സൌജന്യം ചുമലിൽത്താങ്ങും-
ധന്യൻ തന്നെയുയര്‍ന്നവൻ;
സൌകര്യത്തിൽ ഗ്രഹിക്കുന്നു-
സൗഖ്യദ്രുഫലമപ്പുമാൻ.
ഗുണം കുറഞ്ഞാന്നന്യന്റെ-
ഗുണോൽകൃഷ്ടത കാണവേ
മലിനീഭൂതമാകുന്നു-
മാത്സര്യപ്പുകയാൽ മനം.
പരന്റെകീർത്തിയും ശ്രീയും-
പാര്‍ക്കിലും കേൾക്കിലും ഖലൻ
ഉമിത്തീയിലമിഴ്ത്തിത്ത-
ന്നുള്ളം നീറ്റുന്നു രാപ്പകൽ.
സാപ്പാടും നിദ്രയും നീങ്ങും;-
ചടയ്ക്കും മേനി മേല്ക്കുമേൽ;
ചികിത്സിക്കാവതല്ലാര്‍ക്കും-
ജീവിതാന്തദമഗ്ഗദം.
ഏതും ഫലത്തിലാര്‍ന്നിടൊ-
ല്ലീര്‍ഷ്യ; ഹേതുവിലാര്‍ന്നിടാം;
പരിശ്രമിക്കാം നമ്മൾക്കും-
പരരെപ്പോലെയാകുവാൻ.
മനുഷ്യന്നുയരാൻ മാത്രം-
മാത്സര്യമുതകീടുകിൽ
അതെത്രമെച്ച,മീയൂഴി-
യതിനാൽത്തന്നെ നാകമാം.
അക്ഷാന്തി പക്ഷേ വേഗത്തി-
ലസൂയാരൂപമാര്‍ന്നിടും;
തൻനിലയ്ക്കുന്നതന്മാരെ-
ത്താഴ്ത്തുവാൻ കൈയുയര്‍ത്തിടും;
ദാതാക്കൾക്കു യശഃകാംക്ഷ;-
ദാന്തന്മാർക്കു ബകവ്രതം;
തന്റേടക്കാര്‍ക്കിഹ ഭാവം ;-
ശാലീനക്കല്പശേമുഷി:-
ഓരോ ഗുണിക്കുമിമ്മട്ടി-
ലോരോ ദോഷമുരച്ചിടും;
ചേറുവാരിയെറിഞ്ഞീടും-
തിഗ്‌മാംശുവിനെ നോക്കിയും. (സന്ദാനിതകം)
ശാപശക്തി സമാർജിച്ച-
ശമിയല്ലീയസൂയകൻ;
അതിനാൽ തൽപരീവാദ-
മാദ്യന്തം വന്ധ്യജീവിതം.
കൈക്കൊള്ളണം നാം ഗ്രാഹ്യാംശം-
കണ്ടാലാക്ഷേപവാക്കിലും;
ആചാര്യനാകാം രിപുവു, -
മൌഷധം നഞ്ഞുമൂഴിയിൽ.
അമൂലമാണാവാക്കെങ്കി-
ലതിനാലും കൃതാര്‍ത്ഥർ നാം,
കൈനഷ്ടമൊന്നും കൂടാതെ-
കണ്ടോര്‍ക്കാനന്ദമേകുവോർ.
സ്തുതിയും നിന്ദയും കേട്ടു-
തുഷ്ടിയും മാലുമേന്തൊലാ;
ഒന്നുവെള്ളത്തിൽ മുക്കീടു,-
മൊന്നു തീയിലെരിച്ചിടും.
ആത്മാശ്ലാഘോദ്യതന്മാരു-
മാത്മഘാതികളും സമം.
വ്യഞ്ജിക്കും സ്വഗുണം തന്നെ-
വേറിട്ടുള്ളോരെ വാഴ്ത്തിയാൽ.
സാധുവിന്നെന്തുവാൻ ഹാനി-
സംസൂയൻ പഴി ചൊല്ലുകില്‍?
ക്ഷതിയെന്തമ്പിളിക്കുള്ളു -
ചെറ്റപ്പട്ടി കുരയ്ക്കുകിൽ?
ചേര്‍ത്തുതാൻ ഗുണദോഷങ്ങൾ -
തീർപ്പൂ മർത്ത്യരെ നാന്മുഖന്‍;
ഏറ്റക്കുറച്ചിലുണ്ടാകം-
മിവതൻ യോഗരീതിയിൽ
വെരുകിൽപ്പുഴുകുണ്ടാകാം;-
പാമ്പിൻ തലയിലും മണി;
കീടത്തിലും പട്ടസൂത്രം;-
ചേറിലും സരസീരുഹം.
അധികാരികളോ നമ്മ -
ളന്യർതൻ ദോഷമോതുവാൻ?
അന്ധൻ കാണന്നു കല്പിക്കു-
മപവാദം നിരക്കുമോ?
ദോഷമാം കടലിന്നുള്ളിൽ-
സൂക്ഷിച്ചാൽ ഗുണമൌക്തികം
കാണാം; മുങ്ങിയതോരോന്നു-
കൈക്കൊൾവൂ പുണ്യശാലികള്‍.
അന്യന്റെ സൽഗുണം കാണു-
മക്ഷിതാൻ സഫലോദയം;
നാലുപേരൊടതോതുന്ന-
നാവുതാൻ ചരിതാര്‍ത്ഥവും.