Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ പ്രസംഗം / ഗവേഷണം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഗവേഷണം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സമസ്തകേരളസാഹിത്യപരിഷത്തിന്റെ ദ്വാദശവാർഷികസമ്മേളനത്തിൽ ഗവേഷണശാഖായോഗത്തിന്റെ ആദ്ധ്യക്ഷ്യംവഹിക്കണമെന്നു കോട്ടയത്തെ നിവ്വാഹകസംഘനേതാക്കന്മാർ എന്നോടു ചെയ്ത അപേക്ഷ ഞാൻ ഏറ്റവും സന്തോഷത്തോടുകൂടിയാണു് സ്വീകരിച്ചതു്. ഗവേഷണം എനിക്കു് അത്യന്തം പ്രിയമായ ഒരു വ്യവസായമാണന്നു ഞാൻ നിങ്ങളോടു പറയേണ്ടതില്ലല്ലൊ. ഈ പാഴ്‌വേലയിൽ എന്തിനു സമയം കളയുന്നു എന്നും, ഇതിൽനിന്നു വിരമിച്ചു കുറെക്കൂടി കവിതകൾ എഴുതരുതേ എന്നും എന്നോടു ചില സ്നേഹിതന്മാർ ചോദിക്കാറുണ്ടു്. എനിക്കു് അവരോടു പറയുവാനുള്ള മറുപടി ഇത്രമാത്രമാണു്. എന്നെപ്പോലെയോ എന്നെക്കാൾ നല്ലവണ്ണമോ കവനംചെയ്യുന്നവർ ഇപ്പോൾ ഉണ്ടു്; മേൽ ഉണ്ടാകുകയുംചെയ്യും; അതു നശിച്ചുപോകാവുന്ന ഒരു കലയല്ല. എന്നാൽ ഗവേഷണത്തിന്റെ നില അതിൽനിന്നു് എത്രയോ ഭിന്നമാണു്. അമുല്യങ്ങളും അവശ്യവിജ്ഞേയങ്ങളുമായ അനവധി വിവരങ്ങൾ അടങ്ങിയ പല താളിയോലഗ്രന്ഥങ്ങളും നിമിഷംതോറും എന്നപോലെ തിരോധാനംചെയ്യുന്നുണ്ടു്. ഒരുകാലത്ത് ഈ ഗ്രന്ഥങ്ങളെ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതിൽ കേരളത്തിൽ ഭേദപ്പെട്ട കുടുംബങ്ങളെല്ലാംതന്നെ ഏറെക്കുറെ വ്യാപൃതങ്ങളായിരുന്നു. ആ കാലം ഇങ്ങിനി തിരിയെ വരാത്തവണ്ണം അസ്തമിച്ചുപോയി. അച്ചടിച്ച പുസ്തകങ്ങൾപോലും വായിച്ച് ആനന്ദിക്കുന്നതിനു് അവസരമില്ലാതെ, ഇന്നു യുവാക്കന്മാക്ക് പഴയ ഓലകളോടു് എന്തെന്നില്ലാത്ത ഒരവജ്ഞയും വൈര്യവും ജനിച്ചിട്ടുണ്ട്. അതുകൊണ്ടു് അവ ചിതലിനും പാറ്റയ്ക്കും തീറ്റയായി കാലയവനികയ്ക്കുള്ളിൽ ഏന്നെന്നേയ്ക്കുമായി മറഞ്ഞുപോകുന്നു. ഈ സംഭവം അശേഷം അത്ഭുതാവഹമല്ലെങ്കിലും ഏറ്റവും ശോചനീയമാണു്. ഓരോ പുരുഷാന്തരത്തിനും മാതൃഭാഷയുടെ നേര്‍ക്കു് അനുഷ്ഠിക്കേണ്ട ചില കർത്തവ്യങ്ങളും, നിറവേറ്റേണ്ട ചില കടമകളുമുണ്ട്; ഇന്നത്തെ പുരുഷാന്തരത്തിനു് ഈ വിഷയത്തിൽ ഒഴിച്ചുകൂടാത്ത ഒരു ധര്‍മ്മമുണ്ടെങ്കിൽ, അതു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളെ തേടിപ്പിടിച്ചു സംഭരിച്ചു്, അവ ഉൾക്കൊള്ളുന്ന വിജ്ഞാനഭണ്ഡാരത്ത സാമാന്യജനങ്ങൾക്കു് ഉപന്യാസദ്വാരാ ഗ്രഹണയോഗ്യമാക്കിത്തീർക്കുകയാണെന്നത്രെ ഞാൻ കരുതുന്നതു്. കഴിഞ്ഞ പുരുഷാന്തരത്തിനു് ഇങ്ങനെ ഒരാവശ്യമില്ലായിരുന്നു; വരാൻപോകുന്ന പുരുഷാന്തരത്തിനു പുരാതനഗ്രന്ഥങ്ങളുടെ അഭാവത്തിൽ ഈ ഉദ്യമം സാധ്യവുമല്ല. ഇതു കൊണ്ടെല്ലാമാണു് വിശ്രമത്തിനര്‍ഹമാണെന്നു നിങ്ങളിൽ പലരും സമ്മതിക്കുന്ന ഈ വാര്‍ദ്ധക്യദശയിൽ ഞാൻ ക്ലേശഭൂയിഷ്ഠമായ ഈ വ്യവസായത്തിൽ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതു്.


'ഗവേഷണം' എന്ന പദത്തിനു 'അന്വേഷണം', 'തിരയൽ' എന്നര്‍ത്ഥം. 'ഗവേഷ മാര്‍ഗ്ഗേണേ' എന്നു ധാതു; 'അന്വേഷിതം ഗവേഷിതമനിഷ്ടം മാര്‍ഗ്ഗിതം മൃഗിതം' എന്നു് അമരസിംഹൻ. എന്തിനെപ്പറ്റിയുള്ള അന്വേഷണം? തത്ത്വത്തെ- പരമാര്‍ത്ഥത്തെ-പ്പറ്റി. കേരളത്തിനു പ്രത്യേകമായി ഒരു ഭാഷ, ഒരു ലിപി, ഒരു സംസ്കാരം, ഒരു ചരിത്രം, ഒരു ശാസ്ത്രസമുച്ചയം, ഒരു സാഹിത്യഭണ്ഡാരം ഇവയെല്ലാം ഉണ്ടു്; ഒരു പഴമ, ഒരു പാരമ്പര്യം, ഒരു തറവാടിത്തം ഇവയുമുണ്ടു്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഘടകമായ ഒരു പരമാണുവിനെ ഏതെങ്കിലും പ്രകാരത്തിൽ സ്പർശിക്കുന്നതിനു പ്രയോജകീഭവിക്കുന്ന സത്യാന്വേഷണമെല്ലാം ഗവേഷണത്തിന്റെ പരിധിക്കുള്ളിൽ പെടുന്നതാണു്. സാഹിത്യം സംബന്ധിച്ചുള്ള അന്വേഷണംകൊണ്ടുമാത്രം സാഹിത്യപരിഷത്തിനു തൃപ്തിപ്പെടരുതേ എന്നൊരു ചോദ്യം ഇവിടെ സ്വാഭാവികമായി ഉണ്ടാകാം. പാടില്ലെന്നാണ് എന്റെ പക്ഷം. ഇതരവിഷയങ്ങളിൽ ഗവേഷണം നടത്തുവാൻ വേറെ പരിഷത്തുകൾ നമുക്കു് ഇല്ലല്ലൊ. സാഹിത്യഗവേഷണംകൊണ്ട് അന്യവിഷയഗവേഷണങ്ങളും അന്യവിഷയഗവേഷണങ്ങൾകൊണ്ടു് സാഹിത്യഗവേഷണവും പരിപുഷ്ടിയെ പ്രാപിക്കുന്നതാണെന്നുള്ള വസ്തുതയും നാം ഇവിടെ സ്മരിക്കേണ്ടതുണ്ടു്.


കേരളത്തിന്റെ പുരാവൃത്തത്തെ മൗലികമായി സ്പര്‍ശിക്കുന്ന പല പ്രധാനപ്രശ്നങ്ങളും ഇന്നും വിവാദത്തിനു വിഷയീഭവിക്കുക തന്നെയാണു് ചെയ്യുന്നത്. അവയെപ്പറ്റിയുള്ള അഭ്യൂഹപരമ്പര ഒന്നും ഇനിയും തദ്വിഷയകമായ വാദത്തെ സിദ്ധാന്തപദവിയിൽ എത്തിച്ചിട്ടുണ്ടെന്നു പറയുവാൻ നിർവ്വാഹമില്ല. അത്തരത്തിലുള്ള ചില പ്രശ്നങ്ങളുടെ നാമഗ്രഹണത്തിനു മാത്രമേ എനിക്കു് ഇവിടെ സമയമുള്ളൂ.


ഇതാ കേൾക്കുവിൻ പത്തുപതിന്നാലു ചോദ്യങ്ങൾ. (1) മരുമക്കത്തായം കേരളത്തിൽ അനുസ്യൂതമായി ഇത്രകാലം നിലനിന്നു പോരുവാനുള്ള കാരണങ്ങൾ എന്തെല്ലാം? ആ ദായക്രമത്തിന്റെ ഉൽപത്തി തന്നെ എങ്ങനെ? (2) തീയർ കേരളത്തിലെ ആദിമനിവാസികളോ സിംഹളദ്വീപിൽനിന്നുവന്നു് ഇവിടെ കുടിയേറി പാർത്തവരോ? (3) 'നായർ' എന്ന പദത്തിന്റെ ഉൽപത്തി 'നാഗ'ശബ്ദത്തിൽനിന്നോ 'നായക'ശബ്ദത്തിൽനിന്നോ? (4) സെന്റ് തോമസ്സ് കേരളത്തിൽ വന്നിട്ടുണ്ടോ? (5) കാനായിൽ തൊമ്മനു ലഭിച്ചതും മാർജേക്കബ്ബ് ക്രി: പി: 1543-ൽ പണയംവച്ചതുമായ ചെപ്പേടു് ഇപ്പോൾ യൂറോപ്പിൽ എവിടെയെങ്കിലുമുണ്ടോ? (6) നമ്പൂതിരിമാർ എതുകാലത്താണ് കേരളത്തിൽ വന്നതു്? (7) ചീനം, അറബി, പോത്തുഗൽ, ലന്ത ഈ രാജ്യങ്ങളും കേരളവുമായുള്ള സംസ്കാരസമ്പര്‍ക്കംനിമിത്തം ഇവ ഓരോന്നിനും ഉണ്ടായിട്ടുള്ള പരിഷ്കാരത്തിന്റെ സ്വഭാവമെന്ത്? (8) പെരുമാക്കന്മാർ വെളിയിൽനിന്നു ക്ലിപ്തുകാലത്തേയ്ക്കു രാജ്യഭാരത്തിനായി അപ്പോഴപ്പോൾ കേരളത്തിൽ കൊണ്ടുവരപ്പെട്ടവരൊ, പാരമ്പര്യക്രമത്തിനു് ഇവിടെ രാജ്യഭാരം ചെയ്തവരൊ? (9) കേരളത്തിലെ ശില്പകലയ്ക്ക് എത്രമാത്രം വ്യക്തിത്വമുണ്ടു്? (10) കേരളത്തിൽ ബൗദ്ധമതത്തിനും ജൈനമതത്തിനും എത്രകണ്ടു പ്രചാരമുണ്ടായിരുന്നു? (11) കേരള ത്തിൽ ഭഗവതിസേവയ്ക്കു് ഇത്രമാത്രം പ്രാധാന്യം വരുവാനുള്ള കാരണമെന്ത്? (12) ശാസ്താവിനും ബുദ്ധനുമായി വല്ല ബന്ധവുമുണ്ടോ? (13) കൊല്ലവര്‍ഷത്തിന്റെ പ്രതിഷ്ഠാപനത്തിനുള്ള കാരണങ്ങൾ ഏവ? (14) ആദിശങ്കരാചാര്യരുടെ കാലമേത്? അദ്ദേഹം എവിടെവെച്ചാണു് സ്വഗ്ഗാരോഹണം ചെയ്തതു്? ഈ ചോദ്യങ്ങൾക്ക് ഉത്തരം മുന്നൊ മണിക്കൂറുകൊണ്ടെഴുതാൻ യാതൊരു പണ്ഡിതനും സാദ്ധ്യമല്ലല്ലൊ.


ഒരു കാലത്തു സ്ഥാപിതങ്ങളെന്നു നാം വിശ്വസിച്ചിരുന്ന പല പ്രമേയങ്ങളും ഉപരിഗവേഷണത്തിന്റെ ഫലമായി പില്ക്കാലത്തു സംശയഗ്രസ്തങ്ങളായും കേവലം അബദ്ധങ്ങളായും തീരുമെന്നുള്ളതിനു് ഒന്നുരണ്ടുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. മഹാകവി അശ്വതിതിരുനാൾ ഇളയതമ്പുരാൻ കൊല്ലം 964-ാമാണ്ടു് നാടുനീങ്ങിയതായാണു് ഇന്നുവരെ ദേശചരിത്രകാരന്മാരും സാഹിത്യചരിത്രകാരന്മാരും പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പഴയ ഓലറിക്കാർട്ടുകളിൽ അവിടുന്നു "969 മാകഴിമാസം 26-ാംനു- വായുവിന്റെ ആലസ്യമായി നാടുനീങ്ങി" എന്നു രേഖപ്പെടുത്തീട്ടുണ്ട്; അതുവരെ കൊല്ലംതോറും കര്‍ക്കടകമാസത്തിൽ അശ്വ തിനക്ഷത്രത്തിൽ അവിടുത്തെ ആട്ടത്തിരുനാൾ ആഘോഷിക്കപ്പെട്ടും കാണുന്നു. 963 മകരം 18-ാ൦നു- മകയിരംതിരുനാൾ രവിവർമ്മതമ്പുരാൻ തീപ്പെട്ടപ്പോൾ നമ്മുടെ മഹാകവി ഇളയതമ്പുരാനാകുകയും, തദനന്തരം ഏകദേശം ആറുവഷത്തോളംകാലം ആ മഹനീയമായ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. ഇനി മറ്റൊരു ഉദാഹരണമാകട്ടെ. ഉണ്ണിക്കേരളവര്‍മ്മാ എന്നൊരു രാജാവു കൊല്ലം 893 മുതൽ 899 വരെ വേണാടു പാലിച്ചിരുന്നതായി ദേശചരിത്രകാരന്മാർ പറയുന്നുണ്ടു്. എന്നാൽ അദ്ദേഹം ദേശിങ്ങനാട് (കൊല്ലം) ഭരിച്ചിരുന്ന ഒരു രാജാവായിരുന്നുവെന്നും, ആ കാലത്തു ചിറവാമൂപ്പുകൈക്കൊണ്ടു വേണാടു രക്ഷിച്ചിരുന്നത് ആദിത്യവർമ്മമഹാരാജാവാണെന്നുമുള്ളതിനു തെളിവുണ്ടു്. കൊല്ലം 894 മാശിമാസം 30-ാംനുയ്ക്കകം അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചില പ്രായശ്ചിത്തങ്ങൾ ചെയ്യാമെന്ന് ഏല്ക്കുകയും അതു സാധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ അനന്തരഗാമിയായി 896 പങ്കുനിമാസം 1-ാംനു- രാജ്യഭാരം ആരംഭിച്ച രാമവർമ്മമഹാരാജാവു്- വീരമാർത്താണ്ഡവമ്മമഹാരാജാവിന്റെ അമ്മാമൻ- ആ കൊല്ലം ചിത്തിരമാസം 14-ാംനൂ ആ പ്രായശ്ചിത്തങ്ങൾ നടത്തുകയും ചെയ്തതായി മതിലകത്ത് ഓലപ്രമാണങ്ങൾ ഉണ്ട്. ആദിത്യവര്‍മ്മാ, ഉണ്ണിക്കേരളവര്‍മ്മാ ഈ രണ്ടു രാജാക്കന്മാരും 894-ൽ തിരുവനന്തപുരത്തു സന്ധിച്ചു എന്നും വേറെ ചില ഓലകളിൽനിന്നും അറിവാകുന്നു. രാമവര്‍മ്മമഹാരാജാവു രാജ്യഭാരം ആരംഭിച്ചത് 899-ൽ ആണെന്നു ചരിത്രകാരന്മാർ പ്രസ്താവിക്കുന്നതു തെറ്റാണെന്നു് ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. വാല്‌മീകിരാമായണം കിളിപ്പാട്ട് മുതലായ കാവ്യങ്ങളുടെ പ്രണേതാവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ 871 ആടിമാസം 22-ാ൦- നാടുനീങ്ങിയെന്നും അദ്ദേഹത്തിന്റെ അപരക്രിയചെയ്തതു് ഈ ആദിത്യവര്‍മ്മതന്നെയായിരിക്കണമെന്നുംകൂടി ഇവിടെ വക്തവ്യമാണു്.


ഇനി ചരിത്രപരമായ ഗവേഷണത്തിന്റെ മറ്റൊരു പദ്ധതിയിൽകൂടി നിങ്ങളെ സ്വല്പസമയത്തേയ്ക്കും നയിക്കാം. തിരുവിതാംകൂറിൽ പെരിത്താലി, മാര്‍ത്ത എന്നിങ്ങനെ രണ്ടു രാജ്യങ്ങളെയും, റൂത്തെറ എന്നൊരു തുറമുഖത്തേയുംപറ്റി ഡച്ചുഗ്രന്ഥകാരന്മാരിൽ പലരും പ്രസ്താവിച്ചുകാണുന്നുണ്ട്. നാമസാദൃശ്യംകൊണ്ടു ചില ഗവേഷകന്മാർ പെരിത്താലി പത്തനാപുരം താലൂക്കിൽപെട്ട പട്ടാഴി എന്ന സ്ഥലമാണെന്നു വിശ്വസിച്ചിരുന്നു. എന്നാൽ ഡച്ചുകാരുടെ വിവരണം ഈ സ്ഥലത്തിനു തീരെ യോജിക്കുന്നില്ലെന്നും തിരുവനന്തപുരംഡിവിഷനിൽപെട്ട നെടു മങ്ങാടായിരിക്കണം പെരിത്താലി എന്നും എനിക്കു കാണുവാൻ തീരെ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ ഒരു വൈഷമ്യമുണ്ടു്. നെടുമങ്ങാട് എങ്ങനെ പെരിത്താലിയാകും? എന്തിന്റെ തത്ഭവമാണു് ആ പദം? ഇതിനെപ്പറ്റിയുള്ള അന്വേഷണത്തിൽ ഞാൻ വൃഗ്രനായിരുന്നപ്പോൾ, "പേരകത്താവഴിപ്പാട്ടു്" എന്നൊരു പഴയ വില്ലടിച്ചാൻപാട്ട് എന്റെ മാന്യസുഹൃത്തും ത്രൈമാസികാനുവാചകന്മാര്‍ക്കു സുപരിചിതനുമായ ശ്രീമാൻ ടി. ജി. അച്യുതൻനമ്പൂതിരി എനിക്കു് അയച്ചുതന്നു. ആ പാട്ടു ആരംഭിക്കുന്നതു്,


"അൻപിനൊടു പേരകത്താഴി തന്നിലിമ്പമൊടു-
മഴക നെടുമങ്ങാട്ടുകോയിക്കൽ"


എന്നാണു്. അതുവായിച്ചപ്പോൾ പേരകത്താവഴി (ലോപിച്ചു പേരകത്താഴി) എന്നു നെടുമങ്ങാട്ടു ഭരിച്ചിരുന്ന വേണാട്ടു രാജവംശത്തിനു പണ്ടു പേരുണ്ടായിരുന്നു എന്നും, ആ വംശത്തിന്റെ രാജധാനിയാണു് നെടുമങ്ങാടെന്നും എനിക്കു മനസ്സിലായി. പിന്നീടു മതിലകത്തേയും മറ്റും ഓലറിക്കാർട്ടുകൾ പരിശോധിച്ചപ്പോൾ അവയിലെല്ലാം പേരകത്താവഴി എന്നപേർ തന്നെ കാണുകയും ചെയ്തു. കേരളസൊസൈറ്റി പേപ്പേഴ്‌സിൽ തിരുവിതാംകൂർ മഹാരാജവംശാവലിയെപ്പറ്റി പ്രസിദ്ധപ്പെടുത്തീട്ടുള്ള ഉപന്യാസങ്ങളിൽ കാണുന്ന 'പോകത്താവഴി' തമിഴിൽനിന്നു 'പേരകത്താവഴി' മലയാളത്തിലേയ്ക്കും പകർത്തിയപ്പോൾ പറ്റിയ ലേഖകപ്രമാദത്തിന്റെ ഫലമാണു്; തമിഴിൽ 'പേര' 'പോ' ഈ ലിപികൾക്കു തമ്മിലുള്ള വ്യത്യാസം അത്രമാത്രം ലഘുവാണല്ലൊ. ഈ വിഷയത്തെപ്പറ്റി ഞാൻ കൊച്ചി ശ്രീരാമവര്‍മ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജേർണലിൽ ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.


'മാത്ത' മരുതൂർകുളങ്ങായാണെന്നു വളരെക്കാലം ചരിത്രകാരന്മാർ ഊഹിച്ചിരുന്നു. മരുതൂർകുളങ്ങര ഒരു ഗ്രാമത്തിന്റെ പേരാണു്; രാജ്യത്തിന്റേതല്ല. ആ വിഷയത്തെപ്പറ്റി ഞാൻ ഗവേഷണം ചെയ്തുകൊണ്ടിരുന്നപ്പോളാണു “കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ഓണാട്ടുകരയുൾപ്പെട്ട പ്രദേശങ്ങളിൽ ചിറവായ്‍ക്കൂറായുള്ളതു കായങ്കുളത്തേയ്ക്കും, മാടത്തിൻകൂറായുള്ളതു തൃപ്പാപ്പൂർ സ്വരൂപത്തേയ്ക്കും അടങ്ങിയിരുന്നു' എന്നു മതിലകം ഗ്രന്ഥവരിയിൽ കണ്ടതു " മാടത്തിൻകൂർ രാജ്യത്തെപ്പറ്റി ഓണാട്ടുകരക്കാരായ പഴമക്കാർ പറഞ്ഞുകേൾവിയുണ്ടായിരുന്നു. മാടത്തിൻകൂർ സങ്കോചം പ്രാപിച്ചു 'മാര്‍ത്ത'യായതാണെന്നു കണ്ടുപിടിക്കുവാൻ പിന്നീടു യാതൊരു പ്രയാസവുമുണ്ടായില്ല. ഗാലെറ്റി അദ്ദേഹത്തിന്റെ 'Dutch Records in Malabar' എന്ന പുസ്തകത്തിൽ മാടത്തിൻകൂറിൽ നിന്നാണ് മാത്തയുടെ ഉൽപത്തിയെന്നു ചൂണ്ടിക്കാണി ച്ചിട്ടുണ്ട്.


റൂത്തെറ എന്നാ തുറമുഖം പൂന്തുറയോ, വലിയ തുറയോ, പെരുമാതുറയോ എന്നുള്ളതിനെപ്പറ്റിയും ഗവേഷകന്മാർക്കു സംശയമുണ്ടായിരുന്നു. ഡച്ചുകാർ നിർദ്ദേശിക്കുന്ന സ്ഥലം വലിയതുറ (തിരുവനന്തപുരത്തിന്റെ തുറമുഖം) ആണെന്നു കാണുവാൻ ബുദ്ധിമുട്ടില്ല. എന്നാൽ വലിയ തുറ എങ്ങനെ റൂത്തറയായിത്തീരും? ഇതിനെപ്പറ്റി നിപുണമായി ചിന്തിച്ചുകൊണ്ടിരുന്ന അവസരത്തിൽ ഒരിക്കൽ വലിയതുറയിലെ ചില വൃദ്ധന്മാരായ ലത്തീൻ കത്തോലിക്ക ക്രിസ്ത്യാനികളെ കണ്ടുമുട്ടുന്നതിനും, അവരുടെ മുഖത്തുനിന്നു ആ സ്ഥലത്തിനു 'രായതുറ' (രാജതുറ) എന്നു കേൾക്കുന്നതിനു ഇടവരികയും ചെയ്തു. രായതുറ റാത്തുറയാകുന്നതും പിന്നീടു റാത്തുറ വര്‍ണ്ണവിപര്യയം മൂലം (റൂത്തറ) റൂത്തെറയാകുന്നതും അസ്വാഭാവികമല്ലല്ലൊ. വിഴിഞ്ഞവും തദനന്തരം വലിയതുറയും തിരുവിതാംകൂറിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാരസ്ഥലങ്ങളായിരുന്നു; മൂന്നാമത്തേതാണ് അഞ്ചുതെങ്ങ്. വിഴിഞ്ഞത്തിനു വിദേശീയവണിക്കുകൾ നല്കിയ പേർ ബ്രിങ്ങ് ജോൺ (Bring John) എന്നായിരുന്നു.


സ്ഥലനാമങ്ങൾ നിസ്സാരങ്ങളാണെന്നു ആരും കരുതിപ്പോകരുതു്. ഓരോ സ്ഥലത്തിന്റെ പേരും ഓരോ ചരിത്രത്തെ പ്രായേണ ഉൾക്കൊള്ളുന്നതായി കാണാം. നാഞ്ചിനാടിന്റെ പൂവ്വരൂപം നാഞ്ചിൽനാടെന്നാണു്. നാഞ്ചിൽ എന്നാൽ കലപ്പ. നെൽക്കൃഷിക്കു ധാരാളം നിലങ്ങളുള്ളതിനാൽ കലപ്പ സമൃദ്ധമായി വേണ്ട ഒരു പ്രദേശമായതുകൊണ്ട് അതിനു് ആ നാമധേയം സിദ്ധിച്ചു. കുട്ടനാടെന്ന വാക്കിന്റെ അകരുതു ത്ഥം കുളങ്ങളുള്ളതോ (ആഴം) താഴ്ചയുള്ളതോ ആയ നാടെന്നാകുന്നു. പുരയിടം തോറും ചെറിയ കുളങ്ങളുള്ള നാടാണല്ലോ കുട്ടനാടു്; ആ ദേശത്തിനു താഴ്ചയുമുണ്ടു്. ആഴ്‍വാരന്മാരുടെ പാടലുകളിൽ ചെങ്ങന്നൂരിലെ പുലിയൂർക്ഷേത്രം കൂടി കുട്ടനാട്ടിൽ പെട്ടതായി പ്രസ്താവിച്ചുകാണുന്നതു പില്ക്കാലത്ത് ആ നാട്ടിനുണ്ടായ വിസ്തൃതിയുടെ സൂചകമായിരിക്കണം. തോവാളയ്ക്കു സമീപം 'ശീതപ്പാൽ' എന്നൊരു ഗ്രാമമുണ്ടു് ശിലാശാസനങ്ങളിൽനിന്നും ഈ ഗ്രാമത്തിന്റെ പഴയപേർ ശ്രീപത്മനാഭനല്ലൂർ എന്നായിരുന്നു എന്നു വെളിവാകുന്നു. നോക്കുക, ഉച്ചാരണസൌകര്യത്തിനുവേണ്ടി സ്ഥലനാമങ്ങളെ ജനങ്ങൾ എങ്ങനെ സങ്കോചിപ്പിക്കുന്നു എന്നു്. ശീതപ്പാലിനു ശീതത്തോടോ പാലോടോ ഒരു ബന്ധവുമില്ല. ഇതുപോലെ ഇരണിയൽ 'ഹിരണ്യസിംഹനല്ലൂർ' കറുകിയതാണു്. ഹിരണ്യസിംഹനല്ലൂർ കാലാന്തരത്തിൽ ഇരണിയനല്ലൂരും, ഇരണിയനല്ലൂർ ഇരണിയലുമായി. കൊല്ലം 964 വൃശ്ചികം 8-ാംനു-യിലെ ഒരു രേഖയിൽ ഇരണിയനല്ലൂർ എന്നുതന്നെ എഴുതിക്കാണുന്നുണ്ടു്. തിരുവനന്തപുരത്തിനു സമീപമുള്ള വേളിക്കായൽ, വേളീർക്കായൽ രൂപഭേദപ്പെട്ടതാണു വേളീർവംശം ഒരു കാലത്ത്, വേണാട്ടിന്റെ ഏതാനുംഭാഗം രക്ഷിച്ചിരുന്നു; അവരുടെപേർ കായലിന്റെ നാമവുമായി ഘടിപ്പിക്കപ്പെടുന്നതു യുക്തമാണല്ലോ. ചങ്ങനാശേരിയിൽ ഉള്ള പെരുന്ന പെരുനെയ്തലിന്റെ സങ്കുചിതരൂപമാണു്. നെയ്തലെന്നു്, കടലിനോ കായലിനോ സമീപമുള്ള ദേശത്തിനു തമിഴിലും പഴയ മലയാളത്തിലും പേരുണ്ടു്. പെരു' എന്ന ശബ്ദം വലിപ്പത്തെ കാണിക്കുന്നു.


ഇനി സ്ഥലങ്ങളുടെ പേർമാറ്റത്തെപ്പററി സ്വല്പം ഉപന്യസിക്കാം. തോവാളയ്ക്കു പണ്ടു് “അന്തിരപുരമാന സുന്തരചോളനല്ലൂർ" എന്നൊരു പേരുണ്ടായിരുന്നു. അന്തിരപുരം വളരെ പ്രാചീനമായ ഒരു നാമമാണു്. ദ്രാവിഡസാഹിത്യത്തിൽ ഏഴുകടൈ വള്ളലുകളെ-അതായതു് ഒരു കാലഘട്ടത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന ഏഴു ദാനശൗണ്ഡന്മാരായ ഇടപ്രഭുക്കന്മാരെ- പറ്റി പ്രസ്താവിച്ചുകാണുന്നു. അവരിൽ ഒരാളാണു് ആയ് അന്തിരൻ. സുന്ദരചോളൻ മഹാനായ രാജേന്ദ്രചോളന്റെ പുത്രനും, അദ്ദേഹം പിടിച്ചടക്കിയ ദാക്ഷിണാത്യദേശങ്ങൾ പാലിക്കുന്നതിനു് ക്രി: പി: 1019 മുതൽ 1040 വരെ നിയുക്തനായ പ്രതിപുരുഷനും ആയിരുന്നു. ഇതുപോലെ അഗസ്തീശ്വരംതാലൂക്കിൽപെട്ട തേരൂർ എന്ന സ്ഥലത്തിനു 'തേരാന അഴകിയ ചോളനല്ലൂർ' എന്നൊരു പേർ മുൻകാലത്തു പ്രചലിച്ചിരുന്നു. അഴകിയ ചോളനും സുന്ദരചോളനും ഒരാൾതന്നെ. കൊല്ലം 518 മിഥുനം 21-ാം വേണാടു പാലിച്ചിരുന്ന ശ്രീവീരഉദയമാത്താണ്ഡവര്‍മ്മമഹാരാജാവു പഴയ പേരു മാറ്റി ആ സ്ഥലത്തെ തന്റെ നാമധേയവുമായി സംഘടിപ്പി ച്ചു. "ഇവ്വൂരുക്കു ഉദയമാർത്താണ്ഡനല്ലൂർ എൻറുപേരും ഇക്കിണറുക്കു ഉദയമാർത്താണ്ഡൻ എൻറു പേരും കര്‍പ്പിത്തൂ" എന്നു് ഒരു ശിലാരേഖയിൽ കാണ്മാനുണ്ട്. 'കപ്പിത്തു'എന്നാൽ കല്പിച്ചു എന്നര്‍ത്ഥം. ഇനിയും 'ആളൂരാന വിക്രമചോളപാണ്ഡ്യപുരം' എന്നു തെക്കൻതിരുവിതാംകൂറിൽപെട്ട മറ്റൊരു സ്ഥലത്തെപ്പറ്റി ഒരു വിവരണമുണ്ടു്. വിക്രമചോളൻ ക്രി: പി: 1118 മുതൽ 1133 വരെ രാജ്യഭാരം ചെയ്തു. അഗസ്തീശ്വരം താലൂക്കിൽ ചേര്‍ന്ന കോട്ടാർ എന്ന സുപ്രസിദ്ധമായ വാണിജ്യകേന്ദ്രത്തിനു 'കോട്ടാറാന മുമ്മുടിച്ചോളനല്ലൂർ' എന്നൊരു പേർ ക്രി: പി: 1070 മുതൽ 1118 വരെ രാജ്യംഭരിച്ച കുലോത്തുംഗചോളചക്രവർത്തി നല്ലകി. മുമ്മുടിച്ചോളൻ എന്നതു കുലോത്തുംഗചോളന്റെ ഒരു ബിരുദമാണു്. ക്രി: പി: പതിനൊന്നാംശതകംവരെ നെയ്യാറ്റിൻകരതാലൂക്കിൽപെട്ട വിഴിഞ്ഞം, ചേരരാജാക്കന്മാരുടെ അതിപ്രധാനമായ ഒരു നാവികസങ്കേതമായിരുന്നു. ആ സങ്കേതം രാജേന്ദ്രചോള ചക്രവര്‍ത്തി (ക്രി: പി: 1012-1043 രാജ്യഭാരകാലം) അഴിക്കുകയും ആ സ്ഥലത്തിനു വിഴിഞ്ഞമാന രാജേന്ദ്രചോളപട്ടണം എന്ന പേർ സമ്മാനിക്കുകയും ചെയ്തു. ഈ പേരിൽതന്നെ പത്തുമുപ്പതു കൊല്ലങ്ങൾക്കുമുൻപു വരെ വിഴിഞ്ഞം അറിയപ്പെട്ടിരുന്നു. ഇനിയും ക്രി: പി: 1260 മുതൽ അഗസ്തീശ്വരം താലൂക്കിൽചേര്‍ന്ന വടശ്ശേരി എന്ന സ്ഥലത്തിന്റ പേർ അക്കാലത്തു വേണാടു നാടുവാണിരുന്ന ആദിത്യവർമ്മമഹാരാജാവ്, വടശ്ശേരിയാന ആദിത്യവർമ്മ ചതുര്‍വ്വേദിമംഗലം എന്നു ഭേദപ്പെടുത്തിയതായി ഒരു ശിലാശാസനത്തിൽനിന്നു വിശദമാകുന്നുണ്ടു്. ഇങ്ങനെ സ്ഥലങ്ങളുടെ നാമധേയങ്ങൾ നിപുണമായി പരിശോധിച്ചാൽ അവയിൽനിന്നുതന്നെ ഗവേഷകന്മാര്‍ക്കു ധാരാളം പുതിയ ദേശ ചരിത്രസാമഗ്രികൾ കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണു്.


ദേശചരിത്രത്തിൽനിന്നു സാഹിത്യചരിത്രത്തിലേയ്ക്കും കടക്കാം. കുഞ്ചൻനമ്പ്യാരെപ്പറ്റിത്തന്നെ ചില പുതിയ വിവരങ്ങൾ ആദ്യമായി പ്രസ്താവിച്ചുകൊള്ളട്ടെ. തിരുവനന്തപുരത്തു വലിയകൊട്ടാരം റിക്കാർഡുകളിൽനിന്നു് കൊല്ലം 933-ാമാണ്ട് തൈമാസം 5-ാംനു- അമ്പലപ്പുഴ കുഞ്ചൻനമ്പ്യാക്കു് ഒരു "മുകപ്പിൽ ആണിത്തലയ്ക്കൽ ചികപ്പുകൾവച്ച വീരശങ്ങല" കൊടുത്തു എന്നും, ആ “ഉരു ഒന്നിനു് പൊന്നിട കഴഞ്ച് ഒൻപതേമുക്കാൽ" എന്നും അറിയുന്നു. ഈ സംഭാവന വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റേതായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. അവിടുന്നു നാടുനീങ്ങിയതു് 933 മിഥുനം 27-ാ൦നു-യാണു് സമരൈകവ്യവസായനായ ആ തിരുമേനിക്കു് സാഹിത്യവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നു ഗവേഷകന്മാർ വളരെക്കാലം അനുമാനിച്ചിരുന്നതു് അത്യന്തം അബദ്ധമാണെന്നുള്ളതിനു് ഈ സമ്മാനദാനവും ഒരു തെളിവാകുന്നു. "934 പുരട്ടാശി 3-ാംനു-" ആ കവിസാര്‍വഭൗമനു ധര്‍മ്മരാജാവും ഒരു വീരശൃംഖല പാരിതോഷികമായി നല്കി. "വീരശങ്ങല ഉരു ഒന്നുക്കു് ഇട കഴഞ്ച് ഏഴേമുക്കാൽ മഞ്ചാടി ഒന്നു്" എന്നാണു് അതിനെപ്പറ്റിയുള്ള വിവരണം കാണുന്നതു്. നമ്പ്യാർ ഓട്ടൻതുള്ളലുകൾ എപ്പോൾ എഴുതി എന്നു് ഇനി നോക്കാം. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ 918-ാമാണ്ടു് അല്പശിഉത്സവത്തിനു് ശൂരനാട്ടു പൂവാണക്കുറുപ്പിനേയും അമ്പലപ്പുഴതകഴിയിൽ കുഞ്ഞുനാരായണക്കുറുപ്പിനേയും ചാര്‍ത്തിയതായി രേഖയുണ്ടു്. 923-ലെ അല്പശിഉത്സവത്തിനു ശൂരനാടു്, പന്തളം, അയ്യൂർകാവ്, അമ്പലപ്പുഴ, തകഴി, കൈപ്പട്ടൂർ, തലവൂർ എന്നീ സ്ഥലങ്ങളിൽനിന്നു് ഓട്ടൻതുള്ളൽക്കാർ അരങ്ങിനു വന്നിരുന്നു. തുള്ളൽ മൂന്നുമാതിരിയുണ്ടെങ്കിലും അവയ്ക്കു പൊതുപ്പേർ ഓട്ടൻതുള്ളൽ എന്നു തന്നെയാണു് പഴയ രേഖകളിൽ കാണുന്നതു്. ഇത്രവളരെ പ്രദേശങ്ങളിൽ ഈ വിദ്യയ്ക്കു പ്രചാരം വരണമെങ്കിൽ 915-ാമാണ്ടോടടുപ്പിച്ചെങ്കിലും നമ്പ്യാർ തുള്ളൽക്കഥകൾ രചിച്ചിരിക്കണം എന്നു് അനുമാനിക്കുവാൻ ന്യായമുണ്ട്. 922-ൽ "കുഞ്ഞൻനമ്പിയാരുടെ കൂട നിന്ന മിതുനപ്പള്ളിവീട്ടിൽ കുഞ്ചുമാതിറ്റിക്കു ടി. ആണ്ടൊന്നുക്കു നെല്ല് 12 പറ" പാല്ക്കുളങ്ങര അധികാരത്തിൽനിന്നു ചിലവുവന്നതായി കാണുന്നതിൽ നിന്നു് ആ ആണ്ടിനുമുൻപുതന്നെ നമ്മുടെ മഹാകവി മാർത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ആശ്രിതനായി തിരുവനന്തപുരത്തു താമസം തുടങ്ങിയിരുന്നുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. 929-ാമാണ്ടുമാത്രമാണ് അമ്പലപ്പുഴ വേണാട്ടിൽ ലയിച്ചതു്. 954-ാമാണ്ടു് ചിങ്ങം 9-ാംനു തിരുവനന്തപുരത്തു നമ്പ്യാർമഠം തളി കാളി ഉടമ പറ്റിയതായി കണക്കിൽ കാണുന്നു. 959-ൽ ദാമോദരൻനമ്പ്യാർ എന്ന പണ്ഡിതൻ രാമവർമ്മ മഹാരാജാവിന്റെ എഴുന്നള്ളത്തിൽ അവിടുത്തെ അനുയാത്രചെയ്തതായി ഞാൻ പരിഷത്ത്രൈമാസികത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഉപന്യാസത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നമ്പ്യാർക്കു രാജസമ്മാനമായി ഒരു മഠം കിട്ടി എന്നു സങ്കല്പിക്കുന്നതിൽ അസാംഗത്യം കാണുന്നില്ല.


ഒരു ഗ്രന്ഥം അച്ചടിച്ചു കഴിഞ്ഞുവല്ലൊ എന്നു വിചാരിച്ച് അതിൻറെ താളിയോലപ്രതികൾ നിഷ്പ്രയോജനങ്ങളാണെന്നു കരുതരുതു്. ഉദാഹരണമായി രാമചരിതത്തിൽനിന്നുതന്നെ ഒരു ഭാഗം ഉദ്ധരിക്കാം. രാമചരിതത്തിലെ ഭാഷ പഴയ മലയാളമല്ലെന്നും അതു് ഒരു വക നാടോടിത്തമിഴാണെന്നും പറയുന്ന പണ്ഡിതന്മാർ പഴയ മലയാളത്തിനും തമിഴിനും തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി ധരിച്ചിട്ടില്ലാത്തവരാണെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു.


"ഇവിടെയിക്കാലം നിങ്ങളെപ്പുരി നിൻറു വൻറു-
തവിടവുമെനക്കുച്ചൊല്ലീടാരുടെ തനയരെൻറും
അവനിനായകനു മൈന്തനാകിന തേവതേവ-
നവളിതു വിചാരിക്കക്കേട്ടനന്തരം ചിരിത്തുരത്താൻ."


ഇതു രാമചരിതം നൂറ്റിരുപത്തൊൻപതാംപടലത്തിലുള്ള ഒരു പാട്ടാണു്. ഇതിൽ ഇവിടെ, അവനിനായകനു്, വൻറുത് ഈ വാക്കുകൾ തമിഴല്ല; പഴയ മലയാളമാണു്. കണിയാർകുളംപോർ മുതലായ വില്ലടിച്ചാൻ പാട്ടുകളിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ കാണുകയി ല്ല. വൻറുതു് എന്നാ രൂപം പ്രത്യേകിച്ചും പരിശോധിക്കേണ്ടതാണു്. തമിഴിൽ 'വന്തു' എന്നേ വരൂ. 'വന്തു' മലയാളത്തിൽ 'വന്നു'വായി മാറിയതിനുമേൽ കവികൾ പാട്ടുകളിൽ ദ്രാവിഡച്ഛായ കലത്തുവാൻ വേണ്ടി സൃഷ്ടിച്ച രൂപാന്തരമാണു് വൻറു എന്നുള്ളതു്. തമിഴിലെ 'എൻറു' മലയാളത്തിൽ എന്നു എന്നാകും. പഴയ പാട്ടുകളിൽ എൻറു തന്നെ പ്രയോഗിച്ചിട്ടുള്ളതായും കാണും. എന്നാൽ ആ വഴിപിടിച്ചു 'വന്തു' വൻറു ആക്കുന്നത് ഒരു വലിയ സാഹസമാണു്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ രാമചരിതം, ഉണ്ണുനീലിസന്ദേശം, നിരണംകൃതികൾ ഇവയിൽ സുലഭങ്ങളാണു്. അക്കാര്യം പോകട്ടെ. തിരുവിതാങ്കൂർ ക്യൂറേറ്റർ ആപ്പീസിൽനിന്നു പ്രകാശനംചെയ്ത രാമചരിതത്തിൽ നൂറ്റിമുപ്പത്തൊന്നാംപാട്ടിൽ "വൃത്തലക്ഷണപ്പിഴകളും അര്‍ത്ഥച്ചേച്ചയില്ലായ്മയും” കണ്ടതുകൊണ്ടു പ്രകടനാധികൃതന്മാർ അതിനെ "താഴെ കാണുന്നപ്രകാരത്തിൽ തിരുത്തിയാൽ ശരിയാകുമെന്നു തോന്നുന്നു” എന്നുള്ള മുഖവുരയോടുകൂടി ഇങ്ങനെ ഭേദപ്പെടുത്തി:-


"അണയ്ന്തവളമ്മന്നനൊടിവണ്ണമറിയിത്താൾ
അണങ്കുമവനന്തകനിരാവണനുടേ പിൻ
പിറന്ന തയ്യൽ ചൂര്‍പ്പണക ഞാനെമ്പതും നിങ്ങൾ
പിണക്കമതു നമ്മിലരുതെന്നുമറിയേണ്ടും.
പിണങ്കുമവളീനാങ്കകകണതചചരിയ-
പ്പിയ്ചെഴുന്നു പിണങ്കളുതിരം പെരിയ വായെ-
പ്പിളര്‍ന്നു മേന്മേൽ പിഴയ്ക്കുമെന്നും വാതെഴുകിൽ വാണാൾ-
ക്കിതം കുറയുമതുചെയ്തുമെന്നുമിരുവീര്‍ക്കും"


ഈ പാഠം ഗ്രന്ഥത്തിൽ കണ്ട പാഠത്തെപ്പോലെതന്നെ സ്ഖലിതജടിലമാണു്. ഇതിൽ ഏതുകയില്ല; മോനയില്ല; "വൃത്തലക്ഷണപ്പിഴയും അര്‍ത്ഥച്ചേര്‍ച്ചയില്ലായ്മ്മയും" ധാരാളമായുണ്ടുതാനും. കൈവശമുള്ള ആദശഗ്രന്ഥത്തിന്റെ അവലംബത്തോടുകൂടി ഈ പാട്ടിന്റെ ശരിയായ പാഠമെന്തെന്നു നിങ്ങളെച്ചൊല്ലിക്കേൾപ്പിക്കാം:-


"അണൈന്തവളമ്മന്നനൊടിവണ്ണമുരചെയ്താ-
ളനങ്കകണതച്ചരിയ പിച്ചെഴുന്നനേകം
പിണങ്കളുതിരും പെരിയ വാ തുറന്നു ചാല-
'പ്പിഴയ്ക്കു മന്നാവാ! നിനവിതൊന്നറിയവേണ്ടും;
പിണങ്കുമവരന്തകനിരാവണനവൻപിൻ
പിറന്നതയ്യൽ ചൂര്‍പ്പണക ഞാനെന്നൊടു നിങ്ങൾ-
ക്കിണങ്കുമതു നന്നില; യല്ലാതൊഴികിൽ വാണാൾ-
ക്കിതംകുറയു,മേതുചെയ്തുമെൻറുമിരുവീരും."


അവൾ (അണഞ്ഞു) സമീപിച്ച് (മന്നനോടു്) ശ്രീരാമനോടു പറഞ്ഞു. (അനങ്കകണ= അനംഗന്റെ കണ. തച്ചു്) കാമബാണത്തിന്റെ പ്രഹരമേറ്റു് അസാധാരണമായ കാമഭ്രാന്തു് (എഴുന്നു്) പൊങ്ങി, പല ശവങ്ങൾ ഉതിരുന്ന വലിയ വാപൊളിച്ചാണ് അവൾ നിലകൊണ്ടതു്. പറഞ്ഞു ആ രാക്ഷസി. 'പിഴചെയ്യുന്ന രാജാവേ! അങ്ങ് ഈ സന്ദേശം ഒന്നറിയേണ്ടതുണ്ടു്. പിണങ്ങുന്നവര്‍ക്കു് അന്തകനായ രാവണന്റെ കനിഷ്ഠസഹോദരിയായ ശൂര്‍പ്പണഖയാണ് ഞാൻ; എന്നോട് ഇണങ്ങുന്ന താണു് നിങ്ങൾക്കു നല്ല നില; അല്ലാതെ ഒഴിയുകയാണെങ്കിൽ നിങ്ങളുടെ (വാണാൾ) ആയുസ്സിനു ഹിതം കുറയും. (നിങ്ങൾ ക്ഷണത്തിൽ മരിക്കുമെന്നര്‍ത്ഥം.) ഏതുകാര്യംചെയ്തിട്ടും നിങ്ങൾ ദീഘായുസ്സുകളായിരിക്കുവിൻ.” ഇതാണ് മേലുദ്ധരിച്ച പാട്ടിന്റെ അര്‍ത്ഥം. ഈ പാഠം ഞാൻ കണ്ടുപിടിച്ചത് ആദര്‍ശഗ്രന്ഥത്തിന്റെ അനുഗ്രഹംകൊണ്ടല്ലേ?


ഈ വസ്തുത ഉണ്ണുനീലിസന്ദേശത്തിൽനിന്നുകൂടി ഒന്നുരണ്ടുദാഹരണങ്ങൾ ഉദ്ധരിച്ചു വിശദീകരിക്കാം.


"അപ്പോൾ നീ ചെൻറനുപമഗുണാമല്പസംബദ്ധമധ്യാം
തൃപ്പാപ്പൂർവാണവനിമദനാ! തീവ്രശോകാഭിരാമാം
കോപ്പാര്‍ന്നീടും കുചഭരനതാം ചേൽപൊരുങ്കണ്ണിയെക്ക-
ണ്ടപ്പൂമാതോടഴകിലറിയിപ്പിപ്പുതിവ്വണ്ണമെല്ലാം”


എന്നു് ഉണ്ണുനീലിസന്ദേശത്തിൽ ഒരു ശ്ലോകമുണ്ട്. ഇതിൽ 'കോപ്പാര്‍ന്നീടും' എന്ന പദം തെറ്റാണെന്നു കണ്ടുപിടിക്കുവാൻ വലിയ പ്രയാസമൊന്നുമില്ല. കട്ടെന്നതിനു പട്ടെന്നതേ പ്രാസമാകൂ എന്നും പാട്ടെന്നതു് ആകകയില്ലെന്നും ലീലാതിലകത്തിൽ തന്നെ വിധിയുണ്ട്. അപ്പോൾ ഒന്നാം പാദത്തിലെ 'അപ്പോളി'നു മൂന്നാംപദത്തിൽ കോപ്പാര്‍ന്നീടും എന്നായിരിക്കുകയില്ല, പ്രാസദീക്ഷയുള്ള ഒരു മഹാകവിയുടെ പ്രയോഗം എന്നു നമു ക്കു് ഊഹിക്കാം. എന്റെ കൈവശമുള്ള ഗ്രന്ഥത്തിൽ താഴേകാണുന്ന പാഠമാണു് പ്രസ്തുത ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധം.


"ചെപ്പാര്‍ന്നീടും കുചഭരനതാം ചേൽചൊരുങ്കുണ്ണിയെക്ക-
ണ്ടപ്പൂമാതോടഴകിലരുളിച്ചെയ്‍വുതിവ്വണ്ണമെല്ലാം."


ആര്‍ന്ന എന്നാൽ ഒത്ത എന്നര്‍ത്ഥം; ചെപ്പുപോലെയുള്ള എന്നു കവിവിവക്ഷ. "ചെയ്‍വുതിവ്വണ്ണമെല്ലാം" എന്ന പാഠത്തിനു് അനുപ്രാസഭംഗിയുമുണ്ടു്.


ഈ ശ്ലോകത്തിൽ കാണുന്ന പാഠഭേദങ്ങൾ നിസ്സാരങ്ങളാണു്. മറ്റൊരു ശ്ലോകം മുദ്രിതപുസ്തകത്തിൽനിന്ന് ഉദ്ധരിക്കാം.


"മാറ്റേറും നല്ക്കനകകലശം വെൻറ പോർകൊങ്കതാങ്ങി-
ക്കാറ്റോടാടും നളിനമിഴിയാൾ പോന്നു നിന്മുമ്പിൽവന്നു്
കോൽത്തേനോലും മൊഴി ചെറുതുരച്ചെന്ന കൂട്ടെത്തിനിന്നെ-
പ്പോറ്റീ! വൈകിച്ചരുളുകിലെനിക്കൊട്ടു വല്ലായ്മചാല."


ഇതിലെ ഉത്തരാഭാത്തിന്റെ സുബദ്ധമായ പാഠം താഴെക്കാണുന്നതാണു്.


"കോറ്റേൻവെല്ലുംമൊഴി ചെറുകരച്ചേര്‍ന്ന കുട്ടത്തി നിന്നെ
പ്പോറ്റീ വൈകിച്ചരുളുകിലെനിക്കൊട്ടു വല്ലായ്മയുണ്ടു്."


ഈ പാഠം ഞാൻ എന്റെ ശിവവിലാസം എന്ന ഉപന്യാസത്തിൽ പ്രസംഗവശാൽ എടുത്തുകാണിച്ചിട്ടുണ്ട്. ഈ കുട്ടത്തിയാണു് ശിവവിലാസത്തിൽ പ്രസ്തുതനായ കായംകുളം കേരളവർമ്മരാജാവിന്റെ പത്നി. കട്ടത്തി സംസ്കൃതീകരിച്ചപ്പോൾ ഗുപ്തസ്ത്രീയായി. “കുടിലദൃഗഥ ഗുപ്തസ്ത്രീതി നാമ്‌നാ പ്രസിദ്ധാ" എന്നു ദാമോദരച്ചാക്കിയാർ മേല്പടി കാവ്യത്തിൽ ആ സ്ത്രീരത്നത്തെ വര്‍ണ്ണിക്കുന്നു. അവരുടെ പുത്രിയാണ് ചെറുകര ഉണ്ണിയാടി. തിരുവനന്തപുരത്തു രാജകീയമഹാപാഠശാലയിൽ സംസ്കൃതാദ്ധ്യാപകനായ വിദ്യാഭൂഷണൻ വെങ്കട്ടരാമശര്‍മ്മ കുറെക്കൊല്ലങ്ങൾക്കുമുൻപു വാലും തലയുമില്ലാത്ത ഏഴു താളിയോലകൾ ഒരു ഗ്രന്ഥപ്പുരയിൽനിന്നു കണ്ടെടുത്തു. ആ ഓലകളാണു് ഞാൻ നിങ്ങളെ ഈ സദസ്സിൽ ഇതാ കാണിക്കുന്നത്. ഏഴേ ഏഴു് ഓലകൾമാത്രം. എന്റെ പ്രിയസുഹൃത്തും പണ്ഡിതവരേണ്യനുമായ ശ്രീമാൻ ഈ. വി. രാമൻനമ്പൂതിരി ഈ ഓലകൾ പരിശോധിച്ച് ഒരു പ്രൌഢഗംഭീരമായ ഉപന്യാസം 1112 ചിങ്ങം 30-ാംഌ-യിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ശിവവിലാസത്തെപ്പറ്റി ഉപന്യാസമെഴുതിയകാലത്ത് എനിക്കുണ്ടായിരുന്ന ചില സംശയങ്ങളെ പാടേ പരിഹരിക്കുന്നതിന് ഈ ഓലകൾ തികച്ചും പര്യപ്തങ്ങളായിട്ടുണ്ട്. ഇവയിൽ അടങ്ങീട്ടുള്ളതു്, ശിവവിലാസത്തിന്റെ നിമ്മാതാവായ ദാമോദരച്ചാക്കിയാർ തന്നെ ക്രി: പി: പതിന്നാലാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ രചിച്ചിട്ടുള്ള മനോഹരമായ ഒരു ഭാഷാചമ്പുവിന്റെ ഒരു ഭാഗമാണ്. ശിവവിലാസത്തിലെ നായികയായ ഉണ്ണിയാടിയെ ഇതിലും,


"ചെറുകലശവിലാസംചേര്‍ന്ന മാലസ്തനാഢ്യം
നിറുകയിൽ വനിതാനാം ന്യസ്തപാദാരവിന്ദം
ചെറുകരനിലയും ചേര്‍ന്നീടുമെന്നുണ്ണിയാടീ
*               *               *               *               *
ഇളമുലയിണ ചീര്‍ത്തിട്ടാകുലാലോലമധ്യം
തളിരൊളിപെറുമംഗം താവകം വെൽവുതാക


വികാസിപത്മപ്രതിമാനനേത്രേ!
ന കേവലം നിൻവദനേന്ദുരേവ
വിലാസമീടും പുകഴുണ്ണിയാടീ!
കലാസമഗ്രാ നിയമേന നീയും."


എന്നീപദ്യങ്ങളിൽ കവി സ്മരിച്ചിട്ടുണ്ട്.


താരാപതിലംചേര്‍ന്ന ചാരുകോടീരഭാസുരം
താരാലതിതരാം ചാര്‍ത്തി വാരാളും കബരീഭരം;
കാമൻതൻമേനി നീറ്റിൻറെ തീ മിന്നും നിടിലേക്ഷണം
മരോന്മേഷമിയറ്റിൻറ ചാരുഫാലവിശേഷകം


കുരാൽനിറമിയന്റേറെ നിരാകുലവിലോചനം
മെരിണ്ടുചാല നീളം ചേർന്നിരുണ്ട നയനാംബുജം."


ഇത്യാദി മനോഹരങ്ങളായ അനേകും പദ്യങ്ങൾ ഈ കൃതിയിലുള്ളവയാണു്. ഈ ചമ്പുവിന്റെ ബാക്കി ഏടുകൾകൂടി കിട്ടുവാൻ ചെയ്യുന്ന പരിശ്രമം പാവേലയാണെന്നു് ഏതു സഹൃദയൻ -ഏതു ഭാഷാഭിമാനി ഏതു മനുഷ്യഹൃദയമുള്ള കേരളീയൻ -ജല്പിക്കും? ഇത്തരത്തിൽ അനുഷ്ടുഭവൃത്തത്തിലുള്ള പുളകോൽപാദകങ്ങളായ പഴയ ഭാഷാശ്ലോകങ്ങൾ ഞാൻ വേറെയും കണ്ടിട്ടുണ്ടു്. താഴെക്കാണുന്ന പദ്യങ്ങൾ ഒരു വാസവദത്താവര്‍ണ്ണനത്തിൽ ഉൾപ്പെട്ടവയാണു്.


"നീർകൊണ്ട് നീലജീമൂതം വെരുളും കുരുൾമാലയും,
ഏറ്റ തിങ്കളുടേ കീറ്റു തോറ്റിയങ്ങിന നെറ്റിയും,
മുരിക്കിൻമലർ തൻ കാന്തി ഭരിക്കുന്നധരോഷ്ഠവും,
പർവ്വചന്ദ്രനു പോരുന്ന ഗര്‍വ്വൊഴിച്ച മുഖാംബുജം
ഇണ്ടമാലകണക്കേപോയ് നീണ്ടുരുണ്ട ഭുജദ്വയം"


ഇത്യാദി.


"ഘോരത തടവിന സൂകരപംക്തിക-
ളൂറാങ്കോലും തേറ്റയിലാക്കി
കുത്തിയകത്തു തകർത്തുപൊടിച്ചു.”


എന്നൊരു ഭാഗം പ്രകാശിതമായ ഭാഷാനൈഷധചമ്പുവിലുണ്ടു്. ഊറയിടുക എന്നതിനു മയംവരുത്തുക എന്നര്‍ത്ഥമുണ്ടെന്നും, അതുകൊണ്ടു് ഊറാംകോലും എന്നാൽ മിനുസമുള്ള എന്നായിരിക്കും കവിയുടെ ആശയമെന്നും, പ്രാഞ്ജലിവ്യാഖ്യാനത്തിൽ ശ്രീമാൻ പാട്ടത്തിൽ പത്മനാഭമേനോൻ ഊഹിച്ചതു് ആദര്‍ശഗ്രന്ഥങ്ങളുടെ അലബ്‌ധിനിമിത്തം മാത്രമാണു്. പിന്നീടു ഞാൻ കണ്ടെത്തിയ താളിയോലഗ്രന്ഥത്തിൽ ഊറ്റങ്കോലും' എന്ന പാഠമാണ് കാണുന്നതു് എന്നു ഞാൻ പരിഷത്ത്രൈമാസികത്തിൽ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. മാലപോലെയുള്ള അര്‍ത്ഥഗ്രഹണവിഘ്നം എത്ര ക്ഷണത്തിൽ അന്തര്‍ദ്ധാനംചെയ്തു!


അബദ്ധങ്ങളായ പാഠങ്ങൾ സുബദ്ധങ്ങളാക്കേണ്ടതുസംബന്ധിച്ചു മറ്റൊരു ദൃഷ്ടാന്തംകൂടി എടുത്തു കാണിക്കാം. കൃഷ്ണഗാഥയിൽ ഗോവർദ്ധനയാഗഘട്ടത്തിൽ,


"ഗോവര്‍ദ്ധനത്തോടു യാചിച്ചു നില്പിതി-
ങ്ങാപത്തെപ്പോക്കുവാൻ നിങ്ങളെല്ലാം.
വാനവർനായകൻ തന്നുടേ പൂജയേ
മാനിച്ചുകൊണ്ടതിവൻ താനല്ലോ.
ഇണ്ടലെപ്പോക്കീട്ടു പാലിച്ചുകൊള്ളും താൻ;
കണ്ഠത്തെയാണ്ടവൻ പിണ്ടത്തിന്നും.'’


എന്നാണു ശ്രീമാൻ കെ. ഗോവിന്ദപ്പണിക്കർ പ്രസാധനംചെയ്ത പുസ്തകത്തിൽ കാണുന്നത്. ഇവിടെ കണ്ഠമെന്നല്ല ശുദ്ധമായ പാഠം. ഡോക്ടർ ഗുണ്ടർട്ടു് “കണ്ടത്തെയാണ്ടവൻ പിണ്ഡത്തിനും" എന്നു ആ വരി തന്റെ നിഘണ്ടുവിൽ ഉദ്ധരിക്കുകയും കണ്ടം=പ്രേതത്തെ മൂടുന്ന തുണിയിൽനിന്നു് അവകാശി കണ്ടിച്ചെടുക്കുന്ന തുണിക്കഷണം എന്നു് അര്‍ത്ഥം പറകയും ചെയ്തു. കണ്ടവും പിണ്ടവും തന്നെയാണ് കവിപ്രയുക്തതങ്ങളായ പദങ്ങൾ. കണ്ടമെന്നാൽ നിലം; വസ്തുവകകൾ. വസ്തുവകകൾക്കു അവകാശിയായിത്തീരുന്നവൻ പിണ്ഡപ്രദാനം മുതലായ അപരക്രിയകൾ ചെയ്യുന്നതിനു കടമപ്പെട്ടവനെന്നാണു് ഈ പഴമൊഴിയുടെ അര്‍ത്ഥം. പ്രകൃതത്തിൽ ഗോവര്‍ദ്ധനത്തെ നാം യാഗംകൊണ്ടു് ആരാധിച്ചു; ദേവന്മാര്‍ക്കു നല്കിവന്ന ഉപചാരങ്ങൾ ഈ പർവ്വതത്തിനു നല്കി. അവരിൽ നിന്നു്, തന്നിമിത്തം വരുന്ന ഉപപ്ലവങ്ങളിൽനിന്നു നമ്മെ രക്ഷിക്കേണ്ടതു് ഇവന്റെ ധര്‍മ്മമാണ് എന്നു താൽപര്യം. "കണ്ഠത്തെയാണ്ടവൻ" എന്ന പാഠത്തിനു ഒരര്‍ത്ഥവുമില്ലല്ലൊ. ഇങ്ങനെ പഴയ ഗ്രന്ഥങ്ങൾ സംഭരിക്കാമെങ്കിൽ എത്രയെത്ര സന്ദേഹങ്ങൾക്കു നമുക്കു നിവൃത്തിനേടാം? മുദ്രിതപുസ്തകങ്ങൾ പതിപ്പിക്കുന്ന അജ്ഞാനഗര്‍ത്തങ്ങളിൽനിന്നു നമ്മെ കരയേറ്റുവാൻ അവയ്ക്കെല്ലാതെ കഴിവുണ്ടോ?


ഓരോ കവിക്കും പൂർവ്വകവികളോടുള്ള കടപ്പാടു് എത്രമാത്രമുണ്ടെന്നു ശോധനചെയ്യുന്നതു് ഒരു രസകരമായ സാഹിതീവ്യവസായമാണു്; അതിനേയും ഗവേഷണത്തിന്റെ ഒരു മുഖമായി കരുതുന്നത് അനുചിതമല്ല.


"വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജാലക-
ളംബരത്തോളമുയർന്നു ചെന്നു മുദാ."


എന്നൊരു വര്‍ണ്ണനം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡത്തിലുണ്ട്. 'നടുങ്ങി രാജാക്കന്മാരുരഗങ്ങളെപ്പോലെ' എന്ന ബാലകാണ്ഡത്തിലെ വര്‍ണ്ണനത്തിനു് ആ മഹാകവിമൂര്‍ദ്ധന്യൻ നിരണത്തു രാമപ്പണിക്കരോടു കടപ്പെട്ടിരുന്നതുപോലെ പ്രസ്തുതവര്‍ണ്ണനത്തിനു് ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടോ? ഇല്ലെന്നു തീർത്തുപറയുവാൻ പാടില്ലാത്തവിധത്തിലാണു് കൃഷ്ണഗാഥയിലെ,


"ഭീമങ്ങളായുള്ള ധൂമങ്ങളന്നേരം
വ്യോമത്തിലെങ്ങുമേ പോന്നുനിന്നു
നാകത്തിൽച്ചെന്നങ്ങു വാസവൻതന്നോടു
വേഗത്തിൽച്ചൊല്ലുവാനെന്നപോലെ"


എന്ന വരികൾ പ്രകാശിക്കുന്നത്. എന്നാൽ ഒരു പ്രകടമായ വ്യത്യാസം കാണുന്നതു് എഴുത്തച്ഛന്റെ മേന്മയ്ക്കു കാരണമാണെന്നും പറയേണ്ടിയിരിക്കുന്നു. ഖാണ്ഡവദാഹത്തിൽ അഗ്നിക്കു തക്ഷകരക്ഷകനായ ദേവേന്ദ്രൻ ശത്രുവാണു്; അദ്ദേഹത്തിനോടു ദാഹകഥ അഗ്നിപൊന്തിച്ച ധൂമങ്ങൾ ചെന്നു പറയുക എന്നുള്ളതു സ്വാഭാവികമാണോ? താൻ തന്നെ ശത്രുവിനു തന്റെ ലാഭത്തെപ്പറ്റി അറിവുകൊടുക്കുക എന്നതു സംഭാവ്യമാണോ? അല്ലല്ലൊ. എന്നാൽ, ഹനൂമാന്റെ വാലിൽനിന്നു പൊങ്ങിയ അഗ്നിജ്വാലകൾ, രാവണത്രസ്തനായ ദേവേന്ദ്രനോടു ലങ്കാദഹനത്തെപ്പറ്റി അറിയിക്കുവാൻ വെമ്പുന്നത് അത്യന്തം സമുചിതമാകുന്നു. പ്രായേണ പാദപൂരകമായ 'മുദാ' എന്ന പദം എത്ര അര്‍ത്ഥവത്തായാണു് എഴുത്തച്ഛൻ പ്രയോഗിച്ചിരിക്കുന്നതെന്നു പരിശോധിക്കുക. എത്ര ക്ഷോദക്ഷമമാണു് എഴുത്തച്ഛന്റെ വര്‍ണ്ണനം! അധ്യാത്മരാമായണം! മൂലത്തിൽ ഈ അലങ്കാരപ്രയോഗമോ അനലശിഖകളുടേയും അനിലസുതഹൃദയത്തിന്റെയും വിഷ്ണുപദഗമനമോ, ഭൂതിപരിപൂര്‍ണ്ണമായ ലങ്കാദഹനാനന്തരവും ഭൂതിപരിപൂര്‍ണ്ണമായിത്തീര്‍ന്ന അവസ്ഥയോ ഒന്നുമില്ല.


"ഉൽപ്‍ലുത്യോൽപ്‍ലുത്യ സന്ദീപ്തപുച്ഛേന മഹതാ കപിഃ
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം.
ഹാ നാഥ താത പുത്രേതി ക്രന്ദമാനാസ്സമന്തതഃ
വ്യാപ്താഃ പ്രാസാദശിഖരേഷ്വാരൂഢാ ദൈത്യയോഷിതഃ
ദേവതാ ഇവ ദൃശ്യന്തേ പതന്തഃ പാവകേഽഖിലാ?”


എന്നുമാത്രമേ ആ ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നുള്ളു. 'ദേവതാ ഇവ ദൃശ്യന്തേ' എന്ന ഉപമയ്ക്കുd അദ്ദേഹം, 


"കാശ്ചിദഗ്നിപരീതേഭ്യോ ഹര്‍മ്മേഭ്യോ മുക്തമൂര്‍ദ്ധജാഃ
പതന്തോ രേജിരേഽഭ്രേഭ്യസ്സൗദാമിന്യ ഇവാംബരാൽ"


എന്നു വര്‍ണ്ണിക്കുന്ന വാല്മീകിമഹര്‍ഷിയോടു കടപ്പെട്ടിട്ടുമുണ്ട്. മുക്തമൂര്‍ദ്ധജകളായ രാക്ഷസസ്ത്രീകളെ അഭ്രങ്ങളിൽനിന്നു പതിക്കുന്ന വിദ്യുല്ലതകളോടുപമിക്കുന്ന ആദികവീശ്വരൻ എവിടെ? ഹര്‍മ്മ്യശിഖരങ്ങളിൽനിന്നു രാക്ഷസസ്ത്രീകൾ ദേവതകളേപ്പോലെ പതിക്കുന്നു എന്നുമാത്രം പറഞ്ഞു്, പാവകനിലുള്ള പതനത്തിനു യാതൊരു ഉപപത്തിയും കല്പിക്കാതെ ചരിതാര്‍ത്ഥനായി മുന്നോട്ടു പോകുന്ന അദ്ധ്യാത്മരാമായണകാരനെവിടെ? ഒന്നു പൂര്‍ണ്ണചന്ദ്രൻ; ഒന്നു മിന്നാമിനുങ്ങു്


ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ,


"വരുന്ന ഗോപാലനിതംബിനീനാം
കരം പകർന്നാശു വിളങ്ങി കൃഷ്ണൻ,
വിരിഞ്ഞ പുഷ്പങ്ങളിലങ്ങുമിങ്ങും
വിരഞ്ഞു മണ്ടുന്നൊരു വണ്ടുപോലെ"


എന്നൊരു ശ്ലോകമുള്ളതു നിങ്ങളിൽ പലരും കേട്ടിരിക്കുമല്ലൊ. ഇതു മേല്പുത്തൂർ ഭട്ടപാദരുടെ നാരായണീയത്തിലെ,


"ഭവദ്വപുഃസ്പർശനകൗതുകേന
കരാൽ കരം ഗോപവധൂജനേന
നീതിസ്ത്വമാതാമ്രസരോജമാലാ-
വ്യാലംബിലോലംബതുലാമലാസീഃ"


എന്ന ശ്ലോകത്തിന്റെ ക്ഷീണമായ ഒരനുകരണം മാത്രമാണു്. സുന്ദരികളായ ഗോപസ്ത്രീകളുടെ കരതലങ്ങളെ വിരിഞ്ഞ പുഷ്പങ്ങൾ എന്നു് ഉല്ലേഖനം ചെയ്താൽ മതിയോ? ആസമന്താൽ ശോണങ്ങളായ താമരപ്പൂക്കൾ എന്നുതന്നെ വര്‍ണ്ണിക്കേണ്ടതല്ലേ? വര്‍ണ്ണനത്തിനല്ലേ അവിടെ പ്രാധാന്യം കല്പിക്കേണ്ടതു്? കുഞ്ചൻനമ്പ്യാരുടെ വിവത്തര്‍നത്തിൽ മൂലശ്ലോകത്തിലെ ആശയം എത്രമാത്രം ചോർന്നുപോയിരിക്കുന്നു! ഭട്ടതിരിതന്നെയാണു് ഈ ആശയത്തിന്റെ വിധാതാവ് എന്നു പറയുവാനും നിവൃത്തിയില്ല. എന്തെന്നാൽ കൃഷ്ണഗാഥയിൽ,


"കാര്‍വ്വര്‍ണ്ണൻതന്നുടേ കൺമുനയന്നേരം
കാമിനിമാർമുഖം തന്നിൽ ചെന്നു,
മേളമിയന്നോരു താമരപ്പൂക്കളിൽ
നീളേ നടക്കുന്ന വണ്ടുപോലെ"


എന്നൊരു ഭാഗം ഉണ്ടു്. കൃഷ്ണഗാഥ അനവധി മനോഹരങ്ങളായ ആശയരത്നങ്ങളുടെ അഭൗമമായ ആകരമാകുന്നു. ഭട്ടതിരി കൃഷ്ണഗാഥ വായിച്ചിരുന്നില്ലെന്നു വിശ്വസിക്കുവാൻ പാടില്ലല്ലൊ. എന്നാൽ "ഭവദ്വപുഃസ്പര്‍ശന" ഇത്യാദി പദ്യം രചിക്കുമ്പോൾ അതിലെ കല്പന പൂർവ്വഗ്രന്ഥത്തിൽ നിന്നു മനഃപൂർവ്വമായി അപഹരിച്ചു എന്നു പറയുവാൻ യാതൊരു സഹൃദയനും അവകാശമുണ്ടെന്നു തോന്നുന്നില്ല.


കേരളത്തിലെ ഓരോ ക്ഷേത്രത്തിലേയും ദേവന്മാരേയും ദേവതമാരേയും വന്ദിക്കുന്നതിനു പ്രാചീനന്മാരായ കവിപുംഗവന്മാർ പല പദ്യങ്ങളും രചിച്ചിട്ടുണ്ടു്. അവയിൽ ഏറിയകൂറും ഇന്നും പ്രകാശിതങ്ങളായിട്ടില്ല. ചില പദ്യങ്ങൾ ഉദ്ധരിക്കാം.


1. പരിയാരത്തു ശിവൻ.

ചൂഡാലാളിതവാരിരാശിസുകൃതം സ്വാഹാതപസ്സഞ്ചയ-
ക്രീഡാസ്ഥാനലലാട, മംഘ്രികടകവ്യാഖ്യാതശബ്ദാഗമം,
പ്രത്യക്ഷം പരിവാരനാമനി പുരേ പശ്യന്തു ഭക്താ ജനാഃ
പക്വം കിഞ്ചന പാര്‍വ്വതീനയനയോഭാഗ്യം ദരീദൃശ്യതേ."


വാരിരാശിസുകൃതം എന്നാൽ ഗംഗ; സ്വാഹാതപസ്സഞ്ചയം അഗ്നി. ശിവന്റെ അംഘ്രികടകം വാസുകിയാണെങ്കിലും വാസുകിയെ അനന്തനാക്കിക്കല്പിച്ചുകൊണ്ടുള്ള വര്‍ണ്ണനം കവിസങ്കേതസിദ്ധമാകുന്നു. ശബ്ദശാസ്ത്രവ്യാഖ്യയായ മഹാഭാഷ്യത്തിന്റെ പ്രണേതാവായ പതഞ്ജലിഭഗവാൻ അജ്ജുനന്റെ അവതാരമെന്നാണല്ലൊ വെയ്പ്.


2. തിരുവാപ്പിൽ വിഷ്ണു.


ക്ഷീരസാഗരകുമാരികാഹൃദയവാരിജന്മകളഹംസമേ!
വാരുലാവിന നവാംബുദോദരനിറം കലര്‍ന്ന രുചിരാകൃതേ!
നാരദാദിമുനിവൃന്ദവന്ദ്യ! നളിനായതേക്ഷണ! നമോസ്തു തേ
പാരിലെങ്ങുമുരപൊങ്ങിനോരു തിരുവാര്‍പ്പമര്‍ന്ന കരുണാനിധേ!


3. കുമാരനല്ലൂർ ഭഗവതി.


ശോണാംഭോജാഭിരാമം തവ പദകമലം ദേവി! ദേവാസുരാണാം 
നാനാശൃംഗാരരത്തോജ്ജ്വലമണിമകുടീരാജിതം കൈതൊഴുന്നോൻ
പ്രാണാപായേ കൃതാന്തപ്പടവരവിലെനിക്കേകദാ കണ്ടുകൊൾവാൻ
ചേണാര്‍ന്നീടുന്ന മന്ദസ്മിതമഹിമ കമാരാലയംകോലുമമ്മേ!


4. വൈക്കത്തപ്പൻ


മാരൻപൂമെയ് കരിക്കാ, മരിയ പുരമെരിക്കാ, മെരിക്കും ധരിക്കാം,
പാരീരേഴും ഭരിക്കാം പരിചിനൊടു മുടിക്കാം, നടിക്കാം ചിതായാം,
ഗൗരിക്കംഗം പകുക്കാം, ഝടിതി കുടുകുടെക്കാളകൂടം കുടിക്കാ-
മോരോന്നേവിസ്മയം നിന്തിരുവുരു തിരുവയ്ക്കത്തെഴും തിങ്കൾമൗലേ!


5. കൊടുങ്ങല്ലൂരമ്മ.


ഒടുങ്ങുന്നൂ പുണ്യം പ്രതിദിവസമായുസ്സുമിതി നീ
തുടങ്ങൊല്ലാ ഖേദം മമ ഹൃദയമേ! കേളൊരു ഹിതം
നടുങ്ങൊല്ലാ തെല്ലും നതഹിതരതാ നമ്മെ വെടിയാ
കൊടുങ്ങല്ലൂർക്കാവിൽക്കുടിപതി കുരുംബാംബ തുണയാം.


ഇത്തരത്തിലുള്ള മുക്തകങ്ങൾ ഭാഷയ്ക്കും വേണ്ടെന്നും, അവ ലിഖിതങ്ങളായ താളിയോലകളോടുകൂടി നശിച്ചുപോകട്ടെ എന്നും പറവാൻ ഏതു ഭാഷാപ്രണയിക്കു ധാര്‍ഷ്ട്യമുണ്ടാകും?


കഴിഞ്ഞ ഏതാനും കൊല്ലങ്ങളിലെ നിഷ്കൃഷ്ടമായ സാഹിത്യഗവേഷണത്തിന്റെ ഫലമായി നമുക്കു് ഒന്നാം കിടയിലുള്ള ഒട്ടുവളരെ സൽഗ്രന്ഥങ്ങൾ ലഭിച്ചിട്ടുണ്ടു്. രാമചരിതം, കണ്ണശ്ശരാമായണം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം, ഭാരതമാല, ഭഗവൽഗീത, ശിവരാത്രിമാഹാത്മ്യം, കൗടലീയംഭാഷാഗദ്യം, ദൂതവാക്യംഭാഷാഗദ്യം, ബ്രഹ്മാണ്ഡപുരാണം ഭാഷാഗദ്യം, ഭാഗവതംഗദ്യം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം ഇവയെല്ലാം ആ കൂട്ടത്തിൽപെട്ട വാങ്മയങ്ങളാണു്. ഭാഷാഗദ്യത്തിന്റെ പിതാവ് വലിയകോയിത്തമ്പുരാൻതിരുമേനിയോ, ഗീവറുഗീസ് മാത്തനോ, അരിപ്പാട്ടു കൊച്ചുപിള്ളവാരിയരോ, വൈക്കത്തുപാച്ചുമൂത്തതോ അല്ല. പദ്യത്തിനെന്നപോലെ ഗദ്യത്തിനും ഭാഷയിൽ വളരെ പഴക്കവും പാരമ്പര്യവുമുണ്ട് കൊല്ലം "564-ാമാണ്ടു മിഥുന ഞായിറു പോകിൻറു നാളിൽ" "പരുവക്കൽ ഗൃഹത്തിൽ ഇരുന്ന ചെറിയനാട് ഉണ്ണിരാമൻ" പകർത്തിയെഴുതിയ ദൂതവാക്യം താളിയോലഗ്രന്ഥം ഞാൻ കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ രാമവർമ്മഗ്രന്ഥാവലി മുപ്പത്തഞ്ചാമങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. കൊല്ലം അഞ്ചാം ശതകത്തിലേയോ ആറാം ശതകം പൂര്‍വ്വാര്‍ദ്ധത്തിലെയെങ്കിലുമോ ഭാഷാഗദ്യരീതി ആ പുസ്തകത്തിൽനിന്നു മനസ്സിലാക്കാം. ഇതാ അതിൽനിന്ന് ഒരു ഭാഗം,


“പിന്നെ ത്രൈലോക്യവിജയാര്‍ത്ഥമായ് ദൈത്യകോടികളെ നിയോഗിച്ചാൻ മഹാബലി; പുറപ്പടത്തുടങ്ങീതു അസുരഗണം. മഹാപത്മൻ, നികംഭൻ, കാഞ്ചനാക്ഷൻ, കപിസ്തന്ധൻ, മേഘനാദൻ, ബലന്ധമൻ തുടങ്ങി പുറപ്പടത്തുടങ്ങീതു. സിംഹികാതനയൻ രാഹു പുറപ്പട്ടാൻ. മഹാബലിയുടെ പുത്രൻ സഹസ്രബാഹു രഥാധിരഥകോടിപ്പടയോടുകൂട ധ്വജങ്ങൾ, അശ്വങ്ങൾ, ആനത്തലവങ്ങൾ എന്‍റേവമാദികളോടുകൂട അമരരാജധാനിയെ പ്രാപിച്ച് അമരകളോടു പരാക്രമിക്കിൻറെകാലത്തു സമര്‍ത്ഥരാകിന ദൈത്യന്മാരുടെ ശരകുന്താദി ആയുധവരങ്ങളാൽ പരിപീഡിതരായ് കെട്ടോടിപ്പോയിതു ദേവതാവര്‍ഗ്ഗം. സ്വര്‍ഗ്ഗൈശ്വര്യം മഹാബലിക്കായിതു."


എഴുതിയകാലം രേഖപ്പെടുത്തീട്ടുള്ള ഏടുകളിൽ എന്റെ അറിവിൽ പെട്ടിടത്തോളം ഈ താളിയോലഗ്രന്ഥത്തിനാണു് പഴക്കം അധികമായിക്കാണുന്നത്. നിരണത്തു രാമപ്പണിക്കരുടെ കൃതിയാണന്നു് ഊഹിക്കപ്പെടുന്ന ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിന്റെ ഇപ്പോളുള്ള പ്രതി 648-ാമാണ്ടു ധനുമാസം 20-ാംനു- "ഞായറാഴ്ചയും മകവും പഞ്ചമിയും കൂടിയ അൻറ് എഴുതിക്കൂടിയതു്" ആണു്. തിരുവിതാംകൂർ ക്യൂറെറ്റരാപ്പീസ്സിൽനിന്നു പ്രകാശിപ്പിച്ചിട്ടുള്ള ആ ഗ്രന്ഥത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.


"ദൂതൻ ചെൻറു കാശിനഗരത്തെ പ്രാപിച്ചു സിംഹാസനത്തിന്മേൽ ഇരിക്കിൻറ ഇരാജാവിനെച്ചെൻറു കണ്ടു ജ്യേഷ്ഠഭ്രാതാവു വസുമനാവു ചൊല്ലിവിട്ടതിനെ അറിയിച്ചാൻ. 'രാജാവേ! നിന്നുടെ ജ്യേഷ്ഠഭ്രാതാവു വസുമനാവു സ്വയംവരത്തിൽ നിൻറു അനേകം രാജാക്കളുടെ നടുവേവച്ചു ഭദ്രശ്രേണനാകിയ ഹേഹയരാജാവിനാൽ തോൽക്കപ്പെട്ടു ഊൺ ഉറക്കമൊഴിഞ്ഞു മനോദുഃഖത്തോടുംകൂടി ഹേഹയരാജ്യത്തിനു ചെൻറു അവനെ കൊൽകതാൻ മരിക്കതാൻ ഇരണ്ടിലൊൻറു കല്പിച്ചിരിക്കിൻറിതു എന്നുമതിനാൽ നിന്തിരുവടിയും അവൻതിരുവടിക്കു സഹായം പറ്റുമെൻറ തോൻറുകിൽ അതിനെ ചെയ്‍വിതു. നിന്തിരുവടിക്കവൻതിരുവടി ശത്രുവായിരിക്കിൻറെതു.' എൻറിവണ്ണം ദൂതൻ ചൊല്ലിക്കേട്ടു പ്രദര്‍ഭൻ ചൊന്നാൻ:- 'കേൾപ്പോയാക ദൂതാ! ഇപ്പൊഴുതെന്നുടെ പടയും ഞാനുംകൂടെ ഹേഹയനഗരത്തിനു ചെൻറു ഭദ്രശ്രേണ്യനേയും പുത്രനേയും പടയോടും കൂടെക്കൊൻ്റെൻറിയേ ജ്യേഷ്ഠഭ്രാതാവിനെ നമസ്ക്കരിക്കിൻറെതുമില്ല. സത്യം പിഴച്ചേനാകിൻറമയാൽ. നീയും വിരയെച്ചെൻറു ഹേഹയരാജ്യത്തിങ്കൽ പടയോടുംകൂടെ വരുമാറു കോസലരാജാവിനുണത്തു'കെൻറതു കേട്ടു ദൂതനുമവിടെനിൻറു പുറപ്പെട്ടു അയോദ്ധ്യയെ പ്രാപിച്ചു കോസലരാജാവിനു വൃത്താന്തമറിയിച്ചാൻ. അനന്തരം കോസലരാജാവു പട പുറപ്പെടുകെൻറതിനാൽ സന്നദ്ധനായ് തേര്‍മ്മേലേറി പുറപ്പെട്ടാൻ. അപ്പൊഴുതു ആന അലറിയും കുതിര ചറാളിയും തേരുരുൾകയും കാലാൾപ്പട ആര്‍ത്തും ശംഖുവിളിച്ചും പെരുമ്പറയുടെ നാദം കേട്ടും മേലിലോകം ചെകിടുപട്ടിതു. ഇപ്രകാരമേ ഒച്ചപ്പെടുത്തുകൊണ്ട പടയോടുംകൂടെ പോകെത്തുടങ്ങിനാൻ. ഗംഗകടന്നു യമുന അതിക്രമിച്ചു ഗോമതി കടന്നു വിന്ധ്യപര്‍വ്വതത്തിനുടെ തെക്കേ താഴ്‌‍വരമേൽ നര്‍മ്മദയാകിൻറ നദിതീരത്തിങ്കൽ അഞ്ചു യോജന വിസ്താരമായ് വിട്ടു വിട്ടു ഇരുന്ന വനാന്തരം കാണായിതു. കാശിരാജാവും പടയും തനക്കു സഹായം പെണ്ണുവാനായ്ക്കൊണ്ടു വരിൻറവൻ അനേകനൂറായിരം കാലാൾ യുദ്ധംചെയ്തകാലത്തു രുധിരംകൊണ്ടു പൊടി അടങ്ങുകയാലും അതിനുമുന്നം പുറപ്പെട്ടൊള്ള പൊടിപ്പറപ്പു കാറ്റുന്തിക്കളകയാലും തങ്ങളേയും ശത്രുക്കളേയും അറിഞ്ഞു കലഹിക്കിൻറെകാലത്തു മറുതലയെക്കണ്ടു വൈരംനിമിത്തമായ് ഞായംകെട്ടു കലഹിക്കത്തുടങ്ങിനാർ. *   *   *   * അനന്തരം അപ്പൊഴുതു ആനപിണത്തിങ്കൽനിൻറും കുതിര പിണത്തിങ്കൽനിൻറും രാക്ഷസന്മാരുടെ ശരീരത്തിങ്കൽനിൻറും ഒഴുകിൻറ രുധിരംകൊണ്ടു യുദ്ധഭൂമിയുടെ നടുവേ വലിയിതൊരു ആറൊണ്ടായിതു. ആനത്തലവന്മാരാകിൻറെതു ആമയായും, കുതിര പിണമാകിൻറതു മുതലയായും, തേരാകിൻറതു കപ്പലായും, അമ്പാകിൻറതു കെണ്ടമീനായും, ഗതയും വില്ലുമാകിൻറതു നികഴപ്പപ്പലകയായും, മനുഷ്യരുടെ തലമയിരാകിൻറതു കണ്ടിപ്പായിലായും, എല്ലാകിൻറതു ചറൽപ്പാറയായും, ഇറച്ചി ആകിൻറതു കിഴ്ച്ചേറായും, കുടർമാലയാകിൻറതു കാഞ്ഞിപ്പോത്തായും, ഇപ്രകാരമേ ഒഴുകിൻറ രുധിരനദികണ്ടു ഇരണ്ടു തലയും വൈരം പെരുക്കയാൽ കലഹമിടച്ചു നില്ക്കിൻറകാലത്തു ഭീമാക്ഷനാകിൻറ രാക്ഷസൻ തന്നുടെ രാക്ഷസരോടു ചൊന്നാൻ. 'എന്തെടോ നിങ്ങൾക്കു കുടിപ്പാനൊള്ളിതല്ലയോ രുധിരം? മാനുഷന്മാർ നിങ്ങൾക്കു തിന്മാനൊള്ളിതല്ലയോ? എന്തു നോക്കി നിൻറതു ? രുധിരം കൊണ്ടു കടിച്ചു മനുഷ്യരേയും ആനയും കുതിരയും തിൻറു വസുമനാവിനേയും പുത്രനേയും പ്രദർഭനേയും പുത്രനേയും യുദ്ധത്തിൽ പിടിച്ചുകെട്ടി എനിക്കു കൊണ്ടുവന്നു തരിക.' എൻറു ഭീമാക്ഷൻതാൻ ചൊല്ലിക്കേട്ടു രാക്ഷസപ്പട ഒക്കെ കരഞ്ഞു പുറപ്പെട്ടു. ഭൂവിങ്കൽ വടവാമുഖാഗ്നിയുടെ ജ്വാലകണക്കെ ഇരുന്ന നാവുകൊണ്ടു നക്കി രുധിരവും പുരണ്ട നിലംകൂടെത്തിൻറു ശവങ്ങളും ഭക്ഷിച്ചു എൽപു കടിച്ചു പരുമാറിൻറവർകളെ ആനയും തേരും കുതിരയും കാലാൾപ്പടയും ഒൻറും ഇരണ്ടും അഞ്ചും പത്തും അൻപതും നൂറുംകൂട തങ്ങളുടെ കൈകൊണ്ടു വാരി പാതാളംപോലെ ഇരിക്കിൻറ വാ തുറന്നു എടുത്തിട്ടു ചവച്ചു രുധിരം കുടിച്ചു എൽപു കടിച്ചു പരുമാറിൻറകാലത്തു കാശികോസലന്മാരുടെ പട ചത്തുശേഷിച്ചിതു.”


നോക്കുക. എത്ര സമുജ്വലമായ വാക്യശൈലി! എത്ര സഹൃദയാഹ്ലാദകമായ വചോധാര! 612-ൽ പകർത്തിയെഴുതിയ ഒരു ഗ്രന്ഥമാണു് നിരണത്തു ശങ്കരപ്പണിക്കരുടെ ഭാരതമാല. ഭാഷയുടെ ഉൽപത്തിയേയും വളർച്ചയേയും സംബന്ധിച്ച് എത്ര അനര്‍ഘങ്ങളായ അറിവുകളാണു് ഇത്തരം ലിഖിതദിനരേഖകൾകൂടിയുള്ള ഏടുകളിൽനിന്നു ലഭിക്കുന്നതു്!


പ്രാചീനകാലത്തു പ്രചരിച്ചിരുന്ന പല പാട്ടുകളും ഇപ്പോൾ മൃതപ്രായങ്ങളായി തീർന്നിരിക്കുന്നു. താഴെ കാണുന്ന ഏതാനും വരികൾ വീരമാത്താണ്ഡവർമ്മമഹാരാജാവിന്റെ ദിഗ്വിജയത്തെ അധികരിച്ചു സമകാലീനനായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു വഞ്ചിപ്പാട്ടിലുള്ളതാണു്.


"കായങ്കുളത്തരചനെക്കണ്ടു മേലിൽപ്പൊറുക്കേണ്ട;
കായങ്കുളം കുളമാക്കിച്ചമയ്ക്കുന്നുണ്ടേ.
കപ്പമിന്നു നമുക്കാശു തീര്‍ക്കണം നാമല്ലയായ്കി-
ലിപ്പൊഴുതേ പടക്കോപ്പു കൂട്ടിടുന്നുണ്ടേ"


എന്നു മഹാരാജാവു ഗര്‍ജ്ജിക്കുന്നു. കായങ്കുളംരാജാവു മറുപടി പറകയാണു്.


“പത്തുദിക്കും കീർത്തികേട്ട പത്തിയൂർക്കാവമര്‍ന്നീടും
ഭദ്രകാളിയാണേ! കപ്പം തരികയില്ലേ.
അടനയ്മ്പും കഴുക്കോലുമെടുത്തുടൻ വിരുതന്മാ-
രടുത്തകാലത്തു കൊല്ലത്തടുത്തീടേണം.
വെറ്റിലയും പഴുക്കയുമമൃതേത്തിനുള്ള കോപ്പും
പന്തിപ്പലകയും വെച്ചു മുറുക്കിക്കെട്ടി"


ഈ പാട്ടു മുഴുവൻ കണ്ടുകിട്ടിയാൽ അതെന്തൊരു മഹാലാഭമായിരിക്കും! അമ്പലപ്പുഴ, തിരുവല്ല മുതലായ താലൂക്കുകളിലുള്ള സാഹിതീബന്ധുക്കൾ ഇക്കാര്യത്തിൽ ഉള്ളഴിഞ്ഞ ശ്രമിച്ചേ മതിയാകൂ.


ശിലാശാസനം, താമ്രശാസനം മുതലായ ശാശ്വതരേഖകൾ, താളിയോലഗ്രന്ഥങ്ങൾ, സ്ഥലപുരാണങ്ങൾ, ഐതിഹ്യങ്ങൾ ഇവയെല്ലാം ഗവേഷണത്തിന് ആധാരങ്ങളാകുന്നു. ഇവതമ്മിൽ യോജിക്കാതെ വരുമ്പോൾ “വിപ്രതിഷേധേ പൂര്‍വ്വം കാര്യം" എന്ന ന്യായമനുസരിച്ചു പ്രവർത്തിക്കേണ്ടതാകുന്നു. സാമാന്യേന ശിലാശാസനംപോലെ പ്രമാണീഭവിക്കുന്ന ആധാരം മറ്റൊന്നുമില്ല. നൂറു് ഊഹങ്ങളേക്കാൾ, അപ്രതിഷേധ്യമായ ഒരു രേഖയ്ക്കു പ്രാധാന്യമുണ്ടെന്നുള്ള വസ്തുത നാം മറന്നുപോകരുതു്. ഒരു ഗവേഷകൻ വളരെ പ്രയാസപ്പെട്ടു ശേഖരിച്ചു പ്രകാശിപ്പിക്കുന്ന പ്രമാണങ്ങളെ പ്രക്ഷിപ്തങ്ങളെന്നും മറ്റും പറഞ്ഞു അവഹേളിക്കുന്നവർ അവയെ എതിര്‍ക്കുവാൻ പുതിയ പ്രമാണങ്ങൾ കണ്ടുപിടിക്കുന്നതു ലോകത്തിനു് ഒന്നുകൂടി ഉപകാരമായിരിക്കും.


ഗവേഷണപദ്ധതി കുസുമാസ്‌തൃതമല്ല; കണ്ടകാകീര്‍ണ്ണമാണു്. ആ കാന്താരത്തിൽ കൂടി സഞ്ചരിച്ചു വിജയംനേടണമെങ്കിൽ ചില സിദ്ധികൾ സ്വാധീനമാക്കേണ്ടതുണ്ടു്. ഒന്നാമതു്, തമിഴിലും പഴയ മലയാളത്തിലും വിശേഷിച്ചു ദക്ഷിണാപഥദേശചരിത്രത്തിലും-പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിക്കണം. രണ്ടാമതു്, കേരളത്തിൽ സംസ്കൃതത്തിലും മലയാളത്തിലും പ്രണീതങ്ങളായ വിവിധഗ്രന്ഥങ്ങൾ നിരന്തരമായി പാരായണംചെയ്യണം. മൂന്നാമത്, ഊഹാപോഹകുശലത വികസിപ്പിക്കണം. തത്വദര്‍ശനമായിരിക്കണം ഗവേഷകന്റെ പരമലക്ഷ്യം; സ്വപക്ഷസ്ഥാപനമല്ല. ഒരു ഗ്രന്ഥം കോഴിക്കോട്ടുവെച്ചല്ല, കൊച്ചിയിൽവെച്ചാണു് രചിച്ചതെന്നു നാം സ്ഥാപിച്ചാൽ കോഴിക്കോട്ടുകാർ നമ്മെ പ്രഹരിക്കുകയോ കൊച്ചിക്കാർ നമുക്കു പാരിതോഷികം നല്കുകയോ ചെയ്യുകയില്ല. സത്യാന്വേഷണത്തിൽനിന്നുള്ള ലാഭം സത്യാനേഷണത്തിൽത്തന്നെ നിലകൊള്ളുന്നു. അതു നല്കുന്ന ആനന്ദം ആയിരം ഉറുപ്പികയ്ക്കു നല്കുവാൻ സാധിക്കുന്നതല്ല. രണ്ടു പക്ഷത്തേയ്ക്കും ഉതകാവുന്ന പ്രമാണങ്ങൾ ഏതു ഗവേഷകനും അറിയാവുന്നിടത്തോളം സമഗ്രമായി ഉദ്ധരിച്ചുകാണിക്കണം. "നാമൂലം ലിഖ്യതേ കിഞ്ചിന്നാപ്രമാണമുദീര്യതേ" എന്നായിരിക്കണം അയാളുടെ മുദ്രാവാക്യം. സര്‍വ്വോപരി ക്ലേശസഹിഷ്ണുത പരിശീലിക്കണം. പൊടിപിരണ്ട ഗ്രന്ഥങ്ങൾ തൊട്ടാൽ കയ്യും മെയ്യുഴുമക്കാകുമെന്നു ഭയപ്പെടരുത്; നല്ല ഗ്രന്ഥങ്ങളിലെ പൊടി ആനന്ദബാഷ്പംകൊണ്ടു കഴുകത്തക്കവണ്ണം നമ്മുടെ ഹൃദയം വിതാരതരളമാകണം. ഈ മനോഭാവത്തോടുകൂടി പഴയ ഗ്രന്ഥങ്ങളെ സമീപിക്കുവാൻ ഒരു പണ്ഡിതൻ സന്നദ്ധനല്ലെങ്കിൽ, അവനു ഗവേഷണം അനുരൂപമായ ഒരു സാഹിത്യവ്യവസായമല്ല.


അല്ലയോ ഗവേഷകന്മാരേ! നമ്മെച്ചിലർ ഭ്രാന്തന്മാരെന്നും, മറ്റു ചിലർ പുറകോട്ടുനോക്കികളെന്നും, വേറേ ചിലർ ഉണക്കശ്ശാസ്ത്രിമാരെന്നും, ഇനിയും ചിലർ ശവന്തീനികളെന്നും, അവരവരുടെ സരസ്വതീപ്രസാദത്തിനൊത്തവണ്ണം ചാരുകസേരകളിൽ കിടന്നുകൊണ്ടു് അധിക്ഷേപിക്കാറുണ്ടു്. ഭാഷാസാഹിത്യസാമ്രാജ്യത്തിനു് ഇന്നുകാണുന്ന വിസ്തൃതി നാം ഉണ്ടാക്കിയതാണ്; ഭാഷാസാഹിത്യസമുദ്രത്തിനു് ഇപ്പോഴുള്ള അഗാധത നമ്മുടെ നിസ്തന്ദ്രഖനനത്തിന്റെ ഫലമാണു്. നാം ശവന്തീനികളല്ല; മൃതസഞ്ജീവകന്മാരാണ്. കേരളത്തിന്റെ പഴമയാകുന്ന മഹാക്ഷേത്രത്തിന്റെ ഓരോ മുറിയും ഇന്നും താരതമ്യേന ഇരുളടഞ്ഞു കിടക്കുന്നു. അതിൽ എവിടെയെങ്കിലും ഒരു കോണിന്റെ മൂലയിൽ ഒരു കൊച്ചുകൈത്തിരി കൊളുത്തി മാതൃഭൂമിയെ നമുക്കു് ആരാധിക്കുവാൻ സാധിക്കുമെങ്കിൽ, നമ്മുടെ ജന്മം ചരിതാര്‍ത്ഥമായതായി നാം കരുതണം. ഈ ക്ഷേത്രത്തിൽ ഇതിന്റെ പേരിനും പെരുമയ്ക്കുമൊത്ത ഒരു ലക്ഷദീപമഹോത്സവംതന്നെ അചിരേണ ആഘോഷിക്കപ്പെടണം. പെടും; സംശയമില്ല. അല്ലാതെ കേരളത്തിന്റെ ജ്യോതിസ്സു ലോകത്തിൽ അതര്‍ഹിക്കുന്നരീതിയിലും പരിമാണത്തിലും ഒരിക്കലും പ്രകാശിക്കുന്നതല്ല. ആരുടെ ഏതുതരത്തിലുള്ള അവജ്ഞയേയും സഹിച്ച്, നാം ആ മഹോത്സവദിനത്തിന്റെ ഉദയത്തെ ത്വരിപ്പിക്കുക; കണ്ണും കരളും കൈയും, ആ ഉദ്ദേശ്യം നേടുവാൻ സമര്‍പ്പിക്കുക. ഈശ്വരൻ നമ്മെ അനുഗ്രഹിക്കും.


വന്ദേമാതരം! ഭജേ കേരളം!