വേദഭാഷ്യകാരനായ സായണാചാര്യരെപ്പറ്റി എന്റെ മാന്യസ്നേഹിതനായ ശ്രീമാൻ കെ. വി. എം. എഴുതിയ ഉപന്യാസം വായിച്ചപ്പോൾ ആ മഹാനുഭാവനെ സംബന്ധിച്ചുള്ള ചില പുതിയ വിവരങ്ങൾകൂടി മംഗളോദയവായനക്കാരെ ഗ്രഹിപ്പിച്ചാൽ കൊള്ളാമെന്നു് എനിക്കു തോന്നി. ഈ വിവരങ്ങളിൽ ചിലതെല്ലാം മൈസൂർ രാജ്യത്തിലെ പുരാണവസ്തുസംരക്ഷകനായ റാവുബഹദൂർ ആർ. നരസിംഹാചാര്യർ എം. ഏ. ആദ്യമായി കണ്ടുപിടിച്ചിട്ടുള്ളതാണു്.
സായണാചാര്യരുടെ പിതാവു മായണാനും മാതാവു ശ്രീമതിയും ആയിരുന്നു. "മായണൻ" എന്നതു "മായണ്ണാ" എനാ ആന്ധ്രപദത്തിന്റെ സംസ്കൃതരൂപമാണു്. "മായണ്ണാ" "മാതണ്ണാ” എന്നതിന്റെ രൂപഭേദവും "മാതണ്ണാ” എന്ന പദത്തിനു പൂജ്യനായ മാധവൻ എന്നര്‍ത്ഥവുമാകുന്നു. ശ്രീമതീമാധവന്മാർക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. പുത്രന്മാരിൽ ജ്യേഷ്ഠൻ മാധവാചാര്യരും രണ്ടാമൻ സായണാചാര്യരും മൂന്നാമൻ ഭോഗനാഥനുമായിരുന്നു. സഹോദരിയുടെ പേർ "സിംഗളൈ" എന്നത്രെ. ഈ വസ്തുതകൾ മാധവാചാര്യരുടെ പരാശരമാധവീയത്തിലേ,
"ശ്രീമതി യസ്യ ജനനീ സുകീർത്തിമ്മായണഃ പിതാ"
ഇത്യാദി പദ്യത്തിൽനിന്നു മാത്രമല്ല, സായണാചാര്യരുടെ അലങ്കാരസുധാനിധിയിലേ
"മഹേന്ദ്രവന്മാനനീയോ മന്ത്രീ മായണസായണഃ"
"മന്ത്രണേഷു കൃതചാരമണ്ഡലസ്സായണോ ജയതി മായണാത്മജഃ" "ഇതിശ്രീമൽ ബുക്കരാജപ്രഥമ ദേശികമാധവാചാര്യാനുജന്മനഃ ശ്രീമൽ സംഗമരാജസകലരാജ്യധുരന്ധരസ്യ സകലവിദ്യാനിദാനഭൂതസ്യ ഭോഗനാഥാഗ്രജന്മനഃ ശ്രീമൽസായണാചാര്യസ്യ കൃതൌ"
എന്നും സുഭാഷിതസുധാനിധിയിലേ,
"ഭാരദ്വാജാന്വയഭൂവാ തേന സായണമന്ത്രിണാ
വ്യരച്യത വിശിഷ്ടാര്‍ത്ഥസുഭാഷിതസുധാനിധിഃ"
"ഇതി ശ്രീകമ്പരാജമഹാപ്രധാന
ഭരദ്വാജവംശമൌക്തിക മായണരത്നാകരസുധാകര മാധവകല്പതരുസഹോദര സായണാചാര്യവിരചിതേ" എന്നും, പ്രായശ്ചിത്തസുധാനിധിയിലേ (സംഗമന്റെ)
"തസ്യ മന്ത്രിശിരോരത്ന-
മസ്തി മായണസായണഃ.''
"തേന മായണപുത്രേണ
സായണേന മനീഷിണാ
ഗ്രന്ഥഃ കര്‍മ്മവിപാകാഖ്യഃ
ക്രിയതേ കരുണാവതി.""
"ഇതി മാധവഭോഗനാഥസഹോദരസ്യ മായണനന്ദനസ്യ സായണാചാര്യസ്യ കൃതൌ" എന്നും, യജ്ഞതന്ത്രസുധാനിധിയിലേ
"തസ്യ (സംഗമന്റെ) ഭൂദന്വയഗുരു-
സ്തത്വസിദ്ധാന്തദർശകഃ
സര്‍വ്വജ്ഞസ്സായണാചാര്യോ
മായണായ്യതനൂദ്ഭവഃ
ഉപേന്ദ്രസ്യേവ യസ്യാസീ-
ദിന്ദ്രസ്സുമനസാം പ്രിയഃ
മഹാക്രതൂനാമാഹര്‍ത്താ
മാധവാര്യസഹോദരഃ.''
എന്നും, ധാതുവൃത്തിയിലേ
"അസ്തി ശ്രീസംഗമക്ഷ്മാപഃ പൃത്ഥ്വീതലപുരന്ദരഃ
തസ്യ മന്ത്രിശിരോരത്നമസ്തി മായണസായണഃ
തേന മായണപുത്രേണ സായണേന മനീഷിണാ
ആഖ്യയാ മാധവീയേയം ധാതുവൃത്തിവിരച്യതേ."
എന്നും ഉള്ള ഭാഗങ്ങളിൽ നിന്നും വിശദമാകുന്നു. സിംഗളേയുടെ പുത്രനായ ലക്ഷ്മീധരൻ പ്രഥമദേവരായമഹാരാജാവിന്റെ മന്ത്രിയായിരുന്നു.
സായണാചാര്യർ വിജയനഗരത്തിലെ നാലു രാജാക്കന്മാര്‍ക്കു മന്ത്രിയായിരുന്നതായി അദ്ദേഹത്തിന്റെ കൃതികളിൽനിന്നു കാണുന്നു. ഇവർ കബണനും, ദ്വിതീയസംഗമാനും, പ്രഥമബുക്കനും, ദ്വിതീയഹരിഹരനുമാണു്. ഈ രാജാക്കന്മാരുടെ വംശാവലി താഴെ ചേർത്തുകൊള്ളുന്നു.
പ്രഥമസംഗമന്‍
പ്രഥമഹരിഹരൻ കമ്പണൻ പ്രഥമബുക്കൻ മാരപ്പൻ മുഡ്ഡപ്പൻ
ദ്വിതിയസംഗമൻ ദ്വിതീയഹരിഹരൻ
ദ്വിതിയബുക്കൻ പ്രഥമദേവരായൻ
സുഭാഷിതസുധാനിധിയിൽ കമ്പണരാജന്റെ മഹാപ്രധാനനെന്നും,
പ്രായശ്ചിത്തസുധാനിധി, യജ്ഞതന്ത്രസുധാനിധി, ധാതുവൃത്തി ഇവയിൽ ദ്വിതീയസംഗമന്റെ മന്ത്രിയെന്നും, അലങ്കാരസുധാനിധിയിൽ ബുക്കരാജൻെറ പ്രഥമഗുരുവായ മാധവാചാര്യരുടെ അനുജനെന്നും സംഗമരാജന്റെ സകലരാജ്യധുരന്ധരനെന്നും, വേദാർത്ഥപ്രകാശിക (വേദഭാഷ്യം) യിൽ ബുക്കമഹാരാജാവിന്റെ സാമ്രാജ്യധുരന്ധരനെന്നും ശതപഥതൈത്തിരീയാദി ബ്രാഹ്മണഭാഷ്യങ്ങളിൽ ഹരിഹരമഹാരാജാവിന്റെ മന്ത്രിയെന്നും സായണൻ തന്നെപ്പറ്റി പ്രസ്താവിക്കുന്നു. പ്രഥമഹരിഹരമഹാരാജാവു ക്രി. പി. ൧൩൪മ്പ -ൽ മരിച്ചു എന്നും ൧൩൪ർ മുതൽ ൧൩൫൬ വരെ കമ്പണൻ രാജ്യഭാരം ചെയ്തു എന്നും അതിൽപിന്നീടു അദ്ദേഹത്തിന്റെ സീമന്തപുത്രനായ ദ്വിതീയസംഗമൻ രാജാവായി എന്നും ഉടൻതന്നെ അദ്ദേഹത്തെ ജയിച്ചു പ്രഥമബുക്കൻ രാജ്യഭാരമാരംഭിച്ചു എന്നും പ്രഥമബുക്കൻ ൧൩൭൯-ൽ മരിച്ചതിനുമേൽ ദ്വിതീയഹരിഹരൻ രാജാവായിഎന്നും ആ ഹരിഹരന്റെ രാജ്യഭാരം ൧൩൯ൻ-ൽ അവസാനിച്ചു എന്നും വിജയനഗരചരിത്രകാരനായ സ്യൂവൽസായിപ്പ് അനുമാനിക്കുന്നു. ഈ അനുമാനങ്ങൾക്കുള്ള അടിസ്ഥാനം ബലഹീനമാണു്. ശൃംഗേരിയിലെ ഒരു ശാസനത്തിൽ നിന്നു പ്രഥമഹരിഹരൻ ക്രി. പി. ൧൩൪൬-ൽ ജീവിച്ചിരുന്നതായും അദ്ദേഹവും തന്റെ നാലു സഹോദരന്മാരും ഒന്നുചേന്നു ഭാരതീതീര്‍ത്ഥൻ എന്ന ഗുരുവിനു ഭൂമിദാനം ചെയ്തതായും കാണുന്നു.
ഈ സഹോദരന്മാർ വിജയനഗരമഹാരാജ്യത്തെ അവരുടെ പൊതുസ്വത്തായി ഗണിച്ചുവന്നു എന്നുള്ളതിനു പല ലക്ഷ്യങ്ങളുമുണ്ട്. തലസ്ഥാനത്തിലിരുന്നു മൂത്തസഹോദരൻ രാജ്യഭാരം ചെയ്യുകയും പ്രാന്തപ്രദേശങ്ങളുടെ ആധിപത്യം ഇതരസഹോദരന്മാർ സ്വകരിക്കുകയും ആണു് ഉണ്ടായതു്. ക്രി. പി. ൧൩൪൭-ൽ മറ്റൊരു സഹോദരനായ മാരപ്പന്റെ വകയായി ഒരു ശാസനം കാണുന്നുണ്ടു്.
അതിൽ:-
"കല്ലാസനാന്മാരപഭൂമിപാല-
സംപ്രാപ്യ രാജ്യം ദിശി പശ്ചിമായാം
ഗോമന്തശൈലേ വരചന്ദ്രഗുപ്തൌ
സ്ഥിത്വാ സുഖം സമ്യഗപാലയിൽ പ്രജാഃ"
എന്നു പ്രസ്താവിച്ചിരിക്കുന്നു. ഇതുപോലെ ഒരു ഖണ്ഡമണ്ഡലാധിപത്യം മാത്രമല്ലയോ കമ്പണാനുണ്ടായിരുന്നതു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സായണൻ കമ്പണന്റെ മന്ത്രിയായിരുന്നു. സുഭാഷിതസുധാനിധിയിൽ പൂര്‍വപശ്ചിമസമുദ്രാധീശനെന്നും, ധാതുവൃത്തിയിൽ പൂര്‍വദക്ഷിണപശ്ചിമസമുദ്രാധീശ്വരനെന്നും സായണൻ കമ്പണനെ പ്രശംസിച്ചിട്ടുണ്ടെന്നുള്ള സംഗതി ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ അതു ഭാഗവതം ഷഷ്ഠസ്കന്ധത്തിൽ യമധര്‍മ്മരാജാവിനോടു ദൂതന്മാർ -
"കിന്തു ശാസ്ത്രൃ ബഹുത്വേ സ്യാൽ
ബഹുനാമിഹ കര്‍മ്മിണാം?
ശാസതൃത്വമുപചാരോ ഹി
മഹാമണ്ഡലവര്‍ത്തിനാം.”
എന്നു പറഞ്ഞമാതിരിയിലുള്ളതെന്നൂഹിപ്പാനാണു് അധികം ന്യായം കാണുന്നതു്. ഇതിനിടയിൽ കമ്പണൻ സേതുവരെ ദ്വിഗ്വിജയം ചെയ്തു എന്നുള്ളവസ്തുത ഞാൻ വിസ്മരിക്കുന്നില്ല. ഒരു ശാസനത്തിൽ അഥവാ ദ്വിതീയസംഗമൻ
"തസ്മാദുദഭവൻ പഞ്ച
തനയാ ശൌര്യശാലിനഃ
കല്പാവനിരുഹാഃ പൂര്‍വ-
കലശാംബുനിധേരിവ.
ആദൌ ഹരിഹരക്ഷ്മാഭൃ-
ദഥ കമ്പമഹീപതിഃ
തതോ ബുക്കമഹീപാല-
സ്തസ്മാന്മാരമുഡ്ഡപൌ.
തത്ര രാജാ ഹരിഹരോ
ധരണീമശിഷച്ചിരം
സുത്രാമസദൃശോ യേന
സുരത്രാണഃ പരാജിതഃ
തസ്യാനുജശ്ചിരമശാൽ
ധാത്രീം കമ്പണഭൂപതിഃ
യഥാര്‍ത്ഥമഭജന്നാമ
യസ്യ കമ്പയിതുർദ്വിഷാം.
ജയന്ത ഇവ ജംഭാരേഃ
പ്രദ്യുമ്ന ഇവ ശാർങ്ഗിണഃ
തനയസ്സമഭൂദ്ധീര-
സ്തസ്യ സംഗമഭൂധരഃ"
എന്നു പറഞ്ഞിട്ടുള്ളതുപോലെ കമ്പണൻ രാജാവായി രാജ്യപരിപാലനംചെയ്തു എന്നു വിചാരിച്ചാൽ കൂടിയും അന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി വാസ്തവത്തിൽ പ്രജാരക്ഷ ചെയ്തുകൊണ്ടിരുന്നത് വീരബുക്കനാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ല.
ഹരിഹരന്റെ മരണാനന്തരം ബുക്കൻതന്നെ രാജ്യഭാരമാരംഭിച്ചതായിട്ടാണു് പോര്‍ത്തുഗീസുചരിത്രകാരന്മാർ പറയുന്നതു്. ഈ സ്ഥിതിക്കു ദ്വിതീയസംഗമൻ ഒരിക്കലും വിജയനഗരസാമ്രാജ്യത്തിന്റെ ആധിപത്യം സ്വീകരിച്ചു എന്നൂഹിക്കുവാൻ മാര്‍ഗ്ഗം കാണുന്നില്ല. അച്ഛന്റെ മരണാനന്തരം അദ്ദേഹത്തിന്റെ വകയായ പ്രാന്തപ്രദേശങ്ങൾക്കു മകൻ അധിപതിയായി എന്നു മാത്രമേ എനിക്കു തോന്നുന്നുള്ള. സുഭാഷിതസുധാനിധി കമ്പണന്റെ കാലത്താണു് നിര്‍മ്മിച്ചത്. സംഗമന്റെ ശൈശവത്തിൽ തന്നെ കമ്പണൻ മരിച്ചുവെന്നും അക്കാലത്തു സംഗമന്റെ പ്രതിനിധിയായി രാജ്യഭാരം ചെയ്തതു സായണൻതന്നെയായിരുന്നുവെന്നും അലങ്കാരസുധാനിധിയിലെ താഴെ കാണുന്ന ഭാഗങ്ങളിൽ നിന്നൂഹിക്കാവുന്നതാണു്.
"സംഗമേന്ദ്രനരേന്ദ്ര! ത്വ-
ര്യകൃതാസ്യപരിഗ്രഹേ
വിധായോർവീധുരമഗാൽ
സ്വാരാജ്യം കമ്പണഃ കഥം?"
"സായണസചിവായത്തം
സംഗമരാജസ്യ പശ്യ രാജ്യമിദം.”
"ശൌര്യോച്ഛംഖലസംഗമേശ്വരമഹാ-
സാമ്രാജ്യസമ്പാദന-
പ്രോദ്യൽസായണമന്ത്രിവര്യരഭസ-
ക്ഷുണ്ണക്ഷമാസമ്പദാം
ഗൂഢം കാനനഗഹ്വരേഷു ചരതാ-
മസ്മാകമത്യുന്നതൈ-
രേഭിഃ കിം ഘനഗർജ്ജിതൈര്‍മ്മദനതൈഃ
കിം വാ സഹൈതൈർഹൈഃ?"
സംഗമന്റെ വിദ്യോപദേഷ്ടാവും സായണൻ തന്നെയായിരുന്നു എന്നുള്ളതിനു യജ്ഞതന്ത്രസുധാനിധിയിലേ
"തസ്യാഭൂദന്വയഗുരു-
സ്തത്വസിദ്ധാന്തദർശകഃ"
ഇത്യാദി പദ്യം മാത്രമല്ല, അലങ്കാരസുധാനിധിയിലേ
"ബാല്യേപി പ്രതിബോധയസ്യവഹിതം
ശ്രീസംഗമക്ഷ്മാപതിം
ബോധൈകാസ്പദസായണാര്യഭഗവ-
ദ്വ്യാസാവതാരഃ ... ..."
"ആന്വീക്ഷിക്യാമധികവിഹൃതൌ
ഹര്‍ഷശോകവ്യുദാസേ
മാര്‍ഗ്ഗോല്ലേഖം വിദധതി നൃണാം
മാനവേ ധര്‍മ്മശാസ്ത്രേ
സമ്യക് ശിക്ഷാം സചിവഗമിതഃ
ശൈശവേ സായണാര്യ!
പ്രൌഢിം ഗാഢാം പ്രകടയതി തേ
സംഗമേന്ദ്രഃ പ്രയോഗേ."
ഇത്യാദിപദ്യങ്ങളും ലക്ഷ്യങ്ങളാണു്. സംഗമൻ രാജ്യഭാരം ആരംഭിച്ചപ്പോൾ സായണൻ അദ്ദേഹത്തിന്റെ മന്ത്രിയായി. ബുക്കൻ സാമ്രാജ്യാധിപതിയായിരുന്ന കാലത്തുതന്നെ സംഗമൻ ഖണ്ഡമണ്ഡലാധിപത്യമുണ്ടായിരുന്നു എന്നു് അലങ്കാരസുധാനിധിയിൽനിന്നു കാണാവുന്നതാണു്. സായണൻ പേനകൊണ്ടെന്നപോലെ സേനകൊണ്ടും യശസ്സ നേടിയിരുന്നു. മദ്ധ്യകാലങ്ങളിൽ പ്രസിദ്ധന്മാരായ അനേകം ബ്രാഹ്മണസേനാനികൾ ഉണ്ടായിരുന്നതിൽ നമ്മുടെ ഈ പണ്ഡിതസാര്‍വ്വഭൌമൻ ഒട്ടും അപ്രധാനനല്ലായിരുന്നു. ഈ തത്വത്തെ അലങ്കാരസുധാനിധിയിലുള്ള താഴെക്കാണുന്ന പദ്യങ്ങൾ തെളിയിക്കുന്നു.
"അമും ശമിതശാത്രവസ്ഥിരഭുജാവലേപോദയം
സമീക്ഷ്യ യുധി സായണം സമധികോ ഭവേദ്വിസ്മയഃ
നഖാഗ്രഹതവൈരിണോ നരഹരേര്‍ഹരസ്യാഥവാ
നവാംബുജദലോല്ലസന്നയനമാത്രദഗ്ദ്ധദ്വിഷഃ''
"ജഗദ്വീരസ്യ ജാഗര്‍ത്തി
കൃപാണസ്സായണപ്രഭോഃ
കിമിത്യേതേ വൃഥാടോപാ
ഗജ്ജന്തി പരിപന്ഥിനഃ"
"ആകർണ്യ യാത്രാപടഹപ്രണാദാ-
നപോഢനിദ്രൈസ്തവ സായണാര്യ!
അരണ്യസിംഹൈരരിഭൂപതീനാ-
മാഹന്യതേ ചിത്രഗതോപി ഹസ്തീ."
"സമരേ സപത്നസൈന്യം
സായണ! തവ ബിംബിതം വഹൻ ഖഡ്ഗം
ക്രീഡതി കൈടഭരിപുരിവ
ബിഭ്രൽക്രോഡേ ജഗത്ത്രയം ജലധൌ."
ഇതുകൂടാതെ ചോളരാജാവായ വീരചമ്പനെ സായണൻ യുദ്ധത്തിൽ ജയിച്ചു എന്നും ആ ഗ്രന്ഥത്തിൽ പറഞ്ഞുകാണുന്നുണ്ട്.
"ദിഷ്ട്യാ ദൌഷ്ടികഭാവസംഭൃതമഹാ
സമ്പദ്വിശേഷോദയം
ജിത്വാ ചമ്പനരേന്ദ്രമൂര്‍ജ്ജിതയശാഃ
പ്രത്യാഗതഃ സായണഃ"
എന്ന ഭാഗം നോക്കുക. അലങ്കാരസുധാനിധിയിൽ ഭാമഹൻ, ഉദ്ഭടൻ, കുന്തകൻ, ഭട്ടനായകൻ, വാമനൻ, രുദ്രടൻ, ആനന്ദവര്‍ദ്ധനൻ, അഭിനവഗുപ്തപാദൻ, ഭോജൻ, മഹിമഭട്ടൻ മുതലായ പല പ്രാചീനാലങ്കാരികന്മാരുടെ മതങ്ങളെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു് .
സംഗമരാജാവിന്റെ പ്രധാനമന്ത്രിയായിരുന്നകാലത്തു തന്നെയാണു് സുപ്രസിദ്ധമായ ധാതുവൃത്തി നിര്‍മ്മിച്ചത്. അതിൽ കവി തന്റെ വീര്യം, വദാന്യത മുതലായ സൽഗുണങ്ങളെ താഴെക്കാണുന്ന വിധത്തിൽ വര്‍ണ്ണിച്ചിരിക്കുന്നു.
"തസ്യ മന്ത്രിശിരോരത്ന-മ
സ്തി മായണസായണഃ
യഃ ഖ്യാതിം രത്നഗര്‍ഭേതി
യഥാർത്ഥയതി പാര്‍ത്ഥിവീം
നിത്യോന്മീലിതദാനവാരിരധികം നിർദ്ധൂതപങ്കോദയോ
ദൂരാപാസ്തഹരീശലംഘനവിധിര്‍ഭംഗപ്രസംഗോത്ഥിതഃ
ക്ഷ്മാഭൃൽക്ഷോഭകൃതിക്ഷമഃ ക്ഷണികയൻ ദോഷാകരോൽഘോഷണാ-
മാനന്ദായ ചകാസ്തി യസ്ത്രിജഗതാമാശ്ചര്യരത്നാകരൻ.
യൽകീര്‍ത്തൌ ജാഹ്നവിസ്ഫൂര്‍ത്തൌ
കീര്‍ത്ത്യാ വിദ്വിഷതാമപി
കളിന്ദനന്ദിനീകാന്ത-
സ്പര്‍ദ്ധയേവ പ്രപദ്യതേ.
യേന നിര്‍മ്മീയതേ നിത്യം
ധനൈരായോധനൈരപി
ശ്രേയസേ യശസേ ദാനം
വിദുഷാം വിദ്വിഷാമപി.
ന ധ്യാനം ന വ്രതം നാര്‍ച്ചാ
ന സമാധിര്‍ന്ന വാ ജപഃ
മന്ത്രസിദ്ധം ബലം യസ്യ
മതിരേവ മഹീയസി.
സുധാതുവൃത്തിര്‍വിഹിതാ ബുധാനാം
ശ്രീവത്സചിഹ്നേന കൃതേ ഹി നാകേ
സുധാതുവൃത്തിര്‍വിഹിതാ ബുധാനാം
ശ്രീകുണ്ഡിനാര്യേണ കലാവപീഹ."
ബുക്കമഹാരാജാവിന്റെ കാലത്തു് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പുരുഷാർത്ഥസുധാനിധിയും വേദാർത്ഥപ്രകാശികയും നിര്‍മ്മിച്ചത്. താഴെക്കാണുന്ന ഭാഗം പുരുഷാര്‍ത്ഥസുധാനിധിയിലുള്ളതാണു്. അതിൽനിന്നു ബുക്കൻ ആവിധത്തിലൊരു ഗ്രന്ഥനിമ്മാണത്തിനു സായണന്റെ ജ്യേഷ്ഠസഹോദരനായ മാധവാചാര്യരോടാവശ്യപ്പെട്ടതായും, മാധവാചാര്യരുടെ ഉപദേശപ്രകാരം സായണനെക്കൊണ്ടു് ആ കൃത്യം നിർവ്വഹിച്ചതായും, വെളിവാകുന്നു.
ഇന്ദ്രസ്യാംഗിരസോ നളസ്യ സുമതി-
ശ്ശൈബ്യസ്യ മേധാതിഥിര്‍-
ദ്ധൌമ്യോ ധര്‍മ്മസുതസ്യ വൈദ്യനൃപതേ-
സ്സ്വൌജാ നിമേര്‍ഗ്ഗൌതമഃ
പ്രത്യഗ്‍ദൃഷ്ടിരരുന്ധതീനസഹചരോ
രാമസ്യ പുണ്യാത്മനോ
യദ്വത്തസ്യ (ബുക്കനു) വിഭോരഭൂൽ കുലഗുരുര്‍-
മ്മന്ത്രീ യഥാ മാധവൻ.
തം സര്‍വ്വവിദ്യാനിലയം
തത്വവിൽ ബുക്കഭൂപതിം
സൽകഥാകൌതുകീ പശ്ചാ-
ദപൃച്ഛദ്രാജശേഖരഃ
"ശ്രുതാനി ത്വന്മുഖാദേവ
ശാസ്ത്രാണി വിവിധാനി ച
പുരാണോപപുരാണാനി
ഭാരതം ച മഹാമതേ!
സര്‍വ്വാണ്യേതാനി വിപ്രേന്ദ്ര!
ഗഹനാന്യല്പമേധസാം
ജാതും ക്വചിന്നശക്യന്തേ
പുരുഷാര്‍ത്ഥാര്‍ത്ഥിനാമപി.
തസ്മാദാഖ്യാനരൂപാണി
സുഖോപായാനി സുവ്രത!
പുരുഷാർത്ഥോപയോഗീനി
വ്യാസവാക്യാനി മേ വദ
തസ്യ തദ്വചനം ശ്രുത്വാ
യുക്താർത്ഥം ബുക്കഭൂപതേഃ
പ്രശസ്യ തം മുദാ യൂക്തോ
മാധവഃ പ്രത്യഭാഷത.
'ശൃണു ത്വം ഭവ്യയാ ബുദ്ധ്യാ
വാചം മേ പുരുഷാര്‍ത്ഥദാം
അയം ഹി കൃതിനാമാദ്യ
സ്സായണാര്യോ മമാനുജഃ,
പുരാണോപപുരാണേഷു
പുരുഷാര്‍ത്ഥോപയോഗിനീഃ
ഉപദിഷ്ടാ മയാ രാജൻ
കഥാസ്തേ കഥയിഷ്യതി.
ഇതി പ്രസാദ്യ രാജാനം
സായണാര്യമുദൈക്ഷത;
സായണാര്യോഗ്രജേനോക്തഃ
പ്രാഹ ബുക്കമഹീപതിം.''
വേദാര്‍ത്ഥപ്രകാശികയുടെ ആവിർഭാവവും ഈ വിധത്തിൽ തന്നേയാണു്.
"യസ്യ നിശ്വസിതം വേദം
യോവേദേഭ്യോഖിലം ജഗൽ
നിവമ്മമേ തമഹം വന്ദേ
വിദ്യാതീര്‍ത്ഥമഹേശ്വരം.
തൽകടാക്ഷേണ തദ്രൂപം
ദധദ് ബുക്കമഹീപതം
ആദിശന്മാധവാചാര്യം
വേദാര്‍ത്ഥസ്യ പ്രകാശനേ.
യേ പൂര്‍വോത്തരമീമാംസേ
തേ വ്യാഖ്യായാതിസംഗ്രഹാൽ
കൃപാലുര്‍മ്മാധവാചാര്യോ
വേദാര്‍ത്ഥം വക്തുമുദ്യതഃ.
സചാഹ നൃപതിം 'രാജൻ!
സായണാര്യോ മമാനുജഃ
സര്‍വം വേത്യേഷ; വേദാനാം
വ്യാഖ്യാതൃത്വേ നിയുജ്യതാം.'
ഇത്യുക്തോ മാധവാര്യേണ
വീരബുക്കമഹീപതിഃ
അന്വശാൽ സായണാചാര്യം
വേദാര്‍ത്ഥസ്യ പ്രകാശനേ.
ആദ്ധ്വര്യവസ്യ യജ്ഞേഷു
പ്രാധാന്യാദ്വ്യാകൃതഃ പുരാ;
യജുര്‍വ്വേദോഥ പൌത്രാര്‍ത്ഥ-
മൃഗ്വേദോ വ്യാകരിഷ്യതി.''
മേൽകാണിച്ച പദ്യങ്ങളിൽനിന്നു മാധവാചാര്യരുടെ നിദേശമനുസരിച്ചാണ് സായണൻ ഋഗ്വേദഭാഷ്യം നിമ്മിച്ചതെന്നും അതിനു മുമ്പുതന്നെ യജുര്‍വ്വേദഭാഷ്യം നിമ്മിച്ചിരുന്നു എന്നും വെളിവാകുന്നുണ്ട്. സാമവേദഭാഷ്യവും അഥർവ്വവേദഭാഷ്യവും പിന്നീടാണുണ്ടാക്കിയതു്. അന്നു സായണാചാര്യർ ലോകാനുഗ്രഹാര്‍ത്ഥം ഇങ്ങനെ ഒരു സദ്വ്യവസായത്തിൽ ഏപ്പെട്ടിരുന്നില്ലെങ്കിൽ ഇന്നു് ഋഗ്വേദത്തിന്റെ അർത്ഥം ആര്‍ക്കും ഗ്രഹിക്കുന്നതിനു സംഗതിവരുന്നതല്ലായിരുന്നു. ഈ മഹാനുഭാവൻ തന്നെപ്പറ്റി ഭഗവദ്യാസാവതാരൻ എന്നു പ്രശംസിച്ചിരിക്കുന്നതിൽ എന്താണത്ഭുതം? വിജയനഗരസാമ്രാജ്യസ്ഥാപനത്തിൽനിന്നു ഭാരതഭൂമിക്കു സിദ്ധിച്ചിട്ടുള്ള അനവധി ഗുണങ്ങളിൽ പ്രാഥമ്യത്തെ വഹിക്കുന്നതു് ഈ വേദഭാഷ്യപ്രകാശനം തന്നെയാണെന്നാണു് എനിക്കു തോന്നീട്ടുള്ളതു്.
വേദഭാഷ്യത്തെ മാധവീയവേദാർത്ഥപ്രകാശമെന്നും, ധാതുവൃത്തിയെ മാധവീയധാതുവൃത്തിയെന്നും പറഞ്ഞുവരുന്നതിന്റെ രഹസ്യമെന്തെന്നാണ് ഇനി പരിശോധിക്കേണ്ടതു്.
"തേന മായണപുത്രേണ
സായണേന മനീഷിണാ
ആഖ്യയാ മാധവീയേയം
ധാതുവൃത്തിര്‍വ്വിരച്യതേ”
എന്നുംമറ്റും പറയുന്നതിന് എന്തെങ്കിലും തക്കതായ കാരണമുണ്ടായിരിക്കണം. ജ്യേഷ്ഠന്റെ പേരിലുള്ള ഭക്തിനിമിത്തമാണ് സായണൻ ഇങ്ങനെ ചെയ്തതെന്നു ചില പണ്ഡിതന്മാർ അനുമിക്കുന്നുണ്ടു്. സായണനു ജ്യേഷ്ഠന്റെ പേരിൽ അളവറ്റ ഭക്തിയുണ്ടായിരുന്നു എന്നുള്ളതു നിസ്സംശയംതന്നെ. അലങ്കാരസുധാനിധിയിൽ
"അനന്തഭോഗസംസക്തോ
ദ്വിജപുംഗവസേവിതഃ
സചിവഃ സർവ്വലോകാനാം
ത്രാതാ ജയതി മാധവഃ''
എന്നൊരു ശ്ലോകം കാണുന്നു. ഇതിൽ കവി ജ്യേഷ്ഠനെ വിഷ്ണുവിൽ നിന്നു് അഭിന്നനായി വര്‍ണ്ണിക്കുന്നു. "സുമനസാം പ്രിയഃ" "മഹാക്രതൂനാ മാഹര്‍ത്താ" "മാധവകല്പതരുഃ" മുതലായുള്ള പ്രശംസകളും നോക്കുക. എന്നാൽ ഇതുകൊണ്ടുമാത്രമാണ് മാധവീയപദം ധാതുവൃത്തിപ്രഭൂതികളായ കൃതികളോടു സംഘടിപ്പിക്കുവാനിടവന്നതു് എന്നു പറയുന്നതു ശരിയല്ല. മാധവാചാര്യരുടെ നിദേശമനുസരിച്ചു നിര്‍മ്മിച്ച കൃതികളെ മാത്രമേ കവി ആ പദംകൊണ്ടു നിർദ്ദേശിക്കുന്നുള്ളു. പുരുഷാര്‍ത്ഥസുധാനിധി മാധവീയമാണു് ; അലങ്കാരസുധാനിധിയും മറ്റും മാധവീയമല്ല. ധാതുവൃത്തിയിൽതന്നെ രണ്ടുഭാഗമുണ്ടു്. ധാതുപാഠത്തിൽ പഠിച്ചിട്ടുള്ള ധാതുക്കളുടെ വൃത്തി മാത്രമേ ആദ്യഭാഗത്തിലുള്ളു. ദ്വിതീയഭാഗത്തിന്റെ ആരംഭത്തിൽ ഗ്രന്ഥകാരൻ
"ധാതുപാഠേ നിവിഷ്ടാനാം
ധാതൂനാം യഃ പുരാ വ്യധാൽ
വിവൃതിം മാധവീയാഖ്യാം
ഭാഷ്യജ്ഞഹൃദയംഗമാം
തേന മായണപുത്രേണ
വ്യാഖ്യാ കാപി വിരച്യതേ
ധാതൂനാം പ്രത്യയാന്താനാം
ഗണസൂത്രജുഷാമപി."
എന്നും, അവസാനത്തിൽ (ഇതി സായണേന വിരചിതേയം പ്രത്യയാന്താ നാമ ധാതുവൃത്തിസ്സമാപ്താ" എന്നും പ്രസ്താവിക്കുന്നു. ദ്വിതീയഭാഗത്തിന്റെ മദ്ധ്യത്തിൽ “ചുരാദയോ മാധവീയായാം ധാതുവൃത്തൌ വ്യാഖ്യാതാഃ” എന്നു പറഞ്ഞുകാണുന്നു; ഇവയിൽനിന്നു നാം ധരിക്കേണ്ടതു പ്രഥമഭാഗത്തിനു മാത്രം മാധവീയമെന്നു നാമധേയമുള്ളു എന്നാണു്. ദ്വിതീയഭാഗം സായണൻ സ്വമേധയാ നിര്‍മ്മിക്കുകനിമിത്തം അതിന് ആ നാമം സിദ്ധിച്ചില്ല. ഈ തത്വം മനസ്സിലാക്കുവാൻ ഇടവരായ്ക നിമിത്തം മാധവനും സായണനം ഒരാൾതന്നെയാണു് എന്നു സമീപകാലംവരെ പണ്ഡിതന്മാർ വിശ്വസിച്ചിരുന്നു. ഇതാണ് മേല്പുത്തൂർ ഭട്ടതിരി ധാതുകാവ്യത്തിൽ
"ഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവന തദൂര്‍ദ്ധ്വതോ പരഃ
ഉദാഹരത്യദ്യ വൃകോദരോദിതാൻ
ധാതൂൻ ക്രമേണൈവ ഹി മാധവാശ്രയാൽ. "
എന്നും, വിശാഖം തിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു്
"മാധവമുഖ്യാ ഋതവോ;
മാധവമുഖ്യാശ്ച വേദഭാഷ്യകൃതഃ;
മാധവമുഖ്യാ ഋഭവോ;
മാധവമുഖ്യാശ്ച രാജ്യഭാരഭൃതഃ"
എന്നും ഉപന്യസിക്കുന്നതിനു കാരണം മാധവനും സായണനും രണ്ടുപേരാണെന്നു് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
മേൽ വിവരിച്ച കൃതികൾ കൂടാതെ സായണാചാര്യർ ആയുര്‍വേദസുധാനിധി എന്നൊരു വൈദ്യഗ്രന്ഥം കൂടി നിമ്മിച്ചിട്ടുണ്ട്. അലങ്കാരസുധാനിധിയിൽ ഇതിനെപ്പറ്റി
“ആയുവേദസുധാനിധിവ്യസനിഭിഃ
ശ്രീസായണാര്യോമിതം ഭൈഷജ്യം"
എന്നു പറഞ്ഞിരിക്കുന്നു.
മാധവാചാര്യര്‍ക്കു മൂന്നു ഗുരുക്കന്മാരുണ്ടായിരുന്നു എന്നു പരാശരമാധവീയത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
"സോയം പ്രാപ്യ വിവേകതീർത്ഥപദവീ-
മാമ്നായതീർത്ഥേ പരം
മജ്ജൻ മജ്ജനതീർത്ഥസംഗിനി പുനഃ
സദ്ഭക്തിതീർത്ഥേ പരം
ലബ്ധാമാകലയൻ പ്രഭാവലഹരീം
ശ്രീഭാരതീതീർത്ഥതോ
വിദ്യാതീര്‍ത്ഥമുപാശ്രയൻ ഹൃദി ഭജേ
ശ്രീകണ്ഠമവ്യാഹതം "
വിദ്യാതീര്‍ത്ഥൻ, ഭാരതിതീര്‍ത്ഥൻ, ശ്രീകണ്ഠൻ എന്നീ ഗുരുക്കന്മാരിൽ വിദാതീര്‍ത്ഥനും ശ്രീകണ്ഠനും സായണന്റെ ഗുരുക്കന്മാർ കൂടി ആയിരുന്നു എന്നു കാണുന്നു. പ്രധാനഗുരു വിദ്യാതീര്‍ത്ഥൻ തന്നെ ആയിരുന്നു എന്നുള്ളതു വേദഭാഷ്യത്തിന്റെ ഉപോൽഘാതത്തിലുള്ള 'യസ്യ നിശ്വസിതം' ഇത്യാദി പദ്യത്തിൽനിന്നു വെളിവാകും. ആ ഗുരുവിന്റെ മരണാനന്തരം അദ്ദേഹത്തിൻറെ ഒരു പ്രതിമ വിദ്യാശങ്കരനാമധേയത്തിൽ മാധവാചാര്യർ ശൃംഗേരിയിൽ സ്ഥാപിക്കുകയും, ആ പ്രതിമയ്ക്കു ക്രി.പി. ൧൩൭൯, ൧൩൯൨ ഈ വര്‍ഷങ്ങളിൽ വിജയനഗരമഹാരാജാക്കന്മാർ ചില ദാനങ്ങൾ ചെയ്കയും ചെയ്തിട്ടുണ്ട്. വീരബുക്കുമഹാരാജാവും വിദ്യാതീര്‍ത്ഥന്നെ ബഹുമാനിച്ചിരുന്നു എന്നു്
"ക്ഷോണീം സാഗരമേഖലാം സ കലയൻ
ഭ്രൂക്ഷേപമാത്രേ സ്ഥിതാം
വിദ്യാതീര്‍ത്ഥമുനേഃ കൃപാംബുധിശശീ
ഭോഗാവതാരോഭവൽ."
ഇത്യാദി ശാസനപദ്യത്തിൽനിന്നും വെളിവാകുന്നതാണു്.
വിദ്യാതീർത്ഥൻ പരമഹംസപരിവ്രാജകാചാര്യനായ പരമാത്മതീർത്ഥന്റെ ശിഷ്യനും രുദ്രപ്രശ്നഭാഷ്യത്തിന്റെ കര്‍ത്താവുമായിരുന്നു. അദ്ദേഹത്തെ മാധവാചാര്യർ അനുഭൂതിപ്രകാശികയിൽ
“അന്തഃ പ്രവിഷ്ടശ്ശാസ്തേതി യോന്തര്യാമിശ്രുതീരിതഃ
സോസ്മാൻ മുഖ്യഗുരുഃ പാതു വിദ്യാതീർത്ഥമഹേശ്വരഃ.''
എന്നു സ്തുതിക്കുന്നു. ഭാരതീതീർത്ഥനെപ്പറ്റി ജൈമിനീയന്യായമാലാവിസ്തരത്തിൽ മാധവൻ
"സ ഭവ്യാൽ ഭാരതീതീർത്ഥ-
യതീന്ദ്ര ചതുരാനനാൽ
കൃപാമവ്യാഹതാം ലബ്ധ്വാ
പരാദ്ധ്യ പ്രതിമോഭവൽ."
എന്നെഴുതിയിരിക്കുന്നു. ശ്രീകണ്ഠനു ശ്രീകണ്ഠനാഥനെന്നും പേരുണ്ടായിരുന്നു. അദ്ദേഹത്തെ പ്രാശംസിച്ചു ഭോഗനാഥൻ മഹാഗണപതിസ്തവത്തില്‍
"മന്ദാരശ്ച തരുഃ പരേപി തരവോ
മേരുശ്ച ശൈലഃപരേ-
പ്യാശ്ശൈലാഃ കമലാഗൃഹസ്ഥശയനം
ചാബ്‌ധി: പരേ പ്യബ്ധയഃ
ശ്രീകണ്ഠശ്ച ഗുരു പരേപി ഗുരവോ
ലോകത്രയേപ്യദ്ഭുതം
ഭക്താധീന! ഭവാംശ്ച ദൈവതമഹോ
സര്‍വേപ്യമീ ദേവതാഃ"
എന്ന ശ്ലോകം നിര്‍മ്മിച്ചിട്ടുള്ളതായിക്കാണുന്നു. ദ്വിതീയസംഗമന്റെ ബിദരകുണ്ഡം ദാനശാസത്തിനു കാരണഭൂതനും ഈ ശ്രീകണ്ഠനാഥൻതന്നെയാണു്
"ഇത്ഥം സര്‍വഗുണോപരഞ്ജനകലാ-
മീദൃഗ്വിധാമീയുഷ-
സ്തസ്യ ക്ഷോണിപതേരപാരയശസ-
സ്തതോപദേശക്രിയാം
കര്‍ത്തും കാമപിവാസനാമുപനയൻ
കാരുണ്യവാരാന്നിധിഃ
ശ്രീമാൻ സന്നിധിമാദധൽ പശുപതിഃ
ശ്രീകണ്ഠനാഥാത്മനാ
യൽപദാനതിമാത്രേണ
യതീനാം മുക്തിരന്തികേ
ക്രിയതേ തപസാ കിന്തു
കേവലം കായശോഷണം?
കൈവല്യപദവീദ്വാര
കവാടോൽഘാടകര്‍മ്മണി
കടാക്ഷാ കുഞ്ചികാ യസ്യ
കാംക്ഷതാം തത്ര നിർവൃതിം."
ഇത്യാദി പദ്യങ്ങളിൽ സംഗമന് അദ്ദേഹത്തിന്റെ പേരിലുള്ള ഭക്തിപാരവശ്യം അനുമിക്കാവുന്നതാണു്.
സായണനു മൂന്നു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേർ കമ്പണൻ, മായണൻ, ശിംഗണൻ ഇങ്ങനെയാണു്. കമ്പണൻ ഒരു ഗായകനും, മായണൻ കവിയും ശിംഗണൻ വേദജ്ഞനുമായിരുന്നു എന്നു് അലങ്കാരസുധാനിധിയിലുള്ള താഴെ കാണുന്ന ശ്ലോകത്തിൽനിന്നു സ്പഷ്ടമാകും.
"തത്സം വ്യഞ്ജയ കമ്പണ! വ്യസനിന
സ്സംഗീതശാസ്ത്രേ തവ
പ്രൌഢിം; മായണ! ഗദ്യപദ്യരചനാ
പാണ്ഡിത്യമുൻമുദ്രയ;
ശിക്ഷാം ദർശയ ശിംഗണ!ക്രമജടാ-
ചര്‍ച്ചാസു വേദേഷ്വിതി
സ്വാൻ പുത്രാനുപലാളയൻ ഗൃഹഗത-
സ്സമ്മോദതേ സായണഃ"
മൂത്തപുത്രന്റെ പേർ തന്റെ സ്വാമിയായ കമ്പണന്റേതുതന്നെയായിരുന്നു. രണ്ടാമത്തെ പുത്രനായ മായണൻ അഥവാ മാധവനാണു് സുപ്രസിദ്ധമായ സര്‍വ്വദർശനസംഗ്രഹത്തിന്റെ പ്രണേതാവു്. ഈ ഗ്രന്ഥം മധവാചാര്യരുടെ കൃതിയായിരിക്കുമെന്നുള്ള ഊഹം അസംബന്ധമാണ്. ശാങ്കരദർശനം സായണാചാര്യർതന്നെ രചിച്ചു. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ മാധവൻ സര്‍വദർശനസംഗ്രഹവും രചിച്ചു. അതിനാലാണു് ആ ഗ്രന്ഥത്തിൽ പാതഞ്ജലദർശനത്തെപ്പറ്റിയുള്ള വിവരണം കഴിഞ്ഞയുടൻ "ഇതഃപരം സര്‍വദർശനശിരോമണിഭൂതം ശാങ്കരദർശനമന്യത്ര നിരൂപിതമിത്യത്രോപേക്ഷിതം" എന്നു പറഞ്ഞുകാണുന്നതു്.
"ശ്രീമത്സായണദുഗ്ദ്ധാബ്ധി-
കൌസ്തുഭേന മഹൌജസാ
ക്രിയതേ മാധവാര്യേണ
സര്‍വദർശനസംഗ്രഹഃ."
എന്ന പദ്യവും ഈ അനുമാനത്തെത്തന്നെ സഹായിക്കുന്നു. ഈ മാധവന്റെ ഗുരുതന്നെ സര്‍വജ്ഞവിഷ്ണുഭട്ടോപാദ്ധ്യായനെന്ന പണ്ഡിതനായിരുന്നു എന്നുള്ളത്,
"പാരംഗതാ സകലദർശനസാഗരാണാ-
മാത്മോചിതാർത്ഥചരിതാർത്ഥിതസര്‍വലോകം
ശ്രീശാർങ്ഗപാണിതനയം നിഖിലാഗമജ്ഞം
സര്‍വജ്ഞവിഷ്ണുഗുരുമന്വഹമാശ്രദ്ധേഹം."
എന്ന പദത്തിൽനിന്നു വെളിവാകുന്നു.
ഇനി സായണാചാര്യരുടെ സഹോദരന്മാരെപ്പറ്റിക്കൂടി സ്വല്പം ഉപന്യസിക്കാം. സായണാചാര്യർ ഒരു യോദ്ധാവായിരുന്നു എങ്കിലും മാധവാചാര്യർ ആയുധവിദ്യയിൽ നിപുണനായിരുന്നു എന്നുള്ളതിനു യാതൊരു ലക്ഷ്യവുമില്ല. പ്രഥമബുക്കനു മാധവൻ എന്ന പേരിൽ ജഗദേകവീരനായും മഹാപണ്ഡിതനായും മറ്റൊരു മന്ത്രികൂടി ഉണ്ടായിരുന്നു. സാക്ഷാൽ മാധവാചാര്യർ ഭാരദ്വാജഗോത്രജനും ബോധായനസൂത്രാവലംബിയും യജുർവേദിയുമായിരുന്നുവല്ലോ. മറ്റെ മാധവമന്ത്രി ആംഗിരസഗോത്രജനും ചാമുണ്ഡഭട്ടന്റേയും മാചാംബികയുടേയും പുത്രനും കാശിവിലാസക്രിയാശക്തി എന്ന ശൈവസന്യാസിയുടെ ശിഷ്യനുമായിരുന്നു. ഇദ്ദേഹം ഗോകര്‍ണ്ണത്തിൽവച്ചു തുരുഷ്ണരെ യുദ്ധത്തിൽ ജയിച്ചതായി കാണുന്നു. ഈ മാധവമന്ത്രിയാണു് സൂതസംഹിതയ്ക്കു താൽപര്യദീപിക എന്ന വ്യാഖ്യാനം നിര്‍മ്മി ച്ചത്. നമുക്കു മാധവാചാര്യരുടെ ജീവചരിത്രമാണല്ലോ പ്രസ്തുയമാനമായിട്ടുള്ളതു്. മാധവാചാര്യർ തൊണ്ണൂറാമത്തെ വയസ്സിൽ ക്രി. പി. ൧൩൮൬-ൽ ദേഹവിയോഗംചെയ്തു. അദ്ദേഹം വൃ൫ വയസ്സു കഴിഞ്ഞതിനുമേലാണു് ദേവ്യപരാധസ്തോത്രമെഴുതിയതെന്നു താഴെക്കാണുന്ന പദത്തിൽനിന്നു ഗ്രഹിക്കാവുന്നതാണു്.
"പരിത്യക്താ ദേവ വിവിധപരിസേവാകുലതയാ
മയാ പഞ്ചാശീതേരധികമപനീതേ തു വയസി
ഇദാനീം ചേന്മാതസ്തവ യദി കൃപാ നാപി ഭവിതാ
നിരാലംബോ ലംബോദരജനനി! കം യാമി ശരണം?"
ഈ മാധവാചാര്യരാണു് മഹാപ്രസിദ്ധനായ വിദ്യാരണ്യസ്വാമികൾ; അല്ലാതെ സായണാചാര്യരല്ല. ഇതിനു പല ലക്ഷ്യങ്ങളുണ്ട്. നൃസിംഹസൂരി തിഥിപ്രദീപികയില്‍
"വിദ്യാരണ്യയതീന്ദ്രാദ്യൈര്‍-
ന്നിര്‍ണ്ണീതഃ കാലനിണ്ണയഃ"
എന്നു പറഞ്ഞിരിക്കുന്നു. കാലനിര്‍ണ്ണയകര്‍ത്താവു മാധവാചാര്യരാണെന്നുള്ളതു പ്രസിദ്ധമാണല്ലൊ. രംഗനാഥൻ വ്യാസസൂത്രവൃത്തിയിൽ
"വിദ്യാരണ്യകൃതൈഃ ശ്ലോകൈർ
നൃസിംഹാശ്രമസൂരിഭിഃ
സംദൃബ്ധാ വ്യാസസൂത്രാണാം
വൃത്തിർഭാഷ്യാനുസാരിണീ."
എന്നു പറഞ്ഞിരിക്കുന്നു. വൈയാസികന്യായമാലാവിസ്തരം മാധവാചാര്യരുടെ കൃതിയാണല്ലോ. പഞ്ചദശീപ്രകരണം ഭാരതതീർത്ഥനും മാധവാചാര്യരുംകൂടി നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. ആ ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവായ രാമകൃഷ്ണൻ
"നത്വാ ശ്രീഭാരതീതീര്‍ത്ഥ-
വിദ്യാരണ്യമുനീശ്വരൌ
മയാദ്വൈതവിവേകസ്യ
ക്രിയതേ പദയോജനാ."
എന്നു പറയുന്നു. ഭാരതീതീർത്ഥൻ മാധവന്റെ ഗുരുവാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ക്രി. പി. ൧൩൭൭-ൽ തന്നെ മാധവാചാര്യരെ ഒരു സന്യാസിയുടെനിലയിൽ നാം ശിലാശാസനങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നു.
ഋഗ്വേദഭാഷ്യം സായണാചാര്യർ നിർമ്മിച്ചതായി മുമ്പു പറഞ്ഞുവെങ്കിലും അതിൽ മറ്റനേകം പണ്ഡിതന്മാര്‍ക്കും പങ്കുണ്ടായിരുന്നതായി വിചാരിക്കുവാൻ ന്യായം കാണുന്നുണ്ട്; അതു് ഒരു വിദ്വാനെക്കൊണ്ടു മാത്രം നിര്‍വഹിക്കത്തക്ക പണിയായി തോന്നുന്നുമില്ല. ക്രി പി. ൧൩൮൬-ൽ ദ്വിതീയഹരിഹരന്റെ ഒരു ശാസനത്തിൽനിന്നു നാരായണവാജപേയയാജി, നാഹരിസോമയാജി, പാണ്ഡരിദീക്ഷിതർ ഈ മൂന്നു പണ്ഡിതന്മാരും വേദഭാഷ്യനിർമ്മാണത്തിൽ സായണനെ സഹായിച്ചിട്ടുള്ളതായി കാണുന്നു. മാധവാചാര്യർതന്നെ വേദഭാഷ്യധാതുവൃത്തിപ്രഭൂതിഗ്രന്ഥങ്ങളിൽ ഭാഗഭാക്കായിരുന്നതായി അഹോബലപണ്ഡിതനെന്ന ആന്ധ്റകവിയുടെ
"വേദാനാം ഭാഷ്യകര്‍ത്താ വിവൃതമുനിവചാ,
ധാതുവൃത്തേര്‍വ്വിധാതാ
പ്രോദ്യദ്വിദ്യാനഗയ്യാം ഹരിഹരനൃപതേ-
സ്സാർവഭൌമത്വദായീ
വാണീ നീലാഹിവേണി സരസിജനിലയാ
കിങ്കരീതി പ്രസിദ്ധാ
വിദ്യാരണോഗ്രഗണ്യോഽഭവദഖിലഗുരു-
ശ്ശങ്കരോ വീതശങ്കഃ"
എന്ന പദ്യത്തിൽനിന്നു പക്ഷേ ഊഹിക്കാം. എന്നാൽ ഇവിടെ കർതൃവിധാതൃപദങ്ങൾ ണിജർത്ഥത്തിൽ മാത്രം ഗ്രഹിക്കേണ്ടതാണെന്നാണു് എനിക്കു തോന്നുന്നത്. അതുപോലെതന്നെ ധാതുവൃത്തിയിൽ,
"യജ്ഞനാരായണാര്യേണ
പ്രക്രിയേയം പ്രപഞ്ചിതാ
അസ്യാ നിശ്ശേഷതഃ സന്തു
ബോദ്ധാരോ ഭാഷ്യപാരഗാഃ
അഥാപി ശിഷ്യബോധായ
പ്രക്രിയേയം പ്രപഞ്ചിതാ
യജ്ഞനാരായണാര്യേണ
ബുദ്ധ്യന്താം ഭാഷ്യപാരഗാഃ”
എന്നുംമറ്റും കാണുന്നതിൽനിന്നു യജ്ഞനാരായണനെന്നൊരു പണ്ഡിതൻ സായണനെ ആ ഗ്രന്ഥരചനയിൽ സഹായിച്ചിരിക്കണമെന്നു വരുന്നു. ജ്ഞനാരായണനെന്നതുതന്നെ സായണന്റെ നാമാന്തരമെന്നൂഹിക്കുന്ന പണ്ഡിതന്മാരുമുണ്ട്.
ഭോഗനാഥനും ഒരു മഹാവിശിഷ്ടനായ കവിയായിരുന്നു. ബിദരകുണ്ഡംശാസനത്തിൽ അദ്ദേഹം തന്നെ ദ്വിതീയസംഗമന്റെ നര്‍മ്മസചിവനെന്നു പറഞ്ഞിരിക്കുന്നു.
"ഇതി ഭോഗനാഥസുധിയാ
സംഗമഭൂപാലനർമ്മസചിവേന"
എന്ന ഭാഗം നോക്കുക. ഇതു അലങ്കാരസുധാനിധിയിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നും അനുമിക്കാവുന്നതാണു്.
"അന്യോന്യപ്രണയാപരാധനിഭൃത-
വ്യാപാരദീനാത്മനോർ-
ദ്ദേവീസംഗമയോഃ പരാങ്മുഖതയാ-
പ്യേകാസനേ തസ്ഥുഷോഃ
മദ്ധ്യേ സായണമന്ത്രിണാ ന ഭണിതം
ശ്രീഭോഗനാഥേന വാ
നോക്തം നർമ്മസഖിജനേന ച തദ-
പ്യന്യോന്യമുദ്വീക്ഷിതം.
ഭൂഭൃതസ്സംഗമേന്ദ്രസ്യ
ഭോഗനാഥസ്യ വാ കവേ
വാരണം വാരണോ വാഥ
ദ്വാരി പ്രവിശതാം ഹി യേ."
അലങ്കാരസുധാനിധിയിൽനിന്നു ഭോഗനാഥൻ രാമോല്ലാസം, ത്രിപുരവിജയം, ഉദാഹരണമാല, മഹാഗണപതിസ്തവം, ശൃംഗാരമഞ്ജരി, ഗൌരിനാഥാഷ്ടകം എന്നിങ്ങനെ ആറു ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചിട്ടുള്ളതായിക്കാണുന്നു. ഒരു ഘട്ടത്തിൽ സായണൻ "തേഷാമുദാഹരണാനി ഭോഗനാഥകാവ്യേഷു ദ്രഷ്ടവ്യാനി”എന്നു പറഞ്ഞിരിക്കുന്നു. സായണപ്രശസ്തിയായി ഈ ഉപന്യാസത്തിൽ അലങ്കാരസുധാനിധിയിൽനിന്നുദാഹരിച്ചിരിക്കുന്ന പദ്യങ്ങൾ എല്ലാം ഉദാഹരണമാലയിൽ ഉള്ളതാണു്. ഉദാഹരണമാല മുഴുവൻ സായണപ്രശസ്തിപരമായ ഒരു കൃതിയാണെന്നു കാണുന്നു. "മന്ദാരശ്ച തരുഃ" ഇത്യാദി പദ്യം മഹാഗണപതിസ്തവത്തിലുള്ളതാണെന്നു പറഞ്ഞുവല്ലോ. ഇതരഗ്രന്ഥങ്ങളിൽനിന്നു കൂടി മാതൃകയ്ക്കായി ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊള്ളുന്നു.
"ശിശിരേഷു ശിലാതലേഷു രാമ-
സ്തരുമൂലേഷു തലോദരീം ദരീഷു
സരസീഷു ച വിശ്രമയ്യ മുഗ്ദ്ധാം
പഥി പാഷാണിനി താം ശനൈരനൈഷീൽ" -രാമോല്ലാസം
"ഉപര്യധോരചിതമയശ്ച രാജതം
തയോർദ്വയോഃ കനകമയം ച മദ്ധ്യതഃ
പുരത്രയം ദഹനവിധേഃ പുരോപ്യഗാൽ
സധൂമതാം സദഹനതാം സഭസ്മതാം" -ത്രിപുരവിജയം
"ഈഷന്മ്യഷ്ടകുരംഗനാഭിതിലകൈ-
രിദ്ധാംബുഘര്‍മ്മോദയൈ-
വ്യക്തീഭൂതരദക്ഷതവ്യതികരൈര്‍-
വ്യാകീര്‍ണ്ണചൂര്‍ണ്ണാളകൈഃ
ശാമ്യൽകണ്ഡലതാണ്ഡവൈശ്ശശിമുഖീ-
വക്ത്രൈസ്തദാ വ്രീളിതൈ-
രംഭോവിഭ്രമദര്‍പ്പണൈര്‍ന്നിജഗദേ
സംഭോഗലീലാശ്രമഃ'' -ശൃംഗാരമഞ്ജരി
"കഷ്ടമായ പ്രസവായ ശാസ്ത്രപദവീ-
ശിഷ്ടായ കാംക്ഷാനല-
പ്ലുഷ്ടായ പ്രഥമാനമത്സരഗുണാ-
വിഷ്ടായ ദുഷ്ടാത്മനേ
രുഷ്ടമായ പ്രതിഷിദ്ധകാര്യഘടനാ-
തുഷ്ടമായ സൃഷ്ടാഗസേ
ഗൌരീനാഥ! ഗുണാധിനാഥ! ജനക!
പ്രീണാതു മഹ്യം ഭവാൻ" -ഗൗരീനാഥാഷ്ടകം
ഇങ്ങനെയുള്ള മൂന്നു പണ്ഡിതശിരോമണികളുടെ പിതാവാവാൻ യോഗമുണ്ടായ മായണൻതന്നെ മഹാഭാഗ്യവാൻ! സായണന്റെ ജനനം ഏതുവർഷത്തിലെന്നു കൢപ്തപ്പെടുത്തിട്ടില്ല. ആ മഹാപുരുഷൻ ക്രി: പി ൧൩൮൭-ൽ ദേഹവിയോഗം ചെയ്തു. സായണാചായര്യരുടെ യശസ്തംഭം ലോകാവസാനംവരെ അഭംഗുരമായി നിലനില്ക്കുന്നാതാണു്.
ഫാൻ൨ തുലാം