Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / കല്പശാഖി / ബ്രഹ്മജ്ഞാനം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ബ്രഹ്മജ്ഞാനം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഗങ്ഗതൻ തടത്തിങ്കൽ വാണിരുന്നുപോൽപ്പണ്ടു
സങ്ഗഹീനനായ് തപോവൃദ്ധനായ്പ്പുമാനൊരാൾ.
ആസ്സര്‍വതന്ത്രസ്വതന്ത്രാലാപം ശമിപ്പിക്കു-
മാത്മവിദ്യാധ്വന്യർതൻ സന്ദേഹം സമസ്തവും.


ഗാർഗ്ഗിയെക്കേട്ടിട്ടില്ലേ, യാജ്ഞവല്ക്ക്യനും കൂടി-
ശ്ലാഘ്യയാം വിദേഹഭൂപണ്ഡിതാമതല്ലിയെ?
അത്തയ്യൽ താരുണ്യത്തിൽച്ചെന്നാൾ തത്സമീപത്തിൽ
തത്വാത്മജിജ്ഞാസതൻ പ്രേരണാബലംമൂലം.


ആശ്രമദ്വാരസ്ഥനാം ശിഷ്യനോടോതീടിനാ-
ളാസ്സിദ്ധസന്ദർശനം കാംക്ഷിപ്പോൾ തദീപ്സിതം.
ചെന്നുണത്തിനാൻ ശിഷ്യൻ ദേശികൻതന്നോ"ടൊരു
സുന്ദരാങ്ഗിയാൾ വന്നുനില്ക്കുന്നു പാദംകൂപ്പാൻ.


കൌതുകം വായ്പൂ പോലാബ്രഹ്മവാദിനിക്കേതോ 
വേദാന്തശാസ്ത്രഗ്രന്ഥിയങ്ങേക്കൊണ്ടഴിപ്പിക്കാൻ.''
ആയതിന്നുപാദ്ധ്യായനുത്തരം ചൊന്നാൻ: “ഞാനും
സ്ത്രീയുമായ് സല്ലാപമോ ? ദൈവമേ! ശാന്തം പാപം!


സ്ത്രീയെന്ന ശബ്ദം കേൾക്കാനില്ലെനിക്കേതും കര്‍ണ്ണം;
സ്ത്രീയെയൊര്‍ന്നോക്കാൻ പോലുമെൻമനം നിശ്ചേതനം.
എന്റെയിത്തപോനിഷ്ഠ ലംഘ്യമല്ലെനിക്കെന്നു
ഹന്ത! ഞാൻ ശോചിപ്പതായ്ത്തന്വിയെദ്ധരിപ്പിക്കൂ.”


ഓതിനാൻ ഛാത്രൻ ചെന്നു ഗാര്‍ഗ്ഗിയോടസ്സന്ദേശം;
ജാതമായ് ദോഷജ്ഞയ്ക്കു, സാമ്പ്രതം മന്ദസ്മിതം.
"തെറ്റിപ്പോയെനിക്കെന്റെ മാഗ്ഗമെൻ വടോ! നൂനം
മറ്റൊരാളാണിന്നു ഞാൻ തേടിടും ബ്രഹ്മജ്ഞാനി“


"അല്ലല്ല " ചൊന്നാൻ വര്‍ണ്ണി“യാര്‍ക്കുമീ മഹാൻ തന്നെ
വല്ല ശങ്കയും വന്നാൽത്തീര്‍ക്കുവോൻ വേദാന്തത്തിൽ."
"നീയെന്തു കണ്ടൂ പാവം?'' ചൊല്ലിനാൾ നല്ലാർ വീണ്ടും:
"സ്ത്രീയെന്നും പുമാനെന്നും ബ്രഹ്മജ്ഞനുണ്ടോ ഭേദം?


എങ്ങുനിൻ തപസ്വിയാമാചാര്യത്തൊട്ടാവാടി?
യെ'അഹം ബ്രഹ്മാസ്മി'യെന്നുള്ളൊരാ മഹാവാക്യം?''
തന്വിതന്നുപാലംഭം താദൃശം മുനീന്ദ്രന്നു
തന്നന്തര്‍വിലോചനം സത്വരം തുറപ്പിച്ചു.


ഓടിച്ചെന്നോച്ഛാനിച്ചു മുന്നിൽ നിന്നോതീ സാധു:
തേടൊല്ല കോപം വത്സേ ! തെല്ലു ഞാനയര്‍ത്തുപോയ് . 
വേദാന്തപാരീണനെന്നോര്‍ത്തിരുന്നു ഞാനെന്നെ;ബ്-
ഭേദാന്ധഭാവം മാത്രമെന്നിൽ ഞാനിപ്പോൾക്കാണ്മൂ


ഞാൻ കുറേപ്പഴംഗ്രന്ഥം തിന്നൊടുക്കിടും വമ്രി;
ഞാൻ കുറേപ്പഴം വിദ്യാവാസസ്സു ഭേസും ഖരം.
ഖനനം ചെയ്യുന്നു ഞാൻ വാരിക്കായിന്നും കൂപ-
മനുഭൂതിപീയൂഷമശിപ്പോളെൻ സോദരി.


ആചാര്യയായി സിദ്ധേ ! നീയെനി,ക്കകന്നുപോ-
യാചാന്തവേദാന്തനെന്നുള്ളൊരെൻ മദം നിന്നാൽ.
വിരുതില്ലെനിക്കേതുമെങ്കിലും തീര്‍ക്കാൻ നോക്കാം
ഗുരുദക്ഷിണയ്ക്കായി സ്വല്പം ഞാൻ നിൻ സംശയം."


ഓതിനാൾ വീണ്ടും ഗാര്‍ഗ്ഗി : "ഞാനല്ലീ ഭവൽകര്‍ണ്ണം
ശാതമാം പരീവാദബാണത്താൽപ്പിളർന്നവൾ?
ഇക്ഷണം ശിഷ്യപ്പെടാൻ സജ്ജ ഞാനങ്ങേയ്ക്കെന്നെ
നഗ്നയായ്പ്പഠിപ്പിക്കാൻ സങ്കോചമില്ലന്നാകിൽ.'’


"സമ്മതിച്ചു ഞാൻ ഭദ്രേ !'' മാമുനീന്ദ്രനും ചൊന്നാൻ :
“ബ്രഹ്മജ്ഞനൊപ്പം സ്ത്രീതൻ വസ്ത്രവും ദിഗ്വസ്ത്രവും.
ബ്രഹ്മമായ്പ്പരസ്പരം കാണുവാൻ സാധിപ്പോർതൻ
ബ്രഹ്മസല്ലാപത്തിങ്കൽ സര്‍വവും ബ്രഹ്മം-ബ്രഹ്മം."


"തീര്‍ന്നു മൽ സന്ദേഹമീയൊറ്റവാക്യത്താ''ലെന്നു
തീര്‍ണ്ണപാരയാം ഗാര്‍ഗ്ഗി വന്ദിച്ചാളാചാര്യനെ.