ഞാൻ ഇന്നു സഭാവാസികളെ അധികം പരിചിതമല്ലാത്ത ഒരു സാഹിത്യസരണിയിൽ കൂടിയാണു് നയിക്കുവാൻ ഉദ്ദേശിക്കുന്നതു്. കിളിപ്പാട്ടുകൾ പാരായണം ചെയ്യുവാൻ ഇപ്പോഴും ധാരാളം ഭക്തന്മാരുണ്ടു്. കുഞ്ചൻനമ്പിയാരുടെ മനോധര്‍മ്മവിശേഷം നിമിത്തം തുള്ളൽക്കഥകളെ ജനങ്ങൾക്കു വിസ്മരിക്കുവാൻ നിവൃത്തിയില്ല. രണ്ടാട്ടക്കഥയെങ്കിലും പഠിക്കാതെ സർവകലാശാലക്കാർ യുവാക്കളെ വിട്ടയയ്ക്കില്ല. കരിമ്പുതിന്നുവാൻ കൈക്കൂലിവേണ്ടാത്തതുകൊണ്ടു് ആഖ്യായിക മുതലായവയുടെ കാര്യം പറയേണ്ടതുമില്ല. ഇന്നത്തെ പ്രസംഗത്തിനു വിഷയീഭവിച്ചിരിക്കുന്ന ഭാഷാചമ്പുക്കൾ മേൽ നിർദ്ദേശിച്ച പ്രസ്ഥാനങ്ങളിലുള്ള കൃതികളെക്കാൾ ചില വിഷയങ്ങളിൽ പ്രാധാന്യമേറിയവയാണു്. എങ്കിലും അവയെ സർവകലാശാലക്കാരാകട്ടെ സര്‍ക്കാരാകട്ടെ, പണ്ഡിതന്മാരാകട്ടെ, സാമാന്യജനങ്ങളാകട്ടെ വേണ്ടതുപോലെ ആദരിക്കുന്നതായി വിചാരിക്കുവാൻ മാര്‍ഗ്ഗം കാണുന്നില്ല. ഇതെത്രയും ശോച്യമാണെന്നു പറയാതിരിക്കുന്നതെങ്ങനെ ?
മലയാളത്തിൽ ഇതുവരെ ഈ ഇനത്തിൽ (1) രാമായണചമ്പു (2) ഉത്തരരാമായണചമ്പു (3) ബാലിവധചമ്പു (4) ഭാഷാനൈഷധചമ്പു (3) ഭാരതചമ്പു (6) ചെല്ലൂർമാഹാത്മ്യം എന്നീ പ്രാചീനകൃതികളും (7) ഉഷാകല്യാണം (8) സന്താനഗോപാലം എന്നീ നവീനകൃതികളും സ്വതന്ത്രമായും (9) ഭോജന്റെ ചമ്പുരാമായണം തര്‍ജ്ജിമയായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. ഇവയിൽ ബാലിവധവും ഉത്തരരാമായണവും രാമായാണചമ്പുവിന്റെ അംശങ്ങളാകുന്നു. ഈ ചമ്പുവിൽ ഇവയുൾപ്പെടെ ഇതുവരെയും ഏഴുഭാഗങ്ങൾ ചിദംബരവാദ്ധ്യാരവർകൾ മൂന്നു പുസ്ത കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ഇവ കൂടാതെ താടകാവധം, ഖരവധം, സുഗ്രീവസഖ്യം എന്നീ മൂന്നു ഭാഗങ്ങൾകൂടി പ്രസിദ്ധീകരിക്കത്തക്ക സ്ഥിതിയിൽ അദ്ദേഹത്തിന്റെ കൈവശമുണ്ട്. താടകാവധത്തിനുമേൽ ഭരതൻ പഞ്ചവടിയിൽ ചെന്നു രാമനെ കാണുന്നതുവരെയും ബാലിവധാനന്തരം ഭഗവാൻ രാവണവധം ചെയ്തു തിര്യെ അയോദ്ധ്യയിൽ എത്തുന്നതുവരെയും ഉള്ള ഭാഗങ്ങൾ ഏതല്ക്കാലപര്യന്തം കണ്ടുകിട്ടീട്ടില്ല. ഞാൻ ഈയിടയ്ക്കു മദിരാശിയിൽ പോയിരുന്നപ്പോൾ രസികരഞ്ജിനിയുടെ ഉടമസ്ഥനായ കൊച്ചി രാമവര്‍മ്മ അപ്പൻ തമ്പുരാൻ തിരുമേനിയെ കാണുകയും അവിടുന്നു പ്രസംഗവശാൽ തന്റെ കൈയിൽ ഒരു രാമായണചമ്പു ഗ്രന്ഥം പുത്തനായി കിട്ടീട്ടുണ്ടെന്നു് അരുളിച്ചെയ്കയും ചെയ്തു. ഈ ഗ്രന്ഥത്തിൽ വാദ്ധ്യാരവർകൾക്കു കിട്ടാത്ത ഭാഗങ്ങൾ ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണു്. ഭാരതചമ്പു, പഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, കിരാതം, കീചകവധം, ഗോഗ്രഹണം ഇത്യാദി പത്തു സ്തബകങ്ങളായി മഹാകവിയും പണ്ഡിതാഗ്രേസരനുമായിരുന്നു ഭാഷയുടെ ദുരദൃഷ്ടത്താൽ സമീപകാലത്തിൽ യശശ്ശരീരനായിത്തീര്‍ന്ന കടത്തനാട്ടു് ഉദയവർമ്മ ഇളയതമ്പുരാൻ അവർകൾ അവിടുത്തെ കവനോദയം വഴിക്കു പ്രസിദ്ധപ്പെടുത്തീട്ടുണ്ട്. അവിടുത്തെ പരിശ്രമത്താൽ അതേ പത്രഗ്രന്ഥത്തിൽ തന്നേയാണു് ചെല്ലൂർ മാഹാത്മ്യവും ആദ്യമായി അച്ചടിക്കപ്പെട്ടതു്. നൈഷധചമ്പുവിന്റെ പ്രസാധകൻ ഭാഷാചരിത്രകര്‍ത്താവും ഭാഷാഭിമാനികളിൽ പ്രഥമഗണനീയനുമായ കഴിഞ്ഞുപോയ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരവർകളാകുന്നു. ഇവകൂടാതെ ഭാഷാചരിത്രത്തിൽ ഗൌരീസ്വയംവരമെന്നും ദക്ഷയാഗമെന്നും രണ്ടു പ്രബന്ധങ്ങളുടെ പേർ പറഞ്ഞുകാണുന്നുണ്ടു്. ആ ഗ്രന്ഥങ്ങൾ എനിക്കു കാണുവാനിടവന്നിട്ടില്ല. കൈയിലുള്ളവർ അച്ചടിപ്പിച്ചാൽ കൊള്ളാം. കുചേലവൃത്തം മുതലായ ഒന്നോ രണ്ടോ പ്രബന്ധങ്ങൾ ഇടക്കാലത്തു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവ രചനാസമ്പ്രദായംകൊണ്ടു മേൽപറഞ്ഞ കൃതികളെ അനുകരിക്കുന്നുവെങ്കി ലും തുലോം ചെറിയ ഖണ്ഡകാവ്യങ്ങളാകയാൽ ഈ ഉപന്യാസത്തിൽ നിരൂപണത്തിനു വിഷയീഭവിക്കുന്നില്ല. ആധുനികചമ്പുക്കളിൽ ഉഷാകല്യാണം പരേതനായ ചങ്ങനാശേരി രവിവര്‍മ്മകോയിത്തമ്പുരാൻ തിരുമനസ്സിലേയും സന്താനഗോപാലം ശ്രീമതി കരുവേലി ഗൌരിക്കുട്ടി അമ്മയുടേയും കൃതികളാകുന്നു. സന്താനഗോപാലത്തിൽ അവിടവിടെ ചില ദണ്ഡകങ്ങളുണ്ടെങ്കിലും അതിനു ചമ്പൂലക്ഷണങ്ങൾ തികഞ്ഞിട്ടുള്ളതായി തോന്നുന്നില്ല. ഭോജചമ്പു ഇപ്പോൾ ഭാഷാന്തരീകരണവിഷയത്തിൽ ചാത്തുക്കുട്ടിമന്നാടിയാരുടേയും കവിയൂർ രാമൻനമ്പിയാരുടേയും അനന്തരഗാമിയെന്നു പ്രസിദ്ധനായിത്തീർന്നിട്ടുള്ള കടത്തനാട്ടു കൃഷ്ണവാര്യരവർകൾ ഏറ്റവും മനോഹരമായ രീതിയിൽ തര്‍ജ്ജിമ ചെയ്തു കവനോദയത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളതാകുന്നു.
ഈ കവികളോടും പ്രസാധകന്മാരോടും നാം എത്രമാത്രം കൃതജ്ഞന്മാരായിരിക്കണമെന്ന് ഇവിടെ വിശേഷിച്ചു പറയേണ്ടതില്ലല്ലോ. എന്നാൽ പ്രാചീനചമ്പുക്കൾ ഒക്കയും അവയുടെ പ്രസാധകന്മാർ കേരളവര്‍മ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ സഹായത്തോടുകൂടിയാണു് പ്രസിദ്ധപ്പെടുത്തിട്ടുള്ളതെന്നുള്ള വസ്തുത ഇവിടെ പ്രത്യേകം വക്തവ്യമാകുന്നു. അവിടുന്നു ഭാഷാഭിവൃദ്ധിക്കായി മറ്റൊരു പ്രയത്നവും ചെയ്തില്ലെങ്കിലും അവിടുത്തെ കീര്‍ത്തിയെ ശാശ്വതമായി നിലനിർത്തുന്നതിനു് ഇതൊന്നുമാത്രം മതിയാകുന്നതാണു്.
നൈഷധത്തിന്റെ കര്‍ത്താവിനെപ്പറ്റി വലിയ വാദമൊന്നുമില്ല. അതു മഴമംഗലം നമ്പൂതിരിതന്നെയാണെന്നു മഴമംഗലഭാണത്തിലും ടി ഗ്രന്ഥത്തിലും പ്രാരംഭത്തിൽ 'വലയാധീശ്വരി' എന്നു കവികൾ വര്‍ണ്ണിക്കുന്ന ഊരകത്തു ഭഗവതിയെത്തന്നെ വന്ദിച്ചിരിക്കുന്നതുകൊണ്ടു തീര്‍ച്ചപ്പെടുത്താവുന്നതാകുന്നു. വാദ്ധ്യാരവർകൾ ഉത്തരരാമായണചമ്പുവിന്റെ അവതാരികയിൽ ഇതിന്റെ സാധുതയെപ്പറ്റി സംശയിക്കുന്നുണ്ടെങ്കിലും ആ ആശങ്ക അസ്ഥാനത്തിലാണു്. മറ്റുള്ള പ്രാചീനചമ്പുക്കളുടെ കര്‍ത്തൃത്വമാണു് ഇതുവരെയും നിണ്ണയിക്കപ്പെട്ടിട്ടില്ലാത്തതു്.
മദ്ധ്യകാലങ്ങളിൽ പുനം നമ്പൂരി എന്നു പ്രസിദ്ധനായ ഒരു ഭാഷാകവി ഉണ്ടായിരുന്നു എന്നുള്ളതു നിർവിവാദമാണു്. അദ്ദേഹത്തിന്റെ കോഴിക്കോട്ടു സാമൂതിരിപ്പാട്ടിലേ ഉദ്ദേശിച്ചുള്ള
"താരിത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരിത്താർബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ
നേരെത്താതോരു നീയാം തൊടുകുറി കളയായ്കെന്നുമേഷാ കുളിക്കു-
ന്നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്പാന്തതോയേ"
എന്ന ഭാഷാശ്ലോകം വിശ്രുതമാണല്ലോ.
"ഭാഷാകവിനിവഹോയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീന-
സൂjdയാലോകേ നിരസ്തശോപ്രസരഃ"
എന്നും
"പലായദ്ധ്വം പലായദ്ധ്വം
രേ! രേ! ദുഷ്കവികുഞ്ജരാഃ!
വേദാന്തവനസഞ്ചാരീ-
ഹ്യായാത്യുദ്ദണ്ഡകേസരീ"
എന്നും ഗര്‍ജ്ജിച്ചുകൊണ്ടു കേരളത്തിൽ വന്ന മഹാകവി ഉദ്ദണ്ഡശാസ്ത്രികൾകൂടി മേലെഴുതിയ ഭാഷാശ്ലോകത്തിലേ "അന്ത ഹന്തയ്ക്കിന്തപ്പട്ട്" എന്നുപറഞ്ഞു തൻ്റെ ഉത്തരിയപ്പട്ടും
" അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയന്തു ന താൻ പ്രണുമഃ;
പുളകോൽഗമഗാരിവചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ"
എന്നു് ഒരു പ്രശംസാപത്രവും പുനത്തിനു കൊടുത്തതായ ഐതിഹ്യം വിശ്വസനിയമാണു്. പുനംനമ്പൂരിയുടെ പ്രധാനകവിത കൃഷ്ണഗാഥയാണെന്നുള്ള വാദം ആദ്യമായി പുറപ്പെടുവിച്ചതു കടത്തനാട്ടു ഇളയതമ്പുരാനാണു്. എന്നാൽ പ്രാചീനനായ ഒരു മഹാകവിയേയും പ്രാചീനമായ ഒരു മഹാകാവ്യത്തേയും അദ്ദേഹംകൂട്ടി ഘടിപ്പിച്ചു എന്നല്ലാതെ അതിനുള്ള കാരണങ്ങൾ ഇതുവരെയും വിശദമായി ആരും പ്രസ്താവിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
"ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയവര്‍മ്മണഃ"
എന്നു പ്രതിഖണ്ഡം കൃഷ്ണഗാഥയിൽ അതിന്റെ നിര്‍മ്മാതാവു ഘോഷിച്ചിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹം കോലത്തുനാട്ടുസ്വരൂപത്തിലേ ആശ്രിതനായിരുന്നു എന്നുള്ളതു നിസ്സംശയമാണു്. പുനംനമ്പൂരി സാമൂതിരിപ്പാട്ടിലെ സദസ്യനായിരുന്നു എന്നുള്ള ഐതിഹ്യവും ഇതും തമ്മിൽ അശേഷം യോജിക്കുന്നില്ല. അതുകൊണ്ടും കൃഷ്ണഗാഥയുടെ കര്‍ത്താവു ചെറുശ്ശേരിനമ്പൂരിയാണെന്ന് ഇതേവരെ ജനങ്ങൾ വിശ്വസിച്ചുവരുന്നതു ശരിയെന്നു ഊഹിക്കേണ്ടിയിരിക്കുന്നു. ഇതു് ഒരു വാദഗ്രസ്തമായ വിഷയമാകയാൽ ഇതിനെപ്പറ്റി ഇതിലധികം ഒന്നും ഇവിടെ പ്രസ്താവിക്കണമെന്നുദ്ദേശിക്കുയില്ല. പുരാതനകവികളിൽ ഒരുത്തമസ്ഥാനത്തെ അർഹിക്കുന്ന ചന്ദ്രോത്സവകാരനു ക്ഷുദ്രകവികളെപ്പറ്റി എന്തുമാത്രം ആക്ഷേപമായിരുന്നു എന്നുള്ളത് -
"തിരളുമപരകീർത്തിസ്തോമവേളപ്പനാടൻ
പനിപിടിപെടുമൂടേ ചൂടെഴും പ്രൌഢവാചാം;
അനവധി തലനൊന്തും പേപറഞ്ഞും വിറച്ചും
വിരസമിതചികിത്സ്യം വമ്പെഴും നമ്പിയാലും"
എന്നും
"ചെറുതുചെറുതു വക്കാണിച്ചു സംജ്ഞാവതാരം
മധുമധുരമുദാരം പ്രാക്തനം പദ്യജാലം
നിജവിരചിതമെന്നും ചൊല്ലി നിർല്ലജ്ജമന്യാ-
നൊളിവിലപഹസിക്കും പണ്ഡിതേഭ്യോ നമോസ്തു"
എന്നുമുള്ള പദ്യങ്ങളിൽനിന്നു അനുമാനിക്കാവുന്നതാണു്. ആ കവിക്കു പുനത്തിനെപ്പറ്റി എന്തുമാത്രം ബഹുമാനമുണ്ടായിരുന്നു എന്നുള്ളതിനു വാല്മീകി, വേദവ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി, ഭട്ടബാണൻ ഇവരുടെ നാമധേയങ്ങൾ സ്മരിച്ചതിനുമേൽ അവരോടു തുല്യനായി,
"മദനസമരസമ്മർദ്ദാന്തരോൽഭൂതകാന്താ-
മണിതമധുരമാധുര്യകവംശപ്രസൂതൈഃ
മധുമദമണമോലും ഗദ്യപദ്യരനേകൈര്‍-
മ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം"
എന്നും
"മധുമൊഴി പുനമെന്നാനൽക്കവീന്ദ്രേണ സാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവുവളര്‍ത്തി സ്തൂയമാനാപദാനം
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ"
എന്നുമുള്ള പദ്യങ്ങൾ ദൃഷ്ടാന്തങ്ങളാണു്. "ഗദ്യപദ്യരനേകൈഃ'' എന്നു പറയുന്നതിൽനിന്നു പുനംനമ്പൂരി അനേകം ചമ്പൂപ്രബന്ധങ്ങളുടെ കര്‍ത്താവാണെന്നുള്ളതും സൂചിപ്പിക്കപ്പെടുന്നു. ഈ മഹാകവിയാണു ചെല്ലൂർമാഹാത്മ്യം പ്രബന്ധത്തിന്റെ കർത്താവെന്ന കടത്തനാട്ടു് ഉദയവര്‍മ്മതമ്പുരാൻ അവർകൾ സ്ഥാപിച്ചിട്ടുണ്ടു്. അതിന്റേയും രാമായണ ചമ്പുവിന്റേയും കര്‍ത്താവു് ഒരാളാണെന്നുള്ളതു
"ഗൌരീസൌഭാഗ്യരാശേ! ജയജയ! തൊഴുതേ-
നൻപിലെൻതമ്പുരാനേ!"
എന്നു തുടങ്ങി അഞ്ചാറു ശ്ലോകങ്ങൾ രണ്ടു കൃതികളിലും കാണുന്നതിലും രണ്ടു കൃതികളും ശിവപരമായ വന്ദനശ്ലോകത്തോടുകൂടി ആരംഭിക്കുന്നതിലും നിന്നു് ഊഹ്യമാകുന്നു. കവിതാഗുണം നോക്കിയാലും രസഭൂയിഷ്ഠമായ രാമായണചമ്പു മറ്റൊരു കവിസാർവഭൗമന്റെ കൃതിയാകുവാൻ ന്യായമില്ല. മാനവേദചമ്പു എന്നു പ്രസിദ്ധമായ പൂർവഭാരതപ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണു് കേരളത്തിൽ ഭാഷാചമ്പുക്കൾ എഴുതപ്പെട്ടിട്ടുള്ളതു് എന്നുള്ള ഭാഷാചരിത്രകത്താവിന്റെ വാദത്തെ ഞാൻ സാധുവായി ഗണിക്കുന്നില്ല.
"ക്ഷാമോ ധര്‍മ്മഃ ക്ഷമായാമയമഖിലനയാം-
ഭോനിധേരസ്യ രക്ഷാ-
ശിക്ഷാഭാവോദയാദ്യൽ സമഗതസകലഃ
പുര്‍ണ്ണഭാവേന തൂര്‍ണ്ണം
തന്മന്യേ ജാതഭീതിഃ കുഹചന കുഹനാ-
സംവൃതാത്മാ നിലില്യേ
പാപോദ്യല്ലാലസോയം കലിരിഹ കലിജേ-
താരമേനം വിഭാവ്യ"
എന്നുള്ള പദ്യത്തിൽ നിന്ന് ആ സംസ്കൃതചമ്പു കൊല്ലം 823-ാംമാണ്ടു നിര്‍മ്മിക്കപ്പെട്ടതാണെന്നുള്ളതു സ്പഷ്ടമാണു്. രാമായണചമ്പു മുതലായവ അതിൽ തുലോം പ്രാചീനങ്ങളാണെന്നു അവയിലെ പദപ്രയോഗത്തിലും രചനാരീതിയിലുംനിന്നു അനായാസേന മനസ്സിലാക്കാവുന്നതാകുന്നു. ഭട്ടതിരിപ്പാട്ടിലെ സംസ്കൃതപ്രബന്ധങ്ങൾ മാനവേദചമ്പുവിനു മുമ്പുണ്ടായവയാണു്. പുനം ഭട്ടതിരിയെക്കാൾ പ്രാക്തനനും അദ്ദേഹത്തിനുപോലും ഉപജീവനുമായിരുന്നു. കൊല്ലം ഏഴാം ശതവര്‍ഷത്തിൽ മാനവവിക്രമനെന്നും ശക്തനെന്നും പ്രസിദ്ധനായ ഒരു സാമൂതിരിപ്പാടുണ്ടായിരുന്നു എന്നും അവിടുത്തെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ അരക്കവിയായി പുനവും ഉൾപ്പെട്ടിരുന്നു എന്നും ഉള്ള ഐതിഹ്യം വാസ്തവമാണു്. ആ സദസ്സിനു കാക്കശ്ശേരി ഭട്ടതിരിയും ചെന്നാസ്സു നമ്പൂതിരിപ്പാടും ഉദ്ദണ്ഡശാസ്ത്രികളും ഭൂഷണങ്ങളായിരുന്നതിനാൽ ചെന്നാസ്സു നമ്പൂതിരിപ്പാട്ടിലെ തന്ത്രസമുച്ചയം നിര്‍മ്മിച്ച കാലത്തോടടുപ്പിച്ചുതന്നെയായിരുന്നു പുനം നമ്പൂരി ജീവിച്ചിരുന്നതെന്ന് ഉദ്ദേശിക്കാം.
"കല്യബ്ദേഷ്വതിയൽസു നന്ദനയനേഷ്വംഭോധിസംഖ്യേഷു യഃ
സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ് മൂലേ സമേദോന്വയേ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണഃ
സോയം തന്ത്രമിദം വ്യധാദ്‌ബഹുവിധാദുദ്ധൃത്യ തന്ത്രാര്‍ണ്ണവാൽ".
എന്ന സമുച്ചയപദ്യത്തിൽ നിന്നു ആ ഗ്രന്ഥം കൊല്ലം 302-ാംമാണ്ടിടയ്ക്കു രചിച്ചതാണു് എന്നു കാണാം. അതിലെ "ശ്രീമൽഷഡ്ഗുണസംഭൃതം വപുരധിഷ്ഠായാനുഗൃഹ്‌ണാതി യഃ" എന്ന മംഗലശ്ലോകംതന്നെ ഉദ്ദണ്ഡശാസ്ത്രികളുടെ കൃതിയാണെന്നു് ഒരു പക്ഷവുമുണ്ട്. എല്ലാംകൊണ്ടും കൊല്ലം ഏഴാംശതവര്‍ഷത്തിന്റെ ആരംഭത്തിൽ പുനം ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നതിൽ അനുപപത്തിയില്ല.
ഭാരതചമ്പു വിശിഷ്ടമായ ഒരു കവിതയാണു്. മനോഹരമായ ഭാഗങ്ങളിൽ ഒന്നു താഴെ ചേർത്തുകൊള്ളുന്നു. അതു കൈലാസപർവതത്തിന്റെ വർണ്ണനമാണു്.
"പാവനയശസാം പുഞ്ജംപോലെ
ഹിമകരമഹസാം പിണ്ഡംപോലെ
പുരഹരശോഭാനിലയംപോലെ
കലശാംബുധിതൻ കഠിനതപോലെ
പ്രളയഹുതാശനഭസ്മംപോലെ
ഗംഗാസലിലംപൊങ്ങുംപോലെ
ജഗതിവിളങ്ങും ധവളതയെന്നും
ഗുണഗണമെല്ലാമൊക്കെക്കൂടി-
ക്കാര്യവിശേഷം ചിന്തിപ്പാനായ്
(കളവല്ലൻപൊടു)കൂടിയപോലെ
വെളുവെളെ മേവിനശോഭാഭൂമാ
പെരുകുന്നോരാബ്ബാലാർക്കൻ ത-
ന്നരികേ മേവിനചന്ദ്രനിതെന്നും
ധൂർജ്ജടിഭഗവാൻകണ്ണിലെരിക്കും
നിഖിലജനത്തിൻഭസ്മമിതെന്നും
വെള്ളപ്പക്ഷികളെപ്പണിതീർപ്പാൻ
ധാത്രാ ക്ലിപ്തപദാർത്ഥമിതെന്നും
പുരഹരനണിവാനസ്ഥികളെല്ലാ-
മാപാദിക്കും പെട്ടകമെന്നും
ചന്ദ്രാഭരണനുചന്ദ്രക്കലകളെ
നിർമ്മിപ്പാനുള്ളോന്നിദമെന്നും
ഗണപതിഭഗവാൻ കുക്ഷിനിറപ്പാൻ
വച്ചൊരുചോറ്റിൻകൂട്ടമിതെന്നും
ശങ്കരവാഹനമാകിനവൃഷഭ-
ന്നുല്പാദകനാമച്ഛനിതെന്നും
... ... ... ... ... ... ... ... ... ... ... ... ... ... ... "
ഇങ്ങനെ ഹൃദയംഗമമായ ഗദ്യങ്ങളും
"ആളീധൃതം കഞ്ചന പഞ്ചവർണ്ണം
കേളീശുകം പക്ഷപുടെ സ്‌പൃശന്തീ
പാണ്ഡോഃ സുതാഃ പഞ്ച വരാ മമേതി
രാജന്യലോകായ നിവേദയന്തീ"
"വെണ്ണീറാലൊരു കൂറുകിട്ടുവതിനോ
കേളസ്ഥിയാലൊന്നുടൻ
തന്നീടും പുനരെന്നുതാൻ കരുതിയോ
സർപ്പാശകൊണ്ടോ ഭവാൻ"
എന്നും മറ്റും ഭാവഗംഭീരങ്ങളായ പദ്യങ്ങളും ഈ ചമ്പുവിൽ ദുർല്ലഭമല്ലെങ്കിലും അതിനു് ആകപ്പാടെ നോക്കിയാൽ നൈഷധചമ്പുവിന്റേയും രാമായണചമ്പുവിന്റെയും മാധുര്യമില്ലെന്നു മാത്രമല്ല പല ആശയങ്ങളും അഗസ്ത്യഭട്ടന്റെ ബാലഭാരതകാവ്യത്തിൽനിന്നും മറ്റും അപഹരിക്കപ്പെട്ടിട്ടുള്ളവയുമാകുന്നു. ഉദാഹരണത്തിനു ബാലഭാരതത്തിലെ ദശമസർഗ്ഗത്തിൽ നിന്നു മൂന്നു ശ്ലോകമുദ്ധരിക്കാം.
"പതയഃ പഞ്ച മേ സന്തി
ഗന്ധർവാ ഗൂഢചാരിണഃ
തൽഗുപ്താം മാം സ്‌പൃശേൽ കോ വാ
പഞ്ചാസ്യാമിവ പന്നഗീം?"
ഈ ഘട്ടത്തിൽ കാണുന്ന ചമ്പുകർത്താവിന്റെ
"ഉർവരേന്ദ്രദയിതേ! നിഗൂഢപതയസ്തു പഞ്ച മമ സന്തി ഗ-
ന്ധർവവീരരവരാലജസ്രമതികൌതുകേന പരിപാലിതാം
ഗർവിതഃ സ്പൃശതി കോപിപഞ്ചമുഖപന്നഗീ മിവ ന മാം ബലാൽ
സർവമേതദുപകർണ്ണ്യ വിസ്മിതമനാ ബഭൂവ നൃപഗേഹിനീ."
എന്നുള്ള പദ്യം ഇതിന്റെ നേർതർജ്ജിമതന്നെ. പിന്നെയും,
"കദാചിൽ കീചകഃ കൃഷ്ണാം
സുദേഷ്ണാസത്മനി സ്ഥിതാം
ദൃഷ്ട്വാ യയൌ സ്മരേഷൂണാം
കൃതാന്തസ്യ ച ലക്ഷ്യതാം"
എന്ന പദത്തിനു പകരം ചമ്പുകാരൻ
"ഇത്ഥം മേവുന്നകാലത്തൊരുദിവസമകാ-
ണ്ഡേ സുദേഷ്ണാലയസ്ഥാം
കൃഷ്ണാം ദൃഷ്ട്വാ ബലീ കീചകനവനിപതി-
സ്യാലതാഗർവിതാത്മാ
പൊൽത്താർബാണാശുഗാനാമപി പിതൃപതിപാ-
ശത്തിനും ലക്ഷ്യതാം പൂ-
ണ്ടത്യന്തം പ്രസ്‌ഖലന്ത്യാ ഗളിതധൃതിഗിരാ
വിക്ലബാം വാചമുചേ."
എന്നാണ് കവനം ചെയ്യുന്നതു്. ഇനിയും,
"ഭജസ്വ കൃതിനം കഞ്ചി-
ന്നവയൌവനഭൂഷിതം
വീരുധോപി ന ശോഭന്തേ
വിനാ വൃക്ഷാവലംബനം"
എന്ന പദ്യത്തിനു പകരമായി ചമ്പുവിൽ
"ഈവണ്ണം ദണ്ഡിയാതേ ദിനമനു കമനീ-
യാംഗി! ചിത്താനുകൂലം
ലാവണ്യാഭോഗവിത്തം കമപി ഭജ ഘന-
പ്രൌഢിമാനം യുവാനം;
പൂവൽപോർ ... യാണാ! കളവുപറകയ-
ല്ലോമലേ! പുഷ്പിതാനാം
പൂവല്ലീജാതികൾക്കും വരവിടപിനി ചേർ-
ന്നീടിലേ ഭംഗിയുള്ളൂ"
എന്ന ഭാഷാശ്ലോകം കാണുന്നു. ഇങ്ങനെ പരിശോധിക്കുമ്പോൾ ഭാരതചമ്പു പല ദിക്കിലും ഒരു തർജ്ജിമപോലെ തോന്നും. എങ്കിലും അതു ഭാഷയ്ക്ക് അനശ്വരമായ ഒരു ഭൂഷണമാണെന്നുള്ളതു നിർവിവാദമാണു്.
മഴമംഗലത്തിന്റെ നൈഷധചമ്പുവിനു ഭാരതചമ്പുവിൽ എത്രയോ മടങ്ങു ഗുണം കൂടുമെങ്കിലും അതും രാമായണചമ്പുവിൽ ഒരു പടി താണുതന്നെ നിൽക്കുന്നു എന്നാണു് എന്റെ അഭിപ്രായം. ഈ ചമ്പുക്കളൊക്കെയും ഒന്നോ അധികമോ വന്ദനശ്ലോകം കൊണ്ടാരംഭിക്കുന്നു. അതു കഴിഞ്ഞാൽ ഗ്രന്ഥകർത്താവു തന്റെ ഒരു തോഴരോട് കുശലപ്രശ്നോത്തരരൂപമായി എന്തെങ്കിലും പ്രസ്താവിക്കുകയോ ഒരു ലോകന്യായത്തെ ഉദ്ധരിക്കുകയോ ചെയ്ത് അതിനു് ഉപമാനമായി ഒരു കഥയെ ഉപന്യസിക്കുന്നു. ഈ ശൈലിയെ ചമ്പുവിന്റെ ഓരോ വിഭാഗത്തിലും ആവർത്തിക്കുന്നതുമുണ്ട്.
"വിദ്യാസാരസ്യരാശേ! സഭയിലിഹ ഭവ-
ന്തം സഖേ കണ്ടനേരം
ചിത്തേ പോന്നിങ്ങുദിച്ചു പുതിയൊരു പരമാ-
നന്ദപീയൂഷധാരാ;
ഹസ്തെകൃത്യാനുകൂലാമഴകുടയ വിദർ-
ഭക്ഷമാപാലപുത്രീ-
മത്യാനന്ദേന മേവുന്നളവു നളമഹീ-
പാലകന്നെന്നപോലെ"
എന്നു നൈഷധത്തിലും,
"ഗാഢാനന്ദസ്വരൂപം നരകവിജയിനം
ചിന്മയം മദ്ധ്യനാഡീ-
വാടീമദ്ധ്യേ വളർത്തേണ്ടുകിലതിനു നര-
ന്നുണ്ടു നല്ലോരുപായം
പാടേ പഞ്ചേന്ദ്രിയാണാമുടനൊരുമ
വരേണം തഥാ ചേതനായം
പഞ്ചാനാം പാണ്ഡവാനാമമിതരുചി യഥാ
പണ്ടു പാഞ്ചാലജായാം"
എന്നു ഭാരതത്തിലും ഉള്ള പദ്യങ്ങളെ ഇതിനു യഥാക്രമം ഉദാഹരണമായി സ്വീകരിക്കാം. ഭാഷാചമ്പുക്കളിലെ ശ്ലോകങ്ങൾ ചാക്കിയാരന്മാർ കൂത്തിനു ഉപയോഗിച്ചുവന്നതായി അറിയുന്നുണ്ട് . ഏതായാലും സാമാന്യജനങ്ങൾക്കു നീതിപഠനത്തിനുകൂടി പ്രയോജനപ്പെടുന്നതിലേയ്ക്കാണ് ഈവക ഗ്രന്ഥങ്ങൾ നിർമ്മിച്ചിരുന്നതെന്നുള്ളതു് ഓരോ സ്തബകത്തിന്റെയും ഉപക്രമം പരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണു്. ഈ ചമ്പുക്കളുടെ നിർമ്മാതാക്കൾ ആദ്യകാലത്തു മലയാളബ്രാഹ്മണർ മാത്രമായിരുന്നതു് അന്യന്മാർക്ക് എഴുത്തച്ഛന്റെ കാലത്തിനുമുമ്പു് സംസ്കൃതപരിചയം അത്ര അധികമില്ലാതിരുന്നതിനാലും തന്നിമിത്തം സംസ്കൃതരീതിയിലുള്ള കവനം അസാദ്ധ്യമായിരുന്നതിനാലുമായിരിക്കണം.
"സ്വസ്മിൻ വേശ്മനി പൂർണ്ണവിശ്വവിഭവേ
പൂജ്യാൻ സമാരാധയൻ
പ്രേയസ്യാ ഗുണപൂർണ്ണയാ ഗുണവതാ
പുത്രേണ മിത്രേണ ച
സാർദ്ധം പ്രാവൃഷി കേരളേഷു നിവസൻ
ഭക്ത്യാ സമാകർണ്ണയൻ
ലീലാം രാഘവകൃഷ്ണയോഃ ക്ഷപയതേ
കാലം സ ധനോ ജനഃ."
"അപി ശാകം പചാനസ്യ
ഗൃഹാ ഏവ സുഖാവഹാഃ
ദിവസാ നൈവ ഗണ്യന്തേ
ബഹ്വാശീതി ന കഥ്യതേ"
എന്നും രാമായണചമ്പുവിൽ രാമാവതാരസ്തബകാരംഭത്തിൽ കാണുന്ന ഭാഗത്തിൽനിന്നു് ഇക്കൂട്ടരുടെ സന്തുഷ്ടിയും സല്ക്കഥാശ്രവണത്തിലുള്ള അഭിരുചിയും പ്രകടമായി വ്യഞ്ജിക്കുന്നു.
ചമ്പുക്കളുടെ കവിതാരീതിയെപ്പറ്റിയും ഇവിടെ സ്വല്പം പറയേണ്ടതുണ്ടു്. മദ്ധ്യകാലങ്ങളിൽ ഭാഷാകവിത ധാരാളമുണ്ടായിരുന്നു എന്നുള്ളതു്.
"ശാകുന്തളം തദനു മാളവികാഗ്നിമിത്രം
കാദംബരീചരിതമത്ഭുതബന്ധഹൃദ്യം
മുറ്റും മരന്ദമൊഴി വൈകിനകൂറുദാരാ
ശുശ്രാവ ഭാവമധുരം ച മണിപ്രവാളം."
എന്നും അങ്ങനെയുള്ള മണിപ്രവാള കൃതികൾ "മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേളനസുരഭില"കളായിരിക്കണമെന്നും ചന്ദ്രോത്സവകാരൻ ഉപന്യസിക്കുന്നതിൽ നിന്നു സ്പഷ്ടമാകുന്നുണ്ടു്.
പ്രഥമദൃഷ്ടിക്കു് ഈ ചമ്പുക്കളിലെ ഭാഷയെ ഭാഷയെന്നു പറയുന്നതു കുറെ ആലോചിച്ചുവേണ്ടതാണെന്നു തോന്നിപ്പോകും.
"അകസ്മാദുന്മീലന്മൃദുഹസിതമാധുര്യസുഭഗാ-
ന്യപത്യാനാം പശ്യന്നനുദിവസമാസ്യാനി നിതരാം
അപാരേ ഹർഷാഖ്യേ ഹരിഹയസമോ ഭൂപതിരസാ-
വകൂപാരേ മജ്ജന്നനയദനഘോ ഹന്ത! ദിവസാൻ"
എന്നും മറ്റുമുള്ള ശുദ്ധസംസ്കൃതപദ്യങ്ങളും
"അഥ സാ ലളിതതനുകാന്തിസമ്പദാ സുരസുന്ദരീരപി ജയന്തി മദന്നമഹാവീരവൈജയന്തീ"
എന്നുംമറ്റുമുള്ള ഗദ്യങ്ങളും അടങ്ങിയ ഒരു പ്രബന്ധം ഭാഷാകവിതയാകുന്നതെങ്ങനെ ? അഥവാ മാങ്ങാപ്പുളിശ്ശേരിയിലെ അണ്ടിപോലെ ഒന്നോ രണ്ടോ ഭാഷാപദം ഒരു പദ്യത്തിൽ കണ്ടതുകൊണ്ടുതന്നെ എന്തെങ്കിലും വിശേഷമുണ്ടോ ?
"പാലാഴിത്തയ്യലാൾതൻ തിരുനയനകലാ-
ലോലലോലംബമാലാ-
ലീലാരാഗം ഭുജംഗേശ്വരമണിശയനേ
തോയരാശൗ ശയാനം
മേലേ മേലേ തൊഴുന്നേൻ ജഗദുദയപരി-
ത്രാണസംഹാരദീക്ഷാ-
ലോലാത്മാനം പദാന്തപ്രണതസകലദേ-
വാസുരം വാസുദേവം"
എന്നും മറ്റുമുള്ള പദ്യങ്ങളിൽ എത്ര ഭാഷാപദങ്ങളുണ്ടു് ? ഇങ്ങനെ ചോദിച്ചുd ഈ മാതിരി ഗ്രന്ഥങ്ങൾ ഭാഷാകൃതികളല്ലെന്നു ശഠിച്ചുതുടങ്ങിയാൽ നമ്പിയാരുടേയും വെണ്മണിയുടേയും കൃതികൾ വായിച്ചു തൃപ്തിപ്പെട്ടുകൊണ്ടിരിക്കാമെന്നല്ലാതെ ഭാഷയിലെ പല ഉത്തമഗ്രന്ഥങ്ങളുടെയും രസമനുഭവിക്കാൻ സംഗതിവരികയില്ല. ചമ്പുകത്താക്കൾ ഭാഷയിലും സംസ്കൃതത്തിലും ഉള്ള പദങ്ങളേയും പ്രത്യയങ്ങളേയും തുല്യമായി വിചാരിച്ചു അവയെ യഥേച്ഛം പ്രയോഗിച്ചുവന്നു. സംസ്കൃതജ്ഞാനവികലന്മാർക്കു് ഈ കൃതികൾ സ്വല്പം നാളികേരപാകമായി തോന്നുമെങ്കിലും വ്യുല്പന്നന്മാർക്കു് അവയിൽ ആപാദചൂഡം സ്‌ഫുരിക്കുന്ന ദ്രാക്ഷാപാകം അനായാസേന അനുഭോക്തവ്യമാണു്. പദ്യങ്ങളിൽ സംസ്കൃതപദബാഹുല്യമെന്നുള്ള ദോഷംപോലും അനുസ്യൂതമായി ആരോപിക്കാവുന്നതല്ല. ഉദാഹരണത്തിനു് നോക്കുക. അയോദ്ധ്യാനഗരത്തിന്റെ വർണ്ണനം
"കണ്ടോളം കൺകുളിർക്കും മണിഭവനമനോ-
ഹാരിണീ രാജലക്ഷ്മീ-
കണ്ഠാശ്ലേഷം കലർന്നുള്ളഖിലവസുമതീ-
പാലമാലാഭിരാമാ
ഭണ്ഡാരംകൊണ്ടു പൂർണ്ണാ ഗജമദസുരഭീ-
ഭൂതശൃംഗാടകാ പ-
ണ്ടുണ്ടായീപോലയോദ്ധ്യാ ജഗതി പരിചിതാ
രാജധാനീ രഘൂണാം
ലോകാലോകോല്ലസൽഗോപുരഘനപരിഖാ-
ലംകൃതാ ഭംഗികൈക്കൊ-
ണ്ടാകാശത്തോടുരുമ്മീടിന കനകമണീ-
സാലമാലാഭിരാമാ
ഏകാന്തേ രത്നഹർമ്മ്യങ്ങളിൽ നിജതരുണ-
ന്മാരുമായ് മാര... -
രാഗാലോലംകളിക്കും മധുരമൃഗദൃശാം
വിഭ്രമൈർഭാസമാനാ"
"മല്ലാർപൂങ്കാവിലയ്യാ! മൃദുലപവനമേ-
റ്റൂയലാടിക്കളിക്കും
മല്ലാക്ഷീണാം മദോദഞ്ചിതസുലളിതസം-
ഗീതഭംഗീമനോജ്ഞാ
ഉല്ലാസം പൂണ്ടു പൊന്നിൻകൊടിമരമുകളിൽ
കാറ്റലച്ചംബുദാളി
മെല്ലേമെല്ലേ മുകക്കും കനകമയപതാ-
കാവലീലാളനീയാ."
ഇത് രാമായണത്തിന്റെ പ്രാരംഭമാണു്. ഇനി അവസാനത്തിൽ നിന്നു് ഒരു ഘട്ടമാകട്ടെ. സ്വർഗ്ഗാരോഹണസമയത്തിൽ ശ്രീരാമൻ സീതാദേവിയെക്കാണുന്നതു് കവി താഴെവരും പ്രകാരം വർണ്ണിച്ചിരിക്കുന്നു.
"പരിമളമഴപെയ്തിരിഞ്ഞു ഭംഗ്യാ
തിരുകിന കുന്തളഭാരലോഭനീയാം;
സ്മരനിഗമരഹസ്യമോതുമോമൽ
തിരുമിഴിമേൽനിഴലിച്ച രാഗലോലാം;
മടുമലർശരമേന്മചേർത്തു തോണ്മേ-
ലുടനണിയും മണികുണ്ഡലാഭിരാമാം;
തുടുതുടെവിലസുന്ന ചോരിവായ്മേ-
ലുടമയിൽ വന്നിളകൊള്ളുമല്പഹാസാം;
ഘനസുകലശകാന്തിവെന്ന പീന-
സ്തനഭരലാളിതരത്നഹാരമാലാം;
മണിമയകടകാംഗദാദിഭൂഷാ-
ഗുരുതരരഞ്ജിതമഞ്ജുബാഹുവല്ലീം;
മരകതകലികാഭിരാമമുൾക്കൊ-
ണ്ടരുളിനകോമളരോമവല്ലരികാം;
പരിഹിതമൃദുലാംശുകത്തിനുള്ളിൽ
സ്ഫുരിതനിതംബമനോഹരോരുകാണ്ഡാം;
പ്രണിഹിതമണിനൂപുരാംഘ്രിപത്മാ-
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം ത്രപാനുരാഗ-
ക്ഷണനതമുഗ്ദ്ധമുഖീം ദദർശ സീതാം".
ഈ പദ്യങ്ങൾ ഭാഷയ്ക്കു വേണ്ടെന്നും ഏതു കാവ്യരസികൻ പറയും? ഈവക കൃതികൾ ഒക്കെയും ഇത്രമേൽ നന്നായതു് പ്രാചീനന്മാർ വ്യുല്പത്തിദാർഢ്യവും വാസനാബലവും കൂടാതെ ഗ്രന്ഥനിർമ്മാണത്തിനു പുറപ്പെടാത്തതുകൊണ്ടാണ്. ഇന്നത്തെപ്പോലെ നാല്ക്കാലിപ്പന്തലുകൾ നാട്ടുന്നവർ അന്നു ദുർല്ലഭമായിരുന്നിരിക്കണം. ഇത്ര രസപൂർണ്ണങ്ങളും പാകശയ്യാദിഗുണാന്വിതങ്ങളും അലങ്കാരമധുരങ്ങളുമായ കൃതികൾ ഭാഷയിൽ വേറെയില്ല.
നൈഷധചമ്പു നഖശിഖാന്തം മനോഹരമാണു്.
"സങ്കല്പസങ്ഗമസുഖാനുഭവസ്യനാഹം
ഭങ്‌ഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൌ സദയം വിഹായ
നിദ്രാ ജഗാമ നിപുണവ സഖീസകാശാൽ"
"കാതര്യം ചേർത്തു കോകങ്ങളിലഖിലചകോ-
രാവലീപ്രാണരക്ഷാ
ചാതുര്യം കൈവളർത്തിസ്സകലകുമുദിനീ-
കാമിനീപുണ്യഭൂമാ
വൈധുര്യാവേഗദായീ വിരഹിഷു സുഷമാ-
പൂരപീയൂഷധാരാ-
മാധുര്യം പോഷയൻ ദേഹിഷ പുനരുദിയാ-
യൈഷ പീയൂഷധാമാ"
എന്നും മറ്റുമുള്ള പദ്യങ്ങളും
മിത്രാപായേ ഹിത്വാ കുമുദം
ചിത്താനന്ദംവന്നീലാർക്കും;
ദോഷാഗമനേ ശശധരനെന്യേ
തോഷംകണ്ടിലാർക്കുമൊരുന്നാൾ;
പൊന്നിൻദണ്ഡം കണ്ടിലെങ്ങും;
ഭാരതചരിതംതന്നിലൊഴിഞ്ഞൊരു
കർണ്ണച്ഛേദംകേട്ടീലെങ്ങും;
വർണ്ണവിലോപം വ്യാകരണത്തിൽ-
ത്തന്നേ കേവലമുള്ളു കേൾപ്പാൻ;
ഹസ്തികദംബം ഹിത്വാ ഭൂമൌ
മത്തതപൂണ്ടു നടന്നീലാരും
മേളംകോലും ചമരമൃഗാണാം
ബാലവിലാസംകേവലമാസീൽ
പുരികുഴൽ നിരകളിലൊഴിയെ വധൂനാം
പരമൊരുകുടിലത നൈവ ധരായാം;
കളമൃദുമൊഴിമാർമിഴികളിലൊഴിയെ-
ക്കളവുകളും ഭുവി കാണ്മാൻ നഹിനഹി.
കഠിനതയും പുനരാസാമിതവിയ
തട...യിണയിലൊഴിഞ്ഞില്ലെങ്ങും
പൃത്ഥ്വീചക്രേ ദാരിദ്ര്യസ്ഥിതി
മുഗ്ദ്ധാക്ഷീണാം മദ്ധ്യേ കേവലം"
എന്നും
"അസ്തഗിരീശ്വരമസ്തകസീമനി
ഭാസ്കരഭഗവാൻ മറയുന്നേരം
ഗതവതി സവിതരി ഗുഹകളിൽ നിന്നി-
ത്തിമിരകരീശ്വരരിളകുംനേരം
ദിക്ഷു വിദിക്ഷു ച ദുഷ്കരമായ ത-
രക്ഷgഗണങ്ങൾ തിമിർക്കുന്നേരം
കാട്ടിൻനടുവേ കാട്ടാളാവലി
കൂട്ടംകൂടിച്ചെല്ലുന്നേരം
മല്ലീവല്ലീഫുല്ലാവലിരിഹ
മെല്ലേമെല്ലേ വിരിയുന്നേരം
പക്ഷികൾ വൃക്ഷാവലിയിലടങ്ങി-
യിണങ്ങിമയങ്ങിയുറങ്ങും നേരം
കാമുകപടലികൾകാമിനിമാർതൻ
കോമള ... കളിലണയുംനേരം
ക്രോഷ്ടൂനാംതതി കാട്ടിൻനടുവിൽ
കൂട്ടംകൂടിപ്പാടുന്നേരം
മൈലുകൾ പീലികൾ ചാലെ വിരിച്ച-
ന്നൃത്തവുമാടിയടങ്ങുന്നേരം
ഞെടുഞെടെയുടനുടനടവികൾതോറും
കരടികൾ കടതരമലറുന്നേരം
രൂക്ഷതതേടിന രാക്ഷസപടലീ
തീക്ഷ്ണനിനാദം കലരുന്നേരം
ശ്രോത്രാനന്ദംചേർത്തീടാത്തൊരു
ദാത്യൂഹാവലി കരയുന്നേരം
പിശിതാശനശതബഹുളപിശാചിക-
ളശിവനിനാദം കലരുന്നേരം
കുന്നുകൾപോലെ കുന്നിവരും ചില
പന്നികളോടിച്ചാടുന്നേരം
കാനനനികരേ വിരഹിതവിവരേ
ദീനതപൂണ്ടു നടന്നുമുഴന്നും
സർപ്പാനുഗ്രാൻ ദർപ്പോദഗ്രാ-
നഭ്യാശേ കണ്ടാശു വിറച്ചും
ഗമനനിരാശാ കുഹചനദേശേ
നിഷസാദൈഷാ മഹിതാ യോഷാ. "
എന്നും മറ്റുമുള്ള ഗദ്യങ്ങളും എത്ര ഹൃദയംഗമങ്ങളായിരിക്കുന്നു! ഗദ്യങ്ങൾക്കു കാളിനാടകത്തിന്റെയും സംസ്കൃതദണ്ഡകത്തിന്റേയും ഛായയാണുള്ളതു്. അതു കൂടാതെ ഭാഷാദണ്ഡകസമ്പ്രദായത്തിലും ദണ്ഡകങ്ങൾ അവിടവിടെക്കാണുന്നുണ്ടു്. ഗദ്യം വൃത്തബന്ധോജ്ഝിതമാണന്നുള്ള ആലങ്കാരികവചനത്തെ പ്രമാണീകരിക്കുകയാണെങ്കിൽ ഇവ ആ ലക്ഷണത്തെ അനുസരിക്കുന്നില്ല. എന്നാൽ ചമ്പുകാരന്മാർ പ്രായേണ സംസ്കൃതവൃത്തങ്ങളിൽ നിർമ്മിക്കുന്ന പദ്യങ്ങളെ പദ്യങ്ങളായും ഭാഷാവൃത്തങ്ങളിൽ നിമ്മിക്കുന്നവയെ ഗദ്യങ്ങളായുമാണു പരിഗണിച്ചിട്ടുള്ളതു്. സംസ്കൃതഗദ്യങ്ങളും അവിടവിടെ പൂർവചമ്പുകർത്താക്കൾ പ്രയോഗിച്ചുകാണുന്നുണ്ടു്. ദമയന്തിയുടെ സൌന്ദര്യവർണ്ണനം ഒരു മോഹനമായ സംസ്കൃതഗദ്യം കൊണ്ടാണു കവി നിർവ്വഹിച്ചിരിക്കുന്നതു്. അതുപോലെതന്നെ ഖരവധസ്തബകത്തിൽ വിന്ധ്യവനവും ഒരു സംസ്കൃതഗദ്യമാണ്. അതിലൊരുഭാഗം താഴെചേർത്തുകൊള്ളുന്നു.
"പശുപതിരിവനാഗനിശ്വാസസമു-
ൽക്ഷിപ്തഭൂതിഃ; ജനാർദ്ദന ഇവ
വിചിത്രവനമാലഃ; സഹസ്രകിരണ
ഇവ സപ്തപത്രസ്യന്ദനോപേതഃ;
വിരൂപാക്ഷഇവ സന്നിഹിതഗുഹഃ
ശിവാനുഗതശ്ച; കാമീവകാന്താ-
രോഷരസാനുഗതഃ സമദനശ്ച;
ശ്രീപർവതഇവ സന്നിഹിതമല്ലികാർ-
ജ്ജുനഃ; നരവാഹനമത്തഇവ പ്രി-
യംഗുശ്യാമാസനാഥഃ; ശിശുരിവ
കൃതധാത്രീധൃതിഃ, വാസരാരംഭഇവാ
ഏണപത്രപ്രഭാപാലിതവനരാജിഃ;
കൃഷ്ണപക്ഷഇവബഹുലതാ-
ഗഹനഃ, കർണ്ണഇവാനുഭൂതശതകോ-
ടിദാനഃ; ഭീഷ്മഇവ ശിഖണ്ഡിമു-
കൈരർദ്ധചന്ദ്രരാവൃതഃ;
ഹിരണ്യകശിപുരിവ ശംബരകുലാശ്രയഃ;
... ... ... ... ... ... ... ... ... ... ... ... ... നകുലീ-
നോപിസദ്വംശഭൂഷിതഃ; ദർശിതാ
ഭയോപി മൃത്യുഫലദായീ;സപ്രസ്ഥാ-
പ്യപരിമാണം; സപദോപി
നിശ്ശബ്ദം; ഭീമോപി കീചകസുഹൃൽ."
ഇതിലധികം ഭംഗിയായി ശ്ലേഷാലങ്കാരം കേരളകവികൾ പ്രയോഗിച്ചിട്ടുണ്ടോ?
രവിവർമ്മകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാണ് ഇദംപ്രഥമമായി ഉഷാകല്യാണത്തിൽ ഭാഷാഗദ്യത്തിനു് ഒരു രീതി ഏർപ്പെടുത്തിയതു്. ആ രീതിപിടിച്ചു ഭാഷാഭോജചമ്പുകാരനും പോയിരിക്കുന്നു. ഈ മാതിരി ഗദ്യവും സംസ്കൃതബഹുലമാണെങ്കിലും വൃത്തനിയമത്തോടു കൂടാത്തതാകയാൽ ആ പേർ അധികമായി അർഹിക്കുന്നുണ്ടു്. എന്നാൽ പുരാതനകവികൾ ഇത്രവളരെ സംസ്കൃതപ്രതിപത്തിയുള്ളവരായിരുന്നുവെങ്കിലും അവര്‍ക്കു വേണ്ടദിക്കിൽ ഭാഷ ഭംഗിയായി പ്രയോഗിക്കുന്നതിനു കഴിവുണ്ടായിരുന്നു. ഉദാഹരണത്തിനു ശൂര്‍പ്പണഖ രാവണനോടു സങ്കടം പറയുന്ന ഘട്ടത്തിൽ നിന്നു രണ്ടു ശ്ലോകം ഉദ്ധരിക്കാം.
"നിര്‍മ്മര്യാദങ്ങളമ്മാണികളിരുവരുമി-
ച്ചെയ്തതെല്ലാം പൊറുക്കാം;
കര്‍മ്മം വന്നീടിലോചെറ്റതിനുപകരവും
വീണ്ടുകൊള്ളാമൊരുന്നാൾ;
ധമ്മില്ലംകൊണ്ടുമെല്ലെപ്പിഹിതവദനമ-
യ്യോ! തദാനീം ചിരിച്ചാൾ
മല്ലാർപൂവേണി ചൊല്ലാമതുമനസി പൊറാ-
യുന്നിതെല്ലായിലും മേ
കൈയൂക്കിൻവായ്‌പുകൊണ്ടാകുലിതഗിരിവരോ
രാവണോ നാമ ധീമാൻ
പൊയ്യല്ലെങ്ങൾക്കിതിന്നുണ്ടുരപെറുമുടയോ-
നെന്നു ഞാൻ ചൊന്നനേരം
കയ്യൻതാൻ വന്നെര്‍തിക്കിൽച്ചെറുമനെ വിരവിൽ
പൂഴികപ്പിപ്പനെന്ന-
ക്കൈയും കൊട്ടിച്ചിരിച്ചാനനുജനതുപൊറാ-
യുന്നിതെല്ലായിലും മേ."
നമ്പൂരിമാർ കവികളാകുമ്പോൾ അവിടെ ഫലിതം തന്നെത്താൻ കടന്നുകൂടുമല്ലോ. വെണ്മണിയിലും ഒറവങ്കരയിലും ശീവൊള്ളിയിലും കാണുന്ന നേരമ്പോക്കു പുനത്തിലും മഴമംഗലത്തിലും ധാരാളമുണ്ട്. ദൃഷ്ടാന്തമായി ശൂര്‍പ്പണഖ ശ്രീരാമനെ പ്രാപിച്ചു തന്റെ കാമപാരവശ്യത്തെ വിവരിക്കുന്ന ഘട്ടം ഉദ്ധരിക്കാം. അഷ്ടദിക്പാലകന്മാരും മറ്റു ദേവതകളും തനിക്കു് ഉചിതരായ ഭർത്താക്കന്മാരല്ലെന്നു ആ രാക്ഷസി പറയുന്ന ഭാഗം എത്ര അനവദ്യമായിരിക്കുന്നു!
"വിണ്ണോർകോനേതുമാകാ പുണരുവതിനവ-
ന്നോര്‍ക്ക ഗാത്രേഷു നീളെ-
ക്കണ്ണല്ലോ; വഹ്നിയോടുള്ളണവു മമ നിന-
ച്ചാൽ മരിച്ചെന്നി വേണ്ടാ;
എണ്ണേറും ജന്തുവൃന്ദം കൊടിയ നരകകോ-
ടീഷു കേഴുംദശായാം
കണ്ണീർപോലും കൊടാതോരറുകുലയനവൻ
കാലനും നില്ക്ക ദുരെ.
നീതിക്കോപ്പിന്നുവല്ലാനിരൃതി സരസന-
ല്ലേതുമേ കാൺ; ജളാത്മാ
നേദിഷ്ഠം നിമ്നഗാലക്ഷമൊടണയുമൊര-
പ്പാശിയും പന്തിയല്ല;
മോദിച്ചെന്നോടിരിപ്പാൻ പവനനൊരിടയി-
ല്ലേഭ്യനോർത്താൽ കുബേരൻ;
ചൂതത്താർബാണനെച്ചുട്ടവനൊടു ചുടല-
ക്കൂത്തുകണ്ടീടുവാനോ ?
മാർത്താണ്ഡന്മാരെയും ചെറ്റണയരുതു ചുടും
നാഥ; രാകാശശാങ്കൻ
പാർത്താൽ നാലഞ്ചുനാൾക്കൂടിയുമനുഭവിയാ
യൌവനാഭോഗയോഗം;
രൌദ്രാ രുദ്രാസ്സമസ്താ അപി; വിക്രമുഖാ-
വാശ്വിനേയൌ; വസൂനാം
ചാർത്തങ്ങാസ്ഥാവിഹീനം; പരികലയ ന മേ
സമ്മതാ ദേവവീരാഃ
യക്ഷന്മാർകിന്നരന്മാരമരമുനികളെ-
ജൈവമാദ്യേഷ്ട പാർത്താ-
ലുൾക്കാമ്പിന്നില്ല കൌതൂഹലമവർ തരമ-
ല്ലാരുമേ ഭംഗിപോരാ;
നില്ക്കെല്ലാരും പതിന്നാലുലകിലുമൊരുവൻ
മറ്റു നിന്നെക്കണക്കേ
ലക്ഷ്മീം കൈക്കൊണ്ടുകണ്ടീലയി ദയിത! പൊറാ-
തോന്നിതെന്മാരതാപം
ആകർണ്യൈവം തദീയംവചനമണികഴൽ-
ത്താരൊളം മൌലിയെത്തൊ-
ട്ടാകർണ്ണംനീണ്ടകൺകൊണ്ടവളെ മുഴുവനേ
പാർത്തു വൈദഗ്ദ്ധ്യശാലീ
പ്രാഗത്ഭ്യം നന്നിതെന്നാൽച്ചെറുതുകളികളി-
പ്പിച്ചുപോകേണമെന്ന-
ങ്ങാകെക്കല്പിച്ചു മന്ദസ്മിതരുചി പുറമേ
തൂകി രാമോ ബഭാഷേ "
ഇതിലധികം മോഹനമായി ആ രാക്ഷസിയുടെ അനുരാഗത്തെ വർണ്ണിക്കുന്നതു് അസാദ്ധ്യമാണു്. ഇനി അവൾ ഭ്രാതാവിനോടു സങ്കടം പറയുവാൻ പോകുന്ന ഭാഗമാകട്ടെ. അതൊരു ഉത്തമഭാഷാഗദ്യമാണു്.
"തദനു തദാനീം ദശമുഖസോദരി
ഖരനും ദുണഷനും ത്രിശിരാവും
പടയൊടുകൂടിച്ചെന്നു സരോഷം
പടുതകലർന്നൊരുരാമശരാഗ്നി-
ജ്വാലാമാലയിലീയാമ്പാറ്റ
പൊരിഞ്ഞകണക്കേ വെന്തെരിയുന്നതു
കണ്ടുഭയംപൂണ്ടിണ്ടൽ തിരണ്ടുട-
നയ്യോപാപം! ഹാഹാ! രാവണ!
വീര! സഹോദര! തവ ഭഗിനീയം
പെരുകീടുന്നൊരു ഭാഗ്യസമേതാ
നരകീടേന വിരൂപിതയായി;
പാലയ പാലയ! നീയേ ശരണം;
പാരിൽപ്പുകൾപെറുമിന്ദ്രനു പോലും
കിമപി നിനയ്ക്കരുതാതൊരു കർമ്മം
ദശമുഖവീരകുടുംബദ്രോഹം
വാങ് മാത്രം പുനരതുമായല്ലോ.
കള്ള പ്രാണികൾ മാണികളേ! മതി
ചെറ്റു പൊറുപ്പിൻ പകരംവീളും
ത്രിഭുവനപെരുമാളിന്നേതന്നെ
വിഭൂതപെരുത്തൊരു രാക്ഷസരാജൻ
ഭഗിനീമെന്നെ വിരൂപാം കണ്ടാ-
ലവനിഹ ചെറ്റു പൊറുത്തീടാമോ?
കോണകമുടയും ദണ്ഡും താവിന
മാണികൾചെയ്തൊരു കുസൃതിയിതെല്ലാം
നാലുദിനത്തിനകത്തു ഫലം വരു-
മയ്യോപാപം കൈയൂക്കുള്ളൊരു
നാഥനിരിക്കേ വല്ലാതേ പുന-
രെന്നെക്കൊണ്ടു ചമച്ചാരല്ലോ!
സതതമിവണ്ണം തന്നെത്താനേ
ശാസിച്ചധികം മുറയുംവിട്ടു ജ-
വേനസമീരണമാഗ്ഗർത്തൂടെ
ലങ്കാനഗരേമണ്ടുന്നേരം
നവനവരുധിരം വർഷിച്ചീടിന
കാളഘനാഘനമാലയിതെന്നും
ബാലാതപനിരപൂണ്ടു നടക്കും
നീലാഞ്ജനഗിരി നൂനമിതെന്നും
പരിചൊട്ട ജഗതാമാർത്തിവളർപ്പാൻ
പെരുമാറീടിന കൃത്യയിതെന്നും
നാസികയില്ലതിഘോരതതേടിന
യാതനയെന്നും മദ്ധ്യേമാർഗ്ഗം
ഭീഷണതയ്ക്കൊരുഭൂഷണമെന്നും
വൈരൂപ്യത്തിനൊരാസ്പദമെന്നും
ദുഷ്കർമ്മത്തിനു സൂതികയെന്നും
ചെമ്മേ മൂർത്തമധർമ്മമിതെന്നും
മതിമതികണ്ടതു മണ്ടിക്കളവിൻ
മഹാപാപികളെ ശൂപ്പണഖാ കില
പിഴപെടുമാനകളിക്കും പോലേ
പിമ്പേ ചെന്നുതുടർന്നാലെന്നും
വിവിധാഭാഷണഗോചരഖേചര-
പങ്‍ക്തിഷു ചിലരെച്ചെകിടുപൊളിച്ചും
ചെവിപിടിപെട്ടു സരോഷമിഴച്ചു-
മെടുത്തുമറിച്ചുമദിച്ചുമറഞ്ഞും
നാസാകുഹരത്തൂടേ ചാടും
ചോരകുടിച്ചു പുളച്ചുതിളച്ചും
പ്രൌഢമുനീനാമാടപൊളിച്ചും
പെരുവഴിനീളെക്കളകളഘോരം "
ശൂർപ്പണഖ വേശ്യാവേഷംധരിച്ചു ശ്രീരാമനേ സമീപിക്കുന്ന ഘട്ടത്തിലെ ഗദ്യം പോലെ ശൃംഗാരമയമായി ഭാഷയിൽ കവിതയില്ല. അതിവിടെ സ്ഥലദൌർല്ലഭ്യത്താൽ ഉദ്ധരിക്കുന്നില്ല. ശ്രീരാമനോട് അഭിഷേകാവസരത്തിൽ വസിഷ്ഠൻ ചെയ്യുന്ന ഉപദേശം ഏറ്റവും രമണീയമായിരിക്കുന്നു. അശ്വമേധത്തിലെ ബ്രാഹ്മണർ മുതലായവരുടെ വരവു പുനം നംപൂതിരി വർണ്ണിച്ചിരിക്കുന്നതു കണ്ടാൽ വെണ്മണിയും കുഞ്ചൻനമ്പിയാരും കൂടി സലാം വച്ചുപോകും. ആകപ്പാടെ നോക്കുകയാണെങ്കിൽ രാമായണചമ്പുവിനെക്കാൾ മഹനീയമായ ഒരു സ്വത്തു കൃഷ്ണഗാഥ കഴിഞ്ഞാൽ ഭാഷയ്ക്കില്ലെന്നുതന്നെ പറയാം.
ഇതുകൂടാതെ നാം ചമ്പുക്കളിൽനിന്നു് അക്കാലത്തെ ഭാഷയിൽ പ്രചുരപ്രചാരങ്ങളായിരുന്ന പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ ഇവയേയും സമുദായസ്ഥിതിയേയുംപറ്റി ഒട്ടുവളരെ സംഗതികൾ ഗ്രഹിക്കുന്നു. മുറുവൽ തിക തില, മുതലായ പദങ്ങളുടേയും അത്രേയല്ല. വാരാഞ്ഞു, പുകണ്ണു, മുതലായ പ്രയോഗങ്ങളുടേയും ചരിത്രം ഭാഷാഭിമാനികൾ ധരിച്ചിരിക്കേണ്ടതാണു്. തമിഴിനോട് അന്നത്തേക്കവിതയ്ക്ക് ഇന്നത്തേക്കാളധികം സംബന്ധമുണ്ടായിരുന്നു എങ്കിലും,-
"പാതിവ്രത്യോജ്വലാംഗിക്കഖിലഗുണനിധി-
ക്കംഗനാമൌലിമാല-
യ്ക്കാതുംഗാഭോഗപീനസ്തനഭരവിനമ-
ന്മദ്ധ്യവല്ലിക്കകാണ്ഡേ
ചൂതത്താർബാണലീലാമൃതരസഹരി-
ക്കംബുജാക്ഷിക്കു നേരേ
സീതയ്ക്കാത്മോദരേ പോന്നവനിഭരണബീ-
ജം തദാ പ്രാദുരാസീൽ"
എന്നും മറ്റും ഇന്നു ഭാഷാകവികൾ സാധാരണമായി ചെയ്യാറില്ലാത്ത സംസ്കൃതാനുകാരികളായ പ്രയോഗങ്ങളും ധാരാളമുണ്ടായിരുന്നു. പ്രാചീനകവികളുടെ മറ്റൊരു സമ്പ്രദായം സ്വകവിതയ്ക്കുമദ്ധ്യേ അന്യകൃതികളിൽനിന്നു ശ്ലോകങ്ങളെ സന്ദർഭോചിതമായി ഉദ്ധരിച്ചു ചേർക്കുന്നതാകുന്നു. ഈ വിഷയത്തിൽ മേല്പത്തൂർ ഭട്ടതിരിക്കുപോലും യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. മഹാകവി മൂർദ്ധന്യനായ അദ്ദേഹത്തിന്റെ ദൂതവാക്യത്തിലെ പ്രസിദ്ധമായ
"ബാലാതപപ്രേക്ഷ്യതരാംബരോയ-
മാനന്ദിതാശേഷവിലോചനാബ്ജഃ
പ്രാചീമിവ പ്രാതരിനോരിപാണി-
വ്വൈർചിത്രവീര്യസ്യ സഭാംവിവേശ"
എന്ന പദ്യം ബാലഭാരതം പന്ത്രണ്ടാം സർഗ്ഗത്തിലുള്ളതാണെന്നു ഞാൻ എന്റെ ഒരു പണ്ഡിതനായ സ്നേഹിതനോടു പറഞ്ഞിട്ട് അദ്ദേഹത്തിനു വളരെ വ്യഥതോന്നി. ഇതുപോലെ പുനം നംപൂരിയും ഉത്തരരാമചരിതം ഭോജചമ്പു മുതലായ സംസ്കൃതകൃതികളിൽനിന്ന് അനവധി പദ്യങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. മഴമംഗലത്തിനു് ഈ വിഷയത്തിൽ അത്രമാത്രം ഔൽസുക്യമുണ്ടായിരുന്നതായി തോന്നുന്നില്ല. ചെല്ലൂർമാഹാത്മ്യം ശ്രുതസോമൻ എന്ന രാജാവു തപസ്സുചെയ്തു ശിവലിംഗം വാങ്ങി ചെല്ലൂർ എന്ന സ്ഥലത്തു കൊണ്ടുപോയി പ്രതിഷ്ഠിക്കുന്ന കഥയാകുന്നു. കേവലം സ്ഥലമാഹാത്മ്യരൂപമായ ഈ ഇതിവൃത്തം മഹാകവിയായ പുനത്തിന്റെ കൈയിൽ കിട്ടിയപ്പോൾ മനോഹരമായ ഒരു കാവ്യമായിത്തീർന്നു.
എന്റെ ഗുരുനാഥനും ആധുനികഭാഷാകവികളിൽ അഗ്രഗണ്യനുമായിരുന്നു ഭാഷയുടെ ദുർവിപാകത്താൽ പൂർണ്ണയൌവനത്തിൽ ചരമഗതിയെ പ്രാപിച്ച വശ്യവാക്കായ ആ മഹാനുഭാവനെപ്പറ്റിക്കൂടി രണ്ടു വാക്കു പറയാതെ ഈ ഉപന്യാസം അവസാനിപ്പിക്കുവാൻ എന്നെ മനസ്സ് അനുവദിക്കുന്നില്ല. അവിടുത്തേക്കു ഭട്ടതിരിപ്പാട്ടിലെ പ്രബന്ധങ്ങളൊക്കെയും മുഖസ്ഥങ്ങളായിരുന്നു. ഞാൻ പാഞ്ചാലീസ്വയംബരവും സുഭദ്രാഹരണവും ദൂതവാക്യവും വായിച്ചിരുന്ന അവസരത്തിൽ അവിടുന്നു ഭട്ടതിരിപ്പാട്ടിലെ ഗദ്യപദ്യരചനാസാമർത്ഥ്യത്തെപ്പറ്റി അസാമാന്യമായി ശ്ലാഘിക്കാറുണ്ടായിരുന്നു. ആ പരിചയത്തോടുകൂടിയാണു് അവിടേക്ക് ഒരിക്കൽ മഴമംഗലത്തിന്റെ നൈഷധചമ്പു വായിക്കുവാനിടവന്നതു്. അതോടുകൂടി അനുകരണാഭിലാഷം അങ്കരിക്കുകയും അതിന്റെ ഫലമായി ഉഷാകല്യാണം എന്ന ഗ്രന്ഥം ഭൂജാതമാകുകയും ചെയ്തു.
"കർണ്ണേ താപിഞ്ഛപുഷ്പസ്തബകരുചികളെക്കൺമുനത്തെല്ലണച്ചൂ;
തിണ്ണെന്നപ്പുഞ്ചിരിക്കൊഞ്ചലുമണി ... യിൽത്താരഹാരാഭചേർത്തു"
എന്നും മറ്റുമുള്ള പദ്യങ്ങളും
"രമണീകളസ്വനശാലിനിയെങ്കിലും അര-
മണീകളസ്വനശാലിനിയായും"
എന്നും മറ്റുമുള്ള ഗദ്യങ്ങളും വായിക്കുമ്പോൾ ആരുടെ ഹൃദയമാണു് ആനന്ദസാഗരത്തിൽ മഗ്നമാകാത്തത്? അവിടുത്തേത്തൂലികയിൽനിന്നു ഗൌരീസ്വയംവരം എന്നൊരു പ്രബന്ധം കൂടി അപൂർണ്ണമായെങ്കിലും ആവിർഭവിച്ചിട്ടുണ്ടെന്നുള്ളതു ആശ്വാസജനകമാണു്.
ഇവയാണ് നമ്മുടെ പ്രധാന ചമ്പു പ്രബന്ധങ്ങൾ. ആട്ടക്കഥകളായ കിര്‍മ്മീരവധത്തിലും രുക്‌മിണീസ്വയംവരത്തിലും പ്രതിപത്തിയുള്ള സർവകലാശാലയ്ക്കു രാമായണചമ്പുവിനോടും ഭാരതചമ്പുവിനോടും കുറേക്കൂടി ആദരം വേണ്ടതല്ലയോ? കാവ്യരസികന്മാർ വാങ്ങി വായിച്ചുകൊള്ളും എന്നു വിചാരിച്ചു ഒരു പുസ്തകം അച്ചടിക്കത്തക്കമൌഢ്യം ആര്‍ക്കുമുണ്ടാവാൻ വഴിയില്ല. പിന്നെ വിദ്വാന്മാര്‍ക്ക് ഈ മാതിരി പരിഷത്തുകളുടെ സഹായമാണു് അപേക്ഷിതമായുള്ളതു്. അവ അവയുടെ ഉദ്ദേശ്യത്തെ വേണ്ടവിധത്തിൽ നിറവേറ്റുമെങ്കിൽ അനവധി പ്രാചീന കൃതികൾ ഇനിയും പ്രസിദ്ധീകരിക്കാവുന്നതാണു്.
1082 മേടം-ഇടവം ഭാഷാപോഷിണി