Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / പുഴമൊഴി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പുഴമൊഴി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I


പുഴയൊടുരചെയ്തു ഞാൻ : "തോഴി ! നീ പാ-
ഞ്ഞൊഴുകിടുവതെങ്ങെടോ ദൂരെനോക്കി?
അരുതരുതു പോവതീമട്ടു താഴോ-
ട്ടൊരുധരണിഭൃത്തുതൻ പുത്രിയാം നീ
ജലധിയുടെ പത്നിയായ്‌ത്തീരുമാറോ
തലയിലെഴുതീ നിനക്കാത്മയോനി?
മധുരതരഗാത്രിയാം നിന്നെ വേൾപ്പാൻ
ചിതമവനിലെന്തു നീ കണ്ടിരിപ്പൂ?
ചപലനവനുദ്ധതൻ ക്ഷാരമാത്രൻ;
കൃപണനപരാപഗാലക്ഷജാരൻ.
അകമൊരുവർ കാണാത്തൊരപ്പുമാനെ
ബ്ഭഗിനി ! പതിയാക്കുവാനാര്‍ക്കു തോന്നും?
വിപുലമവനാര്‍ന്നിടും വേശ്മം- ആവാ-
മപരിമിതമങ്ങെഴും രത്നം- ആവാ
കൊതിയവയിലേറുവോർ തന്നെയെങ്ങും
മതിമുഖികൾ ; നീയുമമ്മട്ടുകാരി!
അലമലമടുക്കുകിൽക്കണ്ടിടും നീ
കലികയറിയാര്‍പ്പതാബ്ഭീമകായൻ."


II


തടിനിയതിനുത്തരം ഫേനഹാസ-
പ്പൊടിവിതറിനിന്നുകൊണ്ടെന്നോടോതി
"സഹജ ! കഥയെന്തുനീ കണ്ടു ? ഞാനെ-
ന്നകമുറി തുറന്നിടാം ; കേറി നോക്കൂ!
മുനികൾ നിജമുക്തിയിൽ കാംക്ഷ പൂണ്ടെൻ
ജനകനുടെ മേനിവന്നാശ്രയിപ്പൂ.
സ്വഹിതപരരാകുമക്കൂട്ടരോരോ
ഗുഹയിലൊരു പാറതൻ മട്ടിൽ വാഴ്‍വൂ.
ഉലകിനുമവര്‍ക്കുമൊന്നില്ല ബന്ധം;
ഫലമവരിൽനിന്നൊരാൾക്കില്ല നേടാൻ;
അവരവരരെന്നു ഞാൻ കണ്ടനേര-
ത്തവതരണസജ്ജയായ് നിമ്നഭൂവിൽ.
അവശനുതകാത്തതാം ജീവിതംകൊ-
ണ്ടവനിയിലവന്ധ്യമൊന്നാര്‍ക്കു നേടാം?
അഗലതകൾ നൈരാശ്യപൂര്‍ണ്ണയാമെൻ
ഭൃഗുപതനമാണതെന്നോര്‍ത്തിരിക്കാം.
അവരറിയുവോരല്ല മന്നിടത്തിൻ
വിവിധതരമായിടും രമ്യഭാവം.
തൃഷിതഹൃദയത്തിന്നു തൃപ്തിനല്കി-
കൃഷകരുടെ കേദാരകങ്ങൾ പുല്കി,
വണിജരുടെ വൃത്തിയെബ്ഭദ്രമാക്കി-
ദ്ദിനമണിമരീചിതൻ ചൂടുനീക്കി;
പതിതരുടെ പങ്കങ്ങളേറ്റു വാങ്ങി
പൃഥിവിയുടെ കീര്‍ത്തിവെൺമേട താങ്ങി,
തടവുകൾ തകർത്തു ഞാൻ സത്വരം പാ-
ഞ്ഞൊടുവിലണയും കടന്നര്‍ണ്ണവത്തിൽ.


III


അവനനുകനാവതെൻ ലക്ഷ്യമെന്നായ്
വിവരമറിയാത്തോര്‍ക്കു തോന്നിയേക്കാം.
ഉദധി സതതോന്നിദ്രനാത്മതന്ത്രൻ,
പ്രഥിതചരിതൻ, മഹാൻ, നിത്യപൂര്‍ണ്ണൻ;
പരമവനെയെങ്കിലും ചിന്തചെയ്‍വൂ
ഹരിയുടെ വെറും ദ്വാരപാലനായ് ഞാൻ.
അതിവിതതമായിടും തൽപ്രഭാവം
മധുരിപുവിഭൂതിതൻ മാത്ര മാത്രം.
അലറുമവനപ്പുറം പേര്‍ത്തുമെന്നെ
ജലചരഗണത്തിനാൽ ദഷ്ടയാക്കും.
അതു മമ പരീക്ഷയെന്നോര്‍ത്തു മുന്നോ-
ട്ടതിൽ വിജയമാര്‍ന്നു ഞാനുച്ചലിക്കും.
ലവണജലരാശിയും മറ്റുമോരോ-
ന്നവഹിതമനസ്കയായ് ഞാൻ കടന്നാൽ
ശ്രമരഹിതമെത്തിടും ചെന്നൊടുക്കം
കമലയുടെ കാമുകൻതൻ പദത്തിൽ.
ശുഭമരുളുവാനെനിക്കങ്ങു നില്ക്കും
ത്രിപഥഗ തരങ്ഗിണീസാര്‍വഭൌമി.
അരിയൊരു പയസ്സരസ്വാനിലല്ലീ
പരമപുരുഷൻ യോഗനിദ്രചെയ്‍വൂ?
കരുതിടുക ജീവനും ബ്രഹ്മവും താൻ
പരമിവളുമമ്മഹാവിഷ്ണുതാനും.
അവിടെയണയുമ്പൊഴെയിപ്പുഴയ്ക്കും
ഭുവനപതി സായുജ്യമേകുമല്ലോ.'’