അനേകമുണ്ടു ധർമ്മം നാ-
മനുഷ്ഠിക്കേണ്ടതെങ്കിലും
അഹിംസതാനവയ്ക്കെല്ലാ-
മസന്ദേഹമധീശ്വരി.
ഹിംസാപിശാചിതൻ വേഴ്ച-
യ്ക്കേവനുൽസുകനായിടും;
അവൻ മക്കളായുണ്ടാ-
മഘങ്ങൾ പലമാതിരി.
നമുക്കപ്രിയമാമൊന്നും-
നാം ചെയ്യൊല്ലാര്‍ക്കുമെന്നുമേ;
പ്രിയമാമേതുമേവര്‍ക്കും-
പേർത്തും ചെയ്യേണമെപ്പൊഴും.
ചേതസ്സിനാലും വാക്കാലും-
ചെയ്തിയാലുമൊരുത്തനും
ജന്തുഹിംസയ്ക്കൊരുമ്പെട്ടു-
ജന്മം പാഴിൽത്തുലയ്ക്കൊലാ.
അണുജീവിക്കുമാനന്ദ-
മാത്മജീവിതമൂഴിയിൽ;
അധികാരികളോ നമ്മ-
ളതിന്നരുതി ചേര്‍ക്കുവാൻ?
ദൈവം കൊടുത്തതാം ജീവൻ-
ദൈവം വേണമെടുക്കുവാൻ;
നാഥന്റെ ചെങ്കോൽ കീടങ്ങൾ -
നാമോ തട്ടിപ്പറിക്കുവാന്‍
വരുത്തൊല്ലഴലുൾത്തട്ടിൽ ;-
വാര്‍പ്പിക്കൊല്ലശ്രുവാര്‍ക്കു മേ;
അടിക്കൊല്ല കളിക്കായും:-
ഹനനം പിന്നെയല്ലയോ?
സാപ്പാടു മോടിയാക്കേണ്ട,-
സാമ്രാജ്യം നേടിടേണ്ട നാം,
വാനിലും കയറിടേണ്ട, -
വധിച്ചിതരജീവിയെ.
കൊന്നുതിന്മാൻ വളർത്തുന്ന-
കോഴികൾക്കൊപ്പമായ്നൃപർ
പിണ്ഡം ഭടര്‍ക്കു നൽകുന്നൂ-
പീരങ്കിക്കിരയാക്കുവാൻ.
മര്‍ത്ത്യഘാതികളാം മന്നർ-
മഹാന്മാരെന്നു വാഴ്ത്തവേ
ചരിത്രകൃത്തിന്‍ പേനയ്ക്കു-
ചാരിത്രം മൺമറഞ്ഞുപോയ്.
ജഗത്തിന്നഴൽ വായിച്ചു-
ജയഭേരി മുഴക്കുവോൻ-
പൂരുഷാദൻ -മഹാനെങ്കിൽ-
ഭൂകമ്പം മഹദഗ്രിമം.
മനുജവ്യാഘ്രസംജ്ഞയ്ക്കു-
മാറ്റു നൽകും കവീശ്വരർ
മനുഷ്യരാക്ഷസാഭിഖ്യ-
മാനിച്ചിടാത്തതത്ഭുതം.
അമ്പേറ്റു വീണു കേണീടു-
മന്നത്തിൻ മെയ് തലോടവേ
അതൂരിത്തന്റെ ദേഹത്തി-
ലാഞ്ഞു കുത്തീ ജിനൻ ശിശു;
മെയ് മുറിഞ്ഞു; മനംനൊന്തു;-
മേന്മേൽ വഴികയായ് നിണം;
തൽക്ഷണം മഗ്നനായ് ദേവൻ-
സര്‍വ്വസത്വാനുകമ്പയിൽ. (യുഗ്മകം)
ചണ്ഡാശോകനൃപന്നെന്നു-
ധര്‍മ്മാശോകാഖ്യ ലബ്ധമായ് ;
ആരാധ്യനായ് ജഗത്തിന്ന-
നഹിംസാപരനമ്മഹാൻ.
പരവിത്തം ഗരളമായ്-
പരസ്ത്രീ ജനയിത്രിയായ്
പരാത്തിയാത്മവ്യഥനായ്-
പ്പരികല്പിച്ചു സത്തുകൾ.
ഉണ്ടേതു ദേഹിതൻ മേനി-
ക്കുള്ളിലും ജഗദീശ്വരൻ,
മുക്താഹാരത്തിലേരോരോ-
മുത്തിലും നൂലിനൊപ്പമായ്.
മാതാവൂഴി, പിതാവീശൻ,-
മന്നവന്നുമുറുമ്പിനും ;
എല്ലാപ്രാണികളും നൂന-
മേകോദരസഹോദരർ.
ഹിംസമൂലം പ്രസാദിക്കി-
ല്ലീശ്വരൻ കരുണാനിധി;
പ്രാണിപീഡാരസം കോലും-
പാപിയല്ലജ്ജഗൽപ്രഭു.
ആരാധിക്കുവതെന്നോ നാ-
മഹിംസാപുഷ്പമാലയാൽ,
സമ്മോദമന്നുതാനേന്തും-
സച്ചിദാനന്ദവിഗ്രഹൻ.