പാവനമായ ഈ ആര്‍ഷഭൂമിയിൽ നിരർഗ്ഗളമായ വിജ്ഞാനത്തിനും നിരതിശയമായ ആനന്ദത്തിനും പ്രയോജകീഭവിക്കുന്ന ഗ്രന്ഥതല്ലജങ്ങള്‍ ലോകാനുജിഘൃക്ഷുക്കളായ നമ്മുടെ പൂർവ്വന്മാർ പരസ്സഹസ്രം നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയിൽ അഞ്ചാമത്തെ വേദം എന്നു പ്രസിദ്ധമായ ശ്രീമഹാഭാരതത്തിനുള്ള നിലയും വിലയും ഒന്നു വേറേതന്നെയാണു് .
"ധർമ്മേ ചാർത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ!
യദിഹാസ്തി തദന്യത്ര; യന്നേഹാസ്തി ന തൽ ക്വചിൽ"
എന്നു് ഈ മഹാഗ്രന്ഥത്തിന്റെ ഉപക്രമത്തിൽ പൂജ്യപാദനായ വ്യാസഭഗവാൻ വിജ്ഞാപനം ചെയ്യുന്നതു കേവലം ഭൂതാര്‍ത്ഥമാണെന്നു് ഏതു സഹൃദയനാണു് ധരിക്കുവാൻ കഴിയാത്തതു്!
"ദന്തോലൂഖലിഭിഃ ശിലോഞ്ഛിഭിരിദം
കന്ദാശനൈഃ ഫേനപൈഃ
പര്‍ണ്ണപ്രാശനിഭിര്‍മ്മിതാംബുകബളൈഃ
കാലേ ച പക്വാശിഭിഃ
നീവാരപ്രസൃതിംപചൈശ്ച മുനിഭിഃ-
ര്യദ്വാ ത്രയീദ്ധ്യായിഭിഃ
സോദ്യം ഭവ്യമനോഭിരര്‍ത്ഥപതിഭി-
സ്തദ്വൈ മഹാഭാരതം."
എന്നുംമറ്റും രാജശേഖരാദിമഹാകവികൾ ഈ ഇതിഹാസരത്നത്തിന്റെ മഹിമയെ പലേ പ്രകാരത്തിൽ പ്രശംസിച്ചിട്ടുണ്ട്. മഹാഭാരതം ഒരാവൃത്തി വായിക്കുവാൻ സാധിക്കാത്തവന്റെ മനുഷ്യജന്മം വന്ധ്യമെന്നുതന്നെ പറയാം.
അഗാധമായ ഈ അമൃതകൂപത്തിനു് അനന്തരകാലങ്ങളിൽ അനേകം ഗ്രന്ഥങ്ങൾ നിപാനരീതിയിൽ ആവിര്‍ഭവിച്ചിട്ടുണ്ടു് അവയിൽ ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി, അനന്തകവിയുടെ ഭാരതചമ്പു, പ്രസ്തൂയമാനമായ അഗസ്ത്യഭട്ടന്റെ ബാലഭാരതം ഈ മൂന്നു സാഹിത്യമണികളും സചേതസ്സുകളുടെ ശ്ലാഘയും സര്‍വോപരി പാത്രീഭവിക്കുന്നു. ക്ഷേമേന്ദ്രൻ ക്രി. പി. പതിനൊന്നാംശതകത്തിൽ ഭോജരാജാവിന്റെ സമകാലികനായി കാശ്മീരത്തിൽ ജീവിച്ചിരുന്നു. അനന്തകവി ക്രി. പി. പതിനാറാം ശതകത്തിൽ അയ്യപ്പദീക്ഷിതരുടെ സമകാലികനായി ചോളദേശത്തെ അലങ്കരിച്ചിരുന്നു. അഗസ്ത്യഭട്ടൻ ഒരു ആന്ധ്രമഹാകവിയും അദ്ദേഹം ജീവിച്ചിരുന്നതു ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലുമാണെന്നു സദ്ഗുരുമാസിക മൂന്നാംപുസ്തകം പത്താം ലക്കത്തിൽ ഞാൻ സവിസ്തരം ഉപപാദിച്ചിട്ടുണ്ട്.
ക്രി. പി പതിനാലാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ ദക്ഷിണാപഥത്തെ പ്രസാധനംചെയ്തിരുന്ന ഒരു ഉത്തമകവയിത്രിയും വിജയനഗരരാജ കുമാരനായ വീരകമ്പണന്റെ പ്രാണപ്രേയസിയുമായ ഗങ്ഗാദേവി തന്റെ മധുരാവിജയകാവ്യത്തിൽ പൂര്‍വസൂരികളുടെ മാഹാത്മ്യത്തെ ഉപശ്ലോകനം ചെയ്യുന്ന സന്ദര്‍ഭത്തിൽ വാല്മീകി, വേദവ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി, ആചാര്യദണ്ഡി ഈ കവികളെ സ്മരിക്കുകയും തദനന്തരം തനിക്കു സ്വല്പകാലം മുമ്പു മാത്രം ജീവിച്ചിരുന്നവരും കുറേക്കൂടി ബന്ധമുള്ളവരുമായ കര്‍ണ്ണാമൃതകവി, തിക്കയൻ, അഗസ്ത്യൻ, ഗങ്ഗാധരൻ, വിശ്വനാഥൻ ഈ കവികളെ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നു.
"മന്ദാരമഞ്ജരീസ്യന്ദിമകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം കര്‍ണ്ണാമൃതകവേർഗ്ഗിരഃ?
തിക്കയസ്യ കവേസ്സൂക്തിഃ കൌമുദീവ കലാനിധേഃ
സതൃഷ്ണൈഃ കവിഭിസ്സ്വൈരം ചകോരൈരിവ സേവ്യതേ.
ചതുസ്സപ്തതികാവ്യോക്തിവ്യക്തവൈദുഷ്യസമ്പദേ
അഗസ്ത്യായ ജഗത്യസ്മിൻ സ്‌പൃഹയേൽ കോ ന കോവിദഃ?
സ്തുമസ്തമപരം വ്യാസം ഗങ്ഗാധരമഹാകവിം
നാടകച്ഛത്മനാ ദൃഷ്ടാം യശ്ചക്രേ ഭാരതീം കഥാം
ചിരം സ വിജയീഭൂയാദ്വിശ്വനാഥകവീശ്വരഃ
യസ്യ പ്രസാദാൽ സാര്‍വജ്ഞ്യം ലഭതേ മാദൃശേഷ്വപി"
ഇവരിൽ കര്‍ണ്ണാമൃതകവി "കൃഷ്ണലീലാശുകമുനി" എന്ന നാമാന്തരത്താൽ സുപ്രസിദ്ധനായ വില്വമങ്ഗലത്തുസ്വാമിയാർ തന്നെ. ക്രി. പി. പതിന്നാലാംശതകത്തിൽ ജീവിച്ചിരുന്ന ശാർങ് ഗധരൻ അദ്ദേഹത്തിന്റെ 'പദ്ധതി'യിൽ കൃഷ്ണകര്‍ണ്ണാമൃതത്തിൽനിന്നു് 'പരമിമമുപദേശം', 'നവനീലമേഘരുചിരഃ പരഃ പുമാൻ' 'അര്‍ദ്ധോന്മീലിതലോചനസ്യ പിബതഃ' 'കൃഷ്ണ! ത്വം നവയൌവനോസി" ഈ പദ്യങ്ങൾ ഉദ്ധരിച്ച് "ഏതേ വില്വമങ്ഗലശ്രീചരണാനാം” എന്നു ഭക്തിബഹുമാനപൂർവ്വം അവയുടെ നിര്‍മ്മാതാവിനെ സ്മരിച്ചിരിക്കുന്നതിൽനിന്നു് അതിനുമുമ്പുതന്നെ സ്വാമിയാരുടെ പ്രശസ്തി ഭാരതവര്‍ഷം മുഴുവൻ വ്യാപിച്ചുകഴിഞ്ഞിരുന്നതായി അനുമാനിക്കാം. വില്വമങ്‌ഗലത്തിന്റെ ജീവിതകാലം ഏകദേശം ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ ഒടുവിലായിരിക്കണമെന്നു ഞാൻ നിര്‍ണ്ണയിച്ചിട്ടുണ്ട്. തിക്കയൻ 'തിക്കണ്ണസോമയാജി' എന്ന പ്രസിദ്ധനായ ആന്ധ്രകവിയാകുന്നു. അദ്ദേഹം ക്രി. പി. പതിമ്മൂന്നാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ 'മാന്മസിദ്ധി' എ ന്ന ആന്ധ്രചോളരാജാവിന്റെ ആസ്ഥാനസദസ്സിനെ അലങ്കരിച്ചിരുന്നു.
അഗസ്ത കവി ൭൪ കാവ്യങ്ങളുടെ പ്രണേതാവാണെന്നു ഗങ്ഗാദേവി പറയുന്നുണ്ടെങ്കിലും അവയിൽ ബാലഭാരതമഹാകാവ്യമൊഴികെ മറ്റൊന്നും ഇപ്പോൾ ലഭ്യമല്ല. "പ്രതാപരുദ്രയശോഭൂഷണം" എന്ന പ്രസിദ്ധമായ അലങ്കാരഗ്രന്ഥത്തിന്റെ നിര്‍മ്മാതാവു് ഈ അഗസ്ത്യനായിരിക്കണമെന്നു ചില പണ്ഡിതന്മാർ, അതിലെ
"ഔന്നത്യം യദി വർണ്യതേ,ശിഖരിണഃ
ക്രുദ്ധ്യന്തി നീചൈഃകൃതാ,
ഗാംഭീര്യം യദി കീര്‍ത്ത്യതേ, ജലധയഃ
ക്ഷുഭ്യന്തി ഗാധീകൃതാഃ;
തത്ത്വാം വര്‍ണ്ണയിതും ബിഭേമി; യദി വാ
ജാതോസ്മ്യഗസ്ത്യഃ സ്ഥിത-
സ്ത്വൽപാർശ്വേ ഗുണരത്നരോഹണഗിരേ!
ശ്രീവീരരുദ്രപ്രഭോ!"
എന്ന പദ്യത്തിൽ കാണുന്ന "ജാതോസ്മ്യഗസ്ത്യഃ"എന്ന പ്രയോഗത്തിൽനിന്നു അനുമാനിക്കുന്നു. രാജാവാകുന്ന രോഹണപർവ്വതത്തിന്റെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നതിനാൽ കവി തന്നെ അഗസ്ത്യനെന്ന് ഉല്ലേഖം ചെയ്തുകൊണ്ടു്, തദനുരോധേന താൻ പര്‍വതങ്ങളുടെ ക്രോധത്തേയും സദ്രങ്ങളുടെ ക്ഷോഭത്തേയും വകവെയ്യുകയില്ലെന്നു പറയുന്നതിൽനിന്നു കവിയുടെ നാമധേയം അഗസ്ത്യനെന്നു സിദ്ധിക്കുന്നില്ല. ക്രി. പി. പതിനഞ്ചാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന മല്ലിനാഥപുത്രൻ കുമാരസ്വാമിയും പ്രതാപരുദ്രീയകര്‍ത്താവിനെ "തത്ര ഭവാൻ വിദ്യാനാഥനാമാമഹാകവിഃ” എന്നേ നിർദ്ദേശിക്കുന്നുള്ളു. വിദ്യാനാഥന്റെ യഥാര്‍ത്ഥനാമധേയം അഗസ്ത്യനെന്നായിരുന്നു എങ്കിൽ അദ്ദേഹംതന്നെ ആ വസ്തുത അത്രദൂരം ഗൂഹനംചെയ്യുന്നതിനോ കുമാരസ്വാമി ആ വിവരം അറിയാതെയിരിക്കുന്നതിനോ ഇടയില്ല. "ഔന്നത്യം യദി വർണ്യതെ" എന്ന പദ്യത്ത്ലെ അഗസ്ത്യപദം മാത്രം ഗ്രഹിച്ചുകൊണ്ടു് ഈ വിഷയത്തിൽ ചെയ്യുന്ന അഭ്യൂഹം വിചാരചാരുവല്ലെന്നു മാത്രമേ ഞാൻ വാദിക്കുന്നുള്ളു.
ഈ സംഗതി എങ്ങനെയിരുന്നാലും അഗസ്ത്യഭട്ടൻ ഒരു ആന്ധ്രകവിയും വിദ്യാനാഥനാൽ വര്‍ണ്ണിതനായ പ്രതാപരുദ്രന്റെ സദസ്യന്മാരിൽ മുഖ്യനും ആയിരുന്നു എന്നു സ്ഥാപിക്കുന്നതിനു വേറെ പ്രമാണങ്ങളുണ്ട്. വീരരുദ്രനെന്ന അപരാഭിധാനത്താൽ വിശ്രുതനായ ഈ പ്രതാപരുദ്രമഹാരാജാവു ക്രി. പി. ൧൨൬൭ മുതൽ ൧൩൨൩ വരെ ഏകശിലാ (ഓരങ്കൽ= വാറങ്കൽ) നഗരത്തെ രാജധാനിയാക്കി കാകതീയവംശത്തിന്നലങ്കാരമായും, കവിമയൂരങ്ങൾക്കു കാളമേഘമായും ആന്ധ്രാരാജ്യം പരിപാലനം ചെയ്തിരുന്നതു ചരിത്രപ്രസിദ്ധമാണല്ലോ. ഗംഗാധരകവിയുടെ അനന്തരകാലികനെന്ന നിലയിൽ ഗംഗാദേവി സ്മരിക്കുന്ന വിശ്വനാഥകവി, താൻ പ്രതാപരുദ്രന്റെ സഭാസദനായിരുന്നു എന്നും, തന്റെ മാതുലനും ഒരു മഹാകവിയുമായിരുന്ന അഗസ്ത്യനിൽനിന്നാണു് തനിക്കു വിദ്യാലാഭം ഉണ്ടായത് എന്നും സൌഗന്ധികാഹരണവ്യായോഗത്തിൽ പ്രകടമായി പ്രസ്താവിക്കുന്നു.
"സൂത്രധാര:-
വിശ്വനാഥ ഇതി ഖ്യാതഃ കവിരസ്തി,യദുക്തയഃ
അകാഞ്ചനമരത്നം ച വിദൂഷാം കര്‍ണ്ണഭൂഷണം.
അഥവാ-
വാചസ്തസ്യ കവേരുദാരമധുരാ
ഇത്യത്ര ചിത്രം കിമു
പ്രഖ്യാതസ്സ കലാസു ദിക്ഷു ഗുണിഷു
ശ്രേയാനഗസ്ത്യസ്സധീ
വേധശ്ചന്ദ്രമുഖീകരാങ്ഗുലിദലാ-
സങ്ഗക്വണദ്വല്ലകീ-
വാചോയുക്തിസഖോക്തിദർശിതസുധാ-
ജന്മാ സ യന്മാതുലഃ"
എന്ന ഭാഗം നോക്കുക. വിശ്വനാഥന്റെ കനിഷ്ഠസഹോദരനായ നരസിംഹൻ തന്റെ കാദംബരീനാടകത്തിൽ ഗംഗാധരകവിയാണു് അവരുടെ പിതാവ് എന്നു പറയുന്നുണ്ടു്.
ക്രി. പി. പതിനാറാം ശതകത്തിന്റെ ആരംഭത്തിൽ വിജയനഗരസാമ്രാജ്യം പാലിച്ചിരുന്ന കൃഷ്ണദേവമഹാരായർ സകലകലാഭോജരാജൻ എന്ന ബിരുദത്താൽ പ്രശോഭിതനും, ജാംബവതികല്യാണം മുതലായ അനേകം ഗ്രന്ഥങ്ങളുടെ പ്രണേതാവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനസേനാധിപതിയായിരുന്ന സാല്വതിമ്മയ്യൻ ബാലഭാരതകാര്യത്തിനു "മനോഹരാ”എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ആ വ്യാഖ്യാനത്തിൽ ഓരോ സർഗ്ഗത്തിന്റെയും അവസാനത്തിൽ "ഇതി ശ്രീമദ്രാജാധിരാജപരമേശ്വര കര്‍ണ്ണാടേശ്വര ശ്രീകൃഷ്ണരായ ശിരഃപ്രധാന സകലാഗമപാരാവാര പാരീണസാല്വതിമ്മയദണ്ഡനാഥ വിരചിതായാം ബാലഭാരതവ്യാഖ്യായാം മനോഹരായാം” എന്നൊരു കുറിപ്പു കാണുന്നുണ്ട്. കൃഷ്ണദേവമഹാരായരുടെ കാലത്തിൽ ബാലഭാരതത്തിനു തെലുങ്കുദേശത്തിൽ പ്രചുരമായ പ്രചാരമുണ്ടായിരുന്നു എന്നു സാല്വതിമ്മയ്യന്റെ ഈ സാഹിത്യവ്യവസായത്തിൽനിന്നു വ്യക്തമാകുന്നുണ്ട്.
ക്രി. പി. പതിനാറാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ ചോളദേശത്തെ അലങ്കരിച്ചിരുന്ന സര്‍വതന്ത്രസ്വതന്ത്രനും സുഗൃഹീതനാമാവുമായ അപ്പയ്യദീക്ഷിതർ അദ്ദേഹത്തിന്റെ "ചിത്രമീമാംസി” എന്ന അലങ്കാരഗ്രന്ഥത്തിൽ ബാലഭാരതം രണ്ടാംസര്‍ഗ്ഗത്തിലെ സത്യവതിഭീഷ്മസംവാദഘട്ടത്തിൽ
"ഗതേ തവ ഭ്രാതരി വത്സ! പഞ്ചതാം
ചിരായ നശ്ചാന്ദ്രമസം കുലം മഹൽ
അദൃഷ്ടസന്താനതയാ ന ശോഭതേ
ഹരേര്‍വനം പ്രാങ്മഥനാദിവോദധേഃ"
എന്ന പദ്യം ഉപമാപ്രകരണത്തിൽ ഉദാഹരിക്കുന്നു. സുപ്രസിദ്ധമഹാകവികളുടെ സൂക്തികളല്ലാതെ ഉദാഹരണത്തിനായി സ്വീകരിക്കുന്നതു് ആലങ്കാരികന്മാരുടെ ശൈലിയല്ല. അതിനാൽ അപ്പയ്യദീക്ഷിതരുടെ കാലമായപ്പോഴേയ്ക്കും അഗസ്ത്യഭട്ടന്റെ കവിയശസ്സു ശാശ്വതപ്രതിഷ്ഠയെ പ്രാപിച്ചുകഴിഞ്ഞിരിക്കണമെന്നുള്ളതിനു സന്ദേഹമില്ല.
കേരളത്തെ സംബന്ധിച്ചു ചര്‍ച്ചചെയ്യുകയാണെങ്കിൽ ബാലഭാരതത്തിനു ജനനമാത്രയിൽതന്നെ കേരളീയരുടെ അഭിനന്ദനം സിദ്ധിച്ചു എന്നു് ഊഹിക്കുവാൻ ന്യായമുണ്ട്. ഏതായാലം ക്രി. പി. പതിനഞ്ചാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന പുനംനമ്പൂരി ഈ ഗ്രന്ഥത്തോടു് അത്യന്തം കടപ്പെട്ടിരുന്നു എന്നുള്ളതിനു അദ്ദേഹത്തിന്റെ ഭാരതചമ്പുവിലെ ഓരോപദ്യവും സാക്ഷ്യം വഹിക്കുന്നുണ്ട്. ഭാരതചമ്പു ബാലഭാതത്തിൻറ ഒരു ഏകദേശഭാഷാവിവര്‍ത്തനമെന്നു പറഞ്ഞാൽക്കൂടിയും അതു് അതിശയോക്തിയാകുന്നതല്ല. ഉദാഹരണത്തിന് ആ ചമ്പുവിന്റെ നാലാംഭാഗമായി പ്രസിദ്ധപ്പെടുത്തീട്ടുള്ള കീചകവധംതന്നെ പരിശോധിക്കാം.
“അകാലേ സൂദ കിമിദമേധസേ തരുരുച്ഛ്രിതഃ
ന ഭജ്യതാമയം; സര്‍വേ ഛായാമസ്യ വയം ശ്രിതാഃ;
ദാരുണാകൃതിനാ സിദ്ധിഃ ക്വാപി നിര്‍വ്വത്ത്യതാം ത്വയാ;
കര്‍മ്മ സർവാവിരോധേന കുര്‍വൻ കുശലമശ്നുതേ."
ഇങ്ങനെ ചില പദ്യങ്ങൾ ഈ മഹാകാവ്യത്തിൽനിന്നു് അതേനിലയിൽ തന്നെ പുനം ഉദ്ധരിച്ചുചേര്‍ക്കുന്നു.
അന്യത്ര
"തുഷ്ണീം ഭാസി സുഭ്രു ത്വം; ക്രൂദ്ധാ കിം മേ വിളംബനാൽ?
അഥവാ ഹതപാദസ്യ പ്രഹാരഃ സ്മൃതിഗോചരഃ;
യദ്യേവം, താഡയ സ്വൈരം യാവൽ കോപസ്യ വിപ്ലവഃ;
നൂപുരോദ്വഹനക്ലേശരഹിതേനാംഘ്രിണാഽമുനാ"
ഇത്യാദിശ്ലോകങ്ങളുടെ സാരം ഗ്രഹിച്ച്
"സുധാസഖീ വാൿ പ്രസ്തുതാ ന കസ്മാ-
ദതീവരുഷ്ടാ കിമു മദ്വിളംബാൽ?
ഗതാഥവാ ചേൽ പ്രഹൃതിം ഹതാങ്ഘ്രേഃ
സ്മൃതിം മുഹുസ്താഡയ മാം പദാഭ്യാം."
ഇങ്ങനെ വേറെ സംസ്കൃത പദ്യങ്ങൾ നിര്‍മ്മിക്കുന്നു. അഗസ്ത്യഭട്ടന്റെ ആശയങ്ങൾ മണിപ്രവാളപദ്യങ്ങളിൽ ആവിഷ്കരിക്കുക എന്നുള്ളതു പുനം അദേഹത്തിന്റെ അനുസ്യൂതമായ ഒരു കൃത്യമായി കരുതിയിരുന്നതുപോലെ കാണുന്നുണ്ടു്.
(൧) "സ താം സ്മേരമുഖോവാദീദയി മുഗ്ദ്ധ! ജടാസുരാൽ
അധികഃ കിം ത്വദാമർശീ; വിഘ്നോഭൂന്മൽക്രുധോ നൃപഃ" (അഗസ്ത്യൻ)
"സ്മയമാനമുഖസ്സതാമവാദീ-
ദയി മുഗ്ദ്ധേ! ശൃണു നിൻകചാഭിമർശീ
അയമദ്യ ശഠോ ജടാസുരേന്ദ്രാ-
ന്നിയതം ദാരുണനല്ല ഖേദിയാതെ.
ത്വയി തത്ര സദസ്യുപാഗതായാം
ദയിതേ! രൂക്ഷരുഷാ വിമാനിതായാം
മയി വിക്രമിതും തുനിഞ്ഞനേരം
നയവാൻ ഭൂപതിരേവ വിഘ്നമാസീൽ" (പുനം)
(൨) "മാം ത്വം യാ കാചന സ്ത്രീതി ന മന്യേഥാ സ്മരാതുരഃ;
രംഭാസ്പർശസുഖം യായാ മദീയോരുനിപീഡനാൽ." (അഗസ്ത്യൻ)
"യാകാചനസ്ത്രീതിമുഹൂര്‍ത്തമിമ്മാം
നീ കല്പിയായ്ക്കൊന്നിഹ തീര്‍ത്തുചൊല്ലാം;
ഏകം മദീയോരുനിപീഡമോര്‍ത്താ-
ലേകാന്തരംഭാനുഭവ പ്രദായി." (പുനം)
(൩) "പതയഃ പഞ്ച മേ സന്തി ഗന്ധര്‍വാ ഗൂഢചാരിണഃ
തദ്ഗുപ്താം മാം സ്‌പൃശേൽ കോ വാ പഞ്ചാസ്യാമിവപന്നഗീം?" (അഗസ്ത്യൻ)
"ഉർവ്വരേന്ദ്രദയിതേ നിഗൂഢപതയസ്തു
പഞ്ച മമ സന്തി ഗര്‍-
ന്ധവ്വവീരരവരാലജസ്രമതികൌതുകേന
പരിപാലിതാ
ഗര്‍വ്വിതഃ സ്പൃശതി കോപി പഞ്ചമുഖ-
പന്നഗീമിവ ന മാം ബലാൽ;
സര്‍വ്വമേതദുപകർണ്യ വിസ്മിതമനാ ബഭൂവ
നൃപഗേഹിനി.'' (പുനം)
(൪) "കദാചിൽ കീചകഃ കൃഷ്ണാം സുദേഷ്ണാസത്മനി സ്ഥിതാം
ദൃഷ്ട്വാ യയൌ സ്മരേഷൂണാം കൃതാന്തസ്യ ച ലക്ഷതാം.'' (അഗസ്ത്യൻ)
"ഇത്ഥം മേവുന്നകാലത്തൊരുദിവസമകാണ്ഡേ
സുദേഷ്ണാലയസ്ഥാം-
കൃഷ്ണാം ദൃഷ്ട്വാ ബലി കീചകനവനിപതി-
സ്യാലതാഗര്‍വിതാത്മാ
പൊൽത്താർബാണാശുഗാനാമപി പിതൃപതിപാ-
ശത്തിനും ലക്ഷതാം പൂ-
ണ്ടത്യന്തം പ്രസ്ഖലന്ത്യാ ഗളിതധൃതി ഗിരാ
വിക്ലബാം വാചമൂചേ" (പുനം)
ഇതുപോലെ മറdറു ഭാഗങ്ങളിലും ഭാരതചമ്പുകര്‍ത്താവു് അഗസ്ത്യന്റെ ചയോപജീവിയെന്നു കാണിക്കുവാൻ ധാരാളം ദൃഷ്ടാന്തങ്ങൾ ഉദ്ധരിക്കാവുന്നതാണു്.
മേൽപുത്തൂർ നാരായണഭട്ടതിരിയും അദ്ദേഹത്തിന്റെ പലേ പ്രബന്ധങ്ങൾക്കും ബാലഭാരതകാരനെ ഉപജീവനായി കരുതിയിരുന്നു എന്നു തെളിയിക്കുവാൻ പ്രയാസമില്ല. ദൂതവാക്യം പ്രബന്ധത്തിൽ
"പ്രോത്സാഹിതാ ദൂതഘനൈർഭ്രമദ്ഭിഃ
പ്രത്യാശമുദ്ഗീര്‍ണ്ണനിദേശതോയൈ
ഉച്ചേലുരുര്‍വീപതയസ്സമാപ്തും
സരിൽപ്രവാഹാ ഇവ വാരിരാശിം".
"പാർത്ഥസ്യ വിജ്ഞായ ചരൈഃ പ്രവൃത്തിം
വിസൃജ്യ രാജന്യഗണായ ദൂതാൻ
അർത്ഥീ സ്വയം ദ്വാരവതീമഗച്ഛൽ
സുയോധനസ്സോപി സുതോ മഘോനഃ.''
"ശ്രുത്വാ തയോരാഗമനസ്യ ഹേതും
കാര്യം സമം കര്‍ത്തുമിയേഷ ശൌരിഃ
ഭര്‍ത്തുഃ കുരൂണാം പ്രഥമാഗതസ്യ
ദൃഷ്ടസ്യ ച പ്രാൿ പുരുഹൂതസൂനോഃ''
എന്നിങ്ങനെ ആ ഗ്രന്ഥത്തിൽ ഉപജാതിവൃത്തത്തിൽ കാണുന്ന പല പദ്യങ്ങളും ഭട്ടതിരിപ്പാട് ബാലഭാരതം പന്ത്രണ്ടാം സഗ്ഗത്തിൽനിന്നു് ഉദ്ധരിച്ച് ചേര്‍ത്തിട്ടുള്ളതാണു് -
ദൂതവാക്യത്തിന്റെ അവസാനത്തിൽ കാണുന്ന
"അഥ രഥവരമശൈസ്സൈന്യമുഖശ്ചതുർഭി-
ദ്ധൃതധുരമധിരൂഢഃ ക്ഷത്തുരാലംബ്യ ഹസ്തം
അഖിലമനുഗതം തദ്രാജകം വാരയിത്വാ
പരിമിതപരിവാരഃ പാതപാർശ്വം പ്രതസ്ഥേ"
എന്ന പദ്യംപോലും ആ സർഗ്ഗത്തിലെ അവസാനശ്ലോകമാണു്.
സന്ദർഭാനുഗുണമായി തന്റെ പ്രബന്ധങ്ങളിൽ അന്യകവികളുടെ കൃതികളിൽനിന്നു പദ്യങ്ങൾ ഉദ്ധരിക്കുക എന്നുള്ളതു ഭട്ടതിരിപ്പാടു് പുനത്തെ അനുകരിച്ചു സ്വീകരിച്ചുപോന്നിരുന്ന ഒരു ശൈലിയാകുന്നു. അത് ആ മഹാകവിമൂര്‍ദ്ധന്യന് ഒരു ക്ഷതിയാണെന്നു് ആരും തെറ്റിദ്ധരിക്കയില്ലല്ലോ.
അനന്തഭട്ടകവിയും അഗസ്ത്യനു് അധമര്‍ണ്ണനാണെന്നു് അനേകം അവസരങ്ങളിൽ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ടു് .
"നവനാഗലതാദൃഢോപഗൂഢ-
ക്രമുകാരണ്യവതോ വിലംഘ്യ ചോളാൻ
മണലൂരപുരം സുതോ മഘോനഃ
പ്രയയൌ പാണ്ഡ്യപതേർഭുജേന ഗുപ്താം."
എന്ന ബാലഭാരതപദ്യത്തിലെ ആശയത്തെ അനന്തഭട്ടൻ,
"ഏലാലവങ്തരുപിപ്പലികാപടീര-
താംബൂലികാക്രമുകദമ്പതിഭാവരമ്യാം
ഉദ്യാനഭൂമിമുപഗമ്യ തയാ സ പാര്‍ത്ഥഃ
സുഖ്യൻ പിതുഃ പദമമന്യത ബല്ബജേഭ്യഃ.''
എന്നു പ്രപഞ്ചനം ചെയ്തിരിക്കുന്നതു നോക്കുക.
ഇങ്ങനെ അനന്തരകാലങ്ങളിൽ ജീവിച്ചിരുന്ന മഹാകവികൾക്കു പ്രായേണ ഒരു സന്ദർഭത്തിലല്ലെങ്കിൽ മറ്റൊന്നിൽ മാഗ്ഗദർശകമായി സമുല്ലസിച്ചുപോന്ന ഒരു ദിവ്യജ്യോതിസ്സാണു് ബാലഭാരതം. ഇരുപതു സർഗ്ഗത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഈ മഹാകാവ്യത്തിൽ കവി, മാഘനൈഷധാദി ഗ്രന്ഥകാരന്മാരെപ്പോലെ "നഗരാര്‍ണ്ണവശൈലര്‍ത്തുചന്ദ്രാര്‍ക്കോദയവര്‍ണ്ണന' ങ്ങൾക്കും മറ്റുമായി സമയവ്യയം ചെയ്തു തന്റെ വ്യവസായം വൃഥാസ്ഥൂലമാക്കുന്നില്ല. പാശ്ചാത്യപരിഷ്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തീട്ടുള്ള ഏത് ആധുനികനും സശിരഃകമ്പം ശ്ലാഘിക്കത്തക്ക നിലയിലാകുന്നു ബാലഭാരതത്തിൻെറ രചനാഗതി.
ബാലഭാരതം എന്ന പേരിൽ ആദ്യമായി ഉണ്ടായ ഗ്രന്ഥം ക്രി. പി. ഒൻപതാംശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരകവിയുടെ ഒരു നാടകമാകുന്നു. ഈ നാടകത്തിനു പ്രചണ്ഡപാണ്ഡവമെന്നും പേരുണ്ട്. ഇതു മുഴുവനാക്കുവാൻ ഗ്രന്ഥകാരനു സാധിച്ചില്ല. പാഞ്ചാലീസ്വയംവരവും ദ്യൂതക്രീഡയും മാത്രമേ ഇതുപര്യന്തം നമുക്കു ലഭിച്ചിട്ടുള്ള രണ്ട് അങ്കങ്ങളിൽ കവി വര്‍ണ്ണിക്കുന്നുള്ളു. ക്രി. പി. പതിമ്മൂന്നാംശതകത്തിൽ ഗുര്‍ജ്ജരദേശാധിപതിയായ വിശാലദേവന്റെ സദസ്യനായി അമരചന്ദ്രസൂരി എന്നൊരു ജൈനപണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹം വേണീകൃപാണനെന്ന ബിരുദത്താൽ പ്രശസ്തനാണു്. ഈ ബിരുദം ആ കാവ്യത്തിൽ ആദിപർവ്വം ൧൧-ാം സര്‍ഗ്ഗത്തിലുള്ള
"ദധിമഥനവിലോലല്ലോലദൃഗ്വേണിഭംഭാ-
ദയമദയമനങ്ഗോ വിശ്വവിശ്വൈകജേതാ
ഭവപരിഭവകോപത്യകബാണഃ കൃപാണ-
ശ്രമമിവ ദിവസാദൌ വ്യക്തശക്തിർവ്യനക്തി."
എന്ന പദ്യം നിര്‍മ്മിക്കുകനിമിത്തമത്രേ കവിക്ക് ലഭിച്ചത്.
ആദിപർവ്വം പന്ത്രണ്ടുസർഗ്ഗം, സഭാപർവ്വം അഞ്ചുസർഗ്ഗം, വനപർവ്വം നാലുസർഗ്ഗം, വിരാടപർവ്വം നാലുസർഗ്ഗം, ഇങ്ങനെ ഓരോ പർവ്വത്തിനും സർഗ്ഗവിഭാഗമുള്ള മറ്റൊരു ബൃഹദിതിഹാസഗ്രന്ഥമാകുന്നു ഈ ജൈനഭാരതം. ചന്ദ്രവര്‍ണ്ണനത്തിൽ ആരംഭിക്കുന്ന ഈ കാവ്യം അഗസ്ത്യകവിക്ക് അജ്ഞാതമായിരുന്നില്ല. അമരചന്ദ്രന്റെ ബാലഭാരതം അഗസ്ത്യഭട്ടന്റെ കൃതിയെ അപേക്ഷിച്ചു സഹൃദയദൃഷ്ടിയിൽ അപകൃഷ്ടം തന്നെ.
വ്യുൽപിത്സുക്കളായ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ള ദാക്ഷിണാത്യബാലഭാരതം പ്രസന്നപ്രൌഢസരസമായ ഒരു മഹാകാവ്യമാകുന്നു. ശബ്ദസൌന്ദര്യവും, അർത്ഥചമൽക്കാരവും അഹമഹമികയാ മത്സരിച്ചു തള്ളിക്കയറുന്ന പദ്യങ്ങളാൽ ഈ ഗ്രന്ഥം ആമൂലാഗ്രം അലംകൃതമെന്നുതന്നെ പറയാം. “ക്രമാഗതം ശ്രുതിസുഖം ശബ്ദമർത്ഥമുദീരയേൽ" എന്ന ഭാമഹാചാര്യന്റെ ഉപദേശം അഗസ്ത്യഭട്ടൻ നല്ലപോലെ ഗ്രഹിച്ചിരുന്നു. ഏതാനും ചില പദ്യങ്ങൾ മാതൃക കാണിക്കുവാൻ ഉദ്ധരിക്കാം.
പാണ്ഡുവിന്റെ മരണം.
"സമീരണോത്ഥാ നവചൂതരേണവോ
വസന്തലക്ഷ്മീപടവാസപാംസവ_
പ്രപേദിരേ മന്മഥമന്ത്രവാദിനോ
വിയോഗിസമ്മോഹനചൂര്‍ണ്ണമുഷ്ടിതാം.
* * * * *
അഥാനിലൈർദക്ഷിണദിങ്മുഖാഗതൈഃ
കൃതാന്തദൂതൈരിവ കൃഷ്ടമാനസഃ
മഹീപതിര്‍മ്മാധവലബ്ധയൌവനം
സ മദ്രപുത്രീസഹിതോ യയൌ വനം.
* * * * *
സുഖേന പാണ്ഡുസ്സുരതാന്തജന്മനാ
പരാസുഭാവേന ച മീലിതേക്ഷണഃ
പ്രസൂനതല്പേ നിപപാത തൽക്ഷണം
പൃഷൽകശയ്യാസദൃശേ മനോഭുവഃ"
ഇന്ദ്രപ്രസ്ഥം.
"രാജന്നിതഃ പശ്യ പുരീ ശുഭേയം
ത്വദീയദോരർഗ്ഗളയാഽഭിഗുപ്താ
ധ്വജാഗ്രഹസ്തൈസ്സുരരാജധാനീം
നിരസ്യതീവോപരിവര്‍ത്തമാനാം.
ക്രീഡാസരസ്തീരഹരിന്മണീനാ
മിന്ദീവരാഭാം ഗമിതാനി ഭാസാ
അഘ്രായ ജാനാത്യളിപങ്‍ക്തിരസ്യാ-
മംഭോജസൌഗന്ധികകൈരവാണി.
വിലാസിനീലോചനഭൂഷിതാനി
നീലാശ്മവാതായനമണ്ഡലാനി
അത്രാനുകുർവ്വന്തി വിവൃത്തമീനാ-
ന്യാവര്‍ത്തബിംബാനി കളിന്ദജായാഃ
അസ്യാഃ പതാകാപടമാരുതേന
പ്രാസാദശൃംഗേഷു ഹൃതാധ്വഖേദാഃ
ഭവന്തി നാനാമണിരശ്മിയോഗാ-
ദനേകവര്‍ണ്ണാ ഹരിദശ്വവാഹാഃ
നിശാസു ഹര്‍മ്മ്യാഗ്രവിഹാരഭാജ-
സ്സേര്‍ഷ്യാ മൃഗാക്ഷോ വദനേന്ദുസാമ്യാൽ
അസ്യാം സുധാംശോരപരാങ്ഗഭാഗേ
കുർവ്വന്തി കസ്‌തൂരികയാ കളങ്കം.
രോഷായിതൈരത്രമണിപ്രദീപൈ-
ന്നിർഭത്സിതാ ഗർഭഗൃഹേഷു ഭാസാ
തമിസ്രലേഖാ ഇവ ജാലകേഭ്യോ-
നിര്യാന്തി കാളാഗുരുധൂമലേഖാഃ.
നിശാസു ചന്ദ്രാതപചര്‍ച്ചിതാസു
നിഷ്യന്ദമാനാംബുഝളജ്ഝളാനി
സത്മാനി ശീതാംശുശിലാമയാനി
ധാരാഗൃഹാനത്ര വിഡംബയന്തി.
യദൃച്ഛയാ കേളിഗൃഹേഷു ഗൂഢാൻ
ബിംബൈഃ പരീതാൻ മണിഭിത്തിലഗ്നൈഃ
ചിരാൽ പ്രിയാനത്ര ഗവേഷയന്ത്യോ-
ജാനന്തി സംസ്പര്‍ശസുഖേന നാര്യഃ
ക്രീഡാവനാന്താന്മരുദേത്യ മന്ദം
ഗവാക്ഷരന്ധ്രേണ ഗൃഹം പ്രവിഷ്ടഃ
അസ്യാം രതാന്തേ സുദൃശാം തനോതി
സ്വേദാംബുമുക്താമണിജാലചൌര്യം
പയോമുചഃ കേതുദുകൂലകല്പാഃ
സൌത്രാമണീനാം പ്രഭയാ മണീനാം
ആരഞ്ജിതാഃ പ്രാവൃഷിജാ ഇവാസ്യാം
ഹജ്യേഷു കുര്‍വ്വന്തി മയൂരഹര്‍ഷം"
മയൂരസന്ദേശത്തിലെ "മാരക്രീഡാമuലഹളയിൽ' ഇത്യാദി പദ്യത്തിനു "ക്രീഡാവനാന്താൽ' ഇത്യാദി ബാലഭാാതപദ്യത്തിനും തമ്മിൽ കാണുന്ന അത്യത്ഭുതമായ ആശയസാമ്യം ഞാൻ ഒരിക്കൽ എന്റെ സാഹിത്യാചാര്യനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ദിവ്യസന്നിധിയിൽ ഉണര്‍ത്തിക്കുകയും അവിടുന്ന് ആ ബാലഭാരതപദ്യം അതിനുമുമ്പു കേട്ടിരുന്നില്ലെന്നു് അരുളിച്ചെയ്കയും ചെയ്ത സംഗതി ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു
അക്ഷമണ്ഡപത്തിൽ ഭീമസേനന്റെ കോപം
"ഗജ്ജൻ പ്രിയാനികൃതിമാരുത ഭട്ടനേന
ഭീമാംബുദഃ ക്ഷരിതഘര്‍മ്മപയഃകണൌഘഃ
രാജന്യവംശവനദാഹനിദാനഭൂതം
ക്രോധം കൃശാനുമിവ വൈദ്യുതമാബഭാര
ക്രൂരേക്ഷണാന്തികനിവാസഭുവാ ഭിയേവ
ദൂരം ഭ്രൂവോര്യുഗളമുന്നതമുദ്വഹന്തീ
ആലക്ഷ്യത ഭ്രൂകുടിരസ്യ ലലാടസീമ്നി
ക്രോധാത്മകസ്യ നവധൂമശിഖേവ വഹ്നെഃ
പുഷ്യദിഭിരേവ നിചിതം പുളകപ്രരോഹൈ-
രുദ്ദാമകമ്പമഖിലം വപുരാവഹന്ത്യാ
ആലിങ്ങ്ഗിതോപ്യനിലസൂനുരമര്‍ഷലക്ഷ്മ്യാ
പാഞ്ചാലരാജദുഹിതുഃ പ്രമദം വിതേനേ.
പ്രത്യുപ്തവജ്‍രശകലാംശുഭരാപദേശാ-
ദാഗാമിസംഗരവിഹാരമുദാഹരന്തീം
അര്‍ച്ചന്നിവായമരുണാബ്ജനിഭൈരപാങ്ഗൈ-
രാദായ സംസദി ഗദാം ഭൂമയൻ ബഭാഷെ" [സര്‍ഗ്ഗം ൭
അംബയെ കൈക്കൊള്ളണമെന്നു പറയുന്ന തന്റെ ഗുരുവായ പരശുരാമനോടു ഭീഷ്മർ.
"തമബ്രവം ക്രുദ്ധമുദീര്‍ണ്ണമന്യുര്‍-
ന്ന വന്ധകീം സത്മനി വാസയേയം,
ന ത്വാം സഹേ ധര്‍മ്മവിരുദ്ധവാച-
മുന്മാർഗ്ഗവര്‍ത്തീ ഗുരുരപ്യമാന്യഃ.
ഉദ്വത്തശാസീ നനു പൌരവോഹം;
ത്വാം യോധയിഷ്യാമി; ഗൃഹാണ ശസ്ത്രം;
ന ബ്രഹ്മഹത്യാ ച; ന ചായശോ മേ;
മൃതേ ഹതേപി ത്വയി യോദ്ധരി സ്യാൽ" [സര്‍ഗ്ഗം ൧൩
ഇനിയും ഇത്തരം പുളകോദ്ഗമകാരികളായ പല ഭാഗങ്ങളം ഉദ്ധരിക്കുവാനുണ്ടു്. വിസ്തരഭയത്താൽ വിരമിക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ ബാലഭാരതം ഭാരതീയര്‍ക്കു് അമൂല്യമായ ഒരു സാഹിത്യശേവധിയാണെന്നുള്ളതിനു സംശയമില്ല. ശ്രീകൃഷ്ണവിലാസത്തിലെ ഏതാനും സർഗ്ഗങ്ങൾക്ക് ഇലത്തൂർ രാമസ്വാമിശാസ്ത്രികളെപ്പോലെ ബാലഭാരതത്തിന്റെ ഏതാനും സർഗ്ഗങ്ങൾക്കു് അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലേയ്ക്കു ഈ രണ്ടു കാവ്യങ്ങളും ഏറ്റവും രുചിച്ചിരുന്നു. ക്രി. പി. പതിനാറാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ ദക്ഷിണതിരുവിതാംകൂർ ആക്രമിച്ച (Vitthala) വിട്‌ഠലന്റെ സഹോദരൻ ചിന്നതിമ്മന്റെ സദസ്യനായ കോണേരി കവി ബാലഭാരതത്തെ അനുകരിച്ചു ബാലഭാഗവതം എന്നൊരു ആന്ധ്രകാവ്യം നിര്‍മ്മിച്ചിട്ടുണ്ടു്.
ഇത്ര ഗുണഭൂയിഷ്ഠവും യശസ്സുരഭിലവുമായ ഒരു മഹാകാവ്യം ഇനിയും ആരും മുദ്രാപണംചെയ്യാതെ കിടക്കുന്നതു വിധിവൈപരീത്യത്താലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഞാൻ ബി ഏ. പരീക്ഷ ജയിച്ചയിടയ്ക്കു് ഈ കാവ്യം എട്ടു സർഗ്ഗത്തോളം തര്‍ജ്ജിമ ചെയ്കയുണ്ടായി. നന്നായില്ലെന്നു തോന്നുകയാൽ അന്നു പ്രസിദ്ധപ്പെടുത്തിയില്ല. ആ തർജ്ജിമയുടെ കൈയെഴുത്തുപ്രതി ഇപ്പോൾ കാണുന്നില്ല. ഞാൻ സർവ്വാത്മനാ സ്നേഹബഹുമാനങ്ങളോടുകൂടി സദാ സ്മരിക്കുകയും തരം കിട്ടുമ്പോളെല്ലാം പാരായണം ചെയ്കയും ചെയ്യുന്ന സംസ്കൃതഗ്രന്ഥങ്ങളിൽ ഒന്നാണു് ബാലഭാരതം എന്നു് ഇനി പ്രത്യേകം പ്രപഞ്ചനം ചെയ്യേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
ബാലഭാരതത്തിന്റെ സമഗ്രമായ ഒരു ഭാഷാനുവാദമാണു് എന്റെ സ്നേഹിതൻ ശ്രീമാൻ പി. കെ. നാരായണശാസ്ത്രികൾ കൈരളീദേവിയുടെ പാദമൂലങ്ങളിൽ ഇപ്പോൾ സമര്‍പ്പിക്കുന്നത്. മാരുതിവിജയം, സൌന്ദര്യലഹരീഭാഷാവ്യാഖ്യാനം, മയൂരശതകം ഭാഷാവ്യാഖ്യാനം മുതലായ ഗ്രന്ഥങ്ങളുടെ പ്രണേതാവും ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയിലെ മലയാളപണ്ഡിതനും സനാതനധര്‍മ്മമാസികയുടെ ഒരു പ്രധാനലേഖകനുമായ ശാസ്ത്രികൾ ഭാഷാബന്ധുക്കൾക്കു് കേവലം അപരിചിതനെന്നു ഞാൻ വിചാരിക്കുന്നില്ല. ഉദ്ദേശം ൧൭൦ പദ്യങ്ങളുള്ളതും ലോകോത്തരഗുണോത്തരവുമായ ഒരു മഹാകാവ്യം മൂലത്തിന്റെ ഓജാസ്സാടും പ്രസാദത്തോടും കൂടി-യാതൊരു കുറവും കൂടാതെ - ഭാഷയിൽ വിവർത്തനം ചെയ്തു കാണണമെന്നു ആഗ്രഹിക്കുന്നവർ അത്യാഗ്രഹികളാണു്. ശാസ്ത്രികളുടെ തർജ്ജിമയിൽ അനേകം ശ്ലോകങ്ങൾ നിർദ്ദോഷങ്ങളായിട്ടുണ്ട്.
"രാമാമണീനയനമാലയലങ്കരിക്കും
നീലാശ്മനിര്‍മ്മിതഗവാക്ഷഗണം മഹീശ!
തുള്ളുന്ന മീനനിരയാര്‍ന്ന കളിന്ദജയ്ക്കു-
ള്ളാവര്‍ത്തരാജിയുടെ സാമ്യമിയന്നിടുന്നു."
"കുംഭീന്ദ്രർതൻമുഖപടഭ്രമമേകി വീര-
യോധര്‍ക്കെഴും യവനികാഭ വഹിച്ചു പാരം
ഹസ്താഗ്രദീപരുചിയാൽ ചിലെടത്തൊതുങ്ങി-
പ്പുത്തൻതമിസ്രതതി പോര്‍ക്കളമാര്‍ന്നിതപ്പോൾ."
ഇത്യാദി പദ്യങ്ങൾ കവി ഒരു വാസനക്കാരനാണെന്നു വിളിച്ചുപറയുന്നുണ്ടു്. പക്ഷെ "കവിത്വം ജായതേ ശക്ത്യാ വര്‍ദ്ധതേഭ്യാസയോഗതഃ” എന്നുണ്ടല്ലോ. ഭാഷാകവിതയിൽ ശാസ്ത്രികൾക്കു പറയത്തക്ക അഭ്യാസം സിദ്ധിച്ചിട്ടുള്ളതായി തോന്നുന്നില്ല. തന്നിമിത്തം പരിഹരിക്കാവുന്ന പല കുറവും കുറ്റവും തര്‍ജ്ജിമയിൽ അവിടവിടെ കടന്നുകൂടിട്ടുണ്ടെന്നുള്ള വസ്തുത മറയ്ക്കണമെന്നു് എനിക്കു് ഉദ്ദേശമില്ല. ഉത്തരാര്‍ദ്ധം ലഘുവിൽ അവസാനിപ്പിക്കുക, തണിയുക, അഴുക മുതലായ ദ്രാവിഡപദങ്ങളും ശൈലികളും പ്രയോഗിക്കുക, ഇത്തരത്തിലുള്ള അഭങ്ഗികൾ അടുത്ത പതിപ്പിൽ നിഷ്ക്കര്‍ഷിച്ചു നിഷ്ക്കാസിക്കേണ്ടതുണ്ട് . അനവധാനത നിമിത്തമോ, അലംഭാവംമൂലമോ
"സൂനാമരാതിക്ഷിതിഭൃൽപശൂനാം
ഘോരാമനീകക്ഷിതിമാസസാദ" എന്നതിനു്
"അരാതിഭൂപാലർ മരിച്ച ഘോര -
തരാജിഭൂഭാഗമണഞ്ഞു ഖിന്നൻ" എന്നും,
"പൂര്‍ണ്ണപ്രതിജ്ഞസ്സുകൃതീ ചിരായ
മരുത്സുതഃ കച്ചിദുപൈതി സാമ്യം
നിർവ്യൂഢകാര്യേണ വിചക്ഷണേന
സാംയാത്രികേണാര്‍ണ്ണവപാരഗേണ?" എന്നതിനു്
"ചിരാൽ സ്വസത്യം നിറവേറ്റി ഭീമൻ
ഭാരം വഹിച്ചര്‍ണ്ണവപാരമെത്തി
കരുത്തനാം പോതവണിക്കിനോടു
പെരുത്ത സാമ്യംകലരുന്നതുണ്ടോ?"
എന്നുമുള്ള തര്‍ജ്ജിമകൾ കേവലം അപര്യാപ്തമായിപ്പോയിരിക്കുന്നു.
"സൂതാത്മജം സുതസുഹൃൽസഹിതം സമീകെ
ശാതൈശ്ശരൈഃ ശകലയിഷ്യതി ഗാണ്ഡിവോ മേ''
എന്നു് അഗസ്ത്യകവി ഗര്‍ജ്ജിക്കുമ്പോൾ,
"രാധേയനെസ്സുതസുഹൃത്തുകളൊത്തുപോരി-
ലെൻഗാണ്ഡീവം കണകളാൽ പൊടിയാക്കുമുഗ്രം.''
എന്നതിൽനിന്നു വളരെ മെച്ചമായിട്ടൊന്നും ഒരു ഭാഷാനുവാദകൻ ആഗര്‍ജ്ജിതം പ്രതിധ്വനിപ്പിക്കുവാൻ കഴിയുന്നതല്ല. ആ വിഷയത്തിൽ ശാസ്ത്രികളെ ആരും അപവദിക്കുകയുമില്ല. സ്വല്പം കൂടി മനസ്സിരുത്തുകയും ഭാഷാകവിതയിൽ പരിശീലനംചെയ്കയും ചെയ്തതിനുമേൽ ഈ തർജ്ജിമ കൈയേറ്റിരുന്നാൽ ഇതിൽ എത്രയോ അധികം ഭങ്ഗിയായി ഈ കൃത്യം ശാസ്ത്രികൾക്കു നിർവ്വഹിക്കാമായിരുന്നു.
ഇത്രയും ഉപന്യസിച്ചതിൽനിന്നു ശാസ്ത്രികളുടെ അഭിനന്ദനീയമായ ഈ സദ്വ്യവസായത്തെ ഞാൻ വേണ്ടവിധത്തിൽ ആദരിക്കുന്നില്ലെന്നു് ആര്‍ക്കും തോന്നിപ്പോകരുത്. ബാലഭാരതത്തിന്റെ ഒരു ഭാഷാനുവാദം ഇപ്പോഴെങ്കിലും കൈരളിയ്ക്കും ലബ്‌ധമായത് ഒരു വലിയ അനുഗ്രഹമാണു് അതിനു കാരണഭൂതനായ ശാസ്ത്രികളെ എത്രതന്നെ അനുമോദിച്ചാലും അത് ഒട്ടും അധികമായെന്നു വരുന്നതല്ല. മൂലഗ്രന്ഥത്തിന്റെ ഗുണപൌഷ്ക്കല്യം ഒട്ടൊക്കെ സംസ്കൃതാനഭിജ്ഞന്മാരായ കേരളീയര്‍ക്കു് ഈ തര്‍ജ്ജിമയിൽനിന്നു മനസ്സിലാക്കുവാൻ കഴിയും അഥവാ 'സദ്വസ്തുപുരുഷ ബഹുമാനാൽ' എന്നല്ലേ കാളിദാസൻകൂടിയും വിക്രമോർവ്വശീയത്തിൽ പറയുന്നതു്? മഹാഭാരതം ഇതിവൃത്തം; പുനവും മേല്പത്തൂരും ആശ്രയിച്ച അഗസ്ത്യഭട്ടന്റെ വാഗ്ഗുംഭം; അങ്ങിങ്ങു ഭാഷാവിഷയകമായി ചില ന്യൂനതകൾ ഉണ്ടെങ്കിൽ ഇരുന്നുകൊള്ളട്ടെ; വല്ലപ്പോഴും കൊണ്ടേക്കാവുന്ന ഒരു മുള്ളിനെപ്പേടിച്ചു പനിനീർ പൂവിറുക്കുവാൻ മടിക്കുന്ന യുവാക്കന്മാരുണ്ടെങ്കിൽ അവരോടു് ഏതു രസികനാണു് അസൂയ തോന്നാവുന്നത്! ഭാഷാ ബാലഭാരതം, അതു് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന നിലയ്ക്കുതന്നെ വായനക്കാരെ ആനന്ദസാഗരത്തിൽ ആറാടിക്കുന്നതിനു ധാരാളം പര്യാപ്തമാകുന്നു. തെളിഞ്ഞ പണ്ഡിതനും തികഞ്ഞ വ്യവസായിയുമായ എന്റെ സ്റ്റേഹിതനിൽനിന്നു് കൈരളി ഇനിയും പല സാഹിത്യോപഹാരങ്ങളേയും ന്യായമായി പ്രതീക്ഷിക്കുന്നു.
൧൧൦൪