ആശിച്ചതു ലഭിക്കാത്തോ-
നരിശത്തിന്നധീനനാം;
കാരണത്തെ നശിപ്പിച്ചാൽ-
ക്കാര്യം താനേ നശിച്ചു പോം.
അശക്തൻ ബലം ക്ഷാന്തി;-
ശക്തന്നതു വിഭൂഷണം;
തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണം;-
തെറ്റില്ലെങ്കിൽ ക്ഷമിച്ചിടാം.
അവിധേയനൊടാര്‍ക്കുണ്ടാ-
മരിശത്താൽ പ്രയോജനം?
വിധേയനോടുള്ളരിശം-
വിഭുവിന്നു വിളങ്ങുമോ?
ദാരിദ്ര്യബാധിതൻ ത്യാഗി;-
തരുണൻ വിജിതേന്ദ്രിയൻ;
ബലവാൻ ക്ഷാന്തൻ:-
ഈ മൂന്നു-പേരും വാഴ്ത്തപ്പെടേണ്ടവര്‍
ക്ഷമയാം ചട്ട പൂണ്ടോനു-
ജയിക്കാമേതുലോകവും;
തണ്ണീരിൽ വീഴും തീക്കൊള്ളി-
തണുത്തേ മതിയായിടൂ.
കോമരത്തുള്ളൽ തുള്ളൊല്ലേ-
കോപബാധയൊരുത്തനും;
ദശിക്കുവോർ ചിറിക്കുന്ന-
ദേഹായാസമതിൻ ഫലം.
ക്രോധം കോപത്തെ വെന്നീടാ;-
കൂരിരുട്ടിൽൾ മാറ്റിടാ;
ക്ഷാന്തിയാലരിശം നീങ്ങും;-
തമസ്സമ്പിളിയാൽ പെടും.
സ്വാധീനമാം പുണ്യതീർത്ഥം,-
ധനം വേണ്ടാത്തതാംക്രതു,
ക്ലേശമറ്റ തപസ്സും താൻ-
ക്ഷമാശീലം ശുഭാവഹം.
എത്രയോ സുന്ദരം നമ്മൾ-
ക്കീശൻ നൽകിയൊരാനനം;
അരിശം കൊണ്ടു വൈരൂപ്യ-
മതിന്നെന്തിനണയ്പുനാം?
ദംഷ്ട്രയും തീക്കനൽക്കണ്ണും-
നീണനാക്കുമലര്‍ച്ചയും
കാട്ടിലെങ്ങോ കിടക്കേണ്ട.-
കടുവായ്ക്കേകി നാന്മുഖൻ.
പിണി യാതൊന്നുമില്ലാതെ -
പിച്ചും പേയും പുലമ്പിടും;
മദ്യമുള്ളിൽക്കടക്കാതെ -
മത്താടും കോപബാധിതൻ.
കൊള്ളിവയ്ക്കും ഗൃഹത്തിന്നു;-
കൂട്ടക്കൊല നടത്തിടും;
ആത്മഘാതിയുമായ്‍തീരു-
മരിശംപൂണ്ട പാതകി.
ഇടിയും മിന്നലും മുഞ്ഞി-
യിരുണ്ട മുകിലാര്‍ന്നിടും;
കാലം തെല്ലു കഴിഞ്ഞീടിൽ-
ക്കണ്ണീർ തുകുമനല്പമായ്.
കോപിക്കൊലാ നാമാരോടും;-
കോപിക്കാൻ തീര്‍ച്ചയാക്കുകില്‍
കോപത്തോടാട്ടെയക്കോപം;-
ഘോരാരാതിയതല്ലയോ?
വിശുദ്ധമീ മനഃക്ഷേത്രം-
വിവേകത്തിൻ പ്രതിഷ്ഠയാൽ;
ഈറപ്പിശാചഴിഞ്ഞാടാ-
നിതാർ പാഴ്ക്കളമാക്കിടും?
മാറിടത്തിൽച്ചവിട്ടീട്ടും-
മാധവൻ ക്ഷാന്തനാകയാൽ
പുരുഷോത്തമനെന്നോതി-
പൂജിച്ചദ്ദേവനെബ്ഭൃഗു.
ക്ഷമാദേവതയെക്കാണ്മിൻ -
ജഗൽ പുണ്യപതാകയെ;
പാഞ്ഞെത്തുമരിശപ്പാമ്പിൻ-
പത്തിതാഴ്ന്നും വിഭൂതിയെ.
കനിവിൻ നീരുറന്നീടും-
കൺകൊണ്ടൂഴിയെ നോക്കുവോൾ;
പുഞ്ചിരിപ്പുണ്ഡരീകപ്പൂ-
പുരോഭൂവിൽ വിരിക്കുമ്പോൾ;
മൌർഖ്യമാക്രോശനം ചെയ്താൽ -
മൌനവൃത്തി ഭജിക്കുവോൾ;
വികാരക്കെടുതീക്കുള്ളം-
വിറകാക്കാതെ വാഴുവോൾ;
പ്രസന്നയായ്, മധുരയായ്,-
പ്രൌഢയായ് പരിശുദ്ധയായ്,
മേവുമിദ്ദേവിയെക്കൂപ്പാം-
മേന്മേൽപ്പാപം ശമിക്കുവാൻ. (സന്ദാനിതകം)