വിധി മര്‍ത്ത്യക്കു നൽകുന്ന-
വിവിധാനുഗ്രഹങ്ങളിൽ
അതിമാത്രം വിലപ്പെട്ട-
തായുഷ്കാലമസംശയം.
അന്തമുണ്ടതിനെന്നുള്ള -
താര്‍ക്കും ബോധ്യമനാരതം;
അതെപ്പോളെന്നുമാത്രം താ-
നറിവീലാരുമേതുമേ.
ഏറെ നീണ്ടാലുമിജ്ജന്മ-
മെത്രനാളേക്കു നീണ്ടിടും?
ആര്‍ക്കു നൂറ്റാണ്ടു ജീവിക്കാ-
മരോഗദൃഢഗാത്രനായ്?
പാതിപോം വിശ്രമത്തിങ്കൽ;-
പാതി പിന്നെയുമുള്ളതിൽ
ബാല്യവാർദ്ധക്യരോഗങ്ങൾ -
ഭാഗത്തിന്നവകാശികൾ.
ശേഷിച്ച സമയം കൊണ്ടു-
ശേമുഷിക്കൊത്തരീതിയിൽ
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങൾ-
സാധിക്കേണ്ടവർ മാനവർ.
ആയുരാരോഗ്യഭാഗ്യങ്ങ-
ളടുത്ത നിമിഷത്തിലും
പാലിക്കുവാൻ നമുക്കേവൻ-
പ്രതിഭൂവായി നിന്നിടും?
സ്നേഹിപ്പാൻ മാത്രമേകുന്നു-
ദൈവം മര്‍ത്ത്യം ജീവിതം;
ദ്വേഷിപ്പാൻ കൂടിയില്ലല്ലോ-
ദീർഘത്വമതിനേതുമേ.
ചെലവാക്കാൻ മടിപ്പൂ നാം-
ജീവിതാം യഥാർഹമായ്,
കവര്‍ച്ചയ്ക്കു തരം പാര്‍ത്തു -
കാലൻ പാതയിൽ നില്ക്കവേ.
കൃതകൃത്യനൊരാളന്യൻ-
ക്രീഡാമാത്രപരായണൻ;-
സമവർത്തിക്കു തെല്ലില്ലി-
ത്താരതമ്യവിവേചനം,
ശരീരമാം ഘദത്തിങ്കൽ-
ത്തങ്ങിടും സ്വല്പജീവനം,
പായുന്ന ദിനരാത്രങ്ങൾ-
പാനം ചെയ്യുന്നു നിത്യവും.
സമയത്തിന്റെ മൂല്യത്തിൻ-
സാക്ഷാദ്രൂപം ധരിക്കുവാൻ
കണ്ഠസ്ഥപ്രാണനായോന്റെ-
കണ്ണീർക്കണ്ണാടി നോക്കണം.
വേലയ്ക്കും വേണ്ടതാം കാലം-
വിനോദം കൈക്കലാക്കുകിൽ
ഓദനത്തിൻ പദത്തിങ്ക-
ലുപദംശം കടക്കയായ്.
“ഇത്രയ്ക്കും നീട്ടി ഞങ്ങൾക്കെ-
ന്തേകുവാൻ ജീവിതം ഭവാൻ?"
എന്നു പുച്ഛിപ്പു ദൈവത്തെ-
യെന്നാളും വ്യര്‍ത്ഥജീവിതർ.
അന്നന്നു മുന്നിൽ വന്നെത്തു-
മഹസ്സാമതിഥിക്കു നാം
അയ്യോ! പൂജനടത്തുന്ന-
തതിൻ ചിത്രവധത്തിനാൽ!
മറ്റുള്ളോര്‍ക്കുള്ള മൂവെട്ടു-
മണിക്കൂറുകളെന്നിയേ
ധാതാവു നല്കീലെന്നാളും-
ശങ്കരാദ്യര്‍ക്കു കൂടിയും.
“ഇന്നെന്തു സുകൃതംചേയ്തേ-
നിന്നെന്തറിവു നേടിനേൻ?
ഇന്നെത്ര പോന്നേൻ മുന്നോട്ടേ-
ക്കിന്നലത്തേതിൽനിന്നു ഞാൻ"?
ചോദിക്കണം നാം രാവായാൽ-
ച്ചോദ്യമാത്മാവൊടിത്തരം;
പ്രതികൂലോത്തരം കേട്ടാൽ-
പശ്ചാത്താപാശ്രു വാര്‍ക്കണം;
അടുത്തനാളിലാത്മാവി-
ന്നാനുകൂല്യത്തെ നേടുവാൻ
ശപഥം ചെയ്യണം;പിന്നെ-
ശ്ശാന്തന്മാരായുറങ്ങണം. (സന്ദാനിതകം)
ഭൂതം വീഴട്ടെ ഭൂതത്തിൽ ;-
ഭാവി തങ്ങട്ടെ ഭാവിയിൽ;
വരം തരട്ടെ നമ്മൾക്കു-
വർത്തമാനം പുരഃസ്ഥിതം.
നാളെച്ചെയ്യേണ്ട കൃത്യങ്ങൾ-
നാമിന്നേ ചെയ്തുതീര്‍ക്കുകിൽ
ചരിതാർ നമുക്കെന്നും-
ശ്രാദ്ധദേവൻ പ്രിയാതിഥി.