Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / സംസര്‍ഗ്ഗപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സംസര്‍ഗ്ഗപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സൽസങ്‌ഗമം വരിക്കേണം;-
സദാലാപം ശ്രവിക്കണം;
സമ്മാര്‍ഗ്ഗത്തിൽച്ചരിക്കേണം;-
സൽസമ്മതി ലഭിക്കണം.


സമീപിക്കാമെളുപ്പത്തിൽ;-
ഛായയും ഫലവും തരും;
മറ്റുള്ളവര്‍ക്കായ് ജീവിപ്പൂ-
മഹാനും മാര്‍ഗ്ഗശാഖിയും.


തണുപ്പും വെണ്മയും ചേരും-
സാധുസങ്ഗമഗങ്‌ഗയിൽ
സ്നാതനാവോൻ വിശുദ്ധൻ താൻ-
തപസ്സിൻക്ലേശമെന്നിയേ.


വിജ്ഞസംസര്‍ഗ്ഗവൃക്ഷത്തിൽ-
വിവേകാഭിധമാം സുമം
വിരിഞ്ഞു നാൾക്കേകുന്നു-
വിജയാഭിഖ്യമാം മധു.


ചന്ദനം ശീതമെന്നാളും;-
ചന്ദ്രൻ ശീതനതിന്നു മേൽ;
ചന്ദ്രന്നുമേലും ശീതം താൻ-
സര്‍വര്‍ക്കും സാധുസങ്ഗമം


സൽസങ്ഗമം ലഭിച്ചോനു-
ശത്രു പോലും സഹോദരൻ;
മരുപോലും മലര്‍ക്കാവു;-
മരണംപോലുമുത്സവം.


തുച്ഛര്‍ക്കുമുളവാം മേന്മ-
സുമനസ്സംശ്രയത്തിനാൽ;
നാരിതൻ കൂന്തലിൽ ചേരും -
നാരിതിന്നു നിദര്‍ശനം.


കൈവിടില്ലാശ്രയിച്ചോനെ-
കാലം മാരുകിലും മഹാൻ;
ഓഷധീശൻ തന്നങ്ക-
മൊപ്പം വൃദ്ധിക്ഷയങ്ങളിൽ.


പുഴയിൽക്കഴിനീർ ചേര്‍ന്നാൽ-
പ്പൂതമാം മധുരോദകം;
കടലിൽപ്പുഴ നീർ ചേര്‍ന്നാൽ-
ക്കശ്മലം വവാദകം


ജലം മൌക്തികമാകുന്നു-
ചിപ്പിക്കുള്ളിൽപ്പതിക്കുകിൽ;
കൺമറഞ്ഞാവിയാകുന്നു-
കത്തും ചെന്തീയിൽ വീഴുകിൽ.


പൂവോടു ചേരും മണ്ണിന്നു-
പൂവിൻ ഗന്ധമുദിച്ചിടും;
മറിച്ചാവില്ല,ല്ലതിൻമട്ടാം-
മഹൽക്ഷുദ്രസമാഗമം.


തമസ്സകാരം തിഗ്മാംശു,-
താപം തീര്‍ക്കും സദാഗതി,
അഘം പോക്കുന്ന ഗായത്രി,-
യാശ നല്‌കും സുരദ്രുമം.


മങ്ങാത്ത പദവീദീപം;-
വാടാത്ത മലർമാലയും,
മറ്റുമായ് കാത്തുകൊള്ളുന്നൂ-
മര്‍ത്ത്യരെസ്സാധുസങ്‌ഗമം. (യുഗ്മകം)


താങ്ങില്ല മധ്യമന്മാരെ-
ത്താണോ, രുമത്തർപോലവേ;
അഭ്രിതൻ താപമാറ്റുന്നീ-
ലഭ്രത്തിനൊപ്പമായ് നദി.


കല്യാണഹരണത്തിന്നു-
കാട്ടുതീ ഖലസങ്ഗമം,
ധര്‍മ്മശാഖിക്കു മത്തേഭം,-
ജ്ഞാനദീപത്തിനാശുഗം.


വിരിഞ്ഞു മേന്മേൽക്കൃശമായ്-
വെണ്മയറ്റുവളഞ്ഞതായ്
കൂര്‍ത്തൊരഗ്രമെഴും പോത്തിൻ-
കൊമ്പുതാൻ ദുഷ്ടസൗഹൃദം.


വക്ത്രം വൈരൂപ്യമാർന്നീടാൻ-
ശ്വിത്രമെത്ര പരക്കണം?
ഭോജനം ദുഷ്ടമായീടാൻ-
പുഴവെത്ര കിടക്കണം?


വിപന്നത വരാൻ മര്‍ത്ത്യൻ-
വിഷമെത്ര കടിക്കണം?
അല്പംചോരും പതിച്ചിടാ-
നാര്‍ക്കും ദുർജ്ജനസങ്ഗമം. (യുഗ്മകം)


എത്രമേൽ നീരൊഴിച്ചാലു-
മേതും പാറ വളര്‍ന്നിടാ;
സമുത്ഥാനേച്ഛയുള്ളോരു -
ശാഖി വാച്ചു തഴച്ചിടും.


നാകത്തിൽ നമ്മെയേറ്റീടും-
നൽക്കോവണികൾ സത്തുകള്‍;
നിരയത്തിലിറക്കീടും-
നിശ്രേണികളസത്തുകൾ.