Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / ദീപാവലി / അവതരണപദ്ധതി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അവതരണപദ്ധതി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മേഘങ്ങൾക്കിടയിൽത്തങ്ങും - 
മിന്നൽക്കീറിൽ തുല്യമായ്
ദുഃഖമധ്യത്തിൽ മിന്നുന്നൂ-
തുച്ഛം സ്വാര്‍ത്ഥചരം സുഖം.


ഒരുത്തൻ നേടുമസ്സൌഖ്യ-
മൊട്ടേറെപ്പേര്‍ക്കു ദുഃഖദം;
അവന്നുമസുഖപ്രായ - 
മപായാഗമശങ്കയാൽ


നരലോകത്തെയിമ്മട്ടിൽ - 
നാന്മുഖൻ സൃഷ്ടിചെയ്യവേ
കാന്താസഹജമായുള്ള -
കനിവാര്‍ന്നോതി ഭാമതി.


"പ്രാണനാഥ! ഭവൽസൃഷ്ടി-
പാര്‍ത്തോളം വികലം തുലോം;
പത്നി തീര്‍ക്കാനൊരുങ്ങുന്നൂ-
ഭർത്താവിൻ കേടുപാടുകൾ.


ധാത്രിയിൽത്തന്നെ മര്‍ത്ത്യര്‍ക്കു -
ചമയ്ക്കാമുലകൊന്നു ഞാൻ, 
അപേതശോകവ്യാമോഹ-
മഖണ്ഡാനന്ദസുന്ദരം.”


'കാണട്ടെയതു ഞാൻ' എന്നു-
കമലാസനനോതവേ
വാല്മീകി മുനിതൻ നാവിൽ-
വാണാൾ പോയ്‍വാഗധീശ്വരി


അന്നുദിച്ചു സമസ്തര്‍ക്കു-
മന്തര്‍ന്നിർവൃതിദായകം
അപരിച്ഛേദ്യ മാധുര്യ -
മാദികാവ്യരസായനം.


സുഭാഷിതങ്ങളൊട്ടേറെ-
സ്സുരീന്ദ്രരതുനാൾ മുതൽ
ശ്ലോകരൂപത്തിൽ നിര്‍മ്മിച്ചു-
സുഖിപ്പിക്കുന്നു മർത്യരെ.


പാരിന്റെ മര്‍മ്മം കണ്ടോര-
പ്പരാനുഗ്രഹപണ്ഡിതർ
ശ്ലോകമാം ചിമിഴേകുന്നു-
തുലോമര്‍ത്ഥസമൃദ്ധമായ്.


കാണുവാനില്ല കണ്ണേതും;-
കണ്ടാലില്ലറിവാൻ മതി;
അറിഞ്ഞാലില്ല നാവോതാൻ:-
അഹോ ! കവികൾ ദുർല്ലഭര്‍


നഭോമാര്‍ഗ്ഗത്തിലെമ്മട്ടിൽ
നക്ഷത്രങ്ങൾ വിളങ്ങുമോ,
സുഭാഷിതങ്ങളമ്മട്ടിൽ-
ശോഭിപ്പൂ കാവ്യവീഥിയിൽ.


മനോഹരങ്ങളായോരീ-
മഹദ്വാക്യങ്ങളെന്നിയേ
മറ്റെന്തുള്ളു മനുഷ്യര്‍ക്കു-
മാര്‍ഗ്ഗദീപങ്ങളൂഴിയിൽ ?


അദ്ദീപാവലി ഞാനല്പ-
മധ്വഗന്മാര്‍ക്കു കാട്ടിടാം;
ഏതാണ്ടിടയ്ക്കു കത്തിക്കാ-
മെന്റെയും കൈവിളക്കുകൾ.


പാരിൽ മൂന്നുണ്ടു രത്നങ്ങൾ-
പാഥ, സ്സന്നം, സുഭാഷിതം;
പൊട്ടക്കല്ലിന്നു നല്കുന്നു-
ഭോഷൻ താൻ രത്നമെന്നു പേര്‍


ഭവമാം വേര്‍പ്പിൽ മിന്നുന്നൂ-
ഫലം രണ്ടമൃതോപമം;
ഒന്നു സൂക്തിരസാസ്വാദ-
മൊന്നു സജ്ജനസങ്ഗമം.


സുഭാഷിതത്തൊടൊത്തോരു-
സുഹൃത്തില്ലൊരു മര്‍ത്ത്യനും
പാതയിൽ സഞ്ചരിപ്പിക്കാൻ
പ്രാപ്യസ്ഥാനത്തിലാക്കുവാന്‍


ധർമ്മാധർമ്മങ്ങളെപ്പേർത്തും- 
തരൂപത്തിൽ ധരിക്കുവാൻ
സുഭാഷിതത്തിൻ സാഹായ്യം-
സൂരിക്കും പ്രാര്‍ത്ഥനീയമാം.


കീര്‍ത്തിയും ധര്‍മ്മവും നമ്മൾ-
സൂക്തിയും സങ്ഗ്രഹിക്കണം;
ഇല്ല തെല്ലഴിവെന്നുള്ള-
തീമൂന്നിനുമൊരിക്കലും.


മുഖം കറുത്തുപോയ് ഹന്ത!-
മുന്തിരിങ്ങാപ്പഴത്തിനും;
സുധയും വാനിലേക്കോടീ-
സൂക്തിയെക്കണ്ടു ഭീതയായ്.


അലങ്കരിക്കും ജിഹ്വാഗ്ര,-
മാവശ്യം നിർവഹിച്ചിടും;
ഹരിക്കില്ലന്യരാരും വ,-
ന്നനർഘം സൂക്തിഭൂഷണം.