വിപത്തിലും സ്വഭാവത്തെ-
വിടുവോരല്ല നല്ലവർ;
നീഹാരമാവതില്ലഗ്നി-
നിര്‍വാണസമയത്തിലും.
ഉഷ്ണാംശു രക്തൻ താനൊപ്പ-
മുദയാസ്തമയങ്ങളിൽ;
ഏറും വിധമിറങ്ങീടു-
മേകഭാവർ മനസ്വികൾ.
മറിച്ചിട്ടാലെഴുന്നേല്പൂ,-
മാർജ്ജാരം കൂടിയും ദ്രുതം;
താഴെവീണാൽ മനുഷ്യന്നു-
സമുത്ഥാനം പ്രയാസമോ?
ഭൂകമ്പത്തിൽക്കുലുങ്ങുന്നു-
പുരഗ്രാമങ്ങൾ കൂടിയും;
ദൈവൊപരോധം വന്നാലും-
ധീരൻ നിശ്ചലമാനസൻ.
എതിരിൽപ്പാതമുട്ടിപ്പാ-
നേതു വിഘ്നങ്ങൾ നിലത്തിലും
അവയെത്തട്ടി നീക്കീടാ-
മധ്വനീനന്നു വേണ്ടുകിൽ.
അദ്രി മൺപുറ്റൊടൊത്തീടു-
മാഴി നീർച്ചാലാടൊത്തിടും;
ഉറച്ചൊന്നിനിറങ്ങുന്നൊ-
നൂഴി മുറ്റത്തൊടൊത്തിടും.
വാഴ്ത്തിടാം, താഴ്ത്തിടാം, ലോക;-
വരാം ലക്ഷ്മി, വരാതെയാം;
ചാകാമിക്ഷണമോ മേലോ;-
സന്മാർഗ്ഗം ധീരർ കൈവിടാ
തേരിന്നൊരൊറ്റച്ചക്രം താൻ:-
തേരാളി തുടയറ്റവൻ;
എങ്കിലും വാനിലാദിത്യ-
ന്നെന്നും യാത്ര സുഖാവഹം.
പേടിച്ചീലല്പവും നഞ്ഞാൽ ;-
ഭ്രമിച്ചീലലർമങ്കയാൽ;
ആഴി വീണ്ടും മഥിച്ചാർപോ-
ലമൃതം നേടുവാൻ സുരര്‍.
പൂവിന്റെ ധര്‍മ്മം മാത്രംതാൻ-
പുലർത്തുന്നു മനസ്വികൾ;
മര്‍ത്ത്യർതൻ മുടിയിൽച്ചേരും;-
വാടി,യല്ലെങ്കിൽ വീണിടും.
യാചനാവാണി മാനിക്കു -
നാവിൽനിന്നു പുറപ്പെടാൻ
മുറയ്ക്കു പഞ്ചപ്രാണങ്ങൾ-
മുന്നകമ്പടി പോകണം.
പരന്റെ പടി തേടാത്ത-
പങ്ഗുതാൻ ഭവ്യമാര്‍ന്നവൻ;
അവന്റെ വക്ത്രം കാണാത്തൊ-
രന്ധൻ താൻ ഹന്ത! നിർവൃതൻ;
മുറ്റും ഖലരെ വാഴ്‌ത്താത്ത-
മൂകൻ താൻ മുക്തപാതകൻ;
പേര്‍ത്തും തദുക്തി കേൾക്കാതെ-
ബധിരൻ താൻ സുഖാന്വിതൻ. (യുഗ്മകം)
ദൂരസ്ഥമാം ഭയം കണ്ടു-
തുടതുള്ളേണ്ട മാനുഷൻ;
മുന്നിൽ വന്നതു നിന്നാലോ-
മൂർദ്ധാവിൽ പ്രഹരിക്കണം.
ബഹുക്കൾതൻ പരീവാദം-
... ടിക്കേണ്ടവര്‍തന്നെ നാം,
ആത്മാവുമവരോടൊന്നി-
ച്ചാക്രോശിപ്പാനൊരുങ്ങുകിൽ
ഒരൊറ്റ ഞൊടിവാണാലു -
മോജസ്സോടൊത്തു വാഴണം;
ശതായുസ്സാകിലും ഹന്ത!-
ശവം താൻ ഭീരു സന്തതം.
ഉമി തീകത്തുകിൽപ്പാഴി-
ലൊട്ടുനേരം പുകഞ്ഞിടും;
കാൽവിനാഴികയായാലും-
കർപ്പൂരം നിന്നെരിഞ്ഞിടും.
ധനമിച്ഛിക്കു മധമൻ;-
ധനമാനങ്ങൾ മധ്യമൻ;
മാനമുത്തമനും; മന്നിൽ -
മാനൈകവിഭവൻ മഹാൻ.
പ്രാണൻ പോകുന്ന കാലത്തും-
ഭയം ധീരനിയന്നിടാ;
കൽത്തൂണു പൊട്ടിയാൽപ്പൊട്ടും-
ഘനം താങ്ങി; വളഞ്ഞിടാ.
വിത്തവും ഭാഗ്യവും മറ്റും-
വേർപെടും സമയത്തിലും
ഭർത്താവിനെസ്സുഖിപ്പിക്കും-
പ്രാണപ്രേയസിയാം കൃതി.