Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / മിത്രപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മിത്രപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

യഥാര്‍ത്ഥാനന്ദമേവര്‍ക്കു-
മേകുവാനീശദത്തമായ്
മിത്രമെന്നുണ്ടൊരുൽകൃഷ്ട-
രത്നമീ രത്നഗര്‍ഭയിൽ.

 

ഓരോന്നു കട്ടുകൊണ്ടോടാ-
നൊട്ടേറെപ്പേർ വയസ്യരാം;
ആ മിത്രമുയരാം മാറ്റാ-
രവശ്യം ത്യാജ്യരാര്‍ക്കുമേ.

 

വെള്ളത്തുള്ളിയൊടൊത്താലും-
വിഴുങ്ങീടൊല്ല പാരദം;
ലളിതാവേഷമാര്‍ന്നാലും-
ലാളിച്ചീടൊല്ല യക്ഷിയെ.

 

വേണ്ടപോലെ പരീക്ഷിച്ചു-
വിശ്വാസം വന്നതിന്നുമേൽ
മിത്രമായ് സ്വീകരിച്ചീടാം-
വിവേകിക്കു വിശിഷ്ടനെ.

 

സൂക്ഷിച്ചുവേണം കൈക്കൊൾവാൻ-
സുഹൃദ്വിപ്രവധുക്കധുക്കളെ;
കൈക്കൊണ്ടാലില്ല വേർപാടു-
കാലധർമ്മത്തിലെന്നിയേ.

 

ഉടലോടുയിർ ചേരുമ്പോ-
ളുദിച്ചീടുന്നു ജീവിതം;
ഉയിരോടുയിർ ചേരുമ്പോ-
ളുത്ഭവിക്കുന്നു സൌഹൃദം.

 

കാണണ്ട, കേൾക്കയുംവേണ്ട;-
കരൾ കൊണ്ടോര്‍ത്തിടുമ്പൊഴും
അന്തരങ്ഗം ദ്രവിച്ചീടി-
ലതുതാൻ സ്നേഹലക്ഷണം.

 

തിന്മവിട്ടു കരേറ്റേണം;-
നന്മയിങ്കൽ നയിക്കണം;-
വെടിയൊല്ലേതുകാലത്തും;-
മിത്രത്തിന്‍ ശൈലിയി ....

 

ഉറപ്പേറീടുമാപത്താ-
മുരകല്ലിലുരയ്ക്കുവേ
ചെറ്റെങ്ങാൻ വേഴ്ചയാം പൊന്നിൽ-
ച്ചെമ്പുണ്ടെങ്കിൽ തെളിഞ്ഞിടും.

 

ശൂരൻ വെളിപ്പെടും പോരിൽ ;-
ശുചിയേകാകിനാകുകിൽ;
സാധ്വി ഭര്‍ത്താവിരന്നീടിൽ;-
സന്മിത്രം ഭാഗ്യഹാനിയിൽ.

 

തോളൊന്നു വിട്ടു മറ്റൊന്നിൽ-
ച്ചുമലും ചുമടിൻ പടി
ദുഃഖിക്കു ദുഃഖം നീങ്ങുന്നു-
സുഹൃത്തിൻ ഹൃത്തിൽ വീഴവേ.

 

വ്യാധി കൊണ്ടുള്ള വൈരൂപ്യ-
മാധികൊണ്ടുള്ള കാര്‍ശ്യവും
മിത്രദൃക്കഴകായ്‍ക്കാണ്മൂ-
വിപത്താം ദര്‍ശരാത്രിയിൽ.

 

കരങ്ങൾപോലെ മേനിക്കു,-
കണ്ണിന്നിമകൾ പോലേയും,
കാവലായ് നില്പു നമ്മൾക്കു-
കാംക്ഷവിട്ടു സുഹൃത്തുകൾ.

 

ഒന്നിച്ചിരിക്കുവാനുണ്ണാ,-
നോരോ കാര്യമുരയ്ക്കുവാൻ-
ഈ മൂന്നിന്നും സുഹൃത്തുള്ളോര്‍-
ക്കിളതാൻ ത്രിദശാലയം.

 

ഒറിറയ്ക്കും നാം ഭുജിക്കേണ്ട-
തൊന്നു താൻ-ഉടലിൻ ഗദം;
മറ്റുള്ളതൊക്കെയും മേന്മേൽ-
മധുരിക്കും സജഗ്ദ്ധിയിൽ.

 

പേർത്തും കാട്ടേണ്ട നാമുള്ളം-
പിതൃഭ്രാതൃവധുക്കളെ;
അധികാരികളക്കാഴ്ച-
യ്ക്കന്തരാത്മാവുമിഷ്ടനും.

 

ദര്‍പ്പണം വസ്തുവിൻ രൂപം-
ദര്‍ശിപ്പിക്കുന്ന രീതിയിൽ
സുഹൃത്തിൻ സുഖദുഃഖങ്ങൾ-
സുഹൃത്തിൻ മേനി കാട്ടിടും.

 

രണ്ടിഷ്ടക്കേതുമോതീടാം-
രഹസ്യം നിർവിശങ്കമായ്;
മൂന്നാമനരികിൽച്ചെന്നാൽ-
മുടിഞ്ഞൂ സങ്കഥാസുഖം.

 

താനും സുഹൃത്തുമൊന്നെന്ന-
തത്ത്വം ഞാനെന്നുമോര്‍ക്കണം;
പുകളെൻ മിത്രമാര്‍ന്നിടിൽ-
പുളകം ഞാൻ വഹിക്കണം.

 

പഴകുംതോറുമേറുന്നൂ-
പല വസ്തുക്കൾ മേന്മയിൽ;
സൂക്ഷ്മത്തിലില്ലവയ്ക്കൊന്നും-
സുഹൃത്തിന്നൊപ്പമാം ഗുണം