മാലുള്ളതാണീ മഹിയന്നുവെച്ചു
മാഴ്കുന്നതെന്തിന്നു മനുഷ്യരേ! നാം?
തൻസൃഷ്ടിയിൽപ്പെട്ടൊരതിന്നുമീശൻ
സ്ഥാനത്തെ നല്കേണ്ടതു ധർമ്മമല്ലേ ?
കൈവിട്ടുപൊയ്പ്പോയ് പകലെന്നുവെച്ചു
കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ?
വരേണ്ടതല്ലേ നിശയും നമുക്കു
വപുസ്സിനുത്ഥാനമുഷസ്സിലേകാൻ?
ഇനൻ പൊലിഞ്ഞാലുഡൂ പങ്‌ക്തിയെക്കൊ-
ണ്ടിരുട്ടുതൽകാലമകറ്റിയീശൻ
അടഞ്ഞ കൺ നമ്മൾ തുറന്നിടുംമുൻ-
പദ്ദീപമേകുന്നു കൊളുത്തി വീണ്ടും.
വേലയ്ക്കു ദീപപ്രഭയത്രവേണം;
വിശ്രാന്തികൊള്ളുന്നതിനിത്രപോരും;
അതായിരിക്കാം പൊരുളാപ്രവൃത്തി:-
ക്കജൻ ഹിതം മര്‍ത്ത്യനറിഞ്ഞുചെയ്‌വോൻ.
വിളക്കു കത്തിപ്പതിനന്തിയായാൽ
മിന്നാമിനുങ്ങും ത്വരയാര്‍ന്നിരിക്കേ,
ദീനത്വമെന്തിന്നു നമുക്കുമാത്രം
തീക്കോലുരയ്ക്കാൻ? തിരിയിൽക്കൊളുത്താൻ?
അല്ലെങ്കിലും സ്വച്ഛവിവേകദീപ-
മകത്തു കത്തുന്നളവേതു ധീരൻ
വിഷാദമേന്തും വിധി ദൂരെയെങ്ങോ
വിയത്തിൽ മിന്നിച്ച വിളക്കു കെട്ടാൽ?
ഉണര്‍ന്നിടാമെന്നു നിനച്ചു തന്നെ-
യുറങ്ങുവാനോര്‍പ്പതു നമ്മളെല്ലാം;
പ്രാദുർഭവിച്ചാൽ മതി,യമ്മഹത്താം
പ്രത്യാശ സര്‍വത്തിലുമൊന്നുപോലെ.
മനസ്സിൽ നൈരാശ്യമെഴുന്നവന്നു
മദ്ധ്യാഹ്നവും പ്രത്യഹമര്‍ദ്ധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും
സൂര്യാംശുദീപ്തം പകൽപോലെതന്നെ.
പരം നിദാഘത്തിനു ചൂടു ദോഷം,
പ്രാവൃട്ടിനമ്മട്ടു തണുപ്പു മേവം
സര്‍വത്തിനും ദോഷമുരയ്ക്കുവോനെ-
സ്സന്തപ്തനാക്കാൻ വിധി ശക്തനല്ല.
പതിച്ചു താൻ പുൽക്കൊടിയിങ്കലെന്നു
പശ്ചാത്തപിക്കാതെ തുഷാരബിന്ദു,
അതിന്നു ചൂഡാമണിയും വിളക്കു-
മായിത്തുലോം രാത്രിയിൽ മിന്നിടുന്നു.
നഞ്ഞുണ്ടെടുത്തെന്നു നിനച്ചു ചെറ്റും
നമുക്കു പേടിപ്പതിനില്ല ബന്ധം;
കൈകൊണ്ടെടുത്തായതശിച്ചിടാഞ്ഞാൽ
കളേബരം വിട്ടുയിരാര്‍ക്കു പോകും?
ചെറ്റപ്പുരയ്ക്കുള്ളിൽ നുഴഞ്ഞു കേറി
ച്ചെമ്മേ വസിക്കുന്നു സുഖം ചിലപ്പോൾ;
പായുന്നു സൌധത്തിനകത്തു ദുഃഖം
പാറാവുനില്ക്കും ഭടർ കണ്ടിടാതെ.
ശരീരരക്ഷാഭരമേറ്റു നില്ക്കും
സ്വാന്തത്തെ നാം കാടുകയറ്റി വിട്ടാൽ
ആലാക്കിലാജിക്കരികിൽക്കടക്കു-
മാപത്തുതൻനേര്‍ക്കടവെന്തുകാട്ടും ?
സമ്പന്മദവ്യാധി ശമിച്ചു മര്‍ത്ത്യർ
സദ്വൃത്തരായ് തൻ സവിധത്തിലെത്താൻ
സൌകര്യമേകുന്ന വിപത്തുമീശൻ
സാകൂതമായ്ത്തന്നെ ചമച്ചതാവാം.
തനിക്കു താൻ തന്നെ സുഹൃത്തൊരുത്തൻ;
താനെന്നിയേ ശത്രുവുമന്യനില്ല;
പരം വിപത്താം മുകുരം ബുധര്‍ക്കി-
പ്രപഞ്ചതത്വസ്ഥിതി കാട്ടിടുന്നു.
സത്യത്തിലത്യുൽകടവിപ്രലംഭ-
താപാര്‍ത്തരാകാൻ തരമെത്തിടാഞ്ഞാൽ
താരുണ്യമാളുന്ന വധൂപുമാന്മാർ
സംഭോഗശൃങ് ഗാരരസാനഭിജ്ഞർ.
പാറയ്ക്കുമേൽത്തട്ടിയുടഞ്ഞുവേണം
പാനാര്‍ഹമായിസ്സരിദംബു തീരാൻ;
ഇരുട്ടുതിങ്ങും ഖനിവിട്ടു വേണം
ഹീരം നൃപൻതൻ മകുടത്തിൽ മിന്നാൻ;
കടുത്ത ചൂടാദ്യമിയറ്റി വേണം
കാർകൊണ്ടലൂഴിക്കു തണുപ്പുനല്കാൻ;
കിളച്ചു മുറ്റും വളമിട്ടു വേണം
കൃഷീവലൻ ഭൂമിയിൽ വിത്തുപാകാൻ;
ഗാതാവുതൻ കൈവിരൽ മീട്ടിവേണം
ഗാനാമൃതം വീണയിൽനിന്നുപൊങ്ങാൻ;
തട്ടാന്റെ കൊട്ടേറ്റയവാര്‍ന്നു വേണം
തങ്കം വധൂകണ്ഠമലങ്കരിക്കാൻ.
ഊഴിക്കുമിപ്പാഴക്കലി നീങ്ങിവേണ-
മുദിക്കുവാൻ കാര്‍ത്തയുഗം നവീനം;
ആപ്പൊന്നുഷസ്സൻപിലണഞ്ഞു നമ്മൾ-
ക്കാശിപ്പതെല്ലാമരുളട്ടെ വേഗം.