Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / പരോപകാരപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പരോപകാരപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ചൊല്ലുവൻ ധര്‍മ്മസര്‍വസ്വം-
ശ്ലോകാർദ്ധത്തിൽച്ചുരുക്കി ഞാന്‍;
പരോപകാരം താൻ പുണ്യം ;-
പാതകം പരപീഡനം.


ശ്വസിച്ചിടുന്നില്ലേവൻതാൻ-
സ്വർത്ഥമാത്രകൃതാർത്ഥനായ്?
കക്ഷിവീർപ്പിപ്പു കാറ്റുണ്ടു
കൊല്ലന്റെയുലകൂടിയും.


പാരിൽപ്പാമ്പുകളും കൂടി-
ബ്ഭാര്യാപുത്രോപകാരികൾ;
ജന്മം പരാർത്ഥമര്‍പ്പിച്ചു-
ജീവിക്കുന്ന പുമാൻ പുമാൻ.


ചര്‍മ്മവും മറ്റുമേകുന്നൂ-
ചത്താലും മറ്റുജീവികൾ;
കൊള്ളില്ല തെല്ലും മര്‍ത്ത്യന്റെ-
കുണപം മാത്രമൊന്നിനും.


തണ്ണീര്‍ക്കുമിളതൻമട്ടിൽ-
ത്തങ്ങിടും നരജീവിതം,
ആശാഗരളസമ്മിശ്ര-
മാധിവ്യാധിപരിപ്ലുതം;-


ആദ്യന്തമതിവൈരസ്യ-
മാര്‍ക്കും നല്‌കുമതിങ്കലും
ഗുണമുണ്ടൊ,ന്നൊന്നുമാത്രം,-
കുബ്ജയിൽ ഭക്തിപോലവേ;


ഉടൽ വെൺചാമ്പലാകും മുൻ-
പുതകിക്കാമതേവനും
എങ്ങാനുമെന്നാളെന്നാലു,-
മേതുജന്തുവിനെങ്കിലും. (സന്ദാനിതകം)


എന്നെങ്കിലും തനുത്യാഗ-
മേവര്‍ക്കും വിധികല്പിതം;
അതു പിന്നെ ത്യജിച്ചാലെ-
ന്തന്യര്‍ക്കൊരുപകാരമായ്?


പാലു നമ്മൾക്കു നല്‌കുന്ന-
പശുവിൻ ഗ്രാസമാകവേ
ജീവിതത്തെ നിനയ്ക്കുന്നൂ-
തൃണവും ചരിതാർത്ഥമായ്.


സര്‍വവും ലംഘനം ചെയ്യാം-
താൻകാര്യത്തിന്നു വേണ്ടുകിൽ;
ജാതിയായ് -മതമായ് നാടായ്-
ജാല്മര്‍ക്കന്യാർത്ഥചിന്തയിൽ.


മരുപ്പരപ്പാക്കാണ്മോരീ-
മഹിയിങ്കലുമീശ്വരൻ
മര്‍ത്ത്യര്‍ക്കു നല്കിടുന്നുണ്ടു-
മന്ദാരങ്ങളപൂര്‍വമായ്.


പടുനഞ്ഞു വമിക്കുന്ന-
പാമ്പുകൾക്കും ശുഭം വരാൻ
താർക്ഷന്നു നല്‌കീ തീനിന്നായ്-
ത്തന്മെയ് ജീമൂതവാഹനന്‍


കൃഷീവലസ്ത്രീ വാഴ്ത്തുന്ന-
ഗീതം കേട്ടു കൃതാർത്ഥമായ്
ജന്മം ത്യജിപ്പു ജീമൂതം-
ജഗതീജീവനൌഷധം.


മാതാവിൻ കുക്ഷിയിൽപ്പെട്ടാൽ-
മരിക്കും സമയംവരെ
ഇല്ലൊറ്റനിമിഷംപോലു-
മീശൻ കാക്കാതെ നമ്മളെ.


സര്‍വപ്രാണിഗണത്തിന്നും-
സമ്രാട്ടായുള്ള മാനുഷൻ
ഏവനും പരമോച്ചസ്ഥ-
നെത്രമേൽത്താണിരിക്കിലും.


ആര്‍ക്കില്ലവസരം മന്നി-
ലന്യര്‍ക്കുപകരിക്കുവാൻ?
മനസ്സു മാത്രമേ വേണ്ടൂ;-
മറ്റെല്ലാം തനിയേ വരും.


അധഃപതിച്ചൊരിയൂഴി-
യാദികൂര്‍മ്മമുയര്‍ത്തിപോൽ;
ആംമട്ടതാവാം നമ്മൾക്കും;-
അണ്ണാനും സേതുബന്ധനം.


പരന്റെ തപ്തഹൃത്തിങ്കൽ-
പ്പനിനീരു തളിക്കുവാൻ
തൽസ്മേരവദനം കാണ്മൂ-
ചന്ദ്രൻ വെള്ളാമ്പൽപോലവേ.


വിവേകംതന്നെ സമ്പത്തു;-
വിദ്യതന്നെ വിലോചനം;
സത്യംതന്നെ മഹാമന്ത്രം;-
ദയതന്നെ പരം തപം.


വളയാലല്ല, ദാനത്താൽ-
മാത്രം പാണി വിളങ്ങണം;
ഉടലും ചന്ദനത്താല-
ല്ലുലകിൻ പരിചര്യയാൽ.