ഉത്തമഭക്ഷണമേതെന്നു സഭ്യരോ-
ടധ്യക്ഷൻ ചോദിച്ചു പണ്ടൊരിക്കൽ.
സദ്യയിൽക്കിട്ടുന്ന ഭക്ഷണത്തോടൊപ്പം
ഹൃദ്യമല്ലൊന്നുമെന്നേകനോതി.
മാധുര്യമേറുന്ന പാൽപ്പായസംപോലെ
യാതൊന്നുമെങ്ങുമില്ലെന്നൊരുത്തൻ.
മാദകമായുള്ള ശീമവീഞ്ഞല്ലാതെ
യേതുമേ രമ്യമല്ലെന്നൊരുത്തൻ.
നാക്കിന്നു മെച്ചമായ് ത്തോന്നുന്നതൊക്കെയും
ശ്ലാഘ്യമായ കല്പിക്കാമെന്നൊരുത്തൻ.
ആറു രസങ്ങളും ചേര്‍ന്നിടുമന്നത്തി-
ന്നേറിടും ശ്രേഷ്ഠതയെന്നൊരുത്തൻ.
കാലദേശോചിതമായിടുമാഹാരം
പോലെ മറ്റൊന്നുമില്ലെന്നൊരുത്തൻ.
ക്ഷുത്തുള്ള നേരത്തു കിട്ടുന്നൊരോദന-
മുത്തമം ഭക്ഷിപ്പാനെന്നൊരുത്തൻ.
ഏതൊരു ഭോജനം ജീര്‍ണ്ണമാം വേഗത്തിൽ;
സ്വാദതിന്നേറിടുമെന്നൊരുത്തൻ.
വൈദ്യൻ വിധിക്കുന്ന പഥ്യമാമാഹാര-
മാദ്യന്തം പ്രീതിദമെന്നൊരുത്തൻ.
സ്നേഹിതന്മാരുമായ മേളിച്ചു ഭക്ഷിക്കു-
മാഹാരമാഹാരമെന്നൊരുത്തൻ.
മാതാവു നല്കിടുമേതൊരുഭോജ്യവും
മാധുര്യസം പൂര്‍ണ്ണമെന്നൊരുത്തൻ.
പ്രാണാധിഭർത്രിയാൾ നല്‌കുന്ന ഭക്ഷ്യംതാൻ
ചേണാര്‍ന്നതേറ്റവുമെന്നൊരുത്തൻ.
ദേവകൾക്കര്‍പ്പിച്ചു പൂതമാമന്നംതാൻ
കേവലമുൽകൃഷ്ടമെന്നൊരുത്തൻ.
ഇങ്ങനെയോരോന്നു മേൽക്കുമേൽച്ചൊന്നവർ
തങ്ങളിൽത്തര്‍ക്കിച്ചുനിന്നനേരം,
ഓതിനാനദ്ധ്യക്ഷൻ : “ഇപ്പക്ഷം മിക്കതു-
മേതാനും ഗ്രാഹ്യാംശം ചേര്‍ന്നതത്രേ.
എങ്കിലും പൂര്‍ണ്ണമല്ലൊന്നുമെന്നെൻമതം;
തിങ്കളിൻകീറുണ്ടോ ബിംബമാവൂ?
തന്നുടെ ദേഹത്തിൻ സ്വേദത്താൽ നേടണം;
തന്നന്തര്യ്വാമിയെത്തര്‍പ്പിക്കേണം;
എന്നിട്ടു ദീനര്‍ക്കൊരോഹരി നല്‌കണം;
പിന്നീടുമാത്രം താൻ ഭക്ഷിക്കേണം.
ഭോഗാധികാരികളല്ലേതും ഭക്ഷ്യത്തിൻ
ഭാഗാവകാശികൾ മാത്രം നമ്മൾ.
വിത്തേശ ജേതാവാം വിഘനേശനല്ലാരും;
മർത്യനെത്തിന്നിടും രക്ഷസ്സല്ല;
ചാണളവുള്ളോരു തൻകുക്ഷിക്കെന്തിന്നു
മാനുഷൻ ധാന്യാദ്രി സഞ്ചയിപ്പൂ?
ജീവിക്കാൻ മാത്രമായ് ഭക്ഷിച്ചുകൊണ്ടു നാം
ജീവിതം ത്യാഗത്താൽ ധന്യമാക്കാം ;
സ്വീയമാം ലഘ്വന്നമപ്പോൾത്താൻ വിണ്ണിലേ-
പ്പീയൂഷയൂഷമായ് നമ്മൾ കാണും.