Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / മങ്കമ്മാള്‍ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മങ്കമ്മാള്‍

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഓരോകാലത്തു പ്രശസ്തരീതിയിൽ പ്രജാപരിപാലനം ചെയ്തു ലോകത്തിന്റെ ശാശ്വതമായ ബഹുമാനത്തിനും കൃതജ്ഞതക്കും പാത്രീഭവിച്ച പല ഉത്തമസ്ത്രീരത്നങ്ങളെപ്പറ്റിയും "ശാരദാ" വായനക്കാർ കേട്ടിരിക്കാനിടയുണ്ടു്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു് ഒരു ശോഭനദീപമായി വളരെക്കാലം പരിലസിച്ചു കുറെകൊല്ലങ്ങൾക്കുമുമ്പു നിര്‍വാണപദം പ്രാപിച്ച ഗുണവതി വിക്ടോറിയ ചക്രവത്തിനിയുടെ കഥയല്ല ഞാൻ അവരെ അനുസ്മരിപ്പിക്കുന്നത്. ഈ ഭാരതഖണ്ഡത്തിൽതന്നെ സ്ത്രീവര്‍ഗ്ഗത്തിനു് അഭിമാനസ്തംഭമായി പരിലസിച്ച റീസിയാബീഗം, അഹല്യാബായി നമ്മുടെ ലക്ഷ്മിറാണി മുതലായ രാജ്ഞിമാരുടെ ചരിത്രമാണു്. ആ മഹിളാമണികളുടെ സദസ്സിൽ ഗണനീയമായ ഒരു സ്ഥാനത്തിനു് അവകാശിനിയായ പാണ്ഡ്യരാജ്യത്തിലെ മങ്കമ്മാളെപ്പറ്റി അവര്‍ക്കു അത്രതന്നെ അറിയാൻ മാര്‍ഗ്ഗമുണ്ടായിരിക്കുമോ എന്നു നിശ്ചയമില്ല. ദക്ഷിണാപഥചരിത്രസംബന്ധമായി ഒരു നല്ല പുസ്തകവും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ. അതുകൊണ്ട് അന്യദ്ദൃശങ്ങളായ ഗുണഗണങ്ങൾക്കു വിളനിലമായിരുന്ന ആ മാന്യമഹതിയെപ്പറ്റി ഏതാനും ചിലതു പ്രസ്താവിക്കുന്നതു രസകരമായിരിക്കുമെന്നു വിശ്വസിച്ചുകൊള്ളുന്നു.

 

മങ്കമ്മാൾ പാണ്ഡ്യരാജാവായ ചൊക്കനാഥനായ്ക്കന്റെ പട്ടമഹിഷിയായിരുന്നു. ചൊക്കനാഥൻ ക്രി. പി. ൧൬൮൨-ൽ മരിച്ചു. അക്കാലത്തു രാജ്ഞിമാർ ഭർത്തൃമരണത്തിൽ അഗ്നിപ്രവേശംചെയ്യുക സാധാരണമായിരുന്നുവെങ്കിലും പരിഷ്കൃതഹൃദയയായ മങ്കമ്മാൾ ആ വിധത്തിൽ ആത്മഹത്യയ്ക്കു ഒരുങ്ങിയില്ല. യുവാവായ തന്റെ പുത്രൻ രംഗകൃഷ്ണമുത്തുവീരപ്പനായ്ക്കനെ രാജ്യപരിപാലനത്തിൽ സഹായിച്ചുകൊണ്ടും ഉൽകൃഷ്ടരീതിയിലുള്ള അനേകം ദാനധര്‍മ്മങ്ങൾ ചെയ്തുകൊണ്ടും തന്റെ ആയുശ്ശേഷത്തെ നയിക്കുന്നതിലധികം ശ്രേയസ്കരമായി ഒന്നുമില്ലെന്നാണു് ആ സാദ്ധ്വിക്കു തോന്നിയത്. മുത്തുവീരപ്പനായക്കനു വളരെക്കാലം രാജ്യഭാരം ചെയ്യുന്നതിനു യോഗമുണ്ടായില്ല. പട്ടംകെട്ടി ഏഴാമത്തെക്കൊല്ലത്തിൽ അദ്ദേഹം ഭയങ്കരമായ ഒരുതരം മസൂരിരോഗത്താൽ ബാധിതനായി ഇഹലോകവാസംവെടിഞ്ഞു. ആ അത്യാഹിതത്തിൽ പാണ്ഡ്യരാജ്യത്തിനു പരക്കെ നേരിട്ട മഹാസങ്കടം ഇന്നപ്രകാരമെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമാണ്. ചൊക്കനാഥന്റെ മരണത്തിനുമുമ്പായിതന്നെ ആ രാജ്യത്തിന്റെ മഹിമ അസ്തമിതപ്രായമായിരുന്നു. സമീപസ്ഥന്മാരായ മൈസൂർ, തഞ്ചാവൂർ മുതലായ രാജ്യങ്ങളിലേ രാജാക്കന്മാരുടെ കൈയേറ്റം അധികപ്പെട്ടു ജനങ്ങൾ അപാരമായ ദുഃഖത്തിനു വശംവദന്മാരായിത്തീര്‍ന്നിരുന്നു. അപ്പോളാകട്ടെ നവയൌവനത്തിൽ മുത്തുവീരപ്പനായ്ക്കനും മരിച്ചു. പാണ്ഡ്യരാജ്യം നിരാധാരമായി. മാതാവായ മങ്കമ്മാളും പട്ടമഹിഷിയായ മുത്തമ്മാളും മാത്രമേ രാജകുടുംബത്തിൽ ശേഷിച്ചുള്ള. ഭാഗ്യവശാൽ മുത്തമ്മാൾ ഗർഭിണിയായിരുന്നു. സുന്ദരേശസ്വാമി


യുടെ അനുഗ്രഹമുണ്ടെങ്കിൽ ആ സ്ത്രീരത്നത്തിനു് ഒരു പുരുഷപ്രജയെ പ്രസവിക്കുവാൻ സംഗതിവരുമെന്നും അപ്പോൾ രാജ്യം സാനാഥമായിതീരുമെന്നുമുള്ള പ്രത്യാശ മനസ്വിനിയായ മങ്കമ്മാളെ ആശ്വസിപ്പിച്ചു. എന്നാൽ മുത്തമ്മളാകട്ടെ ഭർത്തൃവിയോഗത്തെ സഹിക്കുന്നതിനു കേവലം അശക്തയായി സഹമരണത്തിനു സന്നദ്ധയായിത്തീര്‍ന്നു. മങ്കമ്മാളുടെ ആജ്ഞയ്ക്കും ഉപദേശത്തിനും ഒരുവിധത്തിൽ വഴിപ്പെട്ടു പ്രസവംവരയ്ക്കും തന്റെ സതീധര്‍മ്മാനുഷ്ഠാനത്തിൽനിന്നു വിരമിക്കാമെന്നു നിശ്ചയിച്ചു യഥാകാലം കിരീടാവകാശിയായ ഒരു പുത്രനെ പ്രസവിച്ചു കൃതകൃത്യയായി അഗ്നിപ്രവേശത്തിനു് അനുവാദം ചോദിച്ചതിൽ അതു ലഭിക്കാത്തതിനാൽ നൈരാശ്യത്തോടുകൂടി ആ വിധവ വിഷപാനം ചെയ്തു തന്റെ ജീവനെ സന്ത്യജിച്ചു എന്നു ചുരുക്കി പറഞ്ഞാൽ കഴിഞ്ഞുവല്ലോ. ഈ പുത്രനാണു് ഒടുവിൽ വളരെക്കാലം പാണ്ഡ്യരാജ്യത്തെ പരിപാലിച്ച വിജയരംഗചൊക്കനാഥൻ.

 

മങ്കമ്മാൾക്കു് ഈ അവസരത്തിൽ രാജ്യഭരണത്തിനു പുറമേ ബാലപരിചരണവും കര്‍ത്തവ്യമായിത്തീന്നു. രണ്ടു ധർമ്മങ്ങളേയും ആ സൂചരിത അത്യത്ഭുതമായ രീതിയിൽ അനുഷ്ഠിച്ചു. ക്രി. പി. ൧൭൦൫-ൽ വിജയരംഗനു് ൧൭ വയസ്സ് തികഞ്ഞു. അതുവരെ മങ്കമ്മാൾതന്നെയാണ് രാജകുമാരന്റെ രക്ഷാധികാരിണിയുടെ നിലയിൽ പ്രജാപരിപാലനം ചെയ്തത്. മങ്കമ്മാളുടെ രാജ്യഭാരകാലം ജനക്ഷേമകരങ്ങളായ അനേകം സൽകൃത്യങ്ങൾകൊണ്ടും പ്രതാപദ്യോതകങ്ങളായ അനേകം വിജയങ്ങൾകൊണ്ടും പാണ്ഡ്യരാജ്യചരിതത്തിൽ സവിശേഷം സ്മരണീയമായ ഒരു അദ്ധ്യായമാണെന്നുള്ളതിനു യാതൊരുസംശയവുമില്ല. ഈ രാജ്ഞിക്കു 'നരസപ്പയ്യൻ' എന്ന പ്രസിദ്ധനായ ഒരു ബ്രാഹ്മണസേനാനി ദളവായായിരുന്നു. ആ ദളവായുടെ സഹകരണത്തോടുകൂടി മങ്കമ്മാൾ പാണ്ഡ്യരാജ്യത്തിന്റെ മഹിമയെ വീണ്ടും സ്ഥാപിച്ചു. രാമനാഥപുരത്തിലെ സേതുപതിയുംമറ്റും കുറെക്കാലമായി നായ്ക്കന്മാരുടെ മേൽക്കോയിമ്മയെ ധിക്കരിച്ചു നടക്കുകയായിരുന്നു. ആ സാമന്തരാജാക്കന്മാരെ രാജ്ഞി ആദ്യമായി കീഴടക്കി. ക്രി-പി-൧൬൯൮-ൽ നമ്മുടെ ഉമയമ്മറാണിയുടെ പുത്രനായ രവിവര്‍മ്മമഹാരാജാവുമായി ഒരു യുദ്ധംചെയ്തു. വളരെക്കാലമായി പാണ്ഡ്യരാജ്യത്തിലേക്കു ചചെല്ലുവാനുണ്ടായിരുന്ന കുപ്പം തിരുവിതാങ്കൂർ രാജാക്കന്മാർ കൊടുക്കാത്തതിനാൽ നരസപ്പയ്യൻ ഒരു വലിയ സൈന്യത്തോടുകൂടി ആരുവാമൊഴിക്കോട്ട കടന്നുവന്നു പത്മനാഭപുരത്തെ നിരോധിച്ചു. തന്റെ ശത്രുക്കളായ എട്ടുവീട്ടിൽപിള്ളമാരെ അമര്‍ച്ച വരുത്താമെങ്കിൽ കല്ക്കളവും മറ്റു ചില സ്ഥലങ്ങളും വിട്ടുകൊടുക്കാമെന്നു മഹാരാജാവു വാഗ്ദാനംചെയ്തു. നരസപ്പയ്യൻ ഒന്നുരണ്ട് എട്ടുവീടന്മാരെ വധിക്കുകയും അവരുടെ സൈന്യത്തെ തോല്പിക്കുകയും ചെയ്തു. ഈ തക്കംകണ്ടു രാജാവു തന്റെ സേനയെ നരസപ്പയ്യന്റെ നേര്‍ക്കു നയിക്കുകയും നാസപ്പയ്യൻ തൽക്കാലത്തേക്കു പരാജിതനായി പിൻമാറേണ്ടിവരികയും ചെയ്തു. എന്നാൽ അടുത്തകൊല്ലവും ആ സേനാനി ഒരു വലിയ പടയോടുകൂടി വീണ്ടും ആരുവാമൊഴിക്കോട്ട കടന്നു യുദ്ധസന്നദ്ധനായി വന്നു. അപ്പോൾ മഹാരാജാവ് ആ സേനയെ സാമദാനങ്ങൾകൊണ്ട് വശീകരിക്കുകയും ബാക്കിയുണ്ടായിരുന്നു കപ്പം കൊടുത്തുതീര്‍ക്കുകയും ചെയ്തു. തിരുവിതാങ്കൂർ കീഴടക്കിയതിനുമേൽ മങ്കമ്മാള്‍ തഞ്ചാവൂർരാജ്യം ജയിക്കുവാൻ ഉദ്യമിച്ചു. നരസപ്പയ്യൻ ആ യുദ്ധത്തിലും വിജയിയായി. രണ്ടുരാജ്യങ്ങളും യോജിച്ചു മൈസൂർരാജ്യംജയിക്കണമെന്നു് ഉടമ്പടിചെയ്തു. മൈസൂർ രാജാവു കന്നിയമ്പാടിയിൽ ഒരണകെട്ടി നദിയിലെ ജലം തഞ്ചാവൂരിനും തൃശ്ശിനാപ്പള്ളിക്കും കടക്കാതെയാക്കിത്തീർത്തതാണ് ഈ വിധത്തിൽ ഒരു ഉടമ്പടിക്കുകാരണം. എന്നാൽ അതു കഴിഞ്ഞ ഉടൻ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ അണ തകര്‍ന്നുപോയതിനാൽ യദ്ധം ചെയ്യേണ്ട ആവശ്യംകൂടാതെതന്നെ സംഗതി ഒതുങ്ങി.


മങ്കമ്മാളുടെ പ്രസിദ്ധിക്കുള്ള പ്രധാനകാരണം ഈ വിജയങ്ങളല്ലെന്നു പറഞ്ഞുകൊള്ളട്ടെ. ഒരു ധര്‍മ്മിഷ്ഠയുടെ നിലയിലാണ് ജനങ്ങൾ ഇന്നും ആ പുണ്യവതിയെ സ്മരിക്കുന്നതു്. തന്റെ രാജ്യത്തിൽ എങ്ങും ആവശ്യംപോലെ സത്രങ്ങൾ സ്ഥാപിക്കുക, വഴിയമ്പലങ്ങൾ പണിയിക്കുക, കിണറുകൾ കുഴിപ്പിക്കുക, തണ്ണീർപ്പന്തലുകൾ ഏപ്പെടുത്തുക, ചാലവൃക്ഷങ്ങൾ നടുവിക്കുക, ഈമാതിരി പരോപകാരപ്രദങ്ങളായ സൽപ്രവൃത്തികളാണു് ആ മഹതി നിരന്തരമായി ചെയ്തുകൊണ്ടിരുന്നതു് . തഞ്ചാവൂരിനും കന്യാകുമാരിക്കുമിടയ്ക്കുള്ള പ്രദേശങ്ങളിൽ എവിടെ സഞ്ചരിച്ചാലും മങ്കമ്മാളുടെപാവനമായ നാമധേയത്തെ ഓര്‍മ്മിക്കാതെ നിവൃത്തിയില്ല. "ഇതു മങ്കമ്മാൾ വെട്ടിച്ച
 റോഡാണു് ; ഇതു് മങ്കമ്മാൾ നടുവിച്ച വൃക്ഷങ്ങളാണു്." എന്നും മറ്റും തദ്ദേശവാസികൾ അഭിമാനത്തോടും ആനന്ദത്തോടും കൂടി കാണിക്കുന്ന കാഴ്ചകൾ ആരേയും ആശ്ചര്യപരതന്ത്രന്മാരാക്കിത്തീര്‍ക്കുന്നു. നമ്മുടെ ചെങ്കോട്ടയ്ക്കു സമീപംകൂടി "മങ്കമ്മാൾ ചാല"യുണ്ടു്. വാരാണസിയിൽപോലും ആ മഹിളാമണി ഒരു വലിയ സത്രം സ്ഥാപിക്കുകയുണ്ടായി; അത് ഇന്നും ആ സാദ്ധ്വിയുടെ സ്മാരകസ്തംഭമായി പ്രശോഭിക്കുന്നു.


മങ്കമ്മാളുടെ മറ്റൊരു ഗുണം ലോകത്തിലെ സകലമതങ്ങളുടെനേര്‍ക്കുമുള്ള അനുകരണീയമായ സമഭാവനയായിരുന്നു. കൃസ്ത്യാനിമാര്‍ക്കു പല വിശേഷസഹായങ്ങളും ആ രാജ്ഞിയിൽനിന്നു ലഭിച്ചിട്ടുണ്ടു്. മെല്ലോ എന്ന പാതിരിയെ മറവന്മാർ ബന്ധനസ്ഥനാക്കി വധിക്കുവാൻ വട്ടംകൂട്ടിയപ്പോൾ അവരെ ആ നിഷ്ഠൂരകൃത്യത്തിൽനിന്നു വിരമിപ്പിച്ചതു മങ്കമ്മാളായിരുന്നു. ബോഷേ എന്ന മറ്റൊരു പാതിരി രാജ്ഞിക്കു ചില വിലപിടിച്ച സാമാനങ്ങൾ അടിയറവയ്ക്കുകയും അവയെ സ്വീകരിച്ചു രാജ്ഞി പാതിരിക്ക് ഒരു സാല്‌വ സമ്മാനിച്ചു അദ്ദേഹത്തെ ഒരു പല്ലക്കിൽകയറ്റി ബങ്കളാവിലേക്ക് അയയ്ക്കുകയും ചെയ്തു.


ക്രി. പി. ൧൭൦൨-ൽ സേതുപതി വീണ്ടും ലഹളയ്ക്ക് ഒരുങ്ങുകയും അതു് അമര്‍ച്ച ചെയ്യുന്നതിനായിപ്പോയ നരസപ്പയ്യൻ പോക്കളത്തിൽവച്ച പരേതനാകുകയുംചെയ്തു. ൧൭൦൫-ൽ വിജയരംഗചൊക്കനാഥൻ സിംഹാസനസ്ഥനായി. അതോടുകൂടി മങ്കമ്മാളുടെ ഭാഗ്യചന്ദ്രനും അസ്തമിച്ചു. വിജയരംഗൻ ഒരു ദുർബ്ബലനായ രാജാവായിരുന്നതിനാൽ ആ സൌകര്യമ നോക്കി മങ്കമ്മാളുടെ ചില ദുഷ്ടശത്രുക്കൾ ആ മഹതിയെ വധിക്കുന്നതിനു വട്ടംകൂട്ടി. നിരപരാധയായ രാജ്ഞിയുടെ മേൽ പല ദോഷങ്ങളും ആരോപിച്ചു. ആ സാദ്ധ്വിയെ ബന്ധനസ്ഥയാക്കി പട്ടിണിയിട്ടും പലപ്രകാരത്തിൽ കഷ്ടപ്പെടുത്തിയും വധിച്ചു് ആ മനുഷ്യരാക്ഷസർ ചരിതാര്‍ത്ഥരായി ജയഭേരി അടിച്ചു. അഹോ കലികാലവൈഭവം! അഹോ അചിന്ത്യമായ വിധിബലം! സത്തുക്കൾക്കു സംഭവിക്കുന്ന ആപത്താണല്ലോ സര്‍വോപരി ദാരുണമായി നാം പലപ്പോഴും കണ്ടുവരാറുള്ളത് !


ഒരു വിസ്മയനിയമായ സംഭവം ആയിടയ്ക്കുണ്ടായതും ഈ സന്ദർഭത്തിൽ വക്തവ്യമാണു്. മങ്കമ്മാളുടെ സമകാലികനായ മൈസൂർ മഹാരാജാവ് ഒരു വലിയ പിശുക്കനായിരുന്നു. 'അറുത്തകൈക്കുപ്പൊരുതരി തേയ്ക്കുകകൂടിയില്ലപോലും' എന്ന് ആ രാജാവിനെ സംബന്ധിച്ചിടത്തോളം അതിശയോക്തികൂടാതെ പറയാം. 'അര്‍ത്ഥാ ഗൃഹേ നിവർത്തന്തേ' എന്നുള്ള ആപ്തവാക്യത്തിന്റെ അര്‍ത്ഥം അദ്ദേഹം ഗ്രഹിച്ചിരുന്നതേയില്ല. അനവധി പണം അന്യായമായി ആജ്ജിച്ച് ഒടുവിൽ അതെല്ലാം വിട്ടുംവച്ച ആ രാജാവു പരേതനായി നരകത്തിലേക്കു പോയി അവിടെ പല യാതനകളും അനുഭവിച്ചുകൊണ്ടിരുന്നു. ആയിടയ്ക്ക് ഒരുദിവസം യമധർമ്മരാജാവിന്റെ രാജധാനി മുഴുവൻ ബഹുഭംഗിയായി അലങ്കരിക്കുന്നതും അവിടെ ആര്‍ക്കുകൾ, കുലവാഴകൾ, തോരണങ്ങൾ, കൊടിക്കൂറകൾ മുതലായവ കെട്ടിക്കുന്നതുംകണ്ട് അതെന്തിനാണു് എന്നു രാജാവു ചോദിക്കുകയും മഹാധർമ്മിഷ്ഠയും മഹാപുണ്യവതിയുമായ മങ്കമ്മാൾ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവഴിക്കു നരകം സന്ദര്‍ശിക്കുവാൻ വരുന്നതിനാൽ ആ ഒരുക്കങ്ങൾ ചെയ്തയാണെന്നു യമകിങ്കരന്മാർ മറുപടിപറകയുംചെയ്തു. ആ സന്ദഭത്തിൽ ഒരു യമദൂതൻ അബദ്ധത്തിൽ നരകത്തിലേക്കു കൊണ്ടുപോയി തിരിയേ വിടേണ്ടിവന്ന തന്റെ പ്രജാസഞ്ചയത്തിൽ ഒരുവനെ രാജാവിനു കാണ്മാൻ ഇടവരികയും അയാളോടു രാജാവു് ആ അത്ഭുതചരിത്രംമുഴുവൻ പറഞ്ഞു കേൾപ്പിച്ച് അന്നു മൈസൂർ രാജ്യഭാരം ചെയ്തുകൊണ്ടിരുന്ന തന്റെ പുത്രനും മങ്കമ്മാളെപ്പോലെ ധർമ്മിഷ്ഠനാകണമെന്നു ഉപദേശിക്കയുംചെയ്തു. ഒരു കോമരത്തിന്റെ വേഷത്തിൽ രാജപ്രണിധി പിതാവിന്റെ ഉപദേശം പുത്രനെ ധരിപ്പിച്ചു. ആദ്യം ആ സന്ദേശം പുത്രൻ വിശ്വസിച്ചില്ലെങ്കിലും ഉടൻതന്നെ മങ്കമ്മാൾ ഇഹലോകവാസം വെടിഞ്ഞതായുള്ള വര്‍ത്തമാനം അറിവാൻ ഇടവരികയാൽ അതിൽ എന്തോ സത്യമുണ്ടെന്നുതോന്നി പിതൃവാക്യത്തെ ശിരസാവഹിച്ചു മഹാദാതാവും പരമധാർമ്മികനുമായിത്തീര്‍ന്നു. ഇതിൽ അതീന്ദ്രിയജ്ഞാനസംബന്ധമായി വല്ലതുമുണ്ടോ അതോ മുഴുവൻ വെളിച്ചപ്പാടിന്റെ പൊടിക്കൈയോ എന്നു നിശ്ചയമില്ല. ഏതായാലും കാര്യം ഭംഗിയായി കലാശിക്കുകയും മൈസൂർ അന്നുമുതൽ കുറേക്കാലം ദാനത്തിനു കേൾവിപ്പെടുകയും ചെയ്തു.


ഭാരതഭൂമിയുള്ള കാലത്തോളം മങ്കമ്മാളുടെ പാവനമായ നാമധേയവും ഔജ്ജ്വല്യത്തോടുകൂടി പരിലസിക്കുന്നതാണ്. "കീര്‍ത്തിരേവ ഗരീയസി" സംശയമില്ല. ആ കീർത്തിക്കു സൂതിഗേഹം സൽക്കൃത്യമല്ലാതെ മറ്റെന്താണു്? ഒന്നുമില്ലതന്നെ.

 

1093 കന്നി ശാരദ