Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ പ്രസംഗം / അധ്യക്ഷപ്രസംഗം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അധ്യക്ഷപ്രസംഗം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭാഷയുടേയും സാഹിത്യത്തിന്റേയും പുരോഗമനത്തെ ലക്ഷീകരിച്ചു ചിലതെല്ലാം പ്രസ്താവിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണു് ഞാൻ ഇന്നു് ഇവിടെ സന്നിഹിതനായതു്. എന്നാൽ എന്റെ പ്രിയ സുഹൃത്തായ മഹാകവി വള്ളത്തോളിന്റെ ഉൽഘാടനപ്രസംഗവും സ്വീകരണസംഘാധ്യക്ഷനായ ശ്രീമാൻ കെ. ഗോപാലകൃഷ്ണപിള്ളയുടെ വിമർശനപ്രസംഗവും കേട്ടതിനുമേൽ മറ്റു ചില വിഷയങ്ങളെപ്പറ്റിക്കൂടി ഏതാനും വാക്കുകൾ ഉച്ചരിക്കണമെന്നു തോന്നുന്നുണ്ടു്. അതിനൊന്നും അവസരമില്ലാത്തതിനാൽ ഒന്നോ രണ്ടോ സംഗതികളെ മാത്രം പീഠികാരൂപത്തിൽ പരാമർശിക്കാം. ഒന്നാമതായി, തന്നെയോ എന്നെയോ പോലെയുള്ള വയോധികന്മാരെയല്ല ഇത്തരത്തിലുള്ള സാഹിത്യസമ്മേളനങ്ങളിൽ ആധ്യക്ഷ്യം വഹിപ്പിക്കേണ്ടതു എന്നുള്ള വള്ളത്തോളിന്റെ അഭിപ്രായത്തോടു ഞാൻ പൂര്‍ണ്ണമായി യോജിക്കുന്നു. അരങ്ങേറ്റത്തിനും ചൊല്ലിയാട്ടത്തിനും ഉള്ള കാലം, ഞങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയിരിക്കുന്നു. അറുപതു വയസ്സിനുമേൽ ഗായകന്മാരെയോ, നര്‍ത്തകിമാരേയോ, നാഗസ്വരവായനക്കാരേയോ, ഹരികഥാകാലക്ഷേപക്കാരേയോ ആരെങ്കിലും രംഗപ്രവേശം ചെയ്യിക്കാറുണ്ടോ? പ്രായേണ സമാനരൂപങ്ങളായ ഇതരകലകളുടെ വിഷയത്തില്‍ അശേഷം ആശാസ്യമല്ലെന്നു സർവ്വസമ്മതമായ ഈ ദുരാചാരം സാഹിത്യവിഷയത്തിൽമാത്രം പുലർത്തിക്കൊണ്ടുപോകുവാൻ ന്യായമെന്തു്? ഇന്നത്തേലോകം യുവാക്കന്മാരുടെ ലോകമാണു്; ആരോഗ്യം, ആദര്‍ശം, അഭിനിവേശം മുതലായ സിദ്ധികൾ അവരിലാണു് സ്ഥിതിചെയ്യുന്നതു്; അവർ വേണം ഇനി ഇത്തരത്തിലുള്ള പരിഷത്തുകളെ നയിക്കുവാൻ. വള്ളത്തോളും ഞാനും ഈ വസ്തുത അറിയാത്തവരല്ല; എങ്കിലും നിർവ്വാഹകസംഘത്തിന്റെ അലംഘനീയമായ ആജ്ഞയ്ക്കു വിധേയന്മാരായി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നു എന്നേയുള്ളൂ. ഞങ്ങൾക്കു് ഈ കായികവും മാനസികവുമായ ക്ലേശത്തിൽനിന്നു ഒഴിയാമായിരുന്നു; അതിനു ഞങ്ങളെ കാര്യജ്ഞാനമുള്ളവരാരും കുററപ്പെടുത്തുകയുമില്ലായിരുന്നു. എന്നാൽ ഭാഷയുടെനേര്‍ക്കുള്ള ഭക്തി ഞങ്ങളുടെ ഹൃദയങ്ങളെ ഇങ്ങോട്ടു് ആകര്‍ഷിച്ചു; പാദങ്ങളെ ത്വരിപ്പിച്ചു; അതിനു ഞങ്ങളെ ആർക്കും അപരാധികളാക്കുവാൻ അവകാശമുണ്ടെന്നു തോന്നുന്നുമില്ല.


രണ്ടാമതായി വള്ളത്തോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'അരുണൻ' എഴുതിയിരുന്ന ഒരു ലേഖനത്തിലെ ഏതാനും വാക്യങ്ങൾ ഇവിടെ ഉദ്ധരിച്ചുവല്ലൊ. അതിനെപ്പറ്റിയും ഞാൻ മൌനം ദീക്ഷിക്കുന്നതു നന്നായിരിക്കുകയില്ല. നീണ്ടപേർ പേറിനടക്കുന്ന ഇന്നത്തെ സമസ്തകേരളസാഹിത്യപരിഷത്തുകാർ ഒരു കൂട്ടം പേക്കാംതവളകളാണെന്നും അവരെ കൈകൊട്ടിപ്പുറത്താക്കി, കരുത്തുള്ള മറ്റൊരു പരിഷത്തു രൂപവൽകരിച്ചു വേണ്ട മൂലധനം സമ്പാദിച്ചു, നിഘണ്ടു നിര്‍മ്മിക്കുകയും വി ശ്വമഹാഗ്രന്ഥങ്ങൾ തര്‍ജ്ജമ ചെയ്യുകയും മറ്റും ചെയ്തു ഭാഷാസാഹിത്യത്തെ ഉന്നമിപ്പിക്കണമെന്നുമാണല്ലൊ അരുണന്റെ ആഗ്രഹം. ആഗ്രഹത്തിന്റെ പ്രായോഗികമായ അംശത്തിൽ ആര്‍ക്കും വിപ്രതിപത്തിയില്ല. സ്ഥിരപരിഷത്ത് നാമമാത്രമായി ജീവിക്കുന്നു; ഒരു ത്രൈമാസികത്തിന്റെ പ്രസിദ്ധീകരണത്തിൽ കൂടുതലായി അതു യാതൊരു കൃത്യവും നിർവ്വഹിക്കുന്നില്ല; അതിനു മൂലധനമില്ല; അതിനെ സഹായിക്കുവാൻ ആരുമില്ല; ഇതെല്ലാം പരമാര്‍ത്ഥമാണെന്നു മണിയടിച്ചു സത്യം ചെയ്യാം. സ്ഥിരപരിഷത്തിന്റെ അവശതകളെപ്പറ്റി എന്നോളം അറിവു് അരുണനുതന്നെയും ഉണ്ടായിരിക്കുവാനിടയില്ല. കരുത്തുള്ള ഒരു പരിഷത്തു സംഘടിപ്പിക്കുകയും അതിനുവേണ്ട മൂലധനം സമ്പാദിക്കുകയും ചെയ്യേണ്ടതും അത്യന്താവശ്യകമാണു്. ആ ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്തുവാൻ നിലവിലിരിക്കുന്ന പരിഷത്തിന്റെ പരിശ്രമം ലേശവും ഫലവത്തായിട്ടില്ല. ഞാൻ അകലെയിരുന്നു് ചില ലേഖനങ്ങൾ എഴുതുന്നു; എന്റെ ആപൽബന്ധുവായ ശ്രീമാൻ ഏ.ഡി. ഹരിശർമ്മാവു എറണാകുളത്തിരുന്നു മറ്റു കൃത്യങ്ങൾ നിർവ്വഹിച്ചു എന്നെ ഹൃദയപൂർവ്വം സഹായിക്കുന്നു. എന്റെ സുഹൃത്തുക്കളിൽ അപൂർവ്വം ചിലർ ഭാഷാസേവനത്തിനുള്ള അഭിരുചിയും എന്റെ നേര്‍ക്കുള്ള അനുകമ്പയും നിമിത്തം നിർവ്വാഹകസംഘസാമാജികന്മാരുടേയും മറ്റും നിലയിൽ ത്രൈമാസികത്തെ അപാംഗാലോകനംകൊണ്ട് അനുഗ്രഹിക്കുന്നു; മറ്റു കാര്യങ്ങളിലും യാവച്ഛക്യം എന്റെ ഭാരം ലഘൂകരിക്കുന്നു. ഇതുകൊണ്ടൊന്നും പോരല്ലൊ. ത്രൈമാസികം ആദ്യത്തെ ഒരു കൊല്ലം യശശ്ശരീരനായ ആ കൈരളീവിധേയൻ-മഹാമഹിമശ്രീ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ട് - നടത്തി. അതിൽ പിന്നീടു് അവിടുന്നു് അധ്യക്ഷസ്ഥാനത്തുനിന്നു ഒഴിയുകയാൽ, യാതൊരു വിധത്തിലുള്ള പ്രഭാവവും പ്രാബല്യവുമില്ലാത്ത ഞാൻ, കഴിഞ്ഞ പത്തുകൊല്ലങ്ങളായി കേവലം ഗത്യന്തരാഭാവം നിമിത്തം, അതു നടത്തിക്കൊണ്ടു പോരുന്നു. ഓരോ കൊല്ലത്തേയും വാര്‍ഷികയോഗങ്ങളിൽ, യാതൊരു സ്വാധീനതയുമില്ലാത്ത എന്നെ ഈ ഗുരുതരമായ ഭാരത്തിൽനിന്ന് ഒഴിക്കണമെന്ന് ഞാൻ താണു കേണപേക്ഷിക്കാറുണ്ട്. ആ അപേക്ഷ അംഗീകരിക്കുവാൻ ആരുമാരും മുന്നോട്ടു വരുന്നില്ല. ഞാൻതന്നെ തുടര്‍ന്നുകൊണ്ടു പോകണമെന്നാണ് അവർ ഐകകണ്ഠ്യന അനുശാസിക്കുന്നത്. ഇത്രമേൽ അശക്തന്മാരായുള്ളര്‍വക്ക് ഈ പരിഷത്തു പിരിച്ചുവിട്ടു വെളിയിലിറങ്ങി വിശ്രമിക്കരുതേ എന്നു ചിലർ ചോദിക്കാം; -ആവാം; പക്ഷെ ഇതു ഞങ്ങളിൽ ചി ലർ ബീജാവാപം ചെയ്ത ഒരു ചെറിയ ലതയാണു്; "വിഷവൃക്ഷോപി സംവര്‍ദ്ധ്യ സ്വയം ഛേത്തുമസാമ്പ്രതം" എന്നു് ആപ്തവാക്യമിരിക്കേ, കല്പവല്ലി എന്നു ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്ന ഇതിനെ ഞങ്ങളുടെ കൈകൊണ്ടുതന്നെ എങ്ങനെയാണു പിഴുതെറിയുന്നതു്? ഉച്ചിവച്ച കൈകൊണ്ട് ഉദകക്രിയയോ? ശാന്തം പാപം! പരിഹൃതമമംഗലം!! "കരുത്തുള്ളവർ കയ്യേല്ക്കുന്നതുവരെ കാത്തിരിക്കുക" എന്നുവച്ചു ഞങ്ങൾ അങ്ങനെയുള്ളവരുടെ ആഗമനത്തെ പ്രതീക്ഷിച്ച് അതിഥിപൂജാവിഗ്രരായി അടങ്ങിയൊതുങ്ങി പടിവാതിലിനു വെളിയിൽ വിരികണ്ണും അര്‍ഘ്യപാദ്യങ്ങളുമായി നിലകൊള്ളുകയാണു്.


അരുണന്റെ ലേഖനം അവസരോചിതം തന്നെ; എങ്കിലും എനിക്ക് അദ്ദേഹത്തോട് അല്പം പരാതി പറയേണ്ടതായുമുണ്ട്. അദ്ദേഹം തന്റെ നാമധേയം ഗോപനം ചെയ്യേണ്ടതിനുള്ള ആവശ്യമെന്ത്? താനാരെന്നു തുറന്നു പറഞ്ഞിരുന്നാൽ ഞാൻ അദ്ദേഹത്തോടു് "സ്നേഹിതാ, സ്വാഗതം! നിങ്ങളെപ്പോലെയുള്ളവരുടെ സഹകരണത്തിനുവേണ്ടിയാണു് ഞങ്ങൾ തപസ്സുചെയ്യുന്നതു്. വരൂ! നിങ്ങളുടെ ബലിഷ്ഠമായ ഹസ്തത്തിൽ ഞങ്ങൾക്കു ദുര്‍വഹമായ ഈ ഭാരം സന്തോഷപുരസ്സരം ഇറക്കിത്തരാം" എന്നു് മൃദുവായ സ്വരത്തിൽ വിനീതമായി നിവേദനം ചെയ്യാമായിരുന്നു. അങ്ങനെ ഭാഷയുടെ കൈങ്കര്യസൗകര്യത്തെയും ഞങ്ങളുടെ കൃതജ്ഞതാപാരമ്യത്തെയും ഒരേസമയത്തിൽ നേടാമായിരുന്ന അവസരം അദ്ദേഹം എന്തിനു പാഴാക്കണം? അരുണൻ സാക്ഷാൽ ആദിത്യഭഗവാൻ തന്നെയോ, അതോ അനൂരുവാണെങ്കിലും ആ ദേവന്റെ സാരഥ്യം വഹിക്കുവാൻ വേണ്ട കെല്പുള്ള ഗരുഡാഗ്രജനോ, എന്നു് അനുവാചകന്മാര്‍ക്ക് എന്തിനു സംശയമുണ്ടാക്കണം? ഏതായാലും നേത്രങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം അരുണനാണെന്നുള്ളതിനു സംശയമില്ല; സ്വന്തം പേർ പ്രകാശിപ്പിച്ചാൽ ഇന്നത്തെ പരിഷത്തുകാരേ 'പേക്കാംതവളകൾ' എന്നും മറ്റും സഭ്യേതരമായ രീതിയിൽ ശകാരിക്കുന്നതിനു അദ്ദേഹത്തിനു് അല്പം വൈഷമ്യമുണ്ടായിരിക്കാമെന്നുള്ള വാസ്തവം എനിക്കും ഗ്രഹിക്കുവാൻ കഴിയും. അതുതന്നെ മര്യാദയുടെ ഒരു ലക്ഷണമാണെന്നു ഞാൻ കരുതുന്നു. എന്നാൽ അത്തരത്തിൽ ഒരു വാക്‍പാരുഷ്യപ്രകടനം അദ്ദേഹത്തിനു് അപരിഹാരമായിരുന്നുവോ? സമസ്തകേരളസാഹിത്യപരിഷത്തുന്നതു് ഒരു നീണ്ട സംജ്ഞതന്നെയാണു് ; അതിൽ പന്ത്രണ്ടര അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു. "യസ്യ പന്ത്രണ്ടര പ്രിയാ” എന്നു പറയുന്നതുപോലെ ജരാജീര്‍ണ്ണനായ ഈ പരമേശ്വരൻ പരമപാവനിയായ ആ ഗംഗാദേവിയെ ശിരസാ വഹിച്ചുകൊണ്ടു നടക്കുന്നതു് അദ്ദേഹത്തിനു് ഇത്രമാത്രം അസഹ്യമായിത്തീരണമോ? ഇന്നത്തെ പരിഷത്തുകാരെ കൈകൊട്ടിപ്പുറത്താക്കണമെന്നു് അദ്ദേഹം ലോകോപദേശം ചെയ്യുന്നു. കൈകൊട്ടാതെതന്നെ പുറത്തു പോകുവാൻ സന്നദ്ധരാണെന്നു് അവർ മുൻപുതന്നെ വിനയപൂർവ്വം വിജ്ഞാപനം ചെ യ്തിരിക്കെ, ഈ പിഷ്ടപേഷണംകൊണ്ടു് എന്താണു സാധിക്കാനുള്ളതു്? ആ അജ്ഞാതസുഹൃത്തിനോട് എനിക്കു പറവാനുള്ളതു്, അദ്ദേഹത്തിന്റെ ഈ വാഗ്‌ജാലം അനിർല്ലോഡിതകാര്യമാകയാൽ, കൈകൊട്ടുവാൻ വേണ്ടിവരാവുന്ന ഊര്‍ജ്ജസ്സ് പാഴിൽ കളയാതെ ഭാഷാസേവനത്തിനു ഉപയുക്തമാക്കാവുന്ന നിലയിൽ കൈവശം വച്ചുകൊണ്ടിരിക്കുന്നതാണു് അഭിലഷണീയമെന്നാകുന്നു. കൈകൊട്ടപ്പെട്ടവർ പഴയ ആചാരമനുസരിച്ച് ആറടി മാറിനില്ക്കണം. ആറോ അറുപത്തിനാലോ അടി ദൂരെനിന്നാണു് ഞങ്ങൾ ഭാഷാദേവിയെ തൊഴേണ്ടതെങ്കിൽ അങ്ങനെ ചെയ്തും അദ്ദേഹത്തെ പ്രസാദിപ്പിക്കുവാൻ നോക്കാം. താല്‍കാലികമായി അദ്ദേഹത്തിനുണ്ടായ ഹൃദയക്ഷോഭം ശാന്തമാകുമ്പോൾ അദ്ദേഹംതന്നെ തന്റെ അസ്ഥാനസ്ഥമായ ആക്രോശത്തെപ്പറ്റി പരിതപിച്ചു എന്നും വരാൻ പാടില്ലായ്കയില്ല. ഏതായാലും ഭാഷ നന്നായാൽ കൊള്ളാമെന്നുള്ള താൽപര്യത്താൽ പ്രചോദിതനായി ഇങ്ങനെ ഒരു ലേഖനമെഴുതിയ അദ്ദേഹത്തിനോടു് സ്ഥിരപരിഷത്തിനുള്ള ഉപകാരസ്മരണ ഞാൻ അതിന്റെ പ്രതിനിധിയെന്നനിലയിൽ ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ഈ പീഠിക സമാചിപ്പിക്കുന്നതിനുമുൻപ്, കഴിഞ്ഞ പത്തുകൊല്ലമായി തന്റെ സകലസുഖങ്ങളേയും തൃജിച്ച്, സ്ഥിരപരിഷത്തിന്റെ കാഴ്ചദശി എന്ന നിലയിൽ രാപ്പകൽ കഷ്ടപ്പെട്ട്, പല ബുദ്ധിമുട്ടുകളും സഹിച്ച് ഭാഷയുടെ നിസ്സ്വാർത്ഥസേവനം പര്യാപ്തവും പ്രശംസനീയവുമായ രീതിയിൽ അനുഷ്ഠിച്ചു, തന്റെ എളിയ ജീവിതം സര്‍വ്വോത്തമമായ വിധത്തിൽ നയിച്ചുപോരുന്ന ചരിതാര്‍ത്ഥജന്മാവായ എന്റെ പ്രിയസാഹിതീസഹോദരൻ വിദ്വാൻ ഏ. ഡി. ഹരിശമ്മാവിന്റെ നേര്‍ക്ക് എനിക്കുള്ള വാങ്മനസഗോചരമല്ലാത്ത കൃതജ്ഞതാപാരവശ്യത്തെ ഈ ഘട്ടത്തിൽ പ്രഖ്യാപനം ചെയ്യാതെ മുന്നോട്ടുപോയാൽ അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അക്ഷന്തവ്യമായ കൃത്യവിലോപമായിരിക്കും.


പറവൂർ


ഇന്നു കേരളത്തിന്റെ ഇതരഭാഗങ്ങളെപ്പോലെ പറവൂരും ആഹാരസാധനദൌർല്ലഭ്യം നിമിത്തമുള്ള ക്ലേശം അനുഭവിക്കുന്നുണ്ടെങ്കിലും, ഈ താലൂക്ക് പഴയകാലത്തിൽ പ്രകൃതിസൌന്ദര്യത്തിനെന്ന പോലെ ധനധാന്യസമൃദ്ധിക്കും കേൾവിപ്പെട്ടിരുന്നു എന്നു പല ഗ്രന്ഥകാരന്മാരും പ്രശംസിച്ചുകാണുന്നു. ക്രി. പി. 1717-23 എന്നീ വര്‍ഷങ്ങൾക്കിടയിൽ കൊച്ചിയിൽ വൈദികവൃത്തിയിൽ ഏപ്പെട്ടു താമസിച്ചിരുന്ന ജേക്കബ് കാന്റർ വിഷർ എന്ന ലന്തക്കാരൻ ഈ പ്രദേശം "Fruitful in rice, cattle and their articles of food" അരി, കന്നുകാലി മുതലായ ഭക്ഷണസാധനങ്ങൾകൊണ്ടു് നിബിഡമായിരുന്നതായി പറയുന്നു. 1743-ൽ ഡച്ചു ഗവര്‍ണ്ണരായിരുന്ന ഗൊളോനേസ്സ് "It is a beautiful piece of land and there are warlike Nayars here" ഇതു് ഒരു മനോഹരമായ ദേശമാണെന്നും ഇവിടെ രണശൂരന്മാരായ നായന്മാർ താമസിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 1815- ൽ വാർഡെന്നും കോണർ എന്നും പേരുള്ള രണ്ടു ധ്വരമാർ ഇവിടത്തെ റവന്യൂ സര്‍വ്വേ നടത്തിയപ്പോൾ ഈ പ്രദേശം "The chief place of a rich and beautiful district. The town is yet the largest mart in Northern Travancore" വിഭവസമൃദ്ധവും മനോഹരവുമായ ഡിസ്ട്രിക്‌റ്റിന്റെ പ്രധാനസ്ഥലമാണെന്നും, അന്നും വടക്കൻ തിരുവിതാംകൂറിലെ അതിപ്രധാനമായ വിപണി ഇതുതന്നെയാണെന്നും പ്രസ്താവിക്കുന്നു. ഇപ്പോൾ പാറക്കടവിൽ താമസിക്കുന്ന പറവൂർ രാജാക്കന്മാരും അവർ സ്വതന്ത്രന്മാരായിരുന്ന കാലത്ത് ഔദാര്യത്തിനും വൈദുഷ്യത്തിനും കേൾവിപ്പെട്ടിരുന്നു. അവര്‍ക്കു ശങ്കരരാമൻ എന്നൊരു മാറാപ്പേരുണ്ടെന്നും, അവരിൽ ഒരാളെങ്കിലും ഗോദജയന്തൻ എന്ന നാമധേയത്താൽ വിദിതനായിരുന്നു എന്നും 'ശങ്കരരാമപ്രശസ്തി' എന്ന തലക്കെട്ടിൽ ഞാൻ കുറെക്കാലം മുൻപു പരിഷൽ ത്രൈമാസികത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള ഉപന്യാസം വായിച്ചാൽ മനസ്സിലാകുന്നതാണു്. കൊല്ലം ഒൻപതാം ശതകത്തിൽ വിദ്വാനും കവിയുമായി ഒരു പറവൂർരാജാവുണ്ടായിരുന്നു; ഭവദാസൻനമ്പൂരി മുതലായ പണ്ഡിതന്മാരുടെ പുരസ്കര്‍ത്താവായിരുന്നു അദ്ദേഹം.


"പ്രമദാസു രതീശബാണപാതാഃ
പ്രതിപക്ഷേഷു ച ഘോരഖഡ്‌ഗപാതാഃ
കവിപംക്തിഷു ഫേമവൃഷ്ടിപാതാ
വിവിധാശ്ശങ്കരരാമദൃഷ്ടിപാതാഃ"


എന്നും മറ്റും ഒരു കവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള പ്രശസ്തിപദ്യങ്ങൾ ഞാൻ ആ ഉപന്യാസത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. താഴെക്കാണുന്ന ശ്ലോകം അദ്ദേഹത്തെയോ മറ്റൊരു പറവൂർ രാജാവിനേയോ പരാമര്‍ശിക്കുന്നതാണു്.


"ശങ്കരരാമസ്യ ഗൃഹേ ഭുഞ്ജാനാ ഭൂസുരാസ്സുസന്തൃപ്താഃ
ലംബോദരാ ഭവന്തഃ ഷണ്മുഖതാമപ്യുപൈതുമീഹന്തേ"


ശങ്കരരാമന്റെ കൊട്ടാരത്തിൽ തൃപ്തിവരുവോളം ഭക്ഷണം കഴിക്കുന്ന ബ്രാഹ്മണർ ലംബോദരന്മാരായിത്തീരുന്നു എന്നുള്ളതിനുപുറമേ, ഷണ്മുഖന്മാരായി പരിണമിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവത്രേ! ഒന്നിനുപകരം ആറു വാകൊണ്ടു ഭക്ഷിക്കാമല്ലോ എന്നു വിചാരിച്ചാണു് ഗണപതിരൂപം കൈക്കൊണ്ട് അവർ സുബ്രഹ്മണരൂപികൾ കൂടി ആകുവാൻ ഇച്ഛിക്കുന്നത്. അത്രയും വിശിഷ്ടമാണു് ആ തമ്പുരാന്റെ അന്നദാനം എന്നു സാരം.


പറവൂരും കലകളും


പറവൂർക്കാരനായ ഒരു ചാക്കിയാർ ചെങ്കുട്ടുവനെന്ന സുപ്രസിദ്ധനായ ചേരചക്രവര്‍ത്തിയുടെ സന്നിധിയിൽ നീലഗിരിയിൽ വച്ചു പണ്ടു ശ്രീപരമേശ്വരൻ അഭിനയിച്ച "കൊടുകൊട്ടിച്ചേതം" എന്ന കൂത്തു് ആടി അദ്ദേഹത്തെ സന്തോഷിപ്പിച്ചതായി ചിലപ്പതികാരത്തിൽ ആ ചക്രവർത്തിയുടെ കനിഷ്ഠസഹോദരനായ ഇളങ്കോവടികൾ പാടിയിരിക്കുന്നു.


"ഉമൈയവളൊരു തിറനാകവോങ്കിയ-
വിമൈയവനാടിയ കൊട്ടിച്ചേതം
പാത്തരു നാല് വകൈ മറൈയോർ പറൈയൂർ-
കൂത്തച്ചാക്കൈയനാടലിൽ മകിഴ്ന്തവ-
നേത്തി നീങ്കവിരുനിലമാൾവോൻ
വേത്തിയൻ മണ്ടപമേവിനപിന്നർ"


എന്നീവരികൾ നോക്കുക. കൊട്ടിച്ചേരുമെന്നും കൊടുകൊട്ടിച്ചേതമെന്നും പറയുന്നത് ത്രിപുരദഹനാനന്തരം ശിവൻ അഭിനയിച്ച താണ്ഡവമാണു്. ഇതു് പുരാതനകാലങ്ങളിൽ ദ്രാവിഡദേശത്തിൽ പ്രചരിച്ചിരുന്ന പതിനൊന്നു കൂത്തുകളിൽ, അഥവാ പുറനാടകങ്ങളിൽ, ഒന്നാകുന്നു. പുറനാടകമെന്നാൽ ശൃംഗാരഗന്ധിയല്ലാത്ത നാടകം എന്നര്‍ത്ഥം.


"കടൈയമയിരാണി മരക്കാൽ വിന്തൈ കന്തൻ
കടൈ തുടി മാലല്ലിയമർകുമ്പം- ചുടർ വിഴിയാർ
പടുമതൻപെറു തിരുപ്പാവൈയരൻ പാണ്ടരങ്കം
കൊട്ടിയിവൈ കാൺ പതിനോർകൂത്തു"


എന്ന പാടലിൽനിന്നു ഈ പതിനൊന്നിനത്തിൽപെട്ട കൂത്തുകളുടേയും പേരുകൾ ഗ്രഹിക്കാവുന്നതാണു്. അല്ലിയം, കൊട്ടി, കുടെ, കുടം, പാണ്ടരങ്കം, മല്, തുടി, കടൈയം, പേടു, മരക്കാൽ, പാവൈ, എന്നിവയാണു് ആ നാടകങ്ങൾ. (കടൈച്ചങ്കം) ഒടുവിലത്തെ തമിഴ് സംഘകാലത്തു് അഭിനയത്തെ വിഷയീകരിച്ച് ഒരു ലക്ഷണഗ്രന്ഥം ആവിവഭവിച്ചതായി അറിവുണ്ടെങ്കിലും അതു് ഇതുവരെ കണ്ടുകിട്ടീട്ടില്ല. “പാത്തരു നാല് വകൈ മറൈയോർ" എന്ന വചനത്തിൽനിന്നു ചിലപ്പതികാരം നിര്‍മ്മിതമായ ക്രി. പി. രണ്ടാംശതകത്തിൽ പറവൂരിൽ നിരവധി വേദജ്ഞരായ ബ്രാഹ്മണർ വസിച്ചിരുന്നതായും വെളിപ്പെടുന്നു. പറവൂരിന്റെ പഴയ പേരാണു് പറയൂർ. ചേന്നമംഗലത്തെ കോട്ടക്കോവിലകത്തു ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേ ഒരു ശിലാശാസനത്തിൽ "പറൈയൂരാരും പാടൈയാരും പൊതുവാളും" എന്നു രേഖപ്പെടുത്തിട്ടുള്ള വസ്തുത ഞാൻ അന്യത്ര ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇളങ്കോവടികൾ സ്മരിക്കുന്ന പറവൂർ ചാക്കിയാർ കേരളീയനായിരുന്നു എന്നുള്ളതു നിസ്സംശയമാകയാൽ ചെങ്കുട്ടുവൻ കേരളചക്രവത്തിയായിരുന്നു എന്നും അദ്ദേഹത്തിന്റെ രാജധാനി കരുവൂരല്ല പ്രത്യുത തിരുവഞ്ചക്കുളം (പിൻകാലത്തു തിരുവഞ്ചിക്കുളം) ആയിരുന്നു എന്നും ഞാൻ ഇതരന്യായങ്ങളുടെ കൂട്ടത്തിൽ മറ്റൊരു പ്രബന്ധത്തിൽ ഉപപാദിച്ചിട്ടുമുണ്ട്.


ചോളചവക്രവര്‍ത്തിയായ പ്രഥമരാജരാജൻ ക്രി. പി. 985 മുതൽ 1016 വരെ രാജ്യഭാരം ചെയ്തു. 993-ൽ ചോളരാജ്യത്തിൽ ചാത്തന്നൂർ എന്ന സ്ഥലത്തെ സഭ ഏഴങ്കമുള്ള ഒരു ആര്യക്കുത്തു നടത്തുന്നതിനു കുമാരൻ ശ്രീകണ്ഠൻ എന്ന ചാക്കിയാര്‍ക്കു തിരുവാടുതുറയിൽ ഭൂമി ദാനം ചെയ്തതായി ശിലാശാസനമുണ്ടു്. ഈ ചാക്കിയാരുടെ നാമധേയത്തിൽ നിന്നുതന്നെ ഇദ്ദേഹം ഒരു കേരളീയനാണെന്നും ഇദ്ദേഹം അഭിനയിക്കേണ്ടിയിരുന്നതു് ഏഴങ്കത്തിലുള്ള ഏതോ ഒരു സംസ്കൃതനാടകമായിരുന്നു എന്നും കാണാവുന്നതാണ്. ശ്രീകണ്ഠച്ചാക്കിയാർ, പ്രഥമരാജരാജൻ തെക്കൻ തിരുവിതാംകൂറിൽ വിഴിഞ്ഞവും മറ്റും ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ആശ്രിതനായിത്തീർന്നു എന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഭരതശാസ്ത്രാനുസാരിയായ ഈ ആര്യക്കുത്തു് അല്ലെങ്കിൽ കൂടിയാട്ടം, തമിഴരുടെ ഇടയിൽ പ്രചരിച്ചുവന്ന ചന്തിക്കൂത്തിൽ നിന്നു (തെരുക്കൂത്തെന്നും പറയും) ഭിന്നമായിരുന്നു. 'ചാക്കൈക്കുത്തു' നടത്തുവാൻ പില്ക്കാലത്തും ചോളന്മാർ ഭൂമി ദാനംചെയ്തതിനു് രേഖ കാണ്മാനുണ്ടു്. 1070 മുതൽ 1120 വരെ രാജ്യഭാരം ചെയ്ത പ്രഥമകുലോത്തുംഗന്റെ കാലത്തു് ആര്യക്കൂത്തിന്റെയും ചന്തിക്കൂത്തിന്റെയും അഭിനയത്തിനുവേണ്ടി ഒരു 'നാനാവിധനാട്യശാല' തിരുവാടുതുറയിൽ പണിയിച്ചതായും ഒരു ശിലാശാസനത്തിൽനിന്നറിയുന്നു.


കേരളത്തിൽ സംസ്കൃതസാഹിത്യത്തിലും ഭാഷാസാഹിത്യത്തിലും നമുക്കു ത്രിമൂർത്തികളുടെ അവതാരമുണ്ടായിട്ടുണ്ടെന്നു് അഭിമാനംകൊള്ളാവുന്നതാണു്. ഭാഷാസാഹിത്യത്തിലേ ത്രിമൂർത്തികൾ കൃഷ്ണഗാഥാകാരനായ പുനവും (ചെറുശ്ശേരി), തുഞ്ചത്തെഴുത്തച്ഛനും, കുഞ്ചൻനമ്പിയാരുമാണെന്നു പറയേണ്ടതില്ലല്ലൊ. സംസ്കൃതസാഹിത്യത്തിലേ ത്രിമൂര്‍ത്തികൾ ശങ്കരഭഗവൽപാദർ, വില്വമംഗലത്തു സ്വാമിയാർ, മേല്പത്തൂർ നാരായണഭട്ടതിരി ഇവരാണു് . ഇവരിൽ വില്വമംഗലത്തിന്റെ ജന്മഭൂമി പറവൂർത്താലൂക്കിൽപ്പെട്ട പുത്തൻചിറയാണെന്നു ഞാൻ മറ്റൊരു ഉപന്യാസത്തിൽ സ്ഥാപിച്ചിട്ടുണ്ടു്. ഭഗവൽപാദർ കഴിഞ്ഞാൽ, ആ മഹാത്മാവിനെപ്പോലെ അഖിലഭാരതപ്രശസ്തി സമ്പാദിച്ചിട്ടുള്ള കേരളീയർ വേറെയില്ല. ഔത്തരാഹമായ വൈഷ്ണവമതത്തിനു് അദ്ദേഹത്തിൽനിന്നു് അദ്വിതീയമായ പ്രചോദനം ലഭിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധനയിൽ അദ്ദേഹത്തിന്റെ അപദാനങ്ങൾ അമ്ലാനസുഷമയോടുകൂടി പരിലസിക്കുന്നതു് ദക്ഷിണാപഥത്തെ അപേക്ഷിച്ച് ആര്യാവര്‍ത്തത്തിലാണെന്നുപോലും പറയാവുന്നതുമാണു്. പറവൂർത്താലൂക്കിലെ മറ്റൊരു ഭാഗമായ വരാപ്പുഴയിൽ ക്രി. പി. 1777 മുതൽ 1789 വരെ താമസിച്ച് സംസ്കൃതം, മലയാളം, തമിഴ് മുതലായ ഭാഷകൾ കൂലങ്കഷമായി അഭ്യസിച്ച്, അന്നു തിരുവിതാംകൂർ ഭരിച്ചിരുന്ന കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ തൃക്കൈയിൽനിന്നു വീരശൃംഖല വാങ്ങിയ പൌലീനോസ് എന്ന കര്‍മ്മലീത്താപാതിരിയേയും നമുക്കു ഈ ഘട്ടത്തിൽ സബഹുമാനം സ്മരിക്കേണ്ടതായുണ്ട്. വിവിധവിഷയങ്ങളിൽ വാങ്‌മയങ്ങൾ നിമ്മിച്ചു കേരളത്തേയും കേരളഭാഷയേയും പററിയുള്ള ജ്ഞാനം യൂറോപ്പിൽ വിതരണം ചെയ്തവർ അദ്ദേഹത്തെപ്പോലെ ആരുമില്ല. അമരകോശം, സിദ്ധരൂപം, മലയാളവ്യാകരണം, മലയാളത്തിലെ പഴഞ്ചൊല്ലുകൾ എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് ആ വിദ്യാധനന്റെ " A Voyage to the East Indies" എന്ന പുസ്തകം സുപ്രസിദ്ധമാണല്ലൊ. സമീപകാലത്ത് പറവൂരിൽ ജീവിച്ചിരുന്ന ഭാഷാഭിമാനികളിൽ 'അദ്ധ്യാപകമഹഷി' എ ന്ന ബിരുദത്താൽ വിദിതനായ ആർ. ഈശ്വരപിള്ളയും ഉൽപതിഷ്ണുക്കുളുടെ പുരോഗാമിയായ എം. രാമവർമ്മൻതമ്പാനുമാണു് അഗ്രപൂജയ്ക്ക് അര്‍ഹന്മാർ. ഇവർ രണ്ടുപേരും എന്റെ ഉത്തമസുഹൃത്തുക്കളായിരുന്നു. ശ്രീ. രാമവര്‍മ്മൻതമ്പാൻ, ഞാൻ എന്റെ അൻപത്തഞ്ചാമത്തെ വയസ്സിൽ സക്കാർ സേവനത്തിൽനിന്നു പിരിഞ്ഞപ്പോൾ സാഹിത്യവിഷയകമായി അനുഷ്ഠിക്കേണ്ട കൃത്യശതങ്ങളെപ്പറ്റി എനിക്കു് അതിദീർഘമായ ഒരു സന്ദേശം അയച്ചുതരികയുണ്ടായി; അതു ഞാൻ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അതിലെ നിര്‍ദ്ദേശങ്ങളിൽ അപ്രായോഗികങ്ങളായ അപൂർവ്വം ചില അംശങ്ങൾ തള്ളിയാൽ ബാക്കിയെല്ലാം എനിക്ക് അഭിമതമായിരുന്നു. ഒരു ശ്ലോകത്തിൽ നാലു പാദങ്ങളുടെ ആവശ്യമെന്തെന്നും മൂന്നു പാദങ്ങൾ പോരയോ എന്നും, സമവൃത്തങ്ങളിൽ ഓരോ പാദത്തിലും അക്ഷരസംഖ്യ തുല്യമായിരിക്കേണ്ടതെന്തിനെന്നും, ഈ വിഷയങ്ങളിലും മറ്റും എന്നെപ്പോലെയുള്ളവര്‍ക്ക് ഒരു പരിവർത്തനം വരുത്തുവാൻ സാധിക്കുകയില്ലയൊ എന്നും മറ്റും അദ്ദേഹം എന്നോടു് ചോദിക്കുകയും അത്തരത്തിലുള്ള വൃത്തവിപ്ലവം കുറെ വിഷമമാണെന്നു ഞാൻ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അവർ രണ്ടുപേരും ഭാഷയെ അത്യുൽകടമായി സ്നേഹിച്ചിരുന്നു. ഈശ്വരപിള്ളയുടെ ഉപന്യാസങ്ങൾക്കും തമ്പാന്റെ പ്രഭാഷണങ്ങൾക്കും സാഹിത്യത്തിൽ ശാശ്വതമായ സ്ഥാനമുണ്ടെന്നുള്ളത് അനുക്തസിദ്ധമാണല്ലോ.


പരിഷത്തിന്റെ പ്രവൃത്തിമണ്ഡലം


ഈ പരിഷത്ത് ആരംഭിച്ചകാലത്തു് ഇതിന്റെ ജനയിതാക്കൾക്ക് പല പ്രത്യാശകളുമുണ്ടായിരുന്നു. ഇതിന്റെ മണ്ഡലത്തിൽ അവർ മലയാളഭാഷയുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയെ പുരസ്തരിച്ച് (1) സംഭരണം (2) ഗവേഷണം (3) നിർമ്മാണം (4) പ്രസാധനം (5) മുദ്രണം (6)വിമർശനം (7) പ്രവർത്തനം (8) പ്രചാരണം ഈ എട്ടു പ്രധാനശാഖകളെ അന്തഭവിപ്പിച്ചു. ഈ ശാഖകളിൽ എല്ലാം ഒന്നുപോലെ ഒരേസമയത്തിൽ തന്നെ പരിഷത്തു വ്യവസായം ചെയ്യണമെന്നുള്ള ഉദ്ദേശം അവര്‍ക്ക് ഉണ്ടായിരുന്നില്ല; ആ വിധത്തിൽ ഒരു ദിവാസ്വപ്നം അവർ കാണുകയുമുണ്ടായില്ല. ഓരോ ശാഖയേയും ഉപദേശവും മാറ്റനിര്‍ദ്ദേശവുംകൊണ്ട് ഉത്തേജനംചെയ്യുവാൻ കഴിയുമോ എന്നു പരീക്ഷിക്കുവാൻ മാത്രമാണു് അവർ ഒരുങ്ങിയതു്. അതിലേക്കുവേണ്ടി ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ത്രൈമാസികത്തിന്റെ പ്രസിദ്ധീകരണം. അതിൽ ഗവേഷണവിഷയകമായി ചില കർത്തവ്യങ്ങൾ അസ്മാദൃശന്മാർ, യഥാശക്തി അപൂര്‍ണ്ണമായ രീതിയിലെങ്കിലും, അനുഷ്ഠിച്ചിട്ടുണ്ടെന്നുള്ള വസ്തുത ശത്രുക്കൾക്കുപോലും സമ്മതിക്കാതെ നിർവ്വാഹമുണ്ടെന്നും തോന്നുന്നില്ല. ഈ ശാഖകളിൽ ഓരോന്നിനെപ്പറ്റിയും പ്രാപ്തകാലമാകയാൽ ഇവിടെ അല്പം ഉപന്യസിക്കാം.


സംഭരണം.


പഴയ താളിയോലഗ്രന്ഥങ്ങൾ, ചെപ്പേടുകൾ, ശിലാരേഖകൾ, നാണയങ്ങൾ, ഓലകളിൽ പകരാത്ത നാടോടിപ്പാട്ടുകൾ, ഐതിഹ്യങ്ങൾ, ഗ്രന്ഥവരികൾ, ഇപ്പോൾ അലഭ്യങ്ങളായ മുദ്രിതപുസ്തകങ്ങളും അനുകാലികപത്രങ്ങളും, ഇത്യാദി നിരവധി പുരാണവസ്തുക്കൾ നമുക്കു് ശേഖരിക്കേണ്ടതായുണ്ട്. ഒന്നാമതായി പഴയ താളിയോലഗ്രന്ഥങ്ങളിൽ കാണുന്ന പാഠഭേദങ്ങൾ നിപുണമായി പരിശോധിച്ചാൽ കൃഷ്ണഗാഥ, അദ്ധ്യാത്മരാമായണം, ഭാരതം, രാമായണചമ്പു, നൈഷധചമ്പു മുതലായ പ്രാചീനവാങ്മയങ്ങളിൽ ഇന്നു അമ്പും തുമ്പുമില്ലാതെ ആരെയും അമ്പരപ്പിച്ചുകൊണ്ടു കിടക്കുന്ന പല ഗ്രന്ഥികളേയും നമുക്ക് അനായാസേന ശ്ലഥീകരിക്കാവുന്നതാണു്. അത്തരത്തിലുള്ള ഗ്രന്ഥങ്ങളുടെ അനുഗ്രാഹകതകൂടാതെ അനുമാനത്തെ മാത്രം അടിസ്ഥാനമാക്കിച്ചെയ്യുന്ന ശുദ്ധീകരണങ്ങൾ ചിലപ്പോൾ തെറ്റിപ്പോകുവാൻ ഇടയുണ്ടു്. രണ്ടാമതായി വിവിധവിഷയങ്ങളിൽ നമ്മുടെ പൂര്‍വ്വന്മാർ നേടിയിരുന്ന വിജ്ഞാനസമ്പത്തിന്റെ വിസ്മയനീയമായ പരിമാണം നമുക്ക് അപൂർവ്വങ്ങളായ പല പഴയ ഗ്രന്ഥങ്ങളും വായിച്ചാലെ മനസ്സിലാകുകയുള്ളു. എല്ലാ ശാസ്ത്രങ്ങളേയും കലകളേയും പരാമർശിച്ചുള്ള ഗ്രന്ഥങ്ങൾ ഇരുട്ടറകളിൽ നിന്നു ക്രമേണ ഇപ്പോൾ പുറത്തേക്കു വരുന്നുണ്ടുേ. കരിമരുന്നു പ്രയോഗത്തെപ്പറ്റിക്കൂടി ഒരു ഗ്രന്ഥം ഞാൻ കണ്ടിട്ടുണ്ട്. അതിലേ ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നതു്


"നീലപ്പൂവിനു വേണം ഷോഡശ കരിയുമഥ ഗന്ധകം നാല്;
ചെമ്പുമുരുക്കും പിച്ചളയോരോന്നാം തുത്തുനാകവും കൂട്ടാം"


ഈ ഗ്രന്ഥത്തിൽ പലമാതിരി പൂക്കൾ ഉണ്ടാക്കേണ്ട രീതികളെപ്പറ്റി വിവരിച്ചുകാണുന്നു. അവയിൽ പലതും ഇന്നത്തെ വെടിക്കെട്ടുകാക്ക് അവിജ്ഞാതമാണു്. അതുപോലെ കുമ്മായംചേക്കൽ, ചായംതേയ്ക്കൽ, മുതലായ പല ശില്പങ്ങളെപ്പറ്റിയും പറയാനുണ്ടു്. മൂന്നാമതായി ഇന്നത്തെ ഭാഷാലിപികളുടെ വളര്‍ച്ചയെപ്പറ്റി സൂക്ഷ്മമായി പഠിക്കണമെങ്കിൽ ആ ഗ്രന്ഥങ്ങളുടെ പഠനം അത്യന്താപേക്ഷിതമാണു്. ഇന്ന ത്തേമാതിരിയല്ല പണ്ട് 'ക' 'ക്ര' 'ൻ' മുതലായ പല അക്ഷരങ്ങളും എഴുതിവന്നത്. അവ ഓരോന്നിനും ഓരോ രസകരമായ ചരിത്രമുണ്ട്. ലിപിവിന്യാസത്തിൽനിന്നു ഒരു ഗ്രന്ഥം ഏതു ശതകത്തിൽ ലിഖിതമായി എന്നു കണ്ടുപിടിക്കുവാൻ ഏറെക്കുറെ സാധിക്കും. നാലാമതായി ഓരോ ഗ്രന്ഥത്തിലേയും ആദിയിലും അന്തത്തിലും പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ കാണാവുന്ന കുറിപ്പുകൾ നമ്മുടെ ശ്രദ്ധയ്ക്കു പ്രത്യേകം വിഷയീഭവിക്കേണ്ടതാകുന്നു. പ്രാചീനകാലങ്ങളിലേ ഗ്രന്ഥമെഴുത്തുകാരിൽ ആരും കല്പിച്ചുകൂട്ടി പരപ്രതാരണം ചെയ്യുവാൻ ഒരുമ്പെട്ടിരുന്നില്ല; അവർ പരലോകഭീരുക്കളായിരുന്നതാണു് അതിന്റെ കാരണം. മനുഷ്യസഹജമായ പ്രമാദം അവരേയും അങ്ങിങ്ങു ബാധിക്കാമെന്നുള്ള തത്ത്വം ഞാൻ വിസംവദിക്കുന്നില്ല; എങ്കിലും മറ്റുതെളിവു കാണുന്നതുവരെ അവരുടെ വചനങ്ങളെ അപ്രമാണീകരിക്കുന്നതു യുക്തിയുക്തമല്ല. ഇന്നു ചിലർ അത്തരത്തിലുള്ള പുറന്തെളിവു സര്‍വ്വഥാ പരിത്യാജ്യമാണന്നു വാദിക്കുന്നു; അതിനു് അവരെ പ്രേരിപ്പിക്കുന്നത് അപരിചയവും ആലസ്യവുമല്ലാതെ മറ്റൊന്നുമാണെന്നു തോന്നുന്നില്ല. ഐതിഹ്യങ്ങളിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതു ശതമാനവും പതിരായിരിക്കാമെങ്കിലും, ബാക്കിയുള്ള ഒരു ശതമാനം അതിവിശിഷ്ടമായ പോഷകസാധനമാണു്. സ്ഥലം, കാലം, വര്‍ഗ്ഗം, വൃത്തി, ഇവ ഓരോന്നിനും ഗ്രാമീണഗാനങ്ങൾ പ്രത്യേകമായുണ്ടു്. ചിലപ്രദേശങ്ങളിൽ മാത്രം ചില ഗാനങ്ങൾ പ്രചരിക്കുന്നു, കൊയിത്തുകാലത്തും ഉത്സവകാലത്തും പലമാതിരി പാട്ടുകൾ പാടാറുണ്ടു്. ഓരോവര്‍ഗ്ഗക്കാരുടെ ഇടയിൽ വിവാഹാദ്യവസരങ്ങളിലും മറ്റും ചില പാട്ടുകൾക്കു പ്രവേശമുണ്ടു്. വള്ളക്കാർ തുടങ്ങിയ തൊഴിലാളികൾ പാടുന്ന പാട്ടുകളും ഇല്ലെന്നില്ല. ഇങ്ങനെയുള്ള പുരാണവസ്തുക്കൾ കഴിവുള്ളിടത്തോളം സ്വരൂപിച്ച് ഏകത്ര സന്നിവേശിപ്പിച്ചാൽ അതുകൊണ്ടു ഭാഷയ്ക്ക് എത്രമേൽ ഉൽഗതിയുണ്ടാകുമെന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ.


ഗവേഷണം


വർത്തമാനകാലം ഭൂതകാലമാകുന്ന അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തു ഭാവിയിലേക്കു മനുഷ്യൻ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ഒരു ഉത്തുംഗസൌധമാണു്. അസ്തിവാരത്തിന്റെ ബലത്തെ ആശ്രയിച്ചിരിക്കും ഹര്‍മ്മ്യത്തിന്റെ ബലം. അതീതചരിത്രമില്ലാത്തവര്‍ക്കു ആഗാമിചരിത്രമുണ്ടാകുവാൻ തരമില്ല. കൈമുതലില്ലാത്തവര്‍ക്കേതു കച്ചവടം? അതുകൊണ്ടു നമുക്കു് മുന്നോട്ടേക്കെന്നതുപോലെ പിന്നോട്ടേക്കും കണ്ണോടിക്കേണ്ടതു് ആവശ്യകമാണു്. കേരളത്തിന്റെ രാഷ്ട്രീയവും, സാമുദായികവും സാമ്പത്തികവും സാംസ്കാരികവുമായ ചരിത്രം ഗവേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും. സാഹിത്യത്തിൽ മാത്രമല്ല, സംഗീതം, ശില്പം, ലാസ്യം, ആലേഖ്യം, അഭിനയം മുതലായ പല ഇതരവിഷയങ്ങളിലും കേരളത്തിനു് അഭിമാനജനകമായ ഒരു പശ്ചാത്തലമുണ്ട്. വിഭിന്നസംസ്കാരങ്ങളുടെ വിഭവവിനിയമം കേരളത്തിലെന്നപോലെ ഭാരതത്തിന്റെ ഇതരഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ബാബിലോണിയാ, ഈജിപ്ത്, ഫിനിഷ്യാ, ഗ്രീസ്, റോമാ, സിംഹളം, ചീനം, ബൃഹദ്ഭാരതം, അറബി, ഇറാൻ, പോർത്തുഗൽ, ലന്ത, പരിന്തിരീസ്, ബ്രിട്ടൻ, എന്നീ വിദേശരാജ്യങ്ങളുമായി നമ്മുടെ ജന്മഭൂമിക്കു് ഓരോകാലത്തു ഗാഢമായ സമ്പര്‍ക്കത്തിൽ ഏര്‍പ്പെടേണ്ടിവന്നിട്ടുണ്ട്. സംസ്കൃതം, പ്രാകൃതം, തമിഴ്, ആന്ധ്രം, കന്നടം മുതലായ ഭാരതീയഭാഷകളും മലയാളവും തമ്മിലുള്ള ഉച്ചാവചമായ ബന്ധവും പണ്ഡിതന്മാരുടെ അവധാനത്തിനു വിഷയീഭവിക്കേണ്ടതുണ്ടു്. ശബ്ദങ്ങളുടെ ആഗമം, അവയിൽ ചിലതിന്റെ അര്‍ത്ഥവിഷയകമായ ഭേദവും ഉൽകര്‍ഷാപകര്‍ഷങ്ങളും, അവയ്ക്കുള്ള കാരണം, പ്രത്യയങ്ങളുടെ ചരിത്രം, ശൈലികൾ, പഴഞ്ചൊല്ലുകൾ മുതലായവയുടെ ഉൽപത്തി, എന്നിങ്ങനെ ഭാഷയെ സംബന്ധിച്ചുതന്നെ പലതരത്തിലുള്ള ഗവേഷണം പ്രയോജനകരമായിരിക്കും. സ്ഥലനാമാവലിതന്നെ ഗവേഷകന്മാര്‍ക്കു് എത്രമഹത്തായ ഒരാകരമാണെന്നു് എന്റെ സ്നേഹിതൻ റാവുസാഹിബ് കോമാട്ടിൽ അച്യുതമേനോൻ അവർകളുടെ 'കൊച്ചിയിലെ സ്ഥലനാമങ്ങൾ' എന്ന പേരിൽ ഈയിടയ്ക്കു പ്രസിദ്ധീകൃതമായ പുസ്തകം വായിച്ചാൽ കാണാവുന്നതാണു് രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു വശത്തെമാത്രം ഇവിടെ അല്പമൊന്നു സ്പർശിക്കാം. ഇന്നത്തേക്കാൾ അധികംപേർ പണ്ടു വിദേശങ്ങളിൽ പോയി അവിടെ പലതരത്തിലുള്ള വൃത്തികളിൽ ഏപ്പെട്ടു കേരളത്തിന്റെ പേരും പെരുമയും പുലർത്തിവന്നു എന്നു ഞാൻ പറയുന്നത് നിങ്ങളിൽ പലര്‍ക്കും അത്ഭുതമായിത്തോന്നാമെങ്കിലും അതു കേവലം പരമാര്‍ത്ഥകഥനമാണു്. അക്കാലത്തു് അവർ പ്രായേണ പ്രശസ്തിസമ്പാദിച്ചത് യോദ്ധാക്കളുടേയും, സന്യാസികളുടേയും, വണിക്കുകളുടേയും നിലയിലായിരുന്നു. സുപ്രസിദ്ധമായ ചോളരാജ്യത്തിലെ വിജയാലയവംശജന്മാരായ രാജാക്കന്മാർ അവരെ വളരെ വളരെ പ്രോത്സാഹിപ്പിച്ചിരുന്നതായി അന്നത്തെ ചരിത്രത്തിൽനിന്നു നാം അറിയുന്നു. ത്രിശ്ശിനാപ്പള്ളിജില്ലയിലെ ഉടയാർപാളയം താലൂക്കിൽപ്പെട്ട പഴവൂർ എന്ന സ്ഥലത്തു് പഴുവേട്ടിരയർ (പഴുവേൾ തിരയർ) എന്നപേരിൽ ഒരു കേരളരാജവംശം രാജ്യഭാരം ചെയ്തിരുന്നു. ഇതു കരുവൂരിൽ നിന്നു കിഴക്കോട്ടു നീങ്ങിയ ശാഖയായിരിക്കുമോ എന്നു സംശയിക്കാം. ക്രി. പി. ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധർ എന്ന ശൈവസിദ്ധൻ അവിടത്തെ ശിവനെ "അഞ്ചാർകളാന മലൈയാളവരെത്തും പഴുവരരൻ" എന്നു വര്‍ണ്ണിക്കുന്നു. നിര്‍ഭയന്മാരായ മലയാളികൾ വന്ദിക്കുന്ന പഴവൂരിലേ ഹരൻ എന്നാണു് ആ വചനത്തിന്റെ അര്‍ത്ഥം. ക്രി. പി. 880-907 ഈ വര്‍ഷങ്ങൾക്കിടയിൽ ചോളരാജ്യം ഭരിച്ച പല്ലവകുലാന്തകനും വിജയാലയപുത്രനുമായ പ്രഥമാദിത്യന്റെ കാലംമുതല്ക്കുതന്നെ ചോളവും കേരളവും തമ്മിലുള്ള ബന്ധം ഗാഢമായിത്തീർന്നു. പല്ലവന്മാരെ നശിപ്പിക്കുന്നതിനു് ഈ ആദിത്യനെ സഹായിച്ച രാജാക്കന്മാരിൽ പ്രഥമഗണനീയൻ കേരളചക്രവര്‍ത്തിയായ സ്ഥാണുരവിയാണു്. അദ്ദേഹത്തിന്റെ പുത്രനായ പ്രഥമപരാന്തകൻ ഒരു പഴുവേട്ടിരയന്റെ പുത്രിയായ കേരളരാജകുമാരിയെ പരിഗ്രഹിച്ചു. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് കേരളത്തിലെ വിജയരാഗചക്രവർത്തിയുടെ പുത്രിയായ ഇരവിനീലി 936-ൽ ഇന്നു ചെങ്കൽപ്പേട്ടജില്ലയിൽ ഉൾപ്പെട്ട കിടക്കുന്ന തിരുപൊറ്റിയൂർക്ഷേത്രം സന്ദര്‍ശിച്ച് അവിടെ ചില വഴിവാടുകൾ നടത്തി. കോക്കിഴാനടികൾ എന്നുകൂടി പേരുള്ള ആ ഇരവിനീലിയും പരാന്തകന്റെ പത്നിയായിരുന്നു എന്ന് ഊഹിക്കുവാൻ ന്യായമുണ്ടു്. അവരുടെ പുത്രനായ രാജാദിത്യന്റെ സൈന്യം കേരളീയരായ യുദ്ധവീരന്മാരെക്കൊണ്ടു നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രധാനസേനാധിപൻ തെക്കൻ തിരുവിതാംകൂറിൽ തിരുനന്തിക്കരയിൽ പുത്തൂർ വെള്ളൻകുമരൻ എന്ന നായരായിരുന്നു എന്നു കാണുന്നു. “രാജാതിത്തതേവർ പെരുമ്പടൈനായകർ മലൈനാട് നന്തിക്കരൈപ്പുത്തൂർ വെള്ളൻകമരൻ" എന്നാണു് അദ്ദേഹത്തെ ശാസനങ്ങളിൽ വര്‍ണ്ണിച്ചിട്ടുള്ളത്. 949-ൽ ആര്‍ക്കോണം തീവണ്ടിസ്റ്റേഷനു സമീപത്തുള്ള തക്കോലം എന്ന സ്ഥലത്തുവെച്ചു രാഷ്ട്രകൂടരാജാവായ തൃതീയകൃഷ്ണനുമായി നടന്ന യുദ്ധത്തിൽ രാജാദിത്യൻ ഹതനായി എങ്കിലും, അദ്ദേഹത്തിന്റെ രാജ്യത്തിനു പറയത്തക്ക ക്ഷീണതയൊന്നും തന്നിമിത്തം ഭവിച്ചില്ല. ഇരവികോത, ഇയക്കൻരാമൻ, കണ്ടിയൂർ വേളകുലസുന്ദരൻ, മങ്കര കണ്ടൻകാമൻ തുടങ്ങി വേറെയും പല കേരളീയർ അക്കാലത്തു ചോളന്റെ സേനാനികളായിരുന്നു. കേരളത്തിലെ വളഭൻ എന്ന ഒരു രാജകുമാരൻ (ഇദ്ദേഹം കോലവംശജനാണെന്നു തോന്നുന്നു.) ബാല്യത്തിൽ സകലശാസ്ത്രങ്ങളുമഭ്യസിച്ച് രാജാദിത്യന്റെ ഗുരുവും സുഹൃത്തുമായിത്തീന്നു. തക്കോലത്തിലെ യുദ്ധത്തിൽ രാജാദിത്യൻ മൃതനായപ്പോൾ "സഹമരണസുഖം സംയുഗേ തേന നാപ്തഃ" സഹമരണത്തിനു സൌകര്യം ലഭിക്കാത്തതിനാൽ വൈരാഗ്യത്തിനു വിധേയനായി സന്യാസാശ്രമം സ്വീകരിച്ച് തിരുവൊറ്റിയൂരിലെ ചതുരാനനമഠത്തിലെ ഒരംഗമായി അവിടത്തെ ക്ഷേത്രം നവീകരണം ചെയ്തു. ക്രി. പി. പതിനൊന്നാം ശതകത്തിന്റെ അവസാനത്തിൽ പന്തലായിനിക്കൊല്ലത്തുനിന്നും ഹൈന്ദവവണിക്കുകൾ വിശാഖപട്ടണത്തിൽ പോയി കച്ചവടം നടത്തി. അതു് കേരളം ജയിച്ച പ്രഥമകുലോത്തുംഗൻ കലിംഗരാജ്യം സ്വായത്തമാക്കിയതിനുമേലാണു് തൃതീയരാജരാജന്റെ കാലത്തു (1216-1246) മലമണ്ഡലത്തെ കുതിരച്ചെട്ടികളുടെ കൂട്ടത്തിൽപ്പെട്ട തലപ്പള്ളി ഗോവിന്ദൻ ചോളദേശത്തിലെ തിരുമലഞ്ചുഴിക്ഷേത്രത്തിലേക്കു് വസ്തുക്കൾ വിട്ടുകൊടുത്തു. ഈ കുതിരച്ചെട്ടികൾ കേരളവും ചോളവുമായി വിപുലമായ പരിമാണത്തിലുള്ള അശ്വവാണിജ്യത്തിൽ ഏര്‍പ്പെട്ടിരുന്നു. 1233-ൽ മലമണ്ഡലത്തിലേ മറ്റൊരു വർത്തകൻ കാഞ്ചീപുരത്ത് അരുളാളപ്പെരുമാൾക്ഷേത്രത്തിലേക്ക് ഭൂമി ദാനംചെയ്തു. ഇതു കൊല്ലത്തു രവിവർമ്മചക്രവർത്തിയുടെ ശിലാശാസനം അവിടെ ലിഖിതമാകുന്നതിനുമുൻപാണെന്നു പറയേണ്ടതില്ലല്ലൊ. 1242-ാമാണ്ടിടയ്ക്കു് മലമണ്ഡലത്തിലേ ഏഴാനപുരം എന്ന സ്ഥലത്തുള്ള മറ്റൊരു കച്ചവടക്കാരൻ ത്രിശ്ശിനാപ്പള്ളിജില്ലയിലെ തിരുമലവാടി എന്ന ക്ഷേത്രത്തിൽ ആരാധനത്തിനായി പോകുന്നവര്‍ക്കു പാദപ്രക്ഷാളനം ചെയ്യുവാൻ ഒരു കിണറു കുഴിപ്പിക്കുകയും തൊട്ടി കെട്ടിക്കുകയും ചെയ്തു. ഇങ്ങനെ മലയാളികളുടെ ദേവാലയസംബന്ധികളായ ദാനങ്ങൾ തിരുനെൽവേലിമുതൽ മദിരാശിവരെ കാണ്മാനുണ്ട്. പതിമൂന്നാം ശതകത്തിൽ ദോരസമുദ്രത്തിൽ രാജ്യഭാരം ചെയ്തിരുന്ന ഹോയിസലബല്ലാലവംശജനായ സോമേശ്വരമഹാരാജാവിന്റെ സുഹൃത്തായി കേരളീയനായ കുഞ്ഞുനമ്പി എന്നൊരു രത്നപരീക്ഷകനുണ്ടായിരുന്നു. അദ്ദേഹം സോമേശ്വരനും അന്നത്തെ ദേവഗിരിയിലേ യാദവരാജാവിനുംതമ്മിൽ ആസന്നമായിരുന്ന ഒരു യുദ്ധം തന്റെ നയവിശേഷം കൊണ്ടു് സന്ധിയിലും സൌഭ്രാത്രത്തിലും കലാശിപ്പിച്ചതായി അറിയുന്നു. ഇങ്ങനെ എത്രയെത്ര കേരളീയരാണു് അക്കാലങ്ങളിൽ വിദേശങ്ങളിൽ പോയി വിവിധവൃത്തികളിൽ വിഖ്യാതി നേടീട്ടുള്ളതെന്നുള്ളതിനു കയ്യും കണക്കുമില്ല.

 

ഗവേഷണംപോലെ പ്രിയമായി എനിക്കു മറ്റൊന്നും തന്നെയില്ല. ഭാഷാസാഹിത്യമാകുന്ന മഹോദധിയുടെ ആഴവും വീതിയുമെത്രയുണ്ടെന്നു അറിയണമെന്നുള്ള ആശ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ എന്നിൽ അങ്കുരിച്ചു. ആ വിഷയത്തിൽ കുറെയെല്ലാം പ്രവർത്തിച്ചിട്ടുണ്ടെന്നും ആ പ്രവൃത്തിയിൽ അല്പമായ വിജയമെങ്കിലും നേടീട്ടുണ്ടന്നുമാണു എന്റെ അഭിമാനം. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടേതെന്നു കരുതിവന്ന "കായേ സീദതി" ഇത്യാദി ശ്ലോകം ശിംഗഭൂപന്റെ രസാര്‍ണ്ണവസുധാകരത്തിലും, കൊടുങ്ങല്ലൂർ ഇളയതമ്പുരാന്റേതായി ഗണിച്ചുവന്ന "ദാരിദ്ര്യസ്യ ദയാലുത്വം" ഇത്യാദിശ്ലോകം വിദ്യാധരന്റെ ഏകാവലിയിലുമുള്ളതാണെന്നു ഞാൻ ഇതരത്ര ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഗവേഷണഫലം കൂടി ഇവിടെ പ്രദര്‍ശിപ്പിക്കാം. ലളിതാത്രിശതീസ്തോത്രത്തിന്റെ ഭാഷ്യം ശങ്കരഭഗവൽപാദരുടെ കൃതികളിൽ ഒന്നെന്നാണല്ലൊ ഐതിഹ്യം; അതു് ശ്രീരംഗം വാണീവിലാസം അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധീകരിച്ച ആചാര്യസ്വാമികളുടെ വാങ്മയപരമ്പരയിൽ ഉൾപ്പെടുത്തീട്ടുമുണ്ട്. എന്നാൽ സൂക്ഷ്മേക്ഷികയാ പര്യാലോചിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ കൃതിയല്ലെന്നാണു് വന്നുകൂടുന്നത്. ആ സ്തോത്രത്തിൽ 'ഹല്ലീസലാസ്യസന്തുഷ്ടാ' എന്നൊരു വിശേഷണമുണ്ട്. അതു് വ്യാഖ്യാനിക്കുമ്പോൾ ഭാഷ്യകാരൻ "നാരീണാം മണ്ഡലീനൃത്യം ബുധാ ഹല്ലീസകം വിദുഃ ഇതി ഹാരാവലീകോശാൽ മണ്ഡലാകാരനൃത്യസന്തുഷ്ടേത്യര്‍ത്ഥഃ" എന്നു പറയുന്നു. ത്രികാണ്ഡശേഷം, ഹാരാവലി, ഏകാക്ഷരകോശം, ദ്വിരൂപകോശം എന്നീ കോശഗ്രന്ഥങ്ങളുടേയും മറ്റും പ്രണേതാവായ പുരുഷോത്തമദേവന്റെ ത്രികാ കാലം ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ മദ്ധ്യമാണു്. "നാരീണാം മണ്ഡലീനൃത്യം ബുധാ ഹല്ലീസകം വിദുഃ" എന്നു മുദ്രിതമായ ഹാരാവലിയിൽ കാണുന്നുമുണ്ടു്. ശങ്കരഭഗവൽപാദരുടെ ജീവിതകാലം പുരുഷോത്തമദേവന്റേതിനെക്കാൾ അനേകശതകങ്ങൾ മുൻപാണെന്നു പറയേണ്ടതില്ലല്ലൊ. അതുകൊണ്ട് ഇതു ശൃംഗേരിയതിരാജപീഠം അലങ്കരിച്ച മറ്റേതോ ഒരു ആചായ്യര്യറെ ഭാഷ്യമാണെന്നു ന്യായമായി അനുമാനിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള നിഷ്കൃഷ്ടമായ ഗവേഷണം നമ്മുടെ പല അടിയുറച്ച വിശ്വാസങ്ങളേയും പാടേ ഭേദപ്പെടുത്തുന്നതിനു പര്യാപ്തമായിത്തീരുന്നു.


നിര്‍മ്മാണം


സാഹിത്യനിര്‍മ്മാണത്തിനു സ്വകപോലകല്പനം, അനുകരണം, വിവർത്തനം, എന്നീ മൂന്നു പ്രധാനശാഖകളുള്ളതു സുവിദിതമാണല്ലൊ. ഇവയ്ക്കു് ഉത്തരോത്തരം അവരത്വമുണ്ടെങ്കിലും, എല്ലാശാഖകൾക്കും സഹൃദയഹൃദയാഹ്ലാദനത്തിനു ശക്തിയുണ്ട്. വികാരപൂര്‍ണ്ണമായ വിചാരവും അതിനെ പ്രതിഫലിപ്പിക്കുവാൻ ശക്തവും ലയാനുവിദ്ധവുമായ ഭാഷയുമാണു് സാഹിത്യകാരൻ സമ്പാദിക്കേണ്ട രണ്ടു സിദ്ധികൾ. "ശബ്ദാര്‍ത്ഥൌ സൽകവിരിവ ദ്വയം വിദ്വാനപേക്ഷതേ" എന്നു മാഘൻ പറയുന്നതിന്റെ താൽപര്യവും ഇതുതന്നെയാണു്. പ്രതിപാദ്യം ഇന്നതായിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല; പ്രതിപാദനത്തിന്റെ പാടവത്തിലാണു് ആനന്ദദായകത്വം സ്ഥിതിചെയ്യുന്നതു്. അതുകൊണ്ടാണല്ലൊ കരുണവും, ബീഭത്സംപോലും, രസങ്ങളായി പരിണമിക്കുന്നതും. ഇരുമ്പാണിയും ഇലവിൻപഞ്ഞിയും, കവി നിപുണനാണെങ്കിൽ, കവിതയ്ക്കു വിഷയീഭവിപ്പിക്കാവുന്നതാണു്. പ്രതിപാദ്യം സ്വതസ്സുന്ദരമാണെങ്കിൽ അതു പ്രണേതാവിന്റെ പണിക്കു് അല്പമൊരു ലാഘവം നല്കുമെന്നും പറയേണ്ടിയിരിക്കുന്നു. എന്നാൽ വാസ്തവമാലോചിച്ചാൽ ലോകത്തിൽ ആദ്യന്തം അസുന്ദരമായി യാതൊന്നുമില്ല. വൈരൂപ്യം ഉറങ്ങുന്ന സൌരൂപ്യമാണു്; തിന്മ അനുദ്ബുദ്ധമായ നന്മയാണു്; അജ്ഞത അനുത്ഥിതമായ വിജ്ഞതയുമാണു്. എല്ലാവസ്തുക്കളിലും നിഗൂഢമായ ആകര്‍ഷകത്വമുണ്ട്. അതു ശരിക്കു നിരീക്ഷിക്കണമെങ്കിൽ അനഭിസന്ധിയായ അവലോകനപാടവം അപേക്ഷിതമാണു്. ലാഭനഷ്ടങ്ങൾ മുൻകൂട്ടി കണക്കാക്കിക്കൊണ്ടുള്ള അവലോകനം അനദിസന്ധിയല്ല; അതിനു ക്ഷണികങ്ങളും ക്ഷുദ്രങ്ങളുമായ സുഖദുഃഖങ്ങളോടു സമ്മിശ്രമല്ലാത്ത ആനന്ദം നല്കുവാൻ ശക്തിയുമില്ല. അതുകൊണ്ടാണു് നിര്‍മ്മിതിയെ വിധാനം, ശില്പം, കല എന്നീ മൂന്നു സോപാനങ്ങളിൽ കൂടി ഉയര്‍ന്നു പോകേണ്ട ഒരു സൌധമായി പണ്ഡിതന്മാർ പരിഗണിക്കുന്നതു്. കലാകാരനു് തന്റെ ശില്പമ്മങ്ങൾ സുപരിചിതങ്ങളായിരിക്കണം; എന്നാൽ ആ പരിചയംകൊണ്ടുമാത്രം അവൻ കലാകാരനാകുന്നതല്ല. കലയിൽ പ്രകൃതിയും പ്രതിഭയും സമഞ്ജസമായി സമ്മേളിക്കുന്നു. "പകുതി പ്രകൃതി; പകുതി പ്രതിഭ" എന്നു് അമേരിക്കയിലെ സുപ്രസിദ്ധ മനശ്ശാസ്ത്രജ്ഞനായ വില്യം ജേംസ് ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സാക്ഷാൽ കലാകാരന്റെ ദൃഷ്ടിയിൽ മാത്രമേ പ്രകൃതിയുടെ യഥാര്‍ത്ഥമായ സൌന്ദര്യം പ്രതിഫലിക്കുകയുള്ളു. ഒരു വസ്തുവിന്റെ ചാരുതാവബോധം അതിനെ സൃഷ്ടിക്കുവാൻ പ്രേക്ഷകനുള്ള ശക്തിയെ ആശ്രയിച്ചിരിക്കും. സങ്കല്പസൃഷ്ടിക്കപ്പുറമേ സമ്യഗ്വിലോകനം സാധ്യമാകുകയുള്ളു എന്നു് വിമര്‍ശകാഗ്രണിയായ ജോജ്ജ് സാന്റായനാ പറയുന്നു. സൽകവിയുടെ ഭണിതിക്കു യഥാശ്രുതമായ അര്‍ത്ഥം മാത്രമല്ല ഉള്ളതു്; അവന്റെ ഓരോ പദ്യത്തിലും ആര്‍ത്ഥികമായ വൈദ്യുതി പ്രവഹിക്കുന്നു. "Charged with meaning" എന്നു പാശ്ചാത്യന്മാരും ധ്വനി എന്നു ഭാരതീയരും വ്യപദേശിക്കുന്ന ശക്തിവിശേഷം നിമിത്തം ആ പദങ്ങൾ സഹൃദയന്മാരായ അനുവാചകന്മാരുടെ ഹൃദയങ്ങളിൽ തങ്ങിയും പൊങ്ങിയും, തിങ്ങിയും വിങ്ങിയും നിലകൊണ്ട് അവയിൽ വികാസവിസ്തരക്ഷോഭവിക്ഷേപങ്ങളിൽ ഏതെങ്കിലും ഒരു വികാരത്തെ ഉദ്ബുദ്ധമാക്കുന്നു. സ്വതന്ത്രകൃതികൾ രചിക്കുവാൻവേണ്ട കെല്പില്ലാത്തവർക്കു് അനുകരണരൂപത്തിലും അതിനും കഴിവില്ലാത്തവർക്ക് വിവർത്തനരൂപത്തിലും ഗ്രന്ഥങ്ങൾ നിമ്മിക്കാവുന്നതാണു്. വിശ്വസാഹിത്യകോടിയിൽ അന്തഭവിക്കുവാൻ തക്ക യോഗ്യതയുള്ള വിശിഷ്ട പുസ്തകങ്ങൾ നമുക്കു ഭാഷയിൽ പകർന്നുകിട്ടുവാനുണ്ടു്; ഇംഗ്ലീഷ്, ഹിന്ദി മുതലായ ഭാഷകൾ സ്വാധീനമാക്കീട്ടുള്ള കേരളീയക്കു്, പര്യാപ്തമായ സ്വഭാഷാജ്ഞാനം സമ്പാദിച്ചാൽ ഈ കാര്യത്തിൽ നമ്മുടെ ആധമര്‍ണ്ണ്യം സമ്പാദിക്കുവാൻ കഴിവുണ്ടാകുന്നതാണു്.


നിര്‍മ്മാണവിഷയത്തിൽ ഇന്നുകാണുന്ന രണ്ടു് ആചാരാഭാസങ്ങളെപ്പറ്റിക്കൂടി ഒരുവാക്കു പറഞ്ഞുകൊള്ളട്ടെ. ഒന്നു്, വിവാഹത്തിനും ചരമത്തിനും ശ്ലോകങ്ങളുണ്ടാക്കിത്തരുവാൻ കവികളോടുള്ള അപേക്ഷ; മറ്റൊന്നു്, അവതാരിക എഴുതുവാൻ ഗ്രന്ഥകാരന്മാർ ചെയ്യുന്ന അഭ്യർത്ഥന. ഏതു് ഉദ്വാഹത്തിനും ഉപരമത്തിനും കേരളത്തിലെക്കവികൾ നാല്ക്കാലികളെ പ്രസവിച്ചുകൊള്ളണം; അത്തരത്തിൽ അവരോടു് ആര്‍ക്കും ആജ്ഞാപിക്കുവാൻ ഏതോ രാജശാസനമുള്ളതുപോലെ തോന്നും, അപേക്ഷകന്മാരുടെ എഴുത്തുകൾ കണ്ടാൽ. അവർ സാധുക്കളെ അലട്ടുന്നു; സാഹിത്യത്തെ ദുഷിപ്പിക്കുന്നു. ഈ പരിപാടിക്കു് ഒരു പൂര്‍ണ്ണവിരാമമിടേണ്ടതു് ഏതു നിലയ്ക്കും അഭിലഷണീയമാകുന്നു. അവതാരികയോ മുഖവുരയോ ആമുഖമോ ഭൂമികയോ (ഇവയെല്ലാം ഒന്നുതന്നെ) കൂടാതെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചുപോയാൽ അതു ശിക്ഷാർഹമാണെന്നു ഏതു നിയമം അനുശാസിക്കുന്നു ? അര്‍ഹനും അനര്‍ഹനും അവതാരിക വേണം; അര്‍ഹനേക്കാൾ അധികമാവശ്യം അനര്‍ഹനാണു്. ഏതെങ്കിലും നവീനപ്രസ്ഥാനത്തിന്റെയോ മറ്റോ ഉദാഹരണമായി ഒരു ഗ്രന്ഥം പ്രസിദ്ധീകൃതമാകുമ്പോൾ അതിന് ഒരു അവതാരിക വേണ്ടതാണെന്നു ഞാനും സമ്മതിക്കുന്നു; എന്നാൽ അതെഴുതേണ്ടതിനു് ഉത്തമാധികാരി ആ ഗ്രന്ഥത്തിന്റെ പ്രണതാവുതന്നെയാണു്. സാഹിത്യത്തിൽ ഈ പരിപാടിയും നിറുത്തുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല. കൃതി വധു; അനുവാചകൻ വരൻ; അവർ അന്യോന്യം ഇണങ്ങിച്ചേര്‍ന്നു് മധുരമായ ദാമ്പത്യസുഖം അനുഭവിക്കട്ടെ; അര്‍ത്ഥശൂന്യമായ താലികെട്ടുകല്യാണം അവസിതപ്രായമായ കേരളത്തിൽ അവതാരികാകാരനെ എന്തിന്നുവേണ്ടി, ആരുടെ മോക്ഷത്തിനു്, ആര്യപ്പട്ടരുടെ സ്ഥാനത്തിൽ ആരോഹണം ചെയ്യിക്കണമെന്നു് എനിക്കു് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.


പ്രസാധനം


പ്രസാധനവിഷയത്തിൽ കേരളീയർ ഇനിയും പ്രശംസാർഹമായ ഒരു പദവിയിൽ എത്തിച്ചേര്‍ന്നിട്ടില്ല. പ്രസാധകലോകത്തിൽ പ്രമാണികളായി നമ്മുടെ നാട്ടിൽ ജീവിക്കുന്നവർ അധികമില്ല. അവർ ചില സഹായമെല്ലാം സാഹിത്യത്തിനു ചെയ്തിട്ടുണ്ടെന്നും ചെയ്യുന്നുണ്ടെന്നുമുള്ള പരമാർത്ഥം എനിക്കു നല്ലപോലെ അറിയാം; എന്നാൽ അവരിൽ പലരുടേയും ഏകാഗ്രകല്പമായ ദൃഷ്ടി പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലാണെന്നു പറയാതേയും നിർവ്വാഹമില്ല. അതിനു ഞാൻ അവരുടെ പേരിൽ അല്പമെങ്കിലും അപരാധം ആരോപിക്കുന്നതായി ആരും തെറ്റിദ്ധരിക്കരുതു്. പ്രസാധനം അവർ സ്വീകരിച്ചിരിക്കുന്ന കാലക്ഷേപോപായമാണു് ; പാഠപുസ്തകമാക്കുവാൻ പറ്റാത്ത യാതൊന്നും അവർ അച്ചടിപ്പിച്ചാൽ വിലപ്പോകുകയില്ല; അലമാരിക്കു ഭാരമായും പാറ്റയ്ക്കു തീറ്റയായും അവ അവരുടെ കയ്യിൽ തന്നെ കിടക്കും. നമുക്കു മലയാളപുസ്തകങ്ങൾ വിലകൊടുത്തു വാങ്ങി വായിക്കുന്ന ഒരു ജനവിഭാഗമില്ല; അതുകൊണ്ടാണ് പ്രസാധകന്മാർ തങ്ങൾ ആവിഷ്കരിക്കുന്ന പുസ്തകങ്ങളിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതു ശതമാനവും പാഠ്യപുസ്തകങ്ങളാകണമെന്നുള്ള ആശയോടുകൂടി രചിപ്പിക്കുന്നതു്. അതൊരു ദ്യൂതക്രീഡയാണു്; നൂറു പുസ്തകങ്ങൾ പാഠ്യപുസ്തകകോടിയിൽപ്പെടുത്തിവിട്ടാൽ അവയിലേതെങ്കിലും ഒന്നു അധികൃതന്മാർ വിദ്യാര്‍ത്ഥികളെക്കൊണ്ടു് എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിക്കുകയില്ലേ? അന്നു മറ്റുള്ള തൊണ്ണൂറിന്റെയും നഷ്ടം ആ ഒന്നിന്റെ ലാഭത്തിൽനിന്നു പരിഹരിക്കാമല്ലൊ. അതാണ് അവരുടെ സങ്കല്പം. അത്തരത്തിലുള്ള മനഃസ്ഥിതി മാറാതിരിക്കുന്നിടത്തോളം കാലം അവര്‍ക്കു ഗ്രന്ഥകാരന്മാരെ അര്‍ഹിക്കുന്നവിധത്തിൽ പ്രോത്സാഹിപ്പിക്കുവാൻ നിവൃത്തിയില്ല. പ്രസാധകന്മാര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും തമ്മിലുള്ള ബന്ധം ചിലപ്പോൾ മുതലാളികൾക്കും തൊഴിലാളികൾക്കും തമ്മിലുള്ളതിനേക്കാൾ അനുകമ്പനീയമാണു്. ഫോറത്തിനു് ഒരുറുപ്പികയെങ്കിലും കിട്ടണമെന്നു അഭ്യർത്ഥി ക്കുന്ന ഗ്രന്ഥകാരന്മാരേയും, അതിനു നിവൃത്തിയില്ലെന്നു പറയുന്ന പ്രസാധകന്മാരേയും, ഞാൻ അറിയും. ഇവരുടെ സംഘട്ടനത്തിനിടയിൽ സാഹിത്യം എങ്ങനെ വളരും? അതുമിതും പറഞ്ഞ് അങ്ങുമിങ്ങും കുററം ചുമത്തുന്നതിൽ ഔചിതമില്ല. നമുക്കു നല്ലപുസ്തകങ്ങൾ വായിക്കുന്നതിനും ഔത്സുക്യമുള്ളവരും അവ വാങ്ങുവാൻ വേണ്ടിവരുന്ന ധനം വ്യയം ചെയ്യുവാൻ അസന്നദ്ധന്മാരല്ലാത്തവരുമായ കുറേ ഭാഷാഭിമാനികളെ കിട്ടണം. അത്തരത്തിൽ ആയിരംപേരേ കിട്ടിയാൽ മതി; താവതാ നമ്മുടെ സാഹിതം ചരിതാര്‍ത്ഥമായിക്കൊള്ളും. അതിനുവേണ്ട വിസ്തുതി കേരളത്തിനില്ലേ? സ്വദേശപ്രണയവും സ്വഭാഷാജ്ഞാനവും കേരളീയര്‍ക്കില്ലേ? പിന്നെയെന്താണു് അനാശാസ്യമായ ഈ ആലസ്യം? ശോചനീയമായ ഈ ദുര്‍വ്വിപാകം? ഇതു പൊതുജനങ്ങളുടേയും, പ്രത്യേകിച്ചു പ്രസാധകന്മാരുടേയും, അവഗാഢമായ ശ്രദ്ധയ്ക്കു ഗോചരീഭവിക്കേണ്ടതാണു്.


മുദ്രണം


കേരളത്തിലെ മുദ്രാലയങ്ങൾക്കു മുദ്രണവിഷയത്തിൽ ഐകരൂപൃദൃഷ്ടിയില്ല. ഓരോ പ്രദേശത്തു് ഓരോ മുദ്രാലയത്തിൽ ഓരോതരത്തിലാണു് അക്ഷരങ്ങൾ അച്ചടിക്കുന്നതു്. ഇനിയെങ്കിലും സംവൃതോകാരാദിലിപികൾ എല്ലാ മുദ്രാലയങ്ങളിൽനിന്നും അഭിന്നമായ രൂപത്തിൽ പ്രകാശിപ്പിക്കേണ്ടതല്ലേ? ഈ വിഷയത്തിൽ ഏതെല്ലാം പരിഷ്കാരങ്ങൾ നാം അംഗീകരിക്കണം? നിലവിലിരിക്കുന്ന ലിപികളിൽ ഏതെങ്കിലും കൂടാതെ കഴിക്കാമോ? F മുതലായ വിദേശഭാഷകളിലെ അക്ഷരങ്ങൾ കുറിക്കുന്നതിനു നമുക്കു പ്രത്യേകലിപികൾ ആവശ്യമുണ്ടോ? ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പണ്ഡിതന്മാരുടെ നിപുണമായ സമാലോചനയ്ക്കും വിധേയങ്ങളാകുവാൻ ഇനിയും കാലാതിപാതം പാടുള്ളതല്ല. വിഷയാനുക്രമണിക, സൂചിപത്രം, ഇവയോടുകൂടിയല്ലാതെ പ്രധാനപുസ്തകങ്ങൾ അച്ചടിപ്പിക്കരുതു്. ഓരോ അച്ചുക്കൂടത്തിലും മലയാളത്തിൽ വിശേഷജ്ഞാനവും സംസ്കൃതത്തിൽ സാമാന്യജ്ഞാനവുമുള്ള ഒരു പ്രൂഫ് പരിശോധകൻ ഉണ്ടായിരിക്കേണ്ടതു് ഏറ്റവും ആവശ്യകമാണു്. ആ പരിശോധകനു് ഇംഗ്ലീഷും തമിഴും ഹിന്ദിയും കൂടി കുറെയെങ്കിലും പരിചയമുണ്ടെങ്കിൽ ഒന്നുകൂടി കൊള്ളാം. നല്ല പ്രൂഫ് റീഡറില്ലാത്ത അച്ചുക്കൂടങ്ങളിൽ പുസ്തകങ്ങൾ അച്ചടിപ്പിക്കുവാൻ കൊടുത്താൽ ഗ്രന്ഥകാരന്മാർ അനുഭവിക്കേണ്ടിവരുന്ന ക്ലേശത്തെപ്പറ്റി എനിക്കുതന്നെ അറിവുണ്ട്. അങ്ങനെയുള്ള ഒരു പണ്ഡിതനെ മുദ്രാലയക്കാർ നിയമിച്ചാൽ അതു അവര്‍ക്ക് ഒരിക്കലും നഷ്ടത്തിനു കാരണമാകുന്നതല്ലെന്നും എനിക്കു പറവാൻ കഴിയും.


വിമർശനം


ഗ്രന്ഥനിര്‍മ്മാണം പോലെതന്നെ ഗ്രന്ഥവിമർശനവും ഒരു കലയാണു്. ഒരാളെ കവിയെന്നും മറെറാരാളെ സഹൃദയനെന്നും പറയുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. വിമര്‍ശകനു് ഒന്നാമതായി വേണ്ടതു് സൌന്ദര്യാവബോധവും ത്യാജ്യഗ്രാഹ്യവിവേചനത്തിനുള്ള ശക്തിയുമാകുന്നു. എന്നാൽ അവകൊണ്ടു മാത്രം വിമര്‍ശനത്തിനു് അവൻ അധികാരിയാകുന്നതല്ല. നിഷ്പക്ഷനായിരിക്കണം നിരൂപകൻ; ദോഷങ്ങളെ എന്നപോലെ ഗുണങ്ങളേയും ഗ്രഹിക്കുവാൻവേണ്ട വിസ്തൃതിയും നൈര്‍മ്മല്യവും അയാളുടെ ഹൃദയത്തിനും ഉണ്ടായിരിക്കണം; വര്‍ഗ്ഗീയവൈരത്തിന്റെയോ വ്യക്തിവിദ്വേഷത്തിന്റെയോ നിഴലാട്ടം അവിടെയെങ്ങും കണ്ടുപോകരുതു്. പരിപാവനമായ ഒരു സാഹിതീസേവനമാണു് ഗ്രന്ഥനിരൂപണം; അതു് കേവലം 'പകപോക്കി ' നിരൂപണമാക്കി ആ സേവനത്തെ ആരും വ്യഭിചരിപ്പിക്കരുതു് ; അങ്ങനെചെയ്യുന്നതു പ്രായശ്ചിത്തപരിഹാരമില്ലാത്ത ഒരു പാപമാണു്. അഭിപ്രായവ്യത്യാസം, രുചിഭേദംകൊണ്ടുവന്നാൽ ബഹുമാനിക്കാം; അജ്ഞതകൊണ്ടുവന്നാൽ വ്യസനിക്കാം; അഹങ്കാരംകൊണ്ടു വന്നാൽ പുഞ്ചിരിക്കൊള്ളാം; അസൂയ കൊണ്ടുവന്നാലോ?


"വൃങ്ക്തുമസ്ഫുരതോ ദോഷാൻ ഭങ്ക്‌തുമുൽസ്ഫുരതോ ഗുണാൻ
ഇര്‍ഷ്യേ! ഭഗവതി! ബ്രൂഹി കാ ത്വദന്യാ പ്രഗല്ഭതാം?''


എന്നു് മഹാകവി നീലകണ്ഠദീക്ഷിതർ അവരെ ഉദ്ദേശിച്ചു ഭാവഗര്‍ഭമായി ചോദിക്കുന്നു. "അല്ലയോ ഈര്‍ഷ്യാഭഗവതി! ഇല്ലാത്ത ദോഷങ്ങളെ ഉദ്ഭാവനംചെയ്യാനും ഉള്ള ഗുണങ്ങളെ തച്ചുടയ്ക്കുവാനും നിന്നെപ്പോലെ സാമര്‍ത്ഥ്യം ആക്കുണ്ടു്?" എന്നാണു് അദ്ദേഹത്തിന്റെ പ്രശ്നം. അതുകൊണ്ടാണു് അനുവാചകൻ സ്വാഭിപ്രായത്തിന്റെ രൂപവൽകരണത്തിനു് ഒരിക്കലും വിമര്‍ശകനെമാത്രം ആശ്രയിച്ചു തൃപ്തിപ്പെടരുതെന്നു പറയുന്നതു്. ഉത്തമനിരൂപകന്മാർപോലും ഒരു കാവ്യത്തെ നിരീക്ഷിക്കുന്നതു അവരുടെ ചിത്തഗതിയെ അനുസരിച്ചായിരിക്കും; അവരുടെ മനോദര്‍പ്പണത്തിൽ ആ കാവ്യം പ്രതിഫലിക്കുമ്പോൾ അതിനു് അപൂർണ്ണതയും അസ്ഫുടതയും മാലിന്യവും വര്‍ണ്ണഭേദവും സഹജമായി വരാവുന്നതാണു്. തന്നിമിത്തം, അവരുടെ നിരൂപണം അനുവാചകന്മാര്‍ക്കു അല്പം മാതൃദര്‍ശനം നല്കുമെങ്കിലും, അവരിൽനിന്നു് അതിനപ്പുറം സ്വാതന്ത്ര്യം പ്രാപിച്ചു മൂലകൃതികളെ അഭിമുഖീകരിക്കേണ്ട കര്‍ത്തവ്യം ആര്‍ക്കുമുണ്ടു്. സമകാലികന്മാരുടെ കൃതികളെ നിരൂപണം ചെയ്യുമ്പോളാണു് വിമശകന്മാർ അവരുടെ മാനസികങ്ങളായ സകല ദൌബല്യങ്ങൾക്കും വിധേയന്മാരാകുന്നത്. "ആ മനുഷ്യൻ എന്റെ ശത്രുവാണു് ; അതുകൊണ്ടു് അവന്റെ കൃതികളെ ഞാൻ ഒരക്ഷരംപോലും വായിക്കാതെ കര്‍ക്കശമായി നിരൂപണം ചെയ്യും; അവനെ പാതാളത്തോളം അടിച്ചമർത്തും. വായിച്ചാൽ അങ്ങിങ്ങു വല്ല ഗുണാംശങ്ങളും കണ്ടുപോയെങ്കിൽ ഗ്രഹപ്പിഴയാകും; പിന്നെ എനിക്ക് എന്റെ അന്തഃകരണത്തോടു മല്ലിട്ടുവേണമല്ലോ ആ ജീവിതോദ്ദേശം സാധിക്കുവാൻ” എന്നു യുക്തിവാദം ചെയ്യുന്ന വിമര്‍ശകന്മാരും ഉണ്ടാകാൻ പാടില്ലായ്കയില്ല. “ശ്രവണാൽ പ്രാഗനാക്ഷേപഃ ശ്രോതുരഭ്യർത്ഥയേ പരം" അതായതു് “സ്നേഹിതാ! എന്റെ കവിതയൊന്നു കേൾക്കൂ; കേട്ടിട്ടു പിന്നെയും ആവാമല്ലോ അധിക്ഷേപം" എന്നൊന്നും അത്തരക്കാരോടു് അപേക്ഷിക്കുന്നതുകൊണ്ടു പ്രയോജനമില്ല. "Barren rascal" എന്ന് ജോൺസൺ ഫീൽഡിങ്ങിനെ അവഹേളനം ചെയ്തു. കാലം മുന്നോട്ടു പോയി. ഇന്ന് ആ രണ്ടു പേരിൽ ഫലശൂന്യനായ ഖലൻ ആരെന്നു ചോദിച്ചാൽ അത് ഫീൽഡിങ്ങല്ല എന്നായിരിക്കും ലോകത്തിന്റെ പ്രത്യുത്തരം. ദിങ്‌നാഗൻ കാളിദാസനെ കൊഞ്ഞനം കാണിച്ചു. ഇന്നു ദിങ്നാഗനെവിടെ? കാളിദാസനെവിടെ? ഉത്തിഷ്ഠമാനന്മാരായ യുവ സാഹിത്യകാരന്മാരുടെ തേജോവധത്തിനു് ഒരു വിമര്‍ശകനും ഒരുമ്പെടരുതു്. അവർ ഭാവിയിൽ എത്രമാത്രം ഉയരുമെന്നു് ആര്‍ക്കു ദീഘദർശനം ചെയ്യാം? വാസനാസമ്പന്നന്മാരായ യുവാക്കന്മാരെ പ്രോത്സാഹിപ്പിക്കുകയും പുരോഗമിപ്പിക്കുകയും ചെയ്യേണ്ടതു വിമശകന്റെ ധര്‍മ്മമാകുന്നു. സത്തായുള്ള സാഹിത്യവിമര്‍ശനം ഭാഷയ്ക്കും അനുഗ്രഹമാണു്; അപക്വവും അസ്ഥാനസ്ഥവും അപകാരപരവുമായ വിമർശനം അതുപോലെതന്നെ ശാപവുമാണു്. ഖണ്ഡനരൂപമായ വിമർശനത്തിൽ പോലും ഏതു പുരോഭാഗിക്കും മനസ്സംസ്കാരമുണ്ടെങ്കിൽ സഭ്യത പുലത്താം; തറവാടിത്തം പാലിക്കാം. മധുരമാക്കാം സ്വരം; മസൃണമാക്കാം ശബ്ദം. മനുഷ്യസാധാരണമായിരിക്കേണ്ട ആ ഗുണം നിരൂപകന്മാർ കൈവെടിയരുതു് ; 'അതുകൊണ്ടരിശം തീരുകയില്ലെ'ന്നുള്ളവർ നിരൂപകവേദിയെ അവരുടെ അപഹാസ്യങ്ങളായ അട്ടഹാസങ്ങളും ആക്രോശങ്ങളുംകൊണ്ട് അലങ്കോലപ്പെടുത്തുകയുമരുതു്. ഗ്രന്ഥകാരന്മാരോടു് എനിക്കു് ഒന്നേ പറയേണ്ടതുള്ളു. തങ്ങളുടെ ഗ്രന്ഥങ്ങളെ വിമശിക്കുന്നവർ വന്ദികളായാലും വൈരികളായാലും ഇരുകൂട്ടരുടെ വാക്കുകളേയും നല്ലപോലെ പരിശോധിച്ച് അവയിൽ വല്ല സാരവുമുണ്ടെങ്കിൽ അതുമാത്രമേ ഗ്രഹിക്കാവു. "ആത്മാനം ശോകഹര്‍ഷാഭ്യാം ശത്രുഭ്യാമിവ നാര്‍പ്പയേൽ" എന്നുപദേശിക്കുന്നു ഭഗവാൻ വേദവ്യാസൻ. മദ്ധ്യസ്ഥന്മാരായി ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ നിരൂപണങ്ങൾക്കു കൂടുതൽ വില കല്പിക്കണം. സര്‍വ്വോപരി തങ്ങളുടെ ധമ്മം ഗ്രന്ഥരചനയാണെന്നും വിമർശകന്മാരുമായുള്ള വാദപ്രതിവാദമല്ലെന്നും അവർ എല്ലായ്പോഴും ഓർമ്മിക്കണം.


"നികഷ്യ മേധാനികഷോപലേഷും സുവര്‍ണ്ണതത്ത്വം പരിശോധയന്തഃ
അലം ക്രിയാര്‍ത്ഥം സുദൃശാമവന്യാം കാമം കളാദാസ്സുഖിനോ ഭവന്തു"


എന്നു് സമ്യഗ്വിമര്‍ശനവ്രതികളായ സത്തുകൾക്കു മംഗളാശംസചെയ്തു കൊണ്ട് തങ്ങളുടെ വൃത്തി അകുതോഭയന്മാരായി തുടര്‍ന്നുകൊണ്ടുപോകണം. അവരെ ഇന്നല്ലെങ്കിൽ നാളെ ലോകം അറിയും, അഭിനന്ദിക്കും.


പ്രവര്‍ത്തനം


ഭാഷയ്ക്ക് മാസികകളും വൃത്താന്തപത്രങ്ങളും നല്കീട്ടുള്ള സാഹായ്യം നാം എന്നും കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടതാകുന്നു. സാഹിത്യത്തിന്റെ സർവ്വതോമുഖമായ ഉൽകുഷത്തെ ലക്ഷ്യമാക്കി പല മാസികകളും പ്രവർത്തനം നടത്തി ആ വഴിക്കു് ഏറെക്കുറെ വിജയം നേടീട്ടുണ്ട്. പഴയ മാസികകൾ ഇപ്പോൾ ഒരിടത്തും കിട്ടുന്നില്ല; അവയിൽ അതാതു കാലത്തു പ്രസിദ്ധീകരിച്ചിട്ടുള്ള അനര്‍ഘങ്ങളായ അനവധി ഉപന്യാസങ്ങൾക്കു ശാശ്വത പ്രതിഷ്ഠ ലഭിക്കേണ്ടതുണ്ട്. ആ സദ്വ്യവസായത്തിൽക്കൂടി ഏര്‍പ്പെടുന്നതിനു് ഞാൻ ഇന്നത്തെ പ്രസാധകപ്രവേകന്മാരോടു സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു. ഓരോ മാസികയ്ക്കും വന്നുചേരുന്ന ലേഖനങ്ങൾ നിഷ്കൃഷ്ടമായി പരിശോധിച്ചു ത്യാജ്യാംശങ്ങൾ തള്ളി പ്രസിദ്ധീകരിക്കുന്നതിനു് ഒരു പണ്ഡിതൻ ചുമതലപ്പെട്ടിരിക്കണം. പണം കൊടുത്തു നല്ല ഉപന്യാസങ്ങൾ എഴുതിക്കണം. പേരിന്റെ പെരുമ കണ്ടുമാത്രം ആരുടെ ഉപന്യാസവും കൈയിൽ കിട്ടിയവിധത്തിൽ തന്നെ പ്രസിദ്ധീകരിക്കരുതു്. വിജ്ഞാനത്തിനോ വിനോദത്തിനോ ഉതകാത്തതും വ്യക്തിവിദ്വേഷമലീമസവുമായ യാതൊരു ലേഖനവും ഏത് ആപൽ ഘട്ടത്തിലും ചേര്‍ക്കരുതു്. പഴയ കടലാസുകെട്ടുകൾ തപ്പിനോക്കി പണ്ടാരെങ്കിലും അയച്ചു ചേര്‍ക്കാതെ കെട്ടിവച്ചിട്ടുള്ള ലേഖനങ്ങൾ ആ വിവരമൊന്നും അറിയിക്കാതെ, പൂര്‍വ്വക്ഷണത്തിൽ തനിക്കു കിട്ടിയതാണന്നു വായനക്കാരെ തെറ്റിദ്ധരിപ്പിക്കത്തക്കവിധത്തിൽ പ്രസിദ്ധീകരിക്കുന്നത് വലിയ ഒരു വഞ്ചനയാകുന്നു. അതുപോലെതന്നെയാണു് പഴയ മാസികകളിൽ അച്ചടിച്ചിട്ടുള്ള ലേഖനങ്ങൾ കാര്യം പറയാതെ വീണ്ടും പ്രസിദ്ധീകരിക്കുന്നതും, ഈ വിഷയങ്ങളിലെല്ലാം കഴിവുള്ളിടത്തോളം വേണ്ട നിഷ്കര്‍ഷ പ്രദര്‍ശിപ്പിച്ചു സർവ്വശ്ലാഘ്യമായ രീതിയിൽ നടത്തപ്പെടുന്ന കോഴിക്കോട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവർത്തകന്മാരെ മുക്തകണ്ഠം അഭിനന്ദിക്കാത്ത കേരളീയർ ഭാഷാഭിമാനികളല്ല. വൃത്താന്തപത്രങ്ങൾ നമുക്കു പല പുതിയ വാക്കുകളും അന്നന്നു തര്‍ജ്ജമ ചെയ്തുതരുന്നു; അവയിൽ ചിലതു ചിലര്‍ക്ക് അരോചകമാണെങ്കിൽ ആയിക്കൊള്ളട്ടെ. അരമണിക്കൂറിൽ അൻപതു പദങ്ങൾ കണ്ടുപിടിച്ചു അച്ചടിപ്പിക്കുന്നതിനു ചുമതലപ്പെട്ട ആ പത്രങ്ങളുടെ പ്രവത്തകന്മാരുടെ പ്രയത്നത്തെ നാം അത്യന്തം കൃതജ്ഞതയോടുകൂടി വേണം സ്മരിക്കുവാൻ. പത്രമാപ്പീസുകളിലും പണ്ഡിതന്മാരുടെ സന്നിധാനം അപരിഹരണീയമാകുന്നു.


പ്രചാരണം


ഇന്നത്തെ യുവസാഹിത്യകാരന്മാരെ കാണുകയും അവരുടെ കൃതികൾ വായിക്കുകയും അവരെക്കൊണ്ട് നമ്മുടെ സാഹിത്യത്തിനുണ്ടാകാവുന്ന സാധ്യതകളെപ്പറ്റി ചിന്തിക്കുകയും ചെയ്യുമ്പോൾ, എന്റെ ഹൃദയത്തിൽ എന്തെന്നില്ലാത്ത ആനന്ദവും ആശയും പൊന്തിവരുന്നു. അവരിൽ അനേകംപേർ സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പയ്യാപ്തമായ പാണ്ഡിത്യം സമ്പാദിച്ചിട്ടുണ്ട്. ആധുനികസാഹിത്യത്തിന്റെ മര്‍മ്മസ്ഥാനങ്ങളെന്തെന്നും അവരിൽ പലരും ഗ്രഹിച്ചിട്ടുണ്ടു്. വാസനാഭാസുരന്മാരും സേവനസന്നദ്ധന്മാരുമായി അത്തരത്തിൽ ഒട്ടുവളരെപ്പേർ മുന്നോട്ടുവരുമ്പോൾ നമുക്കു ഭാഷയുടെ ഭാവിയെപ്പറ്റി ഭയമെന്തിനു്? ശങ്കയെന്തിനു്? പക്ഷെ ഒരു കാര്യം മാത്രം നാം ഓമ്മിക്കണം. അവരിൽ ഭൂരിപക്ഷംപേരും ദരിദ്രന്മാരാണു്. സാഹിത്യത്തെ അവർ സേവിച്ചാൽ സാഹിത്യം അവരെ പുലർത്തണം. കൈരളിയുടെ കൈങ്കര്യത്തിനായി ആത്മാര്‍പ്പണം ചെയ്യുന്നതിനു് ഒരുങ്ങുന്ന അവക്കു കേരളീയർ അതു് ഒരു ജീവികയായിത്തീരുവാൻ വേണ്ട ഹസ്താവലംബനം നല്കണം. അവർ വായുഭക്ഷന്മാരായ യോഗികളല്ല; അനാഡംബരമായ രീതിയിലെങ്കിലും അവര്‍ക്കും പ്രാണധാരണം ചെയ്യേണ്ടതുണ്ട്


"പരീക്ഷ്യ സൽകുലം വിദ്യാം ശീലം ശൌര്യം സുരൂപതാം
വിധിര്‍ദ്ദദാതി നിപുണഃ കന്യാമിവ ദരിദ്രതാം''


എന്ന ശ്ലോകത്തിലേ ആശയം ഏറ്റവും പരമാര്‍ത്ഥമാകുന്നു. ബ്രഹ്മാവു് ദരിദ്രത എന്ന പേരുള്ള തന്റെ പ്രിയപുത്രിയെ കുലാദികൾ പരീക്ഷിച്ചും, പ്രത്യേകിച്ചു തന്റെ പത്നിയായ സരസ്വതീദേവിയെ സന്തോഷിപ്പിക്കുന്നതിനായി പണ്ഡിതനെ തിരഞ്ഞുപിടിച്ചും, അവനെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നു. അക്ഷരം അൻപത്തൊന്നാണെങ്കിൽ പണവും 'കടപയാ'ദിക്രമഗണനയിൽ ആ സംഖ്യതന്നെയാണു്. ആ അൻപത്തൊന്നിനും ഈ അൻപത്തൊന്നിനും തമ്മിൽ, പണ്ടു ഭാരതത്തിൽ ചിത്രാംഗദന്മാര്‍ക്കു തമ്മിൽ എന്നപോലെ, യുദ്ധം നടക്കുന്നു. അതുകൊണ്ട് സരസ്വതീദാസന്മാരെ ലക്ഷ്മീദാസന്മാരാക്കുന്നതിന് ഒരു മാര്‍ഗ്ഗം നമുക്ക് ഉൽഘാടനം ചെയ്യാമെങ്കിൽ എല്ലാം ഭദ്രമാകും. ഞാൻ മുൻപു നിര്‍ദ്ദേശിച്ചതുപോലെ ഒരു നല്ല പുസ്തകം പ്രസിദ്ധീകരിച്ചാൽ അതിന്റെ ആയിരംപ്രതിയെങ്കിലും ചിലവാക്കിക്കൊടുക്കുക; വയോധികന്മാരും നിര്‍ദ്ധനന്മാരുമായ ഉത്തമസാഹിത്യകാരന്മാര്‍ക്കു വര്‍ഷാശനം നല്കുക; യുവാക്കന്മാർ എഴുതുന്ന ഗ്രന്ഥങ്ങളോ ഉപന്യാസങ്ങളോ അംഗീകരിച്ചാൽ അവയ്ക്കു പ്രസാധകന്മാർ പ്രോത്സാഹകമായ രീതിയിൽ പ്രതിഫലം കൊടുക്കുക; ഇത്തരത്തിൽ പല സൽകർമ്മങ്ങൾ ഈ വിഷയത്തിൽ ഭാഷാബന്ധുക്കൾക്കു് അവശ്യകരണീയങ്ങളായുണ്ട്.


പുരുഷദ്രവ്യസമ്പത്തു്


പുരുഷസമ്പത്തും ദ്രവ്യസമ്പത്തുമുണ്ടെങ്കിലേ ഇങ്ങനെയുള്ള കാര്യങ്ങൾ സാധിക്കുവാൻ നിർവ്വാഹമുള്ളു. ദ്രവ്യസമ്പത്തുണ്ടെങ്കിൽ പുരുഷസമ്പത്തിനു പ്രയാസമില്ല; അതു രൂപത്തെ ഛായപോലെ പിൻതുടർന്നു കൊള്ളും. “അര്‍ത്ഥസ്യ പുരുഷോ ദാസോ നാര്‍ത്ഥോ ദാസസ്തു കസ്യചിൽ" എന്ന ഭീഷ്മോക്തി ഈ അവസരത്തിൽ ഞാൻ ഓര്‍മ്മിക്കുന്നു. ധനത്തിനു മനുഷ്യൻ എപ്പോഴും ദാസനാണു് ; ധനം മനുഷ്യനു് ഒരിക്കലും ദാസ്യം വഹിക്കുന്നുമില്ല. കൊല്ലത്തിലൊരിക്കൽ പരിഷത്തിന്റെ വാഷികയോഗം വരുമ്പോൾ അതിന്റെ പ്രവത്തനത്തിന്റെ അസമഗ്രതയെപ്പറ്റി അപലപിക്കുവാൻ ജിഹ്വയും തൂലികയും ചലിപ്പിക്കുന്നവർ, തങ്ങൾ ആ സ്ഥാപനത്തിലെ അംഗങ്ങളായിരിക്കുന്നതിനും ത്രൈമാസികം വായിക്കുന്നതിനും വേണ്ടി ഒരു കൊല്ലത്തെ വരിസംഖ്യയെങ്കിലും അടച്ചിട്ടുണ്ടോ എന്ന് അരനിമിഷത്തേക്ക് അന്തരാത്മാവിനോടു ചോദിക്കുന്നതു് ശ്രമപ്രദമാണെങ്കിലും ശാന്തിദായകമായിരിക്കും. ആരെല്ലാംകൂടി പരിഷത്തു സംഘ ടിപ്പിച്ചാലും "ധനാന്യാര്‍ഞ്ജയധ്വം ധനാന്യാര്‍ഞ്ജയധ്വം" എന്ന ഒരു മൂലമന്ത്രമേ എനിക്കു അവരോട് ഉപദേശിക്കേണ്ടതായുള്ളു. അതിനുള്ള മാര്‍ഗ്ഗമെന്തെന്നു നിശ്ചയിച്ചു, ആ മാര്‍ഗ്ഗത്തിൽ സഞ്ചരിച്ചു വിജയം നേടുവാൻ, കരളുറപ്പും കയ്യറപ്പുമുള്ള കുറെപ്പേർ ഒരുങ്ങിയിറങ്ങട്ടെ. നമുക്കു് തമിഴ്നാട്ടിലെന്നപോലെ ഒരണ്ണാമലച്ചെട്ടിയാരോ ഒരു തിരുപ്പനന്താൽപണ്ടാരസന്നിധിയോ ഇല്ല. അത്തരത്തിലുള്ള പ്രഭുകുബേരന്മാരില്ലാത്ത നാം ഉപസര്‍പ്പണം ചെയ്യേണ്ടതു സാമാന്യജനങ്ങളെയാണ്. നാലഞ്ചുലക്ഷം ഉറുപ്പികയെങ്കിലും മൂലധനമില്ലാതെ കാര്യമായെന്തെങ്കിലും സാധിച്ചുകളയാമെന്നു വിചാരിക്കുന്നതു് ഉത്തരന്റെ യുദ്ധോദ്യമമാകുന്നു. പുരുഷസമ്പത്തിനെപ്പറ്റി ഞാൻ സൂചിപ്പിച്ചുവല്ലോ. (1) ആരംഭശൂരത്വം (2) അനാസ്പര്‍ദ്ധ (3) അവഹേളനപ്രവണത ഇത്യാദിദുർഗുണങ്ങൾക്കു സര്‍പ്പങ്ങൾക്കെന്നപോലെ വാസസൌകര്യം കേരളത്തിൽ കുറെ അധികമായി കാണുന്നു. അവയിൽനിന്നു നാം വിമുക്തന്മാരായാലല്ലാതെ നമ്മുടെ സാഹിത്യവിഷയകമായ സംഭൂയസമുത്ഥാനം ഒരു കാലത്തും സഫലമാകുന്നതല്ല.


പുരോഗമനസാഹിത്യം


പുരോഗമനസാഹിത്യമെന്ന പുതിയ പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങളെ വിശദീകരിക്കുന്ന ഒരു ലഘുലേഖ എന്റെ സ്നേഹിതൻ ശ്രീമാൻ പി. കേശവദേവ് പ്രസിദ്ധീകരിച്ചിട്ടുള്ളത് എനിക്കു പത്തുനിമിഷങ്ങൾക്കു മുൻപു് ഒന്ന് ഓടിച്ചുവായിക്കുവാനേ കഴിഞ്ഞുള്ളു. കേവലമായ ഒരു യഥാതഥപ്രസ്ഥാനമല്ല അതെന്നും, സാന്മാർഗ്ഗികമായ ഒരധിഷ്ഠാനം സാഹിത്യത്തിനുണ്ടായിരിക്കണം എന്നുള്ള തത്ത്വത്തെ അതിന്റെ പ്രവർത്തകന്മാർ അപലപിക്കുന്നില്ലെന്നും, സന്മാര്‍ഗ്ഗമെന്തെന്നുള്ളതിനെപ്പറ്റി ന്യായമായി അഭിപ്രായവ്യത്യാസമുണ്ടാകാമെന്നും അതിൽ പ്രസ്താവിച്ചിട്ടുള്ളതായാണു് എന്റെ ഓര്‍മ്മ. ഈ പ്രസ്ഥാനത്തിന്റെ കാഴ്ചപരിപാടിയെപ്പറ്റി ജനങ്ങളുടെ ഇടയിൽ ഉണ്ടായി ചില തെറ്റിദ്ധാരണകൾ ദൂരീകരിക്കുവാൻ പ്രസ്തുതലേഖ പ്രയോജകീഭവിച്ചിട്ടുണ്ട്. ഇതിന്റെ ജനയിതാക്കളിൽ പലരും എന്റെ സുഹൃത്തുക്കളാകുന്നു; അവരുടെ ആദർശശുദ്ധിയേയും സാഹിത്യപോഷണവ്യഗ്രതയേയും ഞാൻ ഹൃദയപൂർവ്വമായി അഭിനന്ദിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യസാഹിത്യവുമായി സ്വല്പമെങ്കിലും പരിചയമുള്ളവര്‍ക്കു ഈ പ്രസ്ഥാനം അത്രവളരെ നവീനമായി തോന്നുകയില്ല. എന്നാൽ നമ്മുടെ സാഹിത്യത്തിൽ ഇതിനൊരു നവത്വമില്ലെന്നു പറയാവുന്നതുമല്ല. നമുക്ക് എല്ലാവിധത്തിലുള്ള പ്രസ്ഥാനങ്ങളും- അവയുടെ കൂട്ടത്തിൽ 'റിയലിസം' എന്നു പാശ്ചാത്യന്മാർ പറയുന്ന യഥാതഥപ്രസ്ഥാനവും- വേണം. എങ്കിലേ സാഹിത്യത്തിനു പരിപൂർണ്ണമായ അഭിവൃദ്ധി സിദ്ധിക്കുകയുള്ളു. എല്ലാംകൊണ്ടും ഞാൻ പുരോഗമനസാഹിത്യത്തിനു് ആത്മാര്‍ത്ഥമായി സ്വാഗതം നല്ലവാൻ സന്നദ്ധനാണന്നും, അതിനെ യഥാശക്തി പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ ജാഗരൂകനായിരിക്കുമെന്നും വാഗ്ദാനം ചെയ്തുകൊള്ളുന്നു. എനിക്കു് ഉപദേശരൂപത്തിൽ ഒരു കാര്യം മാത്രം വക്തവ്യമായുണ്ട്. പഴയതിനോടു പുതിയതും പുതിയതിനോടു പഴയതും പകകൊള്ളണ്ട ആവശ്യമില്ല. “തദാത്വേ നൂതനം സർവ്വമായത്യാം തു പുരാതനം" എന്നു പറയുന്നു വേദാന്തദേശികർ. ഇന്നത്തേപ്പുതിയതാണു് നാളത്തെപ്പഴയതു്. ഓരോകാലത്തും സാഹിത്യത്തിൽ ഓരോ പ്രകാരത്തിലുള്ള പരിവര്‍ത്തനങ്ങൾ ഉണ്ടായിട്ടുണ്ടു്; ഇപ്പോഴുമുണ്ടാകുന്നുണ്ടു്; ഇനിയും ഉണ്ടാകുക തന്നെചെയ്യും. ഉണ്ടാകട്ടെ; അതാണല്ലൊ ചൈതന്യത്തിന്റെ ലക്ഷണം. നല്ലതിനു നാശമില്ല; തീയതിനു ജീവിതവുമില്ല. ആദിത്യചന്ദ്രന്മാർ പഴഞ്ചന്മാരെന്നു വച്ച് അവര്‍ക്കു മേന്മയും കുറവുണ്ടോ? ഈയാംപാറ്റകൾ 'പുതിഞ്ചാ'ങ്ങളാണെന്നുവെച്ച് അവയെ ആരെങ്കിലും പുകഴ്ത്തുന്നുണ്ടോ? പ്രാണൻ പോയ ശരീരം പഴയതെന്നുവച്ച് അതിനെ ആരെങ്കിലും സൂക്ഷിക്കുമോ? ഒരു അരുമശ്ശിശു ഇന്നു മാത്രമാണു് ജനിച്ചതെന്നുവച്ച് അതിനോട് ആരെങ്കിലും നീരസം ഭാവിക്കുമോ? പഴയതും പുതിയതും പരസ്പരവിദ്വേഷം കൂടാതെ മുന്നോട്ടു പോകട്ടെ. സ്ത്രീപുംസഭേദം കൂടാതെ, ജാതിമതവ്യത്യാസം പുലർത്താതെ, പക്ഷപ്രതിപക്ഷമത്സരം വെടിഞ്ഞു് കേരളീയര്‍ക്കു് ഇന്നു സ്വൈരമായി, സുഖമായി, ആരാധിക്കാവുന്ന ഏകദേവത കൈരളിമാത്രമാണു്. ആ ദേവതയുടെ പാവനമായ ആലയത്തിന്റെ പുരോഭാഗത്തിലും വേണമോ ചേരിപ്പോരു് ? സരസ്വതീഗോത്രജന്മാരാണു് സാഹിതീസേവകന്മാർ ആസകലം. അവരുടെ അഹമഹമിക ആ ദേവിയുടെ പരിചരണത്തിലാകട്ടെ; ആ പരിചരണത്തിനുള്ള പദ്ധതികൾ അസംഖ്യങ്ങളാണു്. അവയുടെ മണ്ഡലം പാരാവാരംപോലെ പരന്നുകിടക്കുന്നു. അവയിൽ ഏതെങ്കിലും ഒന്നു് ഓരോരുത്തരും അംഗീകരിച്ച് അവരുടെ ശക്തിയും ബുദ്ധിയും സൌകര്യവും സാമ്യവും അനുസരിച്ചു് ശാന്തിയോടും ഏകാഗ്രതയോടുംകൂടി തങ്ങളുടെ ഭജനവ്രതം നിർവ്വഹിക്കട്ടെ. അല്ലാതെ ഞാൻ വലുതെന്നും നീ ചെറുതെന്നും മറ്റുമുള്ള ദുര്‍ഭാഷണധൂമികകൊണ്ടു് ആ ദിവ്യാന്തരിക്ഷം ദുഷിപ്പിക്കുകയോ? , കുറച്ചിൽ! ലജ്ജാവഹം!! അതുപാടില്ല. മനുഷ്യത്വത്തിന്റെ ഒരു കണിക-ത്രസരേണു - എങ്കിലും നമ്മിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഒരിക്കലും പാടില്ല;


"യൽ കരോഷി യദശ്‍നാസി യജ്ജുഹോഷി ദദാസി യൽ;
യത്തപന്യസി കൌന്തേയ! തൽ കുരുഷ്വ മദര്‍പ്പണം"


എന്നു ശ്രീകൃഷ്ണൻ അജ്ജുനനേ എന്നപോലെ കൈരളീദേവി നമ്മോടു് അനുശാസിക്കുന്നു. നമുക്ക് ആ അനുശാസനം കേൾക്കുവാൻ ചെവിയുണ്ടോ? അതിന്റെ അത്ഥം ഗ്രഹിക്കുവാൻ ബുദ്ധിയുണ്ടോ? ഇതായിരിക്കട്ടെ ഏതു കേരളീയനും അവനോടുതന്നെ ചോദിക്കുവാനുള്ള ചോദ്യം.