Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / വചനപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

വചനപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സത്യം ചൊല്ലാം, പ്രിയം നമ്മൾ;-
സത്യം ചൊല്ലരുതപ്രിയം;
അസത്യം പ്രിയവും ചൊല്ലൊ-
ല്ലതത്രേ ധർമ്മശാസനം.


സത്യം നാമെന്തിനോതേണം?-
സര്‍വഭൂതഹിതത്തിനായ്;
പരദ്രോഹഫല്യം സത്യം-
ഭാഷിച്ചാലതു പാതകം.


മിതമായ്, മൃദുവായ്, സത്തായ്,-
ഹിതമായ്, പ്രീതിഹേതുവായ്,
കേൾപ്പോര്‍ക്കു മധുരിയ്ക്കുന്ന-
ഗീരോതുന്നു മനീഷികൾ.


ഉമിനീരിൻ മലത്തോടീ-
യൂഴിപൂകും സരസ്വതി
സ്മിതാമൃതത്തിൽ മുങ്ങാഞ്ഞാൽ-
ത്തെല്ലും സംശുദ്ധയാകുമോ?


ആർദ്രയായ് വിലസും ജിഹ്വ-
യതിന്നനുരൂപമായ്
പാരുഷ്യശുഷ്കമാം വാക്യം-
പ്രസവിക്കുന്നതെങ്ങനെ?


നല്ല നാവിങ്കൽനിന്നൂറു- 
"മില്ല' പോലും രസോത്തരം,
ഒല്ലാത്ത നാക്കു തുപ്പുന്നൊ-
രൂഴിയും പൂഴിയും സമം.


നല്ലവാക്കുരചെയ്യോന്റെ-
നാവുവിട്ടൊരുദിക്കിലും
വാണീലക്ഷ്മികളൊന്നിച്ചു-
വാഴുന്നീല ധരിത്രിയിൽ.


പാവതൻ മെയ്യിലും ചാര്‍ത്താം-
പണ്ടവും പട്ടുവസ്ത്രവും;
മർത്ത്യന്നു നാവിൽ മിന്നുന്ന-
വാണിയാമണിതാനണി.


തണ്ണീരൊരല്പം നല്കീടാം,-
തണലഞ്ഞാട്ടിരുത്തിടാം,
നല്ലവാക്കൊന്നുരച്ചീടാം,-
നമ്മൾക്കാരൊടുമെപ്പൊഴും.


ആര്‍ക്കില്ല ഭാവനാബന്ധ,-
മാര്‍ക്കില്ലാശയസന്തതി?
അതെല്ലാം വാഗ്മിയല്ലാത്തോ-
ന്നലസും ഗര്‍ഭമല്ലയോ?


ഊമപ്പിറവി വന്നീടാ-
മുണ്ടാകാം വാഗ്യതവ്രതം
വരൊല്ലാര്‍ക്കും സദസ്സിങ്കൽ-
വാകസ്തംഭം മറ്റുരീതിയിൽ


കുറ്റി പോലെയിരിക്കുന്നൂ-
ഗോഷ്ഠിയിങ്കൽക്കുബേരനും;
എടുത്തമ്മാനമാടുന്നൂ-
യഥേഷ്ടം വാഗ്മി സഭ്യരെ.


ആകര്‍ഷകം താൻ മധുര-
മര്‍ത്ഥല്ലാത്ത ശബ്ദവും;
വീണാക്വണത്തിലെന്തുള്ളു-
വിചാരസഹമാം രസം?


നിറമല്ലനുരഞ്ജിക്കാൻ-
സ്വരമാകുന്നു കാരണം;
കറുത്ത കുയിൽ നമ്മൾക്കും-
ഗാനത്താൽ രമ്യമേറ്റവും.


മണ്ഡുകമൊന്നും കട്ടീല;-
മൈന തന്നീല; പിന്നെയോ
വാക്കാലാന്നു വെറുപ്പിപ്പൂ-
മറ്റൊന്നുത്സവമേകവേ.


വറ്റൊന്നും കൈക്കലാവില്ല-
വാമൂടിപ്പിച്ച തെണ്ടിയാൽ;
പാടുന്ന യാചകന്നെന്നും-
പാത്രം ഭിക്ഷാന്നപൂര്‍ണ്ണമാം.


കടിക്കുന്നോരു പാമ്പിന്നു-
കരയുന്നോരു കുഞ്ഞിനും
സന്തോഷം മാനസത്തിങ്കൽ-
സാന്ത്വനത്താൽ വരുത്തിടാം


അച്ഛസ്ഫടികപാത്രത്തി-
ലൗഷധം കൈപ്പതെങ്കിലും
അല്പം തേൻ ചേർത്തു നല്കീടി-
ലാസ്വദിക്കു മതാതുരൻ.


കാലത്തിനാലുണങ്ങീടും-
കണകൊണ്ടുളവാം ക്ഷതം;
ആജീവനാന്തം നിന്നീടു-
മാർദ്രമായ് വാഗ്വിഷവ്രണം.


ഓതുന്നു സാമം നീതിജ്ഞ-
രൊന്നാമത്തെയുപായമായ്;
സാമഗന്മാര്‍ക്കു നൽകുന്നു-
സര്‍വാത്ഥങ്ങളുമീശ്വരൻ