കാളകൂടം ഗ്രസിച്ചീല-
കണ്ഠത്തിൽപ്പാർവതീപതി;
ധാരാളമതുകൊണ്ടിന്നും -
ചമയ്പൂ വിധി മർത്ത്യരെ.
ഖലന്റെ മനവും നാവും-
കരവും തീർത്ത നാന്മുഖൻ
ശസ്ത്രവും വിഷവും തീയും-
ചമച്ചൂ പുനരുക്തമായ്.
സുജനോപദ്രവം ചെയ്‍വൂ-
ദുഷ്ടൻ തൻ നിതൃകർമ്മമായ്;
അവശ്യകരണീയത്തി-
ന്നാരപേക്ഷിപ്പു കാരണം?
ദോഷമില്ല തനിക്കെന്നു-
തോഷിച്ചീടേണ്ട സജ്ജനം;
അതത്രേ വലുതാം ദോഷ-
മസത്തിൻ സൂക്ഷ്മദൃഷ്ടിയിൽ.
തപോബലത്താൽക്കാണുന്നു-
സർവം തന്മയമായ് ഖലൻ;
സത്തുക്കളേയുമല്ലെങ്കിൽ-
ദുഷ്ടരെന്നവനോതുമോ?
തക്കം കാണാൻ സഹസ്രാക്കാർ;-
താഡിപ്പാൻ ബാണ ഹൈഹയര്‍;
അധിക്ഷേപിക്കുവാൻ ശേഷ-
രാര്‍ക്കും ഭീകരർതാൻ ഖലർ;
പരാപവാദം സംക്രീഡ;-
പരസന്താപമുത്സവം;
പരദോഷകണാലോകം-
പാപിക്കു നിധിദര്‍ശനം.
പാമ്പു ദുഷ്ടം; ഖലൻ ദുഷ്ടൻ;-
പാമ്പിൽ ദുഷ്ടതരൻ ഖലൻ;
പാമ്പു വല്ലപ്പോഴും കൊത്തും;-
പകലും രാത്രിയും ഖലൻ.
വ്യാളത്തിനു വിഷം ദന്തം;-
മക്ഷികത്തിനു മസ്തകം;
തേളിന്നു പുച്ഛം; ദുഷ്ടന്നോ-
ദേഹമാനഖ, മാശിഖം.
ഖലന്റെ രസനപ്പാമ്പു-
കാട്ടും ചേഷ്ടിതമത്ഭുതം;
അന്യന്റെ കർണം ദംശിക്കു, -
മന്യൻ പ്രാണവിഹീനനാം.
വദനം പുഞ്ചിരികൊള്ളും;-
വചസ്സമൃതൊഴുക്കിടും;
കൊടുതീ കത്തുമുള്ളത്തിൽ;-
ഘോരം ദുർജനവിഗ്രഹം.
ഇണങ്ങട്ടെ, പിണങ്ങട്ടെ;-
യിങ്ങുമങ്ങും ഖലൻ ഖലൻ;
കത്തുന്നതീയിൽക്കൈപൊള്ളും ;-
കരിയിൽക്കൈ കറുത്തിടും.
സ്തുതിച്ചാലും പഴിച്ചാലും-
ദുഷ്ടനസ്വാസ്ഥ്യമേകിടും;
നക്കിയാലും കടിച്ചാലും-
നല്‌കും പ്രാണഭയം ഫണി.
മൂര്‍ച്ച കൂടുന്നു വാളിന്നു-
മുറ്റും സ്നേഹം പുരട്ടുകിൽ;
ദഹിപ്പാൻ ശക്തിയേറുന്നു-
ചെന്തീക്കായതു ചേരുകിൽ.
മരത്തിൻ തണലിൽത്തങ്ങി-
മാറിപ്പോകുന്ന വേളയിൽ
അതിൻ കടപുഴക്കീടു-
മാനയും ബലനും സമം.
ആരാൽ താൻ പുഷ്ടനായ്, ദുഷ്ട-
നവനെക്കൊല്ലുമക്ഷണം;
താൻ ജനിച്ച മരംതന്നെ-
ദാവാഗ്നിക്കാദ്യ ഭക്ഷണം.
പഠിത്തം വാച്ചിടുംതോറും-
പാപി പാപിഷ്ഠനായിടും;
ജലം പൊങ്ങിവരും തോറും-
തീരം പുഴയുടച്ചിടും.
പരദ്രോഹഫലം തന്നെ-
പാപിതൻ പുണ്യകർമ്മവും;
പാഴാം വ്യാഘ്രോപവാസത്തിൻ-
പാരണം പശുമാരണം.
ഖലന്നും മുള്ളിനും രണ്ടേ-
കാണ്മൂ നാം മറുകൈകളായ്;
ജോടുകൊണ്ടു ചവിട്ടേണം;-
ദൂരത്തല്ലെങ്കിൽ മാറണം.
അധനത്വം പൊറുത്തീടാ-
മാധിയും വ്യധിയും വിധേ!
അകാലമൃത്യവും കൂടി:-
യസഹ്യം ഖലദര്‍ശനം.