Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / സുഭഗസന്ദേശം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സുഭഗസന്ദേശം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭാരതവർഷത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ചു സന്ദേശകാവ്യങ്ങളുടെ ഉദയത്തിൽ കീർത്തി സമ്പാദിച്ചിട്ടുള്ള ഒരു രാജ്യമാകുന്നു നമ്മുടെ മാതൃഭൂമിയായ കേരളം. ദേശചരിത്രനിമ്മിതിയിൽ പ്രകൃത്യാ പരാങ്മുഖന്മാരായ നമ്മുടെ പൂര്‍വന്മാക്കു് ഈ വിഷയത്തിലെങ്കിലും ഒരു ആഭിമുഖ്യം ജനിച്ചതു നമ്മുടെ ഭാഗ്യമാകുന്നു. എത്രയോ ഗുഢങ്ങളും പ്രധാനങ്ങളുമായ ചരിത്രശകലങ്ങൾ നമുക്ക് ഈ ഗ്രന്ഥങ്ങളിൽനിന്നു സമാഹരിക്കുവാൻ കഴിയുന്നതാണു്. ലക്ഷ്മീദാസന്റെ ശുകസന്ദേശം, ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശം, അജ്ഞാതനാമാവായ ഏതോ ഒരു സരസകവിയുടെ ഉണ്ണുനീലിസന്ദേശം, ഈ മൂന്നു പ്രകാശിതങ്ങളായ കാവ്യങ്ങളും ഗവേഷകന്മാര്‍ക്കു് അനഘങ്ങളായ മൂന്നു മാര്‍ഗ്ഗദീപങ്ങളാകുന്നു. ഇവയിൽനിന്നു ദീപ്തിയിലും പരിമാണത്തിലും ഒട്ടും താഴെയല്ലാത്ത വേറേയും പല ജ്യോതിസ്സുകൾ അവര്‍ക്കു് അനുഗ്രാഹകങ്ങളായുണ്ട്. ആ കാവ്യങ്ങൾ മുദ്രിതങ്ങളല്ലായ്കയാൽ അവയുടെ സാഹായ്യം എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്നു മാത്രമേ വ്യത്യാസമുള്ളു. അത്തരത്തിലുള്ള സന്ദേശകൃതികളിൽ മാനനീയമായ ഒരു സ്ഥാനത്തെയാകുന്നു ഈ ഉപന്യാസത്തിനു വിഷയീഭവിക്കുന്ന 'സുഭഗസന്ദേശം' അലങ്കരിക്കുന്നതു്.


സുഭഗസന്ദേശത്തിന്റെ പ്രണേതാവു നാരായണൻ എന്ന ഒരു കവിയാകുന്നു. അദ്ദേഹം ഗ്രന്ഥാവസാനത്തിൽ തന്നെപ്പറ്റി,


"മുക്താരത്നം മലയമാരുതം ചന്ദനം ച പ്രസൂയ
പ്രഖ്യാതാ ദിക്‍ കവിമപി തഥാസോഷ്ഠ കീര്‍ത്ത്യൈ കനിഷ്ഠം;
വിദ്വല്‍പ്രീത്യൈ ബഹുരസസുധാസ്യന്ദി സന്ദേശകാവ്യം
ബദ്ധം താവദ്വിരതമഭവത്തേന നാരായണേന"


എന്ന പദ്യത്തിൽ "മുത്തിനും മലയവായുവിനും ചന്ദനത്തിനും ജനയിത്രിയായ ദക്ഷിണദിക്ക് കീർത്തിക്കുവേണ്ടി അവയ്ക്കു കനിഷ്ഠനായ് തന്നെയും പ്രസവിച്ചു." എന്നു പ്രശംസിച്ചിരിക്കുന്നത് അനുചിതമെങ്കിലും അനര്‍ഹമാണെന്നു ഭാവുകന്മാക്കു തോന്നുകയില്ല.


ഈ കവിയുടെ പുരസ്കർത്താവ് ജയസിംഹനാടു് (കൊല്ലം) ഭരിച്ചിരുന്ന ഒരു രാമവർമ്മ മഹാരാജാവാണെന്നു ഗ്രന്ഥത്തിൽനിന്നു വിശദമാകുന്നു. തന്റെ സ്വാമിയെപ്പറ്റി സന്ദേശനിർമ്മാതാവ് വര്‍ണ്ണിക്കുന്നതു താഴെ കാണുന്നപ്രകാരത്തിലാണു്:-


"വീരസ്സേവ്യസ്തദനു ഭവതാ വിശ്രുതോ ദാനശക്ത്യാ
രാജാ രാമാജനമനസിജോ രാമവര്‍മ്മാഭിധാനഃ
യേന സ്‌ഫീതാം ജഗതി ജയസിംഹാന്വയോ യാതി കീർത്തിം
പാഥോരാശിഃ പരമശുചിനാ പാര്‍വണേനേന്ദുനേവ.


മാനോ നീവീ; മനസിജശരാജ കിങ്കരാഃ; പ്രാര്‍ത്ഥിതോര്‍ത്ഥീ;
ചാരോ നേത്രം; കവിരഭിമതഃ; പ്രാണബന്ധുഃ കൃപാണീ;
നീതിര്‍ഭാര്യാ; നിഗമഭണിതിർദ്ദേശികോ യസ്യ ലോകേ;
താദൃങ്മൃഗ്യോ ഭവതി സുകൃതീ രാജശബ്ദാഭിധേയഃ"


"ദൃഷ്ട്വാ തസ്യ ദ്വിഗുണിതരസാം ഭക്തിമഭ്യാഗതേഷു
പ്രജ്ഞാം തേജഃ ശ്രിയമഥ ദയാമന്നദാനാദരം ച
പ്രക്രാന്തോപി പ്രകൃതവിഷയേ ന പ്രഗല്ഭഃ ക്ഷണം ത്വം;
സത്സമ്പര്‍ക്കസ്തിരയതി രതിം സർവ്വകാര്യാന്തരേഷു"


പൂര്‍വ്വസന്ദേശത്തിന്റെ അവസാനത്തിലുള്ള


"യസ്യ സ്വാമീ യദുകുലപതിര്‍ന്നാമതോ രാമവർമ്മാ;
യസ്യ ശ്രീമാൻ ഭവതി പരമം ദൈവതം ഭാഗിനേയി;
ഉദ്യന്മാധ്വീരസപരിമളേ ത്വസ സന്ദേശകാവ്യേ
ഹൃദ്രേ നാരായണകവയിതുഃ പൂർവ്വഭാഗസ്സമാപ്തഃ”.


എന്ന പദ്യത്തിലും അദ്ദേഹം ഈ മഹാരാജാവിനെ സ്മരിക്കുന്നു. ഒടുവിൽ ഉദ്ധരിച്ച പദ്യത്തിൽനിന്നു രാമവർമ്മമഹാരാജാവിന്റെ സേവകനായ കവി അദ്ദേഹത്തിന്റെ ഭാഗിനേയന്റെ വയസ്യനായിരുന്നു എന്നും തദനുരോധേന അനതീതയൌവനനായിരുന്നു എന്നും നമുക്കു ന്യായമായ് അനുമാനിക്കാവുന്നതാണു്.


നാരായണന്റെ പ്രിയതമ തൃശ്ശിവപേരൂർക്കാരിയായിരുന്നു. അദ്ദേഹം വിധിവൈപരീത്യത്താൽ ഭൂതാകൃഷ്ടനായ്ത്തീരുകയും, തന്നിമിത്തം ഗത്യന്തരമില്ലാതെ കന്യാകുമാരിയിൽ ഏതാനും മാസങ്ങൾ കഴിച്ചു കൂട്ടുകയും, അപ്പോൾ അവിടെ ആഗതനായ സുഭഗൻ എന്നു പേരുള്ള ഔത്തരാഹനായ ഒരു സ്നാതകബ്രാഹ്മണനെക്കണ്ടു തന്മുഖേന നായികയ്ക്ക് ഒരു പ്രണയസന്ദേശം അയയ്ക്കുകയും ചെയ്യുന്നു. കവിയും പക്ഷേ തൃശ്ശിവപേരൂർക്കാരനായിരുന്നിരിക്കുവാൻ പാടില്ലായ്കയില്ല. അദ്ദേഹം ഒരു വലിയ ദേശസഞ്ചാരിയായിരുന്നു. തിരുനെൽവേലി ജില്ലയിലുള്ള തിരുക്കുറുങ്കുടി എന്ന പട്ടണത്തിലാണ് രാമവർമ്മമഹാരാജാവ് അക്കാലത്ത് എഴുന്നള്ളിത്താമസിച്ചിരുന്നതു്. അതുനിമിത്തം തിരുവിതാംകൂറിൽകൂടിയല്ല തിരുനെൽവേലിയിൽകൂടിയത്രേ കവി സന്ദേശഹരനെ യാത്രയാക്കുന്നത്. കന്യാകുമാരിമുതൽ ചിദംബരംവരെ ദക്ഷിണാപഥത്തിലുള്ള സകല പ്രധാനസ്ഥലങ്ങളെയുംപറ്റി കൂലങ്കഷമായ ജ്ഞാനം നമ്പൂതിരിസമുദായത്തിൽപെട്ട അദ്ദേഹത്തിനു് അക്കാലത്തു സിദ്ധിച്ചിരുന്നതായ് കാണുന്നത് അത്ഭുതാവഹമായിരിക്കുന്നു. അഥവാ ക്രി. പി. ഏഴാം ശതകത്തിൽ പോലും ആചാര്യദണ്ഡിയുമായ് അഭിമുഖസംഭാഷണം ചെയ്യുന്നതിനുവേണ്ടി സ്വദേശം വിട്ടു മഹാബലിപുരംവരെ പോയ മാതൃദത്താദി മഹാപണ്ഡിതന്മാരുടെ അനന്തരഗാമിയായ നാരായണൻ നമ്പൂതിരിക്കു വിദേശപര്യടനത്തിൽ കൌതുകം ജനിച്ചത് അസ്വാഭാവികമാണെന്നു പറയുവാനും തരമില്ല.


ദേശിങ്ങനാട്ടു (ജയസിംഹനാട്) രാജാക്കന്മാക്കു ക്രി. പി. പതാനഞ്ചാം ശതകത്തിന്റെ ആരംഭം മുതൽ പതിനേഴാം ശതകത്തിന്റെ മധ്യം വരെ തിരുനെൽവേലി ജില്ലയിൽ ഭൂരിഭാഗത്തിന്റെ പ്രത്യേകിച്ചു പശ്ചിമദക്ഷിണാംശങ്ങളുടെ ആധിപത്യമുണ്ടായിരുന്നു. ഡുവാട്ടേ ബാർ ബോസാ (Duarte Barbosa) മുതലായ പാശ്ചാത്യന്മാരായ ദേശസഞ്ചാരികൾ ഈ വസ്തുത അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്തമായ് രേഖപ്പെടുത്തീട്ടുണ്ടു്. ക്രി. പി. ൧൩ൻൻ മുതൽ ൧൬൪൫ വരെയുള്ള വര്‍ഷങ്ങളിൽ ദേശിങ്ങനാട്, വേണാട് ഈ രാജ്യങ്ങളിലെ രാജാക്കന്മാരുടെ ശിലാശാസനങ്ങൾ ഈ ജില്ലയിൽപെട്ട ആതനൂർ, മന്നാർകോയിൽ, ആഴ്‍വാർതിരുനഗരി, കരിചൂഴ്‌ന്തമംഗലം, തിരുക്കുറുങ്കുടി, അമ്പാസമുദ്രം, തിരുപ്പൂവനം, തിരുപ്പുടൈമരുതൂർ, പള്ളക്കാൽ, ഹരികേശവനല്ലൂർ, മേലേച്ചെവ്വൽ, ബ്രഹ്മദേശം, മന്നാർമങ്ഗലം, അത്താഴനല്ലൂർ, കുളക്കാട്,

 

നാങ്കുണേരി മുതലായ പ്രദേശങ്ങളിൽ സുലഭങ്ങളാണു്. ഈ ശാസനകര്‍ത്താക്കന്മാരിൽ അഞ്ചുപേർ ക്രി. പി. പതിനാറാം ശതകത്തിന്റെ പൂവാർദ്ധത്തിൽ ജീവിച്ചിരുന്നു. വീരഉദയമാർത്താണ്ഡവര്‍മ്മാവ്, രവിവര്‍മ്മാവു്, വീരകേരളവര്‍മ്മാവ്, രാമവർമ്മാവ്, മാത്താണ്ഡവർമ്മാവ് ഈ നാമധേയങ്ങളാണ് അവർ ധരിച്ചിരുന്നതു്. അവരിൽ ചിലർ 'ശങ്കരനാരായണ' 'വെൻറുമൺകൊണ്ട' (യുദ്ധത്തിൽ ജയംനേടി രാജ്യം പിടിച്ചടക്കിയ), 'ഭൂതലവീര' ഈ ബിരുദങ്ങളാൽ അലംകൃതരായിരുന്നു. ഇവരിൽ വീരഉദയമാർത്താണ്ഡവര്‍മ്മാവിന്റെ അനുജനായ രാമവർമ്മാവിനെപ്പറ്റിയാകുന്നു നമുക്കു് ഇവിടെ സ്വല്പം പ്രസ്താവിക്കുവാനുള്ളത്. ജ്യേഷ്ഠന്റെ രാജ്യഭാരത്തിൽ അനുജനും ഭാഗഭാക്കായിരുന്നു. അദ്ദേഹത്തിന്റെ ശിലാശാസനങ്ങൾ ക്രി. പി. ൧൫൦൮ മുതൽ ൧൫ർ൭ വരെയുള്ള വര്‍ഷങ്ങളിൽ കാണ്മാനുണ്ടു്. ൧൫൪ർ-ൽ അമ്പാസമുദ്രത്തിലെ കാശീശ്വരക്ഷേത്രത്തിൽ ശ്രീബലിക്കുവേണ്ടിയും ൧൫൪൫-ൽ കീഴ്‍വേമ്പനാട്ടിൽ (കിഴക്കെ പാണ്ഡ്യരാജ്യത്തിൽ) കരവീരമഠം എന്നൊരു മഠത്തിൽ അദ്ധ്യാപകനായിരുന്ന ആനന്ദകൂത്തമുതലിയാരുടെ സംരക്ഷണത്തിനുവേണ്ടിയും ഭൂമിദാനം ചെയ്തതും, ഏകദേശം അക്കാലത്തുതന്നെ ഏര്‍വാടിക്ഷേത്രത്തിൽ ചെമ്പകരാമൻചന്തി എന്നൊരു പൂജ ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഇതരശാസനങ്ങൾ പള്ളക്കാൽ, കരിചൂഴ്‌ന്തമങ്ഗലം, തെങ്കാശി, നാങ്കുണേരി, മേലേച്ചെവ്വൽ, തിരുനെൽവേലി, ഈ സ്ഥലങ്ങളിലും കാണുന്നുണ്ടു്. വീരഉദയമാർത്താണ്ഡവര്‍മ്മമഹാരാജാവു വിജയനഗരസാമ്രാജ്യത്തിന്റെ പരമശത്രുവായ ചെല്ലപ്പൻ എന്ന നാമാന്തരത്തോടുകൂടിയ വീരനരസിംഹന് അഭയപ്രദാനം ചെയ്യുകനിമിത്തം അച്യുതരായരുടെ തീവ്രമായ കോപത്തിനു പാത്രീഭവിക്കുകയും, താമ്രവര്‍ണ്ണീതീരത്തിൽ വെച്ചു നടന്ന യുദ്ധത്തിൽ പരാജിതനായെങ്കിലും ശ്രീപത്മനാഭന്റെ രാജ്യം സ്വായത്തമാക്കുവാൻ ഭയപ്പെട്ട രായരുടെ പ്രീതിക്ക് ഒടുവിൽ ഭാജനമായ് വീണ്ടും സ്വസ്ഥാനത്തിൽ പ്രതിഷ്ഠാപിതനാകുകയും ചെയ്തതായ് രാജനാഥകവിയുടെ അച്യുതരായാഭ്യുദയം എന്ന മഹാകാവ്യം ഘോഷിക്കുന്നു. അച്യുതന്റെ സേനാപതി അനന്തശയനനായ ഭഗവാനെ വന്ദിക്കുവാൻ തിരുവനന്തപുരത്തു വന്നതായും രാജനാഥൻ,


"ശയനേ ശയാനമുദധിം സമയാ
പദസൌരഭോര്‍മ്മിപരിണാഹവതി
അഥ നന്തുമച്യുതമഗാദവ നേ
രധിഭൂരനന്തശയനാഭിമുഖം."


എന്ന പദ്യത്തിൽ വര്‍ണ്ണിക്കുന്നുണ്ടു്.


വിജയനഗരസമ്രാട്ടിന്റെ ഈ ആക്രമണം ൧൫൩൧ ഇടയ്ക്കാണു്. അച്യുതരായർ ൧൫൪൨-ൽ മരിക്കുകയും ഉദയമാത്താണ്ഡവർമ്മാവും രാമവർമ്മാവും അന്നുമുതൽ സമ്രാട്ടിനു വേണാട്ടിലും കൊല്ലത്തിലും ഉള്ള മേൽക്കോയ്മ അനുസരിക്കാതിരിക്കയും ചെയ്തു. അതു നിമിത്തം ക്രി. പി. ൧൫൪൫-ാമാണ്ടിടയ്ക്കു വിജയനഗരത്തിന്റെ അന്നത്തെ രക്ഷാപുരുഷനായ വിട്ഠലദേവമഹാരാജാവും അദ്ദേഹത്തിന്റെ അനുജൻ ചിന്നതിമ്മയ്യദേവമഹാരാജാവും കൂടി ഒരു വലിയ സൈന്യത്തെ വേണാട്ടിലേക്കു നയിക്കുകയും തൽഫലമായ് രാമവർമ്മാവു വിജയനഗരത്തിനു കീഴടങ്ങി ക്രി. പി ൧൫൪൭ൽ ശുചീന്ദ്രത്തു വിഷ്ണുക്ഷേത്രത്തിൽ വിട്‌ഠലന്റെ ജന്മനക്ഷത്രം സംബന്ധിച്ചു ചില വഴിപാടുകൾ നടത്തുവാൻ വേണ്ട ഏര്‍പ്പാടുകൾ ചെയ്യുകയും തിമ്മയ്യന്റെ സ്ഥാനാപതിയായ ശിങ്കരയ്യനു കരിചൂഴ്ന്തമങ്ഗലത്തിനു സമീപമുള്ള കുലശേഖരമങ്ഗലമെന്ന ഗ്രാമം ദാനംചെയ്യുകയും ചെയ്തു. ഈ രാമവർമ്മമഹാരാജാവിന്റെ ആശ്രിതനായിരുന്നു സുഭഗസന്ദേശകാരനായ നാരായണൻനമ്പൂരി എന്നത്രേ ഞാൻ അനുമാനിക്കുന്നതു്. അങ്ങനെയാകുമ്പോൾ സുഭഗസന്ദേശത്തിന്റെ ആവിര്‍ഭാവം ക്രി. പി. പതിനാറാം ശതകത്തിന്റെ മധ്യകാലത്താണെന്നു വന്നുകൂടുന്നു.. തൃശ്ശിവപേരൂർ അന്നു സാമൂതിരിപ്പാട്ടിലെ അധീനതയിലായിരുന്നു എന്നു കവി അന്യത്ര പ്രസ്താവിക്കുന്നതിനാൽ കൊച്ചിരാജാവിന്റെ അധികാരത്തിൽ ആ പട്ടണം അടങ്ങിയിരുന്ന ക്രി. പി. ൧൪൯൫ വരെ പ്രസ്തുത കാവ്യോൽപത്തിക്കു പ്രസക്തി കാണുന്നില്ല.


കന്യാകുമാരീശ്വരിയെ വന്ദിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് താൻ സ്നാതകബ്രാഹമണനെ കണ്ടത് എന്നു്, -


"തസ്മിൻ സീതാസഹചരപദന്യാസപൂതോപകണ്ഠേ
താളീകേളീതരളപവനേ സന്തതം ദൂയമാനഃ
വന്ദ്യാമഗ്രേ വലരിപുശിലാസുന്ദരീം വന്ദമാനഃ
കന്യാം ദേവീം, കമപി സുഭഗം സ്നാതകം സന്ദദര്‍ശ"


എന്ന പദ്യത്തിൽ കവി നമ്മെ അറിയിക്കുന്നു.


താളീ (കരിമ്പന) കേളിയിൽ തരളമായ കാറ്റോടുകൂടിയതാകുന്നു കന്യാകുമാരി എന്നു പറയേണ്ടതില്ലല്ലോ. സീതാസഹചരപദന്യാസത്താൽ പവിത്രമായ രാമേശ്വരം കന്യാകുമാരിയുടെ സമീപത്തിലാണെന്നു കവി ഉപന്യസിക്കുന്നതിൽ അല്പം അതിശയോക്തിസ്പർശമുണ്ട്. ആ സ്ഥലത്തിനു സമീപം (ശ്രീമൂലപുരത്തോ മറ്റോ) അക്കാലത്തും കപ്പലുകൾ വന്നടുത്തിരുന്നു. തെങ്ങ്, മുളകുകൊടി, കവുങ്ങു്, വെറ്റില, വാഴ ഇവയും പരിസരപ്രദേശങ്ങളിൽ കൃഷിചെയ്യപ്പെട്ടിരുന്നു.


"നത്വാ ദേവീം നരകജയിനസ്സോദരീം പശ്യ സിന്ധോര്‍-
വേലാം നീലൈര്‍മ്മരിചനിചയൈരുല്ലളന്നാളികേരീം
ആദായാര്‍ത്ഥാനധികബഹളാനന്യദേശ്യാനുപേതൈഃ
പോതൈഃ സ്ഫീതൈർഭവദഭിമതം സാധു സംസൂചയന്തീം"


"പൂര്‍ണ്ണഗ്രീവാൻ സ്ഫുടിതകുഹളീപുഷ്പധൂളീസുഗന്ധീൻ
പൂഗീപൂഗാനപി ഫണിലതാപല്ലാവാളീനിചോളാൻ
താലാരാമാൻ സരസകദളീകന്ദളീഗന്ധഗർഭാൻ
തസ്യാം പശ്യൻ പ്രശമയ സഖേ ! ദൃഷ്ടികൊതുഹലാനി".


ഈ പദ്യങ്ങളിൽനിന്നു മേൽവിവരിച്ച സംഗതികൾ മനസ്സിലാകും. അവിടെനിന്നു കവി സ്‌നാതകനെ ഇടയന്മാർ ധാരാളമായ് അധിവസിക്കുന്ന ഒരു ഗ്രാമത്തിലേക്ക് പോകുവാനുപദേശിക്കുന്നു. ഇത് പണ്ടു് ഇടരായക്കുടി എന്ന പേരിൽ അറിയപ്പെട്ടുവന്ന ഇന്നത്തെ ഇടലാക്കുടിയോ, ആരുവാമൊഴിയോ ആയിരിക്കാം.


"പാരാദസ്മാല്ലവണജലധേഃ പ്രസ്ഥിതേനൊത്തരാശാ-
മാരാൽ പ്രാപ്യാ തദനു ഭവതാ കാചിദാഭീരപല്ലീ
തത്രോദ്ഗീതം സരസകലശീലോളനവ്യാപൃതാനാം
ലോലന്മുക്താലതമുഭയതഃ കമ്പമാനസ്തനീനാം
യസ്യാം വംശീനിനദമമൃതസ്യന്ദിനം വല്ലവീനാം
സ്മാരം സ്മാരം മനസി മഹസാ തസ്യ കിമ്മാനയേഥാഃ?
ശംഖാകല്പം ശതമഖമണിശ്യാമളം കോമളാങ്ഗം
താളീപത്രശ്രവണയുഗളം തത്ര ഗോപീകദംബം
ദൃഷ്ട്വാ ദൃഷ്ട്യോസ്സുഖമനുഭവൻ മാസ്മഭൂരുൽസുകസ്ത്വം;
കസ്യാശാസ്യം ന ഭവതി നവം യൗവനം സുന്ദരീണാം?''


ഈ പദ്യങ്ങളിൽ നിന്നു കവിയുടെ വശ്യവചസ്ത്വം അനുമേയമാകുന്നു. പ്രായേണ വൈരൂപ്യഭാജനങ്ങളായ അവിടത്തെ വല്ലവസ്ത്രീകളെവിടെ? "ലോലന്മുക്താലതമുഭയതഃകമ്പമാനസ്തനീനാം" എന്നു് അദ്ദേഹം വര്‍ണ്ണിക്കുന്ന ശംഖാകല്പവും ശതമഖമണിശ്യാമളവുമായ കോമളാങ്ഗം എവിടെ? ഹ്ലാദൈകമയിയായ ഭാരതീദേവിയുടെ അനുഗ്രഹത്താൽ അരമ്യമായ ഒരു വസ്തുവിനെ എത്രമാത്രം രമ്യമാക്കി കവി സഹൃദയന്മാരുടെ സന്നിധിയിൽ ആവിഷ്ക്കരിക്കുന്നു !


അവിടം കഴിഞ്ഞാൽ കുടിക്കുവാൻ വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽകൂടിയാണ് സഞ്ചരിക്കേണ്ടതെന്നും അതിനാൽ ("പാകപാണ്ഡൂൻ പലാണ്ഡൂൻ") വിളഞ്ഞ ഏതാനും ഉള്ളികൂടി സംഭരിച്ചുകൊള്ളണമെന്നും ("ത്യാജ്യശ്ശീഘ്രം പഥി പണകുടീത്യുഷരോ നീചദേശഃ'') ഊഷരഭൂമിയും നീചന്മാർ അധിവസിക്കുന്നതുമായ പണകുടി എന്ന ഗ്രാമത്തിൽ താമസിക്കരുതെന്നും നമ്പൂരി സുഭഗനോടു പറയുന്നു. ഹനുമാൻ ലങ്കയ്ക്കു ചാടുവാൻ കയറിയ മഹേന്ദ്രഗിരി വഴിക്കു സമീപമാകയാൽ അതിനേയും സ്മരിക്കുന്നു.


പിന്നെ തന്റെ സ്വാമി താമസിക്കുന്ന തിരുക്കുറുങ്കുടിയിൽ ചെന്നെത്തി അവിടത്തെ ദേവതയായ മഹാവിഷ്ണുവിനെ ഭജിക്കുവാനാണ് കവി സ്നാതകനോടു് അപേക്ഷിക്കുന്നതു്.


"ഏലാവല്ലീകലിതകദളീപേലവസ്പർശശീതാൻ
വാതാൻ കുംഭീസുതകുലവധൂകുന്തളീഗന്ധചോരാൻ
ആലിങ്ഗ്യാസ്മിൻ കമലഭവനാകേളികല്യാണരങ്‌ഗം
യായാ,യായാവരി വസുമതീമങ്ഗലം ശ്രീകുരങ്ഗം
തസ്മിൻ ക്ഷേത്രേ ജയഹരിമഹീപാലസാമ്രാജ്യലക്ഷ്മീം
ലക്ഷ്മീലീലാമരകതഗിരിം വിശ്വവിശ്രാന്തിദാത്രീം
കല്യാണാനാമുദയവസതിം കാമദോഗ്ധ്രീം നതാനാം
കാഞ്ചിന്മൂര്‍ത്തിം ഭജ കലിമലാദ്വൈതചാര്‍വാകവാണിം
അത്രാസ്വേതി ത്രിഭുവനഗുരുവേദപാരായണാര്‍ത്ഥീ
പ്രസ്ഥാനോൽകേ ത്വയി യദി വദേൽ സ്വാര്‍ച്ചകാനാം മുഖേന
ലബ്ധാനുജ്ഞോ നിശി നിപുണധീര്യേനകേനാപി യായാഃ;
ശക്യാശക്യസ്മരണവിമുഖം ശാസനം ഹിപ്രഭൂണാം''


'ശ്രീകുരങ്ഗപുരം' എന്നാകുന്നു തിരുക്കുറുങ്കുടിയുടെ സംസ്കൃതീകൃതമായുള്ള നാമധേയം. "ശ്രീകുരങ്‌ഗപ്രോദ്യദ്ധാമ് നോമുരാരേഃ" എന്നു ജയസിംഹ (കൊല്ലത്തെ രാജാവ്) വംശ്യനായ ആദിത്യവർമ്മ മഹാരാജാവിന്റെ വകയായ് ആ ക്ഷേത്രത്തിലുള്ള ഒരു ഘണ്ടാശാസനത്തിൽ മഹാവിഷ്ണുവിനെ വര്‍ണ്ണിച്ചുകാണുന്നുണ്ട്. ആ മൂര്‍ത്തിയെ ജയഹരി (ജയസിംഹ) മഹീപാലസാമ്രാജ്യലക്ഷ്മിയായ് നമ്പൂരി ഉല്ലേഖനം ചെയ്തിരിക്കുന്നതു പ്രത്യേകിച്ചു സ്മരണീയമാണ്. തിരുക്കുറുങ്കുടിയിൽ 'തൃപ്പാൽക്കടൽസ്വാമി' എന്ന പേരിൽ മറ്റൊരു വൈഷ്ണവവിഗ്രഹമുണ്ട്. ആ വിഗ്രഹത്തേയും നമസ്കരിക്കണമെന്ന് കവി "നത്വാ ദേവം ഹരിമഥപയസ്സിന്ധു (തൃപ്പാൽക്കടൽ) വേലാതമാലം" ഇത്യാദി പദ്യത്തിൽ സൂചിപ്പിക്കുന്നു.


അതിൽപിന്നീടു നമ്പൂരി സുഭഗനോട് അപേക്ഷിക്കുന്നതു ദൂരസ്ഥമായ ആഴ്‌വാർതിരുനഗരി സന്ദർശിക്കുവാനാണു്. നമ്മാഴ്‌വാർ എന്ന പരമഭാഗവതന്റെ ജനനസ്ഥലമായ ഈ ഗ്രാമം തിരുനെൽവേലി പട്ടണത്തിനു കിഴക്കാണ് സ്ഥിതിചെയ്യുന്നതു്. നമ്മാഴ്‍വാരുടെ മാതാവായ ഉടയനായകി (സംസ്കൃതത്തിൽ നാഥനായിക) എന്ന വെള്ളാളസ്ത്രീയുടെ ജന്മഭൂമി തിരുവിതാംകൂറിൽ തോവാളത്താലൂക്കിൽപെട്ട തിരുപ്പതിസാരം (തിരുവെൺപരിചാരം എന്നു ശ്രീവൈഷ്ണവഗ്രന്ഥങ്ങളിൽ) ആകുന്നു. നാലായിരപ്രബന്ധമെന്ന സുപ്രസിദ്ധമായ ദ്രാവിഡസ്തോത്രരത്നാകരത്തിലേ ൧൨൯൬ പാട്ടു (തമിഴിൽ പാടൽ) കളുടേയും പ്രണേതാവു നമ്മാഴ്‍വ‌ാരത്രേ. ആ പാട്ടുകൾക്കു തിരുവായ്മൊഴി എന്നാണു് പേർ പറയുന്നതു്. താമ്രവർണ്ണിയുടെ കരയിലാണ് ആഴ്‍വാർതിരുനഗരി. ആ നദിയുടെ താൽക്കാലികാവസ്ഥ കവി വർണ്ണിച്ചിരിക്കുന്നതിൽനിന്നു വേനൽക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ സന്ദേശമെന്ന് അനുമാനിക്കാം.


"തൽപര്യന്താൽ കഥമപി ഗതസ്താളികാരാക്ഷസീനാം
മധ്യേ മാദ്യൽപതഗവിരുതൈർദൂരദുർഭാഷിണീനാം
ബാഷ്പസ്രോതോവഹകൃശതനും ദൃക്ഷ്യസി പ്രാവൃതാങ്ഗീം
പാത്മൈശ്ചൂർണ്ണൈഃ പഥി ജനകജാസന്നിഭാം താമ്രവർണ്ണീം''


ഈ ശ്ലോകത്തിൽ കവി താമ്രവർണ്ണിയെ അശോകവനികയിൽ പെട്ട ജാനകിക്കു തുല്യയാക്കി വർണ്ണിക്കുന്നു. മദിക്കുന്ന പക്ഷികളുടെ ശബ്ദങ്ങളെക്കൊണ്ടു് ദൂരദുർഭാഷിണികളായ താളികാ (കരിമ്പന) രാക്ഷസികളെ ഇന്നും ആ വഴിയിൽ കാണാം. എത്ര ഉജ്ജ്വലമായ ഉല്ലേഖം! അനന്തരമാണ് നമ്മാഴ്‌വാരെ വന്ദിക്കണമെന്നു കവി സന്ദേശഹരനെ ഉപദേശിക്കുന്നതു്.


"തസ്യാസ്തീരേ വകുളമുകുളാകല്പമാകസ്മികീനാം
വാചാമർത്ഥം ദ്രമിളഭവയാ ഭാഷയാ സ്പഷ്ടയന്തം
പ്രാഞ്ചം ചിഞ്ചാതരുപഗതം പ്രാഞ്ജലിഃ പ്രാങ് മുഖസ്ത്വം
ശാന്താത്മാനം പ്രണമ ശഠകോപാഭിധാനം മുനീന്ദ്രം."


നമ്മാഴ്‍വാരാകുന്നു സംസ്കൃതത്തിൽ ശഠകോപൻ എന്ന ബിരുദനാമത്താൽ അറിയപ്പെടുന്നതു്. അദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ചിട്ടു ഇതു ചിഞ്ചാ (പുളി) വൃക്ഷത്തിന്റെ ചുവട്ടിൽ വകുളാഭരണനായ് ദ്രവിഡവേദമാകുന്ന തിരുവായ്മൊഴി ഉപദേശിക്കുന്ന ആ രൂപത്തെത്തന്നെയാകുന്നു കവിയും സ്മരിക്കുന്നതു്. "ശഠകോപമുനിം വന്ദേ ശഠാനാം ബുദ്ധിദൂഷകം" എന്നു് അവസാനിക്കുന്ന പദ്യം ലീലാതിലകകാരൻ ഉദ്ധരിക്കുന്നത് ഈ സന്ദർഭത്തിൽ നാം ഓമ്മിക്കേണ്ടതാകുന്നു.


മാറവര്‍മ്മൻ അഥവാ ത്രിഭുവനചക്രവർത്തി കുലശേഖരദേവൻ എന്ന ഒരു കായംകുളം രാജാവു കുരുകയൂർ എന്നുകൂടി പേരുള്ള ഈ പുണ്യസ്ഥലത്തിൽ അരുളാളദാസമഠം എന്നൊരു മഠം സ്ഥാപിക്കുകയും, അതിന്റെ നിലനില്പിനായ് പാണ്ടിയിലുള്ള ചെങ്കുളം, നെടുങ്കുളം ഈ രണ്ടു ഗ്രാമങ്ങൾ ദാനം ചെയ്കയും ചെയ്തതായ് ഒരു ശിലാശാസനത്തിൽ നിന്നു വ്യക്തമാകുന്നു.


ആഴ്‍വാർതിരുനഗരിവിട്ടു താമ്രവര്‍ണ്ണി വീണ്ടും തരണം ചെയ്യുവാൻ കവി സ്നാതകനോട് ഉപദേശിക്കുന്നു.


"താമുത്തീര്‍ണ്ണാം കലശജനുഷഃ കുണ്ഡകല്യാണലക്ഷ്മീം
പാടീരാദ്രേർദ്ദുഹിതരമിളാമണ്ഡലീഹാരമാലാം
ആഖ്യാം രത്നാകര ഇതി ഗുണൈരംബുധേസ്സാധയന്തീ-
മധ്വശ്രാന്ത പ്രശമനകരീമര്‍ത്ഥസിദ്ധ്യൈ തരേസ്ത്വം.''


താമ്രവർണ്ണി അഗസ്ത്യമഹർഷിയുടെ ഹോമകുണ്ഡത്തിൽനിന്നു് ഉദിതയും, മലയപര്‍വതത്തിന്റെ പുത്രിയും അതിന്റെ സംഗമസ്ഥാനമാകുന്ന തൂത്തുക്കുടിക്കു സമീപം മാത്രം മുത്തുകൾ വിളയുന്നതിനാൽ സമുദ്രത്തിനു രത്നാകരമെന്ന നാമധേയം സിദ്ധിക്കുവാൻ കാരണഭൂതയുമാണെന്നു പറയേണ്ടതില്ലല്ലോ. താമ്രവര്‍ണ്ണിയുടെ പ്രധാനപോഷകനദിയുടെ പേർ മണിമുക്താനദി എന്നാണു്.


അവിടെനിന്നു കവി സ്നാതകന്റെ ഗതി നിര്‍ദ്ദേശിക്കുന്നതു പടിഞ്ഞാറോട്ടാകുന്നു. ആ പ്രദേശത്തിനു് അലങ്കാരമായ് പരിലസിക്കുന്ന അഗസ്ത്യമഹര്‍ഷിയുടെ പർണ്ണശാലയെ വന്ദിക്കുവാൻ അദ്ദേഹം താഴേ കാണുന്ന പദ്യത്തിൽ ആദ്യമായ് ആവശ്യപ്പെടുന്നു.


"തത്രോദഞ്ചത്തരുണകദളീശീതളാം കുംഭയോനേ-
സ്സഹ്യക്ഷോണീധരജലരുഹഃ കര്‍ണ്ണികാം പര്‍ണ്ണശാലാം
പശ്യന്നൂർദ്ധ്വം പ്രണമ ശിരസാ പശ്ചിമാശാമുഖസ്സൻ;
പൂജാ പൂജാവിഷയരചിതാ ഭൂയസേ ശ്രേയസേ സ്യാൽ".


ആഴ്‍വാർതിരുനഗരിമുതൽ തെങ്കാശിവരെയുള്ള പാത പക്ഷികൾ ശ്രവണപരുഷമായി ശബ്ദിക്കുന്നതും ('ശ്രുതികടുരടദ്വിഷ്കിരം') കള്ളന്മാരുടെ കളിത്തട്ടും ('തസ്തരാണാം ക്രീഡാരങ്‌ഗം') മുള്ളുള്ള വൃക്ഷങ്ങളുടെ കുലഗ്രഹവും ('കുലനിലയനം കണ്ടകോർവ്വീരുഹാണാം') ആണെന്നു വര്‍ണ്ണിക്കുന്നതു പരമാർത്ഥമാണ്. കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞാൽ തീര്‍ത്ഥയോഗംകൊണ്ടു പവിത്രയായ ചിത്രാനദിയെ സന്ദേശഹരനു സന്ദർശിക്കുവാൻ ഇടവരുമെന്നു പറയുന്നു. കുറ്റാലത്തു വീഴുന്ന അരുവിയാണ് ചിത്രാനദി. അതിനെ കവി ഇങ്ങനെ പ്രശംസിക്കുന്നു.


"പാണ്ഡ്യസ്ത്രീണാം പൃഥുകുചതടാസ്ഫാലനാൽ ജർജ്ജരോമ്മിഃ
പര്യന്തൈലാവിപിനപവനൈര്‍മ്മന്ദമാന്ദോള്യമാനാ
സിന്ധുസ്സാന്ധ്യപ്രണതിവിധയേ ഗാഹമാനം തദാനീം
സീരോൽകര്‍ഷാൽ സുരഭിലതടീമേദിനീ മോദയേത്ത്വാം.''


തെങ്കാശിയേയും അവിടത്തെ മൂര്‍ത്തിയായ ശ്രീപരമേശ്വരനേയും കവി അനന്തരം


"തസ്യാസ്തീരേ ദ്വിജവര, പുരീ ദക്ഷിണാ നാമ കാശീ;
സാന്ദ്രഃ പൂര്‍ണ്ണാ സകലവിഭവൈഃ; സാരഭൂതാ പൃഥിവ്യാഃ;
നിത്യാവാസാന്നവശശിഭൃതോ നീലപങ്കാപി രമ്യാ;
യത്ര ജ്യോത്സ്നാധവളിതമുഖീ യാമിനീ കാമിനീവ.''


"മത്സ്യക്രീഡാമുഖരിതശിരശ്ശേഖരസ്തത്രവന്ദ്യഃ
ശബ്ദവ്യാഖ്യാചതുരവലയഃ കശ്ചിദാശ്ചര്യയോഗീ
സ്വാഹാദേവീസുചരിതഫലം സ്വര്‍ഗ്ഗിമൃഷ്ടാഷ്ടിധുര്യം
കുര്‍വൻ ജ്യോതിർദൃശി കുചതടീകുന്തളാങ്കാർദ്ധഭാഗഃ''


എന്ന പദ്യങ്ങളിൽ വർണ്ണിക്കുന്നു. "മത്സ്യക്രീഡാ” ഇത്യാദി പദങ്ങളുടെ സ്വാരസ്യം ആലോചനാമൃതമാണു്. സാന്ദ്രങ്ങളായ സകലവിഭവങ്ങളെക്കൊണ്ടും തെങ്കാശിപ്പട്ടണം അക്കാലത്തുതന്നെ പൂർണ്ണമായിരുന്നു. പാണ്ഡ്യസ്ത്രീകളുടെ സൌന്ദര്യത്തെ കവി താഴെ കാണുന്ന വിധത്തിൽ പ്രകാശിപ്പിക്കുന്നു.


“താസാമഗ്രേ തരുണിമസുധാപൂര്യമാണാകൃതീനാം
ധൈര്യാലംബീ കഥമപി സഖേ,താം ത്രിയാമാമതീയാഃ;
ചൂളീപാശം ശുചിവിഹസിതം ശുദ്ധഭാവഞ്ച പശ്യൻ
പ്രായോദാസ്യം മുനിരപി ഭജേൽ പാണ്ഡ്യസീമന്തിനീനാം.”


ചിത്രാനദിയിൽ സ്നാനം ചെയ്തു ചമ്പകാരണ്യത്തിൽ ഭവാനിയെ ഭജിച്ച രാമവർമ്മമഹാരാജാവിന്റെ കോശാധ്യക്ഷനായ യജ്ഞനാരായണയ്യരുടെ വിരുന്നും ഉണ്ടു് അവിടംവിടുവാൻ ആണു് പിന്നീടുള്ള നിർദ്ദേശം.


"ചിത്രാമൂലേ ശിവതമജലേ തത്രമങ്‍ക്ത്വാ ഭവാനീം
ഭക്ത്യാ പശ്യേ! കലിതവസതിം കാനനേ ചമ്പകാനാം;
നിഷ്ക്രാന്തസ്യ ദ്വിജവര, തതോ രാജകോശസ്യ ഗോപ്താ
യച്ഛേദന്നം പഥി ബഹുഗുണം യജ്ഞനാരായണസ്തേ. "


എന്ന പദ്യം നോക്കുക. കുറ്റാലത്തുമലയുടെ മുകളിലുള്ള ചമ്പകാദേവീക്ഷേത്രം ഇക്കാലത്തും പാവനമാണു്. അതിനു സമീപമായ് രാമവർമ്മമഹാരാജാവ് ദേശിങ്ങനാട്ടുരാജാക്കന്മാരുടെ ചുങ്കവും മറ്റും പിരിക്കുന്നതിനു യജ്ഞനാരായണയ്യർ എന്നൊരു കോശാധ്യക്ഷനെ അക്കാലത്ത് നിയമിച്ചിരുന്നതായ് ഇതിൽനിന്നു വെളിവാകുന്നു. ക്രി. പി. പതിനാറാം ശതകത്തിൽ ദേശിങ്ങനാട്ടു രാജാക്കന്മാർ വേറെയും ചില റവന്യൂ ഉദ്യോഗസ്ഥന്മാരെ തിരുനെൽവേലിയിൽ നിയമിച്ചിരുന്നതായ് ശിലാശാസനങ്ങൾ വഴിയായ് നാം അറിയുന്നുണ്ടു്. ക്രി. പി. ൧൫൬൬-ൽ അത്തരത്തിൽ നിയമിതന്മാരായ ചിന്നൻപിള്ളയും മാത്തുപ്പണിക്കരും തങ്ങളുടെ ഉദാസീനതയാൽ വന്ന നൂറ്റൻപതു കോട്ട നെല്ലിന്റെ നഷ്ടം മന്നാർകോയിൽ ക്ഷേത്രത്തിലേയ്ക്ക് കയ്യിൽനിന്നു കെട്ടി വെച്ചു പരിഹരിച്ചതായ്‍കാണുന്നു.


സ്നാതകനോടു കവി പിന്നീടു സന്ദര്‍ശിക്കുവാൻ ഉപദേശിക്കുന്ന പട്ടണം ആണ്ടാൾ എന്ന ഭഗവത്ഭക്തയുടെ ജന്മഭൂമിയായ ശ്രീവില്ലിപ്പുത്തൂരാണു്. ആണ്ടാൾക്കു സംസ്കൃതത്തിൽ ഗോദയെന്നു പേരുണ്ട്. ലക്ഷ്മീദേവിയുടെ അവതാരമായ് ഈ സ്ത്രീരത്നത്തെ ശ്രീവൈഷ്ണവന്മാർ ആരാധിക്കുന്നു.


"സാകം പാന്ഥൈസ്സരണിമപരാം മങ്‍ക്ഷു തീർത്ത്വാ പ്രദോഷേ
പാദാംഭോജം പ്രണമ മതിമൻ, ഭട്ടനാഥാത്മജായാഃ
ഭര്‍ത്തുഃ കര്‍ത്തും പരിജനധുരം ഭക്തവര്യാലയേ യാ
മർത്യാകാരാ മഹിതതുളസിഭാസിതാ പ്രാദുരാസീൽ
മുക്താ യസ്യാശ്ചികുരസഹജാ മോദതോഭൂന്മുരാരെര്‍-
ന്നൈവ ശ്ലാഘ്യാ നവപരിമളേനാദ്ഭുതാ പുഷ്പമാലാ.''


വിഷ്ണുചിത്തൻ എന്നും ഭട്ടനാഥൻ എന്നും നാമധേയത്തോടു കൂടിയ ശ്രീവില്ലിപ്പുത്തൂർ ക്ഷേത്രത്തിലെ അര്‍ച്ചകന്റെ പുത്രിയായിട്ടാണ് ആണ്ടാൾ ജനിച്ചതു്. ബാല്യംമുതൽക്കുതന്നെ ഭഗവാൻ വടപത്രശായി തന്നെ പരിഗ്രഹിക്കണമെന്നുള്ള ആശയോടുകൂടി ആ ഭക്ത തദനുസരണങ്ങളായ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, ഒരവസരത്തിൽ അവിടത്തേക്കു സന്തോഷമുണ്ടാകുമെന്നുകരുതി അച്ഛൻ അമ്പലത്തിൽ കൊണ്ടുചെന്നു ചാര്‍ത്തുവാൻ ഒരുക്കിവെച്ചിരുന്ന പുഷ്പമാല ശിരസ്സിൽ ധരിക്കുകയും ചെയ്തു. അതറിഞ്ഞു ക്രുദ്ധനായ പിതാവ് അശുദ്ധമായ ആ മാല ദേവനു ചാര്‍ത്തുകയുണ്ടായില്ല. അന്നു രാത്രി സ്വപ്നത്തിൽ മഹാവിഷ്ണു അദ്ദേഹത്തിനു ദര്‍ശനം നല്കുകയും ആണ്ടാളുടെ കേശസ്പർശംനിമിത്തം പ്രവൃദ്ധപരിമളമായ ആ അലങ്കാരം തനിക്കു ചാര്‍ത്താഞ്ഞതിൽ താൻ പരിഭവിക്കുകയാണു് ചെയ്യുന്നതെന്നു അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അന്നുമുതൽക്കു 'ചൂടിക്കൊടുത്ത നാച്ചിയാർ' എന്ന പേരിൽ ആ പരമഭാഗവതയെ ജനങ്ങൾ ആരാധിച്ചുതുടങ്ങി. സുപ്രസിദ്ധമായ ഈ ഐതിഹ്യത്തെയാകുന്നു "ഭർത്തുഃ കര്‍ത്തും" ഇത്യാദി പദ്യത്തിൽ കവി സൂചിപ്പിക്കുന്നതു്. ശ്രീവില്ലിപ്പുത്തൂരിലുള്ള അയ്യങ്കാരന്മാരെ കവി അധോലിഖിതമായ പദ്യത്തിൽ വണിക്കുന്നു.


"ആലോകേഥാസ്തദനു ഹരിമൃൽകല്പിതോർദ്ധ്വത്രിപുണ്ഡ്രാൻ
പത്മാക്ഷസ്രഗ്ഘടിതമകുടാൻ പീതവസ്ത്രോത്തരീയാൻ
ഗോദാപാദാംബുജകൃതനതീൻ കേസരാകല്പവാചാം
ഘോഷൈരാശാവലയദുരിതം മുഷ്ണതോ വിഷ്ണുദാസാൻ."


എത്രയും തന്മയത്വത്തോടുകൂടിയ ഒരു വര്‍ണ്ണനമാണു് ഇതു്. കേസരാകല്പൻ വകുളാഭരണനായ നമ്മാഴ്‌വാർതന്നെ.


അതിൽപിന്നീടു സ്നാതകൻ ഉത്തരമാറ്റമായ് പോയ് ദക്ഷിണമധുരയ്ക്ക് ഏഴു നാഴിക തെക്കുള്ള 'തിരുപ്പറക്കുൻറം' എന്ന സുബ്രഹ്മണ്യക്ഷേത്രം ദര്‍ശിക്കണമെന്നു കവി ഉപദേശിക്കുന്നു.


"തസ്മിൻ മൂര്‍ത്തിം പ്രതിഭടതമോവഞ്ചനീം ക്രൗഞ്ചഭേത്തുര്‍-
ന്നത്വാ നാകാവസഥപൃതനാപദ്മിനീഭാനുവേലാം
ഹസ്തിസ്തംഭപ്രണിഹിതമണിസ്തംഭചക്രേണ ധാമ്നാ
ഭര്‍ത്തുർഗൌര്യാഃ പ്രവിശ മധുരാം ഭക്ഷിണാം ലക്ഷണീയാം"


എന്ന പദ്യം നോക്കുക. മധുരയിൽ ഗൌരിയെ കൂടാതെ വൈകയാറ്റിൻ കരയിലുള്ള ഭദ്രകാളിയേയും സന്ദേശഹരൻ വന്ദിക്കണമെന്നു കവിക്കു അഭിസന്ധിയുണ്ട്. ഭദ്രകാളിയുടെ വര്‍ണ്ണനം താഴെ കാണുന്നവിധത്തി ലാണു്.


"കൂലാവാസാം കുടിലനിശിതോദാരദംഷ്ട്രാം ഭജേഥാഃ
കാലാപായക്ഷുഭിതജലധിധ്വാനധീരാട്ടഹാസാം
ശൂലപ്രോതപ്രതിഭടഗളദ്രക്തപാനാതിമത്താം
ഫാലോന്മീലദ്ഭ്രുകുടിഗഹനാം ഭൈരവീമേകവീരാം.''


അനന്തരം 'തിരുമാലിരുംചോലൈ', അഥവാ ഋഷഭഗിരി എന്ന സ്ഥലത്തുള്ള മഹാവിഷ്ണുവിനെയാണ് ഭജിക്കുവാനുള്ളതു്.


"ഭൂയസ്തേഭ്യഃ പ്രണതിമൃഷഭക്ഷോണിഭൃന്മണ്ഡനേഭ്യഃ
പുല്ലിംഗേഭ്യഃ പുരഹരജടാലാള്യമാനാംഘ്രിജേഭ്യഃ
പ്രാണേഭ്യസ്ത്വം ജലധിദുഹിതുര്‍വിശ്വകുക്ഷിംഭരിഭ്യാ
പത്മാക്ഷേഭ്യോ വിതനു വിനതാനന്ദനസ്യന്ദനേഭ്യഃ''


എന്ന പദ്യത്തിൽ കവി ആ ദേവനേയും വര്‍ണ്ണിക്കുന്നു. അതിൽ പിന്നീടു ദൂതൻ പോകേണ്ടതു ചോളദേശത്തിലേക്കാണു്. അവിടെ മാര്‍ഗ്ഗനിർദ്ദേശം ആരംഭിക്കുന്നത് ആ ദേശത്തിന്റെ ഉത്തരഭാഗത്തിലുള്ള ചിദംബരം മുതൽക്കാകുന്നു. ആ പുണ്യക്ഷേത്രത്തെ കവി സ്മരിക്കുന്നത്


"തസ്യാമഗ്രേ ഭുവനവിദിതസ്ഥാപനാശംഖഘോഷോ-
ഭൂയാന്മായാമയമൃഗകുലോച്ചാടനവ്യഗ്രഘോഷഃ
ശ്രുത്യോഃ പ്രീത്യൈ മുനിജനമനഃകേകിജീമൂതഘോഷോ
മന്ദ്രോന്മേഷസ്തവമണിസഭാനാഥമഞ്ജീരഘോഷഃ''


എന്ന പദ്യത്തിലാകുന്നു. അവിടെനിന്നു തെക്കോട്ടു പോന്നാൽ അനവധി തീര്‍ത്ഥങ്ങളോടുകൂടിയ കുംഭകോണത്ത് എത്താം.


"അഗ്രേ ഗീതം ശുകനിയമനസ്വിന്നശുംഭന്മുഖീനാം
ശ്രാവം ശ്രാവം ശ്രവണമധുരം ശാലിഗോപാങ്ഗനാനാം
തീരാഗാരസ്ഥിതഹരിഹരം തീർത്ഥവര്യം ഭജേഥാഃ
കുംഭീപാകവ്യസനശമനം കുംഭകോണാഭിധാനം"


എന്ന പദ്യത്തിൽ കവി ഈ സ്ഥലത്ത വർണ്ണിക്കുന്നു. അനന്തരം കാവേരി കടന്നു് അതിന്റെ തീരത്തുള്ള ശ്രീരംഗത്തും, ജംബുകേശ്വരത്തും (തിരുവാനൈക്കാവ്) സ്വാമിദർശനം ചെയ്യണമെന്ന് ഉൽബോധിപ്പിക്കുന്നു.


"തസ്യാരേ വ്രജ പഥി കവേരാദ്രിഭായോപഭോക്ത്രീം
സിന്ധോസ്സിംഹാസനവരവധൂം സൂതിശാലാം ശുഭാനാം
ചോളക്ഷോണീസുചരിതഫലാം സ്വച്ഛഭാവസ്യ നീവീം
സ്രോതോരൂപാം സ്രജമഥഭുവര്‍സ്സ്വന്നദീഗര്‍വഹന്ത്രീം.


തത്രാരാധ്യഃ ശ്രുതിശുകവധൂകേളികേദാരഭൂമി-
വേധാ ധാതുസ്സകലജഗതാം വിശ്വനിക്ഷേപഭൂമിഃ
കൈവല്ല്യേന്ദോരുദയശിഖരീ കല്‌മഷവ്യാധിവൈദ്യഃ
കാവേര്യന്തഃപയസി ജഗതീമംഗലോ രംഗരാജഃ


പാരേകാവേര്യഥപടുതപസ്സുസ്ഥിതംപ്രസ്ഥിതസ്സൻ
പശ്യേഃ പശ്യന്നിടിലഫലകം പാര്‍വതിഭാഗധേയം
യസ്യാസാങ്ഗാദമൃതഗുളികാനിര്‍മ്മലൈർജ്ജംബുരാജഃ
പാകൈർലോകേ ഹസതി മഹതീം പാരിജാതസ്യ ലക്ഷ്മീം.''


പിന്നീടു കൊങ്ങനാടു (കോയമ്പത്തൂർ) കടന്നു് ('ഭൃഗുപതേർദോർബലാദശഭൂതാം') പരശുരാമന്റെ ബാഹുബലത്തെ പ്രത്യക്ഷീകരിക്കുന്ന കേരളഭൂമിയിലേയ്ക്കു ചെല്ലുവാൻ കവി സുഭഗനോട് അപേക്ഷിക്കുന്നു. മാര്‍ഗ്ഗമധ്യത്തിൽ സഹ്യപര്‍വതം കുളിർകാറ്റുകൊണ്ടും ശുദ്ധജലംകൊണ്ടും സ്വാദുക്കളായ ഫലങ്ങൾകൊണ്ടും പാന്ഥനെ ഉപചരിക്കുമെന്ന് അധോലിഖിതമായ പദ്യത്തിൽ കവി വര്‍ണ്ണിക്കുന്നു.


"ശീതാൻ വാതാൻ ശശിമണിശിലാസ്വച്ഛമംഭഃ ഫലാനാം
വ്രാതം സ്വാദും തദനു വിതരംസ്തുഭ്യമഭ്യാഗതായ
സ്വീയാം കുര്യാജ്ജഗതി സഫലാം സഹ്യശൈലോ വിഭൂതിം;
പ്രായോ ദീനവ്യസനശമനം പ്രാഭവം ഹി പ്രഭൂണാം.”


കേരളത്തിൽ കടന്നാൽ കേൾക്കുന്നതു സാമൂതിരിമഹാരാജാക്കന്മാരുടെ പ്രശസ്തിയാണു്.


"തീർത്വാ സഹ്യേ ഭൃഗുപതികുഠാരാധ്വമാര്‍ഗ്ഗം ക്ഷണേന
പ്രാപ്നോ ഭാഗാൻ മുഖരനളിനീവാരളാൻ കേരളാനാം
ഗീതം ക്രീഡാവിധിഷു സുദൃശാം പങ്‍ക്തിഭിഃ പദ് മിനീനാം
പാരേ പാരേ നിശമയ യശഃ പലതാബ്ധീശ്വരാണാം.''


തന്റെ പ്രാണപ്രിയ അധിവസിക്കുന്ന വൃഷപുരി (തൃശ്ശിവപേരൂർ) യിൽ ചെന്നു ചേരുവാൻ കവി ഒടുവിൽ സ്നാതകബ്രാഹ്മണനോട്ടു പ്രാര്‍ത്ഥിക്കുന്നു.


"തേഷാം മധ്യേ ത്രിപുരജയിനോ നിത്യസാന്നിധ്യയോഗാൽ
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ;
യാമുത്സങ്ഗേ കുസുമരജസാ ധൂസരാങ്ഗീം പ്രമോദാൽ
കേളീലോലാമിവദുഹിതരം കേരളോര്‍വി ദധാതി"


ശ്രീപരമേശ്വരന്റെ നിത്യസാന്നിധ്യംകൊണ്ടു പരിശുദ്ധമായ ഒരു പ്രദേശമാകുന്നു തൃശ്ശിവപേരൂർ. പൂമ്പൊടികൊണ്ട് ധൂസരാങ്ഗിയായ ആ വൃഷപുരിയെ കേരളഭൂമി കേളിലോലയായ തന്റെ പെൺകിടാവിനെ എന്നപോലെ മടിയിൽവെച്ചു ലാളിക്കുന്നു എന്നത്രേ ഗ്രന്ഥകാരന്റെ മനോമോഹനമായ ഉല്ലേഖം.


ഉത്തരസന്ദേശത്തിൽ തൃശ്ശിവപേരൂർ പട്ടണത്തിന്റെ സമഗ്രമായ ഒരു വിവരണം അടങ്ങീട്ടുണ്ടെങ്കിലും ചരിത്രസംബന്ധമായ് യാതൊരു ജ്ഞാനശകലവും നമുക്കു് അതിൽനിന്നു ലഭിക്കുന്നില്ല. നായികയുടെ നാമധേയം പോലും കവി 'മാനവീമേനക' എന്ന ഗുപ്തരൂപത്തിലാണു് നിർദ്ദേശിക്കുന്നതു്. ഇത്തരത്തിൽ നായികമാര്‍ക്കു പേരിടുന്നതിലുള്ള അഭംഗിയേയും അനൗചിത്യത്തെയുംപറ്റി ലീലാതിലകകാരൻ കര്‍ക്കശമായ് വിമർശിച്ചിട്ടുണ്ടു്. പ്രസ്തുതഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിച്ചുകൊള്ളുന്നു.


"വാപ്യാം വാപ്യാം ശശിമണിശിലാനിര്‍മ്മിതം യത്ര തോയം;
തോയേ തോയേ തുലിതയുവതീവക്ത്രമാഭാതി പദ്മം;
പദ്മേ പദ്മേ പരിമളരസോന്മേഷസം ച ഭൃങ്ഗം;
ഭൃങ്ഗേ ഭൃങ്ഗേ പ്രതിനവസുധാസ്യന്ദിനോ ഗീതിഭേദാഃ;


സന്ധ്യായന്തേ സരസിജദൃശാം പക്വബിംബോഷ്ഠഭാസ-
സ്താരായന്തേ സ്തനതടജുഷോനിസ്തുഷാ മൌക്തികാള്യഃ;
ചന്ദ്രായന്തേ കമലസുഷമാകൃന്തി വക്ത്രാണി യസ്യാം;
ജ്യോത്സ്നായന്തേ പ്രതിനവസുധാസ്യന്ദിനോ മന്ദഹാസാഃ.
*               *               *               *               *               *
ക്രീഡാശൈലേ കരകിസലയൈഃ കന്ദുകം താഡയിത്വാ
ക്രീഡന്തീനാം ഗളിതമഭിതഃ കൈശികം കാമിനീനാം
ആലോക്യാന്തര്‍ജനിതജലദാരംഭബോധാൽ പ്രയാതും
ദീനാ യസ്യാം ഭധതി രഭസം ദീർഘികാരാജഹംസാഃ
*               *               *               *               *               *
പാകശ്‍ച്യോതം ഫണധരലതാപത്രമാദായ ഹസ്തൈഃ
പ്രാപ്തം നൃത്തശ്രമശിഥിലയാ ഗാത്രയഷ്ട്യാ പ്രതോളീം
കൂജൽപാദാഭരണരശനം കുഞ്ചിതസ്നിഗ്ദ്ധകേശം
ശ്ലാഘ്യം യസ്യാം ചലയതി മനശ്ചക്രവാളം നടീനാം.
*               *               *               *               *               *
തത്രോദഞ്ചന്മണിഗണമഹശ്ശാരപര്യന്തദീപ്രം
ദൂരാദ്ദ്വാരോല്ലിഖിതകമലാഹസ്തിരത്നഭിഷേകം
ആയുഷ്യന്തേ നയനയുഗളീപുണ്യപുഞ്ജസ്യ പുഷ്യാ-
ന്മൽപ്രേയസ്യാ മണിനിലയനം മാനവമേനകായാഃ."


അനന്തരം സുഭഗൻ യഥാകാലം തന്നെയും തന്റെ സഖാവായ കവിയേയുംപറ്റി താഴെ കാണുന്ന വിധത്തിൽ നിവേദനം ചെയ്യണമെന്നു പ്രസ്താവിക്കുനം.


"ഭർത്തു സ്നിഗ്ദ്ധം തവ കുശലിനോ വിദ്ധി കല്യാണി, മിത്രം
പ്രീത്യാ ലാടക്ഷിതിസുരയശസ്സാധകം സ്നാതകം മാം;
മുഖൈസ്തീര്‍ത്ഥൈജ്ജഗതി വിഗതാശേഷകല്മാഷദോഷം
ധാത്ര്യാം സന്തഃ സുഭഗ ഇതി യം പ്രീതിമന്തോ വദന്തി.


ആസ്തേ താവത്തവ സഹചരസ്തന്വി, കന്യാകുമാര്യാ-
മാസ്ഥായുക്തസ്ത്വയി ഗുരുതരം പ്രാണഭാരം ബിഭര്‍ത്തി;
ബാഷ്പാസാരൈരധികബഹളൈര്‍ഗോഷ്പദീകൃത്യ സിന്ധും
ദീര്‍ഘൈശ്ശ്വാസൈര്‍ന്നയതി ദിവസാൻ ബാലതാലീവനേഷു


നായികയുടെ വര്‍ണ്ണനത്തിലും നായികയ്ക്കും നൽകുന്ന സന്ദേശവാക്യത്തിലും മറ്റും രസനിഷ്യന്ദികളായ പദ്യങ്ങൾ ധാരാളമുണ്ട്. മാതൃക കാണിക്കുവാൻ അവയിൽ നാലഞ്ചെണ്ണം മാത്രം ഉദ്ധരിക്കാം:-


"തത്രാലോക്യാ നിജപരിജനസ്യാങ്കപര്യങ്കികായാം
ലീനാ ലൂനാ കുമലകലികേവാതിദീനാ തദാനീം,
അല്പാകാരേ വിചലതി തൃണേ ന്യസ്തദൃഷ്ടിഃ പദവ്യാം
മൽപ്രാപ്ത്യാശാതരളിതമതിര്‍മ്മാനുഷീവൈജയന്തി"


"സാ വാ നീവീ സരസിജഭുവസ്സര്‍ഗ്ഗചാതുര്യസീമ്നാം?
സാ വാ വാപീ മനസിജകൃതാ മന്മനോമജ്ജനായ?
സാ വാ ഭൂമിസ്സകലജഗതാം നേത്രസാഫല്യസിദ്ധേഃ?
സാ വാ ദേവീ ക്ഷിതിതലഗതാ മാനുഷീകൈതവേന?


പീയൂഷസ്യ പ്രഥമവസതിം മന്ദഹാസേന്ദുസന്ധ്യാം
രാഗാംഭോധർലഹരികലികാം യൗവനക്ഷോഭിതസ്യ
പ്രാണേശ്വര്യാഃ പ്രകൃതിസുഭഗാം പക്വബിംബോഷ്ഠലക്ഷ്മീം
ബ്രൂതേ ലോകോ മമ നിരുപമം പല്ലവം ഭാഗ്യവല്ല്യാഃ.


ജ്യോത്സ്നാലക്ഷ്മ്യാഃ പരിഭവപദം യൗവനം പാണ്ഡരിമ്ണോ
മല്ലീമിത്രം മനസിജയശോദിവ്യവല്ല്യാഃ പ്രസൂനം
മധ്യേ വ്രീളാജനകമമൃതസ്യാശ്രയം മാധുരീണാം
മന്ദാരാണാം മദനിയമനം മന്ദഹാസം മൃഗാക്ഷ്യാം."


"നാഭീസിന്ധൌ മരകതശിലാസേതുബന്ധഃ കൃപാണീ
ചേതോയോനേഃ സ്തനഗിരിതടാന്നിസ്‍സൃതാ നീലനാഗീ
ശ്രോണീബിംബസ്മരമണിരഥേ ശക്രനീലധ്വജത്വം
യാതാ യസ്യാശ്ചലയതി ധൃതിം ശ്യാമളാ രോമരാജിഃ"


"വാമോവായുഃ സ്‌പൃശതി പരുഷം; വാമമംഭോനദീനാം;
വാമസ്സോമോവമതി ഗരളം; വാമവാചോന്യപുഷ്ടാഃ;
വാമാ ദൂരം മലയജതരോസ്സൌരഭീ; കിം പ്രലാപൈര്‍-
വാമാരംഭേ ഭഗവതി വിധൌ ഹന്ത വാമം ഹി സര്‍വ്വം."


ഇത്തരത്തിലുള്ള സന്ദേശകാവ്യങ്ങൾ കേരളീയസാഹിത്യത്തിനു് അഭിമാനകരമല്ലെന്നു ഏതു സഹൃദയൻ പറയും? ഇവയുടെ പ്രകാശനത്തിൽ മുദ്രാലയപ്രവർത്തകന്മാരുടെ ശ്രദ്ധയെ നിപുണമായ് ക്ഷണി ച്ചുകൊണ്ടു് ഈ ഉപന്യാസത്തെ ഇവിടെ ഉപസംഹരിച്ചുകൊള്ളുന്നു.