Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / രഘുനാഥനായ്ക്കനും രാമഭദ്രാംബയും ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

രഘുനാഥനായ്ക്കനും രാമഭദ്രാംബയും

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പുണ്യഭൂമിയായ നമ്മുടെ ഭാരതവര്‍ഷത്തിൽ ആദിമകാലം മുതല്ക്കുതന്നെ അനുഗ്രഹീതകളായ അനേകം കവയിത്രികൾ ജീവിച്ചിരുന്നിട്ടുള്ള വസ്തുത ഇപ്പോൾ എല്ലാവര്‍ക്കും ഏറെക്കുറെ അറിവുള്ളതാണല്ലോ. മദ്ധ്യകാലങ്ങളിൽ നമ്മുടെ രാജ്യത്തിനും മതത്തിനും അഭിമാനപ്രദമായി സമുല്ലസിച്ച വിജയനഗരസാമ്രാജ്യത്തിന്റെയം അതിന്റെ വിവിധശാഖോപശാഖകളുടേയും ആധിപത്യം ലഭിച്ച രാജവംശങ്ങളെ അവലംബിച്ചു സാഹിത്യസംഗീതകലാലതികകൾ പൂര്‍വ്വാധികം പുഷ്ടിയെ പ്രാപിക്കുകയുണ്ടായി. അന്നു സൌര്‍വണ്ണകുംഭങ്ങളാൽ ജലസേകം ചെയ്ത് അവയുടെ അഭിവൃദ്ധിയെ സഹായിച്ചു വിദുഷിമാർ പലരും ഉണ്ടു്. അവരിൽ മധുരാവിജയകർത്രിയായ ഗംഗാദേവിയേയും രാമായണനിര്‍മ്മ‌‌ാത്രിയായ മധുരവാണിയേയും പറ്റി ഏതാനം ചില വിവരങ്ങൾ 'ലക്ഷ്മീഭായി' മാസിക വായിക്കുന്ന കേരളീയര്‍ക്ക് കുറേക്കൊല്ലങ്ങൾക്കുമുമ്പ് ഗ്രഹിക്കുവാൻ ഇടവന്നിരിക്കണം. മധുരവാണി ക്രി. പി. പതിനാറും പതിനേഴും ശതവര്‍ഷങ്ങളിൽ ചോളദേശം ഭരിച്ചിരുന്ന നായകരാജവംശത്തിലെ നടുനായകമായ രാഘനാഥനായ്ക്കന്റെ പണ്ഡിതസദസ്സിനെ അലംകരിച്ചിരുന്നു. ആ സദസ്സിനു് ആഭരണമായി ശോഭിച്ചിരുന്ന മറ്റൊരു വിദുഷിയാണു് എന്റെ ഈ ഉപന്യാസത്തിനു വിഷയീഭൂതയായ രാമദഭ്രാംബ.


രഘുനാഥനായ്ക്കന്റെ പിതാവായ അച്യുതപ്പനായ്ക്കൻ തന്നെ പണ്ഡിതപക്ഷപാതിയായ ഒരു പ്രഭുസത്തമനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനമന്ത്രി. സുഗ്രഹീതനാമാവായ അപ്പയ്യദീക്ഷിതരുടെ സമകാലികനും പാരിജാതഹരണം, ഗജേന്ദ്രമോക്ഷം, ഹരിവംശസാരം, ശേഷചരിതം മുതലായ അനവധി സംസ്കൃതഗ്രന്ഥങ്ങളുടെ പ്രണേതാവുമായ ഗോവിന്ദദീക്ഷിതരായിരുന്നു എന്നുകൂടിപ്പറഞ്ഞാൽ നായകവംശത്തിന്റെ രാജധാനിയായ തഞ്ചാവൂരിൽ അക്കാലത്തു കവികൾക്കു സിദ്ധിച്ചിരുന്ന ആനുകൂല്യത്തിന്റ പാരമ്യം ആർക്കും ഊഹിക്കത്തക്കതാണല്ലോ.


"തസ്യാസൻ പ്രാക്തനാ ഏവ
സേനാമന്ത്ര്യനുജീവിനഃ
നവം യശോ നവഃ കോശോ
നവം രാജ്യം ച കേവലം"


എന്നു ഭഗീരഥനെപ്പറ്റി നീലകണ്ഠദീക്ഷിതർ ഗംഗാവതരണത്തിൽ വര്‍ണ്ണിക്കുന്നതിൽനിന്നും മറ്റും മുൻകാലങ്ങളിൽ ഹിന്ദുരാജാക്കന്മാർ കഴിവുള്ളിടത്തോളം പിതൃപിതാമഹന്മാരെ ഭക്തിപൂർവ്വം സേവിച്ചുവന്ന പരിണ

 

തപ്രജ്ഞന്മാരായ വയോവൃദ്ധന്മാരെയാണു് മന്ത്രിപദത്തിൽ വിനിവേശിപ്പിച്ചുവന്നതു് എന്നു കാണാവുന്നതാണ്. ആ ആചാരത്തെ രഘുനാഥനായ്ക്കനും അനുഷ്ഠിക്കുകയാൽ ഗോവിന്ദദീക്ഷിതർ തന്നെ അദ്ദേഹത്തിന്റേയും അമാത്യമുഖ്യനായിത്തീര്‍ന്നു. ക്രി. ചി ൧൬൧൬ മുതൽ ൧൬൫൦ വരെയുള്ള രഘുനാഥന്റെ രാജ്യഭാരകാലം സംഗീതത്തിനും സാഹിത്യത്തിനും ഒന്നുപോലെ സൌഹിത്യപ്രദമായ ഒരു സൌവര്‍ണ്ണകാലമായിരുന്നു. അതിനു തുല്യമായി അതിൽ പിന്നീട് കൊല്ലം ൧൦൨൨-ൽ നാടുനീങ്ങിയ ഗര്‍ഭശ്രീമാനായ സ്വാതിതിരുനാൾ കുലശേഖരപ്പെരുമാളുടെ രാജ്യഭാരകാലം ഒന്നുമാത്രമേ സാഹിത്യചരിത്രത്തിൽ സ്പഷ്ടീഭവിക്കുന്നുള്ളു. രഘുനാഥന്റെ ഗുരുഭൂതനായ കുമാരതാതാചാര്യർ അദ്ദേഹത്തിന്റെ പാരിജാതഹരണനാടകത്തിൽ,


"അനാരതസുവൃത്തസ്യ
ചതുഷ് ഷഷ്ടികലാനിധേധേഃ
രഘുനാഥവിദോരസ്യ
നിഷ്ക്കളങ്കസ്യ യോ ഗുരുഃ''


എന്ന പദ്യത്തിൽ പ്രകടമായി തന്റെ ശിഷ്യനേയും പ്രാസംഗികമായി തന്നേയും പ്രശംസിച്ചിരിക്കുന്നു. രഘുനാഥനായ്ക്കൻ സരസ്വതീദേവിയുടെ രണ്ടു സ്തനങ്ങളിൽനിന്നും ഒന്നുപോലെ സ്തന്യപാനം ചെയ്യുന്നതിനു വേണ്ട പൂര്‍വപുണ്യം സിദ്ധിച്ച ഒരു മഹാനുഭാവനായിരുന്നു. അദ്ദേഹം സംസ്കൃതഭാഷയിലും ആന്ധ്രഭാഷയിലും അനേകം ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചിട്ടുണ്ടു്. രാമായണം. പാരിജാതഹരണം, അച്യുതരായാഭ്യുദയം, നളചരിതം, രുക്മിണീകല്യാണം, ജാനകീകല്യാണം, ഗജേന്ദ്രമോക്ഷം, വാല്മീകിചരിത്രം ഇവ തെലുങ്കിലും, രാമായണസംഗ്രഹം, മഹാഭാരതസാരസംഗ്രഹം, സംഗീതസുധ, അഭിനയദര്‍പ്പണം, നാട്യദര്‍പ്പണം ഇവ സംസ്കൃതത്തിലും അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിൽ പ്രധാന്യത്തെ അര്‍ഹിക്കുന്നു. അവയിൽ പലതുകൊണ്ടും പ്രഥമസ്ഥാനത്തിൽ നില്ക്കുന്നതു് സംഗീതശാസ്ത്രതത്വങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന സംഗീതസുധതന്നെയാണു്.


"ജയന്തസേനാദിമരാഗരാമാ-
നന്ദാദിതാളാൻ രചയൻ നവീനാൻ
സംഗീതവിദ്യാം സമുപാദിശസ്ത്വം
വിപഞ്ചികാവാദവിചക്ഷണാനാം;


കിഞ്ച ത്വമഞ്ചദ ഭവദീയനാമ-
മേളാന്തരം സമ്പ്രതി കല്പയിത്വാ
മേളാന്തരേ തത്ര സമസ്തരാഗാൻ
പ്രകാശയോഗ്യാൻ സുലഭാൻ കരോഷി"


എന്നു സംഗീതസുധയിൽ കാണുന്നതിൽ നിന്ന് ആ രാജാവു 'ജയന്തസേന' മുതലായ രാഗങ്ങളും "രാമാനന്ദം" മുതലായ താളങ്ങളും കണ്ടു

 

പിടിക്കുകയും വീണാവാദനം പലരേയും പരിശീലിപ്പിക്കുകയും ചെയ്തതിനു പുറമേ ആത്മനാമാങ്കിതവും ഏതു രാഗത്തിനും പറ്റിയതുമായ ഒരു നൂതനമേളാന്തരത്തിനുകൂടി ഉപപജ്ഞാതാവായതായി വിശദമാകുന്നതാണു്. താൻ ഒൻപതുവയസ്സുള്ള ഒരു വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ അച്യുതനായ്ക്കൻ ഒരിക്കൽ അദ്ദേഹത്തോടു ശ്രീകൃഷ്ണപരമായ ഏതെങ്കിലും ഒരു കാവ്യം നിര്‍മ്മിക്കണമെന്നു കല്പിക്കുകയും അദ്ദേഹം ഉടൻതന്നെ രണ്ടുയാമത്തിനുള്ളിൽ ആന്ധ്രപാരിജാതഹരണമെഴുതി അച്ഛനു സമര്‍പ്പിച്ചു രത്നാഭിഷിക്തനായിത്തീരുകയും ചെയ്തതായി ഗോവിന്ദദീക്ഷിതരുടെ സീമന്തപുത്രനും അക്കാലത്തെ ഒരു പണ്ഡിതസാര്‍വഭൌമനുമായ യജ്ഞനാരായണദീക്ഷിതർ തന്റെ സാഹിത്യാത്നാകരം എന്ന രഘുനാഥപ്രശസ്തിപരമായ മഹാകാവ്യത്തിൽ പ്രസ്താവിച്ചിരിക്കുന്നു. യജ്ഞനാരായണദീക്ഷിതർ ആ ഗ്രന്ഥത്തിൽ തന്നെ വീണ്ടും രഘനാഥനായ്ക്കനെ


"അസ്യാച്യതാഭ്യുദയപൂര്‍വശതപ്രബന്ധകര്‍ത്തുഃ"


എന്നു യൌവരാജ്യത്തിൽ തന്നെ നൂറു പ്രബന്ധങ്ങളുടെ കര്‍ത്താവാക്കി പുകഴ്ത്തുന്നതോടുകൂടി താൻ ആ രാജാവിന്റെ ശിഷ്യനായിരുന്നുവെന്നും തന്റെ ഗുരു തന്നിൽനിന്നു യാതൊരു ദക്ഷിണയും സ്വീകരിക്കാതെ തന്നെ രത്നാഭരണങ്ങളാൽ അലങ്കരിച്ചു സന്തുഷ്ടനായി എന്നും വര്‍ണ്ണിച്ചിരിക്കുന്നു. തന്റെ സ്വാമിയുടെ സംഗീതസുധയെ അനുകരിച്ചു ഗോവിന്ദദീക്ഷിതർ "സാഹിത്യസുധ" എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ട്. അതിൽ രഘുനാഥകവിയെപറ്റി അദ്ദേഹത്തിന്റെ മന്ത്രിസത്തമന്‍:-


"തത്രേന്ദിരാമന്ദിരനാമധേയേ
സഭാവിശേഷേ സഹ മന്ത്രിവർഗ്ഗൈഃ
കവിപ്രകാണ്ഡൈരപി കാളിദാസ
മയൂരസൌമില്ലമുരാരിദേശ്യൈഃ


കര്‍ണ്ണാടകാഡ്റദ്രമിളപ്രബന്ധ-
നിര്‍മ്മാണവിദ്യാനിപുണൈശ്ച കൈശ്ചിൽ
വാഗ്ഗേയകാരപ്രമുഖൈരനേകൈ-
വിചിത്രഗീതാദികലാപ്രവിണൈഃ


ആസ്തേധിഭദ്രാസനമച്ചുതേന്ദ്ര-
തനൂഭവഃ ശ്രീഘനാഥഭൂപഃ"


എന്നു വര്‍ണ്ണിച്ചിരിക്കുന്നതിൽനിന്നു് അവിടത്തെ വിദ്വൽസദസ്സിന്റെ വ്യാപ്തിയും വൈശിഷ്ട്യവും വായനക്കാര്‍ക്കു് എറെക്കുറെ വ്യക്തമാകുന്നതാണു്. ഇന്ദിരാമന്ദിരം എന്നു കവി നിർദ്ദേശിക്കുന്ന ആ സദസ്സിന്റെ നാമധേയം ലക്ഷ്മീവിലാസം എന്നായിരുന്നു. ആ സദസ്സിൽവച്ച് ഒരവസത്തിൽ രഘുനാഥൻ ഗോവിന്ദദീക്ഷിതര്‍ക്ക് അദ്ദേഹത്തിന്റെ വാഗ്വിലാസത്തെ അഭിനന്ദിച്ചു് അര്‍ദ്ധാസനം നല്കിയതായും സാഹിത്യരത്നാകരത്തിനു പുറമേ ആത്മപ്രശസ്തിദ്യോതകങ്ങളായ രഘുനാഥഭൂപവിജയകാവ്യം, രഘുനാഥവിലാസ

 

നാടകം ഈ ഗ്രന്ഥങ്ങൾ നിർമ്മിച്ച യജ്ഞനാരായണദീക്ഷിതര്‍ക്കു് തന്റെ കടുക്കനും പതക്കവും കങ്കണവും പാദാങ്ഗദവം ഒന്നിച്ചു സമ്മാനിച്ചതായും അക്കാലത്തെ സാഹിത്യചരിത്രത്തിൽനിന്നു വെളിവാകുന്നു. യഡ്ഞനാരായണദീക്ഷിതരുടെ കനിഷ്ഠസഹോദരനായ വേങ്കടേശ്വരദീക്ഷിതരും ഒരു മഹാവിദ്വാനും മഹാഗായകനും വാര്‍ത്തികാഭരണം (മീമാംസ) ചതുർദ്ദണ്ഡിപ്രകാശിക (സംഗീതം) ഇത്യാദി വിവിധശാസ്ത്രഗ്രന്ഥങ്ങളുടെ പ്രണേതാവുമായിരുന്നു. മഹാകവി നീലകണ്ഠദീക്ഷിതർ തന്റെ ഗുരുഭൂതനായ ആ മഹാത്മാവിനെ ഗംഗാവതരണത്തിൽ


"വാര്‍ത്തികാഭരണഗ്രന്ഥ-
നിര്‍മ്മാണവ്യക്തതനൈുണൈഃ
ശ്രീവേങ്കടേശ്വരമഖീ
ശിഷ്യേ മയ്യനുകമ്പതേ''


എന്ന പദ്യത്തിൽ സ്മരിച്ചിട്ടുണ്ട്. സപ്രസിദ്ധനായ രത്നഖേടദീക്ഷിതരുടെ പുത്രനും ശങ്കരാഭ്യുദയം, രുക്‌മിണീപരിണയം, കംസവധം, രത്നഖേടവിജയം, ആനന്ദരാഘവവിജയം. മുതലായ അനവധി കാവ്യങ്ങളുടെ നിര്‍മ്മാതാവുമായ രാജചുഡാമണിദീക്ഷിതരും രഘുനാഥനായ്ക്കന്റെ ഒരു സദസ്യരത്നമായിരുന്നു. ആ മഹാകവിയും തന്റെ സ്വാമിയുടെ അപദാനങ്ങളെ വര്‍ണ്ണിച്ചു രഘുനാഥവിലാസം എന്നൊരു കാവ്യം നിർമ്മിച്ചിട്ടുണ്ടു്. രഘുനാഥന്റെ പുത്രനും തഞ്ജാപുരത്തിന്റെ അനന്തരാധിപതിയുമായ വിജയരാഘവനായ്ക്കനും ഒരു വിശിഷ്ടകവിയായിരുന്നു. അദ്ദേഹവും രഘനാഥാഭ്യുദയം എന്നൊരു കാവ്യം പിതൃപ്രശസ്തിപ്രകാശകമായി ആന്ധ്രഭാഷയിൽ രചിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ അക്കാലത്തെ ആന്ധ്രഭാഷാകവികളുടെ ഇടയിൽ പ്രാഥമ്യം വഹിച്ചിരുന്ന പുണ്യശ്ലോകനും വിജയവിലാസം, സാരംഗധരചരിത്രം ഈ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ വേങ്കടപതി, നൈഷധപാരിജാതീയം, രാഗചിന്താമണി (സംഗീതം) മുതലായ അനേകം പ്രബന്ധങ്ങളുടെ നിർമ്മാതാവായ കൃഷ്ണാദ്ധ്വരി, ശൂരണ്ണാ മുതലായ അനവധി പണ്ഡിതകേസരികളും ആ രാജസദസ്സിനെ അലങ്കരിച്ചിരുന്നു. വിജയവിലാസം രഘുനാഥന്റെ ദ്വിഗ്വിജയത്തെ കീര്‍ത്തനംചെയ്യുന്ന ഒരു അത്യുജ്ജ്വലമായ ആന്ധ്രമഹാകാവ്യമാണു്.


ഇപ്രകാരമുള്ള ഒരു മഹാസദസ്സിന്റെ ദീപ്തിയെ തങ്ങളുടെ വാഗ്വൈഭവത്താൽ പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചുകൊണ്ട് അടനകം കവയിത്രികളം രഘുനാഥനായ്ക്കനെ ആശ്രയിച്ച് ഉപജീവിച്ചുവന്നിരുന്നു. മധുരവാണി തന്റെ രാമായണസാരമെന്ന സംസ്കൃതമഹാകാവ്യം രഘുനാഥന്റെ ആജ്ഞാനുസാരം അദ്ദേഹത്തിന്റെ ആന്ധ്രരാമായണത്തിന്റെ ഏകദേശപരിഭാഷയായി നിര്‍മ്മിച്ചതാണു്. അതിൽ:-


"വിപഞ്ചികായാം ചതുരാഃ പ്രഗല്ഭാഃ
ശാസ്ത്രേതിദക്ഷാഃ സരസപ്രബന്ധേ
സമീപമേതസയ സമേത്യ കേപി
സുഭ്രുജനാഃ സ്വസ്വകലാ  വ്യവൃണ്വന്‍


സര്‍വോത്തരസ്വാദിമസംസ്കൃതാന്ധ്ര-
പ്രബന്ധനിർമ്മാണപചേളിമാനി
യശാംസി ഭൂയാംസ്യവതാരയന്ത്യ-
സ്സഹസ്രശസ്സന്തി സരോജനേത്രാഃ"


എന്നും ആ വിദുഷി പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു വീണാവാദനത്തിലെന്നപോലെ ശാസ്ത്രവ്യവഹാരത്തിലും ഉദയസാഹിത്യനിബന്ധനത്തിലും ആ സദസ്സിൽ സ്ത്രീകൾക്കുള്ള സ്ഥാനം പുരുഷന്മാരുടേതിൽനിന്നു് ഒട്ടും തന്നെ അപകൃഷ്ടമല്ലായിരുന്നു എന്നു നമുക്കു് അനുമാനിക്കാം. മധുരവാണിതന്നെപ്പറ്റി:-


"ചാതുര്യമേതി കവിതാസു ചതുര്‍വിധാസു;
വീണാകലാപ്രകടന്നേ ഭവത പ്രവീണാ;
പ്രജ്ഞാമിയം നിപുണമഞ്ചതി പാണിനിയേ,
മേധാം വ്യനക്തി ബഹുധാ വിവിധാവധാനേ,”


എന്നും


"വീണാവാദകലാവിനോദസമയേ
ധൃത്വാ സമസ്യാശതം
സദ്യസ്സംസദി സാധു പൂരയതി യാ
ദത്താ കവീന്ദ്രൈസ്തയാ"


എന്നും


"ഖ്യാതശ്രീരഘുനാഥനായകദയാ-
ധാരാനുവാരോന്മിഷ-
ദ്വീണാവാദനസംസ്കൃതാന്ധ്രകവിതാ-
സാമ്രാജ്യലക്ഷ്മീജുഷാ"


എന്നും പ്രശംസിച്ചിട്ടുള്ളതിൽ അതിശയോക്തിസ്പര്‍ശമില്ലെന്ന് ആ സ്ത്രീരത്നത്തിന്റെ അമൃതനിഷ്യന്ദികളായ പദ്യങ്ങൾ ഓരോന്നും അഹമഹമികയാ ഘോഷിക്കുന്നുണ്ട്. ആ സദസ്സിലെ മറ്റൊരു വിദുഷിയായ രാമഭദ്രാംബയെപ്പറ്റി വഴിയേ പ്രസ്താവിച്ചുകൊള്ളാം. ഇവർ രണ്ടുപേര്‍ക്കും പുറമേ രഘനാഥാഭ്യുദയം എന്ന യക്ഷഗാനം നിർമ്മിച്ച രംഗാജി, അംബുജവല്ലി, കലാവതി, മദനരേഖ, കളഭാഷിണി മുതലായി അനേകം ആന്ധ്രഭാഷാകവയിത്രികൾ രഘുനാഥന്റെ സഭാലങ്കാരങ്ങളായിരുന്നതായറിവുണ്ടു്. രൂപവതി, ശശിരേഖ മുതലായ അനേകം നര്‍ത്തകികളേയും ആ രാജാവ് പരിപാലിച്ചുവന്നതായി വിജയരാഘവനാക്കന്റെ രഘുനാഥാഭ്യുദയത്തിൽനിന്നു വിശദമാകുന്നു.


രാമഭദ്രാംബയുടെ ഒരു സംസ് കൃതകാവ്യം മാത്രമേ ഇതുവരേയായി കണ്ടുകിട്ടിട്ടുള്ളു. സ്വസ്വാമിശ്ലാഘാപരമായ ആ കാവ്യത്തിന്റെ പേർ രഘുനാഥാഭ്യുദയമെന്നാണു്. ഗ്രന്ഥസമാപ്തിയിൽ "ശ്രീരാമഭദ്രകരുണാ കടാക്ഷലബ്ധസാരസ്വതവർദ്ധമാന ശതലേഖിനീസമയ ലേഖിന്യഷ്ടഭാഷാകല്പിത ചതുര്‍വ്വിധകവിതാനു പ്രാണിതസാഹിത്യസാമ്രാജ്യപദ പീഠാരൂഢ രാമഭദ്രാംബാവിരചിതേ" എന്നെഴുതിയിരിക്കുന്നതിൽനിന്നു് ആ സ്ത്രീരത്നം തനിക്കു ശ്രീരാമാ ഭഗവാൻറെ കരുണാകടാക്ഷത്താലാണു് വൈദുഷ്യം സിദ്ധിച്ചതെന്നും താൻ ശതലേഖിനി, സമയലേഖിനി മുതലായ കലകളിൽ നൈപുണ്യം സമ്പാദിച്ചിരുന്നുവെന്നും തനിക്കു സംസ്കൃതത്തിലും ആറു പ്രാകൃതഭാഷകളിലും തെലുങ്കിലും നാലുവിധത്തിലും [ചിത്രബന്ധഗര്‍ഭാശുസമ്പ്രദായങ്ങളിൽ] കവനം ചെയ്യുവാൻ പാടവമുണ്ടായിരുന്നു എന്നും രഘുനാഥനായ്ക്കൻ തന്നെ സാഹിത്യസാമ്രാജ്യപദപീഠത്തിൽ ആരോഹണം ചെയ്യിച്ചു എന്നും ശ്ലാഘിച്ചിരിക്കുന്നതായിക്കാണാം.


രാമഭദ്രാംബയുടെ രഘുനാഥാഭ്യുദയം പന്ത്രണ്ടു സർഗ്ഗങ്ങളിലുള്ള ഒരു വിശിഷ്ടമഹാകാവ്യമാണു്. രഘുനാഥൻ ശാസ്ത്രത്തിലെന്നപോലെ ശസ്ത്രത്തിലും അദ്വിതീയമായ പ്രാവീണ്യം സമ്പാദിച്ചിരുന്നു.


"ത്രിനാമാദ്യന്തനാമാനൌ
മഹീക്ഷിദ്ദീക്ഷിതാവുഭൌ
ശസ്രേ ശാസ്ത്രേ ച നിപുണാ-
വാഹവേഷ ഹവേഷച"


എന്നൊരു പദ്യം അച്യുതനായ്ക്കനേയും ഗോവിന്ദദീക്ഷിതരേയും പറ്റി പ്രസിദ്ധമായുണ്ട്. അവർ യഥാക്രമം മഹാവിഷ്ണുവിന്റെ അച്യുതാനന്തഗോവിന്ദരൂപമായ നാമത്രയത്തിലെ ആദ്യന്തനാമാക്കളാണല്ലൊ. ഊര്‍ജ്ജസ്വലനായ നാഥൻ വിജയനഗരസമ്രാട്ടായ വേങ്കടദേവരായരുടെ അപേക്ഷയനുസരിച്ചു ബിജപ്പൂർ, ഗോൽക്കൊണ്ഡാ ഈ രാജ്യങ്ങളിലെ സുൽത്താന്മാരെയും ജിൻജിയിലെ കൃഷ്ണപ്പനായ്ക്കൻ, ചോളഗരാജാവ്, ജഗ്ഗരായർ, ജാപ്പാണത്തെപ്പറങ്കികൾ മുതലായ ശത്രുക്കളേയും ജയിച്ചു് അഖണ്ഡമണ്ഡലാധിപതിയായി രാജ്യഭാരം ചെയ്തു. ഈ ദിഗ്വിജയങ്ങളേയും സമരസംരംഭങ്ങളേയും രാമദദ്രാംബ രഘുനാഥഭ്യുദയത്തിൽ ഹൃദയംഗമമായി വര്‍ണ്ണിച്ചിട്ടുണ്ട്. തന്റെ സ്വാമിയുടെ അപദാനങ്ങൾ ഉള്ളപ്പോൾ പ്രാക്തനങ്ങളായ വിഷയങ്ങളെ കാവ്യനിർമ്മാണാവസരത്തിൽ എന്തിനായി സ്മരിക്കുന്നു എന്നുള്ള ചോദ്യത്തോടുകൂടിയാണു് കാവ്യത്തിന്റെ ആരംഭം.


"രസപ്രധാനാന്‍ രഘുനാഥനേതുഃ
പ്രബന്ധഭേദാൻ മമ ഭാവയന്ത്യാഃ
പ്രാങ്നിർമ്മിതാനേകകവിപ്രബന്ധ-
പ്രസ്താവനായ പ്രഭവേന്മതിഃ കിം?''


രണ്ടാം സര്‍ഗ്ഗത്തില്‍ രഘുനാഥന്റെ വൈദുഷ്യധോരണിയെ നമ്മുടെ കവയിത്രി ഏതുവിധത്തിൽ വര്‍ണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.


"പുരാന്തഹരിണാക്ഷണാനാം
ത്രിഹായണീനാമപി ദീപ്യമാനാൻ
വിലോക്യ വിദ്യാവിഭവാനജസ്രം
വശംവദാം യസ്യ വദന്തി വാണീം.'’


മൂന്നുവയസ്സിൽതന്നെ അദ്ദേഹത്തിന്റെ അന്തപുരത്തിലുള്ള പെൺകുട്ടികൾ വിദുഷികളായിത്തീർന്നിരുന്നുവത്രേ.


ഒൻപതാം സർഗ്ഗത്തിൽ രഘുനാഥൻ താൻ ആരുടെ പാവനമായ നാമധേയത്തെ ധരിച്ചുവോ ആ രഘുനാഥസ്വാമിയെപ്പോലെ സമുദ്രത്തിൽ അണകെട്ടി ജാപ്പാണത്തേക്കു കടന്ന് അവിടെ ബലാൽക്കാരം ചെയ്തുകൊണ്ടിരുന്ന പോര്‍ട്ടുഗീസുകാരെ തോല്പിച്ച് അവിടത്തെ രാജാവിനെ വിഭീഷണനെ എന്നപോലെ രാജ്യാഭിഷേകംചെയ്യിക്കുന്ന ഭാഗം വളരെ മനോഹരമായിരിക്കുന്നു.


"വിനാ പ്രയത്നം വിമതാൻ ജിഗീഷുര്‍-
ന്മഹീപതിസ്തത്ര മഹാംബുരാശൌ
തരീഭിരേതത്തരണായ തൂര്‍ണ്ണ-
മകല്പയൽ സേതുമനന്യസാദ്ധ്യം.


അയോമയാഭിര്‍ന്നളികാവലീഭി-
രപാംഗകോണൈരപി രോഷശോണൈഃ
അവാകിരന്നഗ്നികണാൻ വിപക്ഷാ
ഭൂപാലസൈന്യേഷു പുരഋസ്ഥിതേഷു


പരംഗിയോധപ്രഹിതൈഃ ക്ഷുരപ്രൈ-
വിഭോരഭൂന്നൈവ ചമൂര്‍ന്നിരസ്താ;
പരാഗജാതം കിമു പത്മജാതം
പ്രഗല്ഭത ശോഷവിധൗ പയോധേഃ


ഉദസ്തനാനായുധമുൽപതാക-
മഭിദ്രവന്തീമവനീശസേനാം
ആലോകിതും സ്ഥാതുമശക്നുവന്തോ
ഭയാൽ പലായന്ത പരംഗിവംശ്യാഃ''


പോര്‍ട്ടുഗീസുകാരുടെ വെടികളെ രഘുനാഥന്റെ സേന ലവലേശം ഭയപ്പെട്ടില്ല. താമരപ്പൂക്കളുടെ പൊടിയുണ്ടോ കടലിലേ വെള്ളം വറ്റിക്കുവാൻ മതിയാകുന്നു? ഒടുവിൽ പറങ്കികൾ വഞ്ചികളാൽതീര്‍ത്ത അണകടന്ന് അനവധി ആയുധങ്ങളോടുകൂടി കൊടിയുമുയത്തിപ്പിടിച്ചു് ആക്രമണത്തിനായി വന്ന ആ സൈന്യത്തെ ഭയപ്പെട്ട് ഓടിപ്പോകുകയാണു ചെയ്തത്. രാമഭദ്രാംബയുടെ ഉപജാതിക്കുള്ള പ്രസാദവും പ്രൌഢിയും മേലുദ്ധരിച്ച പദ്യങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ.


പതിനൊന്നാംസഗ്ഗത്തിൽനിന്നു ആ രാജധാനിയിലെ വിദുഷികളുടെ ലളിതകലാപാടവത്തെ വര്‍ണ്ണിക്കുന്ന ഏതാനും പദ്യങ്ങൾകൂടി ഉദ്ധരിച്ചു കൊള്ളട്ടെ.


"തതസ്സ് താസാം ധരണീപുരന്ദര-
ശ്ചതുര്‍വിധോദ്ദാമകവിത്വചാതുരിം:
അശേഷഭാഷാനുഗുണപ്രപഞ്ചിത-
പ്രബന്ധസന്ദര്‍ഭവിശേഷപാടവം:


സമപ്രധാനം ശതരേഖിനീസമ-
പ്രകൢപ്തനാനാവിധപദ്യപൂരണം;
സലീലയായൽഘടികാശതോചിത-
ക്രമാഷ്ട്രഭാഷാകവിതാവിജൃംഭണം:


കവിപ്രണീതാഖിലകാവ്യനാടക-
പ്രബന്ധതത്വപ്രതിപാദനക്രമം:
കര്‍ണ്ണാടദേശാദിമകല്പിതശ്രുത-
പ്രഗല്ഭഗൂഢാര്‍ത്ഥവിവാദപാടവം;


സുധാരസസ്യന്ദിസുഗീതിചാതുരി-
പ്രവീണവീണാപ്രതിമാനവാദനം."


ഇപ്രകാരം സംഗീതസാഹിത്യങ്ങളിൽ പ്രാഗല്ഭ്യം പ്രദര്‍ശിപ്പിച്ച വിദുഷികളെ രാജാവു പരീക്ഷിച്ചു കനകാഭിഷിക്തകളാക്കി തീര്‍ത്തതായി രാമഭദ്രാംബ വര്‍ണ്ണിച്ചിരിക്കുന്നു.


പന്ത്രണ്ടാംസർഗ്ഗത്തിൽ ഏതാനും നര്‍ത്തകിമാരുടെ നടനപാടവത്തെ സരസമായി വര്‍ണ്ണിച്ചിരിക്കുന്നതു നോക്കുക.


"ജയമംഗലസിംഹലോലലീലാ-
ജയനിസ്സാരണസച്ചരിത്രഭിന്നൈഃ
രതിലീലതുരംഗലീലരംഗാ-
ഭരണാനംഗപുരിക്രമാദിതാളൈഃ


അഭിനന്ദനനന്ദനന്ദനാദ്യൈ-
രഭിമാലാദിഭിരന്യകൈശ്ച താളൈഃ
രഘുനാഥവിലാസമുഖ്യലാസ്യാ-
ന്യബലാകാചിദകല്പയൽ സലീലം''


എല്ലാംകൊണ്ടും സാമുദ്രാംബയുടെ രഘുനാഥാഭ്യുദയം ചരിത്രപ്രധാനവും സാഹിത്യപ്രധാനവുമായ ഒരു മഹാകാവ്യമാണെന്നുള്ളതിനു സംശയമില്ല. ഈ കവയിത്രിയും


“കഞ്ജാതസൂതിപ്രമദാംഘ്രിഭൂഷാ-
ശിഞ്ജാരവോദാരവചാസ്സരാജാ
പുഞ്ജാനമൂല്യാൻ ദധതീം മണിനാം
തഞ്ജാപുരീം ശാസ്ത്രി തരംഗിതൌജാഃ”


ഇത്യാദി പദ്യതല്ലജങ്ങൾ അടങ്ങിയ രാമായണസാരമഹാകാവ്യത്തിന്റെ നിർമ്മാത്രിയായ മധുരവാണിയും രാജചൂഡാമണിദീക്ഷിതരുടെയും യജ്ഞനാരായണദീക്ഷിതരുടെയും കിടയിൽനിന്നുകൊണ്ടു രഘുനാഥനായ്ക്കന്റെ വിദ്വൽസദസ്സിനെ അലങ്കരിച്ചതിൽ ആശ്ചര്യപ്പെടുവാനില്ല. ഏതുകാലത്തും ഈമാതിരി ഭോജരാജാക്കന്മാർ മാത്രം ലോകത്തിൽ ഉണ്ടാകുമെങ്കിൽ അവരുടെ ശ്ലാഘയെ വേണ്ടപോലെ അര്‍ഹിക്കുന്ന കവികളും കവയിത്രികളും ഉണ്ടാകാതെയിരിക്കുകയില്ല. അന്നും എന്നും രാജഗൃഹംതന്നെയാണ് ലളിതകലകൾക്കു് അഭയസ്ഥാനം.


രഘുനാഥനായ്ക്കന്റെ കാലംകഴിഞ്ഞ് ഒരു പന്തീരാണ്ടേക്കുകൂടിയേ തഞ്ചാവൂരിലെ നായ്ക്കവംശം നിലനിന്നുള്ളു. വിജയരാഘവന്റെ അതിസുന്ദരിയായ ഏകപുത്രിയെ പാണിഗ്രഹണം ചെയ്യുവാൻ മധുരാധിപതിയായ ചോക്കനാഥനായ്ക്കൻ ആഗ്രഹിച്ചതും ജാതിവിചാരംനിമിത്തം വിജയരാഘവൻ ചോക്കനാഥന്റെ അപേക്ഷയെ തിരസ്കരിച്ചതും തന്നിമിത്തം ചോക്കനാഥൻ തഞ്ചാവൂരിനെ ആക്രമിച്ചതും പുരാതനരാജപുത്രവീരന്മാരുടെ മാതിരിയിൽ വിജയരാഘവൻ തന്റെ അന്തഃപുരത്തെ ആബാലവൃദ്ധം അരനിമിഷത്തിൽ അഗ്നിക്കിരയാക്കി പടവെട്ടിമരിച്ചു വിജയിയായ തന്റെ ശത്രുവിനെ ഭഗ്നാശയനാക്കിയതുംമറ്റും അപ്രകൃതമാകയാൽ ഇവിടെ സ്മരണീയമല്ല. അങ്ങനെ ആ പണ്ഡിതപാരിജാതമായ നായകവംശം അസ്തമിച്ചുവെങ്കിലും ജയമത്തനായ പ്രതിപക്ഷിക്കു് ചോളരാജ്യം അധികകാലത്തേക്കു ഭരിക്കുവാൻ സാധിച്ചില്ല. വിജയരാഘവന്റെ അനന്തരാവകാശിയായ ചെങ്കുമലനായ്കൻ ബിജപ്പുരിലെ സുൽത്താനെ അഭയംപ്രാപിക്കുവാനും അദ്ദേഹത്തിന്റെ പ്രതിപുരുഷനായി നിയോഗിക്കപ്പെട്ട സാക്ഷാൽ ശിവാജിച്ഛത്രപതിയുടെ സഹോദരൻ ഏകോജി മധുരാധിപതിയെ തഞ്ചാവൂരിൽനിന്നു് ആട്ടിപ്പായിച്ച് അവിടെ ഒരു സ്വതന്ത്രഹൈന്ദവസിഹാസനം സ്ഥാപിക്കുവാനും ഏറെത്താമസം വേണ്ടിവന്നില്ല. ആ ഭോസലരാജവംശത്തിലെ അമൂല്യമൌക്തികവും ഏകോജിയുടെ സീമന്തപുത്രനുമായ ശാഹജിമഹാരാജാവിന്റെ രാജ്യഭാരകാലം സംഗീതസാഹിത്യങ്ങൾക്ക് ഒരു ദ്വിതീയസൌവര്‍ണ്ണകാലമായിത്തന്നു. അന്നത്തെ മന്ത്രിമാരായിരുന്ന ഗംഗാധരാധ്വരി, അദ്ദേഹത്തിന്റെ പുത്രന്മാരായ ത്യംബകരായർ, ആനന്ദരായർ, ഈ പണ്ഡിതസത്തമന്മാരുടെ ആനുകൂല്യത്താലാണ് മഹാകവി രാമഭദ്രദീക്ഷിതര്‍ക്കും മറ്റും നിർബാധമായും നിരന്തരമായും കാവ്യനിർമ്മാണം ചെയ്യാൻ സാധിച്ചത്. ആ കഥയും ഈ ഉപന്യാസത്തിനു ബാഹ്യമാകയാൽ ഇത്തരത്തിലൊന്നു സുചിപ്പിക്കുവാനേ നിവൃത്തിയുളള.


രാമഭഗ്രാംബയെ വിസ്മൃതിഗര്‍ത്തത്തിൽനിന്നു ചരിത്രപണ്ഡിതന്മാർ ഉദ്ധരിച്ചു നാലുകൊല്ലമേ കഴിയുന്നുള്ളു. ഈ കാവ്യകലാകുശലയുടെ യശസ്സു സാഹിത്യലോകത്തിൽ ശാശ്വതമായി സമുല്ലസിക്കുമാറാകട്ടെ.


(മഹിള)