ഇഹാമുത്രസുഖം മര്‍ത്ത്യര്‍-
ക്കേതിനാലുളവാകുമോ,
അതു ധര്‍മ്മമസന്ദേഹ-
മധര്‍മ്മം മറ്റശേഷം.
തന്നെദ്ധരിപ്പൂ സത്തുക്കൾ;-
മാൻ ധരിപ്പു ധരിത്രിയെ;
തന്മൂലമപ്പേർ പണ്ടകീ-
ധര്‍മ്മത്തിന്നാപ്തവാക്കുകൾ.
മഹാജനങ്ങൾ പോകുന്നു:-
മാര്‍ഗ്ഗമൊന്നുണ്ടു ഭൂമിയിൽ;
അപവര്‍ഗ്ഗത്തിലെത്തിക്കു-
മതുതാൻ ധർമ്മപദ്ധതി.
ധര്‍മ്മാധർമ്മങ്ങളൊന്നിച്ചു-
സഞ്ചരിപ്പീല ധാത്രിയിൽ;
അഹസ്സും രാത്രിയും പോലെ-
യവയ്ക്കുണ്ടെന്നുമന്തരം.
സര്‍വഭൂതഹിതത്തിന്നും-
തൻഹിതത്തിനു തുല്യമായ്
പ്രയത്നിക്കുന്നതൊന്നത്രേ-
പരമം ധര്‍മ്മലക്ഷണം.
പരാര്‍ത്ഥജീവിയാകേണ്ടോൻ-
പഞ്ചേന്ദ്രിയമനസ്സുകൾ
സ്വാധീനതയിലാക്കേണം;-
ത്യാഗം പരിചയിക്കണം.
അശുദ്ധേന്ദ്രിയഹൃ,ത്തേവ-
നാചാരപരനായിടും;
ആട്ടിൻതോലിട്ടൊരച്ചെന്നാ-
യാര്‍ക്കുതാൻ ഭയമേകിടാ?
അനുഷ്ഠിച്ചീടണം ധര്‍മ്മ-
മര്‍ത്ഥകാമാഭിലാഷിയും;
വിതയ്ക്കാൻ വിത്തുനേടാത്തോൻ-
വിളവെങ്ങിനെ കൊയ്തിടും?
പണ്ടനുഷ്ഠിച്ച ധര്‍മ്മത്തിൻ-
ഫലമിക്കണ്ട ഭാവുകം;
അത്തത്ത്വമറിവോനേവ-
നധര്‍മ്മത്തിന്നൊരുങ്ങിടും?
സ്വാര്‍ത്ഥമെന്നുള്ള പേർ നകീ-
സ്വാര്‍ത്ഥാഭാസത്തിനേവനോ?
സാക്ഷാൽ സ്വാര്‍ത്ഥം നരന്നെന്തു-
ധർമ്മാനുഷ്ഠാനമെന്നിയേ?
അപേക്ഷിപ്പീല യാതൊന്നു-
മാരോടും ധർമ്മതൽപരൻ;
അന്തരാത്മാവു തോഷിക്കു,-
മതിനാൽ ധന്യനാമവൻ.
അധർമ്മം കൊണ്ടും വർദ്ധിക്കു -
മല്പം ചിലരരക്ഷണം;
വീഴും താഴത്തു പൊട്ടെന്നാ-
വേർമാഞ്ഞീടിന ശാഖികൾ
ധര്‍മ്മം സർവവുമൊന്നിച്ചു-
സംഗ്രഹിപ്പതു ദുഷ്കരം;
അതു നാം നേടുകിൽപ്പോരു -
മല്പാപ്പ,മനുവാസരം.
ജലബിന്ദുക്കളൊട്ടേറെ-
ച്ചേരുന്നതു മഹാര്‍ണ്ണവം;
മൃദണുക്കളതിൻമട്ടിൽ-
മേന്മേൽ വായ്പതു പർവതം.
ധര്‍മ്മവക്താക്കളുണ്ടേറെ-
ദ്ധാരാളം പുസ്തകങ്ങളും-
കേൾക്കുവോരും പഠിപ്പോരും;-
ക്രിയാവാൻ തന്നെ ദുർല്ലഭൻ.
അധർമ്മചാരിക്കുണ്ടാകു-
മായിരം പേർ ഗുരുക്കളായ്;
അല്ലെങ്കിലാര്‍ക്കു താൻ വേണ-
മാലംബം താഴെ വീഴുവാൻ?
ഇരിക്കാമന്യമാം ലോക-
മില്ലാതെയുമിരുന്നിടാം;
ഇല്ലാഞ്ഞാൽ ധാർമ്മികന്നെന്താ-
ണിരുന്നാൽച്ചുറ്റിപാതകി;
അതിനാൽ നാം ഭുജിക്കേണ-
മൈഹീകം സുഖമാവതും,
പാരത്രികസുഖത്തിന്നു-
ഭങ്‌ഗം പറ്റാത്ത രീതിയിൽ. (യുഗ്മകം)
സാധുക്കൾ ധര്‍മ്മപോതത്തിൽ -
സംസാരാബ്ധി കടക്കവേ
അധര്‍മ്മശില വക്ഷസ്സി-
ലാര്‍ന്നു താഴുന്നു പാപികൾ.
അന്ധൻ പഠിത്തമില്ലാത്തോൻ;-
ശഠൻ ദാനപരാങ്മുഖന്‍);
മൃതൻ സൽകീർത്തിനേടാത്തോൻ;-
ശോച്യൻ ധമ്മവിവർജിതന്‍.