Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ഉണ്ണായിവാരിയർ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഉണ്ണായിവാരിയർ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സുപ്രസിദ്ധമായ നളചരിതം നാലുദിവസത്തെ കഥകളിപ്പാട്ടിന്റെ നിർമ്മാതാവായ മഹാകവി ഉണ്ണായിവാരിയരുടെ, അത്രമാത്രം തന്നെ പ്രസിദ്ധി സിദ്ധിച്ചിട്ടില്ലാത്തതും എന്നാൽ അതു സിദ്ധിക്കുവാൻ സർവഥാ അർഹതയുള്ളതുമായ, ഒരു വിശിഷ്ടകൃതിയാകുന്നു ഗിരിജാകല്യാണം ഗീതപ്രബന്ധം. ഈ കൃതി ആദ്യമായി ക്രി. പി. 1879-ൽ "പാർവതീസ്വയംവരം അല്ലെങ്കിൽ ഗിരിജാകല്യാണം" എന്ന പേരിൽ കൊച്ചിയിൽ സെന്റുതോമസ്സ് അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. സ്ഖലിതദുഷ്ടമായ ആ പതിപ്പിനെപ്പറ്റി ഗോവിന്ദപ്പിള്ള സർ വാധികാഴ്ചക്കാർ അവർകൾ കൊല്ലം 1064-ൽ പരിഷ്ക്കരിച്ചു പ്രസിദ്ധപ്പെടുത്തിയ മലയാളഭാഷാചരിത്രം രണ്ടാം ഭാഗത്തിൽ ഒന്നുംതന്നെ പ്രസ്താവിച്ചുകാണാത്ത സ്ഥിതിക്കു് അതു് അദ്ദേഹത്തിനു ദൃഷ്ടിഗോചരമായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലയാളസാഹിത്യചരിത്രസംഗ്രഹം എന്ന പുസ്തകം 1097-ൽ പ്രസിദ്ധപ്പെടുത്തിയ ശ്രീമാൻ പി. ശങ്കരൻനമ്പ്യാർ എം. ഏ. ഗിരിജാകല്യാണം "കിളി (ഹംസ) പ്പാട്ടു് എന്നു നിർവചിക്കുന്നതിൽനിന്നു് അക്കാലത്തു് അദ്ദേഹത്തിനു ആ ഗ്രന്ഥത്തെപ്പറ്റി കേട്ടുകേൾവിയില്ലാതെ മറ്ററിവുണ്ടായിരുന്നതായി വിചാരിക്കുവാൻ ന്യായം കാണുന്നില്ല. ഗിരിജാകല്ല്യാണം ഒരു കിളിപ്പാട്ടോ ഹംസപ്പാട്ടോ അല്ലെന്നും കവി സ്വയമേവ കഥ പറഞ്ഞുകൊണ്ടുപോകുന്നതും അദ്ദേഹം പ്രബന്ധമെന്നു നാമകരണം ചെയ്തിട്ടുള്ള ഒരു ഗാനമാണെന്നും പറയേണ്ടതില്ലല്ലോ. സെന്റ്തോമസ്സ് അച്ചുക്കൂടക്കാരുടെ ആ പഴയ പതിപ്പ് ഞാൻ ബാല്യത്തിൽ എവിടെവച്ചോ വായിച്ച ഒരോർമ്മ അർദ്ധവിസ്‌മൃതിയിൽ ആണ്ടുകിടന്നിരുന്നതിനാൽ വർത്തമാനപ്പത്രംവഴി അതിനെപ്പറ്റി തിരക്കുകയും അതിന്റെ ഫലമായി മാന്നാ ററു കുട്ടംപേരൂർ ശ്രീവിദ്യാപ്രകാശിനീ സംസ്കൃത പാഠശാലയിൽ ഒരദ്ധ്യാപകനായ എന്റെ സ്നേഹിതൻ ശ്രീമാൻ വി. ജി. കൊച്ചുകൃഷ്ണനാശാന്റെ കൈവശമുണ്ടായിരുന്ന അതിന്റെ ഒരു പ്രതി എനിക്കു കിട്ടുവാൻ ഇടവരികയും ചെയ്തു. എന്റെ പതിപ്പിന്റെ അച്ചടി കഴിഞ്ഞതിനുമേലാണു് എനിക്കു ആ പഴയ പതിപ്പ് പരിശോധിക്കുവാൻ സംഗതിവന്നതു്. എങ്കിലും ഒരൊറ്റ ഗ്രന്ഥത്തെമാത്രം ആശ്രയിച്ചതും ആരുംതന്നെ പരിശോധിക്കാത്തതുമായ ആ പുസ്തകം മുൻകൂട്ടി ലഭിക്കാത്തതു് ഒരു നഷ്ടമായി തോന്നിയില്ല. ഗിരിജാകല്യാണത്തിന്റെ പ്രഥമകാണ്ഡം (ഖണ്ഡമെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നു ) പ്രശസ്ത പണ്ഡിതനായ എന്റെ സ്നേഹിതൻ ശ്രീമാൻ പി. കെ. നാരായണപിള്ളയുടെ ഒരു ചെറിയ ടിപ്പിണിയോടുകൂടി ചേർത്തല ദിവാൻ ബഹദൂർ കൃഷ്ണൻനായർവായനശാലയുടെ ഭാരവാഹികൾ 1090-ൽ അച്ചടിപ്പിക്കയുണ്ടായി. എന്റെ പതി പ്പിനു ഞാൻ ഉദയമ്പേരൂർ മംഗലശ്ശേരി ഇല്ലത്തു ശ്രീമാൻ ശുവരൻകണ്ടൻ നമ്പൂരിയുടെ പക്കൽനിന്നും മറ്റും മഹാമഹോപാദ്ധ്യായൻ ഗണപതിശാസ്ത്രി അവർകൾ സമ്പാദിച്ച രണ്ടും, കള്ളർകോട്ടു കിഴക്കേടത്തു ശ്രീമാൻ ചന്ദ്രശേഖരവാരിയരുടെ ഗ്രന്ഥശാലയിൽനിന്നു പണ്ഡിതർ വടക്കുംകൂർ രാജരാജവർമ്മരാജാവു കൊണ്ടുവന്ന ഒന്നും, ഇങ്ങനെ മൂന്നു ഗ്രന്ഥങ്ങളെയാണു അവലംബിച്ചിരിക്കുന്നത്. ഗണപതിശാസ്ത്രികൾ സമ്പാദിച്ചതിൽ ഒരു ഗ്രന്ഥം


"കോപ്പതെല്ലാം കണ്ടു താൽപരിയംപൂണ്ടു
കൂപ്പിടാതെ നിന്ന ഗീഷ്പതി ചൊല്ലിനാൻ".


എന്ന ഭാഗത്തിൽ അവസാനിക്കുന്നു. മറ്റു രണ്ടു ഗ്രന്ഥങ്ങളും സമഗ്രങ്ങൾ തന്നെ. കാവ്യത്തിന്റെ നൈസർഗ്ഗികമായ കാഠിന്യം ഈ ഗ്രന്ഥങ്ങളിലെ സ്ഖലിത പരമ്പരയുമായി യോജിക്കുകനിമിത്തം എന്റെ മനസ്സിനു നിർദ്ദോഷമെന്നു തോന്നിയ ഒരു പാഠം ഒന്നിലധികം ഘട്ടങ്ങളിൽ എനിക്കു കണ്ടുപിടിക്കുവാൻ ഒട്ടുവളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ടു്.


ഉണ്ണായിവാരിയരുടെ കാലത്തേയും കവിതകളേയും പറ്റി അനേകം അന്വേഷണങ്ങൾ നടത്തിയതിന്റെ ഫലമായി ഇതുവരെ കേരളീയരുടെ അറിവിൽ പെട്ടിട്ടില്ലാത്ത ഏതാനും ചില വിവരങ്ങൾ എനിക്കു ലഭിക്കുവാൻ ഇടവന്നു. അവയെ ഈ അവസരത്തിൽ ഭാഷാഭിമാനി കളെ ഗ്രഹിപ്പിക്കുന്നതിനു് എനിക്കു് പ്രത്യേകം സന്തോഷമുണ്ടു്. ഈ വി യത്തിൽ എനിക്ക് അമൂല്യമായ പല സഹായവും ചെയ്തുതന്നിട്ടുള്ള എന്റെ സ്നേഹിതൻ 'കേരളപുത്രാ'ദി ഗ്രന്ഥകർത്താവായ ശ്രീമാൻ അമ്പാടി നാരായണപ്പൊതുവാളുടെ പേരിൽ എനിക്കുള്ള കൃതജ്ഞത വാക്കുകളാൽ പരിച്ഛേദിക്കാവുന്നതല്ല.


കൊച്ചിശ്ശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തോട് അടുത്തുകിടക്കുന്ന "അകത്തൂട്ടു "വാരിയത്തിലാണു നമ്മുടെ മഹാകവി ജനിച്ചതു്. അകത്തൂട്ടുവാരിയന്മാർക്കു പണ്ടേയ്ക്കുപണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ടു്. ഉണ്ണായിവാരിയരുടെ സാക്ഷാൽ നാമധേയം രാമൻ എന്നായിരുന്നു. രാമൻ "ഉണ്ണിരാമ"നായും ഉണ്ണിരാമൻ (ഉണിരാമവാരിയർ = ഉൺരാമവാരിയർ = ഉൺരായിവാരിയർ= ഉണ്ണായിവാരിയർ) ഉണ്ണായി ആയും പരിണമിച്ചാണു് രാമവാരിയർ ഉണ്ണായിവാരിയരായി തീർന്നതു്. സ്വന്തം അമ്മാമൻ തന്നെയായിരുന്നു വാരിയരുടെ ഗുരുനാഥൻ. ബാല്യത്തിൽ ഒരിക്കൽ അമ്പലത്തിലെ കഴകപ്രവൃത്തിക്കു് എന്തോ വീഴ്ചവരുത്തുകയാൽ മാതുലനു മരുമകനെ ശാസിക്കേണ്ടിവന്നു. അപ്പോൾ ഉണ്ണായിവാരിയരുടെ മുഖത്തിൽനിന്നു നിർഗ്ഗമിച്ച ഒരു ദ്രുതകവനമാണു താഴെ കാണുന്ന ഭാഷാശ്ലോകം.


"താഡിക്കേണ്ടെന്നു ചൊല്ലിക്കൊടിയ തടിയുമായ്
പ്രാണനിര്യാണകാല-
ത്തോടിച്ചാടിക്കൃതാന്തത്തടിയനടിയനെ-
പ്പേടികാട്ടും ദശായാം
കോടക്കാർമേഘവണ്ണം തഴുകിയ വനമാ-
ലാദിഭൂഷാഞ്ചിതം തേ
കൂടക്കാണായ്‌ വരേണം തിരുവുടലകമേ
കൂടൽമാണിക്യമേ! മേ."


"താഡിക്കേണ്ട" എന്നുവച്ചാൽ "താഡിക്കുന്നുണ്ട്' എന്നാണർത്ഥം. ഇതുകൂടാതെ വാരിയരുടെ വകയായി ഒരു ഭാഷാശ്ലോകംകൂടി കേട്ടിട്ടുള്ളതു താഴെ ഉദ്ധരിക്കാം.


"നില്ലപ്പാ! നിലനില്ലു പേർത്തുമിവിടെ-
ത്തന്നേ മലർക്കന്യയാം
വല്ലിക്കെട്ടുമണിഞ്ഞു മൂന്നുലകിലും
വിസ്താര്യ പത്രാവലീം
തെല്ലുൾച്ചേർന്നു കുലീപിനീപരിസരേ
നില്ക്കുന്ന കല്പദ്രുമം
ചൊല്ലിക്കൊണ്ടതു നൽകും; എന്തിനു മന-
ക്കാമ്പേ! മഹീചംക്രമം ?


"കുലീപിനി" ഇരിങ്ങാലക്കുട ക്ഷേത്രക്കുളത്തിന്റെ പേരാണത്രേ.


വാരിയരുടെ കവിതകളിൽ സർവഥാ പ്രാധാന്യം വഹിക്കുന്നതു "രാമപഞ്ചശതീസ്തോത്രം" എന്ന സംസ്കൃതകാവ്യമാണു്. അതു മഹാകവി മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ ഗുരുവായുപുരേശസ്തവമായ "നാരായണീയ'ത്തെ അനുകരിച്ചു നിർമ്മിച്ചിട്ടുള്ളതും അൻപതു ദശകങ്ങളിലായി അഞ്ഞൂറിൽപരം ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു സാരസ്വതപ്രവാഹമാകുന്നു. രാമായണമാണ് കാവ്യത്തിലെ പ്രതിപാദ്യവിഷയം; രാമനാണു് കാവ്യകർത്താവു്. അതിനാൽ ഭട്ടതിരിയുടെ കാവ്യം എങ്ങനെ "ദ്വേധാ നാരായണീയ"മോ അതുപോലെ വാര്യരുടെ കാവ്യവും "ദ്വേധാ രാമപഞ്ചശതീസ്തോത്രം"തന്നെ. പരിണതപ്രജ്ഞനും ഭാവനാകുശലനും ആയ വാരിയർ ഈ കാവ്യത്തിൽ ശബ്ദവിഷയകമായി, പ്രസാദം കൊണ്ടല്ലെങ്കിലും പ്രൌഢതകൊണ്ടു. ഭട്ടതിരിയെക്കൂടി തലകുനിപ്പിക്കുന്നില്ലയോ എന്നു തോന്നിപ്പോകുന്നു. ഉദാഹരണത്തിനായ് ആദ്യത്തെ ദശകം ഉദ്ധരിക്കാം.


"ആനന്ദോദയഹേതുരിന്ദുദുഷദാ-
മിന്ദുർമ്മുനീനാം ധിയാ-
മാവൃന്ദാരകമാപിപീലികമിഹ
സ്രക് സൂത്രനീത്യാ സ്ഥിതഃ
ശ്രീവത്സാത്ഭുത കൌസ്തുഭോജ്ജ്വലവപുഃ
ശ്രീവാസുദേവസ്സ്വയം
ശ്രീമൽസംഗമമന്ദിരേ വിഹരതേ
ശ്രേയഃ പ്രദായി നൃണാം.


ശൃണ്വൻ യദ്ഗുണമുദ്ഗുണൻ യതമനാ
യം ചിന്തയൻ സന്തതം
തന്വന്നർച്ചനവന്ദനേ ഭജതി യോ
യസൈവ ദാസ്യം ഗതഃ
ധന്യോസൌ മനുജഃ കദാപി ന പുനഃ
സ്തന്യം ജനന്യാഃ പിബേൽ;
തം നാഥം ജഗതാം നമാമി ശിരസാ
ശ്രീസംഗമേശം ഹരിം.


മഞ്ജുസ്വർണ്ണകിരീടമഞ്ജനശിലാ-
ഭാളീകചഞ്ചൽകചം
കിഞ്ജല്ക്കോപമചില്ലിവല്ലിവലനെ-
വ്യഞ്ജൽപ്രപഞ്ചസ്ഥിതിം
കഞ്ജാന്തർദളനേത്രമുന്നസമഭി-
ന്യഞ്ചന്മണീകുണ്ഡലം
സഞ്ജല്പാമൃതഫേനപുഞ്ജഹസിതം
സഞ്ചിന്തയേ തേ മുഖം.


കണ്ഠാലങ്കൃതകൌസ്തുഭം കരലസൽ-
കൌമോദകീകംബുരാൾ-
കുണ്ഠാരാതിസുദശർനാക്ഷഗുഡികം
ശ്രീവത്സലക്ഷ്മാങ്കിതം
നിക്ഷിപ്തത്രിജഗൽകൃശോദരലസ-
ന്നാഭിസ്ഥനാളീകജ-
ന്യക്ഷോദീരിതവേദമാനുദതു മേ
ഖേദം തവേദം വപുഃ.


പ്രീതം ഗാഢനിവീതപീതവസന-
വ്യാസംഗികാഞ്ചീകലം-
ബാദീപ്രാപ്രപദീനനീവിനിഭൃതം
പീനോരുമാരാദ്ധ്നുമഃ
ആസീദൽസനകാദൃതം പദയുഗോ-
പാസീനധാത്രീരമാ-
ദാസീചാരിതചാമരം വയമിമേ
ത്വാം സംഗമാധീശ്വര!


പൂർവം പുഷ്‌കരവിഷ്ടരഃ പുനരഹോ
വിഷ്ണുഃ പുനാരുദ്ര ഇ-
ത്യേവം ധൂർവഹതാം പൃഥഗ്വഹസി കിം
സർഗസ്ഥിതിദ്ധ്വംസനേ?
സൃഷ്ടം രക്ഷസി രക്ഷ! രക്ഷിതമലം
സംഹൃത്യഃ കൃത്യാദിതോ
ദുഷ്ടാത്തിഷ്ഠ വിരമ്യഃ സമ്യഗിതി കിം
പിത്രാസി വിത്രാസിതഃ?


ന്യസ്തം ചേതസി യദ്യദദ്യ യതിതും
നിസ്തന്ദ്രചിത്തൈർഭി-
സ്തത്തൽ സൂര്യതഏവ സുപ്തബുധിതൈർ-
ദ്ദത്തം ത്വയേതൈഹികം;
വിത്തം വസ്ത്യമപത്യമിത്രദയിതാ-
ഭൃത്യാദി വാ ഭുക്തയേ
പ്രത്തം ഭക്തജനായ തത്തദവിതും
യത്തോഽസി തത്തോഷിതഃ.


ഏനഃപുണ്യപരംപരാമിഹ ജനൌ
ജാനാതി മർത്യോ ന താം
പൌനഃപുന്യചിതാം പുരാതനജനൌ
സേനാതിയത്സേന യഃ
പ്രീണാതി ശ്രവണത്വഗക്ഷിരസന-
ഘ്രാണാനി യേനാനിശം
പ്രാണാതിപ്രണയാവശേ ബത പശൌ
ദേയേ ദയാർദ്രേ ദൃശൗ.


ആയൂരത്നമയോഘനോസ്ത്യപഘനോ
രായോംബുധാരാസമാ-
ജായാപുത്രമുഖാ ജനാശ്ച ബഹവ-
സ്സന്ത്യന്തികേ യദ്യപി
മായൂരച്ഛദവൽ തഥാപി മമഭൂ-
മാലിന്യമന്യത്ര മാ;
പീയുഷപൃഹിതം ബിഭൃഷ്വ നയനേ
സ്ഫീതാനുകമ്പാഘനേ.


‌ഹീനപ്രായമവൈരിതോഽന്യദഫലം
ജാനദ്‌ഭിരേവാഖിലം
ധ്യാനപ്രാഘുണികീകൃതം യദതസീ-
സൂനപ്രഭം യോഗിഭിഃ
ഏനഃപാവനതാസുധാക്തശശഭൃൽ-
ഭാനുപ്രകാശാംശുസ-
ഹ്യാനല്പാമൃതമീക്ഷിതും തവ വപുഃ
പ്രാണപ്രയാണേ വൃണേ."


ആരണ്യകാണ്ഡത്തിൽനിന്നു് ഒരു പദ്യം താഴെ ചേർത്തുകൊള്ളുന്നു.


"നിരര്‍വണ്ണയൽ സ വരവര്‍ണ്ണിനീമുഖം
മതിനിയായ യതിവര്‍ണ്ണയാ ദൃശാ
സമവര്‍ണ്ണയച്ചരണചണ്ഡതാം തവ
സ്വരവര്‍ണ്ണശുദ്ധപദഷണ്ഡയാ ഗീരാ"


താഴേകാണുന്നതു സുന്ദരകാണ്ഡത്തിലേ ഒരു പദ്യമാണു്.


"സൌധേ ഹര്‍മ്മ്യേ സഞ്ജാനേ ചാപ്യവരോധേ
സീതാദേവീമേഷ വിചിന്വന്നവലോക്യ
കങ്കേളീനാം കല്പതരൂണാം വിപിനേഽസൌ
ക്ലാന്തോ മദ്ധ്യേശിംശപമാസ്ത ക്ഷണമാത്രം"


യുദ്ധകാണ്ഡത്തിൽനിന്ന് ഒരു ശ്ലോകംകൂടി ഉദ്ധരിക്കാം.


ത്വദ്ബാണേഭ്യസ്സബിഭ്യത്ത്വരിതമവരജം
ബോധയൻ കുംഭകര്‍ണ്ണം
തദ്ബാഹുച്ഛായയാർദ്ദൻ സ്വരിപുമുപശമ-
യ്യാസ്ത പുത്രേണ സാര്‍ദ്ധം;
കല്പാന്തോന്നിദ്രരുദ്രപ്രതിഭടവപുഷാ
ശൂലിനാ തേന തേനേ
ദുർബാധാ യാ കപീനാമശനിരജനി സാ
പാദപാത തവാന്തേ"


നാല്പത്തൊൻപതാമത്തെ ദശകത്തിൽ ഗ്രന്ഥകർത്താവു തന്നെപ്പറ്റി പ്രകടമായി ചില സംഗതികൾ പ്രസ്താവിക്കുന്നുണ്ടു്.


" ഭവന്മാലാകാരോ ഭജനവിമലാകാരകരണോ-
സ്മ്യഹം രാമോ രാമായണമഭണമേവം തവ പുരാ;
സുഖം മാലേവൈതൽ സരസപദപുഷ്പൌഘരചിതാ
ജഗന്മാതുര്‍മ്മോദം ദിശതു സഹവാസാത്ത ഹൃദി"


ഇതിൽനിന്നു കവിയുടെ നാമധേയം രാമനെന്നും അദ്ദേഹത്തിന്റെ വൃത്തി ഇരിങ്ങാലക്കുടക്ഷേത്രത്തിൽ മാലകെട്ടെന്നും വിശദമാകുന്നുണ്ടല്ലോ. ആ ദശകത്തിൽ തന്നേയുള്ള മറ്റൊരു ശ്ലോകമാണു താഴെ കുറിക്കുന്നതു്.


"ബുധോ വാ മൂഢോ വാസ്ത്വിഹ കവയിതാ സ്യാൽ കിമിയതാ?
ശ്രുതാ വാല്മീകീയാദ്രഘുപതികഥാ യേന ഹി യഥാ
തഥേയം തസ്യാ യദ്യനുകലനകാലേ പരിണമേൽ
പ്രസത്ത്യൈ ശ്രോതൃണാം ഫലമിദമൃതേ കിം കവികൃതേ?"


ഗ്രന്ഥസമാപ്തിയിലുള്ളതാണു് അധോലിഖിതമായ പദ്യം.


"ഗീതം നാതിസഹേ നചോഷ്ണമപി ച
ശ്രീസംഗമാധീശ്വര!
സ്വാതന്ത്ര്യേ ചകിതസ്തദസ്മി; സുഖിത-
സ്ത്വൽപാരതന്ത്ര്യ സ്മൃതേ;
ദേഹേ ധാതുഷ്ട ചേന്ദ്രിയേഷു ശിരസി
സ്വാന്തേ തഥാന്തർബഹി-
സ്സർവാംഗേഷ്വപി മേ തവൈവ കരുണാ
പീയൂഷധാരായതാം."


ഈ സ്തോത്രത്തിൽ പ്രഥമശതകം കൂടൽമാണിക്യസ്വാമിയുടെ കേശാദിപാദമാണെന്നു കണ്ടുവല്ലോ. അന്ത്യദശകം പാദാദികേശമാണു്. ഈ വിഷയത്തിൽ വാരിയർ ഭട്ടതിരിപ്പാട്ടിലെ അനുകരിക്കുന്നില്ല. ഭട്ടതിരി തന്റെ കാവ്യം ഒരു കേശാദിപാദംകൊണ്ടത്രേ സമാപിപ്പിക്കുന്നതു്.


രാമപഞ്ചശതീസ്തോത്രത്തിനു പത്തറുപതു കൊല്ലങ്ങൾക്കു മുമ്പു രാമൻനമ്പിടി എന്നൊരു വിദ്വാൻ ഒരു ലഘുവ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. അതു് അന്നു് ഇരിങ്ങാലക്കുട വാരിയത്തിൽ മൂപ്പായിരുന്ന പ്രസിദ്ധജൌതിഷികൻ ശങ്കരവാരിയരുടെ ആവശ്യമനുസ്സരിച്ചായിരുന്നു രചിച്ചതു് എന്നു താഴെ ഉദ്ധരിക്കുന്ന വ്യാഖ്യാതൃപദ്യത്തിൽനിന്നു വെളിവാകും. 


"ധീമാൻ പാരശവാഗ്രണിർവിജയതേ
ജ്യോതിർവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ
യശ്ശങ്കരാഖ്യോഽമലഃ
രാമസ്തസ്യ ഗിരാഽവികല്പിതമതി-
സ്വല്പസ്യ ചാര്‍ത്ഥേമിത-
സ്യേമാം പഞ്ചശതീസ്തവസ്യ വിവൃതിം
കുർവേ യഥാമത്യഹം."


ഏറെക്കാലം ഇരിങ്ങാലക്കുടയിൽ കഴിച്ചുകൂട്ടിയതിനുശേഷം വാരിയർ കുറേനാൾ തൃശ്ശിവപേരൂർ താമസിച്ചു വടക്കുന്നാഥസ്വാമിയെ ഭജിക്കുകയുണ്ടായി. അക്കാലത്തു് അദ്ദേഹം വടക്കുന്നാഥസ്തുതിയായി പല കീർത്തനങ്ങളും നിമ്മിച്ചിട്ടുള്ളതിൽ ഏതാനും ചിലതു് എന്റെ കൈവശം വന്നുചേർന്നിട്ടുണ്ടു്. ആ അവസരത്തിൽ അന്ന് തൃശ്ശൂരിലും മറ്റും നാടുവാഴിസ്ഥാനമുണ്ടായിരുന്ന ചങ്ങരൻകോതക്കർത്താവുമായി വാരിയർക്കു പരിചയപ്പെടുവാൻ ഇടയാകുകയും കത്താവിന്റെ ആജ്ഞാനു സാരം വടക്കുന്നാഥക്ഷേത്രത്തിലേയ്ക്കു തന്റെ ഒരു വഴിപാടെന്ന നിലയിൽ ആ മഹാകവി ഗിരിജാകല്യാണം ഗീതപ്രബന്ധം നിർമ്മിക്കുകയും ചെയ്തു. ഇതു് എന്റെ കൈശം കിട്ടീട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഗ്രന്ഥകർത്താവുതന്നെ കുറിച്ചിട്ടുള്ള ഒരു പദ്യത്തിൽനിന്നു വിശദമാകുന്നു.


"ഗിരിജാകല്യാണമിദം
നിരമാദലിഖച്ച രാമപാരശവഃ
സങ്കടമോചനഹേതോ-
ശ്ശങ്കരഗോദപ്രഭോര്‍ന്നിയോഗേന."


ഇതിൽനിന്നു ഗിരിജാകല്യാണം കവിതന്നെ നിര്‍മ്മിച്ച് ഒരു ഗ്രന്ഥത്തിൽ പകർത്തിയെഴുതിയതായി കാണാവുന്നതാണു്. നളചരിതം കഥകളിപ്പാട്ടു വാരിയരുടെ ഒടുവിലത്തെ കൃതി എന്നൂഹിക്കുന്നു.


ഉണ്ണായിവാരിയരുടെ ജീവിതകാലത്തെപ്പറ്റി എന്തെങ്കിലും ഒരഭിപ്രായം പറയുന്നതു വളരെ ആലോചിച്ചുവേണ്ടിയിരിക്കുന്നു. വാരിയർ കൊല്ലം 925-ാം മാണ്ടിടയ്ക്കു ജനിച്ചുവെന്നും 955-ാം മാണ്ടിടയ്ക്കു തിരുവനന്തപുരത്തുവന്നു കാര്‍ത്തികതിരുനാൾ മഹാരാജാവു തിരുമനസ്സിലേ മുഖം കാണിച്ചു എന്നും അന്ന് ഇവിടെവച്ച് മഹാകവി കുഞ്ചൻനമ്പിയാരുമായി പരിചയപ്പെട്ടു എന്നും ടിപ്പുവുമായുള്ള യുദ്ധത്തെപ്പറ്റി ചില മണിപ്രവാളശ്ലോകങ്ങൾ ഉണ്ടാക്കിയെന്നും 987-ാം മാണ്ടു് ഇരിങ്ങാലക്കുടയിൽ വച്ചു 61-ാമത്തെ വയസ്സിൽ മരിച്ചു എന്നും സൂക്ഷ്മം പോലെ 1956-ലെ ഭാഷാചരിത്രം ഒന്നാം പതിപ്പിൽ പറഞ്ഞുകാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തിയാണെന്നു തോന്നുന്നില്ല. രണ്ടാം പതിപ്പിൽ 955-നു് ഇടയ്ക്കല്ല 940-നു് ഇടയ്ക്കാണു് വാരിയർ കാര്‍ത്തിക തിരുനാൾ തിരുമേനിയെ മുഖംകാണിച്ചതു് എന്നു പഴയ ഐതിഹ്യത്തെ സ്വല്പം ഭേദപ്പെടുത്തി പറഞ്ഞിരിക്കുന്നതും വിശ്വാസയോഗ്യമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


"അപിച മമ ദയിതാ
കളിയല്ല നാതിചിരസുതാ
പ്രാണൻകളയുമതിവിധുരാ 
ന്നാൽ കുലമിതഖിലമവുറുതിവന്നിതു"


എന്നു നളചരിതം ഒന്നാംദിവസത്തെ കഥയിലേ പദഖണ്ഡം അറമാണു് എന്നൊരൈതിഹ്യമുണ്ടെന്നും ഉണ്ണായിവാരിയർ സമീപസന്തതിയില്ലാതെയാണു് മരിച്ചതെന്നും ഉള്ളതു നിർവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്നു അകത്തൂട്ടുവാരിയത്തേയ്ക്കു ദത്തെടുക്കുകയുണ്ടായി. അതിനും രണ്ടു തലമുറയ്ക്കുമേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടൂണിക്കണ്ടവാരിയർ 998-ൽ തന്റെ മകൻ തൃപ്പൊൽക്കടത്തു ശങ്കുവാരിയരെ അദ്ദേഹത്തിന്റെ മാതാവോടുകൂടി ദത്തെടുത്തു കുടുംബത്തേയ്ക്കു അവകാശിയാക്കിത്തീർത്തു. ആ ദത്തപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം എഴുപതിൽ ചില്വാനം വയസ്സു ജീവിച്ചിരുന്നതിനുശേഷം കൊല്ലം 1020-ാംമാണ്ടിടയ്ക്കു കാലധര്‍മ്മത്തെ പ്രാപിച്ചു, പിന്നീടു രാമൻനമ്പിടിയെക്കൊണ്ടു രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാര്യർ മുപ്പനായി. അദ്ദേഹം 74 വയസ്സോളം ജീവിച്ചിരുന്നു. 1064-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂർവ്വീകന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടണിക്കണ്ടവാരിരുടെ അടുത്ത പൂർവികനായിരുന്നില്ല എന്നുള്ളത് ഇതിൽനിന്നു തെളിയും. ശങ്കുവാരിയരുടെ കാലത്തിനപ്പുറം കുറേക്കാലം ജ്യോതിഷവിദ്വാൻ കുട്ടൻവാരിയർ കുലമഹിമയെ പരിപാലിച്ചുപോയിരുന്നു. ഇപ്പോഴത്തെ കാരണവൻ ഈശ്വരവാരിയരാണ്.


കുഞ്ചൻ നമ്പിയാര്‍ക്കു് എന്നപോലെ യാതൊരു ക്ഷേത്രാനുഭവവും കാര്‍ത്തികതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ടു് ഉണ്ണായിവാരിമ്പ്യാര്‍ക്കു പതിച്ചുകൊടുത്തതായി കാണുന്നില്ല. കായംകുളംരാജ്യം പിടിച്ചടക്കിയ വഴിയാണല്ലോ തിരുവിതാംകൂറിലേക്കു് ഇരിങ്ങാലക്കുടക്ഷേത്രത്തിലേ മേൽക്കോയിമ്മ സ്ഥാനം സിദ്ധിച്ചതു്. പണ്ഡിതപക്ഷപാതിയായ കാർത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് ഇരിങ്ങാലക്കുട ക്ഷേത്രത്തിലേ കഴകപ്രവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദർശിച്ചിരുന്നാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽതന്നെ പതിച്ചുകൊടുത്തിരിക്കുവാൻ ഇടയുണ്ടു്. അവിടുന്നു സ്ഥാപിച്ച വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഗിരിജാകല്യാണം ഗീതപ്രബന്ധത്തിന്റേയോ രാമപഞ്ചശതീസ്തോത്രത്തിന്റെയോ ഒരു താളിയോലപ്രതിപോലും കാണുന്നില്ല. നളചരിതം കഥകളി തിരുവനന്തപുരത്തുവച്ചു നിര്‍മ്മിച്ചു എന്നുള്ളതിനു യാതൊരു തെളിവുമില്ല. നേരേമറിച്ചു 955-ാം മാണ്ടിടയ്ക്കു വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കുകയും ചെയ്തിരുന്നു എങ്കിൽ വലിയ ഒരു സംസ്കൃതപണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതിതിരുനാൾ തിരുമേനിയെ അനുകരിച്ചു സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെ ആദ്യന്തം തന്റെ കഥകളി പുരിപ്പിച്ചിരിക്കുവാനാണു് എളുപ്പമുള്ളതു്. "കാതിലോലാ; നല്ലതാളി." "കരി കലക്കിയ കുളം, കളഭം കലക്കിയ കുളം." "ചേറ്റിൽക്കിടക്കുന്ന പന്നിത്തടിയനും; പങ്കേ ശയിക്കുന്ന പോത്രിപ്രവരനും." ഈ മൂന്ന് ഐതിഹ്യങ്ങൾക്കും വലിയ വിലയൊന്നും വയ്ക്കേണ്ടതില്ല. കാളിദാസനേയും ഭവഭൂതിയേയുമോ, എഴുത്തച്ഛനേയും കണ്ണശ്ശനേയുമോ പറ്റിയുള്ള ഐരുിഹ്യങ്ങളേയും "പരിപതതി പയോനിധൌ പതംഗഃ" "ചൂടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ്‍വരും" മുതലായ പദ്യങ്ങളുടെ കര്‍ത്തൃത്വത്തെ സംബന്ധിച്ചുള്ള പഴങ്കഥകളേയും ഇക്കാലത്തു് ആർ വിശ്വസിക്കുന്നു? ഉദ്ദണ്ഡശാസ്ത്രികൾക്കും കാക്കശ്ശേരി ഭട്ടതിരിക്കും തമ്മിൽ നടന്നതായി കേരളീയൈതിഹ്യം ഘോഷിക്കുന്ന "ആകാരോ ഹ്രസ്വഃ; നഹി നഹ്യാകാരോ ദീർഘഃ" ഇത്യാദി സംഭാഷണം ചോളദേശത്തിൽ വേദാന്തദേശികര്‍ക്കും ഒരു അദ്വൈതിക്കും തമ്മിൽ നടന്നതായത്രേ ഐതിഹ്യം. വേദാന്തദേശികർ ഉദ്ദണ്ഡനെ അപേക്ഷിച്ചു പ്രാക്തനനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.


മേൽ വിവരിച്ച ന്യായങ്ങളാൽ ഉണ്ണായിവാരിയർ കുഞ്ചൻനമ്പ്യാരുടെ സമകാലികനായിരുന്നു എന്നുള്ള വിശ്വാസത്തിനു സാരമായ ഉടവു തട്ടുന്നുണ്ട്. ഇനി കൊല്ലം പത്താം ശതകത്തിന്റെ മദ്ധ്യകാലത്തല്ല അദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ പിന്നെ ഏതു കാലത്തായിരുന്നു എന്നു നോക്കാം. രാമപഞ്ചശതീസ്തോത്രം 49-ാം ദശകത്തിൽനിന്നു ഞാൻ മേൽ ഉദ്ധരിച്ച ഒരു പദ്യത്തിൽ 'യദ്യനുകലനകാലേ പരിണമേൽ പ്രസത്യൈ' എന്നൊരു ഭാഗം കാണുന്നുണ്ടല്ലോ. അതിൽ 'പരിണമേൽ പ്രസതൈ' എന്നുള്ളതു് അനുകലനകാലമായ കലിദിനത്തെ കാണിക്കുന്നു എന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. അങ്ങനെയാണെങ്കിൽ കൊല്ലം 798 ഇടവമാസം 11-ാ൦നു വെള്ളിയാഴ്ചനാൾ ആ ശ്ലോകം നിര്‍മ്മിച്ചതായിവരുന്നു. എന്നാൽ ആ ഭാഗം കലിസംഖ്യയെ സൂചിപ്പിക്കുന്നതായി രാമൻ നമ്പിടി അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞുകാണുന്നില്ല.


രാമനാട്ടത്തിന്റെ ഉദയം കൃഷ്ണനാട്ടത്തിന്റെ ആവിര്‍ഭാവത്തിനു മേലായിരുന്നു എന്നുള്ളതു നിസ്തര്‍ക്കമാണല്ലോ. കൃഷ്ണനാട്ടത്തിന്റേയും പൂർവഭാരതചമ്പുവിന്റേയും കത്താവായ മഹാകവി കോഴിക്കോട്ടു മാനവേദൻ രാജാവു് ആ രണ്ടു ഗ്രന്ഥങ്ങളും നിര്‍മ്മിച്ചകാലം അവയിൽതന്നെ കലിസംഖ്യകളാൽ കുറിച്ചിട്ടുണ്ടു്. "പാപോദ്യല്ലാലസോഽയം കലിഃ" എന്നു പൂർവഭാരതചമ്പുവിൽ കാണുന്നതിൽനിന്നു് ആ ഗ്രന്ഥം കൊല്ലം 823-ലും "ഗ്രാഹ്യാസ്തുതിർഗ്ഗാഥകൈഃ" എന്നു കൃഷ്ണനാട്ടത്തിൽ കാണുന്നതിൽനിന്നു ആ ഗ്രന്ഥം കൊല്ലം 829-ാംമാണ്ടു ധനുമാസം 20-ാം ഞായറാഴ്ച ദിവസത്തിലുമാണു് അവസാനിച്ചതെന്നു ഊഹിക്കാം. കവി തന്റെ ഗുരുവായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു ഗ്രന്ഥങ്ങളിലും സ്തുതിച്ചിട്ടുമുണ്ടു്.


"അഘവിഹതികരാണാം കൃഷ്ണനാമ്നാം ഗുരൂണാ-
മനവരതമപാംഗപ്രാവൃഷേണ്യാംബുവാഹഃ
പ്രവിസരദനുകമ്പാവാരിസംഭാരസാന്ദ്രോ
മമ ഹൃദയമയൂരം നർത്തയേദാത്തമോദം"  (പൂർവഭാരതചമ്പു)


"പ്രേമ്‌ണാലം ലാള്യമാനഃ സദയമിഹ സദാ-
നന്ദസംജ്ഞേന പിത്രാ
രാമേണ ജ്യായസാ വാ വിവശമതിയശോ-
ദാഖ്യയാ വാ ജനന്യാ
ആദിവ്യദ്ദിവ്യഗവ്യാ വിബുധപരിവൃഢോ-
ഽരിഷ്ടദാതാഘമോക്ഷം
പുഷ്ണൻ കൃഷ്ണാ ഗുരുര്‍മ്മേ പരമതമപദോ-
ദ്ഭാസകോ ബോഭവീതു''  (കൃഷ്ണനാട്ടം)


എല്ലാംകൊണ്ടും


"സ്‌ഫായൽ ഭക്തിഭരേണ നുന്നമനസാ
ശ്രീമാനവേദാഭിധ-
ക്ഷോണീന്ദ്രേണ കൃതാ നിരാകൃതകലിർ-
ഗ്രാഹ്യാ സ്തുതിർഗാഥകൈഃ"


ഇത്യാദി പദ്യം കലിസൂചകമാണെന്നുള്ളതിനെപ്പറ്റി ആരും സംശയിക്കണമെന്നില്ല. കൊട്ടാരക്കരത്തമ്പുരാൻ മാനവേദരാജാവിന്റെ സമകാലികനും രോഹിണീനക്ഷത്രത്തിൽ തിരുവവതാരമാന്ന തിരുവിതാംകൂർ ഉണ്ണിക്കേരളവർമ്മ മഹാരാജാവിന്റെ സ്വസ്രീയനും ആയിരുന്നു. അദ്ദേഹം രാമനാട്ടം ഏര്‍പ്പെടുത്തിയതും രാമായണവിഷയകമായി എട്ട് ആട്ടക്കഥകൾ നിര്‍മ്മിച്ചതും ഉണ്ണിക്കേരളവര്‍മ്മ മഹാരാജാവു നാടുനീങ്ങിയ കൊല്ലം 836- നു മുമ്പായിരിക്കണം. അങ്ങനെയാണെങ്കിൽ നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തെ അനുകരിച്ച് ഉണ്ണായി വാരിയർ 840-നു മുമ്പു നിര്‍മ്മിച്ചു എന്നുവരാൻ പാടില്ലായ്കയില്ല. കൊച്ചിരാജ്യത്തിലേ ഒരു പ്രഭുവിനെ ആശ്രയിച്ചു പാർത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരിമഹാരാജകുടുംബത്തിലേ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നത് അസംഭാവ്യവുമല്ല. നളചരിതത്തിലേയും ഗിരിജാകല്യാണത്തിലേയും പല ഭാഗങ്ങളിലേ ഭാഷാരീതി പരിശോധിക്കുന്ന പക്ഷം ആ ഗ്രന്ഥങ്ങൾ കൊല്ലം പത്താം ശതവഷത്തിന്റെ ഉത്തരാര്‍ദ്ധത്തേക്കാൾ ഒമ്പതാം ശതവര്‍ഷത്തിന്റെ പൂർവാര്‍ദ്ധത്തിലോ ഉത്തരാർദ്ധത്തിലോ നിര്‍മ്മിക്കപ്പെട്ടു എന്നു വരുവാനാണു് ന്യായമധികമുള്ളതു്. " പരിണമേൽ പ്രസത്യൈ" എന്ന വാക്യം "അനുകലനകാലേ" എന്ന പദത്തെ പിൻതുടന്നുവരുന്നതിനാൽ അതു കലിസംഖ്യാ സൂചകമല്ലെന്നു ഖണ്ഡിച്ചുപറവാൻ നിവൃത്തിയുമില്ല. അതു കലിസംഖ്യതന്നെയാണെങ്കിൽ രാമപഞ്ചശതീസ്തോത്രം വാരിയരുടെ യൌവനത്തിലേയും നളചരിതം വാർദ്ധക്യത്തിലേയും കവിതയാണെന്നു വേറെ തെളിവുകൾ നമുക്കു കിട്ടുന്നതുവരെ വിശ്വസിക്കാമെന്നു തോന്നുന്നുണ്ടു്. ഈ വിഷയത്തെപ്പറ്റി നിഷ്കൃഷ്ടമായ സിദ്ധാന്തസ്ഥാപനത്തിനു് ഇതിലധികം സാമഗ്രികൾ ഇല്ലാത്തതിൽ വ്യസനിക്കുന്നു. ഗിരിജാകല്യാണവും നളചരിതം ആട്ടക്കഥയും രണ്ടു കവികളുടെ കൃതികളായിരിക്കാം എന്നു ചിലർ ശങ്കിക്കുന്നുണ്ടു്. ഈ ശങ്ക കേവലം അസ്ഥാനത്തിലാണെന്നുള്ളതു സഹൃദയന്മാര്‍ക്ക് അനുഭവവേദ്യമാണു്.


ഈ മഹാകവിയുടെ കവിതാരീതിയെപ്പറ്റി പരേതനായ പ്രൊഫെ‌സർ ഏ. ആർ. രാജരാജവര്‍മ്മകോയിത്തമ്പുരാൻ തന്റെ നളചരിതത്തിന്റെ പ്രൌഢവ്യാഖ്യയായ കാന്താരതാരകത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തീട്ടുള്ളതിൽനിന്നു അധികമായി ഒന്നും ഈ അവസരത്തിൽ പ്രസ്താവിക്കണമെന്നു ഞാനുദ്ദേശിക്കുന്നില്ല. ഉണ്ണായിവാരിയര്‍ക്കും ഗ്രന്ഥാരംഭത്തിൽ,


"ഗ്രന്ഥഗ്രന്ഥിരിഹ ക്വചിൽ ക്വചിദപി
ന്യാസി പ്രയത്നാമ്മയാ;
പ്രാജ്ഞമ്മന്യമനാ ഹഠേന പഠതി
മാസ്മിൻ ഖലഃ ഖേലതു;
ശ്രദ്ധാരാദ്ധഗുരുശ്ലഥീകൃതദൃഢ
ഗ്രന്ഥിസ്സമാസാദയ-
തൽകാവ്യരസോർമ്മിമജ്ജനസുഖ-
വ്യാസജ്ജനം സജ്ജനഃ"


എന്നു തന്റെ ഉദ്ദേശത്തെ വിളിച്ചു പറയാമായിരുന്നു എന്നു പ്രൊഫസർ തമ്പുരാൻ ആ അവതാരികയിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുതന്നെ ഗിരിജാകല്യാണത്തിന്റെ അവസാനത്തിൽ കവി മുക്തകണ്ഠം ഘോഷിച്ചിരിക്കുന്നു എന്നുള്ളതു പ്രത്യേകം സ്മരണീയമാണ്.


"കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും;
അഭയമിതു ഭവജലധിനടുവിലടിതും കപ്പ-
ലഭ്യസിച്ചീടിനാലര്‍ത്ഥമുണ്ടാം ബഹു:
മറുകരയിലണവതിനുമറികിൽ മതിയായ് വരും
മാലോകരേ! ഘോരസംസാരസാഗരേ."


എന്ന ഭാഗം നോക്കുക.


ഗിരിജാകല്യാണം ദ്വിതീയഖണ്ഡത്തിൽ പാർവതീദേവിയുടെ സൌന്ദര്യവര്‍ണ്ണനാഘട്ടത്തിലും മറ്റും കാണുന്ന കാഠിന്യത്തിനു കണക്കില്ല ഗ്രന്ഥിജടിലമായ ഈ ഗ്രന്ഥത്തിനു വിസ്തരിച്ചു കാന്താരതാരകം പോലെ ഒരു വ്യാഖ്യാനമുണ്ടായാൽ മാത്രമെ സാമാന്യന്മാരായ വായനക്കാര്‍ക്കു പൂര്‍ണ്ണമായ അര്‍ത്ഥബോധം സിദ്ധിക്കുകയുള്ളൂ.


ഉണ്ണായിവാരിയരെക്കാൾ മഹാനുഭാവനായ ഒരു കവി കേരളത്തിൽ ഒരു കാലത്തും ജനിച്ചിട്ടില്ലെന്നു നളചരിതംപോലെതന്നെ ഗിരിജാകല്യാണവും തുറന്നുപറയുന്നണ്ടു്.


"ജയ ജനനി! ജഗദുദയഭരണഹരണക്ഷണേ!
ജംഗമാജംഗമബ്രഹ്മവിദ്യാമയി!
ജയ ജനനി! ശിവകമനി! ജയ ഭഗവതീ! ശിവ!
ജന്തുസന്താനസന്തോഷചിന്താമണേ!
തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ
ശാരദബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
ജനനി തവ മഹിമയിതു ജഗതി തരുമെങ്കിലും
ജന്മാദി ഞങ്ങൾക്കു വേണ്ടിവേണ്ടിത്തവ;
ശരണമിഹ തവ ചരണയുഗളമിതു മാദൃശാം
ശങ്കരാലങ്കാരശൃംഗാരശൃംഖലേ!"


ഇത്യാദി പാദങ്ങിൽക്കാണുന്ന ശബ്ദധോരണിയുടെ സൌന്ദര്യം പരമാനന്ദപ്രദമായിരിക്കുന്നു. ശ്രീപരമേശ്വരൻ കാമദേവനെ ദഹിപ്പിക്കുവാൻ അഗ്നിനേത്രം തുറക്കുന്ന


"എന്നേവമുണ്ടായൊരിന്ദ്രിയക്ഷോഭത്തി-
നെന്തേ നിമിത്തമെന്നാത്മനി ചിന്തിച്ചു
തൃക്കണ്ണടച്ചങ്ങരയ്ക്കാൽ വിനാഴിക
നിഷ്ക്കമ്പഗംഭീരമാം ദിവ്യചക്ഷുഷാ
നില്ക്കുന്നമാരനെക്കണ്ടു സമീപത്തു-
ദിക്കുന്ന കോപാങ്കുരത്തെക്കരുത്തെഴും
സൽകൃപാവജ്രടങ്കം കൊണ്ടു ഖണ്ഡിച്ചു
തച്ചങ്ങരച്ചു പരാണുവായ് നേര്‍പ്പിച്ചു
വച്ചൊളിപ്പാനായ്ത്തുനിഞ്ഞളവെത്രയും
സൂക്ഷ്മമായോരു പരാണു പുറത്തു ഫാ-
ലേക്ഷണദ്വാരം കടന്നു പോരുംവിധൌ
എൺമണിയെട്ടുകൂറിട്ടതിലൊന്നോള-
മമ്മിഴിവഹ്നികണവും തുണയായി;
വിസ്മയമെന്തു പറയാവു കാൽക്ഷണാൽ
ഭസ്മാവശേഷനായ്ത്തീര്‍ന്നു മനോഭവൻ. "


എന്ന ഭാഗം "ഭസ്മാവശേഷം മദനം ചകാര" എന്ന പാദത്തിൽ അവസാനിക്കുന്ന കുമാരസംഭവത്തിലേ കാളിഭാസവര്‍ണ്ണനത്തെപ്പോലും ജയിക്കുന്നു എന്നുള്ളതിനു സംശയമില്ല. " പോരുമേതാ ഗിരോ വാരുമേ മാധവി" മുതലായ ഭാഗങ്ങളിൽ കവി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരങ്കുശത്വത്തെ നമസ്കരിക്കുകതന്നെ വേണം. ഈ നിരങ്കുശത്വം ഇതുപോലെ തന്നെയോ ഇതിലുമധികമായോ രാമപഞ്ചശതീസ്തോത്രത്തിലും കാണാം. കേരളീയരായ സംസ്കൃതകവികളിൽ ഇത്ര നിരങ്കുശനായി മഹാകവി ഇലത്തൂർ രാമശാസ്ത്രികൾ ഒരാൾമാത്രമേ എന്റെ സ്മൃതിപഥത്തെ പ്രവേശിക്കുന്നുള്ളു. "വിഭക്തിയുണ്ടെന്നാകിൽ പടിച്ചുപാടിക്കൊൾവിൻ" എന്നു കവി പറയുന്നതിൽനിന്നു ഗിരിജാകല്യാണം സാമാന്യസ്ത്രീകളുടെ ആവശ്യത്തെ പുരസ്കരിച്ചു നിര്‍മ്മിച്ചതല്ലെന്നു വെളിവാകുന്നു.


"കനക്കുമര്‍ത്ഥം സുധകണക്കേപ്പദനിരയും
അനര്‍ഗ്ഗളം യമകവുമനുപ്രാസമുപമാദി
ഇണക്കം കലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും പിന്നെ."

 

എന്നു നളചരിതത്തിൽ സരസ്വതീദേവി നളചക്രവർത്തിക്കു നൽകുന്ന വരം വാരിയരുടെ ഒരു പ്രബന്ധകടാക്ഷമെന്നത്രേ ഞാൻ കരുതുന്നതു്. ആ മാതിരിയിലുള്ള ഒരു വരപ്രദാനത്തിനു ഗിരിജാകല്യാണസരസ്വതിയും സശ്രദ്ധയായിത്തന്നെ നിലകൊള്ളുന്നു.

 

20-11-1924
ഗിരിജാകല്യാണം ഗീതപ്രബന്ധം