നു വെയിലത്തു കിടക്കുന്ന അനേകം മുതലകളുണ്ടെന്നും അവയുടെ വായിലകപ്പെടാതെ സൂക്ഷിക്കണമെന്നുംകൂടി കവി സന്ദേശഹരനോടുപദേശിക്കുന്നു.
"ശീതാലുത്വാദ്വിവൃതവദനൈരാതപേ നക്രചക്രൈ-
സ്തീരം ഘോരം പരിഹര പുരസ്തത്ര കൌണീതടിന്യാഃ''
അതിനപ്പുറം സന്ദേശകാരൻ ഭ്രമരത്തെ കുമാരനല്ലൂർ ഗ്രാമത്തിലേക്കു നയിക്കുന്നു.
"ഗ്രാമം പുണ്യം ദ്വിജവരഗൃഹപ്രോച്ചലദ്ധോമധൂമ-
ശ്യാമം പശ്യ പ്രിയസഖ, പുനഃ ശ്രീകുമാരാഭിധാനം;
ജാതം യത്ര ക്ഷിതിസുരഗണം ബാലമേവാതിഹൃദ്യം
വിദ്യാസ്തന്യം സപദി ദദതീ വർദ്ധയത്യദ്രികന്യാ.''
"ഗംഭീരാര്‍ത്ഥസ്തബകസുഭഗേ സൂക്തിമാമന്യനാസ്ഥാ
മാഭൂദേഷാം ഭ്രമര, ഭവതോ മദ്വിധേയത്വരാഭിഃ;
സത്വോദ്രേകസ്ഫുരിതപരമാനന്ദസംവിദ്വിശേഷം
ദുഗ്ദ്ധേ ചിത്തേ രസമധുഝരോ യസ്യ സാമാജികാനാം.''
"പിന്നീട് ബ്രാഹ്മണശ്രേഷ്ഠന്മാരുടെ ഇല്ലങ്ങളിൽനിന്നുച്ചലിക്കുന്ന ഹോമധൂമങ്ങളാൽ ശ്യാമളമായ കുമാരനല്ലൂരെന്ന പുണ്യഗ്രാമം ദര്‍ശിക്കുക. അവിടെ ജനിക്കുന്ന നമ്പൂരി ഉണ്ണികളെ സാക്ഷാൽ ശ്രീപാര്‍വതീദേവി (ആ ഗ്രാമദേവത) തന്നെ വിദ്യാസ്തന്യം നൽകി വളർത്തുന്നു. എന്റെ കാര്യം സാധിക്കുവാനുള്ള തിടുക്കംകൊണ്ട്, അല്ലയോ വണ്ടേ, അവരുടെ ഗംഭീരാര്‍ത്ഥങ്ങളാകുന്ന പൂങ്കൊത്തുകളെക്കൊണ്ടു സുഭഗമായുള്ള സൂക്തിമാലയിൽ നിനക്ക് അനാസ്ഥയുണ്ടാകരുതു്. ആ സൂക്തിമാലയിലെ രസമധുപ്രവാഹം സഭ്യന്മാരുടെ ഹൃദയത്തിൽ അനിര്‍വചനീയമായ പരമാനന്ദത്തെ ഉളവാക്കുന്നു.” ഇതിൽനിന്നു കുമാരനല്ലൂർക്കാരായ നമ്പൂരിമാര്‍ക്കു് അക്കാലത്തുണ്ടായിരുന്ന സ്വധർമ്മനിഷ്ഠയും ശാസ്ത്രവൈദുഷ്യവും കവനകുശലതയും വിദിതമാകുന്നു.
അനന്തരം അവിടത്തെ "ദൂരീകൃതസുരരിപുവ്രാതദുര്‍വാരഗര്‍വ'യായ കാത്യായനീദേവിയെ നമസ്കരിച്ചിട്ടു ഭ്രമരം വടക്കുംകൂർ ഗോദവർമ്മരാജാവിന്റെ നഗരിയിലേക്കു പോകണമെന്നു കവി ഉപദേശിക്കുന്നു.
"ഇത്ഥം നത്വാ ഗിരിവരസുതാം ഗോദവർമ്മക്ഷിതീന്ദോ-
രഗ്രേ സംഭാവയ പുരവരം പ്രസ്ഫൂരദ്ധേമസാലം
യദ്യുദ്ധേഷു തുടിതവിമതസ്തോമകുണ്ഠാന്ത്രമാലാ-
പ്രച്ഛന്നാശേഷ്വസിലതികയാ ദിദ്യുതേ വിസ്തൃതേവ."
ഗോദവമ്മാവിന്റെ രാജധാനി സ്വണ്ണമയമായ പ്രാകാരത്തോടുകൂടിയതും അദ്ദേഹത്തിന്റെ കരാളമായ കരവാളം യുദ്ധഭൂമികളിൽ വധിക്കപ്പെട്ട ശത്രുക്കളുടെ കണ്ഠാന്ത്രമാലകൾകൊണ്ടു ദിക്കുകളെ മറച്ചു മിന്നൽപോലെ ശോഭിക്കുന്നതുമാണെന്നു ഗ്രന്ഥകാരൻ വര്‍ണ്ണിക്കുന്നു. ഈ ഗോദവര്‍മ്മാവു വാസ്തവത്തിൽ ഒരു യശസ്വിയും രണശൂരനുമായിരുന്നു. അദ്ദേഹത്തെപ്പറ്റി
"അയി ഗിരിവരകന്യേ! നിത്യമേതാവദേവ
പ്രണയവിവശഭാവസ്താവദഭ്യര്‍ത്ഥയേഹം;
ജയതു ചിരമവന്യാം പ്രാപ്തനിശ്ശേഷശര്‍മ്മാ
വിദലിതരിപുമര്‍മ്മാ ഗോദവർമ്മാ സുകര്‍മ്മാ."
എന്നും അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ഖഡ്‌ഗത്തെപ്പററി
"കൃപാണീയം ബിംബല്യധിപ! രണമത്താരിപടലീ-
ഗളോൽകൃത്തീഃ കര്‍ത്ത്രീ, രുധിരകണസിക്തീ തവ ഭുജേ
ജഗദ്യാഥാകാമീകബളനകണേഘാതകലനാ-
രസാത്താം കാര്‍ത്താന്തീം പരമനുസരീസര്‍ത്തി രസനാം"
എന്നും മേല്പത്തൂർ ഭട്ടതിരിപോലും മുക്തകണ്ഠമായ് പ്രശംസിച്ചിട്ടുണ്ടു്.
"മതുമൊഴികൾമനോജ! വെല്ക നീണാൾ
മതിതൊഴുമാനനബിംബ! രമ്യകീര്‍ത്തേ!
ബുധപരഭൃതപാളികളിതഞ്ചും
കുസുമിതകോമളചൂത! കോതവര്‍മ്മ!
ചാഞ്ഞീല ബാലഗതി കേവലമെങ്കിലും പോയ്
തേഞ്ഞൂ തുലോമഖിലവൈരിനൃപാലജാലം;
മാഞ്ഞീടുമന്ധതമസം ദിവി: ബാലസൂര്യൻ
ചാഞ്ചാടുമവ്വളവിലും ബത ! കോതവര്‍മ്മ !
ഉടവാളുറയൂരി നീ കളിപ്പാൻ
പടുനേരത്തൊരുനാൾത്തുനിഞ്ഞനേരം
കടലായിതു കണ്ണുനീർ കനം വാര്‍-
ത്തടലാർനാരികൾവീടു കോതവര്‍മ്മ!
കോതവര്‍മ്മനൃപ ! നീയൊഴിഞ്ഞെനി-
ക്കേതുമില്ലൊരവലംബമൂഴിമേൽ;
ചാതകത്തിനൊരു ബന്ധുവുള്ളതാ-
രാധി തീർപ്പതിനു മേഘമെന്നിയേ".
ഇത്യാദി പല മണിപ്രവാളപദ്യങ്ങൾക്കും ആ രാജാവു വിഷയീഭവിച്ചിട്ടുണ്ടു്. അതിനും പുറമേ അരുണഗിരികവിയുടെ ഗോദവര്‍മ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥവും ഗോദവർമ്മാവിന്റെ അപദാനങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ളതാണു്. അരുണഗിരിയുടെ ഗുരു വേങ്കടാദ്രിയും പിതാവു ശേഷാദ്രിയും ആയിരുന്നു. കൌണ്ഡിന്യഗോത്രജനായ ആ കവിയുടെ ഗ്രന്ഥാരംഭത്തിലുള്ള പ്രതിജ്ഞ
"വാണീപാണിസരോജശോണനഖരശ്രീകോണവീണാരവ-
ശ്രേണീനിർഭരമാധുരീരസലസദ്വേണീകിരോ യദ്ഗിരഃ
സോയം സൽകവിസമ്മതോരുണഗിരിഃ ശ്രീഗോദവർമ്മപ്രഭോ-
രാലംകൃതിമദ്ഭൂതാം വിതനുതേ ഹൃദ്യം യശോഭൂഷണം."
എന്നാകുന്നു.
"സ ജയതി രണസീമ്നി ഗോദവര്‍മ്മാ
ത്രസദരിഭൂപദുരാപദോഃ പ്രതാപഃ;
വിലസതി വിയദങ്ഗണേ വിവസ്വാൻ
തനുരുചിവഞ്ചിതതാരകാപ്രപഞ്ചഃ.
നടന്മൃഡജടാടവീനികടഭൂലുഠജ്ജാഹ്നവീ-
വിനിഹ്നുതിപടുച്ഛവിപ്രസരദച്ഛകീർത്തിച്ഛടാ
വഹത്യവനിവജ്രിണഃ പ്രഥമഭൂധരോദിത്വര-
പ്രസൃത്വരരുചിസ്ഥിരപ്രചുരപൂർണ്ണചന്ദ്രശ്രിയം.
സമ്പൽസമഗ്രാ ഭുവി ഗോദവർമ്മ-
മഹീഭൃതാവുത്തരബിംബലീശേ
കീര്‍ത്ത്യാ പരം ഭാതി സമേത്യ നിത്യ-
മുദാരതാ സാഹസിതാ ച ധാമനാ.''
ഇങ്ങനെ അനവധി പദ്യങ്ങൾ ഈ ഗ്രന്ഥത്തിൽ ഗോദവർമ്മ പ്രശസ്തിപരങ്ങളായുണ്ടു്. ഗോദവർമ്മാവിന്റെ രാജധാനി ഏറ്റുമാനൂരായിരുന്നു എങ്കിലും കവി നിർദ്ദേശിക്കുന്നത് ആ രാജ്യത്തിന്റെ അപരാന്തസ്ഥമായ പെരുമ്പായിക്കാടോ മറ്റോ ആയിരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. അവിടേയുള്ള പൂങ്കാവിനേയും ഒരു ചിറയേയും കവി സ്മരിക്കുന്നുണ്ടു്.
പിന്നെ ചെമ്പകശ്ശേരി രാജാവിന്റെ രാജധാനിയായ കുടമാളൂരിനെ വർണ്ണിക്കുന്നു.
“അക്ഷ്ണോര്‍മ്മാര്‍ഗ്ഗേ നിപതതി പുരാ രാജധാനീ തദാനീം
ദുർഗാശ്ലേഷാദവിദിതഭയാ ദേവനാരായണസ്യ
യോമേദിന്യാമപി നിജകമര്‍ത്ഥാപയൻ നാമധേയം
കീർത്തിക്ഷീരാർണ്ണവജലമപാരം വിധായാധിശേതേ."
"പിന്നീടു് ദേവനാരായണന്റെ രാജധാനി നിന്റെ കണ്ണിൽപ്പെടും. അതു ദുർഗ്ഗാശ്ലേഷംകൊണ്ടു് (കോട്ടയുള്ളതുകൊണ്ടു് എന്നും ദുർഗാദേവി അധിവസിക്കുന്നതുകൊണ്ടു എന്നും) ഭയമറിയാത്ത ഒരു നഗരമാണ്. ദേവനാരായണനാകട്ടെ ഭൂമിയിലും തന്റെ നാമധേയത്ത അന്വർത്ഥമാക്കിക്കൊണ്ടു താൻ നിർമ്മിച്ച പുകളാകുന്ന പാൽക്കടൽ വെള്ളത്തിൽ ശയിക്കുന്നു.
അനന്തരം രവിവർമ്മരാജാവിന്റെ ഭരണത്തിൽപ്പെട്ട ദേശത്തെ ദർശിക്കണമെന്നു കവി വണ്ടിനോടു പറയുന്നു. രവിവർമ്മാവു പക്ഷേ വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖയിലെ മൂപ്പനായിരിക്കാം. ഈ രവിവർമ്മാവിനെപ്പറ്റി
"നിൻ പടകൾകണ്ടുലകിലുമ്പർകുലപാലൻ
കമ്പമകമേ കരുതി നൂതനമിദാനീം
കുംഭിവരമേറിയുടനോടി നടകൊണ്ടാൻ
ബിംബലമഹീതിലക ! വീരരവിവർമ്മ!"
എന്നും മറ്റും പ്രശസ്തിപദ്യങ്ങൾ കാണുന്നുണ്ടു്.
"ദൃഷ്ട്വാ നന്ദിഷ്യസി ഫലഭരൈരാനതാം നാളികേര-
ശ്രേണീം ദേശാവനിഷു രവിവർമ്മ പ്രതാപോജ്ജ്വലാസു
യാം പാമ്പേഭൃശ്ശിശിരമധുരം വാരി ദൃഷ്ട്വാ ദദാനാം
കോപാദുന്മൂലയിതുമുദധിര്‍വീചിഹസ്തൈര്‍ദ്ധുനോതി.”
"ആ ദിക്കിൽ ഫലഭരങ്ങളെക്കൊണ്ടു ആനതങ്ങളായ് അനവധി തെങ്ങുകൾ നില്ക്കുന്നു; അവ വഴിപോക്കര്‍ക്കു കുടിവെള്ളം കൊടുക്കുന്നതു കണ്ടു കുപിതമായ സമുദ്രം അവയെ താഴെ വീഴിക്കുന്നതിനായ് തിരക്കൈകൾകൊണ്ടു് ഇളക്കുന്നു." വേമ്പനാട്ടുകായലിനു സമീപം നില്ക്കുന്ന തെങ്ങുകളെപ്പറ്റിയായിരിക്കണം ഈ വര്‍ണ്ണനം. ആ നഗരത്തിലുള്ള മഹാവിഷ്ണുവിനെ ഭ്രമരം ഭജിക്കണമെന്നും കവി പ്രാർത്ഥിക്കുന്നുണ്ടു്. നഗരമേതെന്നു നിശ്ചയിക്കുവാൻ മാര്‍ഗ്ഗം കാണുന്നില്ല. ഒന്നിലധികം വിഷ്ണുക്ഷേത്രങ്ങൾ വഴിക്കുണ്ട്.
സന്ദേശഹരന്റെ അടുത്ത താവളം വൈക്കമാണു്.
"വ്യാഘ്രക്ഷേത്രം ഭജ പശുപതേർനൃത്തരങ്ഗം ദിനാന്തേ
യസ്മൈ നിത്യം രജതഗിരിരപ്യഭ്യസൂയത്യദഭ്രം
പ്രാദക്ഷിണ്യാച്ചലതി ഭസിതാലിപ്തഗാത്രേ ജനൌഘേ
യസ്മിന്നന്യസ്‌ഫടികരചിതോ ജംഗമോ ഭാതി സാലഃ''
"വൈക്കത്തേക്കു പോകുക; അവിടെയാകുന്നു ശിവന്റെ സായങ്കാലനൃത്തം; കൈലാസപര്‍വതത്തിനുപോലും വൈക്കത്തോട് അനല്പമായ അസൂയയുണ്ടു്. ഭസ്മഭൂഷിതരായ ഭക്തന്മാർ ആ ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ വേറെ ഒരു സ്‌ഫടികനിര്‍മ്മിതമായ ജംഗമപ്രാകാരം അവിടെ പരിസ്‌ഫുരിക്കുന്നുവോ എന്നു തോന്നും.'' ഈ ശ്ലോകത്തിലെ ജങ്ഗമസാലോല്ലേഖം മേല്‌പുത്തൂർ ഭട്ടതിരിയുടെ അഷ്ടമീപ്രബന്ധത്തിലേ
"ദിവാനിശം യത്ര ശശാങ്കമൌലേഃ
പ്രദക്ഷിണാന്യാദധതോ ജനൌഘാഃ
അച്ഛിന്നരൂപേണ ഗതേന നിത്യം
വിതന്വതേ ജങ്‌ഗമസാലശങ്കാം."
എന്ന പദ്യത്തിന്റെ ഏകദേശാനുകരണമാണെന്നു പറയേണ്ടിയിരിക്കുന്നു. വാസുദേവന്റെ ആശയം മേല്പുത്തൂർ ചോരണം ചെയ്യുവാൻ ഇടയില്ലല്ലോ.
വൈക്കത്തപ്പനെ വാഴ്ത്തുന്ന പദ്യങ്ങൾ ഗ്രന്ഥത്തിൽ പലതുമുണ്ടെങ്കിലും അവയിലൊന്നുമാത്രമുദ്ധരിക്കാം.
"ഭക്തേഷ്വത്യാദര, മഖിലലോകാർത്തിഹാരിത്വ, മന്തഃ-
സ്നിഗ്ദ്ധ ലോകേപി ച വിവശതാം, മാനമത്തേഷു രൌക്ഷ്യം,
മൂർദ്ധ്നാ കണ്ഠേന ച ഘനരുചാ വാമഭാഗേന ചാക്ഷ് ണാ
വ്യാചക്ഷാണം പ്രണമ ജഗദാനന്ദം ചന്ദ്രമൌലിം."
"ഭക്തന്മാരിലുള്ള അത്യാദരം ബാലചന്ദ്രനെ ധരിക്കുന്ന ശിരസ്സിനാലും, സര്‍വലോകങ്ങൾക്കും താനത്രേ താപഹന്താവെന്നുള്ളതു മേഘനീലമായ കാളകൂടം അണിയുന്ന കഴുത്തിനാലും, പ്രിയജനത്തോടുള്ള പ്രേമപാരവശ്യം പാവതീദേവിക്കു നല്കിയ വാമഭാഗത്താലും, ഗര്‍വ്വമത്തന്മാരായ അസുരന്മാരോടുള്ള ദ്വേഷം ത്രിപുരന്മാരെ ഭസ്മീകരിച്ച നെറ്റിക്കണ്ണിനാലും വ്യക്തീകരിക്കുന്ന ജഗദാനന്ദകരനായ ശ്രീപരമേശ്വരനെ നീ നമസ്കരിക്കുക.''
"താര്യാ സിന്ധുസ്തദനുകുടിലാ ബിംബലീമാദധാത്രീ
സീമാ, രാമാകുചമലയജാമോദഭാരാഭിരാമാ,
മഗ്നോന്മഗ്നൈര്‍വദനകമലൈഃ കൌരവീണാം വധൂനാം
യാ ഹേമാംഭോരുഹവനവതീം സ്വർദ്ധുനീമുദ്ധുനീതേ."
എന്ന പദ്യത്തിൽ വടക്കെ അതിത്തിയിൽ വളഞ്ഞൊഴുകുന്ന മുറിഞ്ഞ പുഴയാറു (മൂവാറ്റുപുഴയാറു) കടക്കുവാൻ കവി വണ്ടിനോടു പറയുന്നു. "കൌരവീണാം വധൂനാം'' എന്നുള്ള പ്രസ്താവന കുരുനാട്ടിലെ സ്ത്രീകളെ ഉദ്ദേശിച്ചു ചെയ്യുന്നതാണ്. കുരുനാടു കൊച്ചിരാജാവ് ഒരു കാലത്തു പിടിച്ചടക്കിയതാണെന്നും അതു മലവാരംമുതൽ എറണാകുളംവരെ അഞ്ചിക്കൈമ്മൾ ഉൾപ്പെട്ട പ്രദേശത്തിന്റെ പേരാണു് എന്നും വിഷർ പറയുന്നു. "ഇത്ഥം നിയുക്തഃ കുരുഭൂമിഭർത്ത്രാ" എന്നു തെങ്കൈലനാഥോദയത്തിൽ തന്റെ പുരസ്തര്‍ത്താവായ കൊച്ചി വീരകേരളവർമ്മമഹാരാജാവിനെ നീലകണ്ഠകവി സ്മരിക്കുന്നതും ഈ അവസരത്തിൽ പ്രസ്താവയോഗ്യമാണു്.
മുറിഞ്ഞ പുഴ കടന്നാൽ ചെല്ലുന്നതു തൃപ്പൂണിത്തുറയാണു്.
“പൂര്‍ണ്ണത്രയ്യാം കമപി കമലാപുണ്യപൂരം സ്ഫുരന്തം
നത്വാ ദത്താഞ്ജലിരഭിമതം ദാപയിത്വാ ച യാഹി
ക്ഷേത്രേ യത്ര സ്ഫുരതി മഹിതേ സൂക്തിഗങ്ഗാതരങ്ഗ-
സ്തോമൈരാന്ദോളിതഹരജടാബാല ചന്ദ്രഃ കവീന്ദ്രഃ.'’
“തൃപ്പൂണിത്തുറയിൽ ചെന്നു മഹാവിഷ്ണുവിനെ തൊഴുതു വേണ്ട വഴിവാടുകളും കഴിച്ചിട്ടു പോകുക. ആ പ്രസിദ്ധമായ ക്ഷേത്രത്തിൽ തന്റെ സൂക്തിഗങ്ഗാതരങ്‌ഗങ്ങളെക്കൊണ്ടു ശ്രീപരമേശ്വരന്റെ ജടാലങ്കാരമായ ബാലചന്ദ്രനെ ഊഞ്ഞാലാടിക്കുന്ന ഒരു കവീന്ദ്രനുണ്ടു്.'' ഈ കവീശ്വരൻ ചെല്ലൂർ മാഹാത്മ്യം, നാരായണീയം, തെങ്കൈലനാഥോയം ഈ പ്രസിദ്ധഭാഷാചമ്പുക്കളുടെ പ്രണേതാവായ നീലകണ്ഠൻനമ്പൂരിയായിരിക്കാമെന്നു തോന്നുന്നു. കൊല്ലം ൭൭൬ മുതൽ ൭൯൦ വരെ കൊച്ചിരാജ്യം ഭരിച്ച വീരകേരളവർമ്മമഹാരാജാവിന്റെ സേവകനായ ഈ കവി കുറെക്കാലം തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു; ഇദ്ദേഹം അവിടത്തെ അനന്തരഗാമിയായ് കൊല്ലം ൭൦൦-ാമാണ്ടു വരെ രാജ്യഭാരം ചെയ്ത രവിവർമ്മമഹാരാജാവിന്റെയും ആശ്രിതനായിരുന്നിരിക്കുക അസംഭാവ്യമല്ലല്ലോ. മേലത്തൂർ ഭട്ടതിരി ഗോശ്രീനഗരവര്‍ണ്ണനചമ്പു രചിച്ച കാലത്തു കൊച്ചിരാജ്യം ഭരിച്ചിരുന്നതു വീരകേരളവര്‍മ്മാവായിരുന്നു
അടുത്ത പദ്യത്തിൽ കവി ഗോശ്രീമഹാരാജാക്കന്മാരുടെ രാജധാനിയായ കൊച്ചി വര്‍ണ്ണിക്കുന്നു.
"പൌരസ്ത്യായാം കകുഭി പരിഖീഭൂതചൂര്‍ണ്ണീതരങ്ഗാ
ദൂരേ ദൃശ്യാ നഭസി നഗരീ രാജരാജക്ഷിതീന്ദോ?
യോ ഭീമോപി പ്രധനസമയേഷ്വര്‍ജ്ജുനത്വം യശോഭിര്‍-
ന്നീതഃ കൃഷ്ണാമദധത കരേ ഖഡ്‌ഗവല്ലീം സുഭദ്രാം''
"അവിടെനിന്നു ദൂരെയായ്, പൊക്കത്തിൽ, കിഴക്കുവശത്തു പെരിയാറാകുന്ന കിടങ്ങോടുകൂടിയ രാജരാജന്റെ രാജധാനി നിനക്കു കാണാം; അദ്ദേഹം യുദ്ധസമയങ്ങളിൽ ഭീമൻ (ഭീമസേനനെന്നും ഭയങ്കരനെന്നും) ആണെങ്കിലും യശസ്സുകളെക്കൊണ്ടു് അര്‍ജ്ജുനൻ (മദ്ധ്യമപാണ്ഡവനെന്നും ശ്വേതനെന്നും) ആയ്ത്തീർന്നു കൃഷ്ണയാകുന്ന ഖഡ്ഗവല്ലിരൂപയായ സുഭദ്രയെ (കറുത്തതും മങ്‌ഗലപ്രദവുമായ വാളിനെ) പാണിഗ്രഹണം ചെയ്തു (തൃക്കൈയ്യിൽ ഏന്തി). 'വാചാ യേഷാം ഭവതി നൃപതിര്‍ന്നായകോ രാജ്യലക്ഷ്മ്യാഃ' എന്നു ശുകസന്ദേശകാരൻ വര്‍ണ്ണിക്കുന്ന ചേരമാൻപെരുമാക്കന്മാരുടെ അനന്തരവരാകയാൽ പിൻകാലങ്ങളിലും കവികൾ കൊച്ചി മഹാരാജാക്കന്മാരെ "രാജാജ" പദം കൊണ്ടും "കേരളാധീശ" പദംകൊണ്ടും വിവക്ഷിച്ചിരുന്നു.
വീണ്ടും കൊച്ചിയെത്തന്നെ സന്ദേശകാരൻ വര്‍ണ്ണിക്കുന്നു.
"മാടക്ഷ്മാഭൃദ്വരകുലപുരീം പശ്ചിമാംഭോധിതീരേ
ദൃഷ്ട്വാ നിഷ്ഠാപിതകനകസാലോപരുദ്ധാന്തരിക്ഷാം
യൽ കൈലാസേ യദപികലശാംഭോനിധൌ യച്ച നാകേ
ദൃഷ്ടഞ്ചിത്രം തദിഹ സഹസാ വിസ്മരിഷ്യത്യവശ്യം.''
"പശ്ചിമസമുദ്രതീരത്തിൽ സ്വര്‍ണ്ണപ്രാകാരങ്ങളെക്കൊണ്ടു് ആകാശത്തെപ്പോലും ഉപരോധിക്കുന്ന കൊച്ചിരാജാക്കന്മാരുടെ കുലപുരി കാണുന്നവൻ കൈലാസത്തിലും പാല്ക്കടലിലും സ്വര്‍ഗ്ഗത്തിലും കണ്ട ആശ്ചര്യം മുഴുവൻ നിശ്ചയമായ് വിസ്മരിക്കും.''
പിന്നീടു ചെല്ലേണ്ടതു തിരുവഞ്ചിക്കുളത്താണു്.
"തീരാരാമൈഃ ഫലഭരനമന്നാളികേരാഭിരാമൈ-
സ്തീർത്വാ ദേശാൻ കതിചന പുരഗ്രാമദുര്‍ഗ്ഗാനുകീര്‍ണ്ണാൻ
പ്രത്യാസന്നം ഭ്രമര, പുരതഃ പഞ്ചരങ്ഗാധിനാഥം
നത്വാ ദൂരേ പരിഹര മൃധേ തത്ര ഭീമാൻ ഖധൂപാൻ."
“യുദ്ധം തസ്മിൻ ദിനമനുമഹദ്വര്‍ത്തതേ ശൈലസിന്ധു-
ക്ഷ്മാഭൃന്മാടക്ഷിതിരമണയോര്‍വിക്രമോച്ചണ്ഡദോഷ്ണോഃ
യസ്മാദസ്ത്രോൽകരശകലിതാം ബിഭ്രതീ യൌധകോടിം
ദ്യൌരുദ്വിഗ്നാ വരണപടഹൈരന്വഹം രോദിതീവ."
"അവിടെനിന്നു ഫലഭരനമ്രങ്ങളായ നാളികേരവൃക്ഷങ്ങളെക്കൊണ്ടു ശോഭിക്കുന്ന സമുദ്രതീരത്തുള്ള പുരയിടങ്ങളിൽകൂടി ചില പുരങ്ങൾ, ഗ്രാമങ്ങൾ, കോട്ടകൾ ഇവ കടന്നു മുന്നോട്ടു പോയാൽ നിനക്കു എതിരിൽ കാണുന്ന പഞ്ചരങ്‌ഗദേവനെ ഭജിക്കാം. അവിടെ പോര്‍ക്കളത്തിൽ വിടുന്ന ഭയങ്കരങ്ങളായ (ഖധൂപങ്ങൾ) ബാണങ്ങൾ ഏല്ക്കാതെ നോക്കണം." പഞ്ചരങ്ഗം അഞ്ചുകളും അഥവാ അഞ്ചിക്കളം. തിരുവഞ്ചിക്കുളത്തിനു കവി നല്‌കുന്ന പേർ ഇതാകുന്നു. അഞ്ചുകൈയ്കൾ അഞ്ചിക്കൈയ്മൾ ആകുന്നതുപോലെ അഞ്ചുകളും അഞ്ചിക്കളമാവാം. "അഞ്ചക്കളത്തപ്പനേ' എന്നാണ് ആ ദേവനെ സുന്ദരമൂർത്തിനായനാർ വാഴ്ത്തുന്നതു്. അഞ്ചൈ എന്നാൽ അമ്മ. ശ്രീകുരുംബക്കാവിലെ ഭദ്രകാളി അവിടെ യുദ്ധകാലങ്ങളിൽ ഭൂതഗണങ്ങളോടുകൂടി താണ്ഡവമാടുന്നതായ് കവി അടുത്ത പദ്യത്തിൽ പ്രസ്താവിക്കുന്നു.
"അഗ്രേ വല്‌ഗൽപ്രമഥനികുരുംബാ കുരങ്ഗാധിനാഥാ
തത്രാദൂരേ വിഹരതി വനേ താണ്ഡവൈസ്സാന്ധിവേലൈഃ
മത്താ രക്താംഭസി കരതലം താഡയന്ത്യോ ഹസന്ത്യോ
മഗ്നാ നഗ്നാസ്സമരധരണൌ തത്ര ദൃശ്യാഃ പിശാച്യഃ.''
കോഴിക്കോടും കൊച്ചിയും തമ്മിൽ അക്കാലത്തു കൊടുങ്ങല്ലൂരില്‍ അതിഭയങ്കരമായ യുദ്ധം നടന്നുകൊണ്ടിരുന്നു. തിരുവഞ്ചിക്കുളത്തു ദുര്‍ഗ്ഗങ്ങളിൽനിന്നു മുഴങ്ങുന്ന പടഹരവം കേട്ടാൽ, മൃതന്മാരായ യോധന്മാരുടെ സമൂഹത്തെ ധരിക്കുകയാൽ ഉദ്വിഗ്നയായ ദ്യോവ് രോദിക്കുന്നതുപോലെ തോന്നുമെന്നും ആ ഭടന്മാരുടെ രക്തധാരയിൽ പിശാചിക മദിച്ചു കൈകൊട്ടിയാര്‍ത്തു നഗ്നകളായ് മുങ്ങുന്നതു കാണാമെന്നും മറ്റുകവി "യുദ്ധം തസ്മിൻ" ഇത്യാദി പദ്യത്തിലും ഇതിലുമായ് വര്‍ണ്ണിക്കുന്നു വീരകേരളവർമ്മതമ്പുരാന്റെയും രവിവർമ്മതമ്പുരാന്റെയും വാഴ്ചക്കാലം മുഴുവനും അതിൽ പിന്നീടും കോഴിക്കോടും കൊച്ചിയും തമ്മിൽ നിന്തരമായ് ശണ്ഠ നടന്നുകൊണ്ടിരുന്നു.
അടുത്ത താവളം തൃക്കണാമതിലകം ആണു്.
"താന്താമൃദ്ധിം ജനപദഗതാം നിര്‍വിശൻ രാഗ്ഗവേഗ-
ശ്രാന്താം കാന്താമതി മൃദുലയാ വീജയൻ പക്ഷപാള്യാ
മാദ്ധ്വീം കുഞ്ജേഷ്വതിമൃദു പിബൻ പായയൻ ഗാഹിതാസ
യുദ്ധോദ്ഘുഷ്ടാം സപദി ഗുണകാം മാടധാത്രീന്ദ്രഗുപ്താം.
തസ്യാം സ്ഫോടസ്പുടിതഗുളികാവര്‍ഷിദിങ്‌മണ്ഡലായാം
ത്വയ്യുൽകൂജത്ത്വരിതഗമനേ നിഷ്പതത്യംബരേണ
ത്വാമപ്യേകേ ഝടിതി ഗുളികാം ത്രാപുഷീമാപതന്തീം
മത്വാ ലീനാശ്ചകിതമവനൌ ഹാസ്യതാം ദര്‍ശയേയും.''
"അതാതു ഗ്രാമങ്ങളിൽനിന്നുള്ള സൽക്കാരസമ്പത്തു സ്വീകരിച്ചു ചിറകുകൊണ്ടു പ്രിയതമയുടെ മാര്‍ഗ്ഗശ്രമം നീക്കി വള്ളിക്കുടിലുകളില്‍ പൂന്തേനുണ്ടും ഊട്ടിയും പോയാൽ കൊച്ചി മഹാരാജാവിനാൽ ...പ്തയായ ഗുണകയിൽ (തൃക്കണാമതിലകത്തിൽ) നിനക്കു ചെല്ലാം. അവിടെ പോര്‍ക്കളത്തിൽ അനവധി വെടിയുണ്ടകൾ പൊട്ടിപ്പായുന്നുണ്ട്. നീ മുരണ്ടുകൊണ്ടു് ആകാശത്തിൽകൂടി വേഗത്തിൽ പറക്കുന്നതുകണ്ടു ചിലർ ഈയഗ്ഗുണ്ടാണു വന്നു വീഴുന്നതെന്നു കരുതി തറയിൽ പേടിച്ചു പറ്റിക്കിടന്നു തദ്ദ്വാരാ കാണികൾക്കു ഹാസത്തെ ഉളവാക്കും." മതിലകം അന്നത്തെ ഒരു വലിയ യുദ്ധരങ്ഗമായിരുന്ന കൊല്ലം ൭൯൦-ൽ സാമൂതിരിപ്പാട്ടിലേ സേനാനിയായ ഇട്ടിക്കുമാരമേനോനെ വെട്ടിക്കൊന്നു വിരകേരളവർമ്മതമ്പുരാൻ ആ സ്ഥലം കൊച്ചിക്കു വീണ്ടും അധീനമാക്കി. അതുകൊണ്ടാണ് 'മാടധാത്രീന്ദ്രഗുപ്താം' എന്നു കവി 'ഗുണക'യെ വര്‍ണ്ണിക്കുന്നതു്. മതിലകം അങ്ങാടി കൊല്ലം 703-ൽ രവിവർമ്മ തമ്പുരാന്റെ അനന്തരഗാമി വെട്ടിപ്പിടിച്ചു. 'ഗുണകാനാഥ ഇത്യൂഢകീർത്തിഃ' എന്ന് അവിടത്തെ ശ്രീപരമേശ്വരനെ ശുകസന്ദേശകാരനും സ്തുതിക്കുന്നു. മേല്‌പുത്തൂർ നാരായണഭട്ടതിരി കൊച്ചി സന്ദർശിച്ചകാലത്തു വീരകേരളവർമ്മ തമ്പുരാൻ തൃക്കണാമതിലകത്തായിരുന്നു. അദ്ദേഹത്തിന്റെ അപദാനങ്ങളെ ഭട്ടതിരി താഴെക്കാണുന്ന ശ്ലോകങ്ങളിൽ പ്രശംസിക്കുന്നു.
"ഗുണപുരസീനി വസന്തം
ശൃണുമോ മാടേശ്വരം പുരൈവ വയം;
അദ്യ തു വിലോകയാമ-
സ്തമിമം ഗുണപൂരസീമ്‌നി വിലസന്തം.
പുരാ തേ കന്ദര്‍പ്പപ്രമഥന, പുരാണേഷു ശൃണുമോ
മഹാസേനാസക്തിം സതതമപി ദുര്‍ഗ്ഗാനുസരണം;
ഇദാനീം വിസ്പഷ്ടം ദ്വിതയമപി തന്മാടനൃവര
സ്ഫുരത്സേനാദുര്‍ഗ്ഗേ ഗുണപുരനികേതേ നിവസതഃ.''
"കൊച്ചി മഹാരാജാവിനെ ഗുണപുരസീമാവിൽ (തൃക്കണാമതിലകത്തിന്റെ അതിർത്തിയിൽ) വസിക്കുന്നതായ് ഞങ്ങൾ മുമ്പു കേട്ടിട്ടുണ്ടു് ; അടുത്തു വന്നപ്പോൾ ഗുണപുരസീമാവിലല്ല ഗുണപൂരസീമാവിലാണു് (ഗുണഗണത്തിന്റെ പരമകാഷ്ഠയിലാണു്) അദ്ദേഹം വസിക്കുന്നതെന്നു കാണ്മാനിടവന്നു. അല്ലയോ കന്ദര്‍പ്പപ്രമഥന, (ശിവനെന്നും മന്മഥസുന്ദരനായ രാജാവെന്നും) അങ്ങേയ്ക്ക് എല്ലായ്പോഴും മഹാസേനാസക്തിയും (സുബ്രഹ്മണ്യങ്കൽ വാത്സല്യം) ദുര്‍ഗ്ഗാനുസരണവും (പാർവതീദേവിയുടെ അനുസരണം) ഉണ്ടെന്നു ഞങ്ങൾ പുരാണങ്ങളിൽനിന്നു പഠിച്ചിട്ടുണ്ടു്. സേനകളോടും ദുര്‍ഗ്ഗങ്ങളോടും കൂടി സ്‌ഫുരിക്കുന്ന തൃക്കണാമതിലകത്തു വസിക്കുന്ന അങ്ങയിൽ ഇവ രണ്ടും സ്പഷ്ടമായ് (മഹാരാജാവിൽ) ഞങ്ങൾ കാണുന്നു. രാജപക്ഷത്തിൽ 'മാടനൃവര' എന്നു പദച്ഛേദം ചെയ്യണം.
കൊച്ചി മഹാരാജാവ് അന്നു യുദ്ധസന്നദ്ധനായ് മതിലകത്തുതന്നെയുണ്ടായിരിക്കുമെന്നാണ് കവി ഊഹിക്കുന്നതു്.
"ഏകന്നത്വാ ഹിമഗിരിസുതാനേത്രലൌഹിത്യസന്ധ്യാം
കോകം ധാമ സ്തുതിഭിരുപതിഷ്ഠസ്വ തിഷ്ഠന്നുപാന്ത;
താവന്നന്തും സവിധമയതഃ കേരളേന്ദ്രസ്യ രാജ്ഞോ
രൂപച്ഛായാം പിബസി യദി തേ ചക്ഷുഷീ പൂര്‍ണ്ണപുര്‍ണ്യേ'.
"അവിടെ ശ്രീപരമേശ്വരനെ നമസ്കരിച്ചു സമീപത്തിൽ ഉപാസിച്ചുകൊണ്ടിരുന്നാൽ കേരളരാജാവു (മാടഭൂപൻ) തൊഴാൻ വരുന്നതും അപ്പോൾ അവിടുത്തെ ദേഹകാന്തിയെ നിനക്കു പാനം ചെയ്യാവുന്നതും തന്മൂലം നിന്റെ നേത്രങ്ങൾ പൂര്‍ണ്ണപുണ്യങ്ങളാകുന്നതുമാണു്. ''
പിന്നീടു തരണംചെയ്യേണ്ട നഗരം ഇരിങ്ങാലക്കുടയാണ്. അവിടത്തെ ദേവനായ മുകുന്ദനെ വന്ദിക്കണമെന്നു കവി താഴെ ഉദ്ധരിക്കുന്ന പദ്യത്തിൽ ഉപദേശിക്കുന്നു.
"പാത്രം ലക്ഷ്മ്യാ മധുകര, തതസ്സജമഗ്രാമനാമ
ക്ഷേത്രം ഗച്ഛ പ്രചുരദുരിതധ്വംസി കംസാന്തകസ്യ
സ്വാമിപ്രേമ്ണാ കലശജലധേര്‍വീചിമാലേവ ലഗ്നാ
യസ്യ പ്രസാരയതി വിഭവം സാ കുലീപിന്യുപാന്തേ.'' '
വിഷ്ണുഭക്തി നിമിത്തം സമുദ്രത്തിന്റെ തിരമാലപോലെ കുലീപിനി (ഇരിങ്ങാലക്കുടച്ചിറ) ആ നഗരത്തിന്റെ ഐശ്വര്യത്തെ വർദ്ധി പ്പിക്കുന്നുവത്രേ. മുകുന്ദപുരം എന്നു് ആ കോവിലകത്തുംവാതിലിനു പേർ വന്നതുതന്നെ കൂടൽമാണിക്യമായ മുകുന്ദനിൽനിന്നാണെന്നു പറയേണ്ടതില്ലല്ലൊ.
അനന്തരം ഊരകത്തുചെന്നു ഭഗവതിയെ ഭജിച്ചുകൊണ്ടു് അവിടെനിന്നു തൃശ്ശിവപേരൂക്കു പോകണമെന്നു കവി വണ്ടിനോടു പറയുന്നു.
"ഇത്ഥം ഗായന്നഥ വലയഗേഹാധിനാഥാം ഭജേഥാ-
ഭക്ത്യാ ഗത്വാ കുനകനികഷസ്നിഗ്ദ്ധവര്‍ണ്ണാമപര്‍ണ്ണാം
സ്തുത്വാ ചൈനാമുദിതകരുണാപൂരപീയൂഷവൃഷ്ട്യാ
ദൃഷ്ട്യാ തസ്യാഃ സ്ഫുടമനുമതോ യാഹി പുണ്യം വൃഷാദ്രിം."
"ഊരകത്തമ്മ തിരുവടിയെത്തൊഴുത് ആ ദേവിയുടെ കാരുണ്യാമൃതം പൊഴിക്കുന്ന ദൃഷ്ടികൊണ്ടുള്ള അനുമതി ലഭിച്ചതിനുമേൽ വേണം നീ തൃശ്ശിവപേരൂര്‍ക്കു പോകുവാൻ.''
വടക്കുന്നാഥന്റെ അവസ്ഥ കവി താഴെക്കാണുന്ന വിധത്തിൽ വര്‍ണ്ണിക്കുന്നു.
"ലങ്കാഭര്‍ത്തുർഭുജബലഭരോന്മൂലിതം സാന്ധ്യനൃത്തേ
നിത്യം ശൈലം നിജമുദ്രകയാനോപമാനം വിഭാവ്യ
നിര്‍വിണ്ണോസ്‌മാദഥ വിചലിതസ്സപ്രിയാപുത്രമിത്രാ
യസ്മിൻ വാസം കലയതി സുഖേനൈവ സോമാർദ്ധധാരീ''
രാവണൻ പണ്ടിളക്കിയ കൈലാസം തന്റെ സന്ധ്യാനൃത്തവേളയിൽ വെള്ളത്തിന്റെ മേൽ നില്ക്കുന്ന തോണിപോലെ (ഉറപ്പില്ലാത്തതായ്) കണ്ടു വിരക്തനായ് അവിടെനിന്നു ഭാര്യ, മക്കൾ, സ്നേഹിതന്മാർ ഇവരോടുകൂടി തൃശ്ശിവപേരൂർ വന്നു ഭഗവാൻ ചന്ദ്രശേഖരൻ സുഖമായ് താമസിക്കുന്നു. "വിശ്ലേഷാര്‍ത്തിപ്രസരമവിദന്തൌ മിളയൌ ഭവന്തൌ” എന്നും അടുത്ത പദ്യത്തിൽ പാര്‍വതീപരമേശ്വരന്മാരെ കവി സ്തുതിക്കുന്നതു് ഏറ്റവും സന്ദർഭോചിതമായിട്ടുണ്ടു്.
പിന്നീടു സന്ദേശഹരൻ ചെന്നുപറ്റേണ്ടതു ഗുരുവായൂരിലാണ്.
"ഇത്ഥം നത്വാ ഭുവനപിതരൌ തൌ സമാമന്ത്ര്യ തസ്മാ-
ദസ്മൽപ്രാണപ്രിയസഖ, സമീരാലയം ശീലയേഥാഃ
യസ്മിൻ ദേവഃ സ്വയമപി മഹാപാവനഃ പാവനാനാ-
മാതങ്കാനാമുപശമയിതാ ഭാസതേ വാസുദേവഃ"
അവിടത്തെ വാസുദേവമൂത്തി താൻ ഏറ്റവും പാവനനാണന്നുള്ളതിനു പുറമെ പാവനങ്ങളായ (വാതസംബന്ധമായുള്ള) രോഗങ്ങളെ ശമിപ്പിക്കുന്നവനുമാണു്.
"ലക്ഷ്മീമന്ദസ്മിതമുരരിപുശ്രീകടാക്ഷാഞ്ചലാഖ്യേ
മുഖ്യേ ഗങ്ഗാസവിതൃസുതയൊസ്സങ്ഗമേ മഗ്നമൂര്‍ത്തിഃ
ശാന്തന്ത്രാന്തിർദ്ദിനപരിണതൌ ദേവമേവം ത്രിലോകീ-
നാഥം ഗാധേതരമഹിമപാഥോധിമാരാധയേഥാഃ"
മഹാലക്ഷ്മിയുടെ മന്ദസ്മിതമാകുന്ന ഗങ്ഗയുടേയും മഹാവിഷ്ണുവിന്റെ കടാക്ഷമാകുന്ന കാളിന്ദിയുടേയും സങ്ഗമസ്ഥലമായ അവിടെ ഭ്രമരം തീർത്ഥസ്നാനം ചെയ്തു സന്ധ്യാകാലത്തിൽ ഭഗവാനെ താഴെക്കാണുന്നു വിധത്തിൽ സ്തുതിക്കണമെന്നു കവി ഉപദേശിക്കുന്നു.
"വക്ത്രേണേന്ദോരധരമഹസാ കൌസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈര്‍ഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൌര്യശീലാം
തുഭ്യം കംസാന്തക ! ദധിപയഞ്ചോര ! ദത്വാ കൃതാര്‍ത്ഥഃ"
"സമുദ്രരാജാവിനു ലക്ഷ്മീദേവി എന്നൊരു മകളുണ്ടായി. അവൾ മുഖം കൊണ്ടു ചന്ദ്രന്റേയും അധരകാന്തികൊണ്ടു കൌസ്തുഭത്തിന്റേയും സ്നിഗ്ദ്ധമായ മന്ദഹാസംകൊണ്ട് അമൃതിന്റേയും വിഭവത്തെ മോഷ്ടിച്ചുവന്നു. ഈ മൂന്നും തന്റെ സന്താനങ്ങളാണു്. തന്നിമിത്തം അവൾ മോഷണക്കാരിയെന്നുള്ളതിനു പുറമേ കുടുംബത്തെ ദ്രോഹിക്കുന്നളുമായി. അങ്ങനെയുള്ള ഒരുത്തിയെ വേളികഴിച്ചുകൊടുക്കുവാൻ ......... കൂട വേണ്ടേ? ആ ദൃഷ്ടിയോടുകൂടി നോക്കിയപ്പോൾ അല്ലയേ വാസുദേവ, അങ്ങൊരാളുണ്ടു്. അമ്മാവനായ കംസനെക്കൊന്നവനായും തൈരും പാലും കക്കുക തൊഴിലായ് തീര്‍ന്നവനായും. കൊള്ളാമെന്നു് തീര്‍ച്ചപ്പെടുത്തി അങ്ങേയ്ക്കു തന്റെ ആ കന്യകയെ നൽകി സമുദ്രരാജാവു ചരിതാർത്ഥനായി പോലും. ഒരൊന്നാന്തരം ശ്ലോകം.
ഗുരുവായൂർ കടന്നു് ആഴ്വാഞ്ചേരിമനയ്ക്കലേക്കു പോകണം.
"ഏവം ദേവം നുതിഭിരഭിവന്ദ്യാച്യുതം ദിശുദീച്യാം
ഗത്വാ ദൃഷ്ട്യാ കലയ നിലയം നേത്രനാരായണസ്യ
സാധുഗ്രാമപ്രഥിതവിഭവാം ശുദ്ധവര്‍ണ്ണാനുഷക്താം
ധത്തേ വൃത്തിം ശ്രുതിപരിചിതാം ഗീതവിദ്യാമിവാസൌ."
(നേത്രനാരായൂണൻ) ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ സ്വീകരിച്ചിരുന്ന ശ്രൌതവൃത്തി ഗാനവിദ്യപോലേയുള്ളതാണു്. 'ഗ്രാമം' 'വര്‍ണ്ണം' 'ശ്രുതി' ഈ പദങ്ങൾ ശ്ലിഷ്ടരൂപത്തിൽ കവി മേലുദ്ധരിച്ച പദ്യത്തില്‍ പ്രയോഗിക്കുന്നു. "ദേശാൻ പൂതാൻ പത ഗുണഗണൈര്‍ന്നേത്രനാരാണീയൈഃ" എന്ന പ്രസ്താവനയിൽ കോകിലസന്ദേശത്തിൽ ഉദ്ദണ്ഡശാസ്ത്രികളും തമ്പ്രാക്കളെ സ്തുതിക്കുന്നുണ്ടു്.
മുക്കോലയ്ക്കലാണു പിന്നീടു ചെല്ലേണ്ടതു്. ആ സ്ഥലത്തിന്റെ അപദാനങ്ങളെ കവി താഴെ കാണുന്ന വിധത്തിൽ കീത്തനം ചെയ്യുന്നു.
"പ്രാഗ്വന്ദസ്വ പ്രിയസഖ, ലതാം മുക്ത'ദേശാലവാലാ-
ദുദ്‌ഗച്ഛന്തീം പുരരിപുകടാക്ഷാളിമാലൈകഭോഗ്യാം
അഗ്രേ യസ്യാം മുഹുരവനമൻ ഭക്തലോകഃ ഫലാനി
പ്രത്യഗ്രാണി സ്ഫുടമപചിനോത്യുച്ചകൈരുജ്ജ്വലാനി.
ഭങ്ഗ്യാ വ്യങ്ഗ്യാധ്വനി പരിചിതാൻ ബാല്യനിഷ്പന്ദശബ്ദ-
ബ്രഹ്മോല്ലാസാനുപചിതകഥാനൃത്തഗീതാദിബോധാൻ
നാനാസൂക്തിപ്രകരമുഖരാൻ ഭാരതീകല്പവല്ലീ-
ബാലോപഘ്നാനിവ സുമനസസ്തത്ര സംഭാവയേഥാഃ'’
"മുക്തിപ്രദേശം (മുക്കോല) ആകുന്ന തടത്തിൽനിന്നുയരുന്നതും ശ്രീപരമേശ്വരന്റെ കടക്കൺവണ്ടിണ്ടയാൽ മാത്രം ഉപഭോഗ്യവുമായ ലതയേ (പാര്‍വതിയേ) നീ വന്ദിക്കണം. ആ ലതയുടെ മുമ്പാകെ നമിക്കുന്ന ഭക്തന്മാർ ഉച്ചത്തിൽ ഉജ്ജ്വലിക്കുന്ന പുതിയ ഫലങ്ങൾ (അപവർഗ്ഗാദികളെ) പറിക്കുന്നതിനു ശക്തരാകുന്നു.'' രണ്ടാമത്തെ ശ്ലോകം അവിടെയുള്ള പണ്ഡിതന്മാരെപ്പറ്റിയുള്ള മുക്തകണ്ഠമായ പ്രശംസയാകുന്നു.
അതു കഴിഞ്ഞു ഭാരതപ്പുഴ കടക്കണം.
"പുഷ്യച്ചൂതപ്രകരകലികാസൌരഭീവാസിതാശാൻ
ദേശാനസ്മാദഥ വിചലിതസ്താനയേ! മാനയേഥാഃ
അഗ്രേഭാവിന്യഥ തവ നിളാലംബിതാ സിന്ധുവീചി
നീലക്ഷൌമാംബരപരിസരേ ഹാരവല്ലീവ ഭൂമേഃ.''
"പിന്നീടു മാവിൻപൂവിന്റെ മണത്തോടുകൂടിയ ചില പ്രദേശങ്ങൾ നീ കടന്നുചെല്ലുമ്പോൾ ഭൂദേവി സമുദ്രവീചിയാകുന്ന നീലപ്പട്ടിന്റെ പരിസരത്തിൽ ധരിക്കുന്ന മുത്തുമാലപോലെ ശോഭിക്കുന്ന ഭാരതപ്പുഴ നിന്റെ മുൻപിൽ ആവിര്‍ഭവിക്കും." ആ പുഴയിൽ വൈകുന്നേരം കുളിക്കുന്ന സുന്ദരിമാരുടെ പോക്കുവെയിൽ തട്ടുന്ന കുചങ്ങളിൽ പ്രതിബിംബിക്കുമ്പോൾ കനകകലശങ്ങളിൽ നീലരത്നംപോലെ ആ ഭൃംഗം ശോഭിക്കുമെന്നും പുഴയുടെ അടിക്ക് അതിന്റെ പ്രതിബിംബം കാണുമ്പോൾ മാര്‍ത്തട്ടിൽനിന്നു മരതകമാല പൊട്ടിവീണുവോ എന്നു ശങ്കിച്ചു കാമുകന്മാരോടുകൂടി ക്രീഡിക്കുന്ന നായികമാർ രത്നാന്വേഷണം തുടങ്ങുമെന്നും കവി ഉല്ലേഖനം ചെയ്യുന്നു.
ആ ശ്ലോകങ്ങളാണു് ചുവടെ ഉദ്ധരിക്കുന്നതു്.
"തത്ര സ്ത്രീണാം ദിവസവിരതിസ്നാനധൌതാംബരാണാ-
മുത്തീർണാനാം ജഘനപുളിനാസക്തസൂക്ഷ്മാംബരാണാം
ഭാനുച്ഛായാപ്രണയിനി കുചേ ലംബിതാത്മാ മുഹൂർത്തം
ധാര്‍ത്താസിത്വം കനകകലശീനീലരത്തോപമാനം.''
"കാന്തൈസ്സാകം പികമൃദുഗിരസ്തത്ര സംക്രീഡമാനാഃ
പശ്യന്ത്യസ്തം പവനചലിതം ബിംബിതം വീചിജാലേ
ഛിന്നസ്രസ്തം മരകതമണീദാമ വക്ഷോരുഹാദി-
ത്യദ്ഭ്രാമ്യന്ത്യസ്സലിലകുഹരേ ഹസ്തമാവര്‍ത്തയേയുഃ “
അതു കഴിഞ്ഞാൽ ദൂതൻ തിരുനാവായിൽ എത്തുകയായി.
"ക്ഷേത്രദ്വന്ദ്വം പുരമുരഭിദോർദക്ഷിണേ ഭാതി കൂലേ;
നാവാക്ഷേത്രം സുമഹിതമുദക്‍തീരദേശേ നിളായാഃ;
മുക്ത്വാംഭോധിം വിഹരതി ദയാംഭോനിധിര്യത്ര ദേവോ
വിഷ്ണു: കോഷ്ണേ കുചകലശയോരന്തരാളേ രമായാഃ''
"ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾ പുഴയുടെ തെക്കേക്കരയിലുണ്ടു്. തിരുനാവാക്ഷേത്രമാകട്ടെ വടക്കേക്കരയിലാണ് സ്ഥിരചെയ്യുന്നതു്. അവിടെ കരുണാനിധിയായ. മഹാവിഷ്ണു സമുദ്രത്തെ വേറിട്ടിട്ടു ലക്ഷ്മീസഹിതനായ് വിലസുന്നു." അവിടത്തെ ദേവനെ കവി വീണ്ടു താഴെ ചേര്‍ക്കുന്ന പദ്യത്തിൽ സ്തുതിക്കുന്നു.
"തൽ പര്യാപ്തം ഭവതി ഭവതസ്താദൃശസ്യൈവ ദേവ,
പ്രേമ്ണാ യത്ത്വം വഹസി ഭഗവൻ, വക്ഷസൈവ പ്രിയാം തേ;
അർദ്ധം ദത്വാ വപുരലമവിശ്ലേഷലോഭാൽ പ്രിയായൈ
ഖിന്നശ്ശംഭുര്‍മ്മനസി മനുതേ ഭാഗ്യവന്തം ഭവന്തം."
"അങ്ങു പ്രിയതമയെ വക്ഷസ്സുകൊണ്ടു വഹിക്കുന്നുവല്ലോ ഭഗവാനേ; അതുതന്നേയാകുന്നു അപ്രകാരമുള്ള ഒരാളുടെ പ്രേമത്തിനു പര്യാപ്തമായിട്ടുള്ളതു്. പ്രാണനാഥയുമായ് ഒരിക്കലും പിരിയാതെയിരിക്കുന്നതിനു വേണ്ടി ദേഹത്തിൽ പാതി ദാനം ചെയ്ത ശ്രീപരമേശ്വരൻ ഖിന്നനായ് അങ്ങനെത്തന്നെ ഭാഗ്യവാനാണെന്നു പരിഗണിക്കുന്നു.''
"നാവാക്ഷേത്രപ്രണയി രമയാക്രാന്തദോര്‍മ്മദ്ധ്യമാസ്തേ
കൂലേ യസ്യാഃ കുവലയദള ശ്യാമളം ധാമ കിഞ്ചിൽ."
എന്നു് ഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശത്തിൽ ചെയ്യുന്ന വര്‍ണ്ണനവും ഇതിനു് അനുരൂപമായിരിക്കുന്നു. മഹാലക്ഷ്മിക്കു ശ്രീനാരായണന്‍ പ്രത്യക്ഷീഭവിച്ച പുണ്യസ്ഥലമാണ് തിരുനാവാ എന്നു വൈഷ്ണവസമ്പ്രദായഗ്രന്ഥങ്ങളിൽ കാണുന്നതു് ഇവിടെ സ്മര്‍ത്തവ്യമാണു്.
അനന്തരം കവി വണ്ടിനെ അവിടെയുള്ള സാമൂതിരിപ്പാട്ടിന്റേ മാമാങ്കത്തറ കാണാൻ ഉപദേശിക്കുന്നു.
"ഇത്ഥം ഗീതം പരിമൃദു വിധായാങ്ഘ്രിപങ്കേരുഹാഭ്യാം
നത്വാ രൂപം നവജലധരശ്യാമമന്തര്‍ന്നിധായ
തസ്യോപാന്താദഥ വിചലിതഃ പശ്യ ശൈലാബ്ധിനേതു-
ദിവ്യസ്ഥാനം പ്രചുരതനുഭൃച്ചക്ഷുഷാമേകലക്ഷം
ദര്‍ശനീയമായ ഒരു ദിവ്യസ്ഥാനം തന്നെയായിരുന്നു ശൈലാബ്ധീശ്വരൻ പെരുനില നിന്നുവന്ന ആ മണിത്തറ.
അതു കഴിഞ്ഞു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയേയും മേൽപുത്തൂർ നാരായണഭട്ടതിരിയേയും കവി സ്‌മരിക്കുന്നതു മുൻപു പ്രസ്താ വിച്ചുകഴിഞ്ഞുവല്ലോ. അന്നു മാമാങ്കം ഘോഷിക്കുവാൻ സാമൂതിരിപ്പാടു തൃക്കണ്ടിയൂരിൽ എത്തിയിരുന്നു. ഈ വസ്തുത
"യസ്മിൻ വിസ്മ്‌മാപിതഭുജബലപ്രക്രമോ വിക്രമക്ഷാ-
ബന്ധുസ്സിന്ധു പ്രതിഭടചമൂചക്രവിക്രാന്തലോകഃ
നാനാദേശോച്ചലിതസുമനോവൃന്ദസാനന്ദദത്ത-
ശ്ലാഘോ മാഘോത്സവമുപവിശംസ്തിഷ്ഠതേ ദുഷ്ടഹന്താ.''
എന്നു കവി അദ്ദേഹത്തിന്റെ കീര്‍ത്തിയേ പ്രശംസിക്കുന്നതിൽ നിന്നു നമുക്കു ഗ്രഹിക്കാം. ഇതു കൊല്ലം ൭൯൭-ൽ ആയിരിക്കണമെന്നു മുൻപു പറഞ്ഞുകഴിഞ്ഞു.
വള്ളുവനാട്ടിൽ പണ്ടു ബ്രാഹ്മണോത്തമന്മാരുടെ ഒരു ഗ്രാമം കടന്നുപോകേണ്ടതുണ്ടു്.
"തത്ര ശ്യാമാചികുരസദൃശേ മൂർച്ഛതി ധ്വാന്തപുഞ്ജേ
ദേശസ്ത്രേതായജനവിസരദ്ധോമധൂമാഭിരാമഃ
ദ്രാഗുല്ലംഘ്യോ ധരണിമരുതാമാലയഃ; സേവ്യസേവാ-
ലോപോലോകേ ന പരമപരാധായ കാലാതിപാതഃ"
"ത്രേതാഗ്നിയുടെ ഹോമധൂമംകൊണ്ടു ശോഭിക്കുന്ന (ധരണിമരുത്തുകൾ) ബ്രാഹ്മണരുടെ ഗൃഹങ്ങൾ നീ രാത്രിയുടെ കൂന്തൽപോലേയുള്ള കൂരിരുട്ടു നിറയുമ്പോൾതന്നെ കടക്കണം. സേവ്യസേവാലോപമല്ല; അതിലധികം അപരാധമായിത്തീരുന്നതു കാലാതിപാതമാണല്ലൊ." അതു കഴിഞ്ഞാൽ തന്റെ പ്രേയസിയുടെ 'മുഖപരിമളാസാരചോര'ങ്ങളായ സമീരങ്ങൾ ദൂതനെ പ്രത്യുൽഗമിക്കുന്നതാണെന്നു കവി പറയുന്നു.
ഉത്തരസന്ദേശത്തിൽ ചരിത്രസംബന്ധമായ വിഷയം അധികമില്ല. നായിക അധിവസിക്കുന്ന പുരത്തിന്റെ ഉജ്ജ്വലമായ വര്‍ണ്ണനത്തിനിടയിൽ അവിടത്തെ ഇടപ്രഭുവായ കൃഷ്ണഗോവിന്ദൻ എന്നൊരാളെ കവി സ്മരിക്കുന്നുണ്ട്.
"യസ്യാന്നാരായണമുപഗതം കൃഷ്ണ ഗോവിന്ദനാമ്നാ
ദൃഷ്ട്വാ സൌധാഭിധകലശസിന്ധൂര്‍മ്മിഭിസ്സേവ്യമാനം
സാലവ്യാജാദ്വലയിതവപുസ്സേവതേ ഗോപുരാഖ്യാ
വിഖ്യാതോദ്യന്മണിധരഫണാമണ്ഡലഃ കുണ്ഡലീന്ദ്രഃ.
തസ്യ ബ്രൂമോ നഹി ഗുണഗണം കൃഷ്ണഗോവിന്ദനാമ്നോ
ദാനം മാനം വപുരതിശയം യസ്യ തേ വര്‍ണ്ണയന്തി
സൂരീന്ദ്രാണാം കനകഭരിതാ, വൈരിണാം സര്‍വശൂന്യാ-
വാമാക്ഷീണാമപി ച നിലയാ ഭൂരിശീതോപചാരാഃ.''
അവിടെ കൃഷ്ണഗോവിന്ദൻ എന്ന പേരോടുകൂടി വന്നുചേര്‍ന്ന ശ്രീനാരായണനെ ഹര്‍മ്മ്യങ്ങളാകുന്ന ക്ഷീരാബ്ധിവീചികൾ സേവിക്കുന്നതു കണ്ടു ഗോപുരങ്ങളാകുന്ന രത്നഖചിതങ്ങളായ ഫണഗണങ്ങളോടുകൂടിയ വട്ടക്കോട്ടയാകുന്ന ആദിശേഷനും ഭജിക്കുന്നു. ആ കൃഷ്ണഗോവന്ദന്റെ ദാനശൌണ്ഡത, ദോര്‍വീര്യം, ശരീരകാന്തി ഇവയെ വിദ്വാന്മാരുടെ സ്വര്‍ണ്ണപൂരിതങ്ങളും ശത്രുക്കളുടെ സര്‍വശൂന്യങ്ങളും സുന്ദരിമാരുടെ ശീതോപചാരനിബിഡങ്ങളുമായ ഗൃഹങ്ങൾ വിശേഷിച്ചു ഘോഷിക്കുന്നു.
ഈ ഇടപ്രഭുവിന്റെ കുടുംബം ഏതെന്ന് അറിയുന്നില്ല. അവടെയുള്ള ശ്രീപരമേശ്വരനെ ഭജിച്ചതിനുമേൽ ദൂതനോടു തന്റെ പ്രാണനാഥയുടെ ഗ്രഹത്തിലേക്കു പോകുവാൻ കവി അപേക്ഷിക്കുന്നു.
ഉത്തരഭാഗത്തിൽ മനോഹരങ്ങളായ അനവധി പദ്യങ്ങൾ ഉണ്ടു്. അവയിൽ മൂന്നു പദ്യങ്ങൾ മാതൃകയായ് പകർത്തിക്കൊള്ളുന്നു
നായികാവനം.
"ഗ്രഢം താസാം കുചഭരമുപാലംബ്യ യാതോ മദീയാൻ
പ്രാണാൻ വീണാമധുരനിനദാൻ ഭ്രാതരാലോകയേഥാഃ
വ്യാമഗ്രാഹ്യാൻ ജഘനപുളിനേ മദ്ധ്യദേശേ മനോജ്ഞേ
മുഷ്ടിഗ്രാഹ്യാനുരസിജഭരേ ഹേമശൈലോപമേയാൻ.''
"യേ നാരീണാം സ്വയമഭിനവാ ഭൂഷയന്ത്യങ്ഗമങ്ഗം
യേ വാ യൂനാം സ്വയമുപദിശന്ത്യാകുലാൻ ഭാവഭേദാൻ
യേ ഖേലന്തി പ്രഥമവയസഃ പ്രൌഢതായാശ്ച മദ്ധ്യേ
താനദ്ധ്യാസ്തേ മധുകര! വയോവിഭ്രമാനുല്പലാക്ഷീ.'’
"ഇത്യാകര്‍ണ്ണ്യേ ജ്വലിതമദനോന്മാദമൂഢാപി വാണീ-
മേനാമഞ്ചൽപുളകനികരാ സ്വിന്നഹസ്താങ്ഗുലീകാ
തുല്യം മഞ്ജുസ്മിതസുരഭിലാൻ സാദരാൻ സാനുയോഗാൻ
ബാലാ ദാസ്യത്യലസവലിതഭ്രൂതരങ്ഗാനപാങ്ഗാൻ."
ഇത്രയുംകൊണ്ടു ഭ്രമരസന്ദേശവും കേരളീയര്‍ക്കു് അഭിമാനജനകമായ ഒരു ഉൽകൃഷ്ടകാവ്യമാണെന്നു വായനക്കാർ മനസ്സിലാക്കുമല്ലോ. സുഭഗസന്ദേശത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യക്ഷമായ ഒരപകര്‍ഷം ഇതിൽ പല ശ്ലോകങ്ങളിലും കടന്നുകൂടിയിരിക്കുന്ന യതിഭമാണു്. ഈ സന്ദേശവും അചിരേണ പ്രകാശിതമായ്ക്കാണുവാൻ ഞാൻ അത്യന്തം ആഗ്രഹിക്കുന്നു