Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / അമ്പലക്കുളം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അമ്പലക്കുളം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I

മധ്യാഹ്നമായീ നേരം; രണ്ടുപേർ കുളിക്കുവാ-
നെത്തുന്നു പൊയ്കയ്ക്കുള്ളിൽ-ത്തായയും തനൂജയും.
പതിനാറാകം പുത്രിക്കവരിൽ പ്രായം ; മറി-
ച്ചതു നാമിട്ടാൽ വയസ്സവൾതൻ മാതാവിനും.
പ്രായത്തിൻ മട്ടിൽത്തന്നെയാദര്‍ശത്തിലും കാണാ-
മായവര്‍ക്കിരുവര്‍ക്കുമത്യന്തം വിപര്യാസം.
മാമൂലാമിരുട്ടത്തു കൂര്‍ക്കമിട്ടിടും തള്ള;-
യോമലാൾ പരിഷ്ക്കാരസുരനെബ്ഭജിച്ചിടും.
എങ്കിലും വൃദ്ധയ്ക്കുണ്ടു വാത്സല്യം സംപൂര്‍ണ്ണമായ് -
ത്തങ്കത്തിൽ-തൻപ്രാണനിൽ--തൻവംശസര്‍വസ്വത്തിൽ.
വേറിട്ടില്ലാരും വീട്ടിൽ; വൈധവ്യം വന്നോൾ തായ;
വാരൊളിപ്പെൺപൈതലേ വായ്ക്കാത്തോൾ പാണിഗ്രഹം
ചൊല്ലിടും നിത്യം മുത്തി: "ഇദ്ധൂളി നീയല്ലെങ്കിൽ-
ത്തല്ലി ഞാൻ ശവത്തെയപ്പൊയ്കയിൽക്കെട്ടിത്താഴ്ത്തും.
കാട്ടുവാനാവില്ലല്ലോ നിന്നോടക്കോപം; നിന്റെ
ചേട്ടത്തമെല്ലാം തങ്കം! ചെമ്മയായ് ത്തോന്നുന്നല്ലോ.''
ഓതിടും ചിരിച്ചോമലുത്തരം: "കാലത്തിന്റെ
ചെയ്തിയാണിതെന്നമ്മേ! കാലാത്മാവല്ലീ ദൈവം?''
താൻ കുളിച്ചാലും വീണ്ടും വാപിയിൽത്തൻപുത്രിക്കു
താങ്ങാവാൻ നടക്കുന്നു ജീര്‍ണ്ണാങ്ഗി മൂന്നാംകാലിൽ !


II


ആയതാക്ഷിയാളാദ്യം കീഴ്പ്‌പോട്ടേക്കിറങ്ങിനാൾ;
പായലിൽപ്പാടംതെറ്റിപ്പതിച്ചാൽ പയസ്സിങ്കൽ.
തൻവൈരിയാകും കൂന്തൽ മുദ്ധാവാൽത്താങ്ങിപ്പോരും
തന്വിതൻ ചവിട്ടെത്ര സഹിക്കും കരിഞ്ചണ്ടി?
പേശലാംഗിയാൾക്കന്നാശൈവലം വ്യാളോപമം
പാശിതൻ കരാളമാം പാശമായ്‍ക്കലാശിച്ചു.
മുങ്ങിനാ,ളടിത്തട്ടിൽ മുട്ടിനാൾ, വീര്‍ത്താ,ളൊന്നു
പൊങ്ങിനാൾ, വീണ്ടും താണാൾ വെള്ളത്തിൽ നല്ലാർമണി
സ്വാദറിഞ്ഞൊരാ വാപീയക്ഷിതൻ വയറ്റില-
മ്മാധുരീധുരീണയാം മങ്കയ്ക്കും പുക്കേ പറ്റൂ.
കണ്ടില്ലേ ഭവാൻ മിത്ര! വാനിൽനിന്നി,തങ്ങെയ്ക്കി-
ക്കണ്ടിവാർ പൂങ്കേശിയെക്കാത്തിടാൻ കരം പോരേ? 
അങ്ങയാൽക്കാണപ്പെട്ടതാവധൂമുഖം മാത്ര-
മെങ്ങുണ്ടു സപ്താശ്വനാൽ സംപൂര്‍ണ്ണചന്ദ്രോദ്ധൃതി?
ഢിമ്മെന്നൊരുക്കൻ ശബ്ദം വെള്ളത്തിൻ മീതേ കേട്ടാ-
ളമ്മ പിൻപതിൽക്കണ്ടാളേതാനും നീർപ്പോളകൾ;
അപ്പുറം കുറേ നീങ്ങിയാൾരൂപാമേതോ പൊങ്ങി
ക്ഷിപ്രമായ് താഴുന്നതും ഞെട്ടിപ്പോയ് നിരീക്ഷിച്ചാൾ.
"മകളേ! തങ്കം! തങ്കം! മകളേ! നീയെങ്ങന്നെ-
യകലത്തയ്യോ! തള്ളിപ്പോകുന്നു പൊന്നോമലേ?
വിളികേൾക്കുന്നീലല്ലോ നീയെനി,ക്കെന്തിക്കുട്ടി-
ക്കളി? മുക്കിളിക്കയോ നീന്തറിഞ്ഞീടാത്തവൾ?
അയ്യയ്യോ ! ഞാനെന്തിനിച്ചെയ്‍വതെൻ മണിക്കുഞ്ഞേ?
നീയെന്നെച്ചതിച്ചുവോ? കുറ്റിയറ്റുവോ കുലം?
മാറത്തു കയ്യും വെച്ചു നോക്കിനാൾ കരഞ്ഞിമ്മ-
ട്ടാരുമില്ലെടുത്തെങ്ങുമാസ്ഥലം തീരെ ശ്‍ശൂന്യം.
ബാലയെപ്രചേതസ്സു, പാഞ്ഞെത്തിക്കരം നീട്ടും
കാലന്നു നല്കീടേണ്ട കാലം വന്നടുത്തുപോയ് .


III


ഇ,ല്ലത്രയ്ക്കായില്ലൊരാൾ നില്ക്കുന്നു പാടത്തിങ്കൽ;
തള്ളതൻ കരച്ചിലസ്സത്വവാൻ ചെവിക്കൊൾവൂ.
താനരക്ഷണം കൊണ്ടു ചാടിവന്നങ്ങെത്തുന്നു,
ദീനരക്ഷണത്തിന്നു സജ്ജനദ്ധീരാഗ്രിമൻ.
മുത്തിതൻ വിലാപത്തിൻ കാരണം ഗ്രഹിച്ചവൻ 
മുദ്ധയെജലത്തിൽനിന്നുദ്ധരിക്കുവാനോർപ്പൂ.
അപ്പൊഴേയ്ക്കാര്‍ത്ത സ്വരം രൂക്ഷാക്രോശമായ് മാറി;
ദുഷപ്രേക്ഷ്യയായസ്സൌമ്യ രക്ഷസ്സിൻമട്ടിൽത്തുള്ളി.
"പുല്ലനല്ലേടാ? പോ നീ; ഫോ ദൂരേ; പ്‌ഫോ ഫോ! നിന്നെ-
യല്ല ഞാൻ വിളിച്ച, തെൻ കണ്മണിത്തങ്കത്തിനെ.
എൻ കുഞ്ഞു വെള്ളത്തിൽവീണന്തരിക്കുമ്പോളാണോ
നിൻകുതിപ്പെന്നെത്തീണ്ടാൻ? ചോദിക്കാനാളില്ലയോ?
അമ്പെടാ നിനക്കൂറ്റമിത്രയ്ക്കുമൂത്തോ? നീ വ-
ന്നമ്പലക്കുളം തൊടാനാരെടാ നീട്ടേകിയോൻ?
പൈതലാൾ നിന്റേതല്ലി,തെന്റെയാ, ണെൻ പൊന്നോമൽ
നീ തൊട്ടു കുട്ടിച്ചോരായ് വേണമൊ വാനിൽപ്പോകാൻ?
പേര്‍ത്തുമെന്തോര്‍ത്തിന്നു നീ പാപി യെൻ കിടാവിന്റെ
യൂര്‍ദ്ധ്വലോകത്തേയുള്ള പാതവന്നടയ്ക്കുന്നു?
മാറി നില്ക്കെടാ ദൂരെ, യന്തിക്കു മേൽശാന്തിക്കു
വേറെയേതെടാ കളം ശുദ്ധമായ് കുളിക്കുവാൻ?
മുന്നമേ വിറയ്ക്കുന്ന ദേഹത്തെ ക്രോധത്തിനാൽ-
പ്പിന്നെയും വിറപ്പിച്ചു മേല്ക്കുമേലമ്മുത്തശ്ശി
ആഗതൻതൻമെയ് നോക്കി യഷ്ട്യസ്ത്രം പ്രയോഗിച്ചാ-
ളാഗസ്സു നീങ്ങാനതപ്പൊയ്കയിൽ സ്നാനം ചെയ്തു.
കല്ലെടുത്തുക്കോടെറിഞ്ഞീടിനാൾ പിന്നീടതാ-
പ്പുല്ലന്റെ നെഞ്ഞിൽ ചെയ്തു മാണിക്യമുദ്രാര്‍പ്പണം. 
ഏതുമില്ലെന്നിൽക്കുറ്റമെന്നുരച്ചുടൻ തന്നെ
പാദത്തിൽ വീണൂ താണപ്പാഷാണം പരാധീനം.
നെഞ്ഞൊന്നു കയ്യാൽത്തുടച്ചായുവാവൾക്കു തൻ
പുഞ്ചിരിത്തൂമുത്തതിൻ മൂല്യമായ് സമ്മാനിച്ചു.
എത്രയോ വിഭൂഷണം മുന്നവും സവര്‍ണ്ണരാ-
ലത്തരം നല്കപ്പെട്ടതാണവൻതൻമാറിടം
ആയതിൻ തഴമ്പെല്ലാമന്യോന്യം കെട്ടിപ്പിണ-
ഞ്ഞായസപ്പോർച്ചട്ടതൻ മട്ടിലങ്ങിണങ്ങുന്നു.
പിന്നെയും പൊങ്ങി വന്നു വെള്ളത്തിൻ മീതേ തയ്യൽ;
പിന്നെയും താണൂ ; തനിക്കില്ല മേലാമന്ത്രണം.
ചാടിനാൻ പെട്ടെന്നങ്ങാ വിക്രാന്തൻ; കൂടെത്താണു
പേടമാൻ കണ്ണാളെത്തൻ പാണിയാലുയര്‍ത്തിനാൻ;
ചിക്കെന്നു പോന്നാൻ കൊണ്ടു തീരത്തേ,ക്കാറാടിച്ച
വിഗ്രഹത്തെയുംകൊണ്ടു പൂജകൻ പോരും പോലെ.
താനേതോ മരുന്നിനാൽത്തൽകാലം പ്രതിപ്രാപ്തി
ദീനയാമവൾക്കുള്ള ചേതനയ്ക്കേകീടിനാൻ.


IV


ദൂരത്തു നീറ്റിൽക്കിടന്നീടുമക്കോലത്തിന്നു
ശൌരിതൻ തൃതീയാവതാരത്തിന്റെ സാമ്യം വന്നു.
അപ്പൊഴും ചിലയ്ക്കയാണോരോന്നു മുത്തിത്തള്ള
യപ്പൊയ്ക തീണ്ടിപ്പോയി, തൊട്ടുപോ, യെന്നും മറ്റും.
ബാലയെത്തിരിഞ്ഞൊന്നു നോക്കീലദ്ദേഷ്യക്കാരി;
കാലനില്ലാത്തോരൈത്തം പുല്ലനിൽക്കാണ്മോളവള്‍
എത്തിനാനുടൻ വൈദ്യ, നപ്പുമാനൊടും ചൊന്നാൾ:
“പുത്രിയെത്തൊടൊല്ലിവൾ ജാതിയിൽപ്പിഴച്ചവൾ.
ചത്തുപൊയ്ക്കോട്ടേ; പോയിപ്പിന്നെയും പിറന്നോട്ടെ:-
യിത്തരം മാനക്കേടിലെന്തിനായ് ജീവിക്കണം?"
ആ വാക്കു കേൾക്കാനല്ല വന്നതബ്ഭിഷഗ്വരൻ
പൂവൽമെയ്യാളെസ്സുസ്ഥയാക്കുവാൻ ; ആക്കീ താനും.
ലബ്ധസംജ്ഞയായ് തീർന്നു കാര്യമൊക്കെയും ഗ്രഹി—
ച്ചത്തയ്യൽ ചൊന്നാൾ ദൂരെ നില്ക്കും തൻ ത്രാതാവൊടായ്:
"സ്വാഗതം മഹാത്മാവേ! ദാസിതൻ സഭാജനം
സ്വീകരിച്ചാലും ശീഘ്രം വീരശ്രീവിവോഡാവേ!
കാലനെക്കൂസിടാതെ, കാലനെക്കാളും ക്രൂര-
ശീലമാം ദുരാചാരഭൂതത്തെക്കൂട്ടാക്കാതെ,
മൃത്യുവിൻ വക്ത്രത്തിൽ നിന്നെന്നെ വീണ്ടെടുത്തോരു
ശക്തനാമങ്ങേദ്ധന്യം സൌജന്യം ജയിക്കുന്നു.
സംപ്രാര്‍ത്ഥ്യമേതും നല്കാൻ സജ്ജയായ് നില്ക്കുന്നു ഞാ-
നെൻ പ്രാണപ്രദാതാവിന്നെന്നെന്നും കടക്കാരി."
എന്നുരച്ചാരോമലാൾ തൻഗളാന്തരത്തിങ്കൽ
നിന്നു നന്മുക്താദാമമൊന്നൂരി സ്മേരാസ്യയായ്
ചൊല്ലിനാൾ മാതാവോടു: "ഞാനിതൊന്നേകിക്കോട്ടെ
പുല്ലന്നു; തായേ! കൂപ്പാം; തങ്കത്തെത്തടുക്കൊല്ലേ.
എൻ പുനർജ്ജന്മത്തിന്നു ഹേതുവാമിദ്ദേഹത്തെ-
യെൻ പിതാവെന്നും ചൊല്ലാ,മാചാര്യനെന്നും ചൊല്ലാം."
തായയും പാഞ്ഞൂപൊട്ടിയശ്രുക്ക,ളപ്പുത്തനാം
തോയധാരയിൽക്കെട്ടു നിശ്ശേഷം ക്രോധാനലൻ.
ആനന്ദബാഷ്പം പാതി, പശ്ചാത്താപാസ്രം പാതി:-
നൂനമത്തീര്‍ത്ഥം ഗങ്ഗാകാളിന്ദീസംഭേദമായ്.
ഓടിച്ചെന്നെടുത്തണച്ചുമ്മവച്ചോതീ സാധു:
"നേടിനേനല്ലോ നിന്നെ വീണ്ടും ഞാനെൻ പൈതലേ!
അറിവറ്റെന്തെല്ലാമോ കാടു ഞാൻ പുലമ്പിനേൻ;
ചെറുമൻ പുല്ലൻ മേലെൻ ശ്രീകൃഷ്ണൻ ദയാനിധി.
കണ്ടുപോയ് ലോകത്തിന്റെ തത്വം ഞാൻ; ജാതിബ്ഭള്ളു
കൊണ്ടെനിക്കുണ്ടാവില്ല കണ്ണിന്നു ദീനം മേലിൽ.
പുല്ലനും ഞാനും മന്നാമീ വീട്ടിൽ ജീവിക്കുന്നു;
പുല്ലനെപ്പുണര്‍ന്നെത്തും വായു ഞാൻ ശ്വസിക്കുന്നു;
പുല്ലനെൻ നിലം തന്റെ വേര്‍പ്പിനാൽ നനയ്ക്കുന്നു;
പുല്ലൻതൻ തിറത്താൽ ഞാൻ നെല്ലരിച്ചോറുണ്ണുന്നു.
പൊയ്കയിൽത്താഴ്ത്തും താഴ്ത്തുമെന്നു ഞാനറംപാടി;
പൊയ്കയെൻ പൊണ്ണച്ചൊല്ലു നേരാക്കാനൊരുമ്പെട്ടു.
എന്നിൽ നീ കയര്‍ക്കൊല്ലേ പുല്ല! ഞാൻ വെറും പൊട്ടി;
നിന്നൊടിന്നിരക്കുന്നു മാപ്പെനിക്കേകീടുവാൻ.
ഓമനെ! നീ നിൻ ജീവനേകിലും പര്യാപ്തമ-
ല്ലീമുത്തുമാലയ്ക്കെത്ര പിന്നെ നിൻ കടം വീട്ടാം?
എന്നിരുന്നാലും നല്കൂ നീയിതെൻ പുല്ലന്നിന്നു
പൊന്നു വെയ്ക്കേണ്ടും ദിക്കിൽ പൂവെടുത്തിടും പോലെ
"തങ്കമാ മുക്താഹാരം നല്കുവാൻ വിളിക്കവേ
തൻകരം രണ്ടും കൂപ്പിത്താണുകേണവൻ ചൊന്നാൻ;
വേണ്ടെനിക്കമ്മേ! വേണ്ട മാലയും മറ്റും; മുഴു-
പ്രാന്തനായ്ത്തീര്‍ന്നട്ടില്ല ഞാനിന്നും വേലക്കാരൻ.
ഇപ്പാമ്പു കൊത്തിക്കൊല്ലുമെന്നെ ഞാൻ തൊട്ടാ,ലെന്റെ
കുപ്പാട്ടിലെൻ ചെക്കനെപ്പിന്നെയാർ പുലര്‍ത്തിടും?
ഇത്തരം കൊടയ്ക്കെന്തു ചെയ്തു ഞാൻ? വെള്ളത്തിങ്കൽ
മുത്തൊന്നു മുങ്ങിത്തപ്പിപ്പൊന്തിച്ച മുക്കോൻ മാത്രം!"
ആ വാക്കുകൾക്കെച്ചൊന്നാൾ വൃദ്ധ: "ഞാൻ തരാംനിന-
ക്കാവശ്യമേതെന്നാലും; നാവനക്കിയാൽ മതി.”
എന്നതിന്നോതീ പുല്ലൻ: "നീക്കുപോക്കില്ലെന്നാകി-
ലൊന്നു ഞാനിരന്നിടാമമ്മയോ,ടത്രേ വേണ്ടൂ.
വല്ലമുക്കിലും വച്ചെൻ പൈതലെക്കണ്ടാലമ്മ
കല്ലെടുത്തെറിഞ്ഞതിന്റെ പിഞ്ചുമെയ് പൊളിക്കൊല്ലേ.
കൊണ്ടേക്കുമുന്നം തെറ്റി, യക്കല്ലു തായേ! നമ്മെ
രണ്ടുപേരെയും തീർത്ത തമ്പുരാൻതൻമേനിയിൽ."
*               *               *               *               *               *
പുല്ലനാസ്ഥലം വിട്ടു പാടത്തിൽപ്പോയാൻ വീണ്ടും,
നല്ലാർ തൻമാതാവോടുകൂടിത്തൽഗൃഹത്തിലും.
ഗാഢമാം ധ്യാനത്തിങ്കൽ മഗ്നമായ് തോയാശയം;
പാടുണ്ടോ ഗഭീരർതന്നിങ്ഗിതം ഗ്രഹിക്കുവാൻ?
എങ്കിലും “കൈവന്നല്ലോ പുത്രിതൻ സ്നാനത്തിനാൽ
പങ്കത്തിൻ പ്രക്ഷാളനം മാതാവിന്നകക്കാമ്പിൽ.
അത്ഭുതം തന്നെക്കൊണ്ടു ചെയ്യിച്ച കര്‍മ്മം ദൈവം."
അപ്പൊയ്കയിമ്മട്ടോര്‍ത്തു നില്പതായ് നിനയ്ക്കാം നാം