I
ഹിറ്റലറേ! കേട്ടൂ ലോകം നേപ്പിൾസിലങ്ങേബ്ഭൃത്യർ
പുത്തനായ്‍ക്കാണിച്ചോരു കയ്യൂക്കിൻ കോലാഹലം.
മാറ്റലർച്ചെഞ്ചോരയാൽപ്പോര്‍ക്കളം മെഴുക്കീല;
മാനത്തുനിന്നുംകൊണ്ടു ബോംബൊന്നും പൊഴിച്ചീല;
ശസ്ത്രാസ്ത്ര സാമഗ്രിയെത്തച്ചുടച്ചൊടുക്കീല;
ശത്രുവിൻ വീട്ടിൽക്കേറിക്കൊള്ളയും നടത്തീല:-
പിന്നെയോ ?... വിഖ്യാതമാം വിശ്വവിദ്യാഗാരമ-
ങ്ങൊന്നുണ്ടു ശാന്തം, ശിവം, സര്‍വര്‍ക്കും സമാരാധ്യം.
വാണിരിക്കുന്നുണ്ടതിൽപ്പൂര്‍വരാം സുധീന്ദ്രർതൻ
മാനസാത്മജന്മാരാം സിദ്ധന്മാർ ഗ്രന്ഥാഭിധർ;
എത്രയോ നൂറായ് വയസ്സെങ്കിലും, പുണ്യാത്മാക്കൾ,
നിത്യയൗവനശ്രീയാലാശ്ലിഷ്ടരൊട്ടേറെപ്പേർ,
ആഗതര്‍ക്കശേഷര്‍ക്കും തത്വോപദേശംചെയ്തു
ലോകസങ്ഗ്രഹത്തിനായ് ജീവിക്കും മുമുക്ഷുക്കൾ;
സ്വീയമാം പദം വെടിഞ്ഞെങ്ങുമേ ഗമിക്കാതെ -
യായുധം സ്പർശിക്കാതെ, യാരെയും പഴിക്കാതെ,
വായുമാത്രാഹാരരായ് മേവുമാമഹാന്മാരെ-
ക്കയ്യെടുത്തവൻ തൊഴാൻ വൈകിടും മുന്നിൽച്ചെന്നാൽ?
II
ഹിറ്റ്ലറേ! ഭവാൻ പോറ്റും പട്ടാളവേതാളങ്ങൾ
മുറ്റുമാ മുന്യാശ്രമം വീക്ഷിച്ചാർ പുരോഭൂവിൽ.
അജ്ജനം കേട്ടൂ മേന്മേൽ ബ്രിട്ടനാം സിംഹത്തിന്റെ
ഗര്‍ജ്ജനം തെക്കൻദിക്കിൽ,ക്കാലാട്ടഹാസംപോലെ.
വല്ലതും കാട്ടിക്കൂട്ടിയൊപ്പിച്ചു മാറീടാഞ്ഞാൽ-
ച്ചെല്ലേണ്ടതങ്ങേത്തോക്കിൻ വായിലെന്നോര്‍മ്മിച്ചവർ
പ്രാണനെക്കണ്ഠത്തിങ്കൽ നിർത്തിക്കൊണ്ടെന്തായാലു-
മാണത്തമല്പം തട്ടിമിന്നിക്കാൻ സന്നദ്ധരായ്,
തങ്ങളെത്തുണയ്ക്കാതെ മധ്യസ്ഥഭാവം കൈക്കൊ-
ണ്ടങ്ങെഴും ഗ്രന്ഥങ്ങൾതന്നന്തത്തിന്നാരംഭിച്ചു.
ലോഹാസ്ത്രം പ്രയോഗിച്ചില്ലുള്ളാര്‍ന്നു പക്ഷേ കാണും
സ്നേഹിപ്പാനതിന്നെന്നുമോര്‍ക്കയാൽപ്പര്യാകുലർ.
കൈവശം വാച്ചീടുന്ന പെട്രോൾകൊണ്ടാദ്യംതന്നെ
യാവിദ്യാലയത്തിന്റെയഭ്യംഗം നടത്തിനാർ;
മുട്ടാളരയ്യോ ! പിന്നെത്തീക്കൊടുത്തശ്ശാലയെ-
ച്ചുട്ടെരിച്ചതിൽപ്പെടും സര്‍വവും നശിപ്പിച്ചാർ;
വഹ്നിയെശ്ശമിപ്പിപ്പാൻ വല്ലോരും വന്നാൽക്കുത്തി-
ക്കൊന്നിടാൻ കുന്തത്തോക്കും കയ്യുമായ് ചുറ്റും പാഞ്ഞാർ.
നിവര്‍ഹിക്കതാൻ ചെയ്താർ ധീരരാമാ വൈധേയർ
നിര്‍വിഘ്നം തദീയമാമധ്വരം പൈശാചികം.
ആ മനോജ്ഞമായുള്ള ഭാരതീലീലോദ്യാനം
പാഴ്മണൽക്കാടായ്; പാരിതത്രയ്ക്കും ദരിദ്രമായ്.
മത്ത്യർതൻ ശീര്‍ഷങ്ങളെദ്ധാന്യങ്ങൾക്കൊപ്പം കൊയ്യാം;
പത്തനങ്ങളെത്തകര്‍ത്താഴിയിൽ പ്രക്ഷേപിക്കാം;
അമ്മമാർ പെറും വീണ്ടും മക്കളെ; ശ്ശില്പജ്ഞന്മാർ
കമ്രമായ് ച്ചമച്ചിടും പിന്നെയും ഹര്‍മ്മ്യങ്ങളെ;
ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടാൽ, നിര്യാതർ തത്താതര്‍ക്കു
ഹന്ത! വന്നവറ്റയെപ്പിന്നീടും നല്കാനാമോ?
ഏതൊന്നു നേടാൻവേണ്ടിയായിടാമദ്ദുർവൃത്തർ
ചെയ്തതിപ്രായശ്ചിത്തശൂന്യമാം കൊടുംപാപം?
അഥവാ ലൂവെയ്നിലെ ഗ്രന്ഥങ്ങൾ ദഹിപ്പിച്ച
മതിമാന്മാർതൻ മക്കളാകുമീ ഹൂണാഗ്രിമർ
അച്ചിത്രവംശാചാരം പാലിക്കയാവാം ചെയ്ത-
തച്ഛന്റെ പിമ്പേ പോകും പുത്രരല്ലയോ പുത്രർ ?
III
ഹിറ്റ്ലറേ! മദാന്ധനാമങ്ങേയ്ക്കു വീക്ഷാശക്തി-
യറ്റിട്ടില്ലെന്നാലൊന്നു കാണുവാനര്‍ത്ഥിപ്പു ഞാൻ.
മൂകനായ്ക്കിടക്കുന്നു മുന്നിൽ വന്നതാ! ഭവത്-
ഭീകരപ്രസ്ഥാനത്തിന്റെ പങ്കാളി മുസ്സോളിനി.
എത്രയോ ഘോരക്ഷ്വേളവാതകവ്രാതം വര്‍ഷി-
ച്ചെത്തിയോപ്പിയാരാജ്യമാര്‍ജ്ജിച്ച മഹാവീരൻ;
ഊറ്റത്തിലല്ബേനിയൻ രാജ്ഞിയെ ക്കൈക്കുഞ്ഞോടു-
മീറ്റുനോവടങ്ങുംമുമ്പോടിച്ച കൃപാമൂര്‍ത്തി;
ധ്വസ്തയാം ഫ്രാൻസിൻ പൃഷ്ഠം പാർഷ്ണിഗ്രാഹനായ്ച്ചെന്നു
കത്തിയാൽക്കുത്തിക്കീറിപ്പേർപെറ്റ ധര്‍മ്മപ്രഭു;
ഹാ! പണ്ടാത്തീപ്പെട്ടിക്കോലാലുരച്ചിട്ടോ പൊങ്ങി-
ദ്ദീപമാ,യലാതമാ,യുല്കയാ, യുത്പാതമായ്.
റോമയിൽക്കുറേക്കാലം സര്‍വാര്‍ത്ഥങ്ങളും നേടാൻ
ശ്രീമത്താം സെന്റ്പീറ്റർതൻ പള്ളിയിൽ കാൽകുത്താതെ
വിഷ്ടപം വിറപ്പിക്കുമദ്ദുഷ്ടൻതൻ മുന്നിൽപ്പോയ്
മുട്ടുകുത്തിനാരോരോ മുഗ്ദ്ധരാം മന്ത്രീശ്വരർ.
അക്രമം മുഴുത്തപ്പോളദ്ദുരാത്മാവും കാല-
ചക്രത്തെക്കറക്കിടും ശക്തിതൻ കയ്യിൽപ്പെട്ടു .
താഴത്തേയ്ക്കെടുത്താരേറെറിഞ്ഞപ്പോൾവന്നു
പൂഴിയും കപ്പിക്കൊണ്ടു മൺകട്ടയൊപ്പം വീണു.
തെല്ലിടയ്ക്കുള്ളിൽ താര്‍ക്ഷ്യമ്മന്യനാമങ്ങോർ വിഷ-
പ്പല്ലറ്റ പാമ്പല്ലതിൻ ചട്ടയായ് രൂപം മാറി.
ശ്വാസമപ്പൊഴേ നേരേ വിട്ടുള്ള തദ്ദേശീയർ;
ഫാസിസപ്പാഴ്മാറാലയക്കാറ്റിൽപറന്നുംപോയ്
സത്യമീവിപര്യയം പോരയോ സര്‍വേശന്റെ
ഹസ്തലാഘവം ഭവാൻ സമ്യക്കായ് ദര്‍ശിക്കുവാൻ ?
IV
ഹിറ്റ്ലറേ! ഭവൽഭൃത്യരിത്തരംദുഷ്കൃത്യത്താൽ
മുറ്റുമീ മഹീതലം നാരകീകരിക്കുന്നു.
ഇല്ലെന്നു വയ്യേണ്ടിതിന്നീശ്വരപ്രതികാരം;
തെല്ലൊന്നുവൈകിപ്പോകാം ദണ്ഡിപ്പതത്രേയുള്ളു.
അങ്ങയാൽത്തരക്ഷുക്കൾ ധര്‍മ്മോപദേഷ്ടാക്കളാ-
യങ്ങയാൽക്കിരാതന്മാർ സംസ്കാരസമ്പന്നരായ്;
അങ്ങയാൽ പ്രാക്കാലങ്ങൾ സൌവര്‍ണ്ണയുഗങ്ങളാ-
യങ്ങയാൽച്ചെകിത്താനും ദേവദൂതാദ്ധ്യക്ഷനായ്.
തോറ്റുപോയ് സമസ്തരാം ലോകകണ്ടകന്മാരു-
മാറ്റിലാ സെന്റ് ഫ്രാൻസിസ്സായ്; ജെംഘിസുഖാൺ മുനീന്ദ്രനായ്.
നേപ്പിൾസിൽനിന്നും പാഞ്ഞു പട്ടാളക്കാരങ്ങെത്തി-
ക്കാൽപ്പാട്ടിൽ സമര്‍പ്പിച്ച പുസ്തകച്ചാരത്തിനാൽ
എന്തൊന്നു ചെയ്യും ഭവാ, നിപ്പൊഴേ കൈലാസമായ് -
പ്പൊന്തിടും യശഃകായം പിന്നെയും വെളുപ്പിക്കും!
അല്ലെങ്കിലച്ചാരത്തിന്റെ ഛായയാമല്പസ്മിതം
പല്ലിളിച്ചവക്കതിന്റെ മൂല്യമായ് സമ്മാനിക്കും!!
തീകൊളുത്തിയാലില്ല ശിക്ഷയും; ധാത്രിക്കിന്നി-
ദ്ദാഹത്തിൻ നിദാനമ,ങ്ങങ്ങയെദ്ദണ്ഡിക്കുമോ ?
നിശ്ശേഷമാഗ്രന്ഥങ്ങൾ ചുട്ടതിൽപ്പിന്നീടഗ്നി
പശ്ചാത്താപാകാരത്തിലങ്ങയിൽപ്പറ്റിക്കൂടി
കത്തുമായിരുന്നേനേ ചത്തിടുംവരെ,പ്പക്ഷേ
ഹൃത്തെന്നൊന്നില്ലാത്തതായങ്ങേയ്ക്കു രക്ഷാമാര്‍ഗ്ഗം!
പേര്‍ത്തുമിപ്പോരിൽ ഭവാനെന്തെല്ലാം ഹനിച്ചാലു
മാദ്യമായ് ഹനിച്ചതെ, ന്താത്മീയം മനുഷ്യത്വം !
* * * * *
എത്രമേലിച്ഛാഭംഗം വായ്ക്കിലും ചെയ്യിക്കൊല്ലേ
പുസ്തകം ചുടുന്നൊരിപ്പുത്തനാം മഹാപാപം
കീടവും കുറേത്തിന്നു ബാക്കിവച്ചടങ്ങുന്നു;
കീടത്തെക്കാളും കീടമാക്കോല്ലേ മനുഷ്യനെ!