I
തെളിഞ്ഞല്ലോ കുറ്റം; മതി, നിനക്കിനി
ഞെളിഞ്ഞിടാമല്ലോ ജനാപവാദമേ!
വിധിപറയുവാൻ സഭയിലെത്തിപ്പോ-
യധികരണികനധര്‍മ്മഘാതകൻ.
നിരന്നുപോയ് വന്നു നിറഞ്ഞു ചുറ്റിലും
നിരവധി പൌരർ നിതാന്തഹൃഷ്ടരായ്.
അവരുടെ ചൂണ്ടുവിരലിനു ലാക്കാ-
യവശയങ്ങുണ്ടോരരുവയർ നില്പൂ.
അരുളിയധ്യക്ഷൻ : “ഭാരേ ! നിങ്ങളി-
ത്തരുണിയെ വധ്യശിലയിലേറ്റുവിൻ.
വലിച്ചുകീറുവിൻ മുഖാവഗുണ്ഠനം;
വിളിച്ചുചൊല്ലുവിൻ കുലടയെന്നിവൾ.
തഴച്ചുപൊങ്ങുമീ വിഷലതികയെ,
മെഴുപ്പു മെയ്ക്കഴും ഭുജംഗകന്യയെ,
നരകത്തിങ്കൽനിന്നുയര്‍ന്നൊരുല്ക്കയെ,
നരര്‍ക്കു നല്കുവിൻ ശരിക്കു ദണ്ഡിക്കാൻ.
കൃപവെടിഞ്ഞാര്‍ക്കുമിവളെയിദ്ദിന-
മുപലംകൊണ്ടെറിഞ്ഞുയിർ കളഞ്ഞിടാം.
അതാണു നാട്ടിലേപ്പരമ്പരാചാര-
മതിൻപടിക്കിന്നും നടക്കട്ടേ കാര്യം.
അടിമുതൽ മുടിവരെയുമേറുകൊ-
ണ്ടുടലിതു പൊട്ടിച്ചതഞ്ഞരയണം ;
ഞരമ്പുമസ്ഥിയും പ്രഹരമേറ്റേറ്റു
തരിപ്പണമായിത്തകര്‍ന്നുപോകണം;
മുറിയെതിൽക്കൂടിബ്ബഹിർഗമിക്കാമെ-
ന്നറിഞ്ഞിടാതെങ്ങുമുഴലണം പ്രാണൻ.
ചിരിച്ചില്ലേ ദുഷ്ട വളരെ നാളിനി-
ക്കരച്ചിലിൻ സ്വാദൊട്ടനുഭവിക്കട്ടെ;
മലർകൊണ്ടുള്ളതാമഭിഷേകം മേലിൽ-
ശിലകൊണ്ടാകട്ടെ മരിക്കുവോളവും.
അസംശയം ചിത്രവധമിതു മന്നി-
ലസതികൾക്കു നേർവഴി തെളിക്കട്ടെ."
II
അടങ്ങിയധ്യക്ഷൻ; മുഴങ്ങി ചുറ്റിലും
പടഹധ്വാനത്തിൻപടി ജനാരവം.
അടുക്കുവിൻ ഹിംസ്രമൃഗങ്ങളെ! ചീന്തി-
ക്കടിച്ചുതിന്മിനിപ്പശുക്കിടാവിനെ.
ഒരു ചെറുവഞ്ചി,യുദഗ്രകല്ലോല-
പരമ്പര പൊങ്ങും കടലിലത്തയ്യൽ;
ഒരു വിഭാകരകിരണരേഖ, കൂ-
രിരുൾനിരതിങ്ങും പ്രദോഷവേളയിൽ.
നിരാശയാമവൾ നിരീക്ഷണം ചെയ്താൾ
നരാശരന്മാരാമവരെ നീളവേ.
അവജ്ഞ പൂണ്ടുള്ള വിലോകനം കണ്ടാ-
ളവഹേളിച്ചുള്ള വചനവും കേട്ടാള്‍.
ഒരക്ഷരം നാക്കാലുരച്ചി,ല്ലക്ഷിയാ-
ലൊരു കണ്ണീർത്തുള്ളിക്കിരന്നുമില്ലവൾ.
ചില രസികരുണ്ടവരിൽ,ത്തൻപൂമെയ്
തലേദിനത്തിലും തഴുകിപ്പോന്നവർ;
ഇതരരന്നത്തേയിരവിലും തന്റെ
പതികളാകുവാൻ പണം കൊടുത്തവർ;
പരർ പലപ്പൊഴും പരിരംഭത്തിന്നു
തരം ലഭിച്ചിടാഞ്ഞരിശമാര്‍ന്നവർ;
ഇനിയുമൊട്ടുപോരപരരങ്ങു ചെ-
ന്നണഞ്ഞിടുന്നതിലസൂയ വാച്ചവർ!
വൃജിനമൂര്‍ത്തികൾ പലരെയും ധര്‍മ്മ-
ധ്വജികളായ് നില്പതവിടെക്കണ്ടിടാം.
എറിയുവാൻ കയ്യിലെടുത്ത കല്ലിലും
പെരികെക്കര്‍ക്കശമവരുടെ മനം.
ഒരു ദരിദ്രമാം കുലത്തിൽ ജാതയായ്,-
ചെറുപ്പകാലത്തിൽപ്പിതാക്കൾ നഷ്ടരായ്,
ഉടയവരറ്രു വളര്‍ന്നൊരപ്പൈതൽ
വിടന്മാർ വീശിന വലയിൽ വീണുപോയ്.
പലരും കൂടിക്കൊണ്ടൊരു കിശോരിതൻ
നിലയഴിക്കുന്നു; നെറി കെടുക്കുന്നു;
ഒടുക്കമാ വധു കഴുവിലേറുന്നു;
മിടുക്കർ മറ്റുള്ളോരൊഴിഞ്ഞുമാറുന്നു.
അനീതിയെങ്ങുണ്ടു നടനമാടാതെ
വനിതയ്ക്കായ്പ്പുമാൻ ചർച്ച ചട്ടത്തിൽ!
III
ഭടഘടയുടെ 'നടനട' യെന്നു-
ള്ളിടിയൊടു കിട പെടും രടിതത്താൽ
ബധിരിതകര്‍ണ്ണപുടയായ്പ്പോകയാ-
ണധോമുഖിയവൾ കൊലക്കല്ലേറുവാൻ.
സമയം മധ്യാഹ്ന, മൃതു കൊടുംവേനൽ;
സഹാറ പെറ്റതാം കിടാവു പോംവഴി;
ഉടൽ ഖരാംശു ചുട്ടെരിച്ചുരുക്കുന്നു;
ചുടലത്തീകണക്കനിലൻ വീശുന്നു:
ചെരുപ്പിന്മേൽക്കുത്തിത്തുളച്ചു കേറുന്നു
വറുത്തുതട്ടിയ മണലിൻ ചൂടെങ്ങും.
അസഹ്യമാവഴിക്കടനം ചെയ്യുന്നു
കിസലയ സഹചരചരണയാൾ
ഒരു ശുനകനുണ്ടതാ! പിപാസയാൽ-
പരവശപ്പെട്ടു. തളർന്നുവീഴുന്നു;
ഒരു കുരകൂടിക്കുരയ്ക്കുവാൻ തൊണ്ട
വരണ്ടുപോകയാൽപ്പഴുതു കാണാതെ,
മുകളിൽ നോക്കുന്നു നഭസ്സു ദൂരസ്ഥ-
മടിയിൽ നോക്കുന്നു- ധരിത്രി നിഷ്ഠരം;
കരുണകാട്ടുവാനൊരുവരില്ലാതെ
മരണവേദനയനുഭവിക്കുന്നു.
അടുത്തൊരു പൊട്ടക്കിണറുണ്ടായതി-
ന്നടിയിലുണ്ടല്പം മലിനമാം നീരും,
ദുരിതശീലനാം നരനുടെ കരി-
ങ്കരളിൻ കീഴന്തഃകരണം പോലവേ.
ക്ഷണത്തിലമ്മങ്കയതിന്നരികിൽപ്പോയ്
സ്തനോത്തരീയത്തെ വലിച്ചുകീറിനാൾ;
ഇയച്ചുകെട്ടിയത്തുണിക്കഷണങ്ങ-
ളയത്നമങ്ങൊരു വടവും നിർമ്മിച്ചാൾ.
"വഴിക്കു തൂങ്ങിയോ കിണറ്റിൽച്ചാടിയോ
കഴുവിതു ചാകും; കറങ്ങിപ്പോകും നാം.
പിടിച്ചുകെട്ടുവിൻ കരങ്ങളെന്നോതി-
ബ്ഭടർ കുതിച്ചടുത്തിടഞ്ഞിടും മുൻപേ
ചെരിപ്പൊന്നഗ്രത്തിൽ ക്ഷണേന ബന്ധിച്ചു
പരമിറക്കിനാൾ വധുവക്കൂപത്തിൽ;
അതിൻനടുക്കുള്ള കുഴിയിൽക്കൊണ്ടിടു-
മുദകം മേല്പോട്ടു വലിച്ചുകേറ്റിനാൾ;
മൃതിപെടാൻ പോകും കൃപണജന്തുവി-
ന്നുതകിനാളതു; നടകൊണ്ടാൾ വീണ്ടും
ഗതി കിട്ടീ നായയ്ക്കവളാലന്നേര-
മതിന്നപ്പാദുകയമൃതകുംഭമായ്.
ശുനകൻ, തൽപ്രാണപ്രദാത്രിതൻ നേര്‍ക്കു
തനിക്കെഴും നന്ദി വിശദമായ്ക്കാട്ടി,
കഴലും കയ്യും തൻ രസനയാൽ നക്കി
വഴിയിലത്തന്വിക്കകമ്പടികൂടി.
നടക്കു മുന്നോട്ടു ഭഗിനി! നൈരാശ്യ-
മിടയ്ക്കു നിൻ സ്വാസ്ഥ്യം തടഞ്ഞതു മതി;
പ്രപഞ്ചം വിട്ടിന്നും ഭഷകം പോയിട്ടി-
ല്ലുപകൃതിസ്മൃതിക്കുദാത്തദൃഷ്ടാന്തം.
IV
കൊലക്കൊടുമ്പാറപ്പുറത്തു കാൽവെച്ചാൾ
കലക്കം കൈവിട്ടക്കമനിമാർമണി.
കനവും മൂര്‍ച്ചയും കലര്‍ന്നിടുന്ന കല് -
ക്കഷണമോരോന്നു കരങ്ങളിലേന്തി,
പലതുമന്യോന്യം വികത്ഥനംചെയ്തു
കുലടയെക്കൊല്ലാൻ വളഞ്ഞു കാണികൾ.
പിശിതഗ്രാസത്തിന്നുഴറി വാനത്തിൽ,
നിശിതതുണ്ഡങ്ങൾ, ഞെരുങ്ങി ഗൃധങ്ങൾ.
പതിക്കും പ്രസ്തരം പരസ്സഹസ്രം ഹാ!
കഥാവശേഷയായ്ക്കഴിഞ്ഞല്ലോ തന്വി.
* * * * *
അവിടെപ്പാഞ്ഞപ്പോളണഞ്ഞു കല്യനാ-
മവനിതൻപതി 'സലാവുദീൻ' സുൽത്താൻ,
നടുങ്ങിനില്ക്കും തൻ പ്രജകളോടേവം
സ്ഫുടഗഭീരമാം മൊഴിയൊന്നോതിനാൻ;
"അരുതരു, തൊരുതരിമണൽ പോലു
മരുവയറിവൾക്കരികിൽ വീഴൊല്ല.
വിലകുവിൻ ദൂരെ;യിടുവിൻ ദൂരത്തു
ശിലകൾ; വന്ദ്യയാണിവൾ സഗര്‍ഭിയരേ!
ഒരു ശകടത്തിലൊളിച്ചിരുന്നു ഞാൻ,
വിരവിൽ നിങ്ങളെയനുഗമിച്ചവൻ.
ഇവളിന്നാരെന്നു കരുതുന്നു നിങ്ങൾ?
ഭുവനത്തിൻ പുണ്യമുടലെടുത്തവൾ;
പരേതകല്പമാം ഭഷകമൊന്നിനെ-
പ്പരിപാലിച്ചൊരു പരമധാര്‍മ്മികി.
ഇവളെൻ നാട്ടിന്നു ശിശിരചന്ദ്രിക;
നവയശസ്സിന്നു നടനമണ്ഡപം
അരിയൊരിത്തയ്യലവദ്യയല്ലെന്നു
പറയടിച്ചെങ്ങും പ്രസിദ്ധമാക്കട്ടെ.
കനകംകൊണ്ടൊരു മുഖാവരണം ഞാ-
നനഘയാമിവൾക്കരുളുന്നേനിപ്പോൾ.
ഒരിക്കലുമിനിഗ്ഗണികയായിവ-
ളിരിക്കുമെന്നു ഞാൻ നിനച്ചിടുന്നില്ല,
ശുനകനെക്കാത്ത ഹൃദയത്തിന്നുണ്ടോ
തനതുമാനത്തെപ്പുലർത്തുവാൻ പണി?
ഭഗിനി നീയെത്രയ്ക്കശുചിയാകിലെ-
ന്തഗതിക്കംബുനീയരുളിശ്ശുദ്ധയായ്.
വെളുപ്പിച്ചു തേച്ചുകഴുകി വത്സേ! നീ
മലിനമാകും നിൻ മനമന്നീരിനാൽ.
ഭവതി പോയാലും ഭയപ്പെടാതെ; മേൽ
നവമാം ജീവിതം നയിച്ചുകൊണ്ടാലും.
എനിക്കു തെറ്റി ;ഹാ ! നിനച്ചുപോയല്ലോ
പനിനീർപ്പൂവിനെപ്പടുമുള്ളെന്നു ഞാൻ;
വധിക്കുവാനെൻ കയ്യുയര്‍ന്നല്ലോ കഷ്ടം!
പതിതകാരുണ്യപരമകാഷ്ഠയെ
ഭവാദൃശകളെപ്പരീക്ഷചെയ്യുവാ-
നവാപ്തദാക്ഷ്യരല്ലവനിപാലകർ.
ഇവണ്ണം തന്വിയെസ്സമാശ്വസിപ്പിച്ചു
നൃവരനാസ്ഥലംവെടിഞ്ഞു ധന്യനായ്.
തിരിച്ചു തണ്ടേറി സ്വഗൃഹം പ്രാപിച്ചാൾ
ശിരീഷകോമളതനുലതികയാൾ,
മനസ്സിൽ ദൈവത്തിൻ മഹിമയെയോര്‍ത്തു-
മനുശയാശ്രുക്കളനുപദം വാർത്തും.
ശുനകന്നോ വേശ്യയരുളി ജീവിതം?
ശുനകൻ വേശ്യയ്ക്കൊ?-പൊരുൾ തിരിയാതെ
പരമള്ളാവിനെ സ്തുതിച്ചാരദ്ദിനം
ധരയിലാവൃത്തം ശ്രവിച്ച സര്‍വ്വരും.