Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / പരക്കാട്ടു ഭഗവതീസ്തോത്രം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പരക്കാട്ടു ഭഗവതീസ്തോത്രം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അവനതാലംബഭൂതേ! പരക്രോധ-
ഭുവനമലദീപികേ! ചണ്ഡികേ!
തവ നമോവാകഹേവാകശാലി ഞാൻ
ഭൂവനപാവനി! ഭൂതിസന്ദായിനി!

 

മഹിഷമുഖ്യാസുരാന്തകമെങ്കിലും
ദ്രുഹിണശക്രാദിപൂജിതം ത്വൽപദം ;
മിഹിരമണ്ഡലം ധ്വാന്തസന്ദോഹത്തി-
നഹിതമെങ്കിലും വിശ്വസഞ്ജീവനം.

 

ഒരുനിമേഷമെന്നാകിലും ഭാവൽക-മ
രുണകൌശേയവീതം കളേബരം
നിരുപരോധമെൻ ചേതസ്സിൽ മിന്നുവാൻ
കരുണ വേണം ഘനാനുകമ്പാമയി!

 

ചരണരാജീവഭൃങ്ഗങ്ങൾതൻ തമോ-
ഭരമശിക്കയാൽ ഭാവൽകവിഗ്രഹം
ഗരളകന്ധരപ്രാണേശി! മിന്നുന്നു
സരസജീമൂതസങ്കാശവര്‍ണ്ണമായ്.

 

ഉരസി സൌവര്‍ണ്ണഹാരങ്ങൾ മേല്ക്കുമേ-
ലുരസിമിന്നും കളേബരം താവകം
ശിരസി ഹൈമം കിരീടത്തൊടും കാൺകി-
ലരസികാഗ്രിമൻപോലും കവീശ്വരൻ.

 

ധവമനോജ്ഞാങ്ഗലക്ഷ്മീദിദൃക്ഷവാം
ഭവതിതന്നുത്തരാശാമുഖസ്ഥിതി
ശിവനിൽ വായ്പിക്കുമല്പഹാസത്തിനാൽ
ധവളമാകുന്നു തന്നിവാസാചലം.

 

ഇവനനാമയം, സമ്പത്തു, സന്താന -
മവധിവിട്ടുള്ളൊരന്യസൌഭാഗ്യവും,
ഭവതി നല്കായ്കിൽ വന്ധ്യം, നിരര്‍ത്ഥകം,
തവ ചതുർബാഹുസംയുതം വിഗ്രഹം,

 

ജയ! ജയാംബികേ! ശങ്കരപ്രേയസി!
ജയ! മുരാരിസ്വസാവേ കനീയസി!
ജയ നമോ ദൈത്യഖണ്ഡനപണ്ഡിതേ!
ജയ നമോ ദയാമണ്ഡിതേ! ചണ്ഡി! തേ.