Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / വിനയപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

വിനയപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

വിനയം വാച്ചിടുന്നോനു-
വിശ്വവും വശ്യമായരും;
ശരത്തിൽ വെള്ളം താഴുമ്പോൾ-
സ്നാനത്തിനർഹമാം നദി.


പാരായിടും നമുക്കുള്ള-
പണ്ടത്തേത്തറവാടിതിൽ
താണുതന്നെ നടക്കേണം-
തലമുട്ടാതിരിക്കുവാൻ.


താണുതാണുയരത്തേക്കു-
തത്വവേദികൾ കേറവേ,
പൊങ്ങിപ്പൊങ്ങിക്കിഴുപ്പോട്ടു-
പോരുന്നു പടുവിഡ്ഡികൾ.


പാരം മൌലി കുനിക്കുന്നു-
ഫലം തിങ്ങിന പാദപം,
അപ്രാപ്യമല്ല തന്നര്‍ത്ഥ-
മാര്‍ക്കുമെന്നറിയിക്കുവാൻ.


പക്ഷിക്കു വാനിൽപ്പാഞ്ഞീടാൻ-
പത്രംനല്കിന നാന്മുഖന്‍
തറയിൽ ഞാൻ നടന്നീടാൻ-
ചരണം മര്‍ത്ത്യനേകിനാൻ.


മാതാപിതാക്കളാചാര്യൻ -
മഹീശൻ മുതലെത്രപേർ
വലിയോരില്ല നമ്മൾക്കു-
വന്ദ്യരായപ്പലരീതിയിൽ?


താന്തോന്നിയാവതല്ലേതും-
സ്വാതന്ത്ര്യത്തിന്റലക്ഷണം;
നിയമത്തിന്നു കീഴ്പ്‌പെട്ടു-
നില്പൂ നിശ്ശേഷസൃഷ്ടിയും.


വായ്പിപ്പുപൊക്കും മേനിക്കു-
വാമനന്മാർ ഞെളിച്ചിലാൽ?
പ്രാംശുക്കൾ കനിവൂ തങ്ങൾ-
പരരോടൊപ്പമാകുവാൻ.


അറിയുംതോറുമാര്‍ക്കുംത-
ന്നറിവില്ലായ്‌മ ബോധ്യമാം;
നിറയുന്ന കുടത്തിങ്കൽ-
നീരു തുള്ളിത്തുളുമ്പുമോ?


കടൽക്കരയിൽനിന്നേതോ-
കക്കമാത്രം പെറുക്കുവോൻ
താനെന്നുരച്ചുപോൽ ന്യൂട്ടൺ-
സര്‍വശാസ്ത്രാബ്ധി പാരഗൻ.


വംശം, വിദ്യ, ധനം, രൂപം,-
വദാന്യത്വം, പരാക്രമം,
ആറുമട്ടിത്തരം ലോകര്‍-
ക്കകതാരിൽ വരും മദം.


മറ്റുമോരോ കുലത്തിന്നും-
മൂലം നമ്മൾ തിരക്കുകിൽ
പത്മത്തിന്നൊപ്പമടിയിൽ-
പ്പങ്കം വായ്പതു കണ്ടിടാം.


വിനയം വിട്ടു വിജ്ഞര്‍ക്കു-
വിദ്യ ഒപ്പം വരുത്തുകിൽ
സ്തന്യം വിട്ടതു മക്കൾക്കു-
തായ നഞ്ഞൂട്ടിന്നതാം.


ഒരുകാറ്റിലുരുക്കൂടു-
മൊരിടത്തര്‍ത്ഥസഞ്ചയം;
അടുത്തകാറ്റിൽച്ചിതറി-
യങ്ങിങ്ങാകെപ്പറന്നുപോം


മുന്നിലെശ്ശിശുവായ് വാണോ-
നിന്നു യൌവനഗര്‍വിതൻ;
നാളെജ്ജരാതുരൻ; ഹന്ത!-
മറ്റെന്നാൾ ശ്ശമനാതിഥി!!


ഫലാഭിസന്ധി കൈവിട്ടും,-
പരർ കേട്ടറിയാതെയും,
ചെയ്യുന്ന ദാനമേ ദാനം;-
ശേഷം കച്ചവടക്രമം.


തിര്യക്കുകൾക്കും മെയ്യൂക്കു -
ദൈവം നൽകിയിരിക്കവേ,
ഘോരൻ താനെന്നുവച്ചേവൻ-
കൊമ്പൻമീശപിരിച്ചിടും?


നല്ലോരെക്കണ്ടിടുന്നേരം-
നമ്രമാകും ശിരസ്സുതാൻ
ആഭിജാത്യാദിസമ്പന്നര്‍-
ക്കടയാളം ധരിത്രിയിൽ.


മദമാമാനമേലേറും-
മഘവാവിനെയും ദ്രുതം
പൂഴി ക്കുള്ളിൽപ്പതിപ്പിക്കും-
പൂജ്യ പൂജാവ്യതിക്രമം.


ഏതുതാമസമായുള്ള-
ഹൃത്തും വിനയമേന്തുകിൽ
ശോഭിക്കും പനിനീർപുഷ്പം -
ചൂടും കാർകുഴൽ പോലവേ