മണ്ണും കല്ലും നിറഞ്ഞാരീ-
മന്നിലങ്ങിങ്ങപൂര്‍വമായ്
സ്വര്‍ണ്ണവും രത്നവും കാണാം-
സൂക്ഷിച്ചടിയിൽ നോക്കിയാൽ.
കടൽ പണ്ടു ജനിപ്പിച്ചൂ,-
കാളകൂടാമൃതങ്ങളെ;
ക്ഷോണിയിന്നും ജനിപ്പിപ്പൂ-
ദുഷ്ടസാധുജനങ്ങളെ.
സജ്ജനങ്ങൾക്കു വേണ്ടിത്താൻ-
സഹസ്രാംശുവദിപ്പ ...
വായു വീശുവതും, മന്നിൽ-
വാരിദം മഴപെയ്‍വതും.
ധനംമാത്രം ഹരിക്കുന്നൂ-
തസ്തരന്മാരടുക്കുകിൽ;
കക്കുന്നു ദൂരെ വാണാലും-
കണ്ണും കരളുമുത്തമർ
അപകാരിക്കുമേകീടു-
മഭയം സജ്ജനം പരം;
വറ്റിക്കും ബഡവാഗ്നിക്കും-
വാസമേകുന്നു വാരിധി.
മനോവാക്കായകർമ്മങ്ങൾ-
മഹാന്മാര്‍ക്കെന്നുമൊന്നുതാൻ;
മുടക്കം വിട്ടതന്യര്‍ക്കോ-
മൂന്നും മൂന്നുവിധത്തിലാം.
ഗോവിന്റെപാൽ കറന്നിട്ടു-
കുറെച്ചെന്നാൽ പിരിഞ്ഞുപോം;
പാലാഴിതൻ പാലെന്നാളും-
പാലായ് തന്നെയിരുന്നിടും.
പ്രളയത്തിങ്കൽ മര്യാദ-
പാരാവാരം തൃജിച്ചിടും;
അതെന്നും കൈവിടുന്നോര-
ല്ലതിഗംഭീരർ സത്തുകൾ.
ഖലാന്റെ നാവാം പാമ്പിന്റെ-
കടിതൻ ദുഷ്‌ടു മാറുവാൻ
സാധുക്കൾ സേവചെയ്യുന്നൂ-
ശമമാം പരമൌഷധം.
താപം തീര്‍ക്കും തുഷരാംശു;-
ദൈന്യം തീര്‍ക്കും സുരദ്രുമം;
താപവും ദൈന്യവും തീര്‍ക്കും-
സാധു സാന്ത്വധനങ്ങളാൽ,
വാരിദം ക്ഷാരനീരുണ്ടാൽ-
വര്‍ഷിക്കും മധുരോദകം;
ദുര്‍വാക്കു കേട്ടാൽ സാധുക്കൾ-
സൂനൃതോത്തരമോതിടും.
മുളയ്ക്കില്ല; മുളച്ചാലും-
കരിയും; കരിയായ്കിലും
കായ്ക്കില്ല നല്ലോർതൻ കോപം, -
ഖലർതൻ ദയപോലവേ.
സുജനത്തിനുമാചാരം-
വ്യജനിത്തിന്നുമൊന്നുതാൻ:-
പരിഭ്രമിച്ചിടും രണ്ടും-
പരതാപമകറ്റുവാൻ.
ആത്മതാപത്തിൽ മാത്രംതാ-
നലിവൂ വെണ്ണകൂടിയും;
അന്യന്റെ താപം കേട്ടാലു-
മലിയും സാധുവിൻ മനം.
അധമനു ഭയം ക്ഷുത്തു;-
മധ്യമന്നു ഭയം മൃതി;
പാതകം മാത്രമെന്നാളും-
ഭയമുത്തമനൂഴിയിൽ.
തുടങ്ങില്ലൊന്നുമധമൻ;-
വിടും മധ്യത്തിൽ മധ്യമൻ;
ഫലം വരെ പ്രയത്നിക്കും-
പ്രാണനുണ്ടെങ്കിലുത്തമൻ.
മഹാന്മാർ വീഴുകിൽപ്പന്തിൻ-
മട്ടിൽ വീണ്ടുമുയര്‍ന്നിടും;
മറ്റുള്ളാർചൊടിയായ്‌പ്പോകും-
മണ്ണാങ്കട്ടയ്ക്കു തുല്യമായ്.
സത്തിങ്കൽച്ചീത്തയും നന്നു;-
ദുഷ്ടങ്കൽ ചീത്ത നല്ലതും;
പശു പാലാക്കിടും പുല്ലു;-
പാമ്പു പാൽ വിഷമാക്കിടും.
പരസ്ത്രീദര്‍ശനാന്ധന്മാർ,-
പരാക്ഷേപകഥാജഡർ,
പരാര്‍ത്ഥഹൃതിപങ്ഗുക്കൾ,-
പരമാര്‍ത്ഥത്തിലുത്തമർ.
തലയ്ക്കും മേലാരേറ്റില്ല-
സാധുദൈവതവിഗ്രഹം?
ആരോഹിപ്പാനുമാക്കർഹ-
മയ്യോ! ഖര(ല)കളേബരം?