കാണ്മോളമത്ഭുതം മേന്മേൽ-
കാലചക്രപ്രവർത്തനം;
ഈ യന്ത്രത്തിൽക്കറങ്ങേണ-
മീരേഴുലകുമെപ്പോഴും.
ഇന്നലെക്കണ്ട പാര്‍ത്തട്ട-
ല്ലിന്നുകാണുന്നതേവനും;
നാളെ മറ്റൊന്നു കണ്ടീടും;-
നാലാംമട്ടൊന്നടുത്തനാൾ.
സനാതനങ്ങൾ സത്യാദി-
ധർമ്മങ്ങളവികാരികൾ;
മറ്റുള്ളതല്ലാമന്നന്നു-
മാറും കാലാനുകൂലമായ്.
ഭാരതോർവിയെയും കാണാം-
പരിവൃത്തിക്കധീനയായ്;
മനുവിൻ ഭാരതം മാറി-
മറ്റൊന്നായ് നവ്യഭാരതം.
പരസ്സഹസ്രം ദിവ്യന്മാർ-
പണ്ടീരാജ്യത്തിൽ വാണുപോൽ
തത്ത്വമസ്യാദിരത്നങ്ങൾ-
ദാനംചെയ്ത തപോധനര്‍.
അനുഗ്രഹിപ്പൂ ലോകത്തെ-
മഹാത്മാക്കളിപ്പൊഴും,
അനശ്വരയശഃകായ-
രസ്മൽ പൂർവപിതാമഹർ.
ഇന്നുമുണ്ടത്തരത്തിങ്ക-
ലിൻഡ്യയ്ക്കുത്തമരാം സുതർ;
ഇദാനീന്തനമാര്‍ഗ്ഗത്തി-
ലിവരും ലോകസേവകർ
ഇത്തിൾക്കണ്ണിയറുത്തീടു-
മിവർ വൃക്ഷം തഴയ്ക്കുവാൻ;
കള കൈയാൽപ്പറിച്ചീടും-
കണ്ടത്തിൽ കതിർവായ്ക്കുവാൻ
തിടമ്പുടയ്ക്കില്ലിബ്ഭക്തർ,-
തേച്ചു മേന്മേൽ മിനുക്കിടും;
നശിപ്പിക്കി,ല്ലതിന്നേകം-
നവീകരണസംസ്കൃതി.
പരമാർത്ഥം നിരൂപിച്ചാൽ -
പണ്ടിരുന്ന മുനീന്ദ്രരും
പരിഷ്കരിക്കതാൻ ചെയ്തൂ-
ഭാരതക്ഷിതിദേവിയെ.
ആ നിസ്പൃഹർ കൊതിച്ചോര-
ല്ലാചന്ദ്രാര്‍ക്ക,മഹര്‍ന്നിശം
തങ്ങൾക്കു ദാസരായ് ത്തന്നെ-
സന്താനങ്ങൾ പുലർന്നിടാൻ.
മാര്‍ഗ്ഗദശികളായുള്ള-
മണിദീപങ്ങൾ നമ്മളെ
കൽത്തുറുങ്കിലടച്ചിട്ടു-
ഗാട്ടുനില്ക്കില്ല, നിർണയം.
പരരെല്ലാം വിമാനത്തിൽ-
പ്പറക്കുമിതുനാളിലും
പതുക്കെയിഴയുന്നു നാം-
പണ്ടത്തേമട്ടി,ലൊച്ചുകൾ.
കണ്ണൻചിരട്ടയിൽപ്പൂഴി-
കൈരണ്ടുംകൊണ്ടു വാരി നാം
അയ്യോ! കാലപ്രവാഹത്തി-
ലണകെട്ടുന്നു മേല്ക്കുമേൽ.
പാലിച്ചുകൊള്ളണം നമ്മൾ-
പണ്ടത്തേ നന്മയൊക്കയും
തീരെത്തള്ളുകയും വേണം-
തിന്മയുള്ളതശേഷവും.
എങ്ങുനിന്നും ഗ്രഹിച്ചീടാ-
മേവര്‍ക്കും, ഗ്രാഹ്യമെപ്പൊഴും;
താണുള്ള ഖനി തന്നാലും-
താണതാവില്ല ഹീരകം.
സ്വബുദ്ധി കൊണ്ടു ചിന്തിക്കാം;-
സ്വാതന്ത്ര്യത്തെ വരിച്ചിടാം;
സ്വാശ്രയത്തിൽ പ്പുലര്‍ന്നീടാം;-
സ്വാദെന്തുണ്ടതിനൊപ്പമായ്?
അടിച്ചവഴിയേ പോകാ-
നാടും തേടുന്നു പാടവം!
പുത്തൻ വഴി തുറക്കുന്നു-
പുമാൻ പൂജാർഹജീവിതൻ.
ഹസിക്കമാദ്യം സാമാന്യ-
രാക്ഷേപിക്കുമനന്തരം;
അനുതാപാർത്തരാം പിന്നെ; -
യാരാധിക്കുമൊടുക്കുമായ്
കാലോചിതങ്ങളായുള്ള-
കൈങ്കര്യങ്ങൾക്കു ഞങ്ങളെ
അനുശാസിച്ചുകൊണ്ടാലു-
മമ്മേ! ഭാരതമേദിനി !