Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ സാഹിത്യപോഷണം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ സാഹിത്യപോഷണം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഒരു ഭാഷയുടെ ഉൽകര്‍ഷത്തെ തുലനം ചെയ്യേണ്ടതു് അതിന്റെ സാഹിത്യത്തെ ആസ്പദീകരിച്ചാണെന്നുള്ളതു സർവസമ്മതമാണല്ലൊ. ഈ മാനദണ്ഡംകൊണ്ടു പരിശോധിക്കുമ്പോൾ മലയാളത്തിനു ലേശവും ലജ്ജയ്ക്ക് അവകാശമുള്ളതായി തോന്നുന്നില്ല. കൃഷ്ണഗാഥയും നൈഷധചമ്പുവും ഇന്ദുലേഖയും കോമപ്പനും ഏതു ഭാഷയിലെഴുതപ്പെട്ടുവോ ആ ഭാഷ നിസ്സാരമല്ല. പുനംനമ്പൂരിയും തുഞ്ചത്തെഴുത്തച്ഛനും കുഞ്ചൻനമ്പിയാരും വെണ്മണി മഹൻനമ്പൂരിപ്പാടും ഏതു സാഹിത്യത്തെ പോഷിപ്പിച്ചുവോ ആ സാഹിത്യം ആദരണീയം തന്നെ. ഗുണ്ഡര്‍ത്തു സായിപ്പിന്റെ നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുള്ള രാമചരിതം പാട്ടിന്റെ നഷ്ടശിഷ്ടങ്ങളുടേയും കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രസിദ്ധീകരിക്കുന്ന ഭാരതതർജിമയുടെ പ്രഥമഭാഗങ്ങളുടേയും ഇടയിൽ കിടക്കുന്ന ഭാഷാസാഹിത്യഭൂമി വിസ്തൃതവും സുഭിക്ഷവും മനോഹരവും അല്ലെന്നു പറവാൻ ആര്‍ക്കു ധൈര്യംതോന്നും? അതിലെ പ്രധാന കര്‍ഷകന്മാരുടെ പ്രയത്നത്തെ അഭിനന്ദിക്കാതിരിക്കാൻ ആര്‍ക്കു കൃതഘ്നത ഉണ്ടാകും? അതിന്റെ ഭാവി ഐശ്വര്യവത്തും ഭാഗ്യഭൂയിഷ്ഠവുമല്ലെന്നു ജല്പിക്കുവാൻ ആര്‍ക്കു ധാർഷ്ട്യം വരും?


എന്നാൽ കേരളഭാഷയുടെ ഈ വിലവേറില്ലാത്ത സമ്പാദ്യം എല്ലാം ഒരു കാലത്തല്ലാത്തതുപോലെതന്നെ എല്ലാക്കാലങ്ങളിലും ഒന്നുപോലെ ഉണ്ടായിട്ടുള്ളതല്ല. കഴിഞ്ഞ ക്രൈസ്തവശതവര്‍ഷത്തിന്റെ ആരംഭത്തിൽ ഒരു പണ്ഡിതാഗ്രേസരനായിരുന്ന എല്ലിസ്സ് സായിപ്പ് മലയാളത്തെക്കുറിച്ചെഴുതിയ ഒരു പ്രസംഗത്തിൽ അതിനു സാഹിത്യമെന്നൊന്നില്ലെന്നു പ്രകടമായി പ്രസ്താവിച്ചിരിക്കുന്നു. നേരേമറിച്ച് നൂറുവര്‍ഷങ്ങൾക്കിപ്പുറം എന്റെ മയൂരസന്ദേശത്തിന്റെ ആംഗലഭാഷാതർജിമ വായിച്ചുനോക്കിയ വിദ്വന്മണി രമേശചന്ദ്രദത്തൻ സാഹിത്യദൃഷ്ട്യാ

 

പരിശോധിക്കുമ്പോൾ ഭാരതഖണ്ഡത്തിലെ പ്രധാന ഭാഷകൾ ബംഗാളി, ഹിന്ദി, ഗുജറാത്തി, മഹാരാഷ്ട്രി, മലയാളം, തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം എന്നീ എട്ടുമാണെന്നു നിർവിശങ്കം അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വല്പകാലംകൊണ്ടു ഭാഷയ്ക്കു രാത്രി വിട്ടു പകൽ എന്നതുപോലെയുള്ള ഈ വ്യത്യസ്തപദവി വരുവാൻ പല മഹാപുരുഷന്മാരും തീവ്രമായി പ്രയത്നിച്ചിട്ടുണ്ടു്. അവരാരെല്ലാമെന്നു് ഇവിടെ എടുത്തുപറയുന്നതു സാദ്ധ്യമല്ലെങ്കിലും അവരുടെയെല്ലാം മാഗ്ഗദർശിയും നേതാവുമായി കഴിഞ്ഞ നാല്പതിൽപരം സംവത്സരങ്ങളായി ജീവിച്ചിട്ടുള്ളതും, ഇപ്പോഴും കേരളീയ കവിസാമ്രാജ്യത്തിന്റെ ഏകച്ഛത്രാധിപതിയായി സമുല്ലസിക്കുന്നതും, ഇന്നത്തെ ഉപന്യാസത്തിനു വിഷയീഭൂതനായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാണെന്നുള്ളതു നിർവിവാദമാകുന്നു.


ഈ പ്രസംഗത്തിൽ അവിടുത്തേ ഗുണങ്ങളേയോ ജീവചരിത്രത്തേയോ പറ്റി യാതൊന്നും പ്രസ്താവിക്കുവാനുദ്ദേശിക്കുന്നില്ല. അവ ധരിക്കാത്ത കേരളീയർ ഇനിയുമുണ്ടെങ്കിൽ അവര്‍ക്കു "നമ്മുടെ മഹാന്മാർ" എന്ന ഗ്രന്ഥമാലയിൽ കേരളപാണിനി ആ തിരുമനസ്സിലേക്കുറിച്ചെഴുതീട്ടുള്ള ഗദ്യപുസ്തകമോ കൊട്ടാരത്തിൽ ശങ്കുണ്ണി അവർകളുടെ ലളിതമധുരമായ കേരളവര്‍മ്മശതകമോ പരവൂർ കേശവപിള്ള അവർകളുടെ പ്രൌഢരമണീയമായ ഷഷ്ടിപൂര്‍ത്തിഷഷ്ടിയോ വാങ്ങി യഥാവസരം വായിച്ചുകൊള്ളാവുന്നതാണു്. ഇവ കൂടാതേയും സംസ്കൃതത്തിൽ ഒരു കേരളവര്‍മ്മശതകവും, പല പത്രഗ്രന്ഥങ്ങളിലും സരസങ്ങളായ അനേകം ഉപന്യാസങ്ങളും ഇതേ വിഷയത്തെ അധികരിച്ചു് ആവിർഭവിച്ചിട്ടുള്ള വസ്തുത ആലോചിക്കുമ്പോൾ, പ്രഥമദൃഷ്ടിയിൽ കേവലം ചാപലമെന്നുതന്നെ വ്യാഖ്യാനിക്കാവുന്ന ഈ ഗ്രന്ഥകാരപക്ഷപാതത്തിനു


"സ്വസൂക്തീനാം പാത്രം രഘുതിലക-
മേകം കലയതാം
കവീനാം കോ ദോഷസ്സ തു ഗുണ-
ഗണാനാമപഗുണം;
യദേതൈർനിശ്ശേഷൈരപരഗുണ-
ലുബ്ധൈരിവ ജഗ-
ത്യസാവേകശ്ചക്രേ സതതസുഖ-
സംവാസവസതിഃ"


എന്നു ജയദേവകവി ശ്രീരാമനെപ്പറ്റി വര്‍ണ്ണിക്കുന്ന ശ്ലോകത്താൽ തന്നെ സമാധാനം പറയാവുന്നതുമാകുന്നു.


"തങ്ങളുടെ സുക്തികൾക്കെല്ലാം ശ്രീരാമനെമാത്രം വിഷയീകരിക്കുന്നതു കവികളുടെ ദോഷമല്ല, നേരേമറിച്ചു ലോകത്തിലെ സൽഗുണളുടെ ദോഷമാകുന്നു. എന്തെന്നാൽ അവയിൽ ഓരോന്നും മറ്റുള്ള ഗുണങ്ങളോടുള്ള അസൂയ കൊണ്ടെന്നപോലെ തമ്മിൽ മത്സരിച്ചു ശ്രീരാമനിൽതന്നെ എല്ലാക്കാലവും സുഖമായി വിശ്രമിക്കുന്നുവല്ലോ" എന്നാകുന്നു ഈ പദ്യത്തിന്റെ സാരം. തിരുമനസ്സിലെ ദിവ്യതൂലികയിൽനിന്നു മലയാളഭാഷയ്ക്കുണ്ടായിട്ടുള്ള പോഷണത്തെ സൂക്ഷ്മമായി തുലാമാനം ചെയ്യണമെങ്കിൽ അവിടുന്നു സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടേയും അവയ്ക്കായി ചെയ്തിരിക്കാവുന്ന സമയവ്യയത്തിന്റെയും ഏകദേശജ്ഞാനം കൂടി ആവശ്യകമാണു്. സംസ്കൃതത്തിൽ ഗ്രന്ഥനിര്‍മ്മാണം കൊണ്ടു മലയാളത്തിനു ഗുണമൊന്നുമില്ലെന്നു ശഠിക്കുന്നവരും ആ വിശിഷ്ടഭാഷ ഹിന്ദുക്കളുടെ സമുദായസ്വത്താണെന്നും അതിന്റെ ഉൽകര്‍ഷത്തിനായി പ്രയത്നിക്കേണ്ടതു് ഏതദ്ദേശീയരായ വിദ്വജ്ജനങ്ങളുടെ കര്‍ത്തവ്യകര്‍മ്മമാണെന്നുമുള്ള തത്വങ്ങളെ അപലപിക്കുമെന്നു തോന്നുന്നില്ല. മധുസുദനദത്തന്റെ മേഘനാദവിജയത്തേയും കമ്പരുടെ രാമായണത്തേയും ബഹുമാനിക്കുന്ന ബംഗാളികളും ദ്രാവിഡന്മാരും, ഗീതഗോവിന്ദകാരനായ ജയദേവനേയും കുവലയാനന്ദാദികര്‍ത്താവായ അപ്പയ്യദീക്ഷിതരേയും അവർ സംസ്കൃതത്തിൽ മാത്രമേ ഗ്രന്ഥനിര്‍മ്മാണം ചെ യ്തുള്ളൂ എന്നുവച്ചു ശ്ലാഘിക്കുവാൻ മടിക്കുന്നുണ്ടോ? നമുക്കുതന്നെ ലക്ഷ്മീദാസൻ നമ്പൂരിയിലും മേല്പത്തൂർ നാരായണഭട്ടതിരിയിലും തോന്നുന്ന ആദരം അവർ ഏതെങ്കിലും ഭാഷാഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് അദ്യാപി തെളിഞ്ഞിട്ടുള്ളതിനാലല്ലല്ലോ. ശുകസന്ദേശവും നാരായണീയവും കേരളീയന്മാരാണു് നിര്‍മ്മിച്ചതെന്നുള്ള ഖ്യാതി വേണ്ടെന്നുവയ്ക്കുവാൻ നമ്മിൽ എത്രപേർ തയാറുണ്ടു്! അഭിജ്ജോത്തമനായ വിജ്ഞാനചിന്താമണി പത്രാധിപർ പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ്മാ അവർകളെ ഏതു ഭാഷാഗ്രന്ഥനിര്‍മ്മാണത്തിനാണു നാം അഭിനന്ദിക്കുന്നതു് ? അതുകൊണ്ടു തന്നെയാകുന്നു ഭാരതഖണ്ഡത്തിലേ കവികളുടെ സാഹിത്യവ്യവസായത്തെ വിചിന്തനം ചെയ്യുമ്പോൾ അവരുടെ സംസ്കൃതകൃതികളെ വിസ്മരി ക്കരുതെന്നു പറയുന്നതു്. മിൽട്ടൺ, ബേക്കൺ, ഗ്രേ, മുതലായ സാഹിത്യകാരന്മാർ ലത്തീൻഭാഷയിലെഴുതിയ ഗ്രന്ഥങ്ങളെകൂടി ആങ്‌ഗലകാവ്യപരിശോധകന്മാർ പരിഗണിച്ചാണു് അവരുടെ മഹിമാതിശയം നിര്‍ണ്ണയിക്കുന്നതു്.


വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ പ്രധാന സംസ്കൃതകൃതികള്‍ (1) വിശാഖവിജയം (2) കംസവധചമ്പു (3) ക്ഷമാപണസഹസ്രം (4) തുലാഭാരശതകം (5) യമപ്രണാമശതകം (6) പാദാരവിന്ദശതകം (7) വ്യാഘ്രാലയേശശതകം (8) അമൃതമഥനം (9) നക്ഷത്രമാല (10) ശൃംഗാരമഞ്ജരീഭാണം (11) തിരുനാൾപ്രബന്ധം (12) വിക്ടോറിയാചരിതം മുതലായ പദ്യഗ്രന്ഥങ്ങളും സന്മാഗ്ഗസംഗ്രഹം ഗദ്യവും, ശുകസന്ദേശത്തിനും പ്രക്രിയാസർവസ്വത്തിനും ഓരോ വ്യാഖ്യാനവുമാകുന്നു. എണ്ണം കൊണ്ടും വണ്ണംകൊണ്ടും ഗുണംകൊണ്ടും ഈ ഗ്രന്ഥപരമ്പര സവിശേഷം ശോഭിക്കുന്നു. ഇവയെ ഓരോന്നിനേയും പറ്റി എന്നാൽ ഗുണദോഷനിരൂപണം ചെയ്യുവാനുള്ള അവസരം ഇതല്ല. അവിടുത്തേക്കു മൂകകവിയുടേയും ജഗന്നാഥപണ്ഡിതരുടേയും ശബ്ദാഡംബരവും ഭവഭൂതിയുടേയും മുരാരിയുടേയും ശാസ്ത്രപാടവവും ക്ഷേമേന്ദ്രന്റേയും നീലകണ്ഠദീക്ഷിതരുടേയും ലോകവ്യുൽപത്തിയും കാളിദാസരുടെ അദ്വിതീയമായ അര്‍ത്ഥനിഷ്കര്‍ഷവും ഒന്നുപോലെ അധീനമാണെന്നുള്ള വാസ്തവം ഈ സന്ദർഭത്തിൽ ആനുഷംഗികമായെങ്കിലും അനുസ്മരിക്കാതെ നിവൃത്തിയില്ല. അതാതു രസത്തിനനുരൂപമായ വാഗ്ദ്ധാരണി തിരുമനസ്സിലേയ്ക്ക് അയത്നസുലഭമാണെന്നു് ഇവയിൽ ഏതുഗ്രന്ഥം വായിച്ചാലും ബോധപ്പെടുന്നതാണു്. വിശാഖവിജയത്തിലേ പതിനാറാം സര്‍ഗ്ഗവും തുലാഭാരശതകത്തിലെ ചിത്രശ്ലോകാവലിയും എത്ര അത്ഭുതകരമാകുംവണ്ണം നിമ്മിക്കപ്പെട്ടിരിക്കുന്നു!


"ശ്രീമാനാനമ്രഭൂമീപതിമകുടതട-
പ്രോതമാണിക്യമാലാ-
സീമാതിക്രാന്തകാന്തിപ്രഗുണിത ചരണാം-
ഭോരുഹാരുണ്യഭൂമാ"


എന്നും


"പ്രത്യൂഷോദിത്വരാഹസ്കരകിരണതതിഃ
പിഞ്ജരാധിത്യകാഗ്ര-
ശ്രീകണ്ഠാകാരശൈലേശ്വരശിഖരപരി-
ഷ്കാരകുഞ്ജപ്രകാരം"


എന്നും


"അശ്രാന്തോൽഗീര്‍ണ്ണകര്‍ണ്ണാമൃതരസമുരജി-
ന്നാമവര്‍ണ്ണാഭിരാമ-
ഭ്രാജിഷ്ണുസ്വര്‍ണ്ണവീണാഗുണഗണനിപുണ
ക്വാണകേളിപ്രവീണാഃ"


എന്നും


"പാലാശോഷ്ണീഷശോഭാപരിഗതനിടിലഃ
പത്മപത്രായതാക്ഷ-
സ്തുംഗഭ്രാജിഷ്ണുനാസസ്തുലിതപരിണമൽ-
ബിംബകമ്രാധരോഷ്ഠഃ
കംബുഗ്രീവഃ കവാടപ്രതിഭടവികടോ-
രസ്തടഃ ശാതകുക്ഷിഃ
കുക്ഷിൽ സുക്ഷത്രിയോ മേ കിരതി സഖി! ദൃശോ-
രേഷ പീയൂഷവര്‍ഷം"


എന്നും മറ്റുമുള്ള ഭാഗങ്ങളിലെ ഗംഗാപ്രവാഹസദൃശമായ ശബ്ദലഹരിയേയും,


"പുണ്ഡരീകനികരൈഃ കമലാനാം
മണ്ഡലൈശ്ച വിവിധാണ്ഡജഷണ്ഡഃ
മണ്ഡിതം ക്ഷിതിപതിർവനരാജിം
പണ്ഡിതഃ കൃതകമൈക്ഷത തത്ര"


എന്നും


"കസ്മിംശ്ചിദന്യവിഷയേ കഥമുത്സുകാ സ്യാ-
ദുത്സൃജ്യ കേരളമസംശയമേവ ലക്ഷ്മീഃ
സദ്വൃത്ത ഏഷ പരിപൂര്‍ണ്ണകലോ വിശാഖ-
ജൈവാതൃകശ്ച ഭുവി കൈരവമാനനീയഃ"


ഇത്യാദി പദ്യങ്ങളിലെ സഹൃദയന്മാർ കൊണ്ടാടേണ്ട അര്‍ത്ഥഭംഗിയേയും പരീക്ഷിച്ചാൽ അവിടുത്തെ വശ്യവചസ്ത്വത്തേയും മഹാകവിത്വത്തെയും പ്രശംസിക്കുന്നതിൽ ആര്‍ക്കാണ് അഹമഹമികാവേശമുണ്ടാകാത്തതു്? ഇതു വിഷയാന്തരമാകയാൽ വിരമിച്ച് തിരുമനസ്സിലെ മലയാളഭാഷാപോഷണത്തെപ്പറ്റി മാത്രം വിചിന്തനം ചെയ്യാൻ ആരംഭിച്ചു കൊള്ളുന്നു. തിരുമനസ്സുകൊണ്ടു് ഒരു കവിയുടേയും ഗദ്യകാരന്റേയും നിലയിലും ഭാഷാഭിമാനിയുടെ സ്ഥാനത്തിലും മലയാളത്തെ പലപ്രകാരത്തിൽ പോഷിപ്പിച്ചിട്ടുണ്ടു്. ആദ്യമായി പദ്യകൃതികളെത്തന്നെയെടുക്കാം.


അവിടുത്തെ വിദ്യാഭ്യാസം ഒരു വിധത്തിൽ നോക്കിയാൽ സമാപിച്ചതായി വിചാരിക്കാവുന്ന പതിന്നാലാമത്തെ വയസ്സിൽ അതായതു കൊല്ലം 1034-ാമാണ്ടിടയ്ക്കു ഭാഷാകവിതയുടെ സ്ഥിതി ഒരു വിധത്തിലും സ്പൃഹണീയമായിരുന്നില്ല. സംസ്കൃതരീതിയെ അനുസരിച്ചുള്ള ഭാഷാചമ്പുക്കളുടേയും മറ്റും കാലം അതിനു വളരെ മുമ്പുതന്നെ അസ്തമിച്ചിരുന്നു. ദ്രാവിഡ സമ്പ്രദായത്തിലുള്ള കവനം സംസ്കൃതവൃൽപന്നന്മാര്‍ക്ക് ഗർഹ്യമായും തീര്‍ന്നു. തന്നിമത്തം സംസ്കൃതഭാഷയിൽ ഗ്രന്ഥനിര്‍മ്മാണം ചെയ്തു ബാക്കിസമയം ഉണ്ടെങ്കിൽ അന്നത്തെ പണ്ഡിതന്മാർ അതു് ആട്ടക്കഥകൾ രചിക്കുന്നതിലേക്കു മാത്രമാണു് വിനിയോഗിച്ചുവന്നതു്. സുഭദ്രാഹരണം തിരുവാതിരപ്പാട്ടും മറ്റുമെഴുതിയ ഇരയിമ്മൻ തമ്പിയുടേയും സന്താനഗോപാലം തുള്ളൽക്കഥ ഉണ്ടാക്കിയ വിദ്വാൻ കോയിത്തമ്പുരാന്റേയും അനന്തരഗാമികൾക്ക് ഈ നിർബന്ധം ആവശ്യകമല്ലായിരുന്നുവെങ്കിലും, വാസ്തവത്തിൽ കഥകളിയൊഴിച്ചുള്ള കാവ്യഗ്രന്ഥത്തിനു ഭാഷയിൽ മേന്മയില്ലെന്നു തന്നെയായിരുന്നു ആ കാലത്തെ പണ്ഡിതന്മാരുടെ വിശ്വാസം. ഗതാനുഗതികന്യായേന വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും ഓരോരുത്തരുടെ അപേക്ഷ അനുസരിച്ചു ഹനുമദുത്ഭവം, മത്സ്യവല്ലഭവിജയം, പ്രലംബവധം, ധ്രുവചരിതം, പരശുരാമവിജയം എന്നീ അഞ്ചു ആട്ടക്കഥകളും, തന്റെ മാതുലൻ ചങ്ങനാശേരി രാജരാജവര്‍മ്മകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു പാതി എഴുതി മുഴപ്പിക്കാതെയിട്ടിരുന്ന സോമവാരവ്രതമാഹാത്മ്യം ആട്ടക്കഥയുടെ ഉത്തരാര്‍ദ്ധവും നിര്‍മ്മിച്ചു.


ഈ ആട്ടക്കഥകളുടെ പ്രചാരം വിരളമാണെന്നു വിചാരിക്കുന്നവർ അതിന്റെ കാരണം കാലവ്യത്യാസമാണെന്നും കാവ്യദോഷമല്ലെന്നും മനസ്സിലാക്കേണ്ടതാണു്. ഇംഗ്ലീഷ് വിദ്യാഭ്യാസത്താലും തജ്ജന്യമായ പരിഷ്‌കാരത്താലും പ്രൌഢമായ ഏതാനും സംസ്കൃതശ്ലോകങ്ങളും കര്‍ണ്ണാടകസമ്പ്രദായത്തിൽ കുറെ ഭാഷാപദങ്ങളും മാത്രമടങ്ങിയ ഒരു ഗ്രന്ഥത്തെ മലയാളകവിത തന്നെയെന്നു പറയുവാനുള്ള മടി സഹൃദയന്മാരിൽ കടന്നുകൂടുകയും അതോടുകൂടി യഥാര്‍ത്ഥദൃശ്യകാവ്യങ്ങളായ സാക്ഷാൽ നാടകങ്ങൾതന്നെ മലയാളത്തിൽ നിര്‍മ്മിതങ്ങളാകയും ചെയ്തതാണു് ആട്ടക്കഥകളുടെ ആഭിജാത്യത്തിനു ഹാനികരമായിത്തീർന്നതു്. ഈ നവീനാഭിപ്രായത്തിന്റെ ഉൽപത്തിക്കു പ്രധാന ഹേതുഭൂതൻ തിരുമനസ്സുകൊണ്ടുതന്നെയായിരുന്നു. ഈ ഒരു സംഗതി ഒഴിച്ചുനോക്കിയാൽ ഏതെല്ലാം ഗുണങ്ങൾ പൌണ്ഡ്റകവധത്തിലും, രുക്‌മിണീ സ്വയംവരത്തിലും, നിവാതകവചവധത്തിലും, ദക്ഷയാഗത്തിലും രാവണവിജയത്തിലും കാണുന്നുവോ അവയെല്ലാം അവിടുത്തെ ആട്ടക്കഥകളിലും പരിപൂര്‍ണ്ണമായി കാണുന്നുണ്ടെന്നുള്ളതു അവ വായിച്ചിട്ടുള്ള സഹൃദയന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നതാണ്. ഒരു കഥകളിപ്പാട്ടിന്റെ ഗുണദോഷങ്ങളെ പരീക്ഷിക്കുമ്പോൾ നാം അതിലെ സംസ്കൃതശ്ലോകങ്ങളെ നീക്കിവയ്ക്കുക പതിവില്ലല്ലോ. " മന്ദമന്ദമരവിന്ദസുന്ദര" എന്നും, "ബഭ്രുഭ്രൂഭംഗഭീമോ" എന്നും മറ്റുമുള്ള പദ്യങ്ങൾ തള്ളിയാൽ രുക്മിണീസ്വയംവരത്തിന്റെ നില എത്രമാത്രം താഴും ? അതിനാൽ അത്തരത്തിലുള്ള ശ്ലോകങ്ങളേയും ചേർത്തുവേണം ഈ വക നൃത്യപ്രബന്ധങ്ങളെ ചര്‍ച്ചചെയ്യുവാൻ. അങ്ങനെ ചെയ്യുമ്പോൾ ധ്രുവചരിതവും, ഹനുമദ്ദുത്ഭവവും, പ്രലംബവധവും ഇവയെല്ലാം അപേക്ഷിച്ച് ഉപരിസ്ഥാനത്തിൽ നിൽക്കുന്ന മത്സ്യവല്ലഭവിജയവും വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ അനന്യസാധാരണമായ വാഗ്‌വിലാസത്തിൻറെ ശാശ്വതസ്തംഭങ്ങളെന്നു കാണാം.


"കല്പാന്തോച്ചണ്ഡചണ്ഡീശ്വര പടുനടനാ-
രംഭചഞ്ചൽപദാഗ്ര-
പ്രൌഢാഘാതപ്രഭിന്നസ്ഫടികഗിരിതട
സ്ഫാരഗംഭീരനാദഃ"


എന്നും


"ദാഢാകോടിദൃഢോപലഗ്നകരടി
പ്രൌഢാസ്ഥികൂടച്ഛടാ-
ഗാഢാപൂരിതവൿത്രകോടരഗഭീ-
രാഢൌകിതാക്ഷേളിതാ"


എന്നും മറ്റുമുള്ള വീരരസപ്രധാനങ്ങളും


"ഉന്മീലത്തിലകാഞ്ചിതാ സുമധുരാ
ശോഭാം വഹന്തീ ഭൃശം
രാജന്മഞ്ജുലതാഭിരാമ സുഷമാ
പത്രാവലീഭാസുരാ
അമ്ലാനദ്യുതിരാമണീയകവതീ
ശ്യാമാ വനശ്രീരിവ
സ്വൈരം സ്വാ രമണീ സ്മ കൌതുകജുഷാ
കംസേന സംസേവ്യതേ"


എന്നും


"മദകളകളകണ്ഠീമഞ്ജുളാരാവരമ്യേ"


എന്നും മറ്റുമുള്ള ശൃംഗാരരസമുഖ്യങ്ങളുമായ പദ്യങ്ങളേയോ


"ഉപവനേ പവനേരിതസൌരഭ-
സ്സരസമാരസമാകുലമാനസഃ"


എന്നും


"ഉപഗമ്യ കേളിഷു കുതൂഹലിനം
ഹലിനം നിജൈരനുചരൈസ്സഹസാ"


എന്നും മറ്റുമുള്ള ഘട്ടങ്ങളിലേ യമകപ്രയോഗങ്ങളേയോ, മത്സ്യവല്ലഭവിജയത്തിലേ കുമ്മിയേയോ, കാട്ടാളന്റെ തോടിയിലുള്ള പദത്തേയോ, പർവതവര്‍ണ്ണനത്തേയോ, ഹനുമദുത്ഭവത്തിലേ ദണ്ഡകത്തേയോ സാരിയേയോ വനവര്‍ണ്ണനത്തേയോ അധികം ശ്ലാഘിക്കേണ്ടതെന്നു കാവ്യരസികന്മാരുടെ മനസ്സു ഡോളായമാനമാകുന്നു. അഥവാ "ന ഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദം" എന്നു് ആപ്തവാക്യമുണ്ടല്ലൊ. ഈ ആട്ടക്കഥകളെ വായിച്ചുനോക്കുന്ന ഏതു സഹൃദയനും


"കോട്ടം തീര്‍ന്നൊരു കോട്ടയം കഥകൾ നാ-
ലഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻ തീര്‍ത്തതു നാലുതമ്പിയുടെ മൂ-
ന്നൊന്നക്കരീന്ദ്രന്റെയും"


എന്നു് ഒരു പഴയകവി പാതി തീർത്തിട്ട പദ്യത്തിന്റെ ഉത്തരാർദ്ധം


"ശിഷ്ടൻ കേരളവർമ്മദേവകവിതൻ മൂന്നെങ്കിലും"


എന്നു ആരംഭിക്കാതെയിരിക്കയില്ലെന്നാണു് എന്റെ പൂര്‍ണ്ണമായ വിശ്വാസം. അതിലധികമായ ഒരു മേന്മ കഥകളിപ്പാട്ടുകൾക്കു വരേണ്ടതുമില്ലല്ലോ. പരശുരാമവിജയം മാത്രമേ ഇവയിൽ


"ഭൂഭാരഭൂതഭുജഭൂഹതകാഭിഭൂത-ഭൂമീസുരാവനകൃതേ"


എന്നും മറ്റുമുള്ള നല്ല പദ്യങ്ങളുണ്ടെങ്കിലും എന്റെ ബുദ്ധിയിൽ മറ്റു് ആട്ടക്കഥകളെക്കാൾ ഒരുപടി താഴ്ന്നു നില്ക്കുന്നതായി തോന്നുന്നുള്ളു. ഇതു തീപ്പെട്ടുപോയ അത്തംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കല്പനപ്രകാരം പ്രസ്തുതകവി ഒരു രാത്രികൊണ്ടുണ്ടാക്കിയതുമാണു്. എനിക്കു ദ്രുതകവികളെപ്പറ്റി ബഹുമാനമാണുള്ളതെങ്കിലും അവരുടെ കവിതയെപ്പറ്റി അതില്ലതന്നെ. ഉദാഹരണത്തിനു കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ ചന്ദ്രികയേയും ഗംഗാവതരണത്തേയും താരതമ്യപ്പെടുത്തിയാൽ മതിയാകുന്നതാണു്. ചന്ദ്രികയുടെ യശസ്സ് ശാശ്വതമാണ്. ഗംഗാവതരണത്തെ ആശുകവിതയാണെന്നുള്ള ഭാഗം ആലോചിക്കാതെ ഗുണദോഷനിരൂപണം ചെയ്താൽ ഗ്രന്ഥകാരന്റെ നില കുഴപ്പത്തിലാകാതെ തരമില്ല. ദ്രുതകവിതയായി ഒരു പ്രൌഢകാവ്യംപോലും യാതൊരു ഭാഷയിലും ആരും രചിച്ചിട്ടുള്ളതായി എനിക്കറിവില്ല. കാളിദാസരുടെ മേഘസന്ദേശമോ മുകന്റെ ആര്യാശതകമോ ഒരു ദിവസംകൊണ്ടു നിര്‍മ്മിച്ചിരിക്കാവുന്നതല്ല. നമ്മുടെ കവിസാർവഭൌമന്മാർ ഒരു ഋതുവിലാസമണിപ്രവാളമോ, ഉഷാകല്യാണചമ്പുവോ നിമിഷകവിത്വം പ്രര്‍ദശിപ്പിച്ചു നിമ്മിക്കാമോ എന്നു പരീക്ഷിച്ചുനോക്കട്ടെ. കഷണമുള്ള കൂട്ടാൻ വയ്ക്കുവാൻ സമയംവേണം; ഈ ഭ്രമം തിരുമനസ്സിലേക്കു് അനന്തരകാലങ്ങളിൽ ഇല്ലായിരുന്നു എന്നുള്ളതു് അവിടുത്തെ മയൂരസന്ദേശനിർമ്മാണത്തിനു വ്യയം ചെയ്തിട്ടുള്ളതായി സമ്മതിക്കുന്ന കാലദൈർഘ്യത്തിൽനിന്നു പ്രത്യക്ഷമാകുന്നു.


ഇനി സംസ്കൃതത്തിൽനിന്നു തർജിമചെയ്യപ്പെട്ടിട്ടുള്ള അഭിജ്ഞാനശാകുന്തളം, അമരുകശതകം, അന്യാപദേശശതകം ഈ മൂന്നു കവിതകളേയും സ്വല്പം പരിശോധിക്കാം. അമരുകശതകം ഐതിഹ്യദൃഷ്ട്യാ ശങ്കരാചാര്യരുടേയും, അന്യാപദേശശതകം നീലകണ്ഠദീക്ഷിതരുടേയും കൃതിയും ഒന്നു ശൃംഗാരരസത്തേയും മറ്റേതു ലോകസ്വഭാവത്തേയും ഏറ്റവും ചമൽക്കാരത്തോടുകൂടി പ്രതിപാദിക്കുന്നതുമാണു്. ഇവയുടെ മണിപ്രവാളരീതി സ്നിഗ്ദ്ധവും ഹൃദയംഗമവുമാണെന്നുള്ളതിനു പുറമെ അന്യാപദേശശതകം പോലെയുള്ള ഗ്രന്ഥങ്ങളുടെ ഭാഷന്തരീകരണത്തിനുള്ള ആവശ്യകതയെപ്പറ്റി അഭിജ്ഞന്മാരുടെ ഇടയിൽ അഭിപ്രായഭേദത്തിനു് അവകാശവുമില്ല. എന്നാൽ അമരുകശതകത്തിന്റെ തര്‍ജ്ജിമ വേണ്ടിയിരുന്നുവോ എന്നു ചിലർ ശങ്കിക്കുന്നതായി എനിക്കറിവുണ്ട്. അതിൽ ശശവിഷാണത്തിനും ആകാശകുസുമത്തിനും സദൃശമായ വൃത്തഭംഗം കണ്ടുപിടിക്കുവാൻ ശ്രമിച്ച പത്രാധിപന്മാർ ഐരാവതത്തിൽ കറുപ്പോ മഹാമേരുപർവതത്തിൽ കറയോ കണ്ടുപിടിക്കുവാൻ ഉദ്യമിച്ചിരുന്നാൽ അതു കുറേക്കൂടി ശീഘ്രമായി സാധിക്കുമായിരുന്നു. ആ ഗ്രന്ഥത്തിലെ പ്രതിപാദ്യവസ്തു പ്രൌഢന്മാരായ കാവ്യരസികന്മാർക്കു വിനോദത്തിനുതകുമെന്നല്ലാതെ അത്യുല്പന്നന്മാരായ വിടന്മാരെ അപഥത്തിൽ നയിപ്പിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ശൃംഗാരരസപ്രധാനങ്ങളായ കാവ്യങ്ങൾ മുഴുവൻ ത്യാജ്യകോടിയിൽ തള്ളപ്പെടേണ്ടവയാണെന്നു വിചാരിക്കുന്നവരായി ആരെങ്കിലുമുണ്ടെങ്കിൽ അവരാണ് അരസികസാമ്രാജ്യത്തിലെ അധീശസ്ഥാനത്തിനു് അവകാശികൾ. അമരുകത്തിന്റെ സത്തു കൂലങ്കഷമായി മനസ്സിലാക്കണമെങ്കിൽ അതിനധികാരികൾ സഹൃദയന്മാർ മാത്രമാണെന്നുള്ളതു് അനുക്തസിദ്ധമാണു്. ഈ രണ്ടു ഗ്രന്ഥങ്ങളും ഭാഷയ്ക്ക് അനശ്വരങ്ങളും അനർഘങ്ങളുമായ ഭൂഷണങ്ങളെന്നത്രേ നിര്‍മ്മത്സരന്മാരായ പണ്ഡിതന്മാർ വിശ്വസിക്കുന്നതു്.


അഭിജ്ഞാനശാകുന്തളത്തിന്റെ നില ഒന്നുവേറെതന്നെയാണു്. ഈ നാടകം ഇദംപ്രഥമമായി മലയാളത്തിൽ തര്‍ജ്ജിമചെയ്തതിന്റെശേഷം സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും തര്‍ജ്ജിമയായും സ്വതന്ത്രമായും എത്ര ദൃശ്യകാവ്യങ്ങൾ നമ്മുടെ ഇടയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതു കഴിഞ്ഞുപോയ വറുഗീസുമാപ്പിള അവർകൾ ഭാഷാപോഷിണിയിൽ എഴുതിയിരുന്ന പുതിയ പുസ്തകപ്പട്ടിക എന്ന ലേഖനം വായിച്ചുനോക്കിയാൽ ഏകദേശം മനസ്സിലാകുന്നതാണു്. പ്രസിദ്ധസംസ്കൃതനാടകങ്ങളിൽ ഇനി മുരാരിയുടെ അനർഘരാഘവവും ഭവഭൂതിയുടെ മഹാവീരചരിതവും അഭിനവഭട്ടബാണന്റെ പാർവതീപരിണയവും മാത്രമേ തര്‍ജ്ജിമ ചെയ്യുവാനുള്ളു. ഇത്ര സംസ്കൃതനാടകതര്‍ജ്ജിമകൾ ഇൻഡ്യയിൽ മറ്റൊരു ഭാഷയിലുമില്ല. ഗാനനാടകങ്ങൾ എന്ന പേരിൽ ഒരുവക രൂപകങ്ങൾ സംസ്കൃതനാടകത്തിന്റെയും തമിഴ്‌നാടകത്തിന്റേയും ശൈലികളുടെ സമ്മേളനത്താൽ എന്തു ശോഭ സിദ്ധിക്കുമോ അതോടുകൂടി അരങ്ങത്ത് എത്തിയിരിക്കുന്നു. രാമക്കുറുപ്പവർകളുടെ കുംഭാണ്ഡനും മിസ്റ്റർ അന്തപ്പായിയുടെ പേഷ്ക്കാരും ദുർബലന്മാരെന്നു് ഇന്നത്തെ കവനോദയം വായിക്കുന്നവർ നിശ്ചയമായി സമ്മതിക്കണം. ഭാഷാനാടകങ്ങൾക്കെല്ലാം മാര്‍ഗ്ഗദശകമായ അഭിജ്ഞാനശാകുന്തളത്തിന്റെ ഗുണങ്ങളെ എങ്ങനെയാണു വര്‍ണ്ണിക്കുന്നതു് ? തന്റെ പുസ്തകത്തിനു കാളിദാസഗ്രഥിതവസ്തുവും ഭാഷയിലെ ആദ്യനാടകവുമാണന്നുള്ള മാഹാത്മ്യമല്ലാതെ മറ്റൊന്നുമില്ലെന്നു തിരുമനസ്സുകൊണ്ടു് അവിടത്തെ ആമുഖോപന്യാസത്തിൽ പ്രസ്താവിക്കുന്നുണ്ടു്. ഈ പ്രസ്താവന അവിടുത്തെ വിദ്യയ്ക്കും തജ്ജന്യമായ വിനയത്തിനും അനുരൂപമാണെങ്കിലും വാസ്തവത്തിൽ ഉപപന്നമാണെന്നു തോന്നുന്നില്ല. രാജാവും രജകനും വലിയവനും വണ്ടിക്കാരനും ഒന്നുപോലെ ഇതിലേ മിക്ക ശ്ലോകങ്ങളും മുഖസ്ഥമാക്കുന്നതിനും അന്യഗ്രന്ഥങ്ങളുടെ വിഷയത്തിൽ ആവശ്യപ്പെടാത്ത നാലോളം പതിപ്പുകൾ ഇത്ര സ്വല്പകാലത്തിനിടയ്ക്കുതന്നെ ഇതിനു വേണ്ടിവന്നതിനും ഉള്ള ഹേതുക്കൾ മുൻപു നിർദ്ദേശിച്ചവയാണെന്നു ഞാൻ വിചാരിക്കുന്നില്ല. വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ പദ്യതര്‍ജ്ജിമയ്ക്കു ചില വിശേഷഗുണങ്ങളുള്ളതാണ് ശാകുന്തളത്തിനുള്ള ഈ ആശ്ചര്യകരമായ പ്രചാരത്തിന്റെ മുഖ്യകാരണം. മൂലാര്‍ത്ഥം മുഴുവൻ ഇത്ര ഏറ്റക്കുറച്ചിൽ കൂടാതെ ഭാഷയിൽ സംക്രമിച്ചിട്ടുള്ള നാടകതര്‍ജ്ജിമ വേറെയില്ലെന്നുള്ളതു് എല്ലാ സഹൃദയന്മാരും സശിരഃകമ്പം സമ്മതിക്കുന്നതാണ്. അതിലെ ഗദ്യസൌഷ്ഠവത്തിൽ ആനന്ദിക്കുകയും മുക്കുവന്റേയും പോലീസുകാരുടേയും മാഢവ്യന്റേയും വാക്കുകളെ മനഃപാഠമാക്കുകയും ചെയ്യാത്ത മലയാളികൾ ചുരുങ്ങുമെന്നുള്ളതും നിസ്സംശയമാണു്. പിന്നെ ഒരു ദോഷം പറഞ്ഞുവരാറുള്ള ചില പദ്യങ്ങളിലേ സംസ്കൃതപദബാഹുല്യമാണു്. ഈ വിഷയത്തില്‍ താന്‍ അപരാധി എന്നു തിരുമനസ്സുകൊണ്ടുതന്നെ ആമുഖോപന്യാസത്തിൽ ഏറ്റുപറയുന്നുണ്ട്. എന്നാൽ ഈ ന്യൂനത തര്‍ജ്ജിമയുടെ എല്ലാ ഭാഗങ്ങളേയും സ്പർശിച്ചിട്ടില്ല. "സ്വച്ഛന്ദം കടിഞാണുവിട്ടു" "കണ്ഠനാളമഴകിൽ തിരിച്ചു" "ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ" "മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവാം" "മാനോടൊത്തു വളർന്നു" "ഭക്ത്യാ സേവിക്ക പൂജ്യാൻ" മുതലായ പദ്യങ്ങൾ എത്ര ഹൃദ്യമായും, മധുരമായും ലളിതമായും ഭാഷാന്തരീകരിക്കപ്പെട്ടിരിക്കുന്നു? പിന്നെ ചില ഭാഗങ്ങളിൽ ഭാഷാചമ്പുകാരന്മാരെ പിൻതുടര്‍ന്നു തിരുമനസ്സുകൊണ്ടു കുറെയധികം സംസ്കൃതപദങ്ങൾ പ്രയോഗിച്ചുപോയിട്ടുണ്ടെന്നുള്ളത് ഇവിടെ ഗൂഹനം ചെയ്യണമെന്നില്ല. അതിനു കാരണം അവിടുത്തേക്കു സംസ്കൃതകവിതയിലുള്ള അതിപരിചയവും ദ്വിതീയാക്ഷരപ്രാസത്തിൽ സ്വരവ്യഞ്ജനങ്ങൾക്ക് ഐകരൂപ്യം വരുത്തണമെന്നുള്ള നിര്‍ബ്ബന്ധവും ആയിരുന്നു. പ്രാസത്തെപ്പറ്റി ഈ അവസരത്തിൽ രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടെ. ശബ്ദാലങ്കാരം കൂടാതെ " ദിവ്യം കിഞ്ചന വെള്ളമുണ്ടൊരുമുറിസ്സോമൻ കറുപ്പും ഗളേ" എന്നും മറ്റും അര്‍ത്ഥാലങ്കാരംകൊണ്ടുതന്നെ സഹൃദയഹൃദയാഹ്ലാദനം ചെയ്യുവാൻ തക്ക ചമൽക്കാരമുള്ള ശ്ലോകങ്ങളിൽ പ്രാസം കൂടിയുണ്ടെങ്കിൽ അതു കേവലം ഒരു ആഭരണസ്ഥാനത്തിലേ ഗണിക്കേണ്ടതുള്ളു. എന്നാൽ


"എവിടെയ്ക്കാണു പോകുന്ന-
തിവിടെത്താമസിച്ചിടാം;
ഭവനം ഞാനൊഴിച്ചൊന്നു
തവ വേണെങ്കിലും തരാം"
"ഇതാ സഖേ! നല്ലൊരുപെട്ടിവണ്ടി
നിതാന്തവേഗത്തോടു വന്നിടുന്നു
ഇതാരുടേതെന്നറിയുന്നതിന്നായ്
ധൃതാദരം നാമിതിലേക്കു നോക്കാം"


ഇത്തരത്തിൽ ഉള്ള പദ്യങ്ങളിൽ ശബ്ദാലങ്കാരംപോലും ഇല്ലാഞ്ഞാൽ പിന്നെ ആശ്ലോകങ്ങൾക്കു് എന്തുഭംഗിയാണുള്ളതു്? അതിനാൽ ഭാഷാകവികൾക്കു പ്രായേണ പ്രാസപക്ഷപാതം വേണമെന്നാണ് എന്റെ മതം. മലയാളം പോലെയുള്ള ഭാഷകൾക്കു സംസ്കൃതത്തിന്റെ ഗാംഭീര്യമില്ലായ്മയാൽ അവയ്ക്ക് അതു് ആവശ്യകവുമാണു്. എന്നാൽ, വ്യഞ്ജനങ്ങൾക്കെന്നപോലെ സ്വരങ്ങൾക്കും ഐകരൂപ്യമില്ലെങ്കിൽ ദ്വിതീയാക്ഷരപ്രാസം നാമമാത്രമാകുന്നതും അതുകൊണ്ടു യാതൊരുവിധത്തിലും ശ്രവണസുഖമുണ്ടാകുവാൻ മാര്‍ഗ്ഗമില്ലാത്തതുമാകുന്നു. തിരുമനസ്സുകൊണ്ടു മലയാളഭാഷയിൽ ഇദംപ്രഥമമായി ചെയ്ത ഈ നിർബന്ധത്തെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, വള്ളത്തോൾ നാരായണമേനോൻ, പരവൂർ കേശവപിള്ള മുതലായ മറ്റു കവികൾ അനുകരിച്ചുതുടങ്ങീട്ടുണ്ടെന്നുള്ളതും ഈ അവസരത്തിൽ വക്തവ്യമാണ്. അതിനാൽ ഈ വിഷയത്തിലുള്ള നിർബന്ധത്താൽ സംസ്കൃതപദങ്ങൾ ചിലപ്പോൾ അധികമായിട്ടുണ്ടെങ്കിൽ അതു ക്ഷന്തവ്യമാണെന്നു കാവ്യപരിശോധകന്മാർ മനസ്സിലാക്കേണ്ടതാണു്. ഈ ഒരു തുച്ഛമായ ദോഷമാണു് സംസ്കൃതത്തിൽ " ഉത്തരേ രാമചരിതേ ഭവഭൂതിര്‍വ്വിശിഷ്യതേ" എന്നു പറയുന്നതുപോലെ ഭാഷയിൽ മന്നാടിയാരുടെ ഉത്തരരാമചരിതത്തെ തിരുമനസ്സിലെ ശാകുന്തളത്തിൽനിന്നു ചില സന്ദർഭങ്ങളിൽ ഒന്നു കടത്തി വയ്ക്കുന്നതു്. ജാനകീപരിണയതര്‍ജ്ജിമ ശ്ലാഘനീയമെന്നു പറവാനില്ല. "അഗജാ പാലിക്കണം നിങ്ങളെ" എന്നു തുടങ്ങി അതിൽ ശ്രവണാരുന്തുദങ്ങളായ പ്രയോഗങ്ങൾ എത്രവേണമെങ്കിലും കാണാം, പക്ഷെ


"തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-
ത്തെല്ലൊതുക്കുന്നതിന്നായ്"


എന്നും,


"ചിരിക്കും മദ്ധ്യത്തിൽ കരയുമിതിനേതും നിയമമി-
ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ"


എന്നും മറ്റും ഉള്ള പദ്യങ്ങൾ ഉത്തരരാമചരിതത്തിൽ വായിക്കുമ്പോൾ ശാകുന്തളതര്‍ജ്ജിമ എല്ലാ ദിക്കിലും "പുല്ലിനെ മാൻ തുപ്പുന്നു" എന്നും "വിജ്ഞന്മാരഭിനന്ദിച്ചേ" എന്നും "നാലുകെട്ടിനധികാരമുദ്രയായ്" എന്നുമുള്ളതുപോലെ ഇരിക്കേണ്ടിയിരുന്നു എന്നു നമുക്കു തോന്നുന്നത്. എന്നാൽ മന്നാടിയാരുടെ ഉത്തരരാമചരിതം നൂറുനാലുമൊരുപത്തുനാലു മുടനാറു പദ്യമതുമുള്ള രാമഭദ്രദീക്ഷിതരുടെ ദീർഘനാടകത്തിന്റെ തര്‍ജ്ജിമ കഴിഞ്ഞു തഴമ്പിച്ച കൈകൊണ്ടെഴുതിയതാണെന്നുള്ള ഭാഗം അഭിജ്ഞന്മാർ വിസ്മരിക്കരുതു്. വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു രണ്ടാമതൊരു നാടകം തര്‍ജ്ജിമ ചെയ്തിരുന്നുവെങ്കിൽ അതു നിശ്ചയമായി ഉത്തരരാമചരിതത്തെ അതിശയിക്കുമായിരുന്നു. അവിടുത്തേയ്ക്കു ശുദ്ധമലയാളത്തിൽ ശ്ലോകമുണ്ടാക്കുവാൻ പ്രയാസമാണെന്നു വല്ലവരും വിചാരിക്കുന്നുണ്ടെങ്കിൽ അവർ അവിടുന്നു ഒരിക്കൽ നടുവത്തച്ഛൻ നമ്പൂരിയ്ക്കയച്ച


"പട്ടില്ല നല്ലതിവിടങ്ങളിലൊന്നുപിന്നെ
ക്കിട്ടി ക്ഷിതീശ്വരി മമ പ്രിയതൻ പ്രസാദാൽ;
കെട്ടിപ്പൊതിഞ്ഞമരുകത്തൊടതിന്നയച്ചേൻ;
പൊട്ടിച്ചുനോക്കിയിതമെങ്കിലെടുത്തുകൊൾക"


എന്ന പദ്യം ഒരാവൃത്തി വായിച്ചുനോക്കേണ്ടതാണു്. മഹകവികൾക്കു ഇന്നവിധത്തിലേ കവനം ചെയ്യാവൂ എന്നും ഇന്ന പദ്യങ്ങളേ അധീനങ്ങളാകൂ എന്നും നിയമമുണ്ടോ ? ചില ഭാഗങ്ങളിൽ ഉത്തരരാമചരിതതര്‍ജ്ജിമയ്ക്കു ഭംഗികൂടുമെങ്കിലും ആകപ്പാടെ നോക്കുമ്പോൾ ശാകുന്തള തര്‍ജ്ജിമയുടെ ഗുണപൌഷ്ഫല്യം അതിനില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മറ്റുള്ള നാടകതര്‍ജ്ജിമകളുമായ് ശാകുന്തളത്തെ താരതമ്യപ്പെടുത്തുന്നതു് കാവ്യാര്‍ത്ഥാപത്തിക്കു് ഉദാഹരണമാക്കുവാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. 


തിരുമനസ്സിലേ സ്വതന്ത്രകൃതിയായി ഭാഷയിൽ ഒരു കാവ്യം മാത്രമെ ഉള്ളു. അതു സരസപ്രാസാലങ്കാരസർവസ്വമായ മയൂരസന്ദേശം മണിപ്രവാളമാണെന്നു പറയേണ്ടതില്ലല്ലോ. തന്റെ ഗ്രന്ഥങ്ങളുടെ എണ്ണം കൊണ്ടു് ഒരു കവിയും വിദ്വൽപ്രതാരണം ചെയ്തതായി ലോകത്തിൽ കേൾവിയില്ല.


"കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം തനയം"


എന്നുള്ള ആപ്തവാക്യം കാവ്യകൃത്തുകളും സ്മരിക്കേണ്ടതാണു്. മയൂരസന്ദേശത്തെപ്പോലെ സരസവും ഹൃദയംഗമവുമായ ഒരു ഖണ്ഡകാവ്യം ഭാഷയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനുള്ള അകൃത്രിമരാമണീയകം മറ്റൊരു ഗ്രന്ഥത്തിനുമില്ല. മലയാളത്തിലേ ആദ്യസന്ദേശമായ "ഉണ്ണുനീലിസന്ദേശകാവ്യം" "രസികരഞ്ജിനി പ്രവര്‍ത്തകന്മാർ പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ചിട്ടുണ്ടു്. അതിനാൽ മയൂരസന്ദേശത്തിനു് ഇപ്പോൾ ഗുണംകൊണ്ടുള്ള പ്രാഥമ്യമേ ഉള്ളു. സന്ദേശകാവ്യപംക്തിയിൽ ഉത്തമങ്ങൾ കാളിദാസരുടെ മേഘസന്ദേശവും ലക്ഷ്മീദാസന്റെ ശുകസന്ദേശവുമാണെന്നുള്ളതു സർവസമ്മതമാണല്ലോ. ശബ്ദാര്‍ത്ഥാലങ്കാരങ്ങളിലുള്ള തുല്യനിഷ്കര്‍ഷത്താൽ മയൂരസന്ദേശം അര്‍ത്ഥഭംഗിക്കുമാത്രം കേൾവിപ്പെട്ട കാളിദാസകൃതിയേയും ഇതിവൃത്തം കവിയുടെ ജീവചരിത്രത്തിന്റ ഒരു ഘട്ടമാകയാൽ കല്പിതകഥാവസ്തുവായ ലക്ഷ്മീദാസകൃതിയേയും സുഗമമായി ജയിക്കുന്നുവെന്നു സമ്മതിക്കാതെ കാവ്യമര്‍മ്മജ്ഞന്മാക്കു ഗത്യന്തരമില്ല. ഈ പുസ്തകത്തിൽനിന്നു ശ്ലോകങ്ങളെ ഉദ്ധരിക്കുന്നതു ഭാഷാഭിമാനികൾ നിറഞ്ഞിട്ടുള്ള ഈ സദസ്സിൽ കേവലം അനാവശ്യമാകയാൽ ഇവിടെ അതിലേയ്ക്കായി ഒരുങ്ങുന്നില്ല.


വലിയകോയിത്തമ്പുരാൻ തിരുമേനിയെ ഒരു ഗദ്യകാരന്റെ നിലയിൽ നോക്കുമ്പോഴാണ് നമുക്കു് അവിടുത്തേ നേര്‍ക്കുള്ള ആദരവും കൃതജ്ഞതയും ദ്വഗുണീഭവിക്കുന്നതു്. 1042-ാം മാണ്ടു് അവിടുന്നു തിരുവിതാംകൂർ ബുക്കു കമ്മിറ്റിയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടപ്പോൾ ഭാഷാഗദ്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നു ക്ഷണനേരത്തേയ്ക്ക് ഒന്നാലോചിച്ചുനോക്കാം. അന്നു യൂറോപ്യൻ പാതിരിമാരുടെ ചില ക്രിസ്തുമതപ്രതിപാദകമായ തര്‍ജ്ജിമകളേയും ഉണിശ്രുക്കളായ കേരളപണ്ഡിതന്മാരുടെ ചില സംസ്കൃതപദബഹുലമായ ഭാഷാവ്യാഖ്യാനങ്ങളേയും ഒഴിച്ചാൽ ഗദ്യകാവ്യമെന്നു പറയുവാൻ തുഞ്ചത്തെഴുത്തച്ഛന്റേതെന്നു പറഞ്ഞുവരാറുള്ള കേരളനാടകമല്ലെങ്കിൽ കേരളോല്പത്തിയും അരിപ്പാട്ടു കൊച്ചുപിള്ള വാരിയർ എഴുതിയ ഈസോപ്പിന്റെ ചില സാരോപദേശ കഥകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാഷാഗദ്യത്തിനു അക്കാലംവരെ യാതൊരു രീതിയും നിയമവും ഉണ്ടായിരുന്നില്ല. പാച്ചു മൂത്തതിന്റെ ലളിതമധുരമായ ബാലഭൂഷണം ബുക്കുകമ്മിറ്റി ഏർപ്പെടുത്തിയ വര്‍ഷത്തിലത്രേ ഭൂജാതമായതു്. ഈവിധത്തിലുള്ള ഒരു കാലത്തിൽ ആരംഭിച്ച ബുക്കുകമ്മിറ്റി വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേ അദ്ധ്യക്ഷതയിൽ ചെയ്ത വിസ്മയനീയമായ ഭാഷാപോഷണം വാക്കുകൾക്കു അഗോചരമാകുന്നു. സന്മാര്‍ഗ്ഗസംഗ്രഹം, വിജ്ഞാനമഞ്ജരി, സന്മാര്‍ഗ്ഗപ്രദീപം മുതലായ ഗ്രന്ഥങ്ങളിലേ അനപലപനീയമായ ഭാഷാരീതി ആസ്വദിക്കുവാൻ ഇടവന്നിട്ടില്ലാത്തവർ അപൂർവമാണല്ലോ. ആ പുസ്തകങ്ങൾ ഒക്കെയും ഒന്നുകിൽ തിരുമനസ്സുകൊണ്ടു തന്നെ എഴുതിയുണ്ടാക്കുകയോ അഥവാ അലകുംപിടിയും മാറി നവീകരിക്കുകയോ ചെയ്തിട്ടുള്ളതാണു്. അവയിൽ പലതിന്റേയും രസം നാമെല്ലാം ബാല്യത്തിൽ മാതൃസ്തന്യം പോലെ പാനംചെയ്തിട്ടുള്ളതാകയാൽ തത്സംബന്ധമായുള്ള പ്രശംസ മാതൃപ്രശംസപോലെ അസ്ഥാനസ്ഥമാകയില്ലയോ എന്നു ഭയപ്പെടുന്നു.


പാഠപുസ്തകങ്ങളെ കഴിച്ചുനോക്കിയാൽ തിരുമനസ്സിലേ ഗദ്യകൃതികളിൽ സ്മരണീയമായുള്ളവ മഹച്ചരിതസംഗ്രഹവും അൿബറും ആണു്. അവ രണ്ടും ഏറ്റവും പ്രൌഢമായ രീതിയിൽ നിര്‍മ്മിച്ചിരിക്കുന്നു. അപുഷ്ടാര്‍ത്ഥവും ദുഷ്ടപദഭൂയിഷ്ഠവുമായ വാക്യങ്ങൾ അതിൽ മദ്ധ്യാഹ്നത്തിൽ അന്ധകാരം പോലെ അദൃശ്യമാകുന്നു. അൿബറുടെ ആദിമാദ്ധ്യായങ്ങളിൽ സ്വല്പം സംസ്കൃതപദങ്ങൾ അധികമാണെങ്കിൽ അതിനുള്ള സമാധാനവും അവിടുന്നു് മുഖവുരയിൽ സ്പഷ്ടമായി വിവരിച്ചിട്ടുണ്ടു്.


ഈ ഗ്രന്ഥങ്ങളിൽനിന്നു നമുക്കു ലഭിക്കുന്ന ശബ്ദസംബന്ധമായും അസംബന്ധമായുമുള്ള ജ്ഞാനം അല്പമല്ല. ഇദാനീന്തനന്മാരായ ഭാഷാഗദ്യകാരന്മാർ കൈകാര്യം ചെയ്യുന്ന പ്രസിദ്ധ സംസ്കൃതപദങ്ങങ്ങളിൽ മിക്കതും വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഇദംപ്രഥമമായി യഥാവസരം പ്രയോഗിച്ചിട്ടുള്ളതാകുന്നു. വിസ്തരഭയത്താൽ അവയുടെ ഒരു പട്ടിക ഇവിടെ ചേര്‍ക്കുവാൻ വിചാരിക്കുന്നില്ല. ചുരുക്കി പറയുകയാണെങ്കിൽ ഭാഷാഗദ്യത്തിന്റെ പിതാവ് എന്നു പല പണ്ഡിന്മാരും തിരുമനസ്സിലെ നാമകരണം ചെയ്തിട്ടുള്ളത് അന്വര്‍ത്ഥമാണെന്നുള്ളതിനു ലേശംപോലും സംശയമില്ല.


ഇനി അവിടുത്തെപ്പറ്റി ഭാഷാപോഷണീസഭയുടെ അദ്ധ്യക്ഷനായും, ഗ്രന്ഥപ്പുരയുടെ ഭരണകര്‍ത്താവായും, വിദ്വജ്ജനങ്ങളുടെ ആശ്രയമായും, ഭാഷാപുസ്തകങ്ങളുടെ പരിശോധകനായും സ്വല്പം വര്‍ണ്ണിക്കുവാനുണ്ടു്. ഭാഷാപോഷിണീസഭയുടെ ആരംഭകാലം മുതൽ ഇന്നുവരെയും അദ്ധ്യക്ഷനെന്നുള്ള നിലയിൽ തിരുമനസ്സുകൊണ്ടു ഭാഷയ്ക്കു ചെയ്തിട്ടുള്ള പോഷണം എത്രയോ മഹനീയമാകുന്നു. ഭാഷാപോഷിണി പരമാർത്ഥത്തിൽ ഭാഷാപോഷിണിയായിരുന്നതു് വിദ്യാവിനോദിനിയുമായി ലയിക്കുന്നതിനു മുമ്പിലായിരുന്നുവല്ലോ. അന്നു കേരളീയപണ്ഡിതന്മാർ പുസ്തകപരിശോധനയിലും സാഹിത്യപരീക്ഷയിലും ചെയ്തുവന്ന ശ്രമം ഏറ്റവും ശ്ലാഘനീയമായിരുന്നു. ആ മഹാസഭയുടെ വാഷികയോഗങ്ങളിൽ ചിലപ്പോൾ തിരുമനസ്സുകൊണ്ടു് അഗ്രാസനാധിപതിയുടെ നിലയിൽ ചെയ്തിട്ടുള്ള സരസവും സാരഗർഭവുമായ പ്രസംഗങ്ങളും ഈ അവസരത്തിൽ സ്മരണീയമാകുന്നു. സഭയിൽനിന്നു സമ്മാനമോ കുറഞ്ഞപക്ഷം പ്രശംസാപത്രമെങ്കിലുമോ കിട്ടുമെന്നാശിച്ചു് എത്ര ഗ്രന്ഥകാരന്മാരാണു് അക്കാലത്തു സാഹിത്യസരണിയിൽ സഞ്ചരിച്ചിരുന്നതു്.


വലിയകൊട്ടാരം ഗ്രന്ഥപ്പുരയുടെ ഭരണാധികാരിയെന്ന നിലയിൽ തിരുമനസ്സിലെ നോക്കുകയാണെങ്കിൽ അവിടുന്നു ഭാരതചമ്പു മുതലായ അനേകം വിശിഷ്ടഗ്രന്ഥങ്ങൾ പകർത്തി എഴുതിച്ചു പ്രസിദ്ധീകരിപ്പിക്കുകയും നൈഷധചമ്പു, ഉത്തരരാമായണചമ്പു, രാമായണചമ്പു മുതലായ മറ്റനേകം ഉത്തമഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിൽ നിഷ്കൈതവമായി തൽ പ്രവത്തകന്മാരെ സഹായിക്കുകയും ചെയ്തിട്ടുണ്ടു്. കാര്‍ത്തിക തിരുനാൾ മഹാരാജാവിനാൽ ഉല്പാദിതമായി, സ്വാതിതിരുനാൾ മഹാരാജാവിനാൽ പോഷിതമായി, വിശാഖം തിരുനാൾ മഹാരാജാവിനാൽ ലാളിതമായി, കരുണാനിധിയും പുണ്യശ്ലോകനുമായ നമ്മുടെ പൊന്നുതമ്പുരാൻ തിരുമേനിയാൽ സുരക്ഷിതമായ വലിയകൊട്ടാരം ഗ്രന്ഥപ്പുരയ്ക്ക് ഇത്ര അനുരൂപനായ ഒരു ഭർത്താവു് ഈശ്വരാനുകൂല്യത്താൽ തന്നേയാണു് ലഭിച്ചതു്. അവിടുത്തെ സാഹിത്യപ്രണയത്താലാണല്ലോ ഗ്രന്ഥപ്പുര പബ്ലിക്കു ലൈബ്രറിപോലെ സൂക്ഷിക്കപ്പെടുന്നതും അവിടെനിന്നു ഭക്തിമഞ്ജരി, ദൈവം മുതലായ സംസ്കൃതഗ്രന്ഥങ്ങൾ ഇപ്പോൾ പ്രസിദ്ധീകൃതങ്ങളാകുന്നതും.


വിദ്വജ്ജനങ്ങൾക്കും കവികൾക്കും വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേ കവിഞ്ഞ ഒരു കല്പവൃക്ഷം അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടില്ല. സിദ്ധരൂപവ്യുല്ലത്തിമാത്രമുള്ളവരോടും വൃത്തഭംഗംകൂടാതെ ഒരൊറ്റ ശ്ലോകമെങ്കിലും എഴുതാവുന്നവരോടും തിരുമനസ്സിലേയ്ക്കുള്ള വാത്സല്യം അറിയുന്നവര്‍ക്കേ അറിഞ്ഞുകൂടൂ. ഇത്ര പരോല്ക്കര്‍ഷസഹിഷ്ണുതയും പരഗുണകാംക്ഷിത്വവും ചേന്ന ഒരു പുരുഷൻ വിദ്വജ്ജനങ്ങളുടെ ഇടയിൽ അപൂർവമായേ കാണപ്പെടുകയുള്ളു. "വിദ്വാംസോ വസുധാതലേ പരഗുണശ്ലാഘസുവാചംയമാഃ" എന്നു ജഗന്നാഥപണ്ഡിതരും


"നിജഘനമകരന്ദസ്യന്ദപൂണ്ണാലവാലാഃ
കലശസലിലസേകം നേഹതേ കിം രസാലഃ?"


എന്നു ജയദേവകിയും പരസ്പരവിരുദ്ധമായി പണ്ഡിതന്മാരെ വര്‍ണ്ണിക്കുന്നുണ്ടു്. എന്നാൽ ജയദേവര്‍ക്കുകൂടിയും ഊഹിച്ചിരിക്കുവാൻ മാഗ്ഗമില്ലാത്ത ഒരു സൌജന്യവും കരുണയുമാണു് കവികളുടെ വിഷയത്തിൽ തിരുമനസ്സിൽ പ്രകാശിക്കുന്നതു്". അവിടുത്തെ ഔദാര്യത്തിന്റെ കഥ നോക്കിയാൽ അത് ആദായത്തിന്റെ സ്ഥിതിക്കു് എത്രയോ അധികമാണെന്ന് ആരും സമ്മതിക്കും. തിരുമനസ്സിലേ കൈയിൽനിന്നു് ഒരു സമ്മാനമെങ്കിലും വാങ്ങുവാൻ ഇടവന്നിട്ടില്ലാത്ത ഭാഷാകവിയാകട്ടെ ശാസ്ത്രവ്യുല്പന്നനാകട്ടെ കേരളത്തിലെന്നല്ല ദ്രാവിഡദേശത്തിൽപോലും ഇല്ല. അഭിജ്ഞന്മാരോടു് അവിടുത്തേയ്ക്കുള്ള ആദരവു് എത്രമാത്രമാണെന്ന് നടുവത്തച്ഛൻ നമ്പൂരി അവർകൾ കഴിഞ്ഞവര്‍ഷത്തിൽ മലയാളമനോരമയിൽ എഴുതിയിരുന്ന മനോഹരമായ അഷ്ടമീയാത്രാ വര്‍ണ്ണനത്തിൽനിന്നു സ്പഷ്ടമാകുന്നു.


ഗ്രന്ഥപരിശോധകന്റെ നിലയിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ അമ്പതു വഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള മലയാള പുസ്തകങ്ങങ്ങളിൽ നൂറ്റിനു എഴുപത്തഞ്ചും അവിടുത്തെ പരിശോധനയ്ക്കുമേലോ അഭിപ്രായത്തോടുകൂടിയെങ്കിലുമോ അല്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നുള്ളതു പരബോദ്ധ്യമാകുന്നു. ആരു് എവിടെനിന്ന് എത്ര അബദ്ധങ്ങളോടുകൂടി ഏതുമാതിരി പുസ്തകം എഴുതി അയച്ചാലും അവിടന്നു് അതുമുഴുവൻ കൂലങ്കഷമായി പരിശോധിക്കുന്നതിൽ ജാഗരൂകനായിരിക്കുന്നു. ഇതു കേവലം പേരിനുമാത്രമുള്ള പരിശോധനയുമല്ല. ഉദാഹരണത്തിനു ഞാൻ ഈയിടെ നമ്മുടെ അന്നദാതാവായ പൊന്നുതമ്പുരാൻ തിരുമനസ്സിലെപ്പറ്റി ഉണ്ടാക്കിയ വഞ്ചീശഗീതി നാലഞ്ചു പണ്ഡിതന്മാരെ കാണിച്ചു. അവർ എല്ലാവരും ഒന്നുപോലെ ഗ്രന്ഥം ഏറ്റവും വിശിഷ്ടമാണെന്നും അതിൽ മാറ്റുവാനോ തിരുത്തുവാനോ യാതൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടു. പിന്നീടാണു ആ പുസ്തകം വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ കരാരവിന്ദങ്ങളിൽ ചെന്നുചേര്‍ന്നതു്. ഓരോ ശ്ലേകവും അവിടുന്നു സാവധാനമായി വായിച്ചു പദഭേദം വേണ്ട ഘട്ടത്തിൽ അതു കാണിച്ചുതന്നു്, അര്‍ത്ഥത്തിനു അസ്ഫുടതയുണ്ടെന്നു തോന്നിയ ഭാഗത്തിൽ അതു വിശദീകരിച്ചു്, എന്നുവേണ്ട അതിനു ഏതെല്ലാം മാര്‍ഗ്ഗത്തിൽ പരിഷ്കൃതി വേണമോ അതൊക്കെയും വരുത്തി, എന്നേ മൂന്നോ നാലോ ദിവസത്തിനുള്ളിൽ തിരിയെ ഏല്പിച്ചു. ഇതുതന്നെയാണു് അവിടുന്നു ഏതു പുസ്തകം കൈയിൽ കിട്ടിയാലും ചെയ്യുന്നതു്. മേശപ്പുറത്തു് അഭിപ്രായത്തിനായും പരിശോധനയ്ക്കായും എപ്പോഴും പുസ്തകങ്ങൾ പുത്തൻപുത്തനായിരുന്നുകൊണ്ടിരിക്കും. സര്‍ക്കാരിൽനിന്നു ആണ്ടുതോറും ആയിരം ഉറുപ്പിക ശമ്പളം വച്ച് ഓരോ കാര്യങ്ങൾക്കായി നിയമിക്കപ്പെടുന്ന മഹാന്മാർകൂടി ഇത്ര കൃത്യനിഷ്ഠയുള്ളവരായി കാണപ്പെടുന്നത് അപൂർവ്വമാണു്. അവിടുത്തെ ദോഷപ്രഖ്യാപനവൈമുഖ്യത്തെപ്പറ്റി പലരും ദോഷാരോപണം ചെയ്തിട്ടുണ്ടു്. ഇതിനു,


"ഗുണദോഷൌ ബുധോ ഗൃഹ്‌ണ-
സിന്ദുക്ഷ്വേളാവിവശ്വരഃ
ശിരസാ ശ്ലാഘതേ പൂർവം
പരം കണ്ഠേ നിയച്ഛതി."


എന്നുള്ള ആപ്തവാക്യം അവിടുത്തേക്കു സമാധാനമായുണ്ടു്. എന്നുമാത്രമല്ല കവിയശഃപ്രാര്‍ത്ഥികളായ യുവാക്കളെ ധൈര്യപ്പെടുത്തേണ്ടതു കവി സാർവഭൗമന്മാരുടെ കര്‍ത്തവ്യവുമാകുന്നു. ദുഷ്ണവികളെ നശിപ്പിക്കുവാനുള്ള വര്‍ഗ്ഗക്കാർ പത്രാധിപന്മാരാണു്. ആ ധമ്മത്തെ സി. പി. അച്യുതമേനോൻ അവർകൾ വിദ്യാവിനോദിനി പത്രാധിപരായിരുന്നപ്പോൾ വേണ്ടതുപോലെ അനുഷ്ഠിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ആ സ്ഥാനത്തിൽ ആരുമില്ലെന്നുള്ളതു ഭാഷയ്ക്ക് ഒരു ന്യൂനത തന്നെ. എന്നാൽ അതിനു മാസികാപ്രവർത്തകന്മാരെയല്ലാതെ മഹാകവികളെ കുറ്റപ്പെടുത്തുവാൻ പാടുള്ളതല്ല.


ഈ പ്രസംഗം ഞാൻ ഇന്ന് ഇതിലധികം ദീർഘമാക്കിയാൽ അതു് ഒരു മോചനമില്ലാത്ത പാപമായിത്തീരും. അതിനാൽ അവിടുന്നു രമേശചന്ദ്രദത്തന്റെ അപേക്ഷ അനുസരിച്ച് ഇപ്പോൾ നാലു ദ്രാവിഡ ഭാഷകളുടേയും സാഹിത്യചരിത്രം തൻറെ മേലന്വേഷണത്തിൽ എഴുതിക്കുവാൻ ഏർപ്പാടുചെയ്തിരിക്കുന്നു എന്നുള്ള വസ്തുതകൂടി മാന്യ സദസ്യരെ അറിയിച്ചുകൊണ്ടു് ഈ ഉപന്യാസത്തെ ഉപസംഹരിച്ചുകൊള്ളുന്നു. തിരുമനസ്സുകൊണ്ടു കേരളഭാഷയ്ക്കും കേരളീയര്‍ക്കും ഉപകര്‍ത്താവായി മേലും അനന്തരകാലം ജഗദീശ്വരന്റെ കൃപാതിരേകത്താൽ ആയൂരാരോഗ്യസൌഖ്യത്തോടുകൂടി ജീവിച്ചിരിക്കുമാറകട്ടെ.

 

1081-ചിങ്ങം കന്നി ഭാഷാപോഷണി