Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / സത്യപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സത്യപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മനസ്സിലും നാം യാഥാര്‍ത്ഥ്യം-
വാക്കിലും വദനത്തിലും
പ്രവൃത്തിയിലുമെന്നാളും-
പരിപാലിച്ചിടേണ്ടവർ.


അര്‍ത്ഥങ്ങൾക്കൊക്കെയും സത്യ-
മഗ്രസ്ഥാനത്തിൽ നില്ക്കയാൽ
പണ്ട് മുതല്ക്കതിന്നേകീ-
പരമാര്‍ത്മാഖ്യ പണ്ഡിതർ.


നേരേ ലക്ഷ്യത്തിലെത്തീടും-
നേരും പകഴിയും സമം:
വളവും പുളവും ചേരും-
വ്യാളവും വ്യാജവും സമം.


ഉള്ളതുള്ള വിധംമാത്ര-
മോതിയാലതു സത്യമാം;
പൊടിപ്പും തൊങ്ങലും മറ്റും-
പുനസ്സൃഷ്ടിക്കു ഭൂഷണം.


അനന്തനല്ല താങ്ങുന്ന-
താദികച്ഛപമൂര്‍ത്തിയും;
സത്യദേവത താങ്ങുന്നു-
താണു പോകാതെ ഭൂമിയെ.


സഞ്ചരിപ്പൂ ജഗൽപ്രാണൻ;-
തപിപ്പൂ ലോകബന്ധവൻ;
തണ്ണീർ പൊഴിപ്പൂ പർജ്ജന്യൻ:-
സത്യദാസർ മഖാശനർ.


സാഗരം മന്നിൽ നില്ക്കുന്നൂ-
സത്യം കല്പിച്ച രേഖയിൽ;
താരങ്ങൾ വാനിൽത്തുങ്ങുന്നൂ-
സത്യം തൂക്കിന രീതിയിൽ


വാക്കെന്നുമൊരു പോലോതി-
വാഴ്‍വൂപക്ഷിമൃഗാദികൾ;
വിശ്വത്തെക്കുബളിപ്പിപ്പൂ-
വിവിധോക്തിധനൻ നരൻ.


അകമേ സാക്ഷിയായ് നിത്യ-
മന്തരാത്മാവിരിക്കവേ
അറിയില്ലന്യരെന്നോര്‍ത്താര്‍-
ക്കസത്യം ചൊല്ലിനിന്നിടാം?


ദ്വിജിഹ്വാകൃതിയിൽപ്പോലും-
ദൈവം തീർത്തീല മര്‍ത്ത്യരെ;
അനന്തജിഹ്വരായാലു -
മസത്യോക്തി സുദുഷ്കരം.


ആദായകരമായാലു-
മസത്യത്തെ വെറുക്കണം;
ആശ്ലേഷത്തിനണഞ്ഞാലു-
മകറ്റേണം പിശാചിനെ.


വാണി-സത്യസ്ഥയാം ദേവി-
വാണിടും രസനാഞ്ചലം
അസത്യമോതിയാൽ, ക്ഷ്വേള-
മമൃതാംശു വരിക്കണം.


ത്യാഗമില്ലാത്തതാം ഭൂതി;-
കാന്തനില്ലാത്ത കാമിനി;
ശമമില്ലാത്തതാം വിദ്യ;- 
സത്യമില്ലാത്ത ഭാരതി.


സത്യം നൽകുന്ന ഭിക്ഷാന്നം-
സത്തുകൾക്കുത്തമോത്തമം;
അസത്യമേകും സാമ്രാജ്യ-
മമേധ്യമധമാധമം.


സർവലോകരിൽനിന്നും നാം-
സത്യത്തെത്താൻ കൊതിക്കവേ
അതന്യർ നമ്മിൽനിന്നും തെ-
ല്ലാശിച്ചാൽ കുറ്റമെന്തതില്‍


സർവ്വസ്വവും വെടിഞ്ഞാലും-
സത്യത്തെ വെടിയായ്കയാൽ
ഹരിച്ച വാസവസ്വാന്തം-
ഹരിശ്ചന്ദ്രനൃപൻ മഹാൻ.


മഹി സർവ്വംസഹയ്ക്കില്ല-
മറ്റുഭാരങ്ങളാൽ ക്ലമം;
അഹോ! ദുസ്സഹനദ്ദേവി-
ക്കളീകോക്തിപരൻ നരൻ.


അന്യന്റെ വിത്തം തല്ലക്ഷ്മി;-
യദ്ദേവിയെ മനസ്സിനാൽ
ആശിച്ചാൽക്കൂടിയും പാപം;-
ഹരിച്ചാൽച്ചൊല്ലിടേണമോ?


ശീലിപ്പു നല്ലോർ ഭാഷിപ്പാൻ-
ശിലാരേഖയ്ക്കു തുല്യമായ്;
വരം പുമാന്നസുത്യാഗം;-
വർജ്യം വാഗ്ദത്തലങ്ഘനം.


ഋജുവാം പാതതാൻ ശീഘ്ര-
മീശോപാന്തമണച്ചിടും;
മായതൻ കൂട്ടു കൈവിട്ടാൽ-
മാനവൻ ജ്ഞാനിയായിടും